ഉദാത്തമായ സൈനികനടപടി

ബോര്‍ഡറിലായിരുന്നെങ്കില്‍ സൈനിക കേന്ദ്രത്തില്‍ ആക്രമണത്തിനെത്തിയ ബാലനായ ചാവേര്‍ പോരാളിയെ വെടിവച്ചു കൊന്നതാണെന്ന് പറഞ്ഞ് ഊരാമായിരുന്നു. ഇതിപ്പോള് സിവിലിയന്‍ ഏരിയ ആയിപ്പോയി, മരിച്ചത് മുസ്‍ലിം കുട്ടിയുമല്ല. സൈന്യത്തെ പ്രതിക്കൂട്ടിലാക്കാന്‍ വേണ്ടി തീവ്രവാദികള്‍ ആസുത്രണം ചെയ്ത നാടകമാണെന്നോ മറ്റോ പറഞ്ഞു നോക്കാമെന്നാല്ലാതെ സൈന്യാധിപന്മാര്‍ക്ക് എന്തെങ്കിലും ചെയ്യാനാവുമോ എന്നത് കണ്ടറിയണം. രാജ്യസുരക്ഷയും മനുഷ്യാവകാശവും തമ്മിലുള്ള പോരാട്ടാമാകുമ്പോല്‍ രാജ്യസുരക്ഷയേ ജയിക്കൂ എന്നതിനാല്‍ കുട്ടിയുടെ അവശേഷിക്കുന്ന ബന്ധുക്കള്‍ക്ക് ജീവനോടെ തുടരണമെന്നുണ്ടെങ്കില്‍ കിട്ടുന്ന കാശും വാങ്ങി മിണ്ടാതിരിക്കുന്നതാണ് നല്ലത്.

അതിര്‍ത്തിയില്‍ വെയിലത്തും മഴയത്തും രാജ്യത്തിനു വേണ്ടി കാവല്‍ നില്‍ക്കുന്ന എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനാഗാനം പ്രസക്തമായിരിക്കുമ്പോള്‍ തന്നെ ഇത്തരം മൃഗീയപാതകങ്ങള്‍ സാമാന്യജനത്തിന് സൈന്യത്തോടുള്ള ബഹുമാനം ഇല്ലാക്കുമെന്നതില്‍ സംശയമില്ല. സൈനിക കേന്ദ്രങ്ങളില്‍ നിന്നു കേള്‍ക്കുന്ന ചോരക്കഥകള്‍ ആധികം പ്രചരിക്കപ്പെടാറില്ല. സൈനികരുടെ അക്രമങ്ങള്‍ സാധാരണക്കാരുടെ നേര്‍ക്കാകുമ്പോള്‍ മാത്രമേ നമ്മള്‍ അറിയാറുമുള്ളൂ. ദയ, കാരുണ്യം തുടങ്ങിയ മാനുഷികമൂല്യങ്ങള്‍ സൈനികന്റെ വീറും വാശിയുമായി ചേര്‍ന്നുപോകാത്തതാണോ എന്നതും എനിക്കറിയില്ല. സിനിമയിലൊക്കെ രണ്ടു തരം സൈനികന്മാരെയേ കണ്ടിട്ടുള്ളൂ- പണ്ട് ഞാന്‍ ഡെറാഡൂണിലായിരുന്നപ്പോള്‍ എന്നു പറഞ്ഞു തുടങ്ങുന്ന കൊജ്ഞാണന്‍ സൈനികനും സല്‍ഗുണസമ്പന്നനായ മേജര്‍ രവിയുടെ സൈനികനും. യഥാര്‍ത്ഥത്തില്‍ സൈനികന്‍ മറ്റെന്തോ ആണെന്നാണ് അടുത്ത കാലത്തായി നടക്കുന്ന സംഭവങ്ങളില്‍ നിന്നു മനസ്സിലാകുന്നത്.

കഴിഞ്ഞ രണ്ടു മൂന്നു മാസത്തിനിടയില്‍ തന്നെ നാട്ടിലേക്കുള്ള യാത്രക്കിടയില്‍ ട്രെയിനില്‍ വച്ച് യാത്രക്കാരെ ആക്രമിച്ച വകയിലും പെണ്ണുങ്ങളെ കയറിപ്പിടിച്ചതിന്റെ പേരിലുമായി അറസ്ററ് ചെയ്യപ്പെട്ട (ചുമ്മാ നാട്ടുകാരെ പറ്റിക്കാന്‍) മലയാളി സൈനികര്‍ ഒന്നും രണ്ടുമല്ല. അതിര്‍ത്തി പ്രദേശങ്ങളിലെ വീടുകളിലെ ആണുങ്ങളെ സൈനികര്‍ യഥേഷ്ടം കൊല ചെയ്യുകയും സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും ചെയ്യാറുണ്ട് എന്നും ചില പ്രചാരണങ്ങളുണ്ട്. കൊന്നത് സൈനികനെങ്കില്‍ ചത്തത് തീവ്രവാദി തന്നെ എന്നതാണ് നമ്മുടെ വിശ്വാസപ്രമാണം. സൈനിക കേന്ദ്രങ്ങള്‍ ജനവാസമേഖലകളില്‍ ആരംഭിക്കുമ്പോള്‍ ഇത്തരം സംഭവങ്ങളോട് എന്തു നിലപാട് സ്വീകരിക്കണം എന്നതാണ് ഇനി അറിയേണ്ടത്. സൈന്യത്തിലുള്ളവര്‍ വിശുദ്ധ ജനമാണ് എന്നത് ഒരു സങ്കല്‍പമാണ്. പൊലീസിലുള്ളതുപോലെ തന്നെ സൈന്യത്തിലും ക്രിമിനലുകളുണ്ടാവാം. അത്തരക്കാരെ ശിക്ഷിക്കാന്‍ അവര്‍ക്ക് അവരുടേതായ സമ്പദ്രായമുണ്ടെന്നാണ് പറയുന്നത്, നല്ലത്. ചെന്നൈയില്‍ സൈനികരുടെ കോംപൗണ്ടിലെ മരത്തില്‍ കയറിയ കുട്ടിയെ വെടിവച്ചുകൊന്ന സൈനികനെ കുമാരി ജയലളിത ആവശ്യപ്പെട്ടതനുസരിച്ച് സംസ്ഥാന പൊലീസിനു വിട്ടു നല്‍കുന്നതിനു പകരം, പയ്യന്‍ സ്വയം വെടിവച്ചു മരിച്ചതാണെന്ന തരത്തിലുള്ള വാദങ്ങളാണ് സൈനികമേധാവികള്‍ തന്നെ ഉന്നയിക്കുന്നത്.

അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരന്റെ ജീവിതം നാട്ടിലിരിക്കുന്ന ജനങ്ങളുടെ പ്രാര്‍ഥനയിലാണ് എന്നാണ് പറയുന്നത്. ഇത്തരം സംഭവങ്ങള്‍ അവര്‍ത്തിക്കപ്പെടുമ്പോല്‍ നാട്ടിലിരിക്കുന്ന സാധാരണക്കാരന്‍ എന്താണ് പ്രാര്‍ഥിക്കാന്‍ പോകുന്നതെന്ന് പരസ്യമായി പറയാന്‍ പറ്റില്ല. ഇറോം ഷര്‍മിള എന്ന ചേച്ചി വര്‍ഷങ്ങളായി നിരാഹാരം കിടക്കുന്നതും അവിടെ സൈനികര്‍ക്ക് ആരെയും കൊല്ലാനും എന്തും ചെയ്യാനുമുള്ള അധികാരങ്ങള്‍ നീക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ്. ഇവിടിരുന്നാലോചിക്കുമ്പോള്‍ നമുക്കത് ഫീല്‍ ചെയ്യില്ല, ഇത്തരം സംഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ പുനരാലോചന നടത്തിയാല്‍ ചിലപ്പോള്‍ ആ സമരത്തെ പിന്തുണച്ചു പോകും.

കോഴിക്കോട്ടെ സൈനിക കേന്ദ്രത്തിന്റെ അധീനതയിലുള്ള കളിസ്ഥലത്ത് അടുത്തിടെ നാട്ടുകാരെ വിലക്കിയതായും ആ പ്രദേശത്തുകൂടി കടന്നുപോകുന്ന സകല പോക്കറ്റ് റോഡുകളും സുരക്ഷയുടെ പേരില്‍ അടച്ചതായും നാട്ടുകാര്‍ തന്നെ പരാതിപ്പെടുന്നുണ്ട്. സൈനികര്‍ ജനങ്ങളുടെ സുരക്ഷയ്‍ക്കു വേണ്ടിയാണെന്നത് പഴയ സങ്കല്‍പമാണ്,സൈനികര്‍ ഓരോ രാജ്യത്തിന്റെയും അഹങ്കാരമാണ്. രാജ്യത്തിനു വേണ്ടി അവര്‍ ജീവന്‍ ഹോമിക്കുന്നതുപോലെ തന്നെ പൗരന്‍മാര്‍ സൈനികരുടെ ലീലകള്‍ക്കു വേണ്ടി ജീവനും മാനവും ഹോമിക്കുന്നതും നാട്ടുനടപ്പാകട്ടെ. അങ്ങനെ ഇരകളാക്കപ്പെടുന്നവര്‍ക്ക് വീരചക്രങ്ങള്‍ നല്‍കിയില്ലെങ്കിലും തീവ്രവാദി എന്ന മുദ്രകുത്തി രാജ്യദ്രോഹികളുടെ ലിസ്റ്റില്‍ ചേര്‍ക്കാതിരിക്കണമെന്ന് പ്രാര്‍ഥിക്കുന്നു.

ഐഡിയ സ്റ്റാര്‍ കന്യക(ന്‍)

കന്യകാത്വം എന്നു പറയുന്നത് ഇത്രേം വില പിടിപ്പുള്ള സാധനമാണെന്ന് നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ പതിനാലാം വയസ്സില്‍ ഞാനത് നശിപ്പിക്കില്ലായിരുന്നു. കുറച്ചെങ്കിലും ബാക്കിയുണ്ടായിരുന്നെങ്കില്‍ ഇൌ വര്‍ഷം അല്ലെങ്കില്‍ അടുത്ത വര്‍ഷം എനിക്കത് കോടികള്‍ക്കു വില്‍ക്കാമായിരുന്നു- എന്നാര്‍ക്കെങ്കിലും തോന്നാന്‍ ഈ പോസ്റ്റ് കാരണമായാല്‍ അതിന് ര്‍ഞാന്‍ ഉത്തരവാദിയല്ല. വിദേശരാജ്യത്ത് നടപ്പാക്കുന്ന റിയാലിറ്റി ഷോകള്‍ കുറച്ചുകാലം കഴിയുമ്പോള്‍ സാരിയും മുണ്ടുമുടുത്ത് ഇവിടേക്കു വരുന്ന പതിവ് ഇതിന്റെ കാര്യത്തിലും സംഭവിച്ചാല്‍ ഐഡിയ സ്റ്റാര്‍ കന്യക(ന്‍) എന്ന പേരിലോ മറ്റോ വരാനിടയുള്ള റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനാവാത്തവര്‍ പശ്ചാത്തപിക്കും.

നിലവില്‍ ഓസ്ട്രേലിയലിലാണ് കന്യകാത്വ റിയാലിറ്റി ഷോയുടെ പണികള്‍ നടക്കുന്നത്. പണി തുടങ്ങിയപ്പോഴെ സംഭവം വിവാദമായിട്ടുമുണ്ട്. കന്യകാത്വം കംപ്ലീറ്റും ബാക്കിയുള്ളവര്‍ക്കാണ് ഈ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ അവസരം. ഷോയിലെ വിവിധ റൌണ്ടുകളിലൂടെ എന്തു ചെയ്യും എന്നൊരു ചോദ്യമുണ്ട്. പിന്നെയും പിന്നെയും പാട്ടുകള്‍ പാടി ഗായകര്‍ക്ക് അവരുടെ റിയാലിറ്റി ഷോകള്‍ പൊലിപ്പിക്കാം. കന്യകാത്വം ഉള്ളവര്‍ എന്തു ചെയ്യും?

ഷോയുടെ ഫോര്‍മാറ്റ് അനുസരിച്ച് ഒന്നും രണ്ടുമല്ല, മൂന്നു കന്യകര്‍ ഇതില്‍ പങ്കെടുക്കുകയും ഷോയിലൂടെ തങ്ങളുടെ അദമ്യമായ കന്യകാത്വം ലേലത്തിനു വയ്ര്‍ക്കുകയും ചെയ്യും. ഏറ്റവും കൂടുതല്‍ വില നല്‍കുന്നവന് കന്യകാത്വം നല്‍കും. തീര്‍ന്നോ ? ഇതത്രയും കുത്തിപ്പിടിച്ചിരുന്നു കാണുന്ന പ്രേക്ഷകര്‍ക്കൊന്നുമില്ലേ ? ഉണ്ടല്ലോ, മൂന്നു കന്യകരുടെയും കന്യകാത്വഭേദനം (അതോ ധ്വംസനം ആണോ ശരി ?) ചാനലിലൂടെ ലൈവ് ആയി കാണാം. അവസാനം വരെ ക്ഷമയോടെ കാത്തിരിക്കുന്നവന് എന്തെങ്കിലും കാര്യമായിട്ട് കിട്ടും എന്നു പറയുന്നതിതാണ്. ഇത് ഫീല്‍ ചെയ്യണമെങ്കില്‍ ഷോ ആദ്യം മുതല്‍ കാണുന്നവനായിരിക്കണം, അല്ലെങ്കില്‍ ചുമ്മാ മറ്റൊരു സീന്‍ എന്നേ തോന്നൂ. പാര്‍ട്ടിസിപ്പന്റ്സുമായിട്ടുള്ള അറ്റാച്ച്മെന്റും കാര്യങ്ങളുമൊക്കെ വച്ച് ഇത് കാണുന്ന പ്രേക്ഷകന്റെ ചങ്കു പൊടിയും എന്നതില്‍ സംശയമില്ല. ലോകത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ റിയാലിറ്റി ഷോ ആയിരിക്കും ഇത്.

ഈ ഷോയില്‍ സംഗതിയുടെ ഏറ്റക്കുറച്ചിലുകള്‍ പരിശോധിക്കാനും തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കാനും വിധികര്‍ത്താക്കളുണ്ടാകുമോ എന്നറിയില്ല. തെറ്റുകുറ്റങ്ങള്‍ പരിഹരിച്ചാല്‍ ഷാര്‍പ് ആവുന്നതല്ലല്ലോ കന്യകാത്വം. അല്ലെങ്കില്‍ തന്നെ ഇതിനു വിധി നിര്‍ണയിക്കാന്‍ ആരെ കിട്ടാനാണ് പ്രഫഷനല്‍ കന്യക, അല്ലെങ്കില്‍ സീനിയര്‍ കന്യക, അങ്ങനെയൊന്നും ആരും കാണില്ല. അല്ലെങ്കിലുംകന്യകയല്ലാതാവുമ്പോഴാണല്ലോ ഒരാള്‍ക്കു പ്രൊഫഷനല്‍ ആകാനുള്ള വഴികള്‍ തുറന്നു കിട്ടുന്നത്. അതൈന്തായാലും പരിശുദ്ധ കന്യകാത്വവുമായി ഷോയ്ക്കെത്തുന്നവര്‍ക്ക് ഗ്രാന്‍ഡ് ഫിനാലേ വരെ സംഗതി കാത്തുസൂക്ഷിക്കാനുള്ള സഹനശേഷി പാര്‍ട്ടിസിപ്പന്റ്സിനുണ്ടാകുമാറാകട്ടെ എന്നല്ലാതെ എന്തു പറയാന്‍.

ഇത് ഏതെങ്കിലും മലയാളം ചാനല്‍ അവലംബിച്ചാല്‍ ഏതു കോലത്തിലാക്കും എന്നതിനെ സംബന്ധിച്ചും എനിക്ക് ആശങ്കകളുണ്ട്. അവതാരക നാലുതവണ കെട്ടിപ്പിടിക്കുമ്പോള്‍ തന്നെ കന്യകാത്വം പകുതി പോകും. പിന്നെയും കിടക്കകുകയല്ലേ റൌണ്ടുകള്‍ അനവധി. നാട്ടിലെങ്ങും കന്യകരുടെ ഫ്ലക്സ് ബോര്‍ഡുകള്‍ ഉയരും- എസ്എംഎസ് അയക്കേണ്ട ഫോര്‍മാറ്റൊക്കെ രസകരമായിരിക്കും. വികാരഭരിതരായ പ്രേക്ഷകര്‍ അയക്കുന്ന എസ്എംഎസുകള്‍ക്കും ഒരു കണക്കുണ്ടാവില്ല. ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. ജനം കാണാന്‍ കാത്തിരിക്കുന്ന അവസാനത്തെ ഷോ മിക്കവാറും കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലോ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലോ ആയിരിക്കും. കൊക്കേത് കൊക്കോക്കോള ഏത് എന്നറിയാതെ കന്യകര്‍ സ്റ്റേജില്‍ മൃദുപരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ അവര്‍ക്കു ചുറ്റും സിനിമാറ്റിക് ഡാന്‍സുകാര്‍ ചടുലനൃത്തം വയ്ക്കും. ആലോചിച്ച് എന്തൊക്കെയോ തോന്നുന്നു.

ജസ്റ്റിനും പരസ്യവും
ജസ്റ്റിന്‍ സിസ്ലി (പൈങ്കിളി നോവലിലൊക്കെയുള്ള സിസിലി അല്ല) എന്നു പറയുന്ന ഒാസ്ട്രേലിയന്‍ സംവിധായകന്റേതാണ് ഈ ഐഡിയ. അവിടുത്തെ ടിവിയില്‍ കുശാലായി സംപ്രേഷണം ചെയ്യാമെന്നു കരുതി ഒരു വര്‍ഷത്തോളമായി സ്വന്തം നിലയ്ക്ക് കന്യകരുടെ ഓഡിഷന്‍ നടത്തുകയാണ് ജസ്റ്റിന്‍. കന്യകരെ ആവശ്യമുണ്ട് എന്നെഴുതിയ പരസ്യങ്ങള്‍ ഓസ്ട്രേലിയന്‍ ജംക്ഷനുകളില്‍ വീശിയതോടെയാണ് ജസ്റ്റിന്റെ പരിപാടി എന്താണെന്ന് ആളുകള്‍ അന്വേഷിച്ചത്. പോരെങ്കിള്‍ പരസ്യത്തിന് ജസ്റ്റിന്‍ ഉപയോഗിച്ചത് പരിശുദ്ധ കന്യകാമാതാവിന്റെ ചിത്രവും. പോരേ പൂരം ?

ഇവിടെയെങ്ങും ഒരു ടീവിലും അതു കാണിക്കാന്‍ പോണില്ല എന്നും പെണ്‍പിള്ളാരെ റിയാലിറ്റി ഷോയെന്നും പറഞ്ഞ് വഴി തെറ്റിച്ചാല്‍ പിടിച്ച് അകത്തിടും എന്നുമൊക്കെ സര്‍ക്കാര് പറഞ്ഞതോടെ ജസ്റ്റിന്‍ പരിപാടി അമേരിക്കയിലേക്കു മാറ്റി. ഓസ്ട്രേലിയയില്‍ വേശ്യാവൃത്തി നിയമവിരുദ്ധമാണ്. അമേരിക്കയിലെ ലാസ് വെഗാസില്‍ അത് നിയമവിധേയവും. അവിടുത്തെ ഒരു ബ്രോത്തലില്‍ പ്രാതലിനു ശേഷം ഷോ ഷൂട്ട് ചെയ്യാനാണ് ജസ്റ്റിന്റെ ഇപ്പോഴത്തെ പരിപാടി. റിയാലിറ്റി ഷോ ആയി സംപ്രേഷണം നടക്കില്ല എന്നുറപ്പായതോടെ ഡോക്യുമെന്ററി ആയി ചിത്രീകരിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം.

വെറോനിക്ക എന്നൊരു 21കാരിയും 20 വയസ്സുള്ള ഒരു അലക്സും പിന്നെ വേറൊരുത്തനുമാണ് കന്യകാത്വവുമായി ഷോയ്ര്‍ക്ക് തയ്യാറായി നില്‍ക്കുന്നത്. കന്യക ഒന്നിന് 20,000 ഡോളറും പിന്നെ ലേലത്തുകയുടെ 90 ശതമാനവുമാണ് ജസ്റ്റിന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ബാക്കി 10 ശതമാനം ബ്രോത്തലില്‍ കൊടുക്കുമത്രേ. കാശ് ലക്ഷ്യം വച്ചാണ് കന്യകര്‍ ലേലത്തിനു വന്നിരിക്കുന്നത്. ജസ്റ്റിന്‍ നിലവില്‍ ഒരു നികൃഷ്ടജീവിയായി മുദ്രകുത്തപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. ഫോണില്‍ വധഭീഷണിയോടു വധഭീഷണിയാണത്രേ. ജസ്റ്റിനെതിരേ സാംസ്കാരിക സംഘടനകളും ഉണര്‍ന്നിട്ടുണ്ട്.

fameandfortune.com.au എന്ന വെബ്സൈറ്റിലൂടെയാണ് ജസ്റ്റിന്‍ കന്യകരെ തിരയുന്നതും ഓഡിഷന്‍ നടത്തുന്നതുമൊക്കെ. കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടവര്‍ സൈറ്റ് പരിശോധിക്കുക. സൈറ്റ് പരിശോധിച്ചതുകൊണ്ട് ആരുടെയും കന്യകാത്വം പ്രതിസന്ധിയിലാകാന്‍ പോകുന്നില്ല.ഹല്ല, പിന്നെ.

ബാലനടന്‍ !!

ഇത് ചരിത്രമാണ്. മികച്ച നടനുള്ള ഫിലിം ഫെയര്‍ ചലച്ചിത്ര അവാര്‍ഡിന് ഒരു ഒന്‍പതുവയസുകാരന്‍ പരിഗണിക്കപ്പെടുക എന്നത്. അതും ഒരേയൊരു ചിത്രത്തിലെ അഭിനയത്തിന്റെ പേരില്‍. മികച്ച ബാലനടനുള്ള അവാര്‍ഡ് കൈനീട്ടി സ്വീകരിക്കുന്നതിനു പകരം ‘മിസ്റ്റര്‍, എനിക്കു വേണ്ടത് മികച്ച നടനുള്ള പുരസ്കാരമാണ്’ എന്നു വിളിച്ചു പറയാനുള്ള ധൈര്യം ഒരു ഒന്‍പതുവയസുകാരന്‍ കാണിക്കുന്നതും ചരിത്രമാണ്.

അതുപോലെ തന്നെയായിരുന്നു ആ സിനിമയും. ഇളംതെന്നലായി വന്ന് കൊടുങ്കാറ്റായി മാറിയ സിനിമ താരേ സമീന്‍ പര്‍. ആമിര്‍ ഖാന്‍ നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച ആദ്യചിത്രം. ഡിസ്ലെക്സിയ എന്ന പഠനവൈകല്യം ബാധിച്ച കുട്ടിയുടെ നൊമ്പരങ്ങളുടെയും അവനെ സാധാരണജീവിതത്തിലേക്ക് കൈ പിടിച്ചു കൊണ്ടുവരുന്ന അധ്യാപകന്റെയും ഓരോരുത്തരുടെയും വ്യക്തിപരമായ വൈകാരികതകളുടെയും കഥ പറയുന്ന ചിത്രം. ബോളിവുഡിന്റെ പതിവു രീതികള്‍ വച്ചു നോക്കിയാല്‍ ഒരു ചെറിയ സിനിമ. പക്ഷേ, സൂപ്പര്‍താരങ്ങള്‍ നിരന്ന സിനിമകളെ നിലംപരിശാക്കിക്കൊണ്ട് ഇന്ത്യന്‍ സിനിമയില്‍ പുതിയൊരു ചരിത്രം കുറിച്ചുകൊണ്ട് താരേ സമീന്‍ പര്‍ തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. അതിഭാവുകത്വമില്ലാതെ പറഞ്ഞ യാഥാര്‍ഥ്യങ്ങളില്‍ തട്ടി പരുക്കേറ്റവര്‍ ഭൂതകാലക്കണ്ണീര്‍ തുടച്ച് ഇന്റര്‍വെല്ലിനു പോലും പുറത്തിറങ്ങാതെ തിയറ്ററിലെ ഇരുട്ടില്‍ തന്നെ ഒതുങ്ങിക്കൂടിയ സിനിമ. ഒരു സംഭവം തന്നെ.

സിനിമ സൂപ്പര്‍ഹിറ്റായതുപോലെ തന്നെ അതിലെ പ്രധാനകഥാപാത്രവും സൂപ്പര്‍ഹിറ്റായി. ദര്‍ശീല്‍ സഫാരി എന്ന ഒന്‍പതു വയസുകാരന്‍ അവതരിപ്പിച്ച ഇഷാന്‍ അവസ്തി എന്ന കഥാപാത്രത്തെ ഇന്ത്യ ഏറ്റുവാങ്ങിയത് അപാരമായ സ്നേഹവായ്പോടെയാണ്. അങ്ങേയറ്റം സ്വാഭാവികമായ അഭിനയം കാഴ്ചവച്ച ദര്‍ശീല്‍ സത്യത്തില്‍ ആമിര്‍ ഖാനോട് മല്‍സരിച്ച് അഭിനയിക്കുകയായിരുന്നു. ഒന്നിലേറെ അവാര്‍ഡുകള്‍ക്ക് ദര്‍ശീല്‍ പരിഗണിക്കപ്പെടുകയും ചെയ്തു. ഒന്‍പതുവയസുകാരന് ബാലനടനുള്ള അവാര്‍ഡ് അല്ലാതെ പിന്നെന്തു നല്‍കാന്‍ ?

എന്നാല്‍, മികച്ച ബാലനടനുള്ള സ്റ്റാര്‍ സ്ക്രീന്‍ പുരസ്കാരം നിരസിച്ച ദര്‍ശീല്‍ പകരം ആവശ്യപ്പെട്ടത് മികച്ച നടനുള്ള പുരസ്കാരമാണ്. അതിനോടകം പുരസ്കാരം ഷാരുഖ് ഖാന് നല്‍കിക്കഴിഞ്ഞിരുന്നു. ഫിലിംഫെയര്‍ അവാര്‍ഡ് ആയപ്പോള്‍ സംഗതി കുറച്ചുകൂടി ഗൌരവത്തോടെ പരിഗണിക്കപ്പെട്ടു. താരേ സമീന്‍ പര്‍ എന്ന സിനിമയില്‍ ആമിര്‍ ഖാന്‍ അല്ല താനാണ് നായകന്‍ എന്നുറപ്പിച്ചു പറഞ്ഞ ദര്‍ശീല്‍ ഷാരുഖ് ഖാനും ഒക്കെയായി മല്‍സരിക്കുന്നതിനെക്കുറിച്ച് പ്രതികരിച്ചത് താനും ഒരു സൂപ്പര്‍ സ്റ്റാറാണ് എന്നായിരുന്നു. സത്യമാണ്, ഇന്ന് ദര്‍ശീല്‍ ഒരു സൂപ്പര്‍ സ്റ്റാറാണ്.

അതംഗീകരിക്കുന്നതാണ് ഫിലിംഫെയര്‍ അവാര്‍ഡ് കമ്മിറ്റിയുടെ തീരുമാനം. ഏഷ്യന്‍ ഓസ്കര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന അവാര്‍ഡിന് മികച്ച നടനുള്ള പുരസ്കാരത്തിന് ദര്‍ശീലും പരിഗണിക്കപ്പെട്ടിരിക്കുന്നു, ചരിത്രത്തില്‍ ആദ്യമായി. മികച്ച നടനുള്ള അന്‍പത്തി മൂന്നാമത് ഫിലിംഫെയര്‍ അവാര്‍ഡ് ദര്‍ശീലിന് ലഭിക്കുമോ ? ഒന്നും പറയാറായിട്ടില്ല. ദര്‍ശീല്‍ മല്‍സരിക്കേണ്ടത് ഇവരോടാണ്.

ഷാരുഖ് ഖാന്‍ചക് ദേ, ഓം ശാന്തി ഓം.
അഭിഷേക് ബച്ചന്‍ഗുരു
അക്ഷയ് കുമാര്‍നമസ്തേ ലണ്ടന്‍
ഷാഹിദ് കപൂര്‍ജബ് വി മെറ്റ്

താരേ സമീന്‍ പര്‍ എന്ന സിനിമയിലൂടെ തന്നെ മികച്ച സംവിധായകനുള്ള നോമിനേഷനും മികച്ച സഹനടനുള്ള നോമിനേഷനും ആമിര്‍ ഖാനും നേടിയിട്ടിട്ടുണ്ട്. ദര്‍ശീലിനെ മികച്ച നടനായി ജൂറി തിരഞ്ഞെടുത്താല്‍ അത് ‘കിങ് ഖാന്റെ’ ഉള്ളം കിടുക്കുമെന്നതില്‍ തെല്ലും സംശയമില്ല. ഫെബ്രുവരി 24ന് ഓസ്കര്‍ അവാര്‍ഡ് പ്രഖ്യാപനം നടക്കുന്ന അതേ ദിവസം തന്നെയാണ് ഫിലിംഫെയര്‍ അവാര്‍ഡ് പ്രഖ്യാപനവും. സോണി ടിവി അവാര്‍ഡ് നിശ തല്‍സമയ സംപ്രേഷണം ചെയ്യും. ദര്‍ശീല്‍ അവാര്‍ഡ് നേടിയാലും ഇല്ലെങ്കിലും മികച്ച നടനുള്ള ഈ നോമിനേഷന്‍ കൊണ്ട് മാത്രം ചരിത്രത്തില്‍ ഇടം നേടിക്കഴിഞ്ഞിരിക്കുന്നു ‘സൂപ്പര്‍താരം’. മകന്‍ മികച്ച ബാലനടനായി പരിഗണിക്കപ്പെടാതെ മികച്ച നടനായി തന്നെ നോമിനേറ്റ് ചെയ്യപ്പെട്ടതില്‍ വളരെ സന്തുഷ്ടയാണെന്നും നോമിനേഷന്‍ ഒന്നുകൊണ്ട് മാത്രം താനും മകനും സംതൃപ്തയാണെന്നും ദര്‍ശീലിന്റെ അമ്മ പറയുന്നു.

ഓം ശാന്തി ഓം പേലുള്ള വമ്പന്‍ സിനിമകള്‍ ഇല്ലാതെയും മെഗാഹിറ്റുകള്‍ ഉണ്ടാക്കാം എന്നു ബോളിവുഡിനെ പഠിപ്പിച്ച സിനിമ കൂടിയായിരുന്നു താരേ സമീന്‍ പര്‍. ആമിര്‍ ഖാന്‍ അല്ലാതെ വേറൊരു താരമില്ല. എന്നാല്‍ സിനിമ ഹിറ്റായതോടെ ബോളിവുഡിന് ഒരു സൂപ്പര്‍ സ്റ്റാറിനെ കൂടി കിട്ടി, നല്ലൊരു സംവിധായകനെയും. സിനിമയില്‍ ചെറിയ വേഷം ചെയ്തവര്‍ക്ക് പോലും ഇപ്പോള്‍ കൈ നിറയെ അവസരങ്ങളാണത്രെ. ഇഷാന്‍ അവസ്തിയുടെ അമ്മയായി വേഷമിട്ട ടിസ്ക ചോപ്രയ്ക്ക് ഇത് രണ്ടാം ജന്മമാണ്. നടിയും മോഡലുമായി കരിയര്‍ മങ്ങി നില്‍ക്കുന്ന സമയത്താണ് സിനിമയിലൂടെ ടിസ്കയുടെ തിരിച്ചു വരവ്. അജയ് ദേവ്ഗണോടൊപ്പം ‘പ്ളാറ്റ്ഫോമി’ലും ചൂടന്‍ രംഗങ്ങളുള്ള ‘ഹൈദരാബാദ് ബ്ളൂ’സിലും വേഷമിട്ട അതേ ടിസ്ക തന്നെയാണിത്. ഇഷാന്‍ അവസ്തിയുടെ അമ്മയായി അഭിനയിച്ചതിന് മികച്ച സഹനടിക്കുള്ള മാക്സ് സ്റ്റാര്‍ഡസ്റ്റ് റീഡേഴ്സ് ചോയ്സ് അവാര്‍ഡ് ടിസ്കയ്ക്ക് ലഭിച്ചു.

ബോളിവുഡിന്റെ ഏറ്റവും പുതിയ ട്രെന്‍ഡ് സെറ്ററായ ഈ സിനിമയുടെ ചുവട് പിടിച്ച് കുട്ടികളെ ആസ്പദമാക്കിയുള്ള ഒരു ലോഡ് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഷാരുഖ് ഖാന്‍ നിര്‍മിക്കുന്ന വന്‍കിട ചിത്രമാണ് ഇതില്‍ പ്രധാനം. 98 കോടി ചെലവിട്ടാണ് ഷാരുഖ് തന്റെ പുതിയ സിനിമ നിര്‍മിക്കുന്നത്. ബര്‍ലിന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാവുന്നതുപോലെ സിനിമയുടെ ജോലികള്‍ വേഗം പൂര്‍ത്തിയാക്കും. ഹാരിപോട്ടര്‍ സിനിമകളുടെ അണിയറയില്‍ പ്രവര്‍ത്തിച്ച സാങ്കേതിക വിദഗ്ധരായിരിക്കും സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക എന്നും ഷാരുഖ് വെളിപ്പെടുത്തിക്കഴിഞ്ഞു..