മാപ്പു തരൂ, മന്‍മോഹന്‍

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഒരു മണകുണാഞ്ചന്‍ ആണെന്നും മൂപ്പരെ റബര്‍ സ്റ്റാംപ് ആക്കിക്കൊണ്ട് രാജ്യം ഭരിക്കുന്നത് സോണിയാ ഗാന്ധി ആണെന്നും കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നെഹ്‌റു കുടുംബത്തിന് ദൈവികമായ അവകാശത്തിലൂടെ 999 വര്‍ഷത്തേക്ക് ഭരിക്കാന്‍ ലഭിച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ എന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന വിഡ്ഡികള്‍ ധാരാളമുള്ള രാജ്യത്ത് മന്‍മോഹന്‍ജി സയലന്റ് മോഡില്‍ ഒപ്പുകള്‍ മാത്രമിടുകയും കാര്യങ്ങള്‍ സോണിയാജിയും പിള്ളേരും പിന്നെ മരുമോനും കൂടി നടത്തുകയും ചെയ്യുന്നതില്‍ തെറ്റില്ല എന്നു വിചാരിക്കുന്നവരുമുണ്ട്. ഈ സാഹചര്യത്തിലാണ് വര്‍ഷങ്ങളോളം പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന ഡോ.സഞ്ജയ് ബാരുവിന്റെ പുസ്തകം രാജ്യത്തെ ജനങ്ങളോടു പലതും വിളിച്ചു പറയുന്നത്.

ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദി മേക്കിങ് ആന്‍ഡ് അണ്‍മേക്കിങ് ഓഫ് മന്‍മോഹന്‍ സിങ് എന്നാണ് പുസ്തകത്തിന്റെ പേര്. പുസ്തകം പ്രധാനമന്ത്രിക്ക് എതിരാണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങളുടെ ഉള്ളടക്കം. എന്നാല്‍, പുസ്തകത്തില്‍ പറയുന്ന കാര്യങ്ങള്‍ പരിശോധിച്ചാല്‍ ഡോ.മന്‍മോഹന്‍സിങ്ങിന് മണകുണാഞ്ചന്‍ ഇമേജ് നല്‍കി, അദ്ദേഹത്തെ നിരായുധനാക്കി സോണിയയും സംഘവും എങ്ങനെ രാജ്യത്ത് ഭരണം നടത്തി എന്നതാണ് വ്യക്തമാവുന്നത്.

2004ല്‍ അധികാരത്യാഗം നടത്തി വിശുദ്ധ പദിവിയിലേക്കുയര്‍ന്ന സോണിയാ ഗാന്ധി അധികാരസ്ഥാനത്ത് ഡോ.മന്‍മോഹന്‍സിങ്ങിനെ ഇരുത്തിക്കൊണ്ട് എന്തു ചെയ്തു എന്നും അതൊക്കെ ഡോ.മന്‍മോഹന്‍സിങ്ങിനെ എങ്ങനെ ബാധിച്ചു എന്നുമാണ് പുസ്‌കത്തില്‍ പ്രധാനമായും പറയുന്നത്. ഈ പുസ്തകം ആര്‍ക്കെങ്കിലും ഗുണം ചെയ്യുന്നുണ്ടെങ്കില്‍ അത് ഡോ.മന്‍മോഹന്‍ സിങ്ങിനു തന്നെയായിരിക്കും. കാരണം, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്ന നിലയില്‍ കഴിവു തെളിയിച്ച, ധനമന്ത്രി എന്ന നിലയില്‍ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമായ ഒട്ടേറെ തീരുമാനങ്ങളെടുത്ത ഡോ.മന്‍മോഹന്‍സിങ് എങ്ങനെ സോണിയാജിയാല്‍ നിര്‍വീര്യനാക്കപ്പെട്ടെന്നും പ്രധാനമന്ത്രിപദം ഹൈജാക്ക് ചെയ്യപ്പെട്ടെന്നുമാണ് പുസ്തകം വെളിവാക്കുന്നത്.

മന്ത്രിസഭാംഗങ്ങളെ തെരഞ്ഞെടുത്തതുള്‍പ്പെടെയുള്ള സുപ്രധാന തീരുമാനങ്ങള്‍ എടുത്തത് സോണിയാ ഗാന്ധിയാണെന്ന് പുസ്‌കതം പറയുന്നു. സ്ഥാനത്യാഗത്തിലൂടെ വിഡ്ഡികളുടെ കണ്ണുനനയിച്ച സോണിയ ദേശീയ ഉപദേശക സമിതിയുണ്ടാക്കി സര്‍ക്കാരിനു സമാന്തരമായി പ്രവര്‍ത്തിച്ചെന്നും ഈ സംവിധാനത്തില്‍ ഡോ.മന്‍മോഹന്‍സിങ് തൃപ്തനായിരുന്നില്ല എന്നും ഡോ.സഞ്ജയ് ബാരു പുസ്തകത്തില്‍ പറയുന്നു. സ്വന്തം സര്‍ക്കാരിനുമേലുള്ള എല്ലാ നിയന്ത്രണങ്ങളും നഷ്ടമായ പ്രധാനമന്ത്രിയായാണു മന്‍മോഹന്‍ സിംഗിനെ പുസ്തകത്തില്‍ ചിത്രീകരിക്കുന്നത്.

രണ്ടാം യു.പി.എ. മന്ത്രിസഭയില്‍ തനിക്കു താല്‍പര്യമുള്ളവരെ ഉള്‍പ്പെടുത്തണമെന്ന മന്‍മോഹന്‍ സിംഗിന്റെ മോഹം സോണിയ മുളയിലേ നുള്ളിക്കളഞ്ഞു. പ്രധാനമന്ത്രിയോട് ആലോചിക്കുകപോലും ചെയ്‌യാതെ ധനമന്ത്രിയായി പ്രണബ് മുഖര്‍ജിയെ നിയോഗിക്കുകയാണു സോണിയ ആദ്യം ചെയ്തത്. സി. രംഗരാജനെ ആ സ്ഥാനത്തേക്കു കൊണ്ടുവരണമെന്നായിരുന്നു സിംഗിന്റെ താല്‍പര്യം. പടിപടിയായി പ്രധാനമന്ത്രിയെ നിരായുധീകരിക്കുകയാണു സോണിയ ചെയ്തത്. 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ ആരോപണവിധേയനായ എ. രാജയെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കാന്‍ പ്രധാനമന്ത്രി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ടി.ആര്‍. ബാലുവിന്റെ കാബിനറ്റ് പ്രവേശനവും പ്രധാനമന്ത്രിയുടെ താല്‍പര്യത്തിനു വിരുദ്ധമായാണു സംഭവിച്ചത്. പാര്‍ട്ടി അധ്യക്ഷയും അടുപ്പക്കാരുമാണു സര്‍ക്കാരിനെ നിയന്ത്രിച്ചിരുന്നത്. സുപ്രധാന ഫയലുകള്‍ തീര്‍പ്പാക്കിയശേഷമാണു പ്രധാനമന്ത്രിയുടെ മുന്നിലെത്തിയിരുന്നത്. സര്‍ക്കാരിന് പാര്‍ട്ടിയോട് ഉത്തരം പറയേണ്ട സ്ഥിതിയായിരുന്നു എന്നും പ്രധാനമന്ത്രി തന്നോടു പറഞ്ഞിരുന്നതായും 301 പേജുള്ള പുസ്തകത്തില്‍ സഞ്ജയ് ബാരു പറയുന്നു.

മന്ത്രിമാര്‍ക്കു മാത്രമല്ല പാര്‍ട്ടി എം.പിമാര്‍ക്കും വിധേയത്വവും കൂറും പാര്‍ട്ടി അധ്യക്ഷയോടായിരുന്നു. ശരദ് പവാര്‍, ലാലു പ്രസാദ് യാദവ് എന്നിവരായിരുന്നു സിങ്ങിന്റെ അടുപ്പക്കാര്‍. എന്നാല്‍, കേന്ദ്രമന്ത്രിസഭായോഗങ്ങളില്‍ അര്‍ജുന്‍സിംഗ്, എ.കെ. ആന്റണി, വയലാര്‍ രവി എന്നിവര്‍ പ്രധാനമന്ത്രിയുടെ തീരുമാനങ്ങളെ എതിര്‍ത്തിരുന്നു. പൊതുജനത്തിനു മുന്‍പില്‍ എ.കെ. ആന്റണി ശാന്തപ്രകൃതനാണെങ്കിലും തികച്ചും വിഭിന്നമായ മറ്റൊരു മുഖം അദ്ദേഹത്തിനുണ്ടെന്നും ബാരു പറയുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലെ നിയമനങ്ങള്‍പോലും സോണിയാ ഗാന്ധിയുടെ നിയന്ത്രണത്തിലായിരുന്നു. അവരുടെ വിശ്വസ്തനായ പുലോക് ചാറ്റര്‍ജിയെ പി.എം.ഒയില്‍ നിയമിച്ചത് ഇതിനുദാഹരണമാണ്. വിരമിച്ച തമിഴ് ഉദ്യോഗസ്ഥനെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കാന്‍ സോണിയ ശ്രമിച്ചു. എന്നാല്‍, രാജീവ് ഗാന്ധിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന ആ ഉദ്യോഗസ്ഥന്‍ സോണിയയുടെ ക്ഷണം നിരസിച്ചതോടെ നീക്കം പാളി- പുസ്തകത്തില്‍ പറയുന്നു.

രാജ്യത്തു നടപ്പാക്കിയ എല്ലാ തലതിരിഞ്ഞ നയങ്ങള്‍ക്കും പിന്നില്‍ ഡോ.മന്‍മോഹന്‍ സിങ്ങാണെന്നു തെറ്റിദ്ധരിച്ച് അദ്ദേഹത്തിനു മേല്‍ ഉള്ള അധിക്ഷേപമെല്ലാം ചൊരിയുന്ന സാധാരണക്കാരന് സത്യം അറിയാനുള്ള ഒരു അവസരമാണ് ബാരുവിന്റെ പുസ്തകം. വിജയിച്ച പദ്ധതികളുടെയെല്ലാം ക്രെഡിറ്റ് രാഹുല്‍ ഗാന്ധിയുടെ മേല്‍ ആരോപിക്കുകയും പരാജയപ്പെട്ടവയുടെ ക്രെഡിറ്റ് സ്വയം ഏറ്റെടുത്ത് സ്വയം നിശബ്ദനാവുകയും ചെയ്യുന്ന മന്‍മോഹന്‍സിങ്ങ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണെന്ന് ബാരുവിന്റെ വെളിപ്പെടുത്തലുകള്‍ വായിച്ചാല്‍ മനസ്സിലാവും.

സഞ്ജയ് ബാരു നുണ പറഞ്ഞു എന്നു കോണ്‍ഗ്രസ് പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മറിച്ച്, ഭാവിയില്‍ താക്കോല്‍ സ്ഥാനങ്ങളില്‍ ജോലി ചെയ്യാന്‍ ആളുകളെ തിരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം എന്ന പാഠം ഇതോടെ പഠിച്ചു എന്നാണ് പാര്‍ട്ടി മനസ്സിലാക്കിയിരിക്കുന്നത്. സജ്ഞയ് ബാരു പിന്നില്‍ നിന്നു കുത്തി എന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് (പ്രധാനമന്ത്രി അല്ല) പ്രതികരിച്ചിരിക്കുന്നത്. സഞ്ജയ് ബാരു പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് പച്ചക്കള്ളവും ഭാവനാസൃഷ്ടികളുമാണെങ്കില്‍ ബാരുവിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവാത്തത് എന്ത് എന്നത് ഗൗരവമുള്ള ചോദ്യമാണ്. പിന്നില്‍ നിന്നു കുത്തിയെന്നും അങ്ങനെ ഒരു പാഠം പഠിച്ചെന്നുമൊക്കെ പറയുന്നത് സഞ്ജയ് ബാരുവിന്റെ വെളിപ്പെടുത്തലുകള്‍ തെറ്റാണെന്നു പറയുന്നതിനു തുല്യമല്ല. ബാരു ഏതോ ഏഴാംകൂലിയാണെന്നും കൊള്ളാവുന്ന ആരെയും ഉപദേഷ്ടാവാക്കാത്തതാണ് കുഴപ്പമെന്നുമാണ് നേതാക്കള്‍ പറയുന്നതെന്നു നമുക്കു തോന്നും. എന്നാല്‍, മറിച്ചാണ് കാര്യം. 2004 മേയ് മുതല്‍ 2008 ഓഗസ്റ്റ് വരെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്നു സഞ്ജയ് ബാരു, ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് എഡിറ്റര്‍, ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് ചീഫ് എഡിറ്റര്‍, ഇക്കണോമിക് ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ജിയോഇക്കണോമിക്‌സ് ആന്‍ഡ് സ്ട്രാറ്റജി ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറാണ്.

ബാരുവിന്റെ പുസ്തകത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ ഇവിടെ വായിക്കാം- India Today
പുസ്തകം ഓണ്‍ലൈനായി വാങ്ങാം- Amazone/Sanjaya Baru

എന്തൊരു നിശബ്ദത !

അടക്കം പറച്ചിലുകളേയുള്ളൂ, ആശങ്കകളില്ല. മദാമ്മയുടെ പുസ്തകം ആരെയും അമ്പരപ്പിക്കുന്നും ഞെട്ടിക്കുന്നുമില്ല. ഇതൊക്കെ കുറെ കേട്ടതാണല്ലോ എന്നു കൈയൊഴിഞ്ഞ് സാസ്‌കാരിക-സാമൂഹിക-മാധ്യമലോകം അമ്മയ്ക്കു വിശുദ്ധിയുടെ ജാമ്യം നല്‍കുന്നു. ദീര്‍ഘകാലം മാതാ അമൃതാനന്ദമയിയോടൊപ്പം സഞ്ചരിച്ചിട്ടുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും സാമൂഹികപ്രവര്‍ത്തകര്‍ക്കും എല്ലാം ചിരപരിചിതയുമായ ഗായത്രി എന്ന ഗെയ്ല്‍ ട്രെഡ്വെല്‍ എഴുതി ആമസോണ്‍ പ്രസിദ്ധീകരിച്ചികുന്ന ഹോളി ഹെല്‍ എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ പച്ചത്തവളകളുടെയും ചിലന്തികളുടെയും കാര്യത്തില്‍ വേവലാതിയുള്ള പുണ്യാത്മാക്കള്‍ അറിഞ്ഞ മട്ടില്ല.

ഗായത്രി എഴുതിയിരിക്കുന്നത് അവരുടെ ജീവിതത്തെപ്പറ്റിയാണ് അല്ലെങ്കില്‍ ജീവിതം നശിച്ചതിനെപ്പറ്റിയാണ് എന്നതുകൊണ്ട് അത് മറ്റാര്‍ക്കെങ്കിലും എതിരാണ് എന്നു വാദിക്കുന്നത് അര്‍ഥശൂന്യമാണ്. കേട്ടുകേള്‍വികളും ഊഹാപോഹങ്ങളുമല്ല, അവര്‍ നേരിട്ടു കാണുകയും അനുഭവിക്കുകയും ചെയ്ത കാര്യങ്ങളാണ് പുസ്തകത്തിലുള്ളത്. അതുകൊണ്ട് തന്നെ രാജ്യാന്തരസമൂഹം പുസ്തകത്തിന് അര്‍ഹിക്കുന്ന ഗൗരവം നല്‍കിയിട്ടുണ്ട്. വിദേശ മാധ്യമങ്ങള്‍ ഗായത്രിയുടെ അഭിമുഖങ്ങളും മറ്റും നല്‍കുന്നുണ്ട്. ഇത് അമ്മയെന്ന കിഴക്കിന്റെ ദൈവത്തിലേക്കുള്ള വിദേശികളുടെ കുത്തൊഴുക്കിനെയും ബാധിക്കും. മൊത്തത്തില്‍ കാര്യങ്ങള്‍ അമ്മയ്ക്ക് അുകൂലമല്ല എങ്കിലും ഇനിയൊരു 10 വര്‍ഷത്തേക്കു കൂടി കേരളത്തില്‍ ഒന്നും പേടിക്കാനില്ല.

ഗായത്രിയുടെ പുസ്തകത്തോടുള്ള പ്രതികരണങ്ങള്‍ സമ്മിശ്രമാണ്. അമൃതാനന്ദമയിയെ വെറുക്കുന്നവരും ആരാധിക്കുന്നവരും ചേരി തിരിഞ്ഞു തെറിപറയുന്നതിനപ്പുറം കാര്യമാത്രപ്രസക്തമായ, സത്യസന്ധമായ പ്രതികരണങ്ങള്‍ കാണാനില്ല. അത് കാണാനാവുമെന്നും പ്രതീക്ഷയില്ല. പുസ്തകം സ്വയം സംസാരിക്കുന്ന മാധ്യമമായതുകൊണ്ട് അതില്‍ പ്രത്യേകിച്ച് ഒരു പ്രതികരണത്തിന്റെ ആവശ്യമില്ല എന്നതും സത്യമാണ്. എന്നാല്‍, മറ്റു വിഷയങ്ങളിലും സോ കോള്‍ഡ് സാമൂഹിക-മനുഷ്യാവകാശ-സാംസ്‌കാരിക ഫ്രീക്കുകള്‍ ഇതേ പക്വത കാണിക്കുന്നത് നന്നായിരിക്കും.

ഹോളി ഹെല്‍ അമൃതാനന്ദമയിയെ അപകീര്‍ത്തിപ്പെടുത്തുന്ന, വള്ളിക്കാവ് ആശ്രമത്തെ കരിവാരി തേക്കുന്ന ഒരു പുസ്തകമാണ് എന്നു വേണമെങ്കില്‍ ആരോപിക്കാം. എഴുത്തുകാരി അമ്മയ്ക്കും ആശ്രമത്തിനും കേരളസമൂഹത്തിനും അപരിചിതയല്ല എന്നതാണ് പുസ്തകത്തിന്റെയും അതിലെ വെളിപ്പെടുത്തലുകളെയും ഗൗരവം വര്‍ധിപ്പിക്കുന്നത്. മറ്റൊരാളെപ്പറ്റിയായിരുന്നെങ്കില്‍ ഇത്തരമൊരു വിഷയത്തില്‍ പ്രതികരിച്ചും ചോദ്യം ചെയ്തും കേരളസമൂഹത്തില്‍ പൊട്ടിത്തെറികള്‍ സൃഷ്ടിക്കുമായിരുന്ന ഇവിടുത്തെ സാമൂഹികപരിഷ്‌കര്‍ത്താക്കളും സാസ്‌കാരികനായകന്‍മാരും സ്വീകരിച്ചിരിക്കുന്ന അപകടകരമായ മൗനം ആശങ്കയുണര്‍ത്തുന്നതുമാണ്. പ്രത്യേകിച്ച് ആരെയും ഭയമില്ലാത്ത സിപിഎം കണ്ണൂര്‍ ജില്ലാ സെക്ട്രറി പി.ജയരാജന്റെ ഫേസ്ബുക്ക് പേജില്‍ മാത്രമാണ് ഇതെപ്പറ്റി കാര്യമായ പ്രതികരണം കണ്ടത്. എന്നാല്‍, ആ പ്രതികരണം വാര്‍ത്തയായപ്പോള്‍ പേജില്‍ നിന്നു പ്രതികരണം അപ്രത്യക്ഷമാവുകയും അദ്ദേഹത്തിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പേജുണ്ടെന്നും അതില്‍ അദ്ദേഹത്തിന്റെ സമ്മതമില്ലാതെയാണ് അമ്മയ്‌ക്കെതിരായ വാര്‍ത്ത പ്രചരിക്കുന്നതെന്നും അതേ പേജില്‍ പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. എല്ലാം അമ്മയുടെ മായ !

പ്രവചനം: ഇന്നേയ്ക്ക് 30 ദിവസത്തിനകം ഹോളി ഹെല്‍ എന്ന അശ്ലീലപുസ്തകം സംസ്‌കാരസമ്പന്നമായ ഭാരതത്തില്‍ നിരോധിച്ചിരിക്കും.

ഡിങ്കോള്‍ഫിക്കേഷന്‍

അവഗണനയുടെ പാതാളത്തില്‍ കിടന്ന ഡിങ്കന് അന്ത്യം കുറിച്ചുകൊണ്ട് മംഗളം പബ്ലിക്കേഷന്‍സ് ബാലമംഗളം പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ചു. ഡിങ്കന്‍ ഇനി ഉണ്ടാവില്ല എന്നറിഞ്ഞതോടെ ഡിങ്കനെ വാഴ്ത്തിപ്പാടാനും ഡിങ്കന്‍റെ അപദാനങ്ങള്‍ എണ്ണിപ്പറയാനുമെല്ലാം മറ്റ് സൂപ്പര്‍ഹീറോകളും സൂപ്പര്‍ഹീറോകളുടെ ആരാധകരും മല്‍സരിക്കുകയാണ്. സര്‍ക്കുലേഷന്‍ കുറഞ്ഞതും വായിക്കാന്‍ കൂട്ടുകാര്‍ ഇല്ലാത്തതുമാണ് ബാലമംഗളം പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കാന്‍ കാരണം. ഡിങ്കന്‍ കാലം ചെയ്തു എന്ന വാര്‍ത്ത വന്നതോടെ വിവിധ സൂപ്പര്‍ഹീറോകള്‍ അനുശോചന സന്ദേശവുമായി രംഗത്തെത്തിയിട്ടുണ്ട്. പതിവുപോലെ ജനം ഫേസ്ബുക്കില്‍ ഡിങ്കന്‍റെ ചിത്രത്തോടൊപ്പം വികാരഭരിതമായ സന്ദേശങ്ങള്‍ എഴുതി പ്രചരിപ്പിക്കുന്നുമുണ്ട്.

നില്‍ക്കുന്ന നില്‍പ്പില്‍ പറക്കാനും എന്തും ചെയ്യാനും കഴിയുന്ന അതിമാനുഷ തട്ടിപ്പുകാരില്‍ നിന്നും എന്തുകൊണ്ടും വ്യത്യസ്തനായിരുന്നു ഡിങ്കന്‍. അന്യഗ്രഹത്തില്‍ വച്ച് സൃഷ്ടിച്ച് ഭൂമിയിലേക്കയച്ച കുട്ടികള്‍ വളര്‍ന്നു വലുതായവരാണ് എല്ലാ പാശ്ചാത്യ സൂപ്പര്‍ഹീറോകളും. എനനാല്‍, ജൈവശാസ്ത്രപരമായി ഒരു എലി മാത്രമായിരുന്ന ഡിങ്കന്‍ അപാരമായ തപശക്തികൊണ്ടും ഏകാഗ്രത കൊണ്ടും നിരന്തരവ്യായാമം കൊണ്ടും കേരളത്തിലെ കുട്ടികളുടെ രക്ഷകനായി മാറുകയായിരുന്നു. മറ്റു സൂപ്പര്‍ഹീറോകളെ വിളിക്കാന്‍ റിമോട്ട് അമര്‍ത്തുകയോ കണ്ണടച്ച് മന്ത്രം ചൊല്ലുകയോ ഒക്കെ വേണമായിരുന്നു എങ്കില്‍ ഡിങ്കനെ വിളിക്കാന്‍ “ഡിങ്കാ… രക്ഷിക്കണേ..” എന്നു മാത്രം പറഞ്ഞാല്‍ മതി എന്നത് ഡിങ്കന്‍ ലോകത്തിലെ ഒരേയൊരു റിയലിസ്റ്റിക് സൂപ്പര്‍ ഹീറോ ആണെന്നതിനു തെളിവാണ്. അല്ലെങ്കിലും ചാകാന്‍ തുടങ്ങുമ്പോള്‍ ആരാണ് കണ്ണടച്ച് മന്ത്രം ചൊല്ലുന്നത് ?

പങ്കിലക്കാട്ടില്‍ നിന്ന് അച്ഛനോടും അമ്മയോടും പിണങ്ങി വീടുവിട്ടു പോയ കുഞ്ഞനെലിയാണ് പിന്നീട് ഡിങ്കന്‍ എന്ന സൂപ്പര്‍ ഹീറോ ആയി മാറുന്നത്. മായാവിയൊക്കെ രാജുവിന്‍റെയും രാധയുടെയും പിന്നാലെ മാത്രം ചുറ്റിത്തിരിയുമ്പോഴാണ് പിള്ളേരാരു വിളിച്ചാലും ഡിങ്കന്‍ പാഞ്ഞെത്തിയിരുന്നത് എന്നത് ഡിങ്കന്‍ ഒരു ഓപണ്‍സോഴ്സ്, സൗജന്യ സൂപ്പര്‍ഹീറോ ആയിരുന്നു എന്നതിനു തെളിവാണ്. മന്‍മോഹന്‍സിങ്ങിന്‍റെ ആഗോളവല്‍ക്കരണ നടപടികള്‍ക്കു ശേഷം സൂപ്പര്‍മാന്‍, സ്പൈഡര്‍മാന്‍, ബാറ്റ്‍മാന്‍ തുടങ്ങിയ ന്യൂജനറേഷന്‍ സൂപ്പര്‍ഹീറോകള്‍ ഇന്ത്യയിലേക്കു വന്നതിനെത്തുടര്‍ന്നാണ് കപീഷ്,ഡിങ്കന്‍ തുടങ്ങിയ തനതു സൂപ്പര്‍ ഹീറോകള്‍ പ്രതിസന്ധി നേരിട്ടത്. ഇത് ഡിങ്കനെയും കപീഷിനെയും പോലുള്ള ഇന്ത്യന്‍ സൂപ്പര്‍ഹീറോകളെ ഉന്മൂലനം ചെയ്യാനുള്ള പാശ്ചാത്യ-സയണിസ്റ്റ് ഗൂഢാലോചനയുടെ തെളിവു കൂടിയാണ്.

തന്റെ സ്വകാര്യ അഹങ്കാരമായിരുന്നു ഡിങ്കനുമായുണ്ടായിരുന്ന സൗഹൃദമെന്ന് കേരളത്തിലെ നമ്പര്‍ വണ്‍ സൂപ്പര്‍ഹീറോ മായാവി പറഞ്ഞു. തന്നേക്കാള്‍ എത്രയോ വയസ്സിന് മുതിര്‍ന്നതായിരുന്നെങ്കിലും ഡിങ്കന്‍ തന്നെ മായാവിച്ചേട്ടാ എന്നാണ് വിളിച്ചിരുന്നതെന്ന് മായാവി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ കരുത്തും സ്പീഡുമെല്ലാം പലഘട്ടങ്ങളിലായി അദ്ദേഹം തെളിയിച്ചിട്ടുള്ളതാണ്. ഈ അസരത്തില്‍ അദ്ദേഹത്തെ മലയാളത്തിന്‍റെ സൂപ്പര്‍ഹീറോ‍ എന്നു വിശേഷിപ്പിച്ചാല്‍ അത് വെറും ഉപചാരവാക്കായിപോകും- മായാവി പറഞ്ഞു. എന്നാല്‍, ബാലമംഗളം ഇറങ്ങിക്കൊണ്ടിരുന്ന സമയത്ത് അത് വാങ്ങാനോ വായിക്കാനോ കൂട്ടാക്കാത്ത ആളുകളാണ് ഇപ്പോള്‍ ബാലമംഗളം നിര്‍ത്തുന്നു, ഡിങ്കന്‍ ഓര്‍മയാവുന്നു എന്നൊക്കെ പറഞ്ഞ് മുതലക്കണ്ണീരൊഴുക്കുന്നത് എന്നു സൂത്രന്‍ പറഞ്ഞു.

ബാലമംഗളം നിര്‍ത്തി എന്ന വാര്‍ത്ത പുറത്തു വന്നതിനു ശേഷം ഡിങ്കന്‍റെ പേരില്‍ കണ്ണീരൊഴുക്കുന്നവര്‍ നേരത്തെ ബാലമംഗളം വാങ്ങി വായിച്ചിരുന്നെങ്കില്‍ ഒരു അഞ്ചു വര്‍ഷം കൂടിയെങ്കിലും ഡിങ്കന്‍ നമ്മോടൊപ്പമുണ്ടാവുമായിരുന്നു എന്ന് നമ്പോലന്‍ പറഞ്ഞു. അവഗണന ഏറ്റു വാങ്ങിയിട്ടും ഇത്രകാലവും ഡിങ്കനെ പൊന്നുപോലെ നോക്കുകയും ബാലമംഗളം പ്രസിദ്ധീകരിക്കുകയും ചെയ്ത മംഗളം പബ്ലിക്കേഷന്‍സിനെ ഇപ്പോള്‍ ബാലമംഗളം നിര്‍ത്തുന്നു എന്നു കേള്‍ക്കുമ്പോള്‍ കുറ്റപ്പെടുത്തുന്നത് നിന്ദ്യവും നീചവും പൈശാചികവുമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.സൂത്രങ്ങള്‍ ആലോചിട്ട് ബുദ്ധിപരമായി പ്രവര്‍ത്തിക്കുന്ന സൗമ്യനായ സൂപ്പര്‍ഹീറോ ആണ് മായാവി എങ്കില്‍ ഏറ്റവും അഗ്രസീവായിരുന്ന ഡിങ്കന്‍ സൂപ്പര്‍ഹീറോകളിലെ‍ സുരേഷ് ഗോപി ആയിരുന്നെന്ന് കുട്ടൂസനും ഡാകിനിയും പത്രക്കുറിപ്പില്‍ അറിയിച്ചു. ഡിങ്കന്‍ അവസാനിച്ചതറിഞ്ഞ് ലുട്ടാപ്പി ഏറെ നേരം പൊട്ടിക്കരഞ്ഞു. യാത്രകള്‍ക്കിടയില്‍ ആകാശത്ത് വച്ച് മിക്കപ്പോഴും തങ്ങള്‍ മുട്ടാറുണ്ടായിരുന്നു എന്നും ഒന്നുനോക്കുകയല്ലാതെ ഡിങ്കന്‍ തന്നെ ഒരിക്കലും ഉപദ്രവിച്ചിട്ടില്ലെന്നും ലുട്ടാപ്പി ഓര്‍മിച്ചു.

അതേ സമയം, ഡിങ്കന്‍ ഒരു ദൈവമായിരുന്നു എന്നു സ്ഥാപിക്കാനും ഡിങ്കന്‍റെ പേരില്‍ മതം സ്ഥാപിച്ച് മുതലെടുപ്പു നടത്താനും ഒരു വിഭാഗം നടത്തുന്ന കുല്‍സിത ശ്രമങ്ങള്‍ തിരിച്ചറിയണമെന്ന് ഓള്‍ കേരള സൂപ്പര്‍മാന്‍ ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ പറഞ്ഞു. താനൊരു ദൈവമാണെന്ന് ഡിങ്കന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. സൂപ്പര്‍മാന്‍ ഉള്‍പ്പെടെ എല്ലാ സൂപ്പര്‍ഹീറോകളെയും സൃഷ്ടിച്ചത് ദൈവമാണ്. മായാവി പോലും ഒരു കുട്ടിച്ചാത്തന്‍ മാത്രമാണ് എന്നിരിക്കെ ഡിങ്കനെ ദൈവമായി അവരോധിച്ചുകൊണ്ട് മതപരിവര്‍ത്തനം നടത്തുന്നവരുടെ ഉദ്ദേശം വേറെയാണെന്നും അത്തരക്കാരെ തിരിച്ചറിയണമെന്നും സൂപ്പര്‍മാന്‍ ഫാന്‍സ് പറഞ്ഞു. ഡിങ്കോയിസം എന്ന പേരില്‍ മതം സ്ഥാപിക്കുകയും ഡിങ്കഭക്തരാണെന്ന് അവകാശപ്പെട്ട് ചിലള്‍ ഇന്‍റര്‍നെറ്റിലും മറ്റും പ്രചാരണങ്ങള്‍ നടത്തുകയും ചെയ്യുന്നതില്‍ അവസാനനാളുകളില്‍ ഡിങ്കന്‍ ദുഖിതനായിരുന്നു എന്ന് നമ്പോലന്‍ പറഞ്ഞു.ഡിങ്കന്‍റെ മസില്‍ ജിംനേഷ്യത്തില്‍ ഉപയോഗിക്കുന്ന സ്റ്റിറോയ്‍ഡും ഹോര്‍മോണും കുത്തിവച്ചുണ്ടായതാണെന്ന ആരോപണവും അദ്ദേഹത്തെ വല്ലാതെ ദുഖിപ്പിച്ചിരുന്നു.

എന്നാല്‍, ഡിങ്കന്‍ ദൈവമായിരുന്നു എന്നത് സ്ഥാപിക്കുന്നതിനും മതപ്രചാരണം തുടരുന്നതിനും ഡിങ്കോയിസ്റ്റുകളുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കാലടിയിലെ ‘സുഗന്ധം പരത്തുന്ന മൗസ്’ ഡിങ്കന്‍റെ ദിവ്യാദ്ഭുതമാണ് എന്ന പ്രചാരണം ആണ് അതിലൊന്ന്. കാലടി സ്വദേശിയായ ഡിങ്കോയിസ്റ്റിന്‍റെ കംപ്യൂട്ടര്‍ മൗസില്‍ നിന്ന് എണ്ണയും സുഗന്ധവും പ്രവഹിക്കുന്നത് ഡിങ്കന്‍റെ ശക്തികൊണ്ടാണെന്നും ഡിങ്കനെ ആരാധിക്കണമെന്നതിന്‍റെ തെളിവാണിതെന്നുമാണ് ഇതെന്നും പലരും കരുതുന്നുണ്ട്. അദ്ഭുത മൗസിന്‍റെ ആധികാരികത ചോദ്യം ചെയ്യപ്പെടുമ്പോഴും മൗസ് കാണാനും നേര്‍ച്ചയിട്ടു നമസ്കരിക്കാനും അവിടേക്ക് ഡിങ്കോയിസ്റ്റുകളുടെ പ്രവാഹമാണ്.

അനുഭവങ്ങളുടെ സുഗന്ധം

മനം മയക്കുന്ന സുഗന്ധങ്ങളുടെ കാലം കഴിഞ്ഞു. പ്രകൃതിയില്‍ നിന്നുള്ള സുഗന്ധങ്ങളെ കുപ്പിയിലാക്കി വിറ്റിരുന്നവര്‍ പ്രകൃതി മരിക്കുന്ന കാലത്ത് മനുഷ്യര്‍ അതിജീവനം നടത്തുന്ന ലോകത്തിന്റെ സുഗന്ധങ്ങളിലേക്കു തിരിയുകയാണ്. ഓര്‍മകളിലെ സുഗന്ധത്തെപ്പറ്റി എഴുതിയും വര്‍ണിച്ചും ആ സുഗന്ധങ്ങളെ അവിസ്മരണീയമാക്കുന്നവര്‍ക്ക് ഇനി കടയില്‍ പോയി സംഗതി വാങ്ങാം. ജീവിതയാത്രയില്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ വച്ച് നിങ്ങളെ സ്വാധീനിച്ച സുഗന്ധം ഓര്‍ത്തെടുക്കുന്നതുപോലെയാവില്ല കാലദേശങ്ങളെ അതിജീവിച്ച് വീണ്ടും ആ സുഗന്ധം മുന്നിലെത്തുന്നത്. പ്രമുഖ സുഗന്ധനിര്‍മാതാക്കളുടെ പുതിയ ബിസിനസ് ആ വഴിക്കാണ്.

സെന്റ്‌സ് ഓഫ് ഡിപ്പാര്‍ചര്‍

കൊച്ചിയുടെ ഗന്ധം ആരും കുപ്പിയിലാക്കി കൊണ്ടുപോകില്ല. എങ്കിലും കൊച്ചി കൊച്ചിയാണെന്ന് വീണ്ടുമെത്തുന്ന വിനോദസഞ്ചാരിക്കു തോന്നണമെങ്കില്‍ ആ പഴയ നാറ്റം അനുഭവേദ്യമാകണം. സഞ്ചാരിയുട അനുഭവങ്ങള്‍ ഈ ഗന്ധവുമായി ബന്ധപ്പെട്ടു കിടക്കും എന്നതിനാല്‍ അനുഭവങ്ങള്‍ കലര്‍ന്ന കൊച്ചിയുടെ ഗന്ധത്തെ സുഗന്ധമെന്ന് പെര്‍ഫ്യൂം കമ്പനികള്‍ വിശേഷിപ്പിച്ചേക്കാം. സെന്റ്് ഓഫ് ഡിപാര്‍ചര്‍ എന്ന പുതിയ പെര്‍ഫ്യൂം ശ്രേണി ലോകസഞ്ചാരികള്‍ക്കു വേണ്ടിയുള്ളതാണ്. കൊച്ചിയ്ക്കും കോഴിക്കോടിനുമൊക്കെ ഉള്ളതുപോലെ ലോകത്തെ എല്ലാ നഗരങ്ങള്‍ക്കും ഗന്ധപരമായ ഒരു വ്യക്തിത്വമുണ്ട്. ഇത്തരത്തില്‍ ഓരോ നഗരത്തിന്റെയും സുഗന്ധമാണ് സെന്റ് ഓഫ് ഡിപാര്‍ചര്‍. ന്യൂയോര്‍ക്ക്, ലണ്ടന്‍, പാരിസ്, ടോക്കിയോ, ദുബായ്, ദോഹ, ബാലി, സോള്‍, സിംഗപ്പൂര്‍, അബുദാബി, ബുഡാപെസ്റ്റ്, വിയെന്ന തുടങ്ങി ലോകത്തിലെ 14 നഗരങ്ങളുടെ സുഗന്ധമാണ് സെന്റ് ഓഫ് ഡിപാര്‍ചര്‍ ശ്രേണിയിലുള്ളത്. നിങ്ങള്‍ക്ക് ഗൃഹാതുരത്വമോ പ്രവാസാതുരത്വമോ ഉണര്‍ത്തുന്നത് ഏതാണെന്നു വച്ചാല്‍ വാങ്ങാം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ നഗരത്തിനു തന്നെ വേറിട്ട സുഗന്ധങ്ങളാണ്. ഓരോ നഗരസുഗന്ധത്തിനും ഓരോ വിലയും. www.thescentofdeparture.com

പേപ്പര്‍ പാഷന്‍

അച്ചടിമഷി പുരണ്ട പുസ്തകത്താളുകളുടെ ഗന്ധമാണ് വിപണിയിലെത്തിയിരിക്കുന്ന പുതിയ വിസ്മയം. പഴയ പുസ്തകത്താളുകളുടെ ഗന്ധം മനസ്സിലേക്ക് കൊണ്ടുവരുന്നത് ഒരായിരം ബാല്യകാല ചിത്രങ്ങളാണ് പലര്‍ക്കും. അച്ചടിമഷിയുടെ ഗന്ധമുള്ള പുതിയ പുസ്തകങ്ങള്‍ക്കും ഇതേ പ്രാധാന്യമുണ്ട്. ഇ-വായനയുടെ കാലത്ത് പുസ്തകപ്രേമികള്‍ക്കു വേണ്ടി പ്രമുഖ യൂറോപ്യന്‍ സുഗന്ധനിര്‍മാതാവായ ഗെസ ഷോവെന്‍ കണ്ടെത്തിയ ഏറ്റവും പുതിയ ബ്രാന്‍ഡാണ് പേപ്പര്‍ പാഷന്‍. നിത്യജീവിതത്തില്‍ വിവിധ തരം കടലാസ് ഗന്ധങ്ങളാല്‍ സ്വാധീനിക്കപ്പെട്ട ആളുകളെ വശീകരിക്കാന്‍ വിവിധ പേപ്പര്‍ സുഗന്ധങ്ങളിലാണ് പേപ്പര്‍ പാഷന്‍ എത്തുന്നത്. വാള്‍പേപ്പര്‍ മാഗസിന്റെ ആവശ്യപ്രകാരമാണ് ഗെസ പുസ്തകപ്രേമികള്‍ക്കു വേണ്ടി അവരുടെ പ്രിയപ്പെട്ട സുഗന്ധത്തെ കുപ്പിയിലാക്കിയത്. ശരാശരി പെര്‍ഫ്യൂം നൂറിലേറെ രാസക്കൂട്ടുകളോടെ എത്തുമ്പോള്‍ പേപ്പര്‍ പാഷന് വെറും അഞ്ച് ഘടകങ്ങളേയുള്ളൂ. ഭംഗിയുള്ള ഒരു പുസ്തകത്തിനുള്ളില്‍ അടച്ചാണ് പേപ്പര്‍ പാഷന്‍ വിപണിയിലെത്തുന്നത്. പുസ്തകം തുറക്കുമ്പോള്‍ അതിനുള്ളില്‍ സുഗന്ധക്കുപ്പി. പേപ്പര്‍ പാഷന്റെ വില 5500 രൂപയാണ്.

ബ്ലഡ് കണ്‍സെപ്റ്റ്

ഓരോ ജന്മനക്ഷത്രക്കാര്‍ക്കും ഓരോ തരത്തിലുള്ള കല്ല് പതിച്ച മോതിരം നമുക്ക് അപരിചിതമല്ല. അതുകൊണ്ട് നേട്ടങ്ങളുണ്ടാക്കുകയും പരീക്ഷണങ്ങള്‍ തുടരുകയും ചെയ്യുന്നവരുണ്ട്. അതുപോലെ ഓരോ രക്തഗ്രൂപ്പ്കാര്‍ക്കും ഓരോ സുഗന്ധം. അതുകൊണ്ട് എന്തൊക്കെയാണ് പ്രയോജനങ്ങള്‍ എന്നു പറയാറായിട്ടില്ല.
ഏറെക്കാലത്തെ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷം (എന്നു പറയുന്നു) അവതരിപ്പിച്ചിരിക്കുന്ന വളരെ സങ്കീര്‍ണമായ സുഗന്ധദ്രവ്യ ശ്രേണിയാണ് ബ്ലഡ് കണ്‍സെപ്റ്റ്. രക്തഗ്രൂപ്പുകളുടെ അത്രയേ ഉള്ളൂ സുഗന്ധഗ്രൂപ്പുകളും. എ, ബി, ഒ, എബി ഗ്രൂപ്പുകാര്‍ക്കുള്ള 40, 60 മില്ലി ബോട്ടിലുകളാണ് ഇവ. ഓരോ രക്തഗ്രൂപ്പുകാര്‍ക്കും ഉണ്ടാവുന്ന പൊതുവായ സവിശേഷതകളും സ്വാഭാവികശരീരഗന്ധവുമൊക്കെയായി പൊരുത്തപ്പെട്ടു നില്‍ക്കുന്നതാണേ്രത ബ്ലഡ് കണ്‍സെപ്റ്റ് സുഗന്ധങ്ങള്‍. ഓരോ ഗ്രൂപ്പിനും 10000 രൂപ വീതം വിലയാകും. www.bloodconcept.com

സ്‌മെല്‍സ് ന്യൂ

പുതിയ കാര്‍ വാങ്ങിയാല്‍ അതിന്റെ സുഗന്ധം എന്നും നിലനില്‍ക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. കാര്‍ പെര്‍ഫ്യൂമുകളും കാറില്‍ കയറുന്നവര്‍ പൂശുന്ന സുഗന്ധങ്ങളും ചേര്‍ന്ന് പുത്തന്‍ കാറിന്റെ വ്യക്തിത്വം പെട്ടെന്നു തന്നെ നഷ്ടപ്പെടുത്തിക്കളയും. പു്ത്തന്‍ കാറിന്റെ ഗന്ധം തന്നെ വേണമെന്നുള്ളവര്‍ക്കായി കാര്‍നിര്‍മാതാക്കളായ ഫോര്‍ഡ് സ്‌പെയിനില്‍ അവതരിപ്പിച്ച സുഗന്ധമാണ് സ്‌മെല്‍ ന്യൂ (Olor a Nuevo). കാര്‍ അറുപഴഞ്ചനാണെങ്കിലും ഈ സുഗന്ധം ഉപയോഗിച്ചാല്‍ പുത്തന്‍ കാര്‍ ഷോറൂമില്‍ നിന്നിറക്കിക്കൊണ്ടു വരുന്ന സുഖം ലഭിക്കും.

ഗൂഗിളോര്‍ത്തു നമ്മളോര്‍്ത്തില്ല

അനന്ത പൈയെ ഇന്നു മുതല്‍ വേണമെങ്കില്‍ നമ്മളംഗീകരിക്കും. കാരണം, പുതിയ ഡൂഡിലിലൂടെ അദ്ദേഹത്തിന്റെ ജന്മദിനം നമ്മെയോര്‍മിപ്പിച്ച് അദ്ദേഹത്തെ ലെജന്‍ഡ് സ്ഥാനത്തു പ്രതിഷ്ഠിക്കുകയാണ് ഗൂഗിള്‍.കുട്ടിക്കാലം മുതല്‍ അനന്ത പൈയുടെ ചിത്രകഥകള്‍ വായിച്ചു വളര്‍ന്നിട്ടുള്ള തലമുറയ്‍ക്ക് പോലും അവയില്‍ പലതും അനന്തപൈ സൃഷ്ടിച്ച കഥാപാത്രങ്ങളാണെന്നത് അറിവില്ല.ശിക്കാരി ശംഭു,ശുപ്പാണ്ടി തുടങ്ങി പഴയ ചിത്രകഥാപുസ്തകത്തില്‍ തുടങ്ങി സോണി പ്ലേ സ്റ്റേഷനില്‍ വരെയെത്തി നില്‍ക്കുന്ന അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും ചിത്രകഥകളും അനവധിയാണ്.

1967-ൽ ഇന്ത്യ ബുക്ക് ഹൗസ് പബ്ലിഷേർസുമായി ചേർന്നാണ് അനന്ത് പൈ, അമർചിത്രകഥ ആരംഭിച്ചത്. 1980-ൽ ഇദ്ദേഹം വിവിധ ഭാഷകളിലായി പ്രസിദ്ധീകരിച്ചിരുന്ന ഇന്ത്യയിലെ ആദ്യ ചിത്രകഥയായ ട്വിങ്കിൾ ആരംഭിച്ചു. 1998 വരെ അനന്ത് പൈ ആയിരുന്നു ഇതിന്റെ മാനേജിങ്ങ് ഡയറക്ടർ.ഇന്ന് അമർചിത്രകഥയുടെ 30 ലക്ഷം പ്രതികൾ ഇംഗ്ലീഷിലും, മറ്റ് 20 ഇന്ത്യൻ ഭാഷകളിലുമായി ഒരു വർഷം വിറ്റഴിക്കപ്പെടുന്നുണ്ട്. 1967-ൽ ആരംഭിച്ചതിനു ശേഷം ഇതുവരെ 10 കോടി പ്രതികൾ വിറ്റഴിഞ്ഞിട്ടുണ്ട്. 2007-ൽ അമർചിത്രകഥയെ എ.സി.കെ മീഡിയ ഏറ്റെടുത്തു.


സെപ്റ്റംബര്‍ 17ന് അനന്ത പൈയുടെ എണ്‍പത്തിയൊന്നാം പിറന്നാളിനോടനുബന്ധിച്ച് ഗൂഗിള്‍ പ്രത്യേക ഡൂഡിലൂടെ അദ്ദേഹത്തെ അനുസ്മരിക്കുമ്പോള്‍ അധികം മാധ്യമശ്രദ്ധ കിട്ടാതെ പോല ഒരു അദ്ഭുതപ്രതിഭയ്‍ക്ക് അര്‍ഹമായ പരിഗണന തന്നെയാണ് ലഭിക്കുന്നത്. ഇന്ന് ഇന്ത്യയിലെവിടെ നിന്നും ഗൂഗിള്‍ ഹോംപേജിലെത്തുന്നവര്‍ അനന്തപൈയുടെ ജന്മദിനമാണിന്നെന്നും ആരായിരുന്നു അനന്ത പൈ എന്നും തിരിച്ചറിയും. നന്നായി ഗൂഗിളേ നന്നായി,ഇതു നേരത്തെ വേണ്ടതായിരുന്നു- എന്നു കമന്റടിച്ച് ഗൂഗിള്‍ ചെയ്തതില്‍ നമ്മള്‍ പ്രതിഷേധിക്കാതിരിക്കുന്നത് തന്നെ വലിയ കാര്യമാണ്. അനന്തപൈയുടെ ഔദ്യോഗിക വെബ്‍സൈറ്റ്[Link] . ടിങ്കിള്‍ വെബ്‍സൈറ്റ് [Link]. അമര്‍ ചിത്രകഥ വെബ്‍സൈറ്റ് [Link].

ഒരു ചെറിയ അടിയന്തിരാവസ്ഥ

ഇപ്പോള്‍ എനിക്കും കുറച്ചു പേടിയുണ്ട്. ഇന്നല്ലെങ്കില്‍ നാളെ ലോക്കല്‍ കോണ്‍ഗ്രസ് നേതാക്കള്‍ എന്റെ കസേരയ്ക്കു (രാഷ്ട്രീയത്തിലെ കസേരയല്ല) പിന്നില്‍ വന്നു നില്‍ക്കുമെന്നും എന്റെ ബ്ലോഗ് പോസ്റ്റുകള്‍ അവരില്‍ എഴുത്തും വായനയും അറിയാവുന്നവര്‍ വായിച്ച ശേഷം ഡിലീറ്റ് ചെയ്യുമെന്നും ഞാനാശങ്കപ്പെടുന്നു. കോണ്‍ഗ്രസുകാരുടെ പ്രവാചികയായ സോണിയയുടെ കഥ എഴുതുകയോ സിനിമയാക്കുകയോ ചെയ്യുന്നവര്‍ സെന്‍സര്‍ ചെയ്യപ്പെടുമ്പോള്‍, ഇവിടെ ഈ മൂലയ്ക്കിരിക്കുന്ന എന്നെ വെട്ടിനിരത്താന്‍ (സ്ഥിരം വെട്ടിനിരത്തലുകാര്‍ പൊറുക്കണം) നേതാക്കന്‍മാര്‍ക്കുണ്ടോ വല്ല പാടുമുള്ളൂ.

സോണിയാ ഗാന്ധിയോടു സാദൃശ്യമുള്ള കഥാപാത്രത്തെ വച്ചു സിനിമയെടുത്ത സംവിധായകന്‍ പ്രകാശ് ഝാ ആകെ പേടിച്ചിരിക്കുകയാണെന്നു പറയുന്നു. സീനിയര്‍ നേതാക്കന്‍മാര്‍ ഉമ്മാക്കി കാട്ടി പേടിപ്പിച്ച് രാജ്നീതിയോട് അനിതീ കാണിച്ചു എന്ന് തീവ്രവലതുപക്ഷ മാധ്യമങ്ങളിലൊഴികെ എല്ലായിടത്തും നമ്മള്‍ വായിച്ചതും കണ്ടതുമാണ്. ഇപ്പോള്‍ ഏതോ ഒരു രാജ്യത്ത് സോണിയാ ഗാന്ധിയുടെ കഥയെഴുതിയ എഴുത്തുകാരനെ കോണ്‍ഗ്രസ്സുകാര്‍ വേട്ടയാടുകയാണ്.

El Sari Rojo എന്ന സ്പാനിഷ് പുസ്തകമാണ് കോണ്‍ഗ്രസ്സിലെ സെന്‍സര്‍ ബോര്‍ഡിന്റെ പുതിയ ഇര. കണ്ടോ, ഹിന്ദി സിനിമയില്‍ നിന്നു നേരേ സ്പാനിഷ് പുസ്തകത്തിലേക്ക്. നേതാക്കന്‍മാരെ പത്രത്തില്‍ പരസ്യമിട്ട് ഇന്റര്‍വ്യൂ നടത്തി എടുക്കുന്നതു കൊണ്ട് ഗുണമില്ല എന്നാരും പറയരുത്. ‘ചുവന്ന സാരി’ എന്നാണ് പുസ്തകത്തിന്റെ പേരിന്റെ അര്‍ഥം.സോണിയ വിവാഹദിവസം ധരിച്ചിരുന്ന സാരിയെ പരാമര്‍ശിച്ചാണ് പുസ്തകത്തിനു പേരിട്ടിരിക്കുന്നതത്രേ. ‘ജീവിതം അധികാരത്തിന്റെ വിലയാകുമ്പോള്‍’ എന്ന സബ്ടൈറ്റിലുമുണ്ട് പുസ്തകത്തിന്. സോണിയയോടോ കോണ്‍ഗ്രസിനോടോ ശത്രുതയുള്ള ആരുമല്ല പുസ്തകമെഴുതിയത്. മാഡ്രിഡ്കാരനായ ജാവിയര്‍ മോറോയാണ് നിലവില്‍ വിശുദ്ധ കോണ്‍ഗ്രസിന്റെ സെന്‍സര്‍ ബോര്‍ഡിനു മുമ്പില്‍ പീഢാസഹനത്തിനായി കാത്തുനില്‍ക്കുന്നത്.

സോണിയാ ഗാന്ധിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി മോറോ എഴുതിയ പുസ്തകത്തില്‍ മേമ്പൊടിക്ക് ഭാവനയുണ്ടെന്നും എന്നാല്‍ അതില്‍ കള്ളമില്ലെന്നും എഴുത്തുകാരന്‍തന്നെ പറഞ്ഞിട്ടുമുണ്ട്. സോണിയയുടെ ജീവതം എഴുതുമ്പോള്‍ അത് വിശുദ്ധ ഗ്രന്ഥം പോലെ എഴുതണം എന്ന കാര്യം മോറോ മനസ്സിലാക്കിയിട്ടില്ലേ എന്ന മട്ടിലാണത്രേ കോണ്‍ഗ്രസിന്റെ പ്രതികരണങ്ങള്‍. കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി ഉള്‍പ്പെടെയുള്ള സോണിയാജിയുടെ വക്കിലന്‍മാര്‍ ഇറ്റലിയിലെ പ്രസാധകകര്‍ക്ക് എത്രയും വേഗം പുസ്തകം വിപണിയില്‍ നിന്നു പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കത്തു നല്‍കിയിരിക്കുകയാണ്. 2008ല്‍ സ്പാനിഷ് ഭാഷയിലിറങ്ങിയ പുസ്തകം ഇതിനോടകം ഇറ്റാലിയന്‍, ഫ്രഞ്ച്, ഡച്ച് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഇംഗ്ലിഷ് പരിഭാഷ റെഡിയായിരിക്കുമ്പോഴാണ് കോണ്‍ഗ്രസ് അടിയന്തരാവസ്ഥയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിരിക്കുന്നത്. ഇതിനോടകം ഈ പുസ്തകം വായിച്ചുപോയ പാപികളോട് ആത്മഹത്യ ചെയ്യാനോ മറ്റോ ഹൈക്കമാന്‍ഡ് ആവശ്യപ്പെടുമോ എന്നും ഞാനാശങ്കപ്പെടുകയാണ്.

പച്ചക്കള്ളങ്ങളും അര്‍ധസത്യങ്ങളും അപമാനകരമായ പരാമര്‍ശങ്ങളും നിറഞ്ഞതാണ് പുസ്തകമെന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. ഇറ്റലിയില്‍ ജനിച്ച സോണിയ രാജീവ് ഗാന്ധിയുമായി വിവാഹിതയാവുന്നതും പിന്നീട് രാജീവിന്റെ മരണശേഷം അവര്‍ അനുഭവിച്ച കഷ്ടതകളും പിന്നീട് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനവുമൊക്കെയാണ് പുസ്തകത്തിലുള്ളതെന്നു കേള്‍ക്കുന്നു. എന്തുകൊണ്ടാണ് സോണിയയെക്കുറിച്ചുള്ള സൃഷ്ടികളില്‍ ഒക്കെ എഴുത്തുകാര്‍ കള്ളങ്ങള്‍ എഴുതിച്ചേര്‍ക്കുന്നത് ? അതോ സത്യങ്ങള്‍ എഴുതിച്ചേര്‍ത്തവയൊക്കെ വിലക്കപ്പെടുകയാണോ ?

രാജീവ് ഗാന്ധിയുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വൈദികര്‍ സോണിയയെ വിലക്കിയെന്നും അദ്ദേഹത്തിന്റെ മരണശേഷം ഇറ്റലിയിലേക്കു തിരികെ ചെല്ലാന്‍ സോണിയയുടെ അമ്മ സോണിയയോട് ആവശ്യപ്പെട്ടു എന്നും അതെത്തുടര്‍ന്ന് നിക്കണോ പോണോ എന്നൊരാശങ്ക സോണിയയെ വേട്ടയാടിയിരുന്നെന്നും പുസ്തകത്തിലുണ്ട്. പുസ്തകത്തിന്റെ മൂന്നിലൊരു ഭാഗവും സോണിയ രാജീവിനെ കണ്ടുമുട്ടുന്നതിനു മുമ്പുള്ള കഥകളാണ്. സോണിയയുടെ ഗ്രാമത്തില്‍ അനേകകാലം ആളുകളെ കണ്ടും സംസാരിച്ചും ഗവേഷണം നടത്തി കണ്ടെത്തിയ കാര്യങ്ങളാണ് പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്നതെന്നും അതില്‍ മാനനഷ്ടം ആരോപിക്കാവുന്ന തരത്തില്‍ ഒരു പരാമര്‍ശം പോലുമില്ല എന്നും എഴുത്തുകാരന്‍ വാദിക്കുന്നു. ഒരു വീട്ടമ്മയായി മാത്രം ജീവിക്കാനാഗ്രഹിച്ച സ്ത്രീ 100 കോടി ജനതയുടെ ഭാഗധേയം നിര്‍ണയിക്കുന്ന ശക്തിയായി മാറിയ കഥയാണ് പുസ്തകത്തില്‍ പറയുന്നതത്രേ.പുസ്തകത്തില്‍ നിന്നുള്ള ഏതാനും ഭാഗങ്ങള്‍:-

“Sonia Gandhi simply can’t believe that the man she loves is dead and she will no longer feel his caresses or the warmth of his kisses. The Hindu priests refused to allow her to be present at the cremation. It is not the custom for the widow to be there, even less if she is of another religion. But here Sonia was inflexible. Under no circumstances would she stay at home while the whole world went to witness her husband’s second death.”

“She remembers that she pulled a face in disgust when, she heard about the existence of suttee. Suttee was the supreme proof of love which a woman can only understand when she sees the body of her adored husband burning. Like Sonia at this instant, seeing the fire as the only way to put a stop to that total grief that overwhelms her soul.”

വൈധവ്യത്തിന്റെ കണ്ണീരുണങ്ങും മുമ്പ് സോണിയയെ കോണ്‍ഗ്രസുകാര്‍ പാര്‍ട്ടി പ്രസിഡന്റാക്കിയെന്നും എല്ലാം തങ്ങളാഗ്രഹിക്കുന്നതുപോലെ സാധിച്ചെടുക്കുന്ന സൂത്രശാലികളാണ് കോണ്‍ഗ്രസുകാരെന്നും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. ഇന്ത്യയില്‍ പുസ്തകം ഇറങ്ങാന്‍ സമ്മതിക്കില്ല എന്ന ഉറച്ച നിലപാടില്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ നീക്കം. ഉടക്കാനാണെങ്കില്‍ ഉടക്കി തന്നെ തീര്‍ക്കാം എന്ന നിലപാടിലാണ് എഴുത്തുകാരനും. ജനാധിപത്യവും അഭിപ്രായസ്വാതന്ത്യവും ഉണ്ടെന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്തെ ഭരണകക്ഷി കാണിക്കുന്ന ഈ സങ്കുചിതമനസ്സ് രാജ്യത്തിനു തന്നെ വലിയ നാണക്കേടാണെന്നു മോറോ ചൂണ്ടിക്കാണിക്കുന്നു.

ഇപ്പോള്‍ കോണ്‍ഗ്രസ് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സെമി അടിയന്തരാവസ്ഥയില്‍ നിന്ന് കാര്യങ്ങള്‍ എത്രമാത്രം മുന്നോട്ടു പോകും എന്നു പ്രവചിക്കാന്‍ കഴിയില്ല. എങ്കിലും പുസ്തകം ഇറങ്ങട്ടെയെന്നും അത് ആളുകള്‍ വായിച്ച ശേഷം വിലയിരുത്തട്ടെയെന്നും തീരുമാനിക്കാനുള്ള ഒരു വിവേകം കോണ്‍ഗ്രസിനുണ്ടാകട്ടെ എന്നു ഞാനാഗ്രഹിക്കുന്നു. സര്‍ഗപ്രതിഭയുടെ മേല്‍ കത്തി വയ്ര്‍ക്കുന്നിടത്തോളം നികൃഷ്ടമായ ഒരു രാഷ്ട്രീയം വേറെയില്ല. മറുപടി പറയാനറിയാത്തവന്റെ കാടത്തമാണ് ഈ അമിതാവേശം. സ്വാതന്ത്യ്രസമരത്തോളം പഴക്കമുള്ള ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് എന്ന ദേശീയ പാര്‍ട്ടി പൂര്‍ണമായും സോണിയ ഗാന്ധിയുടെ വ്യക്തിപ്രഭാവത്തിന്‍ മേല്‍ പടുത്തുയര്‍ത്തിയതാണ് എന്നുറക്കെ പ്രഖ്യാപിക്കലാണ് ഇത്. സര്‍ഗസൃഷ്ടിയിലെ അതിന്റെ ഗര്‍ഭപാത്രത്തില്‍ കടന്നു ചവിട്ടിക്കൊല്ലുന്നത് സാംസ്കാരികലോകത്തിനും വലിയൊരു പൈതൃകം അവകാശപ്പെടാനുള്ള ഭാരതസംസ്കാരത്തിനും അപമാനമാണ് എന്നു ഞാനും വിശ്വസിക്കുന്നു.

നഗ്നതയുടെ ഉള്‍ക്കാഴ്ചകള്‍

അശ്ലീലത്തിന്റെ നിര്‍വചനങ്ങള്‍ മാറുകയും ഒരു കാലത്ത് നികൃഷ്ടമെന്നു കരുതിയിരുന്ന പോര്‍ണോഗ്രഫി ഒരു കലയായി വിശേഷിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഇതൊന്നും കാണാനും കേള്‍ക്കാനും കഴിയാത്തവര്‍ ഭാഗ്യവാന്‍മാര്‍ അല്ലെങ്കില്‍ നിര്‍ഭാഗ്യവാന്‍മാര്‍ എന്നാരെങ്കിലും ആത്മഗതം ചെയ്തിട്ടുണ്ടെങ്കില്‍ പശ്ചാത്തപിക്കുക, അന്ധര്‍ക്കു വേണ്ടി നിര്‍മിച്ച ലോകത്തെ ആദ്യത്തെ സമ്പൂര്‍ണ കൊച്ചുപുസ്തകം ആദ്യലക്കം പുറത്തിറങ്ങിയിരിക്കുന്നു. Tactile Mind എന്നു പേരിട്ടിരിക്കുന്ന ഈ അഡള്‍ട്ട് മാഗസിനില്‍ ബ്രെയില്‍ ലിപിയിലുള്ള ഉഗ്രന്‍ കഥകളും വിവരണങ്ങളും വായനക്കാരന്റെ നെഞ്ചിടിപ്പുലയ്ക്കുന്ന ചിത്രങ്ങളും ആണുള്ളത്.

അന്ധരായിട്ടുള്ളവര്‍ എങ്ങനെ ചിത്രം ആസ്വദിക്കും എന്നു ചോദിച്ചാല്‍ ചിത്രങ്ങളാണ് ഈ മാഗസിന്റെ ഹൈലൈറ്റ്. ഈ മാഗസിനിലെ ചിത്രങ്ങള്‍ ത്രിഡി മികവോടെ അന്ധര്‍ക്ക് ആസ്വദിക്കാനാവും. പ്രതലത്തില്‍ നിന്നും തടിച്ചുയര്‍ന്നു നില്‍ക്കുന്ന ചിത്രങ്ങളാണ് മാഗസിനില്‍ ഉള്ളത്. അതായത് ഒരു സ്ത്രീയുടെ നഗ്നചിത്രമാണെങ്കില്‍ ഉയര്‍ത്ത താഴ്ചകളും മൃദുലതകളും എല്ലാം വളരെ ഒറിജിനലായി ഈ ചിത്രത്തിലൂടെ വിരലോടിച്ചാല്‍ ബ്രെയില്‍ ലിപി വായനക്കാരന് എല്ലാം മനസ്സിലാവും എന്നു ചുരുക്കം. മാഗസിനിലെ ഏതാനും ചിത്രങ്ങള്‍ ബ്ളോഗില്‍ സാംപിളിന് നല്‍കിയിട്ടുണ്ട്. ഏതോ പുരാതന ശില്‍പകലയുടെ പുനരാവിഷ്കാരമെന്നൊക്കെ തോന്നുമെങ്കിലും സംഗതി പുതുപുത്തനാണ്.

പ്ളേബോയ് മാഗസിന് ഒരു ബ്രെയില്‍ എഡിഷനുണ്ടെങ്കിലും അതില്‍ ചിത്രങ്ങളില്ല. ഇതില്‍ അത്യപാരങ്ങളായ ചിത്രങ്ങളാണുള്ളത്. പ്രമുഖ കനേഡിയന്‍ ഫോട്ടോഗ്രാഫറായ ലിസ മര്‍ഫിയാണ് ഈ അപൂര്‍വസംരംഭത്തിനു പിന്നില്‍. ടൊറന്റോക്കാരിയായ ഈ ചേച്ചി കനേഡിയന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി ബ്ളൈന്‍ഡിലെ പ്രവര്‍ത്തക കൂടിയാണ്. അല്ലെങ്കിലും മനുഷ്യര്‍ക്കു പ്രയോജനമുള്ള വല്ലതും ചെയ്യാന്‍ ഇവിടെ പെണ്ണുങ്ങള്‍ തന്നെ വേണം. അത്യുഗ്രന്‍ ചിത്രങ്ങളെ സാങ്കേതികവിദ്യ ഉപയോഗിച്ച് കഷ്ടപ്പെട്ട് ത്രിഡിയാക്കി മാറ്റിയാണ് പേജില്‍ പുനഃസൃഷ്ടിച്ചിട്ടുള്ളത്. ഓരോ ചിത്രവും സൃഷ്ടിക്കാന്‍ 50 മണിക്കൂറുകളാണ് വേണ്ടി വന്നത്. അതായത് മാഗസിനിലെ ഓരോ പേജും കൈകള്‍കൊണ്ട് നിര്‍മിച്ചിട്ടുള്ളവയാണ്.

അതുകൊണ്ട് തന്നെ മാഗസിന്റെ വിലയും അല്‍പം കൂടും. 230 ഡോളര്‍ (ഏകദേശം 8000 രൂപ) കൊടുക്കണം ഈ മാഗസിന്റെ ഒരു കോപ്പി സ്വന്തമാക്കാന്‍. സാധാരണ മാഗസിന്‍ പോലെ വായിച്ചു വലിച്ചെറിയാന്‍ തോന്നാത്ത തരം കൊച്ചുപുസ്തകമാണത്രേ ഇത്.
ന്യൂഡ് ഫോട്ടോഗ്രഫി അന്ധരായ ആളുകള്‍ക്ക് ആസ്വദിക്കാന്‍ കഴിയില്ലല്ലോ കഴിയില്ലല്ലോ എന്ന ചിന്തയാണത്രേ ലിസ മര്‍ഫിയെ ഇത്തരമൊരു സംരംഭത്തിനു പ്രേരിപ്പിച്ചത്. അന്ധരായ ആളുകള്‍ക്കു വേണ്ടി നഗ്നതയും ലൈഗികതയും പ്രതിപാദിക്കുന്ന ഒന്നും നിലവിലില്ലാത്തിനാലാണ് ലിസ ഏറെ അധ്വാനിച്ച് ഈ ഉദ്യമത്തിനിറങ്ങിയത്. അവര്‍ക്കും വികാരങ്ങളും വിചാരങ്ങളും ഭാവനകളുമില്ലേ എന്നാണ് ലിസ ചോദിക്കുന്നത്. പരിചയത്തിലുള്ള മോഡലുകളെ സ്വാധീനിച്ചാണ് ലിസ മാഗസിനാവശ്യമായ ചിത്രങ്ങളെടുത്തത്. ചിലതില്‍ ലിസ സ്വയം മോഡലായിട്ടുണ്ട്. എന്നാല്‍, എല്ലാവരും മുഖംമൂടി ധരിച്ചിരിക്കുന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ സാധിക്കില്ല.

പതിനേഴു ചിത്രങ്ങളാണ് ഇതിലുള്ളത്. ബ്രെയില്‍ പേജുകള്‍ ഉണ്ടാക്കുന്ന തെര്‍മോഫോം പ്ളാസ്റ്റിക്കിലാണ് ഈ ചിത്രങ്ങളും വാര്‍ത്തെടുത്തിരിക്കുന്നത്. ഈ ചിത്രങ്ങളോരോന്നും പേജില്‍ നിന്നെടുത്തുമാറ്റി വിശദമായി തൊട്ടുമനസ്സിലാക്കി ആസ്വദിക്കാനും കഴിയും. ചിത്രത്തോടൊപ്പം ബെയില്‍ ലിപിയില്‍ വിശദമായ കുറിപ്പുകളുമുണ്ട്.

Fake IPL player

“Three hundred years ago, it was spices and gold that brought the world to India. In the twenty-first century, Bollywood and cricket will take India to the world”- ഏതു മഹാന്റേതാണ് ഈ വാക്കുകള്‍ എന്നു ചോദിച്ചാല്‍ ചൂണ്ടിക്കാണിക്കാനൊരാള്‍ നമ്മുടെ മുന്നിലില്ല. ഇനിയും കണ്ടുപിടിക്കേണ്ട ഒരു മഹാനാണ് എന്നു പറഞ്ഞാല്‍ തെറ്റില്ല. ഗെയിം ചേഞ്ചേഴ്സ് എന്ന പേരില്‍ ഈയിടെ പുറത്തിറങ്ങി ഇപ്പോള്‍ ചൂടപ്പം പോലെ വിറ്റുപോകുന്ന പുസ്തകത്തില്‍ ഇതുപോലെ വിലപിടിച്ച പല കണ്ടെത്തലുകളുമുണ്ട്.

എഴുത്തുകാരന്റെ പേരു കേട്ടാല്‍ അറിയും ഫേക് ഐപിഎല്‍ പ്ളേയര്‍! ഏത്? നമ്മുടെ കഴിഞ്ഞ ഐപിഎല്ലില്‍ ഉള്ള തോന്ന്യാസങ്ങളെല്ലാംകൂടി ബ്ളോഗ് ചെയ്ത അജ്ഞാതനായ കളിക്കാരനോ? ഫേക് ഐപിഎല്‍ പ്ളേയര്‍ എന്ന പേരില്‍ കഴിഞ്ഞ സീസണില്‍ ബ്ളോഗിലൂടെ ഐപിഎല്‍ ക്രിക്കറ്റിന്റെ പിന്നാമ്പുറക്കഥകള്‍ പൊടിപ്പും തൊങ്ങലും വച്ച് എഴുതിപ്പിടിച്ചിച്ച് ഒറ്റ മാസം കൊണ്ട് ലക്ഷക്കണക്കിനു വായനക്കാരെ സമ്പാദിച്ച അജ്ഞാതനായ ബ്ളോഗര്‍ ഗെയിം ചേഞ്ചേഴ്സ് എന്ന പേരില്‍ ക്രിക്കറ്റും ബോളിവുഡും അതിന്റെ നേര്‍ത്ത ഇടനാഴിയിലെ സംഭവബഹുലമായ തുടര്‍ക്കഥകളും രസകരമായ ഭാഷയില്‍ വര്‍ണിക്കുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ കല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനോടൊപ്പം ‘സഞ്ചരിച്ചു’കൊണ്ടായിരുന്നു ഫേക് ഐപിഎല്‍ പ്ളേയര്‍ അനുദിനം വായനക്കാരെ ത്രസിപ്പിക്കുന്ന പോസ്റ്റുകള്‍ എഴുതിവിട്ടത്. ഐപിഎല്‍ 2.0 എന്നതുപോലെ ഫേക് ഐപിഎല്‍ പ്ളേയര്‍ എന്ന ബ്ളോഗും അജ്ഞാതനായ ബ്ളോഗറും ലോകമെങ്ങുമുള്ള ക്രിക്കറ്റ്പ്രേമികളെ ആകര്‍ഷിച്ചു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ബ്ളോഗിലെ സന്ദര്‍ശകരുടെ എണ്ണം പ്രതിദിനം ഒന്നര ലക്ഷം വരെയായി ഉയര്‍ന്നിരുന്നു എന്നതുതന്നെ അതിനു തെളിവ്.

ക്രിക്കറ്റ്, ബോളിവുഡ് എന്നീ രണ്ടു പ്രധാന വിപണികളുടെയും സംയുക്ത സംരംഭം എന്ന ലേബലാണ് ഐപിഎല്ലിന്റെ വിപണി. അതു മുതലെടുത്തുകൊണ്ടാണ് ഫേക് ഐപിഎല്‍ പ്ളേയര്‍ എന്ന ബ്ളോഗിന്റെയും നിലനില്‍പ്. ഐപിഎല്‍ 3.0യുടെ മുന്നോടിയായി പുറത്തിറക്കിയ പുസ്തകത്തിനു നല്ല വരവേല്‍പാണു ലഭിച്ചിരിക്കുന്നത്. ഇപ്പോള്‍ ഡല്‍ഹിയില്‍ മാത്രം ലഭിക്കുന്ന പുസ്തകം വരുന്ന ആഴ്ചയോടെ മറ്റു സ്ഥലങ്ങളിലും ലഭിക്കും. 127 രൂപയാണ് വില. ഹാര്‍പര്‍ കോളിന്‍സ് പുറത്തിറക്കിയിരിക്കുന്ന പുസ്തകം ബ്ളോഗറുടെ അവസാന വിരുന്നാണ് എന്നു കരുതിയിരുന്നവര്‍ക്കു പക്ഷേ, തെറ്റി. ഐപിഎല്‍ 3.0 തുടങ്ങിയതോടെ ബ്ളോഗറും സജീവമായി. ഗൂഗിളിന്റെ സൌജന്യ ബ്ളോഗ് പ്ളാറ്റ്ഫോം ആയ ബ്ളോഗര്‍ ഡോട് കോമില്‍ നിന്നു സ്വന്തമായി ഒരു ഡൊമെയ്നിലേക്കു ബ്ളോഗ് മാറി എന്നതുതന്നെയാണ് പ്രധാന മാറ്റം.

2009 ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങള്‍ക്കു ശേഷം ‘ഒളിവില്‍’ പോയ ബ്ളോഗര്‍ പിന്നെ പുസ്തകരചനയിലായിരുന്നു. 2010 ജനുവരിയിലാണ് പിന്നെ ബ്ളോഗില്‍ ഒരു പോസ്റ്റുണ്ടായത്. അതും ഒരേയൊരു പോസ്റ്റ്. അതാകട്ടെ ഇന്‍ഡിബ്ളോഗീസ് ഫേക് ഐപിഎല്‍ പ്ളേയറുമായി നടത്തിയ അഭിമുഖം. ക്രിക്കറ്റ് രാജാക്കന്‍മാര്‍ പഠിച്ച പണിയെല്ലാം പയറ്റിയിട്ടും കണ്ടുപിടിക്കാനാവാത്ത അജ്ഞാത ബ്ളോഗര്‍ ആരാണെന്ന അന്വേഷണം തന്നെയാണ് അഭിമുഖത്തിന്റെ ആദ്യവുമുണ്ടായത്. താനൊരു ക്രിക്കറ്റ് കളിക്കാരനല്ല, ക്രിക്കറ്റ് ആരാധകന്‍ മാത്രമാണെന്നു പയുന്ന ബ്ളോഗര്‍ ആരാണെന്ന് ഇങ്ങനെ വിവരിക്കുന്നു: From the Kings of Bollywood to the pimps of cricket and vice-versa”, an experience that converted him into “an insider, the the fly on the wall, the ghost in the darkness.”

ക്രിക്കറ്റില്‍ നിന്നും ബോളിവുഡില്‍ നിന്നും താന്‍ സമാഹരിച്ച കഥകളെല്ലാം സമയോചിതമായി ബ്ളോഗില്‍ പ്രസിദ്ധീകരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നു ബ്ളോഗര്‍ പറയുന്നു. ഓരോ ദിവസത്തെയും കളിയെ സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളില്‍ നിന്നും മനസ്സിലാക്കി കയ്യിലുള്ള കഥകളും പുതിയ വാര്‍ത്തകളും കൂട്ടിച്ചേര്‍ത്ത് പോസ്റ്റുകളാക്കി. ആദ്യം നാലു സുഹൃത്തുക്കള്‍ മാത്രമായിരുന്നു ബ്ളോഗിന്റെ വായനക്കാര്‍. പിന്നീട് എണ്ണം മെല്ലെ വര്‍ധിച്ചുു. പത്തായി നൂറായി, ആയിരമായി. കണ്ണടച്ചു തുറക്കുംമുന്‍പേ ബ്ളോഗിലെ സന്ദര്‍ശകരുടെ എണ്ണം ഒന്നര ലക്ഷത്തോളമായി. ടീമിനുള്ളില്‍ നിന്നല്ല താന്‍ ബ്ളോഗ് ചെയ്യുന്നതെന്ന് ആരും വിശ്വസിക്കാത്ത സാഹചര്യത്തിലും തന്റെ ബ്ളോഗ് കാരണം ടീമിലെ ആര്‍ക്കെങ്കിലും അപകടമുണ്ടാകാതിരിക്കാനും ശ്രദ്ധിച്ചിരുന്നതായി ബ്ളോഗര്‍ പറയുന്നു. ഇടയ്ക്ക് ആകാശ് ചോപ്രയെയും സഞ്ജയ് ബാംഗാറിനെയും ടീമില്‍ നിന്നു മടക്കി അയച്ചപ്പോള്‍ രണ്ടുമൂന്നു ദിവസം താന്‍ എഴുത്തു നിര്‍ത്തിയെന്നും ഇരുവരും മടക്കി അയയ്ക്കപ്പെട്ടത് ബ്ളോഗിന്റെ പേരിലല്ല എന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് ബ്ളോഗിങ് തുടര്‍ന്നതെന്നും അഭിമുഖത്തില്‍ പറയുന്നു.

ക്രിക് ഇന്‍ഫോയിലെ ജോര്‍ജ് ബിനോയിയുടെ കോളം, പ്രേം പണിക്കരുടെ ട്വിറ്റര്‍ അപ്ഡേറ്റുകള്‍ എന്നിവയുടെയും ആരാധകനായ ഫേക് ഐപിഎല്‍ പ്ളേയര്‍ക്ക് തന്റെ ആരാധകരുടെ എണ്ണം കണ്ട് ‘മതിഭ്രമം’ തോന്നിയിട്ടില്ല. ബ്ളോഗ് ആണ് തനിക്കു പുസ്തകമെഴുതാനുള്ള ധൈര്യം തന്നതെന്നു പറയുന്ന ബ്ളോഗര്‍ കമന്റുകളിലൂടെ വായനക്കാര്‍ തന്നെ നിയന്ത്രിച്ചിരുന്നു എന്നും കൂട്ടിച്ചേര്‍ക്കുന്നു.

ഈ ഐപിഎല്ലില്‍ എന്തു നിലപാടെടുക്കണം എന്നു തീരുമാനിച്ചിട്ടില്ല എന്നാണ് അഭിമുഖത്തില്‍ പറയുന്നത്. എന്നാല്‍ പുതിയ സൈറ്റില്‍ പുതുമയുള്ള പരിപാടികളുമായി ബ്ളോഗര്‍ പിന്നെയും ജനങ്ങളെ ആകര്‍ഷിക്കുകയാണ്. മാര്‍ച്ച് 11ന് പുസ്തകപ്രകാശനത്തിനു ശേഷം 12ന് വായനക്കാരുമായി തല്‍സമയ ചാറ്റ് ആയിരുന്നു പരിപാടി. തുടര്‍ന്ന് ഏറ്റവും ഒടുവില്‍ ട്വിറ്റര്‍ അക്കൌണ്ട് തുടങ്ങി . ഈ ഐപിഎല്ലും സജീവമാക്കാനുള്ള പുതിയ നീക്കത്തിലാണ് ബ്ളോഗര്‍. കളി കാണാന്‍ കിടക്കുന്നതേയുള്ളൂ എന്നു ചുരുക്കം.

ഐപിഎല്ലിലെ കള്ളക്കളി

“Three hundred years ago, it was spices and gold that brought the world to India. In the twenty-first century, Bollywood and cricket will take India to the world” – ഏത് മഹാന്റേതാണ് ഈ വാക്കുകള്‍ എന്നു ചോദിച്ചാല്‍ ചൂണ്ടിക്കാണിക്കാനൊരാള്‍ നമ്മുടെ മുന്നിലില്ല. ഇനിയും കണ്ടുപിടിക്കേണ്ട ഒരു മാഹാനാണ് എന്നു പറഞ്ഞാല്‍ തെറ്റില്ല. ഗെയിം ചേഞ്ചേഴ്സ് എന്ന പേരില്‍ ഈയിടെ പുറത്തിറങ്ങി ഇപ്പോള്‍ ചൂടപ്പം പോലെ വിറ്റുപോകുന്ന പുസ്തകത്തില്‍ ഇതുപോലെ വിലപിടിച്ച പല കണ്ടെത്തലുകളുമുണ്ട്. എഴുത്തുകാരന്റെ പേരു കേട്ടാല്‍ അറിയും- ഫേക് ഐപിഎല്‍ പ്ളേയര്‍ ! ഏത് ? നമ്മുടെ കഴിഞ്ഞ ഐപിഎല്ലില്‍ ഉള്ള തോന്ന്യാസങ്ങളെല്ലാം കൂടി ബ്ളോഗ് ചെയ്ത അജ്ഞാതനായ കളിക്കാരനോ ?

ഫേക് ഐപിഎല്‍ പ്ളേയര്‍ എന്ന പേരില്‍ കഴിഞ്ഞ സീസണില്‍ fakeiplplayer.blogspot.com എന്ന ബ്ളോഗിലൂടെ ഐപിഎല്‍ ക്രിക്കറ്റിന്‍റെ പിന്നാമ്പുറക്കഥകള്‍ പൊടിപ്പും തൊങ്ങലും വച്ച് എഴുതി പിടിച്ചിച്ച് ഒറ്റ മാസം കൊണ്ട് ലക്ഷക്കണക്കിനു വായനക്കാരെ സമ്പാദിച്ച അജ്ഞാതനായ ബ്ളോഗര്‍ ഗെയിം ചേഞ്ചേഴ്സ് എന്ന പേരില്‍ ക്രിക്കറ്റും ബോളിവുഡും അതിന്റെ നേര്‍ത്ത ഇടനാലികളെ സംഭവബഹുലമായ തുടര്‍ക്കഥകളും രസകരമായ ഭാഷയില്‍ വര്‍ണിക്കുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ കല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനോടൊപ്പം ‘സഞ്ചരിച്ചു’ കൊണ്ടായിരുന്നു ഫേക് ഐപിഎല്‍ പ്ലേയര്‍ അനുദിനം വായനക്കാരെ ത്രസിപ്പിക്കുന്ന പോസ്റ്റുകള്‍ എഴുതി വിട്ടത്. ഐപിഎല്‍ 2.0 എന്നതുപോലെ ഫേക് ഐപിഎല്‍ പ്ലേയര്‍ എന്ന ബ്ളോഗും അജ്ഞാതനായ ബ്ളോഗറും ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികളെ ആകര്‍ഷിച്ചു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ബ്ളോഗിലെ സന്ദര്‍ശകരുടെ എണ്ണം പ്രതിദിനം ഒന്നരലക്ഷം വരെയായി ഉയര്‍ന്നിരുന്നു എന്നത് തന്നെ അതിനു തെളിവ്.

ക്രിക്കറ്റ്, ബോളിവുഡ് എന്നീ രണ്ടു പ്രധാന വിപണികളുടെയും സംയുക്തസംരംഭം എന്ന ലേബലാണ് ഐപിഎല്ലിന്റെ വിപണി. അതു മുതലെടുത്തു കൊണ്ടാണ് ഫേക് ഐപിഎല്‍ പ്ളേയര്‍ എന്ന ബ്ളോഗിന്റെയും നിലനില്‍പ്. ഐപിഎല്‍ 3.0യുടെ മുന്നോടിയായി പുറത്തിറക്കിയ പുസ്തകത്തിനു നല്ല വലവേല്‍പാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോള്‍ ഡല്‍ഹിയില്‍ മാത്രം ലഭിക്കുന്ന പുസ്തകം വരുന്ന ആഴ്ചയോടെ മറ്റു സ്ഥലങ്ങളിലും ലഭിക്കും. 127 രൂപയാണ് വില. ഹാര്‍പര്‍ കോളിന്‍സ് പുറത്തിറക്കിയിരിക്കുന്ന പുസ്തകം ബ്ളോഗറുടെ അവസാന വിരുന്നാണ് എന്നു കരുതിയിരുന്നവര്‍ക്കു പക്ഷേ, തെറ്റി. ഐപിഎല്‍ 3.0 തുടങ്ങിയതോടെ ബ്ലോഗറും സജീവമായി. ഗൂഗിളിന്റെ സൌജന്യ ബ്ളോഗ് പ്ളാറ്റ്ഫോം ആയ ബ്ളോഗര്‍ ഡോട് കോമില്‍ നിന്നു സ്വന്തമായി ഒരു ഡൊമെയ്നിലേക്കു ബ്ളോഗ് മാറി എന്നതു തന്നെയാണ് പ്രധാന മാറ്റം. fakeiplplayer.com എന്ന വിലാസത്തില്‍ പുതുമകളോടെ ബ്ളോഗ് വായിക്കാം.

2009 ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങള്‍ക്കു ശേഷം ‘ഒളിവില്‍’ പോയ ബ്ളോഗര്‍ പിന്നെ പുസ്തകരചനയിലായിരുന്നു. 2010 ജനുവരിയിലാണ് പിന്നെ ബ്ളോഗില്‍ ഒരു പോസ്റ്റുണ്ടായത്. അതും ഒരേയൊരു പോസ്റ്റ്. അതാകട്ടെ ഇന്‍ഡിബ്ളോഗീസ് ഫേക് ഐപിഎല്‍ പ്ളേയറുമായി നടത്തിയ അഭിമുഖം. ക്രിക്കറ്റ് രാജാക്കന്‍മാര്‍ പഠിച്ച പണിയെല്ലാം പയറ്റിയിട്ടും കണ്ടുപിടിക്കാനാവാത്ത അജ്ഞാതബ്ളോഗര്‍ ആരാണെന്ന അന്വേഷണം തന്നെയാണ് അഭിമുഖത്തിന്റെ ആദ്യവുമുണ്ടായത്. താനൊരു ക്രിക്കറ്റ് കളിക്കാരനല്ല, ക്രിക്കറ്റ് ആരാധകന്‍ മാത്രമാണെന്ന് പയുന്ന ബ്ളോഗര്‍ ആരാണെന്ന് ഇങ്ങനെ വിവരിക്കുന്നു: From the Kings of Bollywood to the pimps of cricket and vice-versa”, an experience that converted him into “an insider, the the fly on the wall, the ghost in the darkness.”

ക്രിക്കറ്റില്‍ നിന്നും ബോളിവുഡില്‍ നിന്നും താന്‍ സമാഹരിച്ച കഥകളെല്ലാം സമയോചിതമായി ബ്ളോഗില്‍ പ്രസിദ്ധീകരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ബ്ളോഗര്‍ പറയുന്നു. ഓരോ ദിവസത്തെയും കളിയെ സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളില്‍ നിന്നും മനസ്സിലാക്കി കയ്യിലുള്ള കഥകളും പുതിയ വാര്‍ത്തകളും കൂട്ടിച്ചേര്‍ത്ത് പോസ്റ്റുകളാക്കി. ആദ്യം നാലു സുഹൃത്തുക്കള്‍ മാത്രമായിരുന്നു ബ്ളോഗിന്റെ വായനക്കാര്‍. പിന്നീട് എണ്ണം മെല്ലെ വര്‍ധിച്ചുു. പത്തായി നൂറായി, ആയിരമായി. കണ്ണടച്ചു തതുറക്കും മുമ്പേ ബ്ലോഗിലെ സന്ദര്‍ശകരുടെ എണ്ണം ഒന്നരലക്ഷത്തോളമായി. ടീമിനുള്ളില്‍ നിന്നല്ല താന്‍ ബ്ളോഗ് ചെയ്യുന്നതെന്ന് ആരും വിശ്വസിക്കാത്ത സാഹചര്യത്തിലും തന്റെ ബ്ളോഗ് കാരണം ടീമിലെ ആര്‍ക്കെങ്കിലും അപകടമുണ്ടാകാതിരിക്കാനും ശ്രദ്ധിച്ചിരുന്നതായി ബ്ളോഗര്‍ പറയുന്നു. ഇടയ്ക്ക് ആകാശ് ചോപ്രയെയും സഞ്ജയ് ബാംഗാറിനെയും ടീമില്‍ നിന്നു മടക്കി അയച്ചപ്പോള്‍ രണ്ടു മൂന്നു ദിവസം താന്‍ എഴുത്തു നിര്‍ത്തിയെന്നും ഇരുവരും മടക്കി അയക്കപ്പെട്ടത് ബ്ളോഗിന്റെ പേരിലല്ല എന്നുറപ്പു വരുത്തിയതിനു ശേഷമാണ് ബ്ളോഗിങ് തുടര്‍ന്നതെന്നും അഭിമുഖത്തില്‍ പറയുന്നു.

ക്രിക് ഇന്‍ഫോയിലെ ജോര്‍ജ് ബിനോയിയുടെ കോളവും പ്രേം പണിക്കരുടെ ട്വിറ്റര്‍ അപ്ഡേറ്റുകളുടെയും ആരാധകനായ ഫേക് ഐപിഎല്‍ പ്ളേയര്‍ക്ക് തന്റെ ആരാധകരുടെ എണ്ണം കണ്ട് ‘മതിഭ്രമം’ തോന്നിയിട്ടില്ല. ബ്ളോഗ് ആണ് തനിക്കു പുസ്കമെഴുതാനുള്ള ധൈര്യം തന്നതെന്നു പറയുന്ന ബ്ളോഗര്‍ കമന്റുകളിലൂടെ വായനക്കാര്‍ തന്നെ നിയന്ത്രിച്ചിരുന്നു എന്നും കൂട്ടിച്ചേര്‍ക്കുന്നു. ഈ ഐപിഎല്ലില്‍ എന്തു നിലപാടെടുക്കണം എന്നു തീരുനിച്ചിട്ടില്ല എന്നാണ് അഭിമുഖത്തില്‍ പറയുന്നത്. എന്നാല്‍ പുതിയ സൈറ്റില്‍ പുതുമയുള്ള പരിപാടികളുമായി ബ്ളോഗര്‍ പിന്നെയും ജനങ്ങളെ ആകര്‍ഷിക്കുകയാണ്. മാര്‍ച്ച് 11ന് പുസ്തകപ്രകാശനത്തിനു ശേഷം 12ന് വായനക്കാരുമായി തല്‍സമയ ചാറ്റ് ആയിരുന്നു പരിപാടി. തുടര്‍ന്ന് ഏറ്റവും ഒടുവില്‍ ട്വിറ്റര്‍ അക്കൌണ്ട് തുടങ്ങി twitter.com/@_fakeiplplayer ഈ ഐപിഎല്ലും സജീവമാക്കാനുള്ള പുതിയ നീക്കത്തിലാണ് ബ്ളോഗര്‍. കളി കാണാന്‍ കിടക്കുന്നതേയുള്ളൂ എന്നു ചുരുക്കം.

എല്ലാം Sexന്‍റെ പേരില്‍

റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ ഭൂമി തട്ടിപ്പ് ഇടപാടുകളുടെ കഥ വായിച്ചു ബോറടിച്ചവര്‍ക്ക് വിര്‍ച്വല്‍ എസ്റ്റേറ്റില്‍ നിന്നൊരു പുതിയ കഥ. അതിരുകളില്ലാത്ത വേള്‍ഡ് വൈഡ് വെബ് അഥവാ ഇന്റര്‍നെറ്റ് ലോകത്തെ ഒരു ‘തുണ്ട്’ ഭൂമിയുടെ കഥയാണിത്. വീടോ പറമ്പോ അല്ല, മൂന്നക്ഷരങ്ങള്‍ മാത്രമുള്ള ലോകത്തെ ഏറ്റവും വിലപിടിച്ച വെബ്സൈറ്റ് ഡൊമെയ്ന്‍ ആണ് നായകന്‍- സെക്സ് ഡോട് കോം (www.sex.com). നെറ്റില്‍ പിച്ച വയ്ക്കുന്ന കുട്ടികള്‍ പോലും കൌതുകം തോന്നുമ്പോള്‍ ആദ്യം ബ്രൌസറില്‍ ടൈപ്പ് ചെയ്ത്, തുറന്നു വരുന്ന പേജ് ഏതാണെന്നറിയാന്‍ നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന സൈറ്റ്.

സെക്സ് എന്ന വാക്ക് അത്രയ്ക്ക് മൂല്യമുള്ളതാണ് ലോകത്ത്. സെക്സിന്റെ വിപണനതന്ത്രങ്ങളെല്ലാം പയറ്റിത്തെളിഞ്ഞ ഇ-ലോകത്ത് സെക്സ് ഡോട് കോമിനോളം ആകര്‍ഷകമായ, വിലപിടിച്ച മറ്റൊരു ഡൊമെയ്ന്‍ ഇല്ല. എന്നിട്ട് ഈ വിലപിടിച്ച സെക്സ് ഡോട് കോമിന് എന്തു സംഭവിച്ചു ? ഒരു വെബ്സൈറ്റ് ഡൊമെയ്ന് സംഭവിച്ചുകൂടാത്തതെല്ലാം സംഭവിച്ചു. കോടികളുടെ വരുമാനമുണ്ടാക്കാമായിരുന്ന ഡൊമെയ്ന്‍ വര്‍ഷങ്ങളോളം പൂട്ടിക്കിടന്നു. നിയമയുദ്ധങ്ങളും പോരാട്ടങ്ങളും നടന്നു. ഒടുവില്‍ പിന്നെയും തോല്‍വി സമ്മതിച്ച് പുതിയ വയാഗ്രകള്‍ പ്രതീക്ഷിച്ച് മരവിച്ചിരിക്കുന്നു.

1994ലാണ് ഗാരി ക്രെമെന്‍ സെക്സ് ഡോട് കോം എന്ന ഡൊമെയ്ന്‍ റജിസ്റ്റര്‍ ചെയ്യുന്നത്. മാച്ച് ഡോട് കോം എന്ന പ്രമുഖ മാട്രിമോണിയല്‍ പോര്‍ട്ടലിന്റെ സ്ഥാപകനാണ് ഗാരി. ഇന്റര്‍നെറ്റിന്റെ വളര്‍ച്ചയോടെ സെക്സ് ഡോട് കോം ഏറ്റവും പ്രചാരമുള്ള ഡൊമെയ്ന്‍ ആയിത്തീരുമെന്നറിയാമായിരുന്ന ഗാരി 1995 വരെ അതൊരു വെബ്സൈറ്റ് ആയി വികസിപ്പിച്ചെടുത്തില്ല. 95 ഒക്ടോബറില്‍ ഡൊമെയ്ന്‍ ഹോസ്റ്റ് ചെയ്തിരുന്ന നെറ്റ്വര്‍ക്ക് സൊലൂഷന്‍സ് അത് സ്റ്റീഫന്‍ എം കോഹെന്‍ എന്നയാളുടെ പേരിലേക്ക് മാറ്റി, ഗാരിയുടെ അനുമതിയില്ലാതെ തന്നെ. സ്റ്റീഫന്‍ ഇതിനാവശ്യമായ വ്യാജരേഖകളും മറ്റും ചമച്ചാണ് കമ്പനിയെ തെറ്റിദ്ധരിപ്പിച്ച് സെക്സ് ഡോട് കോം സ്വന്തമാക്കിയത്. സെക്സ് ഡോട് കോം കയ്യിലായ കോഹെന്‍ പരസ്യം കുത്തിനിറച്ച ഒരു വെബ്സൈറ്റ് തട്ടിക്കൂട്ടി. ഒരു തരത്തിലുള്ള മാര്‍ക്കറ്റിങ്ങും കൂടാതെ ജനം ഇരച്ചെത്തുന്ന ആ ഡൊമെയ്നില്‍ എന്തിട്ടാലും അത് ലാഭമാകുമെന്നറിയാമായിരുന്ന കോഹെനു തെറ്റിയില്ല. സൈറ്റില്‍ എന്താണുള്ളതെന്നത് അപ്രസക്തമാകും വിധം ആ ഡൊമെയ്ന്റെ പ്രത്യേകത കൊണ്ടു മാത്രം സെക്സ് ഡോട് കോമിന് ദിവസം രണ്ടരക്കോടിയോളം ഹിറ്റുകള്‍ ലഭിച്ചു. പരസ്യവരുമാനത്തിലൂടെ കോഹെന്‍ കോടീശ്വരനായി. പ്രതിമാസം അന്‍പതിനായിരം മുതല്‍ അഞ്ചു ലക്ഷം വരെ ഡോളര്‍ (രണ്ടരക്കോടി രൂപ വരെ) കോഹെന് പരസ്യവരുമാനമായി ലഭിച്ചു.

കൈവിട്ടുപോയ ഡൊമെയ്ന്‍ കാശു വാരുന്നതു കണ്ട ഗാരി ക്രെമെന്‍ നിയമയുദ്ധം ആരംഭിച്ചു. സൈറ്റ് നിയമപ്രകാരം താന്‍ നേടിയെടുത്തതാണെന്ന് കോഹെനും വാദിച്ചു. ചാള്‍സ് കാരിയോണിന്റെ നേതൃത്വത്തില്‍ സെക്സ് ഡോട് കോമിനു വേണ്ടി നടന്നത് അഞ്ചു വര്‍ഷം നീണ്ടു നിന്ന നിയമയുദ്ധമാണ്. നവംബര്‍ 2000 ആയപ്പോഴേക്കും കേസില്‍ വിധി വന്നു. സെക്സ് ഡോട് കോം യഥാര്‍ഥ അവകാശിയായ ഗാരി ക്രെമെനു വിട്ടു നല്‍കാന്‍ നെറ്റ്വര്‍ക്ക് സൊലൂഷന്‍സിനോട് കോടതി നിര്‍ദേശിച്ചു. രണ്ടരക്കോടി ഡോളര്‍ (ഏകദേശം 60 കകോടി രൂപ) കോടതിയില്‍ കെട്ടി വയ്ക്കാന്‍ കോഹെനോട് കോടതി നിര്‍ദേശിച്ചു. നഷ്ടപ്പെട്ട വരുമാനമായി ഗാരി ക്രെമെന് 4 കോടി ഡോളര്‍ (ഏകദേശം 200 കോടി രൂപ) നല്‍കാന്‍ കാലിഫോര്‍ണിയ കോടതി വിധിച്ചു. ആകെ, ആറരക്കോടി ഡോളറിന്റെ പരിഹാരം.

കോഹെന്‍ പക്ഷെ അതിനു വഴങ്ങിയില്ല. അപ്പീല്‍ നല്‍കിയ ശേഷം തന്റെ ബിസിനസുകളെല്ലാം നഷ്ടത്തിലാണെന്നു കാണിച്ച് സ്വയം പാപ്പരായി സ്ഥാപിക്കുന്നതിന് യുഎസിനു പുറത്തേക്ക് തന്റെ സ്വത്തുക്കള്‍ കടത്തി. കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതോടെ കോഹെന്‍ മെക്സിക്കോയിലേക്കു മുങ്ങി. കോഹെനെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് ഗാരി ക്രെമെന്‍ 50000 ഡോളര്‍ പ്രതിഫലവും പ്രഖ്യാപിച്ചു. എന്നാല്‍ കോഹെനെ അത്ര എളുപ്പത്തില്‍ പിടിക്കാന്‍ കഴിയുമായിരുന്നില്ല. കോടതി പലതവണ തള്ളിയിട്ടും ഒളിവില്‍ കഴിഞ്ഞുകൊണ്ട് കോഹെന്‍ പിന്നെയും അപ്പീലുകള്‍ സമര്‍പ്പിച്ചുകൊണ്ടിരുന്നു. കാലം കടന്നുപോയി. 2005ല്‍ ഇമിഗ്രേഷന്‍ നിയമലംഘനത്തിന് കോഹെനെ മെക്സിക്കോയില്‍ അറസ്റ്റ് ചെയ്തു യുഎസിനു കൈമാറി. അപ്പോഴേക്കും സെക്സ് ഡോട് കോം തട്ടിപ്പിലൂടെ ഗാരി ക്രെമെന് നഷ്ടമായ തുക എട്ടു കോടി ഡോളറായി വര്‍ധിച്ചിരുന്നു.

നഷ്ടവും ദുരിതവും മാത്രം സമ്മാനിച്ച സെക്സ് ഡോട് കോം ഡൊമെയ്ന്‍ ഗാരി ക്രെമെന്‍ 2006ല്‍ ഒന്നരക്കോടി ഡോളറിന് മറിച്ചു വിറ്റു. എസ്കോം എല്‍എല്‍സി നല്‍കിയ വില ഇന്റര്‍നെറ്റിന്റെ ചരിത്രത്തില്‍ ഒരു ഡൊമെയ്നു നല്‍കുന്ന ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു. സെക്സ് ഡോട് കോം വാങ്ങിയതോടെ എസ്കോം എല്‍എല്‍സിയുടെയും കഷ്ടകാലം തുടങ്ങി. ഡൊമെയ്ന്‍ വാങ്ങാന്‍ സഹായിച്ച ഡിഒഎം പാര്‍ട്നേഴ്സ് എല്‍എല്‍സി എന്ന ഫിനാന്‍സ് കമ്പനിയുടെ കടം വീട്ടാനാവാതെ വന്നപ്പോള്‍ ഡൊമെയ്ന്‍ അതേപടി നല്‍കി കടം വീട്ടാനിരിക്കുകയാണ് എസ്കോം. ഫിനാന്‍സ് കമ്പനിക്കു സെക്സ് ബിസിനസ് വശമില്ലാത്തതിനാലാവാം സെക്സ് ഡോട് കോം വീണ്ടും ലേലത്തിനു വയ്ക്കുകയാണ്. മാര്‍ച്ച് 18ന് ന്യൂയോര്‍ക്കിലാണ് ലേലം. ഒരു കോടി ഡോളറിന്റെ അംഗീകൃത ചെക്കുമായെത്തുന്ന ആര്‍ക്കും ലേലത്തില്‍ പങ്കെടുക്കാം.

വിഷയം സെക്സ് ആയതുകൊണ്ടും ഡൊമെയ്ന്റെ ചരിത്രം ഇതായതുകൊണ്ടും ഇതോടെ എല്ലാം അവസാനിക്കുമെന്നോ എല്ലാം ശുഭമാകുമെന്നോ ഒരു പ്രതീക്ഷ ആര്‍ക്കുമില്ല. ഒരു കാലത്ത് പ്രതിദിനം 15000 ഡോളര്‍ വരെ വരുമാനമുണ്ടാക്കിയ സെക്സ് ഡോട് കോമിന്റെ പതനം വെബ്സൈറ്റ് ബിസിനസില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഒരു പാഠമാണ്. ഏറ്റവും കച്ചവടസാധ്യതയുള്ള ഡൊമെയ്ന്‍ പോലും മാനേജ്മെന്റ് പിഴവുമൂലം നഷ്ടത്തിലായത് എന്തുകൊണ്ടാണെന്നത് ഗൌരവമുള്ള ഗവേഷണവിഷയവുമാണ്. ഡൊമെയ്ന്റെ പേരിലുള്ള പോരാട്ടങ്ങളുടെ കഥ കേസ് വാദിച്ച ചാള്‍സ് കാരിയോണ്‍ ‘ദ് സെക്സ് ഡോട് കോം ക്രോണിക്കിള്‍സ്’ എന്ന പുസ്തകത്തില്‍ വിശദമാക്കിയിട്ടുണ്ട്.