വെറുതെ അല്ല മാപ്പ്

കാലു തല്ലിയൊടിച്ച ഗോപാലകൃഷ്ണനോട് വിശാലഹൃദയനായ ആശാന്‍ ക്ഷമിച്ചതുപോലെ സങ്കീര്‍ണ്ണവും സമ്മിശ്രപ്രതികരണജനകവുമായിരുന്നു പീതാംബരക്കുറുപ്പ് എംപിയോട് ക്ഷമിച്ച് പരാതി പിന്‍വലിച്ച ശ്വേത മേനോന്റെ നടപടി. എന്നാല്‍, ആ മനസ്സിന്റെ വിശാലതയുടെ വാതില്‍ കൊട്ടിയടച്ചുകൊണ്ടാണ് കുറുപ്പുസാര്‍ താന്‍ ഇന്നലെ ചോദിച്ച മാപ്പിന്റെ നിര്‍വചനം ഇന്നു നല്‍കിയിരിക്കുന്നത്. മാപ്പു ചോദിച്ചത് തെറ്റു ചെയ്തതുകൊണ്ടല്ലെന്നും പരിപാടിയുടെ സംഘാടകന്‍ എന്ന നിലയ്ക്കു മാത്രമാണെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ശ്വേതയെ പിടിച്ചതിനാണ് അദ്ദേഹം മാപ്പുചോദിച്ചതെന്നു തെറ്റിദ്ധരിച്ച എല്ലാവര്‍ക്കും ഈ വിശദീകരണം പ്രധാനപ്പെട്ടതാണ്. ശ്വേതയെ ആരൊക്കെയോ പിടിച്ചിട്ടുണ്ട്, അത് അദ്ദേഹമല്ല. അജ്ഞാതരായ ആ പിടുത്തക്കാര്‍ക്കെതിരെ ശ്വേതയ്ക്കു പരാതിയുമില്ല. പരാതി പിന്‍വലിക്കാന്‍ ഉപദേശം നല്‍കിയ ഗുരുജി ഗുല്‍സാഹേബ് ശ്വേത മേനോന് ശാന്തി പകരട്ടെ എന്നാശംസിക്കുന്നു.

ശ്വേത മേനോന്‍ പരാതി പിന്‍വലിച്ചത് വലിയ അക്രമായാണ് പലരും കാണുന്നത്. ശ്വേത പരാതി പിന്‍വലിച്ചതിന്റെ കാരണം ബോധിപ്പിക്കണമെന്നു വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയില്‍ ഉറച്ചു നിന്നിരുന്നെങ്കില്‍ നാലോ അഞ്ചോ ദിവസം കൊണ്ട് ശ്വേതയെ സഖാവ് ശ്വേത എന്നു വിളിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പലരും. അതു പൊളിഞ്ഞു. ഈ സംഭവത്തിലൂടെ രാഷ്ട്രീയമുതലെടുപ്പിനു ശ്രമിച്ച എല്ലാവരെയും നിരാശപ്പെടുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്തതാണ് പരാതി പിന്‍വലിച്ച ശ്വേതയുടെ നടപടി. ശ്വേതയുടെ പരാതി പബ്ലിസിറ്റിക്കു വേണ്ടിയായിരുന്നു എന്ന് ആദ്യം ആരോപിച്ചവര്‍ ഇപ്പോള്‍ പറയുന്നു പരാതി പിന്‍വലിച്ചതിലൂടെ ശ്വേതയ്‌ക്കൊപ്പം നിന്ന എല്ലാവരെയും വഞ്ചിച്ചു എന്ന്. ഇതിലെ രാഷ്ട്രീയസാധ്യതകളില്‍ കണ്ണുണ്ടായിരുന്നവര്‍ക്ക് തങ്ങള്‍ വഞ്ചിക്കപ്പെട്ടു എന്നു തോന്നുന്നതില്‍ കുറ്റം പറയാനൊക്കില്ല.

വെറും ഒരു ദിവസം പഴക്കമുള്ള സംഭവത്തില്‍ ശ്വേതയുടെ പരാതി തികച്ചും വ്യക്തിപരമാണ്. ആ പരാതിക്കു പരിഹാരമുണ്ടാകാതെ തന്നെ ശ്വേത അതു പിന്‍വലിച്ചു. ആരൊക്കെയോ ശ്വേതയുടെ ശരീരത്തില്‍ അവരുടെ അനുവാദമില്ലാതെ സ്പര്‍ശിച്ചു എന്നതില്‍ വ്യക്തിപരമായി ഒരു സ്ത്രീക്ക് തോന്നുന്ന അപമാനം അല്ലാതെ മറ്റൊരു ഘടകങ്ങളുമില്ല. എന്നാല്‍ മറുവശത്ത് ശക്തമായ രാഷ്ട്രീയപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധി ഉണ്ടായിരുന്നു എന്നതുകൊണ്ട് പരാതിയോടുള്ള സമീപനത്തിലും സ്ത്രീയുടെ അഭിമാനത്തെ സംബന്ധിച്ച നമ്മുടെ കാഴ്ചപ്പാടില്‍പ്പോലും രാഷ്ട്രീയം കലര്‍ന്നു. ശ്വേത അപമാനിക്കപ്പെട്ടോ ഇല്ലയോ എന്നത് അപ്രസക്തമാവുകയും സിപിഎം ഇതുകൊണ്ട് രാഷ്ട്രീയമുതലെടുപ്പ് നടത്തുമോ, പീതാംബരക്കുറുപ്പിനു കൊല്ലം സീറ്റ് നഷ്ടപ്പെടുമോ, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഗൂഢാലോചന നടത്തിയോ തുടങ്ങിയ വിഷയങ്ങള്‍ അതിപ്രസക്തമാവുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പതിനെട്ടാം വയസ്സുമുതലുള്ള ശ്വേതയുടെ ജീവചരിത്രം പരിശോധിക്കുകയും വളരെ ഉത്തരവാദിത്വത്തോടെ തന്നെ അവര്‍ ഒരു വേശ്യയാണെന്നു സ്ഥാപിക്കാന്‍ പരിശ്രമിക്കുകയും ചെയ്തത് കണ്ടതാണ്. കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ ശ്വേതയുടെ കോലം കത്തിക്കുന്നിടം വരെയെത്തി കാര്യങ്ങള്‍. ശ്വേത പരാതിയില്‍ ഉറച്ചു നിന്നാല്‍ കൂടുതല്‍ അപമാനം സഹിക്കേണ്ടി വരും എന്ന സൂചന തന്നെയാണ് അതിലൊക്കെ ഉള്ളത്.

തന്നെ അപമാനിച്ചത് പീതാംബരക്കുറുപ്പാണോ എന്നുറപ്പില്ലാത്തതിനാലോ പീതാംബരക്കുറുപ്പ് മാപ്പു പറഞ്ഞത് തന്നെ അപമാനിച്ചതിനുള്ള മാപ്പാണെന്നു തെറ്റിദ്ധരിച്ചോ പണ്ടാരം അവസാനിക്കട്ടെ എന്നു വിചാരിച്ചോ ആവാം ശ്വേത പരാതി പിന്‍വലിച്ചത്. പിന്നെ ഗുരുജി ഗുല്‍സാഹേബിന്റെ സ്പിരിച്വല്‍ ഗൈഡന്‍സും ഉണ്ടല്ലോ. എന്തായാലും ശ്വേത പരാതി പിന്‍വലിച്ചതിനു നന്ദി പറഞ്ഞ പീതാംബരക്കുറുപ്പ് മാപ്പു ചോദിച്ചത് വള്ളംകളിയുടെ സംഘാടകന്‍ എന്ന നിലയ്ക്കാണ് എന്നതു വ്യക്തമാക്കിയ നിലയ്ക്ക് അവിടെ ശ്വേതയെ പിടിച്ച യഥാര്‍ഥ പിടുത്തക്കാര്‍ക്ക് സമാധാനിക്കാം. ആള്‍ക്കൂട്ടത്തില്‍ പെണ്ണുങ്ങളെ പിടിക്കുന്ന പൗരുഷത്തിന് ഊറ്റം കുറയില്ല. ഭയങ്കര ബോള്‍ഡായ ശ്വേതയ്ക്കു പോലും പരാതിയില്‍ ഉറച്ചു നില്‍ക്കാനായില്ല എന്നിരിക്കെ അത്രയ്‌ക്കൊന്നും ബോള്‍ഡല്ലാത്ത സാധാരണസ്ത്രീകള്‍ പരാതിപ്പെടാനേ പോകാതിരിക്കുന്നതാണ് നല്ലത് എന്നതാണ് ഈ സംഭവങ്ങളുടെ ഗുണപാഠം. അത്തരത്തില്‍ ഒരു പരാതി ഉന്നയിച്ചാല്‍ പരാതിയില്‍ കഴമ്പുണ്ടോ എന്നന്വേഷിക്കാന്‍ പ്രബുദ്ധസമൂഹം കന്യാചര്‍മം വരെ പരിശോധിക്കുമെന്നതും മനസ്സില്‍ വയ്ക്കണം. പിന്നെ, എല്ലാവരെയും പ്രസിന്ധിഘട്ടങ്ങളില്‍ സഹായിക്കാന്‍ ഗുരുജി ഗുല്‍സാഹേബ് കാണത്തില്ലല്ലോ.

കുറിപ്പ് (കുറുപ്പ് അല്ല): പീതാംബരക്കുറുപ്പിനെ തെറ്റിദ്ധരിച്ചു എന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ് ശ്വേത പരാതി പിന്‍വലിച്ചതെന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്. അത് നേരാണെങ്കില്‍ പരമസാത്വികനായ ഒരു പൊതുപ്രവര്‍ത്തകനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയും അതിന് അവസരമുണ്ടാക്കുകയും ചെയ്ത ശ്വേത കുറുപ്പ് സാറിനോടും കോണ്‍ഗ്രസുകാരോടും കേരളസമൂഹത്തോടും മാപ്പു പറയണം എന്നാവശ്യപ്പെടാവുന്നതാണ്. ശ്വേതയ്‌ക്കെതിരേ ഒരു അപകീര്‍ത്തിക്കേസും ഫയല്‍ ചെയ്യാം.

സദാചാര പൊലീസിന്റെ രാഷ്ട്രീയം

അവധിക്കു വന്ന പട്ടാളക്കാരനെ വെടിവച്ചു വീഴ്ത്തിയിട്ട് യുദ്ധമുഖത്ത ടാങ്കുകള്‍ കൈകാര്യം ചെയ്തിട്ടുള്ള ഇയാളെന്തിന് ഒരു വെടി കൊണ്ടു വീണൂ എന്നു ചോദിക്കുന്നതു പോലെയാണ് ശ്വേത മേനോന്റെ പരാതിയോടുള്ള മുഖ്യധാരയുടെ പ്രതികരികരണങ്ങള്‍. നമ്മുടെ കപടസദാചാരത്തിന്റെയും തന്ത്രപരമായ വിശാലമനസ്സിന്റെയും ശ്രേഷ്ഠമായ ഉദാഹരണങ്ങളാണ് ഇന്നലെയും ഇന്നുമായി ശ്വേത-പീതാംബരക്കുറുപ്പ് വിവാദത്തോടുള്ള പ്രമുഖരും പ്രഗല്‍ഭരും പുരോഗമന-സ്ത്രീപക്ഷവാദികളും എന്നവകാശപ്പെടുന്നവര്‍ പോലും മുന്നോട്ടു വയ്ക്കുന്ന വാദങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് ശ്വേതയുടെ നിലപാടിനെതിരായി വന്നിരിക്കുന്ന പ്രധാന വാദങ്ങള്‍ നിഷ്പക്ഷമായി, മുന്‍ധാരണകളും രാഷ്ട്രീയനിലപാടുകളുമില്ലാതെ ഒന്നു പരിശോധിക്കാം.

1. സ്വന്തം പ്രസവം വരെ ചിത്രീകരിക്കാന്‍ ധൈര്യം കാണിച്ച ശ്വേതയെ ഇരയായി കാണാനാവില്ല. ശ്വേതയ്ക്ക് പരാതി നല്‍കാന്‍ ആരുടെയും സഹായം ആവശ്യമില്ല. മൊഴിയുടെ അടിസ്ഥാനത്തില്‍ ശ്വേതയ്‌ക്കെതിരെ സ്വമേധയാ കേസെടുക്കേണ്ടതില്ല (കെ.മുരളീധരന്‍).

ശ്വേത മേനോന്‍ പ്രസവം ചിത്രീകരിച്ചതിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാല്‍, അതിന്റെ അടിസ്ഥാനത്തില്‍ ഈ സംഭവത്തെ വിലയിരുത്താന്‍ ശ്രമിക്കുന്നത് ഒരു തരത്തിലുള്ള മോറല്‍ പൊലീസിങ് ആണ്. സ്വന്തം പ്രസവം ചിത്രീകരിക്കാന്‍ ധൈര്യം കാണിച്ചതും ഇതും തമ്മില്‍ ലിങ്ക് ചെയ്യുന്നത് വിഡ്ഡിത്തമാണ്. പ്രസവം ചിത്രീകരിച്ചതോടെ ശ്വേതയ്ക്ക് അമാനുഷമായ കഴിവുകളൊന്നും ലഭിച്ചതായി അവര്‍ പറഞ്ഞിട്ടില്ല. പ്രസവം ചിത്രീകരിക്കാന്‍ ധൈര്യം ലഭിച്ചാല്‍ പിന്നെ മറ്റെന്തും ചെയ്യാനുള്ള ധൈര്യം ഓട്ടോമാറ്റിക്കായി വന്നുകൊള്ളുമെന്നും കരുതാന്‍ ന്യായമില്ല. പ്രസവം ചിത്രീകരിച്ച ശ്വേത എന്നു ഇപ്പോള്‍ ലേബല്‍ ചെയ്യുന്നത് ആളുകളെ മറ്റൊരു തരത്തില്‍ സ്വാധീനിക്കാം എന്ന ഉദ്ദേശത്തോടെയാണ്. ശ്വേതയ്‌ക്കെതിരേ സ്വമേധയാ കേസെടുക്കേണ്ടതില്ല എന്നു പറയേണ്ടത് കെ.മുരളീധരനല്ല. അത് മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ കേരളാ പൊലീസോ പറഞ്ഞുകൊള്ളും. പരാതി നല്‍കാന്‍ ആരുടെയെങ്കിലും സഹായം ആവശ്യമുണ്ടോ ഇല്ലയോ എന്നത് ശ്വേതയും തീരുമാനിച്ചുകൊള്ളും.

2. ഈ സംഭവം വിവാദമായത് സിനിമാനടി ശ്വേത മേനോന്‍ ആയതുകൊണ്ടാണ്. എത്രയോ സാധാരണസ്ത്രീകള്‍ ദിനംപ്രതി കേരളത്തില്‍ പീഡിപ്പിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നു. അപ്പോഴൊന്നും മാധ്യമങ്ങള്‍ അതിങ്ങനെ ആഘോഷിക്കാറില്ല, ആളുകള്‍ പ്രതികരിക്കാറുമില്ല.

ശ്വേത സെലബ്രിറ്റിയായതുകൊണ്ടു തന്നെയാണ് മാധ്യമങ്ങള്‍ ഇതാഘോഷിക്കുന്നത്. സെലബ്രിറ്റികളുടെ വിധി അങ്ങനെയാണ്. ശ്വേതയുടെ പരാതി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയും ആളുകള്‍ ചര്‍ച്ച ചെയ്യുകയും വിവിധ നിലപാടുകള്‍ ഉരുത്തിരിയുകയും ചെയ്യുമ്പോള്‍ സത്യവും നീതിയും ആത്മാര്‍ത്ഥയുമൊക്കെ ഒരിക്കല്‍ക്കൂടി മാറ്റുരയ്ക്കപ്പെടുകയാണ് ചെയ്യുന്നത്. ഇനി മുതല്‍ ശ്വേതയെ ഒഴികെ ആരെയും പിടിക്കാം എന്നല്ല, സ്ത്രീകളെ വെറുതെ തൊടുന്നതു പോലും അപമാനകരമായി അവര്‍ക്കു തോന്നാം എന്ന സന്ദേശമാണ് ജനങ്ങളിലേക്കെത്തുന്നത്. മേല്‍പ്പറഞ്ഞതുപോലെ ദിനംപ്രതി പീഡനങ്ങള്‍ക്കും അപമാനത്തിനുമിരയാകുന്ന നൂറുകണകിനു സ്ത്രീകള്‍ക്ക് പരാതിപ്പെടാനും നിലപാടിലുറച്ചുനില്‍ക്കാനുമുള്ള ധൈര്യവും കരുത്തുമാണ് ഈ വിവാദം പകര്‍ന്നു നല്‍കുന്നത്.

3. ശ്വേതയുടെ പക്ഷം പിടിക്കുകയും അവരുടെ പരാതി മുഖവിലയ്‌ക്കെടുക്കുകയും ചെയ്യുന്നവര്‍ ശ്വേതയുടെ പൂര്‍വകാലം പരിശോധിക്കണം. കാമസൂത്രയുടെ പരസ്യം മുതല്‍ സ്വന്തം ഗര്‍ഭസിനിമയില്‍ വരെ അഭിനയിച്ചിട്ടുള്ളവരാണ് അവര്‍. പീതാംബരക്കുറുപ്പോ വിവാഹംപോലും കഴിക്കാത്ത, ഒരു ചീത്തപ്പേരും കേള്‍പ്പിച്ചിട്ടില്ലാത്ത സാത്വികനും. സത്യത്തില്‍ പീതാംബരക്കുറുപ്പാണ് ഇര.

ഇന്നലെ നടന്ന ഒരു സംഭവത്തെപ്പറ്റി പരാതി പറയുമ്പോള്‍ അതില്‍ ഉള്‍പ്പെട്ട ആളുകളുടെ പൂര്‍വകാലവും സദാചാര സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കുന്നത് യുക്തിരഹിതമാണ്. ഈ കേസില്‍ ഇരയും വേട്ടക്കാരനും ആരൊക്കെയാണെന്ന് കേസ് അന്വേഷിക്കുന്നവര്‍ കണ്ടെത്തിക്കൊള്ളും. ശ്വേത കാമസൂത്രയുടെ പരസ്യത്തിലും രതിനിര്‍വേദത്തിലും ഒക്കെ അഭിനയിച്ചു എന്നതുകൊണ്ടോ അവരുടെ പൂര്‍വകാലത്തില്‍ പലതും സംഭവിച്ചിട്ടുണ്ടാവാം എന്നതുകൊണ്ടോ ശ്വേത ഒരു സ്ത്രീയല്ലാതാവുന്നില്ല. അപമാനിക്കപ്പെട്ടതിന്റെ വേദന ഇല്ലാതാവുന്നില്ല. കാമസൂത്രയുടെ പരസ്യത്തിലഭിനയിച്ചവളെ കയറിപ്പിടിച്ചാല്‍ തെറ്റൊന്നുമില്ല എന്നു വിശ്വസിക്കുന്നവരും വാദിക്കുന്നവരും സ്ത്രീസമൂഹത്തിനു ഭീഷണിയാണ്. ഇല വന്നു മുള്ളില്‍ വീണാലും മുള്ള് ചെന്ന് ഇലയില്‍ വീണാലും കേട് സമൂഹമാകുന്ന മരത്തിനാണ്.

4. സിനിമയില്‍ എത്രയോ പുരുഷന്‍മാര്‍ ശ്വേതയെ സ്പര്‍ശിക്കുകയും ആലിംഗനം ചെയ്യുകയുമൊക്കെ ചെയ്യുന്നു. കളിമണ്ണില്‍ യഥാര്‍ഥത്തില്‍ ഗര്‍ഭിണിയായ ശ്വേതയുടെ വയറില്‍ പരപുരുഷനായ ബിജു മേനോന്‍ മുഖം ചേര്‍ത്തുകിടക്കുന്നു വരെയുണ്ട്. ഇത്രയൊക്കെ അഡ്ജസ്റ്റ് ചെയ്യുന്ന ശ്വേതയ്ക്ക് അഥവാ പീതാംബരക്കുറുപ്പിന്റെ കയ്യൊന്നു തട്ടിയെങ്കില്‍ അങ്ങ് ക്ഷമിച്ചുകൂടെ ?

പ്രൊഫഷനലിസം എന്നത് എക്‌സിക്യുട്ടീവ് പ്രൊഫഷനലുകള്‍ക്കു മാത്രം പറഞ്ഞിട്ടുള്ളതാണെന്ന ധാരണയാണ് തിരുത്തേണ്ടത്. ഒരു നടി അവരുടെ തൊഴിലിന്റെ ഭാഗമായി ചെയ്യുന്ന കാര്യങ്ങളെ വ്യക്തിപരമായി കണ്ട് വിലയിരുത്തി അഭിപ്രായം പറയുന്നത് വിവരക്കേടാണ്. പീതാംബരക്കുറുപ്പും ശ്വേതയും അഭിനയിക്കുന്ന സിനിമയില്‍ അവര്‍ അച്ഛനും മകളുമായി അഭിനയിക്കുന്നതിനിടെ സംഭവിച്ച കാര്യങ്ങളെപ്പറ്റിയല്ല ശ്വേതയുടെ പരാതി. ശ്വേത അതിഥിയായി പങ്കെടുത്ത ചടങ്ങില്‍ അവിടെ കൂടിയിരുന്നവരില്‍ നിന്നും ഉണ്ടായ സമീപനങ്ങളെക്കുറിച്ചാണ്. ശ്വേതയുടെ സ്ഥാനത്ത് ആരായാലും അങ്ങനെയൊരു പരാതിയുണ്ടായാല്‍ അതിനു പ്രസക്തിയുണ്ട്.

5. ശ്വേത എന്തുകൊണ്ട് ഇതൊരു വിവാദമാക്കി ? ആരുമറിയാതെ ഒരു പരാതി കൊടുത്ത് ന്യായമായും പരിഹരിക്കാമായിരുന്ന പ്രശ്‌നത്തെ ഇത്തരത്തില്‍ വലുതാക്കിയതിലൂടെ ഒരു ജനപ്രതിനിധിയുടെ രാഷ്ട്രീയഭാവിയാണ് ഇല്ലാതായത്. തട്ടലിന്റെയും മുട്ടലിന്റെയും പേരില്‍ തകര്‍ക്കാനുള്ളതാണോ ഒരു പൊതുപ്രവര്‍ത്തകന്റെ ജീവിതം ?

ആരോരുമറിയാതെ ജില്ലാ കലക്ടറോടു മാത്രം പരാതി പറഞ്ഞ് മടങ്ങിയ ശ്വേതയെ പ്രകോപിപ്പിച്ചത് കലക്ടര്‍ കൈകഴുകിയതോടെയാണ് എന്നാണ് മനസ്സിലാകുന്നത്. ശാരീരികമായ അപമാനത്തെക്കാള്‍ അവരെ വേദനിപ്പിച്ചത് കലക്ടറുടെ ഈ നിലപാടാണ് എന്ന് ശ്വേതയും പറയുന്നു. ഒരു സ്ത്രീയ്ക്ക് താന്‍ അപമാനിക്കപ്പെട്ടു എന്നു പരസ്യമായി പറയുന്നതിനു മുമ്പ് അതിന്റെ പ്രത്യാഘാതങ്ങള്‍ ആലോചിക്കണമെന്നു പറയുന്നത് സ്ത്രീവിരുദ്ധതയാണ്. ഒരാളുടെ രാഷ്ട്രീയഭാവിയെക്കാള്‍ വിലയുള്ളതാണ് സ്ത്രീയുടെ അഭിമാനം എന്നുറച്ചുപറയാന്‍ കഴിയാതെ വരുന്നത് പരാജയമാണ്.

6. ശ്വേതേ മേനോന്‍ നുണപറയുമെന്ന് കരുതുന്നില്ല. നമ്മുടെ മലയാള സമൂഹത്തിന് എന്തുപറ്റി?. കഴുകന്‍ കണ്ണുകളോടെ, കഴുകനേപ്പോലെ സ്ത്രീകളോട് പെരുമാറരുത് (പി.സി.ജോര്‍ജ്ജ്)

ശരി രാജാവേ.

ശ്വേതം പീഡാംബരം

പീഡനത്തിനും അപമാനത്തിനും ഇരയാകുന്ന പെണ്‍കുട്ടികള്‍ അനാഘ്രാതകുസുമങ്ങളും തികച്ചും അപ്രശസ്തരും, പീഡകര്‍ രാഷ്ട്രീയ-സാുദായിക പിന്തുണയില്ലാത്തവരും കൊടുംവില്ലന്‍മാരുമായിരിക്കണം. എങ്കില്‍ മാത്രമേ നമ്മുടെ പിന്തുണയും സഹാനുഭൂതിയും ഐക്യദാര്‍ഢ്യവും നമ്മള്‍ പ്രകടമാക്കൂ. അല്ലാത്തപക്ഷം പീഡകന്റെ രാഷ്ട്രീയവും സമുദായവും ഇരയുടെ പ്രശസ്തിയുമൊക്കെ അടിസ്ഥാനമാക്കിയായിരിക്കും നമ്മുടെ അഭിപ്രായവും കാഴ്ചപ്പാടുകളും ഉരുത്തിരിയുന്നത്. വള്ളംകളി മല്‍സരത്തില്‍ മുഖ്യാതിഥിയായെത്തിയ ശ്വേതാ മേനോനെ മുതിര്‍ന്ന നേതാവ് അപമാനിച്ചു എന്നു ശ്വേത തന്നെ പരാതിപ്പെടുമ്പോള്‍ ശ്വേതയെ കയറിപ്പിടിച്ചതില്‍ തെറ്റൊന്നുമില്ലെന്നും അത് പുറത്തുപറഞ്ഞതാണ് തെറ്റെന്നു വാദിച്ച് സോഷ്യല്‍ മീഡിയയിലൂടെ കൂട്ടബലാല്‍സംഗത്തിനു തുനിയുകയാണ് പ്രബുദ്ധമലയാളികള്‍.

സിനിമയില്‍ ഐറ്റം ഡാന്‍സ് കളിക്കുന്ന, രതിനിര്‍വേദം പോലുള്ള സിനിമകളില്‍ അഭിനയിക്കുന്ന, സ്വന്തം ഗര്‍ഭവും പ്രസവവും സിനിമയ്ക്കു ചിത്രീകരിക്കാന്‍ അനുമതി നല്‍കുന്ന ശ്വേതയെ ഒന്നു കയറിപ്പിടിക്കുന്നതില്‍ എന്താണ് കുഴപ്പം എന്നാണ് പലരും ഉന്നയിക്കുന്ന ചോദ്യം. വളരെ സങ്കീര്‍ണമെന്നു തോന്നുന്ന ഈ ചോദ്യത്തിന്റെ ഉത്തരമാണ് ഏറ്റവും ലളിതം. ശ്വേത മേനോന്‍ സിനിമയില്‍ ഐറ്റം ഡാന്‍സ് കളിക്കുന്നതും പ്രസവം സിനിമയിലുപയോഗിക്കുന്നതുമെല്ലാം അവരുടെ അറിവോടും സമ്മതത്തോടും കൂടിയാണ്. എന്നാല്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ഒരുത്തന്‍ കയറിപ്പിടിക്കുന്നത് ശ്വേതയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ്. ഈ ചെറിയ വ്യത്യാസത്തിലാണ് എല്ലാം.

ഒരു സ്ത്രീയെ അവളുടെ അറിവോടും സമ്മതത്തോടും കൂടി സ്പര്‍ശിക്കുന്നതും അവളുടെ സമ്മതമില്ലാതെ സ്പര്‍ശിക്കുന്നതും തമ്മിലുള്ള വ്യത്യാസം നമുക്ക് തിരിച്ചറിയാന്‍ കഴിയാതെ പോകുന്നതാണ് സ്ത്രീകള്‍ക്കെതിരെയുള്ള മിക്കവാറും എല്ലാ അക്രമങ്ങളുടെയും അടിസ്ഥാനം. ബസില്‍ പെണ്ണുങ്ങളെ മുട്ടിനില്‍ക്കുന്നതിലൂടെ ദിവ്യാനുഭൂതി കൈവരിക്കുന്നവന്റെ അതേ മനശാസ്ത്രമാണ് ശ്വേതയെ കയറിപ്പിടിക്കുന്ന ഉന്നതനേതാവിന്റേതും എന്നു മനസ്സിലാക്കാന്‍ സൈക്കോളജി ഒന്നും പഠിക്കേണ്ട കാര്യമില്ല.

ശ്വേത മേനോന്‍ സിനിമയില്‍ സ്വന്തം പ്രസവം അവതരിപ്പിച്ചതുകൊണ്ട് അനുവാദമില്ലാതെ ഒരുത്തന്‍ കയറിപ്പിടിക്കുമ്പോള്‍ ശ്വേതയ്ക്ക് എതിര്‍ക്കാനോ പ്രതിഷേധിക്കാനോ അവകാശമില്ല എന്ന വാദമാണ് ഇതിലൊക്കെ വിചിത്രം. സിനിമയില്‍ പ്രസവം അവതരിപ്പിച്ചതിനോടോ അത് മലയാളികളെ മാതൃത്വത്തിന്റെ മഹത്വം മനസ്സിലാക്കിക്കൊടുക്കുന്നതിനു വേണ്ടിയുള്ള മഹത്തായ കാര്യമായിരുന്നു എന്ന തട്ടിപ്പ് ന്യായത്തോടോ ഒന്നും യോജിക്കാന്‍ എനിക്കുമാവില്ല. അതുകൊണ്ട് ശ്വേതയെ അപമാനിക്കുന്നതിലും അവഹേളിക്കുന്നതിലും തെറ്റില്ല എന്നു പറയുന്നത് നികൃഷ്ടമാണ്.

ചാനലുകാര്‍ ഇടവിട്ടിടവിട്ടു കാണിക്കുന്ന ദൃശ്യങ്ങളില്‍ കാര്യമായി ഒന്നും കാണാത്തതുകൊണ്ട് ശ്വേതയുടെ ആരോപണത്തില്‍ കഴമ്പില്ല എന്നാണ് മറ്റൊരു വാദം. പബ്ലിസിറ്റിക്കു വേണ്ടി ശ്വേത ഉന്നയിക്കുന്നതാണ് ഈ ആരോപണം എന്നുവരെ പറയുന്നുണ്ട് ആളുകള്‍. ശ്വേതയെ പീതാംബരക്കുറുപ്പ് അപമാനിച്ചു എന്നു പറയുമ്പോള്‍ പഴയ സിനിമകളില്‍ ടി.ജി.രവി സീമയോടു ചെയ്യുന്നതുപോലുള്ള ദൃശ്യങ്ങളാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ അത് കഷ്ടമാണ്. അപമാനത്തിനു പ്രത്യേകം ഗ്രേഡുകളൊന്നുമില്ല. ഒരു സ്ത്രീ താന്‍ അപമാനിക്കപ്പെട്ടതായി പറയുന്നതിനെ ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന സമൂഹത്തില്‍ സ്ത്രീത്വത്തിനും സ്ത്രീസ്വാതന്ത്ര്യത്തിനും അന്തസ്സിനും എത്ര വിലയുണ്ടാകും എന്നത് ഊഹിക്കാവുന്നതേയുള്ളൂ.

ശ്വേത അപ്പോള്‍ തന്നെ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നാണ് വേറെയൊരു കൂട്ടര്‍ക്ക് അറിയേണ്ടത്. പ്രൊഫഷനലായ ഒരു കലാകാരി തന്നെയേല്‍പിച്ച ദൗത്യം വൃത്തിയായി നിര്‍വഹിച്ചതിനെയാണ് ഇവിടെ ചോദ്യം ചെയ്യുന്നത്. തന്നെ കയറിപ്പിടിച്ചു എന്നാരോപിച്ച് ശ്വേത പരിപാടി കുളമാക്കിയിരുന്നെങ്കില്‍ അതും പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് ഇതേ ആളുകള്‍ പറഞ്ഞേനെ. മറിച്ച്, ആ സ്റ്റണ്ട് വേദിയില്‍ വച്ചു തന്നെ നടത്തി ഇറങ്ങിപ്പോയിരുന്നെങ്കില്‍ ശ്വേതയ്ക്ക് കുറച്ുകൂടി പബ്ലിസിറ്റി കിട്ടിയേനെ. സംഘാടകസ്ഥാനത്തുള്ള ജനപ്രതിനിധി നടിയെ മുട്ടിയുരുമ്മുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിഥിയായെത്തിയ നടി ജനങ്ങളുടെ സന്തോഷം കളയേണ്ടെന്നു കരുതി വേദി വിടുന്നതുവരെ അത് സഹിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ സോ കോള്‍ഡ് ജനപ്രതിനിധിയെക്കാള്‍ സാമൂഹികപ്രതിബദ്ധത ശ്വേത മേനോന്‍ എന്ന നടിയ്ക്ക് ഉണ്ട് എന്നു നിസ്സംശയം പറയാം.

ഇക്കാര്യത്തില്‍ പീതാംബരക്കുറുപ്പിന്റെയും കൊല്ലം ജില്ലാ കലക്ടറിന്റെയുമൊക്കെ പ്രതികരണങ്ങള്‍ പരിതാപകരമാണെന്നു പറയാതെ വയ്യ. താനൊരു രാഷ്ട്രീയക്കാരനായിപ്പോയതുകൊണ്ട് തന്റെ മേല്‍ എന്താരോപണവും ഉന്നയിക്കാം എന്നായിരിക്കുകയാണ് എന്നാവര്‍ത്തിച്ചു പറഞ്ഞ് സ്വയം ഇരവല്‍ക്കരണത്തിനു ശ്രമിക്കുകയാണ് അദ്ദേഹം. കലക്ടറോട് വാക്കാല്‍ പരാതിപ്പെട്ടു എന്നു ശ്വേത തന്നെ പറയുമ്പോള്‍ അങ്ങനൊരു പരാതി കിട്ടിയിട്ടില്ല എന്നാണ് കലക്ടര്‍ ഉറച്ച ശബ്ദത്തില്‍ പറയുന്നത്. വളരെ കഷ്ടമാണ് കാര്യങ്ങള്‍.

സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് കലക്ടറും പീതാംബരക്കുറുപ്പുമെല്ലാം ആവര്‍ത്തിക്കുന്നത് ഒരേയൊരു കാര്യമാണ്- വളരെ സന്തോഷത്തോടെ വരികയും സന്തോഷത്തോടെ പരിപാടിയില്‍ പങ്കെടുക്കുകയും സന്തോഷത്തോടെ മടങ്ങുകയും ചെയ്ത ശ്വേതയ്ക്ക് അവിടൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല എന്നാണത്. ശ്വേതയ്ക്ക് തെറ്റുപറ്റിയത് അവിടെയാണ്. വള്ളംകളി കുളമാക്കേണ്ട എന്നു ചിന്തിച്ചത് തന്നെ തെറ്റായിപ്പോയി. സ്‌റ്റേജില്‍ വച്ചു തന്നെ അപമാനിച്ചവന്റെ കരണത്ത് ഒന്നു പൊട്ടിച്ചിട്ട് ക്ഷണിച്ച മാന്യന്മാരോട് പരസ്യമായി രണ്ടു വര്‍ത്താനം പറഞ്ഞിട്ട് ഇറങ്ങിപ്പോയാല്‍ മതിയായിരുന്നു. ശ്വേത അഹങ്കാരിയാണെന്ന് ഒരു പക്ഷവും ബോള്‍ഡ് ആണെന്നു മറുപക്ഷവും ചര്‍ച്ച ചെയ്തു പിരിഞ്ഞേനെ.

കുറിപ്പ്: എല്ലാം ശ്വേതയുടെ തോന്നല്‍ മാത്രമാണെന്നും പീതാംബരക്കുറുപ്പ് ശ്വേതയെ തൊട്ടിട്ടുണ്ടെങ്കില്‍ അത് പിതൃസഹജമായ വാല്‍സല്യത്തോടെയാണെന്നും പുതിയൊരു വലതുപക്ഷ തിയറി പ്രചരിക്കുന്നുണ്ട്. ദയവു ചെയ്ത് പിതൃസഹജമായ വാല്‍സല്യത്തെ രാഷ്ട്രീയലക്ഷ്യത്തിനു വേണ്ടി ഇത്തരത്തില്‍ ലൈംഗികവല്‍ക്കരിക്കരുത്. തന്റെ ശരീരത്തിലേല്‍ക്കുന്ന സ്പര്‍ശനത്തില്‍ വാല്‍സല്യമാണോ പ്രണയമാണോ കാമമാണോ അതോ അബദ്ധത്തില്‍ സംഭവിച്ചതാണോ എന്നു തിരിച്ചറിയാനും മനസ്സിലാക്കാനും കഴിയുന്നവരാണ് എല്ലാ സ്ത്രീകളും. നിഷ്‌കളങ്കരായി അഭിനയിച്ചുഫലിപ്പിച്ചതുകൊണ്ട് അത്തരം തിരിച്ചറിവുകള്‍ തിരുത്താനാവില്ല.