കോണ്‍സ്പിരസി തിയറി

ഗുഡ്‌മോണിങ് സര്‍…

ഗുഡ്‌മോണിങ്… എന്തായി കാര്യങ്ങള്‍ ?

പരിപാടി ആരംഭിക്കാറായി സര്‍… എല്ലാവരും റെഡിയാണ്…

പ്രതിഷേധക്കാരോ മറ്റോ ഉണ്ടോ ?

ഉണ്ട് സര്‍… ധാരാളമുണ്ട്… അവരവിടെ സമാധാനപരമായി പ്രതിഷേധിക്കുകയാണ് സര്‍…

നോക്കൂ… എന്റെ ഇമേജ് ആകെ തകര്‍ന്നു നാശമായിക്കിടക്കുകയാണ്… ഈ പ്രതിഷേധക്കാര്‍ എന്നെ തടയുകയോ കല്ലെറിയുകയോ മറ്റോ ചെയ്തിരുന്നെങ്കില്‍ എനിക്കത് മുതലെടുക്കാമായിരുന്നു…

നോ സര്‍.. ദാറ്റീസ് ഇംപോസിബിള്‍… അവര്‍ അംഹിംസാവാദികളാണെന്ന വിവരം സാറിനറിയില്ലേ… തിരുവന്തപുരത്ത് അവരുടെ സമരം നടക്കുമ്പോള്‍ നമ്മളെന്തുമാത്രം ഉപദ്രവിച്ചു അവരെ.. ഒരാളും ഒരു ചെറുവിരല്‍പോലും ഉയര്‍ത്തിയില്ല..

എനിക്കറിയാം… അവര്‍ സമാധാനപ്രിയരാണ്… പക്ഷേ…

എന്താണ് സര്‍ ? പറയൂ… സാറെന്താണ് ആലോചിക്കുന്നത് ?

അവരെ എങ്ങനെയെങ്കിലും പ്രകോപിപ്പിക്കണം… ഏതു വിധേനയെയും അവരെക്കൊണ്ട് എന്നെ കല്ലെറിയിക്കണം.. ആ സഹതാപതരംഗം വഴി ഞാന്‍ പിടിച്ചുകയറിക്കോളാം…

ഞാന്‍ ശ്രമിക്കാഞ്ഞിട്ടല്ല സര്‍.. സമരക്കാരില്‍ പലരെയും ഞാന്‍ നേരിട്ടു കണ്ടതാണ്… ആയിരവും പതിനായിരവുമൊക്കെ ഓഫര്‍ ചെയ്തിട്ടും സാറിനെ കല്ലെറിയാന്‍ അവര്‍ തയ്യാറാവുന്നില്ല സര്‍…

ഹും.. അവരെന്താ പറയുന്നത് ?

അവരെന്നെ തല്ലിയില്ലെന്നേയുള്ളൂ.. അക്രമം ഞങ്ങളുടെ മാര്‍ഗമല്ല.. സാറുമായി ആശയപരമായ എതിര്‍പ്പുള്ളതുകൊണ്ടാണ് സമരം ചെയ്യുന്നത്.. സാറിനെ എന്നല്ല ലോകത്ത് ഒരു മനുഷ്യജീവിയെയും ഉപദ്രവിക്കാനോ വേദനിപ്പിക്കാനോ അവര്‍ക്കു സാധിക്കില്ല… എന്നൊക്കെ…

ശ്ശൗ.. !

എന്തു പറ്റി സര്‍ ?

എന്റെ കണ്ണുനിറഞ്ഞു പോയെടോ…

ശരിയാണ് സര്‍… എന്റെയും കണ്ണ് അപ്പോള്‍ നിറഞ്ഞായിരുന്നു…

ഞാനീ സ്ഥാനത്തിരിക്കുന്നതുകൊണ്ടാണ്.. അല്ലെങ്കില്‍ എന്നേ ആ പാര്‍ട്ടിയില്‍ ചേര്‍ന്നേനെ..

ഇനി ഞാന്‍ സാറിനോട് ഒരു സത്യം പറയട്ടെ… മനസ്സുകൊണ്ട് ഞാനെന്നും ആ പാര്‍ട്ടിയിലാണ്… വിആര്‍എസ് എടുത്ത് ശിഷ്ടകാലം പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായി ജീവിക്കാനാണ് എനിക്കിഷ്ടം…

ഭാഗ്യവാനാണെടോ താന്‍…

താങ്ക്യൂ സര്‍…

അപ്പോ എന്റെ കാര്യമെങ്ങനാ… സ്‌പോട്ടില്‍ നിന്ന് എനിക്കു നേരെ ഒരാക്രമണം നടന്നാല്‍ എനിക്കതു ഗുണം ചെയ്യും… അവരെന്നെ ഉപദ്രവിച്ചു എന്നു വരുത്തിത്തീര്‍ത്താല്‍ അവരുടെ സത്യസന്ധവും നിര്‍വ്യാജവുമായ സമരങ്ങളുടെ മുനയൊടിക്കാന്‍ എനിക്കു സാധിക്കും…

അതു ക്രൂരതയല്ലേ സര്‍ ?

ക്രൂരതയാണ് പക്ഷേ, നമുക്കു വേറെ വഴിയില്ലല്ലോ…

ആ ചന്ദ്രശേഖരന്റെ ആത്മഹത്യ കൊലപാതകമാക്കി അവരുടെ തലയില്‍ വച്ചതു തന്നെ വലിയ ക്രൂരതയായിപ്പോയി… ഇതുകൂടിയാവുമ്പോള്‍…

ശരിയാണ്… എന്നും ക്രൂരതകള്‍ ചെയ്തിട്ടുള്ളത് നമ്മളാണല്ലോ… ഇവിടെത്തന്നെ അവരുടെ പേരില്‍ ആരോപിക്കപ്പെട്ടിട്ടുള്ള എല്ലാ അക്രമങ്ങളും നമ്മുടെ ആളുകള്‍ ചെയ്തതല്ലേ.. ഇന്നും അങ്ങനെ തന്നെ നടക്കണം…

എങ്ങനെ ?

നമ്മുടെ ആളുകളെ ആരെയെങ്കിലും അവര്‍ക്കിടയില്‍ നിര്‍ത്തിയിട്ട് കല്ലെറിയിക്കണം… അപ്പോള്‍ അത് അവരാണെന്നു നമുക്ക് പ്രചരിപ്പിക്കാം…

പക്ഷെ സാറിന്റെ ദേഹത്തൊരു തരി മണല്‍ വീഴാനവര്‍ സമ്മിക്കില്ല… മറ്റാരെങ്കിലും സാറിനെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ തടയുകയോ അവര്‍ തന്നെഅതേറ്റുവാങ്ങി രക്തസാക്ഷികളാവുകയോ ചെയ്യാന്‍ സാധ്യതയുണ്ട്…

ഇനി ഞാന്‍ പറയുന്നത് താന്‍ ശ്രദ്ധയോടെ കേള്‍ക്കണം… എന്നെ കല്ലെറിയുന്നതിനു വേണ്ടി മുംബൈ അധോലോകത്തില്‍ നിന്നു ഞാന്‍ കുറച്ചുപേരെ ഇവിടെ വരുത്തിയിട്ടുണ്ട്… കല്ലെറിയുന്നതില്‍ വളരെ വൈദഗ്ധ്യമുള്ളവരാണ് അവര്‍..

സാര്‍ സീരിയസ്സാണോ ?

അതെ, വളരെ സീരിയസ്സാണ്… അവരിപ്പോള്‍ സമാധാനമായി സമരം ചെയ്യുന്ന പ്രതിഷേധക്കാര്‍ക്കിടയില്‍ സ്ഥാനം പിടിച്ചിട്ടുണ്ടാവും.. ഞാന്‍ അതുവഴി ചെല്ലുമ്പോള്‍ അവര്‍ കാറിനു നേരെ കല്ലുകളെറിയും…

അതപകടമല്ലേ സര്‍ ?

ഒരപകടവുമില്ല… തെര്‍മോകോള്‍ കൊണ്ടുണ്ടാക്കിയ കല്ലുകളാണ് അവരെറിയുന്നത്… ഒരു ഒറിജിനാലിറ്റിക്കു വേണ്ടി…

അതുകൊണ്ടെന്തു കാര്യം സര്‍ ? അതപ്പോള്‍ തന്നെ പറന്നുപോവില്ലേ ?

ശരിയാണ്… അതിനു കാറിനുള്ളില്‍ ഞാനൊരു വലിയ കല്ലു സൂക്ഷിച്ചിട്ടുണ്ട്… അവര്‍ കല്ലെറിയുന്ന സമയത്ത് ആ കല്ലെടുത്ത് ഞാന്‍ തന്നെ കാറിന്റെ ചില്ലുകള്‍ ഇടിച്ചു പൊട്ടിക്കും…

ഈശ്വരാ….

താനിതു കണ്ടോ ?

എന്താണ് സര്‍ ഇത് ?

സിനിമയില്‍ ചോര കാണിക്കാനുപയോഗിക്കുന്ന കെമിക്കല്‍ ആണ്.. സുതാര്യമായ ഒരു ചില്ലുകുപ്പിയില്‍ ഇതു ഞാന്‍ കയ്യില്‍ സൂക്ഷിക്കും… കാറിന്റെ ചില്ലിടിച്ചു പൊട്ടിച്ചു കഴിഞ്ഞാലുടനേ ഇതു ഞാനെന്റെ നെറ്റിയില്‍ വാരിപ്പൂശും.. എന്നിട്ട് ഇതുമായി സ്റ്റേജിലിരുന്ന് പരിപാടിയില്‍ പങ്കെടുക്കും…

സാറിനെ ആക്രമിക്കുന്നവരെ സമരക്കാര്‍ പിടിച്ചുവച്ചെങ്കിലോ ? അക്രമം നടത്താന്‍ അവര്‍ ആരെയും അനുവദിക്കില്ല സര്‍..

അതിനല്ലേടോ ഞാന്‍ അധോലോകത്തു നിന്നാളെയിറക്കിയത്…

ഒരു സംശയം സര്‍..

ചോദിച്ചോളൂ…

അവരെറിയുന്ന തെര്‍മോകോള്‍ കല്ലുകള്‍ വല്ലതും കാറിനുള്ളിലോ മറ്റോ വീണാല്‍ അത് പാരയാവില്ലേ ?

തെര്‍മോകോളല്ലേ… ഈ വിന്‍ഡോയിലൂടെ അകത്തുവന്നാല്‍ കാറ്റടിച്ച് അടുത്ത വിന്‍ഡോയിലൂടെ പുറത്തു പൊയ്‌ക്കോളും.. കാറിനകത്തു ഞാന്‍ വച്ചിരിക്കുന്ന കല്ലുണ്ടാവുമല്ലോ തൊണ്ടിയായിട്ട്…

പാര്‍ട്ടിക്കാര്‍ സത്യമറിഞ്ഞാല്‍…

അറിയരുത്… ഒരിക്കലും അറിയരുത്…

നമ്മുടെ ഈ ഗൂഢാലോചന വളരെ സുതാര്യമായിരിക്കട്ടെ..

എന്നു വച്ചാല്‍ ?

തലപോയാലും വേറൊരുത്തന്‍ അറിയരുതെന്ന്…

യെസ് സര്‍…

ഗുഡ്‌ബോയ് !

അനുഭവങ്ങളുടെ സുഗന്ധം

മനം മയക്കുന്ന സുഗന്ധങ്ങളുടെ കാലം കഴിഞ്ഞു. പ്രകൃതിയില്‍ നിന്നുള്ള സുഗന്ധങ്ങളെ കുപ്പിയിലാക്കി വിറ്റിരുന്നവര്‍ പ്രകൃതി മരിക്കുന്ന കാലത്ത് മനുഷ്യര്‍ അതിജീവനം നടത്തുന്ന ലോകത്തിന്റെ സുഗന്ധങ്ങളിലേക്കു തിരിയുകയാണ്. ഓര്‍മകളിലെ സുഗന്ധത്തെപ്പറ്റി എഴുതിയും വര്‍ണിച്ചും ആ സുഗന്ധങ്ങളെ അവിസ്മരണീയമാക്കുന്നവര്‍ക്ക് ഇനി കടയില്‍ പോയി സംഗതി വാങ്ങാം. ജീവിതയാത്രയില്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ വച്ച് നിങ്ങളെ സ്വാധീനിച്ച സുഗന്ധം ഓര്‍ത്തെടുക്കുന്നതുപോലെയാവില്ല കാലദേശങ്ങളെ അതിജീവിച്ച് വീണ്ടും ആ സുഗന്ധം മുന്നിലെത്തുന്നത്. പ്രമുഖ സുഗന്ധനിര്‍മാതാക്കളുടെ പുതിയ ബിസിനസ് ആ വഴിക്കാണ്.

സെന്റ്‌സ് ഓഫ് ഡിപ്പാര്‍ചര്‍

കൊച്ചിയുടെ ഗന്ധം ആരും കുപ്പിയിലാക്കി കൊണ്ടുപോകില്ല. എങ്കിലും കൊച്ചി കൊച്ചിയാണെന്ന് വീണ്ടുമെത്തുന്ന വിനോദസഞ്ചാരിക്കു തോന്നണമെങ്കില്‍ ആ പഴയ നാറ്റം അനുഭവേദ്യമാകണം. സഞ്ചാരിയുട അനുഭവങ്ങള്‍ ഈ ഗന്ധവുമായി ബന്ധപ്പെട്ടു കിടക്കും എന്നതിനാല്‍ അനുഭവങ്ങള്‍ കലര്‍ന്ന കൊച്ചിയുടെ ഗന്ധത്തെ സുഗന്ധമെന്ന് പെര്‍ഫ്യൂം കമ്പനികള്‍ വിശേഷിപ്പിച്ചേക്കാം. സെന്റ്് ഓഫ് ഡിപാര്‍ചര്‍ എന്ന പുതിയ പെര്‍ഫ്യൂം ശ്രേണി ലോകസഞ്ചാരികള്‍ക്കു വേണ്ടിയുള്ളതാണ്. കൊച്ചിയ്ക്കും കോഴിക്കോടിനുമൊക്കെ ഉള്ളതുപോലെ ലോകത്തെ എല്ലാ നഗരങ്ങള്‍ക്കും ഗന്ധപരമായ ഒരു വ്യക്തിത്വമുണ്ട്. ഇത്തരത്തില്‍ ഓരോ നഗരത്തിന്റെയും സുഗന്ധമാണ് സെന്റ് ഓഫ് ഡിപാര്‍ചര്‍. ന്യൂയോര്‍ക്ക്, ലണ്ടന്‍, പാരിസ്, ടോക്കിയോ, ദുബായ്, ദോഹ, ബാലി, സോള്‍, സിംഗപ്പൂര്‍, അബുദാബി, ബുഡാപെസ്റ്റ്, വിയെന്ന തുടങ്ങി ലോകത്തിലെ 14 നഗരങ്ങളുടെ സുഗന്ധമാണ് സെന്റ് ഓഫ് ഡിപാര്‍ചര്‍ ശ്രേണിയിലുള്ളത്. നിങ്ങള്‍ക്ക് ഗൃഹാതുരത്വമോ പ്രവാസാതുരത്വമോ ഉണര്‍ത്തുന്നത് ഏതാണെന്നു വച്ചാല്‍ വാങ്ങാം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ നഗരത്തിനു തന്നെ വേറിട്ട സുഗന്ധങ്ങളാണ്. ഓരോ നഗരസുഗന്ധത്തിനും ഓരോ വിലയും. www.thescentofdeparture.com

പേപ്പര്‍ പാഷന്‍

അച്ചടിമഷി പുരണ്ട പുസ്തകത്താളുകളുടെ ഗന്ധമാണ് വിപണിയിലെത്തിയിരിക്കുന്ന പുതിയ വിസ്മയം. പഴയ പുസ്തകത്താളുകളുടെ ഗന്ധം മനസ്സിലേക്ക് കൊണ്ടുവരുന്നത് ഒരായിരം ബാല്യകാല ചിത്രങ്ങളാണ് പലര്‍ക്കും. അച്ചടിമഷിയുടെ ഗന്ധമുള്ള പുതിയ പുസ്തകങ്ങള്‍ക്കും ഇതേ പ്രാധാന്യമുണ്ട്. ഇ-വായനയുടെ കാലത്ത് പുസ്തകപ്രേമികള്‍ക്കു വേണ്ടി പ്രമുഖ യൂറോപ്യന്‍ സുഗന്ധനിര്‍മാതാവായ ഗെസ ഷോവെന്‍ കണ്ടെത്തിയ ഏറ്റവും പുതിയ ബ്രാന്‍ഡാണ് പേപ്പര്‍ പാഷന്‍. നിത്യജീവിതത്തില്‍ വിവിധ തരം കടലാസ് ഗന്ധങ്ങളാല്‍ സ്വാധീനിക്കപ്പെട്ട ആളുകളെ വശീകരിക്കാന്‍ വിവിധ പേപ്പര്‍ സുഗന്ധങ്ങളിലാണ് പേപ്പര്‍ പാഷന്‍ എത്തുന്നത്. വാള്‍പേപ്പര്‍ മാഗസിന്റെ ആവശ്യപ്രകാരമാണ് ഗെസ പുസ്തകപ്രേമികള്‍ക്കു വേണ്ടി അവരുടെ പ്രിയപ്പെട്ട സുഗന്ധത്തെ കുപ്പിയിലാക്കിയത്. ശരാശരി പെര്‍ഫ്യൂം നൂറിലേറെ രാസക്കൂട്ടുകളോടെ എത്തുമ്പോള്‍ പേപ്പര്‍ പാഷന് വെറും അഞ്ച് ഘടകങ്ങളേയുള്ളൂ. ഭംഗിയുള്ള ഒരു പുസ്തകത്തിനുള്ളില്‍ അടച്ചാണ് പേപ്പര്‍ പാഷന്‍ വിപണിയിലെത്തുന്നത്. പുസ്തകം തുറക്കുമ്പോള്‍ അതിനുള്ളില്‍ സുഗന്ധക്കുപ്പി. പേപ്പര്‍ പാഷന്റെ വില 5500 രൂപയാണ്.

ബ്ലഡ് കണ്‍സെപ്റ്റ്

ഓരോ ജന്മനക്ഷത്രക്കാര്‍ക്കും ഓരോ തരത്തിലുള്ള കല്ല് പതിച്ച മോതിരം നമുക്ക് അപരിചിതമല്ല. അതുകൊണ്ട് നേട്ടങ്ങളുണ്ടാക്കുകയും പരീക്ഷണങ്ങള്‍ തുടരുകയും ചെയ്യുന്നവരുണ്ട്. അതുപോലെ ഓരോ രക്തഗ്രൂപ്പ്കാര്‍ക്കും ഓരോ സുഗന്ധം. അതുകൊണ്ട് എന്തൊക്കെയാണ് പ്രയോജനങ്ങള്‍ എന്നു പറയാറായിട്ടില്ല.
ഏറെക്കാലത്തെ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷം (എന്നു പറയുന്നു) അവതരിപ്പിച്ചിരിക്കുന്ന വളരെ സങ്കീര്‍ണമായ സുഗന്ധദ്രവ്യ ശ്രേണിയാണ് ബ്ലഡ് കണ്‍സെപ്റ്റ്. രക്തഗ്രൂപ്പുകളുടെ അത്രയേ ഉള്ളൂ സുഗന്ധഗ്രൂപ്പുകളും. എ, ബി, ഒ, എബി ഗ്രൂപ്പുകാര്‍ക്കുള്ള 40, 60 മില്ലി ബോട്ടിലുകളാണ് ഇവ. ഓരോ രക്തഗ്രൂപ്പുകാര്‍ക്കും ഉണ്ടാവുന്ന പൊതുവായ സവിശേഷതകളും സ്വാഭാവികശരീരഗന്ധവുമൊക്കെയായി പൊരുത്തപ്പെട്ടു നില്‍ക്കുന്നതാണേ്രത ബ്ലഡ് കണ്‍സെപ്റ്റ് സുഗന്ധങ്ങള്‍. ഓരോ ഗ്രൂപ്പിനും 10000 രൂപ വീതം വിലയാകും. www.bloodconcept.com

സ്‌മെല്‍സ് ന്യൂ

പുതിയ കാര്‍ വാങ്ങിയാല്‍ അതിന്റെ സുഗന്ധം എന്നും നിലനില്‍ക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. കാര്‍ പെര്‍ഫ്യൂമുകളും കാറില്‍ കയറുന്നവര്‍ പൂശുന്ന സുഗന്ധങ്ങളും ചേര്‍ന്ന് പുത്തന്‍ കാറിന്റെ വ്യക്തിത്വം പെട്ടെന്നു തന്നെ നഷ്ടപ്പെടുത്തിക്കളയും. പു്ത്തന്‍ കാറിന്റെ ഗന്ധം തന്നെ വേണമെന്നുള്ളവര്‍ക്കായി കാര്‍നിര്‍മാതാക്കളായ ഫോര്‍ഡ് സ്‌പെയിനില്‍ അവതരിപ്പിച്ച സുഗന്ധമാണ് സ്‌മെല്‍ ന്യൂ (Olor a Nuevo). കാര്‍ അറുപഴഞ്ചനാണെങ്കിലും ഈ സുഗന്ധം ഉപയോഗിച്ചാല്‍ പുത്തന്‍ കാര്‍ ഷോറൂമില്‍ നിന്നിറക്കിക്കൊണ്ടു വരുന്ന സുഖം ലഭിക്കും.

ചൈനാചര്‍മം ! (ആണുങ്ങള്‍ വായിക്കരുത്)

ചോര കൊടുത്തും നീര് (കണ്ണീരാണ് ഉദ്ദേശിക്കുന്നത്) കൊടുത്തും ലോകത്ത് സ്ത്രീകള്‍ തങ്ങളുടെ ഒരു ശുഷ്കാന്തി ഒന്നു കൊണ്ടു മാത്രം നിലനിര്‍ത്തിപ്പോകുന്ന പ്രസ്ഥാനമാണ് കുടുംബം. ചോര എന്നു പറയുമ്പോള്‍ ചെറിയ കണ്‍ഫ്യൂഷന്‍ ഉണ്ടാവും. എത്ര പുരോഗമനക്കാരന്‍ ആണെന്നു പറഞ്ഞാലും ശരി ഫസ്റ്റ് നൈറ്റില്‍ മേല്‍പ്പറഞ്ഞ ചോര കണ്ടില്ലെങ്കില്‍ ദാമ്പത്യത്തിന്‍റെ അടിത്തറയിലെ ഒരു കല്ല് ഇളകി വീഴും.

അതെന്തു കൊണ്ടാണെന്നു ചോദിച്ചാല്‍ ആര്‍ക്കും അറിയില്ല. നമ്മള്‍ കടയില്‍ ഒരു സാധനം വാങ്ങാന്‍ പോകുന്നു. സാധനം എന്തുമാവട്ടെ അതിന്‍റെ കവറിന്‍റെ പുറത്ത് പ്ലാസ്റ്റിക്കിന്‍റെ ഒരു നേര്‍ത്ത ആവരണമുണ്ടാകും. കവര്‍ തുറന്നിട്ടില്ലെങ്കില്‍ പോലും ഈ ആവരണത്തിനും കേടു വന്നിട്ടില്ല എന്നുറപ്പു വരുത്തിയിട്ടേ മിക്കവാറും ആളുകള്‍ സാധനം വാങ്ങൂ. എന്താണെന്നു വച്ചാല്‍, താന്‍ വാങ്ങുന്ന സാധനം ഭയങ്കര ഫ്രഷ് ആണല്ലോ എന്നൊരു നിര്‍വൃതി. സാധനം വീട്ടില്‍ കൊണ്ടുപോയി അലമാരിയില്‍ പൂട്ടി വയ്‍ക്കാനാണെങ്കിലും ആവരണം വേണമെന്ന് നിര്‍ബന്ധമുള്ളവരാണ് മിക്കവാറും ആളുകളും.

ഏതാണ്ട് സമാനമായ ഒരു മനശ്സ്ത്രമാണ് ഫസ്റ്റ് നൈറ്റിലെ ബ്ലഡി ഇടപാടിലും അടങ്ങിയിരിക്കുന്നത്. തന്‍റെ വധു ലോകത്ത് ആദ്യമായി ഒരു മീറ്ററെങ്കിലും അടുത്തു കാണുന്ന പുരുഷന്‍ താനാണെന്ന് വിശ്വസിക്കാനാണ് സകല ഭര്‍ത്താക്കന്‍മാര്‍ക്കും താല്‍പര്യം. അപ്പോള്‍ ചോര വീണില്ലെങ്കില്‍ സംഗതി പ്രശ്നമാകുമെന്ന് പ്രത്യേകം പറയേണ്ടതില്ല.

ഫസ്റ്റ് നൈറ്റില്‍ ചോര വീഴാത്തതുകൊണ്ടു മാത്രം പൊലിഞ്ഞുപോയ വിവാഹങ്ങള്‍ നൂറു കണക്കിനുണ്ട് എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ആ ഒറ്റക്കാരണം കൊണ്ടു മാത്രം അനേകം ദാമ്പത്യങ്ങളില്‍ കരിനിഴല്‍ വീണിട്ടുണ്ട് എന്നു പറയുമ്പോള്‍ ഇതൊരു സില്ലി ഇഷ്യു അല്ല എന്നും മനസ്സിലാവും. ഇക്കാരണം കൊണ്ട് പെണ്‍കുട്ടികളെ കണ്ണീരു കുടിപ്പിച്ചിട്ടുള്ള, ഇപ്പോള്‍ കുടിപ്പിച്ചുകൊണ്ടിരിക്കുന്ന പുരുഷ കേസരികളോട് ഫെമിനിസ്റ്റുകള്‍ ക്ഷമിക്കുമാറാകട്ടെ.അവര്‍ക്ക് നല്ലൊരു ജീവിതം സാധിക്കുന്നതിന് എല്ലാ വഴികളും തുറന്നു കിട്ടുമാറാകട്ടെ.

ഇന്നത്തെ കാലത്ത് ഇതൊരു വിഷയമേയല്ല എന്നാണ് പറയാറുള്ളത്. ഒരു ഓപ്പറേഷന്‍ കൊണ്ട് വച്ചുപിടിപ്പിക്കാവുന്നതൊക്കേയേ ഉള്ളൂ ഇത് എന്ന് എല്ലാവര്‍ക്കും അറിയാം. അടിച്ചുപൊളി കഴിഞ്ഞ് മിന്നുകെട്ടിന്‍റെ തലേന്ന് ഈ സാധനം ഓപ്പറേഷന്‍ വഴി വച്ചുപിടിപ്പിക്കുന്നവരും കുറവല്ല എന്നതും സത്യമാണ്. എന്നാല്‍, എത്ര പേര്‍ ഓപ്പറേഷനൊക്കെ നടത്താന്‍ തയ്യാറാവും അല്ലെങ്കില്‍ മിനക്കെടും.ഓപ്പറേഷന്‍ എന്ന വാക്കും കന്യകാത്വം എന്ന വാക്കുപോലെ ഗുരുതരമാണ്.

അത്തരക്കാര്‍ക്കും വേണ്ടി ഒരു പുതിയ സാധനം വിപണിയിലെത്തിയിരിക്കുന്നു. ചോര കണ്ടാലേ അടങ്ങൂ എന്നു വാശിയുള്ള നവവരന്‍മാരുടെ മണിയറക്കട്ടിലിനെ രക്തപങ്കിലമാക്കി മധുപ്രതികാരം വീട്ടുന്നതിന് ആഗോളകന്യകമാര്‍ക്ക് ഒരുഗ്രന്‍ സമ്മാനം-കൃത്രിമ കന്യാചര്‍മം ! (ഏതു പുതിയ ഗാഡ്ജറ്റ് അവതരിപ്പിച്ചാലും. ഹും! ഇതാണോ അത്ര വലിയ കാര്യം ഞാനിതു 10 വര്‍ഷമായി ഉപയോഗിക്കുന്നു, പുതിയതു വല്ലതും പറയെടേ- എന്നു പറയാറുള്ള മല്ലൂസ് ഈ ഗാഡ്ജറ്റിന്‍റെ കാര്യത്തില്‍ എന്തു നിലപാട് സ്വീകരിക്കും എന്നറിയാന്‍ താല്‍പര്യമുണ്ട്. ഹല്ല പിന്നെ !)

ഓപ്പറേഷന്‍ പോലെ ദുര്‍ഘടമായി ഒന്നും ഇതിലില്ല. അല്ലെങ്കിലും എന്തിന് ഓപ്പറേഷന്‍ ? തല്ലിപ്പൊട്ടിക്കാന്‍ വേണ്ടി ആരെങ്കിലും ചില്ലുകൂടാരം പണിയാറുണ്ടോ ? അതാണ് പറഞ്ഞത്, ഒക്കെ ഒരു തോന്നലാണ്. അതുകൊണ്ട് ഒറിജിനലാണെന്നു തോന്നിക്കുന്ന സംഗതിയാണ് വേണ്ടത്. അതു തന്നെയാണിതും. എന്തിനും ഏതിനും ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുന്ന ചൈനക്കാര്‍ തന്നെയാണ് പരിശുദ്ധ കന്യാചര്‍മത്തിനും ഒറിജനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് കണ്ടുപിടിച്ചിരിക്കുന്നത്.

ഗിജിമോ കമ്പനിയുടെ ഈ ഉല്‍കൃഷ്ഠമായ ഉല്‍പന്നത്തിന് വെറും 30 ഡോളര്‍ (1400 രൂപ) ആണു വില. വിവാഹത്തിന് ബ്യൂട്ടി പാര്‍ലറില്‍ കൊടുക്കുന്നതിന്‍റെ മൂന്നിലൊന്നേ ആകൂ. സംഗതി വാങ്ങി ഫസ്റ്റ് നൈറ്റിനു കുറച്ചു മുമ്പ് ഫിറ്റ് ചെയ്താല്‍ ചേട്ടായി ആക്രമിക്കുമ്പോള്‍ ചോര (അതും ഡ്യൂപ്ലിക്കേറ്റ്)ചിന്തി സംഭവം മംഗളമാക്കും. എന്നാ ഒക്കെ പറഞ്ഞാലും ഈ ചൈനക്കാരെ സമ്മതിക്കണം അല്ലേ ?

ഡ്യൂപ്ലിക്കേറ്റ് ആണെങ്കിലും ഈ സാധനം കുന്നംകുളത്തു പോലും കിട്ടുമെന്നു തോന്നുന്നില്ല. സംഗതി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്താല്‍ വീട്ടിലെത്തും. പറയുമ്പോള്‍ എളുപ്പം കഴിഞ്ഞു. കല്യാണത്തലേന്ന് വീട്ടിലെത്തുന്ന പായ്‍ക്കറ്റ് ആരു പൊട്ടിച്ചു നോക്കുമെന്നു പറയാന്‍ പറ്റില്ല. സാധനം ഇതാണെന്നു മനസ്സിലായാല്‍ നവവധു കന്യകയല്ലെന്ന് നാട്ടുകാര്‍ മുഴുവന്‍ അറിഞ്ഞെന്നിരിക്കും. അതുകൊണ്ട് ചൈനീസ് ബുദ്ധിയില്‍ ഇതോടൊപ്പം നാലര ഡോളറിന് ഒരു കൊച്ചു ടെഡി ബിയറിനെക്കൂടി വില്‍ക്കുന്നുണ്ട്. കരടിയുടെ ഉള്ളിലൊളിപ്പിച്ച് സാധനം മണിയറ വരെയെത്തിക്കാം. കരടി കന്യകയാണോ എന്നാരു പരിശോധിക്കാന്‍ സാധ്യതയില്ലാത്തതുകൊണ്ട് ആ ബുദ്ധി ഫലിക്കും.

ഈ സാധനം ആവശ്യമുള്ള ചിലര്‍ ഇതിനോടകം തന്നെ ആശ്വാസത്തോടെ ഈ ബെര്‍ളിച്ചായന്‍ തങ്കപ്പന്‍, കട്ടപ്പന്‍, പൊന്നപ്പന്‍ ഇല്ലായിരുന്നെങ്കില്‍ എന്‍റെ ലൈഫ് കോന്തന്‍ കോഞ്ഞാട്ടയാക്കിയേനെ എന്നാശ്വസിക്കുന്നത് എനിക്കു കാണാം. നിങ്ങള്‍ക്ക് ആവശ്യമുള്ള ബാക്കി വിവരങ്ങളും ഇതിന്‍റെ വിലയും വിലാസവും മറ്റും ദേ ഈ ലിങ്കിലുണ്ട്. ഇനി നിങ്ങളായി നിങ്ങളുടെ കന്യകാത്വമായി.