അക്കരെ അക്കരെ അക്കരെ

കേരളമെന്ന ഇട്ടാവട്ടത്തില്‍ കിടന്നു തായം കളിച്ചു ബോറടിച്ചതുകൊണ്ടല്ല. അമേരിക്ക നിര്‍ബന്ധിച്ചതുകൊണ്ടു മാത്രം മൂന്നാഴ്ചത്തെ പര്യടനത്തിനായി ഞാന്‍ പുറപ്പെടുകയാണ്. ഐവിഎല്‍പി എന്നു പറയുന്ന ഇന്റനാഷനല്‍ വിസിറ്റര്‍ ലീഡര്‍ഷിപ് പ്രോഗ്രാമിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സേഴ്‌സ് എന്ന പരിപാടിയില്‍ ഇന്ത്യയില്‍ നിന്നുള്ള നാലുപേരില്‍ ഒരാളായി ഇന്നു ചെന്നൈയില്‍ നിന്നു ലുഫ്താന്‍സ വിമാനത്തില്‍ ഞാന്‍ പുറപ്പെടും. ശനിയാഴ്ച വൈകിട്ട് (ഇന്ത്യന്‍ സമയം ഞായറാഴ്ച രാവിലെ) വാഷിങ്ടണ്‍ ഡിസിയില്‍ ഇറങ്ങും. തുടര്‍ന്ന് മാര്‍ച്ച് 1 വരെ വാഷിങ്ടണ്‍ ഡിസിയിലും മാര്‍ച്ച് 6 വരെ കാലിഫോര്‍ണിയയിലും മാര്‍ച്ച് 10 വരെ മയാമിയിലും മാര്‍ച്ച് 13 വരെ ബര്‍ലിങ്ടണിലും മാര്‍ച്ച് 15 വരെ ന്യൂഹാംപ്‌ഷെയറിലെ മാഞ്ചസ്റ്ററിലും വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഗൂഗിള്‍, ഫേസ്ബുക്ക്, ലിങ്ക്ട്ഇന്‍, ട്വിറ്റര്‍, എന്‍പിആര്‍, വാഷിങ്ടണ്‍ പോസ്റ്റ്, സാന്‍ഫ്രാന്‍സിസ്‌കോ ക്രോണിക്കിള്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളിലാണ് എക്‌സേഞ്ച് വിസിറ്റര്‍ പ്രോഗ്രാമിന്റെ വിവിധ ഘട്ടങ്ങള്‍ നടക്കുന്നത്. 16ന് വൈകിട്ട് ബോസ്റ്റണില്‍ നിന്നും മടങ്ങിപ്പോരും.

ഇത് ഒരു ഒഫിഷ്യല്‍ പ്രോഗ്രാമായതുകൊണ്ട് ബെര്‍മുഡ ഇട്ട് ബീച്ചിലൂടെ നടക്കാനോ മലയാളി അസോസിയേഷനുകളുടെ പരിപാടികളില്‍ പങ്കെടുക്കാനോ എനിക്കു സാധിച്ചെന്നു വരില്ല. എങ്കിലും എന്നെ ഹോട്ടലില്‍ വന്നു കണ്ട് വില പിടിച്ച സമ്മാനങ്ങള്‍ നല്‍കാനാഗ്രഹിക്കുന്നവരെ ഞാന്‍ പിന്തിരിപ്പിക്കുന്നുമില്ല. ഒന്നുകില്‍ അമേരിക്ക, അല്ലെങ്കില്‍ ഞാന്‍. രണ്ടിലൊന്ന് ഈ മൂന്നാഴ്ച കൊണ്ട് ഒരു പാഠം പഠിക്കും. ഈ പോസ്റ്റ് ഞാന്‍ പാലായില്‍ നിന്നാണ് പബ്ലിഷ് ചെയ്യുന്നത്. എന്നാല്‍ ഇതിന്റെ കമന്റുകള്‍ അപ്രൂവ് ചെയ്യപ്പെടുന്നത് ചെന്നൈയില്‍ നിന്നോ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നോ വാഷിങ്ടണ്‍ ഡിസിയില്‍ നിന്നോ ഒക്കെയാവാം. ഈ ബ്ലോഗില്‍ കമന്റിടുന്നവരുടെയൊക്കെ ടൈം. ഇതാണ് എന്റെ ഇമെയില്‍- berly@berlytharangal.com

കമന്റുകള്‍ മുക്കുന്ന പെണ്‍കുട്ടി (22 വയസ്)

ബ്ലോഗും കമന്റും തമ്മിലുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അത് തുടങ്ങിയ കാലം മുതലുള്ള ഒരു സങ്കല്‍പമാണ് കമന്റ് മോഡറേറ്റ് ചെയ്യുന്നത് അനാവശ്യമാണെന്നത്. ആര്‍ക്കും എന്തും കമന്റായി എഴുതാനുള്ള സ്വാതന്ത്ര്യം, അതാണത്രേ ബ്ലോഗിങ്ങിന്റെ മാഹാത്മ്യം വിളിച്ചോതുന്നത്.കമന്റ് മോഡറേഷനെ സംബന്ധിച്ച് പ്രത്യേകിച്ച് ഒരു പ്രത്യയശാസ്ത്രവിശകലനത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.മോഡറേറ്റ് ചെയ്യുന്നവന്‍ ചെയ്യട്ടെ,ചെയ്യാത്തവന്‍ ചെയ്യേണ്ട അത്രേയുള്ളൂ.കമന്റ് മോഡറേറ്റ് ചെയ്യുന്നതില്‍ പ്രതിഷേധമുള്ളവരും മോഡറേറ്ററുടെ കോപ്പിലെ ചെക്ക് പോസ്റ്റ് കടന്ന് തന്റെ കമന്റ് വരുന്നതില്‍ അഭിമാനക്ഷതമുള്ളവരും കമന്റിങ് വേണ്ടെന്നു വയ്‍ക്കുന്നതാണ് ഉത്തമം. കമന്റ് ചെയ്യണം എന്നുള്ളവര്‍ ഈ ബ്ലോഗിന്റെ പോളിസികളെ മാനിച്ചേ പറ്റൂ.

ബ്ലോഗില്‍ പോസ്റ്റ് ചെയ്ത കമന്റുകള്‍ പ്രസിദ്ധീകരിച്ചു വരാത്തപ്പോള്‍ ആ കമന്റിട്ടവര്‍ ‘ബെര്‍ളി കമന്റ് മുക്കി’ എന്നത് ആരോടൊക്കെയോ വിളിച്ചു പറഞ്ഞുകൊണ്ട് വീണ്ടും വീണ്ടും കമന്റുകളിടുന്നത് കാണാറുണ്ട്. പ്രസിദ്ധീകരണയോഗ്യമല്ലാത്ത ചവറുകള്‍ വെട്ടി ചവറ്റുകൊട്ടയിലിടുക എന്നത് മേഡറേറ്ററുടെ കടമയാണ്. അതിനെ ‘മുക്കല്‍’ എന്നു വിശേഷിപ്പിക്കുന്നത് തന്റെ ചവറിനെ മഹത്വവല്‍ക്കരിക്കാനുള്ള ദയനീയമായ ശ്രമത്തിന്റെ ഭാഗമാണോ അല്ലയോ എന്നൊന്നും എനിക്കറിയില്ല.മറ്റേ ഫയല്‍ സര്‍ക്കാര്‍ മുക്കി മറിച്ച ഫയല്‍ പൊലീസ് മുക്കി എന്നൊക്കെ സ്ഥിരം പത്രത്തില്‍ കണ്ടു കണ്ട് കാത്തിരിക്കുന്ന ഒന്നിനെ കാണാതാവുന്നതിനെ പാവങ്ങള്‍ മുക്കല്‍ എന്നു വിശേഷിപ്പിക്കുന്നതാണോ എന്നുമറിയില്ല.

കമന്റുകളെല്ലാം വായിച്ചു നോക്കി മോഡറേറ്റ് ചെയ്യുന്നത് ഞാനല്ല.മോഡറേറ്ററെപ്പറ്റി പറയുമ്പോള്‍ ബ്ലൂടൂത്ത് ഫോര്‍ ജാവ എന്നൊക്കെ പറഞ്ഞ് രഞ്ജിത്ത് ആന്റണി എന്ന എന്റെ സുഹൃത്തിനെ പലരും അധിക്ഷേപിക്കുന്നതായി കണ്ടിട്ടുണ്ട്.ഒരു ബ്ലോഗ്‍സ്പോട്ട് ബ്ലോഗര്‍ക്ക് ഗൂഗിള്‍ എന്താണോ അതാണ് എനിക്ക് രഞ്ജിത്.ക്ലൗഡ് സേര്‍വര്‍ ഉള്‍പ്പെടെ ഇന്നീ ബ്ലോഗിന്റെ നിലനില്‍പിനും സാങ്കേതികമികവിനും കാരണമായിട്ടുള്ളതെല്ലാം അദ്ദേഹത്തിന്റേതാണ്.ഡി‍സ്‍കസ് കമന്റ് സിസ്റ്റം മലയാളത്തില്‍ ആദ്യം ഉപയോഗിക്കുന്നത് അദ്ദേഹമാണ്,ഈ ബ്ലോഗിലൂടെ.അപ്പോഴും ഞാനും രഞ്ജിത്തുമായി ഒരേയൊരു കാര്യത്തിലേ അഭിപ്രായവ്യത്യാസമുള്ളൂ,കമന്റ് മോഡറേഷന്റെ കാര്യത്തില്‍. കമന്റ് മോഡറേഷന്‍ എടുത്തു കളയണം എന്ന് ഏറ്റവും കൂടുതല്‍ തവണ എന്നോടു പറഞ്ഞിട്ടുള്ള അദ്ദേഹത്തെ മോഡറേഷന്റെ പേരില്‍ ക്രൂശിക്കുന്നത് ന്യായമല്ല.

*Comments are moderated and will be allowed if they are about the topic and not abusive. എന്ന് പച്ചഇംഗ്ലിഷില്‍ എല്ലാ പോസ്റ്റുകളുടെയും ചുവട്ടില്‍ കൊടുത്തിട്ടുണ്ട്. പോസ്റ്റിലെ വിഷയവുമായി ബന്ധമില്ലാത്തതും മറ്റുള്ളവരെ തെറിവിളിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതും വ്യാജപ്രൊഫൈലുകളില്‍ നിന്നു വരുന്നതും സ്വന്തം ബ്ലോഗിന്റെ പരസ്യം ലിങ്ക് സഹിതം പേസ്റ്റ് ചെയ്യുന്നതുമായ കമന്റുകളാണ് എന്റെ മോഡറേറ്റര്‍ ‘മുക്കു’ന്നത്.എന്നാല്‍ ഈ അടുത്തകാലത്തായി ഏറ്റവും അധികം മുക്കേണ്ടി വരുന്നത് മലയാള മനോരമ പത്രത്തെയും അതിന്റെ എഡിറ്ററെയും മറ്റും വിമര്‍ശിക്കുന്നതും തെറിവിളിക്കുന്നതും വെല്ലുവിളിക്കുന്നതുമായ കമന്റുകളാണ്.ഈ ബ്ലോഗ് മലയാള മനോരമയുടെ ഉപസ്ഥാപനമാണ് എന്ന് തെറ്റിദ്ധരിക്കുന്ന പൊട്ടന്‍മാരാവണം(പി.സി.ജോര്‍ജ് ഉദ്ദേശിച്ച അര്‍ത്ഥത്തില്‍-സത്യം അറിഞ്ഞിട്ടും അതറിയില്ലെന്ന മട്ടില്‍ സംസാരിക്കുന്നവന്‍) അത്തരം കമന്റുകള്‍ പതിവായി എഴുതുന്നത്.മലയാള മനോരമയ്‍ക്ക് മുക്കിലും മൂലയിലും ഓഫിസുകളും മനോരമ ഓണ്‍ലൈന്‍ എന്ന ബൃഹത്തായ പോര്‍ട്ടലുമുണ്ട്. പ്രതിഷേധിക്കേണ്ടവര്‍്ക്കും പരാതിപ്പെടേണ്ടവര്‍ക്കും അതിനൊക്കെ അവിടെ അവസരമുണ്ട്. അല്ലാതെ പാര്‍ട്ടി ഓഫിസില്‍ വായ്‍ തുറക്കാന്‍ പേടിയുള്ള സഖാവ് ‍ കള്ളുഷാപ്പില്‍ പോയി രാഷ്ട്രീയചര്‍ച്ച നടത്തുന്നതുപോലെ എന്റെ പാവപ്പെട്ട മോഡറേറ്ററുടെ നെഞ്ചത്ത് (പി.സി.ജോര്‍ജ് ഉദ്ദേശിച്ച നെഞ്ചത്തല്ല) കയറിയിട്ടു കാര്യമല്ല.

പറഞ്ഞില്ലെന്നു വേണ്ട,എന്റെ മോഡറേറ്റര്‍ വെറും 22 വയസ് മാത്രം പ്രായമുള്ള നല്ല തടിയും തൂക്കവുമുള്ള തറവാട്ടില്‍ പിറന്ന ഘടാഘടിയനായ ഒരു പെണ്‍കുട്ടിയാണ്.അവളെ വെറുതെ പ്രകോപിപ്പിക്കരുത്.അവളുടെ മോഡറേഷന്‍ എനിക്കിഷ്ടമായതുകൊണ്ട് ഇനി കുറെക്കാലത്തേക്ക് അവള്‍ തന്നെ മോഡേറ്റ് ചെയ്യും.പ്രബുദ്ധരെന്നു ഭാവിക്കുന്ന കമന്റര്‍മാര്‍ വളരെ പ്രെഡിക്ടബിള്‍ ആണെന്ന നിരീക്ഷണം മാത്രം മതി, അവളെ നിങ്ങളും ഇഷ്ടപ്പെട്ടുപോകും (അല്ല,നിങ്ങളിഷ്ടപ്പെട്ടിട്ടും കാര്യമൊന്നുമില്ല).

മോഡറേറ്ററുടെ നിരീക്ഷണങ്ങള്‍

1.പോസ്റ്റിലെ വിഷയം എന്തായാലും അതിന്റെ ആകെത്തുക യുഡിഎഫ് അനുകൂലമാണെങ്കില്‍…

നാണമില്ലേ ഇങ്ങനെ ഉമ്മന്‍ ചാണ്ടിക്കു വേണ്ടി കുഴലൂത്തു നടത്താന്‍.കഷ്ടം.
30 വര്‍ഷമായി ഞാന്‍ ബെര്‍ളിയുടെ സ്ഥിരം വായനക്കാരനാണ് പക്ഷെ ഇത് സഹിക്കാനാവില്ല.
മനോരമയാണ് ഇതിനെക്കാള്‍ ഭേദം.ബെര്‍ളി നാറുന്നു.

2.പോസ്റ്റിലെ വിഷയം എന്തായാലും അതിന്റെ ആകെത്തുക എല്‍ഡിഎഫ് അനുകൂലമാണെങ്കില്‍…

വളരെക്കാലത്തിനു ശേഷം ഒരു നല്ല പോസ്റ്റ്.
വെല്‍ സെഡ്. നിഷ്‍പക്ഷമായ നിരീക്ഷണം.
ബെര്‍ളിയുടെ ഏറ്റവും മികച്ച പത്ത് പോസ്റ്റുകളില്‍ ഒന്ന്.

3.വിമര്‍ശനങ്ങള്‍ക്കു സ്കോപില്ലാത്ത എന്തെങ്കിലും യൂട്ടിലിറ്റി പോസ്റ്റ് ഇട്ടാല്‍…

കഷ്ടം,ബെര്‍ളിയെയും വിഷയദാരിദ്ര്യം ബാധിച്ചു തുടങ്ങിയോ ?
വിഷയദാരിദ്ര്യം ആണല്ലേ ?
എഴുതാന്‍ ഒന്നുമില്ലെങ്കില്‍ എഴുതാതിരി ബെര്‍ളി.

4.പൃഥ്വിരാജ് സുകമാരനെ അപകീര്ത്തിപ്പെടുത്തരുത് എന്നു പറഞ്ഞാല്‍…

കഷ്ടം ബെര്‍ളി.ഇങ്ങനെ തരംതാഴരുത്.
അവന്‍ എത്ര രൂപ തന്നു ?
ഇങ്ങനെ പോയാല്‍ ബെര്‍ളിയേയും വിലക്കേണ്ടി വരും.

5.സന്തോഷ് പണ്ഡിറ്റിനെ അനുകൂലിച്ചാല്‍…

നാണമില്ലേടോ ഈ നാറിയെ സപ്പോര്‍ട്ട് ചെയ്യാന്‍

6.സന്തോഷ് പണ്ഡിറ്റിനെ പ്രതികൂലിച്ചാല്‍…

മമ്മൂട്ടിയുടെ ചില സിനിമകളെക്കാള്‍ ഭേദമാണ് കൃഷ്മനും രാധയും.

7. ആക്ഷപഹാസ്യം എഴുതിയാല്‍…

പഴയപോലെ ഏല്‍ക്കുന്നില്ല
ഗുമ്മില്ല
ഇത് ഞാന്‍ 2005ല്‍ എഴുതിയെങ്കിലും പ്രസിദ്ധീകരിക്കാന്‍ മറന്നുപോയ പോസ്റ്റിന്റെ കോപ്പിയടിയാണ്.

8.മാധ്യമവിമര്‍ശനം നടത്തിയാല്‍…

മനോരമയ്‍ക്കു വേണ്ടി ഇങ്ങനെ എഴുതാന്‍ നാണമില്ലേ ?

9.ഏതെങ്കിലും പണക്കാരന്‍ എന്തെങ്കിലും നല്ല കാര്യം ചെയ്തതിനെപ്പറ്റി എഴുതിയാല്‍…

കഷ്ടം,ഈ ചെറ്റയെ ഒക്കെ താങ്ങാന്‍ ബെര്‍ളിക്കു ലജ്ജയില്ലേ ?

10.ചര്‍ച്ച ചെയ്യപ്പെടേണ്ടതായ, സാമൂഹികപ്രസക്തിയുള്ള പോസ്റ്റാണെങ്കില്‍….

(കമന്റേ ഉണ്ടാവില്ല)

ഇനി പറയൂ,അവള്‍ മിടുക്കിയല്ലേ ? ഇനി കമന്റുകളെഴുതുമ്പോള്‍ മോഡറേറ്ററായി ഇരിക്കുന്നത് അവളാണെന്നത് മനസ്സിലോര്‍ക്കണം. അവളുടെ സ്ത്രീത്വത്തിന്റെ വാച്ച് ആന്‍ഡ് വാര്‍ഡിനെ വെല്ലുവിളിക്കരുത്.ഈ പോസ്റ്റിനുള്ള കമന്റുകളില്‍ ‘മോഡറേറ്റര്‍ക്ക് ഒരുമ്മ’ എന്നൊന്നും എഴുതിപ്പോകരുത്. അത്രേയുള്ളൂ.

അര്‍ച്ചനയുടെ കിച്ചണ്‍

ടിവിയില്‍ ഗൂഗിള്‍ ക്രോമിന്റെ പരസ്യം കണ്ടപ്പോള്‍ അതൊരു വെറും പരസ്യമാണെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അങ്ങനെയല്ല എന്നു മനസ്സിലായി. ഗൂഗിള്‍ സര്‍വീസുകളുടെ പരസ്യം ഏതാനും ദിവസങ്ങളായി ചാനലുകളില്‍ കാണുന്നുണ്ട്. അതില്‍ അര്‍ച്ചനാസ് കിച്ചണ്‍ എന്ന പരസ്യമാണ് ഏറ്റവും നന്നായി തോന്നിയത്. അത് കണ്ടിട്ടില്ലാത്തവര്‍ക്കു വേണ്ടി ഷെയര്‍ ചെയ്യുന്നു.

വളരെ പോസിറ്റീവായ പരസ്യം. ഏതോ ഒരര്‍ച്ചന എന്നല്ലാതെ ശരിക്കും അങ്ങനെയൊരു അര്‍ച്ചന ഉണ്ടാകമെന്നോ അങ്ങനെയൊരു ബ്ലോഗ് ഉണ്ടെന്നു കരുതിയതല്ല. എന്നാല്‍ ആ പരസ്യത്തില്‍ കാണുന്നതെല്ലാം സത്യമാണ്. പരസ്യം പറയുന്നതുപോലെ അര്‍ച്ചന ബ്ലോഗിലൂടെ സ്വന്തം ജീവിതം മാറ്റിമറിച്ച ഒരു താരമാണ് (ബ്ലോഗിലൂടെ അന്യരുടെ ജീവിതം തുലച്ചുകൊണ്ടിരിക്കുന്ന സൂപ്പര്‍ താരങ്ങളെ അവഗണിച്ച് ഇടത്തരം താരങ്ങളെ വച്ച് പരസ്യം പിടിച്ച ഗൂഗിള്‍ അനുഭവിക്കും).

അര്‍ച്ചന ദോഷി എന്ന കോയമ്പത്തൂരുകാരി, സോഫ്റ്റ്‍വെയര്‍ എന്‍ജിനീയറുടെ പണി രാജിവച്ച് പിള്ളേരെ നോക്കാന്‍ തീരുമാനിച്ചത് 2004ല്‍ ആണ്. ബോറടി മാറ്റാന്‍ തുടങ്ങിയ ബ്ലോഗ് പിന്നീട് സ്വന്തം ഡൊമെയ്‍നിലേക്കു മാറുകയും അര്‍ച്ചന വളര്‍ന്നു വലുതാവുകയും ചെയ്തതാണ് കഥ. പരസ്യത്തില്‍ കാണുന്നത് അര്‍ച്ചന ജിമെയില്‍ ഉപയോഗിക്കുന്നതും ബ്ലോഗ്‍സ്പോട്ടില്‍ ബ്ലോഗ് തുടങ്ങുന്നതുമൊക്കെയാണ്. എന്നാല്‍ സേര്‍ച്ച് ചെയ്തപ്പോള്‍ അര്‍ച്ചനയ്‍ക്ക് ബ്ലോഗ് സ്പോട്ടില്‍ ഒരു ബ്ലോഗ് ഉണ്ടായിരുന്നതായി കാണുന്നില്ല, മാത്രമല്ല വേ‍ഡ്പ്രസ്സില്‍ ഒരെണ്ണം ഉണ്ട് താനും. അതാണ് പിന്നെ സ്വന്തം ഡൊമെയ്‍നിലേക്കു മാറ്റിയിരിക്കുന്നത്. ഇനി അര്‍ച്ചന ഉപയോഗിക്കുന്നത് യാഹൂമെയിലാണോ ആവോ ? നല്ലൊരു ഫൊട്ടോഗ്രഫര്‍ കൂടിയായ അര്‍ച്ചനയുടെ ഫൊട്ടോകളില്‍ ബേക്കല്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളുണ്ട്.

വാര്‍ത്തകള്‍ അനുസരിച്ച് അര്‍ച്ചനാസ് കിച്ചണ് ദിവസേന 2000 സന്ദര്‍ശകരാണുള്ളത്. ആകെ എട്ട് ലക്ഷത്തിലേറെ ഹിറ്റുകളാണ് ഉള്ളതെന്നും പറയുന്നു. ദിവസേന അയ്യായിരത്തിലേറെ സന്ദര്‍ശരും ആകെ ഒരു കോടിയോളം ഹിറ്റുമുള്ള ഞാനാരായി ? ഇതുപോലെ വളര്‍ന്നുപോയ ആളുകളെ ഉള്‍പ്പെടുത്തി പരസ്യം തുടരുന്നതിന് betterwebstories@gmail.com എന്ന വിലാസത്തിലേക്ക് വളര്‍ച്ചയുടെ കഥ എഴുതി അയക്കാന്‍ ഗൂഗിള്‍ ആവശ്യപ്പെടുന്നുണ്ട് (ഇതൊക്കെ ഇംഗ്ലീഷില്‍ എഴുതി അയക്കാന്‍ എന്റെ പട്ടി പോവും. മലയാളമാണ് എന്റെ മാതൃഭാഷ. മലയാളം വിട്ടൊരു കളിയുമില്ല. ഐ ലവ് മലയാളം).

എന്തായാലും ഗൂഗിള്‍ ഇന്ത്യന്‍ വിപണിയില്‍ പരസ്യം ചെയ്തു തുടങ്ങി എന്നത് പുതുമയുള്ള വിശേഷമാണ്. യഥാര്‍ഥ കഥകളെ പരസ്യത്തിന് ഉപയോഗിക്കുന്നു എന്നതും വലിയ കാര്യമാണ്. ഹിറ്റും കമന്റും നോക്കാതെ പ്രസക്തമായ വിജയങ്ങളെ പരിപോഷിക്കാനുള്ള കമ്പനിയുടെ പരിശ്രമവും ശ്ലാഘനീയം തന്നെ. അര്‍ച്ചനയ്‍ക്കും പുള്ളിക്കാരീടെ കിച്ചണും എല്ലാ ഭാവുകങ്ങളും നേരുന്നു [ബിബിഎച്ച് ചെയ്തിരിക്കുന്ന പരസ്യത്തിന്റെ ക്യാപ്ഷനാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്- The Web is What you Make of it].

കിഡ്‍നാപ്‍ഡ് !!

ഒരു മുന്നറിയിപ്പുമില്ലായിരുന്നു. ചെറുസൂചനപോലും കിട്ടിയില്ല. അഞ്ജാത ഫോണ്‍ കോളോ ഊമക്കത്തോ ഉണ്ടായില്ല. എന്നിട്ടും തികച്ചും സംശയാതീതമായി തീവ്രവാദികള്‍ എന്നെ തട്ടിക്കൊണ്ടുപോയി ! ഇത്രയും ദിവസം എന്നെ കാണാതിരുന്നതിനു കാരണം അതു മാത്രമാണ്. ആരും ഞെട്ടരുത്, ആത്മഹത്യാശ്രമം നടത്തരുത്. തലവഴി മണ്ണെണ്ണയൊഴിച്ച് കൈയ്യില്‍ ഉരച്ചു കത്തിച്ച തീപ്പെട്ടിയുമായി മുടിയാട്ടം നടത്തുന്ന മദാലസകളേ, ഞാന്‍ പറയുന്നു- അരുത് !കാരണം, ‍ഒരു പോറല്‍ പോലുമേല്‍ക്കാതെ ഞാന്‍ തിരികെയെത്തിയിരിക്കുന്നു.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അത്താഴം കഴിഞ്ഞ് വേലക്കാരി ജാനു ഉറങ്ങിയോ എന്നു നോക്കാമെന്നു കരുതി ഞാന്‍ മുറ്റത്തുകൂടി അടുക്കളയുടെ ജനാലയ്‍ക്കല്‍ ചെന്ന് ഒരു ചെറിയ വിറകെടുത്ത് അവളുടെ അരക്കെട്ടില്‍ പതുക്കെ തോണ്ടിക്കൊണ്ടു നില്‍ക്കുമ്പോഴാണ് പിന്നില്‍ ഒരു കാല്‍പെരുമാറ്റം കേട്ടത്. പെട്ടെന്നു ഞാന്‍ തിരിഞ്ഞു നോക്കി- ആരുമില്ല. കുറെ നേരം പരിസരം നിരീക്ഷിച്ചു. അപ്പുറത്തെ വീട്ടിലെ ഷര്‍മിളയുടെ പതിവുസീല്‍ക്കാരങ്ങളല്ലാതെ ഒന്നും കേള്‍ക്കാനില്ല. ഞാന്‍ വിറകു കൊണ്ട് വീണ്ടും അവളുടെ അരക്കെട്ടിലേക്കു നീങ്ങുമ്പോഴാണ് കുറച്ചു കൂടി വ്യക്തമായി വേട്ടപ്പട്ടിയുടെ കുതിച്ചുചാട്ടം മാതിരി ഞാനാ ശബ്ദം കേട്ടത്. തിരിഞ്ഞുനോക്കും മുമ്പ് മുഖത്തേക്ക് ആരോ ഒരു തുണി അമര്‍ത്തിയിരുന്നു. രൂക്ഷഗന്ധം കൊണ്ട് അതിലുള്ളത് ക്ലോറോഫോം ആണെന്നു ഞാന്‍ തിരിച്ചറിഞ്ഞു. അടുത്ത ക്ഷണം എന്റെ ബോധം നശിച്ചു.

പിന്നെന്താണ് അവിടെ സംഭവിച്ചത് എന്നെനിക്കു കൃത്യമായറിയില്ല. ജാനു ഉണര്‍ന്നോ ? അവന്‍മാര്‍ ജാനുവിനെ ഉണര്‍ത്തിയോ ? നാളെ ഒരു പ്രശ്നമുണ്ടായാല്‍ ജാനു അവന്‍മാരെ ഊരിവിട്ടിട്ട് എന്റെ പേരു പറയുമോ ?

ബോധമുണരുമ്പോള്‍ എന്റെ കണ്ണുകള്‍ കെട്ടിയിരിക്കുകയാണ്. കൈകളും കാലുകളും കെട്ടിയിരിക്കുകയാണെന്ന് അടുത്ത ക്ഷണം മനസ്സിലായി. ബോധമുണര്‍ന്നതായി ഭാവിക്കാതെ ഞാന്‍ അതേ നിലയില്‍ തുടര്‍ന്നു. ഓടിക്കൊണ്ടിരിക്കുന്ന ഒരു വാഹനത്തിന്റെ പിന്‍സീറ്റിലാണ് ഞാനെന്നു മനസ്സിലാക്കാന്‍ അധികസമയം വേണ്ടിവന്നില്ല. സ്റ്റേറ്റ് ഹൈവേയിലെന്ന പോലെ വലിയ വലിയ കുഴികളില്‍ കയറിയും ഇറങ്ങിയും വീഗാലാന്‍ഡിലെ റൈഡിലൂടെ പോകുന്ന സ്റ്റൈലില്‍ വണ്ടി ഓടിക്കൊണ്ടിരുന്നു. വാഹനത്തില്‍ വേറെയും ആളുകളുണ്ടായിരുന്നെങ്കിലും ആരും ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. അതോ, ഞാനുണര്‍ന്നു എന്നത് മനസ്സിലാക്കി അവര്‍ മൗനം അവലംബിച്ചതാണോ ?

അര മണിക്കൂര്‍ കൂടി കഴിഞ്ഞപ്പോള് വാഹനം നിന്നു. വണ്ടിയില്‍ നിന്നവര്‍ എന്നെ ഇറക്കി ഇരുവശവും ആളുകളുടെ അകമ്പടിയോടെ ഒരു തുരങ്കത്തിലൂടെ നടത്തിച്ചു. അധികം ചെല്ലും മുമ്പേ പടി കയറിത്തുടങ്ങി. നരഭോജികളുടെ ഊട്ടുപുരയിലേക്കാണ് എന്നെ കൊണ്ടുപോകുന്നത് എന്നു ഞാന്‍ ഭയന്നു. അതീവസുന്ദരന്‍മാരും ഭയങ്കര സെക്സ് അപ്പീലുള്ളവരുമായ ആരോഗ്യദൃഢഗാത്രരായ സിക്സ് പായ്‍ക്ക് പയ്യന്‍മാരെ നരഭോജികള്‍ നോട്ടമിടുന്നതായി എവിടെയോ വായിച്ചത് എന്റെ മനസ്സിലുണ്ടായിരുന്നു. ഞാന്‍ ഭയന്നതു പോലെ തന്നെ പടി കയറി എത്തിയത് വിശാലമായ ഒരു ഹാളിലേക്കായിരുന്നു. അവിടെ ഇരയെ കാത്തു നില്‍ക്കുന്ന ആരൊക്കെയോ ഉണ്ടായിരുന്നു എന്നത് വ്യക്തമായിരുന്നു. അനേകം നാവുകളില്‍ നിന്നുയര്‍ന്ന ആഹ്ലാദാരവം എന്നെ വിറ കൊള്ളിച്ചു.

ഇനി ഇവന്‍മാര്‍ എന്നെ പിടിച്ചു തിന്നുമോ എന്ന ആശങ്കയോടെ നില്‍ക്കുമ്പോള്‍ എന്റെ മുന്നില്‍ അവരുടെ നേതാവിന്റെ കാലടിശബ്ദം ഞാന്‍ കേട്ടു. കനപ്പെട്ട ശബ്ദത്തില്‍ ഒരുത്തരവും- ഒപ്പിട് !

ഞാന്‍ ഭയപ്പെട്ടു. ഒപ്പൊക്കെ വാങ്ങി വച്ചിട്ട് തിന്നാനാവുമോ ? തിന്നാന്‍ പോകുന്നവനെക്കൊണ്ട് ഒപ്പിടീച്ചു സൂക്ഷിക്കുന്ന സ്വഭാവം നരഭോജികള്‍ക്കുള്ളതായി എവിടെയും വായിച്ചിട്ടില്ല. ഈശ്വരാ.. അപ്പോള്‍ കൊള്ളക്കരാകുമോ ? എന്റെ പേരിലുള്ള കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കള്‍ ഭീഷണിപ്പെടുത്തി എഴുതിവാങ്ങുന്നതിനു വേണ്ടിയാണോ ഈ കിഡ്‍നാപ്പിങ് ? തിരുനല്‍വേലിയില്‍ പുതുതായി വാങ്ങിയ 600 ഏക്കര്‍ മുന്തിരിത്തോപ്പിലെ ഒരിടവഴിയുടെ വേലിയുടെ കുറ്റി ഇളക്കിയതുമായി ബന്ധപ്പെട്ട് തമിഴന്‍മാരുമായി ഉടക്കു നടക്കുകയാണ്, അവന്‍മാരാകുമോ ഇതിനു പിന്നില്‍ ?

ഒപ്പിടാന്‍ !!- തനിമലയാളത്തില്‍ വീണ്ടും ഉത്തരവുണ്ടായപ്പോള്‍ ഞാന്‍ ഞെട്ടി. ആള്‍ക്കൂട്ടം സംസാരിക്കുന്നതും മലയാളം തന്നെ. വെറുതെ തമിഴന്‍മാരെ സംശയിച്ചു. വീണ്ടും അതേ ശബ്ദം അടുത്തെത്തി- ഞങ്ങളില്‍ നിന്നു രക്ഷപെടാമെന്നു കരുതി അല്ലേ ?… നിങ്ങള്‍ എവിടെപ്പോയി ഒളിച്ചാലും ഞങ്ങള്‍ കണ്ടെത്തും… ഈ ഭൂമിയില്‍ എവിടെയുണ്ടെങ്കിലും ഞങ്ങള്‍ നിങ്ങളെ പൊക്കിയിരിക്കും…

ആരാണ് നിങ്ങള്‍ ? എന്താണ് വേണ്ടത് ? ഞാന്‍ എന്തു തെറ്റാണ് ചെയ്തത് ?

തെറ്റോ ??? ഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹ….

ആ ചിരി ഹാളിലാകെ പടര്‍ന്നപ്പോഴാണ് അവിടെ കൂടിയ ജനക്കൂട്ടത്തിന്റെ വലിപ്പവും വ്യാപ്തിയും എനിക്കു മനസ്സിലായത്. സ്ത്രീകളും പുരുഷന്‍മാരുമടക്കം ഏതാണ്ട് 10000 ആളുകളെങ്കിലും അവിടെയുണ്ടെന്നെനിക്കു തോന്നി. അടുത്ത ക്ഷണം ഇളംചൂടുള്ള എന്തോ ഒന്ന് എന്റെ പാദങ്ങളില്‍ ഉരസി. ഞാന്‍ ഞെട്ടിയെങ്കിലും വീണ്ടും അതാവര്‍ത്തിച്ചു. അവിടെയൊരു മൈക്ക് ഉണ്ടായിരുന്നു എന്ന തിരിച്ചറിവു നല്‍കി ഉടന്‍ ഒരു അനൗണ്‍സ്‍‍മെന്റുമുണ്ടായി- നമ്മുടെയെല്ലാം ആരാധ്യനായ ബെര്‍ളിച്ചായന്റെ പാദങ്ങള്‍ ചുംബിക്കുന്ന ചടങ്ങാണ് ഇപ്പോള്‍ നടക്കുന്നത്. സ്ത്രീകള്‍ക്കാണ് മുന്‍ഗണന എന്നു പറഞ്ഞിട്ടുണ്ടെങ്കിലും സ്ത്രീകളില്‍ മദാലസകള്‍ക്കാണ് മുന്‍ഗണന. മദാലസകളുടെ അവസരം കഴിഞ്ഞ ശേഷമേ മറ്റുള്ളവര്‍ ക്യൂവില്‍ നില്‍ക്കാവൂ. അതുപോലെ തന്നെ… ബെര്‍ളിത്തരങ്ങള്‍ ഒരു മതമായി രൂപീകരിച്ച് ബെര്‍ളിച്ചായനെ നമ്മുടെ ബിഷപായി അവരോധിക്കുന്നതിനുള്ള കടലാസില്‍ അദ്ദേഹത്തെ ഒപ്പു വയ്‍പിക്കുന്നതിനു സമ്മര്‍ദം ചെലുത്തുന്നതിനായി 16നും 28നും ഇടയില്‍ പ്രായമുള്ള സമ്മര്‍ദ്ദം ചെലുത്തി പരിചയമുള്ള മദാലസകളായ പെണ്‍കുട്ടികള്‍ മുന്നോട്ടു വരേണ്ടതാണ്…

ഞാന്‍ എത്ര തവണ ഞെട്ടി എന്നെനിക്കു തന്നെ നിശ്ചയമില്ല. ശത്രുക്കള്‍ എന്നു കരുതിയിട്ട് അവര്‍ ആരാധകരുമല്ല, ഭക്തരാണെന്ന് തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന ഒരു ഞെട്ടല്‍ പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല. മെല്ലെ ആരോ എന്റെ കൈകാലുകളിലെ കെട്ടഴിച്ചു. ബിഷപ് എന്ന നിലയില്‍ ഭക്തജനസമൂഹത്തിന്റെ കയ്യില്‍ നിന്ന് എനിക്കെന്തു മോചനം ? അവര്‍ എന്റെ കണ്ണിലെ കെട്ടുമഴിച്ചു. ഞാനൂഹിച്ചതുപോലെ തന്നെ വലിയൊരു ജനക്കൂട്ടം കണ്ണുചിമ്മാതെ എന്നെ തന്നെ നോക്കി നില്‍ക്കുന്നു. മുന്നില്‍ സമ്മാനപ്പൊതികള്‍ , വിവിധ രാജ്യങ്ങളിലെ കറന്‍സി കെട്ടുകള്‍ നിറഞ്ഞ നേര്‍ച്ചപ്പെട്ടി.

കൈകളുയര്‍ത്തി ഞാന്‍ ഭക്തജനങ്ങളെ അഭിവാദ്യം ചെയ്യാന്‍ തുടങ്ങുമ്പോള്‍ ബാല്‍ക്കണിയില്‍ നിന്ന് സ്ഥിരം കമന്റേറ്ററായ ഒരു ആരാധകന്‍ കയ്യില്‍ ഒരു മെഷീന്‍ ഗണ്ണുമായി എണീറ്റു. കണ്ണടച്ചു തുറക്കും മുമ്പ് അവന്‍ എന്റെ നേര്‍ക്കു നിറയൊഴിച്ചു തുടങ്ങി- ഠിം !- ഒരു നിമിഷം കൊണ്ട് എല്ലാം കഴിഞ്ഞു.

ആശുപത്രിയില്‍ നിന്ന് ഇന്നു ഡിസ്ചാര്‍ജ് ആയി. ഉറക്കത്തില്‍ എണീറ്റു നടക്കുന്നതിനും ആവശ്യമില്ലാതെ സ്വപ്നം കാണുന്നതിനും മരുന്നുണ്ട്. ജനാലയ്‍ക്കല്‍ വന്നു നിന്നത് കള്ളനാണെന്നു കരുതിയാണ് അടിച്ചു വീഴ്‍ത്തിയതെന്നും ജാനുവിനോട് പണം കടം വാങ്ങാനാണ് അപ്പോഴവിടെ എത്തിയതെന്നും ജാനുവിന്റെ കെട്ടിയോന്‍ പറയുന്നു.

എന്നെ ഇനിയും അഹങ്കാരിയാക്കല്ലേ, പ്ലീസ് !

ചില സമയത്തു കണ്ണുനിറ‍ഞ്ഞുപോവുകയാണ്. സമ്മാനങ്ങളുടെ നിലയ്‍ക്കാത്ത പ്രവാഹം. ആയിരം പോസ്റ്റുകളുടെ സമ്മാനം രണ്ടായിരം പോസ്റ്റായാലും തീരില്ല എന്നു തോന്നുന്നു. പോരെങ്കില്‍ ഗിന്നസ് ബുക്കുകാര്‍ സിറ്റൗട്ടില്‍ രണ്ടു ദിവസമായി വെയ്റ്റ് ചെയ്യുന്നു. ദാല്‍പര്യമില്ല, ദാല്‍പര്യമില്ല എന്നു മൂന്നു വട്ടം പറഞ്ഞുനോക്കി. പോപ്പി എന്നു പേരുള്ള പൊമറേനിയന്‍ പട്ടിയെ അഴിച്ചു വിട്ടു നോക്കി. വായില്‍ പല്ലുണ്ടെന്നല്ലാതെ എവിടെ കടിക്കണം എങ്ങിനെ കടിക്കണം എന്നറിയാതെ പോപ്പിക്കുട്ടി അവന്മാരെ ഇക്കിളിയാക്കി എന്നല്ലാതെ വേറെ പ്രയോജനമുണ്ടായില്ല. ഈശ്വരാ അവന്‍മാരെന്റെ പേരും ഗിന്നസ് ബുക്കില്‍ കൊടുക്കുമോ ?

സമ്മാനമയച്ച എല്ലാവരുടെയും പേര് കൊടുക്കാന്‍ വേറൊരു ബ്ലോഗ് തുടങ്ങുന്നതാണ്. എങ്കിലും സമ്മാനങ്ങളൊക്കെയും ഇവിടെ കിട്ടിയിട്ടുണ്ട് എന്നുറപ്പുവരുത്താന്‍ ഏതാണ്ടൊരു വിവരം ഞാനിവിടെ പറയാം. ചോക്ലേറ്റ് കേക്ക്- 132, മാര്‍ബിള്‍ കേക്ക്- 204, ചുമ്മാ കേക്ക്- 493, എല്‍സിഡി ടിവി- 32, മൊബൈല്‍ ഫോണ്‍- 187,ലഡ്ഡു- 2300, ലാപ്ടോപ്- 12, പെന്‍‍ഡ്രൈവ്- 566, ക്യാഷ് ചെക്ക്- 289 (തുക കൂട്ടിയിട്ടില്ല), കോണ്‍ഡം- 22 പാക്കറ്റ് (അയച്ചവനെ എനിക്കറിയാം), ഗിഫ്റ്റ് കൂപ്പണ്‍- 723, വിദേശത്തേക്കു ക്ഷണം- 91 (56 രാജ്യങ്ങളിലേക്ക്).

മേല്‍പ്പറഞ്ഞതൊക്കെയും വായനക്കാരുടെയും ആരാധകരുടെയും വകയാണെങ്കില്‍ ലോകസമാധാനം, നന്മ തുടങ്ങിയവയിലേക്കു നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഔദ്യോഗികക്ഷണങ്ങള്‍ വേറെയുമുണ്ട്.

1. ഓസ്കര്‍ കമ്മിറ്റിയിലേക്ക് സ്ഥിരാംഗമായി (സിനിമാ നിരൂപണങ്ങള്‍ പരിഗണിച്ച്)
2. വിക്കിപ്പീഡിയയില്‍ 32 ശതമാനം ഓഹരി (കണ്ടന്റെ ഫ്രീയായി മോഷ്ടിക്കാനനുവദിക്കുന്നതിനാണത്രേ)
3. ഗൂഗിള്‍ കണ്‍സള്‍ട്ടന്റ് (ഗൂഗിളിന്റെ യശസ്സുയര്ത്തിയതിന്)
4. പപുവ ന്യൂ ഗിനിയയില്‍ സര്‍ക്കാരിന്റെ അതിഥിയായി മൂന്ന് ആഴ്ച
5. ബ്രിട്‍നി സ്പിയേഴ്സിന്റെ അതിഥിയായി (എന്തിനാണെന്നറിയില്ല)

ഇതൊക്കെയാണെങ്കിലും വന്നവഴി മറക്കുന്നവനല്ല ഞാന്‍. 1001മത്തെ പോസ്റ്റു മുതല്‍ വായനക്കാര്‍ക്കും കമന്റിടുന്നവര്‍ക്കും ഗുമ്മു കുറഞ്ഞെന്നോ 1000 പോസ്റ്റുള്ള ഒരു ബ്ലോഗില്‍ ഇങ്ങനെയാണോടാ കമന്റിടുന്നതെന്നോ ഞാന്‍ ചോദിക്കുകയോ പറയുകയോ ഇല്ല. അല്ലെങ്കില്‍ തന്നെ ഇവിടെ ചോദിക്കാനും പറയാനും ആരുമില്ല. ഈ പറഞ്ഞ സമ്മാനങ്ങളെക്കാളൊക്കെ ‍ഞാന്‍ വിലമതിക്കുന്നത് പ്രിയ സുഹൃത്ത് നൗഷാദ് അകമ്പാടം വരച്ച് അദ്ദേഹത്തിന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത ഈ കാര്‍ട്ടൂണാണ്. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു. ഇനിയങ്ങോട്ട് നൗഷാദിന് വച്ചടി വച്ചടി കയറ്റമായിരിക്കും. മുമ്പ് എന്നെ വരച്ചിട്ടുള്ളവരൊക്കെ ഇന്ന് ഓരോരോ നിലകളിലെത്തി.

ദേ കിടക്കുന്നു, Fake IPL ചേട്ടന്‍

എന്തൊക്കെയായിരുന്നു, സൗരവ് ഗാംഗുലി, ഷാറൂഖ് ഖാന്‍… ഫേക് ഐപിഎല്‍ പ്ലേയര്‍ എന്ന ബ്ലോഗിലൂടെ 2008ലെ ഐപിഎല്‍ ക്രിക്കറ്റ് മാമാങ്കത്തെ കുത്തിമറിച്ച അതിഭയങ്കരനായ ബ്ലോഗര്‍ അഞ്ജാതന്‍റെ കുപ്പായം അഴിച്ചുവച്ച് കളത്തിലിറങ്ങിയിരിക്കുന്നു. അനുപം മുഖര്‍ജി, 34 വയസ്. ബംഗാള്‍ സ്വദേശിയായ ഈ 34-കാരന്‍ നേരത്തെ വിപ്രോ കമ്പനിയില്‍ ജോലി നോക്കിയിട്ടുണ്ട്. ബാംഗ്ലൂരില്‍ മാര്‍ക്കറ്റിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന അനുപം ഇപ്പോള്‍ ഒരു ഹിന്ദി സിനിമയുടെ തിരക്കഥയുടെ പണിപ്പുരയിലാണത്രേ.

ഫേക് ഐപിഎല്‍ പ്ലേയര്‍ ബ്ലോഗില്‍ കഴിഞ്ഞ ദിവസമാണ് താന്‍ വെളിച്ചപ്പെടാന്‍ പോകുന്നു എന്ന പ്രഖ്യാപനം ഉണ്ടായത്. ഓഗസ്റ്റ് 28ന്‍റെ ബ്ലോഗ്പോസ്റ്റ് ഇത്രമാത്രം-” It is time to finally lay to rest the ghost of the fake ipl player. It’s been an amazing ride but like all good things this too must come to an end. Watch me this weekend on Times Now for the complete story.”

പറഞ്ഞതുപോലെ തന്നെ ടൈംസ് നൗ ചാനല്‍ സംഗതി വെളിപ്പെടുത്തി.

മൊട്ടത്തലയന്‍ മുഖര്‍ജി തന്‍റെ ഐപിഎല്‍ അന്തര്‍നാടകങ്ങളുടെ തിരക്കഥ വിവരിക്കുന്ന വിഡിയോ റിപ്പോര്‍ട്ടുകള്‍ ഇവിടെ കാണാം. ഭാഗം-1, ഭാഗം-2, ഭാഗം-3,ഭാഗം-4. ഫയങ്കരന്‍ തന്നെ അല്ലേ ? ഒരു ഘട്ടത്തില്‍ ഫേക് ഐപിഎല്‍ പ്ലേയര്‍ ഞാനല്ലേ എന്നു പോലും വായനക്കാര്‍ സംശയിച്ചിരുന്നു എന്നതുകൊണ്ട് സംശയത്തിന്‍റെ നിഴലില്‍ നിന്നും എന്നെ മുക്തനാക്കി സ്വയം വെളിച്ചത്തുവന്ന അനുപം മുഖര്‍ജിയെ ഞാനഭിനന്ദിക്കുന്നു. ഇനി ഷാറൂഖ് ഖാനും ശ്രീശാന്തുമൊക്കെ ക്വട്ടേഷന്‍ കൊടുക്കുന്നത് നോക്കിയിരുന്നോ.

2009ലെ ഏറ്റവും ശ്രദ്ധേയമായ ബ്ലോഗായിരുന്നു ഫേക്ഐപിഎല്‍ പ്ലേയര്‍.സ്വകാര്യത കൈവിട്ടുപോകാതെ എങ്ങനെ ബ്ലോഗ് ചെയ്യാം എന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണവും അത് തന്നെയായിരുന്നു. മുമ്പ് മീനാക്ഷി റെഡ്ഡി മാധവനും ഇതേ മട്ടില്‍ ബ്ലോഗ് ചെയ്തിരുന്നെങ്കിലും പെന്‍ഗ്വിന്‍ പുസ്തകവും പ്രശസ്തിയും വന്നപ്പോള്‍ സ്വയം പുറത്തുവന്നു. ഫേക് ഐപിഎല്‍ ചേട്ടനെയും മറ്റൊന്നല്ല പുറത്തെത്തിച്ചിരിക്കുന്നത്. എങ്കിലും കഴിഞ്ഞ വര്‍ഷം അവസാനം ഗേം ചേഞ്ചേഴ്സ് എന്ന പേരില്‍ അങ്ങേര് ഒരു പുസ്തകം പുറത്തിറക്കിയിരുന്നു. അതിനു ശേഷം ഷാഡോ അഭിമുഖങ്ങളും ചാറ്റുകളുമായി സജീവമായിരുന്നു താനും. ഒടുവില്‍ ടൈംസ് നൗവിനു കീഴടങ്ങി.

ബ്ലോഗ് സൂപ്പര്‍ഹിറ്റായതോടെ കളിയില്‍ നിന്നു ശ്രദ്ധമാറ്റിയ ജനം ബ്ലോഗിലെ അപ്‍‍ഡേറ്റുകള്‍ക്കായി കാത്തിരിക്കുകയായിരുന്നല്ലോ. മോഡിയും തരൂരും സുനന്ദയുമൊക്കെ വന്നതോടെ ഈ വര്‍ഷത്തെ ഐപിഎല്ലും ജോറായി കിട്ടി. ഇനി അടുത്തവര്‍ഷത്തേക്ക് എന്തെങ്കിലും കേസുകെട്ടുകള്‍ ഉണ്ടാവണേ എന്നു പ്രാര്‍ഥിക്കാം. എന്തായാലും ഐപിഎല്‍ ചേട്ടന്‍ കീഴടങ്ങിയ സാഹചര്യത്തില്‍ അന്ന് അദ്ദേഹം നല്‍കിയിട്ടുള്ള ഇരട്ടപ്പേരുകള്‍ ഇത്തരുണത്തില്‍ ഒന്നു സ്മരിക്കട്ടെ.

Vinnie Dildo/ Badsaah Dildo – Shah Rukh Khan
Kishen Kanhaiyya – Ravi Shastri
Lord Almighty – Ganguly
Sheikh of Tweak – Shane Warne
Bevdaa – Jessie Ryder
Big Sister – Shilpa Shetty
Calypso King – Gayle
Mr. Batlivala – Mallaya
Prince Charles of Patiala – Yuvraj Singh
Little Monster – Sachin
Pedophile Priest – GilCHRIST
Little John – Ishant Sharma
Kaan Moolo – Agarkar
Appam Chutiy* – Sreesanth
Phoren babas – McCullum & Buchanan
RDB – Ranadeb Bose
Mira Bhai – Harbhajan Singh
Sandy Baddy Babe – Mandira Bedi

Sorry Wiitness:ഒരു Berglish കവിത

കവിത ഒരു രോഗമാണ്. കേരളത്തില്‍ ബ്ളോഗര്‍മാരെക്കാള്‍ കൂടുതല്‍ കവികളാണ്, കവയിത്രികളും. ഇവര്‍ക്കൊന്നും വേറെ ഒരു പണിയുമില്ലേ എന്നു ഞാന്‍ ആലോചിച്ചിട്ടുണ്ട്. പെണ്ണായി പിറന്നാല്‍ മലയാളം കവിതയെഴുതിയില്ലെങ്കില്‍ എന്തോ വലിയ കുറച്ചിലാണെന്ന് പൊതുവേ ഒരു വിശ്വാസമുണ്ടെന്നു തോന്നുന്നു. വിവാഹിതരായ, എന്നാല്‍ ജോലി ചെയ്യാത്ത വീട്ടമ്മമാരാണ് പെട്ടെന്നു മലയാളം കവയിത്രികളായി തീരുന്നതെന്ന് ന്യൂസീലാന്‍ഡിലെ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ ഒരു പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ താന്‍ അക്ഷരവൈരിയല്ല എന്നു സ്വയം ബോധിപ്പിക്കാനും നാട്ടുകാരെ ബോധിപ്പിക്കാനും ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും കവിത എഴുതാം. മലയാളം ബ്ളോഗിന്റെ കുലപതിയായ ഞാന്‍ ഒരിക്കലും കവിതകളോട് വൈമുഖ്യം കാണിച്ചിട്ടില്ല.

സിനിമയിലെ തിരക്കു കാരണം നാടകത്തിലഭിനയിക്കാന്‍ സമയം കിട്ടാറില്ല എന്നു പറഞ്ഞതുപോലെ ബ്ളോഗില്‍ വിശ്വസാഹിത്യം എഴുതുന്നതു കാരണം കവിതകള്‍ വഴി വായനക്കാരെ രസിപ്പിക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. മുമ്പ് പല തവണയും പല കവിതകളും ഞാനും എഴുതിയിട്ടുണ്ട്. ഇംഗീഷും മലയാളവും എനിക്ക് ഒരുപോലെ വഴങ്ങുമെന്ന് ഞാന്‍ തെളിയിച്ചു കഴിഞ്ഞിട്ടുള്ളതുമാണ്. ഇന്ന്, ഫ്രഷ് ആയിട്ടൊരു കവിത എഴുതാതെ യുവതികളുടെ രോമാഞ്ചമായ ബാലചന്ദ്രന്‍ ചുള്ളിക്കാട് പണ്ട് എഴുതിയ ‘മാപ്പുസാക്ഷി’ എന്ന കവിത എന്റെ ഹൈടെക് വായനക്കാര്‍ക്കായി പരിഭാഷപ്പെടുത്തി അവതരിപ്പിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ഇത് ഇംഗീഷ് അറിയാവുന്ന, മലയാളത്തിനെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും വേണ്ടി ഞാന്‍ മാപ്പുസാക്ഷി എന്ന കവിത അവതരിപ്പിക്കുന്നു. ആദ്യം കവിത, പിന്നെ പരിഭാഷ എന്ന ക്രമത്തില്‍. അത് നിങ്ങളെ ഹഠാദാകര്‍ഷിക്കും എന്നതില്‍ ഒരു നിസ്സംശയവുമില്ല.

മാപ്പുസാക്ഷി
(ഒരു രാഷ്ട്രീയത്തടവുകാരന്‍)

ജോസഫ്,
ഒരോര്‍മതന്‍ ക്രൂരമാം സൌഹൃദം.
ശ്വാസനാളം കീറുമന്ധവേഗങ്ങളില്‍
കുമ്പസാരത്തിന്റെ ബോധക്ഷയങ്ങളില്‍
നിന്റെ നക്ഷത്രമുദിക്കുന്നു പിന്നെയും.

ഞാനറിയുന്നു, തുറുങ്കു ഭേദിച്ചു നിന്‍
സ്നേഹപ്രവാദം സമുദ്രസംഗീതമായ്
മാറുന്നതും വന്ധ്യകാലങ്ങളില്‍ത്തണല്‍
വീശുന്ന നിന്റെ ബലിഷ്ഠമാം ചില്ലകള്‍
തോറും കൊടുങ്കാറ്റു കൂടുവയ്ക്കുന്നതും.

ജോസഫ്, നിനക്കറിയില്ലെന്റെ ജാതകം.
ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂ-
ടാര്‍ത്തനാദം പോലെ പായുന്ന ജീവിതം.

ആശ്വാസമറ്റ മഹാസൌഹൃദത്തിന്റെ
വേശ്യാലയത്തിലീ നിത്യസന്ദര്‍ശകന്‍
പൊട്ടിച്ചിരിക്കുന്നതിന്‍ മുമ്പിലാത്മാവു
കെട്ട്, മുഖംകോടി, വീഴുന്നു നിദ്രയില്‍.

രണ്ടു സംഭാഷണം മാത്രം തിരശ്ശീല
പൊന്തുന്നതിന്‍ മുമ്പു തീരുന്നു നാടകം.
‘ഞാന്‍ നിന്നെ സ്നേഹിക്കുന്നു’
‘ഫ’.

ബീഡിക്കറയില്‍ കരിഞ്ഞ ഹൃദയത്തി-
ലൂറുന്ന സ്നേഹത്തിനും കൊടും കയ്്പാണ്.
കീറിപ്പറിഞ്ഞൊരെന്‍ ചുണ്ടിന്റെ ചുംബനം
പോലും കഠാരതന്‍ കുത്തലാണെങ്കിലും
ആരോ വരാനായ് തുറന്നു വയയ്ക്കാറുണ്ടു
വാതില്‍- വരികില്ലൊരിക്കലുമെങ്കിലും.

ഇനി, ഇതിന്റെ പരിഭാഷ. പച്ച ഇംഗീഷില്‍.

Sorry Wiitness
(One Political Prisoner)

Joseph,
one memory self cruelest friendship
in the, lungs destroying blind speeds
confessions sense tuberculosis
your star rises again.

I am knowing jails breaking yours
loveflow becomes sea music
changing and impotent seasons shade
drinking your sacrifice liking branches
among storm buuilding homes.

Joseph, you don”t know my fatebook.
between the suicide and banana fruit
travelling life like an eager voice.

Reliefless mega friendship’s
prostitute house this daily visitor
blasting laughing infront the soul
offed, face damaged, falling into sleep.

Only two dilaogues, the curtain
rising before ending the drama.
‘i am you doing love’
‘Fa’.

Cigeratte starch in which burned heart
concetrating love has also mega sour.
toared my one lips kissing
even knifes killing, but
someone coming opening placing
the door- not going to come never, but.

പ്രേക്ഷകശ്രീ കപ്പാട് ശശാങ്കന്‍

മലയാള സിനിമയ്ക്ക് പ്രതിസന്ധി ഘട്ടത്തില്‍ നല്‍കിയ പ്രത്യേകസംഭാവനകളും സിനിമയുടെ ഉയര്‍ച്ചക്കും പുരോഗതിക്കും വേണ്ടി നടത്തിയിട്ടുള്ള ത്യാഗങ്ങളും പോരാട്ടങ്ങളും പരിഗണിച്ച് തവളപിടിത്തക്കാരനായ കപ്പാട് ശശാങ്കന് പ്രേക്ഷകശ്രീ പുരസ്കാരം നല്‍കാനും പൊന്നാട അണിയിച്ച് അദരിക്കാനും ചലച്ചിത്രപ്രവര്‍ത്തകരുടെ സംഘനകളുടെ ഏകോപനസമിതിയോഗം തീരുമാനിച്ചു. ഈ വര്‍ഷം ഇറങ്ങിയ എല്ലാ മലയാള സിനിമകളും തിയറ്ററില്‍ മുഴുവന്‍ സമയവും ഇരുന്ന് കണ്ടയാളെന്ന നിലയില്‍ ശശാങ്കനെ ധീരതയ്ക്കുള്ള അവാര്‍ഡിനു നാമനിര്‍ദേശം ചെയ്യാനും തീരുമാനമായി.

ശശാങ്കന്റെ പ്രവര്‍ത്തനങ്ങള്‍ മൊത്തത്തില്‍ മലയാള സിനിമയുടെ റൌഡി വര്‍ധിപ്പിച്ചെങ്കിലും പ്രമാണി, താന്തോന്നി, ജനകന്‍ എന്നീ സിനിമകള്‍ കണ്ട ഒരേയൊരാള്‍ എന്ന നിലയ്ക്കാണ് ശശാങ്കനെ ആദരിക്കുന്നത്. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും എതിര്‍പ്പും ഭീഷണിയും വകവയ്ക്കാതെയാണ് ശശാങ്കന്‍ ഈ മുന്നു സിനിമകളും കണ്ടത് എന്നത് ജൂറിയുടെ പ്രത്യേകപരാമര്‍ശത്തിനു കാരണമായി.

മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളെ ഉള്‍പ്പെടുത്തി ശശാങ്കന്‍ ഫാന്‍സ് അസോസിയേഷന്‍ രൂപീകരിക്കുമെന്ന് ഓള്‍ കേരള തിയറ്റര്‍ ഓപ്പറേറ്റേഴ്സ് അസോസിയേന്‍ വ്യക്തമാക്കി. ഇനിയിറങ്ങാനിടയുള്ള സിനിമകളുടെ ടൈറ്റിലില്‍ ശശാങ്കന് നന്ദി എഴുതിക്കാണിക്കമെന്നും ഇത് ശശാങ്കനെപ്പോലെ കൂടുതല്‍ ആളുകളെ തിയറ്ററിലേക്ക് ആകര്‍ഷിക്കുമെന്നും അസോസിയേഷന്‍ അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

തന്റെ നേട്ടത്തെപ്പറ്റി ശശാങ്കന്‍ ബെര്‍ളിത്തരങ്ങളോടു പറഞ്ഞത്: ”സത്യത്തില്‍ ഇത്ര വലിയ ഒരു കാര്യമാണ് ഞാന്‍ ചെയ്തതെന്ന് ഇപ്പോഴാണ് മനസ്സിലായത്. അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ട്, എന്നാല്‍ അവാര്‍ഡിനു വേണ്ടിയല്ല ഞാന്‍ സിനിമകള്‍ കണ്ടത്. ചെറുപ്പം മുതല്‍ സിനിമകള്‍ കാണുമായിരുന്നു. നാലാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ എട്ടു കിലോമീറ്റര്‍ ദൂരെയുള്ള തിയറ്ററില്‍ ഓട്ടോ പിടിച്ചു പോയി ഞാന്‍ അവളുടെ രാവുകള്‍ കണ്ടിട്ടുണ്ട്. പിന്നെ, മമ്മൂട്ടിയും മോഹന്‍ലാലും വന്നതില്‍ പിന്നെ അവരുടെ എല്ലാ സിനിമകളും കണ്ടു തുടങ്ങി. അതങ്ങനെ ഒരു ശീലമായി. ഇതിപ്പോള്‍ ഈയിടെയിറങ്ങിയ പ്രമാണി, താന്തോന്നി, ജനകന്‍ എന്നീ സിനിമകള്‍ മുഴുവനും കണ്ടതിനാണ് അവാര്‍ഡ് കിട്ടിയിരിക്കുന്നത്. ആ സിനിമകള്‍ കാണാന്‍ പോകുമ്പോള്‍ തന്നെ അടുത്ത സുഹൃത്തുക്കള്‍ തടഞ്ഞിരുന്നു. പക്ഷെ, അതൊന്നും വക വയ്ക്കാതെയാണ് ഞാന്‍ സിനിമകള്‍ കണ്ടത്.”

ശശാങ്കന്റെ നേട്ടത്തെപ്പറ്റി ഭാര്യ പറയുന്നത്: ”ചേട്ടന്‍ തിയറ്ററില്‍ പോയി ഈ സിനിമയൊക്കെ കണ്ടിട്ടു വരുമ്പോള്‍ ഞാനാണ് എന്നും കട്ടന്‍കാപ്പി തിളപ്പിച്ചു കൊടുക്കാറുള്ളത്. തിയറ്ററില്‍ പോയി ചേട്ടന്‍ എന്താണ് കാണുന്നതെന്ന് ഞാനിപ്പോള്‍ അന്വേഷിക്കാറില്ല. ചേട്ടനിപ്പോള്‍ അവാര്‍ഡ് കിട്ടിയിരിക്കുന്ന ആ സിനിമകള്‍ കണ്ടിട്ടു വന്ന ദിവസം ഒന്നും മിണ്ടാതെ കയറി കിടക്കുകയായിരുന്നു. ഞാന്‍ ചോദിച്ചപ്പോള്‍ എന്നോടൊന്നും ചോദിക്കരുത് എന്നു മാത്രമാണ് പറഞ്ഞത്. ഇതിനു മുമ്പ് സാഗര്‍ എലിയാസ് ജാക്കി, മായാബസാര്‍, ആഗതന്‍ തുടങ്ങിയ സിനിമകള്‍ കണ്ടിട്ടു വന്നപ്പോഴാണ് ചേട്ടനെ ഞാന്‍ അങ്ങനെ കണ്ടിട്ടുള്ളത്. പിന്നെ കുറെ ദിവസം ചേട്ടന്‍ വീട്ടില്‍ തന്നെയിരുന്ന് സാഗര്‍ എലിയാസ് ജാക്കിയുടെയും മായാബസാറിന്റെയും സിഡികള്‍ പലതവണ മാറി മാറി കാണും. അങ്ങനെയാണ് നോര്‍മലാകുന്നത്”

ശശാങ്കന്റെ നേട്ടത്തെപ്പറ്റി പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്:”ശശാങ്കനെപ്പോലുള്ള 1000 പേരുണ്ടായിരുന്നെങ്കില്‍ ഇവിടെ മലയാള സിനിമകള്‍ വിജയിച്ചേനെ എന്നാണ് എനിക്കു തോന്നുന്നത്. ഞാന്‍ ഒരിക്കല്‍ നമ്മുടെ കവിത തിയറ്ററില്‍ എലിപ്പനി ബോധവല്‍ക്കരണ സ്ലൈഡ് കൊടുക്കാന്‍ പോയപ്പോള്‍ അവിടെ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ദേ ഇങ്ങോട്ടു നോക്കിയേ എന്ന സിനിമ കളിക്കുന്നു. സിനിമ തീരാറായ സമയം. തിയറ്ററിനുള്ളില്‍ ശശാങ്കന്‍ മാത്രം. ഞാന്‍ വിസ്മയത്തോടെ നോക്കി നിന്നു. എന്നാല്‍ അതൊന്നുമല്ല എന്നെ അദ്ഭുതപരതന്ത്രനാക്കിയത്. സിനിമ കഴിഞ്ഞതും ശശാങ്കന്‍ സീറ്റില്‍ നിന്ന് എണീറ്റ് നിന്ന് രണ്ട് മിനിട്ട് കയ്യടിച്ച ശേഷം മെത്രാനച്ചന്റെ മോതിരം മുത്തിയേച്ചു പോകുന്ന കന്യാസ്ത്രീയെപപ്പോലെ വിനയത്തോടെ പുറത്തേക്കു നടക്കുന്നു. ബാലചന്ദ്രമേനോനെങ്ങാനും കണ്ടിരുന്നെങ്കില്‍ കെട്ടിപ്പിടിച്ച് രണ്ടു കവിളിലും ഓരോ കടിയങ്ങു വചച്ചു കൊടുത്തേനെ”

മലയാള സിനിമയുടെ രക്ഷയ്ക്ക് പ്രേക്ഷകരെ തിയറ്ററിലെത്തിക്കുക എന്നതല്ലാതെ മറ്റു വഴികളില്ലാത്തിനാല്‍ തിയറ്ററില്‍ എത്തുന്നവര്‍ക്ക് സൌജന്യമായി ഉച്ചഭക്ഷണം, കുട്ടികള്‍ക്ക് ഐസ്്ക്രീം എന്നിവ വിവിധ സ്ഥാപനങ്ങളെ കൊണ്ട് സ്പോണ്‍സര്‍ ചെയ്യിക്കാന്‍ നിര്‍ദേശം വന്നിട്ടുണ്ട്. എന്നാല്‍, ശശാങ്കന്‍ ഉള്‍പ്പെടെ മലയാള സിനിമ കാണാന്‍ തിയറ്ററുകളിലെത്തുന്നവര്‍ക്ക് സൌജന്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം ഇതുവരെ പരിഗണിച്ചിട്ടില്ല. അതേ സമയം, ചില തിയറ്റര്‍ ഉടമകള്‍ പ്രേക്ഷകരെ ആകര്‍ഷിക്കാനായി തിയറ്ററില്‍ മദ്യം വിളമ്പുന്നതിനെതിരെ ഒരുവിഭാഗം പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.

ഐപിഎല്‍ ചോദ്യപേപ്പര്‍

കേരളത്തിന്റെ ഐപിഎല്‍ ടീമിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കുന്നതിന് കേരളാ ഐപിഎല്‍ പ്ളേയേഴ്സ് ട്രേഡ് യൂണിയന്റെ നിര്‍ദേശപ്രകാരം പിഎസ്സി പ്രത്യേക പരീക്ഷയ്ക്കു വേണ്ടി തയ്യാറാക്കിയ ചോദ്യപേപ്പര്‍ എന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് ആരാധകര്‍ക്കു വേണ്ടി ഞാന്‍ ചോര്‍ത്തിയെടുത്തിരിക്കുന്നു. ഇനി ഇതിന്റെ ഭവിഷ്യത്തുകള്‍ എന്തൊക്കെയായിരിക്കുമെന്ന് എനിക്കറിയില്ല. എന്തായാലും ഈ ചോദ്യപേപ്പര്‍ വായിച്ച് ഉത്തരങ്ങള്‍ നേരത്തേ മനസ്സിലാക്കി കേരളത്തിന്റെ ഐപിഎല്‍ ടീമില്‍ അംഗത്വം നേടാന്‍ എല്ലാവരോടും ഞാന്‍ ആഹ്വാനം ചെയ്യുന്നു.

കേരളാ ഐപിഎല്‍ ചോദ്യപേപ്പര്‍
(എല്ലാ ഉത്തരങ്ങള്‍ക്കും 5 മാര്‍ക്ക് വീതം)

1. ക്രിക്കറ്റില്‍ ആദ്യത്തെ സിക്സര്‍ അടിച്ച കളിക്കാരന്റെ ഭാര്യയുടെ വീടിരിക്കുന്ന സ്ഥലത്തിന് ഒരു ഇരട്ടപ്പേരുണ്ട്. എന്താണത് ?

2. ക്രിക്കറ്റു കളിക്കുമ്പോള്‍ വെയിലടിച്ചു പൊള്ളാതിരിക്കുന്നതിനു വേണ്ടി കളിക്കാര്‍ ദേഹത്തു തേയ്ക്കുന്ന സ്നോസെം ഏത് രാജ്യത്താണ് ഉണ്ടാക്കുന്നത് ?

3. ടിവിയിലെ ആദ്യത്തെ ക്രിക്കറ്റ് ലൈവ് സംപ്രേഷണത്തിനിടയില്‍ എത്ര ബ്രേക്കുകള്‍ ഉണ്ടായിരുന്നു ?

4. ക്രിക്കറ്റ് കളി നടക്കുമ്പോള്‍ മഴ പെയ്താല്‍ ഗ്രൌണ്ട് മൂടാനുപയോഗിക്കുന്ന ടാര്‍പോളിന്‍ എത്ര അടി നീളവും വീതിയുമുള്ളതാണ് ?

5. ക്രിക്കറ്റ് ബാറ്റ് നിര്‍മിക്കാനുപയോഗിക്കുന്ന മരത്തിന് 1980കളില്‍ വ്യാപകമായി പിടിപെട്ട രോഗം എന്താണ് ?

6. ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കുമ്പോള്‍ നിലം നികത്തുന്ന എന്‍ജിന്‍ വണ്ടിയുടെ സ്പെയര്‍ പാര്‍ട്സില്‍ ഇപ്പോള്‍ കിട്ടാനില്ലാത്തത് ഏതാണ് ?

7. ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സാധാരണ വളര്‍ത്തുന്ന പുല്ലിന് നല്ല വളമായി ഉപയോഗിക്കാവുന്നത് എന്താണ് ?

8. 1994ലെ വേള്‍ഡ് കപ്പില്‍ കടുത്ത ജലദോഷവും തുമ്മലും പിടിപെട്ട ന്യൂസീലാന്‍ഡ് താരം ആരാണ് ?

9. ബൌള്‍ ചെയ്യുമ്പോള്‍ കളിക്കാരന്റെ ശരീരത്തിലെ ഏതു ഭാഗത്താണ് ഏറ്റവുമധികം രക്തയോട്ടം ഉണ്ടാകുന്നത് ?

10. ഫീല്‍ഡിങ്ങിലുള്ള കളിക്കാരന്‍ ഒരു ബോള്‍ ക്യാച്ച് ചെയ്യുന്നതിനു 3 സെക്കന്‍ഡ് മുമ്പ് അയാളുടെ നെഞ്ചിടിപ്പ് എത്രയായിരിക്കും ?

11. തേര്‍ഡ് അംപയറുടെ ശാസ്ത്രീയനാമം എന്താണ് ?

12. കളിക്കിടെ ഗ്രൌണ്ടിലേക്കിറങ്ങുന്ന പെണ്ണുങ്ങള്‍ കളി കഴിഞ്ഞ് വീട്ടില്‍ ചെയ്യുമ്പോള്‍ എന്തു സംഭവിക്കും ?

13. കമന്റേറ്റര്‍മാര്‍ക്ക് മൂന്നരയുടെ ചായയോടൊപ്പം സാധാരണ നല്‍കാറുള്ള കടി ഏതാണ് ?

14. ബാറ്റ് കൊണ്ട് ബോളിനെ അടിക്കുമ്പോള്‍ ആ ബോള്‍ സ്പീഡില്‍ തെറിച്ചു പോകുമെന്നു കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ ആരാണ് ?

15. ബിസിസിഐ പ്രസിഡന്റിന് ഐസിഐസിഐയുള്ളത് ഏത് തരം അക്കൌണ്ടാണ് ?

ഇനിയുള്ള ചോദ്യങ്ങള്‍ കളിക്കാരുടെ ന്യൂമറിക്കല്‍ എബിലിറ്റിയും ലോജിക്കല്‍ റീസണിങ് ശേഷിയും പരിശോധിക്കാനുള്ളതാണ്. അതുകൊണ്ട് ബുദ്ധിപൂര്‍വം ആലോചിച്ച് തന്ത്രപൂര്‍വം മാത്രമേ ഉത്തരങ്ങള്‍ എഴുതാവൂ (എല്ലാ ഉത്തരങ്ങള്‍ക്കും 10 മാര്‍ക്ക് വീതം).

16. ഒരു ഡേനൈറ്റ് കളി ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്നു എന്നു കരുതുക. കളി തുടങ്ങുന്നതിനും അവസാനിക്കുന്നതിനുമിടയ്ക്ക് അംപയര്‍ 12 തവണ മൂത്രമൊഴിക്കാന്‍ പോയി. കളി രാത്രി 11 മണിയോടെ അവസാനിച്ചു. അങ്ങനെയാണെങ്കില്‍ അംപയര്‍ ഷുഗറിന് കഴിക്കുന്ന ഗുളിക ഏതായിരിക്കും ?

17. ഒരു ബൌളര്‍ തന്റെ ആദ്യത്തെ 5 ഓവറുകള്‍ക്ക് വഴങ്ങിയ റണ്‍സ് യഥാക്രമം 12, 34, 10, 8, 14 എന്നിങ്ങനെയാണെങ്കില്‍ അയാളുടെ പത്താമത്തെ ഓവറില്‍ നാലാമത്തെ ബോള്‍ ഫോര്‍ ആയിരിക്കുമോ സിക്സ് ആയിരിക്കുമോ ?

18. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ അടിച്ച ഒരു പന്ത് ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ഗാലറിയിലെ നാലാമത്തെ നിരവരെ പോയെങ്കില്‍ സച്ചില്‍ 140 കിലോമീറ്റര്‍ വേഗത്തില്‍ അടിക്കുന്ന ഒരു പന്ത് ദില്ലിയെ ഫിറോസ് ഷാ കോട്ട്ല സ്റ്റേഡിയത്തിന്റെ എവിടം വരെ പോകും ?

19. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന് 12 വയസ്സുള്ളപ്പോള്‍ പാക്കിസ്ഥാന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന് 16 വയസ്സായിരുന്നു എന്നു കരുതുക. ഇന്ത്യന്‍ ടീം ക്യാപ്റ്റന്റെ മുപ്പതാം പിറന്നാള്‍ അടുത്ത ബുധനാഴ്ചയാങ്കില്‍ ഓസ്ട്രേലിയന്‍ ടീം ക്യാപ്റ്റന്റെ കാറിന്റെ നമ്പര്‍ എത്രയാണ് ?

20. 50 ഓവര്‍ വീതമുള്ള മാച്ചില്‍ കളി തീരുമ്പോള്‍ ബാറ്റിങ് ടീമിലെ 11 പേരും ഔട്ടായെകില്‍ 79 ഓവര്‍ ഉള്ള കളിയില്‍ ടീമില്‍ നിന്നും എത്ര പേര്‍ ഔട്ടായേനെ ?

(ഈ പരീക്ഷയില്‍ എല്ലാ ഉത്തരങ്ങളും ശരിയായി എഴുതുന്നവര്‍ക്ക് യൂണിയന്‍ ഓഫിസില്‍ വച്ച് റിഫ്രഷിങ് കോഴ്സിനു ശേഷം മാത്രമേ ഇന്റര്‍വ്യൂ ഉണ്ടായിരിക്കുകള്ളൂ)

ഐപിഎല്ലിലെ കള്ളക്കളി

“Three hundred years ago, it was spices and gold that brought the world to India. In the twenty-first century, Bollywood and cricket will take India to the world” – ഏത് മഹാന്റേതാണ് ഈ വാക്കുകള്‍ എന്നു ചോദിച്ചാല്‍ ചൂണ്ടിക്കാണിക്കാനൊരാള്‍ നമ്മുടെ മുന്നിലില്ല. ഇനിയും കണ്ടുപിടിക്കേണ്ട ഒരു മാഹാനാണ് എന്നു പറഞ്ഞാല്‍ തെറ്റില്ല. ഗെയിം ചേഞ്ചേഴ്സ് എന്ന പേരില്‍ ഈയിടെ പുറത്തിറങ്ങി ഇപ്പോള്‍ ചൂടപ്പം പോലെ വിറ്റുപോകുന്ന പുസ്തകത്തില്‍ ഇതുപോലെ വിലപിടിച്ച പല കണ്ടെത്തലുകളുമുണ്ട്. എഴുത്തുകാരന്റെ പേരു കേട്ടാല്‍ അറിയും- ഫേക് ഐപിഎല്‍ പ്ളേയര്‍ ! ഏത് ? നമ്മുടെ കഴിഞ്ഞ ഐപിഎല്ലില്‍ ഉള്ള തോന്ന്യാസങ്ങളെല്ലാം കൂടി ബ്ളോഗ് ചെയ്ത അജ്ഞാതനായ കളിക്കാരനോ ?

ഫേക് ഐപിഎല്‍ പ്ളേയര്‍ എന്ന പേരില്‍ കഴിഞ്ഞ സീസണില്‍ fakeiplplayer.blogspot.com എന്ന ബ്ളോഗിലൂടെ ഐപിഎല്‍ ക്രിക്കറ്റിന്‍റെ പിന്നാമ്പുറക്കഥകള്‍ പൊടിപ്പും തൊങ്ങലും വച്ച് എഴുതി പിടിച്ചിച്ച് ഒറ്റ മാസം കൊണ്ട് ലക്ഷക്കണക്കിനു വായനക്കാരെ സമ്പാദിച്ച അജ്ഞാതനായ ബ്ളോഗര്‍ ഗെയിം ചേഞ്ചേഴ്സ് എന്ന പേരില്‍ ക്രിക്കറ്റും ബോളിവുഡും അതിന്റെ നേര്‍ത്ത ഇടനാലികളെ സംഭവബഹുലമായ തുടര്‍ക്കഥകളും രസകരമായ ഭാഷയില്‍ വര്‍ണിക്കുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ കല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനോടൊപ്പം ‘സഞ്ചരിച്ചു’ കൊണ്ടായിരുന്നു ഫേക് ഐപിഎല്‍ പ്ലേയര്‍ അനുദിനം വായനക്കാരെ ത്രസിപ്പിക്കുന്ന പോസ്റ്റുകള്‍ എഴുതി വിട്ടത്. ഐപിഎല്‍ 2.0 എന്നതുപോലെ ഫേക് ഐപിഎല്‍ പ്ലേയര്‍ എന്ന ബ്ളോഗും അജ്ഞാതനായ ബ്ളോഗറും ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികളെ ആകര്‍ഷിച്ചു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ബ്ളോഗിലെ സന്ദര്‍ശകരുടെ എണ്ണം പ്രതിദിനം ഒന്നരലക്ഷം വരെയായി ഉയര്‍ന്നിരുന്നു എന്നത് തന്നെ അതിനു തെളിവ്.

ക്രിക്കറ്റ്, ബോളിവുഡ് എന്നീ രണ്ടു പ്രധാന വിപണികളുടെയും സംയുക്തസംരംഭം എന്ന ലേബലാണ് ഐപിഎല്ലിന്റെ വിപണി. അതു മുതലെടുത്തു കൊണ്ടാണ് ഫേക് ഐപിഎല്‍ പ്ളേയര്‍ എന്ന ബ്ളോഗിന്റെയും നിലനില്‍പ്. ഐപിഎല്‍ 3.0യുടെ മുന്നോടിയായി പുറത്തിറക്കിയ പുസ്തകത്തിനു നല്ല വലവേല്‍പാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോള്‍ ഡല്‍ഹിയില്‍ മാത്രം ലഭിക്കുന്ന പുസ്തകം വരുന്ന ആഴ്ചയോടെ മറ്റു സ്ഥലങ്ങളിലും ലഭിക്കും. 127 രൂപയാണ് വില. ഹാര്‍പര്‍ കോളിന്‍സ് പുറത്തിറക്കിയിരിക്കുന്ന പുസ്തകം ബ്ളോഗറുടെ അവസാന വിരുന്നാണ് എന്നു കരുതിയിരുന്നവര്‍ക്കു പക്ഷേ, തെറ്റി. ഐപിഎല്‍ 3.0 തുടങ്ങിയതോടെ ബ്ലോഗറും സജീവമായി. ഗൂഗിളിന്റെ സൌജന്യ ബ്ളോഗ് പ്ളാറ്റ്ഫോം ആയ ബ്ളോഗര്‍ ഡോട് കോമില്‍ നിന്നു സ്വന്തമായി ഒരു ഡൊമെയ്നിലേക്കു ബ്ളോഗ് മാറി എന്നതു തന്നെയാണ് പ്രധാന മാറ്റം. fakeiplplayer.com എന്ന വിലാസത്തില്‍ പുതുമകളോടെ ബ്ളോഗ് വായിക്കാം.

2009 ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങള്‍ക്കു ശേഷം ‘ഒളിവില്‍’ പോയ ബ്ളോഗര്‍ പിന്നെ പുസ്തകരചനയിലായിരുന്നു. 2010 ജനുവരിയിലാണ് പിന്നെ ബ്ളോഗില്‍ ഒരു പോസ്റ്റുണ്ടായത്. അതും ഒരേയൊരു പോസ്റ്റ്. അതാകട്ടെ ഇന്‍ഡിബ്ളോഗീസ് ഫേക് ഐപിഎല്‍ പ്ളേയറുമായി നടത്തിയ അഭിമുഖം. ക്രിക്കറ്റ് രാജാക്കന്‍മാര്‍ പഠിച്ച പണിയെല്ലാം പയറ്റിയിട്ടും കണ്ടുപിടിക്കാനാവാത്ത അജ്ഞാതബ്ളോഗര്‍ ആരാണെന്ന അന്വേഷണം തന്നെയാണ് അഭിമുഖത്തിന്റെ ആദ്യവുമുണ്ടായത്. താനൊരു ക്രിക്കറ്റ് കളിക്കാരനല്ല, ക്രിക്കറ്റ് ആരാധകന്‍ മാത്രമാണെന്ന് പയുന്ന ബ്ളോഗര്‍ ആരാണെന്ന് ഇങ്ങനെ വിവരിക്കുന്നു: From the Kings of Bollywood to the pimps of cricket and vice-versa”, an experience that converted him into “an insider, the the fly on the wall, the ghost in the darkness.”

ക്രിക്കറ്റില്‍ നിന്നും ബോളിവുഡില്‍ നിന്നും താന്‍ സമാഹരിച്ച കഥകളെല്ലാം സമയോചിതമായി ബ്ളോഗില്‍ പ്രസിദ്ധീകരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ബ്ളോഗര്‍ പറയുന്നു. ഓരോ ദിവസത്തെയും കളിയെ സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളില്‍ നിന്നും മനസ്സിലാക്കി കയ്യിലുള്ള കഥകളും പുതിയ വാര്‍ത്തകളും കൂട്ടിച്ചേര്‍ത്ത് പോസ്റ്റുകളാക്കി. ആദ്യം നാലു സുഹൃത്തുക്കള്‍ മാത്രമായിരുന്നു ബ്ളോഗിന്റെ വായനക്കാര്‍. പിന്നീട് എണ്ണം മെല്ലെ വര്‍ധിച്ചുു. പത്തായി നൂറായി, ആയിരമായി. കണ്ണടച്ചു തതുറക്കും മുമ്പേ ബ്ലോഗിലെ സന്ദര്‍ശകരുടെ എണ്ണം ഒന്നരലക്ഷത്തോളമായി. ടീമിനുള്ളില്‍ നിന്നല്ല താന്‍ ബ്ളോഗ് ചെയ്യുന്നതെന്ന് ആരും വിശ്വസിക്കാത്ത സാഹചര്യത്തിലും തന്റെ ബ്ളോഗ് കാരണം ടീമിലെ ആര്‍ക്കെങ്കിലും അപകടമുണ്ടാകാതിരിക്കാനും ശ്രദ്ധിച്ചിരുന്നതായി ബ്ളോഗര്‍ പറയുന്നു. ഇടയ്ക്ക് ആകാശ് ചോപ്രയെയും സഞ്ജയ് ബാംഗാറിനെയും ടീമില്‍ നിന്നു മടക്കി അയച്ചപ്പോള്‍ രണ്ടു മൂന്നു ദിവസം താന്‍ എഴുത്തു നിര്‍ത്തിയെന്നും ഇരുവരും മടക്കി അയക്കപ്പെട്ടത് ബ്ളോഗിന്റെ പേരിലല്ല എന്നുറപ്പു വരുത്തിയതിനു ശേഷമാണ് ബ്ളോഗിങ് തുടര്‍ന്നതെന്നും അഭിമുഖത്തില്‍ പറയുന്നു.

ക്രിക് ഇന്‍ഫോയിലെ ജോര്‍ജ് ബിനോയിയുടെ കോളവും പ്രേം പണിക്കരുടെ ട്വിറ്റര്‍ അപ്ഡേറ്റുകളുടെയും ആരാധകനായ ഫേക് ഐപിഎല്‍ പ്ളേയര്‍ക്ക് തന്റെ ആരാധകരുടെ എണ്ണം കണ്ട് ‘മതിഭ്രമം’ തോന്നിയിട്ടില്ല. ബ്ളോഗ് ആണ് തനിക്കു പുസ്കമെഴുതാനുള്ള ധൈര്യം തന്നതെന്നു പറയുന്ന ബ്ളോഗര്‍ കമന്റുകളിലൂടെ വായനക്കാര്‍ തന്നെ നിയന്ത്രിച്ചിരുന്നു എന്നും കൂട്ടിച്ചേര്‍ക്കുന്നു. ഈ ഐപിഎല്ലില്‍ എന്തു നിലപാടെടുക്കണം എന്നു തീരുനിച്ചിട്ടില്ല എന്നാണ് അഭിമുഖത്തില്‍ പറയുന്നത്. എന്നാല്‍ പുതിയ സൈറ്റില്‍ പുതുമയുള്ള പരിപാടികളുമായി ബ്ളോഗര്‍ പിന്നെയും ജനങ്ങളെ ആകര്‍ഷിക്കുകയാണ്. മാര്‍ച്ച് 11ന് പുസ്തകപ്രകാശനത്തിനു ശേഷം 12ന് വായനക്കാരുമായി തല്‍സമയ ചാറ്റ് ആയിരുന്നു പരിപാടി. തുടര്‍ന്ന് ഏറ്റവും ഒടുവില്‍ ട്വിറ്റര്‍ അക്കൌണ്ട് തുടങ്ങി twitter.com/@_fakeiplplayer ഈ ഐപിഎല്ലും സജീവമാക്കാനുള്ള പുതിയ നീക്കത്തിലാണ് ബ്ളോഗര്‍. കളി കാണാന്‍ കിടക്കുന്നതേയുള്ളൂ എന്നു ചുരുക്കം.