ആത്മീയയാത്ര

[2015 ഏപ്രില്‍. നയി ദില്ലിയിലെ ഒരു ഭവനം]

മോനേ… ദേ ആരാ വന്നിരിക്കുന്നതെന്നു നോക്യേ…

ആരാണ് മാതാശ്രീ ? ആരായാലും പുറത്ത് ഉപവിഷ്ടനായി അല്‍പനേരം ധ്യാനിക്കാന്‍ പറയൂ.. ഇപ്പോള്‍ എന്റെ ധ്യാനത്തിന്റെ സമയമാണെന്നറിയില്ലേ ?

കേരളത്തീന്ന് ആന്റണിയാ മോനേ… നീ ഇങ്ങോട്ടു വന്നേ…

ആന്റണി… പെരുമ്പാവൂരാണോ ?

എന്താ മോനേ നീയിങ്ങനെ ? … നമ്മുടെ സ്വന്തം ആന്റണി… നിന്റെ ആന്റങ്കിള്‍… കുട്ടിയായിരുന്നപ്പോള്‍ നീ എത്രയോ ദിവസങ്ങള്‍ പുള്ളിയോടൊപ്പം ആന്റും എലിഫന്റും കളിച്ചിട്ടുള്ളതാ… എല്ലാം നീ മറന്നോ ?

എന്റെ ബോധമണ്ഡലത്തില്‍ മറ്റാരുമില്ലമ്മേ… ഞാനും ഈശ്വരനും മാത്രം.. അവിടെ ഞങ്ങള്‍ തമ്മില്‍ നടത്തുന്ന ആശയവിനിയത്തിനിടയില്‍ ആനയും ഉറുമ്പുമൊന്നുമില്ലമ്മേ…

എനിക്കൊരുമാതിരി ചൊറിഞ്ഞു കേറുന്നുണ്ട് കേട്ടോ…

ചൊറിച്ചില്‍ ഒന്നിനുമൊരു പരിഹാരമല്ലമ്മേ…

ഡാ, ഇങ്ങോട്ടു നോക്കിയേ.. ഇങ്ങോട്ടു നോക്കാന്‍..

ധ്യാനത്തിലിരിക്കുമ്പോള്‍ കണ്ണു തുറക്കാന്‍ പാടില്ലമ്മേ…

നിന്റെ മടിയും പേടിയുമൊക്കെ മാറി മിടുക്കനാവാന്‍ വേണ്ടിയാ നിന്നെ ഞാന്‍ മ്യാന്‍മറില്‍ ധ്യാനത്തിനു വിട്ടേ.. അല്ലാതെ ഇവിടെ ഫുള്‍ടൈം മുറിക്കകത്തു കേറിയിരുന്നു ധ്യാനിക്കാന്‍ വേണ്ടിയല്ല…

അമ്മ ശ്രീബുദ്ധനെപ്പറ്റി കേട്ടിട്ടില്ലേ… ബുദ്ധഭഗവാന്‍ ഇതുപോലെ ധ്യാനത്തിലിരുന്നപ്പോഴാണ് ബോധോദയമുണ്ടായത്… സെയിം ധ്യാനമാണ് മാസങ്ങളായി ഞാന്‍ ധ്യാനിച്ചുകൊണ്ടിരിക്കുന്നത്…

എടാ അതിനു ബോധം വേണ്ടേ ഉദിക്കാന്‍ ?

അമ്മയും മ്യാന്‍മറിലേക്കു പോകൂ.. ചേച്ചിയേം അവള്‍ടെ കൂളിങ് ഗ്ലാസ് ഫ്രീക്ക് കെട്ടിയോനേം കൊണ്ടുപോകൂ.. കുടുംബത്തോടെ നമുക്ക് നന്നാവാം അമ്മേ… നമുക്ക് ആത്മീയ പാതയിലേക്കു തിരിയാം…

ഒറ്റക്കീറു വച്ചു തന്നാലുണ്ടല്ലോ… അവന്റെയൊരു ആത്മീയപാത.. ഡാ നിന്നെപ്പറ്റി നാട്ടുകാര്‍ പറയുന്നതെന്താണെന്നറിയാമോ… താടിയങ്കിളിനെ പേടിച്ചു നീ നാടുവിട്ടതാണെന്ന്… കേരളത്തിലെ നമ്മടെ പാര്‍ട്ടിക്കാരു പോലും നീ ഒളിച്ചുപോയെന്നാ പറഞ്ഞത്… അവരെയെല്ലാം പാര്‍ട്ടീന്നു പുറത്താക്കി…

അവര്‍ക്കു മാപ്പു നല്‍കൂ അമ്മേ…

അവര്‍ക്കു കോപ്പാ കൊടുക്കുന്നേ.. ഡാ നീ കണ്ണു തുറക്കുന്നുണ്ടോ ഇല്ലയോ…

ഞാന്‍ ബോധോദയം കാത്തിരിക്കുകയാണമ്മേ… എന്നെ ശല്യപ്പെടുത്തരുത്… ദിവസം 10 മണിക്കൂര്‍ വരെ കണ്‍ടിന്യൂസ് ആയി ധ്യാനിക്കണമെന്നാ ഗുരു പറഞ്ഞിരിക്കുന്നത്…

മോനേ… നീയിങ്ങനെ ഇരുന്നാല്‍ പാര്‍ട്ടി കാര്യങ്ങളാരു നോക്കും… അടുത്ത ഇലക്ഷന് ഇനി നാലു വര്‍ഷം കൂടിയേ ഉള്ളൂ…നിനക്കു ജയിക്കണ്ടേ… ഈ നാടു മുഴുവന്‍ ഭരിക്കണ്ടേ ?

ആശയാണമ്മേ എല്ലാ ദുഖങ്ങള്‍ക്കും കാരണം…

ആരെടാ അവള്‍… ? ആന്റൂ.. ഇവന്റെ പഴയ കറക്കുകമ്പനീല്‍ ആശേന്നു പേരുള്ള ആരെങ്കിലുമൊണ്ടോന്ന് അന്വേഷിച്ചേ… അവളാണേ്രത ഇവനെ ഈ കോലത്തിലാക്കിയത്… എന്റെ മാതാവേ… ഞാനിതെങ്ങനെ സഹിക്കും…എങ്ങനെ നടന്ന കൊച്ചാ… അന്നാ ഇഷ്ടിക ചുമന്നതും പത്രസമ്മേളനത്തില്‍ ഇരച്ചു കയറിച്ചെന്നതും കേരളത്തില്‍ പോയി പൊറോട്ട തിന്നതുമൊക്കെ ഇന്നലേം കൂടി ഞാനും നിന്റെ ചേച്ചീം കൂടി പറഞ്ഞു കൊറേ ചിരിച്ചു, അല്ല കരഞ്ഞു… എന്റെ മോനേ നീയൊന്നുണര്… രാജ്യം നിനക്കായി കാത്തിരിക്കുകയാണ്…

പഴയതെല്ലാം ഞാന്‍ മറന്നു അമ്മേ.. ഞാനിന്നൊരു പുതിയ മനുഷ്യനാണ്… ബോധോദയത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്..

മീന്‍ വെട്ടുന്ന കത്തിയാ എന്റെ കയ്യിലിരിക്കുന്നത്, ഒറ്റക്കുത്തു വച്ചു തന്നാലുണ്ടല്ലോ….

നാറും അമ്മേ… മല്‍സ്യത്തെ വധിച്ച് അതിന്റെ മാസം വേവിച്ച് കഴിക്കാന്‍ അമ്മയ്ക്കു ലജ്ജയില്ലേ ? ഇനിയെങ്കിലും അംഹിസയുടെ പാതയിലേക്കു വരൂ അമ്മേ..

ഉണ്ട… അടുത്ത തിങ്കളാഴ്ച പാര്‍ട്ടി മീറ്റിങ്ങുണ്ട്.. എല്ലാവരും നിന്നെ കാണാന്‍ വേണ്ടി കാത്തിരിക്കുവാ.. അതിന്റെ ബ്രീഫിങ്ങിനു വന്നതാ ആന്റങ്കിള്‍…

ബീഫ് നിരോധിച്ചെന്നു പറഞ്ഞിട്ട് ?

ബീഫല്ലെടാ പൊട്ടാ.. ബ്രീഫ് ബ്രീഫ്..

ഞാനിപ്പോ ബ്രീഫ് ഉപയോഗിക്കാറില്ലമ്മേ.. എല്ലാത്തരം ബന്ധനങ്ങളില്‍ നിന്നും ഞാന്‍ മോചിതനായി…

പാര്‍ട്ടി മീറ്റിങ്ങിനു ചെന്നിട്ട് ഇമ്മാതിരി മണകൊണാഞ്ചന്‍ വര്‍ത്താനം പറഞ്ഞാല്‍ നിന്റെ കാലു ഞാന്‍ തല്ലിയൊടിക്കും…

അടുത്ത തിങ്കളാഴ്ച ഞാന്‍ മ്യാന്‍മറിലായിരിക്കും അമ്മേ… അവിടെ എനിക്കൊരു ആത്മവിശുദ്ധീകരണ ധ്യാനമുണ്ട്… ധ്യാനത്തിന്റെ വിശുദ്ധി നഷ്ടപ്പെടാതിരിക്കണമെങ്കില്‍ കൃത്യമായ ഇടവേളകളില്‍ ഈ വിശുദ്ധീകരണ ധ്യാനങ്ങള്‍ കൂടണം… ഇനിയങ്ങോട്ട് എല്ലാ തിങ്കഴാള്ചകളിലും ഞാന്‍ മ്യാന്‍മറിലായിരിക്കും…

ആന്റൂ… ഒന്നിങ്ങോട്ടു വന്നേ.. ഞാന്‍ മടുത്തു… ഈ ചെക്കനു പ്രാന്തായെന്നാ തോന്നുന്നേ.. ഇനീം ഞാനിവിടെ നിന്നാല്‍ ഇവനെ വല്ലോം ചെയ്യും..

ശാന്തി അമ്മേ, ശാന്തി…

ആശ, ശാന്തി… നീയിങ്ങനെ പെണ്ണുങ്ങളുടെ പേരും മനപാഠം പറഞ്ഞോണ്ടിരുന്നോ…നന്നാവരുത്…

മോനേ… ഞാനാടാ ആന്റങ്കിള്‍…

പറയൂ അങ്കിള്‍… എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ?

കഷ്ടത്തിലാണ് മോനേ… മോനിവിടുന്നു പോയതോടെ പാര്‍ട്ടി നാഥനില്ലാത്ത അവസ്ഥയിലായി…. നേതാക്കന്‍മാര്‍ക്കു പോലും വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങി… രാജ്യത്ത് മറ്റവരുടെ ഏകാധിപത്യമാണ്… നമുക്കൊന്നും ചെയ്യാന്‍ പറ്റുന്നില്ല…

അങ്കിളെന്തൊക്കെയാണ് പറയുന്നത്… ഞാന്‍ ചോദിച്ചത് ആത്മീയകാര്യങ്ങളാണ്… ദൈവത്തിന്റെ കാര്യങ്ങള്‍…

ഞാനൊരു നിരീശ്വര വാദിയാണ്… മോന്‍ ഇനിയെങ്കിലും പാര്‍ട്ടി കാര്യങ്ങള്‍ ശ്രദ്ധിക്കണം.. തിങ്കഴാള്ചത്തെ മീറ്റിങ്ങിനു വരണം… മഹാരാഷ്ട്രയിലെ ബീഫ് നിരോധനം മുതല്‍ ഒരുപാടു വിഷയങ്ങളില്‍ നമുക്ക് സമരം നടത്തേണ്ടതുണ്ട്…

ബീഫ് നിരോധം രാജ്യം മുഴുവന്‍ വേണമെന്നാവശ്യപ്പെട്ടാണെങ്കില്‍ സമരത്തിനു ഞാനും വരാം… ബീഫിനെ മാത്രമല്ല, ജീവനുള്ള ഒന്നിനെയും കൊല ചെയ്തു കഴിക്കാന്‍ പാടില്ല..

അപ്പോ പണ്ടു കേരളത്തില്‍ വന്നു തട്ടുകടേന്നു പൊറോട്ടയും ബീഫും തട്ടിയതു മറന്നോ ?

ഞാനിന്നൊരു പുതിയ മനുഷ്യനാണ്… പഴയതൊന്നും എന്നെ ഓര്‍മിപ്പിക്കേണ്ട..

കേരളത്തിലേക്കൊക്കെ ഒന്നു വരണം.. പാര്‍ട്ടിക്ക് കുറച്ചെങ്കിലും ശക്തിയുള്ളത് അവിടെയാണ്…

ഞാന്‍ മ്യാന്‍മറിലായിരിക്കുമ്പോള്‍ ഒരാഴ്ച റഷ്യയിലെ പുടിനും എന്നോടൊപ്പം ധ്യാനത്തിലുണ്ടായിരുന്നു.. അപ്പോഴാണ് കേരളത്തിലെ ബജവതരണം ടിവിയില്‍ കണ്ടത്…

ധ്യാനത്തിലായിരുന്നെങ്കിലും ന്യൂസ് ചാനല്‍ ഒക്കെ കാണുമായിരുന്നോ ?

ഹേയ്.. ഇത് ഗുസ്തി ചാനലിലാ.. ഡബ്ല്യുഡബ്ല്യുഇയില്‍… ആത്മനിയന്ത്രണം പരിശീലിപ്പിക്കാന്‍ വേണ്ടി കാണിക്കുന്നതാ.. അപ്പോള്‍ മാണിസാറിനെ ഞാന്‍ പുടിനു കാണിച്ചുകൊടുത്തു… മൂപ്പര്‍ക്ക് ആളെ ഇഷ്ടായി.. അവിടുത്തെ ആഭ്യന്തരമന്ത്രിയായി വിളിച്ചാല്‍ ചെല്ലുമോ എന്നു ചോദിച്ചു…

കര്‍ത്താവേ…

അല്ല, നിരീശ്വരവാദിയാണെല്ലല്ലേ പറഞ്ഞത് ?

ഞാനെന്റെ കൂടെ സ്‌കൂളില്‍ പഠിച്ച ശ്രീധരന്‍ കര്‍ത്താവിനെ ഓര്‍ത്തതാ…

ങും… അപ്പോ പുടിന്‍ പറഞ്ഞു.. അവിടെ പണ്ടൊരു സാര്‍ ചക്രവര്‍ത്തിയുണ്ടായിരുന്നെന്ന്.. പേരിന്റെ കൂടെ സാര്‍ എന്നുള്ളതുകൊണ്ട് മാണിസാറിനെ അവിടത്തുകാര്‍ക്കിഷ്ടപ്പെടുമെന്ന്…

നല്ല സെലക്ഷനാ.. പക്ഷെ, പുടിന്റെ ഭാവി എന്താകൂന്നാ…

നല്ല മനുഷ്യനാ… നേരത്തേ ബോധോദയം വന്നയാളാ… ബൈ ദ ബൈ…ആന്റങ്കിള്‍ ഇപ്പോ വന്ന കാര്യം പറഞ്ഞില്ല ??

തിങ്കഴാഴ്ചത്തെ പാര്‍ട്ടി മീറ്റിങ്…

ഞാനന്നു മ്യാന്‍മറിലായിരിക്കും.. അതുകൊണ്ട് അതുവിട്…വേറെന്തെങ്കിലും ?

അല്ല, മോനിപ്പോള്‍ കൂടുതല്‍ സമയം ധ്യാനവും മറ്റുമാണല്ലോ… അതുപോര…

എനിക്കറിയാം.. രാജ്യത്തുടനീളം ധ്യാനകേന്ദ്രങ്ങള്‍ തുടങ്ങാനും ഞാനാലോചിക്കുന്നുണ്ട്…

അതല്ല, മോന്‍ പഴയപോലെ.. പൊറോട്ടയും മറ്റുമൊക്കെയായി…

അത് ശരി… എന്താണാ ബാഗില്‍ ?

ഒരു നാലു പൊറോട്ട.. പിന്നെ കുറച്ചു ബീഫ്… ചാറ് വേറെ എടുത്തിട്ടുണ്ട്…

ദുഷ്ടാ….. എന്നെ ഇങ്ങനെ അപമാനിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു ?

അല്ല മോനേ… അത് പിന്നെ, അത് ഇത്…

ആന്റങ്കിള്‍.. ഇതു വളരെ മൃഗീയവും പൈശാചികവുമായിപ്പോയി…

അയ്യോ, എന്നോടങ്ങനെ പറയല്ലേ…

പറയും…

പറയല്ലേ…

പറയുമെന്നല്ലേ പറഞ്ഞത്…

ഈശ്വരാ ഞാനിതെങ്ങനെ സഹിക്കും…

ഗെറ്റൗട്ട് ഹൗസ് അങ്കിള്‍..

എന്ത്ന്ന് ?

ഇംഗ്ലിഷിലല്ലേ പറഞ്ഞത്… എന്നാ ഹിന്ദീല്‍ പറയാം.. ഘര്‍വാപസി..

ഈശ്വരാാാാ !!

മോഡറേഷന്‍ മിഡില്‍ ഫിംഗര്‍

സാറേ…

ആരെടീ അത് ?

ഞാനാ സാറേ…

നിനക്കെന്തു പറ്റി ? വല്ലാതെ കിതയ്ക്കുന്നുണ്ടല്ലോ.. ഇവിടെ ഇരിക്കൂ.. ഞാന്‍ തടവിത്തരാം…

കിതയ്ക്കുന്നത് ഓടിയിട്ടല്ല… പിന്നെ, സാറു തടവണ്ട… തടവിയാല്‍…. ?

ഓ.. കണ്‍ട്രോള്‍ ഇല്ലാത്ത കുട്ടികള്‍ !… ശരി കാര്യം പറയൂ…

സാറ് പുതിയ പോസ്റ്റിന്റെ കമന്റ് ഒക്കെ നോക്കിയോ ?

കമന്റ് നോക്കാനും അപ്രൂവ് ചെയ്യാനുമൊക്കെയല്ലേടീ പെണ്ണേ നിന്നെ ഏല്‍പിച്ചിരിക്കുന്നത്… ഫോണില്‍ അതിന്റെ ആപ്പും ഡൗണ്‍ലോഡ് ചെയ്തു തന്നിട്ടില്ലേ ?

ആപ്പിനെ പറ്റി സാറിനി ഒന്നും പറയരുത്… പിന്നെ, ബ്ലോഗിലെ കമന്റ് ഞാന്‍ നോക്കുന്നുണ്ട് സര്‍… ഞാന്‍ പറഞ്ഞത്… ഫേസ്ബുക്കിലെ കമന്റ്‌സ്…

ഛെ, ഞാനതൊന്നും വായിക്കാറില്ല…

ഞാന്‍ വായിച്ചു… വായിച്ചിട്ട് സാറിനോടു പറയാന്‍ ഓടി വന്നതാ… ആ പോസ്റ്റ് അങ്ങു ഡിലീറ്റ് ചെയ്‌തേക്കട്ടെ ?

കഴുവേര്‍ട മോളെ… പോസ്റ്റില്‍ തൊട്ടാല്‍ കൊല്ലും ഞാന്‍… മേലില്‍ എന്റെ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്താല്‍ അറിയാല്ലോ… ശിക്ഷിക്കും ഞാന്‍.. ക്രൂരമായി…

ശ്ശൊ !… ഈ സാറിന്റെ ഒരു കാര്യം… ഒറ്റ ഇടി വച്ചു തരും കേട്ടോ…

എന്നാല്‍ നീ പൊക്കോ…

അതല്ല സാറേ… എല്ലാം ഭീകര കമന്റുകളാ…. ഞാനതില്‍ കുറെ ഡിലീറ്റ് ചെയ്യട്ടെ ? എന്റെ സാറിനെ ആരെങ്കിലും ചീത്ത പറയുന്നത് എനിക്കു സഹിക്കില്ല….

റിയലി ? ആളുകള്‍ എന്നെ ചീത്ത പറയുന്നുണ്ട് ?

ഉണ്ടോന്നോ ? കട്ടത്തെറിയല്ലേ ? കേജ്‌രിവാളിനെതിരെ എഴുതിയതില്‍ സത്യത്തില്‍ എനിക്കും സാറിനോട് ദേഷ്യമുണ്ട്…

യു ടൂ ബ്രൂട്ട്‌സ്‌മോള്‍ ? നീയും ആ ടൈപ്പ് ആണോ ? ബൈ ദ ബൈ.. ഞാന്‍ മിസ്റ്റര്‍ അരിവാളിനെതിരെ ഒന്നുമെഴുതിയില്ലല്ലോ… മൂപ്പരുടെ രാഷ്ട്രീയത്തെപ്പറ്റി എനിക്കു മനസ്സിലായ കാര്യങ്ങള്‍ പറഞ്ഞു… അത് ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു തന്നിട്ടുള്ള കാര്യമല്ലേ ? അഭിപ്രായസ്വാതന്ത്ര്യം… അതിനെ ചോദ്യം ചെയ്യാന്‍ ആരാണ് അവിടെയുള്ളത് ?

ഒത്തിരിപ്പേര്‍ ഉണ്ട്… തെറിയും പുച്ഛവും മിഡില്‍ ഫിംഗറും പിന്നെ കുറെ ഡിസ്‌ലൈക്കും….

ഹഹഹഹഹ….

ഹൊ !… ഇങ്ങനെ ചിരിക്കല്ലേ… എന്റെ കണ്‍ട്രോള്‍ പോവും ട്ടോ…

ശരി, ശരി…. അല്ല തെറിയുടെ ഒരു നിലവാരം എങ്ങനെ ?

ആവറേജ്…. ഒത്തിരിപ്പേര് Fuck you, Fuck you എന്നു പറഞ്ഞിട്ടുണ്ട്…

റിയലി ???? അതൊരു ഓഫറല്ലേ മോളെ… എങ്ങനെ തെറിയാവും ?

അതു തെറിയാണ്…

ഞാന്‍ നിന്നോട് സാരി വാങ്ങിത്തരാം… സാരി വാങ്ങിത്തരാം എന്നു പറഞ്ഞാല്‍ അത് നിനക്ക് തെറിയായി തോന്നുമോ ?

ഒരിക്കലുമില്ല സര്‍…

അതുപോലെ ഫക്ക് യൂ, ഫക്ക് യൂ എന്നു സ്ത്രീകള്‍ എന്നോടു പറയുമ്പോള്‍ അതൊരു തെറിയായി എനിക്കും ഫീല്‍ ചെയ്യില്ല…

പക്ഷെ സര്‍… അങ്ങനെ പറഞ്ഞിരിക്കുന്നതെല്ലാം ആണുങ്ങളാ… നോ ലേഡീസ്

നോ ലേഡീസ് ???… ഛെ, വഷളന്‍മാര്‍… അവരോട് ഞാനൊരു ഗേ അല്ലെന്നു പറഞ്ഞേക്കൂ… എന്താ ഈ തലമുറ ഇങ്ങനെ…

പിന്നെ, സാറെനിക്കു വാങ്ങിത്തരുന്നുണ്ടെങ്കില്‍ സാരി വേണ്ട… ഒരു ഡസന്‍ ലെഗ്ഗിങ്‌സ് മതി….

അതിട്ടോണ്ട് എന്റെ മുന്നില്‍ വരില്ലെന്നുറപ്പു തന്നാല്‍ വാങ്ങിത്തരാം….

താങ്ക്യു സര്‍… പിന്നെ സാറൊരു കോണ്‍ഗ്രസുകാരനാണെന്ന് എല്ലാവരും പറയുന്നു…

കഴിഞ്ഞയാഴ്ച എല്ലാവരും പറഞ്ഞത് ബിജെപിക്കാരനാണെന്നായിരുന്നു… അതിനു മുന്‍പിലത്തെ ആഴ്ച സിപിഎമ്മുകാരനെന്നും.. മൈന്‍ഡ് ചെയ്യേണ്ട..

ഒത്തിരിപ്പേര്‍.. ഡിസ്‌ലൈക്ക് ബട്ടണ്‍ എവിടെയാണെന്നും മറ്റും ചോദിച്ചിട്ടുണ്ട്…

ഇതാണ് ഇവരുടെ ഒരു കുഴപ്പം… ഫേസ്ബുക്കിന്റെ ഭരണഘടനയില്‍ ആ സാധനം ഇല്ല. ഭരണഘടനയില്‍ ഇല്ലാത്തതിനു വേണ്ടി വാശിപിടിക്കുന്നതാണോ ഇപ്പോഴത്തെ ഫാഷന്‍ ?

ഗാന്ധിജിയെയും ജയപ്രകാശിനെയും എകെജിയെയും പോലെയാണ് കേജ്‌രിവാള്‍ എന്നു പലരും പറഞ്ഞിട്ടുണ്ട്…

അതായത്…. റാഡിക്കലായ ഒരു മാറ്റമല്ല… ഹും…

സാറിന് ഇന്ത്യയെപ്പറ്റി ഒന്നും അറിയില്ലെന്നും ഇന്ത്യയെപ്പറ്റി കൂടുതല്‍ പഠിച്ചതിനു ശേഷമേ പോസ്റ്റിടാവൂ എന്നും ഒരാള്‍ പറഞ്ഞിട്ടുണ്ട്…

ആ ചങ്ങാതിയുടെ ലൊക്കേഷന്‍ ഏതാ ?

കുവൈറ്റ്…

വെരി ഗുഡ് !

കേജ്‌രിവാളിന്റെ രാഷ്ട്രീയത്തെപ്പറ്റി സാറിന് ഒരു ചുക്കും അറിയില്ലെന്നും ദില്ലിയിലെ സമകാലിക രാഷ്ട്രീയ അടിയൊഴുക്കുകളെ സാര്‍ അവഗണിക്കുകയാണെന്നും… സാര്‍ മള്‍ട്ടിനാഷന്‍ കമ്പനികളുടെ ഏജന്റാണെന്നും പലരും പറഞ്ഞിട്ടുണ്ട്..

അവരൊക്കെ ദില്ലിയിലെ ഇടത്തരക്കാരാണോ ?

അല്ല, ന്യൂസീലാന്‍ഡിലെയും ദുബായ്‌ലെയും ഖത്തറിലെയും യുഎസിലെയും വിവിധ മള്‍ട്ടിനാഷനല്‍ കമ്പനികളില്‍ ജോലി ചെയ്യുന്നവരാ…

ഹഹഹഹഹഹ…

ഇങ്ങനെ ചിരിക്കല്ലേ പൊന്നേ..

പോടി കള്ളീ !

അച്ചായാ പിന്നെ കുറെപ്പേര്‍… മിഡില്‍ ഫിംഗര്‍, മിഡില്‍ ഫിംഗര്‍ എന്നു പറഞ്ഞിട്ടുണ്ട്…

അത് ഇംഗ്ലിഷ് ബ്ലോഗുകളിലും സൈറ്റുകളിലുമൊക്കെ സായിപ്പന്‍മാര്‍ ഇടുന്ന കമന്റ് ആണ്… ഇന്ത്യന്‍ സംസ്‌കാരത്തില്‍ അങ്ങനൊരു പ്രതികരണമില്ല… സായിപ്പ് ട്രെയിനികളായ ഇന്ത്യക്കാര്‍ അടുത്ത കാലത്തായി അങ്ങനത്തെ കമന്റുകള്‍ ഇടുന്നുണ്ട്…

എന്നു വച്ചാല്‍ അത് നല്ല കമന്റാണോ ചീത്ത കമന്റാണോ ?

രണ്ടുമാണ്… മിഡില്‍ ഫിംഗര്‍ മാത്രം ഉയര്‍ത്തിക്കാട്ടുന്നത് വേറൊരു സംഗതിയുടെ സിംബലാണ്..

മനസ്സിലായി, മനസ്സിലായി…

മിടുക്കി… എന്റെ പോസ്റ്റ് വായിച്ചിട്ട് അവര്‍ക്കൊക്കെ ഭീകരമായ ഉത്തേജനമുണ്ടായി എന്നാണ് ആ കമന്റിലൂടെ അവര്‍ പറയുന്നത്.. അല്‍പം അശ്ലീലച്ചുവയുണ്ടെങ്കിലും കമന്റ് പോസിറ്റീവാണ്…

സാറൊരു മൂന്നാംകിട ബ്ലോഗറാണെന്നും നാലാംകിട കൂലിയെഴുത്തുകാരനാണെന്നും പലരും പറഞ്ഞിട്ടുണ്ട്…

ഹഹഹഹഹഹഹഹ….

അല്ല, സാറെന്തിനാ ചിരിച്ചത് ?

മൂന്നാം കിട ബ്ലോഗും നാലാം കിട കൂലിയെഴുത്തും വായിച്ച് അതിനൊക്കെ കമന്റിടുന്ന ഒന്നാംകിട ആളുകകളെപ്പറ്റി ആലോചിച്ചപ്പോള്‍… ഇവര്‍ക്കൊക്കെ ഒന്നാം കിട സാധനങ്ങള്‍ തന്നെ വായിച്ചാല്‍പ്പോരേ ?

ഒരു പെങ്കൊച്ച് അച്ചായനോട് ഷട്ടപ്പ് എന്നു പറഞ്ഞിട്ടുണ്ട്.. അച്ചായന് ഹിഡണ്‍ അജന്‍ഡയുണ്ടെന്നും ഗെറ്റ് ലോസ്‌റ്റെന്നും ഒക്കെ പറഞ്ഞിട്ടുണ്ട്…

എന്റെ പേജില്‍ വന്നിട്ട് എന്നോടു ഷട്ടപ്പെന്നും ഗെറ്റ് ലോസ്‌റ്റെന്നും പറയുന്ന പെങ്കൊച്ചിന് അഞ്ചു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചേക്കട്ടെ ?

അയ്യോ വേണ്ട… പിന്നെ നിരാഹാരമായി… സത്യഗ്രഹമായി… നാണക്കേടാവും..

എന്നാ വേണ്ട..

അച്ചായന്‍ കൂലിയെഴുത്തുകാരനാണെന്നും കേജ്‌രിവാളിനെപ്പറ്റി പോസ്റ്റിട്ടത് കാശു കിട്ടിയതുകൊണ്ടാണെന്നും ബ്ലോഗിങ് നിര്‍ത്തണമെന്നും ബ്ലോഗ് ഡിസ്‌ലൈക്ക് ചെയ്യുകയാണെന്നും കുറെപ്പേര്‍ പറഞ്ഞിട്ടുണ്ട്..

എന്നിട്ട് എത്ര പേര്‍ ഡിസ്‌ലൈക്ക് ചെയ്തു ?

അറിയില്ല… പത്തുനൂറു പേര്‍ കൂടി ലൈക്ക് ചെയ്തിട്ടുണ്ട്…

ഹും…

അച്ചായാ ഞാന്‍ വന്നപ്പോള്‍ മുതല്‍ ചോദിക്കണമെന്നു വിചാരിക്കുന്നു… അവിയൊരു ഹൈഹില്‍ഡ് ചെരിപ്പു കിടക്കുന്നത് ആരുടേതാ ?

നീ വന്നപ്പോള്‍ എന്നെ സാര്‍ എന്നാണ് വിളിച്ചത് ? ഇപ്പോ അച്ചായാ എന്നാക്കി ? എന്താ ഉദ്ദേശം ?

ചെരിപ്പിന്റെ കാര്യം പറഞ്ഞില്ല… ആ റൂം എന്തിനാ അടച്ചിട്ടിരിക്കുന്നത് ?

ആ റൂം ഇല്ല… അത് പൊളിച്ചു…

പൊളിക്കാനോ ? വാതില്‍ അടച്ചിട്ടിരിക്കുകയാണല്ലോ…

അപ്പുറത്ത് ഫ്ളാറ്റ്‌ പണി നടക്കുന്നുണ്ട്… അവര്‍ ആ റൂം ഫുള്ളായിട്ട് പൊളിച്ചു.. വാതില്‍ തുറന്നാല്‍ പത്തായിരം അടി താഴേക്കു വീണു ചാവും.. തുറക്കരുത്..

പക്ഷെ, കുറച്ചു മുമ്പ് ഒരു സ്ത്രീ ചുമയ്ക്കുന്ന ശബ്ദം ഞാന്‍ കേട്ടല്ലോ…

പണിക്കാര് പെണ്ണുങ്ങള് വല്ലവരുമായിരിക്കും…

പണി നടക്കുന്നത് പത്തായിരം അടി താഴെയാണെന്നല്ലേ പറഞ്ഞത് ?

അല്ല.. അതു പിന്നെ…

ഫ്രിഡ്ജിന്റെ മുകളില്‍ ഒരു ലേഡീസ് ബാഗ് ഇരിക്കുന്നത് ആരുടേതാ ?

മോളെ, ഞാനിനി ഒന്നും മറച്ചു വയ്ക്കുന്നില്ല…

പറ.. ഏതവളാ അത്… എനിക്കിപ്പം അറിയണം…

നീ അടങ്ങ്… ഞാന്‍ പറയാം… പക്ഷെ, ഇതാരോടും പറയരുത്…

ഇല്ല…

അത് അവളല്ല, അവനാ…

അവനോ ?

അതെ… അവന്‍ !

പക്ഷെ, ഹൈ ഹീല്‍സ്, ലേഡീസ് ബാഗ്, ചുമ…

അതെ, ആരും തിരിച്ചറിയാതിരിക്കാന്‍ വേണ്ടി പെണ്‍വേഷം കെട്ടി വന്നതാ…

ആരാ അത് ?

മുകേഷ് അംബാനി !!

ഓ മൈ ഗോഡ് !!!!

യെസ്… മൈ ഗോഡ്…

മുകേഷ് അംബാനിയോ ? അദ്ദേഹം എന്തിനിവിടെ വന്നു ?

നീയാ ജനലിലൂടെ പുറത്തേക്ക് നോക്കിയേ…

നോക്കി…

എന്താ കാണുന്നേ ?

റിലയന്‍സ് ഫ്രഷ്… അതിനു മുന്നില്‍ അവരുടെ പച്ചക്കറി വാന്‍…

അതില്‍ വന്നത് പച്ചക്കറിയല്ല…

പിന്നെ… ??

മൂപ്പരാ….!! നിറയെ കാശും….

അപ്പോള്‍ വായനക്കാര്‍ പറയുന്നതില്‍ സത്യമുണ്ടല്ലേ ?

കുറച്ചൊക്കെ…

ഒത്തിരി കാശ് കിട്ടിക്കാണുമല്ലോ…

കുറച്ച് കോടികള്‍… നീയൊക്കെ കേജ്‌രിവാള്‍ ഫാനല്ലേ… അല്ലെങ്കില്‍ ഞാന്‍ കുറച്ചു തന്നേനെ…

അയ്യോ, അങ്ങനൊന്നുമില്ല…. സാറെനിക്ക് ഇതുവരെ ഒന്നും തന്നിട്ടില്ലല്ലോ…

എന്നാലും നീയെന്നെ സംശയിച്ചില്ലേ ?

സോറി, സോറി, സോറി, സോറി……

എന്നാ നീ പോയിട്ട് വൈകിട്ട് വാ… ഞാന്‍ അംബാനിയെ പറഞ്ഞു വിടട്ടെ… അങ്ങേര് നിന്നെ കാണേണ്ട..

ശരി, ശരി… വൈകിട്ട് വരുമ്പോള്‍ എനിക്കെന്തു തരും ?

മിഡില്‍ ഫിംഗര്‍…

ശ്ശൊ.. ഫക്ക് യൂ.. ട്ടോ !

Laters, Baby !

😉

അക്കരെ അക്കരെ അക്കരെ

കേരളമെന്ന ഇട്ടാവട്ടത്തില്‍ കിടന്നു തായം കളിച്ചു ബോറടിച്ചതുകൊണ്ടല്ല. അമേരിക്ക നിര്‍ബന്ധിച്ചതുകൊണ്ടു മാത്രം മൂന്നാഴ്ചത്തെ പര്യടനത്തിനായി ഞാന്‍ പുറപ്പെടുകയാണ്. ഐവിഎല്‍പി എന്നു പറയുന്ന ഇന്റനാഷനല്‍ വിസിറ്റര്‍ ലീഡര്‍ഷിപ് പ്രോഗ്രാമിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സേഴ്‌സ് എന്ന പരിപാടിയില്‍ ഇന്ത്യയില്‍ നിന്നുള്ള നാലുപേരില്‍ ഒരാളായി ഇന്നു ചെന്നൈയില്‍ നിന്നു ലുഫ്താന്‍സ വിമാനത്തില്‍ ഞാന്‍ പുറപ്പെടും. ശനിയാഴ്ച വൈകിട്ട് (ഇന്ത്യന്‍ സമയം ഞായറാഴ്ച രാവിലെ) വാഷിങ്ടണ്‍ ഡിസിയില്‍ ഇറങ്ങും. തുടര്‍ന്ന് മാര്‍ച്ച് 1 വരെ വാഷിങ്ടണ്‍ ഡിസിയിലും മാര്‍ച്ച് 6 വരെ കാലിഫോര്‍ണിയയിലും മാര്‍ച്ച് 10 വരെ മയാമിയിലും മാര്‍ച്ച് 13 വരെ ബര്‍ലിങ്ടണിലും മാര്‍ച്ച് 15 വരെ ന്യൂഹാംപ്‌ഷെയറിലെ മാഞ്ചസ്റ്ററിലും വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഗൂഗിള്‍, ഫേസ്ബുക്ക്, ലിങ്ക്ട്ഇന്‍, ട്വിറ്റര്‍, എന്‍പിആര്‍, വാഷിങ്ടണ്‍ പോസ്റ്റ്, സാന്‍ഫ്രാന്‍സിസ്‌കോ ക്രോണിക്കിള്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളിലാണ് എക്‌സേഞ്ച് വിസിറ്റര്‍ പ്രോഗ്രാമിന്റെ വിവിധ ഘട്ടങ്ങള്‍ നടക്കുന്നത്. 16ന് വൈകിട്ട് ബോസ്റ്റണില്‍ നിന്നും മടങ്ങിപ്പോരും.

ഇത് ഒരു ഒഫിഷ്യല്‍ പ്രോഗ്രാമായതുകൊണ്ട് ബെര്‍മുഡ ഇട്ട് ബീച്ചിലൂടെ നടക്കാനോ മലയാളി അസോസിയേഷനുകളുടെ പരിപാടികളില്‍ പങ്കെടുക്കാനോ എനിക്കു സാധിച്ചെന്നു വരില്ല. എങ്കിലും എന്നെ ഹോട്ടലില്‍ വന്നു കണ്ട് വില പിടിച്ച സമ്മാനങ്ങള്‍ നല്‍കാനാഗ്രഹിക്കുന്നവരെ ഞാന്‍ പിന്തിരിപ്പിക്കുന്നുമില്ല. ഒന്നുകില്‍ അമേരിക്ക, അല്ലെങ്കില്‍ ഞാന്‍. രണ്ടിലൊന്ന് ഈ മൂന്നാഴ്ച കൊണ്ട് ഒരു പാഠം പഠിക്കും. ഈ പോസ്റ്റ് ഞാന്‍ പാലായില്‍ നിന്നാണ് പബ്ലിഷ് ചെയ്യുന്നത്. എന്നാല്‍ ഇതിന്റെ കമന്റുകള്‍ അപ്രൂവ് ചെയ്യപ്പെടുന്നത് ചെന്നൈയില്‍ നിന്നോ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നോ വാഷിങ്ടണ്‍ ഡിസിയില്‍ നിന്നോ ഒക്കെയാവാം. ഈ ബ്ലോഗില്‍ കമന്റിടുന്നവരുടെയൊക്കെ ടൈം. ഇതാണ് എന്റെ ഇമെയില്‍- berly@berlytharangal.com

ആത്മീയ ഉണര്‍വിന്‍റെ വഴിയില്‍

ദീര്‍ഘകാലം ബ്ലോഗിങ്ങില്‍ സജീവമായിരുന്നു. കുറച്ചുകാലമായി അത്ര സജീവമല്ല. ഇനി എത്രത്തോളം സജീവമായിരിക്കും എന്നറിയില്ല. ഒരു ആത്മീയ ഉണര്‍വിന്‍റെ വഴിയിലായിരുന്നു. പ്രപഞ്ചരഹസ്യങ്ങളിലൂടെ, ജന്മാന്തരങ്ങളിലൂടെ ഒരു മൗനസഞ്ചാരം. പഠിക്കുകയായിരുന്നു മനുഷ്യരാശിയെപ്പറ്റി. ഇടയ്‍ക്കിടെ ധ്യാനത്തില്‍ മുഴുകും. പുതിയ വെളിപാടുകളുണ്ടാകും. ഭൗതികമായ ആസക്തികളില്‍ നിന്നും മുക്തി നേടിയതോടൊപ്പം ബ്ലോഗിലും ഹരമില്ലാതായി. എങ്കിലും ആരെയും കൈവിടുന്നില്ല. ഏറെക്കാലം എന്നോട് പ്രണയാഭ്യര്‍ഥന നടത്തി പിന്നാലെ നടത്തിരുന്ന പെണ്‍കുട്ടി ബ്ലോഗില്‍ സജീമല്ലാത്തതിനെക്കുറിച്ച് അന്വേഷിക്കാനെത്തിയപ്പോള്‍ നടത്തിയ ഇന്‍റര്‍വ്യൂ മറ്റ് വായനക്കാര്‍ക്കു വേണ്ടികൂടി പ്രസിദ്ധീകരിക്കുന്നു.

നമസ്കാരം സര്‍, ഒരുപാട് കാലമായി നമ്മള്‍ കണ്ടിട്ട്. ബ്ലോഗിലും ഈയിടെയായി അത്ര സജീവമല്ല. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് ?

എന്തെങ്കിലും സംഭവിച്ചുകൊണ്ടിരിക്കണം എന്നു വാശിയുള്ള ഒരു സമൂഹമാണ് ഇത്. ഒന്നും സംഭവിക്കുന്നില്ല എന്ന് അവര്‍ക്കു തോന്നിയാല്‍ എന്തോ തകരാറുണ്ട് എന്നാണ് വിലയിരുത്തുന്നത്. എന്തെങ്കിലും സംഭവിച്ചാല്‍ മതി എല്ലാവര്‍ക്കും. അതുകൊണ്ട് ആര്‍ക്ക് എന്തു പ്രയോജനം എന്നത് പ്രസക്തമല്ല. എനിക്ക് വളരെ സജീവമായി ബ്ലോഗെഴുതാന്‍ തോന്നിയില്ല, അതുകൊണ്ട് എഴുതിയില്ല.

റൈറ്റേഴ്സ് ബ്ലോക്ക് എന്നു വിശേഷിപ്പിക്കാവുന്ന അവസ്ഥയായിരുന്നോ ?

എന്തുകൊണ്ട് ഞാന്‍ സജീവമായി ബ്ലോഗെഴുതിയില്ല എന്നാണ് ചോദ്യമെങ്കില്‍ എനിക്കു സൗകര്യമില്ലാത്തതുകൊണ്ട് എഴുതിയില്ല എന്നേയുള്ളൂ. അതിനെ എന്തെങ്കിലുമൊക്കെയാക്കി വിശേഷിപ്പിക്കണം എന്നു വാശിപിടിക്കേണ്ട കാര്യമുണ്ടോ ? അങ്ങനെ ഉണ്ടെങ്കില്‍ എനിക്കു ജ്ഞാനദൃഷ്ടി ഉണ്ടായി എന്നോ ബോധോദയം അഥവാ എന്‍ലൈറ്റ്മെന്‍റ് ഉണ്ടായി എന്നോ വിശേഷിപ്പിക്കാം.

എന്തായിരുന്നു ആ ബോധോദയം ?

പ്രപഞ്ചത്തിന്‍റെ സൂക്ഷ്മാവസ്ഥകളില്‍ വ്യാപൃതരായി അതിന്‍റെ സ്ഥൂലപ്രമാണങ്ങളെ വിസ്മരിച്ച് വൃഥാവ്യാപരിക്കുന്ന മനുഷ്യരാശിയുടെ അര്‍ഥശൂന്യമായ ചര്യകളില്‍ ഇല്ലാതാവുന്ന ശാന്തിയും സമാധാനവും സ്നേഹവും കണ്ടെത്താനുള്ള ദൈവികമായ ഒരു വഴിതുറക്കലായിരുന്നു എന്നു വേണമെങ്കില്‍ ചുരുക്കിപ്പറയാം.

അപ്പോള്‍ ആത്മീയപാതയിലായിരുന്നോ ?

അങ്ങനെ ആത്മീയപാത ശരീരപാത എന്നു വേര്‍തിരിച്ച് ഒന്നുമില്ല. ഞാന്‍ ദൈവത്തെപ്പറ്റിയും ആത്മാവിനെപ്പറ്റിയും ശാന്തി, സമാധാനം എന്നിവയെപ്പറ്റിയും പറയുമ്പോള്‍ നിരുപദ്രവകാരിയായ ആത്മീയപാതക്കാരനാണ് ഞാനെന്നു കുട്ടി തെറ്റിദ്ധരിക്കും. എന്നാല്‍, കുട്ടിയുടെ മൊബൈല്‍ നമ്പരും വീട്ടിലേക്കുള്ള വഴിയും ചോദിച്ച് കുട്ടിയുടെ ശരീരത്തിലാകെ കണ്ണോടിച്ചാല്‍ എന്നിലെ ആത്മാംശം നഷ്ടപ്പെട്ടുപോയി എന്നും നിങ്ങള്‍ സംഗ്രഹിക്കും. സത്യത്തില്‍ അങ്ങനെയുണ്ടോ ? ആത്മാവും ശരീരവും നമ്മുടെ അഭിനിവേശങ്ങള്‍ക്ക് അനുസരിച്ച് ആക്ടിവേറ്റ് ചെയ്തു വയ്‍ക്കാവുന്ന പ്രൊഫൈലുകളല്ല. വീട്ടിലെത്തുമ്പോള്‍ ഭാര്യയോടും പുറത്തിറങ്ങുമ്പോള്‍ കാമുകിയോടും 100 ശതമാനം ആത്മാര്‍ത്ഥതയും സ്നേഹവും പ്രകടിപ്പിക്കുന്ന ഭര്‍ത്താവിനെപ്പോലെയാണ് നമ്മുടെ ആത്മീയത. അവസരോചിതമായി,നമ്മുടെ കാപട്യം മറച്ചു വയ്‍ക്കാന്‍ സമയാസമയങ്ങളില്‍ ആത്മീയപാത നമ്മള്‍ സ്വീകരിക്കും. ജനിച്ചു വീഴുന്നതു മുതല്‍ നമ്മള്‍ ആത്മീയപാതയിലാണ്. അല്ല എന്നു പ്രഖ്യാപിക്കുന്നവര്‍ തന്‍റെ അത്മാംശത്തില്‍ നിന്ന് ഒളിച്ചോടാന്‍ വൃഥാ പരിശ്രമിക്കുകയാണ്.

അങ്ങ് ഒരു ആത്മീയാചാര്യനെപ്പോലെ സംസാരിക്കുന്നു. അങ്ങയുടെ വാക്കുകള്‍ക്ക് വല്ലാത്ത ഒരു സ്വാധീനശക്തി ഉള്ളതുപോലെ തോന്നുന്നു.

അതു വെറും തോന്നലാണ്. നിങ്ങളെ അലോസരപ്പെടുത്താത്തതൊന്നും ഞാന്‍ പറയാതിരിക്കുമ്പോള്‍ അതിനു പ്രതിഫലമായി നിങ്ങള്‍ എനിക്കു തരുന്നതാണ് ഈ വാക്കുകള്‍. അടുത്ത നിമിഷം വാക്കുകളിലൂടെ ഞാന്‍ നിങ്ങളെ പ്രകോപിപ്പിച്ചാല്‍ നിങ്ങളുടെ അഭിപ്രായം മാറും. അപ്പോള്‍ എനിക്കല്ല പ്രത്യേകത, എന്നെ നിര്‍വചിക്കുന്ന നിങ്ങളുടെ കാഴ്ചപ്പാടുകള്‍ക്കാണ്.

സത്യത്തില്‍ ഏതാണ് അങ്ങയുടെ ശരിയായ മുഖം ? ചിലര്‍ പറയുന്നു അങ്ങൊരു ജീനിയസ്സാണെന്ന്, ചിലര്‍ പറയുന്നു വെറും കൂതറയാണെന്ന്,എല്ലാം ബുദ്ധിപൂര്‍വം അങ്ങ് എടുത്തണിയുന്ന മുഖംമൂടികളാണെന്ന് വേറെ ചിലര്‍ പറയുന്നു. ഏതാണ് സത്യം ?

കുട്ടിക്ക് എന്താണ് തോന്നുന്നത് ?

എനിക്കൊരു പിടിയും കിട്ടുന്നില്ല സര്‍…

അതാണ് ശരി. ഒരു പിടിയും കിട്ടില്ല. കുട്ടി തന്നെ ഇപ്പോള്‍ എന്നെ വിളിക്കുന്നത് അങ്ങ്, സര്‍ എന്നൊക്കെയാണ്. പണ്ട് ഫേസ്ബുക്കില്‍ പരട്ട, ചെറ്റ, നാറി എന്നൊക്കെയാണ് കുട്ടി എന്നെ വിശേഷിപ്പിച്ചിരുന്നത്..

സര്‍, അതുപിന്നെ അപ്പോഴത്തെ…

കുട്ടി വിഷമിക്കേണ്ടതില്ല, അതില്‍ തെറ്റുണ്ടെന്നല്ല ഞാന്‍ പറഞ്ഞുവരുന്നത്. ഞാനിപ്പോള്‍ ഇങ്ങനെ സസാരിക്കുന്നതുകൊണ്ട് പരട്ടയോ ചെറ്റയോ നാറിയോ അല്ലാതാവുന്നില്ല… മനുഷ്യന്‍ ഒരു പ്രവാഹമാണ്.. ആ പ്രവാഹത്തെ അറിയാന്‍ ശ്രമിക്കുന്നത് വിഡ്ഡിത്തമാണ്.. ഒപ്പം പ്രവഹിക്കുകയേ ചെയ്യാനാവൂ. അടുത്ത നിമിഷം ഞാന്‍ കുട്ടിയെ കടന്നുപിടിച്ചാല്‍ കുട്ടി വീണ്ടും അതേ വാക്കുകള്‍ ആവര്‍ത്തിക്കില്ലേ ?

അങ്ങ് ഇടക്കിടെ കടന്നുപിടിക്കുന്നതും വീട്ടിലേക്കു വരുന്നതുമൊക്കെ പറയുന്നത് എന്തിനാണ് ?

അത് കുട്ടിയെ ആശയക്കുഴപ്പത്തിലാക്കും എന്നറിയാവുന്നതുകൊണ്ടു തന്നെ. ഞാന്‍ എത്തരക്കാരനാണെന്ന ആശങ്കയോടെയാണ് കുട്ടി എന്‍റെ മുന്നിലിരിക്കുന്നത്. ഒരു യോഗിയെപ്പോലെ സംസാരിക്കുമ്പോള്‍ കുട്ടി സന്തുഷ്ടയാണ്. എന്നാല്‍ കാമഭ്രാന്തനെപ്പോലെ ചില സൂചനകള്‍ തരുമ്പോള്‍ കുട്ടി ചകിതയാവുന്നു.

അതുപിന്നെ ആരായാലും അങ്ങനെയല്ലേ ?

തീര്‍ച്ചയായും അതെ. എല്ലാവരും അങ്ങനെയാണ്. അതുകൊണ്ട് അത് ശരിയാണ് എന്നര്‍ത്ഥമില്ല. അപ്പോള്‍ കുട്ടി ചോദിക്കും ശരിയും തെറ്റും നിര്‍വചിക്കാന്‍ ഞാനാരാണെന്ന്. കുട്ടി എന്‍റെ മുന്നിലിരിക്കുന്നത് ആശങ്കകളോടെയും ആധികളോടെയുമാണെങ്കില്‍ കുട്ടിക്ക് എന്നെക്കുറിച്ചുള്ള കാഴ്ചപ്പാട് ശരിയല്ല എന്നാണര്‍ത്ഥം. ഈ ഇരിക്കുന്ന പുരുഷന്‍ എന്നെ കീഴ്‍പെടുത്താന്‍ ശ്രമിച്ചാല്‍ എന്തു ചെയ്യും എന്ന ആധിയാണ് കുട്ടിയുടെ സ്വസ്ഥത നശിപ്പിക്കുന്നത്. ഒരാളെ ഭയപ്പെടുക എന്നു വച്ചാല്‍ അയാള്‍ക്ക് അടിമയാവുക എന്നു കൂടി അര്‍ത്ഥമുണ്ട്. കുട്ടി എന്നെ ഭയപ്പെടുന്നു എങ്കില്‍ കുട്ടി എന്നെ ഇഷ്ടപ്പെടുന്നുമുണ്ടാകും.

അതിരിക്കട്ടെ.. ബ്ലോഗ് എഴുത്തില്‍ പഴയ ആവേശമില്ലാത്തത് ബോധോദയം കൊണ്ടാണെന്നു പറഞ്ഞു. ഫേസ്‍ബുക്കും ട്വിറ്ററും ഗൂഗിള്‍ പ്ലസുമെല്ലാം ഡിലീറ്റ് ചെയ്തത് എന്തുകൊണ്ടാണ് ?

അതെല്ലാം വ്യാജമാണ്

അങ്ങയുടെ പ്രൊഫൈല്‍ വ്യാജമായിരുന്നെന്നോ ?

പ്രൊഫൈല്‍ വ്യാജമാണെന്നല്ല… എല്ലാം അയഥാര്‍ഥമാണെന്ന്… മിഥ്യയാണ്..ഒന്നും ശാശ്വതമല്ല..നിലനില്‍ക്കുന്നത് സമചിത്തതയോടെ ചിന്തിച്ചു പ്രവര്‍ത്തിക്കുന്ന മനുഷ്യരുടെ അധ്വാനം മാത്രമാണ്.

ഫേസ്ബുക്കില്‍ അങ്ങേയ്‍ക്ക് പതിനേഴായിരം ഫാന്‍സ് ഉണ്ടായിരുന്നു. അതുപോലെ ട്വിറ്ററിലും ഗൂഗിള്‍ പ്ലസിലും.. എല്ലാവരെയും അങ്ങ് വേണ്ടെന്നു വച്ചു. പ്രശസ്തിയുടെ വഴിയില്‍ നിന്ന് പിന്മാറി.ശരിയല്ലേ ?

അല്ല..പ്രശസ്തി എന്നതിനെക്കുറിച്ചുള്ള കുട്ടിയുടെ സങ്കല്‍പത്തിലെ തകരാറാണ് അത്. മഹാത്മാഗാന്ധിയെ നമ്മള്‍ കണ്ടിട്ടില്ല. പക്ഷെ അദ്ദേഹം പ്രശസ്തനാണ്. അദ്ദേഹത്തെ പ്രശസ്തനാക്കിയത് അദ്ദേഹത്തിന്‍റെ പ്രവൃത്തികളാണ്. ഞാന്‍ പ്രശസ്തനായിരുന്നു എന്നു കുട്ടി പറയുന്നു. കവലയില്‍ സ്ഥിരമായി ബഹളം വയ്‍ക്കുന്ന ഭ്രാന്തന്‍ പ്രശസ്തനാണോ ? അയാളെ എല്ലാവരും അറിയും എന്നതിന്‍റെ അര്‍ഥം അയാള്‍ പ്രശസ്തനാണെന്നാണോ ? അതുപോലെ ഈ ബ്ലോഗ് വായിക്കുന്നവര്‍ ചിലപ്പോള്‍ എന്‍റെ പേരു കേട്ടാല്‍ അറിയുമായിരിക്കും. അത് പ്രശസ്തിയല്ല.

അങ്ങയുടെ ലക്ഷ്യം എന്താണ് ? ഈ മാറ്റംകൊണ്ട് എന്താണുദ്ദേശിക്കുന്നത് ?

ലോകത്ത് സന്തോഷവും സമാധാനവും കളിയാടണം..

അതിപ്പോള്‍ തന്നെ കളിയാടുന്നുണ്ടല്ലോ..?

ഇനീം കളിയാടണം. അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇനി ഞാന്‍ മുഴുകുക..

പക്ഷെ, ആരാധകരെ നിരാശപ്പെടുത്തുന്നത് ശരിയല്ല..

അത് തെറ്റാണ്… ഒന്നാമത് എനിക്ക് ആരാധകരില്ല.. ആരാധകര്‍ എന്നു വച്ചാല്‍ അവരുടെ ആരാധനാമൂര്‍ത്തിയെ ആരാധിക്കുന്നവരാണ്… എന്‍റെ ആരാധകര്‍ കൂടുതലും തന്തയ്‍ക്കു വിളിക്കുന്നവരാണ്…പിന്നെ, നിരാശപ്പെടുത്തുന്ന കാര്യം. വായനക്കാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രതീക്ഷ കൊടുത്തെങ്കിലേ നിരാശപ്പെടുത്തുന്ന പ്രശ്നമുള്ളൂ. അവരുടേതായ പ്രതീക്ഷകള്‍ പൂവണിയാതെ വരുമ്പോള്‍ അത് അവരുടേതു മാത്രമായ നിരാശപ്പെടലാണ്. ഞാനുമായി അതിനു ബന്ധമില്ല.

അങ്ങ് മതം വല്ലതും സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ ?

ഇല്ല. എല്ലാ മതങ്ങളും വഴിതെറ്റി സഞ്ചരിക്കുകയാണ്. മതങ്ങള്‍ കൈവിട്ടുകളഞ്ഞ ഈശ്വരന്‍റെ ഏകാന്തപഥത്തിലൂടെയുള്ള യാത്രയാണ് ഞാനുദ്ദേശിക്കുന്നത്.കുട്ടി ഇത്രയും ചോദിച്ചല്ലോ.. ഒന്നു രണ്ടു ചോദ്യങ്ങള്‍ ഞാനങ്ങോട്ട് ചോദിക്കട്ടേ ?

അയ്യോ, എനിക്കങ്ങനെ എന്‍ലൈറ്റ്മെന്‍റൊന്നുമായിട്ടില്ല.. എളുപ്പമുള്ളത് ചോദിക്കണം.

കുട്ടി ഫെമിനിസ്റ്റാണോ ?

അല്ല, എന്താ അങ്ങനെ ചോദിക്കാന്‍ ?

വെര്‍തെ. ഫെമിനിസ്റ്റുകളെ എനിക്കു പേടിയാ… നിറ്റഡ് ചുരിദാര്‍ ആണോ കുട്ടി സാധാരണ ധരിക്കാറുള്ളത് ?

അതെ എന്തേ ?

എനിക്കിതു കാണുമ്പോള്‍ ഭ്രാന്തുപിടിക്കും… തടിച്ച തുടകള്‍…

സര്‍ ??

ഈ ഷാള്‍ കോട്ടണ്‍ ആണോ ?

അണ്.. ത്രെഡ് വര്‍ക്ക് ആണ്..

ഒന്ന് എടുത്തു കാണിക്കാമോ ?

ഓ അതിനെന്താ…

മൈ ഗോഡ് !

എന്തുപറ്റി ??

ഹൗ… എന്തൊരു വര്‍ക്കാണിതു കുട്ടീ ?

സര്‍ എവിടെയാണ് നോക്കുന്നത് ?

കുട്ടീ അകത്തേക്കു വരൂ…

അകത്തേക്കോ എന്തിന് ?

വരൂ, വേഗം വരൂ…

ഇല്ല, എനിക്കു പോണം…

വേഗം പോവാം… 10 മിനിറ്റു മതി… വേഗം വിടാം…

അയ്യോ വിടൂ… എന്താ ഇത് ??

കേറിവാടീ… അങ്ങോട്ട്… ഹാ….

ഈശ്വരാ… എന്നെ വിടൂ.. അയ്യോ.. രക്ഷിക്കണേ…

മിണ്ടരുത് മ&%*&രേ….

അ..ആ..അ… ആആആആആആആആആആആആആ

(ശുഭം)

Berglish: The New English

എന്റെ പ്രിയപ്പെട്ട വായനക്കാര്‍ ഞെട്ടിയിട്ടുണ്ടാവും എന്നു ഞാനൂഹിക്കുന്നു. മലയാള ഭാഷയുടെ അണ്ടം കീറിനില്‍ക്കുന്ന ഈ സമയത്ത് നയന്‍താര തമിഴിലേക്കും അസിന്‍ ബോളിവുഡിലേക്കും തിലകന്‍ ഹോളിവുഡിലേക്കും പോകുന്നതുപോലെ ഞാന്‍ ഇംഗീഷിലേക്കു പോകുമോ എന്നു നിങ്ങള്‍ ആശങ്കപ്പെട്ടാല്‍ അതില്‍ തെറ്റില്ല. മലയാളത്തെ ഇവിടെ ഉപേക്ഷിച്ച് ഇംഗീഷ് ബ്ളോഗിങ്ങിലേക്കു തിരിയാന്‍ എനിക്കുദ്ദേശമില്ല. ഞാന്‍ ഇംഗീഷില്‍ ബ്ളോഗ് ചെയ്യുകയാണെങ്കില്‍ ഞാനെഴുതുന്ന എല്ലാ ബ്ളോഗുകളും പുസ്തകമാക്കാമെന്നു പെന്‍ഗ്വിന്‍ മുതലായ കമ്പനികളില്‍ നിന്ന് എനിക്ക് ഉഗ്രന്‍ ഓഫറുകള്‍ കിട്ടിയിട്ടുണ്ട്. പക്ഷെ, മലയാളത്തെ ഒരു നിലയിലെത്തിക്കാതെ ഞാന്‍ ഇംഗീഷിലേക്കു പോകില്ല.

എന്നു മാത്രമല്ല, ഇംഗീഷ് എന്ന ഭാഷയോട് എനിക്ക് അടിസ്ഥാനപരമായ പല എതിര്‍പ്പുകളുമുണ്ട്. അതിന്റെ ഗ്രാമറിനെ സംബന്ധിച്ചും ഭാഷാസാഹിത്യത്തെ സംബന്ധിച്ചും ഷേക്സ്പിയര്‍ മുതലായ മണ്ടന്‍മാര്‍ എഴുതിപ്പിടിപ്പിച്ചിട്ടുള്ള അബദ്ധങ്ങളെ സംബന്ധിച്ചും അനേകം ആക്ഷേപങ്ങളുണ്ട്. ഇംഗീഷ് മൊത്തത്തില്‍ പൊളിച്ചുവാര്‍ത്ത് ഒരു പുതിയ ഭാഷയാക്കി മാറ്റുക എന്നത് എനിക്കു ബുദ്ധിമുട്ടുള്ള കാര്യമല്ല. അതിനുള്ള അറിവും വിവരവും എനിക്കുണ്ട്. എന്നാല്‍, ഇത്രയധികം ആളുകള്‍ ഉപയോഗിക്കുന്ന ഒരു ഭാഷയെ ഞാന്‍ തിരുത്തി നേരെയാക്കുന്നത് ഭാഷയ്ക്ക് നല്ലതാണെങ്കിലും ഇത്രയും ആളുകള്‍ക്ക് ഒരു ബുദ്ധിമുട്ടാകാന്‍ സാധ്യതയുള്ളതുകൊണ്ട് എന്റേതായ ഒരു പുതിയ ഭാഷ ലോകത്തിനു നല്‍കാനാണ് എന്റെ തീരുമാനം.

ബെര്‍ഗീഷ് (Berglish) എന്നാണ് ഞാനവതരിപ്പിക്കുന്ന ഈ ഭാഷയുടെ പേര്. ബെര്‍ളി ഗുരു കണ്ടുപിടിച്ച ഇംഗീഷ് എന്നേ ആ പേര് അര്‍ഥമാക്കുന്നുള്ളൂ. എന്നാല്‍ പേരിലുള്ള വ്യത്യാസം മാത്രമല്ല താനും. കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും പോലെ വ്യത്യാസമുള്ള ഭാഷകളായിരിക്കും ഇംഗീഷും ബെര്‍ഗീഷും. മമ്മൂട്ടിയും മോഹന്‍ലാലും പോലെ, ഓര്‍കുട്ടും ഫേസ്ബുക്കും പോലെ, അല്‍ ക്വയ്ദയും ലഷ്കര്‍ ഇ ത്വയ്ബയും പോലെ ലക്ഷ്യം ഒന്നെങ്കിലും അടിസ്ഥാനം ഒന്നെങ്കിലും വ്യത്യസ്തമായ സങ്കേതങ്ങള്‍ വഴി പ്രവര്‍ത്തിക്കുന്ന രണ്ടു ഭാഷകള്‍.

ബെര്‍ഗീഷ് വളരെ ലളിതമായിരിക്കും എന്നതാണ് ഈ ഭാഷയുടെ പ്രധാന സവിശേഷതയായി അവതരിപ്പിക്കുന്നത്. ഇംഗീഷില്‍ ആവശ്യമുള്ള ഗ്രാമറോ കാര്യങ്ങളോ ബെര്‍ഗീഷില്‍ ആവശ്യമില്ല. ഇംഗീഷ് അക്ഷരമാലയിലുള്ള 26 അക്ഷരങ്ങളെയും ബെര്‍ഗീഷ് ബഹുമാനിക്കും. അതേ 26 അക്ഷരങ്ങള്‍ തന്നെയായിരിക്കും ബെര്‍ഗീഷിലും ഉപയോഗിക്കുന്നത്. നൌണ്‍, പ്രോനൌണ്‍ തുടങ്ങിയ സംഗതികളൊന്നും ബെര്‍ഗീഷിലില്ല. ആശയവിനിമയത്തിന് ബെര്‍ഗീഷുകാര്‍ ഇംഗീഷ് വാക്കുകളായിരിക്കും ഉപയോഗിക്കുക. ആശയവിനിമയം ലളിതമാക്കുക എന്ന ഉദ്ദേശം മാത്രമാണ് ഈ ഭാഷയ്ക്കുള്ളത്. അതുകൊണ്ട് അറിയാവുന്ന വാക്കുകള്‍ ആവശ്യാനുസരണം ഉപയോഗിക്കുക എന്നതു മാത്രമാണ് ബെര്‍ഗീഷിന്റെ ചട്ടം. ഉദാഹരണത്തിന് രാമന്‍ പാമ്പിനെ കൊന്നു എന്നത് ഇംഗീഷില്‍ “Rama killed a snake” എന്നു പറയുമ്പോള്‍ ബെര്‍ഗീഷില്‍ “Raman snake killing” എന്നു പറഞ്ഞാല്‍ മതി. അതുപോലെ എല്ലാം സിപിളാവും.

മറ്റുഭാഷകളില്‍ നിന്ന് ഇംഗീഷിലേക്കു പരിഭാഷകള്‍ നടത്തുന്നവര്‍ക്കാണ് ബെര്‍ഗീഷ് ഏറ്റവുമധികം പ്രയോജനപ്പെടുക. പ്രത്യേകിച്ച് സാഹിത്യ കൃതികള്‍ പരിഭാഷപ്പെടുത്തുമ്പോള്‍ വാക്കുകള്‍ തപ്പി അലയേണ്ട കാര്യം ഒരു ബെര്‍ഗീഷുകാരനും വരില്ല. അറിയാവുന്ന വാക്കുകള്‍ ഏറ്റവും അനുയോജ്യമായി ഉപയോഗിക്കുക അല്ലെങ്കില്‍ പുതിയ വാക്കുകള്‍ ഠപ്പേന്ന് ഉണ്ടാക്കുക എന്നീ രണ്ട് ഓപ്ഷനുകളാണ് ബെര്‍ഗീഷ് ഭാഷയിലുള്ളത്. ഉദാഹരണത്തിന് പൌലോ കൊയ്ലോയുടെ ബ്രിഡ (ബ്രൈഡ എന്നും പറയുന്നുണ്ട്) എന്ന നോവല്‍ അത് ഇംഗീഷില്‍ നിന്നു മലയാളത്തിലേക്കു തര്‍ജമ ചെയ്തതാണ്. അതിലെ ഒരു ഭാഗം ഇങ്ങനെയാണ്: ”മഗസ് കാട്ടിലേക്കു പോകുന്നതും വലതുഭാഗത്തെ മരങ്ങള്‍ക്കിടയില്‍ അപ്രത്യക്ഷനാകുന്നതും ഇരുട്ടില്‍ ബ്രിഡയ്ക്ക് ഊഹിക്കാനേ കഴിഞ്ഞുള്ളൂ”. ഇത് നമ്മള്‍ ബെര്‍ഗീഷിലേക്കു പരിഭാഷപ്പെടുത്തുമ്പോള്‍ അര്‍ത്ഥം എല്ലാവര്‍ക്കും മനസ്സിലാവുന്നതുപോലെ സിംപിളാവും. നോക്കൂ: ‘”Magas forest going and right side trees between disappearing darkness brida only just assume”. സംഗതി സിംപിളായി, എല്ലാവര്‍ക്കും മനസ്സിലാകുകേം ചെയ്യും. ഗ്രാമറിന്റെ അസുഖമൊട്ടില്ല താനും. ഇങ്ങനെ എല്ലാമെല്ലാം ബെര്‍ഗിഷ് മനോഹരമാക്കും. ഗദ്യഭാഗത്തെ മാത്രമല്ല പദ്യഭാഗത്തെയും ബെര്‍ഗിഷിലേക്കു തര്‍ജ്ജമ ചെയ്ത് മഹത്തരമാക്കാം. ഉദാഹരണത്തിന് ഈ വരികള്‍ ശ്രദ്ധിക്കൂ:-

ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം
ചേതനയില്‍ നൂറു നൂറു പൂക്കളായ് പൊലിക്കവേ
നോക്കുവിന്‍ സഖാക്കളേ, നമ്മള്‍ വന്ന വീഥിയില്‍
ആയിരങ്ങള്‍ ചോര കൊണ്ടെഴുതി വച്ച വാക്കുകള്‍.

ഇത് നമ്മള്‍ ഇംഗീഷിലേക്കു മാറ്റുമ്പോള്‍ തീര്‍ച്ചയായും ഇതിനോടു കിടപിടിക്കുന്ന വാക്കുകള്‍ കണ്ടെത്തേണ്ടി വരും. എന്നാല്‍ ബെര്‍ഗീഷില്‍ ഈ പ്രശ്നമില്ല. നോക്കൂ, എത്ര ലളിതമായാണ് ഇത് പരിഭാഷപ്പെടുത്തിയിരിക്കുന്നതെന്ന്:-

Blood fallen mud rising coming flower tree
in the mind hundread hundread flowers multiplying
looking comrades we camed the highway
bloody thousands writting fitting words.

Berglish ഭാഷയിലെ കൂടുതല്‍ കൃതികള്‍ ഇവിടെ വായിക്കാം:-

ജീവിതം മാറ്റിമറിക്കാനുപകരിക്കുന്ന പഴഞ്ചൊല്ലുകള്‍
പിന്നെയും 25 പഴഞ്ചൊല്ലുകള്‍ (ഇംഗീഷ്-മലയാളം)
പഴഞ്ചൊല്ലുകള്‍ ഇംഗ്ലീഷില്‍ (പതിരു തീരെയില്ല)
ചക്രവര്‍ത്തിനീ (ഇംഗ്ലീഷ്)
എന്റെ ചരിത്രപരമായ കണ്ടെത്തല്‍
ഞെട്ടിക്കുന്ന 20 പഴഞ്ചൊല്ലുകള്‍
25 ഇംഗ്ലീഷ് പഴമൊഴികള്‍ (പരിഭാഷയും)

പ്രേക്ഷകശ്രീ കപ്പാട് ശശാങ്കന്‍

മലയാള സിനിമയ്ക്ക് പ്രതിസന്ധി ഘട്ടത്തില്‍ നല്‍കിയ പ്രത്യേകസംഭാവനകളും സിനിമയുടെ ഉയര്‍ച്ചക്കും പുരോഗതിക്കും വേണ്ടി നടത്തിയിട്ടുള്ള ത്യാഗങ്ങളും പോരാട്ടങ്ങളും പരിഗണിച്ച് തവളപിടിത്തക്കാരനായ കപ്പാട് ശശാങ്കന് പ്രേക്ഷകശ്രീ പുരസ്കാരം നല്‍കാനും പൊന്നാട അണിയിച്ച് അദരിക്കാനും ചലച്ചിത്രപ്രവര്‍ത്തകരുടെ സംഘനകളുടെ ഏകോപനസമിതിയോഗം തീരുമാനിച്ചു. ഈ വര്‍ഷം ഇറങ്ങിയ എല്ലാ മലയാള സിനിമകളും തിയറ്ററില്‍ മുഴുവന്‍ സമയവും ഇരുന്ന് കണ്ടയാളെന്ന നിലയില്‍ ശശാങ്കനെ ധീരതയ്ക്കുള്ള അവാര്‍ഡിനു നാമനിര്‍ദേശം ചെയ്യാനും തീരുമാനമായി.

ശശാങ്കന്റെ പ്രവര്‍ത്തനങ്ങള്‍ മൊത്തത്തില്‍ മലയാള സിനിമയുടെ റൌഡി വര്‍ധിപ്പിച്ചെങ്കിലും പ്രമാണി, താന്തോന്നി, ജനകന്‍ എന്നീ സിനിമകള്‍ കണ്ട ഒരേയൊരാള്‍ എന്ന നിലയ്ക്കാണ് ശശാങ്കനെ ആദരിക്കുന്നത്. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും എതിര്‍പ്പും ഭീഷണിയും വകവയ്ക്കാതെയാണ് ശശാങ്കന്‍ ഈ മുന്നു സിനിമകളും കണ്ടത് എന്നത് ജൂറിയുടെ പ്രത്യേകപരാമര്‍ശത്തിനു കാരണമായി.

മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളെ ഉള്‍പ്പെടുത്തി ശശാങ്കന്‍ ഫാന്‍സ് അസോസിയേഷന്‍ രൂപീകരിക്കുമെന്ന് ഓള്‍ കേരള തിയറ്റര്‍ ഓപ്പറേറ്റേഴ്സ് അസോസിയേന്‍ വ്യക്തമാക്കി. ഇനിയിറങ്ങാനിടയുള്ള സിനിമകളുടെ ടൈറ്റിലില്‍ ശശാങ്കന് നന്ദി എഴുതിക്കാണിക്കമെന്നും ഇത് ശശാങ്കനെപ്പോലെ കൂടുതല്‍ ആളുകളെ തിയറ്ററിലേക്ക് ആകര്‍ഷിക്കുമെന്നും അസോസിയേഷന്‍ അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

തന്റെ നേട്ടത്തെപ്പറ്റി ശശാങ്കന്‍ ബെര്‍ളിത്തരങ്ങളോടു പറഞ്ഞത്: ”സത്യത്തില്‍ ഇത്ര വലിയ ഒരു കാര്യമാണ് ഞാന്‍ ചെയ്തതെന്ന് ഇപ്പോഴാണ് മനസ്സിലായത്. അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ട്, എന്നാല്‍ അവാര്‍ഡിനു വേണ്ടിയല്ല ഞാന്‍ സിനിമകള്‍ കണ്ടത്. ചെറുപ്പം മുതല്‍ സിനിമകള്‍ കാണുമായിരുന്നു. നാലാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ എട്ടു കിലോമീറ്റര്‍ ദൂരെയുള്ള തിയറ്ററില്‍ ഓട്ടോ പിടിച്ചു പോയി ഞാന്‍ അവളുടെ രാവുകള്‍ കണ്ടിട്ടുണ്ട്. പിന്നെ, മമ്മൂട്ടിയും മോഹന്‍ലാലും വന്നതില്‍ പിന്നെ അവരുടെ എല്ലാ സിനിമകളും കണ്ടു തുടങ്ങി. അതങ്ങനെ ഒരു ശീലമായി. ഇതിപ്പോള്‍ ഈയിടെയിറങ്ങിയ പ്രമാണി, താന്തോന്നി, ജനകന്‍ എന്നീ സിനിമകള്‍ മുഴുവനും കണ്ടതിനാണ് അവാര്‍ഡ് കിട്ടിയിരിക്കുന്നത്. ആ സിനിമകള്‍ കാണാന്‍ പോകുമ്പോള്‍ തന്നെ അടുത്ത സുഹൃത്തുക്കള്‍ തടഞ്ഞിരുന്നു. പക്ഷെ, അതൊന്നും വക വയ്ക്കാതെയാണ് ഞാന്‍ സിനിമകള്‍ കണ്ടത്.”

ശശാങ്കന്റെ നേട്ടത്തെപ്പറ്റി ഭാര്യ പറയുന്നത്: ”ചേട്ടന്‍ തിയറ്ററില്‍ പോയി ഈ സിനിമയൊക്കെ കണ്ടിട്ടു വരുമ്പോള്‍ ഞാനാണ് എന്നും കട്ടന്‍കാപ്പി തിളപ്പിച്ചു കൊടുക്കാറുള്ളത്. തിയറ്ററില്‍ പോയി ചേട്ടന്‍ എന്താണ് കാണുന്നതെന്ന് ഞാനിപ്പോള്‍ അന്വേഷിക്കാറില്ല. ചേട്ടനിപ്പോള്‍ അവാര്‍ഡ് കിട്ടിയിരിക്കുന്ന ആ സിനിമകള്‍ കണ്ടിട്ടു വന്ന ദിവസം ഒന്നും മിണ്ടാതെ കയറി കിടക്കുകയായിരുന്നു. ഞാന്‍ ചോദിച്ചപ്പോള്‍ എന്നോടൊന്നും ചോദിക്കരുത് എന്നു മാത്രമാണ് പറഞ്ഞത്. ഇതിനു മുമ്പ് സാഗര്‍ എലിയാസ് ജാക്കി, മായാബസാര്‍, ആഗതന്‍ തുടങ്ങിയ സിനിമകള്‍ കണ്ടിട്ടു വന്നപ്പോഴാണ് ചേട്ടനെ ഞാന്‍ അങ്ങനെ കണ്ടിട്ടുള്ളത്. പിന്നെ കുറെ ദിവസം ചേട്ടന്‍ വീട്ടില്‍ തന്നെയിരുന്ന് സാഗര്‍ എലിയാസ് ജാക്കിയുടെയും മായാബസാറിന്റെയും സിഡികള്‍ പലതവണ മാറി മാറി കാണും. അങ്ങനെയാണ് നോര്‍മലാകുന്നത്”

ശശാങ്കന്റെ നേട്ടത്തെപ്പറ്റി പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്:”ശശാങ്കനെപ്പോലുള്ള 1000 പേരുണ്ടായിരുന്നെങ്കില്‍ ഇവിടെ മലയാള സിനിമകള്‍ വിജയിച്ചേനെ എന്നാണ് എനിക്കു തോന്നുന്നത്. ഞാന്‍ ഒരിക്കല്‍ നമ്മുടെ കവിത തിയറ്ററില്‍ എലിപ്പനി ബോധവല്‍ക്കരണ സ്ലൈഡ് കൊടുക്കാന്‍ പോയപ്പോള്‍ അവിടെ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ദേ ഇങ്ങോട്ടു നോക്കിയേ എന്ന സിനിമ കളിക്കുന്നു. സിനിമ തീരാറായ സമയം. തിയറ്ററിനുള്ളില്‍ ശശാങ്കന്‍ മാത്രം. ഞാന്‍ വിസ്മയത്തോടെ നോക്കി നിന്നു. എന്നാല്‍ അതൊന്നുമല്ല എന്നെ അദ്ഭുതപരതന്ത്രനാക്കിയത്. സിനിമ കഴിഞ്ഞതും ശശാങ്കന്‍ സീറ്റില്‍ നിന്ന് എണീറ്റ് നിന്ന് രണ്ട് മിനിട്ട് കയ്യടിച്ച ശേഷം മെത്രാനച്ചന്റെ മോതിരം മുത്തിയേച്ചു പോകുന്ന കന്യാസ്ത്രീയെപപ്പോലെ വിനയത്തോടെ പുറത്തേക്കു നടക്കുന്നു. ബാലചന്ദ്രമേനോനെങ്ങാനും കണ്ടിരുന്നെങ്കില്‍ കെട്ടിപ്പിടിച്ച് രണ്ടു കവിളിലും ഓരോ കടിയങ്ങു വചച്ചു കൊടുത്തേനെ”

മലയാള സിനിമയുടെ രക്ഷയ്ക്ക് പ്രേക്ഷകരെ തിയറ്ററിലെത്തിക്കുക എന്നതല്ലാതെ മറ്റു വഴികളില്ലാത്തിനാല്‍ തിയറ്ററില്‍ എത്തുന്നവര്‍ക്ക് സൌജന്യമായി ഉച്ചഭക്ഷണം, കുട്ടികള്‍ക്ക് ഐസ്്ക്രീം എന്നിവ വിവിധ സ്ഥാപനങ്ങളെ കൊണ്ട് സ്പോണ്‍സര്‍ ചെയ്യിക്കാന്‍ നിര്‍ദേശം വന്നിട്ടുണ്ട്. എന്നാല്‍, ശശാങ്കന്‍ ഉള്‍പ്പെടെ മലയാള സിനിമ കാണാന്‍ തിയറ്ററുകളിലെത്തുന്നവര്‍ക്ക് സൌജന്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം ഇതുവരെ പരിഗണിച്ചിട്ടില്ല. അതേ സമയം, ചില തിയറ്റര്‍ ഉടമകള്‍ പ്രേക്ഷകരെ ആകര്‍ഷിക്കാനായി തിയറ്ററില്‍ മദ്യം വിളമ്പുന്നതിനെതിരെ ഒരുവിഭാഗം പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.

സൂര്യാ ടിവിയോട് രണ്ടു വാക്ക് (നാലെണ്ണം പറയേണ്ടതാണ്..)

മുല്ലപ്പെരിയാറിലെ വെള്ളം പോലെയാണ് എന്റെ ബ്ളോഗ് പോസ്റ്റുകള്‍ എന്നു സൂര്യ ടിവി വിചാരിച്ചിട്ടുണ്ടെങ്കില്‍ അത് ശരിയല്ല. മലയാളികളുടേതായ എല്ലാം ആവശ്യാനുസരണം ഉപയോഗിക്കാം എന്നു വിശ്വസിച്ചുപോയിട്ടുണ്ടണ്ടെങ്കില്‍ കുറ്റം പറയാന്‍ പറ്റില്ല. മാത്രമല്ല, ഇതിന്റെ പേരില്‍ ചാനലിന്റെ മുതലാളിമാരെയോ തൊഴിലാളികളെയോ ഒന്നും കറുത്തു തടിച്ച തമിഴന്‍മാരെന്നു വിളിച്ചാക്ഷേപിക്കാനോ എനിക്കുദ്ദേശവുമില്ല. കാരണം, ഞാന്‍ വളരെ ഡീസന്റായിപ്പോയി. ഇനിയിപ്പോള്‍ എന്റെ ബ്ളോഗിലെ പോസ്റ്റുകള്‍ തോന്നിയതുപോലെ ഉപയോഗിക്കാന്‍ 999 വര്‍ഷത്തേക്ക് കരാര്‍ ഒപ്പുവച്ചെന്നും പറഞ്ഞ് വന്നേക്കരുത്. സൂര്യ ടിവി പോലെ ഒരു തരംതാണ പ്രസ്ഥാനമല്ല ബെര്‍ളിത്തരങ്ങള്‍.

ഞാനതല്ല ആലോചിക്കുന്നത്, തെണ്ടി, ചെറ്റ, കൂതറ, നാറി, അലവലാതി എന്നൊക്കെ ഇക്കണ്ട മലയാളികളൊക്കെ വിശേഷിപ്പിക്കുന്ന എന്റെ ബ്ളോഗില്‍ നിന്നു പോസ്റ്റ് മോഷ്ടിച്ച് പ്രോഗ്രാം ഉണ്ടാക്കി അവതരിപ്പിക്കണമെങ്കില്‍ സൂര്യ ടിവി എത്ര ഗതികെട്ടിരിക്കും. എന്തീനീ മോഷണം ? ഒരു വാക്കുരിയാടിയിരുന്നെങ്കില്‍, ഒന്ന് ഒച്ച വച്ചിരുന്നെങ്കില്‍ ഞാന്‍ തരുമായിരുന്നല്ലോ. ഇതുവരെ എന്നോടു ചോദിച്ച എല്ലാവര്‍ക്കും ഞാന്‍ കൊടുത്തിട്ടുണ്ട്. പ്രതിഫലമായി ‘തമാശ’ മാസിക അയച്ചു തന്നിട്ടുള്ള ചെക്കുകള്‍ മാത്രമേ ഞാന്‍ കൈപ്പറ്റിയിട്ടുള്ളൂ. മലയാളത്തിലെ മാധ്യമകുലപതികള്‍ പലരും എന്റെ പോസ്റ്റുകള്‍ അച്ചടിച്ചിട്ടുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം അഞ്ചു പൈസ ആരും തന്നിട്ടില്ല. പാവങ്ങള്‍, അത്താഴപ്പട്ടിണിക്കാരയ മുതലാളിമാരോട് ഞാന്‍ വിലപേശാന്‍ പോയിട്ടില്ല. ഇനിയിപ്പോള്‍ ഈ പറഞ്ഞ സൂര്യാ ടിവിക്കാണെങ്കിലും ഞാന്‍ ചുമ്മാ കൊടുത്തേനെ.

ഏതാണ് എന്താണ് എന്നു പിടികിട്ടാത്തവര്‍ക്കു വേണ്ടി പറയാം. സൂര്യ ടിവി എന്നു പറയുന്ന മലയാളം ചാനല്‍ (ഞാനീവക ചവറുകളൊന്നും കാണാറില്ല) അവരുടെ രസികരാജാ നമ്പര്‍ 1 എന്ന പരിപാടിയില്‍ ‘നെയ്യപ്പം ദുരന്തം: ഒരു ന്യൂസ് അവര്‍ അവതരണം’ എന്ന എന്റെ ബ്ളോഗ്പോസ്റ്റ് സ്കിറ്റ് പരുവത്തില്‍ ഷൂട്ട് ചെയ്ത് അവരിപ്പിച്ചു കളഞ്ഞു. സംഗതി സംപ്രേഷണം ചെയ്തു കഴിഞ്ഞ നിലയ്ക്ക് ഇനി മണാ കുണാ എന്നു പറഞ്ഞിട്ടു കാര്യമില്ല. ഇനിയിപ്പോള്‍, അത് ഞങ്ങള്‍ക്കറിയില്ലായിരുന്നു, ആരോ ഫോര്‍വേഡ് ചെയ്തു തന്നതാ തുടങ്ങിയ ന്യായങ്ങള്‍ പറയുകയോ അതല്ല, മുല്ലപ്പെരിയാറിന്റെ കാര്യത്തിലെന്നപോലെ മലയാളം ബ്ളോഗുകളിലെ ഉള്ളടക്കവും ഞങ്ങള്‍ക്കവകാശപ്പെട്ടതാണ് എന്നറിഞ്ഞിട്ടെടുത്തതാണെന്നു പറയുകയോ എന്തു ചെയ്താലും സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു കഴിഞ്ഞു. എന്റെ സര്‍ഗചേതന വീണ്ടും മാനഭംഗം ചെയ്യപ്പെട്ടിരിക്കുന്നു.

സൂര്യ ടിവിയോട് ഞാന്‍ ഒരു പ്രതിഷേധവും അറിയിക്കുന്നില്ല. എനിക്കു പ്രതിഷേധം ഇല്ല. ആളുകള്‍ക്ക് വായിക്കാനും ആസ്വദിക്കാനും വേണ്ടി മാത്രമാണ് ബ്ളോഗില്‍ ഞാന്‍ പലതും എഴുതുന്നത്. അത് മോഷ്ടിച്ചെടുക്കുന്നത് കുറ്റകൃത്യമാണ്. ഇനിയിപ്പോള്‍ മോഷണം നടത്തിയിട്ടില്ല എന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ടെങ്കില്‍ നഷ്ടപരിഹാരമായി 2 ലക്ഷം രൂപ എനിക്കു നല്‍കുകയും രസികരാജാ നമ്പര്‍ 1 എന്ന പരിപാടിയുടെ ഈ മോഷണം നടന്നിട്ടുള്ള എപ്പിസോഡിന്റെ പുനഃസംപ്രേഷണം നടത്താതിരിക്കുകയും അടുത്ത എപ്പിസോഡില്‍ എന്നോട് ആത്മര്‍ത്ഥമായി ക്ഷമാപണം നടത്തുകയും ചെയ്യാവുന്നതാണ്. അത്രയൊക്കെ ചെയ്യാനുള്ള അന്തസ്സും പാരമ്പര്യവും സംസ്കാരവും സൂര്യ ടിവിക്കുണ്ടോ എന്നെനിക്കറിയില്ല. ഇല്ലെങ്കിലും ഞാന്‍ പരാതിപ്പെടുന്നില്ല. അതൊക്കെ നമ്മള്‍ പറഞ്ഞാല്‍ ഉണ്ടാകുന്നതല്ലല്ലോ.

ഇനിയിപ്പോള്‍ ഇങ്ങനൊരു മോഷണം നടന്ന വിവരം അറിഞ്ഞില്ല കേട്ടില്ല എന്നൊന്നും പറയരുത്. ഈ ബ്ളോഗില്‍ നിന്നു മോഷ്ടിച്ച വസ്തുവിനെപ്പറ്റി ഈ ബ്ളോഗില്‍ തന്നെയാണ് ഞാന്‍ പോസ്റ്റിടുന്നത്. അത് സൂര്യടിവി കണ്ടേ മതിയാവൂ. പോരെങ്കില്‍ ഇതുമായി ബന്ധപ്പെട്ട ഒന്നു രണ്ടു പേരെ ഫോണിലും വിളിച്ചു. സര്‍ക്കാരാപ്പീസിലെപ്പോലെ അതിവിടെയല്ല, അവിടെയാണ് എന്നു പറഞ്ഞ് നമ്പരുകള്‍ മാറി മാറി കുറെ വിളിച്ചതല്ലാതെ സംഗതി എങ്ങുമെത്തിയിട്ടില്ല. പ്രോഗ്രാം നടത്തിക്കൊണ്ടു പോകാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ആണുങ്ങളെപ്പോലെ ചോദിക്കൂ, പത്തോ നൂറോ പോസ്റ്റുകള്‍ വേണമെങ്കില്‍ ചുമ്മാ തന്നേക്കാം. അതിനു കഴിയുന്നില്ലെങ്കില്‍ പ്രോഗ്രാം നിര്‍ത്തിക്കളയൂ. അല്ലാതെ മോഷണം നടത്തി പ്രോഗ്രാം നടത്തുന്നത് സൂര്യ ടിവി പോലൊരു ചാനലിനു ചേര്‍ന്നതല്ല.

സൂര്യ ടിവി മോഷ്ടിച്ച പോസ്റ്റ് സ്വന്തം പേരിലാക്കി പ്രസിദ്ധീകരിച്ചവരില്‍ പ്രഭ നാരായണപിള്ള ഉള്‍പ്പെടെയുള്ള പ്രഗല്‍ഭരുണ്ട്. അവരൊക്കെ ഈ ഗതിയിലാണെന്ന് എനിക്കറിയില്ലായിരുന്നു. പ്രഗല്‍ഭര്‍ക്ക് ഇവിടെ എന്തുമാകാമെന്നതുകൊണ്ട് കുഴപ്പമില്ല. ഇതുവരെ നാലോ അഞ്ചോ പേര്‍ ഇത് വിഡിയോ ആക്കി റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. രണ്ടു പേര്‍ മാത്രമാണ് എന്നോട് അനുവാദം ചോദിച്ചത് (ആര്‍ക്കും റൈറ്റ് കൊടുത്തിട്ടില്ല, പൈസയും വാങ്ങിയിട്ടില്ല). അനുവാദമില്ലാതെ സംഗതി റെക്കോര്‍ഡ് ചെയ്ത് അപ്ലോഡ് ചെയ്ത സുഹൃത്തിനോടു ചോദിച്ചപ്പോള്‍ ബ്ളോഗില്‍ കമന്റ് രൂപേണ അനുവാദം ചോദിച്ചിരുന്നു പക്ഷെ, മറുപടി ഒന്നും കാണാത്തതുകൊണ്ട് സമ്മതമായിരിക്കും എന്നു കരുതി റെക്കോര്‍ഡ് ചെയ്തതാണെന്നായിരുന്നു. ആ മഹാത്മാവ് പിന്നെ ഞാന്‍ നിഷേധിച്ചെങ്കിലോ എന്നു കരുതി ഒരു കാര്യം ചെയ്തു- എന്റെ ക്രെഡിറ്റ് വച്ചില്ല. സംഗതി ക്ളീന്‍ !

ഞാനെഴുതണം, അത് സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കണം- ഇതാണ് ഞാന്‍ മനസ്സിലാക്കിയിടത്തോളം പല ആളുകളുടെയും ആവശ്യം. ബെര്‍ളി ചവറെഴുതുന്നവനാണെന്ന് പ്രചരിപ്പിക്കുകയും ആ ചവറുകള്‍ സ്വന്തം പേരിലാക്കി ഉദാത്തമെന്നു പറഞ്ഞു വിറ്റുകാശാക്കുകയും ചെയ്യുന്ന ഈ ബോണ്‍ലെസ് ഫാദര്‍ലെസ് സിന്‍ഡ്രോം ഞാന്‍ കാണാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയതുകൊണ്ടും ഇതുവരെ എന്റെ അനേകം പോസ്റ്റുകള്‍ ഇത്തരത്തില്‍ ഉപയോഗിച്ച് പലരും പല കാര്യങ്ങളും സാധിച്ചിട്ടുള്ളതിനാലും സൂര്യ ടിവിയോട് ഞാന്‍ ഒന്നും പറയുന്നില്ല. ചിലരൊക്കെ ഇപ്പോഴും ഈ ബ്ളോഗില്‍ നിന്നുള്ള പോസ്റ്റുകള്‍ ഭാര്യമാരെയും കാമുകിമാരെയും കാണിച്ച് പലതും സാധിക്കുന്നുണ്ടത്രേ. ആരൊക്കെയോ ജോലിയും വിവാഹവും വരെ നടത്തിയിട്ടുണ്ടെന്നു പറയുന്നു. എന്തായാലും ഈ ബ്ളോഗില്‍ നിന്നു മോഷ്ടിക്കുന്ന പ്രഗല്‍ഭരുടെ ലിസ്റ്റ് നീളുന്നതിനാല്‍ ‘ഈ ബ്ളോഗില്‍ നിന്നു മോഷ്ടിച്ചവര്‍’ എന്ന പേരില്‍ ഈ പ്രഗല്‍ഭരുടെയെല്ലാം പേര് ബ്ളോഗില്‍ പ്രദര്‍ശിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. അപ്പോഴും ലിസ്റ്റില്‍ നിന്ന് അണ്ടനെയും അടകോടനെയുമൊക്കെ ഒഴിവാക്കും, പിണങ്ങരുത്.

നമ്മുടെ സ്വന്തം കമ്പനി

കമ്പനി എന്ന പേരു കേട്ടാല്‍ ഒരു കാലത്ത് തിളയ്ക്കുമായിരുന്നു ചോര നമുക്ക് ഞരമ്പുകളില്‍. കാലങ്ങളോളം കമ്പനി എന്നു പറഞ്ഞാല്‍ നമുക്ക് ഒരേയൊരു കമ്പനിയായിരുന്നു; ഈസ്റ്റ് ഇന്ത്യാ കമ്പനി. ഇന്ത്യയെ കോളനിവല്‍ക്കരിച്ച് ചൂഷണം ചെയ്ത് അടിമത്വത്തിലാക്കി കോടിക്കണക്കിനു ജനങ്ങളുടെ കണ്ണീരും ശാപവും ഏറ്റുവാങ്ങിയ അതേ കമ്പനി. ആ കമ്പനി വീണ്ടും വരുന്നു ഇന്ത്യയിലേക്ക്. ഇത്തവണ ഞരമ്പുകളില്‍ ചോര തിളപ്പിക്കണമെന്നില്ല; അന്തരംഗം അഭിമാനപൂരിതമാക്കിയാലും തെറ്റില്ല. കാരണം, 400 വര്‍ഷത്തെ ചരിത്രമുള്ള ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിലേക്കു കൊണ്ടുവരുന്നത് ഒരിന്ത്യക്കാരന്‍ തന്നെയാണ്. ഇവനിപ്പോള്‍ എന്തിന്റെ കേടാണ് എന്നു ചോദിച്ചാല്‍ ഇത്രേയുള്ളൂ: കമ്പനി കാശു കൊടുത്തു വാങ്ങിച്ച് അതിന്റെ ആധാരവും പട്ടയവും തലക്കുറിയുമായാണ് ചേട്ടന്‍ വരുന്നത്.

ഒരു കാലത്ത് രാജ്യത്തെ കോടിക്കണക്കിനു ജനങ്ങളെ ചവുട്ടിയരച്ച പ്രസ്ഥാനം വിലയ്ക്കു വാങ്ങുക എന്നത് ഏതോരിന്ത്യക്കാരനെ സംബന്ധിച്ചും അഭിമാനാര്‍ഹമായ പ്രതികാരമാണ്. അന്നത്തെ പ്രതികളെ കിട്ടില്ലെങ്കിലും സൂര്യനസ്തമിക്കാത്ത പ്രൌഡിയുടെ പ്രതീകമായ ആ പേരിന്റെ മുകളില്‍ ഉടയോന്‍ എന്ന നിലയ്ക്ക് ഒപ്പു ചാര്‍ത്താനുള്ള അധികാരം നേടിയിരിക്കുന്ന ഇന്ത്യാരന്‍ വ്യവസായിയായ സഞ്ജീവ് മേഹ്തയാണ്.

സഞ്ജീവ് മേഹ്ത
ഈസ്റ്റ് ഇന്ത്യ ട്രേഡിങ് കമ്പനി, ഇംഗിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി, ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി എന്ന പേരുകളില്‍ അറിയപ്പെട്ട കമ്പനി ഇനി മുതല്‍ ഇന്ത്യന്‍ കമ്പനിയാണ്. കമ്പനിയുടെ പേരില്‍ എല്ലാത്തരം ബിസിനസ്സുകളും തുടങ്ങാനാഗ്രഹിക്കുന്ന മേഹ്ത പക്ഷെ പട്ടാളം രൂപീകരിച്ച് ബ്രിട്ടണ്‍ കീഴടക്കി ഒരു പ്രതികാരം താനുദ്ദേശിക്കുന്നില്ലെന്നു തമാശയായി പറയുന്നു. 20 വര്‍ഷമായി വിദേശത്ത് വ്യവസായിയായ 48കാരനായ മേഹ്ത ഏറെ നാളത്തെ പരിശ്രമത്തിനു ശേഷമാണ് ചരിത്രത്തിന്റെ കുഴിതോണ്ടി തലമുറകളുടെ സ്വാതന്ത്യ്രം കുളം തോണ്ടിയ കമ്പനി ചുളുവിലയ്ക്ക് വാങ്ങിയത്. ഇരുന്നൂറു വര്‍ഷത്തോളം ഇന്ത്യയെ അടക്കിഭരിച്ച കമ്പനി വാങ്ങാന്‍ മേഹ്തയ്ക്കു ചെലവായതോ വെറും ഒന്നരക്കോടി ഡോളര്‍ (ഏകദേശം 70 കോടി രൂപ).

പഴയ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ബിസിനസ്സുകള്‍ തന്നെ ഏറ്റെടുത്തു നടത്താനാണ് മേഹ്തയുടെയും പദ്ധതി. കാപ്പി, തേയില, പട്ട്, സുഗന്ധവിളകള്‍ എന്നിവയ്ക്കു പുറമേ പുതിയ കാലത്തിന്റെ ഉല്‍പ്പന്നങ്ങളും ലിസ്റ്റിലുണ്ട്. 2004ല്‍ ആണ് കമ്പനി സ്വന്തമാക്കാന്‍ വഴികളുണ്ടെന്ന് മേഹ്ത തിരിച്ചറിഞ്ഞത്. ഒരു ബ്രിട്ടിഷ് വ്യവസായിയുടെ പക്കലുണ്ടായിരുന്ന കമ്പനിയുടെ ഷെയറുകള്‍ വാങ്ങുകയാണ് ആദ്യം ചെയ്തത്. കമ്പനിയുടെ വികസനത്തിനായി ഒരു കോടി പൌണ്ട് ഉടനെ നിക്ഷേപിച്ചു. പിന്നീട് ആറു വര്‍ഷം മേഹ്ത പഴയ കമ്പനിയുടെ സഞ്ചാരപഥങ്ങളിലൂടെ ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ചു. വ്യാപാരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു, മ്യൂസിയങ്ങളില്‍ കയറിയിറങ്ങി. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പുതിയ ഓഫിസ് നൂറ്റാണ്ടിനു ശേഷം അടുത്ത മാസം ലണ്ടനിലെ മേഫെയറില്‍ തുറക്കും.

1817ലെ കമ്പനി ആസ്ഥാനം

ഇന്നും ലോകമെങ്ങും ഓര്‍ക്കുന്ന ഈസ്റ്റ് ഇന്ത്യ കമ്പനി പോലൊരു ബ്രാന്‍ഡ് തനിക്കെന്നല്ല ഒരാള്‍ക്കും സൃഷ്ടിക്കാനാവില്ലെന്നു പറയുന്ന മേഹ്ത, താനീ ബ്രാന്‍ഡിനു ചീത്തപ്പേരുണ്ടാക്കില്ലെന്ന് ഉറപ്പു നല്‍കുന്നു. ഒരിന്ത്യക്കാരനെന്ന നിലയില്‍ താനനുഭവിക്കുന്ന വീണ്ടെടുക്കലിന്റെ നിര്‍വൃതി തന്നെയാണ് ഈ നേട്ടത്തിലെ ലാഭമെന്ന് അഭിമാനത്തോടെ പറയുന്ന മേഹ്ത ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അധിപനായി മാതൃരാജ്യത്തേക്കുള്ള മടക്കം ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ അനുഭവമാണെന്നു കൂട്ടിച്ചേര്‍ക്കുന്നു. ”വലിയൊരു ഉത്തരവാദിത്വമാണ് ഞാന്‍ ഏറ്റെടുത്തിരിക്കുന്നത്. ഞാനല്ല ഈ ബ്രാന്‍ഡ് സ്ഥാപിച്ചത്. അതുകൊണ്ടുതന്നെ ഈ പേരിന്‍റെ മൂല്യം നിലനിര്‍ത്തേണ്ടതുണ്ട്. സുഖമുള്ള കഷ്ടപ്പാടാണിത്. ഇന്ത്യക്കാരെ അടിമകളാക്കിയ കമ്പനിയുടെ തലപ്പത്തിരുന്ന് നയിക്കുക. കമ്പനിക്കു കാലം കാത്തുവച്ച തിരിച്ചടിയാകും ഇത് – മേഹ്തയുടെ വാക്കുകള്‍.

ഈസ്റ്റ് ഇന്‍ഡീസുമായുള്ള വ്യാപാരാവശ്യങ്ങള്‍ക്കായി 1600ല്‍ എലിസബത്ത് രാജ്ഞിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഈസ്റ്റ് ഇന്ത്യ കമ്പനി പിന്നീട് 1757ലെ പ്ളാസി യുദ്ധത്തോടെയാണ് ഭരണം തുടങ്ങുന്നത്. 1857ലെ ഒന്നാം സ്വാതന്ത്യസമരത്തോടെ കമ്പനി ക്ഷയിച്ചു തുടങ്ങിയപ്പോള്‍ കമ്പനിയുടെ അധീനതയിലുള്ള പ്രദേശങ്ങളുടെ ഭരണം ബ്രിട്ടന്‍ ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് 1874 ജനുവരി ഒന്നിന് ഈസ്റ്റ് ഇന്ത്യ സ്റ്റോക്ക് ഡിവിഡന്‍ഡ് റിഡംപ്ഷന്‍ ആക്ട് പ്രകാരം കമ്പനി പിരിച്ചുവിടുകയായിരുന്നു.