മിസ്ഡ് കോള്‍ പൊളിറ്റിക്‌സ്

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തോല്‍പിച്ച് ബിജെപി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി മാറി. എന്നാല്‍, എങ്ങനെ പാര്‍ട്ടിയില്‍ ഇത്രയധികം ്അംഗങ്ങളുണ്ടായി എന്നതിനെ സംബന്ധിച്ച ചര്‍ച്ചകളും ആക്ഷേപവുമാണ് മൊത്തത്തില്‍ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. പ്രധാന ആക്ഷേപം മിസ്ഡ് കോള്‍ വഴിയാണ് ബിജെപി ഇത്രയധികം അംഗങ്ങളെ ചേര്‍ത്തത് എന്നതാണ്. മിസ്ഡ് കോള്‍ അടിച്ചാല്‍ ബിജെപി അംഗമാകാം എന്നുള്ള എസ്എംഎസ് എനിക്കും വന്നിട്ടുണ്ട്. ഞാന്‍ മിസ്ഡ് കോള്‍ അടിച്ചില്ല, ബിജെപി അംഗമായിട്ടുമില്ല. ബിജെപി അംഗമാകാന്‍ ആഗ്രഹമുള്ളവര്‍ മിസ്ഡ് കോള്‍ അടിക്കുകയും അംഗമാവുകയും ചെയ്തിട്ടുണ്ടാവാം. ഇതില്‍ എന്താണ് ഇത്ര ആക്ഷേപകരമായി കണ്ടെത്തിയിരിക്കുന്നത് എന്നത് എനിക്കു മനസ്സിലായിട്ടില്ല.

മിസ്ഡ് കോള്‍ മെംബര്‍ഷിപ്പിനെ ആക്ഷേപിക്കുന്നവരുടെ ശ്രദ്ധയിലേക്ക് ഏതാനും പോയിന്റുകള്‍ ഞാന്‍ കൊണ്ടുവരാനാഗ്രഹിക്കുകയാണ്.

1. മിസ്ഡ് കോള്‍ ബിജെപി കണ്ടുപിടിച്ച സംഗതിയല്ല. സ്വന്തം അച്ഛനെ ഐസിയുവിലേക്കു കൊണ്ടുപോകുന്ന വിവരം മറ്റു സഹോദരന്‍മാരെ അറിയിക്കാന്‍ പോലും മിസ്ഡ് കോള്‍ അടിക്കുന്ന ഇന്ത്യക്കാരന്‍, ബിജെപി പാര്‍ട്ടി മെബര്‍ഷിപ്പിന് മിസ്ഡ് കോള്‍ ഒരു മാര്‍ഗമായി സ്വീകരിച്ചതിനെ പഴിക്കുന്നില്‍ അസൂയ അല്ലാതെ മറ്റൊരു കാരണവും കാണുന്നില്ല. മിസ്ഡ് കോള്‍ കണ്ടാല്‍ അതിന്റെ പിന്നാലെ വിളിച്ചു വിളിച്ചു പോയി ലൈനുണ്ടാക്കുകയും അതുവഴി പ്രണയവും വിവാഹവും ചതിയും ഉള്‍പ്പെടെ നീണ്ട എപ്പിസോഡുകള്‍ സൃഷ്ടിക്കുന്നവരാണ് നമ്മള്‍. ഒരു രാഷ്ട്രീയ പാര്‍ട്ടി അവരുടെ അംഗത്വ ക്യംപെയിനു വേണ്ടി അതേ മിസ്ഡ് കോള്‍ ഉപയോഗിച്ചു വിജയിച്ചപ്പോള്‍ അയ്യേ ഛെ എന്നു പുച്ഛിക്കുന്നത് നിഷ്പക്ഷമായി പറഞ്ഞാല്‍ കുശുമ്പല്ലാതെ മറ്റൊന്നുമല്ല.

2. പാര്‍ട്ടി ഓഫിസില്‍ പോയി ആപ്ലിക്കേഷന്‍ വാങ്ങി അത് ഫില്‍ ചെയ്ത് ഫോട്ടോയും ഒട്ടിച്ച് എന്തുകൊണ്ടു ഞാനൊരു ബിജെപി അംഗമാകാനാഗ്രഹിക്കുന്നു എന്നതിനെപ്പറ്റി 200 വാക്കില്‍ കവിയാതെ ഉപന്യസിച്ച ശേഷം അംഗത്വമെടുക്കുന്നതാണ് മാതൃകാപരം എന്നു പറയുന്നവര്‍ സര്‍ക്കാര്‍ സേവനങ്ങള്‍ മിസ്ഡ് കോളിലും എസ്എംഎസിലുമൊക്കെ ലഭിക്കുന്നത് മാതൃകാപരമാണ് എന്നു പറയുന്നത് എന്തിനാണ് ? സര്‍ക്കാര്‍ ഓഫിസുകളില്‍ പോയി സമാനമായ രീതിയില്‍ ആപ്ലിക്കേഷന്‍ എഴുതി കാത്തിരുന്ന് അതു സമര്‍പ്പിച്ച് കാര്യം നടത്തുന്നതിനെ പുച്ഛിക്കുകയും ബിജെപി അംഗത്വ ക്യംപെയിന് അങ്ങനെ ചെയ്യാത്തതിനെ ആക്ഷേപിക്കുകയും ചെയ്യുന്നത് ലജ്ജാകരമായ ഇരട്ടത്താപ്പാണ്.

3. മിസ്ഡ് കോള്‍ വഴി അംഗത്വത്തിന് അവസരമൊരുക്കിയ ബിജെപിയെ പുച്ഛിക്കുന്ന നല്ലൊരു ശതമാനം ആളുകളും സ്വന്തം ജിമെയില്‍ അക്കൗണ്ടിന്റെ മാത്രം പേരില്‍ മിസ്ഡ് കോള്‍ പോയിട്ട് ഒരു ലിങ്കില്‍ പോലും ക്ലിക്ക് ചെയ്യാതെ ഗൂഗിള്‍ പ്ലസ് എന്ന ലോകത്തെ രണ്ടാമത്തെ വലിയ സോഷ്യല്‍ നെറ്റ്‌വര്‍്ക്കില്‍ അറിയാതെ അംഗമായവരാണ് എന്നത് രസകരമാണ്. അവരില്‍ ആര്‍ക്കും തന്നെ എങ്ങനെ അതില്‍ നിന്നു പുറത്തുകടക്കണം എന്നതും അറിയില്ല എന്നത് നിര്‍ഭാഗ്യകരവും.

4. മിസ്ഡ് കോള്‍ എന്നത് നമ്മള്‍ ഫോണില്‍ ബോധപൂര്‍വം ഒരു നമ്പര്‍ ഡയല്‍ ചെയ്ത ശേഷം റിങ് ചെയ്യുമ്പോള്‍ കട്ടാക്കുന്നതാണ്. എന്നാല്‍, അതേ ഫോണില്‍ ദിവസേനയെന്നോണം വരുന്ന അനേകം ഓഫറുകള്‍ പ്രത്യേകിച്ചൊരു മറുപടിയും നല്‍കാതെ തന്നെ സബ്‌സ്‌ക്രൈബ് ചെയ്ത് അക്കൗണ്ടില്‍ നിന്നും പണം പൊയ്‌ക്കൊണ്ടിരിക്കുന്നവരാണ് മെനക്കെട്ടു കുത്തിയിരുന്ന് മലയാളം സിനിമാ സീനുകള്‍ വെട്ടിമുറിച്ച് ആക്ഷേപഹാസ്യം രചിക്കുന്നത് എന്നതും സഹതാപജനകമാണ്. ഗൂഗിള്‍ പ്ലസില്‍ നിന്നു പുറത്തു കടക്കാനും ബിഎസ്എന്‍എല്‍ വാല്യു ആഡഡ് സര്‍വീസുകളില്‍ നിന്നു രക്ഷപെടാനും അറിയാത്തവര്‍ മിസ്ഡ് കോള്‍ വഴി ബിജെപി അംഗമായവരെ പരിഹസിക്കുന്നത് പരിതാപകരമാണ്.

5. വളരെ ലളിതമായി പറഞ്ഞാല്‍, പാര്‍ട്ടി അംഗത്വം നല്‍കുന്നത് ലളിതമാക്കുകയും കൂടുതലാളുകളെ പാര്‍ട്ടിയിലേക്കാകര്‍ഷിക്കുകയുമായിരുന്നു ബിജെപിയുടെ ലക്ഷ്യം. ഇതിനെക്കാള്‍ മാരകമായി പാര്‍ട്ടി അംഗത്വത്തിനായി ലളിതവല്‍ക്കരണപദ്ധതികള്‍ നടത്തിയത് ആംആദ്മി പാര്‍ട്ടിയാണ്. ഞാന്‍ ആം ആദ്മിയാണ് എന്നു പറയുന്നതില്‍ അഭിമാനിക്കുന്ന ആളുകള്‍ ആപ്പിന്റെ മിസ്ഡ് കോള്‍ ക്യാംപെയിനെ വിശുദ്ധവല്‍ക്കരിക്കുകയും ബിജെപിയുടേതിനെ പരിഹസിക്കുകയും ചെയ്യുന്നത് നാണം കെട്ട പരിപാടിയാണ്.

6. ബിജെപിയെ മിസ്ഡ് കോള്‍ പാര്‍ട്ടി എന്നാക്ഷേപിക്കുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് (അവരുടെ അടുത്ത പ്രസിഡന്റ് എവിടെയാണെന്ന് അവര്‍ക്കു തന്നെ അറിയില്ല) അംഗത്വലളിതവല്‍ക്കരണത്തിനായി ഇന്നലെ ഒരു മൊബൈല്‍ ആപ്പാണ് അവതരിപ്പിച്ചത്. ആപ്പ് വഴി അപ്ലൈ ചെയ്യുന്ന എല്ലാവരും പാര്‍ട്ടിയില്‍ അംഗമാകും. ആളുകള്‍ക്ക് ആപ്ലിക്കേഷനോടൊപ്പം സെല്‍ഫി എടുത്തയക്കാനും ആപ്പില്‍ സൗകര്യമുണ്ട്. ബിജെപിക്കു മിസ്ഡ് കോളടിച്ചുപോയതില്‍ പശ്ചാത്തപിക്കുന്നവര്‍ക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്തു കോണ്‍ഗ്രസില്‍ ചേരാം.

ഇത്രയും പറഞ്ഞ ഞാന്‍ ഒരു ബിജെപിക്കാരനാണ് എന്നു സ്ഥാപിച്ച് ആരും കടന്നുകളയരുത്. ഇതുപോലെ വിവിധ വിഷയങ്ങളില്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളുടെ പേരില്‍ ഞാനൊരു സിപിഎംകാരനും കോണ്‍ഗ്രസുകാരനും ലീഗുകാരനും മാണി കോണ്‍ഗ്രസുകാരനുമൊക്കെ ആയിട്ടുണ്ട്. ആരുടെയെങ്കിലും ആരുമാകാതെ അഭിപ്രായം പറയാം എന്നതു കൂടി ഓര്‍മിപ്പിച്ചുകൊണ്ട് നിര്‍ത്തട്ടെ, നന്ദി നമസ്‌കാരം.

കുറിപ്പ്: എന്റെ വീട്ടില്‍ എല്ലാവരും (ഞാനും) ബീഫ് കഴിക്കാറുണ്ട്.

ചീഫ് കുക്ക് സ്പീക്കിങ്

# കോള്‍-1

ഹലോ… അച്ചായനാണോ ?

ഏതു കു#@*%#$ ഇത് ?

ഞാനാണ് സര്‍… സാര്‍ ചീഫ് കുക്ക് സ്ഥാനം രാജി വയ്ക്കുമോ ?

എടാ പൂ#@#$.. ഇതറിയാനാണോടാ നീ വിളിച്ചത്… ചീഫ് കുക്ക് സ്ഥാനം കണ്ടിട്ടൊന്നുമല്ലെടാ കു#$@ ഞാനീ കള്ളന്‍മാര്‍ക്കു കഞ്ഞി വയ്ക്കാനിറങ്ങിയത്… ഈ ചീഫ് ചുക്ക് സ്ഥാനമെന്നു പറയുന്നത് എനിക്കു വെറും മ@#@.. ഞാന്‍ ഇത് ഈ നിമിഷം രാജി വയ്ക്കാന്‍ തയ്യാറാ… ഇനി ഇമ്മാതിരി കോപ്പിലെ ചോദ്യം ചോദിച്ചോണ്ട് വിളിച്ചേക്കരുത്..വയ്‌ക്കെടാ പൂ@# ഫോണ്‍..

പ്ലിങ് !

# കോള്‍-2

ഹലോ അച്ചായാ ഇതു ഞാനാ…

എന്നാടാ പൊ#@%# മോനേ.. നിന്നോടിനി വിളിച്ചേക്കരുതെന്നു ഞാന്‍ പറഞ്ഞതല്ലേ ?

അല്ലച്ചായാ… അച്ചായന്‍ ചീഫ് കുക്ക് സ്ഥാനത്തിരുന്നുകൊണ്ട് കേറ്ററിങ് കമ്പനി മാനേജരായ കോരസാറിനെയും എംഡി ചാണ്ടിയെയും പാര്‍ട്ടി ഓര്‍ഡര്‍ തരുന്നവരെയും വിരുന്നുകാരെയുമെല്ലാം തെറി പറയുന്നത് ശരിയല്ലെന്നൊരഭിപ്രായം പൊതുവേയുണ്ടല്ലോ…

ഏതു പരപ്പൂ#@%$ മോനാടാ മ#@# അങ്ങനൊരുഭിപ്രായമുള്ളത് ? … ഈ നാട്ടില്‍ വൃത്തിയും മെനയുമുള്ള കേറ്ററിങ് നടക്കണമെന്നു മാത്രമേ എനിക്കുള്ളൂ.. എന്നെ ചീഫ് കുക്കാക്കിയത് കോരസാറാണ്.. കോരസാര്‍ പറഞ്ഞാല്‍ ഞാന്‍ ആ നിമിഷം ഈ പണി രാജി വയ്ക്കും… ഒരു സാധാരണ പാചകക്കാരനായി നല്ല ഭക്ഷണം പാചകം ചെയ്തു ഞാന്‍ ജീവിക്കും… അല്ലാതെ ചീഫ് കുക്കും മ#@$^മൊന്നും എനിക്കൊരു കു#@*മല്ല…

പ്ലിങ് !

# കോള്‍- 3

അച്ചായോ… അച്ചായനെ ചീഫ് കുക്ക് സ്ഥാനത്തു നിന്നു മാറ്റണമെന്ന് കോരസാര്‍ കമ്പനി എംഡിയോടാവശ്യപ്പെട്ടിട്ടുണ്ടല്ലോ… ഇനി അച്ചായന്‍ രാജി വയ്ക്കുമോ ?

എന്നാ ചോദ്യവാടാ മ#@$… കോരസാറാരാണെന്ന് എനിക്കറിയാം… കോരസാറു മാത്രമല്ലല്ലോ.. ഇവിടെ യൂണിയനുണ്ട്.. സീനിയര്‍ മാനേജര്‍മാരുണ്ട്.. അവരെല്ലാം കൂടി ഒരു തീരുമാനമെടുത്ത് പറഞ്ഞാല്‍ ആ നിമിഷം ഞാന്‍ ചീഫ് കുക്ക് സ്ഥാനം രാജി വയ്ക്കും. അല്ലെങ്കിലും ആദ്യം മുതലേ എനിക്കിതിഷ്ടവല്ല.. പിന്നെ നാട്ടുകാര്‍ നല്ല ഫുഡ് കഴിച്ചോട്ടെന്നു വിചാരിച്ചാ… പിന്നെ, കള്ളത്തരം കാണിച്ചാ അതേതു കു#@%/യാണെങ്കിലും ഞാന്‍ വിളിച്ചു പറയും… കേറ്ററിങ് കമ്പനി മാനേജരുടെ കസേരയിലിരുന്ന് കോരസാറ് കാണിച്ചിട്ടുള്ള കാര്യങ്ങളും ഞാന്‍ വിളിച്ചു പറയും… കോര ആ വിനാഗിരിക്കടക്കാരന്റെ കയ്യീന്ന് കൈക്കൂലി വാങ്ങിച്ചൊണ്ടെങ്കി കോര രാജി വയ്ക്കണം.. അതു വിളിച്ചു പറഞ്ഞേന്റെ പേരില്‍ എന്നെ മാറ്റണോന്നു പറയാന്‍ അയാളാരാ… എന്റെ പഴേ സ്വഭാവം വല്ലോമായിരുന്നേല്‍ മ@#@* ഞാന്‍ തെറി പറഞ്ഞു കണ്ണു പൊട്ടിച്ചേനെ..

അല്ലച്ചായാ… കോര സാര്‍ പറഞ്ഞാല്‍ ആ നിമിഷം രാജി വയ്ക്കുമെന്ന് കുറച്ചു മുന്‍പ് അച്ചായന്‍ പറഞ്ഞാരുന്നല്ലോ…

നീ പോടാ പൂ@#&%@… ഞാനെനിക്കു സൗകര്യമുള്ളപ്പോ രാജി വയ്ക്കും… അത് ശരി…

പ്ലിങ് !

# കോള്‍- 4

അച്ചായോ… കേറ്ററിങ് കമ്പനിക്കെതിരെയും മാനേജര്‍ക്കെതിരെയും പ്രവര്‍ത്തിക്കുന്ന അച്ചായനെ ചീഫ് കുക്ക് സ്ഥാനത്തു നിന്നു മാറ്റണമെന്ന് കമ്പനിയിലെ സീനിയര്‍ മാനേജര്‍മാരെല്ലാം കൂടി എംഡിയെ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ടല്ലോ അച്ചായാ… ഇനീപ്പോ രാജി വയ്‌ക്കേണ്ടി വരില്ലേ ?

ഒന്നു പോടാ പൂ#@%$#.. ഇവന്‍മാരൊക്കെ വിചാരിച്ചാല്‍ വല്ലോം ആകുവോ… അല്ല, ആരാ ഈ സീനിയര്‍ മാനേജര്‍മാര്… അവന്‍മാര് നാലു പേരുകൂടി അങ്ങോട്ടു ചെന്നാല്‍ അതുകൊണ്ടു വല്ല കാര്യവുമുണ്ടോ ?.. അല്ലെങ്കിലും ഈ അവ#@^&*മോന്‍മാര് മാനേജര്‍മാരു പറഞ്ഞാല്‍ ഞാന്‍ രാജി വയ്‌ക്കേണ്ട കാര്യമില്ലല്ലോ… എംഡി പറയട്ടെ… ചമ്പളം തരുന്നത് കമ്പനി എംഡിയല്ലേ… എംഡി പറഞ്ഞാലല്ലേ ഞാന്‍ രാജി വയ്‌ക്കേണ്ട ആവശ്യമുള്ളൂ… എംഡി പറഞ്ഞാല്‍ ആ നിമിഷം ഞാന്‍ ചിഫ് കുക്ക് സ്ഥാനം രാജി വയ്ക്കും… അല്ലാതെ കൈക്കൂലിക്കോരയും അയാള്‍ടെ #@#&താങ്ങികളും കൂടി പറഞ്ഞാലൊന്നും ഞാന്‍ രാജി വയ്ക്കത്തില്ല…

പ്ലിങ് !

# കോള്‍ – 5

അച്ചായോ.. പണി പാളി… അച്ചായനോട് ചീഫ് കുക്ക് സ്ഥാനം രാജി വയ്്ക്കണമെന്ന് എംഡി പറഞ്ഞു…

എന്റെ പൊന്നു പൂ#@%$#… എംഡീന്നു പറയുന്ന ആളെ എനിക്കറിയാവുന്നതുപോലെ വേറെ ആര്‍ക്കുമറിയില്ല… ഇങ്ങനൊരു സമയത്ത് ആ കള്ളന്‍ കോരയും ബാക്കിയുള്ള പൂ#@&^ കൂടി ചെന്നു പറയുമ്പോള്‍ ഇങ്ങനല്ലാതെ പുള്ളി എന്നാ മ#@& പറയാനാ… അത് കേട്ടു ഞാന്‍ രാജി വച്ചാല്‍ ഏറ്റവുമധികം വിഷമിക്കുന്നതും പുള്ളി തന്നെയായിരിക്കും… എന്റെ കൊക്കില്‍ ജീവനുള്ളിടത്തോളം കാലം ഞാനാ മനുഷ്യനെ വെഷമിപ്പിക്കുകേല…

അല്ല, എന്നാലും എംഡി രേഖാമൂലം ആവശ്യപ്പെടുമ്പോള്‍ രാജി വയ്ക്കാതെങ്ങനെയാ അച്ചായോ ?

എംഡി എനിക്കു ചമ്പളം തരുന്നന്നല്ലേയുള്ളൂ.. എന്നെ വിളിച്ചുകൊണ്ടു വന്നു ചീഫ് കുക്കാക്കിയത് ഈ എംഡീം കള്ളന്‍ കൈക്കൂലിക്കോരയുമൊന്നുമല്ല… ബ്രോക്കര്‍ രമേശനും പിന്നെ നമ്മടെ ഹാജിയാരുമൊക്കെ കൂടിയാ…. അവര് പറയട്ടെ ഞാന്‍ രാജി വയ്ക്കാം… നമുക്ക് ജോലി തന്നവരോട് നമ്മളൊരു അന്തസ്സ് കാണിക്കണ്ടേ ?

പ്ലിങ് !

# കോള്‍ – 6

അച്ചായോ… ബ്രോക്കര്‍ രമേശനും ഹാജിയാരുമൊക്കെ പറയുന്നു… എംഡിയും കോരസാറുമൊക്കെ പറയുന്ന സ്ഥിതിക്ക് അച്ചായന്‍ ചീഫ് കുക്ക് സ്ഥാനം രാജി വച്ച് വീട്ടിപ്പോണോന്ന്…

അവന്‍മാരോട് പോകാന്‍ പറ മ#@*… അവന്‍മാരാരാ ഇതൊക്കെ തീരുമാനിക്കാന്‍… അതിനൊക്കെ ഇവിടെ ആണുങ്ങളില്ലേ… എടാ ഉവ്വേ.. ഞാനൊരു സത്യക്രിസ്ത്യാനിയാ… നേരും നെറീം വിട്ടൊരു ഏര്‍പ്പാടിന് എന്നെ കിട്ടുകേല… രമേശനൊക്കെ ആരാ കക്ഷിയെന്ന് എനിക്കറിയാം..അല്ലെങ്കിലും ഇവന്മാരെല്ലാവരും കൂടി പറയുന്നത് കേട്ട് ഞാന്‍ ചീഫ് കുക്ക് സ്ഥാനം രാജി വച്ചാല്‍… നാളെ നാട്ടുകാരോട് ഞാനെന്നാ സമാധാനം പറയും ? … ഞാനേ മാനേജരും കൂനേജരുമൊന്നുമല്ല.. ചീഫ് കുക്കാ… ഞാനുണ്ടാക്കുന്ന ഭക്ഷണം ഇട്ടപ്പെടുന്നതുകൊണ്ടാ… കമ്പനിക്ക് കേറ്ററിങ് വര്‍ക്കു കിട്ടുന്നത്… കോരയക്ക് അയാള്‍ടെ മോനെ പിടിച്ച് ഇവിടെ കുക്കാക്കാനാ എന്നെ പുറത്താക്കാന്‍ നോക്കുന്നത്… മൂക്കിപ്പൊടീം മുളകുപൊടീം തമ്മില്‍ തിരിച്ചറിയാന്‍മേലാത്ത ചെറുക്കനാ… ഏതു കു@#& പറഞ്ഞെന്നു പറഞ്ഞാലും ശരി.. ഞാന്‍ രാജി വക്കത്തില്ല… ഞാന്‍ ചീഫ് കുക്ക് സ്ഥാനം രാജി വക്കണേല്‍ ഇതുവരെ ഞാനുണ്ടാക്കിയ ഭക്ഷണം കഴിച്ച നാട്ടുകാര്‍ പറയണം… അവരോടാ എനിക്ക് കടപ്പാട്… അവരെ മറന്നൊരു കളിക്കും എന്നെ കിട്ടുകേല…

പ്ലിങ് !

# കോള്‍- 7

അച്ചായോ.. ടിവി ചാനലുകളും വെബ്‌സൈറ്റുകളുമൊക്കെ നടത്തിയ സര്‍വേയില്‍ 70 ശതമാനം നാട്ടുകാരും അച്ചായന്‍ ചീഫ് കുക്ക് സ്ഥാനം രാജി വയ്ക്കണമെന്നു പറയുന്നു.. അച്ചായന്റെ തെറി കാരണം മടുത്തെന്നും ഭക്ഷണം കുറച്ചു മോശമായാലും സദ്യക്കിടെ പുളിച്ച തെറി കേക്കുന്നത് സഹിക്കാന്‍ പറ്റത്തില്ലെന്നും അവര്‍ പറയുന്നു… ഇനീപ്പോ അച്ചായന് രാജി വയ്ക്കുകല്ലാതെ വേറെ വഴിയില്ല…

നീ പോടാ പന്ന#@&*പരപ്പൂ#@%ക്കു%#@#മോനെ… ഈ നാട്ടുകാര് കു#@#%$ ആണോ എന്റെ കാര്യം തീരുമാനിക്കുന്നത് ?.. ഞാനുണ്ടാക്കിയ ഭക്ഷണം കഴിച്ചിട്ട് ഞാന്‍ രാജി വച്ചു പോണമെന്നു പറയുന്ന ഇവനെപ്പോലെയുള്ള കള്ള#@&*$യൊക്കെ പറയുന്നത് കേട്ട് ഞാന്‍ പണി നിര്‍ത്തിപ്പോയാല്‍ ഈ നാട്ടിലെ ബാക്കിയുള്ളവരുടെ കാര്യം എങ്ങനെയാ ?… വരാനിരിക്കുന്ന തലമുറേടെ കാര്യമെങ്ങനെയാ ?…അതുകൊണ്ട് നാട്ടുകാര് കു#@#ടെ വിശേഷം ഒന്നും ഇങ്ങോട്ടൊലത്തേണ്ട.. പുതിയ തലമുറ പറയട്ടെ… ഇനി വരാനിരിക്കുന്നത് അവരുടെ ലോകമല്ലേ.. അവരു പറയട്ടെ… അപ്പോ ഞാന്‍ രാജി വയ്ക്കാം…

പ്ലിങ് !

# കോള്‍ – 8

അച്ചായോ… 10 മുതല്‍ 18 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലും അച്ചായന്‍ ചീഫ് കുക്ക് സ്ഥാനം ഒഴിയണമെന്നാ… ഇനീം പിടിച്ചുനില്‍ക്കാന്‍ നോക്കല്ലേ അച്ചായാ… രാജി വയ്ക്ക്…

നീ പോടാ മ@#@…. വോട്ടവകാശം പോലുമില്ലാത്ത കൂറപ്പിള്ളേരു പറയുന്നത് കേട്ട് ഞാന്‍ ചീഫ് കുക്ക് സ്ഥാനം രാജി വയ്ക്കാനോ… നെനക്കെന്നാടാ പൂ@#&^ തലയ്ക്ക് ഓളവാണോ ?

അല്ല.. അച്ചായനല്ലേ പറഞ്ഞത്.. പുതുതലമുറ പറഞ്ഞാല്‍ രാജി വയ്ക്കൂന്ന്…

ഏതു കു@#%$ പറഞ്ഞാലും ഞാന്‍ ചീഫ് കുക്ക് സ്ഥാനം രാജി വയ്ക്കത്തില്ല… ആര്‍ക്കും ആവശ്യമില്ലെങ്കിലും ഇത്രേം ദുരിതം പിടിച്ച ഒരു പദവി വേറൊരു പാവത്തിന്റെ തലേല്‍ കെട്ടിവയ്ക്കാന്‍ ഞാന്‍ സമ്മതിക്കത്തില്ല… അതിനു മാത്രം ഞാന്‍ അനുഭവിച്ചു.. വേറൊരു സാധു.. അതിനിയിപ്പോ എന്റെ ശത്രുവായാലും ഈ ദുരിതം അനുഭവിക്കാന്‍ ഞാനായിട്ടു സമ്മതിക്കുകേല… പണ്ട് ക്രിസ്തു ചെയ്തതും ഇതു തന്നെയല്ലേ… കുരിശ് സ്വയം ഏറ്റെടുത്ത് ചുമന്നു.. പത്രോസും യോഹന്നാനുമൊക്കെ സഹായിക്കാന്‍ വന്നെങ്കിലും ക്രിസ്തു കുരിശു വിട്ടുകൊടുത്തില്ല… അവസാനം വരെ അതു ചുമന്നു.. അതുപോലെ എന്റെ കൊക്കില്‍ ജീവനുള്ളിടത്തോളം കാലം ചീഫ് കുക്ക് സ്ഥാനം എന്ന ഈ കുരിശ് ഞാന്‍ ചുമക്കും… യൂദാസുമാര്‍ എന്നെ ഒറ്റിക്കൊടുക്കുകയും തോമകള്‍ തള്ളിപ്പറയുകയും ചെയ്യും… ഞാനൊരു സത്യക്രിസ്ത്യാനിയാ… എന്തു സംഭവിച്ചാലും ഞാന്‍ രാജി വക്കുകേല…

അല്ലച്ചായാ….

ഇനി എന്നോടൊന്നും ചോദിക്കരുത്… എനിക്കൊരിത്തിരി നേരം കരയണം…

പ്ലിങ് !

ചുംബന്‍സ് ഡേ !

ഡാ, രാവിലെ എങ്ങോട്ടാടാ കുളിച്ചു കുട്ടപ്പനായിട്ട് ?

കൊച്ചീല്‍ ഒരു പരിപാടിയുണ്ട് ഡാ…

ഡാ… ന്നോ….

അല്ല, ഡാഡി എന്നു പറയാന്‍ വല്ലതാ.. പെട്ടെന്ന് വിക്കിപ്പോയി..

കൊച്ചീല്‍ എന്തു പരിപാടിയാണെന്നാ പറഞ്ഞേ ?

ഒരു സമരമാണ് ഡാഡി…

നീ സമരത്തിനോ ????? സ്‌കൂളിലോ കോളജിലോ പഠിക്കുമ്പോള്‍ പോലും നീയൊരു സമരത്തിനു പോയിട്ടില്ലല്ലോടാ…. ഇപ്പോ ഇതെന്തു പറ്റി ?

പൗരന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയുള്ള സമരങ്ങളായിരുന്നില്ലല്ലോ അതൊന്നും.. അതാണ് അതിനൊന്നും ഞാന്‍ ഇറങ്ങാതിരുന്നത്…

മുല്ലപ്പെരിയാര്‍ ഭീഷണി വന്നപ്പോഴും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടു വന്നപ്പോഴും സമരത്തിനു വാടാ വാടാ എന്നു നിന്നെ ഞാനെത്ര വട്ടം വിളിച്ചു… നീ ഫോണില്‍ കുത്തിക്കോണ്ടിരുന്നതല്ലാതെ തിരിഞ്ഞു പോലും നോക്കിയില്ല…

അതുപോലുള്ള ഒരു പ്രശ്‌നമല്ല ഡാഡി ഇത്… തലമുറകളെ തന്നെ സ്വതന്ത്രമാക്കാന്‍ പര്യാപ്തമായ സമരത്തിന്റെ തുടക്കമാണിത്… സദാചാരപ്പോലീസിങ്ങിന്റെ കറുത്ത കാലത്തിനു നേര്‍ക്കുള്ള യുദ്ധകാഹളമാണിത്…

എനിക്കൊന്നും മനസ്സിലായില്ല…

ലളിതമാക്കാം… സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടി… നമ്മുടെ പെണ്‍കുട്ടികള്‍ക്ക് അവരുടെ വ്യക്തിത്വവും സ്വാതന്ത്ര്യവും പൊതുസമൂഹത്തിനു മുന്നില്‍ മറച്ചുപിടിക്കാതെ ജീവിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടം…

ഉണ്ട… രണ്ടാഴ്ചയായിട്ടൊരുത്തന്‍ നിന്റെ പെങ്ങളുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നു എന്നു പറഞ്ഞിട്ട് തിരിഞ്ഞു നോക്കാത്ത നീയാണോ സ്ത്രീസ്വാതന്ത്യത്തിനു വേണ്ടി സമരം ചെയ്യാന്‍ കൊച്ചിക്കു പോകുന്നത് ?

തെരുവില്‍ കിടന്നു തല്ലുകൂടാന്‍ ഞാനൊരു ഗുണ്ടയല്ല ഡാഡി… അതെപ്പറ്റി ഫെയ്‌സ്ബുക്കില്‍ ഞാന്‍ മൂന്നു പോസ്റ്റുകളിട്ടു… അവള്‍ടെ പുറകെ നടക്കുന്നവന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ഞാന്‍ കണ്ടുപിടിച്ചു… ഒരു ഫെയ്ക്ക് പ്രൊഫൈലുണ്ടാക്കി അവനെ ഞാന്‍ എന്നും തെറിവിളിക്കുന്നുണ്ട്…. വേറെ ആരു ചെയ്യും ഡാഡി ഇങ്ങനെയൊക്കെ ?

അതെനിക്കറിയാന്‍ മേല… പക്ഷെ, ഇന്നലെ രാത്രി അവന്‍ അവളുടെ കുളിമുറീല്‍ എത്തിനോക്കി…

ഡാഡി പ്ലീസ്, അവളോട് അടങ്ങിയൊതുങ്ങി നടക്കാന്‍ പറയണം.. അല്ലെങ്കില്‍ കണ്ട അണ്ടനും അടകോടനുമൊക്കെ പിന്നാലെ വരും.. കുളിമുറീല്‍ എത്തിനോക്കിയെങ്കില്‍ എന്തെങ്കിലും കാണാന്‍ പറ്റുമെന്ന് അവനു മനസ്സിലായതുകൊണ്ടാണ്… ഇവിടെ വേറെയൊരു വീടിന്റേം കുളിമുറീല്‍ ഒരുത്തനും എത്തിനോക്കുന്നില്ലല്ലോ… ഇവിടുത്തെ ഇത്തരം ചീഞ്ഞ വിഷയങ്ങളില്‍ ഇടപെടാന്‍ എനിക്കു താല്‍പര്യമില്ല ഡാഡി… എന്റെ സമരം അങ്ങു കൊച്ചിയിലാണ്…

എന്നാലും പത്തിരുപത്തെട്ടു വര്‍ഷമായി നിനക്ക് ഇങ്ങനൊരു സാമൂഹികപ്രതിബദ്ധത ഞാന്‍ കണ്ടിട്ടില്ലല്ലോ…അതാ…

സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങളില്‍ ഇടപെടുന്നതില്‍ പണ്ടു മുതലേ എനിക്കു താല്‍പര്യമുണ്ടായിരുന്നു ഡാഡി… ഞാനത് ഇതുവരെ പുറത്തു കാണിച്ചില്ലെന്നേയുള്ളൂ…

അത് ശരി.. ഇപ്പോപ്പിന്നെ, അത് പുറത്തോട്ടെടുക്കാന്‍ എന്തുണ്ടായി ?

കേരളത്തിലെ സാമൂഹികപുരോഗതിയെ പിന്നോട്ടു വലിക്കുന്ന ദുഷ്ടശക്തികള്‍ക്കെതിരെ കൈകോര്‍ക്കാന്‍ മലയാളി യുവത്വം ഉണര്‍ന്നു കഴിഞ്ഞു ഡാഡി… ഇനി ഞങ്ങളെ ആര്‍ക്കും തടയാനാവില്ല… ഭരണകൂടഭീകരതയുടെയും ഫാസിസ്റ്റ് സദാചാരതീവ്രവാദത്തിന്റെയും വിഷവിത്തുകള്‍ പിഴുതെറിയാന്‍ ഞങ്ങള്‍ ഇറങ്ങുകയാണ് ഡാഡീ.. അനുഗ്രഹിച്ച് അയക്കൂ…

ഡാ മോനെ… എന്നെ പേടിപ്പിക്കാതെടാ… നീ ഒരുമാതിരി നക്‌സലൈറ്റുകളെപ്പോലെ സംസാരിക്കുന്നത് കേട്ടിട്ട് എനിക്കു പേടിയാകുന്നെടാ.. നീ എവിടുന്നാ ഇങ്ങനൊക്കെ പറയാന്‍ പഠിച്ചത് ?

ഡാഡ്.. ഫെയ്‌സ്ബുക്കിലേക്കു വരൂ… നാളത്തെ ലോകം പടുത്തുയര്‍ത്തുന്നത് ഫെയ്‌സ്ബുക്കിലൂടെയാണ്… അതിന്റെ ഒരു തുടക്കം ആണ് ഇത്…

നാളത്തെ ലോകം… ഫെയ്‌സ്ബുക്ക്… തുടക്കം… എനിക്കൊന്നും മനസ്സിലായില്ല…

അതൊക്കെ മനസ്സിലാക്കാനുള്ള പ്രായം ഡാഡിക്കു കഴിഞ്ഞു… തല്‍ക്കാലം ഇത്രമാത്രം മനസ്സിലാക്കിയാല്‍ മതി… ഈ മകനെക്കുറിച്ചോര്‍ത്ത് ഡാഡിക്ക് എന്നും അഭിമാനിക്കാം… സമൂഹത്തിലെ തിന്മകള്‍ക്കെതിരെ ഫെയ്‌സ്ബുക്കിലൂടെ അനുദിനം ആഞ്ഞടിക്കുന്നതിനു പുറമേ ഇപ്പോള്‍ നേരിട്ടിറങ്ങി സമൂഹത്തെ തിരുത്താനും ഞാന്‍ തയ്യാറായിരിക്കുന്നു… എന്റെ ഡാഡിയാകാന്‍ കഴിഞ്ഞതില്‍ നാളെ ഡാഡി അഭിമാനിക്കും…

ഹോ, കേട്ടിട്ടു കൊതിയാകുന്നല്ലോടാ… എന്തു സമരത്തിനാടാ നീ പോന്നേ… എന്തു കുന്തമായാലും ശരി ഞാനും വരാം… നിന്നെ ഇത്ര ആവേശത്തോടെ ഞാനിതുവരെ കണ്ടിട്ടില്ല… സമൂഹപുരോഗതിക്കും നാടിന്റെ നന്മയ്ക്കും വേണ്ടി എന്റെ മോനിങ്ങനെ കഷ്ടപ്പെടുമ്പോള്‍ ഡാഡിക്കിവിടെ ചുമ്മാതിരിക്കാന്‍ പറ്റത്തില്ലെടാ…ഞാനും വരുന്നു നിന്റെ കൂടെ..

അല്ല.. അത് വേണ്ട… ഡാഡി ഇവിടിരുന്നാല്‍ മതി….

അതെന്താടാ അങ്ങനെ ? ഒരു സമരത്തിനാകുമ്പോള്‍ കഴിയുന്നത്ര ആളുകള്‍ വരുന്നതല്ലേ നല്ലത്… ഞാന്‍ വരാടാ…

ഡാഡി വരേണ്ടന്നല്ലേ പറഞ്ഞത് ?

ഹ, നീയതിനു ചൂടാവുന്നതെന്തിനാ ? ഞാന്‍ വന്നാല്‍ എന്താ പ്രശ്‌നം ?

ഇത് ഫെയ്‌സ്ബുക്ക് ഉള്ളവരെ മാത്രം ഉദ്ദേശിച്ചുള്ള സമരമാണ്.. ഡാഡിക്കു ഫെയ്‌സ്ബുക്കില്ലല്ലോ…

അതെന്തൊരു പരിപാടിയാണെടാ… സാമൂഹിക പുരോഗതി എന്നു പറയുമ്പോള്‍ ഫെയ്‌സ്ബുക്ക് ഇല്ലാത്തവര്‍ക്കു പറ്റാത്ത ഒരു പുരോഗതിയാണോ ? ഞാനും നിന്റെ അമ്മയും പെങ്ങളുമൊക്കെ സമൂഹത്തിന്റെ ഭാഗമാണെടാ… ഞങ്ങളെല്ലാം പുരോഗമിക്കാന്‍ വേണ്ടി നീയി കഷ്ടപ്പെടുമ്പോള്‍…

ഡാഡി… നിങ്ങള്‍ക്കു വേണ്ടി മാത്രമല്ല, ഈ നാടിനു മുഴുവനും വേണ്ടിയാണ് എന്റെ പോരാട്ടം…

പൊലീസിന്റെ അടിയോ ഇടിയോ വല്ലതും കിട്ടുന്ന സമരമാണോ ?

ജനാധിപത്യത്തെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ ഉരുക്കുകരങ്ങളെ ഞങ്ങള്‍ ഞെരിച്ചുടയ്ക്കും… തുര്‍ക്കിയിലും ഈജിപ്തിലും ഹോങ്കോങ്ങിലും മുഴങ്ങിക്കേട്ട നവവിപ്ലവത്തിന്റെ പുതുസ്വരം കൊച്ചുകേരളവും കേള്‍ക്കാന്‍ പോവുകയാണ്…

എന്താണ് സമരപരിപാടികള്‍ ?

ബസ് വരാന്‍ സമയമായി ഡാഡി, ഞാന്‍ പോട്ടെ…

ചേട്ടാ, നില്‍ക്ക് ഞാനുമൊണ്ട്….

നീയെങ്ങോട്ടാ ??????

കൊച്ചിക്ക് !!

എന്തിന് ????????????

ചുംബനസമരത്തിന് !

എന്തു സമരം ????????

ഡാഡി, ഇവളെ വിടരുത്… ഒരുമ്പെട്ടോളെ… വീട്ടില്‍ കയറിയിരുന്നോണം…

അല്ല മോനെ… എന്തു സമരമെന്നാ പറഞ്ഞേ ?

അപ്പോ ചേട്ടന്‍ ഡാഡിയോടൊന്നും പറഞ്ഞില്ലേ ? ചേട്ടന്‍ പോകുന്നത് ചുംബനസമരത്തിനാ… കൊച്ചീല്‍ അങ്ങനൊരു പരിപാടി നടക്കുന്നുണ്ട്… അവിടെ ചെന്നാല്‍ ആണുങ്ങള്‍ക്കും പെങ്ങുങ്ങള്‍ക്കും പരസ്പരം ചുംബിക്കാമെന്നു കേട്ട് പോകുന്നതാ…

അപ്പോ നീയോ ?

ഇത്രേം പേര് പബ്ലിക്കായി ചുംബിക്കുമ്പോ ആ സീന്‍ മിസ്സു ചെയ്യണ്ടാന്നു കരുതി… ചുമ്മാ കാണാന്‍….

പൊന്നുമോനെ… നിന്റെ സാമൂഹികപ്രതിബദ്ധത എനിക്കിപ്പോ മനസ്സിലായി…

ഡാഡി ഞാന്‍ വന്നിട്ടു വിശദമായി പറയാം… ബസിപ്പോ പോകും.. ഈ തെറിച്ചവളെ ഇതിനു വിടരുത്…

അതെന്താ… ഞാന്‍ വന്നാല്‍ ? നീ നിന്റെ അമ്മേം പെങ്ങളേമൊക്കെ കൊണ്ടുവരുമോടാ എന്നു ചോദിച്ചവരോട് അവര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ അവരും വരും എന്നൊക്കെ ചേട്ടന്‍ മറുപടി കൊടുത്തിട്ടുണ്ടല്ലോ… എന്നിട്ടിപ്പോ ഞാനൊരുമ്പെട്ടവളും തെറിച്ചവളുമൊക്കെയായോ…

ആ പരിസരത്തെങ്ങാനും നിന്നെ കണ്ടാല്‍ വിവരമറിയും.. ഞാന്‍ പോട്ടെ.

നിക്കെടാ അവിടെ…

ഡാഡി ബസ് പോകും…

കേറിപ്പോടാ അകത്ത്…. അവന്റെ അമ്മേടെ ഫെയ്‌സ്ബുക്കും ചുംബനസമരവും… ഭൂമിയിലിത്ര കാലം ജീവിച്ചിട്ട് സ്വന്തം തന്തയ്‌ക്കോ തള്ളയ്‌ക്കോ പെങ്ങള്‍ക്കോ പോലും സ്‌നേഹത്തോടെ ഒരുമ്മ കൊടുക്കാന്‍ പറ്റാത്ത നീയാണോ കൊച്ചീല്‍പ്പോയി കണ്ടവളുമാരെ ഉമ്മവച്ച് സമൂഹികപരിഷ്‌കര്‍ത്താവാകാന്‍ പോകുന്നത്… ഫെയ്‌സ്ബുക്ക് ഇല്ലെന്നു കരുതി എന്റെ തലയ്ക്കകത്ത് പിണ്ണാക്കാണെന്നു വിചാരിക്കരുത്… തല്‍ക്കാലം എന്റെ മോന്‍ ആ നാറുന്ന ജീന്‍സ് അലക്കിയിട്ട് തൊഴുത്തില്‍ നില്‍ക്കുന്ന പശുവിനെ പറമ്പില്‍ കൊണ്ടുപോയി കെട്ട്…

ഡാഡീ….!!!!

കേറിപ്പോടാ പുല്ലേ !!!!!

അല്ല, ഡാഡീ അപ്പോ ഞാനോ ?

നിനക്കു പോണോടീ ? നിര്‍ബന്ധമാണോ ? ആണോന്ന് ???

വേണ്ട, പോണ്ട…എനിക്കു പോണ്ട ഡാഡി…

ഹും.. എന്നാലടുക്കളോലേട്ട് ചെല്ല്.. കഞ്ഞീം കറീമൊക്കെ വച്ചു പഠിക്ക്

അയ്യോ, ഡാഡി ഇന്നു കോളജുണ്ട്…

കോളജ് കളഞ്ഞിട്ട് കൊച്ചിക്കു പോകാനിരുന്നതല്ലേ നീ.. ഇനി നീ കോളജില്‍ പോകണ്ട… പോയി വഴുതനങ്ങ അരിഞ്ഞുവയ്ക്ക്…

അല്ല, മമ്മിയിതെങ്ങോട്ടാ…

ഞങ്ങളത്യാവശ്യമായിട്ട് ഒരു സ്ഥലം വരെ പോവ്വാ… ഇന്ന് മോനും മോളും കൂടി വീടൊക്കെ ഭരിക്ക്… ആദ്യം വീട് പരിഷ്‌കരിക്ക് എന്നിട്ടാവാം സമൂഹം..

നിങ്ങളെങ്ങോട്ടാണെന്ന് ??

കൊച്ചിക്ക് !!

(അപ്പോള്‍ പറമ്പില്‍ നിന്ന് ഒരു അമറലും വലിയൊരലര്‍ച്ചയും കേട്ടു. തന്റെ കയറഴിക്കാന്‍ വന്ന അപരിചിതനായ യോ-യോ പയ്യനെ കണ്ട പശു അവനെ പരസ്യമായി ചുംബിച്ചതിന്റെ സൗണ്ട്ട്രാക്ക് ആയിരുന്നു അത്).

ലൈഫ് ഓഫ് മൈ !

ജീവിതം അഴിഞ്ഞാടുന്ന വാഷിങ്ടണ്‍ ഡിസിയില്‍ നിന്നു തുടങ്ങി വഴിനീളെ കറിവേപ്പിലകളും പപ്പായമരങ്ങളുമുള്ള മയാമിയിലും അമേരിക്കയുടെ അനാഘ്രാത കുസുമങ്ങളായ വെര്‍മോണ്ടിലും ന്യൂഹാംപ്‌ഷെയറിലും വരെ എത്തി നില്‍ക്കുകയാണ്. വാഷിങ്ടണില്‍ കുറെ കെട്ടിടങ്ങള്‍ മാത്രമേ കണ്ടുള്ളൂ എങ്കില്‍ സാന്‍ഫ്രാന്‍സിസ്‌കോ മുംബൈയോ കൊച്ചിയോ ഒക്കെപ്പോലെ തോന്നി. മയാമിയി ബീച്ചില്‍ നില്‍ക്കുമ്പോള്‍ ഈ ബീച്ചാണല്ലോ ആ ബീച്ച് എന്ന തോന്നലായിരുന്നു മുഴുവന്‍ നേരവും. അവിടെയൊരു ന്യൂഡ് ബീച്ച് ഉണ്ട് എന്നവള്‍ പറഞ്ഞിരുന്നെങ്കിലും കാണാന്‍ പോയില്ല (എവളെന്നൊന്നും ചോദിക്കരുത്, പറയില്ല). വെര്‍മോണ്ടിലെ ബര്‍ളിങ്ടണില്‍ എത്തുമ്പോള്‍ ഷെര്‍ലക് ഹോംസ് കഥകളിലെ മഞ്ഞുമൂടിയ താഴ്‌വരയിലെത്തിയതുപോലെ തോന്നി. ന്യൂ ഹാംപ്‌ഷെയറിലെ മാഞ്ചെസ്റ്ററില്‍ എത്തിയപ്പോള്‍ ഈരാറ്റുപേട്ടയിലെത്തിയതുപോലെയും. രാത്രിയില്‍ പലതും ഒരുപോലെയാണ് എന്നു പറയുന്നതില്‍ കാര്യമുണ്ട്.

അമേരിക്കയിലെ മൂന്നാഴ്ച കൊണ്ട് എന്തു പഠിച്ചു എന്നു ചോദിച്ചാല്‍ പറയാനുള്ള പ്രധാന ഉത്തരം അല്‍പം ഫിലോസഫിക്കലാണ്. കാലം, സമയം എന്നിവ വെറും മിഥ്യയാണ്. അനന്തമായ സമയപ്രവാഹത്തിലൂടെ ഒഴുകിനടക്കുന്ന അമൂര്‍ത്തബിംബങ്ങളാണ് മനുഷ്യര്‍. ഓരോരുത്തരും സമയം എങ്ങനെ വിനിയോഗിക്കുന്നു എന്നതാണ് അവരവരുടെ ജീവിതത്തില്‍ എത്ര വര്‍ഷങ്ങളും മാസങ്ങളും ദിവസങ്ങളും ഉണ്ട് എന്നത് തീരുമാനിക്കുന്നത്. സമയമില്ല, സമയം പോയി, സമയമായില്ല, സമയം പാലിക്കണം എന്നിങ്ങനെയുള്ള എല്ലാ പ്രസ്താവനകളും അടിസ്ഥാനരഹിതമാണ്. സമയം എന്നൊന്നില്ല. അത് ഒരു ആഗോളതട്ടിപ്പാണ്. സമയം ഉണ്ടെന്നും അത് പ്രധാനമാണെന്നും ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ പലതും വിജയിച്ചു എന്നതാണ് ആ തട്ടിപ്പിന്റെ രഹസ്യം. ഇതിന് എന്താണ് അടിസ്ഥാനമെന്നു സമയനിഷ്ഠയുള്ളവര്‍ ചോദിക്കും. ഇതിന് അടിസ്ഥാനമേയുള്ളൂ. കാരണം, വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണിക്ക് ചെന്നൈയില്‍ നിന്നു പുറപ്പെട്ട ഞാന്‍ 32 മണിക്കൂര്‍ കഴിഞ്ഞ് വാഷിങ്ടണ്‍ ഡിസിയില്‍ ഇറങ്ങുമ്പോള്‍ അവിടെ ശനിയാഴ്ച ഉച്ചകഴിഞ്ഞ് നാലു മണിയേ ആയിട്ടുള്ളൂ. എന്റെ 14 മണിക്കൂറുകള്‍ അക്കൗണ്ടിലില്ല. അതുപോലെ വാഷിങ്ടണില്‍ നിന്ന് രാവിലെ 10 മണിക്ക് സാന്‍ഫ്രാന്‍സിസ്‌കോയ്ക്ക് പുറപ്പെട്ട ഞാന്‍ 6 മണിക്കൂര്‍ യാത്ര കഴിഞ്ഞ് അവിടെ ഇറങ്ങുമ്പോള്‍ മണി ഏഴ്. രണ്ടു മണിക്കൂര്‍ കാണുന്നില്ല. അതുപോലെ ഒരുദിവസം രാത്രി 1.59 കഴിഞ്ഞ് സമയം നേരെ 3.00. ഒരു മണിക്കൂര്‍ അവിടെയും മോഷ്ടിച്ചു- ഡേലൈറ്റ് സേവിങ് ടൈം ആണത്രേ. ശരിക്കും സമയം എത്രയായി എന്ന ചോദ്യത്തിന് ഒരു പ്രസക്തിയുമില്ല. കരണം, ശരിക്കും സമയം എന്നൊന്നില്ല.

ഗൂഗിള്‍, എന്‍പിആര്‍, പിബിഎസ്, സ്റ്റോറിഫൈ തുടങ്ങിയ സ്ഥാപനങ്ങള്‍ മുതല്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഗോള്‍ഡന്‍ ഗേറ്റ് പാലത്തിനപ്പുറത്തുള്ള മറീന്‍ കൗണ്ടിയിലെ 83കാരിയായ അധ്യാപിക ഗ്ലോറിയയുടെ വീട്ടില്‍ വരെ പോയി പല പല പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു. കൊള്ളാവുന്ന കെട്ടിടങ്ങള്‍ക്കും പ്രകൃതിരമണീയതകള്‍ക്കും മുന്നില്‍ നിന്നു പടമെടുത്തു. വാഷിങ്ടണിലെ ന്യൂസിയം എന്ന വാര്‍ത്താ മ്യൂസിയത്തില്‍ ലോകത്തെ നടുക്കിയ വാര്‍ത്തകളിലെ യാഥാര്‍ഥ്യങ്ങള്‍ നേരിട്ടു കണ്ടു. ബെര്‍ലിന്‍ മതില്‍ പൊളിച്ചു നീക്കിയപ്പോള്‍ അതിന്റെ പ്രധാനപീസുകള്‍ കൊണ്ടുവന്ന് ന്യൂസിയത്തില്‍ വച്ചിരിക്കുന്നതിന്റെ മുന്നില്‍ നിന്നു പടമെടുത്തു. വേള്‍ഡ് ട്രേഡ് സെന്ററിന്റെ അവശിഷ്ടങ്ങള്‍, ഡാനിയേള്‍ പേളിന്റെ ക്യാമറയും പേനയും ലാപ്‌ടോപും അങ്ങനെ തുടങ്ങി ലോകമഹായുദ്ധകാലത്തുനിന്നുള്ള ശേഷിപ്പുകള്‍ മുതല്‍ അനേകം അനേകം ചരിത്രരേഖകള്‍ അവിടെ കണ്ടു.

ജേണലിസ്റ്റ് മെമ്മോറിയല്‍ എന്ന വിഭാഗത്തില്‍ വാര്‍ത്താശേഖരണത്തിനിടെ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ പട്ടികയില്‍ നിന്നും മലയാളത്തിന്റെ വിക്ടര്‍ ജോര്‍ജിന്റെ പേരും കംപ്യൂട്ടറില്‍ അദ്ദേഹത്തിന്റെ ജീവചരിത്രവും കണ്ട് ഒരു സല്യൂട്ട് നല്‍കി അല്‍പം വികാരഭരിതനായി കടന്നുപോന്നു. ഒടുവില്‍ ന്യൂസിയത്തിന്റെ ടെറസില്‍ നിന്നു സംഘാംഗങ്ങളോടൊപ്പം ഫോട്ടോയെടുത്തു.

പിബിഎസ് ടെലിവിഷന്‍ ചാനലിലെ ഏറ്റവും വലിയ ഷോ ആയ ന്യൂസ് അവറിന്റെ അവതാരകന്‍ ഹാരിയുമായി ഏറെനേരം ലോകമാധ്യമപ്രവര്‍ത്തനരാഷ്ട്രീയത്തെപ്പറ്റിയും സോഷ്യല്‍ മീഡിയയുടെ ആവിര്‍ഭാവത്തെപ്പറ്റിയും ചര്‍ച്ച ചെയ്തു. അമേരിക്കയിലെ തന്നെ ഏറ്റവും റേറ്റിങ് ഉള്ള ന്യൂസ് ഷോകളില്‍ ഒന്നായ ന്യൂസ് അവറിന്റെ അവതാരകനായ ഹാരിയെ കാണാന്‍ ലോക്കല്‍ സായിപ്പന്‍മാര്‍ പോലും വന്നിട്ടുണ്ടായിരുന്നു. ഇടയ്ക്ക് എന്റെ ലുക്കും മറ്റും കണ്ടിട്ടാവണം ഇന്ത്യയില്‍ എവിടെ ന്ിന്നാണെന്നു ഹാരി ചോദിച്ചു. ഇന്ത്യയുടെ താഴെഭാഗത്ത് കേരളം എന്നൊരു സാധനമുണ്ട് അവിടെ മലയാളം മാത്രമേയുള്ളു എന്നൊക്കെ പറഞ്ഞു പിടിപ്പിക്കുമ്പോള്‍ മിസ്റ്റര്‍ ഹാരി ഇങ്ങോട്ടു പറയുന്നു- മലയാളം ഞാന്‍ മറന്നിട്ടൊന്നുമില്ല- എന്ന്. ഹാരി ഹരിയാണ്. മ്മടെ പാലക്കാട്ടുകാരന്‍ ഹരി ശ്രീനിവാസന്‍.

അമേരിക്കയിലായാലും ഇന്ത്യയിലായാലും ഗാന്ധിജിയോട് എല്ലാവര്‍ക്കും ഒരേ സമീപനമാണ് എന്നു മനസ്സിലായത് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഫെറി ബില്‍ഡിങ്ങിനു മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ഗാന്ധി പ്രതിമ കണ്ടപ്പോഴാണ്. എന്തിനാണ് മഹാത്മാവിനെ അവിടെ പ്രതിഷ്ഠിച്ചതെന്നു ചോദിച്ചിട്ട് ആര്‍ക്കും വലിയ പിടിയില്ല. പക്ഷെ, ഗാന്ധിപ്രതിമയുടെ തലയില്‍ പക്ഷികള്‍ വളരെ ഭംഗിയായി കാഷ്ഠിച്ചിട്ടുണ്ടായിരുന്നു. ഗോള്‍ഡന്‍ ഗേറ്റ് പാലം വലിയ സംഭവമാണ് എന്നാണ് എല്ലാവരും പറയുന്നത്. ആറാം വയസ്സില്‍ ഈരാറ്റുപേട്ടയിലെ ഇരട്ടപ്പാലങ്ങള്‍ക്കു മീതേകൂടി കടന്നുപോയപ്പോഴത്തെ അനുഭവം ഗോള്‍ഡന്‍ ഗേറ്റ് പാലത്തിലൂടെ പോയപ്പോള്‍ എനിക്കുണ്ടായില്ല എന്നതില്‍ ഖേദിക്കുന്നു. എന്നാലും ആ പാലം ഒരു സംഭവമാണ്.

മയാമി ബീച്ചില്‍ നിന്നപ്പോള്‍ എല്ലാ ബീച്ചും ഒരുപോലെയാണെന്നേ എനിക്കു തോന്നിയുള്ളൂ. തീരവും തീരയും തമ്മിലുള്ള ആഖ്യയും അഖ്യാതവുമാണല്ലോ ബീച്ചിന്റെ രസം. അതൊക്കെ തന്നെയേ അവിയെടുമുള്ളൂ. സീക്വേറിയത്തില്‍പ്പോയി കന്യകമാര്‍ ഡോള്‍ഫിനുകളോടു കെട്ടിമറിയുന്നത് കണ്ടു. പ്രത്യകിച്ചൊന്നും തോന്നിയില്ല. വെര്‍മണ്ടും ബര്‍ളിങ്ടണും മാഞ്ചസ്റ്ററമൊക്കെ മഞ്ഞില്‍ പുതഞ്ഞു കിടക്കുകയായിരുന്നു. ഇടയ്‌ക്കൊക്കെ മഞ്ഞു പെയ്യുന്നുമുണ്ട്. വെര്‍മോണ്ടിലെ ട്രാപ്പ് ഫാമിലി ലോഡ്ജിനടുത്തുള്ള സ്‌കീയിങ് റിസോര്‍ട്ടിനു മുന്നില്‍ നിന്നു പടമെടുത്തു.

ഈ ട്രാപ്പ് ഫാമിലിയുടെ ജീവിതം അടിസ്ഥാനമാക്കിയാണ് ദി സൗണ്ട് ഓഫ് മ്യൂസിക് സിനിമ ചിത്രീകരിച്ചിട്ടുള്ളതത്രേ. മൊത്തത്തില്‍ അമേരിക്ക എന്നു പറയുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ആദ്യം തെളിഞ്ഞു വരുന്ന ക്ലീഷേ ചിത്രങ്ങളൊന്നുമല്ല യഥാര്‍ത്ഥ അമേരിക്ക. അന്യാദൃശവും അപൂര്‍വുമായ കാഴ്ചകളുടെയും ജീവിതങ്ങളുടെയും അനുഭവങ്ങളുടെയും അനന്തമായ താഴ്‌വരകളിലെ അമേരിക്കയെ ആണ് കാണേണ്ടത്. അല്ലാതെ വൈറ്റ് ഹൗസിനു മുന്നില്‍ നിന്നു പടമെടുത്തതുകൊണ്ടോ ലിബര്‍ട്ടി പ്രതിമയ്ക്കു മുന്നില്‍ കുന്തം വിഴുങ്ങി നിന്നതുകൊണ്ടോ അമേരിക്ക കണ്ടു എന്നു പറയാനാവില്ല. ഭൂരിപക്ഷം വരുന്ന അമേരിക്കക്കാരും സാധുക്കളും നിഷ്‌കളങ്കരുമാണ്. എന്നാലും കേരളത്തിന്റെ സൗന്ദര്യമോ ഭാരതത്തിന്റെ വൈവിധ്യമോ അമേരിക്കയ്ക്ക് ഇല്ല എന്നു പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.

ബംഗാള്‍ വാര്‍ത്തകള്‍

അധികാരം തലയ്ക്കു പിടിച്ച അമ്മച്ചിയുടെ നാട്ടില്‍ നിന്ന് രസകരമായ കഥകളാണ് വന്നുകൊണ്ടിരിക്കുന്നത്. കാര്‍ട്ടൂണ്‍ എന്താണെന്നു മനസ്സിലാക്കാനുള്ള വിവരം പോലുമില്ലാത്ത അവര്‍ തരിപോലും ഹ്യൂമര്‍സെന്‍സില്ലാത്ത ചില ഫെമിനിസ്റ്റുകളെപ്പോലെ പലതും പുലമ്പുകയും ആക്രോശിക്കുകയും ചെയ്യുന്നു. സര്‍ക്കാരിനിഷ്ടമില്ലാത്ത പത്രങ്ങള്‍ നിരോധിക്കുകയും ആളുകള്‍ വാര്‍ത്ത കാണരുത് സീരിയലേ കാണാവൂ എന്നുദ്‌ബോധിപ്പിക്കുകയും സിപിഎം അനുഭാവമുള്ള കുടുംബങ്ങളുമായി വിവാഹബന്ധം നിരോധിക്കുകയും ചെയ്ത ഡെസ്പരേറ്റ് തൃണ ആന്റി ഇനി എന്തും ചെയ്യുമെന്ന അവസ്ഥയില്‍ നില്‍ക്കുകയാണ്. സിപിഎമ്മിനോടുള്ള കലിപ്പുകൊണ്ട് കേരളമാക്രമിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അമ്മച്ചി മലയാളം വായിക്കാന്‍ വായിക്കാന്‍ സാധ്യതയില്ലാത്തതിനാലും മലയാളം അറിയാവുന്ന തൃണമൂലജാതന്മാര്‍ ഉണ്ടാകാന്‍ സാധ്യതയില്ലാത്തതിനാലും വരും ദിവസങ്ങളില്‍ ബംഗാളില്‍ നിന്നു നമുക്ക് പ്രതീക്ഷിക്കാവുന്ന ഏതാനും വാര്‍ത്തകള്‍ അവതരിപ്പിക്കുന്നു.

മമതയുടെ നിഴലില്‍ ചവുട്ടിയ ഡിജിപിക്ക് വധശിക്ഷ

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിഴലില്‍ ചവുട്ടിയ ഡിജിപി ജ്യേക്കബിന്ദോ പ്യൂന്നൂസാചാര്യയെ തൃണമൂല്‍ കോടതി വധശിക്ഷയ്ക്കു വിധിച്ചു. ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷം മമതാന്റി സ്‌റ്റേജില്‍ നിന്നു ചാടിയിറങ്ങുമ്പോള്‍ കൂടെച്ചാടിയ നിഴലില്‍ അറിയാതെ ഡിജിപിയുടെ കാല്‍ പതിഞ്ഞതാണ് മമതയെ പ്രകോപിപ്പിച്ചത്. ഇത്തരം കിരാതനടപടികള്‍ വച്ചുപൊറുപ്പിക്കില്ല എന്നു പ്രഖ്യാപിച്ച മമത ഉടന്‍ തന്നെ ഡിജിപിയെ അടിച്ചു വീഴ്ത്തുകയും തൃണമൂല്‍ പ്രവര്‍ത്തകര്‍ അയാളെ അറസ്റ്റ് ചെയ്ത് പാര്‍ട്ടി കോടതിയില്‍ ഹാജരാക്കി വധശിക്ഷയ്ക്ക് വിധിക്കുകയുമായിരുന്നു. ഡിജിപിയെ മമതയുടെ അടിപ്പാവാടയുടെ വള്ളിയില്‍ തൂക്കിക്കൊല്ലാനാണ് തീരുമാനിച്ചിരിക്കുന്നത്. അമ്മച്ചി പാവാട അഴിക്കുന്ന മുറയ്ക്ക് വള്ളി സംഘടിപ്പിച്ച് ധിക്കാരിയായ ഡിജിപിയെ തൂക്കിലേറ്റുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

അതേ സമയം, സ്ത്രീപക്ഷനിലപാടുകള്‍ക്കു വേണ്ടി നിലയുറപ്പിച്ചിരിക്കുന്ന മമതാ ബാനര്‍ജിയുടെ നിഴലില്‍ ചവിട്ടുന്നതിലൂടെ മെയില്‍ ഷോവനിസ്റ്റ് അധിനിവേശത്തിനു ശ്രമിച്ച ഡിജിപിയെ തൂക്കിക്കൊല്ലാനുള്ള തീരുമാനത്തെ കേരള അവശ ഫെമിനിസ്റ്റ് അസോസിയേഷന്‍ സംസ്ഥാന സമിതി കോഴിക്കോട്ട് സ്വാഗതം ചെയ്തു. സന്തോഷസൂചകമായും സ്ത്രീസ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായും അവശഫെമിനിസ്റ്റുകള്‍ നഗരത്തില്‍ ബ്രാ കൊളുത്തി പ്രകടനം നടത്തി. ഡിജിപിയെ തൂക്കിലേറ്റുന്നതിനു മുമ്പ് അയാളുടെ ലിംഗം മുറിച്ചുമാറ്റണമെന്ന് അവശഫെമിനിസ്റ്റുകളിലെ തീര്‍ത്തും അവശയായ മാക്‌സിമം കൂതറമണി ആവശ്യപ്പെട്ടു.

നടി മംമ്തയ്ക്ക് വിലക്ക്

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പേരിനോടു സാദൃശ്യമുള്ള പേരിന്റെ ഉടമയായ നടി മംമ്ത മോഹന്‍ദാസിന് സിനിമയില്‍ അഭിനയിക്കുന്നതിന് തൃണമൂല്‍ സദാചാര-സാംസ്‌കാരിക-മനോരോഗ കോടതി വിലക്കേര്‍പ്പെടുത്തി. മമത ബാനര്‍ജി ദൈവികഗുണങ്ങളുള്ള സ്ത്രീയാണ്. അവര്‍ ഇന്ത്യ, സോറി ബംഗാള്‍ ഭരിക്കുമ്പോള്‍ അതേ പേരുള്ള ഒരു സ്ത്രീ അല്‍പവസ്ത്രധാരിണിയായി സിനിമയിലഭിനയിക്കുന്നതും ടിവി ഷോകളില്‍ പങ്കെടുക്കുന്നതും മമതയുടെ ആഭിജാത്യത്തിനും മമതയെ ദൈവമായി കണ്ട് ആരാധിക്കുന്ന ബംഗാളിലെ ലക്ഷോപലക്ഷം ജനങ്ങളുടെ വികാരത്തിനും വ്രണമേല്‍പിക്കുമെന്നതിനാലാണ് മംമ്തയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മംമ്ത ബംഗാളി സിനിമയിലഭിനയിക്കുന്നില്ലെങ്കിലും ഭാവിയില്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകേണ്ട മമതയുടെ പേരുള്ള ഒരാള്‍ ഇത്തരത്തില്‍ ഒരു തൊഴില്‍ ചെയ്യുന്നത് രാജ്യദ്രോഹമായി കണ്ട് കേസെടുക്കുമെന്നും തൃണമൂല്‍ വൃത്തങ്ങള്‍ അറിയിച്ചു. മമത ബാനര്‍ജി ധരിക്കുന്ന പോലെയുള്ള സാരി ധരിച്ച് തലമൂടിപ്പുതച്ച് ശിഷ്ടകാലം ലളിതജീവിതം നയിക്കുകയോ പേര് വല്ല സോണിയയെന്നോ മറ്റോ മാറ്റുകയോ ചെയ്തില്ലെങ്കില്‍ മംമ്തയുടെ ഭാവി അത്ര ശോഭനമായിരിക്കില്ല എന്ന് മമതാ ബാനര്‍ജിയും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

സിപിഎമ്മുകാരന്‍ ഉപയോഗിച്ച കക്കൂസില്‍ കയറിയ
തൃണമൂല്‍ പ്രവര്‍ത്തകരെ പുറത്താക്കി

കൊല്‍കൊത്തയ്ക്ക് സമീപം ഒരു സിപിഎമ്മുകാരന്‍ ഉപയോഗിച്ച കക്കൂസില്‍ കയറിയ 12 തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സിപിഎമ്മുകാരെ സ്പര്‍ശിക്കുകയോ അവരെ നോക്കുകയോ അവരുപയോഗിച്ച പാത്രങ്ങള്‍, വസ്ത്രം, കക്കൂസ്, അവര്‍ ശ്വസിച്ച വായു, അവര്‍ കയറുന്ന വാഹനം എന്നിവ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപയോഗിച്ചു കൂട എന്ന സര്‍ക്കാര്‍ കല്‍പന ലംഘിച്ചതിനാണ് പുറത്താക്കിയത്. നഗരപ്രാന്തത്തിലെ ഹോട്ടലില്‍ നിന്നു കപ്പബിരിയാണി കഴിച്ചിറങ്ങിയവര്‍ക്ക് വയറിളക്കം അനുഭവപ്പെടുകയും അവര്‍ ഏറ്റവും അടുത്തുള്ള കംഫര്‍ട്ട് സ്‌റ്റേഷനിലെ പൊതുകക്കൂസില്‍ അഭയം പ്രാപിക്കുകയുമായിരുന്നു. എന്നാല്‍, അവരില്‍ 12 തൃണമൂല്‍ പ്രവര്‍ത്തകരും ഒരാള്‍ സിപിഎം അനുഭാവിയുമാണെന്ന് മണത്തറിഞ്ഞ തൃണമൂല്‍ കക്കൂസ് പൊലീസ് സിപിഎമ്മുകാരന്‍ ഉപയോഗിച്ച കക്കൂസില്‍ കയറിയ കുറ്റത്തിന് 12 പേരെയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. മമതയുടെ ഉത്തരവ് അനുസരിക്കാന്‍ വേണ്ടി കക്കൂസില്‍ പോകാതെ കണ്‍ട്രോള്‍ ചെയ്തു മരിച്ചുപോയ പ്രവര്‍ത്തകന് മരണാനന്തബഹുമതിയായി കക്കൂസ് ബാനര്‍ജി പട്ടം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ചോരയുടെ നിറം നീലയാണെന്നു മമത

മനുഷ്യരുടെ ചോരയുടെ നിറം നീലയാണെന്നും അത് ചുവപ്പാണെന്നുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി പത്രസമ്മേളനത്തില്‍ അറിയിച്ചു. ചോര ശരീരത്തിലൂടെ പ്രവഹിക്കുമ്പോള്‍ അതിന് നീല നിറമാണെന്നത് നോക്കിയാല്‍ ഏതു കണ്ണുപൊട്ടനും മനസ്സിലാകും. എന്നാല്‍ മുറിവു സംഭവിച്ച് ചോര പുറത്തുവരുമ്പോള്‍ അതിനു ചുവന്ന നിറമാണെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ്. സിപിഎമ്മിന്റെ ദുസ്വാധീനം കൊണ്ട് ആളുകള്‍ നോക്കുന്നിടത്തെല്ലാം ചുവപ്പ് ഉള്ളതുപോലെ തോന്നുന്നതാണെന്നും ചോരയുടെ നിറം ചുവപ്പാണെന്ന് ഇനി ആരെങ്കിലും പറഞ്ഞാല്‍ അവരെ അറസ്റ്റ് ചെയ്ത് ജയിലിലിലടക്കുമെന്നും ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു. സിനിമയിലും മറ്റും അക്രമ കൊലപാതക സീനുകളില്‍ ചോരയുടെ നിറം ചുവപ്പായി കാണിച്ചാല്‍ ഇനി മുതല്‍ സെന്‍സര്‍ ചെയ്തു നല്‍കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേ സമയം, പശ്ചിമബംഗാള്‍ വിദ്യാഭ്യാസ വകുപ്പ് ഫിസിക്‌സ് പാഠപുസ്തകത്തില്‍ അടിസ്ഥാന നിറങ്ങളില്‍ നിന്ന് ചുവപ്പ് നീക്കം ചെയ്തു. ചുവപ്പ് എന്നൊരു നിറം ലോകത്തുള്ളതായി കുട്ടികളെ പഠിപ്പിക്കരുത് എന്നും സ്‌കൂള്‍ യൂണിഫോമുകളിലോ കുട്ടികളുടെ സ്‌കൂള്‍ ബാഗിലോ ബോക്‌സിലോ പെണ്‍കുട്ടികള്‍ തലയില്‍ മുടികെട്ടാനുപയോഗിക്കുന്ന സുനകളിലോ ഒന്നും ചുവപ്പിന്റെ സാന്നിധ്യമുണ്ടാകരുത് എന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് ചുവപ്പിന് നിരോധനം ഏര്‍പ്പെടുത്തിയ നടപടിയുടെ തുടര്‍ച്ചയായാണ് ചുവപ്പ് ഒരു നിറമല്ല എന്നു ശാസ്ത്രീയമായി തെളിയിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ഇതനുസരിച്ച് തൃണമൂല്‍ കളര്‍ പൊലീസ് സംസ്ഥാനമൊട്ടാകെ റെയ്ഡ് നടത്തി ചുവപ്പിന്റെ സാന്നിധ്യമുള്ള സാധനസാമഗ്രികള്‍ പിടിച്ചെടുത്തു. സ്ത്രീകള്‍ക്കുള്ള സാനിറ്ററി നാപ്കിന്റെ പരസ്യങ്ങളില്‍ അതില്‍ ഒഴിക്കുന്ന ദ്രാവകത്തിന് പണ്ടുമുതലേ നീല നിറമാണെന്നത് ആരും മറക്കരുതെന്നും തൃണമൂല്‍ കളര്‍ പൊലീസ് താക്കീത് ചെയ്തു.

(വാര്‍ത്തകള്‍ തുടരും)

ന്യൂ ജനറേഷന്‍ മായാവി

രാജുവും രാധയും കൂട്ടുകാരായിരുന്നു. മായാവി ആയിരുന്നു അവരുടെ ബെസ്റ്റ് ഫ്രണ്ട്. എന്താവശ്യത്തിനും വിളിച്ചാല്‍ മാന്ത്രികവടിയുമായി മായാവി പറന്നെത്തുകയും അവരുടെ പ്രശ്നം പുല്ലുപോലെ പരിഹരിച്ച് കോമഡി പറഞ്ഞിട്ട് മായാവി പോവുകയും ചെയ്യുമായിരുന്നു. മന്ത്രവാദികളായ കുട്ടൂസനും ഡാകിനിയും, പിന്നെ കൊള്ളക്കാരായ വിക്രമനും മുത്തുവും ആയിരുന്നു രാജുവിന്റെയും രാധയുടെയും മായാവിയുടെയും പ്രധാന ശത്രുക്കള്‍. ലുട്ടാപ്പി ആയിരുന്നു ആ ദുഷ്ടസംഘത്തിന്റെ പ്രധാന വാഹനവും ഡ്രൈവറും ഗുണ്ടയും
(ഇനി വായിക്കുക).

രാജുവും രാധയുമായുള്ള കാലങ്ങളായുള്ള സൗഹൃദം നാട്ടില്‍ വലിയ വിവാദമായി. അവര്‍ക്കിടയില്‍ എന്താണ് എന്നറിയാന്‍ കേരളാ പൊലീസും ലോക്കല്‍ സദാചാര പൊലീസും അവരെ പലതരത്തിലും ചോദ്യം ചെയ്യുകയും നാടന്‍ ബ്ലൂഫിലിമുകള്‍ വരെ കാണിച്ച് ഇങ്ങനെയൊക്കെ ചെയ്യാറുണ്ടോ എന്നു ചോദിക്കുകയും ചെയ്തെങ്കിലും അവര്‍ ഓംഹ്രീം കുട്ടിച്ചാത്താ എന്നു വിളിച്ച് മായാവിയെ വരുത്തി അവരെയൊക്കെ ഓടിച്ചുവിട്ടുകൊണ്ടിരുന്നു. ഇതെത്തുടര്‍ന്ന് നാട്ടില്‍ സദാചാരം പുലരുന്നതിനു വേണ്ടി പഞ്ചായത്ത് ഇടപെട്ട് രാജുവിനെ ഫയര്‍ എന്‍ജിനീയറിങ് പഠിപ്പിച്ച് ഗള്‍ഫിലയക്കാന്‍ തീരുമാനിക്കുകയും അതിനായി എംഐഎഫ്ഇയില്‍ കൊണ്ടുപോയി ചേര്‍ത്ത് ബോര്‍ഡിങ്ങിലാക്കുകയും ചെയ്തു.

ഒറ്റയ്‍ക്കായ രാധ നാട്ടിലെ കോടീശ്വരന്മാരുടെ വീട്ടില്‍ പകല്‍ വീട്ടുജോലിക്കു പോയി അന്നന്നത്തെ ഭക്ഷണത്തിനു വക കണ്ടെത്തി കഴിഞ്ഞുപോന്നു. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞുപോയി.ഫയര്‍ എന്‍ജിനീയറിങ് കഴിഞ്ഞ രാജു ഗള്‍ഫില്‍ ജോലിക്കായി പോയി. എം.എ.യൂസഫലിയെപ്പോലെ, ജോയ് ആലുക്കാസിനെപ്പോലെ ഒരുനാള്‍ അവന്‍ മടങ്ങിവരുമെന്ന് എംഐഎഫ്‍ഇക്കാര്‍ പറഞ്ഞു. അത് ഏതു നാളാണെന്നറിയാന്‍ രാധ പല ജ്യോല്‍സ്യന്മാരെയും കണ്ടു. മായാവിയെ വിളിച്ച് രാജുവിന് അവിടെ വേറെ ഗേള്‍ഫ്രണ്ട്‍സ് ഉണ്ടോ എന്നു നോക്കിയിട്ടു വരാന്‍ രാധ പറഞ്ഞു. മരുഭൂമിയില്‍ ഒട്ടകത്തിന്റെ അരികില്‍ തീകാഞ്ഞിരിക്കുന്ന രാജുവിനെ കണ്ട് മായാവി ഞെട്ടിപ്പോയി.ഗള്‍ഫില്‍ റേഞ്ചില്ലാത്തതിനാല്‍ രാജുവിനെ സഹായിക്കാനാവാതെ മായാവി മടങ്ങിയെത്തിയെങ്കിലും രാജു അവിടെ വലിയ സെറ്റപ്പിലാണെന്നു മാത്രം പറഞ്ഞു തിരിച്ചുപോയി.

അങ്ങനെയിരിക്കെ ഒരു ദിവസം രാധ മായാവിയെ വിളിച്ചു പറഞ്ഞു- എനിക്കും ഗള്‍ഫില്‍ പോകണം! മായാവി ഞെട്ടി. തന്നെ തോളിലേറ്റി രാജുവിന്റെ ബംഗ്ലാവിന്റെ മുറ്റത്തിറക്കാന്‍ രാധ മായാവിയോടാവശ്യപ്പെട്ടു. രാധയെ മാത്രം തോളിലേറ്റിക്കോണ്ടു പോയാല്‍ താന്‍ രാധയെ കിഡ്‍നാപ്പ് ചെയ്തുകൊണ്ടുപോവുകയാണെന്നു കരുതി ജനം തന്നെ കല്ലെറിഞ്ഞുവീഴ്‍ത്തുമെന്നും അല്ലെങ്കിലും ഗള്‍ഫില്‍ തനിക്ക് റേഞ്ചില്ലാത്തതിനാല്‍ അവിടം വരെ എത്തിക്കാന്‍ പറ്റില്ല എന്നും മായാവി പറഞ്ഞു. തന്നെ ഇന്ത്യന്‍ മഹാസമുദ്രത്തിലിറക്കി വിട്ടാല്‍ മതിയെന്നും അറബിക്കുപ്പായം ധരിച്ച് താന്‍ നീന്തിക്കൊള്ളാമെന്നും അത്യാവശ്യം വേണ്ട ചില അറബിവാക്കുകള്‍ തനിക്കറിയാമെന്നും രാധ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അത് കേട്ട മായാവി തകര്‍ന്നുപോയി. രാധയുടെ ആത്മാര്‍ത്ഥയും രാജുവിന്റെ നിസ്സഹായാവസ്ഥയും മനസ്സിലാക്കിയ മായാവി ധര്‍മസങ്കടത്തിലായി.

രാധയെ ഗള്‍ഫിലെത്തിക്കാമെന്ന് വാക്കുനല്‍കിയ മായാവി അവളെ അറബിവേഷം ധരിപ്പിച്ച് തന്റെ റേഞ്ച് അവസാനിക്കുന്ന സ്ഥലത്ത് കടലില്‍ വരെ ചെന്ന് അവിടെ കാലിഫോര്‍ണിയയിലേക്കു ചരക്കുമായിപ്പോകുന്ന ഉരുവില്‍ കയറ്റിവിട്ടു. ദൂരെ ദുബായ് കടല്‍ത്തീരം കണ്ടപ്പോള്‍ മുന്നും പിന്നും നോക്കാതെ രാധ കടലിലേക്ക് എടുത്തുചാടി,ഉപ്പുവെള്ളത്തിലൂടെ നീന്തി.ഉരുവില്‍ നിന്ന് എന്തോ വെള്ളത്തില്‍ വീഴുന്നത് കണ്ട കപ്പല്‍ ജോലിക്കാര്‍ അത് ഏതോ കടല്‍ക്കൊള്ളക്കാരന്‍ ആക്രമിക്കാന്‍ വരുന്നതാണെന്നു കരുതി കടലിലേക്കു തുരുതുരാ വെടി തുടങ്ങി. മായാവിക്ക് റേഞ്ചില്ലാത്ത സ്ഥലമാണെന്നറിയാവുന്നതിനാല്‍ രാധ മറ്റൊരു തന്ത്രം പരീക്ഷിച്ചു-
ഡിങ്കാ))))))))) രക്ഷിക്കണേ )))))))))))

പെട്ടെന്ന് അന്തരീക്ഷത്തില്‍ ഡിങ്കന്‍ പ്രത്യക്ഷപ്പെട്ടു. നീലക്കുയിലിലെ സത്യനെപ്പോലെ നെഞ്ച് വിടര്ത്തി നിന്ന് എല്ലാം നിരീക്ഷിച്ച ശേഷം ഡിങ്കന്‍ കപ്പലിനെ ലക്ഷ്യമാക്കി പാഞ്ഞു. നീന്തി നീന്തി കരയ്‍ക്കടിഞ്ഞ രാധയെ സ്വീകരിച്ചത് പക്ഷെ,ചെന്നൈ പൊലീസായിരുന്നു. ചെന്നൈ നഗരത്തില്‍ ബോംബു വയ്‍ക്കാന്‍ വന്ന താലിബാന്‍ തീവ്രവാദിയാണെന്നു കരുതി രാധയെ അറസ്റ്റ് ചെയ്ത് അവര്‍ കോയമ്പത്തൂര്‍ ജയിലിലാക്കി.പിറ്റേ ദിവസത്തെ പത്രങ്ങളിലെല്ലാം രാധയുടെ പടം അച്ചടിച്ചു വന്നു.

ജയിലിനുള്ളില്‍ രാധ ആലോചനയിലായിരുന്നു. കാര്യങ്ങളെ വിശകലനം ചെയ്തപ്പോള്‍ അവള്‍ക്ക് എല്ലാം മനസ്സിലായി. രാജുവിനോടുള്ള തന്റെ സ്നേഹത്തില്‍ അസൂയ പൂണ്ട മായാവി ദുബായിലെത്തിക്കാമെന്നു പറഞ്ഞ് തന്നെ ചെന്നൈക്കടുത്ത് നടുക്കടലിലിറക്കി വിടുകയും തീവ്രവാദിയാണെന്ന് പറഞ്ഞ് കള്ളക്കേസ് കൊടുത്ത് പൊലീസിനെക്കൊണ്ട് പിടിപ്പിക്കുകയുമായിരുന്നു എന്ന് അവള്‍ മനസ്സിലാക്കി. തന്നെയും രാജുവിനെയും തമ്മിലകറ്റിയ, തന്റെ ജീവിതം നശിപ്പിച്ച മായാവിയോട് പ്രതികാരം ചെയ്യുക എന്നത് മാത്രമായി രാധയുടെ ലക്ഷ്യം. ഏതാനും ദിവസങ്ങള്‍ കൊണ്ട് അവളൊരു ഫെമിനിസ്റ്റായി. കോയമ്പത്തൂര്‍ ജയിലിലെ പൊലീസുകാരെ കണ്ണുകാണിച്ച് ജാമ്യക്കടലാസുകള്‍ ശരിയാക്കി രാധ ജാമ്യത്തിലിറങ്ങി.

എല്ലാ ദേഷ്യവുമുള്ളിലൊതുക്കി അവള്‍ തുറസ്സായ ഒരു മലഞ്ചെരുവിലെത്തി- കണ്ണുമടച്ച് വിളിച്ചു- ഓം ഹ്രീം കുട്ടിച്ചാത്താ….! നിമിഷങ്ങള്‍ക്കുള്ളില്‍ മായാവി പറന്നെത്തി. താന്‍ ദുബായിലെത്തിച്ച രാധ എങ്ങനെ ചെന്നൈയിലെത്തി എന്നതായിരുന്നു മായാവിയുടെ വിസ്മയം. രാജുവും താനും കൂടി രാവിലത്തെ ഫ്ലൈറ്റില്‍ ചെന്നൈയില്‍ വന്നിറങ്ങിയതാണെന്നും രാജു എംഐഎഫ്ഇ മുതലാളിയെ കണ്ട് നന്ദി പറയാന്‍ ടാക്‍സി പിടിച്ചുപോയെന്നും തനിക്ക് പക്ഷെ,മായാവിയില്ലാതെ യാത്ര ചെയ്യാന്‍ പറ്റില്ലെന്നും അതുകൊണ്ട് മായാവി തന്നെ നാട്ടിലെത്തിക്കണമെന്നും രാധ പറഞ്ഞു.

നിഷ്കളങ്കനായ മായാവി രാജുവിനെ കാണാമല്ലോ എന്നോര്‍ത്ത് രാധയെ ചുമലിലേറ്റി പറന്നു. ഏതാണ്ട് സത്യമംഗലം ഭാഗത്തെത്തിയപ്പോള്‍ തനിക്ക് മൂത്രമൊഴിക്കണമെന്ന് രാധ പറഞ്ഞു. മായാവി താഴെയിറങ്ങി. മൂത്രമൊഴിക്കാന്‍ കാട്ടിലേക്കു പോകുമ്പോള്‍ തിരിഞ്ഞുനോക്കിയ രാധ മായാവിയുടേത് മനോഹരമായ കുണ്ടിയാണെന്നു പറഞ്ഞത് മായാവിയെ ഞെട്ടിച്ചു. അസ്വസ്ഥനായ മായാവി പുല്‍ത്തകിടിയില്‍ കുറെ നേരം കിടന്നു. ഉറക്കം വളരെ വേഗമെത്തി.

മായാവി കണ്ണു തുറക്കുമ്പോള്‍ വലിയൊരു ചില്ലുകൊട്ടാരത്തിലാണ്. ചില്ലിനപ്പുറം രാധയുടെ വലിയ മുഖം. കുട്ടൂസനോ ഡാകിനിയോ തന്നെ ചതിച്ച് കുപ്പിലിയിലാക്കിയതാണെന്നു മനസ്സിലാക്കിയ മായാവി രാധയോട് എത്രയും വേഗം അവിടെ നിന്ന് രക്ഷപെടാന്‍ പറഞ്ഞു. എന്നാല്‍ ചെറുചിരിയോടെ എണീറ്റു വന്ന രാധ മായാവിയെ കുപ്പിയിലാക്കിയത് കുട്ടൂസനും ഡാകിനിയുമല്ല, താനാണെന്നും മായാവിയുടെ എല്ലാ ദിവ്യശക്തിയുടെയും അടിസ്ഥാനമായ മാന്ത്രികവടി താന്‍ അടിച്ചുമാറ്റി 100 കഷണമാക്കി മുറിച്ച് കത്തിച്ചുകളഞ്ഞെന്നും, ഇത് ദുബായിലെത്തിക്കാമെന്നു പറഞ്ഞു തന്നെ ചെന്നൈയിലെത്തിയതിനുള്ള ശിക്ഷയാണെന്നും ഫെമിനിസ്റ്റുകളോട് കളിച്ചാല്‍ ഇതായിരിക്കും അവസ്ഥയെന്നും പറഞ്ഞ് വന്യമായി ചിരിച്ചു.

താന്‍ രാധയെ ചതിച്ചിട്ടില്ലെന്നും കാലിഫോര്‍ണിയയിലേക്കു പോവുകയായിരുന്ന ഉരു വെറുതെ വെടിവയ്‍ക്കാന്‍ വേണ്ടി വഴിതിരിച്ച് ചെന്നൈ തീരം വരെ വന്നതാണെന്നും തീരം കണ്ട ഉടനെ വെള്ളത്തിലേക്ക് ചാടിയ രാധയാണ് അബദ്ധം കാണിച്ചതെന്നും പറയുന്ന മായാവി തന്റെ മായാശക്തികള്‍ വെറും എട്ടിഞ്ച് നീളുമുള്ള മാന്ത്രികവടിയില്‍ മാത്രമൊതുങ്ങുന്നതല്ലെന്നു പറയുന്നു. വിവരക്കേടും ഫെമിനിസ്റ്റ് മിഥ്യാധാരകണകളും തലയ്‍ക്കുപിടിച്ച രാധ ചെയ്ത തെറ്റ് എന്താണെന്ന് പിന്നീട് മനസ്സിലാകുമെന്നും അന്നു പക്ഷെ, പശ്ചാത്തപിക്കാന്‍ രാധയ്‍ക്ക് അവസരം ലഭിക്കുമോ എന്നു തനിക്ക് പറയാന്‍ പറ്റില്ല എന്നും മായാവി പറയുന്നു. മായാവിയെ അടച്ച കുപ്പി സ്ത്രീകളുടെ ടോയ്‍ലറ്റിനുള്ളിലേക്ക് എറിഞ്ഞ് ഫ്ലഷ് ചെയ്ത ശേഷം രാധ കൂളായി പുറത്തേക്കിറങ്ങി. പുതിയ ജെട്ടിയും ടീഷര്‍ട്ടും ധരിച്ച് ഡിങ്കന്‍ അവളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

ഗുണപാഠം: സ്ത്രീകളുടെ തലയ്‍ക്കകത്ത് നിലാവെളിച്ചമാണ് (വൈക്കം മുഹമ്മദ് ബഷീര്‍) അഥവാ ഡിങ്കനും പണികിട്ടും.

ന്യൂ ജനറേഷന്‍ സിനിമയും ഫേസ്‍ബുക്ക് ഗുണ്ടകളും

കഷ്ടിച്ച് പത്തുവരെ പഠിച്ചിട്ടുള്ള തിരക്കഥാകൃത്തുക്കളും എട്ടില്‍ തോറ്റ സംവിധായകരും മലയാള സിനിമയെ നയിച്ചിരുന്ന കാലത്തു നിന്ന് സംവിധാനം മുതല്‍ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് വരെ സ്വന്തം നിലയ്‍ക്ക് ചെയ്യാന്‍ തക്ക പ്രായോഗികബുദ്ധിയും വിദ്യാഭ്യാസവും കോമണ്‍സെന്‍സുമുള്ള എഴുത്തുകാരും സംവിധായകരും നല്ല സിനിമകള്‍ക്കു വേണ്ടി പരിശ്രമിക്കുന്ന കാലത്താണ് നമ്മള്‍ നില്‍ക്കുന്നത്. നല്ല സിനിമ വേണോ, ഹിറ്റ് സിനിമ വേണോ എന്ന ചോദ്യത്തിനു മുന്നില്‍ നല്ല സിനിമ ഹിറ്റാക്കണം എന്ന ആഗ്രഹത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും ന്യൂ ജനറേഷനാണ്.

അടൂര്‍ ഗോപാലകൃഷ്ണന്റെയും അരവിന്ദന്റെയും ടി.വി.ചന്ദ്രന്റെയുമൊക്കെ സിനിമകള്‍ സാധാരണ പ്രേക്ഷകര്‍ കണ്ടിരുന്നില്ലെങ്കിലും അയ്യോ അവാര്‍ഡ് സിനിമയെന്ന് പറഞ്ഞ് ബഹുമാനിച്ചിരുന്നു. പ്രേക്ഷകര്‍ക്ക് രസിക്കുന്ന തരത്തില്‍ കഥപറയാന്‍ അറിയാത്തത് സംവിധായകരുടെ പരാജയമല്ല മറിച്ച്, ആ സംവിധായകരുടെ കഥാഖ്യാനം മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാതെ പോയത് തങ്ങളുടെ പരാജയമാണ് എന്നു വിശ്വസിച്ചിരുന്ന പ്രേക്ഷകരുടെ കാലം കഴിഞ്ഞു. അവാര്‍ഡ് സിനിമയെന്നും ജനപ്രിയ സിനിമയെന്നുമുള്ള വേര്‍തിരിവുകള്‍ ഇല്ലാതാവുകയും ജനപ്രിയ സിനിമയെന്ന പേരില്‍ ഇറങ്ങുന്നവ‍ നിലവാരത്തകര്‍ച്ച ഉറപ്പാക്കി കലക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കുകയും ചെയ്യുമ്പോള്‍ ന്യൂജനറേഷന്‍ സിനിമ എന്ന അടയാളവാക്യം കൊണ്ട് വേര്‍തിരിച്ചുകാണാവുന്ന ചെറിയ സിനിമകള്‍ നേടുന്ന വിജയം ഈ കാലഘട്ടത്തിന്റെ റെക്കോര്‍ഡുകളാണ്.

ജയരാജിന്റെ ഫോര്‍ ദി പീപ്പിളില്‍ തുടങ്ങി, ട്രാഫിക്, സിറ്റി ഓഫ് ഗോഡ്, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ചാപ്പാ കുരിശ്, ഈ അടുത്ത കാലത്ത് തുടങ്ങി 22 ഫീമെയില്‍ കോട്ടയം വരെ എത്തി നില്‍ക്കുന്ന സിനിമകളുടെ പട്ടിക ബോക്സ് ഓഫിസിലും നേട്ടമുണ്ടാക്കുന്നുണ്ട് എന്നത് ചെറിയ കാര്യമല്ല. തമിഴില്‍ 50 ന്യൂജനറേഷന്‍ സിനിമകളിറങ്ങുമ്പോഴാണ് ഒരു സുബ്രഹ്‍മണ്യപുരവും അങ്ങാടിത്തെരുവുമൊക്കെയുണ്ടാവുന്നത്. കൊലവെറി ലോകഹിറ്റായെങ്കിലും പടം എട്ടുനിലയില്‍ പൊട്ടി. മലയാളത്തില്‍ പുതുതലമുറ സിനിമകള്‍ എല്ലാം സൂപ്പര്‍ ഹിറ്റാവുന്നില്ലെങ്കിലും ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷകരുടെ ചര്‍ച്ചയിലിടം നേടുകയും ചെയ്യുന്നുണ്ട് എന്നത് മാറ്റത്തിന്റെ സൂചനയാണ്.

22 ഫീമെയില്‍ കോട്ടയം മലയാളത്തിലെ ആദ്യത്തെ ഫെമിനിസ്റ്റ് സിനിമ എന്ന വിശേഷണം അര്‍ഹിക്കുന്നുണ്ട്. സിറ്റി ഓഫ് ഗോഡ് പരാജയമായിരുന്നു പക്ഷെ,എന്നെ വിസ്മയിപ്പിച്ച ഒരു സിനിമയാണ്. ഈ അടുത്ത കാലത്ത് മനോരഹരമായ സിനിമയാണെന്ന് അഭിപ്രായമുള്ളവര്‍ ധാരാളമുണ്ട്, പക്ഷെ, എനിക്കിഷ്ടമായില്ല. ഇത്തരത്തില്‍ വ്യക്തിപരമായി സ്വാധീനിക്കുകയും അഭിപ്രായമുണ്ടാക്കുകയും ചെയ്യുന്ന സിനിമകള്‍ ഷുവര്‍ ഹിറ്റുകളായിരിക്കില്ല,പക്ഷെ അഭ്രപാളികളില്‍ അവ എഴുതുന്നത് ഒരു ചരിത്രമാണ്.

വിഷുവിന് ഇറങ്ങിയ സിനിമകളില് റിലീസ് ചെയ്ത ദിവസം മുതല്‍ അവസാനം കഴിഞ്ഞ ഷോ വരെ എല്ലാ സെന്ററുകളിലും ഹൗസ്‍ഫുള്ളായി ഓടുന്ന ഒറ്റ സിനിമയേയുള്ളൂ- മായാമോഹിനി. ഉദയകൃഷ്ണ-സിബി കെ.തോമസിന്റെ തിരക്കഥയില്‍ മുമ്പിറങ്ങിയിട്ടുള്ള കാര്യസ്ഥന്‍, പോക്കിരിരാജ തുടങ്ങിയ സിനിമകള്‍ പോലെ കഥയോ, സന്ദേശമോ, സംസ്കാരമോ ഒന്നുമല്ല, ജനക്കൂട്ടത്തെ പൊട്ടിച്ചിരിപ്പിക്കുന്നതിനുള്ള സംഗതികള്‍ അടങ്ങിയ വെടിക്കെട്ടാണ് സിനിമയെ ഹിറ്റാക്കുന്നത്. അതൊരു ഹിറ്റ് ഫോര്‍മുലയാണ്. പക്ഷെ,ഇഷ്ടപ്പെട്ട സിനിമകളുടെ പട്ടികയില്‍ ഒരാളും ആ സിനിമയുടെ പേര് പറയില്ല. സിനിമാ വ്യവസായം നിലനില്‍ക്കണമെങ്കില്‍ മായാമോഹിനിമാര്‍ വരണം. കലാമൂല്യമുള്ള സിനിമ നിലനില്‍ക്കണമെങ്കില്‍ കോട്ടയം ഫീമെയിലുകളും വരണം.

22 ഫീമെയില്‍ കോട്ടയം എന്ന സിനിമ വിജയിപ്പിച്ചത് ഫേസ്‍ബുക്ക് ഗുണ്ടകളാണ് എന്ന് ആരെങ്കിലും ആരോപിക്കുന്നതും ഗുണ്ടകള്‍ അത്തരത്തിലൊരവകാശവാദം ഉന്നയിക്കുന്നതും ബാലിശമാണ്. സിനിമ കണ്ടിറങ്ങിയ സാധാരണ പ്രേക്ഷകര്‍ തന്നെയാണ് ആ സിനിമയെയും ഹിറ്റിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നത്. സിനിമയെ പ്രാദേശിക-വര്‍ഗീയച്ചുവയോടെ വിലയിരുത്തി സംവിധായകനെ വ്യക്തിപരമായി ആക്രമിക്കുന്ന ഒരു റിവ്യൂവും അതിനു താഴെ റിവ്യൂ എഴുതിയ ലേഖകനെ തെറിവിളിക്കുന്ന നൂറുകണക്കിനു കമന്റുകളും ഒരു വെബ്‍സൈറ്റില്‍ കണ്ടു. നഴ്‍സുമാര്‍ പ്രവാസജീവിതത്തിനു വേണ്ടി കന്യാത്വം വെടിയുമെന്ന സന്ദേശമാണ് ലേഖകന്‍ സിനിമയില്‍ നിന്നു വായിച്ചത് എന്നത് നിര്‍ഭാഗ്യകരമാണ്. സംവിധായകനെ പ്രകോപിപ്പിക്കുന്ന ലേഖകന്റെ തന്തയ്‍ക്ക് വിളിച്ച് പോകുന്ന ഗുണ്ടകളുടെ പ്രതിബദ്ധത അതിലേറെ നിര്‍ഭാഗ്യകരമാണ്.

Super Hit: സൈബര്‍ ഫെമിനിസം പോലെ തന്നെ സൈബര്‍ ഗുണ്ടായിസവും അവശരും പരാജിതരുമായ അന്തര്‍മുഖരുടെ ആത്മപ്രകാശന വഴികളാണ്. അവസാനനാളില്‍ ഫെമിനിസ്റ്റുകളും ഗുണ്ടകളും കൊടുംനരകത്തില്‍ കണ്ടംപ്‍റ്റ് സെല്ലില്‍ അടയ്‍ക്കപ്പെടും. അന്ന് മെയില്‍ ഷോവനിസ്റ്റുകള്‍ സ്വര്‍ഗലോകത്തിരുന്ന് ഐറ്റം ഡാന്‍സ് കളിക്കുന്ന മായാമോഹിനിമാരുടെ നിതംബങ്ങളില്‍ മെല്ലെയടിച്ച് – മണ്ടിപ്പെണ്ണേ എന്നു വിളിച്ച് പൊട്ടിച്ചിരിക്കും !

ന്യൂ ജനറേഷന്‍ ബ്ലോഗിങ്

സമകാലിക-സാമൂഹിക വിഷയങ്ങളില്‍ ഞാന്‍ പ്രതികരിക്കുന്നതും പ്രതികരിക്കാതിരിക്കുന്നതും എന്തോ രാഷ്ട്രീയത്തിന്റെ ഭാഗമാണ് എന്നാണ് ചിലര്‍ കുറെക്കാലമായി പറയുന്നത്. സത്യത്തില്‍ മൂന്നാംകിട സിനിമയെ ബുദ്ധിജീവികള്‍ വ്യാഖ്യാനിച്ച് മഹത്തരമാക്കുന്നതുപോലെ എഴുത്തുതൊഴിലാളിയായ എന്റെ ജല്‍പനങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിലൂടെ അനര്‍ഹമായ പരിഗണന എനിക്കു കല്‍പിച്ചുതരികയാണ് അവര്‍ ചെയ്യുന്നത്. എനിക്കു തോന്നുന്നത് എഴുതും എന്ന നിലപാട് ഇന്നു പലര്‍ക്കും സ്വീകാര്യമാകാതെ പോകുന്നതും അത്തരത്തില്‍ ബ്ലോഗിനപ്പുറത്തേക്ക് ബ്ലോഗര്‍ക്ക് അനര്‍ഹമായ പരിഗണന നല്‍കുന്നതുകൊണ്ടാണ് എന്നാണെന്റെ വിശ്വാസം.

കമന്റുകളിലും മെയിലിലും ഒക്കെയായി അനേകം ആളുകള്‍ ഓരോ വിഷയങ്ങള്‍ ഉന്നയിക്കുകയും അതെപ്പറ്റി ബ്ലോഗ് ചെയ്യണമെന്നു പറയുകയും ചെയ്യുമ്പോള്‍ അത് എന്റെ ബ്ലോഗിങ് സ്വാതന്ത്ര്യത്തിന്മേലുള്ള ഇടപെടല്‍ എന്നതിനപ്പുറം എനിക്കുള്ള അംഗീകാരമായോ എന്നിലുള്ള വിശ്വാസമോ ഒക്കെയായോ കാണാന്‍ ആണ് എനിക്കിഷ്ടം. അത് ഒരു അംഗീകാരമാണെങ്കില്‍ എന്റെ ബ്ലോഗ് എനിക്കിഷ്ടമുള്ളത് എഴുതും എന്ന നിലപാട് തിരുത്തേണ്ടിയിരിക്കുന്നു. എന്നാല്‍, ആ സ്വാതന്ത്ര്യം നിലനിര്‍ത്തേണ്ടതുമുണ്ട്. അതുകൊണ്ട് വിവിധ വിഷയങ്ങളില്‍ എന്റെ പ്രിയ സുഹൃത്തുക്കളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കൂടി ബ്ലോഗ് ഉപയോഗിക്കാന്‍ ഞാനാഗ്രഹിക്കുന്നു.

വിവിധ വിഷയങ്ങളിലുള്ള എന്റെ വ്യക്തിപരമായ അഭിപ്രായമോ നിലപാടോ ആണ് ഈ ബ്ലോഗിന്റെ ഉള്ളടക്കം. അത്തരത്തില്‍ എന്തിനെയെങ്കിലും സംബന്ധിച്ച് ചോദ്യങ്ങളുള്ളവര്‍ അവരുടെ ചോദ്യങ്ങള്‍ എനിക്കയക്കുക. ഏറ്റവും അടുത്ത പോസ്റ്റില്‍ തന്നെ തിരഞ്ഞെടുത്ത ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതായിരിക്കും. ചോദ്യങ്ങള്‍ അയക്കേണ്ട വിലാസം- berly@berlytharangal.com.കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ ഇമെയില്‍, ഫേസ്‍ബുക്ക് എന്നിവയിലൂടെ ഏറ്റവുമധികം ആളുകള്‍ ചോദിച്ച ചോദ്യവും മറുപടിയും ഇതോടൊപ്പം നല്‍കുന്നു.

1. ന്യൂ ജനറേഷന്‍ സിനിമകളോട് നിങ്ങള്‍ക്ക് എന്താണ് ഇത്ര കലിപ്പ് ? സിനിമയുമായി ബന്ധമില്ലാത്ത പോസ്റ്റുകളില്‍പ്പോലും ന്യൂ ജനറേഷന്‍ എന്ന വാക്ക് ആവര്‍ത്തിച്ചുപയോഗിക്കുന്നത് എന്തിനാണ് ?

ന്യൂ ജനറേഷന്‍ സിനിമ പോളണ്ട് പോലെയാണ്. അത്തരം സിനിമകള്‍ വിമര്‍ശനങ്ങള്‍ക്കതീതമാണ് എന്നൊരു വിശ്വാസം അതിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് ഏറ്റെടുത്തിരിക്കുന്നവര്‍ക്ക് ഉണ്ടെന്നു തോന്നുന്നു. സിനിമയെ വിലയിരുത്തേണ്ടത് അത് ഏത് ജനറേഷനാണ് എന്നു നോക്കിയിട്ടല്ല. ചില സിനിമകളെ ന്യൂ ജനറേഷന്‍ എന്ന് അതുമായി ബന്ധപ്പെട്ടവര്‍ തന്നെ ബ്രാന്‍ഡ് ചെയ്യുമ്പോള്‍ അത് അങ്ങനെ വിലയിരുത്തപ്പെടുന്നതും വിമര്‍ശിക്കപ്പെടുന്നതും സ്വാഭാവികമാണ്. തിയറ്ററില്‍ തലകുത്തി വീഴുന്ന സിനിമ ന്യൂജനറേഷനാണ് എന്നു വിശേഷിപ്പിക്കുന്നത് കൊണ്ട് എന്താണ് ഗുണമെന്നു മനസ്സിലാവുന്നില്ല. ജനം സ്വീകരിക്കുന്ന സിനിമകളാണ് തിയറ്ററില്‍ ലാഭമുണ്ടാക്കുന്നത്. സിനിമയുമായി ബന്ധമില്ലാത്ത പോസ്റ്റുകളില്‍പ്പോലും ന്യൂ ജനറേഷന്‍ എന്ന വാക്കുപയോഗിക്കുന്നത് ചുമ്മാ ഒരു രസത്തിനാണ്. ന്യൂ ജനറേഷന്‍ എന്ന വാക്ക് സിനിമയുമായി മാത്രം ബന്ധപ്പെട്ടതാണ് എന്നു കരുതുന്ന ന്യൂ ജനറേഷന്‍ എലൈറ്റ് ക്ലാസ് ബുദ്ധിജീവികളെ പ്രകോപിപ്പിക്കുക എന്ന ഉദ്ദേശം മാത്രമേയുള്ളൂ. അത്തരക്കാര്‍ക്കു ഭ്രാന്തു പിടിക്കുന്നത് കാണാന്‍ നല്ല രസമാണ്.

കത്തനാര്‍പ്രവേശം

Padre nostro che sei nei cieli,sia santificato il tuo nome;venga il tuo regno;sia fatta la tua volontà come in cielo anche in terra.Dacci oggi il nostro pane quotidiano;e rimetti a noi i nostri debiti,come anche noi li rimettiamo ai nostri debitori;e non esporci alla tentazione,ma liberaci dal male.Tuo è il regno, la potenza, e la gloria nei ecoli.Amen.

മനസ്സിലായില്ല ആരാ ?

ഞങ്ങള്‍ പ്രാര്‍ഥനാകൂട്ടായ്മയ്‍ക്കു വന്ന രണ്ട് ഇറ്റാലിയന്‍ വൈദികരാണ്..

പ്രാര്ഥനാ കൂട്ടായ്മയോ ? അതിവിടെ ഇടവകേല്‍ വേറെയുണ്ടല്ലോ ?

ഇടവകേലേ പൊലെയല്ല ഇത്, ഇറ്റലി എന്നു പറയുമ്പോള്‍ അറിയാമല്ലോ, റോം..മാര്‍പ്പാപ്പ..

ഓ!..നിങ്ങളിലാരാ മാര്‍പ്പാപ്പ ?

കപ്യാരേ ? ഏതാ ഈ പെമ്പ്രന്നോര് ?

ഫാദര്‍ ക്രിസ്റ്റോ.. വണ്‍ സെക്കന്‍ഡ് പ്ലീസ്..

എന്താ കപ്യാരേ, പറയൂ…

കപ്യാര് തന്റെ തന്ത… ഡോ, നമ്മള്‍ രണ്ടുപേരും ഇറ്റാലിയന്‍ സെമിനാരിയിലെ കുശിനിക്കാരാണ്… സാങ്കേതികമായി ഞാനും തന്നെപ്പോലെയൊരു സെമിനാരി ജീവനക്കാരന്‍ തന്നെയാണ്.. അച്ചന്മാരുടെ വേഷം കെട്ടി ഇവിടെ വന്നിട്ടുണ്ടെങ്കില്‍ നമ്മള് രണ്ടുപേരും അച്ചന്മാര്‍ തന്നെ.. അല്ലാതെ കപ്യാരേ കുപ്യാരേ എന്നൊക്കെ വിളിച്ചാലുണ്ടല്ലോ..മര്യാദക്ക് എന്നെ ഫാദര്‍ എന്നു വിളിക്കുന്നതാണ് നല്ലത്

നിന്നെ ഫാദറെന്നോ.. എടാ, സെമിനാരീലെ അടുക്കളയില്‍ ബീഫ് കറിവച്ച പാത്രം നേരേ ചൊവ്വേ കഴുകി വയ്‍ക്കാത്തതിന് റെക്ടറച്ചന്‍ കഴിഞ്ഞയാഴ്ച നിന്റെ തന്തയ്‍ക്കു വിളിച്ചത് മറന്നുപോയോ ?

ആ ബീഫ് കറി അടിയില്‍ പിടിച്ചതിന് അതേ റെക്ടറച്ചന്‍ നിന്റെ കരണത്തടിച്ചത് ഞാനും മറന്നിട്ടില്ല..

ഓകെ,ഓകെ… നമ്മള്‍ വന്നത് വഴക്കടിക്കാനല്ല… ഇവരെ പറഞ്ഞ് പറ്റിച്ച്,ജയിലില്‍ കിടക്കുന്ന രണ്ടു പട്ടാളക്കാരെ രക്ഷപെടുത്തിക്കൊണ്ടുപോകാനാണ്..തല്‍ക്കാലം നമ്മള്‍ രണ്ടു പേരും ഫാദേഴ്‍സ്…ഓകെ,ഫാദര്‍ ഗോണ്‍സാല്‍വസ് ?

ഓകെ,ഫാദര്‍ ക്രിസ്റ്റോ..

ഓകെ,മാഡം.. ഇതു ഞങ്ങള്‍ വൈദികര്‍ തമ്മിലുള്ള ചില തിയോളജിക്കല്‍ ഡൗട്ട്‍സ്… ചില ആശയക്കുഴപ്പങ്ങള്‍..

ദൈവം ഉണ്ടോ ഇല്ലയോ എന്നൊക്കെയുള്ള ചില..

അത്രയ്‍ക്കൊന്നുമില്ല… ഞാനീ ബികോം തിയോളജി ആയതുകൊണ്ട് …

ഫാദര്‍ര്‍ര്‍ര്‍ര്‍ര്‍ ???

ഓകെ,ഓകെ… മാഡം എന്താ ചോദിച്ചത് ?

നിങ്ങളിലാരാ മാര്‍പ്പാപ്പാന്ന് ?

ഞങ്ങളിലാരാ ??

മാര്‍പ്പാപ്പ ??

മാര്‍പ്പാപ്പ വരും…ഈസ്റ്ററൊക്കെയായതുകൊണ്ട് അവിടെ കുര്‍ബാന ചൊല്ലാന്‍ വേണ്ടി നില്‍ക്കുവാ…

അച്ചന്മാര്‍ക്കിപ്പോ എന്താ വേണ്ടത് ?

ഞങ്ങള്‍ക്ക് പ്രാര്‍ഥിക്കണം… മനസ്സ് നിറയുവോളം പ്രാര്‍ഥിക്കണം..

പ്രാര്‍ഥിച്ചോ… അതിനു ഞാനെന്തു വേണം ?

ഈ വീട്.. ഇവിടുത്തെ അന്തരീക്ഷം, കടല്‍ക്കാറ്റ്…ഇത് ഞങ്ങളെ ആകര്‍ഷിക്കുന്നു…

ഇറ്റലിയിലിരുന്നപ്പോ ആകര്‍ഷണം തോന്നിയതുകൊണ്ടാണോ കെട്ടിയെടുത്തത് ?

മാഡം ചൂടിലാണെന്നു തോന്നുന്നല്ലോ…

ഉം… അച്ചന്മാര് പ്രാര്‍ഥിക്ക്.. വീടൊക്കെ ഒന്നു വെ‍ഞ്ചരിച്ചേരെ…ഞാനിപ്പോ വരാം..

അയ്യോ ചായേം കാപ്പീമൊന്നുമെടുക്കേണ്ട… ഞങ്ങളതൊന്നും കഴിക്കത്തില്ല..

ചായ എടുക്കാനല്ല,അയല്‍ക്കാരെയൊക്കെ ഒന്നു വിളിച്ചോണ്ടു വരട്ടെ…

അയ്യോ, എന്തിനാ ?

ഞങ്ങളൊന്നും കുമ്പസാരിച്ചിട്ടില്ല.. അച്ചന്മാര് ഇറ്റലീന്നിവിടം വരെ വന്ന സ്ഥിതിക്ക് എല്ലാവരും ഒന്നു കുമ്പസാരിച്ചോട്ടെ…

അപ്പോ ഫാദര്‍ ഗോണ്‍സാല്‍വസ് പ്രാര്‍ഥന തുടങ്ങിക്കോ…

ഫാദര്‍ ക്രിസ്റ്റോ തന്നെ തുടങ്ങിക്കോ… ഞാനീ ബികോം ഒന്നും പാസ്സായിട്ടില്ലല്ലോ..

Padre nostro che sei nei cieli,sia santificato il tuo nome;venga il tuo regno…

വന്നു കയറിയപ്പോഴേ ഇതു തന്നെയല്ലേ ചൊല്ലിയത് ?

ഒരു പ്രാര്‍ഥന ഒരു തവണയേ ചൊല്ലാന്‍ പാടുള്ളൂ എന്നു പറഞ്ഞിട്ടില്ല.. അല്ലെങ്കിലും ഞാന്‍ വേറെ പ്രാര്‍ഥന പഠിച്ചിട്ടില്ല…അച്ചന്മാരുടെ വേഷം കെട്ടി വരാമെന്നുള്ളത് നിന്റെ ഐഡിയ ആയിരുന്നല്ലോ…അപ്പോ ഈ പ്രാര്‍ഥനേടെ കാര്യമൊന്നുമോര്‍ത്തില്ലേ ?

ഞാന്‍ കപ്യാരും നീ വല്യ കത്തനാരുമാണെന്ന കോംപ്ലക്‍സ് വച്ചോണ്ടു നടക്കുമ്പോള്‍ പ്രാര്‍ഥന സ്വയം പഠിക്കണമായിരുന്നു..തല്‍ക്കാലം ഒരു പ്രസംഗം അങ്ങു കാച്ചിക്കോ…

പ്രാര്‍ഥന വേണ്ടാ ?

വേണ്ട ഇവിടൊക്കെ പള്ളീല്‍ കൂടുതലും രാഷ്ട്രീയപ്രസംഗങ്ങളാ.. ഞാനല്ലേ പറയുന്നത്..ങ്ഹും..

പ്രിയപ്പെട്ട നാട്ടുകാരേ, ഇറ്റലിയിലെ മണലാരണ്യങ്ങളില്‍ നിന്ന്…ഇത്രയും ദൂരം താണ്ടി ഞങ്ങള്‍ രണ്ട് ഇറ്റാലിയന്‍ വൈദികര്‍ ഇവിടെ നില്‍ക്കുന്നത്… നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നതിനായിട്ടാണ്… ക്ഷമിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി നിങ്ങളോടു പ്രസംഗിക്കാനാണ്…ക്ഷമയെപ്പറ്റി പറഞ്ഞപ്പോള്‍ പെട്ടെന്നൊരു സംഭവം അല്ലെങ്കില്‍ ഇന്‍സിഡന്റ് എന്റെ മനസ്സിലേക്കോടി വരികയാണ്….ഒരിക്കല്‍ മംഗലശ്സേരി നീലകണ്ഠന്‍ റോഡിലൂടെ പോകുമ്പോള്‍ വഴിയില്‍ മുണ്ടയ്‍ക്കല്‍ ശേഖരന്‍ അങ്ങനെ നില്‍ക്കുന്നത് കണ്ടു.. ശേഖരനെ കണ്ടതും ദേഷ്യം വന്ന നീലകണ്ടന്‍ തോക്കെടുത്ത് ചൂണ്ടിയിട്ട് പറഞ്ഞു- വഴി മാറെടാ മുണ്ടയ്‍ക്കല്‍ ശേഖരാ.. ശേഖരന്‍ മാറിയില്ല.. നീലാണ്ടന്‍ തോക്ക് ഒരൊറ്റ ഞെക്ക്… അതു പൊട്ടി, ശേഖരന്‍ മരിച്ചു വീണു… എന്നാല്‍, ശേഖരന്റെ മകന്‍ വളര്‍ന്നപ്പോള്‍ നീലാണ്ടനെ ശത്രുവിനെയെന്നോണം കണ്ടു തുടങ്ങി…നീലാണ്ടന്‍ തന്റെയച്ഛനെ കൊന്നതിനു പ്രതികാരമായി ശേഖരന്റെ മകന്‍ നീലാണ്ടനെതിരേ കേസു കൊടുക്കുകയും നീലാണ്ടനെ പോലീസുകാര്‍ പിടിച്ചോണ്ടു പോവുകയും ചെയ്തു….ഒടുവില്‍ ഇവരെല്ലാം മരിച്ചപ്പോള്‍ നീലാണ്ടന്‍ സ്വര്‍ഗത്തിലും നീലാണ്ടനെ കേസ് കൊടുത്തു പീഡിപ്പിച്ച ശേഖരന്റെ മകന്‍ നരകത്തിലും പോയി…

പങ്കായം വച്ച് ഞാനവന്റെ തലയ്‍ക്കിട്ടു കൊടുക്കട്ടേ ?

യ്യോ… അവര്‍ ഇറ്റലീന്നു വന്ന അച്ചന്മാരാ…

കുഞ്ഞാടുകളേ, ക്ഷമ എന്നു പറയുന്ന ഗുണം നമ്മുടെ സമൂഹത്തില്‍ നഷ്ടമാകുന്നു എന്നതിന്റെ ഉദാഹരണമാണ് ഇറ്റാലിയന്‍ വെടിവയ്‍പുകാരെ ശിക്ഷിക്കണം എന്നു വാശിപിടിക്കുന്നവര്‍. വളരെ ക്രൂരമാണിത്. ഒന്നുമറിയാത്ത, പിഞ്ചു കുഞ്ഞുങ്ങളുടെ മനസ്സുള്ള രണ്ടു വ്യക്തികളാണ് അവര്‍. അവര്‍ തോക്കു കൊണ്ടു കളിക്കുമ്പോള്‍ അബദ്ധത്തില്‍ വെടിപൊട്ടി ആരോ മരിച്ചതിന് അവരെ തടവിലിട്ടു പീഡിപ്പിക്കുന്നതിലൂടെ നമ്മള്‍ വലിയ പാപമാണ് ചെയ്യുന്നത്…അവരെ മോചിപ്പിക്കാന്‍ കൈകോര്‍ക്കുന്നതിലൂടെ ദൈവരാജ്യത്തിന്റെ ലഫ്റ്റനന്റ് കേണല്‍ പദവിയാണ് നമുക്ക് ലഭിക്കുന്നത്. പട്ടാളക്കാരെ മോചിപ്പിച്ച് നിങ്ങള്‍ പാപഭാരം കുറയ്‍ക്കണമെന്നാണ് എനിക്ക് അഭ്യര്‍ഥിക്കാനുള്ളത്…അതു ചെയ്യുന്നില്ലെങ്കില്‍ നിങ്ങളുടെ പ്രാര്‍ഥനകള്‍ എവിടെയും ഫലിക്കാന്‍ പോണില്ല…

അടിക്കെടാ ആ പുല്ലനെ….

(അഞ്ചു ദിവസങ്ങള്‍ക്കു ശേഷം)

എന്താണ് ശരിക്കും സംഭവിച്ചത് ?

എനിക്കു നല്ല ഓര്‍മയില്ല.. ബികോം ഫാദറിനോടു ചോദിക്കൂ…

എല്ലാം അവന്റെ ഐഡിയയാണ്…

ആന്‍ ഐഡിയ ക്യാന്‍ ചേഞ്ച് യുവര്‍ ലൈഫ് എന്നല്ലേ… പക്ഷെ, ഇത്രേം ഞാന്‍ കരുതിയില്ല…പക്ഷെ, അടുത്ത ഐഡിയ ഇതുപോലൊന്നുമല്ല… ഷുവറാ.. പട്ടാളക്കാരേം കൊണ്ടേ നമ്മള്‍ മടങ്ങൂ…

എന്താ ഐഡിയ ?

പട്ടാളക്കാരെ മോചിപ്പിക്കാന്‍ ഇറ്റലി ഇന്ത്യയ്‍ക്കെതിരേ സൈനികനീക്കം നടത്തി എന്ന് ഇന്ത്യന്‍ എക്‍സ്‍പ്രസില്‍ വിളിച്ചു പറയാം. അവരത് ഒന്നാം പേജിലെ പ്രധാനവാര്‍ത്തയായി കൊടുത്തോളും…പിന്നെ എല്ലാം നമ്മള്‍ വിചാരിക്കുന്നതുപോലെ തന്നെ നടക്കും…

വാട്ട് ആന്‍ ഐഡിയ സര്‍ജീ !

Buona Pasqua

എന്നു വച്ചാല്‍ ?

ഹാപ്പി ഈസ്റ്റര്‍ !

പത്രപ്രവര്‍ത്തക യൂണിയന്‍ ഫലിതങ്ങള്‍ (ചിരിച്ചാല്‍ കേസു കൊടുക്കും)

ചേട്ടനോടൊപ്പം ഏത് കാട്ടില്‍ വേണമെങ്കിലും ഞാന്‍ വരും എന്നു പറയുന്ന കാമുകിയെ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി റേപ്പ് ചെയ്തിട്ട് ഓടിരക്ഷപെടുന്ന കാമുകനെപ്പോലെയാണ് കേരളപത്രപ്രവര്‍ത്തക യൂണിയന്‍ എന്നു ഞാന്‍ പറഞ്ഞാല്‍ ചുമ്മാ കേറി മാനനഷ്ടത്തിനു സൈബര്‍ കേസ് കൊടുക്കരുത്.ഏത് ബാധയെ ഒഴിപ്പിക്കാനും അതിന്റേതായ മന്ത്ര-തന്ത്ര പാക്കേജുകളുണ്ട്. ‘നിന്നെ ഒഴിപ്പിച്ചിരിക്കുന്നു’ എന്നൊരു കടാസിലെഴുതി ഭിത്തിയിലൊട്ടിച്ചു വച്ചാല്‍ ബാധ ഒഴിഞ്ഞുപോകുമെന്നു കരുതുന്ന വ്യാജമന്ത്രവാദികളെപ്പോലെ, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അംഗമായിപ്പോയ എന്നെ തുണ്ടുകടലാസുകൊണ്ട് സസ്‍പെന്‍ഡ് ചെയ്ത് പിന്നേം സ്വയം നാറരുതേ എന്നു വിനീതമായി അപേക്ഷിക്കുന്നതിനു വേണ്ടി മാത്രമാണ് ഈ പോസ്റ്റ് (ഈ ബ്ലോഗില്‍ എഴുതുന്നതനുസരിച്ചാണ് നടപടി എന്നു കേട്ടിട്ടുണ്ട്).

അല്ലെങ്കിലും കേരളപത്രപത്രപ്രവര്‍ത്തക യൂണിയന്‍ ഭരണസമിതിക്കാര് ഫയങ്കര തൊട്ടാവാടികളാ. നമ്മളെന്തെങ്കിലും തമാശ പറഞ്ഞാല്‍ ചുമ്മാ കേറിയങ്ങു സീരിയസ്സാവും. പിന്നെ യോഗം ചേരലായി പുറത്താക്കലായി. എന്നു കരുതി ക്രൂരന്മാരൊന്നുമല്ല, സാധുക്കളാ. സംഘടന സംസ്ഥാനഭരണസമിതിക്കാര് 2012 ഫെബ്രുവരി 26 ഞായറാഴ്ച കോട്ടയത്ത് യോഗം ചേര്‍ന്ന് എന്തരോ ഒക്കെ കണ്ണംതിരിവുകള്‍ക്ക് എന്നെ പുറത്താക്കിയതായി ഓണ്‍ലൈന്‍ പത്രങ്ങളില്‍ വായിച്ചറിഞ്ഞിരുന്നു. സംഘടനയുടെ ഭാഗത്ത് നിന്നു നോക്കുമ്പോള്‍, അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളോട് നീതിപുലര്‍ത്തണമെങ്കില്‍ എന്നെ പുറത്താക്കുക തന്നെയാണ് വേണ്ടത്. എനിക്കും വിരോധമില്ല.

എന്നെ എന്തു ചെയ്യുമ്പോഴും അത് കേരള പത്രപ്രവര്‍ത്തക യൂണിയനാണല്ലോ ചെയ്യുന്നത് എന്ന നിര്‍വൃതി അനുഭവിക്കാമല്ലോ എന്നു കരുതി ഞാന്‍ അന്നു മുതല്‍ പത്രപ്രവര്‍ത്തനത്തിന്റെ കുറ്റിക്കാട്ടില്‍ പോയിക്കിടക്കുകയാണ്. ബാധയെ ഒഴിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ‘ഒഴിഞ്ഞുപോകുന്നോ’ എന്ന ചോദ്യവുമായി 15 ദിവസത്തിനകം ഒരു വിശദീകരണം ബാധയ്‍ക്കു കൊടുക്കുകയും ബാധയുടെ മറുപടി വാങ്ങിയ ശേഷം നടപടി എടുക്കുകയും ചെയ്യണമെന്നാണ് അടിസ്ഥാനചട്ടം. ഇന്നലെ പതിന്നാലാം ദിവസം വൈകിട്ട് കേരളപത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒരു നീട്ടെഴുത്ത് എനിക്കു കിട്ടിയിരിക്കുന്നു. നമ്മള്‍ വല്ലതും എഴുതിയിട്ട് യൂണിയന് ഇഷ്ടമായില്ലെങ്കില്‍ സൈബര്‍ കേസ് കൊടുക്കുമെന്നാണ് പറയുന്നത്. എന്നാലും, ആ കത്ത് എനിക്കിവിടെ പ്രസിദ്ധീകരിക്കാതിരിക്കാനാവുന്നില്ല.

കത്ത് വായിച്ച് കുറെ നേരം ചിരിച്ചു. ഇപ്പോഴും ചിരിച്ചോണ്ടിരിക്കുകയാണ്. നടപടിക്രമങ്ങളൊന്നും ഇപ്പോഴുള്ള ഭരണസമിതിക്കാര്‍ക്ക് അറിയില്ലായിരിക്കാം, ക്ഷമിക്കാം. പത്രക്കാരല്ലേ,ആഗോളപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനിടയില്‍ സംഘടനാപ്രവര്‍ത്തനത്തില്‍ വീഴ്ചകളുണ്ടാവാം, സ്വാഭാവികം. ഒരു കത്തെങ്കിലും വൃത്തിയായി എഴുതി അയക്കാന്‍ ഇവരൊക്കെ ഇനി എന്നു പഠിക്കാനാണ് ? ഈ പറയുന്ന വിവാദവുമായി ബന്ധപ്പെട്ട് കേരളപത്രപ്രവര്‍ത്തക യൂണിയനില്‍ നിന്ന് എനിക്കു ലഭിക്കുന്ന കടിഞ്ഞൂല്‍ കമ്യൂണിക്കേഷനാണിത്. ഇത് വായിച്ചിട്ട് എനിക്കുള്ള സംശയങ്ങള്‍ ഇവയൊക്കെയാണ്.

1. കേരള പത്രപ്രവര്‍ത്തക യൂണിയനെ ആക്ഷേപിച്ചത് ആരാണ് ?
2. ബ്ലോഗില്‍ എഴുതിയതാണോ ആക്ഷേപിച്ചതാണോ കുറ്റം ?
3. ഏതു ബ്ലോഗിലാണ് എഴുതിയത് ? എന്ന് ? ഏത് പോസ്റ്റ് ?
4. ആരാണ് ബ്ലോഗിലെഴുതിയത് ?
5. ആക്ഷേപിക്കുന്നത് ഒരു കുറ്റമാണോ ?
6. യൂണിയന്റെ സംസ്ഥാന കമ്മിറ്റി കോട്ടയത്ത് എന്നാണ് ചേര്‍ന്നത് ?
7. എങ്ങനെയാണ് കമ്മിറ്റി തീരുമാനമെടുത്തത് ? ഏകകണ്ഠമായിരുന്നോ ?
8. കോട്ടയത്ത് തീരുമാനിച്ചിട്ടുണ്ട് എന്നു പറയുന്നു. അപ്പോള്‍ കോഴിക്കോട്ട് നടപ്പാക്കുന്നതെങ്ങനെയാണ് ?
9. സംസ്ഥാന സെക്രട്ടറിയെക്കാള്‍ ശക്തിശാലിയാണോ കോഴിക്കോട് ജില്ലാ സെക്രട്ടറി ?
10.സംസ്ഥാന സമിതി ഇങ്ങനൊരു തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ അക്കാര്യം അധമനായ ഈ അംഗത്തെ അറിയിക്കാന്‍ സംസ്ഥാനസമിതിക്ക് സ്വന്തമായി ലെറ്റര്‍പാഡ് ഇല്ലേ ?
11.സംസ്ഥാനസമിതി എടുത്ത തീരുമാനം ഓണ്‍ലൈന്‍ പത്രങ്ങളെ അപ്പോള്‍ തന്നെ അറിയിച്ച ഭാരവാഹികള്‍ എന്നെ ഇതറിയിക്കാന്‍ 14 ദിവസം കാത്തിരുന്നതെന്തിനാണ് ?

ഈ 11 ചോദ്യങ്ങള്‍ക്കും ഉത്തരം തന്നാല്‍ ഞാന്‍ സസ്‍പെന്‍ഡ് ചെയ്യപ്പെടുമോ എന്നു ചോദിക്കരുത്. ഈ നാറിയ സംഘടനയില്‍ അംഗമായിരിക്കുന്നതില്‍ ‍ഞാന്‍ ലജ്ജിക്കുന്നു എന്നു പണ്ടേ പറഞ്ഞിട്ടുള്ളതാണ്. സസ്‍‍പെന്‍ഷനല്ല, ഡിസ്‍മിസലാണ് ഞാനാഗ്രഹിക്കുന്നത്. നേരേ ചൊവ്വേ ഒന്നു സംസ്‍പെന്‍ഡ് ചെയ്യാന്‍ പോലുമറിയാത്ത ഈ ചങ്ങായിമാര്‍ പുറത്താക്കുന്നതെങ്ങനെ എന്നറിയാത്തതുകൊണ്ടാണ് അതു ചെയ്യാത്തത് എന്നു തോന്നുന്നു. ‍ഞാന്‍ പറഞ്ഞില്ലേ, സാധുക്കളാ. ഇനിയിപ്പോ സസ്‍പെന്‍ഷനു വേണ്ടി വേറൊരു കത്തൊന്നും എഴുതാന്‍ മിനക്കെടേണ്ട. എന്നെ സസ്‍പെന്‍ഡ് ചെയ്യാന്‍ തുടങ്ങീട്ട് 15 ദിവസമായി. അവരിങ്ങനെ ചക്രശ്വാസം വലിക്കുന്നത് എനിക്കു കണ്ടുനില്‍ക്കാനാവില്ല. ഞാന്‍ പുറത്തുപൊയ്‍ക്കോളാം. “സംഘടനാതത്വങ്ങളും നടപടിക്രമങ്ങളും ഞങ്ങള്‍ക്കറിയില്ലാത്തതിനാല്‍ നിങ്ങളെ പുറത്താക്കുന്നതില്‍ തടസ്സം നേരിട്ടിരിക്കുന്ന സാഹചര്യത്തില്‍ സംഘടനയെ പ്രസിസന്ധിയിലാക്കാതെ രാജിവച്ച് പോകണമെന്ന് അഭ്യര്‍ഥിക്കുന്നു” എന്നു ഒരു ലെറ്റര്‍പാഡില്‍ എഴുതി അയച്ചാല്‍ അത് കയ്യില്‍ കിട്ടുന്നതിന്റെ പിറ്റേ ദിവസം തന്നെ ഞാന്‍ രാജിവയ്‍ക്കുന്നതായിരിക്കും, ഉറപ്പ്.

അപ്പോള്‍ മുകളിലത്തെ ഹാസ്യസാഹിത്യത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ സസ്‍പെന്‍ഷനിലായി എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ വളരെ വ്യക്തമായി പറയട്ടെ, അത് അങ്ങ് പള്ളീല്‍പ്പോയി പറഞ്ഞാല്‍ മതി. ഒരംഗത്തെ സസ്‍പെന്‍ഡ് ചെയ്യുന്നതിനോ പുറത്താക്കുന്നതിനോ സംഘടനയുടെ ഭരണഘടനയില്‍ പറയുന്ന നടപടിക്രമങ്ങളില്‍ ഏതെങ്കിലും ഒരെണ്ണം എങ്കിലും പാലിക്കാന്‍ ഭരണസമിതിയോട് ഞാന്‍ വിനയപൂര്‍വം അപേക്ഷിക്കുകയാണ്. അത്ര വിനയം വേണ്ട എന്നാണെങ്കില്‍ ഇതൊരു വെല്ലുവിളിയായി സ്വീകരിക്കണം. ഈ സംഘടനയ്‍ക്ക് ഭരണഘടനയുണ്ടോ, എന്നിട്ട് ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലല്ലോ എന്നു പറയുന്ന പാര്‍ട്ടികളാണ് ഭരണസമിതിയിലുള്ളതത്രേ (ത്രേ-ന്നെഴുതിയാല്‍ കേസ് കൊടുക്കാന്‍ പറ്റില്ലാട്ടോ). അതുകൊണ്ട് വായിച്ചു പഠിച്ച് എനിക്കെതിരേ നടപടിയെടുക്കുന്നതിനു വേണ്ടി ഭരണഘടനയിലെ പുറത്താക്കല്‍ ചട്ടം കൂടി ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഇതിന് സൈബര്‍ കേസ് വേറെ കൊടുക്കരുത്.

ഇടപെടും തോറും എത്രയും വേഗം പുറത്താകണമെന്ന് ആഗ്രഹിക്കുന്ന തരത്തില്‍ കേരള പത്രപ്രവര്‍ത്തകയൂണിയന്‍കാര് എന്നെ പരവശനാക്കുകയാണ്. ഇതൊക്കെ വായിച്ച് മനസ്സിലാക്കിയിട്ടോ മുകളില്‍ പറഞ്ഞപോലെ രാജിവയ്‍ക്കാമോ എന്ന് എന്നോടിങ്ങോട്ട് അപേക്ഷിച്ചിട്ടോ സംഘടനക്കാര് എന്നെ പുറത്താക്കുന്ന സുദിനത്തിനായി കാത്തിരിക്കുകയാണ്. എങ്കിലും നെയ്യാറ്റിന്‍കരക്കാരന്‍ ശെല്‍വരാജ് പറഞ്ഞതുപോലെ നാട്ടിലുള്ള പത്രപ്രവര്‍ത്തകര്‍ എന്താഗ്രഹിക്കുന്നോ അതുപോലെയേ ഞാന്‍ പ്രവര്‍ത്തിക്കൂ. അവര്‍ പറഞ്ഞാല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി നെയ്യാറ്റിന്‍കരയില്‍ മല്‍സരിക്കുക പോലും ചെയ്യും.

ലേഖനങ്ങളിലൂടെയും കാര്‍ട്ടൂണുകളിലൂടെയും രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളെ വിമര്‍ശിച്ചും ആക്ഷേപിച്ചും ജീവിക്കുന്ന പത്രപ്രവര്‍ത്തകരുടേത് മാധ്യമസ്വാതന്ത്ര്യമാണെന്നു സ്ഥാപിക്കുന്ന സംഘടന, സംഘടനയിലെ വൃത്തികേടുകളെ ആരെങ്കിലും ആക്ഷേപിച്ചാല്‍ അവനെ പുറത്താക്കുന്നതാണ് നീതി എന്നു തെളിയിക്കുമ്പോള്‍ എത്ര ലഘൂകരിച്ചു പറഞ്ഞാലും അത് നാറിയ സംഘടനാപ്രവര്‍ത്തനമാണെന്നത് നിഷേധിക്കാനാവില്ല. മാധ്യമസ്വാതന്ത്ര്യം വേണം പക്ഷെ,അംഗങ്ങള്‍ക്ക് അഭിപ്രായസ്വാതന്ത്ര്യം പാടില്ല എന്ന പുതിയ മുദ്രാവാക്യത്തെ മുറുകെപ്പിടിച്ച് സംഘടനയിലെ രാജവെമ്പാലകളും മനോഹരബോറന്മാരും മുന്നോട്ടുപോകുമ്പോള്‍ കാലം കാലുമടക്കി അടിക്കാതെ ശ്രദ്ധിക്കുക.