അനില്‍ അംബാനി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയേക്കും

രാജ്യത്തെ സാമ്പത്തികപുരോഗതിയിലേക്ക് കൈപിടിച്ചുയര്‍ത്തിയ റിലയന്‍സ് കമ്പനി മുതലാളി അനില്‍ അംബാനി റിസവര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിതനായേക്കുമെന്നു സൂചന.രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ണമായി റിലയന്‍സിനെ ഏല്‍പിച്ചതിനെ തുടര്‍ന്നാണ് അബാനി ആര്‍ബിഐ ഗവര്‍ണറായി ചുമതലയേല്‍ക്കുമെന്ന കണക്കുകൂട്ടലുകള്‍ ശക്തമായിരിക്കുന്നത്. ആര്‍ബിഐ ഗവര്‍ണര്‍-ധനമന്ത്രി-പ്രധാനമന്ത്രി എന്ന മന്‍മോഹന്‍സിങ്ങിന്റെ റൂട്ട് നോക്കിയാല്‍ രാജ്യത്തെ സംബന്ധിച്ച് വളരെ പ്രതീക്ഷാനിര്‍ഭരമായ ഒരു കാലഘട്ടത്തിന്റെ തുടക്കമായി എസ്ബിഐ-റിലയന്‍സ് ഇടപാടിനെ കാണാവുന്നതേയുള്ളൂ.

അതീവരഹസ്യമായി ഇടപാടുകാരോ ജീവനക്കാരോ അറിയാതെയാണ് എസ്ബിഐ മാനേജ്‌മെന്റ് ബാങ്കിന്റെ ചുമതലകള്‍ റിലയന്‍സിനെ ഏല്‍പിച്ചു കൊടുത്തത് എന്നിരിക്കെ റിസര്‍വ് ബാങ്കിന്റെയും രാജ്യത്തിന്റെ ഖജനാവിന്റെയും ഒക്കെ നിയന്ത്രണവും റിലയന്‍സിനു കൈമാറിക്കൊണ്ട് എന്തെങ്കിലും രഹസ്യ കരാറുകള്‍ ഒപ്പു വച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല. നെഹ്‌റു-അംബാനി കുടുംബത്തിന്റെ കരാളഹസ്തങ്ങളിലാണ് രാഷ്ട്രത്തിന്റെ ഭാവി എന്നിരിക്കെ പുതിയ നീക്കങ്ങള്‍ വളരെ ആവേശം പകരുന്നതാണെന്നാണ് സാമ്പത്തികവിദഗ്ധരുടെ വിലയിരുത്തല്‍.

എസ്ബിഐയുടെ പ്രവര്‍ത്തനങ്ങള്‍ കൈമാറിയതുപോലെ ആര്‍ബിഐയുടെയും പ്രവര്‍ത്തനങ്ങള്‍ റിലയന്‍സിനു കൈമാറിയാല്‍ രാജ്യത്തെ ജിഡിപി വര്‍ധിക്കുകയും നാണയപ്പെരുപ്പം കുറയുകയും നല്ല കടലാസില്‍ തെളിച്ചമുള്ള മഷിയില്‍ അബാനിമാര്‍ നോട്ടുകള്‍ അച്ചടിച്ചു നല്‍കുകയും ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. കറന്‍സി നോട്ടുകളില്‍ നിന്നു ഗാന്ധിജിയുടെ ചിത്രം മാറ്റി പകരം അംബാനിയുടെ ചിത്രം വയ്ക്കുന്നതുള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങളും പ്രതീക്ഷിക്കാം. പെട്രോള്‍-ഡീസല്‍ വില പോലെ രൂപയുടെ മൂല്യവും നാട്ടുകാരുടെ ചെലവില്‍ പുനര്‍നിര്‍ണയിച്ച് ആര്‍ബിഐയെ വന്‍ലാഭത്തിലാക്കി മാറ്റാനും റിലയന്‍സിനു സാധിക്കും.

അതേ സമയം, എസ്ബിഐയെ റിലയന്‍സിനു നല്‍കിയ സാഹചര്യത്തില്‍ രാജ്യത്ത് ഇനി മുതലുള്ള പൊതുതിരഞ്ഞെടുപ്പുകള്‍ നടത്താനുള്ള അവകാശം റിലയന്‍സിനെ ഏല്‍പിക്കണമെന്നും ആവശ്യമുയരുന്നു. യുപിഎയ്ക്ക് ഭരണം നഷ്ടപ്പെട്ടാലും രാജ്യം സുസ്ഥിരവികസനപാതയിലൂടെ മുന്നോട്ടു പോകുന്നതിനായി ജനാധിപത്യം നിലനില്‍ക്കണമെന്നതിനാലാണ് തിരഞ്ഞെടുപ്പു നടത്തിപ്പു തന്നെ റിലയന്‍സിനെ ഏല്‍പിച്ചേക്കുമെന്ന് ആവശ്യമുയര്‍ന്നിരിക്കുന്നത്. അങ്ങനെ ഏല്‍പിച്ചാല്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ വോട്ടു ചെയ്യുന്നതും എണ്ണുന്നതും ഉള്‍പ്പെടെയുള്ള കനപ്പെട്ട ജോലികള്‍ റിലയന്‍സ് തന്നെ ചെയ്ത് തിരഞ്ഞെടുപ്പു പ്രക്രിയയുടെ ചെലവ് ആയിരക്കണക്കിനു കോടി രൂപ കുറയ്ക്കാന്‍ സാധിക്കുമെന്ന് ആവശ്യമുന്നയിച്ചവര്‍ ചൂണ്ടിക്കാണിക്കുന്നു. യുപിഎസ്‌സിയുടെ പ്രവര്‍ത്തനങ്ങളും റിലയന്‍സിനെ ഏല്‍പിച്ച് രാജ്യത്ത് ആര്‍ക്കൊക്കെ സര്‍ക്കാര്‍ ജോലി കൊടുക്കണം എന്ന കാര്യത്തിലും അന്തിമതീരുമാനം എടുക്കാനുള്ള അവകാശം റിലയന്‍സിനെ ഏല്‍പിക്കണമെന്നും വിവിധ കേന്ദ്രങ്ങളില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

കാര്യങ്ങള്‍ ഇത്രയൊക്കെയായ സ്ഥിതിക്ക് അന്തരിച്ച റിലയന്‍സ് സ്ഥാപകന്‍ ധിരുഭായ് അംബാനിയെ രാഷ്ട്രപിതാവായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മറ്റൊരു വിഭാഗവും ഉടന്‍ മുന്നോട്ടു വന്നേക്കുമെന്നു സൂചനയുണ്ട്. അംബാനി രാജ്യത്തിനു നല്‍കിയ സേവനങ്ങള്‍ പരിഗണിക്കുമ്പോള്‍ അദ്ദേഹത്തെ ഇനിയും രാഷ്ടപിതാവായി പ്രഖ്യാപിച്ചില്ലെങ്കില്‍ അത് കൊടിയവഞ്ചനയായിരിക്കും എന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. റിലയന്‍സിനെതിരെ ആരോപണങ്ങളുന്നയിച്ച ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ് രിവാളിനെ തൂക്കിക്കൊല്ലുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ജുഡീഷ്യറിയുടെ പ്രവര്‍ത്തനങ്ങളും റിലയന്‍സിന് ഔട്ട്‌സോഴ്‌സ് ചെയ്യണമെന്നും ആവശ്യമുണ്ട്.

ബിറ്റ് കോയ്ന്‍: എന്തൊക്കെയായിരുന്നു !!!

നാണയങ്ങള്‍ക്കിടിയിലെ ആം ആദ്മിയായിരുന്നു ബിറ്റ്‌കോയ്ന്‍. സര്‍ക്കാര്‍-ബാങ്കിങ് സ്ഥാപനങ്ങളുടെ ഇടപെടലുകളില്ലാതെ പൂര്‍ണമായ സ്വാതന്ത്ര്യവും സുതാര്യതയും സുരക്ഷിതത്വവും അവകാശപ്പെട്ടിരുന്ന ബിറ്റ്‌കോയ്ന്‍ ഒടുവില്‍ ന്യൂജനറേഷന്‍ സിനിമ പോലെ പ്രതിസന്ധിയിലാണ്. ഒരു പക്ഷെ, കരുത്തുനേടി ശക്തമായ ഒരു തിരിച്ചുവരവ് നടത്തിയേക്കാം. മറിച്ചാണെങ്കില്‍ സര്‍ക്കാര്‍-ബാങ്കിങ് സ്ഥാപനങ്ങളുടെ നിയന്ത്രണങ്ങളില്‍പ്പെട്ട് മെല്ലെ മെല്ലെ വിശ്വാസ്യത നഷ്ടപ്പെട്ട് അസ്തമിച്ചുപോയേക്കാം.

ആയിരം ഡോളര്‍ വരെ ഉയര്‍ന്ന ബിറ്റ്‌കോയ്ന്‍ ഇപ്പോള്‍ തളര്‍ച്ചയിലാണ്. എന്നാല്‍, യഥാര്‍ഥ പ്രശ്‌നം ബിറ്റ്‌കോയ്ന്‍ നെറ്റ്‌വര്‍ക്ക് എത്രത്തോളം സുരക്ഷിതമാണ് എന്നതാണ്. അതോടൊപ്പം തന്നെ ബിറ്റ്‌കോയ്ന്‍ ഒരു നാണയമെന്ന നിലയില്‍ അംഗീകരിക്കപ്പെടാനുള്ള സാധ്യത കുറഞ്ഞുവരുന്നതും സ്വതന്ത്ര്യ-വിര്‍ച്വല്‍ കറന്‍സിയുടെ ഭാവിയെക്കുറിച്ച് ആശങ്കകളുണര്‍ത്തുന്നുണ്ട്. ശുഭാപ്തിവിശ്വാസം പുലര്‍ത്തുകയും ഭരണകൂടഭീകരതയെ കുറ്റം പറയുകയും ചെയ്യുന്നതിനപ്പുറം സാധാരണക്കാര്‍ക്ക് വിശ്വസിക്കാവുന്ന തരത്തില്‍ ബിറ്റ്‌കോയ്‌നെ കരുത്തുറ്റതാക്കാന്‍ അതിന്റെ ഉപജ്ഞാതാക്കള്‍ക്കും സംരക്ഷകര്‍ക്കും കഴിയുന്നില്ലെങ്കില്‍ ഭാവി ശോഭനമാവില്ല എന്നു പറയേണ്ടി വരും.

വിവിധ സര്‍ക്കാരുകള്‍ ബിറ്റ്‌കോയ്‌നുമേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിവരുമ്പോഴാണ് പ്രധാന ബിറ്റ്‌കോയ്ന്‍ എക്‌സ്‌ചേഞ്ചായ ജപ്പാന്‍ ആസ്ഥാനമായ മൗണ്ട് ഗോക്‌സ് അടച്ചുപൂട്ടിയത്. ഹാക്കര്‍മാര്‍ മൗണ്ട് ഗോക്‌സ് നെറ്റ്‌വര്‍ക്കില്‍ കടന്നുകയറി ഒരു കോടിയോളം ഉപയോക്താക്കളുടെ 2400 കോടിയോളം രൂപ വിലവരുന്ന പതിനായിരക്കണക്കിനു ബിറ്റ്‌കോയ്‌നുകളാണ് മോഷ്ടിച്ചത്. ഇന്‍ഷുറന്‍സ് പരിരക്ഷയൊന്നുമില്ലാത്തതിനാല്‍ മൗണ്ട് ഗോക്‌സ് പാപ്പര്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തതോടെ കാശുപോയവര്‍ക്ക് കാശുപോയി എന്നത് അംഗീകരിക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ല. ഏറ്റവുമധികം വിനിമയം നടന്നിരുന്ന എക്‌സേഞ്ച് ആയിരുന്നു മൗണ്ട് ഗോക്‌സ്.

മൗണ്ട് ഗോക്‌സ് പൂട്ടിയതോടെ ജപ്പാന്‍ സര്‍ക്കാരിനും വ്യക്തമായ ചില നിലപാടുകള്‍ എടുക്കേണ്ടതായി വന്നു. ജപ്പാന്‍ മന്ത്രിസഭയുടെ പുതിയ നിലപാട് അനുസരിച്ച് ബിറ്റ്‌കോയ്ന്‍ ഒരു നാണയമല്ല. ബാങ്കുകള്‍ അവരുടെ ഒരു ഉല്‍പന്നമെന്ന നിലയില്‍ ഉപയോക്താക്കള്‍ക്ക് ബിറ്റ്‌കോയ്ന്‍ വില്‍ക്കാന്‍ പാടില്ലെന്നും ജപ്പാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. നാണയമല്ലാതായ ബിറ്റ്‌കോയ്ന്‍ ഇടപാടുകള്‍ക്ക് മറ്റേത് ഉല്‍പന്നങ്ങള്‍ക്കുമുള്ളതുപോലെ നികുതിയും ഈടാക്കാനാണ് തീരുമാനം. ഇത് ബിറ്റ്‌കോയ്‌ന് ഒരു നല്ല നാളെ വരുമെന്നുള്ള സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാണ്. റഷ്യയിലും ചൈനയിലും നേരത്തെ തന്നെ ബിറ്റ്‌കോയ്‌ന് നാണയം എന്ന പദവി നഷ്ടപ്പെട്ടിരുന്നു. യുകെയില്‍ ബിറ്റ്‌കോയ്‌ന് 20 ശതമാനം വാറ്റ് ഏര്‍പ്പെടുത്താനാണ് നീക്കം. നാണയമെന്ന നിലയ്ക്ക് പ്രവര്‍ത്തിക്കുന്ന യുഎസിലാകട്ടെ നിയന്ത്രണങ്ങള്‍ക്കു വേണ്ടി സെനറ്റര്‍മാര്‍ മുറവിളി കൂട്ടുന്നുമുണ്ട്.

മൗണ്ട് ഗോക്‌സിന് സംഭവിച്ചത് ഒറ്റപ്പെട്ട ദുരന്തമാണെന്നും അതൊരിക്കലും ബിറ്റ്‌കോയിന്റെ വിശ്വാസത്യതയെ ചോദ്യം ചെയ്യില്ലെന്നുമായിരുന്നു ബാക്കിയുള്ള ബിറ്റ്‌കോയ്ന്‍ എക്‌സ്‌ചേഞ്ചുകള്‍ സംയുക്തപ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍, കാനഡ ആസ്ഥാനമായുള്ള ഫ്‌ളെക്‌സ്‌കോയ്്ന്‍ എക്‌സ്‌ചേഞ്ചും പൂട്ടിയതോടെ വാഗ്ദാനങ്ങളും ഉറപ്പുകളും ജലരേഖകളായി. ഹാക്കിങ്ങിനെ തുടര്‍ന്ന് ലക്ഷക്കണക്കിനു രൂപയുടെ ബിറ്റ്‌കോയ്‌നുകള്‍ നഷ്്ടമായതിനെ തുടര്‍ന്നാണ് ഫ്‌ളെക്‌സ്‌കോയ്്‌നും പൂട്ടിയത്. ലോകത്ത് ആദ്യമായി ബിറ്റ്‌കോയ്ന്‍ എടിഎം മെഷീന്‍ സ്ഥാപിച്ചു ചരിത്രം സൃഷ്ടിച്ച രാജ്യമായിരുന്നു കാനഡ. മറ്റൊരു ബിറ്റ്‌കോയന്‍ എക്‌സ്‌ചേഞ്ച് സ്ഥാപകയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതും കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു.

ഈ സമയത്താണ് ഏറെ മഹത്വവല്‍ക്കരിച്ചിരുന്ന ബിറ്റ്‌കോയ്ന്‍ സ്ഥാപകന്‍ ഡോറിയന്‍ പ്രെന്റിസ് സതാഷോ നകാമോട്ടോ ഏതു ബിറ്റ്‌കോയ്ന്‍ എന്തു ബിറ്റ്‌കോയ്ന്‍ എന്നു ചോദിച്ചു പൊട്ടന്‍ കളിച്ചുകൊണ്ടിരിക്കുന്നത്. ബിറ്റ്‌കോയ്‌നെക്കുറിച്ച് തനിക്കൊന്നും അറിയില്ല എന്നതാണ് നകാമോട്ടോയുടെ നിലപാട്. ഒന്നുകില്‍ ആ നകാമോട്ടോ അല്ല ഈ നകാമോട്ടോ. അല്ലെങ്കില്‍ ഈ നകാമോട്ടോ ബിറ്റ്‌കോയ്‌നുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു കഴിഞ്ഞു. അതുമല്ലെങ്കില്‍ തന്റെ ബിറ്റ്‌കോയ്ന്‍ ബന്ധം മറച്ചുവയ്ക്കുന്നതിനു വേണ്ടി അദ്ദേഹം പൊട്ടന്‍കളിക്കുന്നു. എന്തായാലും മഹത്തായ ഒരു ജാപ്പനീസ് പിതൃത്വം അവരോധിച്ചിരുന്ന ബിറ്റ്‌കോയ്ന്‍ ഇപ്പോള്‍ ഒരു ബാസ്റ്റാഡ് നാണയമായി മാറിയിരിക്കുകയാണ്.

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നതാണ് ബിറ്റ്‌കോയ്ന്‍ ഇടപാടുകളെ സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നമ്മളോടു പറഞ്ഞിരിക്കുന്നത്. ബാംഗ്ലൂര്‍ ആസ്ഥാനമായി ബിറ്റ്‌കോയ്ന്‍ ഇടപാടുകള്‍ വളരെ സജീവമായി ഇപ്പോഴും മുന്നോട്ടു പോകുന്നുണ്ട്. രാജ്യാന്തരതലത്തില്‍ ബിറ്റ്‌കോയ്ന്‍ പ്രതിസന്ധി നേരിടുമ്പോള്‍ ലഹരിമരുന്ന്-മനുഷ്യക്കടത്ത് മാഫിയകളുടെ പ്രിയപ്പെട്ട നാണയമായി മാറിക്കൊണ്ടിരിക്കുന്ന ബിറ്റ്‌കോയ്‌നുമേല്‍ സര്‍ക്കാര്‍ ഔദ്യോഗികമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സാധ്യത വര്‍ധിച്ചുവരികയാണ്. ഇതു ന്യൂജനറേഷന്‍ സാധനമാണെന്നു കരുതി ചാടി വീഴുന്നതിനു മുന്‍പ് രണ്ടോ മൂന്നോ വട്ടം ആലോചിക്കുന്നതില്‍ തെറ്റില്ല എന്നു ചുരുക്കം.

ബിറ്റ്‌കോയ്‌നെപ്പറ്റി കാര്യമായി അറിയാത്തവര്‍ക്ക് അതിനെപ്പറ്റി വ്യക്തമായി മനസ്സിലാക്കാന്‍, ബിറ്റ്‌കോയ്‌ന്റെ പ്രവര്‍ത്തനം മനസ്സിലാക്കാന്‍ ഈ വിഡിയോ സഹായകമാകും എന്നു കരുതുന്നു.

എത്ര സെക്‌സിയായ പലിശനിരക്കുകള്‍

ശോഭാ ഡേ ചേച്ചിക്ക് ഹൗസിങ് ലോണോ കാര്‍ ലോണോ ഉണ്ടെങ്കില്‍, അതൊക്കെ അടയ്ക്കാന്‍ സാധാരണക്കാരെപ്പോലെ നിശ്ചിതപ്രതിമാസവരുമാനത്തെയാണ് ആശ്രയിക്കുന്നതെങ്കില്‍ എക്കണോമിസ്റ്റുകള്‍ക്കു സെക്‌സ് അപ്പീലിനെക്കാള്‍ പ്രധാനപ്പെട്ട ഗുണങ്ങള്‍ വേറെയും ആവശ്യമുണ്ടെന്ന് ഇപ്പോള്‍ പിടികിട്ടിക്കാണും. റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി മിസ്റ്റര്‍ രഘുറാം രാജന്‍ ചാര്‍ജെടുത്തപ്പോള്‍ മൂപ്പര് എന്തു മാജിക് കാണിക്കുമെന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. തികച്ചും വ്യത്യസ്തമായി പുള്ളിക്കു ഭയങ്കര സെകസ് അപ്പീലാണെന്നതായിരുന്നു ശോഭാ ഡേയുടെ സന്തോഷം. പെണ്ണുങ്ങളല്ലേ, അവര്‍ക്കറിയാവുന്ന കാര്യങ്ങളെപ്പറ്റി മാറ്റം അഭിപ്രായം പറയുന്നതും ഒരു നല്ല ഗുണമാണ്.

രഘുറാം രാജന്‍ (ഇത്ര സെക്‌സിയായ ഒരാളെ പേരു വിളിക്കുന്നത് ശരിയല്ല എന്നെനിക്കറിയാം. രാജേട്ടാ എന്നു വിളിക്കണോ രഘുവേട്ടാ എന്നു വിളിക്കണോ എന്ന കണ്‍ഫ്യൂഷന്‍ കാരണം ഞാന്‍ ഒന്നും വിളിക്കുന്നില്ല) റിസര്‍വ് ബാങ്കിലേക്ക് വലതുകാല്‍ വച്ചു കയറിയ ഉടനേ സെന്‍സെക്‌സ് ഉയര്‍ന്നിരുന്നു. ഞൊടിയിടയില്‍ സെന്‍സെക്‌സ് ഉയര്‍ത്തിയ ആള്‍ തീര്‍ച്ചയായും സെക്‌സിയാണെന്നു പ്രഖ്യാപിക്കാം. എനിവേ, വന്നുകയറിയ പാടേ റിപ്പോ നിരക്കുകളുയര്‍ത്തി ഹൗസിങ്, കാര്‍ ലോണുകളെടുത്തിരിക്കുന്ന പാവങ്ങളുടെ അടിവയറിനു വളരെ സെക്‌സിയായ ഒരു തൊഴിനല്‍കി അദ്ദേഹം ആക്ഷന്‍ ഹീറോ കൂടിയാണെന്ന് തെളിയിച്ചുകഴിഞ്ഞു. റിപ്പോ നിരക്ക് എന്താണെന്നും അത് ബാങ്കുമായി ബന്ധപ്പെട്ടു കഴിയുന്ന രാജ്യത്തെ ജനങ്ങളെ എങ്ങനെ ബാധിക്കുമെന്നും അറിയാത്തവര്‍ക്ക് അദ്ദേഹം എന്തോ ഉയര്‍ത്തി എന്നതും വളരെ സെക്‌സിയായി തോന്നിയാല്‍ കുറ്റം പറയാനൊക്കില്ല.

റിസര്‍വ് ബാങ്ക് ആണ് സത്യം പറഞ്ഞാല്‍ സോ കോള്‍ഡ് ജനകോടികളുടെ വിശ്വസ്ത സ്ഥാപനം. മറ്റു ലോക്കല്‍ ബാങ്കുകളൊക്കെ പണി തന്നാലും ഈ ബാങ്ക് ചതിക്കില്ല എന്നാണ് പൊതുവേയുള്ള വിശ്വാസം. റിസര്‍വ് ബാങ്ക്, സുപ്രീം കോടതി പാര്‍ലമെന്റ് (ചിരി) തുടങ്ങിയ സ്ഥാപനങ്ങളോടുള്ള ജനങ്ങളുടെ ആദരവും വിശ്വാസവുമാണ് ഈ നാട്ടിലെ സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളെ സന്തുലിതമായി നിലനിര്‍ത്തുന്നത്. റിസര്‍വ് ബാങ്കിന് സെക്‌സിയായ ഗവര്‍ണര്‍ വന്നതുപോലെ സെക്‌സിയായ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയും സെക്‌സിയായ ഫെനി ബാലകൃഷ്ണന് സുപ്രീം കോടതി ജഡ്ജിയുമൊക്കെയയതുകൊണ്ട് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാവില്ല.

റിപ്പോ നിരക്ക് എന്നൊക്കെ പറയുമ്പോള്‍ എന്തോ കടുകട്ടി സാധനമാണെന്നൊരു തോന്നലുണ്ട്. സത്യത്തില്‍ ഡാ ചെക്കാ എന്നു വിളിച്ചിരുന്നവനെ ഹെയ് ബഡീ എന്നു വിളിക്കുന്നതുപോലെയൊരു വ്യത്യാസമേയുള്ളൂ. റിസര്‍വ് ബാങ്ക് രാജ്യത്തെ വാണിജ്യബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാലവായ്പയുടെ പലിശനിരക്കിനെയാണ് റിപ്പോ നിരക്ക് എന്നു പറയുന്നത്. സ്വാഭാവികമായും കൊമേഴ്‌സ്യല്‍ ബാങ്കുകള്‍ സാധാരണക്കാരനു നല്‍കുന്ന വായ്പകളുടെയും പലിശ ഉയരും. ഇത് മുന്‍കൂട്ടി കണ്ട എസ്ബിഐ കഴിഞ്ഞ ദിവസം തന്നെ വായ്പകളുടെ പലിശ ഉയര്‍ത്തിയിരുന്നു. എസ്ബിഐയുടെ പുതുക്കിയ അടിസ്ഥാനപലിശനിരക്ക് 9.8 ശതമാനമാക്കി. 30 ലക്ഷം രൂപ വരെയുള്ള ഭവനവായ്പകളുടെ പലിശ 9.95 ശതമാനത്തില്‍ നിന്ന് 10.10 ശതമാനമാക്കി. അതിനു മുകളിലുള്ളതിന് 10.30 ശതമാനവും. കാര്‍ ലോണ്‍ പലിശ 10.45 ശതമാനത്തില്‍ നിന്ന് 10.75 ശതമാനമാക്കി.

ചുരുക്കിപ്പറഞ്ഞാല്‍ റിപ്പോ നിരക്കുയര്‍ത്തിയതുകൊണ്ട് സാധാരണക്കാരനുണ്ടാവുന്ന സെക്‌സ് അപ്പീല്‍ അവനെടുത്തിരിക്കുന്ന ഹൗസിങ് കാര്‍ ലോണുകളിലും വ്യക്തിഗതവായ്പകളിലുമാണ് പ്രകടമാവുക. നിരക്കുകള്‍ ഉയരുന്നതുപോലെ ഉയരാത്ത ശമ്പളത്തില്‍ നിന്ന് മാസാമാസം ബാങ്കിലേക്ക് അടക്കുന്ന വായ്പാ അടവുകളുടെ തുക ഉയരുന്നതോടെ സെക്‌സ് അപ്പീല്‍ എത്ര കൂടിയാലും കോണ്‍ഡം വാങ്ങാന്‍ പോലും കാശില്ലാത്ത അവസ്ഥയിലേക്ക് സാധാരണക്കാരന്‍ എത്തിച്ചേരും. കോര്‍പറേറ്റുകള്‍ക്കുള്ള പലിശരഹിതവായ്പകളും അത് എഴുതിത്തള്ളുന്നതിന്റെ വേഗവും പഴയതുപോലെ തുടരുമെന്നു പ്രത്യാശിക്കാം. മുതലാളിമാര്‍ പളപളപ്പുള്ള കോട്ടിട്ടു വിലസുന്നതും അവരുടെ പിള്ളേര്‍ പഠിക്കുന്ന സ്‌കൂളുകളിലെ കൂതറ ടീച്ചര്‍മാര്‍ അടിച്ചുപാമ്പായി ഹോട്ടല്‍ അടിച്ചുതകര്‍ക്കുന്നതും വളരെ വളരെ സെക്‌സിയാണ്.

ഓണം ജസ്റ്റ് കഴിഞ്ഞപ്പോള്‍ പൂട്ടുകച്ചവടം: ബാങ്ക്‌ലയന നയം റദ്ദാക്കുക, കോര്‍പ്പറേറ്റുകള്‍ക്കും ബാങ്കിതര ധന സ്ഥാപനങ്ങള്‍ക്കും ബാങ്കിംഗ് ലൈസന്‍സ് നല്‍കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 25 ന് ദേശവ്യാപകമായി ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. പൊതുമേഖലാസ്വകാര്യവിദേശ ബാങ്കുകളിലെ അഞ്ച് ലക്ഷത്തില്‍പ്പരം ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കും.

കസ്റ്റമര്‍ റിലേഷന്‍ (കാനറാ ബാങ്ക് അനുഭവം)

2012 ഫെബ്രുവരി 22, ബുധന്‍
രാവിലെ 10.20
തെളിഞ്ഞ കാലാവസ്ഥ

കോഴിക്കോട്-കണ്ണൂര്‍ റോഡില്‍ ചക്കോരത്തുകുളത്തുള്ള കാനറാ ബാങ്ക് ശാഖയിലെ എടിഎമ്മില്‍ ഞാന്‍ കയറുന്നു. കയ്യിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കാര്‍ഡ് യന്ത്രത്തിന്റെ വായിലേക്കു തിരുകുന്നു. യന്ത്രം കാര്‍ഡ് വിഴുങ്ങി അലസമായിക്കിടക്കുന്നു. സ്ക്രീനിലേക്കു നോക്കുമ്പോള്‍ അന്ധകാരം മാത്രം. ഔട്ട് ഓഫ് കവറേജ് എന്നു ചെറിയ അക്ഷരങ്ങളിലെഴുതിയത് സ്ക്രീനിലൂടെ ഒഴുകി നടക്കുന്നു. എന്റര്‍ ‍, ക്യാന്‍സല്‍ ബട്ടണുകളില്‍ അമര്‍ത്തി നോക്കി. ഇല്ല, യന്ത്രം പ്രതികരിക്കുന്നില്ല. കാര്‍ഡ് തിരികെ വരുന്നുമില്ല.

നേരെ ബാങ്കിലേക്കു കയറി. ഒരു വാതില്‍ തുറന്നിറങ്ങി വന്ന ചെറുപ്പക്കാരന്‍ ‘എന്നാടാ ഉവ്വേ’ എന്ന മട്ടില്‍ നോക്കി. ‘എന്റെ എടിഎം കാര്‍ഡ് യന്ത്രത്തില്‍ കുടുങ്ങി, രക്ഷിക്കണം’ എന്നു പറഞ്ഞതേയുള്ളൂ, ചെറുപ്പക്കാരന്‍ അതേ വാതിലിലൂടെ അകത്തേക്കു കയറി. കൗണ്ടറിലിരുന്ന ഒരു അമ്മച്ചി ‘എന്താ’ എന്നുറക്കെ ചോദിച്ചു. കാര്യം പറഞ്ഞു. അമ്മച്ചി പെട്ടെന്ന് ബഹളം വച്ചു- ‘അവിടെ നിന്ന് മാറി നില്‍ക്ക്, എടിഎമ്മിന്റെ അടുത്ത്ന്ന് മാറി നില്‍ക്ക്, അവിടെ നില്‍ക്കാതെ,അങ്ങോട്ട് മാറി നില്‍ക്ക്…’

ഞാന്‍ ഭയപ്പെട്ടുപോയി. എന്നെ കണ്ടാല്‍ ബാങ്ക് കൊള്ളക്കാരനെപ്പോലെയുണ്ടോ ?
വേഗം ബാങ്കിന്റെ പുറത്തിറങ്ങി നിന്നു.

കാര്‍ഡ് മുങ്ങിത്തപ്പിയെടുത്തുകൊണ്ടു വരുമ്പോള്‍ എന്തായാലും വിളിക്കുമല്ലോ. അമ്മച്ചിയുടെ ബിപി കൂട്ടേണ്ട. കുറച്ചുനേരം കഴിഞ്ഞപ്പോള് ചെറുപ്പക്കാരന്‍ കയ്യിലെന്തൊക്കെയോ തപ്പിയെടുത്തുകൊണ്ട് കൗണ്ടറിലേക്കു പോയി. കൗണ്ടറിലിരുന്ന കണ്ണട വച്ച ഒരു യുവതി എന്നോട് ‘അവിടെ പോയി വാങ്ങിച്ചോ’ എന്നു പറഞ്ഞു.

എനിക്കു സന്തോഷമായി. കാര്ഡ് തിരികെ കിട്ടുമെങ്കില്‍ എവിടെ വേണമെങ്കിലും പോകാന്‍ തയ്യാറാണ്. ഞാന്‍ ചെറുപ്പക്കാരന്റെ ലൊക്കേഷന്‍ മനസ്സിലാക്കി അവിടേക്കു നടന്നു. ബാങ്കിന്റെ ഒരു ഭാഗം പൊളിച്ചടുക്കിയതുപോല നിലത്തൊക്കെ എന്തൊക്കെയോ കിടക്കുന്നു. മറ്റേ കഥയില്‍ വെള്ളത്തില്‍ പോയ മഴു മുങ്ങിത്തപ്പിയെടുത്തുകൊണ്ടു വന്ന ദേവതയെപ്പോലെ ചെറുപ്പക്കാരന്‍ കയ്യില്‍ ഏതാനും കാര്‍ഡുകളുമായി കൗണ്ടറിലിരിക്കുന്ന ഒരു സാറിന്റെ അടുക്കല്‍ വന്നു. കൗണ്ടറിനു സമീപം കാത്തുനിന്ന മറ്റൊരു ചെറുപ്പക്കാരന്‍ എന്നോടു ചോദിച്ചു ‘കാര്‍ഡ് മെഷിനില്‍ പോയോ ?’ ഇവിടെ ഇതൊക്കെ സാധാരണയല്ലേ എന്ന മട്ട്.

ഞാന്‍ ഓണപ്പരീക്ഷയുടെ മാര്‍ക്ക് കേള്‍ക്കാന്‍ നില്‍ക്കുന്ന സ്കൂള്‍ വിദ്യാര്ഥിയെപ്പോലെ സാറിന്റെ മുന്നില്‍ നിന്നു. സാറ് മുന്നില്‍ നിന്ന ആളോട് പേരു ചോദിച്ചു. അയാള്‍ പേരു പറഞ്ഞു. അയാളുടെ പേരിലുള്ള കാര്‍ഡ് ചെറുപ്പക്കാരന്റെ കയ്യില്‍ നിന്നു വാങ്ങി മറ്റേ സാറ് എന്തൊക്കെയോ അഭിപ്രായം പറഞ്ഞു. ചെറുപ്പക്കാരന്റെ കയ്യില്‍ എന്റെ കാര്‍ഡ് കണ്ണുകള്‍ കൊണ്ടു പരതുന്നതിനിടയില്‍ ആ ഡയലോഗുകള്‍ ഞാന്‍ ശ്രദ്ധിച്ചില്ല. എന്തായാലും ആ ചെറുപ്പക്കാരന്റെ കാര്‍ഡ് മറ്റേ സാറ് മാറ്റി വച്ചു. ചെറുപ്പക്കാരന്‍ മാറി നിന്നു. എന്നോടു പേരു ചേദിച്ചു, ഞാന്‍ പറഞ്ഞു. സാറ് ഒരു നീല കാര്‍ഡ് വാങ്ങി എന്നോടു പറഞ്ഞു- ‘മിസ്റ്റര്‍ മുരളി, നിങ്ങളുടെ കാര്‍ഡ് എക്‍സ്‍പെയര്‍ ആയിട്ട് ആറു മാസമായി !’

ഞാന്‍ പിന്നെയും ഭയപ്പെട്ടു. ഞാന്‍ പറഞ്ഞു- ‘സര്‍,എന്റെ പേരു മുരളിയല്ല,സാറിന്റെ കയ്യിലിരിക്കുന്നത് എന്റെ കാര്‍ഡ് അല്ല… എന്റേത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാര്‍ഡ് ആണ് !’

സാറിന്റെ മുഖം ഇരുണ്ടു. കടല്‍ക്കൊള്ളക്കാരനെ കണ്ട ഇറ്റാലിയന്‍ ഭടന്റെ ക്രൗര്യത്തോടെ എന്നെ രൂക്ഷമായി നോക്കി. പിന്നെ മുഖം ശാന്തമായി. എന്നിട്ട് ചിരിച്ചുകൊണ്ട്, ശബ്ദത്തില്‍ തീരെ മയമില്ലാതെ ഇങ്ങനെ പറഞ്ഞു- ‘കാനറാ ബാങ്കിന്റെ കാര്‍ഡുകള്‍ മാത്രമേ ഞങ്ങള്‍ തിരിച്ചു നല്‍കുകയുള്ളൂ…’

ഞാന്‍ കര്‍ണപുടങ്ങളെ കൂര്‍പ്പിച്ചുവച്ചു- ‘സര്‍, മനസ്സിലായില്ല…’

‘അതിനുള്ളില്‍ ഇനി വേറെ കാര്‍ഡ് ഇല്ല…അഥവാ കിട്ടിയാലും ഞങ്ങള്‍ തിരിച്ചു തരില്ല’ – സാറ് ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.

‘സാര്‍,ഞാന്‍ ബാങ്ക് കൊള്ളയടിക്കാന്‍ വന്നതല്ല, പൈസ എടുക്കാന്‍ വേണ്ടി കാര്‍ഡ് എടിഎമ്മിനുള്ളില്‍ ഇട്ടതാണ്’- ക്ഷമയുടെ നിറകുടമായ ഞാന്‍ വിശദീകരിക്കാന്‍ ശ്രമിച്ചു.

‘മനസ്സിലായി,കാനറാ ബാങ്കിന്റെ കാര്‍ഡേ തിരിച്ചു തരൂ, അല്ലാതെ ക്യാപ്‍ചര്‍ ചെയ്യുന്ന കാര്‍ഡുകള്‍ ഞങ്ങള്‍ നശിപ്പിച്ചുകളയും, നിങ്ങള്‍ക്കു തരില്ല’ !

ഞാന്‍ പിന്നെയും ഭയപ്പെട്ടു. ആദ്യമായി എന്റെ എടിഎം കാര്‍ഡിനെ എനിക്കു മിസ് ചെയ്തു. പതിനായിരം വട്ടമെങ്കിലും അമര്‍ത്തിയ പാസ്‍വേഡ‍് എന്റെ വിരലില്‍ നിന്നു വിറച്ചു. എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞു. ‘ഇറങ്ങിപ്പോടാ ഡാഷേ’ എന്ന മട്ടില്‍ സാറ് എന്നെ നോക്കിയിട്ട് ആദ്യം മാറ്റി വച്ച കാര്‍ഡ് എടുത്ത് മറ്റേ ചെറുപ്പക്കാരനുമായി ചര്‍ച്ച തുടര്‍ന്നു. കാര്‍ഡ് മുങ്ങിത്തപ്പാന്‍ പോയ ചെറുപ്പക്കാരന്‍ എന്നെ ‘എന്നാ പോവല്ലേ’ എന്ന മട്ടില്‍ നോക്കി. ‘ഗ്രേറ്റ്’ എന്നു മാത്രം പറഞ്ഞിട്ട് ഡാഷായ ഞാന്‍ ഇറങ്ങിപ്പോന്നു.

കാവലിന് പട്ടാളക്കാരന്‍ ഇല്ലായിരുന്നു. ഉണ്ടായിരുന്നെങ്കില്‍ എന്നെ ചിലപ്പോള്‍ വെടിവച്ചുകൊന്നേനെ എന്നു ഞാന്‍ ഭയപ്പെടുന്നു. കൊല്ലാതെ വിട്ടതിന് ആ ഒച്ചവച്ച അമ്മച്ചിക്കും ഇറ്റാലിയന്‍ ഭടനെപ്പോലെ ഇടപെട്ട സാറിനും കാനറാ ബാങ്കിനും എന്റെ സ്‍പെഷല്‍ നന്ദി. ഇവിടിപ്പോ കാനറാ ബാങ്ക് എന്നോട് ചെയ്തത് ക്രൂരതയായിപ്പോയെന്നോ തെറ്റായിപ്പോയെന്നോ ഒന്നും എനിക്കഭിപ്രായമില്ല. ബാങ്ക് വന്നു നമ്മുടെ നെഞ്ചത്ത് കേറിയാലും നമ്മള്‍ ചെന്നു ബങ്കിന്റെ നെഞ്ചത്തു കയറിയാലും കേട് എപ്പോഴും നമ്മുടെ പോക്കറ്റിനായിരിക്കും എന്നതിനാല്‍ ബാങ്കിനോട് എനിക്കു പിണക്കമില്ല.

വാല്‍ക്കഷണം:- കാര്‍ഡ് തിരിച്ചു തരില്ല നശിപ്പിച്ചുകളയും എന്ന കാനറാ ബാങ്കിന്റെ പോളിസി ശരിയോ തെറ്റോ എന്നറിയാന്‍ വേണ്ടി കാര്‍ഡ് എനിക്കു തന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ പരിചയക്കാരനായ മാനേജരെ ഫോണില്‍ വിളിച്ചു- ‘അതേയ്, ഞാന്‍ കാനറാ ബാങ്കിന്റെ എടിഎമ്മില്‍ കാശെടുക്കാന്‍ കയറിയായിരുന്നേ…’

‘എന്നിട്ട് ? കാശു പോയോ കാര്‍ഡ് പോയോ ?’ – മാനേജര്‍ എന്റെ ചോദ്യം മുട്ടിച്ചുകളഞ്ഞു.

ലേബല്‍:- എത്ര മനോഹരമായ ആചാരങ്ങള്‍.

റിസര്‍വ് ബാങ്കിനെ അക്കൗണ്ടന്‍സി പഠിപ്പിക്കാം

വീട്ടില്‍ സ്വര്‍ണം വച്ചിട്ടെന്തിന് നാട്ടില്‍ കേണു നടപ്പൂ എന്നാണ് മണപ്പുറം നാടോടിഗാനം. എന്നാല്‍ പണം വീട്ടില്‍ വച്ചാല്‍പ്പോരേ, മണപ്പുറത്ത് കൊണ്ടുപോയി കൊടുത്തിട്ട് എന്തിനു കേണു നടപ്പൂ എന്നാണ് റിസര്‍വ് ബാങ്ക് ചോദിക്കുന്നത്. ഉണ്ട ചോറിനു നന്ദി കാണിക്കുന്ന കേരളത്തിലെ മാധ്യമങ്ങളില്‍ വരാത്ത ഒരു വാര്‍ത്തയാണിത്. എന്നാല്‍ പ്രധാനപ്പെട്ട ഇംഗ്ലിഷ് പത്രങ്ങളൊക്കെ ഇത് കൊടുത്തിട്ടുമുണ്ട്. മണപ്പുറം ഫിനാന്‍സ് പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നത് കുറ്റകരമാണെന്നു പ്രഖ്യാപിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ ഉത്തരവാണ് സംഗതി.ലലേട്ടന്‍ ബ്രാന്‍ഡ് അംബാസിഡറായിട്ടുള്ള ഒരു സ്ഥാപനത്തിനെതിരേ ഇങ്ങനൊരു ഉത്തരവ് പുറത്തിറക്കണമെങ്കില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, ആന്റണി എന്ന പേരില്‍ എ.കെ.ആന്റണി മാത്രയേയുള്ളൂ എന്നും കേരളത്തില്‍ പെരുമ്പാവൂര്‍ എന്നൊരു സ്ഥലമില്ല എന്നും വിശ്വസിക്കുന്ന ഏതെങ്കിലും സാധുവായിരിക്കാനേ തരമുള്ളൂ..

പറഞ്ഞുവന്നത് മണപ്പുറം ഫിനാന്‍സിന്റെ കാര്യമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934 അനുസരിച്ച് നിക്ഷേപങ്ങള്‍ വാങ്ങാനോ പുതുക്കാനോ സ്ഥാപനത്തിന് അനുമതിയില്ലെന്നാണ് റിസര്‍വ് ബാങ്ക് അറിയിക്കുന്നത്.മണപ്പുറം ഫിനാന്‍സിന്റെ പേരിലോ മണപ്പുറം ഗ്രോ ഫാം(മാഗ്രോ) എന്ന പേരിലോ നേരിട്ട് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് ശിക്ഷാര്‍ഹമാണെന്നും ബാങ്ക് വ്യക്തമാക്കുന്നു.നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിന് വിലക്കുണ്ടെങ്കിലും നിലവിലെ സ്വര്‍ണവായ്പാ നടപടികതള്‍തുടങ്ങുന്നതിന് യാതൊരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ല.അതായത് നാട്ടില്‍ കേണു നടക്കുവോ നടക്കാതിരിക്കുവോ എന്തു ചെയ്താലും സ്വര്‍ണം വീട്ടില്‍ വച്ചോണ്ടിരിക്കാന്‍ പാടില്ല.

മലയാളപത്രങ്ങള്‍ക്ക് പ്രതിബദ്ധത വായനക്കാരനോടാണെങ്കിലും കൂറ് പരസ്യം തരുന്നവരോടായതുകൊണ്ട് റിസര്‍വ് ബാങ്കിന്റെ ഉത്തരവ് ഒറ്റ പത്രവും കൊടുത്തില്ല.വാര്‍ത്തയുള്ള ടൈംസ് ഓഫ് ഇന്ത്യ മാതൃഭൂമിയോടൊപ്പം വിതരണം ചെയ്യുന്നത് കൊണ്ട് വായനക്കാരില്‍ കുറെപ്പേര്‍ അതറിഞ്ഞു. എന്നാല്‍, റിസര്‍വ് ബാങ്കിന് ബാങ്കിങ്ങിന്റെ അടിസ്ഥാന തത്വങ്ങള്‍ പോലുമറിയില്ല എന്നു തോന്നിക്കുന്നതുപോലെ ഒരു വിശദീകരണം മണപ്പുറത്തിന്റേതായി വന്നിട്ടുണ്ട്. അത് മലയാള പത്രങ്ങളില്‍ നന്നായി വരും. ജനാധിപത്യത്തിന്റെ നാലാം തൂണില്‍ സുര്‍ക്കിയുടെ പൊടിപോലുമില്ലെന്ന വിവരം ജനാധിപത്യത്തിനറിയില്ലല്ലോ.

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് പൊതുനിക്ഷേപം (പബ്ലിക് ഡെപ്പോസിറ്റ്) സ്വീകരിക്കുന്നില്ലെന്ന് കമ്പനി മാനേജിങ് ഡയറക്ടര്‍ ഐ. ഉണ്ണികൃഷ്ണന്‍ അറിയിച്ചതാണ് ടൈംസ് ഓഫ് ഇന്ത്യയുടെ കൂടെ കൊടുക്കുന്ന ഒരു മലയാള പത്രത്തില്‍ കൊടുത്തിരിക്കുന്നത്. ഓഹരികളാക്കി മാറ്റാന്‍ പറ്റാത്ത കടപ്പത്രങ്ങളിലൂടെയും (എന്‍.സി.ഡി.) സബോര്‍ഡിനേറ്റ് ബോണ്ടുകളിലൂടെയും ആണ് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത്. ഇത് പൊതുനിക്ഷേപത്തിന്റെ പരിധിയില്‍ വരില്ല (കഷ്ടം,റിസര്‍വ് ബാങ്കിന് ഒരു ചുക്കുമറിയില്ല). മുമ്പ് പബ്ലിക് ഡെപ്പോസിറ്റ് സ്വീകരിക്കുന്ന ബാങ്കിതര ധനകാര്യസ്ഥാപനമായിരുന്ന മണപ്പുറം ജനറല്‍ ഫിനാന്‍സ് ആന്‍ഡ് ലീസിങ് ലിമിറ്റഡ്, 2011-ലാണ് ഡെപ്പോസിറ്റ് സ്വീകരിക്കേണ്ടാത്ത വിഭാഗത്തിലേക്ക് മാറിയത് (റിസര്‍വ് ബാങ്ക് ചമ്മിപ്പോകുമെന്നതില്‍ സംശയമില്ല).ഇതിന് മുന്നോടിയായി കമ്പനിയിലുണ്ടായിരുന്ന നിക്ഷേപങ്ങളെല്ലാം പലിശ സഹിതം ഇടപാടുകാര്‍ക്ക് തിരിച്ചു നല്‍കിയിരുന്നു. നിക്ഷേപകര്‍ കൈപ്പറ്റാത്ത ഡെപ്പോസിറ്റ് തുകയും പലിശയും ചേര്‍ത്ത് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ തൃശ്ശൂര്‍ ശാഖയില്‍ പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ഇക്കാര്യം 2011 മാര്‍ച്ച് 11ന് റിസര്‍വ് ബാങ്കിനെ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

വിശദീകരണം വായിച്ചു കഴിഞ്ഞാല്‍ റിസര്‍വ് ബാങ്കിനെതിരേ മാനനഷ്ടത്തിനു കേസു കൊടുക്കുകയാണ് വേണ്ടത് എന്ന് ആര്‍ക്കും തോന്നും. വളര്‍ന്നു വരുന്ന ഒരു ദക്ഷിണേന്ത്യന്‍ ധനകാര്യ സ്ഥാപനത്തെ തകര്‍ക്കുന്നതിനു വേണ്ടി ഉത്തരേന്ത്യന്‍ ലോബി (ഈ മാര്‍വാഡീസ് ഉണ്ടല്ലോ, ഫയങ്കര ക്രൂരന്മാരാ!)റിസര്‍വ് ബാങ്കിന്റെ സഹായത്തോടെ നടത്തിയ കളിയാകാനേ സാധ്യതയുള്ളൂ.അല്ലെങ്കിലും ഒരു ലഫ്റ്റനന്റ് കേണല്‍ ബ്രാന്‍ഡ് അംബാസിഡറായുള്ള സ്ഥാപനത്തിനെതിരേ ഇത്തരത്തില്‍ ഉത്തരവിറക്കിയതിലൂടെ റിസര്‍വ് ബാങ്ക് ഇന്ത്യന്‍ സൈന്യത്തിന്റെ അന്തസ്സിനെയാണ് ചോദ്യം ചെയ്തിരിക്കുന്നത്.ഈ സാഹചര്യത്തില്‍ കേരളത്തില്‍ ക്രമസമാധാനപ്രശ്നം ഉണ്ടാകാതിരിക്കുന്നതിനു വേണ്ടി സൗത്ത് ഇന്ത്യന്‍ ബാങ്കിനോടും നിക്ഷേപം സ്വീകരിച്ചാല്‍ അടി വാങ്ങിക്കും കോപ്പേ എന്നു പറയാന് റിസര്‍വ് തയ്യറുണ്ടോ എന്നാണറിയേണ്ടത് (സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആരാ ?)

കര്‍ഷകര്‍ക്ക് ആത്മഹത്യയാവാം

ആത്മഹത്യ അത്ര നല്ല കാര്യമാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല.ജീവിതദുരിതങ്ങളെ നേരിടാനുള്ള കരുത്തും വിശ്വാസവും എല്ലാ വ്യക്തികള്‍ക്കും ഉണ്ട്. എന്നാല്‍ വ്യക്തികളുടെ സമീപനമാണ് അതില്‍ എന്തു നിലപാടെടുക്കണം എന്ന തീരുമാനത്തിലേക്ക് നയിക്കുന്നത്. പ്രശ്നം എത്ര ഗുരുതരമായാലും ശരി, ആത്മഹത്യ ചെയ്യുന്നവന്‍ അതില്‍ നിന്ന് ഒളിച്ചോടുകയും അതുവരെ തന്നോടൊപ്പമുണ്ടായിരുന്ന വ്യക്തികളെയും സമൂഹത്തെയും വഞ്ചിക്കുകയുമാണ് ചെയ്യുന്നത്.

കാമുകനായാലും കര്‍ഷകനായാലും കോടീശ്വരനായാലും ആത്മഹത്യ ചെയ്യുമ്പോള്‍ തന്റെ വേദനകളില് നിന്നും പരിഹരിക്കപ്പെടാത്ത പ്രതിസന്ധിയില്‍ നിന്നും നിഷ്‍ക്രമിക്കാനുള്ള സ്വാര്‍ഥമോഹമാണ് തെളിയുന്നത്. കാമുകന്‍ ആത്മഹത്യ ചെയ്യുമ്പോള്‍ അതിനെ നിസ്സാരവല്‍ക്കരിക്കുകയും കര്‍ഷകന്‍ ചെയ്യുമ്പോള്‍ മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്നത് ഒരു തരത്തില്‍ കര്‍ഷകസമൂഹത്തോടുള്ള അവഹേളനമാണ്.ഇതിപ്പോള്‍ കര്‍ഷക ആത്മഹത്യകളുടെ സീസണാണ്.പൊതുവേ എല്ലാത്തരം ആത്മഹത്യകളെയും നെഗറ്റീവ് ആയി കാണുന്ന കേരള സമൂഹം കര്‍ഷക ആത്മഹത്യകള്‍ക്ക് വീരമൃത്യു പരിവേഷം നല്‍കുന്നതിലെ അപകടവും കാപട്യവും ബാക്കിയുള്ള പ്രതിസന്ധിയിലായ കര്‍ഷകരെക്കൂടി പ്രലോഭിപ്പിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് ഇപ്പോള്‍ വ്യാപകമായിരിക്കുന്ന കര്‍ഷക ആത്മഹത്യകള്‍.

ആത്മഹത്യ പോലെ തന്നെ ഗുരുതരമായ കുറ്റമാണ് ആത്മഹത്യാപ്രേരണയും.ഇവിടെ കര്‍ഷകര്‍ക്ക് ആത്മഹത്യാപ്രേരണ നല്‍കുന്നത് സര്‍ക്കാരും മാധ്യമങ്ങളുമാണ്.ആത്മഹത്യ ചെയ്ത എല്ലാ കര്‍ഷകരുടെയും കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനം കര്‍ഷകവിരുദ്ധമായ രാഷ്ട്രീയനടപടിയാണ്.ഒരു കര്‍ഷകന്‍ മരിക്കുമ്പോള്‍ മാധ്യമങ്ങളിലൂടെ അവനു ലഭിക്കുന്ന വീരപരിവേഷവും അവനു ലഭിക്കുന്ന നഷ്ടപരിഹാരവും സഹതാപതരംഗവും അതേ പരിതസ്ഥിതിയിലുള്ള മറ്റു കര്‍ഷകരെയും എത്രയും വേഗം മരണം പുല്‍കാന്‍ പ്രേരിപ്പിക്കും എന്നത് നിസംശയമാണ്.ആത്മഹത്യ ചെയ്ത കര്‍ഷകന് ജപ്തിനോട്ടീസ് അയച്ച ബാങ്കിനെതിരെ മാധ്യമങ്ങള്‍ രൂക്ഷവിമര്‍ശനമാണ് നടത്തിയത്.അവര്‍ക്ക് വേണ്ടത് ഡെയ്‍ലി റിപ്പോര്‍ട്ട് ചെയ്യാന്‍ പാകത്തില്‍ ഒന്നോ രണ്ടോ കര്‍ഷക ആത്മഹത്യകളും മൊത്തം കൗണ്ടില്‍ ഗുണകരമായ വര്‍ധനയുമാണ്.

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം പത്ത് കഴിഞ്ഞു. സാമ്പത്തികനയത്തില്‍ മാറ്റമൊന്നും സംഭവിക്കാതിരിക്കുകയും കര്‍ഷകര്‍ തുടരെത്തുടരെ മരിക്കുകയും ചെയ്യുന്നത് അതിന് അനുകൂലമായ സാമൂഹികസാഹചര്യം ഇവിടെ നിലവിലുള്ളതുകൊണ്ടാണ്.നഷ്ടപരിഹാരത്തിലൂടെ സര്‍ക്കാരും കര്‍ഷക ആത്മഹത്യകളെ ദേശസാല്‍ക്കരിക്കുകയാണ്.സ്വന്തമായി കടവും കൃഷിയുമുള്ള ആര് എന്തു കാരണം കൊണ്ട് ആത്മഹത്യ ചെയ്താലും അത് കര്‍ഷക ആത്മഹത്യയാക്കണം എന്നു വാശിയുള്ളത് മാധ്യമങ്ങള്‍ക്കാണ്.നഷ്ടപരിഹാരം കിട്ടുമെന്നതുകൊണ്ടും ആ ആത്മഹത്യയ്‍ക്ക് വീരപരിവേഷം ലഭിക്കുമെന്നതുകൊണ്ടും മറ്റുള്ളവര്‍ക്കും എതിര്‍പ്പുണ്ടാവില്ല.ചുരുക്കിപ്പറഞ്ഞാല്‍ വിആര്‍എസ് പ്രഖ്യാപിക്കുന്ന സമയത്ത് ആളുകള് വിരമിക്കുന്നതിനു സമാനമാണ് ഈ ആത്മഹത്യാസീസണില്‍ കര്‍ഷകര്‍ തുടരെത്തുടരെ ആത്മഹത്യ ചെയ്യുന്നത്.

ആത്മഹത്യ ചെയ്യുന്ന കര്‍ഷകന് തന്റെ കടം എഴുതിത്തള്ളപ്പെടുകയും കുടുംബത്തിന് ചീത്തപ്പേരുണ്ടാകാതിരിക്കുകയും സമൂഹത്തിന്റെ സഹതാപം ലഭിക്കുമെന്നുറപ്പ് ലഭിക്കുകയും ചെയ്യുമ്പോള്‍ കൂടുതലാളുകള്‍ ആ മാര്‍ഗം സ്വീകരിക്കാന്‍ തയ്യാറായാല്‍ അതിനെ കുറ്റം പറയാനൊക്കില്ല.എല്ലാം ബാങ്കുകളുടെ കുഴപ്പമാണ് എന്ന കണ്ണുംപൂട്ടിയുള്ള ആരോപണവും വല്ലാതെ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെ പ്രതികരണമാണ്.പലിശയ്‍ക്ക് പണം കടം കൊടുക്കുന്ന ബാങ്കുകള്‍ തന്റെ കടം എഴുതിത്തള്ളണം എന്ന് ആവശ്യപ്പെടുന്നതിന് എന്തു യുക്തിയാണുള്ളത് ?

കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന സീസണില്‍ അവര്‍ക്കു വേണ്ടി കണ്ണീരൊഴുക്കുന്നതിലൂടെ മാത്രമാണ് നമ്മുടെ സാമൂഹികപ്രതിബദ്ധത പ്രകടിപ്പിക്കേണ്ടതെങ്കില്‍ എനിക്ക് അല്‍പം സാമൂഹികപ്രതിബദ്ധത കുറവാണ്.എന്താണ് അവിടുത്തെ സാഹചര്യം എന്നു പഠിക്കാനും അതിന് പരിഹാരം കണ്ടെത്താനുമുള്ള സാഹചര്യമാണ് ഉണ്ടാവേണ്ടത് ? മരിച്ചവരെല്ലാം കര്‍ഷകരല്ല എന്നു മുഖ്യമന്ത്രി പറഞ്ഞത് വിമര്‍ശനവിധേയമായിരുന്നു.മരിച്ചവര്‍ കര്‍ഷകരായിരിക്കാം, എന്നാല്‍ അവരെല്ലാം വായ്‍പെടുത്ത പണം വിനിയോഗിച്ചത് കൃഷിക്കുവേണ്ടിയാണോ എന്നത് ഗൗരവമായി പഠിക്കേണ്ട വിഷയമാണ്. കാര്‍ഷിക ലോണ്‍ എടുത്ത് വീടു വയ്‍ക്കുന്നതും മകളെ കെട്ടിച്ചുവിടുന്നതും ഒരു കര്‍ഷകന്റെ മൗലികാവകാശങ്ങളില്‍ പെടില്ല.

അമേരിക്കയില്‍ ബാങ്കുകള്‍ പൊളിഞ്ഞപ്പോള്‍ നമ്മള്‍ ഇന്ത്യയിലെ ബാങ്കിങ് സംവിധാനത്തെപ്പറ്റി ഊറ്റം കൊണ്ടു. ഇപ്പോള്‍ ഇവിടെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ നമ്മള്‍ ബാങ്കുകള്‍ക്കെതിരേ തിരിഞ്ഞിരിക്കുകയാണ്.രണ്ടും ഒരേ പോലെ നടപ്പാക്കാനാവില്ല.കാര്‍ഷിക-വിദ്യാഭ്യാസ വായ്‍പകളുടെ കാര്യത്തില്‍ ഉദാരസമീപനം സ്വീകരിക്കാന്‍ സര്‍ക്കാരുകള്‍ ബാങ്കുകളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതു മുതല്‍ നമ്മള്‍ ആ വായ്പകളെ ദുരുപയോഗിച്ചു തുടങ്ങി. കാര്‍ഷികവായ്‍പയും വിദ്യാഭ്യാസവായ്പയും അനിവാര്യമാണ്. എന്നാല്‍ ആ വായ്‍പകളെല്ലാം അതേ ലക്ഷ്യങ്ങള്‍ക്കു വേണ്ടി പൂര്‍ണമായി വിനിയോഗിക്കുന്നുണ്ട് എന്നുറപ്പുവരുത്തുകകൂടി വേണം.കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതല്ല,ആത്മഹത്യകളെ കുഴിച്ചുമൂടാന്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതാണ് ഭരണപരാജയം.

എടിഎം: എഴുത്തും വായനയുമില്ലാതെ

സങ്കീര്‍ണമായ ഉപയോഗക്രമം പരിചയമില്ലാതെ സാധാരണക്കാര്‍ എടിഎം കൗണ്ടറിനുള്ളിലെ എസിയില്‍ നിന്നു വിയര്‍ക്കുന്ന കാഴ്ചകള്‍ ഇനി അധികനാളുണ്ടാവില്ല. സ്‌ക്രീനില്‍ തെളിയുന്ന ഓപ്ഷനുകളുടെ ആശയക്കുഴപ്പവും തൊഴിച്ചാല്‍പ്പോലും പ്രതികരിക്കാത്ത ടച്ച് സ്‌ക്രീനുകളും ഉപയോക്താക്കളെ പുറത്തെ ക്യൂവില്‍ നില്‍ക്കുന്നവരുടെ ശാപം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരാക്കുന്ന കാലം കഴിയുകയാണ്. സാധാരണക്കാര്‍ക്കും ഗ്രാമീണര്‍ക്കും വേണ്ടി എടിഎം നിര്‍മാതാക്കളായ എന്‍സിആര്‍ അവതരിപ്പിക്കുന്ന പില്ലര്‍ എടിഎം നിലവിലുള്ള എടിഎം മെഷീനുകള്‍ക്കിടയിലെ വിപ്ലവമാണ്. സാധാരണ എടിഎമ്മില്‍ നിന്നു പണം പിന്‍വലിക്കാനുള്ള നൂലാമാലകളും സങ്കീര്‍ണതകളും വലയ്ക്കുന്നവര്‍ക്കും എടിഎം പ്രവര്‍ത്തിപ്പിക്കാനാവാത്ത നിരക്ഷരരായവര്‍ക്കും വേണ്ടിയാണ് കമ്പനി പില്ലര്‍ എടിഎം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇന്ത്യയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് ഇന്ത്യയ്ക്കു വേണ്ടി കമ്പനി നിര്‍മിച്ച പില്ലര്‍ എടിഎം ഇപ്പോള്‍ അമേരിക്കയിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ പരീക്ഷണഘട്ടത്തിലാണ്.

ലാളിത്യവും വലിപ്പക്കുറവുമാണ് ഉപയോക്താവിനെ സംബന്ധിച്ച് പില്ലര്‍ എടിഎമ്മിന്റെ സവിശേഷതകളെങ്കില്‍ സുരക്ഷയുടെ കാര്യത്തിലും അതേ പ്രാധാന്യം ഇതിനുണ്ട്. പരീക്ഷണഘട്ടം കഴിഞ്ഞാല്‍ ഇന്ത്യയിലെ തിരഞ്ഞെടുത്ത ഗ്രാമങ്ങളില്‍ (ആദ്യഘട്ടത്തില്‍ മഹാരാഷ്ര്ടയില്‍) കമ്പനി പില്ലര്‍ എടിഎമ്മുകള്‍ സ്്ഥാപിക്കും. ഇന്ത്യയ്ക്കു പുറമേ സമാനമായ സാമൂഹികസാഹചര്യങ്ങളുള്ള മറ്റു രാജ്യങ്ങളിലും പില്ലര്‍ എടിഎം ബാങ്കിങ്ങില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയേക്കും. ശക്തമായ അടിത്തറയില്‍ നിലത്തുറപ്പിക്കുന്ന പില്ലര്‍ എടിഎം പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ തൂണിന്റെ ആകൃതിയിലുള്ളതാണ്, ഉയരം അരയ്‌ക്കൊപ്പം മാത്രം. ബയോമെട്രിക് സംവിധാനം ഉപയോഗിക്കുന്ന എടിഎമ്മില്‍ പിന്‍ നമ്പരിനു പകരം ഉപയോക്താവിന്റെ വിരലടയാളമാണ് സുരക്ഷയ്ക്കായി ഉപയോഗിക്കുന്നത്. പിന്‍വലിക്കേണ്ട തുകയെ സംബന്ധിച്ചും ആശയക്കുഴപ്പങ്ങളുണ്ടാവില്ല. 100, 500, 1000, 2000, 5000 എന്നിങ്ങനെ പിന്‍വലിക്കേണ്ട തുകകള്‍ സൂചിപ്പിക്കുന്ന വിവിധ നിറങ്ങളിലുള്ള ബട്ടണില്‍ വിരലമര്‍ത്തിയാല്‍ പണം കയ്യിലെത്തും, തൊട്ടുപിന്നാലെ റെസീപ്റ്റും. എന്തെങ്കിലും വായിക്കുകയോ ടൈപ്പ് ചെയ്യുകയോ വേണ്ട എന്നതാണ് പ്രധാന ആകര്‍ഷണം.

കള്ളന്മാര്‍ക്ക് കുത്തിപ്പൊളിക്കാനാവാത്ത ഡിസൈന്‍ ആണ് പില്ലര്‍ എടിഎമ്മിന്റേത്. പ്രധാനമായി ഇന്ത്യയിലെയും ചൈനയിലെയും ആഫ്രിക്കന്‍ രാജ്യങ്ങളിലെയും ബാങ്കിങ്ങില്‍ പിന്നാക്കമായ മേഖലകളെ ഉദ്ദേശിച്ചാണ് എന്‍സിആര്‍ പില്ലര്‍ എടിഎമ്മുകള്‍ വികസിപ്പിച്ചെടുത്തത്. എടിഎം നിര്‍മിക്കുന്നതിനായി കമ്പനി പ്രാഥമികപഠനങ്ങള്‍ നടത്തിയത് മുംബൈയിലെ ചേരികളും നഗരപ്രാന്തങ്ങളിലുമായിരുന്നു. ഇന്ത്യയിലെ തപാല്‍പ്പെട്ടികളുടെ മാതൃക സ്വീകരിച്ചാണ് എടിഎം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡിസൈനുമായി വീണ്ടും ജനങ്ങള്‍ക്കിടയിലെത്തി അവരുടെ അഭിപ്രായം സ്വീകരിച്ചാണ് എടിഎമ്മിന്റെ അവസാനരൂപം ഉണ്ടാക്കിയത്. നിലവില്‍ നിര്‍മിച്ചിരിക്കുന്ന അഞ്ച് മെഷീനുകളാണ് അമേരിക്കയില്‍ പരീക്ഷണഘട്ടത്തിലുള്ളത്. പരീക്ഷണം വിജയകരമായാല്‍ അടുത്ത വര്‍ഷത്തോടെ പില്ലര്‍ എടിഎമ്മുകള്‍ വ്യാപകമായി ജനങ്ങള്‍ക്കിടയിലെത്തും.