പുരോഹിതന്‍റെ രാഷ്ട്രീയം

ഫാദര്‍ ക്ലീറ്റസിന് ഉറക്കമില്ലായിരുന്നു. പള്ളിമുറിയിലെ കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ കുര്‍ബാന കണ്ടാല്‍ മാറി നില്‍ക്കുന്ന കമ്യൂണിസ്റ്റുകാരനെപ്പോലെ ഉറക്കം ഒന്നര കാതം ദൂരെ മാറി നില്‍ക്കുകയായിരുന്നു. ഫാദര്‍ കിടക്കയില്‍ എണീറ്റിരുന്നു. അടുത്തിരുന്ന നോക്കിയ ഡ്യുവല്‍ സിം ഫോണെടുത്ത് സമയം നോക്കി- 12.50. പുലരാന്‍ ഇനിയുമുണ്ട് ഏതാനും മണിക്കൂറുകള്‍. മഠത്തിലേക്ക് കഷ്ടിച്ച് ഇരുനൂറു മീറ്റര്‍ മാത്രം. സിസ്റ്റര്‍ മെറ്റില്‍ഡ ഉറങ്ങിയിട്ടുണ്ടാവില്ല.

ഫാദര്‍ കിടക്ക വിട്ടെണീറ്റു. വെള്ളക്കുപ്പായങ്ങള്‍ ഹാംഗറില്‍ വരിവരിയായി തൂങ്ങിക്കിടക്കുന്നു. കഴിഞ്ഞ ക്രിസ്മസിനു കാരള്‍ കളിക്കു വാങ്ങിയ ക്രിസ്മസ് പാപ്പായുടെ വേഷം ഏറ്റവും പിന്നില്‍ കിടക്കുന്നു. കണ്ണാടിക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ താന്‍ ധരിച്ചിരിക്കുന്ന പൈജാമ തന്നെയാണ് പറ്റിയ വേഷം എന്നു ഫാദറിനു തോന്നി. ഒരു വൈദികനും ഒരിക്കലും ചെയ്തു കൂടാത്ത പ്രവൃത്തിയാണ് താന്‍ ചെയ്യാന്‍ പോകുന്നത്. പുറംലോകമറിഞ്ഞാല്‍ എന്താക്കെയാകും സംഭവിക്കുക ? ദേശാഭിമാനി പത്രത്തിന്‍റെ ഒന്നാം പേജില് തന്‍റെ കളര്‍ ചിത്രത്തോടു കൂടിയ വാര്‍ത്ത ഫാദര്‍ സങ്കല്‍പിച്ചു നോക്കി.എങ്കിലും തന്‍റെ ലക്ഷ്യത്തില്‍ നിന്നു പിന്മാറാന്‍ ഫാദര്‍ ഒരുക്കമല്ലായിരുന്നു.

ഫാദര്‍ ഒരു മഫ്ളര്‍ എടുത്തു ധരിച്ചു. പുറത്തു കോടമഞ്ഞുണ്ട്. സിസ്റ്റര്‍ മെറ്റില്‍ഡ ഭാരതദര്‍ശന്‍‍ യാത്ര കഴിഞ്ഞു വന്നപ്പോള്‍ സമ്മാനിച്ച ശബ്ദം കേള്‍ക്കാത്ത ചെരുപ്പും ധരിച്ചു. നോക്കിയ ഫോണ്‍ സയലന്‍റാക്കി പോക്കറ്റില്‍ തിരുകി, ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്നു പുറത്തിറങ്ങി. തെളിഞ്ഞ ആകാശത്ത് ഒരു മുന്നിയിപ്പു പോലെ ഉയര്‍ന്നു നിന്ന കുരിശ് ഫാദറിനെ കൂടുതല്‍ അസ്വസ്ഥമാക്കി- താനിതു ചെയ്യാന്‍ പാടുണ്ടോ ?

കൂടുതല്‍ ആലോചിക്കാതെ ഫാദര്‍ മെല്ലെ മുറ്റത്തേക്കിറങ്ങി നടന്നു. സ്ട്രീറ്റ് ലൈറ്റിന്‍റെ വെളിച്ചം പരന്നു കിടക്കുന്ന വഴിയിലൂടെ മെല്ലെ തല കുമ്പിട്ടു നടന്നു. മദര്‍ സുപ്പീരിയറിനു പൊറോട്ടയും ചിക്കനും വാങ്ങിക്കൊണ്ടുപോകുന്ന കുശിനിക്കാരന്‍ പത്രോസിനെപ്പോലെ തന്‍റെ ബനിയനുള്ളിലൊളിപ്പിച്ച കവറുമായി ഫാദര്‍ ശ്രദ്ധയോടെ നടന്നു.

റോഡിന്‍റെ ഇരുവശങ്ങളിലും പെരുന്നാള്‍ തോരണങ്ങള്‍ കണക്കെ തൂങ്ങിക്കിടക്കുന്ന പോസ്റ്ററുകള്‍, ബാനറുകള്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് വോട്ടു ചെയ്യാന്‍ രാവിലെ മുതല്‍ ജനം പ്രവഹിച്ചു തുടങ്ങും. അതിനു മുമ്പ് തിരികെ മുറിയിലെത്തണം. ഫാദര്‍ വേഗം വേഗം നടന്നു. പിന്നില്‍ നിന്നാരെങ്കിലും തന്നെ പിന്‍തുടരുന്നുണ്ടോ എന്നു ഫാദര്‍ ഇടക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. രാവിലെ പോളിങ് ബൂത്തുകളിലെത്താനുള്ള തിരക്കില്‍ എല്ലാവരും ഉറക്കത്തിലാണ്. നടക്കുന്നതിനിടയില്‍ പല കാര്യങ്ങളും ഫാദറിന്‍റെ മനസ്സിലൂടെ കടന്നുപോയി.

മഠത്തിലേക്കു തിരിയുന്ന ചെറിയ ജക്ഷനിലെത്തിയപ്പോള്‍ ഈശ്വരന്‍റെ മൗനാനുവാദം ലഭിച്ചിട്ടെന്നപോലെ ജംക്ഷനിലെ സ്ട്രീറ്റ് ലൈറ്റുകള്‍ കണ്ണടച്ചു. നിലാവെളിച്ചത്തില്‍ ഫാദര്‍ ചുറ്റും നോക്കി. വിജനമായ അന്തരീക്ഷം. മഫ്ളര്‍ ഒന്നുകൂടി വലിച്ചിട്ട് ഫാദര്‍ വേഗം നടന്നു. ഇലക്ഷന്‍ പ്രചാരണം ഇന്നലെ വൈകിട്ടു സമാപിച്ചതിന്‍റെ ബാക്കി റോഡിലൂടെ നിരന്നു കിടക്കുകയാണ്. പതിനെട്ടാം വാര്‍ഡിലെ വനിതാ സ്ഥാനാര്‍ഥി ആന്‍സി കുര്യന്‍റെ പോസ്റ്ററുകള്‍ അവളുടെ ശരീരം പോലെ റോഡിലൂടെ പരന്നു കിടക്കുകയാണ്. ആന്‍സിയുടെ വശ്യമായ കണ്ണുകള്‍ക്ക് പോസ്റ്ററിലും തിളക്കത്തിനു കുറവില്ല. മഠത്തിന്‍റെ മതിലില്‍ നിറയെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പോസ്റ്ററാണ്. സഭയെയും വൈദികരെയും ചീത്ത വിളിക്കുകയും സഭയുടെ മതിലില്‍ പോസ്റ്ററൊട്ടിക്കുകയും ചെയ്യാന്‍ ഇവര്‍ക്കു നാണമില്ലേ ? ഗേറ്റിനോടടുത്ത് രണ്ടില ചിഹ്നവും മാണിസാറിന്‍റെ സുന്ദരമായ മുഖവുമുള്ള ചെറിയ പോസ്റ്റര്‍ കണ്ടപ്പോഴാണ് ഫാദര്‍ ഒന്നു തണുത്തത്.

ഗേറ്റ് അടഞ്ഞു കിടക്കുകയാണ്. മദര്‍ സുപ്പീരിയര്‍ മട്ടണ്‍ കൊടുത്തു വളര്‍ത്തുന്ന അള്‍സേഷ്യന്‍ നായ കൂട്ടില്‍ അക്ഷമനായി ഉറങ്ങുകയാണ്. ഫാദര്‍ ശബ്ദമുണ്ടാക്കാതെ മതിലില്‍ പിടിച്ചു കയറി. ചുറ്റുപാടും സുരക്ഷിതമാണെന്നുറപ്പു വരുത്തിയിട്ട് മെല്ലെ ചാടി. പഞ്ഞിക്കെട്ടു വീഴുന്ന ശബ്ദമേ കേട്ടുള്ളൂ. സിസ്റ്റര്‍ മെറ്റില്‍ഡ എന്തിനാണ് തനിക്കിങ്ങനെയൊരു ചെരുപ്പ് വാങ്ങിത്തന്നത് എന്ന് ഫാദര്‍ ഗൗരവമായി ആലോചിക്കുന്നതപ്പോഴാണ്. പെട്ടെന്ന് മഠത്തിന്‍റെ രണ്ടാം നിലയില്‍ ലൈറ്റ് തെളിഞ്ഞു. ഫാദര്‍ ഒന്നമ്പരന്നു. വികാരിയച്ചനെ അസമയത്ത് മഠത്തിന്‍റെ മുറ്റത്ത് കണ്ടാല്‍.. രണ്ടാം നിലയിലെ ജനാലയ്‍ക്കല്‍ സിസ്റ്റര്‍ മെറ്റില്‍ഡയുടെ മുഖം. അമ്പരപ്പല്ല, അര്‍ഥഗര്‍ഭമായ പുഞ്ചിരിയാണ് സിസ്റ്ററിന്‍റെ മുഖത്ത്. നില്‍ക്കണോ പോണോ എന്ന ആശയക്കുഴപ്പത്തോടെ നിന്ന ഫാദറിനോട് പിന്നിലൂടെ വാ എന്നാംഗ്യം കാണിച്ച് സിസ്റ്റര്‍ മറഞ്ഞു.

അപകടം ഒഴിവായതിന്‍റെ ആശ്വാസത്തോടെ വഴി തെളിഞ്ഞതിന്‍റെ സന്തോഷത്തോടെ ഫാദര്‍ പിന്നിലേക്കു നടന്നു. ഉറക്കത്തിനിടയിലാണെങ്കിലും അള്‍സേഷ്യന്‍ നായ അര്‍ഥം വച്ചു മൂളി. ഛെ, താനാ ടൈപ്പല്ല എന്നു സ്വയം പറഞ്ഞ് ഫാദര്‍ വേഗം നടന്നു. പിന്നിലെ വാതില്‍ക്കല്‍ സിസ്റ്റര്‍ കാത്തുനില്‍പുണ്ടായിരുന്നു. ഫാദര്‍ ബനിയനുള്ളില്‍ തിരുകിവച്ചിരുന്ന കവര്‍ പുറത്തെടുത്തു. പരിസരത്തെങ്ങും ആരുമില്ലെന്നുറപ്പു വരുത്തി.

അച്ചന്‍ വരുമെന്നെനിക്കറിയാമായിരുന്നു…

വരാതിരുന്നാല്‍ അതൊരു നഷ്ടമായേനെ എന്നു പിന്നീട് തോന്നാതിരിക്കാന്‍.. കൂടുതലൊന്നുമാലോചിച്ചില്ല..

നമ്മള്‍ ഒരേ മനസ്സാണ്…

അതെയതെ.. ഒരിക്കലും ആരും അറിയരുത്…

ഇല്ലച്ചോ.. എന്‍റെ ജീവന്‍ പോയാലും…

ഫാദര്‍ കയ്യിലെ കവര്‍ മെറ്റില്‍ഡയ്‍ക്കു കൈമാറി- എല്ലാം ഇതിലുണ്ട്… എന്നാല്‍ ഇനി ഞാന്‍ നില്‍ക്കുന്നില്ല…

തിരിഞ്ഞുനോക്കാതെ ഫാദര്‍ വേഗം തിരികെ നടന്നു. ഉദ്വേഗത്തോടെ അതിലേറെ ആശയക്കുഴപ്പത്തോടെ മെറ്റില്‍ഡ കവര്‍ തുറന്നു നോക്കി. യുഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്നുള്ള അഭ്യര്‍ഥനയും മുന്നണിയുടെ പ്രകടനപത്രികയും കൈപ്പത്തി, രണ്ടില ചിഹ്നങ്ങള്‍ പതിച്ച മൂന്നു മാതൃകാബാലറ്റുകളും !