ഡഗ്ലസ് മുതലകളെ വില്‍ക്കുന്നു

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കര്‍ഷകവിരുദ്ധ നിര്‍ദേശങ്ങളില്‍ മനംനൊന്തു കഴിയുന്ന പാലായിലെ റബര്‍തോട്ടത്തിലെ കുളത്തിലുള്ള, പരമ്പരാഗതസ്വത്തായ മുതലകളെ വിറ്റൊഴിക്കാനുള്ള എന്റെ തന്ത്രമാണെന്ന് ആരും കരുതേണ്ട. വേണമെങ്കില്‍ എന്നെപ്പോലെ, മിസ്റ്റര്‍ പെരേരയെപ്പോലെയും ഡഗ്ലസിനെപ്പോലെയും മുതലാളിമാരാവാനുള്ള ഒരവസരമാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയില്‍ പൊതുവേ മുതലകളെ മൃഗശാലകളിലും മറ്റുമേ കാണാന്‍ കിട്ടൂ എന്നതിനാലും സാധാരണക്കാര്‍ക്ക് കാണാനല്ലാതെ ആടിനെ വാങ്ങുന്നതുപോലെ വാങ്ങിക്കൊണ്ടു പോകാന്‍ പറ്റാത്തതിനാലും നമ്മള്‍ ഓസ്‌ട്രേലിയയ്ക്കു പോകേണ്ടി വരും.

ഓസ്‌ട്രേലിയയുടെ പടിഞ്ഞാറെ അറ്റത്ത്, കൃത്യമായി പറഞ്ഞാല്‍ പെര്‍തില്‍ നിന്നും ഏകദേശം 3300 കിലോമീറ്റര്‍ ദൂരെയുള്ള ഒറ്റപ്പെട്ട പട്ടണമായ വിന്‍ഥാമിലാണ് സംഭവം. ഓസ്‌ട്രേലിയയിലൊക്കെ ധാരാളം മലയാളികളുള്ളതുകൊണ്ട് വിന്‍ഥാം മുതല ഫാം കണ്ടുപിടിക്കാന്‍ പ്രയാസമുണ്ടാവില്ല. ഏകദേശം 50 മുതലകളാണ് അവിടെ വില്‍പനയ്ക്കുള്ളത്. അത്യാവശ്യം വലിയ ഒരു മുതലക്കുളമൊക്കെ ഉണ്ടാക്കാന്‍ പത്തോ പതിനഞ്ചോ എണ്ണം മതിയെന്നിരിക്കെ അന്‍പതെണ്ണം വലിയൊരു സാധ്യതയാണ് മുന്നോട്ടു വയ്ക്കുന്നത്.

മലയാളസിനിമയില്‍ മുതലക്കുഞ്ഞുങ്ങളെ വളര്‍ത്തുന്ന വില്ലന്‍മാരുടെ പേരുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഡഗ്ലസ്. എന്തുകൊണ്ടാണെന്നറിയില്ല വിന്‍ഥാം ക്രോകഡൈല്‍ പാര്‍ക്കിന്റെ ഉടമയുടെ പേരും ഡഗ്ലസ് എന്നാണ്. മുതലവളര്‍ത്തല്‍ നഷ്ടമായതുകൊണ്ട് പാര്‍ക്ക് ഒരു വര്‍ഷമായി വില്‍ക്കാന്‍ വച്ചിരിക്കുന്ന മാര്‍ക്ക് ഡഗ്ലസ് 60 മുതലകളെയാണ് വില്‍ക്കുന്നത്. അതില്‍ 30 എണ്ണം ആണ്‍മുതലകളാണെങ്കില്‍ ബാക്കി 30 ഫീമെയിലുകളാണ്. മുതലയൊന്നിന് 50000 രൂപ മുതല്‍ 75000 രൂപ വരെയാണ് വില. നല്ല വലിപ്പവും തലയെടുപ്പുമുള്ള ഘടാഘടിയന്‍മാരെ നോക്കി വാങ്ങിക്കാം. ആ വിലയ്ക്ക് ഇവിടെ നല്ല നാലു പശുക്കളെപ്പോലും കിട്ടില്ല എന്നതിനാല്‍ ഇതൊരു ലാഭക്കച്ചവടമാണ് എന്നു പറയാം. പോരെങ്കില്‍ ലക്ഷങ്ങള്‍ മുടക്കി ആനയെ വാങ്ങി മുറ്റത്തു കെട്ടുന്നതിനെക്കാള്‍ ജാഡയും പ്രൗഢിയും മുതലയെ വാങ്ങി മുറ്റത്തെ കുളത്തിലിട്ടാല്‍ കിട്ടും. മുതലയെ കാണാന്‍ വരുന്നവരില്‍ നിന്നും അഞ്ചോ പത്തോ വീതം വാങ്ങിയാല്‍ ഒറ്റ വര്‍ഷത്തിനുള്ളില്‍ മുതല മുതലാവുകയും ചെയ്യും.

മുതലയുടെ ചര്‍മം (ചര്‍മം എന്നു വിളിക്കുന്നത് അക്രമമാണ്) ഉപയോഗിക്കുന്ന ലെതര്‍ വിപണിയിലെ കടുത്ത മല്‍സരത്തോട് പിടിച്ചു നില്‍ക്കാനാവാതെ വന്നതോടെയാണ് ഡഗ്ലസ് മുതലാളി മുതലകളെ വില്‍ക്കുന്നത്. മുതലഫാം നിലവിലുള്ള തീരപ്രദേശം ഒരു കയറ്റുമതി തുറമുഖമായി വികസിപ്പിക്കാനുള്ള പദ്ധതി പുരോഗമിക്കുന്നുമുണ്ട് എന്നതിനാല്‍ മുതലകളെ ഒഴിവാക്കിയാല്‍ ആ പരിസ്ഥിതിലോലപ്രദേശം തുറമുഖക്കാര്‍ക്ക് വിറ്റു ഡഗ്ലസിനു കാശുണ്ടാക്കാം.

ഓസ്‌ട്രേലിയയിലെ നിയമപ്രകാരം ആള്‍ത്താമസമുള്ള സ്ഥലങ്ങളില്‍ വീട്ടിലോ പറമ്പിലോ മുതലകളെ വളര്‍ത്തിയാല്‍ ഏകദേശം 60000 രൂപ പിഴയടക്കേണ്ടി വരും. അതായത് ഏതാണ്ട് മുതലയുടെ വിലയുടെ അത്ര തന്നെ പിഴയടക്കേണ്ടി വരും. അതുകൊണ്ട് അവിടത്തുകാര്‍ മുതലകളെ വാങ്ങാനുള്ള സാധ്യത കുറവാണ്. നമ്മളെപ്പോലെയുള്ളവരിലായിരിക്കാം ഡഗ്ലസ് മുതലാളിയുടെ പ്രതീക്ഷ. ഡിമാന്‍ഡ് കൂടിയിട്ടാണോ എന്തോ മുതല പാര്‍ക്കിന്റെ വെബ്‌സൈറ്റ് ഡൗണാണ്. പാര്‍ക്കിലേക്കുള്ള വഴി താഴെ കൊടുക്കുന്നു. ഹാപ്പി ജേണി.

ടച്ചിങ്‌സ് ഓവര്‍ ഇന്റര്‍നെറ്റ്

കൊച്ചു കൊച്ചു കണ്ടെത്തലുകളും ഗാഡ്ജറ്റുകളും വരെ താല്‍പര്യത്തോടെ പിന്‍തുടരുന്നവര്‍ ഈ സംഗതി കാണാതെ പോകരുത്. ജീവിതം മാറിമറിയുന്നത് ഇങ്ങനെ ചില ഗാഡ്ജറ്റുകളിലൂടെയും ആപ്ലിക്കേഷനുകളിലൂടെയുമാണല്ലോ. ജിടോകും സ്‌കൈപും വിഡിയോ ചാറ്റും ഗൂഗിള്‍ ഹാങ് ഔട്ടുമൊക്കെ വ്യക്തിജീവിതങ്ങളെയും ബന്ധങ്ങളെയും സ്വകാര്യപ്രണയങ്ങളെയുമൊക്കെ സ്വാധീനിച്ചിട്ടുള്ളതിന് പ്രത്യേകിച്ച് സാക്ഷ്യപത്രങ്ങളൊന്നുമില്ല. ടെക്‌സ്റ്റ്, വോയ്‌സ്, വിഡിയോ ചാറ്റുകള്‍ കൊണ്ട് വിസ്മയങ്ങള്‍ തല്‍ക്കാലത്തേക്ക് അവസാനിച്ചു എന്നു കരുതുന്നവര്‍ക്ക് ഡ്യുറെക്‌സിന്റെ ഫണ്‍ടാവെയര്‍ ഞെട്ടിക്കുന്ന കണ്ടെത്തലായിരിക്കും.

ഗര്‍ഭനിരോധന ഉറക്കമ്പനിയായ ഡ്യുറെക്‌സ് ഓസ്‌ട്രേലിയയില്‍ അവതരിപ്പിച്ച ഏറ്റവും പുതിയ വിസ്മയമാണ് ഫണ്‍ടാവെയര്‍. വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് എന്നു പറയുന്നതുപോലെ ടച്ചിങ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് ആണ് ഫണ്‍ടാവെയര്‍ വാഗ്ദാനം ചെയ്യുന്നത്. ഫണ്ണും അണ്ടര്‍വെയറും ചേര്‍ന്നുണ്ടായതാണ് ഫണ്‍ടാവെയര്‍. അതായത് അണ്ടര്‍വെയറിനുള്ളില്‍ ഫണ്‍ (അതു പിന്നെ നമുക്കറിയാത്തതാണല്ലോ) അല്ലെങ്കില്‍ അണ്ടര്‍വെയറും ഫണ്ണും ഒരുമിച്ച് എന്നൊക്കെയാണ് ഫണ്‍ടാവെയര്‍ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഡ്യൂറെക്‌സിന്റെ ഫണ്‍ടാവെയര്‍ ധരിക്കുകയും വെയറിനെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന ആപ്ലിക്കേഷന്‍ വഴി വിദൂരത്തിരിക്കുന്ന കശ്മലന്‍ അല്ലെങ്കില്‍ കശ്മലയുമായി ബന്ധപ്പെടുകയും കശ്മലന്‍ സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനില്‍ വികാരപരവശനായി സ്പര്‍ശിക്കുമ്പോള്‍ ഇപ്പുറത്തിരിക്കുന്നയാള്‍ക്ക് ഫണ്‍ടാവെയര്‍ വഴി അത് തല്‍സമയം അനുഭവപ്പെടുകയും ചെയ്യുന്ന അദ്ഭുത പ്രക്രിയയാണ് ഇത്. സംഗതി എന്താണെന്നു വ്യക്തമായി മനസ്സിലാക്കാന്‍ ഡ്യൂറെക്‌സ് വിഡിയോ കാണുക.

വിഡിയോ കണ്ടിട്ട് ഇത് പരസ്പരം ഇക്കിളിയാക്കുന്നതിനുള്ള ഉപകരണമാണെന്നാണ് തോന്നുന്നത്. അത് പരീക്ഷണ ടച്ചിങ് ആയതുകൊണ്ടും ഈ വിഡിയോ ഇങ്ങനെ യൂ ട്യൂബിലിടുകയും ബ്ലോഗര്‍മാര്‍ അത് ഷെയര്‍ ചെയ്യുകയും ചെയ്യുമെന്ന് അറിയാവുന്നതുകൊണ്ടാണ് ഇവര്‍ അകാരണമായി ചിരിക്കുന്നത്. ശരിക്കും സ്വകാര്യതയില്‍ വൈകാരികമായി അടുപ്പമുള്ളവര്‍ ഇത്തരുണത്തില്‍ സ്പര്‍ശിച്ചാല്‍ വിവരമറിയും. മേല്‍പ്പറഞ്ഞ പരസ്യചിത്രത്തില്‍ പ്രത്യക്ഷപ്പെട്ട കപിള്‍സ് പറഞ്ഞത് ഉടുപ്പിനുള്ളില്‍ ഇലക്ട്രിക് ഉറുമ്പുകള്‍ കറങ്ങിനടക്കുന്നമാതിരി ഒരു ഫീലിങ് ആയിരുന്നു എന്നാണ്. അണ്ടര്‍വെയറിനുള്ളില്‍ ശരിക്കുള്ള ഉറുമ്പ് പോകുന്നത് തന്നെ ഭീകരാനുഭവമായി കരുതപ്പെടുന്ന കേരളം പോലുള്ള സ്ഥലത്ത് ഇലക്ട്രിക് ഉറുമ്പുകള്‍ ആസ്വാദ്യകരമാവുമോ എന്തോ.

കഴിഞ്ഞ വര്‍ഷം ഏതാണ്ട് ഈ സമയത്ത് കിസ്സിജ്ഞര്‍ എന്ന പേരിലൊരു ചാറ്റ് ഉപകരണം ആരോ അവതരിപ്പിരുന്നു. ചാറ്റ് ചെയ്യുമ്പോള്‍ ഈ സാധനം എടുത്ത് ഉമ്മ വച്ചാല്‍ അപ്പുറത്തിരിക്കുന്നയാളും സാധനം ചുണ്ടോടു ചേര്‍ത്താല്‍ ചുബനം അതേ തീവ്രതയോടെ മുറുക്കത്തോടെ ട്രാന്‍മിറ്റ് ചെയ്യുമത്രേ. എന്തായാലും ശാസ്ത്രം പുരോഗമിക്കുകയാണ് എന്നതില്‍ സന്തോഷമുണ്ട്. പഴയ ടെലിപ്പതിയും കൂടുവിട്ടു കൂടുമാറ്റവും ഹഠയോഗികളുടെ കുത്തകവിദ്യകളുമൊക്കെ ശാസ്ത്രീയ അടിത്തറയോടുകൂടി തന്നെ ജനകീയമാകുന്നത് നല്ല കാര്യമാണ്. ഗൂഗിള്‍ ഗ്ലാസ്സും അതുപോലുള്ള ഗ്ലാസുകളും ഡ്രൈവര്‍ലെസ് കാറും പിന്നെ ഇതുപോലുള്ള സാമഗ്രികളുമൊക്കെയാവുമ്പോള്‍ ഏറെക്കുറെ ഒറ്റയ്ക്ക് സന്തോഷത്തോടെ ജീവിക്കാനുള്ള വകയാകുമെന്നു തോന്നുന്നു.

ഉപഗ്രഹത്തിലുണ്ട്, ഭൂമിയിലില്ല

ഉപഗ്രഹഭൂപടം അച്ചെട്ടാണെന്നു കരുതി മാപ്പുനോക്കി വണ്ടിവിടുന്നവര്‍ സൂക്ഷിക്കുക. മാപ്പുനോക്കി പറന്നുപൊങ്ങി ലാന്‍ഡ് ചെയ്യാന്‍ നോക്കുമ്പോള്‍ അവിടൊരു കോപ്പും കാണില്ല. ഓസ്‌ട്രേലിയയുടെ പടിഞ്ഞാറുള്ള സാന്‍ഡി ദ്വീപാണ് ഉപഗ്രഹഭൂപടത്തില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്നത്. എന്നാല്‍, ശരിക്കും അവിടെ കടലിന്നഗാധമാം നീലിമയാണ്. ഡിജിറ്റല്‍ മാപ്പുകളുടെ വിശ്വാസ്യതയും ആധികാരികതയും ചോദ്യം ചെയ്തുകൊണ്ട് സിഡ്‌നി യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള പര്യവേഷകര്‍ കടലിലൂടെ ഒരുമാസത്തോളം യാത്ര ചെയ്ത് അക്ഷാംശവും രേഖാംശവുമൊക്കെ നോക്കി സാന്‍ഡി ദ്വീപ് സ്ഥിതിചെയ്യുന്ന സ്ഥലത്തെത്തിയെങ്കിലും അവിടെ ദ്വീപിന്റെ പൊടിപോലും ഉണ്ടായിരുന്നില്ല.

ദ്വീപ് കടലിലേക്കു താഴ്ന്നുപോയതോ മറ്റോ ആണെന്നു സംശയിച്ചാലും അവിടെ ഒന്നരകിലോമീറ്ററോളം ആഴത്തില്‍ കടല്‍വെള്ളമല്ലാതെ മറ്റൊന്നും ഇല്ലെന്നും കണ്ടെത്തി. മാപ്പുകളില്‍ കാണുന്ന സാന്‍ഡി ദ്വീപ് യഥാര്‍ഥത്തിലില്ല എന്നു 12 വര്‍ഷങ്ങള്‍ക്കു മുമ്പും സ്ഥിരീകരിച്ചിരുന്നു. തികച്ചും ശാസ്ത്രീയമായി തന്നെ മാപ്പിലെ മണ്ടത്തരം സ്ഥിരീകരിച്ചതോടെ ഡിജിറ്റല്‍ മാപ്പുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. ഇല്ലാത്ത ദ്വീപ് ഉണ്ടെന്നു കാണിക്കുന്ന മാപ്പുകള്‍ ഇതുപോലെ എന്തൊക്കെ വിക്രിയകളാണ് നമ്മളെ വിശ്വസിപ്പിച്ചിരിക്കുന്നത് എന്നത് സാങ്കേതികലോകം തന്നെ പരിശോധിക്കുമ്പോള്‍ സാന്‍ഡി ദ്വീപ് പണ്ട് നിലനിന്നിരുന്നു എന്നതിനു തെളിവുകളുമായി ഓക്‌ലാന്‍ഡ് മ്യൂസിയം രംഗത്തെത്തിയിട്ടുണ്ട്. 1908ലെ ഒരു മാപ്പില്‍ സാന്‍ഡി ദ്വീപ് കാണുന്നുണ്ടത്രേ. നൂറ്റാണ്ടുകൊണ്ട് ദ്വീപ് അപ്രത്യക്ഷമായത് ഉപഗ്രഹങ്ങള്‍ കാണാതെ പോയതെന്തുകൊണ്ട് എന്ന ചോദ്യത്തിനുത്തരം തേടുകയാണ് വിദഗ്ധര്‍.

ഇത് കളി വേറെ

നമ്മളിവിടെ സദാചാര പൊലീസിലെത്തിയതേയുള്ളൂ. അവിവാഹിതനായ ചെറുപ്പക്കാരന്‍ കടയില്‍ നിന്നു കോണ്‍ഡം വാങ്ങിയാല്‍ രാത്രി മുഴുവന്‍ അവനെ പിന്‍തുടര്‍ന്ന് ചെന്നുകയറുന്ന വീടാക്രമിക്കുന്നവരാണ് കേരള സദാചാര പൊലീസ്. എന്നാല്‍, ഒളിംപിക് വില്ലേജില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. പൊലീസ് പിറകെയുണ്ടാവും. കോണ്‍ഡം വാങ്ങുന്നതും ഉപയോഗിക്കുന്നതുമൊക്കെ അവരും നിരീക്ഷിക്കും. പൊക്കുന്നത് സദാചാര പൊലീസ് അല്ല, ഒഫിഷ്യല്‍ കോണ്‍ഡം അല്ലാതെ ലോക്കല്‍ കോണ്‍ഡം വാങ്ങുന്നവരെ പൊക്കുന്ന ബ്രാന്‍ഡ് പൊലീസ്.

ഒളിംപിക്സ് വില്ലേജില്‍ ഒരു കായികതാരത്തിന് 21 ദിവസത്തിനിടെ 15 തവണ ബന്ധപ്പെടാനും മാത്രം സമയവും സൗകര്യവും കാമുകി-കാമുകന്‍മാരും ഉണ്ടാവുമോ ? ഉണ്ടെങ്കിലും ഇല്ലെങ്കിലും, ബന്ധപ്പെട്ടാലും ഇല്ലെങ്കിലും ഒളിംപിക് കമ്മിറ്റി ഒരു കായികതാരത്തിന് അനുവദിച്ചിരിക്കുന്നത് 15 ഗര്‍ഭനിരോധന ഉറകളാണ്. അത് 21 ദിവസം കൊണ്ടോ 10 ദിവസം കൊണ്ടോ ഒക്കെ തീര്‍ക്കാം. മെഡല്‍ കിട്ടാത്തവര്‍ക്ക് ഒളിംപിക്സ് ലോഗോ പതിച്ച ആ ഉറകള്‍ നിധിപോലെ ആയുഷ്കാലം മുഴുവന്‍ സൂക്ഷിച്ചു വയ്‍ക്കാം. പക്ഷെ,സ്വന്തം ബ്രാന്‍ഡ് കോണ്‍ഡവുമായി ഒളിംപിക് വില്ലേജില്‍ കയറിയാല്‍ മേല്‍പ്പറഞ്ഞ ബ്രാന്‍ഡ് പൊലീസ് പിടിക്കും.

രാജ്യാന്തര ബ്രാന്‍ഡ് ആയ ഡ്യൂറെക്സ് ആണ് ഒളിംപിക്സിനെത്തുന്ന കായികതാരങ്ങള്‍ക്ക് കോണ്‍ഡം സൗജന്യമായി നല്‍കുന്നത്. ഒളിംപിക്സിനു വേണ്ടി പ്രത്യേകമായി തയ്യാറാക്കിയ ഒന്നരലക്ഷം കോണ്‍ഡമാണ് 10490 കായികതാരങ്ങള്‍ക്കായി വിതരണം ചെയ്തത്. ഇപ്പോള്‍ എന്താണെന്നു പ്രശ്നമെന്നു വച്ചാല്‍ ഓസ്ട്രേലിയയില്‍ നിന്നുള്ള കംഗാരൂ കോണ്‍ഡം ഒളിംപിക് വില്ലേജില്‍ കണ്ടെത്തിയതാണ്. ഓസ്ട്രേലിയന്‍ സൈക്ലിങ് താരം കരോലിന്‍ ബുക്കാനന്‍ ഒരു ബക്കറ്റ് കംഗാരൂ കോണ്‍ഡത്തിന്‍റെ പടമെടുത്ത് ട്വീറ്റ് ചെയ്തതാണ് പ്രശ്നമായിരിക്കുന്നത്.

കംഗാരൂ കോണ്‍ഡത്തിനു ചുളുവില്‍ പരസ്യമായി എങ്കിലും ഡ്യൂറെക്സ് കോണ്‍ഡമുള്ളിടത്ത് കംഗാരൂ കോണ്‍ഡം കയറിയതിനെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഒളിംപിക് കമ്മിറ്റി. ഇന്ത്യയുടെ ഒളിംപിക് മാര്ച്ച് പാസ്റ്റില്‍ ഏതോ ഒരുത്തി കയറിപ്പോയത് നിസ്സാരകാര്യമാണെന്നു പറയുന്ന ഒളിംപിക് കമ്മിറ്റി കംഗാരൂ കോണ്‍ഡം ഒളിംപിക് വില്ലേജില്‍ കയറിപ്പറ്റിയതെങ്ങനെയെന്നു അന്വേഷിച്ചു തെളിയിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. എന്താ ല്ലേ ശുഷ്കാന്തി ? 1992മുതല്‍ ഒളിംപിക്സ് വില്ലേജില്‍ സൗജന്യമായി കോണ്‍ഡം വിതരണം ചെയ്യുന്നുണ്ടത്രേ. ബെയ്ജിങ് ഒളിംപിക്സില്‍ ഒരു ലക്ഷം കോണ്‍ഡമാണ് വിതരണംചെയ്തത്. ഈ ഒളിംപിക്സ് ആയപ്പോഴേക്കും അത് ഒന്നര ലക്ഷമായി.

ബ്രാന്ഡ് പൊലീസിന് കോണ്‍ഡത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല താല്‍പര്യം ഒഫിഷ്യല്‍ ഒളിംപിക് പാര്‍ട്നര്‍മാര്‍ അല്ലാത്ത ബ്രാന്‍ഡുകളുടെ പേര് സോഷ്യല്‍ മീഡിയയിലും മറ്റും ഉച്ചരി്കുന്ന സകലതാരങ്ങളെയും ഒളിംപിക് കമ്മിറ്റി പൊക്കുന്നുണ്ട്. ഒരര്‍ഥത്തില്‍ അധികം കളിക്കൊന്നും നില്‍ക്കാതെ നമ്മുടെ താരങ്ങളൊക്കെ ഇങ്ങു മടങ്ങിയതു നന്നായെന്നു പറയാം. ഇത്തരം കൂതറവിവാദങ്ങളില്‍ പെട്ടു നാറുന്നതിനെക്കാള്‍ നല്ലത് അന്തസ്സായി മല്‍സരിച്ച് മടങ്ങുന്നതാണ്.

ആദിയില്‍ ബ്രായും ഉണ്ടായിരുന്നു

ഇത് ഒരു ബ്രായുടെ കഥയാണ്. ഇത് ധരിച്ചിരുന്ന ആള്‍ പരബ്രഹ്മത്തില്‍ ലയിച്ചിട്ട് തന്നെ കാലങ്ങളായിട്ടുണ്ടാവും, ബ്രാ ഇപ്പോഴും നമുക്കു മുന്നില്‍ നില്‍ക്കുന്നു. സാരി മാറുന്നതുപോലെ, ബ്രാ മാറുന്നതുപോലെ എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ മനുഷ്യന്‍ ഒരപാര കണ്‍സ്യൂമറാണെന്നും ബ്രായും മറ്റും അല്‍പായുസ്സായ മാദകവസ്ത്രമാണെന്നുമുള്ള സന്ദേശമാണ് നല്‍കുന്നത്. എന്നാല്‍, പലവട്ടം ഇതൊക്കെ മാറുന്ന ആളുകള്‍ മരിച്ചു മണ്ണടിഞ്ഞാലും സാരിയും ബ്രായുമൊക്കെ കാലാതിവര്‍ത്തിയായി നിലനില്‍ക്കും എന്നതാണ് സത്യം. യൂണിവേഴ്സിറ്റി ഓഫ് ഇന്‍സ്ബ്രക്കിലെ ബിയാട്രിക്സ് നട്സ് ഖനനം ചെയ്തെടുത്ത മധ്യകാലഘട്ടത്തിലെ ബ്രാ ഇതാണ്.

ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള ബ്രാ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. പ‍തിനഞ്ചാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന ഈ മോഡേണ്‍ ബ്രാ അടക്കം 2700 വസ്ത്രഭാഗങ്ങള്‍ കുഴിച്ചെടുത്തത് ഓസ്ട്രേലിയയിലെ ടയറോയിലെ പര്യവേഷണസ്ഥലത്തു നിന്നാണ്. ആധുനികമനുഷ്യന്‍റേതായി കണ്ടെടുത്തിട്ടുള്ളതില്‍ വച്ച് ഏറ്റവും പഴക്കമുള്ള ബ്രായുടെ സവിശേഷത അതിന് ഇന്നത്തെ ബ്രായുമായി ഒരു വ്യത്യാസവുമില്ല എന്നതാണ്. എന്നാല്‍ പ്രശ്നമാകാന്‍ പോകുന്നത് അതല്ല, ഇന്നത്തെ ബ്രായുമായി വലിയ വ്യതാസമൊന്നുമില്ലാത്ത ബ്രാ പതിനഞ്ചാം നൂറ്റാണ്ടിലുണ്ടായിരുന്നെങ്കില്‍,1913ല്‍ കണ്ടുപിടിച്ച് 1914ല്‍ മേരി ഫെല്‍പ്സ് പേറ്റന്‍റ് എടുത്ത ബ്രായുടെ മൗലികതയാണ്. മേരിച്ചേച്ചി ചില മലയാളം സംവിധായകരെപ്പോലെ പതിനഞ്ചാം നൂറ്റാണ്ടിലെ ഡിവിഡി കണ്ട് കോപ്പിയടിച്ചതായിരിക്കുമോ അതോ എല്ലാ നൂറ്റാണ്ടിലും ബ്രായുടെ തടവറയില്‍ കഴിയുന്ന അവയവങ്ങള്‍ ഒന്നായതുകൊണ്ട് തികച്ചും യാദൃച്ഛികമായിരിക്കുമോ ? ചേച്ചിയുടെ പേറ്റന്‍റിന് ഇനി എന്തു വില ? പത്തൊന്‍പതാം നൂറ്റാണ്ടിനു മുമ്പ് ബ്രായേ ഇല്ലായിരുന്നു എന്നു അടിവരയിട്ടു പറഞ്ഞവര്‍ക്ക് എന്തു വില ? ചരിത്രം മാറ്റിയെഴുതാന്‍ ഒരു ബ്രാ വിചാരിച്ചാലും സാധിക്കും.

ഇനി ഇത് കുഴിച്ചെടുത്ത സ്ഥലം ഏതാണെന്നു നോക്കാം. പതിമൂന്നാം നൂറ്റാണ്ടു മുതല്‍ സാല്‍സ്ബര്‍ഗ് ആര്‍ച്ച്ബിഷപ്പിന്‍റെ കയ്യിലിരിക്കുന്ന ലെങ്ബെര്‍ഗ് കാസിലിലെ രഹസ്യ അറയില്‍ നിന്നാണ് സംഗതി കണ്ടെടുത്തിരിക്കുന്നത്. ബ്രായുടെ കാലം നിര്‍ണയിച്ചിരിക്കുന്നതനുസരിച്ച് നോക്കിയാല്‍ അക്കാലത്ത് ഈ അരമനയില്‍ വാണിരുന്നത് കരോള്‍ ബിഷപായിരുന്നത്രേ. മധ്യകാലഘട്ടത്തിലെ ബിഷപ്പുമാര്‍ക്കൊന്നും ചരിത്രത്തില്‍ നല്ല പേരല്ല. അപ്പോള്‍ രഹസ്യ അറയില്‍ നിന്നും ഇമ്മാതിരി സാധനങ്ങളൊക്കെ കിട്ടുകയെന്നു കൂടി വച്ചാല്… 1821ല്‍ സ്വകാര്യ വ്യക്തി വാങ്ങിയ കൊട്ടാരം കോളറക്കാലത്ത് ആശുപത്രിയായി പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ഡച്ച് ബിസിനസുകാരന്‍ വിലയ്‍ക്കു വാങ്ങി അടിമുടി പുതുക്കിയെടുത്ത കൊട്ടാരത്തിലെ രഹസ്യ അറ 2008ലാണ് കണ്ടുപിടിച്ചത്. അതിനുള്ളില്‍ നടക്കുന്ന പര്യവേഷണത്തില്‍ നിന്നാണ് ഇപ്പോള്‍ ലോകത്തിലെ ആദ്യത്തെ ബ്രാ കണ്ടെത്തിയിരിക്കുന്നത്.

പാന്‍റീസിന്‍റെയും മറ്റ് അണ്ടര്‍വെയറുകളുടെയും പേറ്റന്‍റിനെപ്പറ്റി എനിക്കു വലിയ പിടിയില്ല.അല്ലെങ്കില്‍ അവിടെ നിന്നു കിട്ടിയ മറ്റ് അടിവസ്ത്രങ്ങള്‍ കൂടി പരിശോധിക്കാമായിരുന്നു. ആണിന്‍റെയാണോ പെണ്ണിന്‍റെയാണോ എന്നു കൃത്യമായി പറയാനാവില്ലെങ്കിലും സാധാരണക്കാരന്‍ ഉപയോഗിക്കുന്ന പരുവത്തിലുള്ള ചില സംഗതികളും അതോടൊപ്പമുണ്ട്. കണ്ടിട്ട് ജോക്കിയുടെ ലേറ്റസ്റ്റ് മോഡല്‍ ജട്ടി പോലുണ്ട്. ഒന്നും പറയാന്‍ പറ്റില്ല. ഈ സംഗതികളെല്ലാം മേല്‍പ്പറഞ്ഞ യൂണിവേഴ്സിറ്റി മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനു വച്ചിട്ടുണ്ട്. ഓസ്ട്രേലിയ വഴി പോകുന്നവര്‍ക്ക് കയറി കാണാവുന്നതാണ്.

കായിക-വിനോദം

20 വര്‍ഷം മുമ്പാണ്. തൊണ്ണൂറുകളുടെ ആദ്യം. ചെറുപ്പക്കാരുടെ ഒരു സംഘം മുറിയിലിരുന്ന് ടെന്നിസ് കാണുകയാണ്. ഗോളടിക്കുമ്പോഴത്തെയോ സിസ്ക്സടിക്കുമ്പോഴത്തെയോ അതേ ആവേശത്തോടെ ഇടയ്‍ക്കിടെ എല്ലാവരും ഒന്നിച്ച് ആരവമുയര്‍ത്തുന്നുണ്ട്. ടെന്നിസ് പോലെയുള്ള ഒരു കളി പോലും സ്വായത്തമാക്കി നാട്ടിന്‍പുറത്തെ ലോക്കല്‍ യൗവ്വനം സ്പോര്‍ട്‍സ്മാന്‍ സ്പിരിറ്റോടെ ഇരിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ തീരെ ചെറുതാണെന്ന് എനിക്കു തോന്നി. കുറച്ചു നേരം കളി കണ്ടു നിന്നപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധിച്ചത്. ടിവിയില്‍ നിന്നും ആരവമുയരുന്ന സമയത്തല്ല ടിവിക്കു മുന്നിലിരിക്കുന്നവരുടെ ആരവം.

സ്റ്റേഡിയത്തിലിരിക്കുന്നവരെക്കാള്‍ കളിയറിയാവുന്നവരാണ് നമ്മുടെ ചേട്ടന്മാര്‍ എന്നു സംഗ്രഹിച്ച് ഞാന്‍ നിഷ്ക്രമിച്ചു. എന്നാല്‍ ആരവത്തിന്‍റെ രഹസ്യം പിന്നീടാണ് അറിഞ്ഞത്. കളിക്കുന്ന വെള്ളക്കാരിയുടെ കൊച്ചുപാവാട കാറ്റിലുയരുമ്പോള്‍ അടിവസ്ത്രം അനാവരണം ചെയ്യപ്പടുമ്പോഴാണ് ചെറുപ്പക്കാര്‍ ആരവമുയര്‍ത്തുന്നത്. പാവാട ഉയരുകയും അടിവസ്ത്രം കാണാതിരിക്കുകയും ചെയ്യുമ്പോഴാണ് ചെറുപ്പക്കാര്‍ നിരാശപ്പെടുന്നത്. അങ്ങനെ അന്നു മുതല്‍ ടെന്നിസിന്‍റെ സാധ്യതകള്‍ മനസ്സിലാക്കി ഞാനും കളി കണ്ടു തുടങ്ങി. വിംബിള്‍ഡണും ഫ്രഞ്ച് ഓപ്പണുമൊക്കെ ഉറങ്ങാതിരുന്നു കണ്ട് നിര്‍വൃതിയടഞ്ഞിട്ടുണ്ട്. സാനിയ മിര്‍സ കളത്തിലിറങ്ങിയതോടെ കളി പിന്നെയും മാറി.

സ്പോര്‍ട്സ് എന്നത് മലയാളത്തിലാക്കുമ്പോള്‍ കായികവിനോദം എന്നാകുന്നത് ശരാശരി മലയാളിയുടെ ഈ ചോരകുടി കൊണ്ടുതന്നെയായിരിക്കും. എന്തായാലും സ്പോര്‍ട്സിലേക്ക് എന്നെപ്പോലുള്ള കലാകാരന്മാരെ ആകര്‍ഷിക്കാന്‍ ഇത്തരം എലമെന്‍റുകള്‍ ഉള്ളത് വളരെ നല്ലതാണ്. ഒളിംപിക്സ് തുടങ്ങാന്‍ വെമ്പി നില്‍ക്കുമ്പോള്‍ മെഡല്‍ നേടാനും നേടാതിരിക്കാനും സാധ്യതയുള്ള താരങ്ങളെക്കാള്‍ നമുക്കു മുന്നില്‍ വിജൃംഭിച്ചു നില്‍ക്കുന്നത് വിവിധ ഇനങ്ങളില്‍ മാറ്റുരയ്ക്കാനെത്തുന്ന മദാലസകതാരങ്ങളാണ്. കളി തുടങ്ങിക്കഴിഞ്ഞ് ആയിരക്കണക്കിനു കളിക്കാര്‍ക്കിടയില്‍ നിന്ന് ടിവിയില്‍ ഇവരെയൊക്കെ എങ്ങനെ കണ്ടെത്തുമോ ആവോ ?

1. ലെറൈന്‍ ഫ്രാങ്കോ

പാരഗ്വായ്ക്കാരിയായ ഈ ജാവലിന്‍ ത്രോ താരം 2008 ഒളിംപിംക്സില്‍ 52 ആം സ്ഥാനത്തായിരുന്നെങ്കിലും ആകാരവടിവും സൗന്ദര്യവും അനാവരണമനോഭാവവും കൊണ്ട് യാഹൂ സേര്‍ച്ചില്‍ ആഗോളതലത്തില്‍ രണ്ടാമതായിരുന്നു. ഇത്തവണയും ഒളിംപിക്സ് സ്റ്റേഡിയത്തില്‍ യുവകോമള ഉണ്ടാകുമെന്നതിനാല്‍ മിമിക്സ് പരേഡ് ഉള്ളതുകൊണ്ട് പള്ളിപ്പെരുന്നാളിനു പോയ്ക്കളയാമെന്നു കരുതുന്ന വിശ്വാസിയെപ്പോലെ സ്പോര്‍ട്സ് പ്രേമികള്‍ കണ്ണും നട്ടിരിക്കുകയാണ്. മിസ് യൂണിവേഴ്‍സ് പാരഗ്വായ്, മിസ് ബിക്കിനി യൂണിവേഴ്‍സ് മല്‍സരങ്ങളിലൊക്കെ പങ്കെടുത്തിട്ടുള്ള ലെറൈന്‍ അടിസ്ഥാനപരമായി മോഡലാണ്. ജാവലിന്‍ ത്രോയൊക്കെ നേരമ്പോക്ക്. ഈ ഒളിംപിക്സില്‍ ഇതുവരെ ഏറ്റവും ചൂടുപകര്‍ന്നു വിരാജിക്കുന്നത് ഈ കൊച്ചാണ്. വയസ്സ് 30.

2. സ്റ്റെഫാനി റൈസ്

ഓസ്ട്രേലിയക്കാരിയായ നീന്തല്‍ത്താരത്തെയും മെയില്‍ ഷോവനിസ്റ്റുകള്‍ ലൈംഗികവല്‍ക്കരിക്കുകയാണെന്നേ തോന്നൂ. എന്നാല്‍, കാറ്റുള്ളപ്പോള്‍ വീശേണ്ട, വിശറി വെറുതെ പിടിച്ചാല്‍ മതിയെന്നറിയാവുന്ന അതിസുന്ദരി ബിക്കിനിയിട്ട പടമൊരെണ്ണം ട്വിറ്ററിലിട്ട് ഒളിംപിക്സിന് വരവറിയിച്ചിട്ടുണ്ട്. 24കാരിയായ സ്റ്റെഫാനി 2008 ഒളിംപിക്സില്‍ മൂന്നു റെക്കോര്‍ഡുകളാണ് തകര്‍ത്തത് അഥവാ സ്ഥാപിച്ചത്.

3. വിക്ടോറിയ പെന്‍ഡല്‍ടണ്‍

ബ്രിട്ടണില്‍ നിന്നുള്ള ഈ സൈക്ലിസ്റ്റ് കഴിഞ്ഞ ഒളിംപിക്സില്‍ ബ്രിട്ടണു വേണ്ടി സ്വര്‍ണം നേടിയിട്ടുണ്ട്. ഈ വര്‍ഷം സ്വര്‍ണമോ ചെമ്പോ എന്തു നേടിയാലും സുന്ദരി ട്രാക്കില്‍ സൈക്കിള്‍ ചവിട്ടുമെന്ന് ഉറപ്പു കിട്ടിയിട്ടുണ്ട്. വയസ് 31.

4. ഇസിന്‍ബയേവ

സൗന്ദര്യത്തിന് ഒരു കുറവുമില്ലെങ്കിലും കഴിഞ്ഞ രണ്ട് ഒളിംപിക്സുകളിലും സ്വര്‍ണം കൊയ്ത ഈ റഷ്യക്കാരി മുപ്പതാം വയസ്സില്‍ മൂന്നാമങ്കത്തിനു ലണ്ടനിലുണ്ട്. ഇസിന്‍ബയേവ ശ്രദ്ധിക്കപ്പെടുന്നത് പോള്‍ വാള്‍ട്ടിലെ മാന്ത്രികപ്രകടനം കൊണ്ടു തന്നെയായിരിക്കും. എങ്കിലും സൗന്ദര്യം ഉള്ളത് കാണാതിരിക്കാന്‍ നമുക്കാവില്ലല്ലോ.

5. അന ഇവാനോവിച്ച്

കൂടുതല്‍ വര്‍ണിക്കേണ്ട കാര്യമില്ല. അനയുമുണ്ട് കളിക്കളത്തില്‍. ടെന്നിസില്‍ പുള്ളിക്കാരി ഇനി വലിയ വിസ്മയമൊന്നും കാഴ്ച വയ്‍ക്കാന്‍ പോകന്നില്ല. എങ്കിലും ഈ 24കാരി കളിക്കുമ്പോള്‍ കാണാതിരിക്കുന്നതെങ്ങനെ എന്നാണ് വായ്നോക്കികള്‍ ചോദിക്കുന്നത്.

ഇവരൊക്കെ അറിയപ്പെടുന്ന താരങ്ങള്‍. കായികമികവു കൊണ്ടും സൗന്ദര്യം കൊണ്ടും പടവുകള്‍ ഒന്നൊന്നായി കയറിയാണ് ഇവര്‍ 2012 ഒളിംപിക്സിന്‍റെ ബ്രാന്‍ഡ് അബാസിഡര്‍മാരായി തിളങ്ങുന്നത്. ഇവരെയൊന്നും പോലെയല്ല മിഷേല്‍ ജെന്നെക്കി (നമുക്ക് ജാനകി എന്നു വിളിക്കാം). ഓസ്ട്രേലിയന്‍ ഹഡില്‍സ് താരമായ ജാനകി മെഡലുകളുടെ പ്രഭാവം കൊണ്ടോ സൗന്ദര്യകിരീടം കൊണ്ടോ അല്ല ലോകപ്രശസ്തയായത്. ഒരു 100 മീറ്റര്‍ ഹഡില്‍സിനു മുമ്പുള്ള വാം അപ് ആണ് ലോകത്തെ ജാനകിക്കുട്ടിയുടെ ആരാധകരാക്കിയത്. ഇത്രയും ഉല്ലാസവും ഊര്‍ജ്ജവും നിറഞ്ഞ മറ്റൊരു വാം അപ് ഞാനെന്‍റെ ജീവിതത്തില്‍ കണ്ടിട്ടില്ല. മറ്റുള്ളവരെ വള്ളപ്പാടകലെയാക്കിയാണ് കൊച്ച് ഓടി ജയിക്കുന്നത്. ജാനകിക്കുട്ടി പക്ഷേ, ഈ ഒളിംപിക്സിനില്ല, 2016ല്‍ ബ്രസീല്‍ ഒളിംപിക്സ് വരെ കാത്തിരിക്കണം. തല്‍ക്കാലം വിഡിയോ കണ്ട് സമാധാനിക്കാം.

*കീബോര്‍ഡ് സദാചാരഗുണ്ടകളുടെ കമന്‍റുകള്‍ പ്രസിദ്ധീകരിക്കുന്നതല്ല.

മരിക്കുന്നതിനു മുമ്പ് മസാലദോശ കഴിക്കണം

നിങ്ങള്‍ മരിക്കുന്നതിനു മുമ്പ് കഴിക്കണം എന്നാഗ്രഹിക്കുന്ന ഭക്ഷണം ഏതാണ് ? നാലുനേരം എന്തെങ്കിലുമൊക്കെ (മുന്നൂ നേരമായാലും മതി) കഴിച്ചു ജീവിക്കണം എന്നതു തന്നെ ആഢംബരമായി കാണേണ്ട രാജ്യത്ത് ഇത്തരത്തില്‍ പ്രത്യേകം ഐറ്റങ്ങള്‍ കഴിക്കണമെന്ന് ആഗ്രഹിക്കുന്നത് അഹങ്കാരമാണോ ? പൊതുവേ കോടീശ്വരന്മാര്‍ക്ക് നല്ല ഭക്ഷണം ആസ്വദിക്കാന്‍ സാധിക്കാറില്ല. ഉള്ള കാശുകൊണ്ട് ജീവിതം ആസ്വദിക്കാന്‍ തീരുമാനിച്ച സാധാരണക്കാരാണ് പിന്നെയും രുചികരമായവയൊക്കെ പരീക്ഷിക്കുന്നതും ആസ്വദിക്കുന്നതും. അങ്ങനെ നോക്കുമ്പോള്‍ ഇത്തരത്തില്‍ എന്നെങ്കിലും കഴിക്കേണ്ടതായ മികച്ച ഐറ്റങ്ങളെക്കുറിച്ചൊരു ബക്കറ്റ് ലിസ്റ്റ് ഉണ്ടാക്കി വയ്ക്കുന്നതില്‍ തെറ്റില്ല.

നമ്മുടെ നാട്ടില്‍ ചൈനീസും തായ്ഡിഷും ഒന്നും പരീക്ഷിച്ചു പരിചയമില്ലാത്തവര്‍ പുറത്തിറങ്ങിയാല്‍ ആഢംബരം പ്രഖ്യാപിക്കുന്നത് ഇന്ത്യന്‍ കോഫി ഹൗസില്‍ പോയി മസാല ദോശ കഴിച്ചിട്ടാണ്. മസാലദോശ കാലങ്ങളെ അതിജീവിച്ച ലെജന്‍ഡറി ഡിഷ് ആണ്. ഇത്രയും കുറഞ്ഞ വിലയ്‍ക്ക് ഇത്രത്തോളം ആഢംബരം വേറെ എന്തു കഴിച്ചാലു കിട്ടില്ല. ഇന്ത്യക്കാരന്‍റെ മികച്ച പത്ത് ഭക്ഷണങ്ങളില്‍ മസാലദോശ ഉണ്ടാകുമെന്നതില്‍ സംശയമില്ല. എന്നാല്‍ ലോകമെങ്ങും കറങ്ങി കണ്ടതെല്ലാം തിന്നുന്ന സായിപ്പിന്‍റെ ലിസ്റ്റില്‍ മസാലദോശ ഒന്നാമതെത്തിയതിന്‍റെ ഒരിതിലാണ് ദക്ഷിണേന്ത്യന്‍ രുചി.

ടൂര്‍ ഓപറേറ്ററായ വയേറ്റര്‍ ഹഫിങ്‍ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച മരിക്കുന്നതിനു മുമ്പ് കഴിക്കേണ്ട 10 ഇനങ്ങളിലാണ് മസാലദോശയ്‍ക്ക് ഒന്നാം റാങ്ക്. ലോകമെങ്ങും നിന്നുള്ള മറ്റ് മികച്ച ഐറ്റങ്ങളോട് മല്‍സരിച്ചാണ് ലളിതസുന്ദരമായ ഈ വെജിറ്റേറിയന്‍ ഐറ്റം ഒന്നാമത് നില്‍ക്കുന്നത്. മറ്റ് ഐറ്റങ്ങള്‍ ഏതൊക്കെയാണെന്നു കേള്‍ക്കുമ്പോള്‍ മസാലദോശയുടെ പ്രഢി എത്രത്തോളമുണ്ടെന്നു പിടികിട്ടും. ചൈനയില്‍ നിന്നുള്ള പെര്‍ക്കിങ് ഡക്ക് ആണ് രണ്ടാമത്. യുസിലെ ബാര്‍ബിക്യു റിബ്സ് മൂന്നാമതും ജപ്പാന്‍റെ ടെപ്പന്യാകി നാലാമതും ഓസ്ട്രേലിയയുടെ പാവ്‍ലോവ അഞ്ചാമതും നില്‍ക്കുമ്പോഴാണ് ഈ കളി. ലിസ്റ്റിലെ മറ്റ് ഇനങ്ങള്‍ ഏതാണന്നു പരിശോധിക്കാനും ഹഫിങ്ടണ്‍ പോസ്റ്റ് പരിശോധിക്കുക.

അമ്മേ, കാത്തോളണേ !

കേരളത്തിലെ കൂതറ പ്രേക്ഷകരുടെ നിലവാരത്തകര്‍ച്ച കാരണം പടങ്ങള്‍ തുരുതുരാ പൊട്ടുന്ന സാഹചര്യത്തില്‍ മെഗാ ഷോയുമായി വിദേശമലയാളികളുടെ കീശ പിടുങ്ങുന്നതാണ് പ്രായോഗികബുദ്ധി. പത്തെണ്‍പതു രാജ്യങ്ങളിലായി പടര്‍ന്നു പന്തലിച്ചു കിടക്കുന്ന മലയാളികള്‍ക്കു വല്ല കണക്കുമുണ്ടോ. ഇവര്‍ക്കൊക്കെ കേരളം, മലയാളം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഗൃഹാതുരത്വം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതുകൊണ്ട് മമ്മൂട്ടിയും മോഹന്‍ലാലും വേണ്ട ബിജുക്കുട്ടനും സലിംകുമാറും കൂടി ചെന്നാല്‍പ്പോലും പൊന്നില്‍പ്പൊതിഞ്ഞേ തിരിച്ചു വിടൂ.

പക്ഷെ ഓസ്ട്രേലിയയിലെ മലയാളികളുടെ കലാസ്വാദനത്തിന് ഒരെല്ലു കൂടുതലാണ്. അല്ലെങ്കില്‍ പിന്നെ ഷോയുമായി ചെന്ന കലാഭവന്‍ മണി ആന്‍ഡ് ടമീന്‍റെ മണികിലുക്കം ഷോ കൂതറയായിരുന്നുവെന്ന് ലോകത്തോടു വിളിച്ചു പറയാനും താരസംഘടനയായ അമ്മയ്‍ക്ക് പരാതി കൊടുക്കാനും അവര്‍ തുനിയുമോ ?

ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ഓസ്‌ട്രേലിയ പ്രോവിന്‍സിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മണികിലുക്കം 2010 കൂതറയാണെന്നു പരാതിപ്പെട്ടത് വന്‍തുക കൊടുത്ത് ഷോയ്‍ക്ക് ടിക്കറ്റെടുത്ത് കയറിയവര്‍ തന്നെയാണ്. ഷോ നടന്നത് നവംബര്‍ 14നാണെങ്കിലും കഴിഞ്ഞ ദിവസം സംഘടനയുടെ അവലോകനയോഗത്തിലാണ് വിവാദം മണിമുഴക്കിയത്. മെഗാഷോകള്‍ അമ്മയും അച്ഛനുമൊക്കെച്ചേര്‍ന്ന് പണ്ടേ നിരോധിച്ചിരിക്കുമ്പോഴാണ് മെഗാഷോ നന്നായില്ലാന്നും പറഞ്ഞ് ഓസ്ട്രേലിയക്കാര്‍ അമ്മയ്‍ക്ക് പരാതി കൊടുക്കാന്‍ പോകുന്നത്. അങ്ങനെയാണെങ്കില്‍ ഇവിടെ കാശുകൊടുത്ത് സിനിമ കാണാന്‍ പോകുന്ന പ്രേക്ഷകര്‍ ആര്‍ക്കൊക്കെ പരാതി കൊടുക്കണം ?

നവംബര്‍ 12, 13, 14 തിയതികളിലാണ് ഓസ്‌ട്രേലിയയിലെ അഡലെയ്ഡ്, ബ്രിസ്‌ബേന്‍, മെല്‍ബണ്‍ എന്നിവിടങ്ങളില്‍ ‘മണികിലുക്കം 2010’ നടന്നത്. എല്ലായിടത്തും മണിയും സംഘവും പരിപാടി കുളമാക്കിയെന്നാണ് ആരോപണം. മെല്‍‌ബണിലെ ഷോ ആയിരുന്നു മാക്സിമം കുളം ആന്‍ഡ് കൂതറയെന്നും പറയുന്നു. മണിയുടെയും സംഘത്തിന്‍റെയും വഷളന്‍ പ്രകടനം കണ്ട് കാണികള്‍ വയലന്‍റ് ആയത്രേ. കൂകിവിളിച്ചും വൃത്തികെട്ട ആംഗ്യം കാണിച്ചും കാണികള്‍ പ്രതികരിച്ചു എന്നാണ് പറയുന്നത്. അപ്പോള്‍ പ്രേക്ഷകര്‍ പരിപാടി കുളമാക്കിയെന്നോ കൂതറയായെന്നോ പറഞ്ഞ് മണിക്കും ഒരു പരാതി കൊടുക്കാം.

കലാഭവന്‍ മണി സ്റ്റേജ് ആര്‍ടിസ്റ്റായി കളി തുടങ്ങിയ ആളാണ്. ഒരു ജനതയെ മുഴുവന്‍ അദ്ദേഹം നിരാശപ്പെടുത്തിയതും പോരാഞ്ഞ് പ്രകോപിപ്പിച്ചിട്ടാണ് ഇങ്ങു പോന്നിരിക്കുന്നതെന്നത് ചെറിയ കാര്യമല്ല. അഡലെയ്ഡിലെ ഷോയുടെ തലേന്ന്, കൃത്യമായി പറഞ്ഞാല്‍ നവംബര്‍ 11ന് അപ്‍ലോഡ് ചെയ്ത ഒരു വിഡിയോ യു ട്യൂബിലുണ്ട്. അതില്‍ വളരെ ആത്മാര്‍ഥമായി, സത്യസന്ധമായി മണി ആളുകളെ സ്വാഗതം ചെയ്യുന്നത് കാണാം.

സ്വാഗതം ചെയ്തതു കൊണ്ടു മാത്രമായില്ല, ഷോയും നന്നാവണം. പിറ്റേന്ന് ബ്രിസ്ബേണില്‍ നടന്ന ഷോയില്‍ മണിയും സംഘവും തൃശൂര്‍പൂരം അവതരിപ്പിക്കുന്ന വിഡിയോ ഇവിടെയുണ്ട്.

കലാഭവന്‍ മണിക്കു പുറമെ നടി നിത്യാദാസ്, ജാഫര്‍ ഇടുക്കി, മനോജ് ഗിന്നസ്, ധര്‍മജന്‍ ഗായകന്‍ സോമദാസ്, ഗായിക മനീഷ എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തത്.വിദേശത്ത് നടക്കുന്ന മെഗാഷോകളുടെ വിഡിയോ മുമ്പൊക്കെ നാട്ടില്‍ ലഭിച്ചിരുന്നത് നല്ല നിലവാരമുള്ളത് തന്നെയായിരുന്നു. ഇപ്പോള്‍ അധികമൊന്നും കാണുന്നില്ല. ഇനിയിപ്പോ കേരളത്തിലെ പ്രേക്ഷകരുടെ നിലവാരം താണുപോയതുപോലെ ഓസ്ട്രേലിയക്കാരുടേത് താഴാത്തതാണോ പ്രശ്നം ?

പരിപാടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ഓസ്‌ട്രേലിയ പ്രോവിന്‍സിന്റെ കമ്മിറ്റി രാജിവച്ചു പുറത്തുപോകും എന്നാരെങ്കിലും കരുതുന്നുണ്ടെങ്കില്‍ വേണ്ട. പരിപാടിയുടെ പരാജയം ധാര്‍മികമായി ഏറ്റെടുത്തുകൊണ്ട് ഇതൊരു വെല്ലുവിളിയായി സ്വീകരിച്ച് കലാമേന്മയുള്ള പരിപാടികള്‍ കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ ഭാവിയില്‍ നടത്താനാണ് കമ്മിറ്റി തീരുമാനിച്ചത്. എനിക്കെന്തോ ആ സമീപനം അങ്ങിഷ്ടപ്പെട്ടു.

സന്മനസ്സുള്ളവര്‍ക്കു വല്ല സമാധാനവുമുണ്ടോ ?

പല പല പ്രശ്നങ്ങളുണ്ടെങ്കിലും, അത്ര സന്മനസ്സുള്ളവനല്ലെങ്കിലും ജീവിതത്തില്‍ ആകെമൊത്തം ഒരു മനസമാധാനമുണ്ട്. കൊച്ചുകേരളത്തിന്റെ കോണില്‍ അലമ്പും അവിഹിതവുമായി കഴിയുന്ന എനിക്ക് ഇതിനും മാത്രം മനസമാധാനമുണ്ടെങ്കില്‍ ന്യൂസീല്‍ഡിലും ഐസ്ലാന്‍ഡിലും ജപ്പാനിലും ഒക്കെ കിടക്കുന്നവന് എന്തൊരു ഭീകര സമാധാനമായിരിക്കും ? ഇതു പറയാന്‍ കാരണം ആഗോളസമാധാനസൂചിക 2010 (ഗ്ലോബര്‍ പീസ് ഇന്ഡക്സ്) പ്രകാരം സമാധാനത്തിന്റെ കാര്യത്തില്‍ സമത്വസുന്ദരമായ നമ്മുടെ ഇന്ത്യയുടെ റാങ്ക് 128 ആണ്. നമ്മളെക്കാള്‍ സമാധാനപരമായി ജീവിക്കുന്ന 127 രാജ്യങ്ങള്‍ ലോകത്തുണ്ടത്രേ ! അങ്ങനെയാണെങ്കില്‍ ഒന്നാം റാങ്കുള്ള ന്യൂസീലാന്‍ഡില്‍ എന്തായിരിക്കും കളി. ഐസ്ലാന്‍ഡ് എന്ന രാജ്യത്തെപ്പറ്റി അടുത്തകാലത്തൊന്നും ഒരു കുഞ്ഞു വാര്‍ത്തപോലും വായിച്ചിട്ടുമില്ല. എന്നിട്ടും രണ്ടാം റാങ്ക് അവര്‍ക്കാണ്. ഡെയ്ലി വാര്‍ത്ത സൃഷ്ടിക്കുന്ന അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനുമൊക്കെ അപ്പോള്‍ ആരായി ? ആകെ മൊത്തം 149 രാജ്യങ്ങള്‍ ഉള്ള സൂചികയില്‍ അഫ്ഗാനിസ്ഥാന് 147ഉം പാക്കിസ്ഥാന് 145ഉം സ്ഥാനമുണ്ട്. ഏറ്റവും അവസാനത്തെ റാങ്ക് ഇറാക്കിനാണ്. അപ്പോള്‍ വാര്‍ത്ത സൃഷ്ടിക്കുന്നതിലല്ല, സൃഷ്ടിക്കാതിരിക്കുന്നതിലാണ് സമാധാനം കുടികൊള്ളുന്നത്.

ഇതൊക്കെ അമേരിക്കേന്റെ ഒരു കളിയാണ് എന്നു ചുമ്മാ ആരോപിച്ചിട്ടു കാര്യമില്ല. അമേരിക്കയ്ക്കിതില്‍ കാര്യമൊന്നുമില്ല. അല്ലെങ്കിലും ശാന്തി, സമാധാനം തുടങ്ങിയ വിഷയങ്ങളില്‍ അവര്‍ക്കു താല്‍പര്യവുമില്ല. എങ്കിലും അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലുമൊക്കെ മിസൈല്‍ മുതല്‍ കൊച്ചു കൊച്ചു പടക്കങ്ങള്‍ വരെ വിറ്റുജീവിക്കുന്ന അമേരിക്കയ്ക്ക് (ഇതു വൈറ്റ് ഹൌസിലെ ഒരുദ്യോഗസ്ഥന്‍ പറഞ്ഞതാണ്; തെറ്റാണെങ്കില്‍ മാപ്പു ചോദിക്കുന്നു) സമാധാനത്തിന്റെ കാര്യത്തില്‍ ആദ്യറാങ്കുകളുണ്ടോ എന്ന് അറിയേണ്ടതുണ്ട്. ഭാഗ്യം! യുഎസിന് എണ്‍പത്തഞ്ചാം റാങ്കേയുള്ളൂ. ലോകത്ത് മുഴുവന്‍ സമാധാനം വിതയ്ക്കാന്‍ നടക്കുന്ന യുഎസിന് സ്വന്തം മണ്ണില്‍ സമാധാനത്തിന്റെ അന്തകവിത്തുകള്‍ തിരയാന്‍ അധികകാലം വേണ്ടിവരില്ല.

ഓസ്ട്രേലിയയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് പീസ് ആണ് ഗ്ലോബല്‍ പീസ് ഇന്‍ഡക്സ് അഥവാ ആഗോളസമാധാന സൂചിക തയ്യാറാക്കുന്നത്. ബ്രിട്ടീഷ് ഗവേഷകര്‍ സര്‍വേ നടത്തുന്നതുപോലെ ചുമ്മാ ഒരു 10 പേരോടു ചോദിച്ചിട്ട് അതിനെ ആഗോളീകരിക്കുന്ന പരിപാടിയല്ല സൂചിക തയ്യാറാക്കലിനു പിന്നിലുള്ളത്. ഒട്ടേറെ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് നിര്‍ണയിക്കുന്നത്. വയലന്‍സ്, കുറ്റകൃത്യങ്ങള്‍, രാഷ്ട്രീയ സ്ഥിരത, സൈന്യത്തിനു വേണ്ടി ചിലവഴിക്കുന്ന തുക, അഴിമതി, മാധ്യമസ്വാതന്ത്യ്രം, മനുഷ്യാവകാശസംരക്ഷണം, ജയിലുകളിലെ ജനസംഖ്യ, വിദ്യാഭ്യാസനിലവാരം തുടങ്ങി അനേകം കാര്യങ്ങളെപ്പറ്റിയുള്ള ആധികാരികമായ വിവരങ്ങള്‍ വിശകലനം ചെയ്താണ് സൂചിക തയ്യാറാക്കുന്നത്. സൂചിക അനുസരിച്ച് ലോകത്തെ മൂന്നിലൊന്നു രാജ്യങ്ങളും കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ കൂടുതല്‍ സമാധാനരഹിതമായിട്ടുണ്ട്.

ഇന്ത്യയില്‍ മനസമാധാനം കുറഞ്ഞു വരുന്നു എന്നത് മനസ്സിലാക്കാന്‍ പ്രത്യേകിച്ച് ഒരു സൂചികയുടെയൊന്നും ആവശ്യമില്ല. എങ്കിലും അളവുകോലുകളനുസരിച്ച് കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ ഇന്ത്യ എട്ട് റാങ്ക് പിന്നിലേക്കായിരിക്കുകയാണ്. എന്തായാലും 149നപ്പുറത്തേക്ക് പോകില്ല എന്നു സമാധാനിക്കാം. എന്നാല്‍, ലോകത്തെ ഏറ്റവും വലിയ രാജ്യങ്ങളില്‍ ഏറ്റവും സമാധാനം കുറവുള്ള രാജ്യം ഇന്ത്യയാണ്. ദേശീയമനസമാധാനം അളക്കുന്ന ലോകത്തെ ഒരേയൊരു രാജ്യമായ ഭൂട്ടാന് സൂചികയില്‍ 36-ാം റാങ്ക് ആണുള്ളത്. കാനഡയിലും യൂറോപ്പിലെ മിക്കവാറും രാജ്യങ്ങളിലുമാണ് ശാന്തിയും സമാധാനവും കൂടുതലുള്ളത്.

ഓസ്ട്രേലിക്കാരനായ സ്റ്റീവ് കില്ലെലിയുടെ ആശയമാണ് ഈ സമാധാന സൂചിക. മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍, ദലൈ ലാമ, ആര്‍ച്ച് ബിഷപ് ഡസ്മോണ്ട് ടുട്ടു, മാര്‍ട്ടി അഹ്തിസാരി, മുഹമ്മദ് യൂനൂസ്, ജെഫ്രി സാക്ക്സ്, മേരി റോബിന്‍സണ്‍, ജിമ്മി കാര്‍ട്ടര്‍ തുടങ്ങിയ പ്രമുഖരുടെയെല്ലാം അനുഗ്രവും സൂചികയ്ക്കുണ്ട്. എന്നാല്‍, സൂചികയിലുള്ള വിവിധ മാനദണ്ഡങ്ങളോടൊപ്പം സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമങ്ങള്‍ പരിഗണിച്ചിട്ടില്ല എന്നൊരു ആരോപണവുമുണ്ട്. എന്തായാലും നമുക്കു സമാധാനം കിട്ടില്ല എന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്ന സ്ഥിതിക്ക് മാന്യമായി സമാധാനത്തോടെ കഴിയുന്ന ആദ്യത്തെ 20 റാങ്കുകാര്‍ ആരൊക്കെയാണെന്നു നോക്കാം.

1. ന്യൂസീലാന്‍ഡ്
2. ഐസ്ലാന്‍ഡ്
3. ജപ്പാന്‍
4. ഓസ്ട്രിയ
5. നോര്‍വേ
6. അയര്‍ലന്‍ഡ്
7. ഡെന്‍മാര്‍ക്ക്
8. ലക്സംബര്‍ഗ്
9. ഫിന്‍ലാന്‍ഡ്
10. സ്വീഡന്‍
11. സ്ലോവേനിയ
12. ചെക്ക് റിപ്പബ്ളിക്
13. പോര്‍ച്ചുഗല്‍
14.കാനഡ
15. ഖത്തര്‍
16.ജര്‍മനി
17. ബെര്‍ജിയം
18.സ്വിറ്റ്സര്‍ലാന്‍ഡ്
19.ഓസ്ട്രേലിയ
20. ഹംഗറി

ഐഡിയ സ്റ്റാര്‍ കന്യക(ന്‍)

കന്യകാത്വം എന്നു പറയുന്നത് ഇത്രേം വില പിടിപ്പുള്ള സാധനമാണെന്ന് നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ പതിനാലാം വയസ്സില്‍ ഞാനത് നശിപ്പിക്കില്ലായിരുന്നു. കുറച്ചെങ്കിലും ബാക്കിയുണ്ടായിരുന്നെങ്കില്‍ ഇൌ വര്‍ഷം അല്ലെങ്കില്‍ അടുത്ത വര്‍ഷം എനിക്കത് കോടികള്‍ക്കു വില്‍ക്കാമായിരുന്നു- എന്നാര്‍ക്കെങ്കിലും തോന്നാന്‍ ഈ പോസ്റ്റ് കാരണമായാല്‍ അതിന് ര്‍ഞാന്‍ ഉത്തരവാദിയല്ല. വിദേശരാജ്യത്ത് നടപ്പാക്കുന്ന റിയാലിറ്റി ഷോകള്‍ കുറച്ചുകാലം കഴിയുമ്പോള്‍ സാരിയും മുണ്ടുമുടുത്ത് ഇവിടേക്കു വരുന്ന പതിവ് ഇതിന്റെ കാര്യത്തിലും സംഭവിച്ചാല്‍ ഐഡിയ സ്റ്റാര്‍ കന്യക(ന്‍) എന്ന പേരിലോ മറ്റോ വരാനിടയുള്ള റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനാവാത്തവര്‍ പശ്ചാത്തപിക്കും.

നിലവില്‍ ഓസ്ട്രേലിയലിലാണ് കന്യകാത്വ റിയാലിറ്റി ഷോയുടെ പണികള്‍ നടക്കുന്നത്. പണി തുടങ്ങിയപ്പോഴെ സംഭവം വിവാദമായിട്ടുമുണ്ട്. കന്യകാത്വം കംപ്ലീറ്റും ബാക്കിയുള്ളവര്‍ക്കാണ് ഈ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ അവസരം. ഷോയിലെ വിവിധ റൌണ്ടുകളിലൂടെ എന്തു ചെയ്യും എന്നൊരു ചോദ്യമുണ്ട്. പിന്നെയും പിന്നെയും പാട്ടുകള്‍ പാടി ഗായകര്‍ക്ക് അവരുടെ റിയാലിറ്റി ഷോകള്‍ പൊലിപ്പിക്കാം. കന്യകാത്വം ഉള്ളവര്‍ എന്തു ചെയ്യും?

ഷോയുടെ ഫോര്‍മാറ്റ് അനുസരിച്ച് ഒന്നും രണ്ടുമല്ല, മൂന്നു കന്യകര്‍ ഇതില്‍ പങ്കെടുക്കുകയും ഷോയിലൂടെ തങ്ങളുടെ അദമ്യമായ കന്യകാത്വം ലേലത്തിനു വയ്ര്‍ക്കുകയും ചെയ്യും. ഏറ്റവും കൂടുതല്‍ വില നല്‍കുന്നവന് കന്യകാത്വം നല്‍കും. തീര്‍ന്നോ ? ഇതത്രയും കുത്തിപ്പിടിച്ചിരുന്നു കാണുന്ന പ്രേക്ഷകര്‍ക്കൊന്നുമില്ലേ ? ഉണ്ടല്ലോ, മൂന്നു കന്യകരുടെയും കന്യകാത്വഭേദനം (അതോ ധ്വംസനം ആണോ ശരി ?) ചാനലിലൂടെ ലൈവ് ആയി കാണാം. അവസാനം വരെ ക്ഷമയോടെ കാത്തിരിക്കുന്നവന് എന്തെങ്കിലും കാര്യമായിട്ട് കിട്ടും എന്നു പറയുന്നതിതാണ്. ഇത് ഫീല്‍ ചെയ്യണമെങ്കില്‍ ഷോ ആദ്യം മുതല്‍ കാണുന്നവനായിരിക്കണം, അല്ലെങ്കില്‍ ചുമ്മാ മറ്റൊരു സീന്‍ എന്നേ തോന്നൂ. പാര്‍ട്ടിസിപ്പന്റ്സുമായിട്ടുള്ള അറ്റാച്ച്മെന്റും കാര്യങ്ങളുമൊക്കെ വച്ച് ഇത് കാണുന്ന പ്രേക്ഷകന്റെ ചങ്കു പൊടിയും എന്നതില്‍ സംശയമില്ല. ലോകത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ റിയാലിറ്റി ഷോ ആയിരിക്കും ഇത്.

ഈ ഷോയില്‍ സംഗതിയുടെ ഏറ്റക്കുറച്ചിലുകള്‍ പരിശോധിക്കാനും തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കാനും വിധികര്‍ത്താക്കളുണ്ടാകുമോ എന്നറിയില്ല. തെറ്റുകുറ്റങ്ങള്‍ പരിഹരിച്ചാല്‍ ഷാര്‍പ് ആവുന്നതല്ലല്ലോ കന്യകാത്വം. അല്ലെങ്കില്‍ തന്നെ ഇതിനു വിധി നിര്‍ണയിക്കാന്‍ ആരെ കിട്ടാനാണ് പ്രഫഷനല്‍ കന്യക, അല്ലെങ്കില്‍ സീനിയര്‍ കന്യക, അങ്ങനെയൊന്നും ആരും കാണില്ല. അല്ലെങ്കിലുംകന്യകയല്ലാതാവുമ്പോഴാണല്ലോ ഒരാള്‍ക്കു പ്രൊഫഷനല്‍ ആകാനുള്ള വഴികള്‍ തുറന്നു കിട്ടുന്നത്. അതൈന്തായാലും പരിശുദ്ധ കന്യകാത്വവുമായി ഷോയ്ക്കെത്തുന്നവര്‍ക്ക് ഗ്രാന്‍ഡ് ഫിനാലേ വരെ സംഗതി കാത്തുസൂക്ഷിക്കാനുള്ള സഹനശേഷി പാര്‍ട്ടിസിപ്പന്റ്സിനുണ്ടാകുമാറാകട്ടെ എന്നല്ലാതെ എന്തു പറയാന്‍.

ഇത് ഏതെങ്കിലും മലയാളം ചാനല്‍ അവലംബിച്ചാല്‍ ഏതു കോലത്തിലാക്കും എന്നതിനെ സംബന്ധിച്ചും എനിക്ക് ആശങ്കകളുണ്ട്. അവതാരക നാലുതവണ കെട്ടിപ്പിടിക്കുമ്പോള്‍ തന്നെ കന്യകാത്വം പകുതി പോകും. പിന്നെയും കിടക്കകുകയല്ലേ റൌണ്ടുകള്‍ അനവധി. നാട്ടിലെങ്ങും കന്യകരുടെ ഫ്ലക്സ് ബോര്‍ഡുകള്‍ ഉയരും- എസ്എംഎസ് അയക്കേണ്ട ഫോര്‍മാറ്റൊക്കെ രസകരമായിരിക്കും. വികാരഭരിതരായ പ്രേക്ഷകര്‍ അയക്കുന്ന എസ്എംഎസുകള്‍ക്കും ഒരു കണക്കുണ്ടാവില്ല. ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. ജനം കാണാന്‍ കാത്തിരിക്കുന്ന അവസാനത്തെ ഷോ മിക്കവാറും കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലോ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലോ ആയിരിക്കും. കൊക്കേത് കൊക്കോക്കോള ഏത് എന്നറിയാതെ കന്യകര്‍ സ്റ്റേജില്‍ മൃദുപരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ അവര്‍ക്കു ചുറ്റും സിനിമാറ്റിക് ഡാന്‍സുകാര്‍ ചടുലനൃത്തം വയ്ക്കും. ആലോചിച്ച് എന്തൊക്കെയോ തോന്നുന്നു.

ജസ്റ്റിനും പരസ്യവും
ജസ്റ്റിന്‍ സിസ്ലി (പൈങ്കിളി നോവലിലൊക്കെയുള്ള സിസിലി അല്ല) എന്നു പറയുന്ന ഒാസ്ട്രേലിയന്‍ സംവിധായകന്റേതാണ് ഈ ഐഡിയ. അവിടുത്തെ ടിവിയില്‍ കുശാലായി സംപ്രേഷണം ചെയ്യാമെന്നു കരുതി ഒരു വര്‍ഷത്തോളമായി സ്വന്തം നിലയ്ക്ക് കന്യകരുടെ ഓഡിഷന്‍ നടത്തുകയാണ് ജസ്റ്റിന്‍. കന്യകരെ ആവശ്യമുണ്ട് എന്നെഴുതിയ പരസ്യങ്ങള്‍ ഓസ്ട്രേലിയന്‍ ജംക്ഷനുകളില്‍ വീശിയതോടെയാണ് ജസ്റ്റിന്റെ പരിപാടി എന്താണെന്ന് ആളുകള്‍ അന്വേഷിച്ചത്. പോരെങ്കിള്‍ പരസ്യത്തിന് ജസ്റ്റിന്‍ ഉപയോഗിച്ചത് പരിശുദ്ധ കന്യകാമാതാവിന്റെ ചിത്രവും. പോരേ പൂരം ?

ഇവിടെയെങ്ങും ഒരു ടീവിലും അതു കാണിക്കാന്‍ പോണില്ല എന്നും പെണ്‍പിള്ളാരെ റിയാലിറ്റി ഷോയെന്നും പറഞ്ഞ് വഴി തെറ്റിച്ചാല്‍ പിടിച്ച് അകത്തിടും എന്നുമൊക്കെ സര്‍ക്കാര് പറഞ്ഞതോടെ ജസ്റ്റിന്‍ പരിപാടി അമേരിക്കയിലേക്കു മാറ്റി. ഓസ്ട്രേലിയയില്‍ വേശ്യാവൃത്തി നിയമവിരുദ്ധമാണ്. അമേരിക്കയിലെ ലാസ് വെഗാസില്‍ അത് നിയമവിധേയവും. അവിടുത്തെ ഒരു ബ്രോത്തലില്‍ പ്രാതലിനു ശേഷം ഷോ ഷൂട്ട് ചെയ്യാനാണ് ജസ്റ്റിന്റെ ഇപ്പോഴത്തെ പരിപാടി. റിയാലിറ്റി ഷോ ആയി സംപ്രേഷണം നടക്കില്ല എന്നുറപ്പായതോടെ ഡോക്യുമെന്ററി ആയി ചിത്രീകരിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം.

വെറോനിക്ക എന്നൊരു 21കാരിയും 20 വയസ്സുള്ള ഒരു അലക്സും പിന്നെ വേറൊരുത്തനുമാണ് കന്യകാത്വവുമായി ഷോയ്ര്‍ക്ക് തയ്യാറായി നില്‍ക്കുന്നത്. കന്യക ഒന്നിന് 20,000 ഡോളറും പിന്നെ ലേലത്തുകയുടെ 90 ശതമാനവുമാണ് ജസ്റ്റിന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ബാക്കി 10 ശതമാനം ബ്രോത്തലില്‍ കൊടുക്കുമത്രേ. കാശ് ലക്ഷ്യം വച്ചാണ് കന്യകര്‍ ലേലത്തിനു വന്നിരിക്കുന്നത്. ജസ്റ്റിന്‍ നിലവില്‍ ഒരു നികൃഷ്ടജീവിയായി മുദ്രകുത്തപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. ഫോണില്‍ വധഭീഷണിയോടു വധഭീഷണിയാണത്രേ. ജസ്റ്റിനെതിരേ സാംസ്കാരിക സംഘടനകളും ഉണര്‍ന്നിട്ടുണ്ട്.

fameandfortune.com.au എന്ന വെബ്സൈറ്റിലൂടെയാണ് ജസ്റ്റിന്‍ കന്യകരെ തിരയുന്നതും ഓഡിഷന്‍ നടത്തുന്നതുമൊക്കെ. കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടവര്‍ സൈറ്റ് പരിശോധിക്കുക. സൈറ്റ് പരിശോധിച്ചതുകൊണ്ട് ആരുടെയും കന്യകാത്വം പ്രതിസന്ധിയിലാകാന്‍ പോകുന്നില്ല.ഹല്ല, പിന്നെ.