കെജ്‌രിവാളിനെ കല്ലെറിയുമ്പോള്‍

ജനനന്മയ്ക്കു വേണ്ടി നിലകൊണ്ടിട്ടുള്ള ഒരു രാഷ്ട്രീയനേതാവിന്റെയും വഴികള്‍ പൂക്കള്‍ നിറഞ്ഞതായിരുന്നില്ല. കല്ലേറും മര്‍ദ്ദനവും പീഡനങ്ങളുമേറ്റാണ് ലോകത്ത് എല്ലാ ജനനേതാക്കന്‍മാരും ഉയര്‍ന്നു വന്നിട്ടുള്ളത്. ശത്രുക്കളുടെയും ഏകാധിപതികളുടെയും അക്രമങ്ങളെ അതിജീവിക്കുമ്പോള്‍ അവരുടെയൊക്കെ കരുത്ത് ഒപ്പമുള്ള ജനങ്ങളുടെ പിന്തുണയും വിശ്വാസവുമായിരുന്നു. ഇതില്‍ നിന്നും വളരെ വ്യത്യസ്തമാണ് ഒപ്പം നടക്കുന്നവര്‍ തന്നെ നേതാവിനെ കൈവയ്ക്കുന്നതും ആക്രമിക്കുന്നതും. അരവിന്ദ് കെജ്‌രിവാള്‍ ഈ ഗണത്തില്‍പ്പെട്ട ഒരു രാഷ്ട്രീയപ്രവര്‍ത്തകനും ജനനേതാവുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം അഞ്ചിലേറെ തവണയാണ് കെജ്‌രിവാള്‍ ആക്രമിക്കപ്പെട്ടത്.

ഏപ്രില്‍ എട്ടിന് ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ കെജ്‌രിവാളിനെ ആക്രമിച്ചതാണ് അവസാനം നമ്മള്‍ കേട്ടത്. ഏപ്രില്‍ നാലിന് ദില്ലിയിലെ റോഡ് ഷോയ്ക്കിടെ ഒരാള്‍ കെജ്‌രിവാളിന്റെ കരണത്തടിച്ചു. മാര്‍ച്ച് 28ന് ഹരിയാനയില്‍ വച്ച് അണ്ണാ ഹസാരെയുടെ അനുയായി എന്നവകാശപ്പെട്ട് ഒരാള്‍ കെജ്‌രിവാളിനെ ആക്രമിച്ചു. മാര്‍ച്ച് 25ന് വാരണാസിയില്‍ അദ്ദേഹത്തിനു നേരെ മുട്ടയേറുണ്ടായി. അതിനു മുന്‍പ് അടിയും ഇടിയും മഷി കുടയലുമായി അനേകം സംഭവങ്ങള്‍.

കെജ്‌രിവാളിനെ ആക്രമിച്ചു എന്നത് മാധ്യമങ്ങള്‍ക്ക് ഒരു വാര്‍ത്തയല്ലാതായി. പലര്‍ക്കും അത് വളരെ പരിഹാസ്യമായ സംഭവമായി. മറ്റു രാഷ്ട്രീയ പാര്‍ട്ടികളുള്ളവര്‍ക്കും ഇതില്‍ ആശങ്കയുണ്ടായില്ലെന്നു മാത്രമല്ല അതെല്ലാം കെജ്‌രിവാള്‍ തന്നെ ആസൂത്രണം ചെയ്തതാണെന്ന് ആരോപിക്കുകയും ചെയ്തു. സീറ്റ് കിട്ടാത്തവരും പാര്‍ട്ടി നയങ്ങളില്‍ നിരാശ പൂണ്ടവരുമാണ് അക്രമികള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിലും ബിജെപിയിലും സിപിഎമ്മിലുമൊക്കെ സീറ്റു കിട്ടാത്തവരുടെ പത്തിലൊന്നു പോലും വരില്ല ആം ആദ്മിയില്‍ സീറ്റു കിട്ടാത്തവര്‍. പത്തറുപത് വര്‍ഷം രാജ്യം ഭരിച്ച പാര്‍ട്ടികളോടില്ലാത്ത രോഷം ഏതാനും മാസത്തെ ചരിത്രം മാത്രമുള്ള ആം ആദ്മി പാര്‍ട്ടിയോടുണ്ടായി എന്നതും വിചിത്രമാണ്. ഈ കാരണങ്ങളുടെ പേരില്‍ മന്‍മോഹന്‍ സിങ്ങോ നരേന്ദ്ര മോദിയോ ഒന്നും ആക്രമിക്കപ്പെട്ടില്ല എന്നത് മറന്നുകൂടാ. സോളാര്‍ കേസില്‍ പെട്ട് നാറിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ണൂരില്‍ കല്ലെറിഞ്ഞതിന്റെ പേരില്‍ ഇവിടൊഴുകിയ കണ്ണീരിനു കണക്കില്ല. എന്നിട്ടും കെജ്‌രിവാളിനെ ആക്രമിച്ചത് മാധ്യമങ്ങള്‍ക്ക് ഒരു തമാശയാണെന്നത് നമ്മുടെ അധപതനത്തിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ്.

എന്തുകൊണ്ട് കെജ്‌രിവാള്‍ തെരുവില്‍ ആക്രമിക്കപ്പെടുന്നു ? കോടികളുടെ അഴിമതിയും അക്രമങ്ങളും വര്‍ഗീയകലാപങ്ങളും അഴിച്ചു വിട്ട നേതാക്കന്‍മാര്‍ക്കു മുന്നില്‍ നട്ടെല്ലുവളച്ചു നില്‍ക്കുന്ന ഞാനും നിങ്ങളും അടങ്ങുന്ന പൊതുജനം കെജ്‌രിവാളിന്റെ മേല്‍ മഷി കുടയാനും അദ്ദേഹത്തെ കല്ലെറിയാനും മുഖത്തടിക്കാനും തയ്യാറാവുന്നതിന്റെ മനശാസ്ത്രം എന്താണ് ?

ബലാല്‍സംഗത്തിനിരയാവുന്ന പെണ്‍കുട്ടിയെ തൂക്കിക്കൊല്ലണം എന്നു പറയുന്നവരും ലക്ഷം കോടിയുടെ അഴിമതി നടത്തി വീണ്ടും വോട്ടുതേടി വരുന്നവരും കോര്‍പറേറ്റുകള്‍ക്കു വേണ്ടി കൂട്ടിക്കൊടുപ്പു നടത്തുന്നവരും അടങ്ങുന്ന മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള ഉന്നതരായ നേതാക്കന്‍മാരെ പൂവിട്ടു പൂജിക്കുകയും അവര്‍ക്കു ക്ഷേത്രങ്ങള്‍ പണിതീര്‍ക്കുകയും ചെയ്യുന്ന സമൂഹം അഴിമതി വിരുദ്ധ ഇന്ത്യയ്ക്കു വേണ്ടി ഏറെക്കുറെ എല്ലാം ഉപേക്ഷിച്ച് തെരുവിലിറങ്ങിയിരിക്കുന്ന നിരായുധനായ ഒരു മനുഷ്യനെ കല്ലെറിയുന്നത് എന്തിനാണ് ?

കെജ്‌രിവാള്‍ ഒരു മികച്ച ഭരണാധികാരിയോ രാഷ്ട്രതന്ത്രജ്ഞനോ ആസൂത്രകനോ അല്ലായിരിക്കാം. എന്നാല്‍ അദ്ദേഹം ജനങ്ങളെ വോട്ടുവാങ്കുകളായി കണ്ട് ഗൂഢപദ്ധതികള്‍ ആസൂത്രണം ചെയ്യുകയോ കോടികളുടെ അഴിമതികള്‍ നടത്തുകയോ ഒരു ഘട്ടത്തില്‍പ്പോലും ജനങ്ങളെ വെല്ലുവിളിക്കുകയോ സാധാരണക്കാരെ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. തന്റെ രാഷ്ട്രീയ ആശയം പരമാവധി ജനങ്ങളിലെത്തിക്കാനും അഭിപ്രായരൂപീകരണം നടത്താനും മറ്റെല്ലാവര്‍ക്കുമുള്ളതുപോലെ കെജ്‌രിവാളിനും അവകാശമുണ്ട്. പൊതുജനമധ്യത്തില്‍ കയ്യേറ്റം ചെയ്യപ്പെടാന്‍ യോഗ്യരായ ആയിരം നേതാക്കന്‍മാരെങ്കിലും നാട്ടിലുള്ളപ്പോള്‍ അവരെയൊക്കെ വെറുതെ വിട്ട് കെജ്‌രിവാളിനെ ആക്രമിക്കാന്‍ ജനം തയ്യാറാവുന്നതിന് ഒരേയൊരു കാരണമേയുള്ളൂ- കെജ്‌രിവാള്‍ അതര്‍ഹിക്കുന്നു.

വോട്ടെടുപ്പുകാലത്ത് മാത്രം കൂപ്പുകൈകളോടെ നമ്മെ സമീപിക്കുന്ന പിന്നെ ടിവി ചര്‍ച്ചകളില്‍ മാത്രം കാണുന്ന നേതാക്കന്‍മാരാണ് നമ്മുടെ സങ്കല്‍പത്തിലെ മാതൃകാജനപ്രതിനിധികള്‍. അവര്‍ നമുക്കു വേണ്ടി എന്തു ചെയ്തു എന്നതാലോചിക്കാതെ അവരെ ആരാധിക്കുന്നതാണ് നമ്മുടെ രാഷ്ട്രീയം. നേതാക്കന്‍മാരെ മഹത്വപ്പെടുത്തുന്നതിനു വേണ്ടി പരസ്പരം വെട്ടിക്കൊല്ലുന്നതാണ് ധീരതയെന്നു കരുതുന്ന നികൃഷ്ടജന്മങ്ങളാണ് നമ്മള്‍ സാധാരണക്കാരന്‍. അധികാരവും ആയുധവും കയ്യിലുള്ളവനെയേ നമ്മള്‍ ബഹുമാനിക്കൂ. ആരെയും ആദരിക്കാന്‍ നമുക്കറിയില്ല. പരമാവധി ഭയപ്പെടുത്തുന്നവരെ പൂജിക്കാനേ അറിയൂ. നമ്മളെ അടിമകളായി കാണുന്നവരാണ് നമ്മുടെ നേതാവ്. നമ്മളെ നമ്മളായി കണ്ട് അംഗീകരിക്കുന്നവരെ നമുക്ക് ഭയമാണ്, അവരെപ്പറ്റി ആശങ്കകളാണ്. ഇപ്പോഴും ജീനുകളിലുള്ള അടിമയുടെ അബോധമാണ് കെജ്‌രിവാളിനെതിരെ നമ്മുടെ കൈയുയര്‍ത്തുന്നത്. നമ്മെ ചവുട്ടിമെതിക്കാനും നമ്മുടെ ജീവിതം ദുരിതപൂര്‍ണമാക്കാനും കരുത്തുള്ളവരുടെ മുന്നില്‍ കൈ കൂപ്പി നില്‍ക്കുമ്പോഴാണ് നമ്മള്‍ ഭിതിയും ആശങ്കകളുമില്ലാതെ ജീവിക്കുന്നത്.

സാധാരണക്കാരന്റെ പാര്‍ട്ടിയാണ് ആം ആദ്മി. ഉന്നത നേതാക്കന്‍മാര്‍ക്ക് അനുകരിക്കാനാവാത്ത വിധം സാധാരണക്കാരനായി മുന്നോട്ടു പോകുന്ന നേതാവാണ് കെജ്‌രിവാള്‍. അദ്ദേഹത്തെ കല്ലെറിയുന്ന സമൂഹം സഹതാപമര്‍ഹിക്കുന്നില്ല. നിലവിലുള്ള രാഷ്ട്രീയസംസ്‌കാരത്തില്‍ നിന്നൊരു മാറ്റം അവര്‍ ആഗ്രഹിക്കുന്നില്ല. ജനാധിപത്യത്തിലെ രാഷ്ട്രീയ അടിമത്തം നമ്മുടെ ലഹരിയാണ്. അവിടെ ഒരു സാധാരണക്കാരന്‍ തികഞ്ഞ അശ്ലീലമാണ്. അവനെ തല്ലിക്കൊല്ലുക തന്നെ വേണം.

കേരളത്തെ നടുക്കിയ ക്രൂരത !!

എന്റെ നടുക്കം ഇപ്പോഴും വിട്ടു മാറിയിട്ടില്ല. ഇത്തരത്തിലൊരു കാടത്തം കേരളചരിത്രത്തില്‍ ഇതിനു മുന്‍പ് സംഭവിച്ചിട്ടില്ല എന്നത് നടുക്കത്തിന്റെ പ്രകമ്പനം കൂട്ടുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കേരള പൊലീസും കൂടി അശരണരും അവശരും നിരാലംബരുമായ ഒരു കൂട്ടം യുവാക്കളോട് ചെയ്യുന്നത് കാലം മറക്കാത്ത അനീതിയാണ്. മുകളിലൊരാളുണ്ടെങ്കില്‍ (പ്രത്യയശാസ്ത്രപരമായി അങ്ങനെ ഒരുത്തനുമില്ല) പാവപ്പെട്ട ചെറുപ്പക്കാരെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ പിടിച്ചിട്ട് പീഡിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടിയും ജയില്‍ മേധാവിയും അമേരിക്കയും പിന്നെ ദേശാഭിമാനിയും പീപ്പിളും ഒഴികെയുള്ള മാധ്യമങ്ങളും അനുഭവിക്കും.

ടിപി ചന്ദ്രശേഖരന്‍ ഒരു മിത്താണ്. അങ്ങനെയൊരാള്‍ ജീവിച്ചിരുന്നോ ഇല്ലയോ എന്നതിനു പോലും വ്യക്തമായ തെളിവില്ലെന്നിരിക്കെ അയാളെ കൊന്നു എന്നു കള്ളക്കേസുണ്ടാക്കി നിഷ്‌കളങ്കരും നിരാലംബരുമായ ഒരു സംഘം കര്‍മോല്‍സുകരായ ചെറുപ്പക്കാരെ പിടികൂടി കോടതിനടപടികളിലൂടെ ബുദ്ധിമുട്ടിച്ച് ഒടുവില്‍ ജയിലടച്ച് പീഡിപ്പിക്കുന്നത് ചുവന്ന രക്തം സിരകളിലോടുന്ന ഒരാള്‍ക്കും സഹിക്കാനോ ക്ഷമിക്കാനോ കഴിയുന്നതല്ല. അനീതിയെന്നോ അക്രമമെന്നോ അല്ല, ഭീകരവും പൈശാചികവുമെന്നാണ് ഇതിനെ വിശേഷിപ്പിക്കേണ്ടത്.

ഇന്നല്ലെങ്കില്‍ നാളെ, അല്ലെങ്കില്‍ മറ്റന്നാള്‍ സുനിയേട്ടനും മനോജേട്ടനും സിജിത്തേട്ടനുമൊക്കെ നിരപരാധികളും നിഷ്‌കളങ്കരുമാണെന്നു തെളിയിക്കപ്പെടുകയും ടിപി ചന്ദ്രശേഖരന്‍ എന്നൊരാള്‍ ജീവിച്ചിരുന്നില്ല എന്നു ചരിത്രം സാക്ഷ്യപ്പെടുത്തുകയും ചെയ്യും. അന്ന് കെ.കെ.രമ എന്ന മാഫിയ നേതാവിനെ ഇന്നാട്ടിലെ ജനം തിരിച്ചറിയുകയും പാര്‍ട്ടിക്കു വേണ്ടി…. പാര്‍ട്ടിക്കു വേണ്ടിയല്ല… ഇന്നാട്ടിലെ ജനങ്ങള്‍ക്കു വേണ്ടി ജയില്‍ വരിച്ചു പീഡനങ്ങള്‍ സഹിക്കുന്ന സുനിയേട്ടനും മനോജേട്ടനും മറ്റും മഹാന്‍മാരെന്നു വിളിക്കപ്പെടുകയും ചെയ്യും.

ടിപി ചന്ദ്രശേഖരന്‍ എന്നൊരാള്‍ ജീവിച്ചിരുന്നു എന്നും അയാളെ ഇപ്പോള്‍ ജയിലിലടച്ചിരിക്കുന്ന ചെറുപ്പക്കാര്‍ കൊല ചെയ്തു എന്നും വിശ്വസിക്കുന്ന ഏതാനും ബൂര്‍ഷ്വകള്‍ ഇന്നും കേരളത്തിലുണ്ട് എന്നത് വേദനാജനകമാണ്. ഇവരില്‍ എത്ര പേര്‍ ടിപിയെ കണ്ടിട്ടുണ്ട് എന്നത് വളരെ പ്രസക്തമായ ചോദ്യമാണ്. നല്ലൊരു ശതമാനം ആളുകളും മനോരമയിലും മാതൃഭൂമിയിലും മംഗളത്തിലുമൊക്കെയാണ് ടിപിയെ പറ്റി വായിച്ചിട്ടുള്ളതും ടിപിയുടെ ചിത്രവും മറ്റും കണ്ടിട്ടുള്ളതും. മായാവി, ഡിങ്കന്‍, സൂത്രന്‍ തുടങ്ങിയവരെപ്പറ്റിയും ആളുകള്‍ ഈ പ്രസിദ്ധീകരണങ്ങളില്‍ വായിച്ചിട്ടുണ്ടല്ലോ. ടിപി ജീവിച്ചിരുന്നു എന്നു വിശ്വസിക്കുന്നവര്‍ മേല്‍പ്പറഞ്ഞ കഥാപാത്രങ്ങളും ജീവിച്ചിരുന്നു എന്നു വിശ്വസിക്കുമോ എന്നാണ് എനിക്കു ചോദിക്കാനുള്ളത്. ടിപിയെ 51 വെട്ടിനു കൊന്നു എന്നൊക്കെയാണ് പലരും എഴുതിപ്പിടിപ്പിക്കുന്നത്. ടിപി ജീവിച്ചിരുന്നെങ്കില്‍, അദ്ദേഹത്തെ കൊന്നതാണെങ്കില്‍, കൊന്നത് വെറും 12 വെട്ടിനാണ് എന്നത് നിസ്സംശയം പറയാന്‍ സാധിക്കും. എണ്ണിയവനു പിഴച്ചാലും വെട്ടിയവന് പിഴയ്ക്കില്ല എന്നാണ് ശാസ്ത്രം.

നിരപരാധികളായ ചെറുപ്പക്കാരെ കള്ളക്കേസില്‍ കുടുക്കുകയും കള്ളസാക്ഷികളെയും വ്യാജതെളിവുകളും നിരത്തി നിന്ദ്യയും നികൃഷ്ടവുമായ ഗൂഢാലോചനയിലൂടെ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജീവപര്യന്തം ജയിലിലടക്കുകയും ചെയ്തു എന്നത് ഇന്നാട്ടിലെ മനുഷ്യാവകാശ പ്രവര്‍ത്തകരെ ലജ്ജിപ്പിക്കേണ്ടതാണ്. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ അവരൊക്കെ പാര്‍ട്ടിയെ തകര്‍ക്കുന്നതിനു വേണ്ടി ഗൂഢാലോചന നടത്തുകയും അതിനു വേണ്ടി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം അഭിനയിക്കുകയും ചെയ്യുന്ന രമയുടെ പക്ഷത്താണ് എന്നത് ഞെട്ടിപ്പിക്കുന്നതാണ്.

ചെറുപ്പക്കാരെ ജയിലിലടച്ചതിനു പുറമേ പാര്‍ട്ടി സ്വാധീനമുള്ള കണ്ണൂരിലെ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് അവരെ മാറ്റി എന്നതും മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. വിയ്യൂരില്‍ എത്ര സെല്ലുകളില്‍ സ്മാര്‍ട്‌ഫോണ്‍ സൗകര്യവും 3ജി ഇന്റര്‍നെറ്റ് കണക്ഷനും ഫോട്ടോഷൂട്ടിനുള്ള സൗകര്യങ്ങളുമുണ്ട് എന്നന്വേഷിച്ചാല്‍ മനസ്സിലാവും ഗൂഢാലോചനയുടെ ആഴം. ഇത്തരത്തിലുള്ള ഒരു സൗകര്യവുമില്ല എന്നു മാത്രവുമല്ല അവിടുത്തെ ജയിലധികൃതര്‍ക്ക് ഈ ചെറുപ്പക്കാരോട് പേടിയോ ബഹുമാനമോ ഇല്ല എന്നതും ഞെട്ടിക്കുന്നതാണ്. അധികൃതര്‍ ഇവരെ നോക്കി സല്യൂട്ട് ചെയ്യുന്ന തരത്തില്‍ പരിഷ്‌കൃതമായ ഒരു ജയിലിലേക്ക് അവരെ മാറ്റണം എന്ന വളരെ ന്യായമായ ആവശ്യം പോലും പരിഗണിക്കുന്നില്ല എന്നത് പ്രതിഷേധാര്‍ഹമാണ്.

കേരളത്തെ നടുക്കിയ ഈ പൊലീസ് ഭീകരതയ്‌ക്കെതിരെ ജനങ്ങള്‍ സടകുടഞ്ഞുണരണം എന്നാണ് ഈ അവസരത്തില്‍ എനിക്ക് ആവശ്യപ്പെടാനുള്ളത്. യേശുക്രിസ്തുവിനെ യൂദാസ് ഒറ്റിക്കൊടുക്കുകയും ക്രിസ്തു കുരിശിലേറുകയും ചെയ്തപ്പോള്‍ അക്കാലത്തെ പരിഷ്‌കൃതസമൂഹം നിശബ്ദത പാലിച്ചതുപോലെ ഈ ചെറുപ്പക്കാര്‍ അനുഭവിക്കുന്ന പീഡനങ്ങളോട് കേരളത്തിലെ പൊതുസമൂഹവും നിശബ്ദത പാലിക്കരുത്. ക്രിസ്തുവിനും ഗാന്ധിജിക്കും പിന്നെ സുനിയേട്ടനും മനോജേട്ടനും സിജിത്തേട്ടനുമൊക്കെ സംഭവിച്ചത് ഇനിയൊരാള്‍ക്കും സംഭവിക്കരുത്. ക്രിസ്തു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റതുപോലെ ഇന്നല്ലെങ്കില്‍ നാളെ ഈ ചെറുപ്പക്കാര്‍ പരോളിലിറങ്ങും എന്നത് ആരും മറക്കരുത്.

പാകിസ്ഥാനില്‍ നിന്ന് ഒരു ലോകനായകന്‍

മലാല യൂസഫ്‌സായിയെക്കാള്‍ മികച്ച ഒരു മനുഷ്യാവകാശപ്രവര്‍ത്തക ഇനിയുണ്ടാവാനില്ലെന്ന മുന്‍വിധിയോടെ പാശ്ചാത്യ മാധ്യമങ്ങളും അവരെ അനുകരിച്ചുകൊണ്ടിരിക്കുന്ന ഏഷ്യന്‍ മാധ്യമങ്ങളും ആ പെണ്‍കുട്ടിയെ അത്യുന്നതങ്ങളില്‍ പ്രതിഷ്ഠിച്ചു പൂജിച്ചു പോയതുകൊണ്ടാവാം ഒന്‍പതാം ക്ലാസ്സുകാരനായ ഈ രക്തസാക്ഷിയെ ലോകം അവഗണിച്ചു പോകുന്നത്. സൂപ്പര്‍ഗേള്‍ ആയ മലാലയുടെ മഹത്വവും ബ്രാന്‍ഡ് മൂല്യവും നിലനിര്‍ത്തിക്കൊണ്ടു പോകുമ്പോള്‍ അത്ര തിളക്കത്തോടെ മറ്റൊരാള്‍ക്ക് ആ നിലയിലേക്ക് എത്തുക എളുപ്പവുമല്ല.

മലാലയുടെ പ്രവര്‍ത്തനങ്ങളും അവളുടെ ധീരതയും അപാരമാണെന്നതില്‍ സംശയമില്ല. പക്ഷെ, സ്വന്തം സഹപാഠികളുടെ ജീവന്‍ രക്ഷിക്കുക എന്ന നിഷ്‌കളങ്കമായ ലക്ഷ്യത്തിനു വേണ്ടി മരണത്തെ മുഖാമുഖം നേരിട്ട് രക്തസാക്ഷിയായ ഐസാസ് ഹസന്‍ എന്ന പതിനഞ്ചുകാരന്‍ മലാലയെക്കാള്‍ പതിനായിരം മടങ്ങ് ധീരനും മഹത്വമുള്ളവനുമാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു. ധീരനായ ആ കൗമാരക്കാരന്റെ ആത്മധൈര്യത്തിനും നിശ്ചയദാര്‍ഢ്യത്തിനും മുന്നില്‍ പ്രാര്‍ഥനകളോടെ തല കുനിക്കുന്നു.

സ്‌കൂളിലേക്കു വൈകി വരികയായിരുന്ന ഐസാസ് സ്‌കൂള്‍ യൂണിഫോം ധരിച്ച് അപരിചിതന്‍ സ്‌കൂളിലേക്കുള്ള വഴി ചോദിക്കുമ്പോള്‍ സംശയം തോന്നി അയാളെ പിടികൂടാന്‍ ശ്രമിക്കുമ്പോഴാണ് മനുഷ്യബോംബ് പൊട്ടിത്തെറിച്ചത്. ഗുരുതരമായി പരുക്കേറ്റ ഐസാസ് പിന്നീട് ആശുപത്രിയില്‍ മരിച്ചു. ആ സമയത്ത് സ്‌കൂളില്‍ ഏകദേശം രണ്ടായിരത്തോളം കുട്ടികള്‍ അസംബ്ലിയില്‍ പങ്കെടുത്തുകൊണ്ട് മുറ്റത്തു തന്നെ ഉണ്ടായിരുന്നു. ഐസാസ് രക്തസാക്ഷിയായില്ലായിരുന്നെങ്കില്‍ പാകിസ്ഥാനില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ 50 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു എന്ന വാര്‍ത്ത ലോകം വായിക്കേണ്ടി വന്നേനെ. നൂറും ഇരുനൂറും പേര്‍ മരിക്കുന്ന വാര്‍ത്തകള്‍ സാധാരണമായി കഴിഞ്ഞ ഇക്കാലത്ത് ഒറ്റ മരണം കൊണ്ട് അസാധാരണമായിത്തീര്‍ന്ന ഈ സംഭവം എന്തുകൊണ്ടോ ബ്രേക്കിങ് ന്യൂസ് ആവുന്നില്ല.

ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഐസാസിന്റെ പിതാവ് മകന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്കു മടങ്ങുമ്പോള്‍ പറഞ്ഞത് ഇങ്ങനെയാണ്- ഞാന്‍ നാട്ടിലേക്കു മടങ്ങുന്നത് മകന്റെ മരണത്തില്‍ കരയാനല്ല, മറിച്ച് അവന്റെ ജീവിതം ആഘോഷിക്കാനാണ്. അവന്റെ മരണം കൊണ്ട് അവന്റെ അമ്മയുടെ കണ്ണീര്‍ തോരുകയില്ല. എന്നാല്‍ നൂറു കണക്കിന് അമ്മമാരുടെ കണ്ണീരാണ് അവനില്ലാതാക്കിയത്.

മഹത്വമുള്ളവനായ ആ പിതാവിനും പ്രണാമം.

കോണ്‍സ്പിരസി തിയറി

ഗുഡ്‌മോണിങ് സര്‍…

ഗുഡ്‌മോണിങ്… എന്തായി കാര്യങ്ങള്‍ ?

പരിപാടി ആരംഭിക്കാറായി സര്‍… എല്ലാവരും റെഡിയാണ്…

പ്രതിഷേധക്കാരോ മറ്റോ ഉണ്ടോ ?

ഉണ്ട് സര്‍… ധാരാളമുണ്ട്… അവരവിടെ സമാധാനപരമായി പ്രതിഷേധിക്കുകയാണ് സര്‍…

നോക്കൂ… എന്റെ ഇമേജ് ആകെ തകര്‍ന്നു നാശമായിക്കിടക്കുകയാണ്… ഈ പ്രതിഷേധക്കാര്‍ എന്നെ തടയുകയോ കല്ലെറിയുകയോ മറ്റോ ചെയ്തിരുന്നെങ്കില്‍ എനിക്കത് മുതലെടുക്കാമായിരുന്നു…

നോ സര്‍.. ദാറ്റീസ് ഇംപോസിബിള്‍… അവര്‍ അംഹിംസാവാദികളാണെന്ന വിവരം സാറിനറിയില്ലേ… തിരുവന്തപുരത്ത് അവരുടെ സമരം നടക്കുമ്പോള്‍ നമ്മളെന്തുമാത്രം ഉപദ്രവിച്ചു അവരെ.. ഒരാളും ഒരു ചെറുവിരല്‍പോലും ഉയര്‍ത്തിയില്ല..

എനിക്കറിയാം… അവര്‍ സമാധാനപ്രിയരാണ്… പക്ഷേ…

എന്താണ് സര്‍ ? പറയൂ… സാറെന്താണ് ആലോചിക്കുന്നത് ?

അവരെ എങ്ങനെയെങ്കിലും പ്രകോപിപ്പിക്കണം… ഏതു വിധേനയെയും അവരെക്കൊണ്ട് എന്നെ കല്ലെറിയിക്കണം.. ആ സഹതാപതരംഗം വഴി ഞാന്‍ പിടിച്ചുകയറിക്കോളാം…

ഞാന്‍ ശ്രമിക്കാഞ്ഞിട്ടല്ല സര്‍.. സമരക്കാരില്‍ പലരെയും ഞാന്‍ നേരിട്ടു കണ്ടതാണ്… ആയിരവും പതിനായിരവുമൊക്കെ ഓഫര്‍ ചെയ്തിട്ടും സാറിനെ കല്ലെറിയാന്‍ അവര്‍ തയ്യാറാവുന്നില്ല സര്‍…

ഹും.. അവരെന്താ പറയുന്നത് ?

അവരെന്നെ തല്ലിയില്ലെന്നേയുള്ളൂ.. അക്രമം ഞങ്ങളുടെ മാര്‍ഗമല്ല.. സാറുമായി ആശയപരമായ എതിര്‍പ്പുള്ളതുകൊണ്ടാണ് സമരം ചെയ്യുന്നത്.. സാറിനെ എന്നല്ല ലോകത്ത് ഒരു മനുഷ്യജീവിയെയും ഉപദ്രവിക്കാനോ വേദനിപ്പിക്കാനോ അവര്‍ക്കു സാധിക്കില്ല… എന്നൊക്കെ…

ശ്ശൗ.. !

എന്തു പറ്റി സര്‍ ?

എന്റെ കണ്ണുനിറഞ്ഞു പോയെടോ…

ശരിയാണ് സര്‍… എന്റെയും കണ്ണ് അപ്പോള്‍ നിറഞ്ഞായിരുന്നു…

ഞാനീ സ്ഥാനത്തിരിക്കുന്നതുകൊണ്ടാണ്.. അല്ലെങ്കില്‍ എന്നേ ആ പാര്‍ട്ടിയില്‍ ചേര്‍ന്നേനെ..

ഇനി ഞാന്‍ സാറിനോട് ഒരു സത്യം പറയട്ടെ… മനസ്സുകൊണ്ട് ഞാനെന്നും ആ പാര്‍ട്ടിയിലാണ്… വിആര്‍എസ് എടുത്ത് ശിഷ്ടകാലം പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായി ജീവിക്കാനാണ് എനിക്കിഷ്ടം…

ഭാഗ്യവാനാണെടോ താന്‍…

താങ്ക്യൂ സര്‍…

അപ്പോ എന്റെ കാര്യമെങ്ങനാ… സ്‌പോട്ടില്‍ നിന്ന് എനിക്കു നേരെ ഒരാക്രമണം നടന്നാല്‍ എനിക്കതു ഗുണം ചെയ്യും… അവരെന്നെ ഉപദ്രവിച്ചു എന്നു വരുത്തിത്തീര്‍ത്താല്‍ അവരുടെ സത്യസന്ധവും നിര്‍വ്യാജവുമായ സമരങ്ങളുടെ മുനയൊടിക്കാന്‍ എനിക്കു സാധിക്കും…

അതു ക്രൂരതയല്ലേ സര്‍ ?

ക്രൂരതയാണ് പക്ഷേ, നമുക്കു വേറെ വഴിയില്ലല്ലോ…

ആ ചന്ദ്രശേഖരന്റെ ആത്മഹത്യ കൊലപാതകമാക്കി അവരുടെ തലയില്‍ വച്ചതു തന്നെ വലിയ ക്രൂരതയായിപ്പോയി… ഇതുകൂടിയാവുമ്പോള്‍…

ശരിയാണ്… എന്നും ക്രൂരതകള്‍ ചെയ്തിട്ടുള്ളത് നമ്മളാണല്ലോ… ഇവിടെത്തന്നെ അവരുടെ പേരില്‍ ആരോപിക്കപ്പെട്ടിട്ടുള്ള എല്ലാ അക്രമങ്ങളും നമ്മുടെ ആളുകള്‍ ചെയ്തതല്ലേ.. ഇന്നും അങ്ങനെ തന്നെ നടക്കണം…

എങ്ങനെ ?

നമ്മുടെ ആളുകളെ ആരെയെങ്കിലും അവര്‍ക്കിടയില്‍ നിര്‍ത്തിയിട്ട് കല്ലെറിയിക്കണം… അപ്പോള്‍ അത് അവരാണെന്നു നമുക്ക് പ്രചരിപ്പിക്കാം…

പക്ഷെ സാറിന്റെ ദേഹത്തൊരു തരി മണല്‍ വീഴാനവര്‍ സമ്മിക്കില്ല… മറ്റാരെങ്കിലും സാറിനെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ തടയുകയോ അവര്‍ തന്നെഅതേറ്റുവാങ്ങി രക്തസാക്ഷികളാവുകയോ ചെയ്യാന്‍ സാധ്യതയുണ്ട്…

ഇനി ഞാന്‍ പറയുന്നത് താന്‍ ശ്രദ്ധയോടെ കേള്‍ക്കണം… എന്നെ കല്ലെറിയുന്നതിനു വേണ്ടി മുംബൈ അധോലോകത്തില്‍ നിന്നു ഞാന്‍ കുറച്ചുപേരെ ഇവിടെ വരുത്തിയിട്ടുണ്ട്… കല്ലെറിയുന്നതില്‍ വളരെ വൈദഗ്ധ്യമുള്ളവരാണ് അവര്‍..

സാര്‍ സീരിയസ്സാണോ ?

അതെ, വളരെ സീരിയസ്സാണ്… അവരിപ്പോള്‍ സമാധാനമായി സമരം ചെയ്യുന്ന പ്രതിഷേധക്കാര്‍ക്കിടയില്‍ സ്ഥാനം പിടിച്ചിട്ടുണ്ടാവും.. ഞാന്‍ അതുവഴി ചെല്ലുമ്പോള്‍ അവര്‍ കാറിനു നേരെ കല്ലുകളെറിയും…

അതപകടമല്ലേ സര്‍ ?

ഒരപകടവുമില്ല… തെര്‍മോകോള്‍ കൊണ്ടുണ്ടാക്കിയ കല്ലുകളാണ് അവരെറിയുന്നത്… ഒരു ഒറിജിനാലിറ്റിക്കു വേണ്ടി…

അതുകൊണ്ടെന്തു കാര്യം സര്‍ ? അതപ്പോള്‍ തന്നെ പറന്നുപോവില്ലേ ?

ശരിയാണ്… അതിനു കാറിനുള്ളില്‍ ഞാനൊരു വലിയ കല്ലു സൂക്ഷിച്ചിട്ടുണ്ട്… അവര്‍ കല്ലെറിയുന്ന സമയത്ത് ആ കല്ലെടുത്ത് ഞാന്‍ തന്നെ കാറിന്റെ ചില്ലുകള്‍ ഇടിച്ചു പൊട്ടിക്കും…

ഈശ്വരാ….

താനിതു കണ്ടോ ?

എന്താണ് സര്‍ ഇത് ?

സിനിമയില്‍ ചോര കാണിക്കാനുപയോഗിക്കുന്ന കെമിക്കല്‍ ആണ്.. സുതാര്യമായ ഒരു ചില്ലുകുപ്പിയില്‍ ഇതു ഞാന്‍ കയ്യില്‍ സൂക്ഷിക്കും… കാറിന്റെ ചില്ലിടിച്ചു പൊട്ടിച്ചു കഴിഞ്ഞാലുടനേ ഇതു ഞാനെന്റെ നെറ്റിയില്‍ വാരിപ്പൂശും.. എന്നിട്ട് ഇതുമായി സ്റ്റേജിലിരുന്ന് പരിപാടിയില്‍ പങ്കെടുക്കും…

സാറിനെ ആക്രമിക്കുന്നവരെ സമരക്കാര്‍ പിടിച്ചുവച്ചെങ്കിലോ ? അക്രമം നടത്താന്‍ അവര്‍ ആരെയും അനുവദിക്കില്ല സര്‍..

അതിനല്ലേടോ ഞാന്‍ അധോലോകത്തു നിന്നാളെയിറക്കിയത്…

ഒരു സംശയം സര്‍..

ചോദിച്ചോളൂ…

അവരെറിയുന്ന തെര്‍മോകോള്‍ കല്ലുകള്‍ വല്ലതും കാറിനുള്ളിലോ മറ്റോ വീണാല്‍ അത് പാരയാവില്ലേ ?

തെര്‍മോകോളല്ലേ… ഈ വിന്‍ഡോയിലൂടെ അകത്തുവന്നാല്‍ കാറ്റടിച്ച് അടുത്ത വിന്‍ഡോയിലൂടെ പുറത്തു പൊയ്‌ക്കോളും.. കാറിനകത്തു ഞാന്‍ വച്ചിരിക്കുന്ന കല്ലുണ്ടാവുമല്ലോ തൊണ്ടിയായിട്ട്…

പാര്‍ട്ടിക്കാര്‍ സത്യമറിഞ്ഞാല്‍…

അറിയരുത്… ഒരിക്കലും അറിയരുത്…

നമ്മുടെ ഈ ഗൂഢാലോചന വളരെ സുതാര്യമായിരിക്കട്ടെ..

എന്നു വച്ചാല്‍ ?

തലപോയാലും വേറൊരുത്തന്‍ അറിയരുതെന്ന്…

യെസ് സര്‍…

ഗുഡ്‌ബോയ് !

ഗു(ഉ)ണ്ടപ്പോലീസ്

വൃഷണഭേദകരായ ഏതാനും പൊലീസുകാര്‍ ചേര്‍ന്ന് കരുത്തുറ്റ സംസ്ഥാന പൊലീസ് സേനയുടെ ആസ്ഥനമര്‍മം ചവുട്ടിപ്പൊട്ടിച്ചിരിക്കുകയാണ്. എസ്‌ഐ വിജയദാസ് ഒരു കൊച്ചുസസ്‌പെന്‍ഷനും ഒരു സഖാവിന്റെ ഉണ്ട പൊട്ടിച്ചതിന്റെ പ്രൗഢിയുമായി ഇനി ഏതാനും ദിവസം വീട്ടിലിരിക്കും. രാഷ്ട്രീയപരമായി ചീഞ്ഞു നാറുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഏതാനും ചീമുട്ടകളില്‍ നിന്നു രക്ഷിക്കുവാനുള്ള പോരാട്ടത്തില്‍ രക്തസാക്ഷിയായ വിജയദാസന്‍ സാറിന് ഒരായിരം വലതുപക്ഷ പൂച്ചെണ്ടുകള്‍ വഴിയേ ലഭിക്കും.

ഇത്തരം ദിവസങ്ങളില്‍ നമ്മള്‍ വായിക്കേണ്ട പത്രമാണ് ദേശാഭിമാനി. സഖാവിനേറ്റ പൊലീസ് പീഡനത്തെ വിശദാംശങ്ങള്‍ വിട്ടുകളയാതെ പാര്‍ട്ടി പത്രം വര്‍ണിച്ചിട്ടുണ്ട്. ‘മെഡിക്കല്‍ കോളേജ് തോപ്പില്‍ ഗാര്‍ഡന്‍ തോപ്പില്‍പുത്തന്‍വീട്ടില്‍ ജയപ്രസാദിനെ (32) യാണ് പൊലീസ് മനുഷ്യത്വഹീനമായി മര്‍ദിച്ചത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയപ്പോള്‍ ഷര്‍ട്ട് ഊരി വീശിയതിനെത്തുടര്‍ന്ന് ജയപ്രസാദിനെ വളഞ്ഞുപിടിച്ച പൊലീസ് തൂക്കിയെടുത്തു. കാര്‍ഷിക മൊത്തവിതരണകേന്ദ്രത്തിന്റെ പ്രധാന കവാടത്തിലുള്ള സെക്യൂരിറ്റി റൂമിനു സമീപത്തേക്ക് കൊണ്ടുപോയി തലങ്ങും വിലങ്ങും മര്‍ദിച്ചു. യൂണിഫോമിലും മഫ്തിയിലുമുള്ള പൊലീസുകാര്‍ ആക്രമണസംഘത്തിലുണ്ടായിരുന്നു. തുമ്പ സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ സി വിജയദാസാണ് ജയപ്രസാദിന്റെ ജനനേന്ദ്രിയത്തില്‍ തൊഴിച്ചതും ലാത്തിക്ക് കുത്തിയതും. പലപ്രാവശ്യം ഇയാളുടെ ജനനേന്ദ്രിയത്തില്‍ തൊഴിച്ച പൊലീസ് പാന്റ്‌സിന്റെ സിബ് ഊരി ജനനേന്ദ്രിയത്തില്‍ ലാത്തികൊണ്ട് കുത്തി. ‘

മാധ്യമങ്ങളില്‍ വന്ന ചിത്രങ്ങളും വിഡിയോയും ഒക്കെ നോക്കിയാല്‍ പൊലീസുകാര്‍ സഖാവിന്റെ ജനനേന്ദ്രയം ലക്ഷ്യമാക്കി ആക്രമണം നടത്തുന്നത് വളരെ വ്യക്തമായി കാണാം. ജനനേന്ദ്രിയുമായി ബന്ധപ്പെട്ട് എന്തോ മാനസികപ്രശ്‌നമുള്ളതാവാം ടി പൊലീസുകാരെ ഈ പ്രക്രിയയ്ക്ക് പ്രേരിപ്പിച്ചത്. എന്തായാലും ഉണ്ടപ്പോലീസിന്റെ ഈ ത്രിബിള്‍ എക്‌സ് മുറയ്ക്കുള്ള മറുപടി കേരളത്തിലങ്ങളോളമിങ്ങോളമുള്ള പൊലീസുകാരോടായിരിക്കും വിപ്ലവവീര്യമുള്ള സഖാക്കള്‍ പറയാന്‍ പോകുന്നത്.

ജനമൈത്രി പൊലീസിന്റെയും കേരളത്തിലെ മറ്റ് അനേകം പൊലീസുകാരുടെയും അധ്വാനഫലമായി പൊലീസിനുണ്ടായിരുന്ന ചീത്തപ്പേര് മാറിവന്നുകൊണ്ടിരിക്കുകയായിരുന്നു. മൂന്നാം മുറ പ്രയോഗിക്കാത്ത, മനുഷ്യത്വപരമായി പെരുമാറുന്ന, കനിവും മനസാക്ഷിയുമുള്ള ഒരു പൊലീസ് തലമുറയുടെ സല്‍പേരാണ് വൃഷണദാഹിയായ വിജയരാജന്‍ സാറിന്റെ കൈകളില്‍ ഉടഞ്ഞുതീര്‍ന്നത്. എത്രയോ സമരമുഖങ്ങളില്‍ സമരക്കാര്‍ അങ്ങേയറ്റം പ്രകോപിപ്പിച്ചിട്ടും സംയമനം കൈവിടാതെ നിന്നു ക്രമസമാധാം കാത്തുസൂക്ഷിച്ച കേരളാ പൊലീസിന്റെ സല്‍പേരാണ് ഒറ്റദിവസം കൊണ്ട് നശിപ്പിച്ചിരിക്കുന്നത്.

പൊലീസ് തല്ലിയതിനേ ഉള്ളോ കുഴപ്പം, മുഖ്യമന്ത്രിയെ ചീമുട്ടയെറിഞ്ഞതില്‍ കുഴപ്പമില്ലേ എന്നാണ് ഭരണകൂടവാദികള്‍ ചോദിക്കുന്നത്. പ്രതിഷേധിക്കുന്നവര്‍ ഏതു തരത്തില്‍ പ്രതിഷേധിക്കുമെന്നു മനസിലാക്കുന്നതും അത്തരം പ്രതിഷേധങ്ങളുടെ അപകടങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക എന്നത് പൊലീസിന്റെയും ഇന്റലിജന്‍സ് വിഭാഗങ്ങളുടെയും കടമയാണ്. ചീമുട്ടകള്‍ മുഖ്യമന്ത്രിക്ക് ബോംബിനെക്കാള്‍ ഭയാനകം ആണെന്നുണ്ടെങ്കില്‍ അത് ടിയാന്റെ മേല്‍ വീഴാതെ നോക്കുകയാണ് പൊലീസ് വേണ്ടത്. അല്ലാതെ കയ്യില്‍ കിട്ടിയ ഒരുത്തനെ പിടിച്ചുകൊണ്ടുപോയി കുറേപ്പേര്‍ അയാളെ പിടിച്ചു നിര്‍ത്തുകയും വേറൊരുത്തന്‍ അയാളുടെ ജനനേന്ദ്രിയത്തോടു യുദ്ധം ചെയ്യുന്നതും ഗുണ്ടായിസത്തെക്കാള്‍ ചീഞ്ഞ ഏര്‍പ്പാടാണ്. കേരളത്തിനാകെ നാണക്കേടാണ്.

എന്തു തന്നെ സംഭവിച്ചാലും രാജിവയ്ക്കില്ല എന്നുറച്ച തീരുമാനമെടുത്തിരിക്കുന്ന, എല്ലാത്തരം എതിര്‍പ്പുകളെയും പോസിറ്റീവായി കണ്ട് ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടി രാപ്പകലില്ലാതെ അധ്വാനിക്കുന്ന മുഖ്യമന്ത്രി പണ്ടത്തേതുപോലെ ഇപ്പോഴും എനിക്കൊരു വിസ്മയമാണ്. ഈ കരിങ്കൊടികളും ചീമുട്ടയും നാറിയ വിവാദങ്ങളും ഗ്രൂപ്പ് കളിയുമെല്ലാം കണ്ടിട്ടും പിന്നെയും ആത്മവിശ്വാസത്തോടെ മുഖ്യമന്ത്രി കസേരയില്‍ അദ്ദേഹത്തിനിരിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അത് ഒരു സംഭവമാണ്. എന്തായാലും, പൊലീസുകാരന്‍ സഖാവിന്റെ ഉണ്ടയ്ക്കു കുത്തിപ്പിടിച്ചിരിക്കുന്ന ചിത്രം ഒരു കലാസൃഷ്ടിപോലെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് തന്റെ ഓഫിസില്‍ ചില്ലിട്ടു സൂക്ഷിക്കാം. എല്ലാം പോസിറ്റീവായി കാണുന്ന അദ്ദേഹത്തിന് ആ ചിത്രം കാണുമ്പോള്‍ പോസിറ്റീവായി വല്ലതും തോന്നിയാല്‍ അത്രയുമായില്ലേ ?

ഇന്ത്യയുടെ വീരപുത്രന്‍മാര്‍

പാകിസ്ഥാന് സ്വപ്‌നം കാണാന്‍ കഴിയാത്ത ഭാഗ്യമാണ് വന്നു ചേര്‍ന്നിരിക്കുന്നത്. സരബ്ജിത് സിങ്ങിനെ പാകിസ്ഥാനിലെ ജയിലില്‍ സഹതടവുകാര്‍ തല്ലിക്കൊന്നതിനു പകരമായി ജമ്മുവിലെ ജയിലില്‍ പാക് തടവുകാരനെ കൊലക്കേസ് പ്രതിയായ ഇന്ത്യന്‍ തടവുകാരന്‍ തല്ലിച്ചതച്ചിരിക്കുന്നു. ടിയാനും കോമയിലാണ്. അജ്മല്‍ കസബിനെ പൊന്നുപോലെ നോക്കാന്‍ 80 കോടി രൂപ ചെലവഴിച്ചതിന്റെ പുണ്യമൊന്നും ഇനി പറയേണ്ട. പാകിസ്ഥാന്‍ എത്രത്തോളം കുത്തഴിഞ്ഞ രാജ്യമാണോ അത്രത്തോളം കുത്തഴിഞ്ഞ രാജ്യമാണ് ഇന്ത്യയും എന്നു നമ്മള്‍ ലോകത്തിനു കാണിച്ചു കൊടുത്തിരിക്കുന്നു. തടവുകാരെ തല്ലിക്കൊല്ലുന്ന കളിയില്‍ ഇന്ത്യയും പാകിസ്ഥാനും പുതിയ ടൂര്‍ണമെന്റ് ആരംഭിച്ചത് ലോകമാധ്യമങ്ങള്‍ ആഘോഷിക്കും. ഇന്ത്യ-പാകിസ്ഥാന്‍ ശത്രുതയുടെ നേരേ നോക്കി മൂക്കത്ത് വിരല്‍ വച്ച് അവര്‍ കഷ്ടമെന്നു പറയും.

സരബ്ജിത് സിങ്ങിനെ കൊന്നതിനു പകരമായി ഇന്ത്യന്‍ ജയിലില്‍ ഒരു പാക് തടവുകാരനെ കൊല്ലുകയാണ് വേണ്ടത് എന്ന പ്രാകൃതനീതിയില്‍ വിശ്വസിക്കുന്ന ജനങ്ങള്‍ ഇതില്‍ മനസ്സുകൊണ്ടെങ്കിലും സന്തോഷിച്ചേക്കാം, എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ നാണക്കേടുകളിലൊന്നായി ഇത് ചരിത്രത്തിലെഴുതി ചേര്‍ക്കപ്പെടും. സരബ്ജിത് സിങ്ങിന്റെ രക്തസാക്ഷിത്വത്തിന് ഇനി എവിടെയാണ് വില ? സരബ്ജിതിനെ വീരപുത്രന്‍ എന്നു വിശേഷിപ്പിച്ച ഡോ.മന്‍മോഹന്‍ സിങ് മരണത്തോടു മല്ലിടുന്ന സനൗഉള്ള ഹഖിനെ എന്തു വിശേഷിപ്പിക്കും ? പാക് തടവുകാരനെ ആക്രമിക്കാന്‍ സഹതടവുകാരനായ വിനോദിനെ പ്രേരിപ്പിച്ചത് സരബ്ജിത് സിങ്ങിന്റെ കൊലപാതകം ആണെങ്കില്‍ അതിദേശീയവാദികള്‍ക്ക് വിനോദിനെയും വീരപുത്രന്‍ എന്നു വിളിക്കാം. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നമുക്കു വേണ്ടത് വീരപുത്രന്‍മാരല്ല, നാടിനെ ഒറ്റുകൊടുക്കാത്ത മനുഷ്യസ്‌നേഹികളെയാണ്.

ക്ഷമയോടെ, കരുതലോടെ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരെയും ഇന്ത്യയുടെ പ്രതിരോധസംവിധാനത്തെയും ആഭ്യന്തരസുരക്ഷയെയുമെല്ലാം വെല്ലുവിളിക്കുന്നതാണ് ജമ്മു ജയിലില്‍ മുന്‍സൈനികന്‍ കൂടിയായ ഇന്ത്യന്‍ തടവുകാരന്‍ നടത്തിയ മര്‍ദനം. നയതന്ത്രശേഷിയില്ലാത്ത ഭരണാധികാരികള്‍ വിഡ്ഡിത്തം കണ്ടു നില്‍ക്കുന്നതും വി്ഡിത്തം പുലമ്പുന്നതും രാജ്യത്തെ പൗരന്‍മാര്‍്ക്കു തന്നെ നാണക്കേടാണ്. സരബ്ജിത് സിങ്ങിനെ ആക്രമിച്ചതില്‍ പാകിസ്ഥാന് വലിയ ദുഖമൊന്നും കണ്ടില്ലല്ലോ അപ്പോള്‍ എന്തിന് ഈ പാക് തടവുകാരന്റെ പേരില്‍ ദുഖിക്കുന്നു എന്നു ചിലര്‍ക്കു സംശയമുണ്ടാകാം. സരബ്ജിതിനെ മര്‍ദിച്ചതിനു പകരമായി മറ്റൊരു തടവുകാരനെ മര്‍ദിക്കുന്നതിന് നീതികരണമൊന്നുമില്ല. ഇന്ത്യക്കാരന്‍ പാകിസ്ഥാന്‍കാരനെ കൊന്നാലോ പാകിസ്ഥാന്‍കാരന്‍ ഇന്ത്യക്കാരനെ കൊന്നാലോ ഇല്ലാതാവുന്നത് ശത്രുതയും വിദ്വേഷവുമല്ല, മനുഷ്യജീവനുകളാണ്.

സബ്ജിത് സിങ്ങിനു നീതി കിട്ടിയില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. പാകിസ്ഥാന്‍ എന്ന രാജ്യത്തിനുള്ളില്‍ എന്തും സംഭവിക്കാം എന്നിരിക്കെ അവിടെ ഇന്ത്യന്‍ തടവുകാരന്‍ കൊലപ്പെട്ടതും കസബിനെപ്പോലൊരു ഭീകരനെപ്പോലും വിഐപി പരിഗണനയില്‍ തീറ്റി വളര്‍ത്തിയ, ലോകശക്തികളിലൊന്നായ ഇന്ത്യയില്‍ പാകിസ്ഥാനിലേതിനു സമാനമായ സാഹചര്യത്തില്‍ ഒരു തടവുകാരന്‍ ആക്രമിക്കപ്പെടുന്നതും തമ്മില്‍ ചെറുതല്ലാത്ത വ്യത്യാസമുണ്ട്. രണ്ടു വയസ്സുകാരിയെ മുതല്‍ തൊണ്ണുറുകാരിയെ വരെ ബലാല്‍സംഗം ചെയ്തു കൊല്ലുന്ന കാമഭ്രാന്തന്‍മാരുടെയും ലക്ഷം കോടികളുടെ അഴിമതി നടത്തുന്ന രാഷ്ട്രീയക്കാരുടെയും ഇന്ത്യയ്ക്ക് അഭിമാനിക്കാന്‍ ദി നെക്‌സ്റ്റ് ഗാന്ധിയും മദര്‍ തേരേസയ്ക്കു ശേഷം ഇന്ത്യയുടെ രക്ഷകയായെത്തിയ സോണിയാജിയും മണ്ടന്‍കുണാപ്പന്‍മാരായ ഇന്ത്യന്‍ കഴുതകളെ എക്കണോമിക്‌സ് പഠിപ്പിച്ച പ്രധാനമന്ത്രിയും മാത്രമേയുള്ളൂ എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. സരബ്ജിതിന്റെ മരണത്തോടെ പൗരന്‍മാര്‍ക്കു മുന്നില്‍ ഇന്ത്യന്‍ നയതന്ത്രം തോറ്റുപോയെങ്കില്‍ ഈ ആക്രമണത്തോടെ ലോകസമൂഹത്തിനു മുന്നിലും നമ്മള്‍ തോറ്റിരിക്കുന്നു. ലജ്ജിച്ചു തലതാഴ്ത്തുകയല്ലാതെ മറ്റൊന്നും നമുക്ക് ചെയ്യാനില്ല.

ഭരണകൂടനിസ്സംഗതയുടെ രക്തസാക്ഷി

ഇന്ത്യ-പാക്കിസ്ഥാന്‍ കപടനാടകങ്ങളുടെയും ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത മുതലാക്കി രാഷ്ട്രീയലാഭം കൊയ്യുന്ന രാഷ്ട്രീയകക്ഷികളുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങളുടെയും രക്തസാക്ഷിയാണ് പാകിസ്ഥാന്‍ ജയിലില്‍ തടവുകാര്‍ തല്ലിക്കൊന്ന സരബ്ജിത് സിങ്. അദ്ദഹത്തിന്റെ രക്തം കൊണ്ട് അധികാരിവര്‍ഗം ചുണ്ടു നനയ്ക്കും എന്നല്ലാതെ ഇരുരാജ്യങ്ങളും തമ്മിലുളള പ്രശ്‌നം ലഘൂകരിക്കപ്പെടുകയോ ഇരകള്‍ക്കു നീതി ലഭിക്കുകയോ ചെയ്യുകയില്ല.

സരബ്ജിത് സിങ്ങിന്റെ കൊലപാതകത്തെക്കാള്‍ ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ എന്നെ അമ്പരപ്പിക്കുന്നതും ഭയപ്പെടുന്നതും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പ്രസ്താവനയാണ്. സരബ്ജിത്ത് സിങ് ഇന്ത്യയുടെ ധീരപുത്രനാണെന്നാണ് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് പ്രഖ്യാപിച്ചത്. 22 വര്‍ഷമായി പാകിസ്ഥാന്‍ ജയിലില്‍ കിടന്നിട്ടും ഒരു ചുക്കും ചെയ്യാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല എന്നിരിക്കെ ഭീകരശൈലിയില്‍ അദ്ദേഹത്തെ പാകിസ്ഥാന്‍ കൊലപ്പെടുത്തിയതിനു ശേഷം ഇത്തരം ഗീര്‍വാണങ്ങള്‍ അടിച്ചുവിടുന്നത് ശേഷിക്കുറവിന്റെ പ്രകടനമാണ്. ഡോ. മന്‍മോഹനെ ലോകത്തിലെ കരുത്തരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന എമ്പോക്കികളെ സ്തുതിക്കണം. സരബ്ജിത് സിങ് ഇന്ത്യക്കാരന്റെ ഗതികേടിന്റെ പ്രതീകമാണ്. ഭരണം എന്നത് സബ്‌സിഡി എടുത്തു കളയലും സാമ്പത്തിക പരിഷ്‌കാരങ്ങളും മാത്രമാണെന്നു വിശ്വസിക്കുന്നവര്‍ നാടുഭരിക്കുമ്പോള്‍ സരബ്ജിത് സിങ് എന്നല്ല ഓരോ പൗരനും ഇതേ വിധിയാണ് കാത്തിരിക്കുന്നത്.

അംബാനിയുടെ രോമത്തിനോ മല്യയുടെ പെണ്ണുങ്ങളുടെ പാന്റീസിനോ രാഹുല്‍മോന്റെയോ റോബര്‍ട്ട് മരുമോന്റെയോ നിഴലിനോ ഭീഷണിയില്ലാത്തിടത്തോളം ഈ സര്‍ക്കാര്‍ സോഡ കുടിച്ച് വിശ്രമിക്കും. നീതി എന്നത് വ്യത്യസ്തമായി ഓരോ പൗരനും വ്യത്യസ്തമായി അനുഭവപ്പെടുന്നിടത്തോളം കാലം സമത്വത്തിന്റെ പേരിലുള്ള അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണ്. അംബാനിക്ക് സെഡ് കാറ്റഗറി സുരക്ഷ നല്‍കാന്‍ സാധാരണക്കാരന്റെ നികുതിപ്പണം എടുത്തുപയോഗിക്കാന്‍ മടിയില്ലെന്നു തെളിയിച്ച സര്‍ക്കാര്‍ സരബ്ജിത് സിങ് മരണപ്പെട്ടതിലൂടെയും ചില ലാഭങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടാവും.

സരബ്ജിത് സിങ്ങിനെ മഹത്വവല്‍ക്കരിക്കുന്നതും ധീരനായകനായി ചിത്രീകരിക്കുന്നതും പാകിസ്ഥാനെതിരേ ആക്രോശിക്കുന്നതും ഉള്‍പ്പെടെയുള്ള പ്രകടനങ്ങള്‍ അദ്ദേഹം അര്‍ഹിക്കുന്നില്ല എന്നല്ല. 22 വര്‍ഷക്കാലം ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് നിരപരാധിയായ സരബ്ജിത് സിങ്ങിനു വേണ്ടി ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലെങ്കില്‍ ഈ സമയത്ത് അദ്ദേഹത്തെ വീരപുത്രനാക്കി പ്രഖ്യാപിച്ച് മുതലെടുപ്പിനു ശ്രമിക്കുന്നത് ലജ്ജാകരമാണ്. പാകിസ്ഥാന്‍ ആരോപിക്കുന്നതുപോലെ പാകിസ്ഥാനില്‍ സ്‌ഫോടനം നടത്തിയത് സരബ്ജിത് ആയതുകൊണ്ടാണ് ഇന്ത്യ ഇതുവരെ കാര്യമായൊന്നും ചെയ്യാത്തതെങ്കില്‍ ഈ സമയത്ത് സരബ്ജിത്തിനെ വീരപുത്രന്‍ എന്നു വിശേഷിപ്പിക്കുന്നതും ശരിയല്ല.

പാകിസ്ഥാന്‍ ഒരു രാജ്യമെന്ന നിലയില്‍ ലോകത്തിനു തന്നെ നാണക്കേടാണെന്നു തെളിയിച്ചു കഴിഞ്ഞതാണ്. അവരുടെ പരാജയങ്ങളുടെ പട്ടികയിലേക്ക് ഇതു കൂടി എഴുതിച്ചേര്‍ക്കപ്പെടും എന്നല്ലാതെ സരബ്ജിത്തിന്റെ കൊലപാതകം അവര്‍ക്ക് മറ്റൊന്നും നേടിക്കൊടുക്കില്ല. ഇന്ത്യയെ സംബന്ധിച്ച് ലജ്ജാകരമായ വലിയൊരധ്യായത്തിന്റെ അപമാനകരമായ അന്ത്യം ആണിത്. സരബ്ജിത്തിനു പാര്‍ട്ടി മെമ്പര്‍ഷിപ് നല്‍കി അടുത്ത തിരഞ്ഞെടുപ്പിനു പോസ്റ്ററടിക്കാനിരിക്കുന്ന ചോരകുടിയന്‍മാരായ രാഷ്ട്രീയനേതാക്കന്‍മാരേ നിങ്ങളെയോര്‍ത്ത് ലജ്ജിക്കാനല്ലാതെ ഈ ജനതയ്ക്ക് മറ്റൊന്നുമാവില്ല. പുഷ്പചക്രങ്ങളും മെഴുതിരി പ്രദക്ഷിണങ്ങളും ഔദ്യോഗികബഹുമതികളും ചിലപ്പോഴെങ്കിലും അര്‍ഥശൂന്യവും അടിസ്ഥാനരഹിതവും, നീതി നിഷേധിക്കപ്പെട്ട പരേതന്റെ മൃതശരീരത്തിന് അപമാനകരവുമായേക്കാം.

ഇടിക്കുന്ന അമൃത കേസെന്നു കേട്ടാല്‍ പേടിക്കരുത്

തന്നെ കമന്റടിച്ച പൂവാലന്‍മാരെ തെരുവിലിട്ടു തല്ലി സാസ്‌കാരിക കേരളത്തിന്റെ ഉണ്ണിയാര്‍ച്ചയായി മാറിയ അമൃത എന്ന യുവതി കേവലം കേരള പൊലീസ് എന്നു കേട്ടാല്‍ ബോധം കെട്ടു വീഴുമെന്ന് എനിക്കു തോന്നുന്നില്ല. അമൃതയ്‌ക്കെതിരേ കേസെടുക്കാനുള്ള കോടതി ഉത്തരവിനോടുള്ള ആളുകളുടെ പ്രതികരണങ്ങള്‍ കാണുമ്പോള്‍ അമൃത ഇടിക്കാന്‍ മാത്രം അറിയാവുന്ന ഒരു കൊച്ചാണെന്നു തോന്നും. കഴിഞ്ഞ ദിവസം മൂല്യബോധന അധ്യാപകന്റെ പ്രബോധനങ്ങള്‍ക്കെതിരേ കൂവി ഇറങ്ങിപ്പോയ ആര്യയും അമൃതയുമൊക്കെ അങ്ങനെ ചെയ്തതിന്റെ കാരണങ്ങള്‍ ഒന്നു തന്നെ ആണെങ്കില്‍ ഈ കേസ് അമൃതയ്ക്ക് ആവേശം പകരുകയേ ഉള്ളൂ. കാരണം, ഇടിക്കാനുള്ള അവകാശത്തിനു വേണ്ടിയല്ല, പൊതുസമൂഹത്തില്‍ അപമാനിക്കപ്പെട്ടതിന്റെ പേരിലാണ് ഇവരൊക്കെ പ്രതികരിച്ചത്. പിന്നെ കേസെടുത്തു എന്നതിന്റെ അര്‍ഥം അമൃതയെ തൂക്കിക്കൊല്ലാന്‍ പോകുന്നു എന്നല്ല. കോടതിയില്‍ തനിക്ക് ഇടിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കാനും മറ്റു സ്ത്രീകള്‍ക്ക് മാതൃകയാവാനും ഈ കേസ് അമൃതയെ സഹായിക്കട്ടെ എന്നേ പറയാനുള്ളൂ.

സൂര്യനെല്ലി കേസിലെ ഇരയെ ബാലവേശ്യ എന്നു വിളിക്കാന്‍ തക്കവിധം പക്വതയുള്ള മാന്യന്‍മാരുടെ കേരളത്തില്‍ മാനം രക്ഷിക്കാന്‍ വേണ്ടി കൈയുയര്‍ത്തിയ സ്ത്രീയെയും തുറുങ്കിലടയ്ക്കണമെന്നു ചില ശുംഭന്‍മാര്‍ക്കു തോന്നിയാല്‍ അതില്‍ അതിശയിക്കാനില്ല. കെ.സുധാകരന്റെ സെപ്റ്റിക് ടാങ്ക് പ്രഭാഷണങ്ങള്‍ കേട്ടിട്ട് ഒരു കോടതിക്കും ഒരു മന്ത്രിക്കും അയാള്‍ പറയുന്നത് സ്ത്രീവിരുദ്ധവും മനുഷ്യത്വരഹിതവുമായ കാര്യങ്ങളാണെന്ന് അഭിപ്രായമുണ്ടായില്ല എന്നിരിക്കെ അമൃതക്കെതിരേ കേസെടുക്കുക കൂടി ചെയ്യുന്നത് നമ്മുടെ യഥാര്‍ത്ഥ നിലപാട് എന്താണ് എന്നുള്ളതിന് ഒരു സ്ഥിരീകരണമാണ്. പെണ്ണുപിടിയന്‍മാരും കാമവെറിയന്‍മാരും തിങ്ങി നിറഞ്ഞിരിക്കുന്ന കേരളത്തിലെ മാന്യവേഷം കെട്ടിയ ചെറ്റകളെ നോക്കി പ്രബുദ്ധകേരളമെന്നും സാംസ്‌കാരിക കേരളമെന്നു മൊക്കെ വര്‍ണിക്കുന്നത് നികൃഷ്ടമാണ്. നമുക്കങ്ങനെ അമ്മയെന്നോ പെങ്ങളെന്നോ ഒന്നുമില്ല. തങ്ങള്‍ കാമദേവന്‍മാരാണെന്നു വിശ്വസിക്കുന്ന ശീഘ്രസ്ഖലനക്കാരായ ഞരമ്പുരോഗികള്‍ക്ക് എല്ലാ സ്ത്രീകളും വേശ്യകളാണ്. ഇതിനെയാണ് കേരള മോഡല്‍ എന്നു വിശേഷിപ്പിക്കേണ്ടത്.

ഔഗ്യോദിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ് അമൃതയ്‌ക്കെതിരേ കേസ് എടുത്തത് എന്നു വാര്‍ത്തകളില്‍ കാണുന്നു. ഖദറിട്ട നേതാക്കന്‍മാര്‍ കൂട്ടത്തോടെ പി.ജെ.കുര്യനെ മഹത്വവല്‍ക്കരിക്കാനും സൂര്യനെല്ലി പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടിയെ വേശ്യയായി ചിത്രീകരിക്കാനും ശ്രമിക്കുന്നതിന്റെ ഒരു തുടര്‍ച്ചയായേ ഇതിനെയും കാണാനാവൂ. കെ.സുധാകരനെപ്പോലെ ഒരു പൊതുപ്രവര്‍ത്തകന്‍ നെഞ്ചുവിരിച്ചു നടക്കുമ്പോള്‍ അത് അയാളുടെ വ്യക്തിപരമായ നിലപാടാണെന്നും പി.ജെ.കുര്യനു പിന്നില്‍ ഞങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കുമെന്നൊക്കെ പറയുന്ന നേതാക്കന്‍മാര്‍ ഭരിക്കുമ്പോള്‍ സ്ത്രീകളെ ഉപദ്രവിക്കുന്നത് ഔദ്യോഗികകൃത്യനിര്‍വഹണമായി വിശേഷിപ്പിക്കുന്നത് യാദൃച്ഛികമാവാം, പക്ഷെ സ്വാഭാവികമായേ തോന്നൂ.

മൂല്യബോധക പരിശീലകന്‍ ഡോ.രജിത് കുമാറിന്റെ വങ്കത്തരങ്ങളും അമൃതയുടെ ഇടിയും സൂര്യനെല്ലി പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായിക്കൊണ്ടിരിക്കെ ഇറങ്ങിയോടാത്തതിന്റെ കാരണങ്ങളും വിശകലനം ചെയ്യുന്ന വലിയൊരു സമൂഹം ഇവിടെയുണ്ട് എന്നത് നിരാശാജനകമാണ്. സ്‌റ്റെപ്പ് ചാടിയിറങ്ങിയാല്‍ ഗര്‍ഭപാത്രം തിരിഞ്ഞുപോകുമെന്നു പറയുന്നവന്റെ സദുദ്ദേശം ഇഴകീറി പരിശോധിക്കുന്ന കുറിപ്പുകള്‍ കഴിഞ്ഞ ദിവസം കണ്ടിരുന്നു. അതുപോലെ തന്നെ അമൃതയുടെ കേസിലും ഇടിയുടെ ആഘാതമെത്ര ? സര്‍ക്കാര്‍ വണ്ടിയില്‍ വന്നവര്‍ കമന്റടിക്കുമോ ? അമൃത ബ്ലാക്‌ബെല്‍റ്റ് ഉള്ളതിന്റെ അഹങ്കാരത്തില്‍ ഇടിച്ചതല്ലേ ? എന്നിങ്ങനെയുള്ള ചോദ്യങ്ങളും വിശകലനങ്ങളും വളരെ സജീവമാണ്. ഇവിടെ അമൃതയുടെ അഹങ്കാരമല്ല, പുരുഷകേന്ദ്രീകൃതമായ സങ്കുചിതത്വമാണ് ആ സ്റ്റണ്ട് സീനിനെ ഷോട് ബൈ ഷോട് എടുത്തു പരിശോധിക്കുന്നത്. എനിക്ക് സത്യത്തില്‍ ആ ഇടികൊണ്ട സാധുക്കളോട് സഹതാപമേയുള്ളൂ. പെണ്ണിന്റെ കയ്യില്‍ നിന്ന് ഇടിയും കൊണ്ടിട്ട് വന്നു നിന്നു മോങ്ങുന്നതിന്റെ ദൈന്യത ഹീനമായ ഒന്നാണ്.

അമൃത ഇടിച്ചവര്‍ക്ക് നീതി വേണ്ടേ എന്നാണിപ്പോള്‍ പലരും ചോദിക്കുന്നത്. കേരളത്തിലെ ഒരു പൊതുനിലവാരം അനുസരിച്ച് ഇത്തരം കേസുകളിലോ സമാനമായ കേസുകളിലോ എത്ര സ്ത്രീകള്‍ക്ക് നീതി കിട്ടിയിട്ടുണ്ട് എന്നു പരിശോധിക്കുക. നമ്മുടെ മുന്നില്‍ നീതി നേടിയവര്‍ കുറവാണ്. അല്ലെങ്കില്‍ ആരുമില്ല എന്നു തന്നെ പറയാം. കണ്ണു തുറന്നു നോക്കിയാല്‍ ഇരകള്‍ മരിച്ചതും ജീവനോടെയുള്ളതുമായി വലിയൊരു സമൂഹമാണ്. ആ സ്ഥിതിക്ക് അമൃതയുടെ ബ്ലാക്ക് ബെല്‍റ്റ് ഇടി കൊണ്ടവരോട് കണക്കായിപ്പോയി എന്നേ പറയാനുള്ളൂ. അമൃത നിയമം കയ്യിലെടുത്തു എന്നത് നിയമപരമായി തെറ്റായിരിക്കാം, പക്ഷെ അമൃതയ്ക്ക് അന്തസ്സോടെ നടക്കാന്‍ കഴിയുന്നത് രാത്രി പത്തരയ്ക്ക് നിയമം കയ്യിലെടുത്തതുകൊണ്ടാണ് എന്നത് നിഷേധിക്കാനുമാവില്ല. ഇനിയും ഇത്തരം അവസരങ്ങളില്‍ കുറച്ചുകൂടി സ്‌ട്രോങ്ങായി ഇടിക്കണം എന്നാണ് എനിക്ക് അമൃതയോട് പറയാനുള്ളത്. ഇതിന്റെ പേരില്‍ ഉണ്ടാവുന്ന കേസുകള്‍ ഓരോ അവാര്‍ഡ് ആയി കരുതാം.

ട്രെയിനില്‍ വച്ച് പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യ കരാട്ടേ പഠിച്ചിരുന്നെങ്കില്‍ ഗോവിന്ദച്ചാമിയെ ട്രെയിനില്‍ നിന്നു തൊഴിച്ചു തെറിപ്പിച്ചേനെ. അങ്ങനെ ചെയ്തിരുന്നെങ്കില്‍ നാടോടിയായ വികലാംഗനെ അഹങ്കാരം കൊണ്ട് ആക്രമിച്ചതിന് സൗമ്യ ഇപ്പോള്‍ അകത്തു കിടന്നേനെ. സ്ത്രീകള്‍ കരാട്ടേ എന്നല്ല ഒരു പ്രതിരോധമാര്‍ഗങ്ങളും പഠിക്കരുത്. ഞങ്ങള്‍ ഉപദ്രവിക്കുമ്പോള്‍ അരുതേ അരുതേ എന്ന ഭാവത്തോടെ കരയുക മാത്രമേ ചെയ്യാവൂ.

മാഫിയ: ബൈ ദി പീപ്പിള്‍, ഫോര്‍ ദി പീപ്പിള്‍

മണല്‍ക്കടത്ത് ഒരു കലയാണ്. കേരളത്തിലെ സാമൂഹിജീവിതം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത് ഈ കലാകാരന്‍മാരാണ് എന്നു വേണമെങ്കില്‍ പറയാം. മണല്‍മാഫിയ ജനങ്ങളുടെ നെഞ്ചത്തുകയറുമ്പോള്‍ നമ്മള്‍ രോഷാകുലരാവും. വീടുപണിയാന്‍ മണല്‍ അത്യാവശ്യമായി വരുമ്പോള്‍ നമ്മള്‍ അവരുടെ ആരാധകരാവും. മണലിന് ആവശ്യക്കാരായ മാന്യന്‍മാര്‍ എക്കാലവും നാട്ടിലുള്ളതുകൊണ്ട് മണല്‍മാഫിയ എന്നും ആരാധകരുടെ നടുവില്‍ ജീവിക്കുന്ന സമൂഹമായി. അപ്പോള്‍, മണല്‍ പിടിക്കാന്‍ രാത്രി അന്യവാഹനത്തില്‍ പിന്‍തുടര്‍ന്ന കോഴിക്കോട് കലക്ടര്‍ അവരെ സംബന്ധിച്ച് വില്ലനും അദ്ദേഹത്തിന്‍റെ മേല്‍ മണ്ണിട്ടു കടന്നുകളഞ്ഞ സുഹൃത്തുക്കള്‍ അസ്സല്‍ ഹീറോകളുമായി. കലക്ടറുടെ വാഹനം മണ്ണില്‍ മൂടിയ ഡ്രൈവറുടെ പേരില്‍ തന്നെയുണ്ട് ഹീറോയിസം – ഋഷി കപൂര്‍, 27 വയസ്സ്.

ഉറക്കം കളഞ്ഞ് പുലര്‍ച്ചെ മൂന്നു മണിക്ക് മണല്‍ക്കടത്ത് തടയാനിറങ്ങിയ ജില്ലാ കലക്ടര്‍ മറ്റു കലക്ടര്‍മാര്‍ക്കൊക്കെ മാതൃകയാവേണ്ടതാണെന്നതില്‍ സംശയമില്ല. എന്നാല്‍, കോഴിക്കോട് കലക്ടര്‍ വിചാരിച്ചാല്‍ പൂട്ടാന്‍ പറ്റുന്ന ഐറ്റങ്ങളൊന്നുമല്ല ഈ ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അവര്‍ ഈ കേരളമാകെ വ്യാപിച്ചു കിടക്കുന്നു. ആവശ്യക്കാരുള്ളിടത്തോളം അവര്‍ മണല്‍ക്കടത്തു തുടരുകയും അത് തടയുന്നവരെ ഉന്‍മൂലനം ചെയ്യാന്‍ വേണ്ടതുപോലെ പരിശ്രമിക്കുകയും ചെയ്യും. കേരളത്തില്‍ മണല്‍മാഫിയ പൊലീസുകാരെയും ഉദ്യോഗസ്ഥരെയും ആക്രമിക്കുന്നത് ഇതാദ്യമൊന്നുമല്ല. ഡസന്‍ കണക്കിനു വധശ്രമങ്ങളും ഒന്നിലേറെ കൊലപാതകങ്ങളും ഇതിനോടകം നടന്നിട്ടുണ്ട്. പിടിക്കാന്‍ വരുന്നവന്‍റെ തലയിലേക്ക് മണല്‍ തട്ടുന്നത് ഇവര്‍ക്കിടയിലെ ഒരാചാരമാണ്. പൊലീസ് ലോറിയുടെ അടുത്തെത്തുമ്പോള്‍ മണല്‍ അവരുടെ മേലേക്ക് മറിച്ച് ലോറിയോടിച്ചു പോകുന്ന സംഭവങ്ങള്‍ ദിവസേനയെന്നോണം നാട്ടില്‍ നടക്കുന്നുണ്ട്.ഇതിപ്പോള്‍ കലക്ടറായതുകൊണ്ട് നമ്മള്‍ ഞെട്ടി എന്നു മാത്രം (കലക്ടറാണെന്നറിഞ്ഞോണ്ടല്ല അവര്‍ മണല്‍ തട്ടിയതെന്നതു വേറെ കാര്യം).

എന്തുകൊണ്ട് മണല്‍മാഫിയയെ നിയന്ത്രിക്കാന്‍ നമുക്കു സാധിക്കുന്നില്ല എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. എല്ലാ മണല്‍ക്കടത്തു സംഘങ്ങളുടെയും രക്ഷാധികാരി ഏതെങ്കിലും ഒരു രാഷ്ട്രീയനേതാവായിരിക്കും. സിഐമാരും ഡിവൈഎസ്പിമാരും എന്തിന് എസ്പിമാര്‍ പോലും ഈ മാഫിയയില്‍ അംഗങ്ങളാണെന്നു പറയുമ്പോള്‍ മണല്‍ എന്ന വസ്തുവിന്‍റെ അത്ര നിസ്സാരമല്ല ഇവരുടെ ബിസിനസിന്‍റെ ലാഭവും ശൃംഖലയുടെ കരുത്തും എന്നത് നമ്മള്‍ മനസ്സിലാക്കണം. വളപട്ടണം പൊലീസ് സ്റ്റേഷനില്‍ മണല്‍ക്കടത്തുകാരനെ പിടിച്ചതിന്‍റെ പിന്നാലെ ചെന്ന് എസ്ഐയെ വിരട്ടിയത് കണ്ണൂരിലെ കോണ്‍ഗ്രസുകാരുടെ കാവല്‍മാലാഖയായ കെ.സുധാരന്‍ എംപിയാണെന്നതും മറക്കാനുള്ള സമയമായിട്ടില്ല. രാഷ്ട്രീയക്കാര്‍ക്ക് ആവശ്യത്തിനു ഫണ്ട്, ലാഭവിഹിതം, ഗുണ്ടാ സപ്പോര്‍ട്ട്, പോലീസുകാര്‍ക്ക് സ്ഥലംമാറ്റം, വിനോദയാത്ര തുടങ്ങിയ അനവധി പാക്കേജുകളും. മണല്‍ എന്നു പറയുന്നത് കഞ്ചാവു പോലെയോ സ്പിരിറ്റ് പോലെയോ കുഴപ്പം പിടിച്ച ഒരു സാധനമല്ലാത്തതിനാല്‍ കുറ്റബോധത്തിന്‍റെ ആവശ്യവുമില്ല.

എന്നാല്‍, മണല്‍ക്കടത്ത് പിടിക്കാന്‍ ചെല്ലുമ്പോഴുള്ള അക്രമങ്ങള്‍ക്കു പുറമേ രാത്രിയിലെ സ്വൈര്യവിഹാരത്തിനു വേണ്ടി ജനങ്ങള്‍ രാത്രിയില്‍ വീടനു പുറത്തിറങ്ങാത്തവണ്ണം നാട്ടില്‍ സംഘര്‍ഷവും അരാജകത്വവും കലാപങ്ങളും സൃഷ്ടിക്കാന്‍ ഇവര്‍ തുനിഞ്ഞിറങ്ങുമ്പോള്‍ മാഫിയയുടേത് കലര്‍പ്പില്ലാത്ത ദേശദ്രോഹമായി മാറുകയാണ്. മണല്‍മാഫിയ ആസൂത്രണം ചെയ്ത സാമുദായിക ചേരിതിരിവുകള്‍ മുതല്‍ അതിഭീകരനായ ബ്ലാക്മാന്‍ വരെ കേരളത്തില്‍ വിജയകരമായി മുന്നോട്ടു പോവുന്നു. മണലില്ലാതെയും ജീവിക്കാം എന്നു പറയാവുന്ന ഒരു സ്ഥിതിയിലേക്ക് നമ്മളെത്തിയിട്ടില്ല. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കണമെങ്കില്‍ മണല്‍ കൂടിയേ തീരൂ. അംഗീകൃത മണല്‍ക്കടവുകളും മണല്‍പാസുകളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയെങ്കിലും ആവശ്യക്കാരന്‍ കാത്തിരിക്കാതെ മണല്‍ കിട്ടണമെങ്കില്‍ മാഫിയ കൂടിയേ തീരൂ. മാറേണ്ടത് ഇവിടുത്തെ സാഹചര്യമാണ്. മണലിന്‍റെ വിതരണം സ്വകാര്യവ്യക്തികള്‍ നിര്‍വഹിക്കുന്നിടത്തോളം അക്രമങ്ങളും തുടരും. വെറുതെയുള്ള വിരട്ടുകളല്ലാതെ ക്രിയാത്മകമായി സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ അതിനുള്ള സമയമാണിത്. അടുത്ത ലോഡിന് വരാനിരിക്കുന്നത് അരാജകത്വമാണ്.

മനുഷ്യാവകാശ ഫ്രോഡുകള്‍

പാക്കിസ്ഥാന്‍ ഭീകരന്‍ അജ്മല്‍ കസബിനെ തൂക്കിക്കൊന്നത് ഭൂരിഭാഗം ഭാരതീയരുടെയും നീതിബോധത്തെ തൃപ്തിപ്പെടുത്തുമ്പോള്‍ ആഗോളമലയാളികളായ ഒരുപറ്റം എയര്‍ കണ്ടീഷന്‍ഡ് മനുഷ്യാവകാശപ്രവര്‍ത്തകര്‍ അസ്വസ്ഥരാണ്. കാമുകിയോടു ചാറ്റ് ചെയ്യുന്നതുപോലെ, ഒരു ടൊറന്‍റ് സിനിമ ഡൗണ്‍ലോഡ് ചെയ്യുന്നതുപോലെ, കസബിനെ തൂക്കിലേറ്റിയതിനെതിരെയും അവരുടെ കീബോര്‍ഡുകള്‍ നിറയൊഴിക്കുന്നു. പ്രശ്നം മനുഷ്യാവകാശമായതുകൊണ്ടും അവരുടെ സിരകളില്‍ പരിഷ്കൃതസമൂഹത്തിന്‍റെ രക്തമായതുകൊണ്ടും നമ്മള്‍ അപരിഷ്കൃതരായ ബ്ലഡി ഇന്ത്യന്‍സ് തര്‍ക്കിക്കുന്നത് ബുദ്ധിയല്ല.

ഇന്ത്യയില്‍ ആദ്യമായി തൂക്കിലേറ്റിയ കുറ്റവാളി അല്ല അജ്മല്‍ കസബ്. പക്ഷെ, കപടമനുഷ്യാവകാശപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ തൂക്കിക്കൊല്ലുന്നതിന്‍റെ നീതിശാസ്ത്രവും അതിലെ മനുഷ്യാവകാശവുമൊക്കെ ചര്‍ച്ച ചെയ്യുന്നു (ഈ ചര്‍ച്ചകള്‍ നയിക്കുന്നത് മുസ്‍ലിം സംഘടനകളോ വ്യക്തികളോ ഗ്രൂപ്പുകളോ ഒന്നുമല്ല- ആരും ആ വഴിക്ക് തിരിയേണ്ട). കേരളത്തില്‍ ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന രണ്ടു പണികളാണ് പരിസ്ഥിതിപ്രവര്‍ത്തനവും മനുഷ്യാവകാശപ്രവര്‍ത്തനവും. ഭൂമി ഉപയോഗിക്കുന്ന സകല വികസനപ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുക എന്നതാണ് പരിസ്ഥിതിവാദികളാവാന്‍ ചെയ്യേണ്ടത്. അവിടുത്തെ ആവാസവ്യവസ്ഥയും ജൈവവ്യവസ്ഥിതിയും തകരാറിലാവും എന്നു കണ്ണുംപൂട്ടി അടിച്ചാല്‍ മതി. അതുപോലെയാണ് മനുഷ്യാവകാശവും.

കസബിനെ തൂക്കിലേറ്റിയതുകൊണ്ടും തൂക്കിലേറ്റിയതില്‍ സന്തോഷിക്കുന്നതുകൊണ്ടും പ്രതികാരമാണ് നടപ്പാവുന്നത് അല്ലാതെ നിയമമല്ല എന്നാണ് ഇവരുടെ ഒരു കണ്ടുപിടുത്തം.അമേരിക്കയിലെപ്പോലെ കുറ്റവാളികളെ മരിക്കുന്നതുവരെ ജയിലിലിടുക എന്നതാണത്രേ നമ്മള്‍ ചെയ്യേണ്ടത്. വധശിക്ഷ അര്‍ഹിക്കുന്ന എല്ലാ കുറ്റവാളികളെയും വധിക്കുക എന്നതാണ് മിക്കവാറും രാജ്യങ്ങള്‍ ചെയ്യുന്നത്. അങ്ങനെ ആയിരുന്നില്ലെങ്കില്‍ അമേരിക്ക ഉസാമ ബിന്‍ ലാദനെ വധിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. പോരെങ്കില്‍ മറ്റു രാജ്യങ്ങളിലെ അവസ്ഥ അല്ല ഇന്ത്യയില്‍, ഇവിടെ മരണം വരെ തടവിനു ശിക്ഷിക്കപ്പെടുന്നവന്‍ എന്നും അവിടെ കിടക്കുമെന്ന് ഒരുറപ്പുമില്ല. ജീവപര്യന്തം വിധിക്കപ്പെട്ടവര്‍ സ്വതന്ത്രരാക്കപ്പെടുകയും വിചാരണത്തടവുകാര്‍ ജീവപര്യന്തം ശിക്ഷിക്കപ്പെടുകയും ഫേസ്ബുക്കില്‍ ലൈക്ക് ചെയ്യുന്നവര്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്ന നാടാണിത്. സര്‍ക്കാര്‍ ചെയ്യുന്ന എല്ലാം എതിര്‍ക്കുമ്പോഴാണ് പുരോഗമനവാദിയും പരിഷ്കാരിയുമാകുന്നത് എന്നത് ശരിയായ നിലപാടല്ല.

വഴിതെറ്റി ഇന്ത്യയിലെത്തി, കളിത്തോക്കാണെന്നു കരുതി എകെ 47 എടുത്ത് ആളുകളെ വെടിവച്ചുകൊന്നവനല്ല അജ്മല്‍ കസബ്.പരമാവധി ഇന്ത്യക്കാരെ കൊല്ലുക എന്ന ലക്‍ഷ്യത്തോടെ രാജ്യത്ത് വരികയും ജനങ്ങള്‍ക്കിടയിലൂടെ ഓടിനടന്ന് വെടിയുതിര്‍ക്കുകയും വെടിയേറ്റു പിടഞ്ഞുവീഴുന്ന നിരപരാധികളെ പുച്ഛം കലര്‍ന്ന ചിരിയോടെ നോക്കി കടന്നുപോവുകയും ചെയ്ത കസബിനെ രാജ്യത്തെ നിയമസംവിധാനം അനുസരിച്ച് എല്ലാ രാജ്യാന്തരമര്യാദകളും പാലിച്ചുകൊണ്ട് ശിക്ഷിച്ചതിനെ എതിര്‍ക്കുന്ന പുരോഗമനവാദികളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പാന്‍ ഞാനീ അവസരം വിനിയോഗിക്കുകയാണ്. എസി മുറികളിലിരുന്ന് മനുഷ്യാവകാശം കുരയ്‍ക്കുന്ന കഴുവേറികള്‍ക്ക് നാലു വര്‍ഷം മുമ്പ് നടന്ന ഭീകരാക്രമണത്തില്‍ നഷ്ടപ്പെട്ട 166 ജീവനുകളോട് എന്തെങ്കിലും ആദരവുണ്ടായിരുന്നെങ്കില്‍ അത് പറയുകയില്ലായിരുന്നു. സ്വന്തം കുടുംബത്തിലെ ഒരാളെ ഇതുപോലെ ഒരു ദുരന്തത്തില്‍ നഷ്ടപ്പെടുമ്പോള്‍ ഇതേ മനുഷ്യാവകാശം വിളമ്പാന്‍ ഇവറ്റകള്‍ക്കു സാധിക്കുമോ ? കസബിനെ തൂക്കിലേറ്റണ്ട എന്നു പറയേണ്ടത് ആ 166 പേരുടെ ബന്ധുക്കളാണ്, ഫേസ്‍ബുക്ക് ആക്ടിവിസ്റ്റുകളല്ല. ഓവറായെങ്കില്‍ സോറി. ഞാന്‍ പഴഞ്ചനാണ്, അപരിഷ്കൃതനാണ്, ആത്യന്തികമായി ഞാനൊരു ഇന്ത്യനാണ്.

ആത്മഹത്യാ സ്ക്വാഡിന്‍റെ ഭാഗമായി കൂട്ടക്കൊല നടത്തിയ കസബിനെ തൂക്കിലേറ്റുന്നതിലൂടെ കസബിന്‍റെ മിഷന്‍ പൂര്‍ത്തീകരിക്കുകയാണ് ഇന്ത്യ ചെയ്തത് എന്നാണ് മറ്റൊരു വാദം. സാങ്കേതികമായി അത് ശരിയാണ്. എന്നാല്‍, നാലു വര്‍ഷം നിയമത്തിനും കോടതിക്കും വിധേയനായി വിചാരണകളിലൂടെ കടന്നുപോയ കസബ് അന്നു വെടിയുതിര്‍ത്ത കസബ് ആയിരുന്നില്ല. ചെയ്ത കുറ്റത്തിന്‍റെ ഗൗരവം മനസ്സിലാക്കിയ ശേഷം താന്‍ മരണശിക്ഷ അര്‍ഹിക്കുന്നു എന്നു തിരിച്ചറിഞ്ഞ ശേഷം മരണമെന്ന മഹാസത്യത്തിലേക്ക് മെല്ലെ നടന്നുപോയ കസബും കൂട്ടക്കൊലയ്‍ക്കിടെ പൊലീസുകാരുടെ വെടിയേറ്റു മരിച്ച മറ്റു തീവ്രവാദികളും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്.

കസബിനെ തൂക്കരുതെന്ന് പാകിസ്ഥാനോ ലഷ്കര്‍ ഇ ത്വയ്ബയോ ആവശ്യപ്പെടുന്നതു പോലും നീതികരിക്കാം. എന്നാല്‍, ആ ഭീകരന്‍റെ തോക്കിനിരയായ രാജ്യത്തെ മനുഷ്യാവകാശഫ്രോഡുകള്‍ അത്തരമൊരാവശ്യമുന്നയിക്കുന്നത് നീതികരിക്കാവുന്നതല്ല. വധശിക്ഷയ്‍ക്കു വിധിക്കപ്പെട്ട് കഴിയുന്ന ഗോവിന്ദച്ചാമിക്കു വേണ്ടിയാവും ഈ മനുഷ്യാവകാശമന്ദബുദ്ധികള്‍ അടുത്തതായി ഇറങ്ങുന്നത്. അവരുടെ ലോജിക് വച്ചു നോക്കിയാല്‍ ഗോവിന്ദച്ചാമിയെയും കൊല്ലാന്‍ പാടില്ല. ഈ മനുഷ്യാവകാശക്കാര്‍ ഇസ്രയേല്‍-പലസ്തീന്‍ പോരാട്ടത്തില്‍ മരിച്ചുവീഴുന്ന മനുഷ്യരുടെ കാര്യത്തില്‍ നിശബ്ദരാണെന്നതാണ് മറ്റൊരു സംഗതി. ഇനി ജയിലിലെ മനുഷ്യാവകാശത്തില്‍ സ്പെഷലൈസ് ചെയ്തവരാണ് ഇവരെങ്കില്‍ കോയമ്പത്തൂര്‍ ജയിലില്‍ കിടക്കുന്ന മദനിക്കുവേണ്ടിയാണ് ഇവര്‍ ആദ്യം രംഗത്തിറങ്ങേണ്ടത്. കസബിനെ തൂക്കിലേറ്റിയതിലൂടെ നീതി നടപ്പായെങ്കില്‍ മദനിയോടു കാണിക്കുന്നത് നീതി നിഷേധമാണ്. അത് മദനിക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടിനെക്കാള്‍ സമൂഹത്തിനു നല്‍കുന്നത് തെറ്റായ സന്ദേശമാണ്.