കസ്റ്റമര്‍ റിലേഷന്‍ (കാനറാ ബാങ്ക് അനുഭവം)

2012 ഫെബ്രുവരി 22, ബുധന്‍
രാവിലെ 10.20
തെളിഞ്ഞ കാലാവസ്ഥ

കോഴിക്കോട്-കണ്ണൂര്‍ റോഡില്‍ ചക്കോരത്തുകുളത്തുള്ള കാനറാ ബാങ്ക് ശാഖയിലെ എടിഎമ്മില്‍ ഞാന്‍ കയറുന്നു. കയ്യിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കാര്‍ഡ് യന്ത്രത്തിന്റെ വായിലേക്കു തിരുകുന്നു. യന്ത്രം കാര്‍ഡ് വിഴുങ്ങി അലസമായിക്കിടക്കുന്നു. സ്ക്രീനിലേക്കു നോക്കുമ്പോള്‍ അന്ധകാരം മാത്രം. ഔട്ട് ഓഫ് കവറേജ് എന്നു ചെറിയ അക്ഷരങ്ങളിലെഴുതിയത് സ്ക്രീനിലൂടെ ഒഴുകി നടക്കുന്നു. എന്റര്‍ ‍, ക്യാന്‍സല്‍ ബട്ടണുകളില്‍ അമര്‍ത്തി നോക്കി. ഇല്ല, യന്ത്രം പ്രതികരിക്കുന്നില്ല. കാര്‍ഡ് തിരികെ വരുന്നുമില്ല.

നേരെ ബാങ്കിലേക്കു കയറി. ഒരു വാതില്‍ തുറന്നിറങ്ങി വന്ന ചെറുപ്പക്കാരന്‍ ‘എന്നാടാ ഉവ്വേ’ എന്ന മട്ടില്‍ നോക്കി. ‘എന്റെ എടിഎം കാര്‍ഡ് യന്ത്രത്തില്‍ കുടുങ്ങി, രക്ഷിക്കണം’ എന്നു പറഞ്ഞതേയുള്ളൂ, ചെറുപ്പക്കാരന്‍ അതേ വാതിലിലൂടെ അകത്തേക്കു കയറി. കൗണ്ടറിലിരുന്ന ഒരു അമ്മച്ചി ‘എന്താ’ എന്നുറക്കെ ചോദിച്ചു. കാര്യം പറഞ്ഞു. അമ്മച്ചി പെട്ടെന്ന് ബഹളം വച്ചു- ‘അവിടെ നിന്ന് മാറി നില്‍ക്ക്, എടിഎമ്മിന്റെ അടുത്ത്ന്ന് മാറി നില്‍ക്ക്, അവിടെ നില്‍ക്കാതെ,അങ്ങോട്ട് മാറി നില്‍ക്ക്…’

ഞാന്‍ ഭയപ്പെട്ടുപോയി. എന്നെ കണ്ടാല്‍ ബാങ്ക് കൊള്ളക്കാരനെപ്പോലെയുണ്ടോ ?
വേഗം ബാങ്കിന്റെ പുറത്തിറങ്ങി നിന്നു.

കാര്‍ഡ് മുങ്ങിത്തപ്പിയെടുത്തുകൊണ്ടു വരുമ്പോള്‍ എന്തായാലും വിളിക്കുമല്ലോ. അമ്മച്ചിയുടെ ബിപി കൂട്ടേണ്ട. കുറച്ചുനേരം കഴിഞ്ഞപ്പോള് ചെറുപ്പക്കാരന്‍ കയ്യിലെന്തൊക്കെയോ തപ്പിയെടുത്തുകൊണ്ട് കൗണ്ടറിലേക്കു പോയി. കൗണ്ടറിലിരുന്ന കണ്ണട വച്ച ഒരു യുവതി എന്നോട് ‘അവിടെ പോയി വാങ്ങിച്ചോ’ എന്നു പറഞ്ഞു.

എനിക്കു സന്തോഷമായി. കാര്ഡ് തിരികെ കിട്ടുമെങ്കില്‍ എവിടെ വേണമെങ്കിലും പോകാന്‍ തയ്യാറാണ്. ഞാന്‍ ചെറുപ്പക്കാരന്റെ ലൊക്കേഷന്‍ മനസ്സിലാക്കി അവിടേക്കു നടന്നു. ബാങ്കിന്റെ ഒരു ഭാഗം പൊളിച്ചടുക്കിയതുപോല നിലത്തൊക്കെ എന്തൊക്കെയോ കിടക്കുന്നു. മറ്റേ കഥയില്‍ വെള്ളത്തില്‍ പോയ മഴു മുങ്ങിത്തപ്പിയെടുത്തുകൊണ്ടു വന്ന ദേവതയെപ്പോലെ ചെറുപ്പക്കാരന്‍ കയ്യില്‍ ഏതാനും കാര്‍ഡുകളുമായി കൗണ്ടറിലിരിക്കുന്ന ഒരു സാറിന്റെ അടുക്കല്‍ വന്നു. കൗണ്ടറിനു സമീപം കാത്തുനിന്ന മറ്റൊരു ചെറുപ്പക്കാരന്‍ എന്നോടു ചോദിച്ചു ‘കാര്‍ഡ് മെഷിനില്‍ പോയോ ?’ ഇവിടെ ഇതൊക്കെ സാധാരണയല്ലേ എന്ന മട്ട്.

ഞാന്‍ ഓണപ്പരീക്ഷയുടെ മാര്‍ക്ക് കേള്‍ക്കാന്‍ നില്‍ക്കുന്ന സ്കൂള്‍ വിദ്യാര്ഥിയെപ്പോലെ സാറിന്റെ മുന്നില്‍ നിന്നു. സാറ് മുന്നില്‍ നിന്ന ആളോട് പേരു ചോദിച്ചു. അയാള്‍ പേരു പറഞ്ഞു. അയാളുടെ പേരിലുള്ള കാര്‍ഡ് ചെറുപ്പക്കാരന്റെ കയ്യില്‍ നിന്നു വാങ്ങി മറ്റേ സാറ് എന്തൊക്കെയോ അഭിപ്രായം പറഞ്ഞു. ചെറുപ്പക്കാരന്റെ കയ്യില്‍ എന്റെ കാര്‍ഡ് കണ്ണുകള്‍ കൊണ്ടു പരതുന്നതിനിടയില്‍ ആ ഡയലോഗുകള്‍ ഞാന്‍ ശ്രദ്ധിച്ചില്ല. എന്തായാലും ആ ചെറുപ്പക്കാരന്റെ കാര്‍ഡ് മറ്റേ സാറ് മാറ്റി വച്ചു. ചെറുപ്പക്കാരന്‍ മാറി നിന്നു. എന്നോടു പേരു ചേദിച്ചു, ഞാന്‍ പറഞ്ഞു. സാറ് ഒരു നീല കാര്‍ഡ് വാങ്ങി എന്നോടു പറഞ്ഞു- ‘മിസ്റ്റര്‍ മുരളി, നിങ്ങളുടെ കാര്‍ഡ് എക്‍സ്‍പെയര്‍ ആയിട്ട് ആറു മാസമായി !’

ഞാന്‍ പിന്നെയും ഭയപ്പെട്ടു. ഞാന്‍ പറഞ്ഞു- ‘സര്‍,എന്റെ പേരു മുരളിയല്ല,സാറിന്റെ കയ്യിലിരിക്കുന്നത് എന്റെ കാര്‍ഡ് അല്ല… എന്റേത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാര്‍ഡ് ആണ് !’

സാറിന്റെ മുഖം ഇരുണ്ടു. കടല്‍ക്കൊള്ളക്കാരനെ കണ്ട ഇറ്റാലിയന്‍ ഭടന്റെ ക്രൗര്യത്തോടെ എന്നെ രൂക്ഷമായി നോക്കി. പിന്നെ മുഖം ശാന്തമായി. എന്നിട്ട് ചിരിച്ചുകൊണ്ട്, ശബ്ദത്തില്‍ തീരെ മയമില്ലാതെ ഇങ്ങനെ പറഞ്ഞു- ‘കാനറാ ബാങ്കിന്റെ കാര്‍ഡുകള്‍ മാത്രമേ ഞങ്ങള്‍ തിരിച്ചു നല്‍കുകയുള്ളൂ…’

ഞാന്‍ കര്‍ണപുടങ്ങളെ കൂര്‍പ്പിച്ചുവച്ചു- ‘സര്‍, മനസ്സിലായില്ല…’

‘അതിനുള്ളില്‍ ഇനി വേറെ കാര്‍ഡ് ഇല്ല…അഥവാ കിട്ടിയാലും ഞങ്ങള്‍ തിരിച്ചു തരില്ല’ – സാറ് ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.

‘സാര്‍,ഞാന്‍ ബാങ്ക് കൊള്ളയടിക്കാന്‍ വന്നതല്ല, പൈസ എടുക്കാന്‍ വേണ്ടി കാര്‍ഡ് എടിഎമ്മിനുള്ളില്‍ ഇട്ടതാണ്’- ക്ഷമയുടെ നിറകുടമായ ഞാന്‍ വിശദീകരിക്കാന്‍ ശ്രമിച്ചു.

‘മനസ്സിലായി,കാനറാ ബാങ്കിന്റെ കാര്‍ഡേ തിരിച്ചു തരൂ, അല്ലാതെ ക്യാപ്‍ചര്‍ ചെയ്യുന്ന കാര്‍ഡുകള്‍ ഞങ്ങള്‍ നശിപ്പിച്ചുകളയും, നിങ്ങള്‍ക്കു തരില്ല’ !

ഞാന്‍ പിന്നെയും ഭയപ്പെട്ടു. ആദ്യമായി എന്റെ എടിഎം കാര്‍ഡിനെ എനിക്കു മിസ് ചെയ്തു. പതിനായിരം വട്ടമെങ്കിലും അമര്‍ത്തിയ പാസ്‍വേഡ‍് എന്റെ വിരലില്‍ നിന്നു വിറച്ചു. എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞു. ‘ഇറങ്ങിപ്പോടാ ഡാഷേ’ എന്ന മട്ടില്‍ സാറ് എന്നെ നോക്കിയിട്ട് ആദ്യം മാറ്റി വച്ച കാര്‍ഡ് എടുത്ത് മറ്റേ ചെറുപ്പക്കാരനുമായി ചര്‍ച്ച തുടര്‍ന്നു. കാര്‍ഡ് മുങ്ങിത്തപ്പാന്‍ പോയ ചെറുപ്പക്കാരന്‍ എന്നെ ‘എന്നാ പോവല്ലേ’ എന്ന മട്ടില്‍ നോക്കി. ‘ഗ്രേറ്റ്’ എന്നു മാത്രം പറഞ്ഞിട്ട് ഡാഷായ ഞാന്‍ ഇറങ്ങിപ്പോന്നു.

കാവലിന് പട്ടാളക്കാരന്‍ ഇല്ലായിരുന്നു. ഉണ്ടായിരുന്നെങ്കില്‍ എന്നെ ചിലപ്പോള്‍ വെടിവച്ചുകൊന്നേനെ എന്നു ഞാന്‍ ഭയപ്പെടുന്നു. കൊല്ലാതെ വിട്ടതിന് ആ ഒച്ചവച്ച അമ്മച്ചിക്കും ഇറ്റാലിയന്‍ ഭടനെപ്പോലെ ഇടപെട്ട സാറിനും കാനറാ ബാങ്കിനും എന്റെ സ്‍പെഷല്‍ നന്ദി. ഇവിടിപ്പോ കാനറാ ബാങ്ക് എന്നോട് ചെയ്തത് ക്രൂരതയായിപ്പോയെന്നോ തെറ്റായിപ്പോയെന്നോ ഒന്നും എനിക്കഭിപ്രായമില്ല. ബാങ്ക് വന്നു നമ്മുടെ നെഞ്ചത്ത് കേറിയാലും നമ്മള്‍ ചെന്നു ബങ്കിന്റെ നെഞ്ചത്തു കയറിയാലും കേട് എപ്പോഴും നമ്മുടെ പോക്കറ്റിനായിരിക്കും എന്നതിനാല്‍ ബാങ്കിനോട് എനിക്കു പിണക്കമില്ല.

വാല്‍ക്കഷണം:- കാര്‍ഡ് തിരിച്ചു തരില്ല നശിപ്പിച്ചുകളയും എന്ന കാനറാ ബാങ്കിന്റെ പോളിസി ശരിയോ തെറ്റോ എന്നറിയാന്‍ വേണ്ടി കാര്‍ഡ് എനിക്കു തന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ പരിചയക്കാരനായ മാനേജരെ ഫോണില്‍ വിളിച്ചു- ‘അതേയ്, ഞാന്‍ കാനറാ ബാങ്കിന്റെ എടിഎമ്മില്‍ കാശെടുക്കാന്‍ കയറിയായിരുന്നേ…’

‘എന്നിട്ട് ? കാശു പോയോ കാര്‍ഡ് പോയോ ?’ – മാനേജര്‍ എന്റെ ചോദ്യം മുട്ടിച്ചുകളഞ്ഞു.

ലേബല്‍:- എത്ര മനോഹരമായ ആചാരങ്ങള്‍.

എടിഎം: എഴുത്തും വായനയുമില്ലാതെ

സങ്കീര്‍ണമായ ഉപയോഗക്രമം പരിചയമില്ലാതെ സാധാരണക്കാര്‍ എടിഎം കൗണ്ടറിനുള്ളിലെ എസിയില്‍ നിന്നു വിയര്‍ക്കുന്ന കാഴ്ചകള്‍ ഇനി അധികനാളുണ്ടാവില്ല. സ്‌ക്രീനില്‍ തെളിയുന്ന ഓപ്ഷനുകളുടെ ആശയക്കുഴപ്പവും തൊഴിച്ചാല്‍പ്പോലും പ്രതികരിക്കാത്ത ടച്ച് സ്‌ക്രീനുകളും ഉപയോക്താക്കളെ പുറത്തെ ക്യൂവില്‍ നില്‍ക്കുന്നവരുടെ ശാപം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരാക്കുന്ന കാലം കഴിയുകയാണ്. സാധാരണക്കാര്‍ക്കും ഗ്രാമീണര്‍ക്കും വേണ്ടി എടിഎം നിര്‍മാതാക്കളായ എന്‍സിആര്‍ അവതരിപ്പിക്കുന്ന പില്ലര്‍ എടിഎം നിലവിലുള്ള എടിഎം മെഷീനുകള്‍ക്കിടയിലെ വിപ്ലവമാണ്. സാധാരണ എടിഎമ്മില്‍ നിന്നു പണം പിന്‍വലിക്കാനുള്ള നൂലാമാലകളും സങ്കീര്‍ണതകളും വലയ്ക്കുന്നവര്‍ക്കും എടിഎം പ്രവര്‍ത്തിപ്പിക്കാനാവാത്ത നിരക്ഷരരായവര്‍ക്കും വേണ്ടിയാണ് കമ്പനി പില്ലര്‍ എടിഎം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇന്ത്യയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് ഇന്ത്യയ്ക്കു വേണ്ടി കമ്പനി നിര്‍മിച്ച പില്ലര്‍ എടിഎം ഇപ്പോള്‍ അമേരിക്കയിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ പരീക്ഷണഘട്ടത്തിലാണ്.

ലാളിത്യവും വലിപ്പക്കുറവുമാണ് ഉപയോക്താവിനെ സംബന്ധിച്ച് പില്ലര്‍ എടിഎമ്മിന്റെ സവിശേഷതകളെങ്കില്‍ സുരക്ഷയുടെ കാര്യത്തിലും അതേ പ്രാധാന്യം ഇതിനുണ്ട്. പരീക്ഷണഘട്ടം കഴിഞ്ഞാല്‍ ഇന്ത്യയിലെ തിരഞ്ഞെടുത്ത ഗ്രാമങ്ങളില്‍ (ആദ്യഘട്ടത്തില്‍ മഹാരാഷ്ര്ടയില്‍) കമ്പനി പില്ലര്‍ എടിഎമ്മുകള്‍ സ്്ഥാപിക്കും. ഇന്ത്യയ്ക്കു പുറമേ സമാനമായ സാമൂഹികസാഹചര്യങ്ങളുള്ള മറ്റു രാജ്യങ്ങളിലും പില്ലര്‍ എടിഎം ബാങ്കിങ്ങില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയേക്കും. ശക്തമായ അടിത്തറയില്‍ നിലത്തുറപ്പിക്കുന്ന പില്ലര്‍ എടിഎം പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ തൂണിന്റെ ആകൃതിയിലുള്ളതാണ്, ഉയരം അരയ്‌ക്കൊപ്പം മാത്രം. ബയോമെട്രിക് സംവിധാനം ഉപയോഗിക്കുന്ന എടിഎമ്മില്‍ പിന്‍ നമ്പരിനു പകരം ഉപയോക്താവിന്റെ വിരലടയാളമാണ് സുരക്ഷയ്ക്കായി ഉപയോഗിക്കുന്നത്. പിന്‍വലിക്കേണ്ട തുകയെ സംബന്ധിച്ചും ആശയക്കുഴപ്പങ്ങളുണ്ടാവില്ല. 100, 500, 1000, 2000, 5000 എന്നിങ്ങനെ പിന്‍വലിക്കേണ്ട തുകകള്‍ സൂചിപ്പിക്കുന്ന വിവിധ നിറങ്ങളിലുള്ള ബട്ടണില്‍ വിരലമര്‍ത്തിയാല്‍ പണം കയ്യിലെത്തും, തൊട്ടുപിന്നാലെ റെസീപ്റ്റും. എന്തെങ്കിലും വായിക്കുകയോ ടൈപ്പ് ചെയ്യുകയോ വേണ്ട എന്നതാണ് പ്രധാന ആകര്‍ഷണം.

കള്ളന്മാര്‍ക്ക് കുത്തിപ്പൊളിക്കാനാവാത്ത ഡിസൈന്‍ ആണ് പില്ലര്‍ എടിഎമ്മിന്റേത്. പ്രധാനമായി ഇന്ത്യയിലെയും ചൈനയിലെയും ആഫ്രിക്കന്‍ രാജ്യങ്ങളിലെയും ബാങ്കിങ്ങില്‍ പിന്നാക്കമായ മേഖലകളെ ഉദ്ദേശിച്ചാണ് എന്‍സിആര്‍ പില്ലര്‍ എടിഎമ്മുകള്‍ വികസിപ്പിച്ചെടുത്തത്. എടിഎം നിര്‍മിക്കുന്നതിനായി കമ്പനി പ്രാഥമികപഠനങ്ങള്‍ നടത്തിയത് മുംബൈയിലെ ചേരികളും നഗരപ്രാന്തങ്ങളിലുമായിരുന്നു. ഇന്ത്യയിലെ തപാല്‍പ്പെട്ടികളുടെ മാതൃക സ്വീകരിച്ചാണ് എടിഎം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡിസൈനുമായി വീണ്ടും ജനങ്ങള്‍ക്കിടയിലെത്തി അവരുടെ അഭിപ്രായം സ്വീകരിച്ചാണ് എടിഎമ്മിന്റെ അവസാനരൂപം ഉണ്ടാക്കിയത്. നിലവില്‍ നിര്‍മിച്ചിരിക്കുന്ന അഞ്ച് മെഷീനുകളാണ് അമേരിക്കയില്‍ പരീക്ഷണഘട്ടത്തിലുള്ളത്. പരീക്ഷണം വിജയകരമായാല്‍ അടുത്ത വര്‍ഷത്തോടെ പില്ലര്‍ എടിഎമ്മുകള്‍ വ്യാപകമായി ജനങ്ങള്‍ക്കിടയിലെത്തും.