ആത്മീയയാത്ര

[2015 ഏപ്രില്‍. നയി ദില്ലിയിലെ ഒരു ഭവനം]

മോനേ… ദേ ആരാ വന്നിരിക്കുന്നതെന്നു നോക്യേ…

ആരാണ് മാതാശ്രീ ? ആരായാലും പുറത്ത് ഉപവിഷ്ടനായി അല്‍പനേരം ധ്യാനിക്കാന്‍ പറയൂ.. ഇപ്പോള്‍ എന്റെ ധ്യാനത്തിന്റെ സമയമാണെന്നറിയില്ലേ ?

കേരളത്തീന്ന് ആന്റണിയാ മോനേ… നീ ഇങ്ങോട്ടു വന്നേ…

ആന്റണി… പെരുമ്പാവൂരാണോ ?

എന്താ മോനേ നീയിങ്ങനെ ? … നമ്മുടെ സ്വന്തം ആന്റണി… നിന്റെ ആന്റങ്കിള്‍… കുട്ടിയായിരുന്നപ്പോള്‍ നീ എത്രയോ ദിവസങ്ങള്‍ പുള്ളിയോടൊപ്പം ആന്റും എലിഫന്റും കളിച്ചിട്ടുള്ളതാ… എല്ലാം നീ മറന്നോ ?

എന്റെ ബോധമണ്ഡലത്തില്‍ മറ്റാരുമില്ലമ്മേ… ഞാനും ഈശ്വരനും മാത്രം.. അവിടെ ഞങ്ങള്‍ തമ്മില്‍ നടത്തുന്ന ആശയവിനിയത്തിനിടയില്‍ ആനയും ഉറുമ്പുമൊന്നുമില്ലമ്മേ…

എനിക്കൊരുമാതിരി ചൊറിഞ്ഞു കേറുന്നുണ്ട് കേട്ടോ…

ചൊറിച്ചില്‍ ഒന്നിനുമൊരു പരിഹാരമല്ലമ്മേ…

ഡാ, ഇങ്ങോട്ടു നോക്കിയേ.. ഇങ്ങോട്ടു നോക്കാന്‍..

ധ്യാനത്തിലിരിക്കുമ്പോള്‍ കണ്ണു തുറക്കാന്‍ പാടില്ലമ്മേ…

നിന്റെ മടിയും പേടിയുമൊക്കെ മാറി മിടുക്കനാവാന്‍ വേണ്ടിയാ നിന്നെ ഞാന്‍ മ്യാന്‍മറില്‍ ധ്യാനത്തിനു വിട്ടേ.. അല്ലാതെ ഇവിടെ ഫുള്‍ടൈം മുറിക്കകത്തു കേറിയിരുന്നു ധ്യാനിക്കാന്‍ വേണ്ടിയല്ല…

അമ്മ ശ്രീബുദ്ധനെപ്പറ്റി കേട്ടിട്ടില്ലേ… ബുദ്ധഭഗവാന്‍ ഇതുപോലെ ധ്യാനത്തിലിരുന്നപ്പോഴാണ് ബോധോദയമുണ്ടായത്… സെയിം ധ്യാനമാണ് മാസങ്ങളായി ഞാന്‍ ധ്യാനിച്ചുകൊണ്ടിരിക്കുന്നത്…

എടാ അതിനു ബോധം വേണ്ടേ ഉദിക്കാന്‍ ?

അമ്മയും മ്യാന്‍മറിലേക്കു പോകൂ.. ചേച്ചിയേം അവള്‍ടെ കൂളിങ് ഗ്ലാസ് ഫ്രീക്ക് കെട്ടിയോനേം കൊണ്ടുപോകൂ.. കുടുംബത്തോടെ നമുക്ക് നന്നാവാം അമ്മേ… നമുക്ക് ആത്മീയ പാതയിലേക്കു തിരിയാം…

ഒറ്റക്കീറു വച്ചു തന്നാലുണ്ടല്ലോ… അവന്റെയൊരു ആത്മീയപാത.. ഡാ നിന്നെപ്പറ്റി നാട്ടുകാര്‍ പറയുന്നതെന്താണെന്നറിയാമോ… താടിയങ്കിളിനെ പേടിച്ചു നീ നാടുവിട്ടതാണെന്ന്… കേരളത്തിലെ നമ്മടെ പാര്‍ട്ടിക്കാരു പോലും നീ ഒളിച്ചുപോയെന്നാ പറഞ്ഞത്… അവരെയെല്ലാം പാര്‍ട്ടീന്നു പുറത്താക്കി…

അവര്‍ക്കു മാപ്പു നല്‍കൂ അമ്മേ…

അവര്‍ക്കു കോപ്പാ കൊടുക്കുന്നേ.. ഡാ നീ കണ്ണു തുറക്കുന്നുണ്ടോ ഇല്ലയോ…

ഞാന്‍ ബോധോദയം കാത്തിരിക്കുകയാണമ്മേ… എന്നെ ശല്യപ്പെടുത്തരുത്… ദിവസം 10 മണിക്കൂര്‍ വരെ കണ്‍ടിന്യൂസ് ആയി ധ്യാനിക്കണമെന്നാ ഗുരു പറഞ്ഞിരിക്കുന്നത്…

മോനേ… നീയിങ്ങനെ ഇരുന്നാല്‍ പാര്‍ട്ടി കാര്യങ്ങളാരു നോക്കും… അടുത്ത ഇലക്ഷന് ഇനി നാലു വര്‍ഷം കൂടിയേ ഉള്ളൂ…നിനക്കു ജയിക്കണ്ടേ… ഈ നാടു മുഴുവന്‍ ഭരിക്കണ്ടേ ?

ആശയാണമ്മേ എല്ലാ ദുഖങ്ങള്‍ക്കും കാരണം…

ആരെടാ അവള്‍… ? ആന്റൂ.. ഇവന്റെ പഴയ കറക്കുകമ്പനീല്‍ ആശേന്നു പേരുള്ള ആരെങ്കിലുമൊണ്ടോന്ന് അന്വേഷിച്ചേ… അവളാണേ്രത ഇവനെ ഈ കോലത്തിലാക്കിയത്… എന്റെ മാതാവേ… ഞാനിതെങ്ങനെ സഹിക്കും…എങ്ങനെ നടന്ന കൊച്ചാ… അന്നാ ഇഷ്ടിക ചുമന്നതും പത്രസമ്മേളനത്തില്‍ ഇരച്ചു കയറിച്ചെന്നതും കേരളത്തില്‍ പോയി പൊറോട്ട തിന്നതുമൊക്കെ ഇന്നലേം കൂടി ഞാനും നിന്റെ ചേച്ചീം കൂടി പറഞ്ഞു കൊറേ ചിരിച്ചു, അല്ല കരഞ്ഞു… എന്റെ മോനേ നീയൊന്നുണര്… രാജ്യം നിനക്കായി കാത്തിരിക്കുകയാണ്…

പഴയതെല്ലാം ഞാന്‍ മറന്നു അമ്മേ.. ഞാനിന്നൊരു പുതിയ മനുഷ്യനാണ്… ബോധോദയത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്..

മീന്‍ വെട്ടുന്ന കത്തിയാ എന്റെ കയ്യിലിരിക്കുന്നത്, ഒറ്റക്കുത്തു വച്ചു തന്നാലുണ്ടല്ലോ….

നാറും അമ്മേ… മല്‍സ്യത്തെ വധിച്ച് അതിന്റെ മാസം വേവിച്ച് കഴിക്കാന്‍ അമ്മയ്ക്കു ലജ്ജയില്ലേ ? ഇനിയെങ്കിലും അംഹിസയുടെ പാതയിലേക്കു വരൂ അമ്മേ..

ഉണ്ട… അടുത്ത തിങ്കളാഴ്ച പാര്‍ട്ടി മീറ്റിങ്ങുണ്ട്.. എല്ലാവരും നിന്നെ കാണാന്‍ വേണ്ടി കാത്തിരിക്കുവാ.. അതിന്റെ ബ്രീഫിങ്ങിനു വന്നതാ ആന്റങ്കിള്‍…

ബീഫ് നിരോധിച്ചെന്നു പറഞ്ഞിട്ട് ?

ബീഫല്ലെടാ പൊട്ടാ.. ബ്രീഫ് ബ്രീഫ്..

ഞാനിപ്പോ ബ്രീഫ് ഉപയോഗിക്കാറില്ലമ്മേ.. എല്ലാത്തരം ബന്ധനങ്ങളില്‍ നിന്നും ഞാന്‍ മോചിതനായി…

പാര്‍ട്ടി മീറ്റിങ്ങിനു ചെന്നിട്ട് ഇമ്മാതിരി മണകൊണാഞ്ചന്‍ വര്‍ത്താനം പറഞ്ഞാല്‍ നിന്റെ കാലു ഞാന്‍ തല്ലിയൊടിക്കും…

അടുത്ത തിങ്കളാഴ്ച ഞാന്‍ മ്യാന്‍മറിലായിരിക്കും അമ്മേ… അവിടെ എനിക്കൊരു ആത്മവിശുദ്ധീകരണ ധ്യാനമുണ്ട്… ധ്യാനത്തിന്റെ വിശുദ്ധി നഷ്ടപ്പെടാതിരിക്കണമെങ്കില്‍ കൃത്യമായ ഇടവേളകളില്‍ ഈ വിശുദ്ധീകരണ ധ്യാനങ്ങള്‍ കൂടണം… ഇനിയങ്ങോട്ട് എല്ലാ തിങ്കഴാള്ചകളിലും ഞാന്‍ മ്യാന്‍മറിലായിരിക്കും…

ആന്റൂ… ഒന്നിങ്ങോട്ടു വന്നേ.. ഞാന്‍ മടുത്തു… ഈ ചെക്കനു പ്രാന്തായെന്നാ തോന്നുന്നേ.. ഇനീം ഞാനിവിടെ നിന്നാല്‍ ഇവനെ വല്ലോം ചെയ്യും..

ശാന്തി അമ്മേ, ശാന്തി…

ആശ, ശാന്തി… നീയിങ്ങനെ പെണ്ണുങ്ങളുടെ പേരും മനപാഠം പറഞ്ഞോണ്ടിരുന്നോ…നന്നാവരുത്…

മോനേ… ഞാനാടാ ആന്റങ്കിള്‍…

പറയൂ അങ്കിള്‍… എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ?

കഷ്ടത്തിലാണ് മോനേ… മോനിവിടുന്നു പോയതോടെ പാര്‍ട്ടി നാഥനില്ലാത്ത അവസ്ഥയിലായി…. നേതാക്കന്‍മാര്‍ക്കു പോലും വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങി… രാജ്യത്ത് മറ്റവരുടെ ഏകാധിപത്യമാണ്… നമുക്കൊന്നും ചെയ്യാന്‍ പറ്റുന്നില്ല…

അങ്കിളെന്തൊക്കെയാണ് പറയുന്നത്… ഞാന്‍ ചോദിച്ചത് ആത്മീയകാര്യങ്ങളാണ്… ദൈവത്തിന്റെ കാര്യങ്ങള്‍…

ഞാനൊരു നിരീശ്വര വാദിയാണ്… മോന്‍ ഇനിയെങ്കിലും പാര്‍ട്ടി കാര്യങ്ങള്‍ ശ്രദ്ധിക്കണം.. തിങ്കഴാള്ചത്തെ മീറ്റിങ്ങിനു വരണം… മഹാരാഷ്ട്രയിലെ ബീഫ് നിരോധനം മുതല്‍ ഒരുപാടു വിഷയങ്ങളില്‍ നമുക്ക് സമരം നടത്തേണ്ടതുണ്ട്…

ബീഫ് നിരോധം രാജ്യം മുഴുവന്‍ വേണമെന്നാവശ്യപ്പെട്ടാണെങ്കില്‍ സമരത്തിനു ഞാനും വരാം… ബീഫിനെ മാത്രമല്ല, ജീവനുള്ള ഒന്നിനെയും കൊല ചെയ്തു കഴിക്കാന്‍ പാടില്ല..

അപ്പോ പണ്ടു കേരളത്തില്‍ വന്നു തട്ടുകടേന്നു പൊറോട്ടയും ബീഫും തട്ടിയതു മറന്നോ ?

ഞാനിന്നൊരു പുതിയ മനുഷ്യനാണ്… പഴയതൊന്നും എന്നെ ഓര്‍മിപ്പിക്കേണ്ട..

കേരളത്തിലേക്കൊക്കെ ഒന്നു വരണം.. പാര്‍ട്ടിക്ക് കുറച്ചെങ്കിലും ശക്തിയുള്ളത് അവിടെയാണ്…

ഞാന്‍ മ്യാന്‍മറിലായിരിക്കുമ്പോള്‍ ഒരാഴ്ച റഷ്യയിലെ പുടിനും എന്നോടൊപ്പം ധ്യാനത്തിലുണ്ടായിരുന്നു.. അപ്പോഴാണ് കേരളത്തിലെ ബജവതരണം ടിവിയില്‍ കണ്ടത്…

ധ്യാനത്തിലായിരുന്നെങ്കിലും ന്യൂസ് ചാനല്‍ ഒക്കെ കാണുമായിരുന്നോ ?

ഹേയ്.. ഇത് ഗുസ്തി ചാനലിലാ.. ഡബ്ല്യുഡബ്ല്യുഇയില്‍… ആത്മനിയന്ത്രണം പരിശീലിപ്പിക്കാന്‍ വേണ്ടി കാണിക്കുന്നതാ.. അപ്പോള്‍ മാണിസാറിനെ ഞാന്‍ പുടിനു കാണിച്ചുകൊടുത്തു… മൂപ്പര്‍ക്ക് ആളെ ഇഷ്ടായി.. അവിടുത്തെ ആഭ്യന്തരമന്ത്രിയായി വിളിച്ചാല്‍ ചെല്ലുമോ എന്നു ചോദിച്ചു…

കര്‍ത്താവേ…

അല്ല, നിരീശ്വരവാദിയാണെല്ലല്ലേ പറഞ്ഞത് ?

ഞാനെന്റെ കൂടെ സ്‌കൂളില്‍ പഠിച്ച ശ്രീധരന്‍ കര്‍ത്താവിനെ ഓര്‍ത്തതാ…

ങും… അപ്പോ പുടിന്‍ പറഞ്ഞു.. അവിടെ പണ്ടൊരു സാര്‍ ചക്രവര്‍ത്തിയുണ്ടായിരുന്നെന്ന്.. പേരിന്റെ കൂടെ സാര്‍ എന്നുള്ളതുകൊണ്ട് മാണിസാറിനെ അവിടത്തുകാര്‍ക്കിഷ്ടപ്പെടുമെന്ന്…

നല്ല സെലക്ഷനാ.. പക്ഷെ, പുടിന്റെ ഭാവി എന്താകൂന്നാ…

നല്ല മനുഷ്യനാ… നേരത്തേ ബോധോദയം വന്നയാളാ… ബൈ ദ ബൈ…ആന്റങ്കിള്‍ ഇപ്പോ വന്ന കാര്യം പറഞ്ഞില്ല ??

തിങ്കഴാഴ്ചത്തെ പാര്‍ട്ടി മീറ്റിങ്…

ഞാനന്നു മ്യാന്‍മറിലായിരിക്കും.. അതുകൊണ്ട് അതുവിട്…വേറെന്തെങ്കിലും ?

അല്ല, മോനിപ്പോള്‍ കൂടുതല്‍ സമയം ധ്യാനവും മറ്റുമാണല്ലോ… അതുപോര…

എനിക്കറിയാം.. രാജ്യത്തുടനീളം ധ്യാനകേന്ദ്രങ്ങള്‍ തുടങ്ങാനും ഞാനാലോചിക്കുന്നുണ്ട്…

അതല്ല, മോന്‍ പഴയപോലെ.. പൊറോട്ടയും മറ്റുമൊക്കെയായി…

അത് ശരി… എന്താണാ ബാഗില്‍ ?

ഒരു നാലു പൊറോട്ട.. പിന്നെ കുറച്ചു ബീഫ്… ചാറ് വേറെ എടുത്തിട്ടുണ്ട്…

ദുഷ്ടാ….. എന്നെ ഇങ്ങനെ അപമാനിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു ?

അല്ല മോനേ… അത് പിന്നെ, അത് ഇത്…

ആന്റങ്കിള്‍.. ഇതു വളരെ മൃഗീയവും പൈശാചികവുമായിപ്പോയി…

അയ്യോ, എന്നോടങ്ങനെ പറയല്ലേ…

പറയും…

പറയല്ലേ…

പറയുമെന്നല്ലേ പറഞ്ഞത്…

ഈശ്വരാ ഞാനിതെങ്ങനെ സഹിക്കും…

ഗെറ്റൗട്ട് ഹൗസ് അങ്കിള്‍..

എന്ത്ന്ന് ?

ഇംഗ്ലിഷിലല്ലേ പറഞ്ഞത്… എന്നാ ഹിന്ദീല്‍ പറയാം.. ഘര്‍വാപസി..

ഈശ്വരാാാാ !!

ഡാന്‍സ് ടീച്ചര്‍

മുന്‍മന്ത്രി ശ്രീമതി ടീച്ചറെപ്പറ്റി എനിക്കങ്ങനെ പ്രത്യേകിച്ച് അഭിപ്രായമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ടീച്ചറെപ്പറ്റി എനിക്ക് വളരെ നല്ല അഭിപ്രായമാണ്. തൃശൂര്‍ സിപിഎം ജില്ലാ സമ്മേളന വേദിയില്‍ ടീച്ചര്‍ നൃത്തം ചെയ്തു എന്നത് ബ്രേക്കിങ് ന്യൂസ് ആക്കുന്നത് ചെറ്റത്തരം ആണെന്നറിയാവുന്നതുകൊണ്ട് മിക്കവാറും മാധ്യമങ്ങള്‍ ടീച്ചറുടെ നൃത്തം നേതാക്കളെ അസ്വസ്ഥരാക്കി എന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.അച്ചടക്കത്തോടെ നടന്നിരുന്ന സമ്മേളനത്തെ ഇടിച്ചു താഴ്ത്തുന്ന വിധമാണ് ശ്രീമതി നൃത്തം ചെയ്തത് എന്നാണ് ഇവരുടെ അഭിപ്രായമെന്നും എന്നാല്‍ ഇതൊരു വിവാദമായാല്‍ സമ്മേളനത്തിന്റെ പ്രാധാന്യം കുറയും എന്നതിനാല്‍ ഇവര്‍ മൗനം പാലിയ്ക്കുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.മൗനം പാലിക്കുന്നവരുടെ അഭിപ്രായങ്ങള്‍ എങ്ങനെ ഈ കൊജ്ഞാണന്മാര്‍ വായിച്ചെടുത്തോ ആവോ ?

ഡിപിഇപി സമ്പ്രദായം വന്നതുമുതല്‍ ഇവിടെ അധ്യാപകര്‍ കുന്തം വിഴുങ്ങി നിന്നുള്ള അധ്യാപനം നിര്‍ത്തിയതാണ്. കവിതകളും മറ്റും പഠിപ്പിക്കുമ്പോള്‍ കുട്ടികള്‍ക്കൊപ്പം ആടിയും പാടിയും ആര്‍ട്ടിസ്റ്റ് കുളത്തിലേക്കു ചാടുമ്പോള്‍ ഒപ്പം ചാടുന്ന ക്യാമറയെപ്പോലെ അവരും മോഡേണ്‍ ആയതാണ്. ശ്രമതി ടീച്ചറുടെ സബ്ജക്ട് ഏതാണെന്നെനിക്കറിയില്ല. എന്തായാലും ഇംഗ്സിഷ് ആയിരിക്കില്ല. പാര്‍ട്ടി അംഗങ്ങളെ എല്‍കെജി കുട്ടികളെപ്പോലെ കണ്ട് നാടന്‍പാട്ടിനൊപ്പം ചുവടു വച്ച് കൈകള്‍ ചലിപ്പിച്ച ടീച്ചര്‍ നൃത്തം ചെയ്തു എന്നു പറയുന്നത് പ്രഥമദൃഷ്ട്യാ നൃത്തകലയോടുള്ള അവഹേളനമാണ്. എന്നാല്‍, ടീച്ചര്‍ സംഗീതത്തിനനുസൃതമായി മനോധര്‍മമനുസരിച്ച് അംഗചലനങ്ങള്‍ നടത്തി എന്നത് വളരെ പോസിറ്റീവായിട്ടുള്ള കാര്യമാണ്. ക്ലാസിക്കലായോ വെസ്‍റ്റേണായോ നൃത്തം പഠിക്കാതെ പൊതുവേദിയില്‍ ഇത്തരത്തില്‍ രണ്ടു ചുവടുവയ്‍ക്കാനുള്ള സഹൃദയത്വവമോ ആത്മവിശ്വാസമോ ഉള്ളവര്‍ വളരെ കുറവായിരിക്കും. അത്തരത്തിലൊരു മനസ്സുള്ള ടീച്ചര്‍ പുരോഗമനവാദികളെന്നവകാശപ്പെടുകയും മനസ്സില്‍ നട്ടപ്പാതിര കൊണ്ടുനടക്കുകയും ചെയ്യുന്നവരെക്കാള്‍ ഫാര്‍ ഫാര്‍ ബെറ്ററാണെന്നതില്‍ തെല്ലും സംശയമില്ല.

ടീച്ചറെ നോക്കി കഷ്ടമെന്നും പരിതാപകരമെന്നും ആക്രോശിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ നവയൗവ്വനക്കാരെന്നു നടിക്കുന്ന പിന്തിരിപ്പന്‍ മൂരാച്ചികള്‍. തൃശൂര്‍ നടന്ന റേവ് പര്‍ട്ടിയില്‍ ടീച്ചര്‍ പാര്‍ട്ടിപ്രവര്‍ത്തകരോടൊപ്പം ഉന്മാദനൃത്തം ചവിട്ടിയാല്‍ എങ്ങനെ പ്രതികരിക്കുമോ അങ്ങനെയാണ് ടീച്ചറുടെ ഈ പാര്‍ട്ടി നൃത്തത്തോട് ആളുകള്‍ പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. പ്രകടമായ ഇടതുവിരോധത്തില്‍ നിന്നുണ്ടാവുന്ന സ്വാഭാവികമായ ഒരു ന്യൂസ് ബ്രേക്ക് ആണിതെന്നാണ് എനിക്കു തോന്നുന്നത്. സിപിഎം സമ്മേളനത്തിനു വന്നവര്‍ പാര്‍ട്ടി സൂക്തങ്ങള്‍ ഉരുവിട്ട് ഭാരവാഹികളെയും തിരഞ്ഞെടുത്ത് ചുവപ്പുസേനാ റാലിയും നടത്തി ചെങ്കൊടിയേന്തി മടങ്ങിപ്പോകണം എന്നെവിടെയും ആരും പറഞ്ഞിട്ടില്ല. ഇടതുപക്ഷം കാലത്തിനനുസൃതമായി മാറുന്നത് കണ്ട് സഹിക്കാനാവാത്ത ചിലര്‍ ദേണ്ടെ ഇടതുപക്ഷത്തിനെന്തോ സംഭവിച്ചു എന്നലമുറയിടുന്നത് വേറെ. ഇത്രേം കുഴപ്പം പിടിച്ച ഒരു പാര്‍ട്ടിയില്ല എന്നു പറഞ്ഞവര്‍ക്ക് അവര്‍ കുത്തും വെട്ടും നിര്‍ത്തി പാട്ടും കൂത്തുമാരംഭിച്ചതിനെ പോസിറ്റീവായി കാണാന്‍ കഴിയാത്തത് കഷ്ടകമാണ്. ശ്രീമതി ടീച്ചര്‍ സംഗീതത്തിനനുസൃതമായി മനോധര്‍മമനുസരിച്ച് അംഗചലനങ്ങള്‍ നടത്തിയത് ഏതു കണ്ണില്‍ക്കൂടി നോക്കിയാലും പോസിറ്റീവാണ്. അത് നെഗറ്റീവാണെന്നു വാദിക്കുന്നവര്‍ ഏജ് ഓവറായി എന്നേ പറയാന്‍ പറ്റൂ.

കേരളത്തിലാദ്യമായി സംഗീതത്തിനനുസൃതമായി മനോധര്‍മമനുസരിച്ച് അംഗചലനങ്ങള്‍ നടത്തുന്ന ആദ്യത്തെ നേതാവല്ല ശ്രീമതി ടീച്ചര്‍. മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ പൈശാചികവും മൃഗീയവുമായ വ്യക്തിത്വത്തിനുടമയെന്നു കരുതിയിരരുന്ന എ.കെ.ആന്റണി ആദിവാസിനേതാക്കളോടൊപ്പം ഇതേപോലെ ഒരു നാടന്‍പാട്ടിനനുസൃതമായി മനോധര്‍മമനുസരിച്ച് അംഗചലനങ്ങള്‍ നടത്തിയിരുന്നു. നാടന്‍പാട്ടുകളുടെ തനിമയും സ്വാധീനവുമാണ് ഇത് എടുത്തു കാട്ടുന്നത്. ഇതിനെയൊക്കെ വിമര്‍ശിക്കുന്നത് അരസികന്മാരായ നമ്മളെപ്പോലെയുള്ളവരുടെ ആരോചകമായ സാമൂഹികബോധത്തെയും എടുത്തുകാട്ടുന്നു.

ടീച്ചറുടെ നൃത്തത്തെ അധിക്ഷേപിക്കുന്നവര്‍ പണ്ട് ടീച്ചര്‍ അമേരിക്കയില്‍ പോയപ്പോള്‍ നടത്തിയ ഇംഗ്സിഷ് പ്രസംഗത്തെയും അധിക്ഷേപിക്കുന്നുണ്ട്.പ്രസംഗം ആംഗലേയത്തില്‍ കേട്ടാല്‍ കോമഡിയാണ്, സമ്മതിച്ചു. എന്നാല്‍,കേരളത്തിലെ ഒരു മന്ത്രി ഇംഗ്ലിഷ് വെള്ളം പോലെ സംസാരിക്കേണ്ട കാര്യമൊന്നുമില്ല.അമേരിക്കയില്‍ ചെന്ന് പച്ച മലയാളത്തില്‍ സംസാരിക്കാനാണ് കേരളത്തിലെ നേതാക്കള്‍ ശ്രമിക്കേണ്ടത്.താല്‍പര്യമുള്ള ഇംഗ്ലിഷുകാര്‍ സാധനം പരിഭാഷപ്പെടുത്തിയെടുത്തുകൊള്ളും.നാലു പേര്‍ക്കു മുന്നില്‍ പറയാന്‍ കൊള്ളാവുന്ന ഭാഷയാണ് മലയാളം എന്നു നമമ്മുടെ ജനപ്രതിനിധികള്‍ക്കു പോലും തോന്നുന്നില്ലെങ്കില്‍ പ്രജകളോട് അങ്ങനെ പറഞ്ഞിട്ടു വല്ല കാര്യവുമുണ്ടോ ?

മനസില്‍ വച്ചോ മന്ത്രിശവങ്ങളേ…

ഇത് ഒരു ജനതയുടെ പ്രതിഷേധമാണ്.കേരളത്തിന്റെ അഭിമാനമായ കേന്ദ്രമന്ത്രിമാരെ, നിങ്ങളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പാനും കരണത്ത് ഓരോന്നു പൊട്ടിക്കാനും ഈ ജനങ്ങള്‍ അവസരം കാത്തിരിക്കുനന്നു. നിങ്ങള്‍ വരണം ഇടുക്കിയിലേക്ക്.നല്ല ഉറപ്പുണ്ടെങ്കില്‍ വണ്ടിപ്പെരിയാറിലേക്ക്.ഓരോ കാറ്റിനെയും ഡാം പൊട്ടി വരുന്ന പ്രളയജലമെന്നു ധരിച്ച് ഏങ്ങലടിച്ച് കുഴഞ്ഞു വീഴുന്ന പിഞ്ചു കുഞ്ഞുങ്ങളുടെയും പ്രളയജലം വിഴുങ്ങും മുമ്പ് കുഞ്ഞുങ്ങളെ തലയിലേറ്റി വെള്ളത്തിനു മീതെ പൊന്തിക്കിടക്കാന്‍ വേണ്ടി മാത്രം രാത്രിയില്‍ ഉറങ്ങാതിരിക്കുന്ന ആയിരക്കണക്കിനു അച്ഛന്മാരുടെയും അമ്മമാരുടെയും നാട്ടിലേക്ക്.

ദില്ലിയിലെ തണുപ്പില്‍ സ്വെറ്റര്‍ പുതച്ച് ആഗോളരാഷ്ട്രീയം ചര്ച്ച ചെയ്യുമ്പോള്‍ വാ പിളര്‍ന്നു നില്‍ക്കുന്ന മരണപ്രവാഹത്തിനു മുന്നില്‍ പിടച്ചിലോടെ ജീവിക്കുന്ന ഒരു ജനതയുടെ വേദന നിങ്ങള്‍ക്ക് മനസ്സിലാവില്ല.ഈശ്വരനുണ്ടെങ്കില്‍,ചത്തുപണ്ടാരമടങ്ങുന്നതിനു മുമ്പ് ഒരിക്കലെങ്കിലും നിങ്ങളും അതറിയും.കാരണം, ഒന്നോ രണ്ടോ പേരുടെയല്ല, നിങ്ങളെ വിശ്വസിച്ച് വോട്ട് ചെയ്ത് വിജയിപ്പിക്കുകയും നിങ്ങളെയോര്‍ത്ത് അഭിമാനിക്കുകയും ചെയ്ത അരക്കോടി മനുഷ്യരുടെ മരണവെപ്രാളത്തെയാണ് നിങ്ങള്‍ പരിഹസിക്കുന്നത്.

എ.കെ.ആന്റണിയുടെയോ മുല്ലപ്പള്ളി രാമചന്ദ്രന്റെയോ ഇ.അഹമ്മദിന്റെയോ ഒന്നും മണ്‍ഡലങ്ങള്‍ക്കു മുല്ലപ്പെരിയാര്‍ ഡാം ഒരു ഭീഷണിയല്ല. എന്നാല്‍,ഈ ഭീഷണിയ്‍ക്കു കീഴില്‍ മരണം മുന്നില്‍ കണ്ട് ഉറക്കമില്ലാതെ കഴിയുന്ന ജനങ്ങളുടെ ശാപം നിങ്ങള്‍ക്കു വലിയ ഭീഷണി തന്നെയാണ്.മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാരുമായി ആശയവിനമയം നടത്താന്‍ കേരളത്തിന് ആകെയുള്ള ശക്തികേന്ദ്രങ്ങള്‍ നിങ്ങളാണ്. അരക്കോടി മലയാളികളുടെ നിലവിളി കേട്ട് ആന്റണി പ്രതികരിക്കുമെന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.കൂടുതല്‍ ഉറക്കെ നിലവിളിച്ചാല്‍ രാജി വച്ച് ഒളിവില്‍ പോകുമെന്നും അറിയാം.

എന്നാല്‍,ഒരു ജനതയുടെ ആത്മസാക്ഷാത്‍കാരമായ ഇ.അഹമ്മദിന് താന്‍ കേരളത്തിന്റെ മാത്രം കേന്ദ്രമന്ത്രിയല്ല എന്നു പറയാന്‍ എങ്ങനെ കഴിയുന്നു ? അഹമ്മദ് സാഹിബിന്റെ വിശാലമായ ഈ കാഴ്‍ചപ്പാട് നല്ലതാണ്, പക്ഷെ, ഇത്തരമൊരവസരത്തില്‍ ഒരു ജനതയെ കുരുതി കൊടുക്കാന്‍ കൂട്ടുനിന്നുകൊണ്ടാവേണ്ടിയിരുന്നില്ല ഈ ഒളിച്ചോട്ടം.പക്ഷെ, നന്നായി,ഇവനെയൊക്കെ മനസിലാക്കാന്‍ കഴിഞ്ഞല്ലോ. എന്‍ഡോസള്‍ഫാന്‍ നല്ലതാണ് എന്നാവര്‍ത്തിച്ചുകൊണ്ടിരുന്ന കെ.വി.തോമസ് വായ തുറക്കാതിരിക്കട്ടെ എന്നേ പ്രാര്‍ഥനയുള്ളൂ.

പട്ടി പ്രസവിച്ചതു മുതല്‍ ആന ചിന്നം വിളിച്ചതുവരെയുള്ള കാര്യങ്ങള്‍ക്ക് പ്രതികരിക്കുകയും പത്രമോഫീസുകളിലേക്ക് ഫാക്‍സ് പ്രവാഹമൊരുക്കുകയും ചെയ്യുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ സംസ്ഥാനം ഇത്ര വലിയൊരു പ്രതിസന്ധി നേരിടുന്ന സമയത്ത് ഇത്ര നെറികെട്ട രീതിയില്‍ ഒഴിഞ്ഞുമാറാന്‍ എങ്ങനെ സാധിക്കുന്നു എന്നത് ആശ്ചര്യജനകമാണ്. നിയമവും സാങ്കേതികത്വവും ചട്ടവും വകുപ്പുകളും നിങ്ങളെയും ഭരണകൂടത്തയും വിശ്വസിക്കുന്ന ജനങ്ങളുടെ ജീവനെക്കാള്‍ വലുതാണെന്നു ഭാവിക്കുന്ന ഒരു ഭീരുവിനെപ്പോലെയാണ് മുല്ലപ്പള്ളി സംസാരിക്കുന്നത്. ഡാം ദുരന്തമുണ്ടായാല്‍ അതില്‍ അനുശോചിച്ചുകൊണ്ട് പത്രമോഫീസുകളിലേക്ക് അദ്യത്തെ ഫാക്‍സ് അയക്കുന്നത് മുല്ലപ്പള്ളിയായിരിക്കും എന്നതില്‍ സംശയമില്ല.

സാമൂഹികനീതിക്കു വേണ്ടി ഏതറ്റം വരെയും പോകാന്‍ തയ്യാറാവുന്ന യുവജനസംഘടനകള്‍ക്കും അവകാശങ്ങള്‍ നേടിയെടുക്കാന്‍ എത്ര വലിയ പ്രക്ഷോഭത്തിനും തയ്യാറാവുന്ന മതസംഘടനകള്‍ക്കും മാനുഷികനീതിയോടും ജീവിക്കാനുള്ള അവകാശത്തോടും ഇത്ര വെറുപ്പാണെന്നത് അമ്പരപ്പിക്കുന്ന തിരിച്ചറിവാണ്.കസേരകള്‍ക്കു വേണ്ടി മാത്രം ജീവിക്കുകയും മനുഷ്യരെ വോട്ടുകളായി മാത്രം കാണുകയും ചെയ്യുന്ന നേതാക്കന്മാരെന്നു വിളിക്കപ്പെടാനാഗ്രഹിക്കുന്ന രാഷ്ട്രീയശവങ്ങളെ പുഴുവരിക്കുന്നതിന്റെ ശിക്ഷ,അതാണ് ഈ ജനങ്ങളുടെ തലയ്ക്കു മുകളിലെ ജലബോംബ്.

തെല്ലും ബഹുമാനം ബാക്കി വയ‍്ക്കാതെ പറയുകയാണ്.ഇവിടൊരു ദുരന്തമുണ്ടായാല്‍ പൊതുജനം നിങ്ങളെ വിചാരണ ചെയ്യുന്നത് നാവുകൊണ്ടായിരിക്കില്ല. ഈ ദുരന്തം കണ്ണില്‍പ്പെടാത്ത പ്രധാനമന്ത്രിയും സഹമന്ത്രിമാരും ഇന്ത്യ എങ്ങോട്ടാണ് പോകുന്നതെന്ന് അപ്പോള്‍ വിസ്മയിക്കും. അരക്കോടി ചത്താലും കസേര നിലനില്‍ക്കണം എന്ന നിലപാടിലുറച്ചു നില്‍ക്കുന്ന നിങ്ങളെപ്പറ്റി ലോകം അറിയണം.ലോകചരിത്രത്തിലെ ഏറ്റവും നെറികെട്ട,ജനവ‍ഞ്ചകരും സ്വാര്‍ഥരുമായ ജനപ്രതിനിധികളെന്ന പേരില്‍ നിങ്ങളെ ഞങ്ങള്‍ ചരിത്രത്തിലെഴുതിച്ചേര്‍ക്കും.എന്നെങ്കിലും വരും നിങ്ങള്‍,വോട്ടു ചോദിച്ച് ഞങ്ങളുടെ വീട്ടുപടിക്കല്‍… അതെത്ര കാലം കഴിഞ്ഞായാലും ഈ തീയണയാതെ ഞങ്ങള്‍ മനസ്സില്‍ ഊതിക്കത്തിച്ചുകൊണ്ടിരിക്കും,മനസ്സില്‍ വച്ചോ മന്ത്രി ശവങ്ങളേ.

മദര്‍ സോണിയാജി

സോണിയാജി ആരുടെ മദറാണെന്നു ചോദിച്ചാല്‍ രാഹുല്‍ജിയുടെയും പ്രിയങ്കാജിയുടെയും എന്ന മണ്ടന്‍ ഉത്തരം പറയരുത്. ആയമ്മ നൂറ് നൂറ്റന്‍പതു കോടി ഇന്ത്യക്കാരുടെയും മദറാണ്.ഇന്ദിരയാണ് ഇന്ത്യ എന്ന് പണ്ടാരോ പറഞ്ഞിരുന്നു.ഇന്ദിരയും മന്ദിരയുമൊന്നുമല്ല, സോണിയാജിയാണ് മോഡേണ്‍ ഗോഡെസ്സ് ഓഫ് ദി മോഡേണ്‍ ഇന്ത്യ.ഇന്നലെക്കൂടി ഞാന്‍ ആയമ്മയെ സ്വപ്നം കാണുകയും സ്വപ്നത്തില്‍ ഏതാനും വരങ്ങള്‍ ചോദിക്കുകയും ചെയ്തതാണ്. രാവിലെ എണീറ്റു നോക്കുമ്പോള്‍ ദേണ്ടെ ചോദിച്ചതെല്ലാം സാധിച്ചു കിടക്കുന്നു, മുടിഞ്ഞ പവറാ.

അല്ലെങ്കിലും സോണിയ മരുമകളായിട്ട് എന്നീ ഇന്ത്യയില്‍ കാലുകുത്തിയോ അന്നു തുടങ്ങിയതാണ് ഇവിടെ സമാധാനം കളിയാടാന്‍.ഗാന്ധിജിയും നെഹ്‍റുജിയുമൊക്കെ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സ്വാതന്ത്ര്യം കിട്ടിയെങ്കിലും സമാധാനം മാത്രം കിട്ടിയിരുന്നില്ല.വിദേശത്ത് നിന്നു ഇന്ത്യയില്‍ വന്ന് ജീവിച്ച മദര്‍ തേരേസയ്‍ക്കു കൊടുത്ത നൊബേല്‍ സമ്മാനം അതേപോലെ നമ്മളെ ഉദ്ധരിക്കാന്‍ ഇവിടെ വന്നു പ്രവസിക്കുന്ന പരിശുദ്ധ മദര്‍ സോണിയാജിക്കു കൂടി കൊടുക്കുന്നതില്‍ എന്താണ് തെറ്റ് ?

ഡല്‍ഹി ആസ്ഥാനമായുള്ള ഇന്‍റര്‍നാഷണല്‍ എവേക്കനിങ് സെന്‍റര്‍ എന്ന സംഘടനയാണ് സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനത്തിന് യുപിഎ അധ്യക്ഷ സോണിയാഗാന്ധിയുടെ പേരു നിര്‍ദേശിച്ചിരിക്കുന്നത്.മദര്‍ തെരേസയ്ക്ക് സമാനമായ സ്ഥാനമാണ് സോണിയയ്‌ക്കെന്നും ഇന്ത്യയ്ക്കു പുറത്തും അവര്‍ പ്രശസ്തയാണെന്നും സംഘടനയുടെ കത്തില്‍ പറയുന്നുണ്ടത്രേ. മദര്‍ തേരേസ കുഷ്ടരോഗികളോടൊപ്പം തെരുവില്‍ ജീവിച്ച സ്ത്രീയാണ്. സോണിയാജിയെ മദര്‍ തെരേസയോട് ഉപമിച്ചത് മദര്‍ തേരേസയെ അപമാനിക്കലാണ് എന്നു പലരും അഭിപ്രായപ്പെട്ടു കണ്ടു. സംഘടന പ്രതീകാത്മകമായി പറഞ്ഞതാവാനേ തരമുള്ളൂ.

നമ്മള്‍ ഒക്കെ ലോക്കല്‍ എവേക്കനിങ്ങുകാരായതുകൊണ്ട് ഇന്റര്‍നാഷനല്‍ എവേക്കനിങ്ങിന്റെ ഗുട്ടന്‍സ് പെട്ടെന്നു പിടികിട്ടില്ല.സോണിയാജിയെ മദര്‍തേരേസയോട് ഉപമിച്ചതില്‍ തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം.കോണ്‍ഗ്രസ് പാര്‍ട്ടിയിലെ രാഷ്ട്രീയകുഷ്ഠം ബാധിച്ച മനോരോഗികളോടൊപ്പം അവരുടെ ശുശ്രൂഷകളേറ്റുവാങ്ങി ഇത്രകാലം കഴിഞ്ഞു എന്നതു തന്നെ വലിയൊരു പ്ലസ് പോയിന്റാണ്.അടുത്തിടെ പരസ്യജീവിതം ആരംഭിക്കുകയും ചെറിയ ചെറിയ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാഹുല്‍ ദി റൗള്‍ വിന്‍സി എന്ന പ്രതിഭാസത്തിന്റെ അമ്മയാണ് എന്നത് തന്നെ രണ്ടോ മൂന്നോ നൊബേല്‍ സമ്മാനങ്ങള്‍ക്ക് സോണിയാജിയെ പരിഗണിക്കാന്‍ പറ്റിയ യോഗ്യതയാണ് (ആക്കിയതല്ല,സീരിയസ്സാണ്).

സോണിയാജി ഇന്ത്യയില്‍ മാത്രമല്ല കേരളം,തമിഴ്‍നാട് പോലുള്ള ലോകത്തെ മറ്റു രാജ്യങ്ങളിലും ഫെയ്‍മസ് ആണ് എന്നും കത്തില്‍ പറയുന്നു.സോണിയാജിയെ പറ്റി പലവട്ടം എഴുതിയിട്ടുള്ള ഈ ബ്ലോഗില്‍ 195 രാജ്യങ്ങളില്‍ നിന്നു വായനക്കാരുണ്ട് എന്നതു തന്നെ അതിനു തെളിവാണ്.അടുത്തകാലത്ത് ശ്രീലങ്കയില്‍ സമാധാനം വിതയ്‍ക്കുന്നതില്‍ സോണിയാജി വഹിച്ചിട്ടുള്ള പങ്ക് നിസ്‍തുലമാണ്.കുട്ടിക്കാലം മുതല്‍ക്കേ ഇത്തരത്തില്‍ സമാധാനം സ്ഥാപിക്കാന്‍ സോണിയാജി മുന്‍കൈ എടുത്തിരുന്നു എന്നാണ് ഇറ്റാലിയന്‍ ചാരന്മാര്‍ പറയുന്നത്.അതൊക്കെ വിശദമായി പ്രതിപാദിക്കുന്ന പുസ്തകങ്ങളും സിനിമകളും ഒക്കെ ഉണ്ടായെങ്കിലും അതെല്ലാം കൂടി വായിച്ച് കത്തോലിക്കാ സഭ മൂപ്പത്തിയെ വിശുദ്ധയാക്കിയേക്കുമോ എന്നു ഭയന്ന് പുസ്തകവും സിനിമയുമൊക്കെ കോങ്ക്രസ് സെന്‍സര്‍ ബോര്‍ഡ് നിരോധിച്ചുകളഞ്ഞു. അതെഴുതിയവരും സംവിധാനം ചെയ്തവരും കര്‍ത്താവില്‍ നിദ്ര പ്രാപിച്ചോ എന്നതറിയില്ല. അങ്ങനെയുണ്ടായിട്ടുണ്ടെങ്കില്‍ അതും ഒരോ അദ്ഭുതങ്ങളായി എണ്ണണം.

ഗാന്ധിജയന്തിക്ക് മൂന്നാം ക്ലാസില്‍ പഠിക്കുന്ന എന്റെ മരുമോന്‍ പറഞ്ഞതുപോലെ മഹാത്മാഗാന്ധിയുടെ മകളായ സോണിയാ ഗാന്ധിയാണല്ലോ ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നത് (പത്രോം വായിക്കില്ല, ടീവീം കാണില്ല, പക്ഷേ മുടിഞ്ഞ രാഷ്ട്രീയബോധമാ ചെക്കന്).കര്‍ത്താവിനു പത്രോസ് എന്ന പോലെ സോണിയാജിയുടെ പുണ്യപ്രവൃത്തികളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി നമ്മടെ ആലപ്പുഴക്കാരന്‍ എ.കെ.ആന്റണിയുമുണ്ട്.സോണിയാജിക്ക് നൊബേല്‍ കൊടുത്താല്‍ നമ്മുടെ ആന്റണി ആരാകും ? അല്ലെങ്കിലും ഐശ്വര്യ റായിക്കു ലോകസുന്ദരിപ്പട്ടവും അരുന്ധതി റോയിക്കു ബുക്കറും റഹ്‍മാനും പൂക്കുട്ടിക്കും ഓസ്‍കറും കിട്ടിയതുപോലെ നമ്മുടെ സോണിയാജിക്ക് ഒരു നൊബേല്‍ സമ്മാനം കൂടി കിട്ടിയാല്‍ അത് ഇന്ത്യ ലോകശക്തിയാകുന്നതിനുള്ള ബില്‍ഡ് അപ്പാവുമെങ്കില്‍ എന്തിനു തടയണം.

പിന്നേ:- ഇന്നു മുതല്‍ സോണിയാജിയുടെ പടമാണ് എന്റെ വാള്‍ പേപ്പര്‍.എന്റെ ദുഷിച്ച മനസ്സിന്റെ ഭിത്തിയില്‍ ഞാനാ പുണ്യവനിതയുടെ ചിത്രം തുപ്പല്‍ തേച്ച് ഒട്ടിച്ചു വയ്‍ക്കും.അപ്പോള്‍ ഈ ബ്ലോഗിലൂടെ നിങ്ങള്‍ക്കും സകലകൂതറകള്‍ക്കും സമാധാനം അനുഭവപ്പെടും.

ഹാലൂസിനേഷന്‍ !

തത്ത്വമസി എന്നു പറയുന്നത് ഇത്തരത്തിലുള്ള ഒരു സാധനമാണെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. സുകുമാര്‍ അഴീക്കോടും മോഹന്‍ലാലും ഇന്നസെന്‍റുമായുള്ള പോരാട്ടം തികച്ചും രസകരമായ ഒന്നായിരുന്നു. മൂവരും കോര്‍ട്ടിലിറങ്ങി കളിച്ചു. ഒറ്റയ്‍ക്കു കളിച്ച അഴീക്കോട് ഇന്നസെന്‍റിനെയും ലാലിനെയും അടിച്ചു നിലംപരിശാക്കി. ജനം കയ്യടിച്ചു. കളി നിര്‍ത്തി വീട്ടില്‍പ്പോയ ലാലേട്ടന്‍റെ വീട്ടിലേക്ക് ചാണകമെറിയുന്ന പരിപാടിയാണ് അഴീക്കോട് മാഷ് ഇപ്പോള്‍ കാണിച്ചുകൊണ്ടിരിക്കുന്നത്. രണ്ടു ദിവസം കൊണ്ടുണ്ടായ കംപ്ലീറ്റ് ഫാന്‍സിനെയും തല്ലിയോടിച്ചെങ്കിലേ മൂപ്പര്‍ക്കു സമാധാനമാവൂ എന്നു തോന്നുന്നു.

ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് അമ്മയുടെ പ്രശ്നത്തില്‍ ഇടപെടാം എന്നു പറഞ്ഞ അഴീക്കോടിനോട് വഴക്കു നിര്‍ത്തണം എന്നു പറഞ്ഞ ജസ്റ്റിസ് കൃഷ്ണയ്യരെപ്പറ്റി സുകുമാര്‍ജി പറഞ്ഞത് എന്താണെന്നു നോക്കൂ- ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ വൃദ്ധനാണ്. അദ്ദേഹത്തിന്‍റെ ഉപദേശം താന്‍ സ്വീകരിക്കില്ല. (താരതമ്യേന ചെറുപ്പക്കാരനായ മോഹന്‍ലാല്‍ ഉപദേശിച്ചപ്പോള്‍ ടിയാന്‍ തന്നെയാണ് പറഞ്ഞത് താനിക്ക് ലാലിന്‍റെ മുത്തച്ഛനാകാന്‍ പ്രായമുണ്ടെന്ന്. വാട്ടീസ് ദിസ് മിസ്റ്റര്‍ സുകുമാര്‍ ?)നടന്‍ മോഹന്‍ലാലുമായി ഒരു വിവാദത്തില്‍ സുകുമാര്‍ അഴീക്കോട് ഇടപെടരുതായിരുന്നുവെന്ന കൃഷ്ണയ്യരുടെ ഉപദേശം നല്ല ഉദ്ദേശ്യത്തോടെയല്ല.കൃഷ്ണയ്യര്‍ വൃദ്ധനായിരിക്കുന്നുവെങ്കിലും താന്‍ വൃദ്ധനായിട്ടില്ലെന്നും അഴീക്കോട് പറഞ്ഞിട്ടുണ്ട്.

മോഹന്‍ലാല്‍ മഹാനാണെന്നൊന്നും എനിക്കഭിപ്രായമില്ല. പക്ഷെ, ഇപ്പോള്‍ എനിക്കും തോന്നുന്നുണ്ട്- സുകുമാര്‍ അഴീക്കോടിനു വീട്ടുകാരും ബന്ധുക്കളും ഭാര്യയും മക്കളും കടപ്പാടുകളും ഇല്ലാത്തവര്‍ക്കുണ്ടാകുന്ന ഒരു തരം ഹാലൂസിനേഷന്‍ ആവാന്‍ സാധ്യതയുണ്ട്. ലാലേട്ടനെ വിട്ട് അഴീക്കോട് മാഷ് കൃഷ്ണയ്യര്‍ സാറിനെ പിടിച്ചതാണെന്നു കരുതിയാല്‍ തെറ്റി. ലാലേട്ടന്‍റെ പൊക കണ്ടേ അടങ്ങൂ എന്ന മട്ടിലാണ് മാഷ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഇയാള്‍ക്കു ഹാലൂസിനേഷന്‍ ആണെന്ന് ഇനി നാട്ടുകാര്‍ മുഴുവന്‍ പറയണമായിരിക്കും. മോഹന്‍ലാലിനെ ഖദറിന്‍റെ അംബാസിഡറാക്കിയതിനെതിരെ മാഷ് ആഞ്ഞടിക്കുകയാണ്. അഞ്ചു പൈസ പോലും വാങ്ങാതെ ആ മനുഷ്യന്‍ ഏറ്റെടുത്ത ഉത്തരവാദിത്വം എന്തൊക്കെ പറഞ്ഞാലും അഭിനന്ദനീയം തന്നെയാണ്. അക്കാര്യത്തില്‍ കേരളം മുഴുവന്‍ ലാലേട്ടന്‍റെ കൂടെ നില്‍ക്കുമ്പോള്‍ മാഷ് ഇങ്ങനെ ഒരുമ്പെട്ടിറങ്ങിയാല്‍ ഞങ്ങള്‍ എന്തു ചെയ്യും ?

മാഷിന്‍റെ സുവിശേഷം-കുപ്പി കൈയിലെടുത്ത് വൈകിട്ടെന്താ പരിപാടിയെന്നു ചോദിക്കുന്ന മോഹന്‍ലാലിനെ ഖദറിന്‍റെ അംബാസഡറാക്കാന്‍ വ്യവസായ മന്ത്രിക്ക് എന്താണ് അധികാരം? (അത് പണ്ടെന്നോ നിരോധിച്ച ഒരു പരസ്യമാണെന്നത് ഹാലൂസിനേഷന്‍‍ ഉള്ളവര്‍ക്ക് മനസ്സിലാവില്ല) മദ്യം കഴിക്കുന്ന ഒരാള്‍ ഖദര്‍ പ്രചാരണത്തിന് അനുയോജ്യനാണെന്നു മന്ത്രി കണ്ടെത്തിയത് അപലപനീയമാണ് (കല്യാണം കഴിക്കാത്ത അഴീക്കോട് കുടുംബബന്ധങ്ങളെപ്പറ്റി നടത്തിയ പ്രസംഗങ്ങള്‍ പിന്‍വലിച്ചു കേരളസമൂഹത്തോട് മാപ്പു പറയും എന്നു പ്രതീക്ഷിക്കാം). മദ്യം ഉപയോഗിക്കുന്ന മോഹന്‍ലാല്‍ ഖദര്‍ ധരിച്ചിട്ടില്ല (കോണ്‍ഡം ഉപയോഗിക്കുന്ന വര്‍ക്കി അണ്ടര്‍വെയര്‍ ധരിച്ചിട്ടില്ല എന്നു പറയുന്നതു പോലെയുള്ള ലോജിക്) മോഹന്‍ലാലിനെ ഖദര്‍ വസ്ത്രത്തിന്‍റെ അംബാസഡര്‍ ആക്കിയത് വ്യവസായ മന്ത്രി പുനരാലോചിക്കണം. ചരക്കിനു ഗുണനിലവാരം ഇല്ലാതെ വരുമ്പോള്‍ വിറ്റഴിക്കാനാണ് അംബാസഡര്‍മാരെ നിയമിക്കുന്നത് (അംബാസിഡര്‍ കാറിന്‍റെ ഡിക്കിയില്‍ പഴഞ്ചരക്ക് വാരിക്കൊണ്ടു പോയി വില്‍ക്കുന്നതു പോലെ)വ്യവസായ വകുപ്പിന്‍റെ നടപടി ഗാന്ധിജിയെ അപമാനിക്കലാണ് (ഗാന്ധിജി ആര് ഇയാളുടെ അളിയനോ ? ഗാന്ധിജിയെ അപമാനിക്കലാണോ അല്ലയോ എന്നത് ഒരു സുകകുമാര്‍ അഴീക്കോട് മാത്രം തീരുമാനിക്കേണ്ടതല്ല. അതിനിവിടെ ഖദര്‍ ധരിച്ചിട്ടുള്ള ഉമ്മന്‍ ചാണ്ടി സാറുണ്ട്, രമേശ് ചെന്നിത്തല സാറുണ്ട്) ഗാന്ധിജിയെ ഗോഡ്സെ കൊന്നതിലും വലിയ കൊലയാണത് (സത്യമായും ഇത് ഹാലൂസിനേഷന്‍ ആണ്). ഖദറിന്‍റെ അംബാസഡര്‍ ഗാന്ധിജിയാണ്. മഹാത്മാവിന്‍റെ സ്ഥാനത്ത് മോഹന്‍ലാലിനെ പ്രതിഷ്ഠിക്കാന്‍ കേരളം സമ്മതിക്കില്ല.(അതിനോടു മാത്രം യോജിക്കാം). ഈ സാഹചര്യത്തില്‍, സര്‍ക്കാരിന്റെ തെറ്റായ പരിപാടി പിന്‍വലിക്കുന്നതുവരെ കേരളത്തിലെ ഗാന്ധിയന്മാര്‍ സത്യാഗ്രഹസമരം നടത്തണമെന്ന് സുകുമാര്‍ അഴീക്കോട് അഭ്യര്‍ഥിച്ചു (ഇതാണ് ഹാലൂസിനേഷന്‍, ഇതു മാത്രമാണ് ഹാലൂസിനേഷന്‍ !!)

ലാലേട്ടനെ പൊളിച്ചടുക്കാന്‍ വേറെയുമുണ്ട് വിദ്യകള്‍ ! ലഫ്‌റ്റനന്റ്‌ കേണല്‍ പദവി ലഭിച്ച മോഹന്‍ലാല്‍ മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തില്‍ അനിഭയിക്കുന്നതിനോട്‌ പ്രതിരോധമന്ത്രി പ്രതികരിക്കാന്‍ തയാറാകണം. സൈന്യത്തില്‍ ചേരുന്ന ചെറുപ്പക്കാര്‍ വളരെക്കാലത്തെ പരിശ്രമം കൊണ്ടാണ്‌ ലഫ്‌.കേണല്‍ പദവിയിലെത്തുക. രാജ്യം നല്‍കിയ പദവിക്ക്‌ യോജിച്ച വിധത്തിലാണോ ജീവിക്കുന്നതെന്ന്‌ മോഹന്‍ലാല്‍ വിലയിരുത്തണം- സുകുമാര്‍ അഴീക്കോടിന്‍റെ വാക്കുകള്‍.

കേരള സര്‍ക്കാര്‍ വല്ലതുമൊക്കെ ചെയ്ത് പൊളിഞ്ഞു പണ്ടാരമടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളെ ഒന്നൊന്നായി പുനരുദ്ധരിക്കുമ്പോള്‍ അതിനു പിന്തുണ നല്‍കുന്ന നടപടികളാണ് ഇത്തരം ഗുഡ്‍വില്‍ അംബാസിഡര്‍ പദവികള്‍. അതേറ്റെടുക്കാന്‍ സ്കോപ്പുള്ളവര്‍ ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്ന വിഗ് വച്ച താരങ്ങള്‍ തന്നെയാണ്. ലാലേട്ടന്‍ മുണ്ടുടുത്താല്‍ ഇവിടെ ആയിരങ്ങള്‍ ഖദര്‍ സ്വീകരിക്കും (കുറഞ്ഞ പക്ഷം മമ്മൂട്ടി ഫാന്‍സ് എങ്കിലും-ഞങ്ങടെ ലാലേട്ടന്‍ എന്നു പറഞ്ഞാണല്ലോ ഇപ്പോള്‍ അവരുടെ നടപ്പ്). അതു തന്നെയാണ് ഒരു ഗുഡ്‍വില്‍ അംബാസിഡറുടെ ലക്ഷ്യം. അല്ലാതെ ഏതെങ്കിലും തങ്കപ്പെട്ട ഗാന്ധിയനെ പിടിച്ച് ഖദറിന്‍റെ ഗുഡ്‍വില്‍ അംബാസിഡറാക്കിയിട്ട് എന്തു കാര്യം ?

അമ്മ സംഘടനയ്‍ക്കെതിരെയും ബാലിശവും നികൃഷ്ടവുമായ ആരോപണങ്ങളാണ് ഹാലൂസ് അഴീക്കോട് ഉന്നയിക്കുന്നത്. അമ്മയില്‍ അംഗത്വം ലഭിക്കുന്നതിന്‌ വേണ്ടി ലൈംഗിക ചൂഷണം വരെ നടക്കുന്നുണ്ടെന്നാണ്‌ കേള്‍വിയത്രേ.മലയാള സിനിമയ്‌ക്കു പിന്നിലെ അഴിമതിയും അധോലോക ബന്ധവും സഅന്വേഷിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയോഗിക്കണമെന്നും ഹാലൂസിനേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മീഷന്‍ സ്വതന്ത്രവും സ്വകാര്യവുമായി തെളിവെടുപ്പ്‌ നടത്തുകയും വേണമത്രേ.

ഇത്രയൊക്കെ പറയുമ്പോള്‍ ചിലര്‍ക്കെങ്കിലും സംശയം തോന്നും. അമ്മ വിഷയത്തില്‍ അഴീക്കോടിനെ പിന്തുണച്ച ഈ ക്ണാപ്പന് ഇതെന്നാ പറ്റി എന്ന്. അമ്മ വിഷയത്തില്‍ ഇപ്പോഴും ഞാന്‍ അഴീക്കോടിനെ പിന്തുണയ്‍ക്കുന്നു. പക്ഷെ ഇപ്പോള്‍ അദ്ദേഹം പറയുന്നത് വൃത്തികേടാണ്, പോക്രിത്തരമാണ്. എന്തിനാണ് ഏതിനാണ് എന്നൊരു പിടിയുമില്ലാത്തതുപോലെ സാംസ്കാരിക പ്രവര്‍ത്തനത്തിന്‍റെ ലോകതത്വങ്ങള്‍ പുല്ലുപോലെ തട്ടിത്തെറിപ്പിച്ച്, ലോകത്തൊരു സാംസ്കാരികനായകനും സ‍്ചരിച്ചിട്ടില്ലാത്ത വഴിയിലൂടെ അദ്ദേഹം സഞ്ചരിക്കുകയാണ്, ഒരു ഭ്രാന്തനെപ്പോലെ. അടുത്ത ദുര്‍ഗാഷ്ടമിക്ക് അമ്മയെ കൊന്ന് രക്തം കുടിച്ച് ഓംകാര നടനമാടാനിരിക്കുന്ന അഴീക്കോട് മാഷിനെ രക്ഷിക്കാന്‍ വീണ്ടും അയാള്‍ വരാതിരിക്കില്ല- ഡോ.സണ്ണി ജോസഫ്.