വിലക്കിന്റെ സുഖം

എന്തു കൊണ്ടു മലയാള സിനിമകള്‍ എട്ടു നിലയില്‍ പൊട്ടുന്നു എന്ന ചോദ്യത്തിനുള്ള ഏറ്റവും ലളിതമായ ഉത്തരമാണ് സിനിമാ പ്രവര്‍ത്തകര്‍ നമുക്കു മുന്നില്‍ വച്ചിരിക്കുന്നത്. സംഘടനകള്‍ തട്ടിക്കൂട്ടി ഉണ്ടാക്കുകയും ആ സംഘടനകള്‍ക്കൊക്കെ എന്തോ വലിയ അധികാരങ്ങളുണ്ടെന്നു വിശ്വസിക്കുകയും അത്തരം സാങ്കല്‍പിക അധികാരങ്ങളുടെ പേരില്‍ സഹപ്രവര്‍ത്തകരെ വിലക്കുകയും നിരോധിക്കുകയുമൊക്കെ ചെയ്യുന്ന സംഘടിതരും വിവരദോഷികളുമായ ഒരു സംഘമാളുകള്‍ക്ക് നല്ല സിനിമയെടുക്കാനുള്ള വിവേകമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. ഇന്നസെന്റും ബി.ഉണ്ണികൃഷ്ണനും ലിബര്‍ട്ടി ബഷീറുമൊക്കെ അവരവരുടെ ഈഗോ മുറുകെപ്പിടിച്ച് സ്വയം അപഹാസ്യരാകുമ്പോള്‍ ജനം ഹിന്ദി, തമിഴ് സിനിമകള്‍ കണ്ടു കയ്യടിക്കുന്നതിന്റെ ആരവം ഇവര്‍ കേള്‍ക്കാതെ പോവുകയാണ്.

മോഹന്‍ലാല്‍ നായകനായ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ‘മിസ്റ്റര്‍ ഫ്രോഡ്’ റിലീസ് ചെയ്യുന്നതിന് ഫലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ആണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഫെഡറേഷന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ നിന്നും ബി.ഉണ്ണികൃഷ്ണന്‍ വിട്ടു നിന്നതില്‍ പ്രതിഷേധിച്ചാണ് സംഘടന സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ മഹാ അഹങ്കാരിയാണെന്നും അദ്ദേഹം മാപ്പു പറയാതെ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്നുമാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ നിലപാട്. സംഗതി ബാലിശമാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാക്കാം. എന്നാല്‍, ഈ സംഘടനകളുടെ പഴയ ചരിത്രം വച്ചു നോക്കുമ്പോള്‍ വിനയന്‍ പറഞ്ഞതുപോലെ അമ്മയും ഫെഫ്കയും വിലക്കിന്റെ സുഖം ഒന്നറിയുന്നത് നല്ലതാണ്.

പ്രഖ്യാപിത-അപ്രഖ്യാപിത വിലക്കുകള്‍ കൊണ്ട് മലയാള സിനിമയില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചിട്ടുള്ള രണ്ട് സംഘടനകളാണ് അമ്മയും ഫെഫ്കയും. അതുകൊണ്ടു തന്നെ ഈ വിലക്ക് അനിവാര്യമായ ഒന്നാണ്. തിലകന്‍ ഉള്‍പ്പെടെയുള്ള നടന്‍മാരെ വിലക്കിയ ചരിത്രമുള്ള അമ്മയും വിനയനെയും അദ്ദേഹത്തെ പിന്തുണച്ചവരെയും മാറ്റിനിര്‍ത്തിയിട്ടുള്ള ഫെഫ്കയും സംഘടനാഭാരവാഹിയുടെ പടത്തിനു വിലക്കു വന്നപ്പോള്‍ സടകുടഞ്ഞെണീറ്റിരിക്കുകയാണ്. വിലക്ക് നീക്കിയില്ലെങ്കില്‍ (ലിബര്‍ട്ടി ബഷീര്‍ ഉണ്ണികൃഷ്ണനോടു മാപ്പു പറയണമെന്നൊരു ക്ലോസ് കൂടി വയ്ക്കാമായിരുന്നു) മെയ് ഒന്നു മുതല്‍ ഫെഫ്കയുടെ നേതൃത്വത്തില്‍ സിനിമാ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ച് സമരം ചെയ്യാനാണ് ഫെഫ്കയുടെ തീരുമാനം.

ഗംഭീരം എന്നു ടാഗ് ചെയ്ത് പുറത്തിറക്കുന്ന സിനിമകള്‍ കണ്ട് പ്രേക്ഷകര്‍ വിമര്‍ശിച്ചു പോയാല്‍ ലൈറ്റ്‌ബോയ് മുതലുള്ള അനേകം സിനിമാ പ്രവര്‍ത്തകരുടെ ജീവിതമാര്‍ഗമാണെതെന്നു പറഞ്ഞു വിമര്‍ശനങ്ങളെ ചെറുക്കുന്നവരാണ് നിസ്സാര ഈഗോയുടെ പേരില്‍ വ്യവസായമൊന്നടങ്കം സ്തംഭിപ്പിക്കാന്‍ പോകുന്നതെന്ന് ഓര്‍ക്കണം. ഈ പറഞ്ഞ പാവങ്ങളുടെ അധ്വാനത്തെക്കാള്‍ വലുതാണ് ഉണ്ണികൃഷ്ണന്റെയും ഇന്നസെന്റിന്റെയുമൊക്കെ ദുരഭിമാനമെങ്കില്‍ സിനിമയെ വിമര്‍ശിക്കാനുള്ള പ്രേക്ഷകരുടെ അവകാശത്തെ ചോദ്യം ചെയ്യാന്‍ ഈ വിവരദോഷികള്‍ക്ക് എന്തവകാശമാണുള്ളത്.

ഈ വിലക്കിനെ ഫാസിസം എന്നു വിശേഷിപ്പിച്ചിരിക്കുന്ന അമ്മ പ്രസിഡന്റ് ഇന്നസെന്റ് ആണ് ഇക്കൂട്ടത്തില്‍ ഏറ്റവും പരിഹാസ്യമായ കഥാപാത്രം. തിരഞ്ഞെടുപ്പുകാലത്ത് സിപിഎമ്മുകാരോടൊപ്പം നടന്നു ഫാസിസം എന്നൊക്കെയുള്ള വാക്കുകള്‍ പഠിച്ചത് അര്‍ഥമറിയാതെ അദ്ദേഹം ചുമ്മാ എടുത്തു പ്രയോഗിക്കുകയാണ്. ചരിത്രം പരിശോധിച്ചാല്‍ വിവിധ കാലങ്ങളിലായി സംഘടനയുടെ പരമാധികാരം പ്രകടമാക്കി ഇവിടെ ഏറ്റവുമധികം വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത് അമ്മയാണ്. ടിവിയില്‍ അഭിനയിക്കാന്‍ വിലക്ക്, ഷോയില്‍ പങ്കെടുക്കാന്‍ വിലക്ക്, പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ വിലക്ക്, വിളിച്ചാല്‍ ഫോണെടുത്തില്ലെങ്കില്‍ വിലക്ക്, പ്രഖ്യാപിത വിലക്ക്, അപ്രഖ്യാപിത വിലക്ക്. ഇതെല്ലാം കഴിഞ്ഞിട്ട് അദ്ദേഹം പുതിയ വിലക്കിനെ ഫാസിസം എന്നു വിശേഷിപ്പിക്കുമ്പോള്‍ ഉച്ചത്തിലുള്ളൊരു പൊട്ടിച്ചിരിയാണ് കേള്‍ക്കുന്നത് (തിലകന്റെ ശബ്ദത്തില്‍).

കളിയില്‍ തോറ്റുകൊണ്ടിരിക്കുന്ന മലയാള സിനിമാ ടീമിനെ സംന്ധിച്ച് തോല്‍വിയുടെ വേഗം കൂട്ടാനുള്ള ഏറ്റവും എളുപ്പവഴിയാണ് തമ്മിലടിക്കുക എന്നത്. ചാനലുകളെ പറ്റിച്ച് അവരുടെ പണം കൊണ്ടു സിനിമ പിടിച്ചിരുന്ന തട്ടിപ്പിന് ഏതാണ്ട് അറുതിയായിട്ടുണ്ട്. പഴയതുപോലെ പ്രവാസികളെ നിര്‍മാവാതിന്റെ വേഷം കെട്ടാന്‍ ഒത്തുകിട്ടുന്നുമില്ല. മുന്തിയ സംവിധായകര്‍ പോലും സിനിമകള്‍ വേണ്ടെന്നു വച്ചുകൊണ്ടിരിക്കുകയാണ്. എത്ര തരംതാഴ്ന്നതാണെങ്കിലും തമിഴ്, ഹിന്ദി സിനിമകള്‍ക്കു പ്രതീക്ഷിക്കാവുന്ന ഒരു മിനിമം നിലവാരമുണ്ടെന്നതിനാല്‍ പ്രേക്ഷകര്‍ സിനിമ കാണാതെ മരിച്ചു പോവുകയൊന്നുമില്ല.

മലയാള സിനിമ സമരം ചെയ്താല്‍ പ്രേക്ഷകര്‍ക്ക് പ്രത്യേകിച്ച് ഒന്നും നഷ്ടപ്പെടില്ല എന്നു മാത്രമല്ല പൊതുജനം അതൊന്നും ശ്രദ്ധിക്കുക പോലുമില്ല. അങ്ങോട്ടുമിങ്ങോട്ടും വിലക്കിയും സമരം ചെയ്തും സ്വന്തം കഞ്ഞിയില്‍ പാറ്റയിടുന്ന സിനിമാക്കാര്‍ ഓര്‍ക്കുക. ആ കഞ്ഞി ഞങ്ങള്‍ പ്രേക്ഷകരുടെ കാശാണ്. അതില്ലാതായാല്‍ ശിഷ്ടകാലം പാറ്റകളെ തിന്നു ജീവിക്കേണ്ടി വരും.

(ശുഭം)

'മുഖ്യമന്ത്രി'യുടെ കല്‍പന

നടി കല്‍പന കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ കരഞ്ഞില്ലെന്നേയുള്ളൂ. മലയാള സിനിമയിലെ നടീനടന്‍മാര്‍ ഇന്നസെന്റിനെ ഇത്രയേറെ ഭയക്കുന്നുണ്ടെങ്കില്‍ കാര്യങ്ങള്‍ ഗുരുതരമാണ്. തലേന്ന് ചാലക്കുടിയില്‍ ആം ആദ്മിയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയും ആപ്പിന്റെ തൊപ്പി വച്ച് സ്ഥാനാര്‍ഥിക്കു വേണ്ടി വോട്ടു ചോദിക്കുകയും ചെയ്ത കല്‍പന, നേരം പുലര്‍ന്നപ്പോള്‍ കാലുമാറി എന്നു മാത്രമല്ല തന്നെ തെറ്റിദ്ധരിപ്പിച്ചാണ് പരിപാടിയില്‍ പങ്കെടുപ്പിച്ചതെന്നും പിറ്റേന്നു പത്രങ്ങളില്‍ വാര്‍ത്ത കണ്ടപ്പോഴാണ് അത് രാഷ്ട്രീയ പാര്‍ട്ടിയുടെ യോഗമാണെന്നു മനസ്സിലായതെന്നും പറയുമ്പോള്‍ ആ ഇന്നസെന്‍സില്‍ അടങ്ങിയിരിക്കുന്ന തന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക മനസ്സിലാക്കാം. ഇന്നസെന്റ് തന്റെ മുഖ്യമന്ത്രിയും ഇടവേള ബാബു ഉപമുഖ്യമന്ത്രിയും ആണെന്നു പരസ്യമായി പ്രഖ്യാപിച്ചു തരംതാഴേണ്ടി വന്ന ആ ഗതികേടു മനസ്സിലാക്കാം.

ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി ജനസേവ വൈസ് ചെയര്‍മാന്‍ കൂടിയായ കല്‍പനയെ ജനസേവ പരിപാടിയാണെന്നു പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടിയുടെ പരിപാടിയില്‍ കൊണ്ടുപോയി എന്നാണ് കല്‍പന പറയുന്നത്. ആം ആദ്മിയുടെ പരിപാടിയാണെന്ന് പറയാതെയാണ് ജോസ് മാവേലി തന്നെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചു കൊണ്ടുപോയതെന്നും തൊപ്പി വച്ച കുറച്ച് ആളുകളെ പരിപാടിയില്‍ കണ്ടെങ്കിലും ആം ആദ്മിയാണെന്ന് മനസിലായില്ലെന്നും കല്‍പന പറയുന്നു. ഇത് സത്യമാണെങ്കില്‍ ജോസ് മാവേലിക്കെതിരെ കല്‍പന കേസ് കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം. മാവേലിയായാലും ശരി, ക്രിസ്മസ് അപ്പൂപ്പനായാലും ശരി, പാവപ്പെട്ട സ്ത്രീകളെ പറഞ്ഞു പറ്റിക്കുന്നത് ക്ഷമിക്കാനാവാത്ത ക്രൂരതയാണ്.

ചാലക്കുടിയിലെ ആം ആദ്മി സ്ഥാനാര്‍ഥി കെ.എം. നൂറുദ്ദീനെപ്പറ്റി കേട്ടിട്ടുണ്ട്. അദ്ദേഹം പാലിയേറ്റീവ് രംഗത്തെ അറിയപ്പെടുന്ന ആളാണ്. എന്നാല്‍ ആം ആദ്മിയുടെ പരിപാടിയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ അവിടെ പോകില്ലായിരുന്നു എന്നും കല്‍പന കൂട്ടിച്ചേര്‍ക്കുന്നു. പക്ഷെ, കല്‍പന ഒന്നുകൂടി സ്‌ട്രോങ്ങായി നിന്നാല്‍ മാവേലി കല്‍പനയ്‌ക്കെതിരെ കേസ് കൊടുക്കുന്ന സ്ഥിതിയാണ്. പരിപാടിയില്‍ പങ്കെടുത്ത് ആം ആദ്മിയുടെ തൊപ്പി ധരിക്കുകയും സ്ഥാനാര്‍ഥിയായ നൂറുദ്ദീനു വിജയാംശ നേരുകയും പ്രചാരണത്തിനു വേണ്ടി വിഡിയോ അഭിമുഖം നല്‍കുകയും ചെയ്തിട്ടുണ്ടെന്നു പറഞ്ഞ മാവേലി അതിന്റെയൊക്കെ വിഡിയോയും തെളിവായി കൈവശമുണ്ടെന്നാണ് പറയുന്നത്.

ഹോട്ടലാണെന്നു കരുതി ആളുകള്‍ ബാര്‍ബര്‍ ഷോപ്പില്‍ കയറുന്നത് സാധാരണയാണ്. എന്നാല്‍, കട്ടിങ്ങും ഷേവിങ്ങും കഴിഞ്ഞിറങ്ങി വന്നിട്ട് ബാര്‍ബര്‍ തന്നെ ചീപ്പും കത്തിയും പലഹാരങ്ങളാണെന്നു പറഞ്ഞു പറ്റിച്ചതാണ് എന്നു പറയുന്നത് സ്വയം അപഹാസ്യയാകുന്നതിനു തുല്യമാണ്. കല്‍പന ചെയ്തിരിക്കുന്നത് അതാണ്. ഇന്നസെന്റിന്റെ അപ്രീതി സമ്പാദിച്ചാല്‍ മലയാള സിനിമയില്‍ നിന്നു വിലക്കെടുമെന്ന ഭീഷണി മൂലമോ ഭീതി മൂലമോ ഇന്നസെന്റിനോടുള്ള അതിരുകടന്ന ആരാധന നിലനില്‍ക്കെ ആം ആദ്മി സ്ഥാനാര്‍ഥിക്കു വേണ്ടി പരിപാടിയില്‍ പങ്കെടുത്തതിന്റെ കുറ്റബോധം മൂലമോ ഒക്കെയാവാം കല്‍പന നിലപാടുമാറ്റിയത്. അത് അവരുടെ വയറ്റിപ്പിഴപ്പിന്റെ കാര്യമായതുകൊണ്ട് കൂടുതലൊന്നും പറയാനില്ല. പോരെങ്കില്‍, ഇന്നസെന്റ് മുഖ്യമന്ത്രിയും ഇടവേള ബാബു ഉപമുഖ്യമന്ത്രിയുമായ സിനിമാലോകത്ത് കഴിയുന്ന കല്‍പനയെ ആം ആദ്മി പാര്‍ട്ടിയെപ്പറ്റി ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതില്‍ കാര്യമില്ല.

രാഷ്ട്രീയം എന്താണെന്നു പോലും അറിയാത്ത കല്‍പന ആം ആദ്മി പാര്‍ട്ടിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് അപകടകരമാണ് എന്നു പത്രം കണ്ടപ്പോള്‍ മനസ്സിലാക്കിയത് എങ്ങനെയാണെന്നത് കൗതുകകരമായ കാര്യമാണ്. കാരണം, പൊതുവേ ആം ആദ്മികള്‍ക്കു രാജ്യത്തു നല്ല പേരെയുള്ളൂ. ആം ആദ്മിയാണെന്നു പറയുന്നതില്‍ ആളുകള്‍ അഭിമാനിക്കുന്ന കാലത്ത് ആം ആദ്മി പരിപാടിയാണെന്നറിഞ്ഞിരുന്നെങ്കില്‍ അവിടെ പോവില്ലായിരുന്നു എന്നു പറയുമ്പോള്‍ ആം ആദ്മി ഇന്ത്യയില്‍ നിരോധിച്ച ഏതോ ഭീകരപ്രസ്ഥാനമാണെന്ന് ഒരു ധ്വനി വരുന്നുണ്ട്. ജോസ് മാവേലി കല്‍പനയ്ക്ക് എന്താണ് ആം ആദ്മി പാര്‍ട്ടി എന്നതിനെ സംബന്ധിച്ച് ഒരു ലഘുവിവരണം നല്‍കണമെന്ന് അപേക്ഷിക്കുന്നു. സ്റ്റഡി ക്ലാസ്സുകളിലൊന്നും കൃത്യമായി പങ്കെടുക്കാത്തതുകൊണ്ടാണ് ആ കുട്ടി ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. നൂറുദ്ദീന്‍ വളരെ നല്ല ആളാണെന്നറിയാവുന്ന കല്‍പന സംഘടനാ പ്രസിഡന്റിനു വേണ്ടി ആ നൂറുദ്ദീനെ തള്ളിപ്പറഞ്ഞത് ഖേദകരമാണ്. കല്‍പനയുടെ മുഖ്യമന്ത്രി എത്ര വലിയവനായാലും പാവപ്പെട്ട രോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന നൂറുദ്ദീനും നൂറുദ്ദീന്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപ്രസ്ഥാനവും അപഹസിക്കപ്പെടേണ്ടതില്ല എന്നത് കല്‍പന ഗൗരവത്തോടെ മനസ്സിലാക്കണം.

എന്തായാലും ചാലക്കുടിയില്‍ അമ്മ അംഗങ്ങളെ വച്ചു പരമാവധി വോട്ടു പിടിക്കാന്‍ ഇന്നസെന്റിനു കഴിയട്ടെ എന്നാശംസിക്കുന്നു. കലാഭവന്‍ മണിയും കെപിഎസി ലളിതയും ഉള്‍പ്പെടെയുള്ളവര്‍ ഇതിനോടകം കുറെയധികം വോട്ടുപിടിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയായ ഇന്നസെന്റിനു വേണ്ടി കല്‍പന ഒരു ലോഡ് വോട്ടെങ്കിലും പിടിച്ച് റോളുകള്‍ ഉറപ്പാക്കട്ടെ. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് എന്നിങ്ങനെയുള്ളവര്‍ ഉള്‍പ്പെടെ അമ്മയില്‍ അംഗത്വമുള്ള എത്രയോ സിനിമക്കാര്‍. തങ്ങളുടെ സംഘടനയ്ക്ക് ഒരു എംപി ഉണ്ടാവണമെന്ന് അമ്മ അംഗങ്ങള്‍ വിചാരിച്ചിട്ടുണ്ടെങ്കില്‍ അതും ഒരു തെറ്റല്ല.

അഭ്യര്‍ഥന:– ഇന്നസെന്റിനെപ്പോലെ നേതൃപാടവമോ കല്‍പനയെപ്പോലെ ഹ്യൂമര്‍ സെന്‍സോ ഒന്നുമില്ലെങ്കിലും, ചാലക്കുടി മണ്ഡലത്തിലെ എല്ലാ വോട്ടര്‍മാരോടും ആം ആദ്മി സ്ഥാനാര്‍ഥിയും ജനസേവകനുമായ നുറുദ്ദീന് വോട്ട് ചെയ്യണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു (നാളെ രാവിലെ കുറ്റബോധം മൂലം ഞാന്‍ നിലപാടു മാറ്റുമോ എന്നു സ്വയം ഒന്നു പരിശോധിക്കാനാ).

ഇന്നസെന്റ് ചേട്ടന് ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട ഇന്നസെന്റേട്ടന്,

ആഗതമായിക്കൊണ്ടിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്നും അങ്ങു മല്‍സരിക്കുന്നതായി പത്രമാധ്യമങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. അങ്ങയുടെ ഒരു കടുത്ത ആരാധകനെന്ന നിലയ്ക്ക് അങ്ങേയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. കേരളത്തിലെ രാഷ്ട്രീയചരിത്രവും മലയാളികളുടെ വോട്ടിങ് ശൈലിയുമൊക്കെ വച്ചുനോക്കിയാല്‍ ഒരു കാര്യം വളരെ വ്യക്തമായി ഞാന്‍ പറയാനാഗ്രഹിക്കുന്നു- അങ്ങ് എട്ടു നിലയില്‍ പൊട്ടും. ഇടതിന്റെ കൂടെയോ വലതിന്റെ കൂടെയോ ബിജെപിയുടെ കൂടെയോ നിന്നാലും അങ്ങു പൊട്ടും. തോറ്റാലും വേണ്ടില്ല, മല്‍സരിച്ചേ അടങ്ങൂ എന്നാണെങ്കില്‍ അങ്ങേയ്ക്ക് ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാമായിരുന്നു. ഞാനും സാറാ ജോസഫും അനിത പ്രതാപുമൊക്കെ ഇന്ത്യയെ അഴിമതിമുക്തമാക്കാന്‍ വേണ്ടി തിരഞ്ഞെടുപ്പില്‍ നിന്നു തോറ്റവരാണ് എന്നു പിന്നീടു പറയാന്‍ കഴിയുന്നത് തന്നെ ഒരു അഭിമാനമാണ്. ഇത്ര മൃഗീയമായി അഭിപ്രായം പറയുന്ന ഞാനൊരു മൃഗമാണെന്ന് അങ്ങേയ്ക്കു തോന്നാം. എന്നാല്‍, അങ്ങനെയല്ല. ടെക്‌നോളജി റിപ്പോര്‍ട്ടറായ ഞാന്‍ ഹാര്‍ഡ് വെയറും സോഫ്റ്റ്‌വെയറും ഓപ്പറേറ്റിങ് സിസ്റ്റവുമൊക്കെ കൈകാര്യം ചെയ്ത് അടുത്തകാലത്തായി ഹാര്‍ഡ്‌കോര്‍ ആയിപ്പോയതാണ്.

അല്ലെങ്കിലും അങ്ങു തിരഞ്ഞെടുപ്പില്‍ ജയിച്ചിട്ട് ആര്‍ക്ക് എന്തു പ്രയോജനമാണ് ഉണ്ടാകാന്‍ പോകുന്നത് എന്ന് എനിക്കു മനസ്സിലാവുന്നില്ല. പാര്‍ലമെന്റ് ഒക്കെ ഒന്നു ചുറ്റി നടന്നു കാണാനാണെങ്കില്‍ തന്നെ അതിന് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു ജയിക്കേണ്ട ആവശ്യമുണ്ടോ ? അമ്മയുടെ ഓഫിസ് പോലെയല്ല പാര്‍ലമെന്റ്. ഇന്ത്യയുടെ നാനാഭാഗത്തു നിന്നും അവിടെയെത്തുന്ന എംപിമാര്‍ മമ്മൂട്ടിയെയോ മോഹന്‍ലാലിനെയോ ദിലീപിനെയോ ഒന്നും പോലെയുള്ളവരായിരിക്കില്ല. ജഗദീഷിനെയും ഇടവേള ബാബുവിനെയുമൊക്കെ കൈകാര്യം ചെയ്തിട്ടുള്ള അങ്ങേയ്ക്ക് ഏതു കൊലകൊമ്പനെയും കൈകാര്യം ചെയ്യാമെന്നുള്ള ആത്മവിശ്വാസം ഉണ്ടായിരിക്കാം. എന്നാല്‍, അവിടെയെത്തുന്നവരില്‍ ചെറിയൊരു ശതമാനം മാത്രമേ അങ്ങയെ കാണുമ്പോള്‍ മാന്നാര്‍ മത്തായി സ്പീക്കിങ്ങും കിലുക്കവും കാബൂളിവാലയുമൊക്കെ ഓര്‍ക്കുകയുള്ളൂ എന്നത് മറന്നു പോകരുത്. ആളുകള്‍ പെപ്പര്‍ സ്‌പ്രേയൊക്കെയായി വരുന്ന സ്ഥലമാണ്, സൂക്ഷിക്കണം.

ഇനിയുള്ള ജീവിതം ജനങ്ങള്‍ക്കു വേണ്ടി നല്ല കാര്യം ചെയ്യാന്‍ വിനിയോഗിക്കും എന്ന് അങ്ങു പറഞ്ഞതായി പത്രത്തില്‍ വായിച്ചു. ജനങ്ങള്‍ക്കു നല്ല കാര്യം ചെയ്യണമെങ്കില്‍ പാര്‍ലമെന്റില്‍ പോകണം എന്നതൊരു മിഥ്യാധാരണയാണ്. മഹാത്മാഗാന്ധിയും മദര്‍ തെരേസയുമൊന്നും നല്ല കാര്യം ചെയ്തതും മാതാ അമൃതാനന്ദമയിയും മറ്റും ഇപ്പോള്‍ നല്ല കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതും പാര്‍ലമെന്റില്‍ പോയിട്ടല്ല എന്ന് അങ്ങു മനസ്സിലാക്കണം. ജോണ്‍ ബ്രിട്ടാസിനെപ്പോലെയുള്ള മഹാരഥന്‍മാര്‍ പോലും നല്ല കാര്യം ചെയ്യാന്‍ പാര്‍ലമെന്റിലേക്കല്ല, ന്യൂയോര്‍ക്കിലേക്കാണ് പോയത് എന്നത് അങ്ങു മറന്നുപോകരുത്. തിരഞ്ഞെടുപ്പില്‍ ജയിച്ചിട്ടേ ജനങ്ങള്‍ക്കു വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യൂ എന്ന് അങ്ങേയ്ക്ക് വാശിയുണ്ടെങ്കില്‍ അങ്ങ് അടുത്ത തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഇരിഞ്ഞാലക്കുട നഗരസഭയിലേക്കു മല്‍സരിക്കുക. ഇരിഞ്ഞാലക്കുടയിലെ ജനങ്ങള്‍ക്ക് നല്ല കാര്യം ചെയ്യാന്‍ അങ്ങേയ്ക്ക് സ്വാതന്ത്ര്യവും മനോധര്‍മവും സര്‍ഗബോധവും വേണ്ടുവോളം പ്രയോജനപ്പെടുത്താം.

രാഷ്ട്രീയത്തെക്കുറിച്ച് വലിയ അറിവൊന്നും അങ്ങേയ്ക്കില്ല എന്നു പറയുന്ന അങ്ങു തന്നെ എന്നെ വോട്ടു ചെയ്ത് വിജയിപ്പിക്കണം എന്നു പറയുന്നത് വിരോധാഭാസമാണ് എന്നാണെന്റെ അഭിപ്രായം. അഭിനയമറിയാത്ത നടിയെ സിനിമയില്‍ അഭിനയിപ്പിക്കുന്നതുപോലെ ഈസിയല്ല ചേട്ടാ, രാഷ്ട്രീയമറിയാത്ത സിനിമാ നടനെ നിയമനിര്‍മാണം പഠിപ്പിക്കുന്നത്. ചുറ്റും ആരാധന നിറഞ്ഞ മുഖങ്ങള്‍ കാണുമ്പോള്‍ അതൊക്കെ വോട്ടായി മാറുമെന്നുള്ള സിനിമാക്കാരുടെ വിശ്വാസം വെറും അന്ധവിശ്വാസമാണെന്ന് കാലാകാലങ്ങളില്‍ കേരളത്തിലെ വോട്ടര്‍മാര്‍ തെളിയിച്ചിട്ടുള്ളതാണ്. ജനങ്ങള്‍ക്കു നല്ല കാര്യങ്ങള്‍ ചെയ്യാന്‍, നല്ല സന്ദേശങ്ങള്‍ നല്‍കാന്‍ ഏറ്റവും ശക്തമായ മാധ്യമം സിനിമയാണ്. ആ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന അങ്ങ് പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും ജയരാജന്‍മാരുടെയുമൊക്കെ കീഴില്‍ ജനസേവനത്തിന്റെ പുതിയ പാഠങ്ങള്‍ പഠിക്കുന്നത് അബദ്ധമാണ് എന്നാണെന്റെ അഭിപ്രായം. ഇനിയും വൈകിയിട്ടില്ല. വീണ്ടും വീണ്ടും ആലോചിക്കുക. സര്‍വേശ്വരന്‍ അങ്ങേയ്ക്ക് ശരിയായ വഴി തിരഞ്ഞെടുക്കാനുള്ള വിവേകം നല്‍കട്ടെ എന്നാശംസിക്കുന്നു. രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയും അങ്ങു ചാലക്കുടി എംപിയും ആയിത്തീരട്ടെ എന്നു പ്രാര്‍ഥിച്ചുകൊണ്ട് നിര്‍ത്തുന്നു.

ഒരു ആരാധകന്‍.

അമ്മയും അബ്ദുല്ലക്കുട്ടിയും

ഒന്നാലോചിച്ചാല്‍ മാതാ അമൃതാനന്ദമയിയും എപി അബ്ദുല്ലക്കുട്ടി എംഎല്‍എയും ഒരേ തരം പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മാതാ അമൃതാനന്ദമയിയെയും അമ്മയുടെ ആത്മീയപ്രസ്ഥാനത്തെയും തദ്വാരാ ആര്‍ഷഭാരത സംസ്‌കാരത്തെയും രാജ്യത്തിന്റെ അഖണ്ഡതയെയും തകര്‍ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഗെയ്ല്‍ ട്രെഡ്മില്‍ എന്നോ മറ്റോ പേരുള്ള ഒരു വിദേശവനിത എഴുതിയ അശ്ലീലപുസ്തകത്തിന്റെ പേരില്‍ അമ്മയ്‌ക്കെതിരെ ആരോപണത്തിന്റെ കൂരമ്പുകള്‍ എയ്യുകയാണ് ഒരു വിഭാഗം പുരോഗമനവാദികള്‍.

സോളാര്‍ തട്ടിപ്പ് കേസില്‍ (സോറി, സോളാര്‍ ബിസിനസ് കള്ളക്കേസില്‍) കുടുങ്ങി ജയിലിനുള്ളില്‍ ഏറെക്കാലം മനോവേദന അനുഭവിച്ചു കഴിഞ്ഞ കേരളത്തിലെ എക്കാലത്തെയും മികച്ച എന്റര്‍പ്രന്യുര്‍മാരിലൊളായ സരിത നായര്‍ മാഡത്തിന്റെ സംരംഭക കാണ്ഡത്തിലെ ചില ഏടുകള്‍ തുറന്നു കാണിച്ചപ്പോള്‍ തന്നെ ദുഷ്ടന്‍മാര്‍ അബ്ദുല്ലക്കുട്ടിക്കെതിരെ കല്ലേറു തുടങ്ങി. ഇവിടെ ആര് തെറ്റു ചെയ്തു, എന്തു തെറ്റു ചെയ്‌തൊക്കെ തീരുമാനിക്കേണ്ടത് നമ്മള്‍ നാട്ടുകാരോ മാധ്യമങ്ങളോ പാവങ്ങളുടെ നെഞ്ചത്തു കയറി ശീലമുള്ള ലോക്കല്‍ പൊലീസോ അല്ല. എല്ലാം അറിയാവുന്നവന്‍ മുകളിലുണ്ട്.

അമ്മയ്‌ക്കെതിരെ ദുഷ്ടയായ മദാമ്മ പുസ്തകത്തിലൂടെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. പുസ്തകം വായിച്ചിട്ട് പൊലീസ് എന്തുകൊണ്ട് കേസെടുക്കുന്നില്ല എന്നാണ് പലരും ചോദിക്കുന്നത്. പുസ്തകം വായിച്ചിച്ചിട്ട് കേസെടുക്കുന്ന ഒരേര്‍പ്പാട് എവിടെയെങ്കിലും നിലവിലുണ്ടോ എന്നെനിക്കും അറിയില്ല. ട്രെഡ്മില്‍ ചേച്ചിക്ക് പരതിയുണ്ടെങ്കില്‍ തീര്‍ച്ചയായും ഇന്ത്യയിലെ നിയമവ്യവസ്ഥയെ മാനിച്ചുകൊണ്ട് നിയമപ്രകാരം തന്നെ ആ പരാതി കൊടുക്കുന്നതാണ് മര്യാദ എന്നാണെന്റെ അഭിപ്രായം. ഇത്ര ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ആ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്ന സ്ത്രീക്ക് ഇവിടെ ഒരു പരാതി കൊടുക്കാന്‍ പേടിയാണെന്നു പറയുന്നതില്‍ കാര്യമില്ല.

അതുപോലെ തന്നെയാണ് അബ്ദുല്ലക്കുട്ടിയുടെയും കാര്യം. യുവസംരംഭക സരിതാ മാഡം പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ (എ)കുട്ടിക്കെതിരെ കേസെടുക്കണമെന്നാണ് ബിജെപി നേതാവ് സുരേന്ദ്രനും മറ്റും പറയുന്നത്. പൊലീസിനെ കണ്ടാല്‍ മുട്ടുകൂട്ടിയിടിക്കുന്ന തരത്തില്‍ ലോകപരിചയമില്ലാത്ത ഒരു സ്ത്രീയല്ല എന്റര്‍പ്രന്യുര്‍ സരിത. അബ്ദുല്ലക്കുട്ടി സരിത മാഡത്തിന്റെ സ്ത്രീത്വത്തെ വേദനിപ്പിച്ചെങ്കില്‍ കട്ടിമേക്കപ്പിട്ടു വന്നു പത്രസമ്മേളനം നടത്താതെ സ്വന്തം നിലയ്ക്ക് ഒരു പരാതി കൊടുക്കുകയാണ് സരിതയും ചെയ്യേണ്ടത്. ഇറച്ചിക്കടയ്ക്കു ചുറ്റും നടക്കുന്ന തെരുവുപട്ടികളെപ്പോലെ ക്യാമറയും മൈക്കുമായി ഒരു ലോഡ് ചാനലുകാര്‍ ചുറ്റും ഉള്ളതുകെ ാണ്ട് യുവസംരംഭകയായ സരിത പറയുന്നതു കേട്ട് പൊതുജനം അബ്ദുല്ലക്കുട്ടിയെയും വരാനിരിക്കുന്ന കുട്ടികളെയും കല്ലെറിയണം എന്നു പറയുന്നതില്‍ കാര്യമില്ല.

ട്രെഡ്മില്‍ ചേച്ചിയെയും എന്റര്‍പ്രന്യുര്‍ ചേച്ചിയെയും ഒരേ പോലെ കാണാനുള്ള നിഷ്പക്ഷ മനസ്സ് എന്തുകൊണ്ട് കേരളാ പൊളിറ്റിക്കല്‍ റിയാലിറ്റിഷോയിലെ വിധികര്‍ത്താക്കള്‍ക്ക് ഉണ്ടാവുന്നില്ല എന്നത് വലിയൊരു ചോദ്യമാണ്. ട്രെഡ്മില്‍ ഒരുപാട് അനുവഭവിച്ചു എന്നാണ് പുസ്തകത്തില്‍ പറയുന്നത്. അതുപോലെ തന്നെ ഒരുപാട് അനുഭവിച്ച മറ്റൊരു സ്ത്രീയാണ് സരിതയും. നിയമം എല്ലാവര്‍ക്കും ഒരേപോലെയായിരിക്കണമെന്ന നിലപാടാണ് എന്തുകൊണ്ടും നല്ലത്. ലുലുമാളിനു വേണ്ടി വയല്‍നികത്തുമ്പോള്‍ സയലന്റ് വാലിയാകുന്നവര്‍ അമ്മയുടെ ജീവകാരുണ്യസ്ഥാപനങ്ങള്‍ക്കു വേണ്ടി വയല്‍നികത്തുമ്പോള്‍ പരിസ്ഥിതിയുടെ പച്ചത്തവളകളായി പുനര്‍ജനിക്കുന്നത് ശോഭനമല്ല. എന്തൊക്കെ നികത്തിയാലും ഇവിടെ ബോര്‍വെല്‍ ഉണ്ടല്ലോ എന്നു പറഞ്ഞതുപോലെ എന്തൊക്കെ സംഭവിച്ചാലും ഇവിടെ ജനാധിപത്യമുണ്ടല്ലോ എന്നു നമുക്കും സമാധാനിക്കാം.

അമ്മയും അബ്ദുല്ലക്കുട്ടിയും ഒരു തെറ്റും ചെയ്യാത്ത വിശുദ്ധരാണ് എന്നല്ല ഇതുകൊണ്ടുദ്ദേശിച്ചത്. മാര്‍പ്പാപ്പ വരെ ഫക്ക് എന്നു പറയുന്ന കാലമാണ്. പെര്‍ഫെക്ഷണനിസം കാലഹരണപ്പെട്ടുപോയ ഒന്നാണ്. അബ്ദുല്ലക്കുട്ടിയെ വേണോ വേണ്ടയോ എന്ന് അദ്ദേഹത്തിന്റെ വോട്ടര്‍മാരും അമ്മയെ വേണോ വേണ്ടയോ എന്ന് അമ്മയുടെ അനുയായികളും തീരുമാനിച്ചുകൊള്ളും.

കോട്ട് ഓഫ് ദി വീക്ക്:-

കേരളത്തില്‍ വനിതകള്‍ക്ക് ബിസിനസ് ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. സ്ത്രീകളെ ചൂഷണം ചെയ്യാന്‍ നില്‍ക്കുന്നവരാണ് ചുറ്റിനും. ചിലര്‍ പണം ആവശ്യപ്പെടുന്നു. ചിലര്‍ മറ്റുചിലത് ചോദിക്കുന്നു. രണ്ടും കൊടുത്താലും പദ്ധതി അനുവദിച്ചു കിട്ടാത്ത സ്ഥിതിയാണ്. ഒടുവില്‍ ദുരിതം മുഴുവന്‍ സ്ത്രീ അനുഭവിക്കേണ്ടിവരുന്നു. രാഷ്ട്രീയക്കാര്‍ കുറച്ചുകൂടി മാന്യമായി പെരുമാറണം.

– യുവസംരംഭക സരിത നായര്‍

എന്തൊരു നിശബ്ദത !

അടക്കം പറച്ചിലുകളേയുള്ളൂ, ആശങ്കകളില്ല. മദാമ്മയുടെ പുസ്തകം ആരെയും അമ്പരപ്പിക്കുന്നും ഞെട്ടിക്കുന്നുമില്ല. ഇതൊക്കെ കുറെ കേട്ടതാണല്ലോ എന്നു കൈയൊഴിഞ്ഞ് സാസ്‌കാരിക-സാമൂഹിക-മാധ്യമലോകം അമ്മയ്ക്കു വിശുദ്ധിയുടെ ജാമ്യം നല്‍കുന്നു. ദീര്‍ഘകാലം മാതാ അമൃതാനന്ദമയിയോടൊപ്പം സഞ്ചരിച്ചിട്ടുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും സാമൂഹികപ്രവര്‍ത്തകര്‍ക്കും എല്ലാം ചിരപരിചിതയുമായ ഗായത്രി എന്ന ഗെയ്ല്‍ ട്രെഡ്വെല്‍ എഴുതി ആമസോണ്‍ പ്രസിദ്ധീകരിച്ചികുന്ന ഹോളി ഹെല്‍ എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ പച്ചത്തവളകളുടെയും ചിലന്തികളുടെയും കാര്യത്തില്‍ വേവലാതിയുള്ള പുണ്യാത്മാക്കള്‍ അറിഞ്ഞ മട്ടില്ല.

ഗായത്രി എഴുതിയിരിക്കുന്നത് അവരുടെ ജീവിതത്തെപ്പറ്റിയാണ് അല്ലെങ്കില്‍ ജീവിതം നശിച്ചതിനെപ്പറ്റിയാണ് എന്നതുകൊണ്ട് അത് മറ്റാര്‍ക്കെങ്കിലും എതിരാണ് എന്നു വാദിക്കുന്നത് അര്‍ഥശൂന്യമാണ്. കേട്ടുകേള്‍വികളും ഊഹാപോഹങ്ങളുമല്ല, അവര്‍ നേരിട്ടു കാണുകയും അനുഭവിക്കുകയും ചെയ്ത കാര്യങ്ങളാണ് പുസ്തകത്തിലുള്ളത്. അതുകൊണ്ട് തന്നെ രാജ്യാന്തരസമൂഹം പുസ്തകത്തിന് അര്‍ഹിക്കുന്ന ഗൗരവം നല്‍കിയിട്ടുണ്ട്. വിദേശ മാധ്യമങ്ങള്‍ ഗായത്രിയുടെ അഭിമുഖങ്ങളും മറ്റും നല്‍കുന്നുണ്ട്. ഇത് അമ്മയെന്ന കിഴക്കിന്റെ ദൈവത്തിലേക്കുള്ള വിദേശികളുടെ കുത്തൊഴുക്കിനെയും ബാധിക്കും. മൊത്തത്തില്‍ കാര്യങ്ങള്‍ അമ്മയ്ക്ക് അുകൂലമല്ല എങ്കിലും ഇനിയൊരു 10 വര്‍ഷത്തേക്കു കൂടി കേരളത്തില്‍ ഒന്നും പേടിക്കാനില്ല.

ഗായത്രിയുടെ പുസ്തകത്തോടുള്ള പ്രതികരണങ്ങള്‍ സമ്മിശ്രമാണ്. അമൃതാനന്ദമയിയെ വെറുക്കുന്നവരും ആരാധിക്കുന്നവരും ചേരി തിരിഞ്ഞു തെറിപറയുന്നതിനപ്പുറം കാര്യമാത്രപ്രസക്തമായ, സത്യസന്ധമായ പ്രതികരണങ്ങള്‍ കാണാനില്ല. അത് കാണാനാവുമെന്നും പ്രതീക്ഷയില്ല. പുസ്തകം സ്വയം സംസാരിക്കുന്ന മാധ്യമമായതുകൊണ്ട് അതില്‍ പ്രത്യേകിച്ച് ഒരു പ്രതികരണത്തിന്റെ ആവശ്യമില്ല എന്നതും സത്യമാണ്. എന്നാല്‍, മറ്റു വിഷയങ്ങളിലും സോ കോള്‍ഡ് സാമൂഹിക-മനുഷ്യാവകാശ-സാംസ്‌കാരിക ഫ്രീക്കുകള്‍ ഇതേ പക്വത കാണിക്കുന്നത് നന്നായിരിക്കും.

ഹോളി ഹെല്‍ അമൃതാനന്ദമയിയെ അപകീര്‍ത്തിപ്പെടുത്തുന്ന, വള്ളിക്കാവ് ആശ്രമത്തെ കരിവാരി തേക്കുന്ന ഒരു പുസ്തകമാണ് എന്നു വേണമെങ്കില്‍ ആരോപിക്കാം. എഴുത്തുകാരി അമ്മയ്ക്കും ആശ്രമത്തിനും കേരളസമൂഹത്തിനും അപരിചിതയല്ല എന്നതാണ് പുസ്തകത്തിന്റെയും അതിലെ വെളിപ്പെടുത്തലുകളെയും ഗൗരവം വര്‍ധിപ്പിക്കുന്നത്. മറ്റൊരാളെപ്പറ്റിയായിരുന്നെങ്കില്‍ ഇത്തരമൊരു വിഷയത്തില്‍ പ്രതികരിച്ചും ചോദ്യം ചെയ്തും കേരളസമൂഹത്തില്‍ പൊട്ടിത്തെറികള്‍ സൃഷ്ടിക്കുമായിരുന്ന ഇവിടുത്തെ സാമൂഹികപരിഷ്‌കര്‍ത്താക്കളും സാസ്‌കാരികനായകന്‍മാരും സ്വീകരിച്ചിരിക്കുന്ന അപകടകരമായ മൗനം ആശങ്കയുണര്‍ത്തുന്നതുമാണ്. പ്രത്യേകിച്ച് ആരെയും ഭയമില്ലാത്ത സിപിഎം കണ്ണൂര്‍ ജില്ലാ സെക്ട്രറി പി.ജയരാജന്റെ ഫേസ്ബുക്ക് പേജില്‍ മാത്രമാണ് ഇതെപ്പറ്റി കാര്യമായ പ്രതികരണം കണ്ടത്. എന്നാല്‍, ആ പ്രതികരണം വാര്‍ത്തയായപ്പോള്‍ പേജില്‍ നിന്നു പ്രതികരണം അപ്രത്യക്ഷമാവുകയും അദ്ദേഹത്തിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പേജുണ്ടെന്നും അതില്‍ അദ്ദേഹത്തിന്റെ സമ്മതമില്ലാതെയാണ് അമ്മയ്‌ക്കെതിരായ വാര്‍ത്ത പ്രചരിക്കുന്നതെന്നും അതേ പേജില്‍ പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. എല്ലാം അമ്മയുടെ മായ !

പ്രവചനം: ഇന്നേയ്ക്ക് 30 ദിവസത്തിനകം ഹോളി ഹെല്‍ എന്ന അശ്ലീലപുസ്തകം സംസ്‌കാരസമ്പന്നമായ ഭാരതത്തില്‍ നിരോധിച്ചിരിക്കും.

അമ്മേ, ദേവീ.. കാത്തോളണേ !

മിസിസ് സോണിയാ ഗാന്ധി, സോണിയാജി, ഇറ്റലിക്കാരി, മദാമ്മ എന്നിങ്ങനെയൊക്കെ അഭിസംബോധന ചെയ്തു ശീലിച്ചവര്‍ നാക്കു വടിക്കുക. മേലില്‍ അങ്ങനെയെങ്ങാനും വിളിച്ചാല്‍ വിവരമറിയും. സംഗതി ദൈവനിന്ദയാണ്, മതവികാരത്തെ വ്രണപ്പെടുത്തലാണ്. ഇന്നലെ വരെ ഇന്ത്യയിലെ ഏറ്റവും ശക്തയായ രാഷ്ട്രീയനേതാവായിരുന്ന സോണിയാ ഗാന്ധി ഇനി മുതല്‍ ഇന്ത്യയിലെ ഏറ്റവും ശക്തയായ ദൈവങ്ങളിലൊരാള്‍ എന്നറിയപ്പെടും. ഒരു വ്യക്തിയായി ഇന്ത്യയിലേക്കു വന്ന് പ്രസ്ഥാനമായി മാറിയ അഭിവന്ദ്യ സോണിയാ ഗാന്ധി ഇനി മുതല്‍ തെലങ്കാന സംസ്ഥാനത്തിന്റെ ദേശീയ ദൈവമാണ്. തെലുങ്കു തളി അഥവാ തെലുങ്കമ്മ എന്ന പദവിയിലേക്കാണ് സോണിയാ ഗാന്ധി ഉയര്‍ന്നിരിക്കുന്നത്.

തെലുങ്കാന സംസ്ഥാന രൂപീകരിച്ചതിന്റെ നന്ദി സൂചകമായി ആന്ധ്രയിലെ കോണ്‍ഗ്രസ് നേതാവ് ശങ്കര്‍ റാവുവാണ് സോണിയാ ഗാന്ധിയുടെ വിഗ്രഹം പൂര്‍ത്തിയാക്കിയിട്ടുള്ളത്. എട്ടരയടി ഉയരവും 840 കിലോ തൂക്കവുമുള്ള വെങ്കല വിഗ്രഹത്തിന്റെ ചിലവ് റാവുവിന്റെ കുടുംബത്തു നിന്നാണോ തെലങ്കാന ഖജനാവില്‍ നിന്നാണോ എന്നൊന്നും ആരും ചോദിക്കരുത്. സോണിയാ ദി തെലുങ്ക് മദറിനെ അവിടെ പ്രതിഷ്ഠിച്ച് ഉടന്‍ ഒരു അമ്പലവും പണിയുന്നുണ്ട്. ബാംഗ്ലൂര്‍ ഹൈദരാബാദ് ഹൈവേയില്‍ സോണിയ ശാന്തിവനം എന്നറിയപ്പെടുന്ന പു്ണ്യഭൂമിയില്‍ ആ അമ്പലം ഉയരും. തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിനു നന്ദിസൂചകമായി എല്ലാവരും ഡെയ്‌ലി അമ്പലത്തില്‍ വന്നു സോണിയാ ഗാന്ധി ദേവീക്ക് നന്ദി പറയണമെന്നു റാവു ആവശ്യപ്പെടുന്നുണ്ട് (പ്രസ്തുത വിഗ്രഹം നിര്‍മിച്ചത് സീമാന്ധ്രയിലെ ശില്‍പിയാണെന്ന് ദോഷൈദൃക്കുകള്‍ ചൂണ്ടിക്കാമിക്കുന്നുണ്ട്).

ബ്രിട്ടീഷുകാരുടെ അടിമത്തത്തില്‍ നിന്ന് മഹാത്മാഗാന്ധി ഇന്ത്യയെ മോചിപ്പിച്ചതുമായി തട്ടിച്ചു നോക്കുമ്പോള്‍ സീമാന്ധ്രയുടെ കടന്നുകയറ്റത്തില്‍ നിന്നു തെലങ്കാനയെ മോചിപ്പിച്ച പരിശുദ്ധ സോണിയാ ഗാന്ധി ദേവി ചെയ്തത് വളരെ വലിയ കാര്യമാണ്. മദര്‍ തേരേസയെപ്പോലെ സല്‍ഗുണങ്ങളുള്ള ഒരു വിശുദ്ധ വനിതയാണ് സോണിയാ ഗാന്ധി എന്നും അതുകൊണ്ട് സോണിയാ ഗാന്ധിക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം കൊടുക്കണമെന്നും രണ്ടു വര്‍ഷം മുമ്പ് ഒരു സംഘടന ആവശ്യപ്പെട്ടിരുന്നു. തിന്മകള്‍ക്കെതിരെ പോരാടാനും അക്രമത്തിനും അഴിമതിക്കും എതിരെ സധൈര്യം മുന്നോട്ടു വരാനും സാധാരണ ഇന്ത്യക്കാരെ പ്രേരിപ്പിക്കും വിധം വളഷായ ഭരണം കാഴ്ച വച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷ എന്ന നിലയ്ക്ക് സോണിയാ ഗാന്ധി കാലഘട്ടത്തിന്റെ വ്യക്തിയാണ് എന്നു പറയുന്നതില്‍ തെറ്റില്ല.

ഇറ്റലിയില്‍ നിന്നും ഇന്ത്യയിലെത്തിയ സോണിയാ ഗാന്ധി ദേവിയെ ചില അലവലാതി ദേശീയവാദികള്‍ എതിര്‍ത്തെങ്കിലും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഭയഭക്തിബഹുമാനങ്ങളോടെ തങ്ങളുടെ പ്രസിഡന്റാക്കി ആദരിച്ചു. തെലങ്കാന സംസ്ഥാനം രൂപീകരിച്ചതോടെ അവര്‍ അവരുടെ തെലങ്കാനയുടെ അമ്മയുമാക്കി. ഇനി അമ്പലമായി അദ്ഭുതപ്രവര്‍ത്തനങ്ങളായി, തീര്‍ഥാടനമായി. കോണ്‍ഗ്രസ് ഇനി 15 വര്‍ഷത്തേക്ക് ഇന്ത്യ ഭരിച്ചില്ലെങ്കിലെന്താ (ഇന്ത്യയുടെ ഭാവിയെപ്പറ്റി ആശങ്കപ്പെടേണ്ടതില്ലെന്നും വരാന്‍ പോകുന്നത നല്ല കാലമാണെന്നും മന്‍ മോഹന്‍ സിങ് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍) പരിശുദ്ധ സോണിയാ ഗാന്ധി ദേവിയുടെ അനുഗ്രഹങ്ങള്‍ തെലങ്കാനയെയും അയല്‍ സംസ്ഥാനങ്ങളെയും കാത്തു രക്ഷിക്കും എന്നത് കോണ്‍ഗ്രസുകാര്‍ക്ക് ആശ്വസിക്കാവുന്ന കാര്യമാണ്.

ചോദ്യം, ഉത്തരം:-

സാണിയാ ഗാന്ധി ദൈവമാകുമ്പോള്‍ രാഹുല്‍ ഗാന്ധി ആരായിട്ടു വരും ?

സാക്ഷാല്‍ ദൈവപുത്രന്‍.

ദൈവപുത്രനെ അവഹേളിക്കുന്നതും ആക്ഷേപിക്കുന്നതും ശരിയാണോ ?

അല്ല.

ദൈവപുത്രന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോള്‍ വോട്ടു ചെയ്യാത്തവര്‍ക്ക് എന്തു സംഭവിക്കും ?

പനി വരും, മേലാകെ പൊങ്ങും, നാലിന്റെന്ന് ഠിം.

'ഉമ്മന്‍ റം' പുറത്തിറക്കണം

മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച് തമിഴ്‌നാട്ടില്‍ കുമാരി ജയലളിത കേവലം പത്തു രൂപയ്ക്ക് ‘അമ്മ മിനറല്‍ വാട്ടര്‍’ പുറത്തിറക്കുകയാണ്. തമിഴ്‌നാട്ടുകാര്‍ക്ക് വെള്ളം കഴിഞ്ഞേ മറ്റെന്തുമുള്ളൂ. അതുകൊണ്ട് അമ്മ മിനറല്‍ വാട്ടര്‍ ഹിറ്റാകുമെന്നതില്‍ സംശയമില്ല. സ്വന്തമായി പത്തുനൂറ് ഡാമുകളും വര്‍ഷത്തില്‍ പകുതിയിലേറെ സമയം കൊലമഴയും അലങ്കാരത്തിന് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമൊക്കെയുള്ള കേരളത്തില്‍ തുള്ളി അകത്തുപോകണമെങ്കില്‍ മലയാളി ബിവറേജസിനു മുന്നില്‍ മണിക്കൂറുകള്‍ ക്യൂനില്‍ക്കേണ്ട അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ മലയാളിയുടെ ടേസ്റ്റും ഓണം സീസണിന്റെ സാധ്യതയും മനസ്സിലാക്കി നമ്മുടെയെല്ലാം കണ്ണിലുണ്ണിയായ ഉമ്മന്‍ ചാണ്ടി സാര്‍ അമ്മ എന്നതുപോലെ തന്നെ ഗുമ്മുള്ള ഉമ്മന്‍ എന്ന പേരില്‍ കേവലം 50 രൂപയ്ക്ക് ചങ്കുരുക്കുന്ന റം പുറത്തിറക്കണമെന്ന് വളരെ വിനീതമായി അഭ്യര്‍ഥിക്കുന്നു.

കേരളത്തില്‍ ആളുകള്‍ ഏറ്റവും അധികം കുടിക്കുന്ന സാധനം എന്ന നിലയില്‍ റമ്മിന് വിശുദ്ധവും ജനകീയവുമായ സ്ഥാനമാണുള്ളത്. മുഖ്യമന്ത്രിക്കും അതുപോലെ തന്നെ ജനകീയമായ സ്ഥാനമുണ്ട്. അവിടെ അമ്മ എന്നത് ഒരു ബ്രാന്‍ഡ് ആക്കുമ്പോള്‍ ഇവിടെ ഉമ്മന്‍ എന്നതും ഒരു ബ്രാന്‍ഡ് ആക്കി മാറ്റണം. അവിടെ പത്തു രൂപയ്ക്ക് പച്ചവെള്ളമിറക്കുമ്പോള്‍ ഇവിടെ 50 രൂപയ്ക്ക് കട്ട റം ഇറക്കണം. അങ്ങനെ രാപ്പകല്‍ സമരക്കാരുടെയും കരിങ്കൊടി പ്രതിഷേധക്കാരുടെയും ഫ്രസ്‌ട്രേഷനും പണ്ടൊരച്ചായന്‍ ചാരായം നിരോധിച്ചതിന്റെ ചീത്തപ്പേരും മാറ്റി ഈ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും കുറച്ചു കഴിഞ്ഞു വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം സുനിശ്ചിതമാക്കണം. റമ്മിനു മുന്നില്‍ മലയാളിക്കു രാഷ്ട്രീയമോ മതമോ ജാതിയോ ഒന്നുമില്ല. തമിഴ്‌നാട്ടില്‍ വെള്ളക്കുപ്പിയില്‍ അമ്മയുടെ പടം കൊടുത്തിരിക്കുന്നതുപോലെ ഇവിടെ റം കുപ്പിക്കു പുറത്ത് നമ്മുടെ ഉമ്മന്‍ ചാണ്ടി സാറിന്റെ പടവും കൊടുക്കാം. മൊത്തത്തില്‍ എല്ലാവര്‍ക്കും സന്തോഷം, സംതൃപ്തി, സമൃദ്ധി. പണ്ട് മാവേലി നാടുവാണിരുന്ന കാലത്തും ലങ്ങനെ ആയിരുന്നു.

തമിഴ്‌നാട്ടിലെ അമ്മ ബ്രാന്‍ഡിങ് പോലെ ഇവിടെ ഉമ്മന്‍ ബ്രാന്‍ഡിങ്ങും വളരെ പ്രൊഫഷനലായി നടത്തിയാല്‍ വ്യക്തി എന്ന നിലയില്‍ നിന്നു പ്രസ്ഥാനമായി മാറാനും അങ്ങനെ ബിവറേജസ് കോര്‍പറേഷന്‍ പോലെ മലയാളികളുടെ മനസ്സറിഞ്ഞ സ്ഥാപനമായി മാറാനും ഉമ്മന്‍ ചാണ്ടി സാറിനു സാധിക്കും. തമിഴ്‌നാട് സര്‍ക്കാരിന്റെ ന്യായവില ഭക്ഷണശാലകളായ ‘അമ്മ ഉണവക’ങ്ങളില്‍ ഇന്നുമുതല്‍ മൂന്നു രൂപയ്ക്ക് രണ്ടു ചപ്പാത്തി കൂടി നല്‍കാനും തീരുമാനമായിട്ടുണ്ടത്രേ. ഇവിടെ ചപ്പാത്തി വേണ്ട. ഉമ്മന്‍ ബ്രാന്‍ഡില്‍ നമ്മള്‍ പുറത്തിറക്കേണ്ടത് നല്ല അസ്സല്‍ കേരള പൊറോട്ടകള്‍ ആയിരിക്കണം. നല്ല തൊലിക്കട്ടിയും എത്ര ചവച്ചാലും റബ്ബറുപോലെ അവശേഷിക്കാന്‍ കഴിയുന്ന മൈലേജുമുള്ള അത്തരം പൊറോട്ടകള്‍ സാധാരണക്കാരന്റെ പട്ടിണി മാറ്റും. കേരള പൊറോട്ടകളുടെ അരാധകനായ നമ്മുടെ അടുത്ത പ്രധാനമന്ത്രി അഭിവന്ദ്യ രാഹുല്‍ ഗാന്ധിക്ക് (ഇദ്ദേഹത്തിന് അമേരിക്കന്‍ വീസ ഉണ്ട്) നല്ല ഫ്രഷ് ഉമ്മന്‍ പൊറോട്ടകള്‍ എല്ലാ ദിവസവും അയച്ചുകൊടുക്കുകയും ചെയ്യാം. രാവിലെ ബ്രേക്ക്ഫാസ്റ്റിനു പൊറോട്ട കയ്യിലെടുക്കുമ്പോള്‍ അദ്ദേഹം നമ്മുടെ ഉമ്മന്‍ ചാണ്ടി സാറിനെ ഓര്‍ക്കും. അങ്ങനെ സോളാര്‍ തട്ടിപ്പെന്നല്ല ആരെങ്കിലും സാക്ഷാല്‍ സൂര്യനെത്തന്നെ അടിച്ചുമാറ്റിയാലും ഒരിക്കലും ഒരിക്കലും രാജി വയ്‌ക്കേണ്ടി വരാത്ത വിധം ഒരു ആത്മബന്ധം ഉണ്ടാക്കിയെടുക്കുകയും ചെയ്യാം.

ഇതിനൊക്കെ പുറമേ വികസനത്തിന്റെ കാര്യത്തിലും ഈ ബ്രാന്‍ഡിങ് ഗുണം ചെയ്യും. മാധ്യമങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള വിവാദങ്ങളൊക്കെയും പോസിറ്റീവായി എടുക്കുമെന്നു പറഞ്ഞിട്ടുള്ളയാളാണ് നമ്മുടെ മുഖ്യമന്ത്രി. ഈ ബ്രാന്‍ഡിങ് വിജയകരമായാല്‍ അത്തരം വിവാദങ്ങളുടെ ഛായയില്‍ നിന്നു പുതിയ ഉപബ്രാന്‍ഡുകളും ഉല്‍പന്നങ്ങളും പുറത്തിറക്കാം. ഉദാഹരണത്തിന് സരിത എന്ന ബ്രാന്‍ഡില്‍ മസാലദോശയും ശാലു എന്ന ബ്രാന്‍ഡില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയും തുടങ്ങാം. ഗണ്‍മാന്‍ ബ്രാന്‍ഡില്‍ ഒരു വെടിക്കോപ്പുകമ്പനി തന്നെ തുടങ്ങാം. ഒറ്റുകൊടുക്കപ്പെട്ടവര്‍ക്കും ഒറ്റപ്പെട്ടവര്‍ക്കും നീതി ഉറപ്പാക്കുന്നതിനായി ടി.പി.ചന്ദ്രശേഖരന്റെ പേരില്‍ നിയമസഹായവേദികള്‍ തുടങ്ങാം. പി.സി.ജോര്‍ജ് എന്ന പേരില്‍ മുഴുനീളവിനോദ ചാനല്‍ തന്നെ തുടങ്ങാം. അങ്ങനെ ഒന്നു തിരിഞ്ഞുനോക്കിയാല്‍ എത്രയെത്ര ആശയങ്ങള്‍. എമേര്‍ജിങ് കേരള എന്നൊക്കെ പറഞ്ഞ് ഓരോരോ പരിപാടികള്‍ നടത്തി കാശു കളയുന്നതിനു പകരം ജയലളിത കാട്ടിത്തന്ന വഴിയിലൂടെ ബ്രാന്‍ഡിങ് വഴി സുസ്ഥിരവികസനവും സുസജ്ജരാഷ്ട്രീയഭാവിയും ഉറപ്പാക്കാന്‍ ഭരണകൂടം മുന്നോട്ടു വരട്ടെ എന്നു പ്രത്യാശിക്കുന്നു.

ഒരു കാഥികന്‍റെ കദനം

മാനുഷികവും ധാര്‍മികവുമായ അവശതയനുഭവിക്കുന്ന സൂപ്പര്‍ താരങ്ങളുടെ പല്ലക്കു ചുമക്കുന്ന സംഘടനാഭാരവാഹികള്‍ ഇനി ഈ മനുഷ്യന്‍റെ കാര്യത്തില്‍ എപ്പോഴാണ് ഇടപെടാന്‍ പോകുന്നത് ? രണ്ട് ഇരിഞ്ഞാലക്കുടക്കാര്‍ ചേര്‍ന്നു ഭരിക്കുന്ന അമ്മ സംഘടന ഡോ.മന്‍മോഹന്‍സിങ്ങിന്‍റെ എക്കണോമിക്സ് പ്രകാരം പാവങ്ങളുടെ വയറ്റത്തടിക്കുന്ന സാമ്പത്തികപരിഷ്കാരങ്ങളുടെ വഴിയേ അല്ലെങ്കില്‍ സൂപ്പറുകളോളം സീനിയറായ ഈ കലാകാരന്‍റെ അപേക്ഷ ഫയലില്‍ നിന്നെടുത്ത് പരിഗണിക്കണമെന്ന് അപേക്ഷിക്കുന്നു. ഒരു കാലത്ത് മലയാളികളെ കുടുകുടാ ചിരിപ്പിച്ച നമ്മുടെ വി.ഡി.രാജപ്പന്‍ കിടപ്പിലാണ്. മൃഗങ്ങളിലൂടെ മനുഷ്യരുടെ ഒരായിരം കഥകള്‍ പറഞ്ഞ അദ്ദേഹത്തിന് ഒട്ടും ചിരി വരാത്ത ഒരേയൊരു കഥയേ ഇനി പറയാനുള്ളൂ- വി.ഡി.രാജപ്പന്‍റെ കഥ.

കോമഡി സ്റ്റാറുകളുടെ കാലത്ത് വി.ഡി.രാജപ്പന് എന്താണ് പ്രസക്തി എന്നു ചോദിച്ചാല്‍ ഒരു പ്രസക്തിയുമില്ല. എന്നാല്‍, പാരഡി കഥാപ്രസംഗങ്ങളിലൂടെ, അവയുടെ അനേകം അനേകം കസെറ്റുകളിലൂടെ രണ്ടു പതിറ്റാണ്ടോളം കേരളക്കരയുടെ ഹാസ്യസാമ്രാട്ടായി പറന്നു നടന്ന കലാകാരനാണ് വി.ഡി.രാജപ്പന്. ആരെയും കൊതിപ്പിക്കുന്ന പാരഡി ഗാനങ്ങളായിരുന്നു വി.ഡി.രാജപ്പന്‍റെ മുഖമുദ്ര. വി.ഡി.രാജപ്പന്‍റെ പാരഡി ഗാനങ്ങളിലൂടെ അവയുടെ ഒറിജിനലുകളെപ്പോലും അറിയുന്ന ഒരു കാലമുണ്ടായിരുന്നു. കേരളത്തിനു പുറമേ ഗള്‍ഫ് നാടുകളിലും ആയിരക്കണക്കിനു വേദികളില്‍ അദ്ദേഹം കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട്.

പാരഡി ഗാനങ്ങള്‍ എഴുതി തന്‍റെ പ്രത്യേകതയുള്ള ശബ്ദത്തില്‍ എല്ലാവിധ എഫക്ടുകളോടും കൂടി ആലപിച്ചിരുന്ന വി.ഡി.രാജപ്പന്‍റെ കഥകളില്‍ പോത്തും എരുമയും തവളയും കോഴിയുമൊക്കെയായിരുന്നു പ്രധാനകഥാപാത്രങ്ങള്. അവയൊക്കെ കസെറ്റ് രൂപത്തില്‍ വമ്പന്‍ ഹിറ്റുകളുമായി എന്നത് രാജപ്പനെ കേട്ടിട്ടുള്ള തലമുറ മറന്നുപോവുകയുമില്ല. ‘കല്ലെടുത്തു കീച്ചരുതേ നാട്ടാരേ… എല്ലുവലിച്ചൂരരുതേ നാട്ടാരേ..’ എന്ന ആമുഖഗാനത്തോടെ രാജപ്പന്‍ കഥാപ്രസംഗം തുടങ്ങുമ്പോള്‍ കയ്യടികൊണ്ട് ജനസാഗരം എതിരേറ്റിരുന്ന കാലം പോയി, ആ ജനവും മൈതാനങ്ങളും പോയി, രോഗവും ദൂരിതങ്ങളും പാരഡിയില്ലാതെ കൂടെക്കൂടിയിട്ട് കാലങ്ങളായി. തൊണ്ണൂറുകളിലിറങ്ങിയ ‘അമിട്ട്’ ആണെന്നു തോന്നുന്നു വി.ഡി.രാജപ്പന്‍റെ അവസാനത്തെ സൂപ്പര്‍ഹിറ്റ് പാരഡി കഥാപ്രസംഗം.

ഇപ്പോള്‍ എന്താണ് അവസ്ഥയെന്നു ചോദിച്ചാല്‍ അദ്ദേഹത്തിനു വയ്യ. ആരോഗ്യപ്രശ്നങ്ങളോടൊപ്പം സാമ്പത്തികപ്രശ്നങ്ങളുമുണ്ട്. വിശ്രമമില്ലാതെ മൈക്കിലൂടെ കഥകള്‍ പറഞ്ഞു നടന്നതുമൂലം കേള്‍വിശക്തിക്കു പണ്ടേ ചെറിയ തകരാര്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ 90% കേള്‍വിശക്തിയും നഷ്ടമായി. പ്രമേഹവും അതുമൂലമുള്ള അനുബന്ധ അസുഖങ്ങളുമാണ് കലശലായുള്ളത്. കോട്ടയം ജില്ലാ ആശുപത്രിയില്‍ നഴ്‌സ് ജോലിയില്‍നിന്നു വിരമിച്ച ഭാര്യ സുലോചനയുടെ പരിചരണത്തില്‍ പേരൂരിലെ തച്ചന ഇല്ലം വീട്ടില്‍ വി.ഡി.രാജപ്പന്‍ ഉണ്ട്. അവശനാണെങ്കിലും അവശകലാകാരന്മാര്‍ക്കുള്ള പെന്‍ഷന്‍ പോലും അദ്ദേഹത്തിനില്ല. സഹായത്തിനായി അമ്മ സംഘടനയ്‍ക്കും അപേക്ഷ നല്‍കിയിട്ടുണ്ട്. കഥാപ്രസംഗക്കാരനെ എന്തിന് അമ്മ സഹായിക്കണം എന്നു ചോദിച്ചാല്‍, എല്ലാം കൂടി നൂറിലേറെ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുള്ളതുകൊണ്ടു തന്നെ.

അമ്മ സഹായിക്കുകയോ സഹായിക്കാതിരിക്കുകയോ ചെയ്യട്ടെ, വി.ഡി.രാജപ്പനെ സഹായിക്കാന്‍ അദ്ദേഹത്തിന്‍റെ പാരഡികളും കഥാപ്രസംഗങ്ങളും ആസ്വദിച്ചിട്ടുള്ളവര്‍ക്കു സാധിക്കില്ലേ ? പോയ കാലത്തെ കയ്യടികളോര്‍ത്തു കിടന്നാല്‍ അദ്ദേഹത്തിന് ഇപ്പോള്‍ നിര്‍വൃതി ഉണ്ടാവണമെന്നില്ല. അന്നു അദ്ദേഹം നമ്മളെ ചിരിപ്പിച്ചതിന്‍റെ പേരില്‍ ഇന്ന് നമുക്കെല്ലാവര്‍ക്കും കൂടി പോക്കറ്റില്‍ കയ്യിട്ട് കിട്ടുന്നതെടുത്ത് കോട്ടയത്തേക്കൊരു കീച്ചു കീച്ചാം. നന്ദിയും സ്നേഹവുമുള്ള നല്ല മനുഷ്യരുടെ കഥ നമുക്ക് അദ്ദേഹത്തിനു പറഞ്ഞുകൊടുക്കാം. അതിന് എത്ര പാരഡികളുണ്ടായാലും അത് നല്ലതാണല്ലോ.

Reference: Malayala Manorama

മോഹന്‍ലാലിന് ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട ലാലേട്ടാ,

അവിവേകമാണോ എന്നെനിക്കറിയില്ല. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍കാര്‍ കൊല്ലുമോ അതോ ആന്‍റണി പെരുമ്പാവൂര്‍ കൊല്ലിക്കുമോ എന്നൊക്കെയുള്ള ഭയാശങ്കകള്‍ ഉള്ളിലൊതുക്കിക്കൊണ്ട് പറയുകയാണ് “കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുന്നവര്‍ ജീവിക്കുന്ന ഈ നാട്ടില്‍ ജീവിക്കാന്‍ മടി തോന്നുന്നു, പേടി തോന്നുന്നു, വെറുപ്പ് തോന്നുന്നു” എന്നു പറഞ്ഞ ലാലേട്ടാ, അങ്ങയുടെ ആശങ്കകളും വേദനകളും ആത്മാര്‍ത്ഥമായിരിക്കാം, പക്ഷെ അര്‍ത്ഥശൂന്യമാണ്.

“എനിക്കു ജീവിക്കണം, സ്വസ്ഥമായിട്ട് ജീവിക്കണം, അതിനു തടസ്സം നില്‍ക്കാന്‍ നിന്‍റെയീ കൈകള്‍ ഉണ്ടാവരുത്, അതുകൊണ്ട് ഞാനിത് എടുക്ക്വാ” എന്നു പ്രഖ്യാപിച്ച് 20 വര്‍ഷം മുമ്പ് മുണ്ടയ്ക്കല്‍ ശേഖരന്‍റെ കൈ ഒറ്റവെട്ടിനു മുറിച്ചു മാറ്റിയ മംഗലശേരി നീലകണ്ഠന്‍, ആ സീനുകള് കണ്ടു വളര്‍ന്ന പിള്ളേര്‍ നടത്തിയ ഒരു കൊലപാതകത്തെപ്പറ്റി പത്രത്തില്‍ വായിച്ചിട്ട്, കേരളത്തില്‍ ജീവിക്കാന്‍ പേടിയാകുന്നു എന്നൊക്കെ പറയുന്നത് ന്യായമാണോ ?

അഭ്രപാളികളില്‍ നിന്നിറങ്ങി അങ്ങ് കേരളത്തിലെ സാധാരണക്കാരുടെ ജീവിതം നോക്കിക്കണ്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ഉണ്ടെങ്കിലും ഇല്ലെങ്കിലും കേരളത്തില്‍ കൊല്ലും കൊലയും തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. കൊല്ലാനും കൊല്ലിക്കാനും എല്ലാവര്‍ക്കും അവരുടേതായ കാരണങ്ങള്‍ ഉണ്ടായിരുന്നു. എന്നിട്ടും ഇന്നലെ പിറന്നു വീണ കുഞ്ഞിന്‍റെ നിഷ്കളങ്കതയോടെ അങ്ങ് ടി.പി.ചന്ദ്രശേഖരന്‍റെ അമ്മയുടെ സങ്കടത്തെപ്പറ്റി എഴുതിയത് കണ്ട് കണ്ണു നിറഞ്ഞില്ല. കിരീടത്തിലെ സേതുമാധവനും നരസിംഹത്തിലെ ഇന്ദുചൂഢനും ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനും കൊന്നതും കൊല്ലിച്ചതുമായ സീനുകള്‍ തിയറ്ററുകളില്‍ കണ്ട് കയ്യടിച്ച് പോയവര്‍ക്ക് പിന്നീട് കൊല്ലാനും കൊല്ലിക്കാനും അങ്ങയുടെ അഭിനയം പ്രചോദനമായിട്ടുണ്ടെങ്കില്‍, ഇനി അത്തരം സിനിമകളില്‍ അഭിനയിക്കില്ല എന്നെങ്കിലും ഒരു കൊച്ചുപ്രതിജ്ഞ എടുക്കുകയായിരുന്നില്ലേ വേണ്ടിയിരുന്നത് ?

ലാലേട്ടന്‍റെ ദുഖം സത്യസന്ധമല്ല എന്നെനിക്കു തോന്നുന്നില്ല. സത്യസന്ധമായിരിക്കാം, ആ വേദന ഉള്ളില്‍ തട്ടിയുള്ളതായിരിക്കാം. പക്ഷെ,ഒരു പിടി വയലന്‍സ് ‍ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്കു മുന്നില്‍ മിഴിവോടെ നില്‍ക്കുന്നെങ്കില്‍ അതിനു കാരണം അതില്‍ കരളുറപ്പോടെ ശത്രുവിന്‍റെ നെഞ്ചില്‍ കത്തി കയറ്റുന്ന ലാലേട്ടന്‍റെ കഥാപാത്രങ്ങളാണ്. ശത്രുവിന്‍റെ നെഞ്ചില്‍ നിന്നും മുഖത്തേക്ക് ചീറ്റിത്തെറിച്ച ചോര തുടച്ച് പ്രേക്ഷകരെ നോക്കുന്ന അങ്ങയുടെ കണ്ണുകളിലെ തിളക്കമാണ്. ആ സീനുകള്‍ വായിക്കുമ്പോള്‍, അത് അഭിനയിക്കുമ്പോള്‍, അനേകം അമ്മമാരും ആ സിനില്‍ കണ്ണുപൊത്തുമെന്നത് അങ്ങ് കരുതിയിട്ടുണ്ടാവില്ല.

മക്കള്‍ ഇതൊക്കെ കണ്ടു വളരുന്നതില്‍ ആശങ്കയുള്ള ഒരു പറ്റം അമ്മമാര്‍, മംഗലശേരി നീലകണ്ഠന്‍ മുണ്ടയ്‍ക്കല്‍ ശേഖരന്‍റെ കൈ പബ്ലിക്കായി വെട്ടുന്ന സീന്‍ വരുമ്പോള്‍, കീരിക്കാടന്‍ ജോസിനെ പൊതുസ്ഥലത്ത് കുത്തിമലര്‍ത്തുന്ന സീന്‍ വരുമ്പോള്‍, ടിവി ഓഫ് ചെയ്യുന്നുണ്ടെങ്കില്‍ അങ്ങയുടെ ധാര്‍മികദുഖം പരാജയപ്പെടുകയാണ്. അങ്ങയുടെ വാക്കുകളിലുള്ളതിനെക്കാള്‍ ആശങ്ക ആ അമ്മമാര്‍ക്ക് തങ്ങളുടെ മക്കളുടെ ഭാവിയിലുണ്ട്.

ടി.പി കൊല്ലപ്പെട്ടതുപോലെ പൈശാചികമായി കേരളത്തില്‍ ഇനി ഒരാളും കൊല്ലപ്പെടാതിരിക്കട്ടെ എന്നാണ് മലയാളികളുടെ പ്രാര്‍ഥന. സിനിമ എന്ന ഏറ്റവും ജനകീയമായ മാധ്യത്തിലൂടെ ഏറ്റവും ജനകീയനായ താരങ്ങള്‍ ഇത്തരം കൊലപാതകങ്ങള്‍ ചെയ്തു കാണിക്കരുതേ എന്നു കൂടി ഇനി പ്രാര്‍ഥിക്കാം. മറ്റാരുടെയോ തിരക്കഥ അനുസരിച്ച് സിനിമയില്‍ കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുന്ന ലാലേട്ടനും മറ്റാരുടെയോ തിരക്കഥ അനുസരിച്ച് ജീവിതത്തില്‍ കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുന്ന ക്വട്ടേഷന്‍ ഗുണ്ടകളും ചെയ്യുന്നത് കര്‍മം മാത്രമാണ്. അതിരുവിട്ടാല്‍ കത്രിക വയ്‍ക്കാന്‍ സിനിമയിലെപ്പോലെ ഒരു സെന്‍സര്‍ ബോര്‍ഡ് ജീവിതത്തില്‍ ഇല്ലാതെ പോയി.

കേരളത്തില്‍ ബോറടിക്കുമ്പോള്‍ ബൂര്‍ജ് ഖലീഫയിലെ വീട്ടില്‍പ്പോയി അങ്ങേയ്‍ക്ക് അസ്തമയം കണ്ടിരിക്കാം. പിന്നെയും താരാധിപത്യത്തിന്‍റെ കിരീടവും ചെങ്കോലും കണ്ടിരിക്കുന്ന ഞങ്ങള്‍ സാധാരണമലയാളികള്‍ എവിടെപ്പോവാന്‍ ? ഞങ്ങളുടെ അസ്തമയങ്ങളിലെ ചുവപ്പിന് വിപ്ലവകാരികളുടെ നെഞ്ചിലെ ചോര തന്നെ ചാലിക്കണം.

വേണ്ടത് ഒരു മാറ്റമാണ്. അത് ജനങ്ങളെ ഏറ്റവും സ്വാധീനിക്കുന്ന സിനിമകളില്‍ നിന്നു തന്നെ തുടങ്ങാം. ഒരു നിയമത്തിനും നിന്നെ ഞാന്‍ വിട്ടുകൊടുക്കില്ല എന്നാക്രോശിച്ച് സ്വയം വിധി പ്രഖ്യാപിച്ച് വധശിക്ഷ നടപ്പാക്കിയിട്ടുള്ള നൂറ് നൂറ് നായകന്മാരുടെ വഴിയേ ആണ് ടിപിയെ കൊന്നവരും സഞ്ചരിച്ചത്. അത്തരം നായകന്മാകെ അനശ്വരമാക്കിയ ലാലേട്ടന്‍ ഒരു കൊലപാതകം കണ്ട് ഭയന്നുനില്‍ക്കുന്നത് പ്രേക്ഷകരോടുള്ള ക്ഷമാപണം കൂടിയാവട്ടെ എന്നാഗ്രഹിക്കുന്നു. ഇനിയൊരു സിനിമയിലും നിയമവും കോടതിയും സാമൂഹികനീതിയും അട്ടിമറിച്ചുകൊണ്ട് പ്രതികാരം ചെയ്യുന്ന നായകനായി മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടാതിരിക്കുമ്പോഴാണ് തെരുവില്‍ കൊല്ലപ്പെടുന്ന ഓരോ വ്യക്തിയുടെയും അമ്മാമാരോടുമുള്ള അങ്ങയുടെ പ്രതിബദ്ധത പൂര്‍ണമാകുന്നത്. നാടുവാഴികളുടെ കാലം കഴിഞ്ഞു, ഇവിടം സ്വര്‍ഗമാണ് എന്നു വെറുതെ പറഞ്ഞാല്‍ പോര, അത് അങ്ങനെയാക്കാന്‍ ഓരോ പൗരനും കടമയുണ്ട്.

ഈ പോസ്റ്റിന്‍റെ ചുവട്ടില്‍ അങ്ങയുടെ ആരാധകര്‍ എഴുതാന്‍ പോകുന്ന കമന്‍റുകളും മുഴക്കാന്‍ പോകുന്ന തെറികളും എന്താണെന്ന് ആലോചിക്കുമ്പോള്‍ തന്നെ തുടര്‍ന്നും ബ്ലോഗ് ചെയ്യാന്‍ എനിക്കു മടി തോന്നുന്നു, പേടി തോന്നുന്നു, വെറുപ്പ് തോന്നുന്നു.

ആരാധനയോടെ,
ഒരു പ്രേക്ഷകന്‍.

ക്രിക്കറ്റിലെ സന്തോഷ് പണ്ഡിറ്റ്സ്‍

സച്ചിന്‍ തെന്‍ഡുല്‍ക്കറും കപില് ദേവും മുഹമ്മദ് അസ്‍ഹറുദ്ദീനും തുടങ്ങി ഇന്ത്യയിലെ കൊള്ളാവുന്ന ക്രിക്കറ്റ് കളിക്കാര്‍ മോഹന്‍ലാലിനെയും മലയാള സിനിമയിലെ മറ്റു തടിയന്മാരെയും നോക്കി ക്രിക്കറ്റ് തകര്‍ക്കാന്‍ വന്ന പരമചെറ്റകളേ എന്നു വിളിക്കാതിരിക്കുന്നതും ആക്കളി കണ്ട് ആര്‍പ്പുവിളിച്ച മലയാളികളെ മനോരോഗികളെന്നു വിശേഷിപ്പിക്കാത്തതും അവരുടെ വിശാലമനസ്‍കത. വിതച്ചതേ കൊയ്യൂ എന്ന കോസ്‍മിക് ലോ വച്ചു നോക്കുമ്പോള്‍ സെലബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കളിക്കാനിറങ്ങിയ മലയാള സിനിമാ താരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ സന്തോഷ് പണ്ഡിറ്റുകളാണ്. പബ്ലിസിറ്റിക്കു വേണ്ടി,അറിയാവുന്നവര്‍ ചെയ്യുന്ന ജോലി അലമ്പാക്കാനിറങ്ങിയ അലവലാതികള്‍ !

അപ്പോള്‍ സന്തോഷ് പണ്ഡിറ്റും അങ്ങനെയൊരാളാണോ ? അങ്ങനെയാണെന്നാണ് മലയാള സിനിമയിലെ പ്രഗല്‍ഭന്മാര്‍ പറഞ്ഞിട്ടുള്ളത്. സന്തോഷ് പണ്ഡിറ്റ് മോഹന്‍ലാലിന്റെ ഡേറ്റ് ചോദിച്ചു എന്ന വാര്‍ത്ത വലിയ കോമഡിയായിരുന്നു സിനിമക്കാര്‍ക്ക്. മോഹന്‍ലാലും രാജീവ് പിള്ളയും ബിനീഷ് കോടിയേരിയുമൊക്കെ അസാമാന്യ കളിയാണ് ഇന്നലെ കാഴ്ചവച്ചതെന്നു തട്ടിവിട്ട സകല വീരന്മാരും ശരിക്കുള്ള ക്രിക്കറ്റുകാര്‍ക്കു മുന്നില്‍ കാഴ്തവച്ച കോമഡിയും ഭീകരമാണ്. സന്തോഷ് പണ്ഡിറ്റിന്റെ സിനിമയെ അധിക്ഷേപിക്കുകയും പണ്ഡിറ്റിനെ വ്യക്തിപരമായി ആക്രമിക്കുകയും ചെയ്ത സിനിമക്കാരും അവരുടെ ആരാധകരും ക്രിക്കറ്റ് ദേശീയതയില്‍ അടിയുറച്ച ഒരു ദേശത്ത് ക്രിക്കറ്റ് പണ്ഡിറ്റുമാരായി വിരിഞ്ഞു നടക്കുന്നു. എല്ലാം ഭഗവാന്റെ ലീലാവിലാസങ്ങള്‍.

സന്തോഷ് പണ്ഡിറ്റിന്റെ കോട്ടിനെ ആക്ഷേപിച്ച സിനിമക്കാര്‍ ഇന്നലെ അണിഞ്ഞ ക്രിക്കറ്റ് ജഴ്‍സി അതിനെക്കാള്‍ വലിയ അശ്ലീലമാണെന്നത് തിരിച്ചറിഞ്ഞിട്ടില്ല. തന്റെ സിനിമ മഹത്തരമാണെന്നു പണ്ഡിറ്റ് വിശ്വസിക്കുന്നതുപോലെ തങ്ങളുടെ കളിയും മഹത്തരമാണെന്നു മലയാള സിനിമാ താരങ്ങള്‍ക്കു വിശ്വസിക്കാം. കൂതറ കളി സ്റ്റേഡിയത്തില്‍ നടക്കുമ്പോള്‍ ക്രീസിലിരുന്ന കളിക്കാര്‍ക്ക് ആവേശഭരിതരായി ടീം മുതലാളിയെയും നടിമാരെയും പലകുറി ആലിംഗനം ചെയ്തതിന്റെ സുഖം മാത്രം ബാക്കി.ഒന്നാലോചിച്ചാല്‍ പണ്ഡിറ്റ് ഒക്കെ ഇവന്മാരെക്കാള്‍ വളരെ ഭേദമാണ്.

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കുന്നതിനു മുമ്പേ സച്ചിനെക്കാള്‍ കിടിലന്‍ കളി കാഴ്ച വച്ച ലാലേട്ടന് അത് നല്‍കുമോ എന്ന കാര്യത്തിലേ ഇനി സംശയമുള്ളൂ. രാജീവ് പിള്ളയെ ദൈവതുല്യനായി ആരാധിക്കുകയും ശ്രീശാന്തിനെ പുച്ഛിക്കുകയും ചെയ്യുന്ന മലയാളി ഫ്രോഡുകള്‍ക്ക് ഇതല്ല ഇതിനപ്പുറവും ആഘോഷമാക്കാന്‍ സാധിക്കും. ലാലേട്ടന്റെ വൈഡുകളും രാജീവ് പിള്ളയുടെ ഫോറുകളും ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതിച്ചേര്‍ക്കാന്‍ മാധ്യമങ്ങളും റെഡിയായിക്കഴിഞ്ഞു. സെലബ്രിറ്റി ക്രിക്കറ്റ് ലീഗ് ആസ്വദിക്കുന്ന പ്രേക്ഷകര്‍ക്ക് സന്തോഷ് പണ്ഡിറ്റിനെ സഹിക്കാന്‍ കഴിയില്ല എന്നു പറയുന്നത് കാപട്യമാണ്. സന്തോഷ് പണ്ഡിറ്റിന്റേതു സിനിമയല്ലെന്നും കേരളാ സ്‍ട്രൈക്കേഴ്‍സിന്റേത് ക്രിക്കറ്റാണെന്നും പറയുന്നവന് മതിഭ്രമമാണ്, അത്രേയുള്ളൂ.

സന്തോഷ് പണ്ഡിറ്റിനെ മലയാള സിനിമാതാരങ്ങളുമായി ഉപമിച്ച് രണ്ടും ഒരുപോലെയാണ് എന്നു സ്ഥാപിക്കുകയാണ് എന്റെ ലക്‍ഷ്യം എന്നു തെറ്റിദ്ധരിക്കരുത്. അടിസ്ഥാനപരമായി സന്തോഷ് പണ്ഡിറ്റ് സിനിമക്കാരെക്കാള്‍ ഭേദമാണ് എന്നാണെന്റെ വാദം. വേറെ ജോലിയും കൂലിയും ഇല്ലാതെ വന്നപ്പോള്‍ സിനിമ എടുക്കാനിറങ്ങിയതല്ല പണ്ഡിറ്റ്. ജോലിയില്‍ നിന്നു ലീവെടുത്ത് സ്വന്തം വീടുവിറ്റാണ് പണ്ഡിറ്റ് സിനിമയെടുത്തതെങ്കില്‍ വരിവരിയായി പൊട്ടിയ സിനിമകളുടെയും ഇറങ്ങാത്ത സിനിമകളുടെയും വരെ ക്രെഡിറ്റിലാണ് താരക്രിക്കറ്റിന് പലരും കളത്തിലിറങ്ങിയത്. മുംബൈ ടീമിനെ കേരള ടീം തോല്‍പിച്ചു എന്നു പറയുന്നത് കൃഷ്ണനും രാധയും സില്‍സിലയെക്കാള്‍ ഹിറ്റായിരുന്നു എന്നു പറയുന്നതുപോലെയേ ഉള്ളൂ.

സന്തോഷ് പണ്ഡിറ്റിന്റെ സിനിമയെക്കാള്‍ രസകരം അദ്ദേഹത്തിന്റെ അഭിമുഖങ്ങളാണ് എന്നതുപോലെ കേരളത്തിലെ സിനിമാ തിയറ്ററുകളില്‍ കാണാത്ത ജനം ഇന്നലെ കൊച്ചിയിലെ സ്റ്റേഡിയത്തില്‍ തിക്കിത്തിരക്കി.ഇവന്മാരുടെ സിനിമയെക്കാള്‍ ഭേദമാണ് മറ്റെന്തും എന്ന സന്ദേശവും നികുതിവെട്ടിപ്പുകാരും കള്ളപ്പണക്കാരുമായ ശുംഭന്മാര്‍ക്ക് മനസ്സിലായിട്ടില്ല. മലബാര്‍ ഗോള്‍ഡിന്റെയും മണപ്പുറം ഫൈനാന്‍സിന്റെയും എംസിആര്‍ മുണ്ടിന്റെയുമൊക്കെ പരസ്യങ്ങളില്‍ ലാലേട്ടനെ യൂണിവേഴ്‍സല്‍ ക്രിക്കറ്റ് സ്റ്റാറായി അവതരിപ്പിക്കാനുള്ള ആലോചന ഇപ്പോഴേ തുടങ്ങിക്കാണും. സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ജീവിതത്തെ അടിസ്ഥാനമാക്കി ലാലേട്ടനെ നായകനാക്കി മേജര്‍ രവി ഒരു സിനിമ എടുക്കാതിരിക്കാന്‍ നിങ്ങളെല്ലാവരും മുട്ടിപ്പായി പ്രാര്‍ഥിക്കണം.

ഏത് അളവുകോല്‍ വച്ചു നോക്കിയാലും സെലബ്രിറ്റി ക്രിക്കറ്റ് ലീഗിനെക്കാള്‍ കലാമൂല്യവും കായികമൂല്യവുമുള്ള ഈ ഗാനം കൂടി കണ്ടിട്ടു പോയാല്‍ മതി നിങ്ങള്‍. ജിത്തുഭായ് എന്ന ചോക്ലേറ്റ് ഭായ് എന്ന സിനിമയിലെ അതിമനോഹരമായ ഒരു കൊലവെറി.വൈഡുകളില്ല, ആലിംഗനങ്ങള്‍ വേണ്ടുവോളമുണ്ട്, ചിയര്‍ഗേളായി തപോവനത്തിലെ മുനികുമാരിയും. ആസ്വദിക്കൂ….

ആറു ദിവസമായി പഞ്ചാബില്‍ നടന്ന ദേശീയ സ്കൂള്‍ അത്‍ലറ്റിക് മീറ്റില്‍ കിരീടം നേടിയ കേരളത്തിലെ കുട്ടികളെപ്പറ്റി ആര്‍ക്കും ഒരഭിമാനവുമില്ല. ചോരവെള്ളമാക്കി അധ്വാനിച്ചു നേടിയ അവരുടെ വിജയത്തിനു തിളക്കവുമില്ല. അവരെപ്പറ്റി പുളകം കൊള്ളാന്‍ സോഷ്യല്‍ മീഡിയയില്‍ ബുദ്ധിജീവികളും അവശേഷിക്കുന്നില്ല.ഷാറൂഖ് ഖാന്‍ റിമി ടോമിയെ എടുത്തുപൊക്കിയതിലൂടെ ഇന്ത്യ കേരളത്തെയാണ് എടുത്തുപൊക്കിയതെന്ന തിയറിയില്‍ ഉറച്ചുനിന്നുകൊണ്ട് മലയാളിയെന്ന നിലയില്‍ അഭിമാനിക്കുള്ള നിക്ഷേപങ്ങള്‍ സ്വരുക്കൂട്ടുന്നവര്‍ക്ക് നല്ല നമസ്‍കാരം.