ചരിത്രം കുറിച്ച് ഗ്യാങ്‌സ്റ്റര്‍

ഈ പോസ്റ്റില്‍ ആക്ഷേപഹാസ്യമില്ല. പ്രേക്ഷകര്‍ വിമര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്ത ആഷിക് അബുവിന്റെ ഗ്യാങ്സ്റ്റര്‍ എന്ന മമ്മൂട്ടിച്ചിത്രം പുതിയ ചരിത്രം കുറിക്കുന്നതിന്റെ കഥയാണ്. മോഹന്‍ലാല്‍ നായകനായ ജീത്തു ജോസഫ് സിനിമ ദൃശ്യം 100 ദിവസം കൊണ്ട് കേരളത്തിലെ തിയറ്ററുകള്‍ നിറഞ്ഞു പ്രദര്‍ശിപ്പിച്ചിട്ടാണ് 50 കോടി രൂപ കളക്ഷന്‍ നേടി റെക്കോര്‍ഡിട്ടതെങ്കില്‍ ഗ്യാങ്‌സ്റ്റര്‍ പ്രേക്ഷകരുടെ വിമര്‍ശനങ്ങള്‍ക്കിടയിലും രണ്ടാം വാരത്തില്‍ തന്നെ 50 കോടി നേടുന്ന ലക്ഷണമാണ്.

ഗ്യാങ്‌സ്റ്റര്‍ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനുമുള്ള വിവേകമോ കലാബോധമോ കേരളത്തിലെ പ്രേക്ഷകര്‍ക്കില്ലാതെ പോയതാണ് സിനിമക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കു കാരണം എന്നു ഞാന്‍ അന്നു തന്നെ പറഞ്ഞിരുന്നു. അത് ശരി വയ്ക്കുന്നതാണ് ഓണ്‍ലൈന്‍ മീഡിയ പുറത്തുവിട്ടിരിക്കുന്ന ഗ്യാങ്സ്റ്ററിന്റെ കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍. വവിധ ഓണ്‍ലൈന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഗ്യാങ്‌സ്റ്റര്‍ ആദ്യദിവസം ആറു കോടി രൂപയും രണ്ടാം ദിവസം 3.8 കോടി രൂപയും മൂന്നാം ദിവസം 4.6 കോടി രൂപയും നേടിയിട്ടുണ്ട്. ഇതിനു പുറമേ കൈരളി ചാനല്‍ അഞ്ചു കോടി രൂപയ്ക്കാണ് സിനിമയുടെ സാറ്റലൈറ്റ് അവകാശം വാങ്ങിയിരിക്കുന്നത്. അതായത് ആദ്യ മൂന്നു ദിവസത്തിനുള്ളില്‍ തന്നെ സിനിമ നേടിയത് 19.4 കോടി രൂപ.

ഇത് മലയാള സിനിമയിലെ സര്‍വകാല റെക്കോര്‍ഡാണ്. ആദ്യമൂന്നു ദിവസത്തെ കലക്ഷന്റെ ഗ്രാഫ് നോക്കിയാല്‍ ഇതിനോടകം സിനിമ ഏറ്റവും കൂറഞ്ഞത് 30 കോടി രൂപയെങ്കിലും നേടിയിട്ടുണ്ടാകുമെന്നുറപ്പിക്കാം. 100 ദിവസത്തോളം കേരളത്തില്‍ ഹൗസ് ഫുള്ളായി ഓടിയ ദൃശ്യം നേടിയത് 50 കോടി രൂപയാണെന്നിരിക്കെ പ്രേക്ഷകരുടെ വിമര്‍ശനങ്ങളേറ്റുവാങ്ങിയിട്ടും ഗ്യാങ്സ്റ്റര്‍ വെറും ഒരാഴ്ച കൊണ്ട് 30 കോടി നേടിയെങ്കില്‍ അത് പുതിയ ചരിത്രമാണ്.

ഇതുകൊണ്ടും കഴിഞ്ഞില്ല. ഗ്യാങ്‌സ്റ്ററിനെപ്പറ്റി പറഞ്ഞു കേട്ടിട്ടാണോ അതോ സിനിമ തന്നെ കണ്ടിട്ടാണോ- ഗ്യാങ്‌സ്റ്റര്‍ ഹിന്ദിയില്‍ നിര്‍മിക്കുന്നതിനായി ആമിര്‍ ഖാന്‍ ആഷിക് അബുവിന്റെ പിന്നാലെ നടക്കുകയാണെന്നും കേള്‍ക്കുന്നു. അഞ്ചുകോടി രൂപ കൊടുത്ത് ഗ്യാങ്സ്റ്ററിന്റെ റൈറ്റ് വാങ്ങി ഹിന്ദിയിലിറക്കാനാണേ്രത ആമിര്‍ ഖാന്‍ ഉദ്ദേശിക്കുന്നത്. കുഴപ്പം സിനിമയുടെയല്ല കേരളത്തിലെ അലവലാതി പ്രേക്ഷകരുടെയാണെന്ന് ഞാന്‍ അന്നു പറഞ്ഞത് ശരി വയ്ക്കുന്നതാണ് സത്യസന്ധവും സുതാര്യവുമായ ഈ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍.

ഇനി ഗ്യാങ്‌സ്റ്ററിനെ വിമര്‍ശിക്കുന്നത് ആരാണ് എന്നതാണ് അടുത്ത ചോദ്യം. ഗ്യാങ്‌സ്റ്ററിന്റെ യഥാര്‍ഥ പ്രേക്ഷകരല്ല സിനിമയുടെ വിമര്‍ശകരെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. സിനിമയെ ഫെയ്‌സ്ബുക്കിലൂടെയും മറ്റും ഓണ്‍ലൈനായും റോഡിലും ചായക്കടയിലും മറ്റുമിരുന്ന് ഓഫ്‌ലൈനായും വിമര്‍ശിക്കുന്നവര്‍ പ്രേക്ഷകരല്ല മറിച്ച് വര്‍ഗീയവാദികളും സിപിഎം വിരുദ്ധരും സദാചാരഗുണ്ടകളുമാണത്രേ. നല്ല പ്രേക്ഷകര്‍ക്ക് ഒരിക്കലും ഗ്യാങ്സ്റ്ററിനെ എന്നല്ല ആഷിക് അബുവിന്റെ ഒരു സിനിമയെയും തള്ളിപ്പറയാനാവില്ല എന്നാണ് പുരോഗമനവാദികളുടെ വിലയിരുത്തല്‍.

ആഷിക് അബുവിന്റെയും സഹപ്രവര്‍ത്തകരുടെയും സമുദായം നോക്കിയാണ് പ്രേക്ഷകര്‍ സിനിമയെ വിമര്‍ശിക്കുന്നത് എന്നതാണ് പ്രധാന വാദം. ആഷികിന്റെ ഭാര്യ മറ്റൊരു സമുദായക്കാരി ആയതുകൊണ്ട് ഇരു സമുദായങ്ങളിലും നിന്നുള്ള വര്‍ഗീയവാദികള്‍ ആഷികിന്റെ സിനിമയെ തകര്‍ക്കാന്‍ രംഗത്തിറങ്ങുകയായിരുന്നത്രേ. അതായത് വര്‍ഗീയവാദികള്‍ പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നെന്ന്. മറ്റൊരു വാദം ആഷിക് ഇടതുപക്ഷ അനുഭാവിയായതുകൊണ്ടും തിരഞ്ഞെടുപ്പു കാലത്ത് ആഷിക് ഇ.അഹമ്മദിനെയും ഭാര്യ റിമ ഷീല ദീക്ഷിതിനെയും ഫെയ്‌സ്ബുക്കിലൂടെ അധിക്ഷേപിച്ചതുകൊണ്ട് സിപിഎം വിരുദ്ധര്‍ കൂട്ടത്തോടെ വന്നു സിനിമയെ ആക്രമിക്കുകയായിരുന്നു എന്നതാണ്.

ഇതുകൊണ്ടും കഴിഞ്ഞില്ല. മാതാ അമൃതാനന്ദമയിയുടെ ശിഷ്യ ഗെയ്ല്‍ ട്രെഡ്‌വെല്ലുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ച കൈരളി ചാനലിന്റെ ചെയര്‍മാനായ മമ്മൂട്ടി നായകനായ, കൈരളി അഞ്ചു കോടി രൂപയ്ക്ക് റൈറ്റ് വാങ്ങിയിട്ടുള്ള ഗ്യാങ്സ്റ്റര്‍ തകര്‍ക്കാന്‍ അമൃത ടിവി ഗ്യാങ്‌സ്റ്റര്‍ മോശമാണെന്നു റിപ്പോര്‍ട്ട് കൊടുത്തു എന്നും കണ്ടെത്തിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ സിപിഎം വിരുദ്ധ- വര്‍ഗീയ ചേരികള്‍ ഒരുമിച്ചു നിന്നു നടത്തുന്ന കുപ്രചരണമാണ് ഗ്യാങ്സ്റ്ററിനെതിരെയുള്ള റിവ്യൂവിന്റെ രൂപത്തില്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. എന്നിട്ടും ചരിത്രത്തിലെ ഏറ്റവും വലിയ കലക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത് എന്നത് വിസ്മയകരമാണ്.

ഗ്യാങ്സ്റ്ററിനെ വിമര്‍ശിക്കുന്നത് തെറ്റാണെന്നു സ്ഥാപിച്ചുകൊണ്ട് മറ്റൊരു ധാരയും രംഗത്തു വന്നിട്ടുണ്ട്. സോള്‍ട്ട് ആന്‍ഡ് പെപ്പറും 22 ഫീമെയിലും എടുത്തിട്ടുള്ള ആഷിക് അബുവിന്റെ സിനിമ എന്ന നിലയില്‍ ഗ്യാങ്സ്റ്റര്‍ വിമര്‍ശിക്കപ്പെടാന്‍ പാടില്ല എന്നാണ് പൊതുവേയുള്ള വാദം. രമേഷ് പിഷാരടി എന്നൊരു മിമിക്രിക്കാരന്റെ പോസ്റ്റാണ് ഇതില്‍ ഏറ്റവും രസകരം. ആദാമിന്റെ മകന്‍ അബു ആഘോഷിക്കാതെ കൃഷ്ണനും രാധയും പരിഹസിച്ച് ആഘോഷിച്ചവരോടാണ് രമേഷിനു പറയാനുള്ളത്. അതിതാണ്.

“മലയാള സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ ആദ്യമായ് “THANKS TO ALL MY FACE BOOK FRIENDS” എന്ന് എഴുതിയ ആളാണ്‌ ആഷിക് അബു …………………സൂപ്പര്‍ ഹിറ്റുകള്‍ ഉണ്ടാക്കിയിട്ടുള്ള ഒരാള്‍ …………….സുരക്ഷിതമായ്‌ പാതകള്‍ ഉണ്ടായിട്ടും പരീക്ഷണങ്ങള്‍ നിറഞ്ഞ സിനിമ വഴികളില്‍ യാത്ര ചെയ്ത ആള്‍ ……………….
GANGSTER ഇഷ്ടമെങ്കില്‍ കാണാം മോശമാണ് കേള്‍ക്കുന്നതെങ്കില്‍ കാണാതിരിക്കാം ”

മലയാള സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ ആദ്യമായി താങ്ക്‌സ് ടു ഓള്‍ മൈ ഫെയ്‌സ്ബുക്ക് ഫ്രണ്ട്‌സ് എന്നെഴുതുന്നതും സിനിമ എടുക്കുന്നതും തമ്മില്‍ എന്താണ് ബന്ധമെന്ന് തമാശക്കാരന്‍ വ്യക്തമാക്കുന്നില്ല. മലയാള സിനിമയില്‍ ആദ്യമായി ഇങ്ങനെ എഴുതിയതാര് എന്ന പിഎസ്‌സി ചോദ്യമാണെങ്കില്‍ ഉത്തരം ആഷിക് അബു എന്നെഴുതാം. ആഷിക് അബു അങ്ങനെ എഴുതിയിട്ടുള്ളതുകൊണ്ട് അദ്ദേഹത്തിന്റെ സിനിമയെപ്പറ്റി മോശം അഭിപ്രായം പറയരുത് എന്നാണ് മിസ്റ്റര്‍ രമേഷ് ഉദ്ദേശിച്ചതെന്നു തോന്നുന്നു. പാവം.

ആഷിക് അബുവിനെ സൂപ്പര്‍ ഹിറ്റുകള്‍ സൃഷ്ടിച്ച ഒരാള്‍ എന്നാണ് രമേഷ് വിശേഷിപ്പിക്കുന്നത്. സൂപ്പര്‍ ഹിറ്റ് എന്നു വച്ചാല്‍ എന്താണ് എന്ന് മനസ്സിലാക്കിയതിനു ശേഷം രമേഷ് അത്തരത്തിലുള്ള കിരീടങ്ങള്‍ വച്ചുകൊടുക്കുന്നതാവും ഉചിതം എന്നു തോന്നുന്നു. സൂപ്പര്‍ ഹിറ്റുകളൊന്നും സൃഷ്ടിച്ചിട്ടുള്ള ആളല്ല ആഷിക് അബു. അദ്ദേഹത്തിന്റെ സിനിമകളില്‍ ഹിറ്റ് എന്ന വിശേഷണത്തിന് അര്‍ഹമായത് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ മാത്രമാണ്. എന്നാല്‍, കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വച്ചു നോക്കിയാല്‍ ഗ്യാങ്‌സ്റ്റര്‍ ഒരു മെഗാ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാകുമെന്നു നിസ്സംശയം പറയാം.

ഗ്യാങ്സ്റ്റര്‍ വളരെ ക്രൂരമായി വിമര്‍ശിക്കപ്പെട്ട ഒരു സിനിമയാണ് എന്നതില്‍ തര്‍ക്കമില്ല. മലയാളത്തില്‍ ഒരു സിനിമ ഇത്തരത്തില്‍ വിമര്‍ശിച്ചപ്പെടുന്നത് ഇതാദ്യമല്ല. ഈ പ്രേക്ഷകര്‍ തന്നെയാണ് ഇവിടെ സിനിമകള്‍ക്കു റെക്കോര്‍ഡ് കലക്ഷന്‍ നേടിക്കൊടുക്കുന്നതെന്നും മറക്കരുത്. പ്രേക്ഷകരുടെ അഭിപ്രായത്തിനും വിമര്‍ശനങ്ങള്‍ക്കുമെതിരെ പട നയിക്കാന്‍ തീരുമാനിക്കുന്നതിനെക്കാള്‍ ബുദ്ധിശൂന്യമായ മറ്റൊരു തീരുമാനമില്ല. സരോജ് കുമാര്‍ പണ്ടു പറഞ്ഞതുപോലെ ആരാധകര്‍ വെട്ടുകിളികളെപ്പോലെയാണ്. വേണ്ട സമയത്തു വേണ്ടതു ചെയ്തില്ലെങ്കില്‍ അവര്‍ നിങ്ങളുടെ ‘കൃഷി’ നശിപ്പിക്കും. #God Speed

വിഷം ചീത്തയാണെന്നു പറയുന്നത് കുറ്റമാണ്

എന്‍ഡോസള്‍ഫാന്‍ നല്ലതാണ്, വിവരമില്ലാത്തവര്‍ അതുപയോഗിച്ചതു തെറ്റായിപ്പോയതുകൊണ്ടാണ് ആയിരക്കണകിനാളുകള്‍ മരിക്കുകയും കുട്ടികള്‍ക്കു വൈകല്യങ്ങളുണ്ടാവുകയും അനേകായിരം ഗര്‍ഭഛിദ്രങ്ങള്‍ നടക്കുകയും ചെയ്തത് എന്നാണ് നേരത്തെ വിഷത്തിന്‍റെ വക്താക്കളായ നേതാക്കളും ഭരണാധികാരികളും പറഞ്ഞത്. ഇന്നു കളിമാറി. എന്‍ഡോസള്‍ഫാന്‍ നല്ലതാണ് എന്നതില്‍ മാറ്റമില്ല.എന്നാല്‍ അതുമൂലം കേരളത്തിലെ ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടുണ്ട് എന്നാരെങ്കിലും എവിടെയെങ്കിലും പറഞ്ഞാല്‍ വിവരമറിയും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സംബന്ധിച്ച് ദൈവതുല്യനായ ഒരു ഡോക്ടര്‍ താന്‍ നേരില്‍ കണ്ടനുഭവിച്ച ദുരിതങ്ങള്‍ പുറത്തുപറഞ്ഞതിന് വിഷം വില്‍ക്കുന്ന കമ്പനിയില്‍ നിന്നും നിയമനടപടി നേരിടുകയാണ്. ഇന്‍ക്രെഡിബിള്‍ ഇന്ത്യയും എമേര്‍ജിങ് കേരളയും കൂടി ഡോക്ടര്‍ വൈ.എസ്.മോഹന്‍കുമാറിനു നല്‍കിയ പുരസ്കാരമായി ഇതിനെ കാണാം.

എന്‍ഡോസള്‍ഫാന്‍ വിഷമല്ല എന്നു സ്ഥാപിക്കുന്നതിനു വേണ്ടി കേരളത്തില്‍ നിന്നു തന്നെ വിജയിച്ചുപോയ ചില എംപിമാരും കേന്ദ്രമന്ത്രിമാരും വരെ വിയര്‍ക്കുന്നതു നമ്മള്‍ നേരത്തെ കണ്ടതാണ്. ഇവിടെ വിഷമേറ്റ് മരിക്കുകയും ദുരിതത്തിലാവുകയും ചെയ്ത ആയിരക്കണക്കിനു മനുഷ്യരുടെ ആത്മാക്കളെ വിഷം വില്‍ക്കുന്നവരുടെ കോണകം കഴുകുന്ന ആത്മാവില്ലാത്ത ആ ശവങ്ങള്‍ക്കു ഭയപ്പെടേണ്ട കാര്യമില്ല. എന്നാല്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം പണവും അധികാരവും വേണമെന്നു നിര്‍ബന്ധമുള്ള അവറ്റകള്‍ക്ക് ഭാവിയില്‍ കിട്ടാതെ പോകുന്ന വോട്ടുകളെ ഭയമുണ്ടാകും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ മനുഷ്യജന്മങ്ങളുടെ ദുരവസ്ഥ ദേശീയശ്രദ്ധയിലെത്തിച്ച ഡോ.മോഹന്‍കുമാറിനെ വേട്ടയാടുന്ന കമ്പനിയുടെ കോര്‍പറേറ്റ് നീതിയെ പ്രതിരോധിക്കാന്‍ വോട്ടവകാശമുള്ള ജനങ്ങളുടെ ജനാധിപത്യബോധത്തിനേ സാധിക്കൂ.

ആമിര്‍ ഖാന്‍ അവതരിപ്പിക്കുന്ന ലോകപ്രസിദ്ധമായ റിയാലിറ്റി ഷോ സത്യമേവ ജയതേ ജൂണ്‍ 24നു സംപ്രേഷണം ചെയ്ത ടോക്സിക് ഫുഡ് എപ്പിസോഡിലൂടെ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തങ്ങളെക്കുറിച്ച് സംസാരിച്ചതിനാണ് എന്‍ഡോസള്‍ഫാന്‍ ഉണ്ടാക്കുന്ന യുണൈറ്റഡ് ഫോസ്ഫറസ് ലിമിറ്റഡ് ഡോ.വൈ.എസ്.മോഹന്‍കുമാറിന് വക്കീല്‍ നോട്ടീസയച്ചിരിക്കുന്നത്. ഷോയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതത്തെക്കുറിച്ചു സംസാരിച്ച മറ്റു രണ്ടുപേര്‍ക്കു കൂടി കമ്പനി നോട്ടീസയച്ചിട്ടുണ്ട്. എന്‍സോസള്‍ഫാന്‍ ദുരിതങ്ങള്‍ പര്‍വതീകരിച്ചു കാണിച്ചു എന്നാണ് കമ്പനി ആരോപിക്കുന്നത്. കാസര്‍കോട്ട് അന്‍പതിനായിരത്തോളം ഗര്‍ഭഛിദ്രങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നു ഡോക്ടര്‍ പറഞ്ഞു എന്നു നോട്ടീസില്‍ പറയുന്നു. എന്നാല്‍ അയ്യായിരത്തോളം ആളുകള്‍ ദുരിതബാധിതരാണ് എന്നേ ഡോക്ടര്‍ പറഞ്ഞിട്ടുള്ളൂ എന്നതു വേറെ കാര്യം. സത്യമേവ ജയതേയില്‍ ഡോക്ടര്‍ സംസാരിക്കുന്ന വിഡിയോ താഴെ.

ഡോക്ടര്‍ ഷോയില്‍ പറഞ്ഞ കാര്യങ്ങള്‍ പച്ചക്കള്ളമാണെന്നും അതിനൊന്നും തെളിവില്ലെന്നും നോട്ടീസില്‍ പറയുന്നുണ്ടത്രേ. അടുത്ത കാലത്ത് ഡച്ച് കമ്പനിയായ അഗ്രോകെമിനെ വിഴുങ്ങിയ യുണൈറ്റഡ് ഫോസ്ഫറസ് മുംബൈ കമ്പനി എന്നൊക്കെ പറയാമെങ്കിലും ഈ രംഗത്തെ ആഗോളഭീമനാണ്. ഇത്രയും ജനങ്ങളുടെ ജീവനെക്കാള്‍ കുത്തകകളുടെ സന്തോഷമാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ടീയപാര്‍ട്ടികളുടെ താല്‍പര്യമെന്നത് അവര്‍ പലകുറി തെളിയിച്ചു കഴിഞ്ഞതാണ്. വര്‍ഷങ്ങളോളം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച ഡോ.മോഹന്‍കുമാര്‍ സത്യമേവ ജയതേയില്‍ എത്തിയത് ഈ പ്രശ്നങ്ങള്‍ ഏറ്റവും നന്നായി അറിയാവുന്ന ഒരാളെന്ന നിലയിലാണ്. അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും സ്ഥിരം ചാനല്‍ ആക്ടിവിസ്റ്റിനെ വിളിച്ചിരുത്തിയാല്‍ മതിയായിരുന്നല്ലോ. വിഷമുതലാളിയുടെയും അവരുടെ ഏറാന്‍മൂളികളായ നേതാക്കന്മാരുടെയും ഭീകരതയ്‍ക്കെതിരെ പ്രതിഷേധിക്കാനും ഡോ.മോഹന്‍കുമാറിനെ പിന്തുണയ്‍ക്കാനും കാസര്‍കോട്ടെ ജനങ്ങള്‍ക്കൊപ്പം ഓണ്‍ലൈന്‍ സമൂഹവും ഒപ്പമുണ്ടാകും എന്നു പ്രതിക്ഷിക്കാം.

Reference: The New Indian Express

ആഗോളവല്‍ക്കരണവും ആത്മഹത്യയും

കൊലപാതകവും ആത്മഹത്യയും തമ്മില്‍ ചില ഗ്രാമര്‍ വ്യത്യാസങ്ങള്‍ മാത്രമേയുള്ളൂ.ജീവന്‍ സ്വന്തമായാലും മറ്റൊരാളുടെ ആയാലും അത് സൃഷ്ടിച്ചത് നമ്മളാരുമല്ല എന്നതിനാല്‍ സംഹരിക്കാനും നമുക്കാര്‍ക്കും അവകാശമില്ല. കൊലപാതകത്തെ സംബന്ധിച്ച് ആര്‍ക്കും ഒരു എതിരഭിപ്രായമില്ലെങ്കിലും ആത്മഹത്യയുടെ കാര്യത്തില്‍ അങ്ങനെയല്ല. ആത്മഹത്യ ചെയ്യുന്നവര്‍ പണ്ടൊക്കെ മോശക്കാരായിരുന്നു. കത്തോലിക്കാസഭ തെമ്മാടിക്കുഴി എന്നു പേരിട്ട പ്രത്യേകസ്ഥലത്തായിരുന്നു അത്തരക്കാരെ സംസ്കരിച്ചിരുന്നതു പോലും. പിന്നെ കൂടുതലാളുകളും തെമ്മാടിക്കുഴിയിലായിപ്പോകും എന്നതിനാലാവണം ആ കുഴി ക്യാന്‍സല്‍ ചെയ്തു. കമ്യൂണിസ്റ്റ് പാര്‍ട്ടി വിഭാവനം ചെയ്ത സമത്വം സെമിത്തേരിയിലെങ്കിലും നടപ്പായി.

ഇന്നിപ്പോള്‍ സ്ഥിതി മറിച്ചാണ്. ആത്മഹത്യ ചെയ്യുന്നവന് പെണ്ണുകേസുമായോ അത്തരം ഏതെങ്കിലും കേസുകളുമായോ ബന്ധമില്ലെങ്കില്‍, ബ്ലേഡ്-ബാങ്ക്- കടം- കര്‍ഷകന്‍ എന്നീ ഏതെങ്കിലും ടാഗുകള്‍ യോജിക്കുന്നവനാണെങ്കില്‍ അതൊരു വിശുദ്ധ ആത്മഹത്യയായി കണക്കാക്കപ്പെടും. ആഗോളവല്‍ക്കരണത്തിന്‍റെ (അത് ഇതുവരെ കഴിഞ്ഞില്ലേ ?) രക്തസാക്ഷികളായി അവര്‍ എണ്ണപ്പെടും.

ഇപ്പോള്‍ ഇതു പറയാന്‍ എന്താണ് കാരണമെന്നു ചോദിച്ചാല്‍ ആമിര്‍ ഖാന്‍ നിര്‍മിച്ച് അനുഷ റിസ്‍വി എഴുതി സംവിധാനം ചെയ്ത പീപ്ലി ലൈവ് എന്ന സിനിമ വിദര്‍ഭയിലെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ ആത്മാക്കളോടുള്ള വെല്ലുവിളിയാണെന്ന കര്‍ഷകനേതാക്കളുടെ ആഹ്വാനവും പ്രതിഷേധവും ആത്മഹത്യാഭീഷണികളുമൊക്കെയാണ്. പീപ്ലി ലൈവ് ഒരു നല്ല സിനിമയാണെന്നാണ് എന്‍റെ അഭിപ്രായം. കര്‍ഷക ആത്മഹത്യകളെ വെറും വാര്‍ത്തയായി വായിച്ചുതള്ളിയ ജനങ്ങളെ കൂടുതല്‍ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു നല്ല സിനിമയാണ് പീപ്ലി ലൈവ്.

ആത്മഹത്യ ചെയ്യുന്ന പാവപ്പെട്ട കര്‍ഷകരെ ആക്ഷേപിക്കുകയാണത്രേ ഈ ചിത്രം. ആത്മഹത്യ മഹത്തരും സിനിമ മോശവുമാണെന്നു വരുത്തിത്തീര്‍ത്താല്‍ ഭാവിയില്‍ ആത്മഹത്യകളുടെ വിശുദ്ധിയെ ആരും ചോദ്യം ചെയ്യില്ല. കര്‍ഷകരല്ല പ്രതിഷേധിക്കുന്നത്, അവരുടെ നേതാക്കളാണ് എന്നതാണ് ശ്രദ്ധേയം. സിനിമയിലും ലോക്കല്‍ നേതാക്കളെ ആവശ്യത്തിനു ചൊറിയുന്നുണ്ടല്ലോ. എന്തായാലും മുടക്കിയതിന്‍റെ അനേകം അനേകം മടങ്ങ് സമ്പാദിച്ച് പീപ്ലി ലൈവ് ബോക്സ് ഓഫീസില്‍ മുന്നേറുകയാണ്.

നഷ്ടപരിഹാര തുക വാങ്ങുന്നതിനു വേണ്ടി ആത്മഹത്യക്കു തുനിയുന്ന കര്‍ഷകനെ ചിത്രീകരിക്കുക വഴി സിനിമ കര്‍ഷകരെ അപമാനിച്ചു എന്നാണ് വിദര്‍ഭ ജനാന്ദോഷന്‍ സമിതി ആരോപിച്ചിരിക്കുന്നത്. സിനിമയ്‍ക്കു വിലക്കേര്‍പ്പെടുത്തണമെന്നാണ് സമിതിയുടെ ആവശ്യം. ആഗോളവല്‍ക്കരണത്തിന്‍റെ ഫലമായി ആത്മഹത്യക്കു പ്രേരിപ്പിക്കപ്പെട്ട കര്‍ഷകരുടെ ആത്മാക്കളോട് നീതികേടു കാട്ടുന്നതാണത്രേ സിനിമ. ചിത്രം സെന്‍സര്‍ ചെയ്തവര്‍ക്കെതിരെയും കടുത്ത വിമര്‍ശനങ്ങളുണ്ട്. അത്മഹത്യയെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന ഈ പഴയ ബുദ്ധി രാജ്യത്തിനോ വിദര്‍ഭയിലെ പ്രശ്നങ്ങള്‍ക്കോ ഒരു പരിഹാരമല്ല എന്നത് നേതാക്കന്‍മാരും മനസ്സിലാക്കുന്നില്ല. സിനിമയ്‍ക്കപ്പുറം രാഷ്ട്രീയക്കാരും നേതാക്കളും മുതലെടുക്കുന്ന ഈ അത്മഹത്യാ മാര്‍ക്കറ്റിങ് ചര്‍ച്ച ചെയ്യപ്പെടുന്നില്ലെങ്കില്‍ കര്‍ഷകന്‍റെ അവസാനത്തെ ആശ്രയമായി ഇനിയും ആത്മഹത്യകള്‍ അരങ്ങേറും.

വിദര്‍ഭയിലേക്കൊന്നും പോകേണ്ട, കേരളത്തില്‍ വയനാട്ടില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കണക്കെടുത്താല്‍ തന്നെ സംഗതിയുടെ ഒരു കിടപ്പ് മനസ്സിലാവും. മാനംകാക്കല്‍ കൊലപാതകങ്ങളെ വിമര്‍ശിക്കുകയും മാനം പോകാതിരിക്കാന്‍ വേണ്ടി ഭാര്യയെയും മക്കളെയും കൊന്ന് ആത്മഹത്യ ചെയ്യുന്ന മാന്യന്‍മാര്‍ മഹത്വവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നതാണ് നമ്മള്‍ കണ്ടത്. ആത്മഹത്യ ചെയ്യുന്നവന് ബാങ്ക് ലോണ്‍ ഉണ്ടെങ്കില്‍ വാര്‍ത്ത എല്ലാ പത്രങ്ങളുടെയും ഒന്നാം പേജില്‍ വരും. സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും. കര്‍ഷകനാണെങ്കില്‍ കടം കയറി നാറുന്നതിനെക്കാള്‍ നല്ലത് അന്തസ്സായി ആത്മഹത്യ ചെയ്യുന്നതാണ് എന്ന സന്ദേശമാണ് ഇതെല്ലാം കൂടി നല്‍കുന്നത്.

ആത്മഹത്യ ചെയ്യുന്നത് ആരായാലും അയാള്‍ തെറ്റുകാരനാണ് എന്നാണ് എന്‍റെ അഭിപ്രായം. എന്നാല്‍, ആ മാനസികാവസ്ഥയിലേക്കു നയിക്കുന്നവര്‍ കൂടുതല്‍ തെറ്റുകാരാണ്. ആത്മഹത്യക്കു പ്രേരിപ്പിക്കുന്ന ജീവിതസാഹചര്യങ്ങള്‍ എന്നൊന്നില്ല. കാരണം, ഓരോരുത്തരും ആത്മഹത്യ തിരഞ്ഞെടുക്കുന്നത് ഓരോ സാഹചര്യങ്ങളിലാണ്. വെറേ വല്ലവരുമായിരുന്നെങ്കില്‍ 100 വട്ടം ആത്മഹത്യ ചെയ്തേനെ എന്നു ചിലര്‍ ചില സാഹചര്യങ്ങളെ വിശേഷിപ്പിക്കുന്നതു കേട്ടിട്ടുണ്ട്. അത്തരം സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കരുത്ത് തന്നെയാണ് ജീവിതവിജയത്തിനുള്ള പ്രധാന ആയുധം.

ഇന്ത്യയില്‍ കര്‍ഷകര്‍ക്ക് ഏറ്റവുമധികം ചീത്തപ്പേരുണ്ടാക്കിയിട്ടുള്ളത് ആത്മഹത്യാപ്രവണതയയും ആത്മഹത്യയെ മഹത്വവല്‍ക്കരിച്ചു ജീവിക്കുന്ന ഇത്തരം കര്‍ഷനേതാക്കളുമാണ്. ആത്മഹത്യകള്‍ക്കു പരിഹാരം കാണാനല്ലാതെ ഈ അത്മഹത്യകളെ ഉപയോഗിച്ച് എന്തു നേടാമെന്നും കൂടുതല്‍ ആത്മഹത്യാസ്കാഡുകളെ ഒരുക്കി എങ്ങനെ വിലപേശാമെന്നും ആലോചിക്കുന്ന ബുദ്ധിയുടെ അപകടം കര്‍ഷകര്‍ തന്നെയാണ് ആദ്യം തിരിച്ചറിയേണ്ടത്. സിനിമയല്ല അപമാനകരം, അതു നല്‍കുന്ന സന്ദേശം പുതിയ ചിന്തകള്‍ക്കു തുടക്കമിടുമോ എന്ന ചിലരുടെ ആശങ്കയാണ്.

പീപ്ലി ലൈവ് (റിവ്യൂ അല്ലെങ്കിലും)

പീപ്ലി ലൈവ് ഞാന്‍ കണ്ടില്ല. സിനിമ കാണാതെ അതിന്‍റെ റിവ്യൂ എഴുതാന്‍ ഞാന്‍ ഫിലിം ജേണലിസ്റ്റ് അല്ല. കാണാന്‍ പോകുന്ന പൂരം വെറുതെ പറയാനുള്ള ഒരു ഹരത്തിനു വേണ്ടിയാണീ പോസ്റ്റ്. കണ്ടു കഴിയുമ്പോള്‍ അത്രയ്‍ക്കൊന്നുമില്ലെന്നു തോന്നിയെങ്കിലോ ?

ആമിര്‍ ഖാന്‍ നിര്‍മിച്ച് അനുഷ റിസ്വി എഴുതി സംവിധാനം ചെയ്യുന്ന പീപ്ലി ലൈവ് കേട്ടിടത്തോളം ഒരു സംഭവമാണ്. റിയലിസവും ആക്ഷേപഹാസ്യവും രാഷ്ട്രീയവും കൂടിച്ചേര്‍ന്ന ഒരപൂര്‍വ സ‍ൃഷ്ടി. പീപ്ലി എന്ന കുഗ്രാമത്തില്‍ നിന്നുള്ള ചാനല്‍ ലൈവ് എന്ന അര്‍ഥത്തിലാണ് സിനിമയ്‍ക്ക് പീപ്ലി ലൈവ് എന്ന പേരു വന്നിരിക്കുന്നത്. ചിത്രം നിര്‍മിക്കുന്നത് ആമിര്‍ ഖാനാണെങ്കിലും നിര്‍മാതാവ് എന്നതിനപ്പുറം എവിടെയും അദ്ദേഹത്തിന്‍റെ ഇടപെടല്‍ ഇല്ല.

പീപ്ലി ലൈവിന്‍റെ കഥ കേട്ടപ്പോള്‍ ആദ്യം മനസ്സില്‍ വന്നത് മാധ്യമപ്രവര്‍ത്തകനായ വേണു ബാലകൃഷ്ണന്‍ (ലാപ്ടോപ് -ഹാര്‍മോണിയം- വിപ്ലവഗാനം) എഴുതി ടി.കെ.രാജീവ് കുമാര്‍ സംവിധാനം ചെയ്ത് ശ്രീനിവാസനും മോഹന്‍ലാലും അഭിനയിക്കുമെന്നു പ്രഖ്യാപിച്ചിരുന്ന കര്‍ഷകന്‍ എന്ന ചിത്രമാണ്. ആ സിനിമ എങ്ങനെയോ ഇല്ലാതായെങ്കിലും ചിത്രത്തില്‍ ആത്മഹത്യ ചെയ്യുമെന്നു പ്രഖ്യാപിച്ചു നടക്കുന്ന ഒരു കര്‍ഷകനായിരുന്നു നായകന്‍. ബാക്കിയൊക്കെ ചാനലും മാധ്യമപ്രവര്‍ത്തനവും തന്നെ.


അടിസ്ഥാനകഥയില്‍ പീപ്ലി ലൈവ് അതുതന്നെയാണ്. മുഖ്യപ്രദേശിലെ പീപ്ലി എന്ന ഗ്രാമത്തിലെ ദരിദ്രകര്‍ഷകരായ നഥയുടെയും സഹോദരന്‍ ബുധിയയുടെയും കഥ. ബാങ്കിലടയ്‍ക്കാനുള്ള കടം പെരുകി ഒരു വഴിയാകുമ്പോള്‍ ജപ്തി ഭീഷണിനേരിടുന്ന കുടുംബം വലിയ പ്രതിസന്ധിയിലാകുന്നു. അപ്പോള്‍ നാട്ടിലെ ഒരു ലോക്കല്‍ നേതാവ് പറഞ്ഞതനുസരിച്ച് ബുധിയ അനുജന്‍ നഥയ്‍ക്ക് രക്ഷപെടാനുള്ള ബുദ്ധി പറഞ്ഞുകൊടുക്കുന്നു- ആത്മഹത്യ !ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. ആ പണം കിട്ടിയാല്‍ തീരാവുന്ന പ്രശ്നങ്ങളേ കുടുംബത്തിനുള്ളൂ.

നഥ അത് സമ്മതിക്കുന്നു. എന്നാല്‍, ആത്മഹത്യ യാഥാര്‍ഥ്യമാകും മുമ്പ് ലോക്കല്‍ മാധ്യമപ്രവര്‍ത്തകന്‍ വിവരമറിയുന്നു. പ്രാദേശികപത്രമായ ജനമോര്‍ച്ച അത് ഒരു സെന്‍സേഷനല്‍ വാര്‍ത്തയായി അവതരിപ്പിക്കുന്നു. ദേശീയമാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നു, അതോടെ പീപ്ലി ഗ്രാമം ലൈവ് ആകുന്നു. ഒരു ദേശീയ ചാനലിനു വേണ്ടി ലൈവ് റിപ്പോര്‍ട്ടിങ് നടത്തുന്ന പ്രാദേശിക പത്രപ്രവര്‍ത്തകനിലൂടെയാണത്രേ പിന്നെ കഥ വികസിക്കുന്നത്. നഥ മരിക്കുമോ ഇല്ലയോ ?

മരിക്കണം എന്നഭിപ്രായമുള്ളവരും അരുതെന്നഭിപ്രായമുള്ളവരും നാഥയെ വേട്ടയാടുന്നു. ക്ണാപ്പന്‍ ചാകുന്നത് തല്‍സമയം റിപ്പോര്‍ട്ട് ചെയ്യേണ്ടതുകൊണ്ട് നാഥയുടെ പിന്നാലെ തന്നെ ചാനലുകളും, ചാവാതിരിക്കാന്‍ നോക്കണമെന്നു സര്‍ക്കാരുത്തരവുള്ളതുകൊണ്ട് ഫുള്‍ടൈം കൂടെ പോലീസുകാരും. പീപ്ലി സംഭവബഹുലമായി മാറുന്നതോടെ കഥ പുതിയ വഴിത്തിരിവുകളിലേക്കു നീങ്ങുന്നു. വളരെ പ്രതീക്ഷാനിര്‍ഭരമായ ഒരു സമീപനമാണ് സിനിമയിലുള്ളതെന്നു കേള്‍ക്കുന്നു. 90 ശതമാനവും പുതുമുഖങ്ങള്‍. 700 തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന ഈ സിനിമ ഹിന്ദിയില്‍ അടുത്തകാലത്തിറങ്ങിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ചെലവു കുറഞ്ഞതാണ്- 10 കോടി രൂപ.

റിലീസിനു മുമ്പ് തന്നെ വിവിധ റൈറ്റുകള്‍ വഴിയായി നിര്‍മാതാവ് ആമിര്‍ ഖാന് കച്ചവടം ലാഭകരമായിക്കഴിഞ്ഞിരുന്നു. കച്ചവടക്കണ്ണോടെയല്ല ഈ സിനിമയുടെ നിര്‍മാണത്തിന് ആമിര്‍ തുനിഞ്ഞിറങ്ങിയതെന്നതു വേറെ കാര്യം. എന്‍ഡി ടിവിയില്‍ ജേണലിസ്റ്റായ അനുഷ റിസ്വിയുടെ ആദ്യചലച്ചിത്രസംരംഭമാണ് പീപ്ലി ലൈവ്. സത്യത്തില്‍ ഈ കഥ അനുഷ 2004ല്‍ ആണ് ആമിര്‍ ഖാനോടു പറയുന്നത്. അന്ന് കഥയിഷ്ടമാകാത്ത ആമിര്‍ മംഗല്‍ പാണ്ഡെയുമായി തിരക്കിലായി. പിന്നീട് പൂര്‍ണമായ തിരക്കഥയുമായി വീണ്ടും അനുഷ ആമിറിനെ സമീപിക്കുകയായിരുന്നത്രേ.

അനുഷയുടെ കൂടെ സഹസംവിധായകനായി ഭര്‍ത്താവ് മഹ്‍മൂദ് ഫാറൂഖിയുമുണ്ട്. മൊത്തത്തില്‍ പുമുഖസംരംഭം എന്നു വിശേഷിപ്പിക്കാം. ചിത്രം ചലച്ചിത്രോല്‍സവങ്ങളില്‍ നേടിയ സ്വീകരണവും പുരസ്കാരങ്ങളും അടുത്ത ഷോയ്‍ക്ക് തന്നെ തിയറ്ററില്‍ കയറിപ്പറ്റാന്‍ പ്രേരിപ്പിക്കുന്നതാണ്. ഏതു സിനിമ കാണാന്‍ പോകുന്നതിനു മുമ്പും കുറച്ചു പ്രതീക്ഷ നല്ലതാണ്. നല്ലൊരു സിനിമയാണ് കാണാന്‍ പോകുന്നതെന്ന പ്രതീക്ഷ അല്ലെങ്കിലും എപ്പോഴും നല്ലതു തന്നെ.

സൂപ്പര്‍ഹിറ്റ് സ്കൂളും തകര്‍ന്നു

ത്രീ ഇഡിയറ്റ്സ് എന്ന സിനിമ അവസാനിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഏറ്റവും സുഖകരമായ ചിത്രം ആമിര്‍ ഖാന്‍ അവതരിപ്പിക്കുന്ന റാഞ്ചോഡ്ദാസ് ശ്യാമള്‍ദാസ് ചഞ്ചഠിന്‍റെ പ്രകൃതിരമണീയമായ സ്കൂള്‍ ആണ്. ചിത്രത്തിലെ നായകന്‍മാരെയും നായികയെയുമൊക്കെ വിസ്മയിപ്പിക്കുന്ന സ്കൂള്‍ പ്രേക്ഷകരെയും വിസ്മയിപ്പിക്കുന്നുണ്ട്. ചിത്രത്തിന്‍റെ വിജയത്തിനു ശേഷം ആ സ്കൂള്‍ ഒരു വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയും ചെയ്തിരുന്നു. ഇന്ത്യയെ വിറപ്പിച്ച ലേയിലെ പ്രകൃതിദുരന്തത്തില്‍ നശിച്ചവയോടൊപ്പം സൂപ്പര്‍ഹിറ്റായ ആ സ്കൂളും ഉള്‍പ്പെടുന്നു.

ലഡാക്കിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 2001ലാണ് സ്കൂള്‍ ആരംഭിച്ചത്. The Druk White Lotus School യുകെ ആസ്ഥാനമായുള്ള Druk Pema Karpo Educational Society-യുടെ ആഭിമുഖ്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ബുദ്ധമതമിഷനിമാരുടെ സ്കൂള്‍ ആണെന്നു വേണമെങ്കില്‍ പറയാം. പുണ്യപ്പെട്ട സ്ഥാപനം. സ്കൂള്‍ ആരംഭിക്കുന്നതിന് ലഭിച്ച വിദേശസഹായം പോലെ തന്നെ വേറിട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിനെ വിദേശമാധ്യമങ്ങള്‍ എടുത്തുകാട്ടിയിട്ടുമുണ്ട്.

ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഗ്രീന്‍ സ്കൂളുകളില്‍ ഒന്നാണത്. സിനിമയില്‍ കാണുന്നതുപോലെ തന്നെ പ്രകൃതിയുമായി ഇഴുകിച്ചേര്‍ന്ന് എല്ലാക്കാര്യത്തിലും സ്വയംപര്യാപ്തമായ ഒരു സ്കൂള്‍. ബ്രിട്ടീഷ് ആര്‍കിടെക്റ്റുകള്‍ ഡിസൈന്‍ ചെയ്ത സ്കൂള്‍ ഡിസൈനിലും പ്രവര്‍ത്തനശൈലിയിലുമൊക്കെ രാജ്യാന്തര പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഇംഗ്ലീഷിലും ലഡാക്കിയിലുമാണ് ഇവിടെ വിദ്യാഭ്യാസം. ദലൈ ലാമയും നടന്‍ റിച്ചാര്‍ഡ് ഗിയറുമൊക്കെ സ്കൂളിന്‍റെ അഭ്യുദയകാംക്ഷികളാണ്.

ത്രി ഇഡിയറ്റ്സിന്‍റെ വിജയമാണ് സ്കൂളിന് ടൂറിസം സാധ്യതകള്‍ തുറന്നു നല്‍കിയത് എന്നു പറയാം. സ്കൂള്‍ അന്വേഷിച്ചെത്തിയവര്‍ സിനിമയില്‍ കണ്ടത് ഒന്നുമല്ല എന്നു നേരിട്ടു കണ്ടു മനസ്സിലാക്കി. റാഞ്ചോസ് സ്കൂള്‍ എന്ന ഓമനപ്പേരില്‍ വൈറ്റ് ലോട്ടസ് സ്കൂള്‍ സഞ്ചാരികളുടെ പ്രിയപ്പെട്ടതായി മാറി. ത്രി ഇഡിയറ്റ്‍സിന്‍റെ ചിത്രീകരണത്തിനെത്തിയവരും സ്കൂളിന്‍റെ പ്രവര്‍ത്തനത്തില്‍ ഹഠാദാകര്‍ഷിക്കപ്പെട്ടുപോയി. ആമിര്‍ ഖാന്‍ സ്കൂള്‍ ഗസ്റ്റ് ബുക്കില്‍ എഴുതിയ വരികള്‍ തന്നെ അതിനു തെളിവാണ്- “What a wonderful school. The kids seem very happy, and such a great location. Keep up the good work. Regards, Aamir.”

ലേയിലെ പ്രളയദുരന്തത്തില്‍ നഷ്ടപ്പെട്ടവയോടൊപ്പം വൈറ്റ് ലോട്ടസ് സ്കൂളുമുണ്ട്. ഒരു സ്കൂള്‍ എന്നതിനെക്കാള്‍ പ്രത്യാശ പകരുന്ന ഒരു സംസ്കാരം കൂടിയാണ് വൈറ്റ് ലോട്ടസ് സ്കൂള്‍. ലേ-മണാലി ദേശീയപാതയിലുള്ള സ്കൂളിലെ കുട്ടികളെല്ലാവരും സുരക്ഷിതരാണ്. സ്കൂള്‍ പുനര്‍നിര്‍മാണത്തിനും ദുരന്തം നേരിട്ട ലേയുടെ പുനര്‍നിര്‍മാണത്തിനും സഹായം നല്‍കുന്നതിനായി സ്കൂള്‍ വെബ്സൈറ്റില്‍ നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്കൂളിന്‍റെ പുനര്‍നിര്‍മാണത്തിനും ലേയിലെ ജനങ്ങളുടെ ദുരിതം കുറയ്‍ക്കാനും ചെറിയ സഹായങ്ങള്‍ നല്‍കാനാവുന്നവര്‍ക്ക് സംഘടനയുടെ വെബ്സൈറ്റില്‍ അവസരമുണ്ട്.

ബ്ലോഗാധിപത്യം

ബ്ലോഗുകളുടെ ഒരു വളര്‍ച്ചയും മറ്റും കണ്ടപ്പോള്‍ പ്രവാചകര്‍ അങ്ങനെയാണ് കരുതിയത്. ബ്ലോഗുകള്‍ ശക്തികേന്ദ്രങ്ങളായി മുഖ്യധാരാമാധ്യമങ്ങളെയും സമൂഹത്തെയും ചിന്തകളെയും ഒക്കെ സ്വാധീനിച്ച് നാളത്തെ ലോകത്തിന്റെ അഭിപ്രായരൂപീകരണസ്രോതസ്സുകളായി, സാധാരണക്കാരന്റെ ശബ്ദമായി ഒക്കെ മാറുമെന്ന്. സംഗതിയുടെ ഒരു കിടപ്പു വച്ചു നോക്കിയാല്‍ അങ്ങനെയൊക്കെ ആകേണ്ടതുമാണ്.
[smartads]
അങ്ങനെ നിലവിലുള്ള സെലിബ്രിറ്റികളെയെല്ലാം തൂത്തെറിഞ്ഞുകൊണ്ട് തീര്‍ത്തും ജനകീയമായ ഒരു ലോഡ് സെലിബ്രിറ്റികള്‍ ബ്ലോഗിലൂടെ അവതരിക്കുമെന്നും കരുതാവുന്നതുമാണ്. എന്നാല്‍, 1000 സാധാരണക്കാരന്‍ ചേര്‍ന്നാലും ഒരു സെലിബ്രിറ്റിയാവില്ല എന്ന പാഠം തന്നെയാണ് ബ്ലോഗും നമ്മെ പഠിപ്പിക്കുന്നത്. ബ്ലോഗ് സാധാരണക്കാരന്റെ അണ്‍ എഡിറ്റഡ് മാധ്യമമായാണ് കരുതപ്പെടുന്നതെങ്കിലും അസാധാരണക്കാരായ ആളുകള്‍ വരുന്നതോടെ കഷ്ടപ്പെട്ട് സെലിബ്രിറ്റിയായി വരുന്ന ആളുകള്‍ പോലും കാതങ്ങളോളം പിന്‍തള്ളപ്പെടുന്നതാണ് ബ്ലോഗിലെ സമീപകാല കാഴ്ച.

പ്രശസ്തരും അതിപ്രശസ്തരുമായ ആളുകളുടെ ബ്ലോഗിലെ സാന്നിധ്യം അടുത്തകാലത്താണ് ശ്രദ്ധ നേടിത്തുടങ്ങിയത്. എന്നാല്‍, ബ്ലോഗ് എന്ന സാധാരണക്കാരന്റെ മാധ്യമത്തിന് അപാരമായ മൈലേജ് നല്‍കാന്‍ ഈ അതിപ്രശസ്തരുടെ സാന്നിധ്യം കാരണമാവുന്നുണ്ട് എന്നതു ചേര്‍ത്തു വായിക്കുമ്പോള്‍ ബ്ലോഗ് എന്ന സ്വതന്ത്രമാധ്യമത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി കൂടുതല്‍ അതികായന്‍മാര്‍ സര്‍വസംഗപരിത്യാഗികളായി ബ്ലോഗിലേക്കു വരട്ടെ എന്നാശംസിക്കാനേ കഴിയൂ.

മലയാളം ബ്ലോഗിങ്ങിനെ സംബന്ധിച്ചിടത്തോളം ശൈശവത്തില്‍ നിന്നു ബാല്യത്തിലേക്കു കടന്ന ബ്ലോഗിങ്ങിന് കൌമാരത്തിലേക്കു ലഭിച്ച അപ്രതീക്ഷിതമായ ഒരു പുഷ് ആയിരുന്നു മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബ്ലോഗ് പ്രവേശം. ആദ്യദിവസം തന്നെ പതിനായിരത്തോളം സന്ദര്‍ശകരെ നേടി മമ്മൂട്ടിയുടെ ബ്ലോഗ് ചരിത്രത്തിലിടം നേടി. ജനുവരി ഒന്നിനു തുടങ്ങിയ ബ്ലോഗില്‍ ഇതുവരെ പോസ്റ്റുകള്‍ രണ്ടെണ്ണമേ ആയിട്ടുള്ളൂ എങ്കിലും കമന്റുകള്‍ ആയിരത്തി അഞ്ഞൂറോളം വരും.

മലയാളത്തില്‍ നിന്നാദ്യമായി ബ്ലോഗിലെത്തുന്ന ചലച്ചിത്രതാരം മമ്മൂട്ടി ആണെങ്കിലും ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍ തുടങ്ങിയവരൊക്കെ സജീവബ്ലോഗര്‍മാരാണ്. തമിഴില്‍ വിശാലിനുമുണ്ട് ബ്ലോഗ്. മിക്കാവറും ഹോളിവുഡ് താരങ്ങളും ബ്ലോഗര്‍മാരാണ്.
[smartads]
എന്നാല്‍, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഈ പ്രവണത തുടങ്ങി വരുന്നതേയുള്ളൂ. എന്നിട്ടും പ്രബലരായ രണ്ടു നേതാക്കന്‍മാര്‍ കടുത്ത ബ്ലോഗര്‍മാരാണ്. ലാലൂ പ്രസാദ് യാദവ് ആണ് ബ്ലോഗ് തുടങ്ങുന്ന ആദ്യത്തെ ദേശീയ നേതാവ്. ഏറ്റവും ഒടുവില്‍ ബ്ലോഗ് തുടങ്ങി നമ്മെ വിസ്മയിപ്പിച്ചിരിക്കുന്നത് തീര്‍ത്തും വ്യത്യസ്തനായ ഒരാളാണ്. എല്‍.കെ അദ്വാനി. മലയാളത്തില്‍ ഒരു ബ്ലോഗ് തുടങ്ങുന്നതിനെപ്പറ്റി രാഷ്ട്രീയക്കാര്‍ ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ എന്ന് അറിയില്ല എങ്കിലും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും തുടങ്ങാവുന്ന ഒരു സംഗതിയായതിനാല്‍ ഏതു നിമിഷവും ആരും ബ്ലോഗ് തുടങ്ങിയേക്കുമെന്നു കരുതാം.

ആറാതെ, ആരോഗ്യം; ഇതാ സിക്സ് പായ്ക്ക്

നഗരത്തിലെ തിരക്കേറിയ ജിംനേഷ്യം. സമയം രാവിലെ പത്തു മണി. വര്‍ക്ക് ഒൌട്ട് കഴിഞ്ഞ് ആളുകള്‍ ഒഴിഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നു. സ്ഥിരമായെന്നപോലെ ജിംനേഷ്യത്തില്‍ താമസിക്കുന്ന ചേട്ടന്മാര്‍ എണ്ണയിലിട്ട പപ്പടം പോലെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മസിലിങ്ങനെ പെരുത്തുവരുന്നതു നിരീക്ഷിച്ചുകൊണ്ടു വെയിറ്റിന്റെ അടിയില്‍ കിടന്നു വിയര്‍ക്കുന്നു. ട്രെയിനര്‍ ചെറിയൊരു വിശ്രമത്തിനായി ക്യാബിനിലേക്കു കയറുമ്പോള്‍ വാതില്‍ക്കല്‍ ഒരു മുട്ട്. ഗാസിനപ്പുറത്ത് ആരെയും കാണാനില്ല. ട്രെയിനര്‍ വാതില്‍ തുറന്നു. മിസ്റ്റര്‍ കേരള മല്‍സരത്തിനു പരിശീലിക്കുന്ന താരത്തെപ്പോലെ തോളില്‍ നിന്നു കൂറ്റന്‍ സ്കൂള്‍ ബാഗ് താഴെയിറക്കി പുഞ്ചിരിയോടെ നില്‍ക്കുകയാണ് വെളുത്തു മെലിഞ്ഞ ഒരു ആറാം ക്ളാസ്സുകാരന്‍. ട്രെയിനര്‍ പുരികമുയര്‍ത്തി.

പയ്യന്‍സ് അകത്തുകയറി കണ്ഠശുദ്ധി വരുത്തി സംശയമേതുമില്ലാതെ പറഞ്ഞു: ചേട്ടാ.. എനിക്കൊരു സിക്സ് പായ്ക്ക് മസില്‍ വേണം.. മറ്റന്നാളത്തേക്കു മതി.. നമ്മുടെ ഓം ശാന്തി ഓമിലെ ഷാറൂഖ് ഖാനുള്ള മാതിരി ഒരെണ്ണം !

ട്രെയിനര്‍ ഞെട്ടി. ആറാം ക്ളാസ്സുകാരന് സിക്സ് പായ്ക്ക് മസില്‍ ! അതും മൂന്നു ദിവസത്തിനുള്ളില്‍ !ട്രെയിനര്‍ കുഞ്ഞിനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. മസില്‍ എന്നു പറയുന്ന സാധനം വികസിച്ച് ഒരു ഘട്ടത്തിലെത്തിയെങ്കില്‍ മാത്രമേ അത് വര്‍ക്ക് ചെയ്യാന്‍ പറ്റൂ. സിക്സ് പായ്ക്ക് മസിലിനുപണിയെടുക്കണമെങ്കില്‍ കുഞ്ഞ് മിനിമം 10 വര്‍ഷം കൂടിയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നു പറഞ്ഞപ്പോള്‍ ആറാം ക്ളാസ് തകര്‍ന്നു തരിപ്പണമായി.

ഇതാണ് ഈ സിക്സ് പായ്ക്ക് മസിലിന്റെ ഒരു കാര്യം ! ആഗോളതലത്തില്‍ ശരീരസൌന്ദര്യം എന്നത് പുനര്‍നിര്‍വചിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ ഭാഗമാണ് ഇന്ത്യയിലെ പുരുഷന്‍മാരുടെ ഉറക്കം കെടുത്തുന്ന ഈ സിക്സ് പായ്ക്കും. എവിടുന്നെങ്കിലും പായ്ക്കറ്റില്‍ വാങ്ങിക്കാന്‍ കഴിയുന്ന സംഗതിയല്ല അത്. കഷ്ടപ്പെട്ട് വിയര്‍പ്പൊഴുക്കി പീഢകള്‍ സഹിച്ച് വേണം സ്വന്തമാക്കാന്‍.

അടിസ്ഥാനപരമായി മനുഷ്യന്റെ വയര്‍ എന്നു പറയുന്നത് കുറെയേറെ മസിലുകളുടെ കൂട്ടായ്മയാണ്. വയറിന്റെ മധ്യഭാഗത്ത് പ്രധാനമായും മൂന്ന് സെറ്റ് മസിലുകളാണ് ഉള്ളത്. കൃത്യമായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും ഈ മസിലുകളെ ആകര്‍ഷകമായ രീതിയില്‍ വികസിപ്പിച്ചെടുക്കുന്നതാണ് സിക്സ് പായ്ക്ക്. നന്നായി വികസിച്ച ഈ മസിലുകളെ രണ്ട് വീതമുള്ള മൂന്ന് നിരകളായി വേറിട്ടുകാണാമെന്നതിനാലാണ് ഈ മസിലുകളെ സിക്സ് പായ്ക്ക് എന്നു വിളിക്കുന്നത്. സൌന്ദര്യ സങ്കല്‍പങ്ങള്‍ മാറിയതനുസരിച്ച് ദേഹമാസകലം പെരുത്തുനില്‍ക്കുന്ന മസിലുകള്‍ അനാകര്‍ഷകമാവുകയും വയറിലെ സിക്സ് പായ്ക്ക് മസില്‍ സ്ത്രീപുരുഷ സെക്സ് അപ്പീലിന്റെ ഏറ്റവും പുതിയ സൂചികയായി മാറുകയും ചെയ്തിരിക്കുന്നു.

അടിവയറിന്റെ ഭാഗത്തുനിന്ന് ശരീരത്തിന്റെ പിന്നിലേയ്ക്ക് കിടക്കുന്ന രണ്ട് മസിലുകളാണ് ഒബ്ളിക്സ് എന്നറിയപ്പെടുന്നത്. അടിവയറിന്റെ താഴെ ഭാഗത്തുള്ള മസിലുകളാണ് ട്രാന്‍വെര്‍സിസ് അബ്ഡോമിനിസ്. വാരിയെല്ലിന്റെ താഴെ നിന്ന് അടിവയറിലേക്ക് കിടക്കുന്ന റെക്ടസ് അബ്ഡോമിനിസ് മസിലുകളാണ് ആറു ഭാഗങ്ങളായി ചിതറി സിക്സ് പായ്ക്ക് ലുക്ക് നല്‍കുന്നത്.

ഈ മൂന്നു സെറ്റ് മസിലുകളുടെയും കൃത്യമായ വികസനത്തിലൂടെ മാത്രമേ സിക്സ് പായ്ക്ക് മസിലുകള്‍ സ്വന്തമാക്കാനാവൂ. വിവിധ മസില്‍ സെറ്റുകളുടെ വികസനത്തിനാവസ്യമായ മൂന്നോ നാലോ സെറ്റ് വ്യായാമങ്ങള്‍ മുടങ്ങാതെ ചെയ്തെങ്കിലേ ലക്ഷ്യം സാക്ഷാത്കരിക്കാനാവൂ. ശരീരത്തിലെ മറ്റ് മസിലുകളുടെ വികസനം പോലെ ലളിതമല്ല അബ്ഡൊമെന്‍ മസിലുകളുടെ കാര്യം. എത്രത്തോളമുണ്ട് നിങ്ങളുടെ ക്ഷമയും പരിശ്രമവും ആഗ്രഹവും എന്നത് തീര്‍ച്ചയായും പരീക്ഷിക്കപ്പെടുന്നത് സിക്സ് പായ്ക്കിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. സിക്സ് പായ്ക്ക് സ്വന്തമാക്കാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ ആദ്യം വേണ്ടത് ലക്ഷ്യം കാണുന്നത് വരെ അധ്വാനിക്കാനുള്ള മനസ്സാണ്. മാസങ്ങളോളം തുടര്‍ച്ചയായി പരിശ്രമിച്ചിട്ടും മസില്‍ തെളിഞ്ഞു കാണാതെ ശ്രമം ഉപേക്ഷിക്കുന്നവരാണ് കൂടുതലും. അതുകൊണ്ട് തന്നെയാണ് സിക്സ് പായ്ക്ക് സ്വന്തമാക്കുന്നവന് താരപരിവേഷം.

വ്യായാമത്തിന്റെ തുടക്കം മുതലേ കര്‍ശനമായ ഭാരനിയന്ത്രണം നിയന്ത്രണം അനിവാര്യമാണ്. നിരന്തരമായ വ്യായാമമാണ് സിക്സ് പായ്ക്കിലേക്കുള്ള ദേശീയപാത എന്നു കരുതിയെങ്കില്‍ തെറ്റി. കഠിനമായ വ്യായാമമുറകള്‍ സിക്സ് പായ്ക്കിനുള്ള പരിശ്രമങ്ങളില്‍ ഒന്നു മാത്രമാണ്. സിക്സ് പായ്ക്ക് തെളിഞ്ഞു കാണണമെങ്കില്‍ പ്രധാനമായി വേണ്ടത് ചിട്ടയായ ഭക്ഷണക്രമമാണ്. ആദ്യനാളുകളില്‍ തനിക്ക് അബ്ഡൊമിനല്‍ മസില്‍ എന്നൊരു സംഗതി ഇല്ല എന്നേ തോന്നൂ. ശരീരഭാരം 1012 ശതമാനം വരെ കുറഞ്ഞെങ്കിലേ മസില്‍ അവിടെ ഉണ്ടെന്നൊരു തോന്നലുണ്ടാവുകയുള്ളൂ. ശരീരത്തിലെ അനാവശ്യമായ അവസാനത്തെ കണിക കൊഴുപ്പും ഇല്ലാതായിക്കഴിഞ്ഞാലേ സിക്സ് പായ്ക്ക് ഉണരാനുള്ള സാധ്യതയുള്ളൂ. ഈ ഭക്ഷണനിയന്ത്രണം അങ്ങേയറ്റം കഠിനമാണെന്നതിനു പുറമേ ഇതൊഴിവാക്കിക്കൊണ്ട് സിക്സ് പായ്ക്കിലേക്കൊരു വഴിയുമില്ല.

ചിട്ടയായ ഭക്ഷണക്രമവും കര്‍ശനമായ വ്യായാമവും സിക്സ് പായ്ക്കിനുള്ള പരിശ്രമത്തിനിടയില്‍ ഏത് അലമ്പനെയും വരുതിയിലാക്കും എന്നത് നിശ്ചയം. ക്ഷമ, ആത്മനിയന്ത്രണം അധ്വാനശീലം തുടങ്ങിയ ഗുണങ്ങള്‍ സിക്സ് പായ്ക്ക് ട്രെയിനിയില്‍ തഴച്ചു വളരും. രാപകലോളം അധ്വാനിച്ച ശേഷം മദ്യവും മാംസവും എന്തിന്, ചിപ്സും ചോക്കലേറ്റും പോലും കഴിക്കുന്നവനൊന്നും സിക്സ് പോയിട്ട് , ഡബിള്‍ പായ്ക്കു പോലും കണ്ടിട്ട് മരിക്കാന്‍ പോകുന്നില്ല. എന്നാല്‍ മെലിഞ്ഞു കളയാമെന്നു കരുതി പട്ടിണികിടക്കാനുമൊക്കില്ല. കഠിനമായ വ്യായാമങ്ങള്‍ക്കുള്ള ആരോഗ്യമില്ലെങ്കില്‍ പട്ടിണി കിടന്നത് മിച്ചമാവും.

സിക്സ് പായ്ക്ക് മസില്‍ എല്ലാവരും സ്വന്തമാക്കാതിരിക്കാന്‍ വേണ്ടി സിക്സ് പായ്ക്ക് മാഫിയയാണ് ഇത്തരം കഠിനാധ്വാനത്തിന്റെ കഥകള്‍ പ്രചരിപ്പിക്കുന്നതെന്ന് ബുദ്ധിജീവികള്‍ ആരോപണം ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്. അല്ലെങ്കില്‍ പിന്നെ ശരീരത്തില്‍ വേറൊരു മസിലിനുമില്ലാത്ത അഹങ്കാരം ഇപ്പോള്‍ അത്യാവശ്യമായി വന്നിരിക്കുന്ന സിക്സ് പായ്ക്കിനു മാത്രം വന്നതെങ്ങിനെയാണ് ?

ചെസ്റ്റ് മസിലോ വിങ്സോ ഒക്കെ പോലെ പെട്ടെന്നു വികസിക്കുന്ന ഘടനയല്ല അബ്ഡൊമെന്‍ മസിലുകള്‍ക്കുള്ളത്. വ്യത്യസ്തമായ ഘടനയുള്ള സങ്കീര്‍ണ്ണമായ മസില്‍ സെറ്റുകളെ നമ്മള്‍ ആഗ്രഹിക്കുന്ന ആകൃതിയിലേക്ക് വികസിപ്പിച്ചെടുക്കുന്ന ജോലിയായതിനാല്‍ മനം മടുപ്പിക്കും വിധം പരിശ്രമകരമാണ് ലക്ഷ്യത്തിലേക്കുള്ള പാത. ഉദാഹരണത്തിന് സിക്സ് പായ്ക്ക് മസിലുകള്‍ക്കു വേണ്ടി ചെയ്യേണ്ടി വരുന്ന ചില വ്യായാമങ്ങള്‍ ശ്രദ്ധിക്കുക. ക്രഞ്ചസ്, സിറ്റ് അപ്സ്, ലെഗ് ലിഫ്ട്, പുഷ് അപ് തുടങ്ങി അധ്വാനം കൂടുതലുള്ളതും പ്രതിഫലം കുറവുള്ളതുമായ വ്യായാമങ്ങളുടെ നിരന്തര അഭ്യാസം അങ്ങേയറ്റം സങ്കീര്‍ണ്ണമാണ്.

ഇപ്പോ ശരിയാക്കിത്തരാം എന്ന മട്ടിലുള്ള പരിശീലനപരിപാടികളിലും സപ്ളിമെന്റുകളിലും ചെന്നുചാടി ആരോഗ്യം അപകടത്തിലാക്കരുത് എന്ന് വിദഗ്ധരായ ട്രെയിനര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നു. ക്രഞ്ചസും സിറ്റ് അപ്സും സിക്സ് പായ്ക്കിനുള്ള വ്യായാമങ്ങളാണെന്നു വായിച്ചറിഞ്ഞ് 24 മണിക്കൂറും പച്ചവെള്ളം മാത്രം കുടിച്ച് ക്രഞ്ചസും സിറ്റ് അപ്സുമായി കഴിഞ്ഞാല്‍ സിക്സ് പായ്ക്ക് കാണും മുമ്പേ ആളെ പായ്ക്ക് ചെയ്യേണ്ടി വന്നേക്കാം. ട്രെയിനറുടെ സഹായമില്ലാതെ സ്വന്തം നിലയ്ക്ക് സിക്സ് പായ്ക്കിനു ശ്രമിച്ച് നടുവേദനയുമായി ആശുപത്രിയിലെത്തുന്നവരും കുറവല്ലെന്നതാണ് സത്യം.

പുരുഷസൌന്ദര്യത്തിന്റെ മികവും തികവും സിക്സ് പായ്ക്കിലാണെന്ന് ഇന്ത്യന്‍ യുവത്വം വിശ്വസിക്കുന്നിടത്തോളം ഇവിടെ സിക്സ് പായ്ക്ക് എന്നത് അങ്ങേയറ്റം ആകര്‍ഷകമായ പദമായിരിക്കും. സിക്സ് പായ്ക്ക് അബ്ഡൊമെന്‍ ലോകമെങ്ങും സെക്സ് അപ്പീലിന്റെ പ്രതീകമാണ്. പുരുഷന്മാരേക്കാള്‍ അധ്വാനിച്ചെങ്കിലേ സ്ത്രീകള്‍ക്ക് സിക്സ് പായ്ക്ക് സ്വന്തമാക്കാന്‍ കഴിയൂ. സിക്സ് പായ്ക്ക് സ്വന്തമായുള്ളവരിലേറെയും കായികതാരങ്ങളാണ്. ആര്‍നോള്‍ഡ് ഷ്വാര്‍സെനഗറെപ്പോലുള്ള ഹോളിവുഡ് താരങ്ങള്‍ നിത്യഹരിത സിക്സ് പായ്ക്കര്‍മാരാണ്. ഇന്ത്യന്‍ സിനിമയില്‍ തെളിഞ്ഞ സിക്സ് പായ്ക്കുമായി ഏകപക്ഷീയമായി ഷൈന്‍ ചെയ്തിരുന്ന സല്‍മാന്‍ ഖാനെ അട്ടിമറിച്ചുകൊണ്ട് നാല്‍പതാം വയസ്സില്‍ ആറുമാസത്തോളം കഠിനാധ്വാനം ചെയ്ത് ഓം ശാന്തി ഓം എന്ന സിനിമയ്ക്ക് വേണ്ടി ഷാറൂഖ് ഖാന്‍ സ്വന്തമാക്കിയ സിക്സ് പായ്ക്ക് ബോഡിബില്‍ഡിങ് ചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നാണ്. ഷാറൂഖിന്റെ പൌരുഷവും സെക്സ് അപ്പീലും പ്രായത്തെ തിരുത്തിക്കുറിച്ചതിനു പുറമേ ഇളംതലമുറയില്‍പെട്ട താരങ്ങളെ മുഴുവന്‍ ലജ്ജിപ്പിക്കുയും ചെയ്തു. ഇനിയും റിലീസ് ചെയ്തിട്ടില്ലാത്ത ഗജിനിയ്ക്കു വേണ്ടി ആമിര്‍ ഖാനും വിയര്‍ത്തു ഒരു മാസത്തിലേറെ. ചുളുവില്‍ ഒരു സിക്സ് പായ്ക്ക് സംഘടിപ്പിച്ച് സിനിമയില്‍ തകര്‍ത്തഭിനയിക്കുകയും ചെയ്തു. ബോളിവുഡിലെ ഖാന്‍മാരൊക്കെ സിക്സ് പായ്ക്ക് സംഘടിപ്പിച്ചപ്പോള്‍ ദക്ഷിണേന്ത്യന്‍ സിനിമ അടക്കം പറഞ്ഞു ഖാന്‍മാര്‍ക്കൊക്കെ എന്തുമാകാമല്ലോ !

എന്നാല്‍ സിക്സ് പായ്ക്ക് ഖാന്‍മാര്‍ക്ക് മാത്രമല്ല സ്വന്തമാക്കാനാവുന്നതെന്നു തെളിയിച്ചു തമിഴില്‍നിന്നു സൂര്യ, വിശാല്‍ തുടങ്ങിയ താരങ്ങളും സിക്സ് പായ്ക്ക് മസില്‍ സ്വന്തമാക്കി വാര്‍ത്തയിലിടം നേടി. പ്രായം ഒരു പ്രശ്നമല്ലെന്നു പ്രഖ്യാപിച്ചുകൊണ്ടു ശരത്കുമാറും സിക്സ് പായ്ക്കിന്റെ കഠിനപാതയിലേക്കിറങ്ങിയപ്പോള്‍ കുടവയര്‍ എന്ന വിശ്വവിഖ്യാതമായ സിംഗിള്‍ പായ്ക്കില്‍ തലോടി മലയാളി മെല്ലെ മൊഴിയുകയാണ് തമിഴന്‍മാര്‍ക്കൊക്കെ എന്തുമാകാമല്ലോ !.