കരിദിനാശംസകള്‍

പരമപരിശുദ്ധമായ ലോകമാതൃദിനം പൊട്ടിവിരിഞ്ഞു കഴിഞ്ഞു. ഇനി 24 മണിക്കൂര്‍ പെറ്റമ്മയുടെ അപദാനങ്ങള്‍ വര്‍ണിച്ചും അമ്മ, ഗര്‍ഭപാത്രം, മുലപ്പാല്‍ തുടങ്ങിയ വാക്കുകള്‍ വച്ചു കവിതകളെഴുതിയും അമ്മയെ കെട്ടിപ്പിടിച്ചോണ്ടിരിക്കുന്ന ചിത്രങ്ങള്‍ ഷെയര്‍ ചെയ്തും ഗൂഗള്‍ ഡൂഡില്‍ നോക്കിയിരുന്നും നമ്മള്‍ വമ്പിച്ച മാതൃദിനാഘോഷം നടത്തും. നാളെ മുതല്‍ എല്ലാം പഴയതുപോലെ. പെരുങ്കള്ളന്‍മാരും കള്ളികളുമായ, സ്വാര്‍ത്ഥതയുടെ മൂര്‍ത്തിരൂപങ്ങളായ നമുക്ക് ഇത്തരം ദിനാഘോഷങ്ങള്‍ വളരെ ഈസിയാണ്. അതുകൊണ്ട്, ഈ മാതൃദിനം കരിദിനമായി ആചരിച്ചുകൊണ്ട് 276 അമ്മമാരുടെ നിലയ്ക്കാത്ത കണ്ണീരിനൊപ്പം ഒരു പ്രാര്‍ഥനയര്‍പ്പിച്ചുകൊണ്ട് ഈ കരിദിനപോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നു.

ഒരു സംഘം ഭ്രാന്തന്‍മാര്‍ തട്ടിക്കൊണ്ടുപോയ നൈജീരിയയിലെ 276 പെണ്‍കുട്ടികളുടെ അമ്മമാരും ഇന്ന് മാതൃദിനത്തിലൂടെ കടന്നു പോവുകയാണ്. വില്‍പ്പനച്ചരക്കായി പകുതി ജീവനോടെ അവരില്‍ അവശേഷിക്കുന്ന പെണ്‍കുട്ടികള്‍ നാളത്തെ അമ്മമാരാണ്. ആഫ്രിക്കയിലെ അപ്രധാനമായ ആ സംഭവവികാസം മനസ്സില്‍ തട്ടാതെ അവഗണിച്ചുകൊണ്ട് മാതൃദിനം ആഘോഷിക്കുന്ന സംസ്‌കാരസമ്പന്നമായ ലോകത്തിന് ഒരു കൂപ്പുകൈ.

ആഫ്രിക്കയിലെ അമ്മമാര്‍ക്ക് ഈ മാതൃദിനത്തില്‍ നമ്മുടെ സരസമായ തൂലികത്തുമ്പുകളില്‍ എന്തു സന്ദേശമാണ് നല്‍കാനാവുന്നത് എന്നു പരിശോധിക്കുക. ഞാനും നിങ്ങളും ഉള്‍പ്പെടുന്ന ലോകത്തിലെ ഭൂരിപക്ഷമാളുകളും മാധ്യമങ്ങളും അവഗണിച്ചുപോയ അവരുടെ കണ്ണീരിനെ നമ്മുടെ ഏതു മാതൃസ്‌നേഹം കൊണ്ടാണ് ന്യായീകരിക്കാനാവുക എന്ന് അന്വേഷിക്കുക. ആഫ്രിക്കയിലും അമേരിക്കയിലും ഏഷ്യയിലും അമ്മയുടെ പ്രസവവേദനയ്ക്ക് ഒറ്റ അര്‍ഥമേയുള്ളൂ. അവള്‍ മുലയൂട്ടി വളര്‍ത്തുന്ന കുഞ്ഞിനോട് ഒരേയൊരു വികാരമേയുള്ളൂ. ഈ മാതൃദിനം കരിദിനമാവാന്‍ ലോകത്തിന് മറ്റൊരു കാരണം ആവശ്യമില്ല.

കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ പേരില്‍ ആഴ്ചകളോളം കണ്ണീരൊഴുക്കിയ, കഥകള്‍ മെനഞ്ഞ മാധ്യമങ്ങളും ആഗോളവാര്‍ത്താ ഏജന്‍സികളും നൈജീരിയയിലെ 276 കുരുന്നുകളുടെ കാര്യത്തില്‍ ആശങ്കാകുലരല്ല. മലേഷ്യന്‍ വിമാനം കണ്ടെത്താന്‍ ചെലവഴിച്ചതിന്റെ ആയിരത്തിലൊന്നു സമയവും പണവും അധ്വാനവും മതി ഈ കുരുന്നുകളെ കണ്ടെത്താന്‍. 276 കറുത്ത കുട്ടികള്‍ കാട്ടില്‍ക്കിടന്നു മരിച്ചുപോവുന്നതില്‍ ആരും ആസ്വസ്ഥരല്ല. അവരുടെ കാര്യത്തിലുള്ള നമ്മുടെ നിസ്സംഗതയും നിര്‍വികാരതയും നമ്മള്‍ പരിഷ്‌കൃതമാതൃസ്‌നേഹങ്ങളിലൂടെ മറയ്ക്കും, മാതൃദിന സന്ദേശങ്ങളിലൂടെ പര്‌സപരം വിസ്മയിപ്പിക്കും.ഇറാക്കിലും പലസ്തീനിലും കുരുന്നുകളെ കൊന്നുതള്ളിയതില്‍ ഒരു വികാരവും തോന്നാത്ത സമൂഹത്തില്‍ നിന്ന് ഈ പ്രശ്‌നത്തില്‍ മാത്രം വ്യത്യസ്തമായൊരു പ്രതികരണം പ്രതീക്ഷിക്കേണ്ടതില്ല. കാലം ഏതായാലും രാജ്യം ഏതായാലും എല്ലാ കണക്കുതീര്‍ക്കലുകള്‍ക്കും ഇരയാവുന്നത് ഒന്നുമറിയാത്ത കുരുന്നുകളാണ്. തീരാവേദനയില്‍ നരകിച്ചു ജീവിക്കുന്നത് ലക്ഷക്കണക്കിന് അമ്മമാരും.

ബൊക്കോ ഹറാം നൈജിരിയയില്‍ 276 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയിട്ട് മാസം ഒന്നു തികയാറായി. അവരില്‍ എത്ര പേര്‍ ജീവനോടെ അവശേഷിക്കുന്നുണ്ട് എന്നു നമുക്കറിയില്ല. ഒരു തെറ്റും ചെയ്യാത്ത ആ കുരുന്നുകള്‍ അവിടെ മരണത്തിലേക്കു നടന്നു നീങ്ങുമ്പോള്‍ നന്മ നിറഞ്ഞ വിശാലലോകത്തു നിന്ന് എന്തുകൊണ്ടാണ് ആരും തങ്ങളെ രക്ഷിക്കാന്‍ വരാത്തതെന്ന് അവര്‍ ദൈവത്തോടു ചോദിക്കുന്നുണ്ടാവും. അതിനുത്തരം പറയേണ്ടത് ഈ മാതൃദിനത്തെ അവിസ്മരണീയമാക്കാന്‍ പരിപാടികളാവിഷ്‌കരിക്കുന്ന നമ്മളോരോരുത്തരുമാണ്. ഈ മാതൃദിനത്തിന്റെ മനോഹാരിതയെ ആ കുരുന്നുകളുടെ ചോരയും അമ്മമാരുടെ കണ്ണീരും കൊണ്ടാണ് നമ്മള്‍ അടയാളപ്പെടുത്തുന്നത്.

നൈജിരിയില്‍ മാത്രം ഇങ്ങനെ സംഭവിക്കുന്നത് ബൊക്കൊ ഹറാം ലോകം കണ്ടിട്ടില്ലാ വിധം കരുത്താര്‍ജ്ജിച്ച ഭീകരസംഘടയായതുകൊണ്ടല്ല. രാജ്യപുരോഗതിക്കു വേണ്ടി അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടെ കയ്യില്‍ നിന്നും കോടിക്കണക്കിനു ഡോളര്‍ വാങ്ങി വിഴുങ്ങുന്ന ഗുഡ്‌ലക്ക് ജൊനാതന്‍ എന്ന ആണും പെണ്ണും കെട്ട പ്രസിഡന്റാണ് ആ നാടിന്റെ ശാപം. അഴിമതിയില്‍ മുങ്ങിക്കുളിച്ച നാണംകെട്ട ഭരണത്തില്‍ പൊട്ടിമുളച്ച വിഷവിത്താണ് ബൊക്കോ ഹറാം. ആയിരക്കണക്കിനാളുകളെ അവര്‍ കൊന്നൊടുക്കയും നൂറുകണക്കിനു പേരെ ഇത്തരത്തില്‍ തട്ടിക്കൊണ്ടു പോവുകയും ചെയ്തത് സംഘടന അത്ര ശക്തമായതുകൊണ്ടല്ല. ആ രാജ്യത്തെ ഭരണസവിധാനം അത്രയെറെ ദൂര്‍ബലമായതുകൊണ്ടാണ്.

നമ്മള്‍ വിചാരിച്ചാല്‍ പരിഹരിക്കാന്‍ കഴിയുന്നതല്ല നൈജീരിയയിലെ പ്രശ്‌നം. എന്നാല്‍, ആര്‍ക്കും പരിഹരിക്കാനാവാത്ത വിധം സങ്കീര്‍ണവുമല്ല. ലോകത്തെ തന്നെ നിയന്ത്രിക്കുന്ന ഭരണാധികാരികളും മാധ്യമങ്ങളും അവഗണിക്കുന്ന ഒരു പ്രതിസന്ധിയില്‍ നമ്മുടെ അഭിപ്രായങ്ങള്‍ ഒരു ചലനവും സൃഷ്ടിക്കില്ല. മാതൃസ്‌നേഹം വഴിഞ്ഞൊഴുകുന്ന ഈ മാതൃദിനത്തില്‍ ആ കുരുന്നുകളെയും അമ്മമാരെയും ഓര്‍ക്കാനെങ്കിലും കഴിയുന്നില്ലെങ്കില്‍ നമ്മുടെ അമ്മമാരെ നമ്മള്‍ നാണം കെടുത്തുകയാണ് ചെയ്യുന്നത്. നൈജിരിയിലെ കുഞ്ഞുങ്ങള്‍ക്കു വേണ്ടി, അവരുടെ അമ്മമാര്‍ക്കു വേണ്ടി ഈ മാതൃദിനം കരിദിനമായി ആചരിക്കുന്നതില്‍ അമ്മമാര്‍ അഭിമാനിക്കുകയേയുള്ളൂ.

പുളുന്താന്‍ പ്രസിഡന്റിനു കീഴില്‍ നിന്നു കൊണ്ട് ലോകത്തോട് സഹായമഭ്യര്‍ഥിക്കുന്ന, നൈജിരിയയുടെ ശബ്ദം കേള്‍ക്കാതെ പോകരുത്. പ്രമുഖ നൈജീരിയന്‍ നടി സ്റ്റെല്ല ദമാസസിന്റെ ഈ വിഡിയോ കൂടി കാണുക. കരിദിനാശംസകള്‍ !

ഫ്രീക്ക്, കൂള്‍, ഫ്രീകോള്‍ !

മൊബൈല്‍ ഫോണില്‍ സൗജന്യ കോളുകള്‍ക്ക് മാര്‍ക്ക് സക്കര്‍ബര്‍ഗ് വാഗ്ദാനം ചെയ്തതുപോലെ വാട്ട്‌സ് ആപ്പില്‍ വോയ്‌സ് കോളുകള്‍ വരാന്‍ കാത്തിരിക്കേണ്ട ആവശ്യമില്ല. വാട്ട്‌സ്ആപ്പും സമാനമായ മെസഞ്ചര്‍ സേവനങ്ങളുമാണ് വിപ്ലവം എന്നു പറയുന്നവര്‍ ഇന്ത്യന്‍ കാലാവസ്ഥയ്ക്കനുസൃതമായ ഫ്രീകോള്‍ പരിചയപ്പെടുകയും പരീക്ഷിക്കുകയും വേണം. പേരു സൂചിപ്പിക്കുന്നതുപോലെ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ, മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ 1000 രൂപയുടെ ഫോണില്‍ നിന്നും ഏതു സാധാരണക്കാരനും സൗജന്യ കോള്‍- അതാണ് ഫ്രീകോള്‍ വിഭാവനം ചെയ്യുന്നതും യാഥാര്‍ഥ്യമാക്കുന്നതും.

ബാംഗ്ലൂരില്‍ നിന്നുള്ള പിള്ളേര്‍ ചേര്‍ന്നുണ്ടാക്കിയ ആശയമാണ് ഇന്ത്യന്‍ മൊബൈല്‍ കമ്യൂണിക്കേഷന്‍ രംഗത്തെ ഈ പുതിയ വിപ്ലവം. യശസ് സി. ശേഖര്‍, വിജയകുമാര്‍ ഉമാലുതി, സന്ദേശ് എന്നിവരുടെ നേതൃത്തിലാണ് ഫ്രീകോള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ബാംഗ്ലൂരിലെ എംഎസ് രാമയ്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികളാണിവര്‍. ഫ്രീകോള്‍ യാഥാര്‍ഥ്യമാക്കാന്‍ പിള്ളേരുടെ സ്റ്റാര്‍ട്ട് അപ്പിനു നിക്ഷേപം നടത്തിയത് കോട്ടയം അച്ചായനും കെനിയയിലെ നോക്കിയ-സീമെന്‍സ് നെറ്റ്‌വര്‍ക്കിന്റെ തലവനായ രഞ്ജിത് ചെറിക്കല്‍ ആണ്. വോയ്‌സ് കോള്‍ മെസഞ്ചര്‍ സര്‍വീസുകളായ സ്‌കൈപിലും വെരിസണ്‍ നെറ്റ്‌വര്‍ക്കിലും ജോലി ചെയ്തിട്ടുള്ള രഞ്ജിത് ഫ്രീകോളിന്റെ സാധ്യതകള്‍ മനസ്സിലാക്കിയതിനു ശേഷമാണ് നിക്ഷേപം നടത്തിയത്.

വളരെ ലളിതമാണ് ഫ്രീകോളിന്റെ പ്രവര്‍ത്തനം. നമ്മുടെ മൊബൈല്‍ ഫോണില്‍ നിന്നും 080-49202060 അല്ലെങ്കില്‍ 080-492020602 എന്ന നമ്പരിലേക്കു മിസ്ഡ് കോള്‍ നല്‍കുക. തുടര്‍ന്ന് ആ നമ്പരില്‍ നിന്നും നിങ്ങളെ തിരികെ വിളിക്കും. അപ്പോള്‍ നിങ്ങള്‍ സൗജന്യമായി വിളിക്കാനാഗ്രഹിക്കുന്ന നമ്പര്‍ ഡയല്‍ ചെയ്ത ശേഷം ഹാഷ് കീ അമര്‍ത്തുക. റിങ് ചെയ്യുന്ന സമയത്ത് നിങ്ങള്‍ കേള്‍ക്കുന്നത് പരസ്യമായിരിക്കും. തുടര്‍ന്നു നിങ്ങള്‍ക്കു സംസാരിക്കാം. രണ്ടു മിനിറ്റ് ആവുമ്പോള്‍ വീണ്ടും വരും പരസ്യം. അപ്പോള്‍ മിണ്ടാതിരിക്കുക. 10 സെക്കന്‍ഡിനു ശേഷം പരസ്യം അവസാനിക്കും. ഇങ്ങനെ എത്ര നേരം വേണമെങ്കിലും സംസാരിക്കാന്‍ ഫ്രീകോള്‍ അവസരമൊരുക്കുന്നു. ക്ലൗഡ്, വോയ്‌സ് ഓവര്‍ ഐപി സാങ്കേതികവിദ്യകളാണ് ഫ്രീകോളിന്റെ അടിസ്ഥാനം. ഈ വിഡിയോ ഫ്രീകോള്‍ പ്രവര്‍ത്തനം ലളിതമായി വിശദീകരിക്കുന്നുണ്ട്.

മുകളില്‍ പറഞ്ഞ നമ്പരുകളിലേക്കൊന്നും ആരും ഇപ്പോള്‍ വിളിച്ചു നോക്കേണ്ട. ശനിയാഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച ഫ്രീകോളിനു ലഭിച്ചത് അമ്പരപ്പിക്കുന്ന പ്രതികരണമാണ്. ചുരുങ്ങിയ സമയം കൊണ്ട് 4 ലക്ഷം കോളുകള്‍. ബീറ്റ ലോഞ്ചിങ് വിജയമായതുകൊണ്ട് തല്‍ക്കാലം ഈ നമ്പരുകള്‍ പ്രവര്‍ത്തിക്കുന്നില്ല. പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമായി ഏപ്രില്‍ 15ന് ഫ്രീകോള്‍ വീണ്ടുമെത്തും. തുടര്‍ന്ന് സര്‍ക്കാര്‍ അംഗീകാരത്തോടെ ഒരു മാസത്തിനുള്ളില്‍ രാജ്യാന്തര കോളുകളും വിളിക്കാനാവും. അടുത്ത സാമ്പത്തികവര്‍ഷത്തിന്റെ അവസാനത്തോടെ ദിവസേന ഒരു കോടി കോളുകളാണ് ഫ്രീകോള്‍ പ്രതീക്ഷിക്കുന്നത്, അതില്‍ നിന്ന് ഏകദേശം 185 കോടി രൂപ പരസ്യവരുമാനവും. ഇതോടൊപ്പം തന്നെ രഞ്ജിത് ചെറിക്കലിന്റെ തട്ടകമായ ആഫ്രിക്കയിലും ഫ്രീകോള്‍ ലോഞ്ചിങ് ഉദ്ദേശിക്കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.freekall.in
ഫ്രീകോള്‍ ഫെയ്‌സ്ബുക്ക്: Facebook.com/Freekall

എടിഎം: എഴുത്തും വായനയുമില്ലാതെ

സങ്കീര്‍ണമായ ഉപയോഗക്രമം പരിചയമില്ലാതെ സാധാരണക്കാര്‍ എടിഎം കൗണ്ടറിനുള്ളിലെ എസിയില്‍ നിന്നു വിയര്‍ക്കുന്ന കാഴ്ചകള്‍ ഇനി അധികനാളുണ്ടാവില്ല. സ്‌ക്രീനില്‍ തെളിയുന്ന ഓപ്ഷനുകളുടെ ആശയക്കുഴപ്പവും തൊഴിച്ചാല്‍പ്പോലും പ്രതികരിക്കാത്ത ടച്ച് സ്‌ക്രീനുകളും ഉപയോക്താക്കളെ പുറത്തെ ക്യൂവില്‍ നില്‍ക്കുന്നവരുടെ ശാപം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരാക്കുന്ന കാലം കഴിയുകയാണ്. സാധാരണക്കാര്‍ക്കും ഗ്രാമീണര്‍ക്കും വേണ്ടി എടിഎം നിര്‍മാതാക്കളായ എന്‍സിആര്‍ അവതരിപ്പിക്കുന്ന പില്ലര്‍ എടിഎം നിലവിലുള്ള എടിഎം മെഷീനുകള്‍ക്കിടയിലെ വിപ്ലവമാണ്. സാധാരണ എടിഎമ്മില്‍ നിന്നു പണം പിന്‍വലിക്കാനുള്ള നൂലാമാലകളും സങ്കീര്‍ണതകളും വലയ്ക്കുന്നവര്‍ക്കും എടിഎം പ്രവര്‍ത്തിപ്പിക്കാനാവാത്ത നിരക്ഷരരായവര്‍ക്കും വേണ്ടിയാണ് കമ്പനി പില്ലര്‍ എടിഎം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇന്ത്യയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് ഇന്ത്യയ്ക്കു വേണ്ടി കമ്പനി നിര്‍മിച്ച പില്ലര്‍ എടിഎം ഇപ്പോള്‍ അമേരിക്കയിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ പരീക്ഷണഘട്ടത്തിലാണ്.

ലാളിത്യവും വലിപ്പക്കുറവുമാണ് ഉപയോക്താവിനെ സംബന്ധിച്ച് പില്ലര്‍ എടിഎമ്മിന്റെ സവിശേഷതകളെങ്കില്‍ സുരക്ഷയുടെ കാര്യത്തിലും അതേ പ്രാധാന്യം ഇതിനുണ്ട്. പരീക്ഷണഘട്ടം കഴിഞ്ഞാല്‍ ഇന്ത്യയിലെ തിരഞ്ഞെടുത്ത ഗ്രാമങ്ങളില്‍ (ആദ്യഘട്ടത്തില്‍ മഹാരാഷ്ര്ടയില്‍) കമ്പനി പില്ലര്‍ എടിഎമ്മുകള്‍ സ്്ഥാപിക്കും. ഇന്ത്യയ്ക്കു പുറമേ സമാനമായ സാമൂഹികസാഹചര്യങ്ങളുള്ള മറ്റു രാജ്യങ്ങളിലും പില്ലര്‍ എടിഎം ബാങ്കിങ്ങില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയേക്കും. ശക്തമായ അടിത്തറയില്‍ നിലത്തുറപ്പിക്കുന്ന പില്ലര്‍ എടിഎം പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ തൂണിന്റെ ആകൃതിയിലുള്ളതാണ്, ഉയരം അരയ്‌ക്കൊപ്പം മാത്രം. ബയോമെട്രിക് സംവിധാനം ഉപയോഗിക്കുന്ന എടിഎമ്മില്‍ പിന്‍ നമ്പരിനു പകരം ഉപയോക്താവിന്റെ വിരലടയാളമാണ് സുരക്ഷയ്ക്കായി ഉപയോഗിക്കുന്നത്. പിന്‍വലിക്കേണ്ട തുകയെ സംബന്ധിച്ചും ആശയക്കുഴപ്പങ്ങളുണ്ടാവില്ല. 100, 500, 1000, 2000, 5000 എന്നിങ്ങനെ പിന്‍വലിക്കേണ്ട തുകകള്‍ സൂചിപ്പിക്കുന്ന വിവിധ നിറങ്ങളിലുള്ള ബട്ടണില്‍ വിരലമര്‍ത്തിയാല്‍ പണം കയ്യിലെത്തും, തൊട്ടുപിന്നാലെ റെസീപ്റ്റും. എന്തെങ്കിലും വായിക്കുകയോ ടൈപ്പ് ചെയ്യുകയോ വേണ്ട എന്നതാണ് പ്രധാന ആകര്‍ഷണം.

കള്ളന്മാര്‍ക്ക് കുത്തിപ്പൊളിക്കാനാവാത്ത ഡിസൈന്‍ ആണ് പില്ലര്‍ എടിഎമ്മിന്റേത്. പ്രധാനമായി ഇന്ത്യയിലെയും ചൈനയിലെയും ആഫ്രിക്കന്‍ രാജ്യങ്ങളിലെയും ബാങ്കിങ്ങില്‍ പിന്നാക്കമായ മേഖലകളെ ഉദ്ദേശിച്ചാണ് എന്‍സിആര്‍ പില്ലര്‍ എടിഎമ്മുകള്‍ വികസിപ്പിച്ചെടുത്തത്. എടിഎം നിര്‍മിക്കുന്നതിനായി കമ്പനി പ്രാഥമികപഠനങ്ങള്‍ നടത്തിയത് മുംബൈയിലെ ചേരികളും നഗരപ്രാന്തങ്ങളിലുമായിരുന്നു. ഇന്ത്യയിലെ തപാല്‍പ്പെട്ടികളുടെ മാതൃക സ്വീകരിച്ചാണ് എടിഎം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡിസൈനുമായി വീണ്ടും ജനങ്ങള്‍ക്കിടയിലെത്തി അവരുടെ അഭിപ്രായം സ്വീകരിച്ചാണ് എടിഎമ്മിന്റെ അവസാനരൂപം ഉണ്ടാക്കിയത്. നിലവില്‍ നിര്‍മിച്ചിരിക്കുന്ന അഞ്ച് മെഷീനുകളാണ് അമേരിക്കയില്‍ പരീക്ഷണഘട്ടത്തിലുള്ളത്. പരീക്ഷണം വിജയകരമായാല്‍ അടുത്ത വര്‍ഷത്തോടെ പില്ലര്‍ എടിഎമ്മുകള്‍ വ്യാപകമായി ജനങ്ങള്‍ക്കിടയിലെത്തും.

സമ്മാനമയക്കൂ, ഹൃദയം നേടൂ !

മമ്മൂട്ടിക്കോ മോഹന്‍ലാലിനോ ഇങ്ങനെ വിദേശത്തു നിന്നും ആരെങ്കിലും കേക്ക് ഒാര്‍ഡര്‍ ചെയ്ത് അയച്ചു കൊടുത്തിട്ടുണ്ടാവുമോ ? ഫോറിന്‍ കോടീശ്വരന്‍മാര്‍ അവരുടെ കോടികളില്‍ നിന്നു ചില ലക്ഷങ്ങളെടുത്ത് ഗിഫ്റ്റ് വാങ്ങി നാട്ടില്‍ വരുമ്പോള്‍ സമ്മാനിക്കുന്നതും ഇല്ലാത്ത പോക്കറ്റ് മണി ഉണ്ടാക്കി, മോഷണവും കൊള്ളയും നടത്തി ഒരു പെണ്‍കുട്ടി ഇങ്ങനൊരു സമ്മാനമയക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. പുതിയ ആരാധകരെ സ്വീകരിക്കുന്നില്ല എന്നു തീരുമാനിച്ചിരുന്ന ഞാന്‍ ഇവള്‍ക്കു വേണ്ടി ആ തീരുമാനം മാറ്റുന്നു. പഴയ ആരാധികമാരെയെല്ലാം ഡീഗ്രേഡ് ചെയ്തുകൊണ്ട് കേക്കിന്റെയും കാര്‍ഡിന്റെയും പേരില്‍ ഇവളെ ഒന്നാം സ്ഥാനത്തേക്ക് പ്രമോട്ട് ചെയ്തിരിക്കുന്നു.

ബുദ്ധിജീവികളും അല്ലാത്തവരും ഒറിജിനലും അല്ലാത്തവരുമൊക്കെയായി ധാരാളം വനിതകള്‍ ഇൌ ബ്ലോഗ് വായിക്കുന്നുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പറയൂ, എന്താണ് നിങ്ങളെ തടയുന്നത് ? എന്റെ അഡ്രസ് ഇല്ലാത്തതാണോ പ്രശ്നം ? അതോ വേണ്ടത്ര ഫണ്ടില്ലാത്തതോ ? അങ്ങനെയൊരു സാധ്യത ഞാന്‍ കാണുന്നില്ല. പിന്നെന്താണ് പ്രശ്നം ? മുന്‍പ് ഒരിക്കല്‍ ഒരു ആരാധിക പറഞ്ഞതുപോലെ സമ്മാനം പായ്ക്ക് ചെയ്ത് കവറിനു മുകളില്‍ എന്റെ പേരെഴുതുമ്പോള്‍ കൈവിറയ്ര്‍ക്കുന്ന പ്രശ്നമാണോ ?

സുന്ദരിയായ ആരാധികയുടെ (എന്റെ ആരാധികയാകുമ്പോള്‍ ഒരു മിനിമം സൌന്ദര്യമൊക്കെയുണ്ടായേ പറ്റൂ) കേക്കും കാര്‍ഡും നിങ്ങള്‍ക്കായി ഇവിടെ സമര്‍പ്പിക്കുന്നു.

ഇത് ഞാന്‍ പിന്നീട് തിന്നു തീര്‍ത്തു. നല്ല കേക്കായിരുന്നു. ഇത് ഞാനയച്ചതാണ് എന്ന് പലരും അവകാശവാദമുന്നയിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് ഒരു കാര്യം തീര്‍ത്തു പറയാം, ഇതു നിങ്ങളാരും അയച്ചതല്ല.

ഇതാണ് കാര്‍ഡ്. അവളുടെ ജീവിതത്തില്‍ ഞാന്‍ എത്ര വലിയ സ്വാധീനമാണ് ചെലുത്തുന്നത് എന്നു വരച്ചു കാട്ടുന്നതാണ് ഇൌ കാര്‍ഡ്. ഇതിനുള്ളില്‍ എഴുതിയിരിക്കുന്ന വാചകങ്ങളോ, ഇല്ല അതു ഞാന്‍ നിങ്ങളോടു പറയില്ല. അത് എനിക്കും അവള്‍ക്കുമിടയിലുള്ള രഹസ്യമായി നിലനില്‍ക്കട്ടെ. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ 1000 പോസ്റ്റുകള്‍കക്കിടയില്‍ ഏതാനും തന്തയ്ര്‍ക്കു വിളികളും മറ്റു തെറികളുമല്ലാതെ വേറെ സമ്മാനങ്ങളൊന്നും കിട്ടിയതായി എനിക്കോര്‍മയില്ല. ചില ആരാധികമാര്‍ ummma എന്ന് മെയിലിന്റെ മുകളിലും അടിയിലുമൊക്കെ എഴുതി അയച്ചിട്ടുമുണ്ട്. യുമ്മ എന്നെഴുതിയതുകൊണ്ട് യുമ്മയാവില്ലല്ലോ നേരിട്ടു കാണുമ്പോള്‍ ഒരെണ്ണം തരാം എന്നു വേറൊരാരാധിക പറഞ്ഞിട്ടുമുണ്ട്. ഇതൊക്കെ എപ്പോ കിട്ടാന്‍ ?

എന്നാല്‍, മടിച്ചു നില്‍ക്കാതെ, അറച്ചു നില്‍ക്കാതെ തക്ക സമയം നോക്കി കേക്കും കാര്‍ഡുമായി എന്നെ ഹഠാദാകര്‍ഷിച്ച നവാഗതയായ ആരാധികയ്ക്ക് കേക്കിന്റെ മധുരമുള്ള എന്റെ വിശാലമനസ്സിന്റെ ഒരു പീസ് ഞാന്‍ സമര്‍പ്പിക്കുന്നു. ചന്ദ്രനില്‍ വാങ്ങിയ ഭൂമി പോലെ എല്ലാക്കാലത്തേക്കും അതിന്റെ ഉടമസ്ഥാവകാശം അവള്‍ക്കായിരിക്കും. ഇതുപോലെ ഗിഫ്റ്റ് അയക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും ഇത്തരത്തില്‍ ഒാരോ തുണ്ട് മനസ്സ് ലഭിക്കുന്നതാണ്. പോരെങ്കില്‍ സൂനാമി ഫണ്ടിലേക്കു സംഭാവന കൊടുത്തവരുടെ ലിസ്റ്റ് പോലെ സമ്മാനത്തിന്റെ മൂല്യമനുസരിച്ച് എല്ലാവരുടെയും പേരുവിവരങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതുമാണ്. ഇനി എന്തിനു കേക്കയക്കണം, അതൊരുത്തി അയച്ചില്ലേ എന്നു കരുതി ആരും ഒന്നും അയക്കാതിരിക്കരുത്. നിങ്ങളുടെ ക്രിയേറ്റിവിറ്റി അനുസരിച്ച് വിലപിടിപ്പുള്ള എന്തു സമ്മാനങ്ങളും നിങ്ങള്‍ക്കയക്കാം. ഒറ്റ കണ്ടീഷന്‍ മാത്രം: ഒന്നും വിപിപി ആയി അയക്കരുത്.

കോമണ്‍വെല്‍ത് ഗെയിംസിനു പുതിയ തീം സോങ്

ബേക്കറിയില്‍ പോയി ബര്‍ത്ഡേ കേക്കിന് ഓര്‍ഡര്‍ നല്‍കുകയും വാങ്ങാന്‍ ചെല്ലുമ്പോള്‍ അത് വെഡിങ് ആനിവേഴ്സറി കേക്കായി മാറുകയും ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും കേക്ക് മാറ്റിക്കിട്ടാന്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് അവകാശമുണ്ട്. കോണ്‍ഫിഗറേഷന്‍ ഒന്നും പറയാതെ വെറും ഒരു കേക്കിന് ഓര്‍ഡര്‍ നല്‍കുകയും ബേക്കറിക്കാരന്‍ സര്‍ഗാത്മകമായി ഒരു കേക്ക് ഉണ്ടാക്കി നല്‍കുകയും ചെയ്യുമ്പോള്‍ ഇതു ഞാനുദ്ദേശിച്ച കേക്ക് അല്ല എന്നു പറഞ്ഞ് ബേക്കറിക്കാരനെ ചീത്തവിളിക്കുന്നത് വിവരക്കേടാണ്. അല്ലെങ്കില്‍ അപ്പുറത്തെ വീട്ടിലെ മറിയാമ്മേടെ ബര്‍ത്ത്‍ഡേക്കു വാങ്ങിയമാതിരി കേക്ക് എന്ന് ആദ്യമേ പറയണമായിരുന്നു. അത് പറയാതെ ബില്ലടിച്ചു കഴിഞ്ഞതിനു ശേഷം ഇത് മറിയാമ്മേടെ കേക്കു പോലെ ഒത്തിട്ടില്ല എന്നു പറഞ്ഞ് വേറെ കേക്കിനു വാശി പിടിക്കുന്നത് ചെറ്റത്തരമാണ്.

ഒരു ആരാധ്യപുരുഷനെ ഒറ്റ ദിവസം കൊണ്ട് ചവുട്ടിത്തേക്കാന്‍ മടിക്കാത്ത മോബ് സൈക്കോളജിയുടെ ഏറ്റവും വലിയ ഉദാഹരണമാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് തീം സോങ്ങും അതിന്‍റെ പേരില്‍ എആര്‍ റഹ്‍മാന്‍ ഏറ്റുവാങ്ങുന്ന വിമര്‍ശനങ്ങളും. ഇതേ സമൂഹം തന്നെയാണ് അദ്ദേഹത്തെ ദൈവത്തോളം വലുതാക്കി മദ്രാസ് മൊസാര്‍ട്ട് എന്നു വരെ വിശേഷിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ റഹ്‍മാന്‍ മൊസാര്‍ട്ടിനെ കോപ്പിയടിക്കുന്ന വെറുമൊരു മദ്രാസിയായി.ഒരു ആയുഷ്കാലം മുതല്‍ സംഗീതത്തില്‍ ജീവിച്ച റഹ്‍മാനെ നേരെ ചൊവ്വേ താളം പിടിക്കാന്‍ പോലുമറിയാത്ത വിഡ്ഢികള്‍ തിരുത്തുന്നതു കാണുമ്പോള്‍ ഞെട്ടല്‍ തോന്നുന്നു. എആര്‍ റഹ്മാന്‍റെ സ്ഥിതി ഇതാണെങ്കില്‍ 96 രാജ്യങ്ങളിലായി ലക്ഷക്കണക്കിന് ആരാധകരുള്ള ഞാന്‍ എന്തൊക്കെ കേള്‍ക്കേണ്ടി വരും.

റഹ്‍മാന്‍റെ പാട്ടിനു ഗുമ്മില്ല, റഹ്മാനില്‍ നിന്ന് ഇതൊന്നുമല്ല പ്രതീക്ഷിച്ചത് തുടങ്ങിയ വിരസമായ പല്ലവികള്‍ കേട്ടു മടുത്തു. അതിനുമപ്പുറം റഹ്‍മാന്‍ ഇതുവരെ ചെയ്തതെല്ലാം വിദേശ ഗാനങ്ങളുടെ അനുകരണമായിരുന്നു എന്നു സ്ഥാപിക്കാനാണ് ചില വിഡ്ഡികളുടെ ശ്രമം. വളര്‍ത്തി വലുതാക്കിയതും ഫാന്‍സ്, കൊന്നുതിന്നുന്നതും ഫാന്‍സ്. പക്ഷെ, ഒരു കലാകാരന്‍റെ ആത്മാര്‍ത്ഥമായ പരിശ്രമത്തോടുള്ള അനാദരവാണ് ഇത്. ഗാനം ഒരു മാര്‍ബിള്‍ കേക്കുപോലെയല്ല.

എആര്‍ റഹ്‍മാന്‍ വിമര്‍ശനങ്ങള്‍ക്കതീതനായ കലാകാരനാണ് എന്നു ഞാനും കരുതുന്നില്ല. പക്ഷെ,എന്തിന് അദ്ദേഹം വിമര്‍ശിക്കപ്പെടണം ? കോമണ്‍വെല്‍ത്ത് ഗെയിംസ് ഇതുവരെ രാജ്യത്തിനു നാണക്കേടായി വളര്‍ന്നുവന്നിരിക്കുന്ന ഒന്നാംതരം നാറ്റക്കേസാണ്. ഈ തീംസോങ് വിവാദത്തിലൂടെ റഹ്‍മാനെ ബലിയാടാക്കി മറ്റെല്ലാം വിവാദങ്ങളും മാധ്യമശ്രദ്ധയില്‍ നിന്നു നീക്കാനുള്ള ഗൂഢതന്ത്രമായിരിക്കാം ഇത്. രാഷ്ട്രീയക്കാരുടെ തന്ത്രങ്ങള്‍ റഹ്‍മാന് അറിയില്ലല്ലോ. എല്ലാ വിമര്‍ശകരും ചോദിക്കുന്നു- അഞ്ചരക്കോടിയുടെ പാട്ടാണോ ഇത് ? അഞ്ചരക്കോടി രൂപ മുടക്കിയെന്നൊക്കെ ഈ അവസരത്തില്‍ വിളിച്ചുപറയുന്നത് തികഞ്ഞ അല്‍പത്തരമാണ്.

ഷക്കീറയുടെ വക്കാ വക്കാ പോലെയല്ല റഹ്‍മാന്‍റെ ഒ യാരോ !! മൊത്തം വിവാദത്തിന്‍റെയും അടിസ്ഥാനം വിമര്‍ശകരുടെ നാണംകെട്ട സംഗീതബോധത്തിന്‍റെയും സ്വത്വബോധത്തിന്‍റെയും ഈ അളവുകോലാണ്. എങ്കിലും ധീരമായ ഒരു വാദമായി അത് ഉയര്‍ത്തിപ്പിടിക്കാന്‍ ആര്‍ക്കും ലജ്ജയുമില്ല.വക്കാ വക്കാ പോലെയൊരു ഗാനം വേണമെങ്കില്‍ അത് ഷക്കീറയെക്കൊണ്ടു തന്നെ ചെയ്യിച്ചാല്‍ മതിയായിരുന്നല്ലോ. അല്ലെങ്കില്‍ ഏതെങ്കിലും റീ-റിക്കോര്‍ഡിസ്റ്റിന് ഒരു ഫുള്ളും വാങ്ങിക്കൊടുത്ത് ഒറ്റ രാത്രി ഇരുത്തിയാല്‍ ആയിരം രൂപയ്‍ക്ക് വക്കാ വക്കായുടെ ഗുമ്മുള്ള ഒരു സാധനം സിഡിയിലാക്കാമായിരുന്നല്ലോ. എന്തിന് ഈ പരിതപിക്കുന്ന അഞ്ചുകോടി വെള്ളത്തിലാക്കാന്‍ അത് എആര്‍ റഹ്‍മാനെ തന്നെയേല്‍പിച്ചു ? ഓസ്കര്‍ പുരസ്കാരം റഹ്‍മാന് ലോകസംഗീതചരിത്രത്തില്‍ തന്നെ അനിഷേധ്യമായ സ്ഥാനം നേടിക്കൊടുത്തു എന്നതു തന്നെ കാര്യം. എന്നാല്‍, അയാളുടെ സൃഷ്ടിയെ അംഗീകരിക്കാനുള്ള മനസ്സുമില്ല. സങ്കീര്‍ണമായ ഈ മാനസികാവസ്ഥ എങ്ങനെ വിവരിക്കണം എന്നു ചോദിച്ചാല്‍ അതിന് ശ്രീനിവാസന്‍ എഴുതിയ അഴകിയ രാവണന്‍ എന്ന സിനിമയിലെ ഈ സീന്‍ മാത്രമേയുള്ളൂ.

വിമര്‍ശകര്‍ക്കെല്ലാമുള്ള മറുപടി ഈ സീനിന്‍റെ അവസാനമുണ്ട്. ഹാര്‍മോണിയം എടുത്ത് കോമണ്‍വെല്‍ത്ത് അങ്കിളിന്‍റെ മടിയിലേക്ക് എടുത്തുവച്ച് റഹ്‍മാന്‍ ഒന്നേ പറയേണ്ടതുള്ളൂ- എന്നാല്‍ പിന്നെ താന്‍ തന്നെയങ്ങ് ഒണ്ടാക്ക് !!

അതു പറയുന്ന ഒരാളല്ല റഹ്‍മാന്‍. അത്തരമൊരു വിവാദത്തിലേക്ക് ഒരിക്കലും അദ്ദേഹം ഇറങ്ങിവരികയുമില്ല. വിവാദം ഒ യാരോ എന്ന ഗാനത്തെ പറ്റിയാകുമ്പോള്‍ റഹ്‍മാന്‍ മുമ്പു ചെയ്ത ഗാനങ്ങളുടെ മഹത്വമോ ഓസ്കറിന്‍റെ ഗ്ലാമറോ പരിഗണിക്കേണ്ട കാര്യമില്ല. കോമണ്‍വെല്‍ത്ത് ഗെയിംസ് തീം സോങ് വക്കാ വക്കാ പോലെ അല്ല എന്നത് സത്യമാണ്. അത് വക്കാ വക്കാ പോലെയാകണം എന്നാരാണ് തീരുമാനിച്ചത് ? അങ്ങനെയൊരു തീരുമാനം ആരെങ്കിലും റഹ്‍മാനെ അറിയിച്ചിരുന്നോ ? അതോ റഹ്‍മാന്‍റെ സ്റ്റുഡിയോയില്‍ പോയിരുന്ന് വക്കാ…വക്കാ എന്ന് പലവട്ടം പാടിക്കൊടുത്തിട്ടും റഹ്‍മാന്‍ ഈ ഗാനം കംപോസ് ചെയ്തതാണോ പ്രശ്നം ? എന്തായാലും ഒ യാരോ വക്കാ വക്കാ പോലെ ഒക്കാത്തതിനാല്‍ റഹ്മാനെ കൊണ്ട് ഇന്ത്യ ഇമ്പോസിഷന്‍ എഴുതിക്കുന്നു എന്നറിഞ്ഞാല്‍ ഷക്കീറ പോലും തൂങ്ങിച്ചാകും.

ഒ യാരോ റഹ്‍മാന്‍റെ ആസ്വാദ്യമായ ഗാനങ്ങളില്‍ ഒന്നാണ്. കോമണ്‍വെല്‍ത്ത് തീം സോങ് എന്ന നിലയ്‍ക്ക് അതുപോര എന്നു പറയുമ്പോള്‍ ഇതിനു മുമ്പ് നമുക്ക് എത്ര തീം സോങ്ങുകള്‍ ഉണ്ടായിട്ടുണ്ട് എന്നാലോചിക്കണം. ഒ യാരോയ്‍ക്ക് എന്താണ് കുഴപ്പം ? കുഴപ്പം ഗാനത്തിനല്ല, അതിനെ വക്കാ വക്കായുടെ ട്രാക്കില്‍ കേള്‍ക്കാന്‍ ശ്രമിക്കുന്ന സംഗീതബുജികളായ മാധ്യമപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയലാഭത്തിനു ശ്രമിക്കുന്ന കുടിലബുദ്ധികള്‍ക്കുമാണ്. അത്തരക്കാരുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി കോമണ്‍വെല്‍ത്ത് ഗെയിംസ് തീം സോങ് ആക്കാന്‍ മാത്രം ഗുമ്മുള്ള ഒറ്റ പാട്ടേ ഇന്ന് ഇന്ത്യയിലുള്ളൂ. ഗെയിംസിന്‍റെ ഇതുവരെയുള്ള നടത്തിപ്പും സംഘാടനവും ഒക്കെ നോക്കുമ്പോള്‍ ഈ ഗാനം കോമണ്‍വെല്‍ത്ത് ഗെയിംസ് തീം സോങ് ആകാന്‍ വേണ്ടി ജനിച്ചതാണെന്നു പോലും തോന്നിപ്പോകും.

പറയുമ്പോള്‍ എല്ലാം പറയണമല്ലോ. കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടനം ഫിഫയുടെ സംഘാടനം പോലെ ഒത്തിട്ടില്ല എന്നത് ആരും പറയുന്നില്ല. അതാരും പറയാതിരിക്കാനാണ് തീംസോങ്ങിലാണ് എല്ലാം എന്ന ആരോപണം എന്നു വിശ്വസിച്ചാലും തെറ്റില്ല. ഇതുവരെ കേട്ട അഴിമതിയുടെ നാണം കെട്ട കഥകള്‍ വിദേശമാധ്യമങ്ങളില്‍ പാണന്‍മാര്‍ പാടിനടക്കുന്നതേയുള്ളൂ. ഗെയിംസ് പൊളിഞ്ഞാല്‍ അതിനെല്ലാം കാരണം റഹ്‍മാന്‍റെ പാട്ടിനു ഗുമ്മില്ലാതെ പോയതാണ് എന്നിനി പറയാം. രാഷ്ട്രീയക്കാരോട് കളിച്ച് ആരും ജയിച്ചിട്ടില്ല. അടപ്രഥമന്‍ സെപ്റ്റിക് ടാങ്കില്‍ വീണാലും സെപ്റ്റിങ് ടാങ്ക് ചോര്‍ന്ന് അടപ്രഥമനില്‍ വീണാലും സെപ്റ്റിക് ടാങ്കിന്‍റെ നാറ്റത്തിന് ഒരു കുറവുമുണ്ടാകില്ല.

അമിതാഭ് ബച്ചന് ഊരുവിലക്ക്

അമിതാഭ് ബച്ചന്‍ പോലും ! ആരാണയാള്‍ ? കമ്മ്യൂണിസം എന്താണെന്ന്, സിപിഎം എന്താണെന്ന് അയാള്‍ക്കറിയാമോ ? കേരളത്തെപ്പറ്റി, കണ്ണൂരിനെപ്പറ്റി, ദേശാഭിമാനിയെപ്പറ്റിയൊക്കെ അയാള്‍ കേട്ടിട്ടുണ്ടോ ? ഇന്ത്യാമഹാരാജ്യത്ത് എന്തു സേവനമാണ് അയാള്‍ ചെയ്തിട്ടുള്ളത് ? മഹാത്മാഗാന്ധിയെപ്പോലെ, ഇഎംഎസിനെപ്പോലെ, അബ്ദുല്‍ നാസര്‍ മദനിയെപ്പോലെ രാജ്യപുരോഗതിക്കു വേണ്ടി എന്തെങ്കിലും നല്ല കാര്യം ചെയ്തിട്ടുള്ളയാളാണോ ഈ ബച്ചന്‍ ? എന്നിട്ടിപ്പോള്‍ വന്നിരിക്കുന്നു അംബാസിഡറാകാന്‍. ബച്ചന്‍ പോലും ബച്ചന്‍ !

കേരളം പോലൊരു സംസ്ഥാനത്തിന്‍റെ ടൂറിസം വകുപ്പിന്‍റെ ബ്രാന്‍ഡ് അംബാസിഡറാകണമെന്ന് അയാള്‍ ഇങ്ങോട്ടു ആവശ്യപ്പെടുമ്പോള്‍ അതിന്‍റെ പിന്നില്‍ എന്തുദ്ദേശമായിരിക്കും എന്നു നമുക്കൂഹിക്കാവുന്നതല്ലേയുള്ളൂ. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ബിനാമിയായിട്ടാണ് ബച്ചന്‍ കേരളത്തിലേക്കു വരുന്നത് എന്ന സത്യം ഇവിടുത്തെ ജനങ്ങള്‍ മനസ്സിലാക്കി കഴിഞ്ഞു. ജനങ്ങളുടെ മനസ്സറിയുന്ന ഒരു സര്‍ക്കാരാണ് ഇവിടെയുള്ളത്. സര്‍ക്കാരിന്‍റെ മനസ്സറിയുന്ന ഒരു പൊളിറ്റ്ബ്യൂറോ ആണ് ഡല്‍ഹിയിലുള്ളത്. അതുകൊണ്ട് ബച്ചന്‍ കേരളത്തിലേക്കു കാലെടുത്തു കുത്തുന്നതിനു പോലും വിലക്കേര്‍പ്പെടുത്തണമെന്നാണ് എനിക്ക് പറയാനുള്ളത്.

മോഹന്‍ലാലിനെപ്പോലെ, തിലകനെപ്പോലെ ആയിരക്കണക്കിനു ഫാന്‍സ് ഉള്ള ഒരു നടനാണോ ഈ ബച്ചന്‍ ? അല്ലെങ്കില്‍ വിഗ്ഗും മേക്കപ്പും ഇല്ലാതെ സിനിമയിലഭിനയിക്കാന്‍ ഇയാള്‍ക്കു ധൈര്യമുണ്ടോ ? സിനിമയില്‍ പോട്ടെ, കേരളത്തിലേക്കു വരുമ്പോളെങ്കിലും വിഗ്ഗൂരി വയ്‍ക്കാന്‍ ഇയാള്‍ക്കു ധൈര്യമുണ്ടോ ? ബിഗ് ബി അല്ല, വിഗ് ബി ആണയാള്‍. പടുകിളവനായിട്ടും പ്രായത്തിനനുസസരിച്ചുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ ധൈര്യമുള്ള മമ്മൂട്ടിയെപ്പോലെ, മോഹന്‍ലാലിനെപ്പോലെ ലോകനിലവാരമുള്ള ആരെയെങ്കിലും വേണ്ടേ കേരളത്തിന്‍റെ ടൂറിസം അംബാസിഡറാക്കാന്‍. പാ എന്ന സിനിമയില്‍ അഭിഷേഖ് ബച്ചന്‍റെ മകനായിട്ടാണ് ഇയാള്‍ അഭിനയിച്ചതെന്നു കേള്‍ക്കുന്നു. എന്തൊരു കഷ്ടമാണിതെന്ന് നിങ്ങള്‍ ആലോചിച്ചു നോക്കണം. യുവതാരങ്ങളെക്കൊണ്ട് അച്ഛന്‍ വേഷം കെട്ടിച്ച് ബാലതാരങ്ങളുടെ അവസരം തട്ടിയെടുക്കുകയാണ് ഈ വൃദ്ധന്‍.

ഇയാള്‍ കേരളത്തിലേക്കു വരുന്നത് കേരളത്തിന്‍റെ ടൂറിസം അവസരങ്ങള്‍ തട്ടിയെടുത്ത് ഗുജറാത്തിനു നല്‍കാനല്ലെന്ന് ആരു കണ്ടു ? കേരളത്തിലേക്കു വരുന്ന വിദേശികളെ ഗുജറാത്താണ് കൂടുതല്‍ രസം എന്നു പറഞ്ഞ് ഇയാള്‍ അങ്ങോട്ടു പറഞ്ഞുവിടില്ലെന്ന് എന്താണുറപ്പ് ? ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് അങ്ങേയറ്റം പരിശുദ്ധമാണ്. ബച്ചനെപ്പോലുള്ള നികൃഷ്ടജീവികളെ പാര്‍ട്ടി എന്നും അകറ്റിനിര്‍ത്തിയിട്ടേയുള്ളൂ. കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയാണ് അവരുടെ എല്ലാം. ഊണിലും ഉറക്കത്തിലും പാര്‍ട്ടി നിര്‍ദേശങ്ങള്‍ അവര്‍ അക്ഷരം പ്രതി അനുസരിക്കുന്നു. മതഗ്രന്ഥങ്ങള്‍ക്കു പകരം കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിക്കുന്ന വീടുകള്‍ ഉള്ള നാടാണ് കേരളം.

അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നും യൂറോപ്പില്‍ നിന്നും ഗള്‍ഫില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമൊക്കെ സ‍ഞ്ചാരികള്‍ കേരളത്തിലേക്കു വരുന്നത് എന്തു കാണാനാണ് ? ഇവിടെയുള്ള ബീച്ചും ഒണക്ക തെങ്ങും കൂതറ മലയാളികളെയും കാണാനാണെന്നു കരുതിയോ ? ഇതെന്താ ലോകത്തു വേറൊരിടത്തും ഇല്ലാത്ത സാധനമാണോ ? 20ലേറെ രാജ്യങ്ങളില്‍ തെങ്ങുണ്ട്. 200ലേറെ രാജ്യങ്ങളില്‍ ബീച്ചുണ്ട്.എല്ലാ രാജ്യങ്ങളിലും മലയാളിയുണ്ട്. പിന്നെന്തിനാണ് ടൂറിസ്റ്റുകള്‍ കേരളത്തിലേക്കു വരുന്നത് ? കമ്മ്യൂണിസത്തെ പറ്റി പഠിക്കാന്‍. ലോകമറിയുന്ന കമ്മ്യൂണിസ്റ്റുകാരായ ഗാന്ധിയെയും മദര്‍ തെരേസയെയും മദനിയെയും പറ്റി ആഴത്തിലറിയാന്‍. സഖാവ് പിണറായിയും സഖാവ് യെച്ചൂരിയും അമേരിക്കയിലെയും യൂറോപ്പിലെയും ഗള്‍ഫിലെയും കോടിക്കണക്കിനുവരുന്ന തൊഴിലാളി വര്‍ഗത്തിന്‍റെ ആവേശമാണ്. ഇതുവല്ലതും ബച്ചനറിയാമോ ?

ലോകത്ത് ബച്ചനെ അറിയുന്ന ഇരുനൂറോ മുന്നൂറോ കോടി ആളുകളുണ്ടാവും. പക്ഷെ, ഇവരിലെത്ര പേര്‍ വൈക്കം വിശ്വനെ അറിയും ? ഈ പറയുന്ന ബച്ചന്‍ അറിയുമോ ? വൈക്കം വിശ്വനെ അറിയാത്ത ഒരാള്‍ക്ക് കേരളസമൂഹത്തില്‍ എന്താണ് സ്ഥാനം ? എസ്എന്‍സി ലാവ്‍ലിന്‍ എന്താണെന്ന് അറിയാമോ ബച്ചന് ? മൂന്നാര്‍ എന്നു വച്ചാല്‍ കുറെ തേയിലത്തോട്ടങ്ങളും റിസോര്‍ട്ടുകളും ആണെന്നേ ബച്ചന്‍ പോലും കരൂതൂ. എന്നാല്‍, കേരളത്തിനും കേരളത്തെ സ്നേഹിക്കുന്നവര്‍ക്കും മൂന്നാര്‍ എന്നു വച്ചാല്‍, ക്യൂബയും റഷ്യയും ചൈനയും പോലെ അനേകം വിപ്ലവകാരികളുടെ ചോരയും കണ്ണീരും വീണ മണ്ണാണെന്ന സത്യം ഇവിടെ വരുന്ന സഞ്ചാരികള്‍ക്കറിയാം.

കേരളത്തില്‍ ഒരു പരിപാടിക്കു വന്നപ്പോള്‍ ബച്ചന്‍ മുണ്ടാണുടുത്തത്. ഗുജറാത്തില്‍ പോകുമ്പോള്‍ ഇയാള്‍ ധോത്തി ഉടുക്കും. ഇത് ഫ്രോഡുകളുടെ ലക്ഷണമാണ്. നാളെ ഇയാള്‍ ആഫ്രിക്കയില്‍ പോയാല്‍ ദേഹമാകെ കരിവാരി തേച്ച് കോണകം മാത്രമുടുത്തായിരിക്കും പോകുന്നത്. പാര്‍ട്ടി സഖാക്കള്‍ അങ്ങിനെയല്ല. എപ്പോഴും സ്യൂട്ടാണ്. കേരളത്തില്‍ വരുമ്പോള്‍ മാത്രമേ മുണ്ട് ധരിക്കാറുള്ളൂ. ഇത് സത്യത്തില്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാണ്. അല്ലെങ്കിലും ബച്ചന്‍റെ പരസ്യം കണ്ട് കേരളത്തിലേക്കു വരുന്ന ഒരു ടൂറിസ്റ്റ് സന്തുഷ്ടനായി തിരിച്ചു പോകും വഴി ഗുജറാത്തിലേക്കു ക്ഷണിച്ചുകൊണ്ടുള്ള ബച്ചന്‍റെ പരസ്യം കണ്ട് കണ്‍ഫ്യൂഷനാവില്ലേ ? സ്വന്തം ഭര്‍ത്താവിനെ അന്യസ്ത്രീയോടൊപ്പം കാണേണ്ടി വരുന്ന ഒരു ഭാര്യയുടെ അവസ്ഥയല്ലേ ആ ടൂറിസ്റ്റിനുണ്ടാവുന്നത് ?

ഇതൊന്നും വച്ചുപൊറുപ്പിനാവുന്നതല്ല എന്നതിനാല്‍ കേരളത്തിന്‍റെ ടൂറിസം ബ്രാന്‍ഡ് അംബാസിഡറാകാനുള്ള ബച്ചന്‍റെ ശ്രമം നമ്മള്‍ പൊരുതി തോല്‍പിക്കണം. നരേന്ദ്രമോഡിയുടെ പരിചയക്കാരനായ ബച്ചന്‍റെ സിനിമകള്‍ റിലീസ് ചെയ്യുന്നതില്‍ നിന്ന് കേരളത്തിലെ തിയറ്ററുകള്‍ വിട്ടു നില്‍ക്കണം. ഏറ്റവും പ്രധാനമായി, കാണ്ഡഹാര്‍ എന്ന സിനിമയില്‍ ബച്ചനെ അഭിനയിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് മേജര്‍ രവി പിന്മാറണം. അതില്‍ ബച്ചനഭിനയിച്ചാല്‍ ബച്ചന്‍ വരുന്ന ഓരോ സീനിലും കേരളത്തിലെ ജനങ്ങള്‍ കൂവിവിളിക്കും. കേരളം എന്ന ബൗദ്ധിക ടൂറിസ്റ്റ് സെന്‍ററിന്‍റെ സോള്‍, ആത്മാവ് അതെന്താണെന്നു മനസ്സിലാക്കാനുള്ള സെന്‍സോ സെന്‍സിബിലിറ്റിയോ സെന്‍സിറ്റിവിറ്റിയോ ബച്ചനുണ്ടാകട്ടെ, എന്നിട്ട് ആ മോഡിയുമായുള്ള ബന്ധം അവസാനിപ്പിച്ച് പാര്‍ട്ടി മെബര്‍ഷിപ്പെടുത്ത് വരട്ടെ, അപ്പോള്‍ ആലോചിക്കാം. പാര്‍ട്ടി വിചാരിച്ചാല്‍ ബച്ചനും ഊരുവിലക്ക് ഏര്‍പ്പെടുത്താന്‍ കഴിയും, അത് ഒരു കൊച്ചനും മറക്കേണ്ട.

10 കോടി പെണ്ണുങ്ങളെ കിഡ്നാപ് ചെയ്തതാര് ?

പെണ്ണുങ്ങളെ തട്ടിക്കൊണ്ടു പോകുന്നവരും മനുഷ്യക്കടത്തു നടത്തുന്നവരും അഭിമാനിക്കുക. ഏഷ്യയിലെ ഏഴു രാജ്യങ്ങളില്‍ നിന്നായി നിങ്ങളുടെ ഒക്കെ പുണ്യം കൊണ്ട് കാണാതായ സ്ത്രീകളുടെ എണ്ണം 10 കോടിയായിരിക്കുന്നു. 2007ലെ കണക്കനുസരിച്ചാണ് ഇന്ത്യ,ചൈന,ബംഗ്ലാദേശ്, ഇറാന്‍, പാക്കിസ്ഥാന്‍, തെക്കന്‍ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇത്രയധികം പെണ്ണുങ്ങള്‍ അപ്രത്യക്ഷരായിരിക്കുന്നത്. വനിതാ ദിനത്തില്‍ യുഎന്‍ ഡയലപ്മെന്‍റ് പ്രോഗ്രാമായ യുഎന്‍ഡിപി പുറത്തു വിട്ടിരിക്കുന്ന കണക്കിനെ സംബന്ധിച്ച് വിശദമായ വാര്‍ത്ത ഇന്നത്തെ മാതൃഭൂമി അടക്കം പ്രധാന പത്രങ്ങളില്‍ വായിക്കാം.

‘ന്യൂഡല്‍ഹി: ഏഷ്യയിലെ ഏഴ് രാജ്യങ്ങളില്‍ നിന്നായി 10 കോടിയോളം സ്ത്രീകളെ കാണാതായെന്ന് യു.എന്നിന്റെ ഡവലപ്‌മെന്റ് പ്രോഗ്രാം (യു.എന്‍.ഡി.പി) റിപ്പോര്‍ട്ട്. അതില്‍ 8.5 കോടിയും ഇന്ത്യാക്കാരും ചൈനാക്കാരുമാണ്. 2007-ലെ കണക്കാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യ, ചൈന, ബംഗ്ലാദേശ്, ഇറാന്‍, നേപ്പാള്‍, പാകിസ്താന്‍, തെക്കന്‍ കൊറിയ എന്നിവയാണ് റിപ്പോര്‍ട്ടിലുളള ഏഴ് രാജ്യങ്ങള്‍. ചൈനയിലെ കൃത്യം കണക്ക് 4.26 കോടിയും ഇന്ത്യയിലേത് 4.27 കോടിയുമാണ്. ഈ സാമൂഹ്യവിപത്ത് തടയുന്നതില്‍ ഏറ്റവും ഫലപ്രദമായ നടപടികള്‍ സ്വീകരിച്ച ഏഷ്യന്‍ രാജ്യം ശ്രീലങ്കയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.’

എന്നാലും, 10 കോടി പെണ്ണുങ്ങള്‍ എവിടെ പോയതായിരിക്കും എന്നു നമ്മള്‍ ആലോചിച്ചു പോയാല്‍ ഉത്തരം കണ്ടെത്തുക അത്ര എളുപ്പമല്ല. കാരണം, 10 കോടി എന്നത് അത്ര ചെറിയ സംഖ്യയല്ല. ഇത്രയും പെണ്ണുങ്ങളെ കാണാതായിട്ട് ഇതുവരെ ആരും പറഞ്ഞിട്ടില്ല എന്നത് മറ്റൊരു കാര്യം ഈ പത്തുകോടി എഴു രാജ്യത്തില്‍ നിന്നാണെന്നു പറയുന്നുണ്ടെങ്കില്‍ ഇതില്‍ എട്ടു കോടിയിലധികവും ഇന്ത്യയിലും ചൈനയിലും നിന്നാണെന്നും പറയുന്നുണ്ട്. അതില്‍ 4.27 കോടി സ്ത്രീകളെ കാണാതായിരിക്കുന്നത് ഇന്ത്യയില്‍ നിന്നു മാത്രമാണ്.

പ്രസിഡന്‍റ് ഉള്‍പ്പെടെ പ്രധാന സ്ഥാനങ്ങളിലൊക്കെ സ്ത്രീകളിരിക്കുന്ന ഇന്ത്യാ മഹാരാജ്യത്ത് സ്ത്രീകള്‍ ഇങ്ങനെ ‘മിസ്സ്’ ആവുന്ന കാര്യം ഇതിനു മുമ്പ് ആരും ശ്രദ്ധിക്കാത്തതെന്തു കൊണ്ടാണ് ? ഇത്രയധികം പെണ്ണുങ്ങളെ കൊണ്ടുപോയതാരാണ് ? അവരെ കിഡ്നാപ്പേഴ്സ് എന്തു ചെയ്തു ? അവരൊക്കെ ഇപ്പോള്‍ എവിടെയാണ് ? ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ഇന്നത്തെ ഇംഗ്ലിഷ് പത്രങ്ങള്‍ കൂടി വായിച്ചാല്‍ സംഗതി പിടികിട്ടും. മലയാള പത്രങ്ങള്‍ പരിഭാഷപ്പെടുത്തിയെടുത്ത 10 കോടി പെണ്ണുങ്ങളെ കാണാതായ വാര്‍ത്തയുടെ ഒറിജിനല്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പി പ്രസിദ്ധീകരിച്ചത് ഇതാണ്.

‘NEW DELHI — The United Nations estimated Monday that India and China are “missing” about 85 million women who died from discriminatory health care and neglect or who were never born at all.In a major report on gender equality, the UN Development Programme (UNDP) found that Asia had the highest male-female sex ratio at birth in the world, with 119 boys born for every 100 girls.This far exceeded the global world average of 107 boys for every 100 girls.

The regional figure was skewed by enormous birth gender disparities in China and India, which each accounted for about 42.6 million of the report’s “missing” figure.Despite robust economic growth across Asia as a whole, the report found that millions of women remained excluded from the benefits of greater prosperity.’

അപ്പോള്‍ അങ്ങനെയാണ് കാര്യങ്ങല്‍. 10 കോടി പെണ്ണുങ്ങളെ ഇവിടെ നിന്ന് ആരും പിടിച്ചു കൊണ്ടു പോയതല്ല. ഗര്‍ഭഛിദ്രം മുതല്‍, ആരോഗ്യപരിപാലനത്തിലെ അപര്യാപ്തതകള്‍ വരെയുള്ള അനേകം കാരണങ്ങളാല്‍ ഇക്കാലയവില്‍ ഏഷ്യയിലെ ഏഴു രാജ്യങ്ങളില്‍ സ്ത്രീകളുടെ എണ്ണത്തില്‍ 10 കോടി കുറവ് വന്നിരിക്കുന്നു എന്നതാണ് വാര്‍ത്തയുടെ സാരാംശം. ഇത് സ്ത്രീപുരുഷാനുപാതത്തെയും സ്വാധീനിച്ചിട്ടുണ്ടാവാം. അല്ലാതെ, ഏതെങ്കിലും കുമാരന്‍മാര്‍ വന്ന് 10 കോടി പെണ്ണുങ്ങളെ പിടിച്ചോണ്ടു പോയി എന്നല്ല അതിനര്‍ഥം. ഇംഗ്ലിഷില്‍ എ,ബി,സി,ഡി മാത്രമറിയാവുന്ന എനിക്കിത്രയും മനസ്സിലായിട്ടും ഭയങ്കരന്‍മാരായ ചില പത്രങ്ങള്‍ക്ക് സ്ത്രീകള്‍ കാണാതായതിന്‍റെ പിന്നിലെ ദുരൂഹത പിടികിട്ടിയില്ലെന്നത് രസകരമാണ്. ഇത്രയൊക്കെ ഈസിയാണെങ്കില്‍ ഈ ബ്ലോഗ് ഡെയ്‍ലി പത്രമായി ഇറക്കുന്ന കാര്യം ഞാന്‍ വളരെ സീരിയസ്സായി ആലോചിക്കുകയാണ്.

മൂഡ്സ് ഓണ്‍ കണ്‍ട്രി

അക്രമം, കൊല, കൊള്ള, തീവ്രവാദം, സ്ത്രീപിഡനം, പെണ്‍വാണിഭം തുടങ്ങിയ പാരമ്പര്യ-നാടന്‍ കലകളാല്‍ സമൃദ്ധമായ സമൃദ്ധമായ കേരളത്തെയാണ് നമ്മള്‍ ഗോഡ്സ് ഓണ്‍ കണ്‍ട്രി, ഗോഡ്സ് ഓണ്‍ കണ്‍ട്രി എന്നു വിളിച്ചു കഷ്ടപ്പെടുത്തുന്നത്. അതു കേട്ടിട്ട് വൌ കേരള, ആലപ്പി, ഹൌസ് ബോട്ട്, മൂന്നാര്‍ എന്നൊക്കെ പറഞ്ഞ് ചെളിവെള്ളത്തില്‍ നീന്താനും കുടിയേറ്റവും കുടിയിറക്കവും നടക്കുന്ന ഒണക്കപ്രകൃതി കാണാനുമൊകെയായി വിമാനം കയറി വിദേശികളുമെത്തുന്നു. ഒന്നു വന്നവര്‍ പിന്നെ വരാതിരിക്കാന്‍ വേണ്ടി നമ്മള്‍ അവരെ കാണേണ്ട പോലെ കാണുന്നു. പക്ഷെ, ലോകത്ത് വിദേശികളാണ് അധികവുമെന്നതിനാല്‍ വര്‍ഷാവര്‍ഷം ഇവറ്റകള്‍ ബാഗും തൂക്കി പിന്നെയും വരുന്നു.

ഇവിടെ വന്നാലവര്‍ക്കു വേണ്ടി കരിക്കു മുതല്‍ കഥകളി വരെ നമ്മള്‍ തമിഴ്നാട്ടില്‍ നിന്നിറക്കു മതി ചെയ്യും. ലോകവിപണിയില്‍ എന്തു മാത്രം ഉല്‍പന്നങ്ങളുടെ എക്സ്പോര്‍ട്ടിങ്ങില്‍ ഒന്നാമത് നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇവിടെ നിന്ന് എക്സ്പോര്‍ട്ട് ചെയ്യുന്ന വസ്തുക്കളില്‍ കേരളത്തിന്റെതായിട്ട് ഒരു ക്ണാപ്പും ഇല്ലെന്നതിന്റെ കുറവു പരിഹരിക്കാന്‍ റബര്‍ കച്ചവടക്കാര്‍ മുന്നിട്ടിറങ്ങുന്നു (ലോകത്തുള്ള റബ്ബറെല്ലാം പാലായിലുള്ള എന്റെ തോട്ടത്തില്‍ നിന്നു വെട്ടിയിറങ്ങുന്നതാണെന്ന് ഓര്‍മിക്കുമല്ലോ). റബറിന്റെ ബിസിനസില്‍ മുഴുകിയിട്ടുള്ള ഹിന്ദുസ്ഥാന്‍ ലാറ്റക്സ് എന്ന കമ്പനിയാണ് കേരളത്തിന്റെ മാനം രക്ഷിക്കാന്‍ മുന്നിട്ടിറങ്ങുന്നത്. കേരളമെന്ന ഇട്ടാവട്ടത്തില്‍ കിടന്നു തായം കളിക്കാന്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സിനു ടൈമില്ലാത്തതുകൊണ്ടോ താല്‍പര്യമില്ലാത്തതുകൊണ്ടോ അല്ല. ഈ ഇട്ടാവട്ടത്തിലറങ്ങുന്ന റബറിന്റെ മുഴുവന്‍ ഉത്തരവാദിത്വോം ഉള്ള ലാറ്റക്സ് രാജ്യാന്തര റബര്‍ വിപണിയിലിക്കിറങ്ങുമ്പോള്‍ നമ്മള്‍ കയ്യടിച്ചു പ്രോല്‍സാഹിപ്പിക്കേണ്ടേ ? കേരളത്തിന്റെതായിട്ട് എക്സ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒരേയൊരു ഉല്‍പന്നത്തിനു നമ്മുടെ പിന്തുണയെല്ലാം അറിയിക്കേണ്ടേ ?

ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഇവിടെ നിന്നു റബര്‍ ഷീറ്റുകള്‍ പാണ്ടിലോറിയില്‍ കെട്ടുകെട്ടായി കയറ്റി അയക്കുകയാണെന്നു കരുതിയെങ്കില്‍ തെറ്റി. സായിപ്പ് റബര്‍ എന്നുദ്ദേശിക്കുന്ന സാധനം വേറെയാണ്- ഗര്‍ഭനിരോധന ഉറ അഥവാ കോണ്‍ഡം. വിദേശരാജ്യത്ത് ഗര്‍ഭം എന്നു പറയുന്നത് ഇത്ര വലിയ ഭീഷണിയാണോ എന്നു നമ്മള്‍ വിചാരിക്കും. ഗര്‍ഭനിരോധനമെന്നു പേരുണ്ടെങ്കിലും സംഗതി പ്രാക്ടിക്കലി എയ്ഡ്സ് നിരോധന ഉറകളായി മാറിയിട്ടുണ്ട്. പിന്നെ, ച്യൂയിങ് ഗം പോലെ വിവിധ ഫ്ളേവറുകളില്‍ വിവിധ നിറങ്ങളില്‍ അത്യദ്ഭുതകരമായ പ്രത്യേകതകളോടെയാണ് സംഗതി വിപണിയിലെത്തുന്നത്. ഇന്ത്യയില്‍ നിന്നുള്ള പിള്ളേരെ തല്ലിച്ചതയ്ക്കുന്ന ഓസ്ട്രേലിയക്കാര്‍ നാളെ മുതല്‍ ഗോഡ്സ് ഓണ്‍ കോണ്‍ഡം കയ്യിലെടുക്കുമ്പോള്‍ പശ്ചാത്തപത്തോടെ ഓര്‍ക്കണം.

ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെ (അങ്ങനെ പറയുന്നത് സാങ്കേതികമായി ശരിയല്ല; എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ് എന്നാണ് പുതിയ പേര്) ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.അയ്യപ്പന് സ്ഥാപനത്തിന്റെ വളര്‍ച്ചയിലും പുരോഗതിയിലും നിര്‍ണായകമായ പങ്കുണ്ട്. കേരളത്തില്‍ തിരുവനന്തപുരത്തെ പേരൂര്‍ക്കടയിലും ആക്കുളത്തും കൊച്ചിയില്‍ കാക്കനാട്ടുമാണ് ഹിന്ദുസ്ഥാന്‍ ലാറ്റക്സ് പ്രൊഡക്ഷന്‍ യൂണിറ്റുകളുള്ളത്. വിവിധ ഉല്‍പന്നങ്ങളില്‍ കോണ്‍ഡം വിപണിയിലാണ് കമ്പനിയുടെ കുത്തക നിലവിലുള്ളത് എന്നു പറയാം. പല പേരുകളിലായി വിപണിയില്‍ വിറ്റുപോകുന്ന മിക്കവാറും റബറുകളും എച്ച്എല്‍എല്ലിന്റേതാണ്. സൂപ്പര്‍ ബ്രാന്‍ഡായ മൂഡ്സ്, സാക്ഷാല്‍ ഗര്‍ഭനരോധന ഉറയായ ഡീലക്സ് നിരോധ്, ഷെയര്‍, നിംഫ്, രക്ഷക്, ഉസ്താദ് എന്നീ വിവിധ റേഞ്ചുകളിലായി കോണ്‍ഡം വിപണിയാകെ കയ്യടക്കിയിരിക്കുകയാണ് എച്ച്എല്‍എല്‍.

ഇവയില്‍ മൂഡ്സ് ബ്രാന്‍ഡ് ആണ് എച്ച്എല്‍എല്‍ ഇനി മുതല്‍ ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള വിദേശ രാജ്യത്തേക്കു കൂടി ലഭ്യമാക്കുന്നത്. ഡ്യൂറക്സ് ഉള്‍പ്പെടെയുള്ള വിദേശകുത്തകകളോട് നേരിട്ടുള്ള മല്‍സരത്തിനൊരുങ്ങുമ്പോള്‍ ഉല്‍പന്നത്തിന്റെ മികവ് ഒന്നുകൊണ്ടു മാത്രം പിടിച്ചുനില്‍ക്കാനുള്ള കരുത്ത് എച്ച്എല്‍എല്ലിനുണ്ട് എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇന്ത്യക്കു പുറമേ, ആഫ്രിക്കന്‍ ഗള്‍ഫ് മേഖലയിലും യൂറോപ്യന്‍ രാജ്യങ്ങളിലും മൂഡ്സ് ചേട്ടന്‍മാര്‍ക്ക് പ്രിയപ്പെട്ട ബ്രാന്‍ഡ് ആണ്. ഇപ്പോള്‍ ഓസ്ട്രേലിയ, ന്യൂസീലാന്‍ഡ്, ഫിജി, ഇന്‍ഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് മൂഡ്സിന്റെ പോക്ക്. തികച്ചും വ്യത്യസ്തമായ 19 മോഡലുകളാണ് മൂഡ്സ് വിപണിയിലെത്തിക്കുന്നത്. ഉല്‍പന്നം പോലെ തന്നെ മൂഡ്സിന്റെ പരസ്യങ്ങളും മികച്ചത് തന്നെ. ശവപ്പെട്ടി പോലും നഗ്നമോഡലുകളെയും സെക്സിന്റെ ദ്വയാര്‍ഥങ്ങളും വച്ചു മാര്‍ക്കറ്റ് ചെയ്യുന്ന ഇക്കാലത്ത് മറ്റൊരര്‍ഥവും ഇല്ലാത്ത മൂഡ്സ് മാര്‍ക്കറ്റ് ചെയ്യാന്‍ പുറത്തിറക്കിയിരിക്കുന്ന പരസ്യം നോക്കൂ.

പൊതുവേ ലൈംഗികകാര്യങ്ങളില്‍ വല്ലാത്ത ഉന്മേഷമുള്ള ഓസ്ട്രേലിയ കോണ്‍ഡം കമ്പനികള്‍ക്ക് വളക്കൂള്ള മണ്ണാണ്. മാര്‍ക്കറ്റ് സ്റ്റഡി അനുസരിച്ച് രണ്ടുകോടിയിലേറെ കോണ്‍ഡം വര്‍ഷം ഓസ്ട്രേലിയയില്‍ മാത്രം വിറ്റുപോകുന്നുണ്ടത്രേ. ഈ രാജ്യങ്ങവിലെ വിജയകരമായ കാല്‍പയ്പോടെ ഈ രംഗത്ത് ലോകത്തെ ഏറ്റവും ശത്കമായ കുത്തകയായി കൊച്ചുകേരളത്തിന്റെ മൂഡ്സ് മാറുമെന്നത് നിസ്സാര കാര്യമല്ല. ഊതിപ്പെരുപ്പിച്ച കണക്കുകളും എഴുതിപ്പെരുപ്പിച്ച വളര്‍ച്ചയും കാട്ടി ബിസിനസ് ലോകത്തെ ആചാര്യന്‍മാരായി ഭാവിക്കുന്ന അഴകിയ ബ്രാന്‍ഡുകള്‍ക്ക് ഇത് ശ്രദ്ധേയമായ പാഠമാണ്. വാക്കിലും പരസ്യത്തിലുമല്ല പ്രവൃത്തിയിലാണ് കാര്യം എന്നത് എല്ലാ രംഗത്തും ശരിയാണ് എന്നത് അടിവരയിടുന്നു മൂഡ്സ് വിജയം. കഥകളിയും ടൂറിസവും പോലെ എടുത്തുയര്‍ത്തിക്കാട്ടുന്ന പെരുമകളോടൊപ്പം തീര്‍ച്ചയായും മൂഡ്സിനും സുപ്രധാനമായ ഒരു സ്ഥാനം നല്‍കാന്‍ നമ്മുടെ ബുദ്ധിജീവികള്‍ക്കു കഴിയുമാറാകട്ടെ.