നഗ്നതയുടെ ഉള്‍ക്കാഴ്ചകള്‍

അശ്ലീലത്തിന്റെ നിര്‍വചനങ്ങള്‍ മാറുകയും ഒരു കാലത്ത് നികൃഷ്ടമെന്നു കരുതിയിരുന്ന പോര്‍ണോഗ്രഫി ഒരു കലയായി വിശേഷിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഇതൊന്നും കാണാനും കേള്‍ക്കാനും കഴിയാത്തവര്‍ ഭാഗ്യവാന്‍മാര്‍ അല്ലെങ്കില്‍ നിര്‍ഭാഗ്യവാന്‍മാര്‍ എന്നാരെങ്കിലും ആത്മഗതം ചെയ്തിട്ടുണ്ടെങ്കില്‍ പശ്ചാത്തപിക്കുക, അന്ധര്‍ക്കു വേണ്ടി നിര്‍മിച്ച ലോകത്തെ ആദ്യത്തെ സമ്പൂര്‍ണ കൊച്ചുപുസ്തകം ആദ്യലക്കം പുറത്തിറങ്ങിയിരിക്കുന്നു. Tactile Mind എന്നു പേരിട്ടിരിക്കുന്ന ഈ അഡള്‍ട്ട് മാഗസിനില്‍ ബ്രെയില്‍ ലിപിയിലുള്ള ഉഗ്രന്‍ കഥകളും വിവരണങ്ങളും വായനക്കാരന്റെ നെഞ്ചിടിപ്പുലയ്ക്കുന്ന ചിത്രങ്ങളും ആണുള്ളത്.

അന്ധരായിട്ടുള്ളവര്‍ എങ്ങനെ ചിത്രം ആസ്വദിക്കും എന്നു ചോദിച്ചാല്‍ ചിത്രങ്ങളാണ് ഈ മാഗസിന്റെ ഹൈലൈറ്റ്. ഈ മാഗസിനിലെ ചിത്രങ്ങള്‍ ത്രിഡി മികവോടെ അന്ധര്‍ക്ക് ആസ്വദിക്കാനാവും. പ്രതലത്തില്‍ നിന്നും തടിച്ചുയര്‍ന്നു നില്‍ക്കുന്ന ചിത്രങ്ങളാണ് മാഗസിനില്‍ ഉള്ളത്. അതായത് ഒരു സ്ത്രീയുടെ നഗ്നചിത്രമാണെങ്കില്‍ ഉയര്‍ത്ത താഴ്ചകളും മൃദുലതകളും എല്ലാം വളരെ ഒറിജിനലായി ഈ ചിത്രത്തിലൂടെ വിരലോടിച്ചാല്‍ ബ്രെയില്‍ ലിപി വായനക്കാരന് എല്ലാം മനസ്സിലാവും എന്നു ചുരുക്കം. മാഗസിനിലെ ഏതാനും ചിത്രങ്ങള്‍ ബ്ളോഗില്‍ സാംപിളിന് നല്‍കിയിട്ടുണ്ട്. ഏതോ പുരാതന ശില്‍പകലയുടെ പുനരാവിഷ്കാരമെന്നൊക്കെ തോന്നുമെങ്കിലും സംഗതി പുതുപുത്തനാണ്.

പ്ളേബോയ് മാഗസിന് ഒരു ബ്രെയില്‍ എഡിഷനുണ്ടെങ്കിലും അതില്‍ ചിത്രങ്ങളില്ല. ഇതില്‍ അത്യപാരങ്ങളായ ചിത്രങ്ങളാണുള്ളത്. പ്രമുഖ കനേഡിയന്‍ ഫോട്ടോഗ്രാഫറായ ലിസ മര്‍ഫിയാണ് ഈ അപൂര്‍വസംരംഭത്തിനു പിന്നില്‍. ടൊറന്റോക്കാരിയായ ഈ ചേച്ചി കനേഡിയന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി ബ്ളൈന്‍ഡിലെ പ്രവര്‍ത്തക കൂടിയാണ്. അല്ലെങ്കിലും മനുഷ്യര്‍ക്കു പ്രയോജനമുള്ള വല്ലതും ചെയ്യാന്‍ ഇവിടെ പെണ്ണുങ്ങള്‍ തന്നെ വേണം. അത്യുഗ്രന്‍ ചിത്രങ്ങളെ സാങ്കേതികവിദ്യ ഉപയോഗിച്ച് കഷ്ടപ്പെട്ട് ത്രിഡിയാക്കി മാറ്റിയാണ് പേജില്‍ പുനഃസൃഷ്ടിച്ചിട്ടുള്ളത്. ഓരോ ചിത്രവും സൃഷ്ടിക്കാന്‍ 50 മണിക്കൂറുകളാണ് വേണ്ടി വന്നത്. അതായത് മാഗസിനിലെ ഓരോ പേജും കൈകള്‍കൊണ്ട് നിര്‍മിച്ചിട്ടുള്ളവയാണ്.

അതുകൊണ്ട് തന്നെ മാഗസിന്റെ വിലയും അല്‍പം കൂടും. 230 ഡോളര്‍ (ഏകദേശം 8000 രൂപ) കൊടുക്കണം ഈ മാഗസിന്റെ ഒരു കോപ്പി സ്വന്തമാക്കാന്‍. സാധാരണ മാഗസിന്‍ പോലെ വായിച്ചു വലിച്ചെറിയാന്‍ തോന്നാത്ത തരം കൊച്ചുപുസ്തകമാണത്രേ ഇത്.
ന്യൂഡ് ഫോട്ടോഗ്രഫി അന്ധരായ ആളുകള്‍ക്ക് ആസ്വദിക്കാന്‍ കഴിയില്ലല്ലോ കഴിയില്ലല്ലോ എന്ന ചിന്തയാണത്രേ ലിസ മര്‍ഫിയെ ഇത്തരമൊരു സംരംഭത്തിനു പ്രേരിപ്പിച്ചത്. അന്ധരായ ആളുകള്‍ക്കു വേണ്ടി നഗ്നതയും ലൈഗികതയും പ്രതിപാദിക്കുന്ന ഒന്നും നിലവിലില്ലാത്തിനാലാണ് ലിസ ഏറെ അധ്വാനിച്ച് ഈ ഉദ്യമത്തിനിറങ്ങിയത്. അവര്‍ക്കും വികാരങ്ങളും വിചാരങ്ങളും ഭാവനകളുമില്ലേ എന്നാണ് ലിസ ചോദിക്കുന്നത്. പരിചയത്തിലുള്ള മോഡലുകളെ സ്വാധീനിച്ചാണ് ലിസ മാഗസിനാവശ്യമായ ചിത്രങ്ങളെടുത്തത്. ചിലതില്‍ ലിസ സ്വയം മോഡലായിട്ടുണ്ട്. എന്നാല്‍, എല്ലാവരും മുഖംമൂടി ധരിച്ചിരിക്കുന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ സാധിക്കില്ല.

പതിനേഴു ചിത്രങ്ങളാണ് ഇതിലുള്ളത്. ബ്രെയില്‍ പേജുകള്‍ ഉണ്ടാക്കുന്ന തെര്‍മോഫോം പ്ളാസ്റ്റിക്കിലാണ് ഈ ചിത്രങ്ങളും വാര്‍ത്തെടുത്തിരിക്കുന്നത്. ഈ ചിത്രങ്ങളോരോന്നും പേജില്‍ നിന്നെടുത്തുമാറ്റി വിശദമായി തൊട്ടുമനസ്സിലാക്കി ആസ്വദിക്കാനും കഴിയും. ചിത്രത്തോടൊപ്പം ബെയില്‍ ലിപിയില്‍ വിശദമായ കുറിപ്പുകളുമുണ്ട്.

ബെസ്റ്റ് (ഗേള്‍)ഫ്രണ്ട്

പരാതികളില്ല; പരിഭവമില്ല, തലയണമന്ത്രങ്ങളില്ല. അഥവാ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ കട്ടില്‍ വടക്കോട്ട് മാറ്റിയിട്ട് തിരിഞ്ഞു കിടന്നുറങ്ങുന്ന പ്രശ്നമില്ല. എച്ച്ഐവിയെ പേടിക്കേണ്ട, റേറ്റ് കൂട്ടുമോ എന്നും ആശങ്ക വേണ്ട. രോഗമോ വാര്‍ധക്യമോ ഒരു ഭീഷണിയാകാനും പോകുന്നില്ല. എന്നെങ്കിലും ഇതെല്ലാം പത്രസമ്മേളനം വിളിച്ച് പരസ്യപ്പെടുത്തുമെന്നോ നിങ്ങളറിയാതെ വിഡിയോ എടുത്ത് നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്നോ ഭയപ്പെടുകയും വേണ്ട.

അവിവാഹിതനായി ആയുഷ്കാലം ജീവിക്കാന്‍ തീരുമാനിക്കുന്ന ഫ്രോഡുകള്‍ക്കും കറുത്തതോ വെളുത്തതോ കാവി പൂശിയതോ ആയ കുപ്പായങ്ങള്‍ക്കുള്ളില്‍ ദൈവത്തിന്റെ ഏജന്റായി ജീവിക്കുന്നവര്‍ക്കും, മൊത്തത്തില്‍ പെണ്ണിനെ കൊണ്ടുള്ള പ്രയോജനം രാത്രീലിച്ചിരെ നേരത്തെ നേരമ്പോക്കു മാത്രമാണെന്നു കരുതുന്നവര്‍ക്കും അങ്ങനൊരു നേരമ്പോക്ക് ഓര്‍ത്തു മാത്രം കല്യാണം കഴിക്കുന്നവര്‍ക്കും ഇവള്‍ പ്രയോജനപ്പെടും. പക്ഷെ, സ്ത്രീധനം എന്ന പേരില്‍ ഒരു തുക ഇങ്ങോട്ടു കിട്ടില്ല. ഏതാണ്ട് അത്രയും വരുന്ന തുക അങ്ങോട്ടു കൊടുത്ത് സംഗതി വാങ്ങണം.

പേര് റോക്സി. വയസ്സ്: പതിനെട്ട് തികയില്ല(ഒരിക്കലും). ഉയരം 170 സെന്റീമീറ്റര്‍. ഭാരം 54 കിലോഗ്രാം. നല്ല വെളുത്ത നിറം. ഇനിയങ്ങോട്ട് പെര്‍ഫെക്ട് ആകാനില്ലാത്ത വിധം മികച്ച ഫിഗറും സംഗതികളും. ലോകത്തെ ആദ്യത്തെ സെക്സ് റോബോട്ട് എന്നോ അങ്ങനെ പറയാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഗേള്‍ഫ്രണ്ട് എന്നോ വിശേഷിപ്പിക്കാം. ഏകപക്ഷീയമായ ലൈംഗികപ്രവര്‍ത്തനത്തിനു വേണ്ടി വികസിപ്പിച്ചെടുത്തിട്ടുള്ള ഡമ്മികള്‍ യുഖയുഖാന്തരങ്ങള്‍ക്കു മുമ്പേ ഭൂമിയില്‍ ഉണ്ടായിരുന്നതാണ്.

റോക്സിയോട് ഏകപക്ഷീയമായ ഒരു കളി നടക്കില്ല. കൃത്രിമബുദ്ധിയും തൊട്ടാല്‍ ചോര പൊടിയുന്ന വിധം മനോഹരമായ കൃത്രിമശരീരവുമുള്ള റോക്സി ശരിക്കും ഒരു മനുഷ്യസ്ത്രീയെപ്പോലെ പെരുമാറും (ആണുങ്ങള്‍ക്കു വേണ്ടി ഉണ്ടാക്കിയതാണെന്നെരിക്കെ അതെത്രത്തോളം സത്യമായിരിക്കും എന്നത് കണ്ടറിയണം).

പെര്‍ഫെക്ട് കംപാനിയന്‍ എന്ന കമ്പനി നിര്‍മിച്ച റോക്സിയെ ലാസ് വെഗാസിലെ എവിഎന്‍ അഡള്‍ട്ട് എന്റര്‍ടെയ്ന്‍മെന്റ് എക്സ്പോയില്‍ പ്രദര്‍ശനത്തിനു വച്ചിട്ടുണ്ട്. സാധാരണ ഗേള്‍ഫ്രണ്ടിനെ ബോറടിക്കുന്നതുപോലെ റോക്സിലെ ബോറടിക്കില്ല എന്നു നിര്‍മാതാക്കള്‍ ഉറപ്പു നല്‍കുന്നുണ്ട്. ഇവള്‍ അങ്ങനെയായിരുന്നെങ്കില്‍, ഇങ്ങനെ ആയിരുന്നെങ്കില്‍ എന്നൊക്കെ വിചാരിച്ച് കണ്ട പെണ്ണുങ്ങളുടെ പിന്നാലെ പോകുന്ന ക്ണാപ്പന്‍മാര്‍ക്ക് റോക്സി പറ്റും.

ഒറിജിനല്‍ ഗേള്‍ഫ്രണ്ട് ഗള്ളഖാമുകന്റെ തോന്നലുകള്‍ക്കനുസരിച്ച് മാറില്ലല്ലോ. എന്നാല്‍, കൃത്രിമ ബുദ്ധിയുള്ള റോക്സിയില്‍ പ്രോഗ്രാം ചെയ്തു വച്ചിരിക്കുന്ന മൂന്നു വ്യക്തിത്വങ്ങളുണ്ട്. ഓരോ രാത്രിയിലെയും മൂഡിനനുസരിച്ച് സ്വിച്ചിടാം. സ്വിച്ചിട്ടാല്‍ റോക്സി എങ്ങനെയായിരിക്കും എന്നു വ്യക്തിത്വങ്ങളുടെ പേരില്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്. ഫ്രിജിഡ് ഫറ (അനങ്ങില്ല, ഒരേ കിടപ്പായിരിക്കും), മച്വര്‍ മാര്‍ത്താ (ഇതിനപ്പുറം കണ്ടവളാണെന്ന ലൈന്‍), വൈല്‍ഡ് വെന്‍ഡി (ഇങ്ങനെയുമുണ്ടോ ഭ്രാന്ത് എന്നു പറയിപ്പിക്കും) എന്നിവയാണ് പ്രോഗ്രാം ചെയ്തു വച്ചിരിക്കുന്ന മൂന്നു വ്യക്തിത്വങ്ങള്‍.

ഇനിയിപ്പോള്‍ ഞാനുദ്ദേശിച്ചത് അങ്ങനെയല്ല ഇങ്ങനെയാണ് എന്നു കുറ്റം പറഞ്ഞ് വേറെ പെണ്ണുങ്ങളെ വളയ്ക്കാമെന്നാണെങ്കില്‍ അതും നടക്കില്ല. നിങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് അവളെ മൊത്തത്തില്‍ കസ്റ്റമൈസ് ചെയ്ത് പരുവത്തിലാക്കാം. ചുരുക്കത്തില്‍ ഇത്തരത്തിലൊന്നിനെ സ്വന്തമാക്കിയാല്‍ അടിപിടിയും അലമ്പും ഇല്ലാത്ത ‘കുടുംബ’ജീവിതവും ഡൈവോഴ്സില്ലാത്ത ലോകവും സൃഷ്ടിക്കാമെന്നും കമ്പനി പ്രതിനിധികള്‍ സൂചിപ്പിക്കുന്നു. പെണ്ണുങ്ങള്‍ വലിയ മെനക്കേടാവുന്ന ഇക്കാലത്ത് ഇങ്ങനെ വല്ല പാവയോ റോബോട്ടോ ആയിരിക്കും ഭാവിയില്‍ ആണുങ്ങള്‍ ഇണയായി തിരഞ്ഞെടുക്കുക എന്നു ചില ഗവേഷകരും പറയുന്നു.

അമേരിക്കയില്‍ ഉണ്ടാക്കിയ ഈ സംഗതിക്കു പിന്നിലും ഒരു കഥയുണ്ട്. ഓര്‍കുട്ട് സൈറ്റ് ഉണ്ടാക്കിയ ചേട്ടന്‍ തന്റെ കാണാതായായ കൂട്ടുകാരിലെ തിരിയാനാണ് അതുണ്ടാക്കിയതെന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ഓര്‍കുട്ടിന് ഒരു കാല്‍പനിക പരിവേഷമുണ്ടായി. അങ്ങനെ നോക്കിയാല്‍ കണ്ണു നനയിക്കുന്ന ഒരു കഥ റോക്സിയുടെ പിന്നിലും ഉണ്ട്. റോക്സിയെ ഉണ്ടാക്കിയ ഡഗസ് ഹൈന്‍സ് എന്ന ചേട്ടന് സുന്ദരിയും സ്നേഹനിധിയുമായ ഒരു കൂട്ടുകാരിയുണ്ടായിരുന്നത്രേ. എന്നാല്‍, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ വച്ച് ഡഗസിന് ആ കുട്ടുകാരിയെ നഷ്ടപ്പെട്ടു.

ആ ദുഖം താങ്ങാനാവാതെ ഏകാന്തതയുടെ അപാരതീരങ്ങളിലൂടെ അലഞ്ഞുതിരിഞ്ഞു നടന്ന ഡഗസ് ഒടുവില്‍ സ്വന്തം കൂട്ടുകാരിയുടെ ഛായയിലും സാദൃശ്യത്തിലും റോക്സിയെ ഉണ്ടാക്കി. ഇനി പലതരം കേളീവിനോദങ്ങള്‍ക്കായി പീസ് ഒന്നിന് അഞ്ചു ലക്ഷം എന്ന നിരക്കില്‍ ഇതു കാമഭ്രാന്തന്‍മാര്‍ക്കു വില്‍ക്കും. അങ്ങനെ സ്വന്തം കൂട്ടുകാരിയെ നാട്ടുകാര്‍ പലവിധത്തില്‍ ഉപയോഗിക്കുന്നല്ലോ എന്നോര്‍ത്ത് അദ്ദേഹത്തിന്റെ മിഴികള്‍ ഈറനണിയുമായിരിക്കും.

മൂന്നുതരം വ്യക്തിത്വങ്ങളുണ്ടെന്നൊക്കെ പറഞ്ഞാലും ഇതിന്റെ പ്രോഗ്രാമിങ് ഫെമിനിസ്റ്റുകള്‍ക്കിഷ്ടപ്പെടില്ല. കൈയ്യില്‍ കയറിപ്പിടിക്കുമ്പോളാണ് റോക്സി ആക്ടീവ് ആകുന്നത്. വാ ചേട്ടാ അകത്തേക്കു പോകാം എന്ന ഒരൊറ്റ ലൈനേ റോക്സിക്കുള്ളൂ. റോക്സിയോട് സ്ത്രീവിരുദ്ധ- പ്രകൃതിവിരുദ്ധ നടപടികള്‍ക്കു മുതിര്‍ന്നാല്‍ കൈമടക്കി ഠപ്പേന്നടിക്കില്ല റോക്സി. അങ്ങനെയൊരു പ്രോഗ്രാമിങ് ഇതിലില്ല. ഫെമിനിസ്റ്റുകള്‍ കുഴപ്പമുണ്ടാക്കാതിരിക്കാനാണോ ആവോ റോക്കി എന്ന പേരില്‍ ഇതിന്റെ ഒരു പുരുഷ വേര്‍ഷനും സൃഷ്ടിച്ചിട്ടുണ്ട്.