വിലക്കിന്റെ സുഖം

എന്തു കൊണ്ടു മലയാള സിനിമകള്‍ എട്ടു നിലയില്‍ പൊട്ടുന്നു എന്ന ചോദ്യത്തിനുള്ള ഏറ്റവും ലളിതമായ ഉത്തരമാണ് സിനിമാ പ്രവര്‍ത്തകര്‍ നമുക്കു മുന്നില്‍ വച്ചിരിക്കുന്നത്. സംഘടനകള്‍ തട്ടിക്കൂട്ടി ഉണ്ടാക്കുകയും ആ സംഘടനകള്‍ക്കൊക്കെ എന്തോ വലിയ അധികാരങ്ങളുണ്ടെന്നു വിശ്വസിക്കുകയും അത്തരം സാങ്കല്‍പിക അധികാരങ്ങളുടെ പേരില്‍ സഹപ്രവര്‍ത്തകരെ വിലക്കുകയും നിരോധിക്കുകയുമൊക്കെ ചെയ്യുന്ന സംഘടിതരും വിവരദോഷികളുമായ ഒരു സംഘമാളുകള്‍ക്ക് നല്ല സിനിമയെടുക്കാനുള്ള വിവേകമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. ഇന്നസെന്റും ബി.ഉണ്ണികൃഷ്ണനും ലിബര്‍ട്ടി ബഷീറുമൊക്കെ അവരവരുടെ ഈഗോ മുറുകെപ്പിടിച്ച് സ്വയം അപഹാസ്യരാകുമ്പോള്‍ ജനം ഹിന്ദി, തമിഴ് സിനിമകള്‍ കണ്ടു കയ്യടിക്കുന്നതിന്റെ ആരവം ഇവര്‍ കേള്‍ക്കാതെ പോവുകയാണ്.

മോഹന്‍ലാല്‍ നായകനായ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ‘മിസ്റ്റര്‍ ഫ്രോഡ്’ റിലീസ് ചെയ്യുന്നതിന് ഫലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ആണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഫെഡറേഷന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ നിന്നും ബി.ഉണ്ണികൃഷ്ണന്‍ വിട്ടു നിന്നതില്‍ പ്രതിഷേധിച്ചാണ് സംഘടന സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ മഹാ അഹങ്കാരിയാണെന്നും അദ്ദേഹം മാപ്പു പറയാതെ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്നുമാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ നിലപാട്. സംഗതി ബാലിശമാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാക്കാം. എന്നാല്‍, ഈ സംഘടനകളുടെ പഴയ ചരിത്രം വച്ചു നോക്കുമ്പോള്‍ വിനയന്‍ പറഞ്ഞതുപോലെ അമ്മയും ഫെഫ്കയും വിലക്കിന്റെ സുഖം ഒന്നറിയുന്നത് നല്ലതാണ്.

പ്രഖ്യാപിത-അപ്രഖ്യാപിത വിലക്കുകള്‍ കൊണ്ട് മലയാള സിനിമയില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചിട്ടുള്ള രണ്ട് സംഘടനകളാണ് അമ്മയും ഫെഫ്കയും. അതുകൊണ്ടു തന്നെ ഈ വിലക്ക് അനിവാര്യമായ ഒന്നാണ്. തിലകന്‍ ഉള്‍പ്പെടെയുള്ള നടന്‍മാരെ വിലക്കിയ ചരിത്രമുള്ള അമ്മയും വിനയനെയും അദ്ദേഹത്തെ പിന്തുണച്ചവരെയും മാറ്റിനിര്‍ത്തിയിട്ടുള്ള ഫെഫ്കയും സംഘടനാഭാരവാഹിയുടെ പടത്തിനു വിലക്കു വന്നപ്പോള്‍ സടകുടഞ്ഞെണീറ്റിരിക്കുകയാണ്. വിലക്ക് നീക്കിയില്ലെങ്കില്‍ (ലിബര്‍ട്ടി ബഷീര്‍ ഉണ്ണികൃഷ്ണനോടു മാപ്പു പറയണമെന്നൊരു ക്ലോസ് കൂടി വയ്ക്കാമായിരുന്നു) മെയ് ഒന്നു മുതല്‍ ഫെഫ്കയുടെ നേതൃത്വത്തില്‍ സിനിമാ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ച് സമരം ചെയ്യാനാണ് ഫെഫ്കയുടെ തീരുമാനം.

ഗംഭീരം എന്നു ടാഗ് ചെയ്ത് പുറത്തിറക്കുന്ന സിനിമകള്‍ കണ്ട് പ്രേക്ഷകര്‍ വിമര്‍ശിച്ചു പോയാല്‍ ലൈറ്റ്‌ബോയ് മുതലുള്ള അനേകം സിനിമാ പ്രവര്‍ത്തകരുടെ ജീവിതമാര്‍ഗമാണെതെന്നു പറഞ്ഞു വിമര്‍ശനങ്ങളെ ചെറുക്കുന്നവരാണ് നിസ്സാര ഈഗോയുടെ പേരില്‍ വ്യവസായമൊന്നടങ്കം സ്തംഭിപ്പിക്കാന്‍ പോകുന്നതെന്ന് ഓര്‍ക്കണം. ഈ പറഞ്ഞ പാവങ്ങളുടെ അധ്വാനത്തെക്കാള്‍ വലുതാണ് ഉണ്ണികൃഷ്ണന്റെയും ഇന്നസെന്റിന്റെയുമൊക്കെ ദുരഭിമാനമെങ്കില്‍ സിനിമയെ വിമര്‍ശിക്കാനുള്ള പ്രേക്ഷകരുടെ അവകാശത്തെ ചോദ്യം ചെയ്യാന്‍ ഈ വിവരദോഷികള്‍ക്ക് എന്തവകാശമാണുള്ളത്.

ഈ വിലക്കിനെ ഫാസിസം എന്നു വിശേഷിപ്പിച്ചിരിക്കുന്ന അമ്മ പ്രസിഡന്റ് ഇന്നസെന്റ് ആണ് ഇക്കൂട്ടത്തില്‍ ഏറ്റവും പരിഹാസ്യമായ കഥാപാത്രം. തിരഞ്ഞെടുപ്പുകാലത്ത് സിപിഎമ്മുകാരോടൊപ്പം നടന്നു ഫാസിസം എന്നൊക്കെയുള്ള വാക്കുകള്‍ പഠിച്ചത് അര്‍ഥമറിയാതെ അദ്ദേഹം ചുമ്മാ എടുത്തു പ്രയോഗിക്കുകയാണ്. ചരിത്രം പരിശോധിച്ചാല്‍ വിവിധ കാലങ്ങളിലായി സംഘടനയുടെ പരമാധികാരം പ്രകടമാക്കി ഇവിടെ ഏറ്റവുമധികം വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത് അമ്മയാണ്. ടിവിയില്‍ അഭിനയിക്കാന്‍ വിലക്ക്, ഷോയില്‍ പങ്കെടുക്കാന്‍ വിലക്ക്, പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ വിലക്ക്, വിളിച്ചാല്‍ ഫോണെടുത്തില്ലെങ്കില്‍ വിലക്ക്, പ്രഖ്യാപിത വിലക്ക്, അപ്രഖ്യാപിത വിലക്ക്. ഇതെല്ലാം കഴിഞ്ഞിട്ട് അദ്ദേഹം പുതിയ വിലക്കിനെ ഫാസിസം എന്നു വിശേഷിപ്പിക്കുമ്പോള്‍ ഉച്ചത്തിലുള്ളൊരു പൊട്ടിച്ചിരിയാണ് കേള്‍ക്കുന്നത് (തിലകന്റെ ശബ്ദത്തില്‍).

കളിയില്‍ തോറ്റുകൊണ്ടിരിക്കുന്ന മലയാള സിനിമാ ടീമിനെ സംന്ധിച്ച് തോല്‍വിയുടെ വേഗം കൂട്ടാനുള്ള ഏറ്റവും എളുപ്പവഴിയാണ് തമ്മിലടിക്കുക എന്നത്. ചാനലുകളെ പറ്റിച്ച് അവരുടെ പണം കൊണ്ടു സിനിമ പിടിച്ചിരുന്ന തട്ടിപ്പിന് ഏതാണ്ട് അറുതിയായിട്ടുണ്ട്. പഴയതുപോലെ പ്രവാസികളെ നിര്‍മാവാതിന്റെ വേഷം കെട്ടാന്‍ ഒത്തുകിട്ടുന്നുമില്ല. മുന്തിയ സംവിധായകര്‍ പോലും സിനിമകള്‍ വേണ്ടെന്നു വച്ചുകൊണ്ടിരിക്കുകയാണ്. എത്ര തരംതാഴ്ന്നതാണെങ്കിലും തമിഴ്, ഹിന്ദി സിനിമകള്‍ക്കു പ്രതീക്ഷിക്കാവുന്ന ഒരു മിനിമം നിലവാരമുണ്ടെന്നതിനാല്‍ പ്രേക്ഷകര്‍ സിനിമ കാണാതെ മരിച്ചു പോവുകയൊന്നുമില്ല.

മലയാള സിനിമ സമരം ചെയ്താല്‍ പ്രേക്ഷകര്‍ക്ക് പ്രത്യേകിച്ച് ഒന്നും നഷ്ടപ്പെടില്ല എന്നു മാത്രമല്ല പൊതുജനം അതൊന്നും ശ്രദ്ധിക്കുക പോലുമില്ല. അങ്ങോട്ടുമിങ്ങോട്ടും വിലക്കിയും സമരം ചെയ്തും സ്വന്തം കഞ്ഞിയില്‍ പാറ്റയിടുന്ന സിനിമാക്കാര്‍ ഓര്‍ക്കുക. ആ കഞ്ഞി ഞങ്ങള്‍ പ്രേക്ഷകരുടെ കാശാണ്. അതില്ലാതായാല്‍ ശിഷ്ടകാലം പാറ്റകളെ തിന്നു ജീവിക്കേണ്ടി വരും.

(ശുഭം)

ജൂറിയെ കല്ലെറിയുന്നവര്‍

ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളെക്കാള്‍ മുന്‍പേ വന്നത് വിവാദങ്ങളാണ്. അവാര്‍ഡിനോടൊപ്പം തന്നെ വിവാദങ്ങളും അവാര്‍ഡിനെക്കാള്‍ തിളക്കത്തില്‍ വാര്‍ത്തകളില്‍ കത്തിപ്പിടിക്കുന്നുണ്ട്. സുരാജ് വെഞ്ഞാറമ്മൂടിന് മികച്ച നടനുള്ള പുരസ്‌കാരം നല്‍കിയില്ല എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട വിവാദവും ആക്ഷേപവും. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വ്യക്തിത്വമുള്ള ഒന്നാണ്. സുരാജ് വെഞ്ഞാറമ്മൂടിനെ മികച്ച നടനുള്ള അവാര്‍ഡിനു പരിഗണിച്ചില്ല എന്നത് ഒരു അപരാധമായി കാണാനാവില്ല.

ഒന്നാമത്, ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയുടെ തന്തയല്ല. ദേശീയ ജൂറി അവാര്‍ഡ് കൊടുത്ത പടങ്ങള്‍ക്കു തന്നെ അവാര്‍ഡ് കൊടുത്തിരുന്നെങ്കില്‍ അതായിരുന്നേനെ അവാര്‍ഡ് നിര്‍ണയത്തിലെ ഏറ്റവും പരിഹാസ്യമായ അധ്യായം. ജൂറിയുടെ വിധിനിര്‍ണയം തെറ്റാണെങ്കിലും ശരിയാണെങ്കിലും അതിനെ അംഗീകരിക്കുക എന്നതാണ് മര്യാദ. അതുകൊണ്ടാണ് നമ്മള്‍ അതിനെ വിധി എന്നു വിളിക്കുന്നത്. അവാര്‍ഡുകളെക്കുറിച്ച് ആക്ഷേകവും പരാതികളും പതിവുപോലെ ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ അന്തസുറ്റ രീതിയില്‍ പ്രതികരിച്ച് മാന്യത കാട്ടിയത് സുരാജ് വെഞ്ഞാറമ്മൂട് തന്നെയാണ്. ദേശീയ അവാര്‍ഡ് ലഭിച്ചപ്പോഴും വളരെ പക്വതയുള്ള പ്രതികരണമായിരുന്നു അദ്ദേഹത്തിന്റേത്. അവാര്‍ഡിനു വേണ്ടി പ്രത്യേക തരം പടങ്ങളില്‍ അഭിനയിക്കുകയും അവാര്‍ഡ് തന്നെത്തേടി വരുമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്ന താരങ്ങള്‍ സുരാജിനെ മാതൃകയാക്കണം എന്നതാണ് ദേശീയ-സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നല്‍കുന്ന സന്ദേശം.

സുരാജ് വെഞ്ഞാറമ്മൂടിന് മികച്ച നടനുള്ള പുരസ്‌കാരം നല്‍കാത്തതുകൊണ്ട് ഈ അവാര്‍ഡ് മൊത്തത്തില്‍ തകരാറാണ് എന്നാണ് ചിലര്‍ പറയുന്നത്. നല്ല സംവിധായകനാണെങ്കിലും ഡോ.ബിജുവിന്റെ പ്രതികരണങ്ങള്‍ അത്ര നല്ല രീതിയിലല്ല. ദേശീയ അവാര്‍ഡിന്റെ അടിസ്ഥാനത്തിലാവണം സംസ്ഥാന അവാര്‍ഡും നല്‍കേണ്ടത് എന്നത് വളരെ വില കുറഞ്ഞ ഒരു വാദമാണ്. ജൂറിയില്‍ അടങ്ങിയിരിക്കുന്നവരും നമ്മളെപ്പോലെ മനുഷ്യരാണ്. ദേശീയ ജൂറി ചിത്രങ്ങളെ വിലയിരുത്തിയതുപോലെ തന്നെ സംസ്ഥാന ജൂറിയും വിലയിരുത്തണം എന്നു പറയുന്നത് ജൂറിയുടെ വ്യക്തിത്വത്തെ അധിക്ഷേപിക്കുന്നതിനു തുല്യമാണ്. വ്യത്യസ്തരായ ആളുകള്‍ വ്യത്യസ്തസമയങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഒരുപോലെയാവണം എന്നു വാശിപിടിക്കുന്നത് ബുദ്ധിശൂന്യതയാണ്.
അവാര്‍ഡ് പ്രഖ്യാപനം കഴിയുമ്പോള്‍ ജൂറിയെ പത്തു തെറി പറയുന്നത് കേരളത്തിലെ ഒരു ആചാരമായതുകൊണ്ട് സാരമില്ലെന്നു വയ്ക്കാം.

സുരാജിനു ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ അത് മുഴുവന്‍ ഹാസ്യതാരങ്ങള്‍ക്കുള്ള അംഗീകാരമാണെന്നു പറഞ്ഞു വികാരം കൊണ്ടവര്‍ അതേ സുരാജിനു മികച്ച ഹാസ്യനടനുള്ള അവാര്‍ഡ് ലഭിച്ചപ്പോള്‍ അത് സുരാജിനെ അവഹേളിക്കലാണെന്നു പറയുന്നതിനെക്കാള്‍ വലിയൊരു ഇരട്ടത്താപ്പില്ല. മികച്ച നടനുള്ള അവാര്‍ഡ് പോലെ തന്നെ വലിയൊരു അംഗീകാരമായി അതിനെയും കാണാന്‍ കഴിയാത്തവര്‍ എങ്ങനെയാണ് ഹാസ്യനടന്‍മാരുടെ വക്താക്കളാകുന്നത് എന്നതു മനസ്സിലാവുന്നില്ല. ഇനി ദേശീയ അവാര്‍ഡ് ലഭിച്ചത് സുരാജിനല്ല എന്നു കരുതുക. സംസ്ഥാന ജൂറി സുരാജിന് അവാര്‍ഡ് നല്‍കിയിരുന്നെങ്കില്‍ നാലാംകിട കോമഡി നടന് മികച്ച നടനുള്ള അവാര്‍ഡ് നല്‍കി ആ അവാര്‍ഡിനെ അവഹേളിച്ചെന്ന് ഇതേ ആളുകള്‍ പറഞ്ഞേനെ.

എന്റെ വ്യക്തിപരമായ കാഴ്ചപ്പാടില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മുന്‍വര്‍ഷങ്ങളിലെ അവാര്‍ഡുകളെക്കാള്‍ കൂടുതല്‍ പക്വത കൈവരിച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാറി മാറി നല്‍കിയിരുന്ന അവാര്‍ഡ് ഈ വര്‍ഷം ലഭിച്ചവരെല്ലാവരും അതിന് അര്‍ഹരാണ് എന്നതില്‍ സംശയമില്ല. നോര്‍ത്ത് 24 കാതം, ആര്‍ട്ടിസ്റ്റ് എന്നീ സിനിമകളിലൂടെ ഫഹദ് ഫാസില്‍ കയ്യടക്കത്തോടെയുള്ള സൂക്ഷ്മാഭിനയമാണ് കാഴ്ചവച്ചത്. ലാലും ഒരു മോശം നടനല്ല. മറ്റുള്ള അവാര്‍ഡുകളുടെ കാര്യത്തിലും ആക്ഷേപത്തിനു സാധ്യതയില്ല.

അവാര്‍ഡുകള്‍ ഒരു കലാകാരന്റെ കഴിവിന്റെ അളവുകോലോ അവസാനവാക്കോ അല്ല. അനേകം കലാകാരന്‍മാരില്‍ നിന്നു ചിലരുടെ ചില സമയത്തെ പ്രകടനം മാത്രം അടിയവരയിടുന്ന അംഗീകാരമാണ്. അവാര്‍ഡുകള്‍ കലാകാരന്‍മാര്‍ക്ക് ഒരംഗീകാരമാണ്. അത് കിട്ടാത്തവര്‍ അവഹേളിക്കപ്പെടുന്നില്ല. സംസ്ഥാന ചലച്ചിത്രപുരസ്‌കാരം നേടിയ എല്ലാ കലാകാരന്‍മാര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു.

ചിരിപ്പിച്ചാല്‍ കിട്ടാത്ത അവാര്‍ഡ്

ചിരിപ്പിക്കുന്നതിനെക്കാള്‍ ശ്രമകരമായ മറ്റൊരു ജോലിയില്ല. ഏതു മാധ്യമത്തിലൂടെയായാലും ആളുകളെ ചിരിപ്പിക്കാന്‍ കഴിയുന്നത് വളരെ ഗൗരവമുള്ള കാര്യമാണ്. സിനിമയിലും അങ്ങനെ തന്നെ. പ്രേക്ഷകന്റെ ചിരിയെക്കാള്‍ വലിയൊരു അവാര്‍ഡ് ഒരു ഹാസ്യനടനും ലഭിക്കാനില്ല. എങ്കിലും അഭിനയ ചക്രവര്‍ത്തിമാരുടെ പട്ടികയില്‍ ഒരു ഹാസ്യനടന്റെ പേരെഴുതാന്‍ നമ്മുടെ കൈവിറയ്ക്കും. സുരാജ് വെഞ്ഞാറമൂടും രണ്ടു വര്‍ഷം മുന്‍പ് സലിം കുമാറും ദേശീയ അവാര്‍ഡ് നേടിയത് പ്രേക്ഷകരെ ചിരിപ്പിച്ചിട്ടല്ല എന്നത് അവാര്‍ഡിന്റെ ആഘോഷങ്ങളില്‍ മറക്കാനാവുന്നതല്ല.

സുരാജ് വെഞ്ഞാറമ്മൂടിനു മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത് ഒരു നടനെന്ന നിലയില്‍ സുരാജിന് അവകാശപ്പെട്ട വിജയമാണ്. കൂതറ നടന്‍ എന്ന ലേബലില്‍ സിനിമയിലെ എലൈറ്റ് ക്ലാസ്സ് ഒതുക്കി നിര്‍ത്തിയിരുന്ന ഒരാള്‍ സൂപ്പര്‍-മെഗാ താരങ്ങളും അഭിയനയചക്രവര്‍ത്തിമാരും സ്വപ്‌നം കാണുന്ന കിരീടം സ്വന്തമാക്കുമ്പോള്‍ ഒരു മധുരപ്രതികാരം കൂടിയാണ് നിറവേറുന്നത്. സലിം കുമാര്‍ ഞെട്ടിച്ച അതേ ശൈലിയില്‍ സുരാജും ഞെട്ടിക്കുമ്പോള്‍ നല്ല സിനിമ ഉണ്ടാക്കുന്നവരെന്നു ഭാവിക്കുന്ന കാപട്യക്കാരും ക്ലാസിക്ക് സിനിമക്കാരും സ്വയം ഒന്നു നുള്ളിനോക്കുന്നത് നന്നായിരിക്കും.

സുരാജ് വെഞ്ഞാറമ്മൂട് മലയാളത്തില്‍ പ്രേക്ഷകരെ ചിരിപ്പിച്ചതും പിന്നീട് ക്ലീഷേയായ കഥാപാത്രങ്ങളിലൂടെ ഒരു പരിധി വരെയെങ്കിലും വെറുപ്പിച്ചതും ഹാസ്യനടന്‍ എന്ന ലേബലിലായിരുന്നു. സൂപ്പര്‍ താരങ്ങള്‍ കുറെക്കാലമായി പ്രേക്ഷകരെ വെറുപ്പിച്ചുകൊണ്ടിരിക്കുന്നത് സല്‍ഗുണസമ്പന്നന്‍മാരായ നായകന്‍മാരുടെ രൂപത്തിലാണ്. വെറുപ്പിക്കുന്നത് മമ്മൂട്ടിയായാലും സുരാജ് ആയാലും പ്രേക്ഷകരുടെ അനുഭവം ഒന്നു തന്നെ. അവാര്‍ഡ് ലഭിക്കുമ്പോഴും ജൂറി വിലയിരുത്തുന്നത് നടന്റെ അഭിനയമികവ് മാത്രമാണ്. അയാള്‍ ഹാസ്യനടനാണോ സൂപ്പര്‍താരമാണോ എന്നതു നോക്കിയല്ല അവാര്‍ഡ് നല്‍കുന്നത് എന്ന നിലയിലേക്ക് ദേശീയ ജൂറികളെങ്കിലും പക്വത പ്രാപിച്ചത് ആശാവഹമാണ്.

സുരാജിന് അവാര്‍ഡ് ലഭിച്ചത് ഇനിയും തിയറ്ററില്‍ എത്തിയിട്ടില്ലാത്ത പേരറിയാത്തവര്‍ എന്ന സിനിമയിലെ അഭിനയത്തിലാണ്. ആ സിനിമ ഞാനോ നിങ്ങളോ കണ്ടിട്ടില്ല. ആദാമിന്റെ മകന്‍ അബു എന്ന സിനിമയിലൂടെ സലിം കുമാറിന് അവാര്‍ഡ് ലഭിച്ചപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. സലിമിന്റെ അവാര്‍ഡ് ആഘോഷിച്ചതുപോലെ തന്നെ സുരാജിന്റെ അവാര്‍ഡും മലയാളികള്‍ ആഘോഷിക്കുന്നു. എന്നാല്‍, സിനിമയ്ക്ക് എന്നതുപോലെ പ്രേക്ഷകര്‍ക്കും സലിം കുമാറിനെയോ സുരാജ് വെഞ്ഞാറമ്മൂടിനെയോ ഒരു ഹാസ്യനടന്‍ എന്നതിനപ്പുറം ആവശ്യമില്ല. എന്നതാണ് സത്യം.

സലിം കുമാറിന്റെ അഭിനയമികവിനെക്കുറിച്ച് അന്നു വാതോരാതെ സംസാരിച്ചവരില്‍ വളരെ ചെറിയൊരു ശതമാനം മാത്രമേ ആദാമിന്റെ മകന്‍ അബു കണ്ടിട്ടുള്ളൂ എന്നു കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നു. മറിച്ചായിരുന്നെങ്കില്‍ ആ സിനിമ ഇവിടെ കോടികള്‍ വാരിയെനെ. ആ സിനിമ അന്നു തിയറ്ററുകളിലെത്തിക്കാന്‍ അതിന്റെ സംവിധായകന്‍ കഷ്ടപ്പെടത്തിന്റെ കഥകള്‍ മറക്കാറായിട്ടില്ല. പേരറിയാത്തവര്‍ എന്ന സിനിമയ്ക്കു വേണ്ടി ഇവിടുത്തെ തിയറ്ററുകാര്‍ നിര്‍മാതാവിന്റെ വീടിനു മുന്നില്‍ ക്യൂനില്‍ക്കുമെന്നോ മുഖ്യധാരാ മലയാള സിനിമയും ഇവിടുത്തെ മാധ്യമങ്ങളും ഡോ.ബിജുവിനെ ഒരു സംവിധായകനായി അഗീകരിക്കുമെന്നും എനിക്കു പ്രതീക്ഷയില്ല.

സുരാജിന് അവാര്‍ഡ് ലഭിച്ചതിലൂടെ അദ്ദേഹം ഇതുവരെ അഭിനയിച്ചു തീര്‍ത്ത നാലാംകിട റോളുകള്‍ എല്ലാം നീതീകരിക്കപ്പെട്ടെന്നും അത്തരം വേഷങ്ങള്‍ പല സിനിമകളുടെയും നിറംകെടുത്തിയെന്നുള്ള അഭിപ്രായങ്ങള്‍ തെറ്റായിരുന്നെന്നും ചിലര്‍ വാദിക്കുന്നുണ്ട്. ഇത് അടിസ്ഥാനരഹിതവും അര്‍ഥശൂന്യവുമാണ്. ദേശീയ ചലച്ചിത്ര അവാര്‍ഡ് അദ്ദേഹത്തിന്റെ ഒരു സിനിമയിലെ അഭിനയത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കിയതാണ്, അല്ലാതെ ഇതുവരെ അദ്ദേഹം അഭിനയിച്ച എല്ലാ സിനിമകള്‍ക്കും കൂടി നല്‍കിയതല്ല. എന്നാല്‍, ഒരു നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയോ മോഹന്‍ലാലോ കമല്‍ഹാസനോ ഒക്കെ അഭിനയിക്കുന്നതുപോലെ തനിക്കും അഭിനയിക്കാന്‍ സാധിക്കുമെന്നു സുരാജ് തെളിയിച്ചിരിക്കുകയാണ് ഈ അവാര്‍ഡിലൂടെ.

ഈ അവാര്‍ഡ് എല്ലാ ഹാസ്യനടന്‍മാര്‍ക്കും മിമിക്രി കലാകാരന്‍മാര്‍ക്കുമുള്ള അംഗീകാരമായി ച്ിത്രീകരിക്കുന്നതിലുമുണ്ട് അപാകത. സുരാജിനും സലിം കുമാറിനുമൊക്കെ ലഭിച്ച അവാര്‍ഡുകള്‍ അവരുടെ ഹാസ്യവേഷങ്ങള്‍ക്കായിരുന്നില്ല. ഹാസ്യപ്രകടനത്തിനോ മിമിക്രിക്കോ അവാര്‍ഡ് ലഭിക്കാത്തിടത്തോളം അതിനെ ഹാസ്യനടന്‍മാര്‍ക്കും മിമിക്രി കലാകാരന്‍മാര്‍ക്കുമുള്ള അംഗീകാരമായി ചിത്രീകരിക്കുന്നതില്‍ കാര്യമില്ല. താരരാജാക്കന്‍മാര്‍ക്കു നല്‍കുന്ന കിരീടമായിരുന്ന ദേശീയ അവാര്‍ഡ് നന്നായി അഭിനയിക്കുന്ന ആര്‍ക്കും നല്‍കുന്ന അവസ്ഥയായി എന്നത് സ്വാഗതാര്‍ഹം തന്നെയാണ്. അപ്പോഴും നായകനടനല്ലാതെ ഒരു ഹാസ്യവേഷക്കാരനോ നന്നായി അഭിനയിക്കുന്ന സഹതാരങ്ങള്‍ക്കോ ഈ അവാര്‍ഡ അപ്രാപ്യമാണ്. അടൂര്‍ ഭാസിയും ബഹദൂറും ജഗതി ശ്രീകുമാറും ഇന്ദ്രന്‍സുമൊന്നും ദേശീയ അവാര്‍ഡ് നേടാത്തത് അവരൊന്നും സുരാജിനോളം, സലിം കുമാറിനോളം മികച്ച നടന്‍മാരല്ലാത്തതുകൊണ്ടല്ല.

സലിം കുമാര്‍ പറഞ്ഞതുപോലെ സുരാജ് ഇനിയങ്ങോട്ടു വളരെ സൂക്ഷിക്കണം. ദേശീയ അവാര്‍ഡ് നേടിയ ഹാസ്യനടനെ എയ്ഡ്‌സ് രോഗിയായ വേശ്യയെപ്പോലെയെ മലയാള സിനിമ സമീപിക്കൂ. ഹാസ്യവേഷക്കാരന് ദേശീയ അവാര്‍ഡ് അധികയോഗ്യതയായി കണ്ട് ഒഴിവാക്കപ്പെടും. ഇനിയും നല്ല വേഷങ്ങള്‍ കൊടുത്താല്‍ ഇവന്‍ ഇനിയും അവാര്‍ഡ് വാങ്ങിച്ചെങ്കിലോ എന്നു ഭയന്ന് വിവിധ കോക്കസുകള്‍ അത്തരം സിനിമകളും മുടക്കും. സിനിമയുടെ തമ്പുരാക്കന്‍മാരുടെയും സുപ്പര്‍-മെഗാ-ജനപ്രിയ താരങ്ങളുടെയും അവാര്‍ഡ് ദാഹികളുടെയും ഉപദ്രവമില്ലാതെ സിനിമയില്‍ ജീവിച്ചു പോകാന്‍ സുരാജിനു കഴിയട്ടെ എന്നാശംസിക്കുന്നു.

'മുഖ്യമന്ത്രി'യുടെ കല്‍പന

നടി കല്‍പന കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ കരഞ്ഞില്ലെന്നേയുള്ളൂ. മലയാള സിനിമയിലെ നടീനടന്‍മാര്‍ ഇന്നസെന്റിനെ ഇത്രയേറെ ഭയക്കുന്നുണ്ടെങ്കില്‍ കാര്യങ്ങള്‍ ഗുരുതരമാണ്. തലേന്ന് ചാലക്കുടിയില്‍ ആം ആദ്മിയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയും ആപ്പിന്റെ തൊപ്പി വച്ച് സ്ഥാനാര്‍ഥിക്കു വേണ്ടി വോട്ടു ചോദിക്കുകയും ചെയ്ത കല്‍പന, നേരം പുലര്‍ന്നപ്പോള്‍ കാലുമാറി എന്നു മാത്രമല്ല തന്നെ തെറ്റിദ്ധരിപ്പിച്ചാണ് പരിപാടിയില്‍ പങ്കെടുപ്പിച്ചതെന്നും പിറ്റേന്നു പത്രങ്ങളില്‍ വാര്‍ത്ത കണ്ടപ്പോഴാണ് അത് രാഷ്ട്രീയ പാര്‍ട്ടിയുടെ യോഗമാണെന്നു മനസ്സിലായതെന്നും പറയുമ്പോള്‍ ആ ഇന്നസെന്‍സില്‍ അടങ്ങിയിരിക്കുന്ന തന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക മനസ്സിലാക്കാം. ഇന്നസെന്റ് തന്റെ മുഖ്യമന്ത്രിയും ഇടവേള ബാബു ഉപമുഖ്യമന്ത്രിയും ആണെന്നു പരസ്യമായി പ്രഖ്യാപിച്ചു തരംതാഴേണ്ടി വന്ന ആ ഗതികേടു മനസ്സിലാക്കാം.

ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി ജനസേവ വൈസ് ചെയര്‍മാന്‍ കൂടിയായ കല്‍പനയെ ജനസേവ പരിപാടിയാണെന്നു പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടിയുടെ പരിപാടിയില്‍ കൊണ്ടുപോയി എന്നാണ് കല്‍പന പറയുന്നത്. ആം ആദ്മിയുടെ പരിപാടിയാണെന്ന് പറയാതെയാണ് ജോസ് മാവേലി തന്നെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചു കൊണ്ടുപോയതെന്നും തൊപ്പി വച്ച കുറച്ച് ആളുകളെ പരിപാടിയില്‍ കണ്ടെങ്കിലും ആം ആദ്മിയാണെന്ന് മനസിലായില്ലെന്നും കല്‍പന പറയുന്നു. ഇത് സത്യമാണെങ്കില്‍ ജോസ് മാവേലിക്കെതിരെ കല്‍പന കേസ് കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം. മാവേലിയായാലും ശരി, ക്രിസ്മസ് അപ്പൂപ്പനായാലും ശരി, പാവപ്പെട്ട സ്ത്രീകളെ പറഞ്ഞു പറ്റിക്കുന്നത് ക്ഷമിക്കാനാവാത്ത ക്രൂരതയാണ്.

ചാലക്കുടിയിലെ ആം ആദ്മി സ്ഥാനാര്‍ഥി കെ.എം. നൂറുദ്ദീനെപ്പറ്റി കേട്ടിട്ടുണ്ട്. അദ്ദേഹം പാലിയേറ്റീവ് രംഗത്തെ അറിയപ്പെടുന്ന ആളാണ്. എന്നാല്‍ ആം ആദ്മിയുടെ പരിപാടിയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ അവിടെ പോകില്ലായിരുന്നു എന്നും കല്‍പന കൂട്ടിച്ചേര്‍ക്കുന്നു. പക്ഷെ, കല്‍പന ഒന്നുകൂടി സ്‌ട്രോങ്ങായി നിന്നാല്‍ മാവേലി കല്‍പനയ്‌ക്കെതിരെ കേസ് കൊടുക്കുന്ന സ്ഥിതിയാണ്. പരിപാടിയില്‍ പങ്കെടുത്ത് ആം ആദ്മിയുടെ തൊപ്പി ധരിക്കുകയും സ്ഥാനാര്‍ഥിയായ നൂറുദ്ദീനു വിജയാംശ നേരുകയും പ്രചാരണത്തിനു വേണ്ടി വിഡിയോ അഭിമുഖം നല്‍കുകയും ചെയ്തിട്ടുണ്ടെന്നു പറഞ്ഞ മാവേലി അതിന്റെയൊക്കെ വിഡിയോയും തെളിവായി കൈവശമുണ്ടെന്നാണ് പറയുന്നത്.

ഹോട്ടലാണെന്നു കരുതി ആളുകള്‍ ബാര്‍ബര്‍ ഷോപ്പില്‍ കയറുന്നത് സാധാരണയാണ്. എന്നാല്‍, കട്ടിങ്ങും ഷേവിങ്ങും കഴിഞ്ഞിറങ്ങി വന്നിട്ട് ബാര്‍ബര്‍ തന്നെ ചീപ്പും കത്തിയും പലഹാരങ്ങളാണെന്നു പറഞ്ഞു പറ്റിച്ചതാണ് എന്നു പറയുന്നത് സ്വയം അപഹാസ്യയാകുന്നതിനു തുല്യമാണ്. കല്‍പന ചെയ്തിരിക്കുന്നത് അതാണ്. ഇന്നസെന്റിന്റെ അപ്രീതി സമ്പാദിച്ചാല്‍ മലയാള സിനിമയില്‍ നിന്നു വിലക്കെടുമെന്ന ഭീഷണി മൂലമോ ഭീതി മൂലമോ ഇന്നസെന്റിനോടുള്ള അതിരുകടന്ന ആരാധന നിലനില്‍ക്കെ ആം ആദ്മി സ്ഥാനാര്‍ഥിക്കു വേണ്ടി പരിപാടിയില്‍ പങ്കെടുത്തതിന്റെ കുറ്റബോധം മൂലമോ ഒക്കെയാവാം കല്‍പന നിലപാടുമാറ്റിയത്. അത് അവരുടെ വയറ്റിപ്പിഴപ്പിന്റെ കാര്യമായതുകൊണ്ട് കൂടുതലൊന്നും പറയാനില്ല. പോരെങ്കില്‍, ഇന്നസെന്റ് മുഖ്യമന്ത്രിയും ഇടവേള ബാബു ഉപമുഖ്യമന്ത്രിയുമായ സിനിമാലോകത്ത് കഴിയുന്ന കല്‍പനയെ ആം ആദ്മി പാര്‍ട്ടിയെപ്പറ്റി ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതില്‍ കാര്യമില്ല.

രാഷ്ട്രീയം എന്താണെന്നു പോലും അറിയാത്ത കല്‍പന ആം ആദ്മി പാര്‍ട്ടിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് അപകടകരമാണ് എന്നു പത്രം കണ്ടപ്പോള്‍ മനസ്സിലാക്കിയത് എങ്ങനെയാണെന്നത് കൗതുകകരമായ കാര്യമാണ്. കാരണം, പൊതുവേ ആം ആദ്മികള്‍ക്കു രാജ്യത്തു നല്ല പേരെയുള്ളൂ. ആം ആദ്മിയാണെന്നു പറയുന്നതില്‍ ആളുകള്‍ അഭിമാനിക്കുന്ന കാലത്ത് ആം ആദ്മി പരിപാടിയാണെന്നറിഞ്ഞിരുന്നെങ്കില്‍ അവിടെ പോവില്ലായിരുന്നു എന്നു പറയുമ്പോള്‍ ആം ആദ്മി ഇന്ത്യയില്‍ നിരോധിച്ച ഏതോ ഭീകരപ്രസ്ഥാനമാണെന്ന് ഒരു ധ്വനി വരുന്നുണ്ട്. ജോസ് മാവേലി കല്‍പനയ്ക്ക് എന്താണ് ആം ആദ്മി പാര്‍ട്ടി എന്നതിനെ സംബന്ധിച്ച് ഒരു ലഘുവിവരണം നല്‍കണമെന്ന് അപേക്ഷിക്കുന്നു. സ്റ്റഡി ക്ലാസ്സുകളിലൊന്നും കൃത്യമായി പങ്കെടുക്കാത്തതുകൊണ്ടാണ് ആ കുട്ടി ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. നൂറുദ്ദീന്‍ വളരെ നല്ല ആളാണെന്നറിയാവുന്ന കല്‍പന സംഘടനാ പ്രസിഡന്റിനു വേണ്ടി ആ നൂറുദ്ദീനെ തള്ളിപ്പറഞ്ഞത് ഖേദകരമാണ്. കല്‍പനയുടെ മുഖ്യമന്ത്രി എത്ര വലിയവനായാലും പാവപ്പെട്ട രോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന നൂറുദ്ദീനും നൂറുദ്ദീന്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപ്രസ്ഥാനവും അപഹസിക്കപ്പെടേണ്ടതില്ല എന്നത് കല്‍പന ഗൗരവത്തോടെ മനസ്സിലാക്കണം.

എന്തായാലും ചാലക്കുടിയില്‍ അമ്മ അംഗങ്ങളെ വച്ചു പരമാവധി വോട്ടു പിടിക്കാന്‍ ഇന്നസെന്റിനു കഴിയട്ടെ എന്നാശംസിക്കുന്നു. കലാഭവന്‍ മണിയും കെപിഎസി ലളിതയും ഉള്‍പ്പെടെയുള്ളവര്‍ ഇതിനോടകം കുറെയധികം വോട്ടുപിടിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയായ ഇന്നസെന്റിനു വേണ്ടി കല്‍പന ഒരു ലോഡ് വോട്ടെങ്കിലും പിടിച്ച് റോളുകള്‍ ഉറപ്പാക്കട്ടെ. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് എന്നിങ്ങനെയുള്ളവര്‍ ഉള്‍പ്പെടെ അമ്മയില്‍ അംഗത്വമുള്ള എത്രയോ സിനിമക്കാര്‍. തങ്ങളുടെ സംഘടനയ്ക്ക് ഒരു എംപി ഉണ്ടാവണമെന്ന് അമ്മ അംഗങ്ങള്‍ വിചാരിച്ചിട്ടുണ്ടെങ്കില്‍ അതും ഒരു തെറ്റല്ല.

അഭ്യര്‍ഥന:– ഇന്നസെന്റിനെപ്പോലെ നേതൃപാടവമോ കല്‍പനയെപ്പോലെ ഹ്യൂമര്‍ സെന്‍സോ ഒന്നുമില്ലെങ്കിലും, ചാലക്കുടി മണ്ഡലത്തിലെ എല്ലാ വോട്ടര്‍മാരോടും ആം ആദ്മി സ്ഥാനാര്‍ഥിയും ജനസേവകനുമായ നുറുദ്ദീന് വോട്ട് ചെയ്യണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു (നാളെ രാവിലെ കുറ്റബോധം മൂലം ഞാന്‍ നിലപാടു മാറ്റുമോ എന്നു സ്വയം ഒന്നു പരിശോധിക്കാനാ).

ഇന്നസെന്റ് ചേട്ടന് ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട ഇന്നസെന്റേട്ടന്,

ആഗതമായിക്കൊണ്ടിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്നും അങ്ങു മല്‍സരിക്കുന്നതായി പത്രമാധ്യമങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. അങ്ങയുടെ ഒരു കടുത്ത ആരാധകനെന്ന നിലയ്ക്ക് അങ്ങേയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. കേരളത്തിലെ രാഷ്ട്രീയചരിത്രവും മലയാളികളുടെ വോട്ടിങ് ശൈലിയുമൊക്കെ വച്ചുനോക്കിയാല്‍ ഒരു കാര്യം വളരെ വ്യക്തമായി ഞാന്‍ പറയാനാഗ്രഹിക്കുന്നു- അങ്ങ് എട്ടു നിലയില്‍ പൊട്ടും. ഇടതിന്റെ കൂടെയോ വലതിന്റെ കൂടെയോ ബിജെപിയുടെ കൂടെയോ നിന്നാലും അങ്ങു പൊട്ടും. തോറ്റാലും വേണ്ടില്ല, മല്‍സരിച്ചേ അടങ്ങൂ എന്നാണെങ്കില്‍ അങ്ങേയ്ക്ക് ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാമായിരുന്നു. ഞാനും സാറാ ജോസഫും അനിത പ്രതാപുമൊക്കെ ഇന്ത്യയെ അഴിമതിമുക്തമാക്കാന്‍ വേണ്ടി തിരഞ്ഞെടുപ്പില്‍ നിന്നു തോറ്റവരാണ് എന്നു പിന്നീടു പറയാന്‍ കഴിയുന്നത് തന്നെ ഒരു അഭിമാനമാണ്. ഇത്ര മൃഗീയമായി അഭിപ്രായം പറയുന്ന ഞാനൊരു മൃഗമാണെന്ന് അങ്ങേയ്ക്കു തോന്നാം. എന്നാല്‍, അങ്ങനെയല്ല. ടെക്‌നോളജി റിപ്പോര്‍ട്ടറായ ഞാന്‍ ഹാര്‍ഡ് വെയറും സോഫ്റ്റ്‌വെയറും ഓപ്പറേറ്റിങ് സിസ്റ്റവുമൊക്കെ കൈകാര്യം ചെയ്ത് അടുത്തകാലത്തായി ഹാര്‍ഡ്‌കോര്‍ ആയിപ്പോയതാണ്.

അല്ലെങ്കിലും അങ്ങു തിരഞ്ഞെടുപ്പില്‍ ജയിച്ചിട്ട് ആര്‍ക്ക് എന്തു പ്രയോജനമാണ് ഉണ്ടാകാന്‍ പോകുന്നത് എന്ന് എനിക്കു മനസ്സിലാവുന്നില്ല. പാര്‍ലമെന്റ് ഒക്കെ ഒന്നു ചുറ്റി നടന്നു കാണാനാണെങ്കില്‍ തന്നെ അതിന് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു ജയിക്കേണ്ട ആവശ്യമുണ്ടോ ? അമ്മയുടെ ഓഫിസ് പോലെയല്ല പാര്‍ലമെന്റ്. ഇന്ത്യയുടെ നാനാഭാഗത്തു നിന്നും അവിടെയെത്തുന്ന എംപിമാര്‍ മമ്മൂട്ടിയെയോ മോഹന്‍ലാലിനെയോ ദിലീപിനെയോ ഒന്നും പോലെയുള്ളവരായിരിക്കില്ല. ജഗദീഷിനെയും ഇടവേള ബാബുവിനെയുമൊക്കെ കൈകാര്യം ചെയ്തിട്ടുള്ള അങ്ങേയ്ക്ക് ഏതു കൊലകൊമ്പനെയും കൈകാര്യം ചെയ്യാമെന്നുള്ള ആത്മവിശ്വാസം ഉണ്ടായിരിക്കാം. എന്നാല്‍, അവിടെയെത്തുന്നവരില്‍ ചെറിയൊരു ശതമാനം മാത്രമേ അങ്ങയെ കാണുമ്പോള്‍ മാന്നാര്‍ മത്തായി സ്പീക്കിങ്ങും കിലുക്കവും കാബൂളിവാലയുമൊക്കെ ഓര്‍ക്കുകയുള്ളൂ എന്നത് മറന്നു പോകരുത്. ആളുകള്‍ പെപ്പര്‍ സ്‌പ്രേയൊക്കെയായി വരുന്ന സ്ഥലമാണ്, സൂക്ഷിക്കണം.

ഇനിയുള്ള ജീവിതം ജനങ്ങള്‍ക്കു വേണ്ടി നല്ല കാര്യം ചെയ്യാന്‍ വിനിയോഗിക്കും എന്ന് അങ്ങു പറഞ്ഞതായി പത്രത്തില്‍ വായിച്ചു. ജനങ്ങള്‍ക്കു നല്ല കാര്യം ചെയ്യണമെങ്കില്‍ പാര്‍ലമെന്റില്‍ പോകണം എന്നതൊരു മിഥ്യാധാരണയാണ്. മഹാത്മാഗാന്ധിയും മദര്‍ തെരേസയുമൊന്നും നല്ല കാര്യം ചെയ്തതും മാതാ അമൃതാനന്ദമയിയും മറ്റും ഇപ്പോള്‍ നല്ല കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതും പാര്‍ലമെന്റില്‍ പോയിട്ടല്ല എന്ന് അങ്ങു മനസ്സിലാക്കണം. ജോണ്‍ ബ്രിട്ടാസിനെപ്പോലെയുള്ള മഹാരഥന്‍മാര്‍ പോലും നല്ല കാര്യം ചെയ്യാന്‍ പാര്‍ലമെന്റിലേക്കല്ല, ന്യൂയോര്‍ക്കിലേക്കാണ് പോയത് എന്നത് അങ്ങു മറന്നുപോകരുത്. തിരഞ്ഞെടുപ്പില്‍ ജയിച്ചിട്ടേ ജനങ്ങള്‍ക്കു വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യൂ എന്ന് അങ്ങേയ്ക്ക് വാശിയുണ്ടെങ്കില്‍ അങ്ങ് അടുത്ത തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഇരിഞ്ഞാലക്കുട നഗരസഭയിലേക്കു മല്‍സരിക്കുക. ഇരിഞ്ഞാലക്കുടയിലെ ജനങ്ങള്‍ക്ക് നല്ല കാര്യം ചെയ്യാന്‍ അങ്ങേയ്ക്ക് സ്വാതന്ത്ര്യവും മനോധര്‍മവും സര്‍ഗബോധവും വേണ്ടുവോളം പ്രയോജനപ്പെടുത്താം.

രാഷ്ട്രീയത്തെക്കുറിച്ച് വലിയ അറിവൊന്നും അങ്ങേയ്ക്കില്ല എന്നു പറയുന്ന അങ്ങു തന്നെ എന്നെ വോട്ടു ചെയ്ത് വിജയിപ്പിക്കണം എന്നു പറയുന്നത് വിരോധാഭാസമാണ് എന്നാണെന്റെ അഭിപ്രായം. അഭിനയമറിയാത്ത നടിയെ സിനിമയില്‍ അഭിനയിപ്പിക്കുന്നതുപോലെ ഈസിയല്ല ചേട്ടാ, രാഷ്ട്രീയമറിയാത്ത സിനിമാ നടനെ നിയമനിര്‍മാണം പഠിപ്പിക്കുന്നത്. ചുറ്റും ആരാധന നിറഞ്ഞ മുഖങ്ങള്‍ കാണുമ്പോള്‍ അതൊക്കെ വോട്ടായി മാറുമെന്നുള്ള സിനിമാക്കാരുടെ വിശ്വാസം വെറും അന്ധവിശ്വാസമാണെന്ന് കാലാകാലങ്ങളില്‍ കേരളത്തിലെ വോട്ടര്‍മാര്‍ തെളിയിച്ചിട്ടുള്ളതാണ്. ജനങ്ങള്‍ക്കു നല്ല കാര്യങ്ങള്‍ ചെയ്യാന്‍, നല്ല സന്ദേശങ്ങള്‍ നല്‍കാന്‍ ഏറ്റവും ശക്തമായ മാധ്യമം സിനിമയാണ്. ആ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന അങ്ങ് പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും ജയരാജന്‍മാരുടെയുമൊക്കെ കീഴില്‍ ജനസേവനത്തിന്റെ പുതിയ പാഠങ്ങള്‍ പഠിക്കുന്നത് അബദ്ധമാണ് എന്നാണെന്റെ അഭിപ്രായം. ഇനിയും വൈകിയിട്ടില്ല. വീണ്ടും വീണ്ടും ആലോചിക്കുക. സര്‍വേശ്വരന്‍ അങ്ങേയ്ക്ക് ശരിയായ വഴി തിരഞ്ഞെടുക്കാനുള്ള വിവേകം നല്‍കട്ടെ എന്നാശംസിക്കുന്നു. രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയും അങ്ങു ചാലക്കുടി എംപിയും ആയിത്തീരട്ടെ എന്നു പ്രാര്‍ഥിച്ചുകൊണ്ട് നിര്‍ത്തുന്നു.

ഒരു ആരാധകന്‍.

ഇടുക്കി ഗോള്‍ഡ് (പോസിറ്റീവ് റിവ്യൂ)

ഒരു സിനിമ ഇറങ്ങിക്കഴിഞ്ഞാല്‍ അതിനെ അകാരണമായി വിമര്‍ശിക്കുന്നത് മലയാളികളായ അലവലാതികളുടെ ഹോബിയാണ്. അതിനു പിന്നിലെ അധ്വാനം, ക്രിയേറ്റിവിറ്റി തുടങ്ങിയവയൊക്കെ മറന്നുകൊണ്ടാണ് സിനിമ ഇഷ്ടപ്പെട്ടില്ല എന്നു പലരും പരാതിപ്പെടുന്നത്. കാലഘട്ടത്തിന്റെ സിനിമ എന്നു വിശേഷിപ്പിക്കാവുന്ന ഇടുക്കി ഗോള്‍ഡിനെപ്പറ്റി പല പത്രങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും നെഗറ്റീവ് റിവ്യൂകള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഒരു പോസിറ്റീവ് റിവ്യൂ ആണ് ഞാന്‍ സമര്‍പ്പിക്കുന്നത്. നല്ല സിനിമയെ കുറ്റം പറയുന്ന എല്ലാവര്‍ക്കും ഇതൊരു പാഠമാവട്ടെ.

മലയാളത്തിന്റെ മഹാനടന്‍ പ്രതാപ് പോത്തന്റെ പാദാരവിന്ദങ്ങളില്‍ ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.

പോസിറ്റീവ് റിവ്യൂ ആരംഭിക്കുന്നു…

കിം കിഡുക്കിന്റെയും ബര്‍ഗ്മാന്റെയും കുറസോവയുടെയും നിരയിലേക്ക് ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി ഒരു സംഘം ചലച്ചിത്രപ്രവര്‍ത്തകര്‍ നടന്നുകയറുന്ന കാഴ്ച. ഇടുക്കി ഗോള്‍ഡ് എന്ന ചലച്ചിത്രാനുഭവത്തെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ അപര്യാപ്തമാണ്. പരമശിവനും ചെഗുവേരയെയും പുനര്‍നിര്‍വചിക്കുന്നതു മുതല്‍ ഇടുക്കിയുടെ സംസ്‌കാരവും വ്യക്തിത്വവും വരച്ചുകാട്ടുന്നതുവരെയുള്ള അതിസങ്കീര്‍ണവും എന്നാല്‍ അപാരമായ സര്‍ഗശേഷി പ്രകടമാക്കുന്നതുമായ ചലച്ചിത്രാനുഭവമാണ് ഇടുക്കി ഗോള്‍ഡ്. ഇന്നു ജീവിച്ചിരിക്കുന്ന പ്രേക്ഷകരുടെ ഭാവുകത്വബോധത്തെ ഉദ്ധരിക്കുന്ന, പ്രേക്ഷകരുടെ ബൗദ്ധികതയുടെ അതിര്‍വരമ്പുകളെ ഉയര്‍ന്ന തലങ്ങളിലേക്ക് കൊണ്ടുപോകുന്ന അത്യപൂര്‍വമായ ചലച്ചിത്രാനുഭവം ആണ് ഇടുക്കി ഗോള്‍ഡ്. ഇതിന്റെ പിന്നണിക്കാരെ അഭിനന്ദിക്കുക എന്നത് ഒരു അഹങ്കാരമായിരിക്കും എന്നതിനാല്‍ സാഷ്ടാംഗം പ്രണമിക്കുന്നു. നന്ദി, നന്ദി, നന്ദി, ഇങ്ങനൊരു സിനിമ ഞങ്ങള്‍ക്കു സമ്മാനിച്ചതിന്.

ഒരു മാസം മുമ്പേ ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ സിനിമ പുറത്തിറക്കിയിരുന്നെങ്കില്‍ അടുത്ത വര്‍ഷം ഒരു ഡസന്‍ ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ മലയാളത്തിന്റെ മടിത്തട്ടില്‍ കിടന്നേനെ. ലഞ്ച് ബോക്‌സ് എന്നൊരു പൊട്ടപ്പടം ഓസ്‌കറിനയച്ചതിന്റെ ഗതികേട് എത്ര വലുതാണെന്നു മനസ്സിലായത് ഇടുക്കി ഗോള്‍ഡ് കണ്ടപ്പോഴാണ്. ലഞ്ച് ബോക്‌സിനു പകരം ഇടുക്കി ഗോള്‍ഡ് അയച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ സിനിമയ്ക്ക് ഈ നൂറാം വര്‍ഷത്തില്‍ മലയാള സിനിമ നല്‍കുന്ന സമ്മാനമായി കുറഞ്ഞത് 15 നോമിനേഷനുകളും എട്ടോ ഒന്‍പതോ ഓസ്‌കറുകളും നേടിയേനെ എന്നതില്‍ സംശയമില്ല. പക്ഷെ, വിഷമിക്കാനില്ല. അടുത്ത വര്‍ഷത്തെ ദേശീയ-സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഈ ചിത്രം തൂത്തുവാരും. മലയാളികള്‍ വലിയ ആളായി കൊണ്ടുനടക്കാറുള്ള അടൂര്‍ ഗോപാലകൃഷ്ണനൊക്കെ യഥാര്‍ഥ സിനിമ എന്താണെന്നു പഠിക്കാനാഗ്രഹിക്കുന്നെങ്കില്‍ തീര്‍ച്ചയായും ഇടുക്കി ഗോള്‍ഡ് കണ്ടു തുടങ്ങണം എന്നു നിസ്സംശയം പറയാം.

എന്തൊക്കെയാണ് ഇടുക്കി ഗോള്‍ഡിന്റെ പ്രത്യേകതകള്‍ എന്നു ചോദിച്ചാല്‍ പെട്ടെന്ന് ഒരുത്തരം പറയുക സാധ്യമല്ല. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ദിലീപിന്റെയുമൊക്കെ സിനിമകള്‍ കണ്ട് ഈ പൊട്ടക്കിണറ്റില്‍ കിടക്കുന്ന മലയാളി പ്രേക്ഷകരോട് അത് പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് പാഴ്‌വേലയായിരിക്കും എന്നു തോന്നുന്നു. മലയാളികള്‍ പൊതുവേ നല്ലതിനെ അംഗീകരിക്കാന്‍ മടിയുള്ളവര്‍ ആണ്. അതുകൊണ്ട് തന്നെ ഇടുക്കി ഗോള്‍ഡിനെ മലയാളികള്‍ അഭിനന്ദിക്കാന്‍ അല്‍പം സമയമെടുത്തേക്കാം. എന്നാല്‍, തിയറ്ററുകള്‍ എല്ലാം ഹൗസ്ഫുള്ളാണ്. കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണ്. അപ്പോള്‍ ചിലര്‍ ചോദിക്കും, സിനിമയ്ക്ക് ലഭിക്കുന്ന അഭിപ്രായമല്ലേ പ്രധാനം, കലക്ഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ നെഞ്ചുവിരിക്കുന്നത് ദിലീപ്-ഉദയകൃഷ്ണ-സിബി.കെ.തോമസ് ഗഡികളല്ലേ എന്ന്. സത്യത്തില്‍ അത് ആപേക്ഷികമാണ്. നല്ല സിനിമയെ അളക്കാന്‍ ഇതു രണ്ടും ഉപയോഗിക്കാം. നമ്മുടെ സിനിമയ്ക്ക് കലക്ഷന്‍ കുറവും അഭിപ്രായം കൂടുതലുമാണെങ്കില്‍ കലക്ഷനല്ല പ്രേക്ഷകരുടെ അഭിപ്രായമാണ് വലുതെന്നും മറിച്ചാണെങ്കില്‍ അലവലാതി പ്രേക്ഷകരുടെ വിമര്‍ശനമല്ല തിയറ്ററിലെ കലക്ഷനാണ് വലുതും എന്നു വാദിക്കാം. ബര്‍ഗ്മാനും കുറസോവയുമൊക്കെ അങ്ങനായിരുന്നോ എന്നറിയില്ല.

ഇടുക്കി ഗോള്‍ഡിനെപ്പറ്റി എടുത്തു പറയാവുന്ന സവിശേഷത അത് വിമര്‍ശനാതീതമാണ് എന്നതാണ്. ബോധപൂര്‍വം സിനിമയെ കരിവാരി തേക്കാനും ആക്ഷേപിക്കാനും കരുതിക്കൂട്ടി ഇറങ്ങിത്തിരിച്ചിരിക്കുന്ന ഗേ ആയിട്ടുള്ള ആളുകളാണ് സിനിമക്കെതിരേ വിമര്‍ശനവും ആക്ഷേപവുമുന്നയിക്കുന്നത് എന്നാണ് സൂചന. മറ്റൊരു ആരോപണം സിനിമയില്‍ കഞ്ചാവിനുള്ള പ്രധാന്യമാണ്. ഇവിടെ കഞ്ചാവ് നിരോധിച്ചിട്ടുണ്ടെന്നതുകൊണ്ട് ആരും കഞ്ചാവ് ഉപയോഗിക്കുന്നില്ല എന്നില്ലല്ലോ. സ്ത്രീധനം നിരോധിച്ചിട്ട് വര്‍ഷങ്ങളായി എങ്കിലും എല്ലാവരും സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുമ്പോള്‍ കഞ്ചാവിനെതിരെ ആസൂത്രിതമായി നടക്കുന്ന ആക്രമണത്തിനു പിന്നിലും ഗേകളാണോ എന്നു വ്യക്തമല്ല. പോരെങ്കില്‍ സ്ത്രീധനം ലോകത്ത് എല്ലായിടത്തും നിയമവിരുദ്ധമാണ്. എന്നാല്‍ കഞ്ചാവ് പല വിദേശരാജ്യങ്ങളിലും നിയമവിധേയമാണ്. അതുകൊണ്ട് കഞ്ചാവിനെതിരെ യുദ്ധം നടത്തുന്ന ചെറ്റകള്‍ ആദ്യം പോയി സ്ത്രീധനം അവസാനിപ്പിച്ചിട്ടു വരണം.

എല്ലാ ഘടകങ്ങളും നന്നായ ഒരു സിനിമയില്‍ ഏതെങ്കിലും ഒരു ഘടകത്തെ മാത്രം ഉയര്‍ത്തിക്കാട്ടുന്നത് ശരിയല്ല എങ്കിലും പ്രതാപ് പോത്തന്‍ സാറിന്റെ അഭിനയത്തിനു മുന്നില്‍ നമസ്‌കരിക്കാതെ തരമില്ല. ഒരു മമ്മൂട്ടി ഫാനായിട്ടു കൂടി ഞാനിങ്ങനെ പറയുമ്പോള്‍ പ്രതാപ് പോത്തന്‍ സാറിന്റെ അഭിനയം എത്രത്തളം എന്നെ സ്വാധീനിച്ചിട്ടുണ്ട് എന്നത് നിങ്ങള്‍ മനസ്സിലാക്കണം. ത്രീ ഡോട്ട്‌സ് എന്ന മെഗാഹിറ്റ് സിനിമയില്‍ തന്നെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്‍മാരിലൊരാളാണ് താനെന്ന് അദ്ദേഹം തെളിയിച്ചതാണ്. എത്ര ഭരത് അവാര്‍ഡ് കിട്ടിയിട്ടുണ്ടെന്നു പറഞ്ഞാലും മിസ്റ്റര്‍ മമ്മൂട്ടിയും മിസ്റ്റര്‍ മോഹന്‍ലാലുമൊന്നും പ്രതാപ് പോത്തന്‍ സാറിന്റെ അഭിനയമികവിനു മുന്നില്‍ ആരുമല്ല എന്നുറക്കെ പറയാന്‍ ഞാനാഗ്രഹിക്കുന്നു. ഫാന്‍സുകാര്‍ എന്നെ കല്ലെറിഞ്ഞേക്കാം, വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞു വന്നേക്കാം; ഞാന്‍ വിരിമാറ് കാണിച്ചുകൊടുക്കും. ഒരു നല്ല നടനു വേണ്ടി അത്രയെങ്കിലും ചെയ്യാനായാല്‍ ഞാന്‍ കൃതാര്‍ഥനായി.

കുറിപ്പ്: ഇടുക്കി ഗോള്‍ഡ് നല്ല സിനിമയാണോ ചീത്ത സിനിമയാണോ എന്ന് തീരുമാനിക്കേണ്ടത് അലവലാതി പ്രേക്ഷകരും റിവ്യൂ എഴുത്തുകാരുമൊന്നുമല്ല. അത് ഉണ്ടാക്കിയവര്‍ തന്നെയാണ്. പ്രതാപ് പോത്തന്‍ സാര്‍ ഇന്ത്യയിലെ ഏറ്റവും മികച്ച നടനല്ല എന്ന് അഭിപ്രായമുള്ള ആരെങ്കിലുമുണ്ടെങ്കില്‍ മറ്റന്നാള്‍ കൊച്ചിക്കു വാടാ. എന്താടോ നന്നാവാത്തേ എന്നാര്‍ക്കെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ അതിനും ഉത്തരം കയ്യിലുണ്ട്- നിന്റെ അപ്പനോടു പോയി ചോദിക്കെടാ.

ഫേസ്ബുക്ക് വിമര്‍ശകരോട് രണ്ടു വാക്ക്: ആരും തിരിഞ്ഞുനോക്കാതെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന നിങ്ങള്‍ക്ക് ഒരഡ്രസ് ഉണ്ടായത് ആഷിക് അബുവിന്റെ സിനിമകളില്‍ ‘Thanks to all Facebook Friends’ എന്നെഴുതിക്കാണിച്ചു തുടങ്ങിയതിനു ശേഷമാണ്. പാലു തന്ന കയ്യില്‍ തിരിഞ്ഞുകടിക്കരുത്. അല്‍പം വൈകിയാണെങ്കിലും നിങ്ങള്‍ പശ്ചാത്തപിക്കും. ജയ് ഹോ.

നിവിന്‍ പോളിക്ക് വിലക്കേര്‍പ്പെടുത്തുക

ഫേസ്ബുക്കില്‍ പത്തു ലക്ഷത്തിലധികം ലൈക്കുകളുള്ള ലഫ്റ്റനന്റ് കേണല്‍, പത്മശ്രീ, ഭരത് മോഹന്‍ലാല്‍ ദി ബ്ലാക്ക് ബെല്‍റ്റ് വിളിച്ചിട്ട് ഫോണെടുക്കാത്ത വെറും മൂന്നു ലക്ഷം ലൈക്ക് മാത്രമുള്ള നിവിന്‍ പോളി അഭിനയജീവിതം അവസാനിപ്പിക്കുക. മലയാളത്തിന്റെ മഹാനടന്റെ കോള്‍ വരിക എന്നു പറയുന്നത് തന്നെ ജന്മസൗഭാഗ്യമാണ്. അത് എടുക്കാതിരിക്കുന്നതിലൂടെ മിസ്റ്റര്‍ നിവിന്‍ താനെത്രത്തോളം നികൃഷ്ടനും നിന്ദ്യനും നീചനുമാണെന്ന് തെളിയിച്ചിരിക്കുകയാണ്. നിവിനെപ്പോലൊരു പീറ നടന്‍ ലാല്‍ സാറിന്റെ അഭിനയമികവിനു മുന്നില്‍ വെറും ഒരു കൃമി മാത്രമാണ് എന്നാണ് ഞങ്ങള്‍ ആരാധകര്‍ക്ക് അടിവരയിട്ടു പറയാനുള്ളത്.

അമിതാഭ് ബച്ചനോ അക്ഷയ് കുമാറിനോ ഷാരൂഖ് ഖാനോ ഒക്കെ കൊടുക്കാമായിരുന്നിട്ടും ആ ചെക്കന്‍ രക്ഷപെടുന്നേല്‍ ആയിക്കോട്ടെ എന്നു വിചാരിച്ച് പുതിയ സിനിമയില്‍ നിവിന് അവസരം നല്‍കാന്‍ തയ്യാറായ ആ മഹാനടന്റെ വിശാലമനസ്സ് തിരിച്ചറിഞ്ഞ് അദ്ദേഹത്തിന്റെ കാല്‍ക്കല്‍ സ്രാഷ്ടാംഗം പ്രണമിച്ച് അനുഗ്രഹം തേടുകയും അഭിനയത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുകയും ചെയ്യേണ്ടതിനു പകരം കോള്‍ എടുക്കാതെ അദ്ദേഹത്തെ അപമാനിക്കുകയും ആ വിശാലമനസ്സിന്റെ അനുഗ്രങ്ങള്‍ നിഷേിക്കുകയും ചെയ്ത നിവിന്‍ പോളി ഞങ്ങള്‍ ആരാധകരുടെ വികാരം കൂടിയാണ് വേദനിപ്പിച്ചിരിക്കുന്നത്.

വാര്‍ത്തകളില്‍ കാണുന്നതനുസരിച്ച് ലാല്‍ സാര്‍ നിവിന്‍ പോളിയെ നാലുവട്ടം വിളിച്ചിട്ടും പോളി ഫോണെടുത്തില്ലത്രേ. തുടര്‍ന്ന് ഇന്നസെന്റ് സാറ് വിളിച്ചപ്പോള്‍ ഫോണെടുക്കുകയും ലാലേട്ടന്റെ കൂടെ പുട്ടും പീരയും കളിക്കാന്‍ തന്നെ കിട്ടില്ലെന്നും ഹീറോ അല്ലാതെ ഒരു കളിക്കും തന്നെ കിട്ടില്ലെന്നും പറഞ്ഞുവത്രേ. ലാല്‍ സാര്‍ പുട്ടായി അഭിനയിക്കുന്ന സിനിമയില്‍ പീരയായി അഭിനയിക്കാന്‍ അവസരം കിട്ടുകയെന്നു പറഞ്ഞാല്‍ ചെറിയ കാര്യമല്ല. ന്യൂജനറേഷന്‍ എന്നു പറയുന്ന തട്ടിപ്പു പ്രസ്ഥാനത്തിലെ പൊട്ടിപ്പൊളിയാന്‍ വിധിക്കപ്പെട്ട സിനിമകളിലഭിനയിച്ചതുകൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ കഴിയുമെന്നു നിവിന്‍ പോളി വിചാരിക്കരുത്. ലാല്‍ സാറിന്റെയും മമ്മൂക്കയുടെയുമൊക്കെ മിസ്ഡ് കോളുകള്‍ക്കായി കാത്തിരിക്കുന്ന ലക്ഷക്കണക്കിനാളുകളുണ്ട് ഈ ലോകത്തില്‍. അങ്ങനെയുള്ളപ്പോള്‍ അദ്ദേഹത്തിന്റെ കോള്‍ എടുക്കാതിരിക്കുന്നതിലൂടെ എത്ര വലിയ തെറ്റാണ് ചെയ്തതെന്ന് നിവിന്‍ തിരിച്ചറിയണം. ആരാധകരെ മാത്രമല്ല, കേരളമനസാക്ഷിയെ തന്നെ നടുക്കുന്ന ഒന്നായിപ്പോയി നിവിന്‍ പോളിയുടെ അഹങ്കാരം.

ഫേസ്ബുക്ക് ലൈക്ക് മല്‍സരത്തില്‍ ലാല്‍ സാറിനോട് ഇഞ്ചോടിഞ്ചു മല്‍സരിച്ച നസ്രിയ എന്ന കൊച്ചിന്റെ കൂടെ നേരം എന്ന സിനിമയില്‍ അഭിനയിച്ച നടന്‍ കൂടിയാണ് നിവിന്‍ പോളി. പ്രിയപ്പെട്ട മലയാളികളെ നിങ്ങളില്‍ അഹങ്കാരമില്ലാത്തവര്‍ നിവിന്‍ പോളിയുടെ ഫേസ്ബുക്ക് പേജ് അണ്‍ലൈക്ക് ചെയ്യുക. ലൈക്കുകളില്ലാതെ ചെക്കന്‍ ഫേസ്ബുക്കില്‍ അലഞ്ഞുതിരിഞ്ഞു നടക്കണം. മലയാള ചലച്ചിത്ര രംഗത്തു നിന്നു കൂടി പോളിക്കുഞ്ഞിനെ നിഷ്‌കാസനം ചെയ്താലേ നമ്മള്‍ ആരാധകരുടെ കര്‍ത്തവ്യം പൂര്‍ണമാവുകയുള്ളൂ. ഈ അഹങ്കാരത്തിനു സാക്ഷിയായ ആള്‍ എന്ന നിലയില്‍ അമ്മ പ്രസിഡന്റ് കൂടിയായ ഇന്നസെന്റും കോള്‍ ചെയ്തു എന്നു പറയപ്പെടുന്ന അമ്മ ജനറല്‍ സെക്രട്ടറി കൂടിയായ ലാല്‍ സാറും ചേര്‍ന്ന് അടിയന്തരയോഗം ചേര്‍ന്ന് നിവിന്‍ പോളിക്ക് വിലക്കേര്‍പ്പെടുത്തണം എന്ന് അഭ്യര്‍ഥിക്കാന്‍ ഞാനാഗ്രഹിക്കുകയാണ്. പണ്ട് പ്രൊഡ്യൂസര്‍മാരെ കണ്ടപ്പോള്‍ എണീറ്റു നിന്നില്ല എന്നോ മറ്റോ പറഞ്ഞ് നടി നിത്യ മേനോനെ വിലക്കിയെന്നു കേട്ടിട്ടുണ്ട്.

അഭിനയത്തിന്റെ എബിസിഡി അറിയാത്ത ഉണ്ണി മുകുന്ദനെ വിലക്കുന്ന കാര്യം കൂടി ഈ അവസരത്തില്‍ ഓര്‍മിപ്പിക്കുകയാണ്. ഹിറ്റ്‌മേക്കറും ഇന്ത്യന്‍ സിനിമയുടെ അഭിമാനവുമായ മേജര്‍ രവിയെ ഏതോ സിനിമയുടെ സെറ്റിലിട്ട് ഉണ്ണി മുകുന്ദന്‍ ചവുട്ടിക്കൂട്ടിയതായി വാര്‍ത്തകള്‍ കണ്ടിരുന്നു. അതിന് തക്കതായ പ്രതികാരം ചെയ്യണം. ലാല്‍ സാര്‍ ലഫ്റ്റനന്റ് കേണലും രവി സാര്‍ മേജറുമാണെന്നിരിക്കെ ഈ രണ്ടു കേസുകളും പട്ടാള കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നുമാണ് ഒരു ആരാധകനെന്ന നിലയില്‍ എന്റെ എളിയ ആവശ്യം.

കുറിപ്പ്: നിവിന്‍ പോളി ലാല്‍ സാറിന്റെ കോള്‍ അറ്റന്‍ഡ് ചെയ്തില്ല എന്ന വാര്‍ത്ത നിവിന്‍ പോളി ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്‌ഡേറ്റിലൂടെ നിഷേധിച്ചിട്ടുണ്ട്. ലാല്‍ സാറിനോടെന്ന ആരോടും ഇത്തരത്തില്‍ ഒരു അനാദരവ് കാണിച്ചിട്ടില്ലെന്നു പറയുന്ന നിവിന്‍ പോളി ലാല്‍ സാറിനോട് ഭയങ്കര ബഹുമാനമാണെന്നും കൂട്ടിച്ചേര്‍ക്കുന്നു. ഇത് തന്റെ കരിയര്‍ തന്നെ അവസാനിച്ചു പോകുമെന്ന ഭീതിയില്‍ നിന്നുടലെടുത്ത കുറിപ്പായാണ് എനിക്കു തോന്നുന്നത്. ഇനി എല്ലാം വ്യാജവാര്‍ത്തകളാണെങ്കിലും ആ വ്യാജവാര്‍ത്ത മൂലം ആരാധകരുടെ മനസ്സു വേദനിച്ചതിന് ആരു സമാധാനം പറയും. ആയതിനാല്‍ ലാല്‍ സാര്‍ നിവിന്‍ പോളിയെ വിളിച്ചോ, നിവിന്‍ പോളി കോളെടുത്തോ തുടങ്ങിയ കാര്യങ്ങള്‍ ഒരു സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാനും ഇരുവരുടെയും മൊബൈല്‍ സേവനദാതാക്കളുടെ നോഡല്‍ ഓഫിസര്‍മാരെ ഫാസ്റ്റ്ട്രാക്ക് കോടതിയില്‍ വിസ്തരിച്ച് മലയാള ചലച്ചിത്രരംഗത്തിനും സൂപ്പര്‍താരപദവിക്കുമേറ്റ മുറിവുകള്‍ ഉണക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

മഞ്ജുവും മൈക്രോസോഫ്റ്റും ചെയ്യുന്നത്

ചില തീരുമാനങ്ങള്‍ അങ്ങനെയാണ്. എടുത്തു കഴിഞ്ഞാല്‍ പിന്നെ മാറ്റാന്‍ പറ്റില്ല. അവ നടപ്പാക്കുന്നതോടെ അതുവരെയുള്ള ചരിത്രം തിരുത്തിക്കുറിക്കപ്പെടും. പക്ഷെ, പുതിയതൊന്നു രചിക്കാനായില്ലെങ്കില്‍ ഏറ്റവും വലിയ വീഴ്ചകളുടെ ചരിത്രത്തോടൊപ്പം ആ തീരുമാനങ്ങളും എഴുതിച്ചേര്‍ക്കപ്പെടും. മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യരും ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ നിര്‍മാണ കമ്പനിയായ മൈക്രോസോഫ്റ്റും ഓരോ തീരുമാനങ്ങള്‍ എടുത്തു നില്‍ക്കുകയാണ്. മഞ്ജു സിനിമയിലേക്കു തിരിച്ചു വരുന്നു; മൈക്രോസോഫ്റ്റ് നോക്കിയ കമ്പനിയെ ഏറ്റെടുക്കുന്നു. വളരെ ആവേശകരവും വിപ്ലവകരവുമായ തീരുമാനമെന്നു പെട്ടെന്നു വിലയിരുത്താമെങ്കിലും പക്വതയോടെ ആലോചിച്ചാല്‍ അത്ര ആവേശകരമാണോ എന്നതില്‍ സംശയം തോന്നും. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ രണ്ടു തീരുമാനങ്ങളും പരാജയത്തില്‍ കലാശിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. ശുഭാപ്തിവിശ്വാസം കൊണ്ടു മാത്രം ഇവിടെ കാര്യങ്ങള്‍ വിജയിക്കണമെന്നു നിര്‍ബന്ധമില്ല. വസ്തുതകളും സാഹചര്യങ്ങളും അല്‍പസ്വല്‍പം ഭാവികാര്യങ്ങളും പഠിച്ചും പരിഗണിച്ചും വേണം തീരുമാനങ്ങളെടുക്കാന്‍- മഞ്ജുവായാലും മൈക്രോസോഫ്റ്റ് ആയാലും.

പത്തു പതിന്നാല് വര്‍ഷം മുമ്പ് മഞ്ജു അഭിനയം നിര്‍ത്തുമ്പോള്‍ മുതല്‍ മഞ്ജൂ മടങ്ങി വരൂ, മഞ്ജൂ മടങ്ങി വരൂ എന്ന് കേരളക്കരയാകെ ആവശ്യപ്പെടുന്നതാണ്. ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞ് മഞ്ജു മടങ്ങി വന്നിരുന്നെങ്കില്‍ അന്നത്തെ അഭിനയജീവിതത്തിന്റെ ഒരു തുടര്‍ച്ച സാധ്യമായേനെ. ഇതിപ്പോള്‍ 14 വര്‍ഷത്തെ ബ്രേക്ക് എന്നത് ഏതൊരു നടിയെ സംബന്ധിച്ചും അത്ര ചെറുതല്ല. അഭിനയം നിര്‍ത്തുമ്പോഴത്തെ മഞ്ജു വാര്യരും അന്നത്തെ സിനിമയും അന്നത്തെ പ്രേക്ഷകരും അന്നത്തെ അഭിരുചികളും ഭാവുകത്വവും എല്ലാം അതേപടി നിലനില്‍ക്കുന്നെങ്കില്‍ തീര്‍ച്ചയായും മഞ്ജുവിന് കണ്ണുംപൂട്ടി മടങ്ങിവരാം. ഇതിപ്പോള്‍ അതല്ല സ്ഥിതി.

മലയാളത്തിലെ ശരാശരി നടിയുടെ പ്രായം വച്ചു നോക്കിയാല്‍ ഏജ് ഓവറായാണ് മഞ്ജു മടങ്ങിയെത്തുന്നത്. അതു പോട്ടെ എന്നു വയ്ക്കാം. പഴയതുപോലെ പ്രായത്തിന് ഇന്ന് അത്ര പ്രാധാന്യമില്ല എന്നു കരുതാം. പക്ഷെ, മലയാളത്തിലെ ഏറ്റവും മികച്ച നടിയാണ് മഞ്ജു എന്നാവര്‍ത്തിച്ചു പറഞ്ഞിരുന്ന പ്രേക്ഷകര്‍ക്കും പ്രായമായി. മഞ്ജു അഭിനയം നിര്‍ത്തുമ്പോള്‍ 25 വയസുള്ള പ്രേക്ഷകര്‍ക്ക് രണ്ടാം വരവിലെ ആദ്യസിനിമ ഇറങ്ങുമ്പോള്‍ വയസ് നാല്‍പതാവും. അതായത് അന്നു തിയറ്ററില്‍ ആര്‍പ്പുവിളിക്കുകയും കയ്യടിക്കുകയും ചെയ്ത പ്രേക്ഷകസമൂഹമല്ല ഇന്നു മഞ്ജുവിനെ കാത്തിരിക്കുന്നത്. അന്നത്തെ മഞ്ജു ഭക്തര്‍ ഇന്നു പിള്ളേരും പ്രാരാബ്ധവുമായി ഒതുങ്ങിപ്പോയി. പിന്നെ അന്നും ഇന്നും മഞ്ജുവിനെ ഏറ്റവുമധികം വാഴ്ത്തിയിട്ടുള്ളതും ആരാധിച്ചിട്ടുള്ളതും തൈക്കിളവന്‍മാരാണ്. വര്‍ഷം 14 കഴിഞ്ഞു അന്നത്തെ തൈകള്‍ പിന്നീട് കിളവന്‍മാരായി സിനിമ കാണാനും കേള്‍ക്കാനും പറ്റാത്ത അവസ്ഥയിലാവുകയോ മരിച്ചു മണ്ണടിഞ്ഞുപോവുകയോ ചെയ്തിട്ടുണ്ടാവാം. പിന്നെ അഭിനയമികവിന്റെ കാര്യം. വിരലിലെണ്ണാവുന്ന സിനിമകളില്‍ മാത്രം അഭിനയിച്ചിട്ടുള്ള നസ്രിയ നസീമിനെപ്പോലുള്ള കൊച്ചുപിള്ളേരുടെ (ഞാനും മഞ്ജുവും ഒരു പ്രായമാണ്) ഫേസ്ബുക്ക് പേജില്‍ പത്തു ലക്ഷം ലൈക്ക് അടിക്കാന്‍ നില്‍ക്കുന്ന ന്യൂജനറേഷന്‍ പിള്ളേര്, ഫേസ്ബുക്ക് ഇല്ലാ്ത്ത കാലത്ത് ആറാം തമ്പുരാനിലും കന്മദത്തിലുമൊക്കെ അഭിനയിച്ച ആന്റിയെ എങ്ങനെ സ്വീകരിക്കുമെന്നത് കണ്ടറിയണം.

നിര്‍ണായകമായ ഒരു മടങ്ങിവരവിന് മഞ്ജു തിരഞ്ഞെടുത്ത സിനിമയും സംവിധായകനും നായകനടനുമൊക്കെ അസ്ഥാനത്താണ് എന്നും എനിക്കഭിപ്രായമുണ്ട്. ഒരു ഹിറ്റുണ്ടായിട്ട് കാലങ്ങളായ മോഹന്‍ലാലും തുടരന്‍ സാരോപദേശ ഫ്‌ളോപുകള്‍ സൃഷ്ടിക്കുന്ന രഞ്ജിതും ചേര്‍ന്ന് മഞ്ജു വാര്യരെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ പുനപ്രതിഷ്ഠിക്കും എന്നെനിക്കു പ്രതീക്ഷയില്ല. ലാലേട്ടന്റെ വാര്‍ധക്യകാല പ്രണയ ഡയലോഗുകള്‍ക്കു തലയാട്ടി, ബാവൂട്ടിയും മാത്തുകുട്ടിയും പോലെ സദ്ഗുണസമ്പന്നയായ ഒരു ഏട്ത്തിയായി പ്രേക്ഷകര്‍ക്ക് സദുപദേശങ്ങള്‍ നല്‍കുന്ന മഞ്ജു വാര്യരുടെ രണ്ടാം വരവില്‍ എനിക്കൊരു പ്രതീക്ഷയുമില്ല. മിനിമം സൂപ്പര്‍ ഹിറ്റ് സൃഷ്ടിക്കാന്‍ കഴിവുള്ള ഏതെങ്കിലും സംവിധായകന്റെ സിനിമയിലൂടെ തികച്ചും കൊമേഴ്‌സ്യലായ ഒരു മടങ്ങിവരവാണ് മഞ്ജുവിന് ആവശ്യം.

സത്യത്തില്‍ മഞ്ജുവിനെ വഷളാക്കിയത് മാധ്യമങ്ങളാണ്. മിക്കവാറും മാധ്യമങ്ങളില്‍ 14 വര്‍ഷം മുമ്പ് സിനിമ കൈകാര്യം ചെയ്തിരുന്നവര്‍ തന്നെയാണ് ഇപ്പോഴും സിനിമ ചെയ്യുന്നത്. അന്നു മുതലുള്ള മഞ്ജുവിയന്‍ കൗതുകവും അഭിനിവേശങ്ങളും ചുമന്നു നടക്കുന്ന പാവങ്ങള്‍ എഴുതി വാഴ്ത്തിയും നടിയുടെ വിവാഹമോചനം സ്വപ്‌നം കണ്ടും അഭിരമിക്കുകയാണ്. നടി ഒരു പരസ്യചിത്രത്തിലഭിനയിച്ചപ്പോഴേക്കും വാഹ്, വാഹ് വിളികള്‍ കൊണ്ട് സകല മാധ്യമങ്ങളും മലയാളികളെ ശ്വാസം മുട്ടിച്ചു. എന്നിട്ട് ഒടുവില്‍ പരസ്യം ടിവിയില്‍ വന്നപ്പോഴെന്തായി ? മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിലല്ല കേരളത്തിലെ ആളുകള്‍ സിനിമ കാണുന്നതും അതെപ്പറ്റി അഭിപ്രായം പറയുന്നതും. മാധ്യമങ്ങളെ സംബന്ധിച്ച് ഇന്നും മലയാളത്തിലെ ഹിറ്റ്‌മേക്കേഴ്‌സ് രഞ്ജിതും സത്യന്‍ അന്തിക്കാടുമൊക്കെയാണ്. പാവങ്ങള്‍ പിടിച്ചു നില്‍ക്കുന്നതെങ്ങനെയാണെന്ന് അവര്‍ക്കേ അറിയൂ. വിവരമില്ലാത്ത പത്രക്കാര്‍ പറയുന്നത് കേട്ട് ഉള്ള പേരു കളയാതിരിക്കുന്നതാണ് മഞ്ജുവിന് നല്ലത് എന്നാണ് എന്റെ അഭിപ്രായം.

മഞ്ജു അഭിനയിച്ചാലും ഇല്ലെങ്കിലും ഇതൊക്കെയേ സംഭവിക്കൂ. അതുപോലല്ല മൈക്രോസോഫ്റ്റിന്റെ കാര്യം. പത്തന്‍പതിനായിരം കോടി രൂപ മുടക്കി അവര്‍ നോക്കിയ ഫോണുകളും പേറ്റന്റുകളും സിഇഒ ഉള്‍പ്പെടെ അരലക്ഷത്തോളം ജീവനക്കാരെയും സ്വന്തമാക്കുന്നത് എന്തു കണ്ടിട്ടാണ് എന്നെനിക്കു മനസ്സിലാവുന്നില്ല. കച്ചവടം പൊട്ടി നില്‍ക്കുന്ന നോക്കിയയ്ക്ക് ഇതൊരു ആശ്വാസമാകുമെന്നതില്‍ സംശയമില്ല. പക്ഷേ നോക്കിയ ഫോണും വിന്‍ഡോസ് മൊബൈല്‍ സോഫ്റ്റ്‌വെയറും വച്ച് അവരെന്തുണ്ടാക്കാനാണ് എന്നു മനസ്സിലാവുന്നില്ല. ഇതു രണ്ടും വച്ച് പരമാവധി ചെയ്യാവുന്നതെല്ലാം ലൂമിയ ഫോണുകളിലൂടെ അവര്‍ ചെയ്യുന്നുണ്ട്. നോക്കിയയുടെ ഫോണുകളും മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്‌വെയറുകളും വച്ച് ഇനിയും അതൊക്കെ തന്നെയേ ചെയ്യാന്‍ കഴിയൂ. രണ്ടു വര്‍ഷം ഒരുമിച്ചു താമസിച്ച കപിള്‍സ് ഒടുവില് കല്യാണം കഴിക്കുന്നതുപോലെയേ ഉള്ളൂ ഈ ഏറ്റെടുക്കല്‍. കൂടുതലൊന്നും നടക്കാന്‍ പോകുന്നില്ല. പോരെങ്കില്‍ മൈക്രോസോഫ്റ്റും നോക്കിയയുമായി പ്രണയമൊന്നുമായിരുന്നില്ലല്ലോ. വെറുതെ വാശിപിടിച്ചു നില്‍ക്കാതെ ആന്‍ഡ്രോയ്ഡ് സ്വീകരിച്ചിരുന്നെങ്കില്‍ നോക്കിയയ്ക്കു പണ്ടേ രക്ഷപെടാമായിരുന്നു. ഇതിപ്പോള്‍ മൈക്രോസോഫ്റ്റിനു കൂടി പണിയുണ്ടാക്കുന്ന മട്ടുണ്ട്. അങ്ങനെ വല്ലതും സംഭവിച്ചാല്‍ നമുക്കൊക്കെ പൈറേറ്റ് ചെയ്തുപയോഗിക്കാന്‍ നല്ല നല്ല ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ആരുണ്ടാക്കും. വിന്‍ഡോസ് ഉണ്ടെങ്കിലല്ലേ ഭാവിയില്‍ നമുക്ക് ടൊറന്റില്‍ നിന്നു മഞ്ജു വാര്യരുടെ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്തു കാണാന്‍ പറ്റൂ. മൈക്രോസോഫ്റ്റിനു നോക്കിയയും മഞ്ജു വാര്യര്‍ക്ക് ലാലേട്ടനും ഒരു ഭാരാമാവാതിരിക്കട്ടെ എന്നാശംസിക്കുന്നു!

ഇവന്റെ എവിടെയാണ് സൗന്ദര്യം ?

ശരാശരി സുന്ദരിയായ വടക്കേലെ ജാന്‍സിക്ക് 12 പ്രേമലേഖനം കൊടുത്തിട്ടും നിരാശനാകേണ്ടി വന്ന, ഒറ്റ പെണ്ണുങ്ങള്‍ പോലും തിരിഞ്ഞു നോക്കാത്ത ജസ്റ്റിന് ഏതാണ്ട് ഇതേ ഛായയായിരുന്നു. എസ്‌റ്റേറ്റ് ബംഗ്ലാവിലെ മൊസൈക്ക് മാറ്റി മാര്‍ബിള്‍ ഇടുന്ന കാലത്ത് മിനുക്കുപണിക്കു വന്ന മംഗലാപുരംകാരന്‍ പയ്യനും ഇതിയാന്റെ ഛായയായിരുന്നു. സൗന്ദര്യക്കൂടുതല്‍ കാരണം സൗദിയിലെ സ്ത്രീകള്‍ വശംകെട്ടുപോവും എന്നു പറഞ്ഞ് സദാചാരപ്പോലീസ് നാടുകടത്തിയെന്നു പറയുന്ന മൂന്നു ബോറന്‍മാരില്‍ ഒരാളുടെ ചിത്രമാണിത്. പേര്- ഒമര്‍ ബോര്‍കാന്‍ അല്‍ ഗല. ലിവന്റെ
എവിടെയാണ് സൗന്ദര്യം എന്നു മാത്രം എനിക്കു മനസ്സിലാവുന്നില്ല.

മമമ്മൂക്കയെപ്പോലെ പൗരുഷമുള്ള മുഖമോ ലാലേട്ടനെപ്പോലെ പ്രണയാര്‍ദ്രമായ കണ്ണുകളോ ദിലീപിട്ടേനെപ്പോലെ തുടുത്ത കവിളുകളോ പൃഥ്വിരാജേട്ടനെപ്പോലെ സെക്‌സ് പായ്ക്ക് ബോഡീസോ ഈ ചെറുപ്പക്കാരനില്ല. ഇന്ത്യയിലെ തെരുവുകളിലൂടെ പെണ്‍പിള്ളേരെ ചൂളംകുത്തി തേരാ-പാരാ നടക്കുന്ന വായ്‌നോക്കി ചെക്കന്‍മാരുടെ അതേ ലുക്ക്. കേരളത്തിലെ ചില കുണ്ടന്‍മാരെപ്പോലെ കണ്ണെഴുതിയിരിക്കുന്നതിന്റെ അശ്ലീലം മറുവശത്ത്. പിന്നെ വിരിഞ്ഞു നില്‍ക്കുന്ന ഫോട്ടോയില്‍ ബൈസോ ട്രൈസോ ഡെല്‍റ്റോ ഒന്നും കാണാനില്ല. ഇവനെ അതിസുന്ദരനെന്നു വിശേഷിപ്പിക്കുന്നത് നിലവിലുള്ള സാധാരണ സുന്ദരന്‍മാര്‍ക്കു പോലും ഭീകര നാണക്കേടാണ്.

സൗദിയിലെ സ്ത്രീകള്‍ വളരെ സുന്ദരികളാണെന്നാണ് കേട്ടിട്ടുള്ളത്. ഇമ്മാതിരി ഐറ്റങ്ങളെ കണ്ടാല്‍ കണ്ട്രോളു പോകുന്ന തരത്തില്‍ അവര്‍ പ്രീമച്വര്‍ ആണോ എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടാണ് ഇവര്‍ സൗന്ദര്യക്കൂടുതലുള്ളവരാണെന്ന് അവിടുത്തെ സദാചാരപ്പോലീസ് പറഞ്ഞിരിക്കുന്നത്. സന്തോഷ് പണ്ഡിറ്റ് ഏലിയന്‍ സൂപ്പര്‍ സ്റ്റാറും മണ്ണത്തൂര്‍ വില്‍സണ്‍ ഫേസ്ബുക്ക് സെലബ്രിറ്റിയുമായതുപോലെ ഈ ചെറുപ്പക്കാരന്‍ ഒന്നിരുട്ടി വെളുത്തപ്പോഴേക്കും സൗദി അറേബ്യയുടെ ജി സ്‌പോട്ടിനെ കിടുകിടാ വിറപ്പിക്കുന്ന വീരമദാലസനായി. അവിടുത്തെ സദാചാര പോലീസ് ഇവിടെയും ഉണ്ടായിരുന്നെങ്കില്‍ എന്നെയൊക്കെ തൂക്കിക്കൊന്നേനെ. സൗന്ദര്യക്കൂടുതല്‍ കൊണ്ട് രക്തസാക്ഷിത്വം വഹിക്കുന്നതില്‍ നാണക്കേടൊന്നുമില്ല, പക്ഷെ എനിക്കതില്‍ താല്‍പര്യമില്ല.

ദുബായ്ക്കാരനായ ഒമര്‍ ഫോട്ടോഗ്രാഫറും കവിയും നടനുമൊക്കെയാണെന്നാണ് പപ്പരാസികള്‍ പറയുന്നത്. എന്തൊരു വൃത്തികെട്ട കോംബിനേഷനാണെന്നു നോക്കണം. ഫോട്ടോഗ്രാഫറും സംവിധായകനുമാവാം, ഒരന്തസ്സുണ്ട്. അല്ലെങ്കില്‍ കവിയും കഥാകാരനുമാവാം അതുമല്ലെങ്കില്‍ പത്രപ്രവര്‍ത്തനും ബ്ലോഗറുമാവാം, വളരെ വളരെ അന്തസ്സുണ്ട്. ഫോട്ടോഗ്രാഫറും കവിയും നടനുമെന്നു പറയുമ്പോള്‍ തന്നെ ഒരു ഫ്രോഡ് മണം. ലിവന്റെ ഫേസ്ബുക്കിലെ സ്റ്റാറ്റസ് അപ്‌ഡേറ്റ് കണ്ടിട്ട് കവിത ഏഴയലത്തുകൂടി പോയ ലക്ഷണമില്ല. നടനാണെന്നൊക്കെ ചുമ്മാ പറയാമെന്നല്ലാതെ അവിടൊക്കെ സിനിമയോ നാടകമോ വല്ലതുമുണ്ടോ ?

ഇതിയാന്റെ സൗന്ദര്യം കണ്ടിട്ട് ഹൃദയം നിലച്ചുപോയെന്നോ കണ്ണുകള്‍ കണ്ടിട്ട് ബിപി കൂടിയെന്നോ ഒക്കെ പറഞ്ഞ് സൗന്ദര്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത ലോക്കല്‍ മല്ലു ആന്റിമാര്‍ വരെ ഫേസ്ബുക്കില്‍ കാല്‍പനികം കളിച്ചു നടക്കുന്നുണ്ട്. ശുദ്ധതട്ടിപ്പാണ്. നമ്മളെപ്പോലെയുള്ള മലയാളികളും ബുദ്ധിമാന്‍മാരുമായ സുന്ദരന്‍മാരെ ആക്ഷേപിക്കുന്നതിനും പ്രകോപിപ്പിക്കുന്നതിനും വേണ്ടി അവര്‍ വെറുതെ പുലമ്പുകയാണ്. അല്ലെങ്കിലും കുഞ്ചാക്കോ ബോബന്‍ ഗന്ധര്‍വ്വനാണെന്നു വിശ്വസിച്ചിരുന്ന പെണ്ണുങ്ങള്‍ പിള്ളേരും പൃങ്ങാണിയുമായി കഴിയുന്ന മലയാളക്കരയില്‍ ഇമ്മാതിരി ചെക്കന്‍മാരെയൊക്കെ സുന്ദരന്‍മാരെന്ന പേരില്‍ അവതരിപ്പിക്കുന്നത് വിഡ്ഡിത്തമാണ്. തലയില്‍ കുരുവിക്കൂടും മുഖത്ത് കപ്പടാമീശയും ഉഗ്രന്‍ കുടവയറുമുള്ള മലയാളികളെയേ അവര്‍ക്കിഷ്ടമാവൂ. അങ്ങനെയല്ലാത്തെ ഒരുത്തനെ ഇഷ്ടപ്പെടാന്‍ ഞങ്ങള്‍ സമ്മതിക്കില്ല.

എല്ലാ പുരുഷവായനക്കാരും ചേര്‍ന്ന് പ്രാര്‍ഥിക്കുക:
ഈശ്വരാ… ഇവനു ചിക്കന്‍പോക്‌സ് പിടിച്ചു മുഴുവന്‍ പാണ്ടാവണേ…

ആഷിക് അബുവിന് ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട ആഷിക് അബു,

മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫേസ്ബുക്ക് കണ്ടുപിടിക്കുന്നതിനു മുമ്പേ സിനിമയില്‍ വന്ന ആളാണ് താങ്കള്‍. വിശ്വരൂപം എന്ന സിനിമയെപ്പറ്റി പ്രേക്ഷകനെന്ന നിലയില്‍ താങ്കള്‍ ഫേസ്ബുക്കില്‍ അഭിപ്രായം പറഞ്ഞതിന് അഭിപ്രായസ്വതാന്ത്ര്യത്തിനും ആവിഷ്കാരസ്വാതന്ത്ര്യത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച സ്വാതന്ത്ര്യവാദികള്‍ താങ്കളെ വലിച്ചു കീറി പോസ്റ്ററൊട്ടിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഈ സമയത്ത് ഒരു സോഷ്യല്‍ മീഡിയ സ്വാതന്ത്ര്യവാദി എന്ന നിലയ്‍ക്ക് താങ്കള്‍ക്ക് ചില ഉപദേശങ്ങള്‍ നല്‍കാന്‍ ഞാനാഗ്രഹിക്കുകയാണ്. താങ്കളുടെ സിനിമകളുടെ ആദ്യഭാഗത്ത് കാണിക്കുന്നത് പോലെ ഈ പോസ്റ്റ് എല്ലാ ഫേസ്ബുക്ക് കൂട്ടുകാര്‍ക്കുമായി ഞാന്‍ സമര്‍പ്പിക്കുന്നു.

1. ഫേസ്ബുക്ക് പോസ്റ്റിടുമ്പോള്‍ നമ്മള്‍ പ്രധാനമായും പരിശോധിക്കേണ്ടത് പൊതുവായ വികാരം എന്താണ് എന്നതാണ്. വിശ്വരൂപം എന്ന സിനിമയുടെ കാര്യത്തിലാണെങ്കില്‍ പൊതുവായ വികാരം അത് ലോകോത്തര സിനിമയാണെന്നും അത്തരമൊരു സിനിമയെടുത്ത കമലഹാസന്‍റെ കാലുകഴുകിയ വെള്ളം നമ്മള്‍ കുടിക്കണമെന്നും ആ സിനിമ ഇഷ്ടപ്പെടാത്തവരെല്ലാം തീവ്രവാദികളാണെന്നുമാണ്. ഈ സാഹചര്യത്തില്‍ താങ്കള്‍ പടം കണ്ടാലും ഇല്ലെങ്കിലും ആ പൊതുവികാരത്തിനനുസരിച്ച് മാത്രമേ പോസ്റ്റിടാന്‍ പാടുള്ളൂ. സിനിമ കാണാതെ തന്നെ അതിനെ മഹത്തരം എന്നു വാഴ്‍ത്തിപ്പാടുന്നതാണ് അത് കണ്ട ശേഷം സ്വന്തം അഭിപ്രായം എഴുതുന്നതിനെക്കാള്‍ നല്ലത്.

2. താങ്കള്‍ ഒരു മലയാള സിനിമാ സംവിധായകനാണ്. താങ്കളില്‍ നിന്നു പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് നല്ല സിനിമകള്‍ മാത്രമല്ല, അതിവിനയം, സല്‍സ്വഭാവം,മൃദുഭാഷണം തുടങ്ങിയ സവിശേഷതകള്‍ കൂടിയാണ്. താങ്കള്‍ക്ക് വ്യക്തിത്വമോ നട്ടെല്ലോ ഉണ്ടായിരിക്കണമെന്ന് പ്രേക്ഷകര്‍ക്കു നിര്‍ബന്ധമില്ല. അഥവാ ഉണ്ടെങ്കില്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ അതുള്ളതായി ഭാവിക്കരുത്. താങ്കളുടെ സിനിമകള്‍ക്ക് താങ്കളുടേതായ ഒരു ശൈലിയോ ബോള്‍ഡ്നെസ്സോ ഉള്ളത് പ്രേക്ഷകര്‍ സ്വീകരിക്കുമെങ്കിലും താങ്കള്‍ അത്തരത്തിലൊരു ശൈലിയോ ബോള്‍ഡ്നെസ്സോ പ്രകടിപ്പിക്കുന്നത് വച്ചുപൊറുപ്പിക്കില്ല.

3. വിശ്വരൂപം സിനിമയുടെ പ്രദര്‍ശനം ചില സംഘടനകള്‍ തടയുന്നത് ആവിഷ്കാരസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് താങ്കള്‍ക്കറിയാമല്ലോ. അതിനെതിരെ പ്രതിഷേധിക്കാനുള്ള യോഗത്തില്‍ താങ്കള്‍ പങ്കെടുത്തു പ്രസംഗിക്കുന്നത് പത്രത്തിലൊക്കെ വന്നതുമാണ്. എന്നു കരുതി ആ സിനിമ പോയി കണ്ട ശേഷം അത് ഇഷ്ടപ്പെടാതിരിക്കാനുള്ള അവകാശം താങ്കള്‍ക്കില്ല. ഇത്തരമൊരു രാഷ്ട്രീയപ്രാധാന്യമുള്ള ചിത്രമെന്ന നിലയ്‍ക്ക് അത് ഇഷ്ടപ്പെട്ടേ പറ്റൂ. അഥവാ അതിഷ്ടപ്പെട്ടില്ലെങ്കില്‍ ഇഷ്ടപ്പെട്ടില്ല എന്നു പറയാനുള്ള സ്വാതന്ത്ര്യവും താങ്കള്‍ക്കില്ല. കാരണം, കമല്‍ഹാസന്‍ മഹാനായ നടനും സംവിധായകനുമൊക്കയാണ്. കമല്‍ഹാസനെപ്പറ്റി അതിബഹുമാനത്തോടെയും അതിരുകടന്ന വിനയത്തോടെയും മാത്രം സംസാരിക്കുന്നതാണ് ഈ സീസണില്‍ നല്ലത്.

4. പറയുമ്പോ എല്ലാം പറയണമല്ലോ. എന്തു സംഭവമായാലും അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന ആളുകളുടെ സമുദായം ഏതെന്നു നോക്കി അതിനെ വിലയിരുത്തുന്നതാണ് ഇവിടുത്തെ ഒരു രീതി. വിശ്വരൂപത്തിനെതിരേ പ്രതിഷേധിക്കുന്നവര്‍ മുസ്‍ലിം സംഘടനകളില്‍പ്പെട്ടവരാണെന്നിരിക്കെ മുസ്‍ലിം നാമധാരിയായ താങ്കള്‍ അവരെ എതിര്‍ക്കുന്നതോടൊപ്പം കമല്‍സാഹനോടുള്ള ആരാധന വെളിവാക്കുകയും സിനിമയെ വാഴ്‍ത്തിപ്പാടുകയും ചെയ്തിരുന്നെങ്കില്‍ നന്നായിരുന്നു. സിനിമയെ എതിര്‍ക്കുന്നവരെ കളിയാക്കുന്നതോടൊപ്പം സിനിമ താങ്കള്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്നു തുറന്നെഴുതിയതിനെ തികച്ചും വര്‍ഗീയമായി മാത്രം കാണുന്നതാണ് പുരോഗമനവാദികളായ മതേതരവാദികള്‍ക്കിഷ്ടം.

5. സാധാരണ പ്രേക്ഷകന്‍ എന്ന നിലയില്‍ കമലഹാസന്‍റെ സിനിമയെപ്പറ്റി താങ്കള്‍ അഭിപ്രായം പറയുമ്പോള്‍ അത് സോഷ്യല്‍ മീഡിയ മലയാളിക്ക് സഹിക്കാന്‍ കഴിയാതെ വരുന്നത് താങ്കള്‍ കമലഹാസനെയൊക്കെ വിമര്‍ശിക്കാവുന്ന തരത്തില്‍ പ്രതിഭാധനനായ സംവിധായകനാണ് എന്നു പ്രേക്ഷകര്‍ വിശ്വസിക്കുന്നതുകൊണ്ടാണ്. എന്നാല്‍, ശ്രീശാന്തും പൃഥ്വിരാജും ഒക്കെ വളര്‍ന്നുപോയതുപോലെ താങ്കളുടെ കരിയര്‍ ഗ്രാഫും റോക്കറ്റുപോലെ വളരുന്നതില്‍ ഞങ്ങള്‍ക്ക് അസൂയാവഹമായ ആശങ്കയുണ്ട്. ഇക്കാരണത്താല്‍ നീയാരെടാ കമലഹാസനെ വിമര്‍ശിക്കാന്‍, നീ വെറും പുഴു എന്ന സന്ദേശം ഞങ്ങള്‍ താങ്കളിലേക്ക് അടിച്ചുകയറ്റിക്കൊണ്ടിരിക്കും.

6. ഡാഡി കൂള്‍ ഞങ്ങള്‍ക്കിഷ്ടപ്പെട്ട സിനിമയാണ്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ അതിമനോഹരമായ സിനിമയായിരുന്നു. 22 ഫീമെയില്‍ കോട്ടയം പ്രേക്ഷകഭാവുകത്വത്തെ തന്നെ പുനര്‍നിര്‍വചിച്ച സിനിമയാണ്. ഡാ തടിയായും മോശമായില്ല. ഈ സിനിമകളൊക്കെ ഞങ്ങളാസ്വദിക്കുകയും നല്ലതെന്നു പ്രചരിപ്പിക്കുകയും ചെയ്തതാണ്. എന്നാല്‍, മേല്‍പ്പറഞ്ഞ കാരണങ്ങളാലും താങ്കള്‍ക്ക് ഞങ്ങളുടെ പിന്തുണയില്‍ അധിഷ്ഠിതമല്ലാത്ത ഒരു വ്യക്തിത്വവും അഭിപ്രായവും ഉണ്ടാവുന്നത് അപകടകരമാണെന്ന് അറിയാവുന്നതുകൊണ്ടും ഈ സിനിമകളൊക്കെ മലയാളത്തിലെ ഏറ്റവും കൂതറ സിനിമകളാണെന്നു ഞങ്ങള്‍ സാക്‍ഷ്യപ്പെടുത്തിക്കൊണ്ടിരിക്കും.

7. പിന്നെ, താങ്കള്‍ ആദ്യം ഇട്ട പോസ്റ്റ് ഡിലീറ്റ് ചെയ്ത് മറ്റൊരു പോസ്റ്റ് ഇട്ടത് കേരള ഫേസ്ബുക്ക് അസോസിയേഷന്‍റെ ചട്ടങ്ങള്‍ക്കു വിരുദ്ധമാണ് എന്നതറിയാമല്ലോ. ഇട്ട പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നവനെ കല്ലെറിഞ്ഞു കൊല്ലുന്നതും അതിന്‍റെ സ്ക്രീന്‍ഷോട്ട് മാക്സിമം ഷെയര്‍ ചെയ്ത് മറ്റുള്ളവരോടും കല്ലെറിയാന്‍ ആഹ്വാനം ചെയ്യുന്നതും അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായുള്ളതാണ്.

8. മഹാനായ കമലഹാസന്‍റെ സിനിമയെ വിമര്‍ശിക്കുമ്പോള്‍ ഭയഭക്തിബഹുമാനങ്ങളോടെ വിമര്‍ശിക്കണം എന്നതാണ് ആദ്യമായും അവസാനമായും ഞങ്ങള്‍ക്ക് ആഷികിനോടു പറയാനുള്ളത്. അതിനു നാട്ടുഭാഷ ഉപയോഗിച്ച താങ്കളെ വിമര്‍ശിക്കാന്‍ ഞങ്ങള്‍ കട്ടത്തെറിയായിരിക്കും ഉപയോഗിക്കുന്നത്. അങ്ങനെ ഞങ്ങള്‍ കട്ടത്തെറി ഉപയോഗിച്ച് ആഷികിനെ വിമര്‍ശിക്കുന്നതിനെ ആരെങ്കിലും വിമര്‍ശിച്ചാല്‍ അവന്‍റെ അന്ത്യമായിരിക്കും. കാരണം, കമലഹാസന്‍റെ മുന്നില്‍ ആഷിക് അബു ഒന്നുമല്ല. എന്നാല്‍, പ്രത്യേകിച്ചു പണിയൊന്നുമില്ലാത്ത ഞങ്ങള്‍ക്കു മുന്നില്‍ നിങ്ങളാരും ഒന്നുമല്ല. ഞങ്ങള്‍ക്ക് ഏതു ഭാഷയും ഏതു ശൈലിയും ഉപയോഗിക്കാം. നിങ്ങളുടെ ഭാഷ നന്നായിരുന്നാല്‍ മതി.

9. താങ്കളുടെ അഭിപ്രായങ്ങളില്‍ അഹങ്കാരം, പുച്ഛം, ധാര്‍ഷ്ട്യം എന്നീ ഏതെങ്കിലും ഭാവങ്ങളുടെ അംശമെങ്കിലും കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അത് ഞങ്ങള്‍ മുളയോടെ നുള്ളിയിരിക്കും. അഹങ്കാരം എന്നത് കേരളത്തില്‍ നിയമം മൂലം നിരോധിച്ചിട്ടുള്ള കാര്യമാണെന്ന് അറിയാമല്ലോ. അതിവിനയമില്ലാത്ത എല്ലാവരും അഹങ്കാരികളാണെന്ന് ഞങ്ങള്‍ക്കറിയാം. ശ്രീശാന്ത്, പൃഥ്വിരാജ് തുടങ്ങി വിനയരഹിതരും സ്വന്തമായി അഭിപ്രായവും വ്യക്തിത്വവുമുള്ളവരുമായ എല്ലാവരെയും ഞങ്ങള്‍ കേരളസാംസ്കാരികഭൂമികയില്‍ നിന്നു തുടച്ചു നീക്കിയിട്ടുണ്ട്. അഹങ്കാരികള്‍ ഇല്ലാത്ത കേരളം അതാണ് ഞങ്ങളുടെ സ്വപ്നം.

10. മേലാല്‍ വിഗ്ഗ് വയ്‍ക്കുന്ന സൂപ്പര്‍ സ്റ്റാറുകളെപ്പറ്റി ഏതെങ്കിലും സിനിമാ വാരികയില്‍ എഴുതുകയോ കമലഹാസനെപ്പോലുള്ള മഹാനായ കലാകാരന്‍മാരുടെ സിനിമ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്താല്‍ വിവരമറിയും. ഫഹദ് ഫാസിലിനെപ്പോലുള്ള ന്യൂ ജനറേഷന്‍ പയ്യന്‍മാരെയേ താങ്കള്‍ കണ്ടിട്ടുള്ളൂ. അസ്സല്‍ ഫാസിസ്റ്റുകളെ കണ്ടിട്ടില്ല. കാരണം, അവരൊക്കെ മതേതരവാദം സംരക്ഷി്ക്കുന്ന തിരക്കിലാണ്.

ഈ പോസ്റ്റ് എഴുതിയതിന് ഞാന്‍ കേള്‍ക്കേണ്ടി വരുന്നത് എന്തൊക്കെയാണെന്ന് എനിക്കറിയാം. അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്ടാകരസ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി ഫേസ്ബുക്ക് കവലകളില്‍ ആളുകള്‍ ആയുധം മൂര്‍ച്ച കൂട്ടുന്നതിന്‍റെ ശബ്ദം ഞാന്‍ കേള്‍ക്കുന്നു. 100 പൂക്കള്‍ വിരിയട്ടെ എന്നൊന്നും പറയാനുള്ള കെല്‍പ് എനിക്കില്ല. എന്നാലും സംഭവിക്കാനുള്ളത് കണക്കിലെടുത്ത പറയാം- ഒരായിരം തെറികള്‍ വിരിയട്ടെ !