മഹാരാജാവ് നീണാള്‍ വാഴട്ടെ !

രാജാവ് നഗ്നനാണ് എന്നത് ചരിത്രത്തിലെ ഏറ്റവും വലുതും ഇന്നും നമ്മളൊക്കെ പലയിടത്തും ഉദ്ധരിക്കുകയും ചെയ്യുന്ന ഏറ്റവും ധീരമായ തുറന്നു പറച്ചിലായാണ് ലോകം കണക്കാക്കുന്നത്. കാര്യം ജനാധിപത്യമൊക്കെയാണെങ്കിലും തിരുവനന്തപുരത്തുകാര്‍ക്ക് ദൈവത്തെപ്പോലെ ആരാധ്യനായ തിരുവിതാംകൂര്‍ രാജാവിനു കള്ളന്റെ ഇമേജ് നല്‍കിയ അമിക്യസ് ക്യൂരിയുടെ ധീരതയില്‍ പക്ഷെ ആരും അദ്ഭുതപ്പെടുന്നില്ല. കള്ളന്‍മാരെ ആദരിക്കുകയും ധീരന്‍മാരെ കുഴിച്ചുമൂടുകയും ചെയ്യുന്നവരെന്ന നിലയില്‍ മലയാളിക്ക് അമിക്യസ് ക്യൂരിയെ ബഹുമാനിക്കാന്‍ സാധിക്കുകയുമില്ല.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണശേഖരം ആര്‍ക്ക് അവകാശപ്പെട്ടതാണ് എന്ന ചോദ്യത്തില്‍ നിന്നു വേണം മറ്റെല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍. അത് രാജാവിനും ഫാമിലിക്കും അവകാശപ്പെട്ടതാണെന്നും ബ്രിട്ടിഷുകാരുടെ കയ്യില്‍പ്പെടാതെ അതവിടെ സൂക്ഷിച്ചുവച്ച രാജാപാര്‍ട്ടിനെ പൂജിക്കാതെ അവരെ കുറ്റം പറയുന്നോടാ പട്ടികളേ എന്നാണ് പ്രധാനമായും നീതിമാന്‍മാര്‍ക്കു ചോദിക്കാനുള്ളത്. ഇതിനിടയിലാണ് സ്വര്‍ണം നാട്ടുകാര്‍ക്കെല്ലാം വീതം വച്ചുകൊടുക്കണമെന്ന വാദവും സര്‍ക്കാരിലേക്കു മുതല്‍ക്കൂട്ടണമെന്ന തിയറിയുമൊക്കെ വരുന്നത്. നാട്ടുകാര്‍ക്ക് കൊടുത്താല്‍ സ്വാഭാവികമായും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ വഴി അതും സര്‍ക്കാര്‍ ഖജനാവിലേക്കാണ് എത്തുന്നത്. സര്‍ക്കാരിനു കിട്ടുന്ന പണം ആരുടെയൊക്കെ പോക്കറ്റുകളിലേക്കു പോകുമെന്നത് നമുക്ക് കൃത്യമായി അറിയാം (മുകേഷ് അംബാനിയുടെ ദിവസ വരുമാനം 1100 കോടി രൂപ).

അപ്പോള്‍ അന്നു സുപ്രീം കോടതി പറഞ്ഞതുപോലെ നിധി ഇപ്പോള്‍ ഇരിക്കുന്നിടത്തു തന്നെ സൂക്ഷിച്ചു വയ്ക്കുക എന്നതാണ് തല്‍ക്കാലം ചെയ്യാവുന്നത്. അക്കാലത്തെ രാജഭരണത്തില്‍ നിര്‍വൃതിയടഞ്ഞ പ്രജകള്‍ ഭക്തിമൂത്ത് പ്രാന്തായപ്പോള്‍ ഉള്ള സ്വര്‍ണവും കിണ്ടിയും എല്ലാം രാജാവിനു കാഴ്ചവച്ച് ആത്മശാന്തി നേടിയതിന്റെ സ്മാരകമായി അക്ഷരമാലക്രമത്തില്‍ വേര്‍തിരിച്ചിട്ടുള്ള നിലവറകള്‍ നിധിഗര്‍ഭവും പേറി അവിടെത്തന്നെ നിലനില്‍ക്കട്ടെ. പക്ഷെ, അതിനൊരു കണക്കു വേണം. ആറ്റില്‍ കളഞ്ഞാലും അളന്നു കളയണം എന്നു പഴഞ്ചൊല്ലുള്ള തിരുവിതാംകൂറില്‍ രാജാവിന്റെ കാല്‍ക്കീഴിലിരിക്കുന്ന സമ്പത്തിന്റെ കണക്കെടുക്കുന്നത് മാത്രം പാപമാണെന്നു വാദിക്കുന്നത് ശരിയല്ല.

അങ്ങനെ അമിക്യസ് ക്യൂരി വന്ന് കാര്യങ്ങള്‍ പഠിക്കുകയും അന്വേഷിക്കുകയും റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. വിഎസ് അച്യുതാനന്ദന്‍ പണ്ടു പറഞ്ഞ കാര്യങ്ങള്‍ അമിക്യസ് ക്യൂരി ആവര്‍ത്തിക്കുക മാത്രമാണു ചെയ്തതെന്ന് വേണമെങ്കില്‍ പറയാം. ഒന്നുകില്‍ അമിക്യസ് ക്യൂരിയുടെ സിപിഎം ബന്ധം കണ്ടെത്തുക. അല്ലെങ്കില്‍ വിഎസിനെ അംഗീകരിക്കുക. രാജഭക്തന്‍മാര്‍ക്ക് ചോയ്‌സുകള്‍ അധികമില്ല. എന്തായാലും അമിക്യസ് ക്യൂരി റിപ്പോര്‍ട്ട് വിഎസിന്റെ പ്രസ്താവന പോലെയല്ല. വളരെ ആധികാരികമായി അതില്‍ പറയുന്ന ഞെട്ടിക്കുന്ന വിവരങ്ങളുടെ രത്‌നച്ചുരുക്കം ഇവിടെ വായിക്കാം. ക്ഷേത്രത്തിലെ പണിപ്പുരയില്‍ നിന്നും ലഭിച്ച സ്വര്‍ണം പൂശുന്ന യന്ത്രം അവിടെ നടന്ന രാജകീയ ഉഡായ്പുകളുടെ സ്മാരകമായിരിക്കണം. അതെപ്പറ്റിയുള്ള റിപ്പോര്‍ട്ട് ഇവിടെ വായിക്കാം.

മാര്‍ത്താണ്ഡവര്‍മ ഉള്‍പ്പെടെയുള്ള കക്ഷികള്‍ ക്ഷേത്രത്തില്‍ നിന്നു സ്വര്‍ണം കടത്തി എന്ന് ഇന്ന് അമിക്യസ് ക്യൂരി പറയുമ്പോള്‍ നമ്മളൊക്കെ ഞെട്ടുകയാണ്. ബി നിലവറ തുറന്നാല്‍ സര്‍വനാശം വരുമെന്നു പറയുന്ന രാജകുടുംബം ആ നിലവറ പലവട്ടം തുറന്നിട്ടുണ്ട് എന്നാണ് അമിക്യസ് ക്യൂരി റിപ്പോര്‍ട്ട്. 2011 ഓഗസ്റ്റില്‍ വിഎസ് പറഞ്ഞത് ശ്രദ്ധിക്കുക: “അറകളിലെ കണക്കെടുപ്പിനുള്ള ഭീഷണിയെന്ന നിലയില്‍ ദേവപ്രശ്‌നം നടത്തുകയാണ് മാര്‍ത്താണ്ഡവര്‍മ ചെയ്തത്. ശ്രീപത്മനാഭ സ്വാമിയുടെ അറയില്‍ തൊടുന്നവരുടെ കുടുംബത്തെ അത് ബാധിക്കുമെന്നും ദേവപ്രശ്‌നത്തില്‍ പറഞ്ഞു. സര്‍പ്പത്തിന്റെ ചിത്രം കൊത്തി വച്ച നിലവറ നേരത്തെ മാര്‍ത്താണ്ഡവര്‍മ തുറന്നിരുന്നു. മാര്‍ത്താണ്ഡവര്‍മ തുറന്നാല്‍ സര്‍പ്പകോപവുമില്ല. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ എല്ലാ ദിവസവും മാര്‍ത്താണ്ഡവര്‍മ ദര്‍ശനം നടത്തി മടങ്ങുന്നത് പാത്രത്തില്‍ പായസവുമായല്ല അറകളിലെ സ്വര്‍ണവുമായാണ്. നിധി ക്ഷേത്രത്തില്‍ സുരക്ഷിതമല്ല. അവിടുത്തെ ശാന്തിക്കാരനെ ചൂടുവെള്ളം ഒഴിച്ചു കൊല്ലാന്‍ ശ്രമിച്ചത് എനിക്കറിയാം. അയാള്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്.”

വിഎസിന്റെ അന്നത്തെ പ്രസ്താവനകളില്‍ ഏറ്റവും വിവാദമായത് മാര്‍ത്താണ്ഡ വര്‍മ പായസപ്പാത്രത്തില്‍ സ്വര്‍ണം കടത്തുന്നു എന്നതായിരുന്നു. നാട്ടിലെ പച്ചപ്പരിഷ്‌കാരികളും പുരോഗമനവാദികളുമെല്ലാം വിഎസിനെ കല്ലെറിഞ്ഞതും ആ പ്രസ്താവനയുടെ പേരിലായിരുന്നു. അമിക്യസ് ക്യൂരി റിപ്പോര്‍ട്ടില്‍ പായസപ്പാത്രമില്ല. എന്നാല്‍ അതിനെക്കാള്‍ തന്ത്രപരമായ മോഷണവിദ്യകളാണുള്ളത്. അമിക്യസ് ക്യൂരി റിപ്പോര്‍ട്ടിന്റെ പശ്താത്തലത്തില്‍ വിഎസിന്റെ പ്രതികരണം ഇവിടെ വായിക്കാം.

ജനാധിപത്യം പൂത്തുലഞ്ഞു നില്‍ക്കുന്ന ഈ ആം ആദ്മി യുഗത്തില്‍ മാര്‍ത്താണ്‍വര്‍മയെയും മറ്റും മഹാരാജാവെന്നു വിളിച്ച് പൂജിക്കുന്നതിനെയും അമിക്യസ് ക്യൂരി ചോദ്യം ചെയ്യുന്നുണ്ട്. തിരുവനന്തപുരത്ത് സംസ്ഥാനഭരണത്തിനു സമാന്തരമായി രാജഭരണവും നടക്കുന്നു എന്നു പറഞ്ഞിരിക്കുന്നത് വിഎസോ ഉമ്മന്‍ ചാണ്ടിയോ അല്ല, സുപ്രീം കോടതി നിയോഗിച്ച അമിക്യസ് ക്യൂരിയാണ് എന്നത് വളരെ ഗൗരവമുള്ള കാര്യമാണ്. സാമൂഹിക-സാംസ്‌കാരിക നായകര്‍ക്കും ബുദ്ധിജീവികള്‍ക്കും ധീരന്‍മാരായ കേരളത്തിലെ മറ്റു രാഷ്ട്രീയനേതാക്കള്‍ക്കും ഇതെപ്പറ്റി ഒരക്ഷരം മിണ്ടാന്‍ പേടിയാണെന്നതും അമിക്യസ് ക്യൂരിക്ക് റിപ്പോര്‍ട്ടിനൊപ്പം ചേര്‍ക്കാവുന്നതാണ്.

സത്യം വിജയന്‍

ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്നതിനു മുഖ്യധാരാ മാധ്യങ്ങള്‍ ഇടയ്ക്കിടെ എടുത്തുപയോഗിച്ചിരുന്ന ലാവ്‌ലിന്‍ കേസില്‍ നിന്ന് പിണറായി വിജയന്‍ ഒഴിവാകുന്നതോടെ ആ കേസിന്റെ ഗ്ലാമര്‍ അവസാനിക്കുകയാണ്. ലാവ്‌ലിന്‍ കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് പാര്‍ട്ടി സെക്രട്ടറി ഒഴിവാക്കപ്പെട്ടതോടെ ആ കേസ് മൊത്തത്തില്‍ കെട്ടിച്ചമച്ചതാണെന്നൊരു ലൈനിലാണ് പല സഖാക്കളും. പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയത് ജീവകണം കണ്ടെത്തിയതു പോലെയോ പരമാണുകോശത്തെ വിഘടിച്ചതുപോലെയോ എന്തോ നിഗൂഢസംഭവമാണെന്ന തോന്നലുളവാക്കി വിധി വിശദമായി പഠിച്ചതിനു ശേഷം പ്രതികരിക്കാം എന്നു പറഞ്ഞ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുങ്ങിയിരിക്കുകയാണ്. രസികന്‍ വ്യാഖ്യാനങ്ങളുമായി വൈകിട്ടു പൊങ്ങുമായിരിക്കും.

വിധി പലകുറി വിശകലനം ചെയ്തും വിധി വന്ന ശേഷമുള്ള പിണറായി വിജയന്റെ മൗനങ്ങളെയും വാക്കുകളിലെ ഊന്നലുകളെയും ശരീരഭാഷയെയും നിശ്വാസങ്ങളെയും വരെ വിഎസ് വിരുദ്ധമായി വ്യാഖ്യാനിച്ചും പുതിയ ചാലുകള്‍ തീര്‍ത്തുകയാണ് മാധ്യമങ്ങള്‍. ലാവ്‌ലിന്‍ കേസ് എന്നത് പിണറായി വിജയനെ കുടുക്കുന്നതിനു വേണ്ടി വിഎസ് അച്യുതാനന്ദന്‍ കെട്ടിച്ചമച്ച കള്ളക്കഥ മാത്രമാണെന്ന ഉപസംഹാരത്തിനുള്ള സൂചനകള്‍ സമാഹരിക്കുകയാണ് രാഷ്ട്രീയനീരീക്ഷകന്‍മാര്‍. എന്തായാലും, ശ്വേതാ മേനോന്‍ പരാതി പിന്‍വലിച്ചതുകൊണ്ടുണ്ടായ നികത്താനാവാത്ത വാര്‍ത്താനഷ്ടത്തെ പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയതിലൂടെ നികത്തിക്കൊടുത്ത സിബിഐ കോടതിയോട് കേരളത്തിലെ മാധ്യമങ്ങള്‍ കടപ്പെട്ടിരിക്കുന്നു.

ലാവ്‌ലിന്‍ കേസില്‍ സത്യം വിജയിക്കുമെന്ന വിശ്വാസമാണ് തന്നെ മുന്നോട്ടുനയിച്ചതെന്നാണ് പിണറായി വിജയന്‍ പറഞ്ഞിരിക്കുന്നത്. ആദ്യം മുതലേ തന്നെ തകര്‍ക്കുന്ന വിധത്തില്‍ വളഞ്ഞുവെച്ചുള്ള ആക്രമണമാണ് നടന്നുവന്നത്. മഞ്ഞപത്രങ്ങള്‍ മുതല്‍ മഹാ നേതാക്കള്‍ വരെയും മുന്‍ കമ്മ്യുണിസ്റ്റുകള്‍ മുതല്‍ കമ്മ്യുണിസ്റ്റ് വിരുദ്ധര്‍ വരെയും തന്നെ ആക്രമിച്ചു. അച്ചടി, ദൃശ്യമാധ്യമങ്ങളും തന്നെ ആക്രമിച്ചുവെന്നും പിണറായി പറഞ്ഞു.

സത്യം എന്നത് ലാവ്‌ലിന്‍ കേസില്‍ മാത്രം വിജയിക്കുന്ന ഒന്നാണെന്ന ധാരണ അസ്ഥാനത്താണ്. ലാവ്‌ലിന്‍ കേസില്‍ വിജയിക്കുന്ന സത്യം കേരളം ചര്‍ച്ച ചെയ്ത മറ്റു കേസുകളില്‍ വിജയിക്കുമ്പോള്‍ കോടതി പക്ഷപാതപരമായി പെരുമാറിയെന്നും അന്വേഷണം വഴിമാറിപ്പോയെന്നുമൊക്കെ പറഞ്ഞ് ഇവിടെ പ്രക്ഷോഭങ്ങള്‍ നടക്കാതിരിക്കട്ടെ എന്നാഗ്രഹിക്കുന്നു. ചില സത്യങ്ങള്‍ വിജയിക്കുമ്പോള്‍ കയ്യടിക്കുകയും മറ്റു ചില സത്യങ്ങള്‍ വിജയിക്കുമ്പോള്‍ അതേ ആളുകള്‍ കല്ലെറിയുകയും ചെയ്യുമ്പോള്‍ സത്യത്തിനു തന്നെ ഒരു സ്വത്വപ്രതിസന്ധിയുണ്ടാവും. അതില്‍ നിന്നു സ്വത്വരാഷ്ട്രീയസിദ്ധാന്തങ്ങളും കുലംകുത്തികളും ജനിക്കും.

കേസില്‍ നിന്നു പിണറായി വിജയന്‍ ഒഴിവാക്കപ്പെടുന്നതോടെ കേരളരാഷ്ട്രീയത്തിലെ മൊത്തത്തിലുള്ള ബലാബലം മാറിമറിയുമെന്നത് ഉറപ്പിക്കാം. കോടതി വിധി സിപിഎം രാഷ്ട്രീയത്തിലും കേരള രാഷ്ടീയത്തിലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന തന്നെയാണ് പ്രതീക്ഷിക്കാവുന്ന സംഭവങ്ങളുടെ ആകെത്തുക. പിണറായി വിജയന്‍ എന്ന നേതാവിന്റെ കരുത്തും ജനപ്രീതിയും വര്‍ധിക്കുമ്പോള്‍ നിലവിലുള്ള കരുത്തന്‍മാരുടെ ജനപ്രീതിയ്ക്കും ഉടവുതട്ടും.

യുഎഡിഎഫിനുള്ളില്‍ തന്നെ പിണറായി വിജയനെക്കാള്‍ വിധിയില്‍ സന്തോഷിക്കുന്നവരുണ്ട് എന്നതാണ് ഏറെ രസകരം. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതില്‍ പിണറായിയെക്കാള്‍ സന്തോഷമുള്ളവനാണ് താനെന്നു തുറന്നു പറഞ്ഞ ആര്‍.ബാലകൃഷ്ണപിള്ള വിധി വിഎസ് എന്ന ദുഷ്ടനേറ്റ തിരിച്ചടിയാണെന്നാണ് പറഞ്ഞിരിക്കുന്നത്. പിണറായി വിജയനെ ക്രൂശിച്ചത് സ്വന്തം പാര്‍ട്ടിയില്‍ തന്നെയുള്ളവരാണെന്ന് വയലാര്‍ രവിയും പറഞ്ഞിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന കാര്യത്തില്‍ സിപിഎമ്മിന്റെ നിലപാട് തന്നെയാണ് പല യുഡിഎഫ് നേതാക്കള്‍ക്കും. അങ്ങനെയെങ്കില്‍ ഇത്രകാലം വിവിധ രാഷ്ട്രീയയോഗങ്ങളില്‍ ഇവര്‍ ലാവ്‌ലിന്‍ കേസിന്റെ കാര്യം പറഞ്ഞ് അദ്ദേഹത്തെ ഒറ്റപ്പെടുത്തി എന്നത് ഒരു രാഷ്ട്രീയചോദ്യമാണ്.

എന്നെയൊന്നു പുറത്താക്കൂ പ്ലീസ്

അയല്‍പക്കത്തെ ചെറുപ്പക്കാരന്റെ കൂടെ ഒളിച്ചോടാന്‍ വേണ്ടി സ്വന്തം ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടാനാഗ്രഹിക്കുന്ന ഇമ്മോറല്‍ ട്രാഫിക്കുകാരിയെപ്പോലെയാണ് പി.സി.ജോര്‍ജ്. എന്നെയൊന്നു പുറത്താക്കൂ പ്ലീസ്, ഞാന്‍ പോയി എല്‍ഡിഎഫില്‍ ചേക്കേറട്ടെ എന്നപേക്ഷിക്കുന്ന മാതിരി അദ്ദേഹം കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ക്കെതിരേ നടത്തുന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന സിനിമയില്‍ റോഡിനു നടുവില്‍ പായ്‌വിരിച്ചു കിടക്കുന്ന ജഗതി ശ്രീകുമാറിന്റെ ചേതോവികാരമേയുള്ളൂ. പി.സി.ജോര്‍ജും ജഗതി ശ്രീകുമാറും പറഞ്ഞു വരുമ്പോള്‍ ബന്ധുക്കളുമാണ്.

ഒരു പൂഞ്ഞാറുകാരനെ മറ്റൊരു പൂഞ്ഞാറുകാരനേ പൂര്‍ണമായി മനസ്സിലാക്കാന്‍ സാധിക്കൂ എന്നാണ് പ്രമാണം. അങ്ങനെ നോക്കുമ്പോള്‍ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളെയും പ്രതികരണങ്ങളെയും വിലയിരുത്തുമ്പോള്‍ പി.സി.ജോര്‍ജ് സ്വയം ഒരു പൊളിറ്റിക്കല്‍ ഏലിയന്‍ അസാന്‍ജായി മാറുന്നതിന്റെ ലക്ഷ്യങ്ങള്‍ വളരെ വ്യക്തമാണ്. എല്‍ഡിഎഫില്‍ നിന്നും മാണികോണ്‍ഗ്രസില്‍ വന്നു ലയിച്ചിട്ട് അധികകാലമായില്ല. അതുവരെ മാണിസാറിനെ വിളിച്ച തെറിയെല്ലാം മറന്ന് ഒരു അല്‍ഷിമേഴ്‌സ് രോഗിയെപ്പോലെ മാണിസാറെന്റെ ദൈവമാണ് എന്ന ലൈന്‍ പിടിച്ച് ചീഫ് വിപ്പായതിനു ശേഷമാണ് പി.സി.ജോര്‍ജിന് ശുക്രനും അതിനുമേല്‍ ശനിയുടെ അപഹാരവുമുണ്ടാകുന്നത്. ചീഫ് വിപ്പ് സ്ഥാനം ചുരുങ്ങിയ കാലം കൊണ്ട് ന്യൂജനറേഷന്‍ സിനിമ പോലെയാക്കി എന്നതാണ് പി.സി.ജോര്‍ജിന്റെ ഏറ്റവും വലിയ സംഭാവന. മാറ്റം നല്ലതാണോ ചീത്തയാണോ എന്നു വേര്‍തിരിച്ചറിയാനാവാത്ത അവസ്ഥ.

രാഷ്ട്രീയക്കാര്‍ പൊതുവേ കൊള്ളരുതാത്തവന്‍മാരാണെന്ന് അവര്‍ക്കു വോട്ടു ചെയ്യാറുള്ള ജനത്തിനു നന്നായറിയാം. കോണ്‍ഗ്രസുകാരായും സിപിഎമ്മുകാരായാലും അടിസ്ഥാനപരമായുള്ള ദുര്‍ഗുണങ്ങള്‍ക്കു പാര്‍ട്ടി വ്യത്യാസമില്ല. എല്ലാവരും മലയാളികളാണ് എന്നതുകൊണ്ടും അവര്‍ ഡീല്‍ ചെയ്യുന്നത് മലയാളികളോടാണ് എന്നതുകൊണ്ടുമൊക്കെയാവാം അത്. അതിനിടയില്‍ കേരള രാഷ്ട്രീയരംഗത്തെ ശുദ്ധീകരിക്കാന്‍ വന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസുകള്‍ എന്നൊന്നും എനിക്കഭിപ്രായമില്ല. എല്ലാവരും കണക്കു തന്നെ. അപ്പോള്‍ സ്വയം ഇതില്‍ നിന്നെല്ലാം അകന്നു നില്‍ക്കുന്നവനെപ്പോലെ മറ്റുള്ളവരെ വിലയിരുത്തുകയും വിധിക്കുകയും ചെയ്യുന്നത് വലിയ ധീരതയൊന്നുമല്ല.

എല്‍ഡിഎഫ് വിട്ടു വന്നിട്ട് വീണ്ടും അവിടേക്കു തന്നെ മടങ്ങിയാല്‍ കേന്ദ്രമന്ത്രി വരെ ആയതിനു ശേഷം അസ്തമിച്ചു പോയ പി.സി.തോമസിന്റെ അവസ്ഥ തന്നെയായിരിക്കും പി.സി.ജോര്‍ജിനും ഉണ്ടാവുക എന്നത് ഊഹിക്കാവുന്നതേയുള്ളൂ. സത്യത്തിനും നീതിക്കും വേണ്ടി രാഷ്ട്രീയരക്തസാക്ഷിയായാല്‍ തീര്‍ച്ചയായും അദ്ദേഹത്തിന് അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കുകയും രക്തസാക്ഷിത്വം ചൂണ്ടിക്കാട്ടി വോട്ടു പിടിക്കുകയും വീണ്ടും നിയമസഭയിലെത്തുകയും ചെയ്യാം. പക്്‌ഷെ, അതിന് കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തെ ആക്രമിച്ചു പുറത്താക്കണം. അതിനു വേണ്ടിയുള്ള നായ്ക്കുരണപ്പൊടി പ്രയോഗമാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍ എന്ന് മനസ്സിലാക്കാന്‍ വലിയ പ്രയാസമില്ല.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു വേണ്ടി ഒരു തേരാളിയെപ്പോലെ ഉള്ളതും ഇല്ലാത്തതുമായ ശത്രുക്കള്‍ക്കെതിരേ ആഞ്ഞടിച്ച് മാധ്യമശ്രദ്ധ നേടിയ ശേഷമാണ് അദ്ദേഹം ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് മുന്നണിയെയും കോണ്‍ഗ്രസിനെ തന്നെയും വിമര്‍ശിച്ചു തുടങ്ങിയത്. പൊതുചടങ്ങില്‍ വച്ച് വിഎസിന്റെ കൈ ചുംബിച്ചതോടെ സംഗതി ഗിയര്‍ മാറി. ഇന്നലെ പിണറായി വിജയനെ പുകഴ്ത്തി. കോണ്‍ഗ്രസുകാരെ ഒന്നടങ്കം ആക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. 100 രൂപ കിട്ടിയില്‍ 80 രൂപ പോക്കറ്റിലിടുന്നവരാണെന്നായിരുന്നു ഇന്നലത്തെ പ്രസ്താവന. അണ്ടനും അടകോടനുമൊക്കെ കോണ്‍ഗ്രസിലുണ്ടെന്നും രഹസ്യം ചോര്‍ത്തുന്ന വൃത്തികെട്ടവന്‍മാര്‍ മന്ത്രിസഭയിലുണ്ടെന്നുമൊക്കെയാണ് മറ്റുള്ള ആരോപണങ്ങള്‍.

ഇത്രയൊക്കെ പറഞ്ഞിട്ടും കോണ്‍ഗ്രസ് അദ്ദേഹത്തെ പുറത്താക്കാന്‍ കൂട്ടാക്കുന്നില്ല. രമേശ് ചെന്നിത്തലയും കെ.മുരളീധരനും മുതല്‍ കൊച്ചു കുട്ടിയായ ഡീന്‍ കുര്യാക്കോസ് വരെ പ്രതികരിച്ചു. അതുകൊണ്ടൊന്നും കാര്യമില്ല. ചീഫ് വിപ്പ് സ്ഥാനത്തു നിന്നു നീക്കണം. അപ്പോള്‍ ജോര്‍ജ് സയലന്റാവും. യഥാര്‍ഥ ഹീറോ രംഗപ്രവേശം ചെയ്യും- സാക്ഷാല്‍ കെ.എം.മാണി എന്ന മാണിസാര്‍. പി.സി.ജോര്‍ജിനു കിട്ടേണ്ട സഹതാപതരംഗം കൂടി നേടിക്കൊണ്ട് വിതുമ്പിക്കരഞ്ഞുകൊണ്ട് അദ്ദേഹം ഒരു പോക്കങ്ങോട്ടു പോകും. അതൊരു കൂറുമാറ്റമാണ് എന്നത് ആരും ശ്രദ്ധിക്കില്ല. വഴിതെറ്റിയ ഒരു കുഞ്ഞാടിനെ വീണ്ടെടുക്കാന്‍ ബാക്കി 99 എണ്ണത്തിനെയും വിട്ടിട്ടു പോയ ബൈബിളിലെ നല്ല ഇടയനെപ്പോലെ പി.സി.ജോര്‍ജെന്ന കുഞ്ഞാടിനെയുമെടുത്ത് അദ്ദേഹം ഇടതുപാളയത്തിലേക്കു പോകുമ്പോള്‍ പാലാക്കാര്‍ കണ്ണുതുടച്ചു കൂടെ നില്‍ക്കും. അത്ര തന്നെ.

മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങള്‍

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അഭിനന്ദനങ്ങള്. കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ സമരം വിജയിക്കുകയും നഴ്‍സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്യേണ്ടി വന്ന ഗതികേടിനു പകരമായി സര്‍ക്കാരിന് ഇനി ചെയ്യാനുള്ളത് പ്രതികാരമാണ്. ആത്മഹത്യാഭീഷണി മുഴക്കിയ നഴ്‍സുമാര്‍ക്കെതിരെ ആത്മഹത്യാശ്രമത്തിനും സമരത്തിനിടെ നടന്ന അക്രമത്തില്‍ നാട്ടുകാര്‍ക്കെതിരെ വിവിധ വകുപ്പുകളിലും കേസെടുത്ത മുഖ്യമന്ത്രിയും ആഭ്യന്തരനും നമ്മള്‍ ഉദ്ദേശിച്ചതിനെക്കാള്‍ വലിയ ഭീരുക്കളും നിഷ്കളങ്കരുമാണെന്ന് തെളിയിച്ചു കഴിഞ്ഞു.നഴ്‍സുമാരെ പിന്തുണച്ച കേരളത്തിലെ ആയിരക്കണക്കായ ആളുകള്‍ക്കെതിരെയും ആത്മഹത്യാപ്രേരണയ്‍ക്കു കേസെടുക്കണമെന്ന് ഭരണം കൊണ്ടാടുന്ന തിരുമേനിമാരോട് വിനീതമായി അഭ്യര്‍ഥിക്കുന്നു.

ഒത്തുതീര്‍പ്പായ കോതമംഗലം സമരത്തിലെ പ്രധാനവ്യവസ്ഥകളിലൊന്ന് സമരക്കാര്‍ക്കെതിരേ പ്രതികാരനടപടി ഉണ്ടാവുകയില്ല എന്നതായിരുന്നു. എന്നാല്‍, അത് മാനേജ്‍മെന്‍റുമായുള്ള ഉടമ്പടിയായിരുന്നതുകൊണ്ടാവാം പ്രതികാരം സര്‍ക്കാര്‍ തന്നെ ഏറ്റെടുത്തത്. 115 ദിവസം നീണ്ടു നിന്ന സമരവും നഴ്‍സുമാരുടെ ദുരിതവും അവഗണിക്കുന്ന സര്‍ക്കാരിന് സമരത്തിന്‍റെ ഭാഗമായി നടന്ന ആത്മഹത്യാഭീഷണിയും ജനകീയസമരവും വലിയ ക്രമാസമാധാനപ്രശ്നമായി തോന്നുന്നത് കടിച്ചമര്‍ത്തിയ പകയുടെ പ്രതിഫലനമല്ലെങ്കില്‍ പിന്നെ എന്താണ് ? സര്‍ക്കാരിന് നഴ്‍സുമാരോട് ഒരു തരത്തിലുമുള്ള ആഥ്മാര്‍ത്ഥ ഇല്ല എന്നത് പിറവം തിരഞ്ഞെടുപ്പിന്‍റെ അന്ന് കണ്ടതാണ്. ലേക്‍ഷോര്‍ ആശുപത്രിയില്‍ സമരം ചെയ്ത നഴ്‍സുമാരോട് ഇപ്പോ ശരിയാക്കാം എന്നു പറഞ്ഞ് പറ്റിച്ചിട്ട് പോളിങ് കഴിഞ്ഞ് അരമണിക്കൂറിനകം എല്ലാറ്റിനെയും അറസ്റ്റ് ചെയ്ത് നീക്കിയവനാണ് നമ്മുടെ ഉമ്മന്‍ ചാണ്ടി. ആത്മഹത്യാഭീഷണി കഴിഞ്ഞ് ദിവസമിത്രയുമായി. ഇന്നലെ ഒത്തുതീര്‍പ്പു ചര്‍ച്ചയും കഴിഞ്ഞു നഴ്‍സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചപ്പോള്‍ തികച്ചും നാടകീയമായി പൊലീസ് കേസെടുത്തിരിക്കുന്നു.കെട്ടിടത്തിനു മുകളില്‍ കയറിയ മൂന്നു നഴ്‍സുമാര്‍ക്കെതിരെയാണ് പൊലീസ് ആത്മഹത്യാശ്രമത്തിനു കേസെടുത്തിരിക്കുന്നത്.

അന്നു ചീഫ് വിപ്പ് പി.സി.ജോര്‍ജിനെ കൂവിയോടിച്ച, നഴ്‍സുമാര്‍ക്കു വേണ്ടി വളരെ വൈകാരികമായി പ്രതികരിച്ച നാട്ടുകാര്‍ക്കെതിരെയും കേസുണ്ട്. ഒന്‍പതു പേരെ അറസ്റ്റ് ചെയ്യുകയും കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്തവരുടെ പേരിലുള്ള കുറ്റങ്ങളും ശ്രദ്ധേയമാണ്. പോലീസുകാരെ ദോഹോപദ്രവം ഏല്‍പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, അത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഏതെങ്കിലും യുഡിഎഫ് നേതാവിനെ കൂവുന്നതിനു മുമ്പ് വോട്ടു ചെയ്യുന്ന പട്ടികള്‍ ഇനി മുതല്‍ മൂന്നു വട്ടം ആലോചിക്കണം. ഉമ്മന്‍ ചാണ്ടിയുടെ ഭീരുത്വവും സമുദായങ്ങളുടെ ആധിപത്യവും ഒരിക്കല്‍ക്കൂടി തെളിഞ്ഞ സമരമുഖത്തെ ജനകീയപങ്കാളിത്തം സര്‍ക്കാരിനെയും രാഷ്ട്രീയനേതൃത്വത്തെയും വല്ലാതെ ഭയപ്പെടുത്തുന്നു എന്നതിന്‍റെ തെളിവാണ് ഈ അറസ്റ്റ്.കേസുകളെല്ലാം നിലനില്‍ക്കുന്നതാണ്. കേസ് എടുത്തതില്‍ സാങ്കേതികമായി ഒരു തെറ്റുമില്ല.കേസെടുത്ത് ആ മൂന്നു നഴ്‍സുമാരുടെ ഭാവി തുലയ്‍ക്കാന്‍ സാധിച്ചാല്‍, പൊലീസ് നടപടകളിലൂടെ അവരെ ശരിക്കും ആത്മഹത്യയിലേക്കു തള്ളിവിടാനായാല്‍ അത്രയുമായി.

നഴ്‍സുമാര്‍ക്കെതിരെയും സമരത്തെ പിന്തുണച്ചവര്‍ക്കെതിരെയും കേസെടുത്ത നടപടി അപലപനീയമാണെന്നും ദുഷ്ടലാക്കോടു കൂടി എടുത്ത നടപടി പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ, അതിനു മുഴക്കം പോര. ഈ അറസ്റ്റുകള്‍ ഭരണനേതൃത്വത്തെ എത്രത്തോളം ആശ്വസിപ്പിക്കുന്നുണ്ട് എന്നത് കോണ്‍ഗ്രസിന്‍റെ മുഖപത്രമായ വീക്ഷണത്തിലെ വാര്‍ത്ത വായിച്ചാല്‍ മനസ്സിലാവും. ഉമ്മന്‍ ചാണ്ടിയുടെ സൗമ്യശാലീനതയെ അഭിനന്ദിക്കാതെ വയ്യ. തിരുവഞ്ചൂരിന്‍റെ സാമൂഹികപ്രതിബദ്ധതയും അപാരം തന്നെ. ടിപി വധത്തിലെ പ്രതികളെ നമ്മള്‍ പിടികൂടിയല്ലോ അതുകൊണ്ട് ഇനി ചെയ്യുന്നതെല്ലാം ശരിയായിരിക്കും.

വിളപ്പില്‍ശാലയിലും പാലിയേക്കരയിലും കോതമംഗലത്തുമെല്ലാം രാഷ്ട്രീയമുതലെടുപ്പിനു സാധ്യതയില്ലാത്ത വണ്ണം ജനങ്ങള്‍ ഒന്നിച്ചുനില്‍ക്കുമ്പോള്‍ ഭരണാധികാരികള്‍ക്ക് ഭയമാവും. ജനങ്ങള്‍ ഒന്നിച്ചു നില്‍ക്കുന്നിടത്തോളം അപകടകരമായി മറ്റൊന്നുമില്ല എന്നവര്‍ക്കറിയാം. വിദേശരാജ്യങ്ങളിലെ മുല്ലപ്പൂവിപ്ലവങ്ങളെപ്പറ്റി പ്രസംഗിച്ച് അണികളെ കോള്‍മയിര്‍ കൊള്ളിക്കുകയും നാട്ടിലെ കൊച്ചുകൊച്ചുസമരങ്ങളെപ്പോലും പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയും ചെയ്യുന്ന ഭരണകൂടം ജനങ്ങള്‍ വോട്ടു ചെയ്യുന്നതൊഴികെ മറ്റെല്ലാം രാജ്യദ്രോഹമാണെന്നു പറയാന്‍ അധികകാലമില്ല.

രാജ്യത്ത് ഭക്‍ഷ്യവസ്തുക്കള്‍ക്ക് വിലക്കയറ്റമുണ്ടാകുന്നതില്‍ താന്‍ സന്തോഷിക്കുന്നു എന്നു പറഞ്ഞ ഒരു വിദ്വാന്‍ കേന്ദ്രത്തില്‍ കിടന്നു വിയര്‍ക്കുന്നുണ്ട്. കര്‍ഷകര്‍ക്കു വരുമാനം കൂടുമല്ലോ എന്നതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അദ്ദേഹം ന്യായീകരിച്ചു കഷ്ടപ്പെടുന്നുമുണ്ട്. വിലക്കയറ്റമുണ്ടാകുമ്പോഴേല്ലാം ആ മാര്‍ജിന്‍ കര്‍ഷകര്‍ക്കു ലഭിക്കുന്നു എന്നു വിശ്വസിക്കുന്ന പരമസാധുവും നിഷ്കളങ്കനുമായ ആ കേന്ദ്രമന്ത്രിയോട് പ്രതിപക്ഷം ക്ഷമിക്കുമാറാകട്ടെ.

References: Malayala Manorama, Metro Vartha, Veekshanam

നല്ലവനായ മുഖ്യമന്ത്രി വാഴ്‍ത്തപ്പെടട്ടെ

പണ്ട് മതനേതാക്കന്മാര്‍ യേശുക്രിസ്തുവിന്‍റെ പിന്നാലെ നടന്ന് നീ ആരാണ് ? എന്താണ് ? എന്തൂട്ടാണ് നിന്‍റെ ഉദ്ദേശം ? എന്നൊക്കെ പലവട്ടം ചോദിച്ചെങ്കിലും പലപ്പോഴും ഒരു ചിരിയോ മൗനമോ അല്ലെങ്കില്‍ വിവേകമുള്ളവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ലളിതമായ ഉത്തരങ്ങളോ മറുപടി നല്‍കി അദ്ദേഹം കടന്നുപോയി. ഒടുവില്‍ ക്രിസ്തു ആരാണെന്നു മനസ്സിലാക്കാതെ മതനേതാക്കന്മാര്‍ അദ്ദേഹത്തെ മരണശിക്ഷയ്ക്കു വിധിച്ചു, കുരിശില്‍ തറച്ചു കൊന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സമാനമായ ഒരു പ്രതിസന്ധിയിലാണ്.

കേരളജനതയെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാപങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ അവതാരമെടുത്ത അദ്ദേഹത്തോട് മാധ്യമപ്രവര്‍ത്തകര്‍ ഇന്നലെ മുഴുവന്‍ പിന്നാലെ നടന്ന് ചോദിച്ചതാണ്, കോതമംഗലത്തെ നഴ്‍സുമാരുടെ സമരത്തില്‍ ഇടപെടുന്നില്ലേ എന്ന്. എന്നാല്‍ അദ്ഭുതപ്രവര്‍ത്തകനായ ആ ദൈവപുത്രന്‍ മൗനം പാലിക്കുകയോ ബ്ബബ്ബബ്ബ അഭിനയിക്കുകയോ ചെയ്ത് പാപികളായ മാധ്യമക്കാരെ പ്രകോപിപ്പിച്ചു. മന്ത്രിസഭയുടെ കാവല്‍മാലാഖയായ പിസി ജോര്‍ജ് കോതമംഗലത്തിനു ചുറ്റും വട്ടമിട്ടു പറന്നെങ്കിലും സമരത്തിലായിരുന്ന നഴ്‍സുമാര്‍ അദ്ദേഹത്തെ കൂവിപ്പറത്തി. പാപിയായ വിഎസിനെ കൈനീട്ടി സ്വീകരിക്കുകയും ചെയ്തു. എന്നിട്ടും വിശുദ്ധ ഉമ്മന്‍ ചാണ്ടി സാര്‍ വൈകുന്നേരം എല്ലാ പ്രശ്നങ്ങളും നിഷ്പ്രയാസം പരിഹരിച്ചു, എന്നിട്ട് മിണ്ടാതെ നടന്നു. ദൈവത്തിന്‍റെ പ്ലാനും പദ്ധതിയും പാപികളിലൂടെപ്പോലും നിറവേറപ്പെടുന്നു എന്നു വചനപ്രഘോഷണക്കാര്‍ പറയുന്നതുപോലെ പാപിയായ വിഎസിലൂടെ നിറവേറപ്പെട്ടത് തന്‍റെ പദ്ധതിയായിരുന്നു എന്ന് ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നു. മുഖ്യമന്ത്രിക്ക് സ്തോത്രം.

115 ദിവസമായി നടന്നുവന്ന സമരം രണ്ടു ദിവസം കൊണ്ട് ഗിയര്‍ മാറിയപ്പോഴാണ് എല്ലാവരുടെയും ശ്രദ്ധ അവിടേക്ക് ചെന്നത്. മാധ്യമങ്ങളും സിപിഎം, ഡിവൈഎഫ്ഐ പാപികളും തദ്ദേശീയരായ മഹാപാപികളും നഴ്‍സുമാരുടെ ഹീനമായ സമരമുറയെ അനുകൂലിച്ചു. സംസ്ഥാനത്തെ ഭരണകൂടം നിശബ്ദമായി മാറിനില്‍ക്കുന്നതുപോലെ ഭാവിച്ച്, രഹസ്യമായി പ്രശ്നങ്ങള്‍ പരിഹരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പിസി ജോര്‍ജിന്‍റെ സഹായത്താല്‍ പുഷ്പം പോലെ പരിഹരിച്ച ഒരു സമരത്തിന്‍റെ ക്രെഡിറ്റ് വിഎസ് അച്യുതാനന്ദന് കല്‍പിച്ചു കൊടുത്ത ഒറ്റുകാരായ മാധ്യമയൂദാസുകള്‍ക്ക് തൂങ്ങിച്ചത്തുകൂടെ ? അദ്ദേഹം ഇടപെട്ടില്ല എന്നത് ഇന്ന് വലിയൊരു പ്രശ്നമായി ഉയര്‍ന്നുവരുമെന്ന് ആരും വിചാരിച്ചതല്ല. ടിപി വധത്തിലെ പ്രതികളെ പിടിച്ചവരെ മാധ്യമങ്ങള്‍ അനന്തകാലത്തേക്ക് പിന്തുണയ്‍ക്കാന്‍ ബാധ്യസ്ഥരാണ്. എന്നിട്ടും ആ കുലംകുത്തികള്‍ ഇന്ന് മുഖ്യമന്ത്രിക്കെതിരായി തിരിഞ്ഞു. അദ്ദേഹത്തെ ക്രൂശിലേറ്റുന്ന കാര്‍ട്ടൂണുകള്‍ വരച്ച് പ്രസിദ്ധീകരിച്ചു. സോഷ്യല്‍ മീഡിയയിലെ കീബോര്‍ഡ് പാപികളും അദ്ദേഹത്തിനു മുള്‍ക്കിരീടം ചാര്‍ത്തി.

മൂന്നു നഴ്‍സുമാര്‍ മരണം വരെ സമരം പ്രഖ്യാപിച്ച് ആശുപത്രി കെട്ടിടത്തിന്‍റെ മുകളില്‍ കഴിഞ്ഞപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി മൗനം പാലിച്ചത് ഉള്ളിലെ പൊള്ളല്‍ കൊണ്ടായിരിക്കാം. വല്ലതും മിണ്ടിയാല്‍ വിങ്ങിപ്പൊട്ടിപ്പോകുമോ എന്നതുകൊണ്ടായിരിക്കാം. ആത്മാവ് സന്നദ്ധമാണെങ്കിലും ശരീരം ദുര്‍ബലമാണല്ലോ. ഇന്നിപ്പോള്‍ അദ്ദേഹം സത്യം തുറന്നു പറഞ്ഞിരിക്കുന്നു. കോതമംഗലത്തെ നഴ്‌സുമാരുടെ പ്രശ്‌നത്തില്‍ നേരത്തെ ഇടപെട്ടിരുന്നതായും ഇന്നലെ ചര്‍ച്ചയില്‍ അംഗീകരിച്ചത് താന്‍ പറഞ്ഞ നിര്‍ദ്ദേശങ്ങളാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയിരിക്കുന്നു. മുഖ്യമന്ത്രിയെ വാഴ്‍ത്തുക.വിഎസിന് ലജ്ജയുണ്ടെങ്കില്‍ സൈബീരിയന്‍ കാടുകളിലേക്കോ പോളണ്ടിലെ ലോഡ്ജിലേക്കോ നിഷ്ക്രമിക്കാം.

കേരളത്തിലെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയായ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് തെളിയിച്ച സര്‍ക്കാര്‍ ഒരിക്കലും നഴ്‍സുമാരുടെ പ്രശ്നത്തിനു പരിഹാരം കാണാതിരിക്കില്ല എന്ന് എനിക്ക് ഏതാണ്ടുറപ്പായിരുന്നു. ആ ഞാന്‍ പോലും ഉമ്മന്‍ ചാണ്ടി സാര്‍ അവരെ അവഗണിച്ചു എന്നു തെറ്റിദ്ധരിച്ചു. എത്രയും വേഗം എനിക്കദ്ദേഹത്തെ കാണണം, ആ കാലുകള്‍ കണ്ണീരു കൊണ്ടു കഴുകണം. സത്നം സിങ് എന്നൊരു മനോരോഗിയുടെ മരണത്തെപ്പറ്റി പാപികള്‍ ചര്‍ച്ച ചെയ്ത് അദ്ദേഹത്തെ വേദനിപ്പിക്കുന്നതില്‍ എല്ലാവര്‍ക്കും വേണ്ടി അദ്ദേഹത്തോടു മാപ്പു ചോദിക്കണം. ആള്‍ദൈവങ്ങളുടെ ഗുണ്ടകള്‍ ആളുകളെ തല്ലിക്കൊല്ലുന്നത് ദൈവികരഹസ്യമായി സംരക്ഷിക്കേണ്ടതാണെന്ന് ഈ ലോകം എപ്പോഴാണ് മനസ്സിലാക്കുന്നത് ?

കേരളത്തിലെ നഴ്‍സുമാരുടെ യൂണിയനുകള്‍ക്കു പിന്നില്‍ കേന്ദ്രത്തില്‍ നിന്നും രാഹുല്‍ ഗാന്ധി നിയോഗിച്ച ഒരു കൂട്ടം ടെക്നോക്രാറ്റുകളാണെന്ന വിശ്വാസരഹസ്യം നേരത്തേ മംഗളം പത്രത്തിലൂടെ കെ.എം.റോയി സാര്‍ വെളിപ്പെടുത്തിയിരുന്നു. കോതമംഗലത്തെ സമരത്തിനു പിന്നില്‍ ഹൈബി ഈഡനും മറ്റുമാണെന്നും പിസി ജോര്‍ജ് നടത്തിയ പ്രത്യേക മാരത്തണ്‍ ചര്‍ച്ചകളുടെ ഫലമായി ഉണ്ടായ പ്രശ്നപരിഹാരത്തിന്‍റെ ക്രെഡിറ്റ് പാപിയായ വിഎസ് ഏറ്റെടുക്കുകയായിരുന്നു എന്നുമുള്ള സത്യങ്ങള്‍ ഇന്നു വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ നഴ്‍സുമാര്‍ സമരം ചെയ്തപ്പോള്‍ സഭയെ തകര്‍ക്കാന്‍ കമ്യൂണിസ്റ്റുകാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരേ അച്ചന്മാരും കന്യാസ്ത്രീകളും ചേര്‍ന്നു നടത്തിയ വിമോചന റാലി അങ്കമാലിക്കാരെങ്കിലും മറന്നിട്ടുണ്ടാവില്ല. ഈ സമരത്തിനു പിന്നില്‍ രാഹുല്‍ ഗാന്ധിയും ടെക്നോക്രാറ്റുകളുമാണെന്ന സത്യം അച്ചന്മാരെയും കന്യാസ്ത്രീകളെയും നേരത്തേ അറിയിച്ചിരുന്നെങ്കില്‍ ആ റാലി ഒഴിവാക്കാമായിരുന്നു.

പാപങ്ങള്‍ ഏറ്റു പറഞ്ഞപ്പോള്‍ മനസിന്‍റെ ഭാരം ഒന്നു കുറഞ്ഞു. ഈ പറഞ്ഞതൊക്കെയാണ് സത്യങ്ങള്‍ എന്ന് നിങ്ങള്‍ ലോകമെങ്ങും പ്രചരിപ്പിക്കണം. കണ്‍മുന്നില്‍ കാണുന്നതാണ് സത്യമെന്നു തെറ്റിദ്ധരിച്ചിരിക്കുന്ന കോമതംഗലത്തുകാരോട് സത്യം അറിയാവുന്ന സംഘം വിശദമായി കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കണം. സമരം ചെയ്ത നഴ്‍സുമാരോടും നഴ്‍സുമാരുടെ സംഘടനയോടും ഇതൊക്കെ വിശ്വസിച്ചില്ലെങ്കില്‍ നരകത്തില്‍പ്പോകുമെന്നു പറയണം. നാടിന്‍റെ നന്മയ്‍ക്കും ഐശ്വര്യത്തിനുമായി, ഹീനമായ സമരമാര്‍ഗം സ്വീകരിച്ച് സമൂഹത്തിന് ദുര്‍മ്മാതൃക കാട്ടിക്കൊടുത്ത ആ മൂന്നു നഴ്‍സുമാരെ ആത്മഹത്യാശ്രമത്തിന് അറസ്റ്റ് ചെയ്ത് കൊലക്കുറ്റത്തിനു കേസെടുക്കണം. മുഖ്യമന്ത്രിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ അതുമിതും കുറിച്ച എല്ലാവരും പാപപരിഹാരമെന്ന നിലയില്‍ ഈ പോസ്റ്റ് 10 വട്ടം ലൈക്ക് ചെയ്യണം, 20 വട്ടം ഷെയര്‍ ചെയ്യണം.

അവര്‍ മരിച്ചില്ല, തോറ്റുപോയതുമില്ല

കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ നഴ്‍സുമാരുടെ സമരം തീര്ന്നു. മൂന്നരമാസമായി തുടര്‍ന്നു വന്ന ഒരു ഗാന്ധിയന്‍ സമരം ആത്മഹത്യാമുനമ്പിലെത്തിയപ്പോള്‍ ചടപേടേന്ന് കാര്യങ്ങള്‍ക്കു തീരുമാനമുണ്ടായി. നഴ്‍സുമാര്‍ ചാടിച്ചത്താല്‍ യുഎഡിഎഫ് സര്‍ക്കാരിന് അത്രയ്‍ക്കു വേദനിക്കുമോ ? ഇത്രയും കാര്യക്ഷമതയും കരുണാകടാക്ഷവും ഉള്ളിലൊളിപ്പിച്ച് വച്ചാണോ ഉമ്മന്‍ ചാണ്ടി സാറ് ഭരതത്തിലെ മോഹന്‍ലാലിനെപ്പോലെ ചിരിച്ചുകളിച്ചു നടന്നത് ? ഇവരെല്ലാവരും ഇത്ര നല്ലവരായിരുന്നോ ?

സമരക്കാരുടെ ആവശ്യങ്ങള്‍ ന്യായമാണ് എന്നു തിരിച്ചറിയുകയും അത് നടപ്പാക്കാന്‍ മാനേജ്‍മെന്‍റ് തയ്യാറാവുകയും ചെയ്യുമ്പോഴാണ് സമരം വിജയിച്ചു എന്നു പറയുന്നത്. സമരം തുടങ്ങുന്നതിനു മുമ്പുള്ള സ്ഥിതിയില്‍ ഇന്നു മുതല്‍ ജോലിക്കു പ്രവേശിക്കാന്‍ ധാരണയായി അവര്‍ സമരം പിന്‍വലിക്കുമ്പോള്‍ പൂര്‍ണവിജയം അകലെയാണ്. വിഎസിലുള്ള വിശ്വാസവും ഭരണാധികാരികളെ വിറപ്പിച്ച ജനപിന്തുണയും ദേശീയതലത്തില്‍ നിന്നുവരെയുണ്ടായ മാധ്യമപിന്തുണയും മാനേജ്‍മെന്‍റിന്‍റെ കടലാസുകളെക്കാള്‍ വിലപിടിപ്പുള്ളതാണ്.സാങ്കേതികമായി അല്ലെങ്കിലും നഴ്‍സുമാരുടെ സമരം വിജയിച്ചു എന്ന് ധൈര്യമായി പറയാം. സമരം ചെയ്യുന്ന നഴ്‍സുമാര്‍ക്കെതിരേ പ്രമേയം പാസ്സാക്കുന്ന നിലയിലേക്ക് കോതമംഗലം നഗരസഭ താഴ്‍ന്നപ്പോള്‍,പൊതുജനം ഒറ്റക്കെട്ടായി നഴ്‍സുമാര്‍‍ക്കൊപ്പം നിന്നു. മൂന്നര മാസം സമരം ചെയ്തിട്ടും, പലവട്ടം ചര്‍ച്ചകള്‍ നടത്തിയിട്ടും പരിഹരിക്കപ്പെടാത്ത പ്രശ്നം മാധ്യമഭാഷയില്‍ പറഞ്ഞാല്‍ ‘പ്രഗല്‍ഭരായ നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകളിലൂടെ’ പരിഹരിക്കപ്പെട്ടു എന്നത് അര്‍ഥസത്യമേ ആവുന്നൂള്ളൂ. വിജയം ഉറച്ചമനസ്സുള്ള വെള്ളരിപ്രാവുകളുടേതു തന്നെയാണ്.

നഴ്‍സുമാരുടെ സമരം വിജയിച്ചോ ഇല്ലയോ എന്നതിലുപരി, അവരുടെ ചോര കുടിക്കാന്‍ ചുണ്ടുതുടച്ചു നിന്ന രാഷ്ട്രീയ-മത-കച്ചവട കൂട്ടുകെട്ട് ജനക്കൂട്ടത്തെ കണ്ട് പേടിച്ചു പിന്മാറി എന്നു പറയുന്നതാവും ശരി. 65 വര്‍ഷം പഴക്കമുള്ള ഇവിടുത്തെ ജനാധിപത്യവ്യവസ്ഥയില്‍ മാഫിയകളുടെ സ്റ്റെനോഗ്രാഫര്‍മാരായ ഭരണാധികാരികളുടെ രാഷ്ട്രീയകൃഷി പുറംലോകമറിഞ്ഞതിന്‍റെ ആധിയാണ് മാരത്തണ്‍ ചര്‍ച്ചകള്‍ക്കു വഴിവച്ചത്.ഒപ്പം, സമരമേറ്റെടുക്കാനെത്തുന്ന വിഎസ് പൊളിറ്റക്കല്‍ ഗെയിമില്‍ ലീഡ് നേടുമോ എന്ന ആശങ്കയും. വിഎസിന്‍റെ ഉദ്ദേശം എന്തു തന്നെയായാലും ആ മഹാന്‍റെ സാന്നിധ്യം ഈ നാട്ടില്‍ ഒരു ഒറ്റമൂലി പോലെ പ്രവര്‍ത്തിക്കുന്നു എന്നത് തള്ളിക്കളയാനാവുന്ന കാര്യമല്ല. വിഎസ് എത്തും മുമ്പേ വാഗ്ദാനങ്ങളുമായി സമരപ്പന്തലിലെത്തിയ ചീഫ് വിപ്പ് പിസി ജോര്‍ജിനെ നഴ്‍സുമാരും നാട്ടുകാരും ചേര്‍ന്നു കൂവിയോടിക്കുകയായിരുന്നത്രേ.

സുതാര്യഭരണത്തിന്‍റെ നിറകുടമായ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കേരളത്തില്‍ നീതി തേടി നഴ്സിങ് സമൂഹം മൂന്നരമാസത്തോളം സമരം ചെയ്തു തോറ്റ് ആത്മഹത്യയ്‍ക്കു തുനിഞ്ഞ വാര്‍ത്ത ടൈംസ് ഓഫ് ഇന്ത്യയും എന്‍ഡിടിവിയും പോലുള്ള ദേശീയ മാധ്യമങ്ങള്‍ ലോകത്തോടു വിളിച്ചു പറയുമ്പോള്‍ ഏതു മുഖ്യമന്ത്രിയും ഒന്നു വിയര്‍ക്കും. എ.കെ.ആന്‍റണി ചാരായം നിരോധിച്ചതുപോലെ ഒറ്റയടിക്ക് നിരോധിക്കാവുന്ന ഒരു പരിപാടിയല്ല നഴ്‍സിങ്. ദേശീയ മാധ്യമങ്ങളുടെ പിന്നാലെ ബിബിസിയും സിഎന്‍എന്നുമൊക്കെ എത്തും. ഇത് മറ്റേ സഭയാണ്, ഞാനീ സഭയാണ്, ഞാനീ പ്രശ്നത്തിലിടപെട്ടാല്‍ മറ്റേ സഭ പിണങ്ങും, അപ്പോള്‍ ഈ സഭയ്‍ക്കു ചൊറിയും എന്നൊക്കെ അവരെ പറഞ്ഞു ബോധ്യപ്പെടുത്തുക എളുപ്പമല്ല.

തര്‍ക്കവിഷയങ്ങളില്‍ നേതാക്കന്മാര്‍ ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പുണ്ടാക്കി എന്നു പറയുമ്പോള്‍ ഈ നാട്ടിലെ ഭരണം പൂര്‍ണമായും സമുദായങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു എന്നാണ് മനസ്സിലാക്കേണ്ടത്. മിനിമം സേവന വേതന വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് അടുത്ത ദിവസം കൊച്ചിയില്‍ ചര്‍ച്ച നടത്തും എന്നാണ് പറയുന്നത്. മിനിമം വേതനം എന്നത് മാനേജ്മെന്‍റുകളുടെ ഔദാര്യമാണോ ? സര്‍ക്കാര്‍ നിശ്ചയിച്ച സേവനവേതനവ്യവസ്ഥകള്‍ ആശുപത്രി മാനേജ്‍മെന്‍റ് നടപ്പാക്കണം എന്നത് ഒത്തുതീര്‍പ്പിലൂടെയേ സാധ്യമാവൂ എന്നാണ് സ്ഥിതിയെങ്കില്‍ സ്ഥിതി ഭീകരമാണ്. കൊലക്കേസില്‍പ്പെട്ട സിപിഎം നേതാക്കന്മാരെ ജയിലിലടയ്‍ക്കുക എന്ന അസാധ്യവിപ്ലവം യാഥാര്‍ഥ്യമാക്കിയ സര്‍ക്കാര്‍ ആള്‍ദൈവങ്ങളുടെയും അരമനയിലെ തിരുമേനിമാരുടെയും മുന്നില്‍ തലചൊറിഞ്ഞു നില്‍ക്കുന്നതു കാണുമ്പോള്‍ പണിയെടുക്കുന്ന ശമ്പളത്തില്‍ നിന്നും ചെറുതല്ലാത്ത തുക ഈ തോലന്മാരെ മേയ്‍ക്കാന്‍ വേണ്ടി നികുതി കൊടുക്കുന്ന ഒരു പൗരനെന്ന നിലയില്‍ എനിക്ക് ആശങ്കയുണ്ട്.

ആത്മഹത്യാശ്രമവും ആത്മഹത്യാഭീഷണിയുമൊക്കെ സമരമാര്‍ഗമെന്ന നിലയില്‍ സ്വീകരിക്കാവുന്നതല്ല. എന്നാല്‍ മൂന്നരമാസം സമരം ചെയ്ത ഒരു തൊഴില്‍ സമൂഹം ഏറ്റുവാങ്ങിയ അവഗണനയുടെയും വഞ്ചനയുടെയും നാള്‍വഴി നോക്കുമ്പോള്‍ ആശുപത്രി കെട്ടിടത്തിനു മുകളില്‍ മഞ്ഞും വെയിലും സഹിച്ച് സഹപ്രവര്‍ത്തകര്‍ക്കു വേണ്ടി ത്യാഗം സഹിച്ച ആ പെണ്‍കുട്ടികള്‍ എന്‍റെ സഹോദരിമാരാണ് എന്നു ഓരോ കേരളീയനും അഭിമാനത്തോടെ പറയാവുന്ന സ്വാതന്ത്ര്യപ്പോരാളികളാണ്.ഒത്തുതീര്‍പ്പുചര്‍ച്ചയുടെ ക്രെഡിറ്റിലേക്ക് എഴുതിച്ചേര്‍ക്കും മുമ്പ് കേരളത്തിലെ തൊഴിലാളിസമൂഹം ഈ അവകാശസമരം ചരിത്രപുസ്തകത്തിലെഴുതിച്ചേര്‍ക്കേണ്ടതുണ്ട്. പരിഷ്കൃത നിതീബോധവും കോര്‍പറേറ്റ് തത്വശാസ്ത്രങ്ങളും നയിക്കുന്ന ഉന്നതനിലവാരമുള്ള മലയാളികള്‍ക്ക് വിയോജിപ്പുണ്ടാവാം. ഇത്, തിയറികള്‍ക്കും തത്വങ്ങള്‍ക്കുമനുസരിച്ച് ജീവിക്കാന്‍ കഴിയാതെ പോകുന്ന ഒരു സാധാരണ മലയാളിയുടെ അഭിപ്രായമാണ്. ഇത് എന്‍റെ കേരളമാണ് എന്നു സാധാരണക്കാരന് തോന്നുന്നത് ഇത്തരം സമരങ്ങള്‍ക്കു മുന്നില്‍ മാഫിയകള്‍ തോറ്റു പിന്മാറുമ്പോഴാണ്.

തലയ്‍ക്കകത്ത് നിലാവിന്‍റെ നീലവെളിച്ചം

പെണ്ണുങ്ങളുടെ തലയ്‍ക്കകത്ത് നിലാവെളിച്ചമാണ് എന്നു വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞത് സാര്‍വദേശീയ-സര്‍വകാല പ്രാധാന്യമുള്ളതാണ്. കേരളത്തിലെ നാട്ടിന്‍പുറങ്ങളിലെ പെണ്ണുങ്ങളുടെ തലയിലാണ് നിലാവെളിച്ചമുള്ളതെന്നും മേക്കപ്പിടുന്ന, ഇംഗ്ലിഷ് സംസാരിക്കുന്ന പെണ്ണുങ്ങളുടെ തലയ്‍ക്കകത്തൊക്കെ വേറെന്തോ ആണെന്നും ധരിച്ച് അത്തരക്കാര്‍ ലാഫ്ഡ് അറ്റ് ദി കണ്‍ട്രി വിമെന്‍. എന്നിട്ടിപ്പോ എന്തായി ?

ഹോളിവുഡിലെ വിവരവും വിദ്യാഭ്യാസവുമുള്ള സുന്ദരിമാരിലൊരുത്തിയാണ് നമ്മുടെ ലിസ (ലിസ് ഹര്‍ലി). ഇന്ത്യക്കാരനായ അരുണ്‍ നയ്യാരെ മൂപ്പത്തി കല്യാണം കഴിച്ചത് ഇന്ത്യന്‍ മാധ്യമങ്ങള്‍ ആഘോഷിച്ചതാണ്. ഒരു ഹോളിവുഡ് നടി ഇന്ത്യക്കാരനെ കെട്ടുന്നു. നമ്മുടെ കോളനിരോമങ്ങള്‍ എഴുന്നേറ്റു നിന്നു സല്യൂട്ട് ചെയ്തു. എന്തൊരര്‍മാദമായിരുന്നു. ലോക്കല്‍ നടിമാരെ സ്വപ്നം കാണാന്‍ തന്നെ ക്യൂ നില്‍ക്കുന്ന കോമണ്‍ പീപ്പിള്‍ സംബന്ധിച്ച് ഹോളിവുഡ് നടിയെ കെട്ടിയ നയ്യാരുടെ തലയില്‍ വരച്ചത് നമ്മുടെയൊക്കെ എവിടെയെങ്കിലും ചുമ്മാ ഒന്നു കോറിയിട്ടിരുന്നെങ്കില്‍ എന്നു വരെ മോഹിച്ചു.

ഒക്കെ കഴിഞ്ഞ് ലിസമോള് കഴിഞ്ഞ ദിവസം പറഞ്ഞു- ഞങ്ങള് പിരിയണേണ്.. നയ്യാര് പോര ! നമ്മള് ചമ്മി. സൂപ്പര്‍ സ്റ്റാറിന്‍റെ ഡേറ്റ് കിട്ടിയിട്ടും ഫ്ലോപ്പായ പടത്തിന്‍റെ പ്രൊഡ്യൂസറെപ്പോലെ നമ്മള്‍ ഡിപ്രസ്ഡ് ആയി. ഇന്ത്യന്‍ ഗൈസ് പോര എന്നാണ് ലിസ് പറയുന്നത്. വീണ്ടും നമ്മള്‍ വെറും കോളനിവാസിയായി. ഉദ്ധാരണശേഷിക്കുറവും ശീഘ്രസ്ഖലനവുമാണ് ഇന്ത്യക്കാരുടെ ഏറ്റവും വലിയ വെല്ലുവിളികല്‍ എന്നു പോലും ചിലര്‍ വിലയിരുത്തി. നയ്യാര് ഒന്നും മിണ്ടിയില്ല. നയ്യാരെ പുറംകാലിന് തൊഴിച്ചെറിഞ്ഞ് ഓസ്ട്രേലിയന്‍ ക്രിക്കറ്ററായ ഷെയിന്‍ വോണുമായി പുതിയൊരു ലൈഫ് തുടങ്ങാനും നഷ്ടപ്പെട്ട നീലാംബരി തിരിച്ചു പിടിക്കാനും ലിസ തീരുമാനിച്ചതായി നമ്മള്‍ മീഡിയ സിന്‍ഡിക്കേറ്റില്‍ വായിച്ചു.

വോണിനെ നമുക്കറിയാം. പുള്ളീടെ ബാറ്റും ബോളും നമുക്കറിയാത്തതൊന്നുമല്ല. അവരുടനെ കെട്ടാന്‍ പോകുന്നെന്നൊക്കെ കേട്ടപ്പോള്‍ ഇന്ത്യയുടെ മേല്‍ ഓസ്ട്രേലിയ വിജയം നേടുകയായിരുന്നു. എന്നിട്ടെന്തു സംഭവിച്ചു ?

ആ എപ്പിഡോസ് അവിടെ അവസാനിച്ചു എന്നു കരുതിയപ്പോളാണ് വേറൊരുത്തിക്ക് ചീച്ചി എസ്എംഎസ് അയച്ച കേസില്‍ വോണ്‍ നാറുന്നത്. എസ്എംഎസ് കേസില്‍ വോണിതാദ്യമായിട്ടൊന്നുമല്ല കുടുങ്ങുന്നത്. മൂപ്പ് കേറുമ്പോള്‍ ഫോണെടുക്കുന്നു, അറിയാവുന്ന പെണ്ണുങ്ങള്‍ക്കൊക്കെ മെസേജ് ചെയ്യുന്നു. ഇത്തരത്തില്‍ ഒന്നും രണ്ടുമൊന്നുമല്ല, നൂറിലേറെ എസ്എംഎസുകളാണ് വോണ്‍ ഒരു ചേടത്തിക്ക് അയച്ചത്. എല്ലാം വരു, നീ പണിയൂ എന്ന അര്‍ഥം വരുന്ന സാധനങ്ങള്‍. നാറ്റക്കേസായി എന്നു പ്രത്യേകം പറയേണ്ടല്ലോ. പണ്ടിതുപോലെ ഒരു എസ്എംഎസ് കേസില്‍ വോണ്‍ നാറിയപ്പോള്‍ ഉപേക്ഷിച്ചുപോയ ഭാര്യ പിന്നേം ഉപേക്ഷിച്ചു.

തന്നോടൊപ്പം പ്രണയപരവശനായി കിടക്കുകയും അപ്പുറത്തെ വീട്ടിലെ ആന്‍റിയോട് വല്ലതും നടക്കുമോ എന്നു ചോദിച്ച് മെസേജ് അയക്കുകയും ചെയ്യുന്നവന്‍ എത്ര സിക്സ് അടിക്കുമെന്നു പറഞ്ഞാലും എത്ര ക്യാച്ച് എടുക്കുമെന്നു പറഞ്ഞാലും പെണ്ണുങ്ങള്‍ സമ്മതിക്കില്ല. ലിസയും സമ്മതിച്ചില്ല. അങ്ങേരുമായുണ്ടായിരുന്ന എല്ലാ പ്രേമവും നിര്‍ത്തി വച്ചു. കെട്ടിയവനെ ഉപേക്ഷിച്ച് കണ്ടവന്‍റെ കൂടെപ്പോകുകയും കാര്യം കഴിയുമ്പോള്‍ കണ്ടവന്‍ ബസ് സ്റ്റാന്‍ഡിലുപേക്ഷിക്കുകയും ചെയ്യുന്നത് ഇവിടെയുമുണ്ട്. അതിലൊരു പുതുമയില്ല. എന്നാല്‍, ഉപേക്ഷിക്കപ്പെട്ടിടത്തുനിന്ന് എന്തു ചെയ്യുന്നു എന്നിടത്താണ് പ്രസക്തി.

ലിസയ്‍ക്കങ്ങനെ വലിയ നാണവും മാനവുമൊന്നും തോന്നിയില്ല. ഒരു ഭര്‍ത്താവ് ഭാര്യയോട് എങ്ങനെ പെരുമാറണമെന്ന് തന്നെ പഠിപ്പിക്കാന്‍ ഞാനെന്‍റെ വോണിന്‍റെ സ്വന്തം കാറില് വരാം എന്നും പറഞ്ഞ് പോയ ലിസ ഇപ്പോള്‍ രണ്ടു ദിവസം മുമ്പ് എലിമിനേഷന്‍ റൗണ്ടില്‍ പുറത്താക്കിയ ഭര്‍ത്താവ് നയ്യാരുടെ വീടിനു മുന്നില്‍ നിന്നുടുക്കുകൊട്ടി പാടുകയാണ്- മാപ്പു നല്‍കൂ മഹാമതേ, മാപ്പു നല്‍കൂ ഗുണനിധേ…

മറ്റേ കാവ്യനീതി എന്നു പറയുന്ന സാധനം ഇവിടെയാണ് വര്‍ക്ക് ചെയ്യുന്നത്. സോറി പറഞ്ഞു തിരികെ വീട്ടില്‍ കയറാമെന്നാണ് ലിസ കരുതുന്നത്. തന്‍റേതല്ലാത്ത കാരണത്താല്‍ എന്നു തുടങ്ങുന്ന പരസ്യം മാട്രിമോണിയല്‍ പേജില്‍ കൊടുത്ത് നയ്യാര്‍ അതിന്‍റെ റെസ്പോണ്‍സും നോക്കിയിരിക്കുമ്പോഴാണ് ലിസയുടെ കാണ്ഡഹാര്‍ !

കൂളായിട്ടു തിരിച്ചുവരാന്‍ പിണങ്ങി പെട്ടിയുമെടുത്ത് പോയത് അമ്മാവന്‍റെ വീട്ടിലേക്കായിരുന്നില്ല എന്നത് നയ്യാര്‍ മറന്നാലും നമ്മള്‍ മറക്കില്ല. ഹോളിവുഡിലെ ബി ഗ്രേഡ് പടത്തിലെ നായികമാര്‍ പോലും കാണിക്കാത്ത കൂതറ പണി കാണിച്ച ലിസചേച്ചിയുടെ അനുഭവം വല്ലവന്‍റേം കൂടെയിറങ്ങിപ്പോകുന്ന കേരളത്തിലെ ചേച്ചിമാര്‍ എന്നു മനസ്സിലാക്കും ? ലോകത്തിന്നു വരെ ഒരുത്തനും മറ്റൊരുത്തന്‍റെ ഭാര്യയെ ആത്മാര്‍ഥമായി സ്നേഹിച്ചിട്ടില്ല എന്നത് വിവരവും മറ്റുമുള്ള ലിസയ്‍ക്ക് മനസ്സിലായിട്ടില്ലെങ്കില്‍ പിന്നെ നമ്മളൊക്കെ ഏതു കാലത്ത് മനസ്സിലാക്കാനാണ് ?