മിസ്ഡ് കോള്‍ പൊളിറ്റിക്‌സ്

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തോല്‍പിച്ച് ബിജെപി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി മാറി. എന്നാല്‍, എങ്ങനെ പാര്‍ട്ടിയില്‍ ഇത്രയധികം ്അംഗങ്ങളുണ്ടായി എന്നതിനെ സംബന്ധിച്ച ചര്‍ച്ചകളും ആക്ഷേപവുമാണ് മൊത്തത്തില്‍ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. പ്രധാന ആക്ഷേപം മിസ്ഡ് കോള്‍ വഴിയാണ് ബിജെപി ഇത്രയധികം അംഗങ്ങളെ ചേര്‍ത്തത് എന്നതാണ്. മിസ്ഡ് കോള്‍ അടിച്ചാല്‍ ബിജെപി അംഗമാകാം എന്നുള്ള എസ്എംഎസ് എനിക്കും വന്നിട്ടുണ്ട്. ഞാന്‍ മിസ്ഡ് കോള്‍ അടിച്ചില്ല, ബിജെപി അംഗമായിട്ടുമില്ല. ബിജെപി അംഗമാകാന്‍ ആഗ്രഹമുള്ളവര്‍ മിസ്ഡ് കോള്‍ അടിക്കുകയും അംഗമാവുകയും ചെയ്തിട്ടുണ്ടാവാം. ഇതില്‍ എന്താണ് ഇത്ര ആക്ഷേപകരമായി കണ്ടെത്തിയിരിക്കുന്നത് എന്നത് എനിക്കു മനസ്സിലായിട്ടില്ല.

മിസ്ഡ് കോള്‍ മെംബര്‍ഷിപ്പിനെ ആക്ഷേപിക്കുന്നവരുടെ ശ്രദ്ധയിലേക്ക് ഏതാനും പോയിന്റുകള്‍ ഞാന്‍ കൊണ്ടുവരാനാഗ്രഹിക്കുകയാണ്.

1. മിസ്ഡ് കോള്‍ ബിജെപി കണ്ടുപിടിച്ച സംഗതിയല്ല. സ്വന്തം അച്ഛനെ ഐസിയുവിലേക്കു കൊണ്ടുപോകുന്ന വിവരം മറ്റു സഹോദരന്‍മാരെ അറിയിക്കാന്‍ പോലും മിസ്ഡ് കോള്‍ അടിക്കുന്ന ഇന്ത്യക്കാരന്‍, ബിജെപി പാര്‍ട്ടി മെബര്‍ഷിപ്പിന് മിസ്ഡ് കോള്‍ ഒരു മാര്‍ഗമായി സ്വീകരിച്ചതിനെ പഴിക്കുന്നില്‍ അസൂയ അല്ലാതെ മറ്റൊരു കാരണവും കാണുന്നില്ല. മിസ്ഡ് കോള്‍ കണ്ടാല്‍ അതിന്റെ പിന്നാലെ വിളിച്ചു വിളിച്ചു പോയി ലൈനുണ്ടാക്കുകയും അതുവഴി പ്രണയവും വിവാഹവും ചതിയും ഉള്‍പ്പെടെ നീണ്ട എപ്പിസോഡുകള്‍ സൃഷ്ടിക്കുന്നവരാണ് നമ്മള്‍. ഒരു രാഷ്ട്രീയ പാര്‍ട്ടി അവരുടെ അംഗത്വ ക്യംപെയിനു വേണ്ടി അതേ മിസ്ഡ് കോള്‍ ഉപയോഗിച്ചു വിജയിച്ചപ്പോള്‍ അയ്യേ ഛെ എന്നു പുച്ഛിക്കുന്നത് നിഷ്പക്ഷമായി പറഞ്ഞാല്‍ കുശുമ്പല്ലാതെ മറ്റൊന്നുമല്ല.

2. പാര്‍ട്ടി ഓഫിസില്‍ പോയി ആപ്ലിക്കേഷന്‍ വാങ്ങി അത് ഫില്‍ ചെയ്ത് ഫോട്ടോയും ഒട്ടിച്ച് എന്തുകൊണ്ടു ഞാനൊരു ബിജെപി അംഗമാകാനാഗ്രഹിക്കുന്നു എന്നതിനെപ്പറ്റി 200 വാക്കില്‍ കവിയാതെ ഉപന്യസിച്ച ശേഷം അംഗത്വമെടുക്കുന്നതാണ് മാതൃകാപരം എന്നു പറയുന്നവര്‍ സര്‍ക്കാര്‍ സേവനങ്ങള്‍ മിസ്ഡ് കോളിലും എസ്എംഎസിലുമൊക്കെ ലഭിക്കുന്നത് മാതൃകാപരമാണ് എന്നു പറയുന്നത് എന്തിനാണ് ? സര്‍ക്കാര്‍ ഓഫിസുകളില്‍ പോയി സമാനമായ രീതിയില്‍ ആപ്ലിക്കേഷന്‍ എഴുതി കാത്തിരുന്ന് അതു സമര്‍പ്പിച്ച് കാര്യം നടത്തുന്നതിനെ പുച്ഛിക്കുകയും ബിജെപി അംഗത്വ ക്യംപെയിന് അങ്ങനെ ചെയ്യാത്തതിനെ ആക്ഷേപിക്കുകയും ചെയ്യുന്നത് ലജ്ജാകരമായ ഇരട്ടത്താപ്പാണ്.

3. മിസ്ഡ് കോള്‍ വഴി അംഗത്വത്തിന് അവസരമൊരുക്കിയ ബിജെപിയെ പുച്ഛിക്കുന്ന നല്ലൊരു ശതമാനം ആളുകളും സ്വന്തം ജിമെയില്‍ അക്കൗണ്ടിന്റെ മാത്രം പേരില്‍ മിസ്ഡ് കോള്‍ പോയിട്ട് ഒരു ലിങ്കില്‍ പോലും ക്ലിക്ക് ചെയ്യാതെ ഗൂഗിള്‍ പ്ലസ് എന്ന ലോകത്തെ രണ്ടാമത്തെ വലിയ സോഷ്യല്‍ നെറ്റ്‌വര്‍്ക്കില്‍ അറിയാതെ അംഗമായവരാണ് എന്നത് രസകരമാണ്. അവരില്‍ ആര്‍ക്കും തന്നെ എങ്ങനെ അതില്‍ നിന്നു പുറത്തുകടക്കണം എന്നതും അറിയില്ല എന്നത് നിര്‍ഭാഗ്യകരവും.

4. മിസ്ഡ് കോള്‍ എന്നത് നമ്മള്‍ ഫോണില്‍ ബോധപൂര്‍വം ഒരു നമ്പര്‍ ഡയല്‍ ചെയ്ത ശേഷം റിങ് ചെയ്യുമ്പോള്‍ കട്ടാക്കുന്നതാണ്. എന്നാല്‍, അതേ ഫോണില്‍ ദിവസേനയെന്നോണം വരുന്ന അനേകം ഓഫറുകള്‍ പ്രത്യേകിച്ചൊരു മറുപടിയും നല്‍കാതെ തന്നെ സബ്‌സ്‌ക്രൈബ് ചെയ്ത് അക്കൗണ്ടില്‍ നിന്നും പണം പൊയ്‌ക്കൊണ്ടിരിക്കുന്നവരാണ് മെനക്കെട്ടു കുത്തിയിരുന്ന് മലയാളം സിനിമാ സീനുകള്‍ വെട്ടിമുറിച്ച് ആക്ഷേപഹാസ്യം രചിക്കുന്നത് എന്നതും സഹതാപജനകമാണ്. ഗൂഗിള്‍ പ്ലസില്‍ നിന്നു പുറത്തു കടക്കാനും ബിഎസ്എന്‍എല്‍ വാല്യു ആഡഡ് സര്‍വീസുകളില്‍ നിന്നു രക്ഷപെടാനും അറിയാത്തവര്‍ മിസ്ഡ് കോള്‍ വഴി ബിജെപി അംഗമായവരെ പരിഹസിക്കുന്നത് പരിതാപകരമാണ്.

5. വളരെ ലളിതമായി പറഞ്ഞാല്‍, പാര്‍ട്ടി അംഗത്വം നല്‍കുന്നത് ലളിതമാക്കുകയും കൂടുതലാളുകളെ പാര്‍ട്ടിയിലേക്കാകര്‍ഷിക്കുകയുമായിരുന്നു ബിജെപിയുടെ ലക്ഷ്യം. ഇതിനെക്കാള്‍ മാരകമായി പാര്‍ട്ടി അംഗത്വത്തിനായി ലളിതവല്‍ക്കരണപദ്ധതികള്‍ നടത്തിയത് ആംആദ്മി പാര്‍ട്ടിയാണ്. ഞാന്‍ ആം ആദ്മിയാണ് എന്നു പറയുന്നതില്‍ അഭിമാനിക്കുന്ന ആളുകള്‍ ആപ്പിന്റെ മിസ്ഡ് കോള്‍ ക്യാംപെയിനെ വിശുദ്ധവല്‍ക്കരിക്കുകയും ബിജെപിയുടേതിനെ പരിഹസിക്കുകയും ചെയ്യുന്നത് നാണം കെട്ട പരിപാടിയാണ്.

6. ബിജെപിയെ മിസ്ഡ് കോള്‍ പാര്‍ട്ടി എന്നാക്ഷേപിക്കുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് (അവരുടെ അടുത്ത പ്രസിഡന്റ് എവിടെയാണെന്ന് അവര്‍ക്കു തന്നെ അറിയില്ല) അംഗത്വലളിതവല്‍ക്കരണത്തിനായി ഇന്നലെ ഒരു മൊബൈല്‍ ആപ്പാണ് അവതരിപ്പിച്ചത്. ആപ്പ് വഴി അപ്ലൈ ചെയ്യുന്ന എല്ലാവരും പാര്‍ട്ടിയില്‍ അംഗമാകും. ആളുകള്‍ക്ക് ആപ്ലിക്കേഷനോടൊപ്പം സെല്‍ഫി എടുത്തയക്കാനും ആപ്പില്‍ സൗകര്യമുണ്ട്. ബിജെപിക്കു മിസ്ഡ് കോളടിച്ചുപോയതില്‍ പശ്ചാത്തപിക്കുന്നവര്‍ക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്തു കോണ്‍ഗ്രസില്‍ ചേരാം.

ഇത്രയും പറഞ്ഞ ഞാന്‍ ഒരു ബിജെപിക്കാരനാണ് എന്നു സ്ഥാപിച്ച് ആരും കടന്നുകളയരുത്. ഇതുപോലെ വിവിധ വിഷയങ്ങളില്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളുടെ പേരില്‍ ഞാനൊരു സിപിഎംകാരനും കോണ്‍ഗ്രസുകാരനും ലീഗുകാരനും മാണി കോണ്‍ഗ്രസുകാരനുമൊക്കെ ആയിട്ടുണ്ട്. ആരുടെയെങ്കിലും ആരുമാകാതെ അഭിപ്രായം പറയാം എന്നതു കൂടി ഓര്‍മിപ്പിച്ചുകൊണ്ട് നിര്‍ത്തട്ടെ, നന്ദി നമസ്‌കാരം.

കുറിപ്പ്: എന്റെ വീട്ടില്‍ എല്ലാവരും (ഞാനും) ബീഫ് കഴിക്കാറുണ്ട്.

'മുഖ്യമന്ത്രി'യുടെ കല്‍പന

നടി കല്‍പന കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ കരഞ്ഞില്ലെന്നേയുള്ളൂ. മലയാള സിനിമയിലെ നടീനടന്‍മാര്‍ ഇന്നസെന്റിനെ ഇത്രയേറെ ഭയക്കുന്നുണ്ടെങ്കില്‍ കാര്യങ്ങള്‍ ഗുരുതരമാണ്. തലേന്ന് ചാലക്കുടിയില്‍ ആം ആദ്മിയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയും ആപ്പിന്റെ തൊപ്പി വച്ച് സ്ഥാനാര്‍ഥിക്കു വേണ്ടി വോട്ടു ചോദിക്കുകയും ചെയ്ത കല്‍പന, നേരം പുലര്‍ന്നപ്പോള്‍ കാലുമാറി എന്നു മാത്രമല്ല തന്നെ തെറ്റിദ്ധരിപ്പിച്ചാണ് പരിപാടിയില്‍ പങ്കെടുപ്പിച്ചതെന്നും പിറ്റേന്നു പത്രങ്ങളില്‍ വാര്‍ത്ത കണ്ടപ്പോഴാണ് അത് രാഷ്ട്രീയ പാര്‍ട്ടിയുടെ യോഗമാണെന്നു മനസ്സിലായതെന്നും പറയുമ്പോള്‍ ആ ഇന്നസെന്‍സില്‍ അടങ്ങിയിരിക്കുന്ന തന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക മനസ്സിലാക്കാം. ഇന്നസെന്റ് തന്റെ മുഖ്യമന്ത്രിയും ഇടവേള ബാബു ഉപമുഖ്യമന്ത്രിയും ആണെന്നു പരസ്യമായി പ്രഖ്യാപിച്ചു തരംതാഴേണ്ടി വന്ന ആ ഗതികേടു മനസ്സിലാക്കാം.

ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി ജനസേവ വൈസ് ചെയര്‍മാന്‍ കൂടിയായ കല്‍പനയെ ജനസേവ പരിപാടിയാണെന്നു പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടിയുടെ പരിപാടിയില്‍ കൊണ്ടുപോയി എന്നാണ് കല്‍പന പറയുന്നത്. ആം ആദ്മിയുടെ പരിപാടിയാണെന്ന് പറയാതെയാണ് ജോസ് മാവേലി തന്നെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചു കൊണ്ടുപോയതെന്നും തൊപ്പി വച്ച കുറച്ച് ആളുകളെ പരിപാടിയില്‍ കണ്ടെങ്കിലും ആം ആദ്മിയാണെന്ന് മനസിലായില്ലെന്നും കല്‍പന പറയുന്നു. ഇത് സത്യമാണെങ്കില്‍ ജോസ് മാവേലിക്കെതിരെ കല്‍പന കേസ് കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം. മാവേലിയായാലും ശരി, ക്രിസ്മസ് അപ്പൂപ്പനായാലും ശരി, പാവപ്പെട്ട സ്ത്രീകളെ പറഞ്ഞു പറ്റിക്കുന്നത് ക്ഷമിക്കാനാവാത്ത ക്രൂരതയാണ്.

ചാലക്കുടിയിലെ ആം ആദ്മി സ്ഥാനാര്‍ഥി കെ.എം. നൂറുദ്ദീനെപ്പറ്റി കേട്ടിട്ടുണ്ട്. അദ്ദേഹം പാലിയേറ്റീവ് രംഗത്തെ അറിയപ്പെടുന്ന ആളാണ്. എന്നാല്‍ ആം ആദ്മിയുടെ പരിപാടിയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ അവിടെ പോകില്ലായിരുന്നു എന്നും കല്‍പന കൂട്ടിച്ചേര്‍ക്കുന്നു. പക്ഷെ, കല്‍പന ഒന്നുകൂടി സ്‌ട്രോങ്ങായി നിന്നാല്‍ മാവേലി കല്‍പനയ്‌ക്കെതിരെ കേസ് കൊടുക്കുന്ന സ്ഥിതിയാണ്. പരിപാടിയില്‍ പങ്കെടുത്ത് ആം ആദ്മിയുടെ തൊപ്പി ധരിക്കുകയും സ്ഥാനാര്‍ഥിയായ നൂറുദ്ദീനു വിജയാംശ നേരുകയും പ്രചാരണത്തിനു വേണ്ടി വിഡിയോ അഭിമുഖം നല്‍കുകയും ചെയ്തിട്ടുണ്ടെന്നു പറഞ്ഞ മാവേലി അതിന്റെയൊക്കെ വിഡിയോയും തെളിവായി കൈവശമുണ്ടെന്നാണ് പറയുന്നത്.

ഹോട്ടലാണെന്നു കരുതി ആളുകള്‍ ബാര്‍ബര്‍ ഷോപ്പില്‍ കയറുന്നത് സാധാരണയാണ്. എന്നാല്‍, കട്ടിങ്ങും ഷേവിങ്ങും കഴിഞ്ഞിറങ്ങി വന്നിട്ട് ബാര്‍ബര്‍ തന്നെ ചീപ്പും കത്തിയും പലഹാരങ്ങളാണെന്നു പറഞ്ഞു പറ്റിച്ചതാണ് എന്നു പറയുന്നത് സ്വയം അപഹാസ്യയാകുന്നതിനു തുല്യമാണ്. കല്‍പന ചെയ്തിരിക്കുന്നത് അതാണ്. ഇന്നസെന്റിന്റെ അപ്രീതി സമ്പാദിച്ചാല്‍ മലയാള സിനിമയില്‍ നിന്നു വിലക്കെടുമെന്ന ഭീഷണി മൂലമോ ഭീതി മൂലമോ ഇന്നസെന്റിനോടുള്ള അതിരുകടന്ന ആരാധന നിലനില്‍ക്കെ ആം ആദ്മി സ്ഥാനാര്‍ഥിക്കു വേണ്ടി പരിപാടിയില്‍ പങ്കെടുത്തതിന്റെ കുറ്റബോധം മൂലമോ ഒക്കെയാവാം കല്‍പന നിലപാടുമാറ്റിയത്. അത് അവരുടെ വയറ്റിപ്പിഴപ്പിന്റെ കാര്യമായതുകൊണ്ട് കൂടുതലൊന്നും പറയാനില്ല. പോരെങ്കില്‍, ഇന്നസെന്റ് മുഖ്യമന്ത്രിയും ഇടവേള ബാബു ഉപമുഖ്യമന്ത്രിയുമായ സിനിമാലോകത്ത് കഴിയുന്ന കല്‍പനയെ ആം ആദ്മി പാര്‍ട്ടിയെപ്പറ്റി ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതില്‍ കാര്യമില്ല.

രാഷ്ട്രീയം എന്താണെന്നു പോലും അറിയാത്ത കല്‍പന ആം ആദ്മി പാര്‍ട്ടിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് അപകടകരമാണ് എന്നു പത്രം കണ്ടപ്പോള്‍ മനസ്സിലാക്കിയത് എങ്ങനെയാണെന്നത് കൗതുകകരമായ കാര്യമാണ്. കാരണം, പൊതുവേ ആം ആദ്മികള്‍ക്കു രാജ്യത്തു നല്ല പേരെയുള്ളൂ. ആം ആദ്മിയാണെന്നു പറയുന്നതില്‍ ആളുകള്‍ അഭിമാനിക്കുന്ന കാലത്ത് ആം ആദ്മി പരിപാടിയാണെന്നറിഞ്ഞിരുന്നെങ്കില്‍ അവിടെ പോവില്ലായിരുന്നു എന്നു പറയുമ്പോള്‍ ആം ആദ്മി ഇന്ത്യയില്‍ നിരോധിച്ച ഏതോ ഭീകരപ്രസ്ഥാനമാണെന്ന് ഒരു ധ്വനി വരുന്നുണ്ട്. ജോസ് മാവേലി കല്‍പനയ്ക്ക് എന്താണ് ആം ആദ്മി പാര്‍ട്ടി എന്നതിനെ സംബന്ധിച്ച് ഒരു ലഘുവിവരണം നല്‍കണമെന്ന് അപേക്ഷിക്കുന്നു. സ്റ്റഡി ക്ലാസ്സുകളിലൊന്നും കൃത്യമായി പങ്കെടുക്കാത്തതുകൊണ്ടാണ് ആ കുട്ടി ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. നൂറുദ്ദീന്‍ വളരെ നല്ല ആളാണെന്നറിയാവുന്ന കല്‍പന സംഘടനാ പ്രസിഡന്റിനു വേണ്ടി ആ നൂറുദ്ദീനെ തള്ളിപ്പറഞ്ഞത് ഖേദകരമാണ്. കല്‍പനയുടെ മുഖ്യമന്ത്രി എത്ര വലിയവനായാലും പാവപ്പെട്ട രോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന നൂറുദ്ദീനും നൂറുദ്ദീന്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപ്രസ്ഥാനവും അപഹസിക്കപ്പെടേണ്ടതില്ല എന്നത് കല്‍പന ഗൗരവത്തോടെ മനസ്സിലാക്കണം.

എന്തായാലും ചാലക്കുടിയില്‍ അമ്മ അംഗങ്ങളെ വച്ചു പരമാവധി വോട്ടു പിടിക്കാന്‍ ഇന്നസെന്റിനു കഴിയട്ടെ എന്നാശംസിക്കുന്നു. കലാഭവന്‍ മണിയും കെപിഎസി ലളിതയും ഉള്‍പ്പെടെയുള്ളവര്‍ ഇതിനോടകം കുറെയധികം വോട്ടുപിടിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയായ ഇന്നസെന്റിനു വേണ്ടി കല്‍പന ഒരു ലോഡ് വോട്ടെങ്കിലും പിടിച്ച് റോളുകള്‍ ഉറപ്പാക്കട്ടെ. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് എന്നിങ്ങനെയുള്ളവര്‍ ഉള്‍പ്പെടെ അമ്മയില്‍ അംഗത്വമുള്ള എത്രയോ സിനിമക്കാര്‍. തങ്ങളുടെ സംഘടനയ്ക്ക് ഒരു എംപി ഉണ്ടാവണമെന്ന് അമ്മ അംഗങ്ങള്‍ വിചാരിച്ചിട്ടുണ്ടെങ്കില്‍ അതും ഒരു തെറ്റല്ല.

അഭ്യര്‍ഥന:– ഇന്നസെന്റിനെപ്പോലെ നേതൃപാടവമോ കല്‍പനയെപ്പോലെ ഹ്യൂമര്‍ സെന്‍സോ ഒന്നുമില്ലെങ്കിലും, ചാലക്കുടി മണ്ഡലത്തിലെ എല്ലാ വോട്ടര്‍മാരോടും ആം ആദ്മി സ്ഥാനാര്‍ഥിയും ജനസേവകനുമായ നുറുദ്ദീന് വോട്ട് ചെയ്യണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു (നാളെ രാവിലെ കുറ്റബോധം മൂലം ഞാന്‍ നിലപാടു മാറ്റുമോ എന്നു സ്വയം ഒന്നു പരിശോധിക്കാനാ).

ആം ആദ്മി: ഒരു താത്വിക അവലോകനം

പറഞ്ഞതുപോലെ താത്വികമായ ഒരു അവലോകനമാണ് ഞാനുദ്ദേശിക്കുന്നത്. ആം ആദ്മി പാര്‍ട്ടിക്കെതിരെയും ഞങ്ങളുടെ നേതാവായ അരവിന്ദ് കേജ്‌രിവാളിനെതിരെയും സംഘടിതവും അസംഘടിതവുമായ അനേകം ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരവലോകനത്തിന് ഞാന്‍ ശ്രമിക്കുന്നത്. അരവിന്ദ് കേജ്‌രിവാള്‍ ഞങ്ങളുടെ ദൈവമാണ്. അദ്ദേഹം എന്തു ചെയതാലും അത് രാജ്യത്തെ അഴിമതി തുടച്ചുനീക്കുന്നതിനും സാധാരണക്കാരെയും പാവപ്പെട്ടവരെയും ഉദ്ധരിക്കുന്നതിനും അംബാനിയെ ഒരു പാഠം പഠിപ്പിക്കുന്നതിനും വേണ്ടിയായിരിക്കും എന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

പണ്ട് അണ്ണാ ഹസാരെ മഹാത്മാഗാന്ധിയെക്കാള്‍ മഹാനാണെന്നു പറഞ്ഞ് ന്യൂജനറേഷന്‍കാര്‍ ഹസാരെഭക്തിഗാനങ്ങള്‍ പാടി നടന്ന കാലത്ത് അദ്ദേഹം കുഴപ്പക്കാരനാണെന്നും ആ ഗാന്ധിയന്‍ പ്രഭാവം നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടി പോസ്റ്റുകളിപ്പോള്‍ ഹസാരെ ഫാന്‍സ് എന്നെ കൊന്നില്ലന്നേയുള്ളൂ. ഇപ്പോള്‍ ഹസാരെ എവിടെക്കിടക്കുന്നു, അന്നു മെഴുകുതിരി പ്രദക്ഷിണം നടത്തിയ ഫാന്‍സുകാര്‍ എവിടെ കിടക്കുന്നു. അതുപോലെ തന്നെ ആം ആദ്മി പാര്‍ട്ടി ഒരു താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്നും കേജ്‌രിവാള്‍ അപകടകാരിയാണെന്നും ചൂണ്ടിക്കാട്ടി പോസ്റ്റിട്ടപ്പോള്‍ ആം ആദ്മി അനുഭാവികള്‍ കൂട്ടത്തോടെ വന്ന് ലാല്‍സലാം, ജയ് ചിഞ്ചോ എന്നൊക്കെ പറയുന്നതുപോലെ #@ യു, #@ യൂ എന്നു മുദ്രാവാക്യം വിളിച്ചു പോയിരുന്നു.

പിന്നീട്, ഞാന്‍ ആം ആദ്മിയെപ്പറ്റി കൂടുതല്‍ പഠിച്ചു, ആഴത്തില്‍ മനസ്സിലാക്കി. കാര്യങ്ങള്‍ മനസ്സിലായപ്പോള്‍ ഞാനും ആം ആദ്മിയായി. യേശുക്രിസ്തുവിനെപ്പോലെ മഹാത്മാഗാന്ധിയെപ്പോലെ, മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിനെപ്പോലെ ലോകത്തെയാകെയും ഇന്ത്യയെ തന്നെയും വഴിനടത്താനുള്ള കാഴ്ചപ്പാടും വിവേകവുമുള്ള മഹാനാണ് അരവിന്ദ് കേജ്‌രിവാള്‍ എന്നു ഞാന്‍ തിരിച്ചറിഞ്ഞു. എന്റെ കിടപ്പുമുറി മുതല്‍ ടോയ്‌ലറ്റില്‍ വരെ എല്ലായിടത്തും അദ്ദേഹത്തിന്റെ ചിത്രം വച്ചു ഞാന്‍ പൂജിക്കുന്നുണ്ട്. പറ്റുമ്പോഴൊക്കെ മുദ്രാവാക്യവും വിളിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ക്കെല്ലാം മറുപടി നല്‍കുക എന്നതാണ് ഞാനുദ്ദേശിക്കുന്നത്.

അദ്ദേഹത്തിനെതിരെ മാധ്യമങ്ങള്‍ ഏറ്റവും ഒടുവിലായി ഉന്നയിക്കുന്നത് ജീവിച്ചിരിക്കുന്ന മൂന്ന് വിവരാവകാശ പ്രവര്‍ത്തകര്‍ രക്തസാക്ഷികളാണെന്നു പ്രഖ്യാപിച്ച് അവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു എന്നതാണ്. അഹമ്മദാബാദില്‍ വച്ച് അദ്ദേഹം നാല് വിവരാവകാശ പ്രവര്‍ത്തകര്‍ക്കാണ് അദരാജ്ഞലികള്‍ അര്‍പ്പിച്ചത്. അതില്‍ മുന്നു പേരും ജീവിച്ചിരിക്കുന്നു എന്നതാണ് അംബാനി-കോണ്‍ഗ്രസ്-ബിജെപി പിംപുകളായ മാധ്യമങ്ങള്‍ കണ്ടുപിടിച്ചിരിക്കുന്നത്. അവര്‍ മരിച്ചോ ജീവിച്ചോ എന്നതാണോ ഇവിടെ പ്രധാനപ്പെട്ട കാര്യം എന്നാണ് എനിക്കു ചോദിക്കാനുള്ളത് ? ആപ്പ് വളരെ പഴക്കമുള്ള ഒരു പാര്‍ട്ടിയല്ല. കോണ്‍ഗ്രസിനും സിപിഎമ്മിനും ബിജെപിക്കുമൊക്കെ എത്രയെത്ര രക്തസാക്ഷികളാണുള്ളത് എന്നത് നോക്കണം. രക്തസാക്ഷികളുള്ള പാര്‍ട്ടിക്ക് വോട്ടു കിട്ടാന്‍ സാധ്യതയുണ്ടെന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. അറിഞ്ഞോ അറിയാതെയോ ഞങ്ങളുടെ നേതാവ് ജീവിച്ചിരിക്കുന്നവരെ കൂടി മരിച്ചവരായി പ്രഖ്യാപിച്ച് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുണ്ടെങ്കില്‍ അതിലെന്താണ് ഇത്ര പരിഹസിക്കാനിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് സ്വന്തമായി നാലു രക്തസാക്ഷികള്‍ ഉണ്ടാവുന്നതില്‍ അസൂയയും ഭിതിയും പൂണ്ട കോണ്‍ഗ്രസ്-ബിജെപി-അംബാനി അച്ചുതണ്ട് എന്തും ചെയ്യാന്‍ മടിക്കില്ല എന്നാണ് ഈ വാര്‍ത്തകളില്‍ നിന്നു മനസ്സിലാവുന്നത്.

ആം ആദ്മി ദേശീയ എക്‌സിക്യുട്ടീവ് അംഗമായ അശോക് അഗര്‍വാള്‍ ഞങ്ങളുടെ നേതാവിനെ അപഹസിച്ചു പാര്‍ട്ടി വിട്ടതും ഇതേ വൃത്തികെട്ട മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും എത്രയോ ആളുകള്‍ ഓരോ ദിവസവും വിട്ടുപോകുന്നു. അതൊക്കെ കൊടുത്താല്‍ പോരേ ഈ ചെറ്റകള്‍ക്ക്. ആം ആദ്മി തെരഞ്ഞെടുപ്പ് സീറ്റ് നല്‍കുന്നത് ഉന്നതര്‍ക്കാണെന്നും അതില്‍ സാധാരണക്കാര്‍ തഴയപ്പെടുകയാണെന്നും അശോക് അഗര്‍വാള്‍ ആരോപിച്ചു. പാര്‍ട്ടിക്ക് ദിശാബോധം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും പാര്‍ട്ടി ജനങ്ങളില്‍ സംശയം ജനിപ്പിക്കുന്നുണ്ടെന്നും പറഞ്ഞാണ് അശോക് രാജി വച്ചിരിക്കുന്നത്. ഇത്രകാലം ആ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിട്ടു പോലും ആം ആദ്മി പാര്‍ട്ടിയെപ്പറ്റി ഞാന്‍ മനസ്സിലാക്കിയ അത്ര പോലും അശോക് മനസ്സിലാക്കിയില്ല എന്നതു വേദനാജനകമാണ്. പിന്നെ, കോണ്‍ഗ്രസ്-ബിജെപി-അംബാനി അച്ചുതണ്ട് അശോകിനെയും വിലയ്‌ക്കെടുത്തിട്ടുണ്ടാവും എന്നത് പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ലല്ലോ.

മറ്റൊരു ആരോപണം ബാംഗ്ലൂരില്‍ ഞങ്ങളുടെ നേതാവിനൊപ്പം അത്താഴം കഴിക്കാന്‍ ആളൊന്നിന് 20,000 രൂപ വീതം വാങ്ങുന്നു എന്നുള്ളതാണ്. ഇത് സാധാരണക്കാരുടെ പാര്‍ട്ടിയാണ് എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. സിപിഎമ്മുകാരും കോണ്‍ഗ്രസുകാരുമൊക്കെ ചെയ്യുന്നതുപോലെ വീടുവീടാന്തരം കയറിയിറങ്ങി ബക്കറ്റു പിരിവു നടത്തി സാധാരണക്കാരെ ബുദ്ധിമുട്ടിക്കാന്‍ ആപ്പ് ശ്രമിക്കുന്നില്ല എന്നത് വളരെ പോസിറ്റീവായ കാര്യമാണ്. രാഹുല്‍ ഗാന്ധിയുടെ കൂടെയോ നരേന്ദ്ര മോദിയുടെ കൂടെയോ അംബാനിയുടെ കൂടെയോ അത്താഴം കഴിക്കാന്‍ ഈ നാട്ടില്‍ എത്ര പേര്‍ക്കു സാധിക്കും എന്നതു നമ്മളാലോചിക്കണം. 20,000 രൂപ കൊടുത്താല്‍ ഏതു ദരിദ്രവാസിക്കും ഞങ്ങളുടെ നേതാവിനോടൊപ്പം അത്താഴം കഴിക്കാം എന്നതിനെക്കാള്‍ വിപ്ലവകരമായി മറ്റെന്താണുള്ളത് ? 20,000 രൂപയൊക്കെ ഇന്നത്തെ കാലത്ത് ഒരു തുകയാണോ. ബാംഗ്ലൂരിലെ ആപ്പിന്റെ സ്ഥാനാര്‍ഥിയും മലയാളിയുമായ മുന്‍ ഇന്‍ഫോസിസ് ബോര്‍ഡ് അംഗവും സാധാരണക്കാരുടെ പ്രതീകവുമായ ബാലകൃഷ്ണനാണ് 20,000 രൂപയ്ക്ക് അരവിന്ദ് കേജ്‌രിവാളിനൊടൊപ്പം ഊണു കഴിക്കാന്‍ 200 പേര്‍ക്ക് അവസരം നല്‍കുന്നത്. കൂലിപ്പണിക്കാരും ചുമട്ടുകാരും ട്രേഡ് യൂണിയന്‍കാരും റിക്ഷാത്തൊഴിലാളികളും ഒക്കെയടങ്ങുന്ന സാധാരണക്കാര്‍ക്ക് ഇതൊരു സുവര്‍ണാവസരമായിരിക്കും എന്നതില്‍ സംശയമില്ല. ഇങ്ങനെയുള്ള പുരോഗമനപരമായ ആശയങ്ങളെപ്പോലും വിമര്‍ശിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടിയെയും നേതാക്കന്‍മാരെയും കരി വാതി തേക്കാന്‍ ശ്രമിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ- #@ യൂ !

അതേ സമയം, ദളിത് സംഘടനകളുടെ കൂട്ടായ്മയായ മഹാരാഷ്ട ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന കൂട്ടായ്മയോടു സഹകരിക്കാമോ എന്നു ചോദിച്ച അബേദ്കറുടെ കൊച്ചുമകനായ പ്രകാശ് അബേദ്കറുടെ ആവശ്യം ആം ആദ്മി പാര്‍ട്ടി നിരസിച്ചതും ചിലര്‍ ബോധപൂര്‍വം പ്രചരിപ്പിക്കുന്നുണ്ട്. ആരുമായും സഖ്യം വേണ്ട എന്നതാണ് പാര്‍ട്ടിയുടെ നിലപാട് എന്നു കാണിച്ചാണ് ദളിതരെ അവഗണിച്ചതെന്നിരിക്കെ പാര്‍ട്ടി അംഗം പോലുമല്ലാത്ത മേധാ പട്കറെ ആപ്പ് മുംബൈയില്‍ സ്ഥാനാര്‍ഥിയാക്കി എന്നത് കോണ്‍ഗ്രസ്-ബിജെപി-അംബാനി പിംപുകളെ പ്രകോപിപ്പിച്ചിട്ടുണ്ട്. എ.കെ.ആന്റണിയെയും വി.എസ്.അച്യുതാനന്ദനെയും ഇറോം ഷര്‍മിളയെയുമൊക്കെ ആപ്പിലേക്കു ക്ഷണിച്ച കേജ്്‌രിവാള്‍ പ്രകാശ് അംബേദ്കറെ അവഗണിച്ചത് സെലബ്രിറ്റികളെ മാത്രം മതി എന്നതുകൊണ്ടാണ് പിംപുകള്‍ പറയുന്നത്. കഷ്ടം എന്നല്ലാതെ എന്തു പറയാന്‍.

അതുപോലെ അനേകം അനേകം നിസ്സാര പ്രശ്‌നങ്ങളില്‍ ആം ആദ്മിയെ കരിവാരി തേക്കാന്‍ കോണ്‍ഗ്രസ്-ബിജെപി-അംബാനി അച്ചുതണ്ടിന്റെ ഭാഗമായ മാധ്യമങ്ങള്‍ കുല്‍സിത ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ദില്ലിയില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ചടങ്ങിന് 13 ലക്ഷം രൂപ ചിലവഴിച്ചു എന്നതും അതില്‍ പകുതിയും സത്യപ്രതിജ്ഞയുടെ പബ്ലിസിറ്റിക്കു വേണ്ടിയായിരുന്നെന്നും ചിലര്‍ വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചു കണ്ടെത്തി വാര്‍ത്ത കൊടുത്തു. ഇതൊക്കെ ഒരു വാര്‍ത്തയാണോ ? അല്ലെങ്കിലും ആം ആദ്മി പാര്‍ട്ടിക്കും നേതാക്കന്‍മാര്‍ക്കുമെതിരെ വിവരങ്ങള്‍ ശേഖരിക്കാനായി വിവരാവകാശനിയമം ദുരുപയോഗിക്കുന്നത് മര്യാദയാണോ ?

ആം ആദ്മി വെബ്‌സറ്റില്‍ കൊടുത്ത ഇന്ത്യയുടെ ഭൂപടത്തില്‍ കശ്മീരിന്റെ പല ഭാഗങ്ങളും പാകിസ്ഥാന്റെ ഭാഗമായി കാണിച്ചത് സോഷ്യല്‍ മീഡിയയിലെ കോണ്‍ഗ്രസ്-ബിജെപി-അംബാനി പിംപുകള്‍ വലിയ വിവാദമാക്കിയിരുന്നു. ഇവിടെ ഒരു കാര്യം മനസ്സിലാക്കേണ്ടത് ഇത് സാധാരണക്കാരുടെ പാര്‍ട്ടിയാണ് എന്നതാണ്. ഇന്നാട്ടിലെ എത്ര സാധാരണക്കാര്‍ക്ക് ഇന്ത്യയുടെ മാപ്പ് കൃത്യമായി വരയ്ക്കാനറിയാം എന്നു ഞാന്‍ ചോദിക്കുകയാണ് ? ഭരണഘടന, നിയമങ്ങള്‍, ചട്ടങ്ങള്‍, രാഷ്ട്രീയമര്യാദ, മകനേ ഇതിന്ത്യയുടെ ഭൂപടം തുടങ്ങിയ അനേകം വിഷയങ്ങളില്‍ മറ്റു പാര്‍ട്ടികളെക്കാള്‍ വ്യത്യസ്തമായ നിലപാടുകളാണ് ആപ്പ് ഇതുവരെ എടുത്തിട്ടുള്ളത് എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്.

കേജ്‌രിവാളിന്റെ സ്വകാര്യവിമാനയാത്രയുമായി ബന്ധപ്പെട്ടാണ് മറ്റൊരു വിവാദം. സാധാരണക്കാരുടെ പ്രതിനിധിയാണ് അദ്ദേഹം എന്നിരിക്കെ അദ്ദേഹം ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ നമ്മുടെ തലയ്ക്കു മീതെ പറക്കുന്നുണ്ടെങ്കില്‍ അത് സാധാരണക്കാരുടെ വിജയമാണ് എന്നുറച്ചു പറയാന്‍ എനിക്ക് അഭിമാനമയുള്ളൂ. ബിജെപി-കോണ്‍ഗ്രസ് നേതാക്കള്‍ ചാര്‍ട്ടേര്‍ഡ് വിമാനം ഉപയോഗിക്കുന്നതിനെ എതിര്‍ക്കുമ്പോള്‍ തന്നെ സ്വന്തം നിലയ്ക്ക് ചാര്‍ട്ടേര്‍ഡ് വിമാനം ഉപയോഗിക്കുകയും സാധാരണക്കാരന്റെ പ്രതീകമായി നിലകൊള്ളാന്‍ കഴിയുന്നതും ഈ നാട്ടിലെ കൂലിപ്പണിക്കാരും ചുമട്ടുകാരും ട്രേഡ് യൂണിയന്‍കാരും റിക്ഷാത്തൊഴിലാളികളും ഒക്കെയടങ്ങുന്ന സാധാരണക്കാരുടെ വിജയമാണ് എന്നു നിസ്സംശയം പറയാം.

കേജ്‌രിവാള്‍ തന്റെ അഭിമുഖത്തിലെ ഏതൊക്കെ ഭാഗങ്ങള്‍ എങ്ങനെയൊക്കെ നല്‍കണമെന്നു പറഞ്ഞുകൊണ്ട് മാധ്യമപ്രവര്‍ത്തകനെ സ്വാധീനിക്കുന്ന ഒരു വിഡിയോ യൂ ട്യൂബില്‍ പ്രചരിക്കുന്നുണ്ട്. ആ വിഡിയോ ചിത്രീകരിച്ചവരും പ്രചരിപ്പിച്ചവരും കോണ്‍ഗ്രസ്-ബിജെപി-അംബാനി പിംപുകളാണെന്നത് പ്രത്യേകം എടുത്തു പറയുന്നില്ല. മാധ്യമങ്ങള്‍ കൂട്ടത്തോടെ ആം ആദ്മിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിക്കുമ്പോള്‍ തന്നെ മാധ്യമപ്രവര്‍ത്തകനെ സ്വാധീനിക്കാന്‍ കേജ്‌രിവാളിനു കഴിയുന്നുണ്ടെങ്കില്‍ അത് മാധ്യമസ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും വിജയമാണ് എന്നുറപ്പിച്ചു പറയാം.

ഏറ്റവും ഒടുവിലായി കേജ്‌രിവാള്‍ ഏകാധിപതിയാണ് എന്നുള്ള ആരോപണം. കുറെക്കാലമായി ഇതു കേള്‍ക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായം പരിഗണിക്കാതെ കേജ്‌രിവാള്‍ വളരെ ഏകാധിപത്യപരമായി സ്ഥാനാര്‍ഥിനിര്‍ണയം നടത്തുന്നു എന്നാരോപിച്ച് ഒരു സംഘം ആം ആദ്മി പ്രവര്‍ത്തകര്‍ ദൈവതുല്യനായ നേതാവിന്റെ വീടിനു മുന്നില്‍ പ്രതിഷേധിക്കുക വരെ ചെയ്തു. ഇതിനു പിന്നിലും കോണ്‍ഗ്രസ്-ബിജെപി-അംബാനി അച്ചുതണ്ടാണെന്ന് വിവരമുള്ള ആര്‍ക്കും മനസ്സിലാവും. അല്ലെങ്കിലും ഇത്രകാലം ഇവിടെ വിവിധ പാര്‍ട്ടികള്‍ ജനാധിപത്യപരമായി പ്രവര്‍ത്തിച്ചിട്ട് എന്തു നേടി എന്നാണ് എനിക്കു ചോദിക്കാനുള്ളത്. ആ സാഹചര്യത്തില്‍ ഏകാധിപതിയായ ഒരു നേതാവുള്ള പാര്‍ട്ടിക്ക് ഭാരതത്തിന്റെ ഭാവിയില്‍ വലിയ സാധ്യതയാണുള്ളത്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആം ആദ്മി പാര്‍ട്ടിയിലുള്ള എന്റെ വിശ്വാസവും അരവിന്ദ് കേജ്‌രിവാള്‍ എന്ന അവതാരപുരുഷനോടുള്ള ഭക്തിയും അണുവിട കുറയ്ക്കാന്‍ ആര്‍ക്കും സാധിക്കില്ല. നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും മുകേഷ് അംബാനിയും കൂടി ഒരുമിച്ചു വന്നു കാലുപിടിച്ചാലും ഇല്ല. അതാണ് സാധാരണക്കാരന്റെ പവര്‍.

ജയ് ചിഞ്ചോ… അല്ല, #@ യു ഓള്‍ !

അഭ്യാസം:-
ബ്രാക്കറ്റില്‍ നിന്നു ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

‘#@ യൂ’ എന്നതുകൊണ്ട് കവി എന്താണുദ്ദേശിച്ചിരിക്കുന്നത് ?
(ലവ് യു, കിസ്സ് യു, കില്‍ യു, ഫക്ക് യു, മിസ്സ് യു)

മോഡറേഷന്‍ മിഡില്‍ ഫിംഗര്‍

സാറേ…

ആരെടീ അത് ?

ഞാനാ സാറേ…

നിനക്കെന്തു പറ്റി ? വല്ലാതെ കിതയ്ക്കുന്നുണ്ടല്ലോ.. ഇവിടെ ഇരിക്കൂ.. ഞാന്‍ തടവിത്തരാം…

കിതയ്ക്കുന്നത് ഓടിയിട്ടല്ല… പിന്നെ, സാറു തടവണ്ട… തടവിയാല്‍…. ?

ഓ.. കണ്‍ട്രോള്‍ ഇല്ലാത്ത കുട്ടികള്‍ !… ശരി കാര്യം പറയൂ…

സാറ് പുതിയ പോസ്റ്റിന്റെ കമന്റ് ഒക്കെ നോക്കിയോ ?

കമന്റ് നോക്കാനും അപ്രൂവ് ചെയ്യാനുമൊക്കെയല്ലേടീ പെണ്ണേ നിന്നെ ഏല്‍പിച്ചിരിക്കുന്നത്… ഫോണില്‍ അതിന്റെ ആപ്പും ഡൗണ്‍ലോഡ് ചെയ്തു തന്നിട്ടില്ലേ ?

ആപ്പിനെ പറ്റി സാറിനി ഒന്നും പറയരുത്… പിന്നെ, ബ്ലോഗിലെ കമന്റ് ഞാന്‍ നോക്കുന്നുണ്ട് സര്‍… ഞാന്‍ പറഞ്ഞത്… ഫേസ്ബുക്കിലെ കമന്റ്‌സ്…

ഛെ, ഞാനതൊന്നും വായിക്കാറില്ല…

ഞാന്‍ വായിച്ചു… വായിച്ചിട്ട് സാറിനോടു പറയാന്‍ ഓടി വന്നതാ… ആ പോസ്റ്റ് അങ്ങു ഡിലീറ്റ് ചെയ്‌തേക്കട്ടെ ?

കഴുവേര്‍ട മോളെ… പോസ്റ്റില്‍ തൊട്ടാല്‍ കൊല്ലും ഞാന്‍… മേലില്‍ എന്റെ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്താല്‍ അറിയാല്ലോ… ശിക്ഷിക്കും ഞാന്‍.. ക്രൂരമായി…

ശ്ശൊ !… ഈ സാറിന്റെ ഒരു കാര്യം… ഒറ്റ ഇടി വച്ചു തരും കേട്ടോ…

എന്നാല്‍ നീ പൊക്കോ…

അതല്ല സാറേ… എല്ലാം ഭീകര കമന്റുകളാ…. ഞാനതില്‍ കുറെ ഡിലീറ്റ് ചെയ്യട്ടെ ? എന്റെ സാറിനെ ആരെങ്കിലും ചീത്ത പറയുന്നത് എനിക്കു സഹിക്കില്ല….

റിയലി ? ആളുകള്‍ എന്നെ ചീത്ത പറയുന്നുണ്ട് ?

ഉണ്ടോന്നോ ? കട്ടത്തെറിയല്ലേ ? കേജ്‌രിവാളിനെതിരെ എഴുതിയതില്‍ സത്യത്തില്‍ എനിക്കും സാറിനോട് ദേഷ്യമുണ്ട്…

യു ടൂ ബ്രൂട്ട്‌സ്‌മോള്‍ ? നീയും ആ ടൈപ്പ് ആണോ ? ബൈ ദ ബൈ.. ഞാന്‍ മിസ്റ്റര്‍ അരിവാളിനെതിരെ ഒന്നുമെഴുതിയില്ലല്ലോ… മൂപ്പരുടെ രാഷ്ട്രീയത്തെപ്പറ്റി എനിക്കു മനസ്സിലായ കാര്യങ്ങള്‍ പറഞ്ഞു… അത് ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു തന്നിട്ടുള്ള കാര്യമല്ലേ ? അഭിപ്രായസ്വാതന്ത്ര്യം… അതിനെ ചോദ്യം ചെയ്യാന്‍ ആരാണ് അവിടെയുള്ളത് ?

ഒത്തിരിപ്പേര്‍ ഉണ്ട്… തെറിയും പുച്ഛവും മിഡില്‍ ഫിംഗറും പിന്നെ കുറെ ഡിസ്‌ലൈക്കും….

ഹഹഹഹഹ….

ഹൊ !… ഇങ്ങനെ ചിരിക്കല്ലേ… എന്റെ കണ്‍ട്രോള്‍ പോവും ട്ടോ…

ശരി, ശരി…. അല്ല തെറിയുടെ ഒരു നിലവാരം എങ്ങനെ ?

ആവറേജ്…. ഒത്തിരിപ്പേര് Fuck you, Fuck you എന്നു പറഞ്ഞിട്ടുണ്ട്…

റിയലി ???? അതൊരു ഓഫറല്ലേ മോളെ… എങ്ങനെ തെറിയാവും ?

അതു തെറിയാണ്…

ഞാന്‍ നിന്നോട് സാരി വാങ്ങിത്തരാം… സാരി വാങ്ങിത്തരാം എന്നു പറഞ്ഞാല്‍ അത് നിനക്ക് തെറിയായി തോന്നുമോ ?

ഒരിക്കലുമില്ല സര്‍…

അതുപോലെ ഫക്ക് യൂ, ഫക്ക് യൂ എന്നു സ്ത്രീകള്‍ എന്നോടു പറയുമ്പോള്‍ അതൊരു തെറിയായി എനിക്കും ഫീല്‍ ചെയ്യില്ല…

പക്ഷെ സര്‍… അങ്ങനെ പറഞ്ഞിരിക്കുന്നതെല്ലാം ആണുങ്ങളാ… നോ ലേഡീസ്

നോ ലേഡീസ് ???… ഛെ, വഷളന്‍മാര്‍… അവരോട് ഞാനൊരു ഗേ അല്ലെന്നു പറഞ്ഞേക്കൂ… എന്താ ഈ തലമുറ ഇങ്ങനെ…

പിന്നെ, സാറെനിക്കു വാങ്ങിത്തരുന്നുണ്ടെങ്കില്‍ സാരി വേണ്ട… ഒരു ഡസന്‍ ലെഗ്ഗിങ്‌സ് മതി….

അതിട്ടോണ്ട് എന്റെ മുന്നില്‍ വരില്ലെന്നുറപ്പു തന്നാല്‍ വാങ്ങിത്തരാം….

താങ്ക്യു സര്‍… പിന്നെ സാറൊരു കോണ്‍ഗ്രസുകാരനാണെന്ന് എല്ലാവരും പറയുന്നു…

കഴിഞ്ഞയാഴ്ച എല്ലാവരും പറഞ്ഞത് ബിജെപിക്കാരനാണെന്നായിരുന്നു… അതിനു മുന്‍പിലത്തെ ആഴ്ച സിപിഎമ്മുകാരനെന്നും.. മൈന്‍ഡ് ചെയ്യേണ്ട..

ഒത്തിരിപ്പേര്‍.. ഡിസ്‌ലൈക്ക് ബട്ടണ്‍ എവിടെയാണെന്നും മറ്റും ചോദിച്ചിട്ടുണ്ട്…

ഇതാണ് ഇവരുടെ ഒരു കുഴപ്പം… ഫേസ്ബുക്കിന്റെ ഭരണഘടനയില്‍ ആ സാധനം ഇല്ല. ഭരണഘടനയില്‍ ഇല്ലാത്തതിനു വേണ്ടി വാശിപിടിക്കുന്നതാണോ ഇപ്പോഴത്തെ ഫാഷന്‍ ?

ഗാന്ധിജിയെയും ജയപ്രകാശിനെയും എകെജിയെയും പോലെയാണ് കേജ്‌രിവാള്‍ എന്നു പലരും പറഞ്ഞിട്ടുണ്ട്…

അതായത്…. റാഡിക്കലായ ഒരു മാറ്റമല്ല… ഹും…

സാറിന് ഇന്ത്യയെപ്പറ്റി ഒന്നും അറിയില്ലെന്നും ഇന്ത്യയെപ്പറ്റി കൂടുതല്‍ പഠിച്ചതിനു ശേഷമേ പോസ്റ്റിടാവൂ എന്നും ഒരാള്‍ പറഞ്ഞിട്ടുണ്ട്…

ആ ചങ്ങാതിയുടെ ലൊക്കേഷന്‍ ഏതാ ?

കുവൈറ്റ്…

വെരി ഗുഡ് !

കേജ്‌രിവാളിന്റെ രാഷ്ട്രീയത്തെപ്പറ്റി സാറിന് ഒരു ചുക്കും അറിയില്ലെന്നും ദില്ലിയിലെ സമകാലിക രാഷ്ട്രീയ അടിയൊഴുക്കുകളെ സാര്‍ അവഗണിക്കുകയാണെന്നും… സാര്‍ മള്‍ട്ടിനാഷന്‍ കമ്പനികളുടെ ഏജന്റാണെന്നും പലരും പറഞ്ഞിട്ടുണ്ട്..

അവരൊക്കെ ദില്ലിയിലെ ഇടത്തരക്കാരാണോ ?

അല്ല, ന്യൂസീലാന്‍ഡിലെയും ദുബായ്‌ലെയും ഖത്തറിലെയും യുഎസിലെയും വിവിധ മള്‍ട്ടിനാഷനല്‍ കമ്പനികളില്‍ ജോലി ചെയ്യുന്നവരാ…

ഹഹഹഹഹഹ…

ഇങ്ങനെ ചിരിക്കല്ലേ പൊന്നേ..

പോടി കള്ളീ !

അച്ചായാ പിന്നെ കുറെപ്പേര്‍… മിഡില്‍ ഫിംഗര്‍, മിഡില്‍ ഫിംഗര്‍ എന്നു പറഞ്ഞിട്ടുണ്ട്…

അത് ഇംഗ്ലിഷ് ബ്ലോഗുകളിലും സൈറ്റുകളിലുമൊക്കെ സായിപ്പന്‍മാര്‍ ഇടുന്ന കമന്റ് ആണ്… ഇന്ത്യന്‍ സംസ്‌കാരത്തില്‍ അങ്ങനൊരു പ്രതികരണമില്ല… സായിപ്പ് ട്രെയിനികളായ ഇന്ത്യക്കാര്‍ അടുത്ത കാലത്തായി അങ്ങനത്തെ കമന്റുകള്‍ ഇടുന്നുണ്ട്…

എന്നു വച്ചാല്‍ അത് നല്ല കമന്റാണോ ചീത്ത കമന്റാണോ ?

രണ്ടുമാണ്… മിഡില്‍ ഫിംഗര്‍ മാത്രം ഉയര്‍ത്തിക്കാട്ടുന്നത് വേറൊരു സംഗതിയുടെ സിംബലാണ്..

മനസ്സിലായി, മനസ്സിലായി…

മിടുക്കി… എന്റെ പോസ്റ്റ് വായിച്ചിട്ട് അവര്‍ക്കൊക്കെ ഭീകരമായ ഉത്തേജനമുണ്ടായി എന്നാണ് ആ കമന്റിലൂടെ അവര്‍ പറയുന്നത്.. അല്‍പം അശ്ലീലച്ചുവയുണ്ടെങ്കിലും കമന്റ് പോസിറ്റീവാണ്…

സാറൊരു മൂന്നാംകിട ബ്ലോഗറാണെന്നും നാലാംകിട കൂലിയെഴുത്തുകാരനാണെന്നും പലരും പറഞ്ഞിട്ടുണ്ട്…

ഹഹഹഹഹഹഹഹ….

അല്ല, സാറെന്തിനാ ചിരിച്ചത് ?

മൂന്നാം കിട ബ്ലോഗും നാലാം കിട കൂലിയെഴുത്തും വായിച്ച് അതിനൊക്കെ കമന്റിടുന്ന ഒന്നാംകിട ആളുകകളെപ്പറ്റി ആലോചിച്ചപ്പോള്‍… ഇവര്‍ക്കൊക്കെ ഒന്നാം കിട സാധനങ്ങള്‍ തന്നെ വായിച്ചാല്‍പ്പോരേ ?

ഒരു പെങ്കൊച്ച് അച്ചായനോട് ഷട്ടപ്പ് എന്നു പറഞ്ഞിട്ടുണ്ട്.. അച്ചായന് ഹിഡണ്‍ അജന്‍ഡയുണ്ടെന്നും ഗെറ്റ് ലോസ്‌റ്റെന്നും ഒക്കെ പറഞ്ഞിട്ടുണ്ട്…

എന്റെ പേജില്‍ വന്നിട്ട് എന്നോടു ഷട്ടപ്പെന്നും ഗെറ്റ് ലോസ്‌റ്റെന്നും പറയുന്ന പെങ്കൊച്ചിന് അഞ്ചു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചേക്കട്ടെ ?

അയ്യോ വേണ്ട… പിന്നെ നിരാഹാരമായി… സത്യഗ്രഹമായി… നാണക്കേടാവും..

എന്നാ വേണ്ട..

അച്ചായന്‍ കൂലിയെഴുത്തുകാരനാണെന്നും കേജ്‌രിവാളിനെപ്പറ്റി പോസ്റ്റിട്ടത് കാശു കിട്ടിയതുകൊണ്ടാണെന്നും ബ്ലോഗിങ് നിര്‍ത്തണമെന്നും ബ്ലോഗ് ഡിസ്‌ലൈക്ക് ചെയ്യുകയാണെന്നും കുറെപ്പേര്‍ പറഞ്ഞിട്ടുണ്ട്..

എന്നിട്ട് എത്ര പേര്‍ ഡിസ്‌ലൈക്ക് ചെയ്തു ?

അറിയില്ല… പത്തുനൂറു പേര്‍ കൂടി ലൈക്ക് ചെയ്തിട്ടുണ്ട്…

ഹും…

അച്ചായാ ഞാന്‍ വന്നപ്പോള്‍ മുതല്‍ ചോദിക്കണമെന്നു വിചാരിക്കുന്നു… അവിയൊരു ഹൈഹില്‍ഡ് ചെരിപ്പു കിടക്കുന്നത് ആരുടേതാ ?

നീ വന്നപ്പോള്‍ എന്നെ സാര്‍ എന്നാണ് വിളിച്ചത് ? ഇപ്പോ അച്ചായാ എന്നാക്കി ? എന്താ ഉദ്ദേശം ?

ചെരിപ്പിന്റെ കാര്യം പറഞ്ഞില്ല… ആ റൂം എന്തിനാ അടച്ചിട്ടിരിക്കുന്നത് ?

ആ റൂം ഇല്ല… അത് പൊളിച്ചു…

പൊളിക്കാനോ ? വാതില്‍ അടച്ചിട്ടിരിക്കുകയാണല്ലോ…

അപ്പുറത്ത് ഫ്ളാറ്റ്‌ പണി നടക്കുന്നുണ്ട്… അവര്‍ ആ റൂം ഫുള്ളായിട്ട് പൊളിച്ചു.. വാതില്‍ തുറന്നാല്‍ പത്തായിരം അടി താഴേക്കു വീണു ചാവും.. തുറക്കരുത്..

പക്ഷെ, കുറച്ചു മുമ്പ് ഒരു സ്ത്രീ ചുമയ്ക്കുന്ന ശബ്ദം ഞാന്‍ കേട്ടല്ലോ…

പണിക്കാര് പെണ്ണുങ്ങള് വല്ലവരുമായിരിക്കും…

പണി നടക്കുന്നത് പത്തായിരം അടി താഴെയാണെന്നല്ലേ പറഞ്ഞത് ?

അല്ല.. അതു പിന്നെ…

ഫ്രിഡ്ജിന്റെ മുകളില്‍ ഒരു ലേഡീസ് ബാഗ് ഇരിക്കുന്നത് ആരുടേതാ ?

മോളെ, ഞാനിനി ഒന്നും മറച്ചു വയ്ക്കുന്നില്ല…

പറ.. ഏതവളാ അത്… എനിക്കിപ്പം അറിയണം…

നീ അടങ്ങ്… ഞാന്‍ പറയാം… പക്ഷെ, ഇതാരോടും പറയരുത്…

ഇല്ല…

അത് അവളല്ല, അവനാ…

അവനോ ?

അതെ… അവന്‍ !

പക്ഷെ, ഹൈ ഹീല്‍സ്, ലേഡീസ് ബാഗ്, ചുമ…

അതെ, ആരും തിരിച്ചറിയാതിരിക്കാന്‍ വേണ്ടി പെണ്‍വേഷം കെട്ടി വന്നതാ…

ആരാ അത് ?

മുകേഷ് അംബാനി !!

ഓ മൈ ഗോഡ് !!!!

യെസ്… മൈ ഗോഡ്…

മുകേഷ് അംബാനിയോ ? അദ്ദേഹം എന്തിനിവിടെ വന്നു ?

നീയാ ജനലിലൂടെ പുറത്തേക്ക് നോക്കിയേ…

നോക്കി…

എന്താ കാണുന്നേ ?

റിലയന്‍സ് ഫ്രഷ്… അതിനു മുന്നില്‍ അവരുടെ പച്ചക്കറി വാന്‍…

അതില്‍ വന്നത് പച്ചക്കറിയല്ല…

പിന്നെ… ??

മൂപ്പരാ….!! നിറയെ കാശും….

അപ്പോള്‍ വായനക്കാര്‍ പറയുന്നതില്‍ സത്യമുണ്ടല്ലേ ?

കുറച്ചൊക്കെ…

ഒത്തിരി കാശ് കിട്ടിക്കാണുമല്ലോ…

കുറച്ച് കോടികള്‍… നീയൊക്കെ കേജ്‌രിവാള്‍ ഫാനല്ലേ… അല്ലെങ്കില്‍ ഞാന്‍ കുറച്ചു തന്നേനെ…

അയ്യോ, അങ്ങനൊന്നുമില്ല…. സാറെനിക്ക് ഇതുവരെ ഒന്നും തന്നിട്ടില്ലല്ലോ…

എന്നാലും നീയെന്നെ സംശയിച്ചില്ലേ ?

സോറി, സോറി, സോറി, സോറി……

എന്നാ നീ പോയിട്ട് വൈകിട്ട് വാ… ഞാന്‍ അംബാനിയെ പറഞ്ഞു വിടട്ടെ… അങ്ങേര് നിന്നെ കാണേണ്ട..

ശരി, ശരി… വൈകിട്ട് വരുമ്പോള്‍ എനിക്കെന്തു തരും ?

മിഡില്‍ ഫിംഗര്‍…

ശ്ശൊ.. ഫക്ക് യൂ.. ട്ടോ !

Laters, Baby !

😉

ന്യൂജനറേഷന്‍ വിശുദ്ധന്‍ !

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും സൂത്രശാലിയും അപകടകാരിയുമായ നേതാവ് അരവിന്ദ് കേജ്‌രിവാള്‍ മൊത്തം രാഷ്ട്രീയരംഗത്തെ അസ്വസ്ഥമാക്കി വീരനായകനെപ്പോലെ പടിയിറങ്ങിയിരിക്കുകയാണ്. ദീര്‍ഘവീക്ഷണവും രാഷ്ട്രീയകാഴ്ചപ്പാടുമില്ലാത്ത വലിയൊരു സമൂഹത്തിന്റെ കയ്യടിയും പിന്തുണയും പരമാവധി മുതലെടുത്തുകൊണ്ട്, പതിനായിരങ്ങളെ വിഡ്ഡികളാക്കിക്കൊണ്ട് നിരുത്തരവാദപരമായ നയങ്ങളും സമീപനങ്ങളും വഴി അരാജകത്വത്തിന്റെ വിത്തുകള്‍ പാകി കേജ്‌രിവാള്‍ പൊടിതട്ടിപ്പോവുമ്പോള്‍ അവശേഷിക്കുന്നത് അസ്വസ്ഥകള്‍ മാത്രം.

ആം അദ്മി അംഗങ്ങള്‍ക്കും കേജ്‌രിവാള്‍ ഫാന്‍സിനും പോലും നിശ്ചയമില്ലാത്ത വിധം ദുരൂഹവും പ്രവചനാതീതവുമാണ് കേജ്‌രിവാളിന്റെ നീക്കങ്ങള്‍ എന്നതാണ് സാധാരണക്കാരന്റെ പാര്‍ട്ടിയിലെ ഏറ്റവും വലിയ വിരോധാഭാസം. അഴിമതി തുടച്ചു നീക്കണം എന്ന മുദ്രാവാക്യം ഏറ്റു പറഞ്ഞ് പരസ്പരം ആശ്വസിപ്പിക്കാനേ ഇനി ആം ആദ്മിക്കാര്‍ക്കു കഴിയൂ. സമരം ചെയ്തു ചെയ്ത് അധികാരത്തിലെത്തുകയും അധികാരത്തിലെത്തിയിട്ടും അതു തുടരുകയും ചെയ്ത കേജ്‌രിവാള്‍ യുദ്ധം ചെയ്യുന്നത് ആരോട് എന്തിന് എന്നതിനു പോലും ഒടുവില്‍ വ്യക്തതയില്ലാതായി.

ഏറെക്കാലം ദില്ലി സര്‍ക്കാരിനോടും ദില്ലിയിലെ ഭരണസംവിധാനത്തോടും സമരം ചെയ്ത കേജ്‌രിവാള്‍ ദില്ലിയില്‍ സര്‍ക്കാരുണ്ടാക്കിയതോടെ കേന്ദ്രസര്‍ക്കാരിനോടും വ്യവസായികളോടും രാജ്യത്തു നിലവിലുള്ള ചട്ടങ്ങളോടും സമരം ചെയ്തു തുടങ്ങി. ലോക്‌സഭാ തിരഞ്ഞെടുപ്പു മൂന്നില്‍ കണ്ട് തന്ത്രപരമായി, അതിലേറെ നാടകീയമായി രാജിവച്ച കേജ്‌രിവാള്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഇനി അങ്ങേയറ്റം അപകടകാരിയായിരിക്കും. ഭരണഘടനയെയും രാജ്യത്തു നിലവിലുള്ള സംവിധാനങ്ങളെയും രാജ്യത്തെ വ്യവസായങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് ഭരിക്കാന്‍ കേജ്‌രിവാളിനെന്നല്ല മഹാത്മാഗാന്ധിക്കു പോലും കഴിയില്ല എന്നിരിക്കെ കേജ്‌രിവാളിന്റെ രാഷ്ട്രീയനാടകങ്ങള്‍ രാജ്യപുരോഗതിക്ക് ഒട്ടും ഗുണകരമല്ല.

കുറെയേറെ വെല്ലുവിളികളും ആരോപണങ്ങളും ഉയര്‍ത്തി രാജിവച്ച കേജ്‌രിവാള്‍ വലിയൊരു ധീരനാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളും പറഞ്ഞ ഡയലോഗുകളും പരിശോധിച്ചാല്‍ ബുദ്ധിപൂര്‍വം രാജിവച്ച് തടി രക്ഷപെടുത്തിയ കേജ്‌രിവാള്‍ ധീരന്റെ മുഖം മൂടി ധരിച്ച കൗശലക്കാരനാണെന്നു മനസ്സിലാക്കാന്‍ പ്രയാസമില്ല. ഒന്നര മാസത്തെ ഭരണം കൊണ്ട് അദ്ദേഹം പഠിച്ചതും ദില്ലിക്കാര്‍ പറയുന്ന പാഠം തന്നെയായിരിക്കും- സമരം ചെയ്യുന്നതുപോലെ എളുപ്പമല്ല നാട് ഭരിക്കാന്‍ !

ദില്ലിയില്‍ കേജ്‌രിവാള്‍ നടത്തിയ ഭരണപരിഷ്‌കാരങ്ങളുടെ ഉത്തരവാദിത്തം ഇനി ആര്‍ക്കാണ് ? അദ്ദേഹം നടപ്പാക്കിയ വിപ്ലവകരമായ-ജനപ്രിയ തീരുമാനങ്ങള്‍ ഉണ്ടാക്കി വയ്ക്കുന്ന ബാധ്യത ഇനി ആരു വഹിക്കും ? വൈദ്യുതി നിരക്കിലും വെള്ളക്കരത്തിലും അദ്ദേഹം വരുത്തിയ മാറ്റങ്ങള്‍ ഇനി ആരു പുനസ്ഥാപിക്കും ? അദ്ദേഹം വിതച്ച അരാജക്ത്വത്തിന്റെ ഫലം ഇനി ആരു കൊയ്‌തെടുക്കും ? ഒന്നിനും ഉത്തരമില്ല. ദീര്‍ഘവീക്ഷണമില്ലാത്ത, ദേശീയബോധമില്ലാത്ത നയങ്ങളിലൂടെ ജനങ്ങളുടെ കയ്യടി നേടുക എന്ന താല്‍ക്കാലിക ലക്ഷ്യത്തിനു വേണ്ടി കേജ്‌രിവാള്‍ നടത്തിയ നീക്കങ്ങള്‍ ഒരു ടൈംബോംബു പോലെ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ഉദ്യോഗസ്ഥഭരണത്തെയും ഇനി വേട്ടയാടും.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ ചലനങ്ങളുണ്ടാക്കാമെന്ന പ്രതീക്ഷയും ദില്ലിയില്‍ കുളമാക്കി വച്ച ഭരണത്തില്‍ നിന്നും തലയൂരുക എന്ന ലക്ഷ്യവുമാണ് കേജ്‌രിവാളിന്റെ രാജിയില്‍ തെളിഞ്ഞു കാണുന്നത്. ദില്ലി സര്‍ക്കാരിനെതിരെ സമരം ചെയ്ത് ഒടുവില്‍ ദില്ലിയില്‍ സ്വന്തമായി സര്‍ക്കാരുണ്ടാക്കിയപ്പോള്‍ കേജ്‌രിവാള്‍ സമരം കേന്ദ്രസര്‍ക്കാരിനും ചട്ടങ്ങള്‍ക്കുമെതിരെയാക്കി. ഇനി പ്രധാനമന്ത്രിയായാല്‍ പിന്നീടുള്ള കാലം ആരാധകരെ ത്രസിപ്പിച്ചുകൊണ്ട് അമേരിക്കയ്ക്കും യൂറോപ്യന്‍ യൂണിയനും യുണൈറ്റഡ് നേഷന്‍സിനുമെതിരെയായിരിക്കും അദ്ദേഹത്തിന്റെ സമരം. സ്വന്തം പരിമിതികളും പരിചയക്കുറവും അജ്ഞതകളും മറച്ചുവയ്ക്കാന്‍ മറ്റുള്ളവര്‍ക്കെതിരെ പ്രതിഷേധിക്കുന്നതിനെക്കാള്‍ എളുപ്പമുള്ള മാര്‍ഗമില്ല. അഴിമതി തുടച്ചു നീക്കുക എന്ന ഉട്ടോപ്യന്‍ മുദ്രാവാക്യം മുന്നിലുള്ളിടത്തോളം കാലം കേജ്‌രിവാള്‍ കളി തുടരും.

ആം ആദ്മി- കേജ്‌രിവാള്‍ ഫാന്‍സിന് ഈ അഭിപ്രായങ്ങള്‍ തീരെ ഇഷ്ടമാവില്ല എന്നറിയാം. ഇത് എന്റെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളുമാണ്, വിധിയെഴുത്തല്ല. പിന്നെ, കേജ്‌രിവാളിന്റെ നയങ്ങളെ അനുകൂലിക്കാത്തവരെല്ലാം അഴിമതിയെ പ്രോല്‍സാഹിപ്പിക്കുന്നവരും ബിജെപി-കോണ്‍ഗ്രസ് ചാരന്‍മാരുമാണെന്ന് ആരോപിക്കുന്നത് അമേരിക്കയെ അനുകൂലിക്കാത്തവരെല്ലാം അല്‍ ക്വയ്ദ തീവ്രവാദികളാണെന്ന് പറയുന്നതു പോലെയാണ്. മനസ്സും ചിന്തകളും വിവേകവും ആര്‍ക്കും അടിയറ വയ്ക്കാതെ ചിന്തിക്കാന്‍ കഴിയുക എന്നത് ഏതു രാഷ്ട്രീയപ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നവര്‍ക്കും പരീക്ഷിക്കാവുന്ന ഒന്നാണ്. ജസ്റ്റ് ട്രൈ, ചിലപ്പോഴും വല്ലതും തെളിഞ്ഞാലോ !

ഗുണപാഠം- അഴിമതിയെ അരാജകത്വം കൊണ്ട് എതിര്‍ക്കുന്നത് കള്ളുകുടി നിര്‍ത്താന്‍ വേണ്ടി സിഗരറ്റ് വലി തുടങ്ങുന്നതുപോലെയാണ്.

പിണറായി ടച്ചിങ് കേരളാ ഫയര്‍ തിയറി

14 ജില്ലകളും ആയിരത്തോളം പഞ്ചായത്തുകളും മൂന്നരക്കോടിയോളം ജനങ്ങളുമുളള കേരളം ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ്. ആകെ വിസ്തീര്‍ണ്ണം 38,863 ചതുരശ്ര കിലോമീറ്റര്‍. കിഴക്ക് തമിഴ്‌നാട്, വടക്ക് കര്‍ണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ് അറബിക്കടലുമാണ് കേരളത്തിന്റെ അതിര്‍ത്തികള്‍. 44 നദികളാണ് കേരളത്തിലുള്ളത് അവയില്‍ 41 ഉം പടിഞ്ഞാറോട്ടൊഴുകുന്നു. മൂന്നെണ്ണം കിഴക്കോട്ടൊഴുകി കാവേരിയില്‍ ചേരുന്നു. ചുരുക്കിപ്പറഞ്ഞാല്‍, പിണറായി വിജയനെ ആരെങ്കിലും തൊട്ടാല്‍ കേരളം കത്തുമെന്ന വെളിപ്പെടുത്തലില്‍ കേരളം ഒന്നടങ്കം ആശങ്കപ്പെടേണ്ട കാര്യമില്ല. അഥവാ ആരെങ്കിലും പിണറായിയെ തൊടുകയും തുടര്‍ന്ന് കേരളം കത്തുകയും ചെയ്താല്‍പ്പോലും തീരദേശങ്ങളിലും പുഴയുടെ തീരങ്ങളിലുമൊക്കെയായി ജീവിക്കുന്നവര്‍ക്ക് ആശയ്ക്ക് വകയുണ്ട്. അണുവികിരണം പോലെയുള്ള സംഗതികള്‍ വേറെയുണ്ടാവുമോ എന്നത് സിറ്റിങ് ജഡ്ജിമാരാരെങ്കിലും അന്വേഷിച്ചാല്‍ നന്നായിരിക്കും.

പിണറായി വിജയനെ തൊട്ടാല്‍ കേരളം കത്തുമെന്ന അപൂര്‍വ ഫോര്‍മുല ഇന്നലെ ലോകത്തോട് വെളിപ്പെടുത്തിയത് പാര്‍ട്ടിയുടെ വൈജ്ഞാനികസ്രോതസ്സുകളിലൊന്നായ ആരാധ്യനായ ഇ.പി.ജയരാജന്‍ ആണ്. ബ്രെയിന്‍വേവ്- മൈക്രോവേവ്-ടെക്‌നോളജി അടിസ്ഥാനമാക്കി പ്രോട്ടോണ്‍-ന്യൂട്രോണ്‍-മൈക്രോണ്‍ ഘടങ്ങളെ പുനക്രമീകരിച്ചുകൊണ്ടു മാത്രമേ ഒരാളെ തൊടുമ്പോള്‍ ഏതാണ്ട് 38,863 ചതുരശ്ര കീലോമീറ്റര്‍ സ്ഥലം കത്തുന്ന സാങ്കേതികവിദ്യ വികസിപ്പെടുക്കാനാവൂ. ശാസ്ത്രലോകം ഇന്നെത്തി നില്‍ക്കുന്ന അവസ്ഥ അനുസരിച്ച് അത്തരത്തിലൊരു കത്തിക്കല്‍ ടെക്‌നോളജി വികസിപ്പിച്ചെടുക്കേണ്ട ആവശ്യകത വന്നിട്ടില്ല. അണുബോംബ് പോലെയുള്ള സംഗതികള്‍ നിലവിലുള്ളപ്പോള്‍ ഒരാളെ തൊടുമ്പോള്‍ മൊത്തത്തില്‍ കത്തുന്ന ടെക്‌നോളജിയ്ക്ക് അത്ര പ്രസക്തിയുമില്ല. ഇനി ചൈനയിലോ മറ്റോ അതീവരഹസ്യമായി ഇത്തരത്തിലൊരു സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ടോ എന്നത് അറിയില്ല.

വടകരയില്‍ ഒരു ചന്ദ്രശേഖരന്റെ സ്വാഭാവികമരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് തലയ്ക്ക് സുഖമില്ലാതായതാണ് പാര്‍ട്ടിക്കെതിരായ ആരോപണങ്ങള്‍ക്കു കാരണം എന്നാണ് ഇ.പി.ജയരാജന്റെ വാക്കുകളില്‍ നിന്നു മനസ്സിലാവുന്നത്. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് മാനസിക അസ്വസ്ഥതകളുള്ള ആ സ്ത്രീയെ കളങ്കിതനായ മുഖ്യമന്ത്രി രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്നതാണ് പ്രധാന കുറ്റം. ചന്ദ്രശേഖരന്റെ സ്വാഭാവികമരണവുമായി ബന്ധപ്പെട്ട കേസില്‍ (കള്ളക്കേസ്) പിണറായി വിജയനെ ആരെങ്കിലും തൊട്ടാല്‍ കേരളം കത്തും എന്നാണ് ഇ.പി.ജയരാജന്‍ പറഞ്ഞിരിക്കുന്നത്. രാഷ്ട്രീയം എനിക്ക് അറിയാത്തതുകൊണ്ടും ഞാനൊരു ശാസ്ത്രകുതുകി ആയതുകൊണ്ടും അതിന്റെ ശാസ്ത്രവശങ്ങള്‍ മാത്രമേ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്നുള്ളൂ.

മുകളില്‍ പറഞ്ഞതുപോലെ ആരെങ്കിലും പിണറായിയെ തൊട്ടാല്‍ തല്‍സമയം കേരളം ഒന്നാകെ കത്തിക്കുക എന്നത് ശാസ്ത്രീയമായി അപ്രായോഗികമാണ്. പിന്നെയുള്ളത് ആരെങ്കിലും പിണറായിയെ തൊട്ടുകഴിയുമ്പോള്‍ പാര്‍ട്ടി മേല്‍ഘടകത്തില്‍ നിന്നും കീഴ്ഘടകങ്ങളിലേക്ക് എസ്എംഎസ് അയക്കുകയും കീഴ്ഘടകങ്ങള്‍ സാധാരണ പ്രവര്‍ത്തകരിലേക്കും സുനിയേട്ടനെപ്പോലെയുള്ള ഗാന്ധിയന്‍ സഹയാത്രികരിലേക്കും ആ എസ്എംഎസ് പ്രചരിപ്പിക്കുകയും ഈ പ്രവര്‍ത്തകര്‍ പന്തവുമായി ഓടിനടന്ന് കേരളം ടോട്ടലി കത്തിക്കുകയും ചെയ്യാനുള്ള സാധ്യതയാണ്. അപ്പോഴും കേരളത്തെ പൂര്‍ണമായി കത്തിക്കുക എളുപ്പമല്ല. അതിനുമാത്രം പന്തം പെട്ടെന്നു സംഘടിപ്പിക്കാനുള്ള ബുദ്ധിമുട്ട് ഒന്ന്. മറ്റൊന്ന്, ഈ കത്തിക്കല്‍ യജ്ഞത്തിന് കേരളത്തിലെ എത്ര ജില്ലകളില്‍ ആളെ കിട്ടും എന്നതാണ്. അഥവാ ആളെ കിട്ടിയാലും എത്ര ദിവസം കത്തിച്ചാലാണ് ഈ മാരണം കത്തിത്തീരുക ? അപ്പോഴും ഇക്കണ്ട നീളത്തില്‍ കിടക്കുന്ന അറബിക്കടലും പിന്നെ കുലംകുത്തികളായ 44 നദികളും കേരളം പൂര്‍ണമായും കത്താനനുവദിക്കില്ല. വടകരയിലെ ചന്ദ്രശേഖരനെപ്പോലെ മിക്കവാറും നദികളും സ്വാഭാവികമരണം വരിച്ചു കഴിഞ്ഞെങ്കിലും മഴയുടെ വിപ്ലവകാലങ്ങളില്‍ വെള്ളം കുലംകുത്തിയൊഴുകി വരുമ്പോള്‍ കത്തിക്കാനിറങ്ങുന്നവന്‍ ഒലിച്ചുപോകും. വേനല്‍ക്കാലത്ത് വെയില്‍ മൂത്തു നില്‍ക്കുമ്പോള്‍ വേണം പിന്നെ കത്തിക്കാന്‍. പക്ഷെ, കൊടുംവേനലില്‍ തന്നെ ആരെങ്കിലും പിണറായി വിജയനെ തൊടുമോ എന്ന കാര്യത്തില്‍ ഒരുറപ്പുമില്ല. അങ്ങനെ മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ കേരളം മൊത്തത്തോടെ കത്തുമെന്ന പ്രഖ്യാപനം ശാസ്ത്രീയമായും പ്രായോഗികമായും തെറ്റാണ്.

എന്തിനെയും ശാസ്ത്രീയമായും യുക്തിഭദ്രമായും സമീപിക്കുക എന്നതാണ് സിപിഎമ്മിന്റെ ഒരു ശൈലി എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അന്ധവിശ്വാസങ്ങളെ പരമാവധി ചെറുക്കുകയും നിരുല്‍സാഹപ്പെടുത്തുകയും ചെയ്തിരുന്ന ഒരു പാര്‍ട്ടി, പിണറായിയെ തൊട്ടാല്‍ കേരളം കത്തുമെന്ന തികച്ചും അര്‍ഥശൂന്യവും ബാലിശവും യുക്തിരഹിതവുമായ ഒരു അന്ധവിശ്വാസത്തെ പ്രോല്‍സാഹിപ്പിക്കില്ല എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. പാര്‍ട്ടി ബുദ്ധികേന്ദ്രത്തിന്റെ ഭാഗമാണെങ്കിലും സഖാവ് ഇ.പി.ജയരാജന്‍ ഇത്തരത്തിലുള്ള ഒരു അന്ധവിശ്വാസം പ്രചരിപ്പിക്കുന്നത് നിരാശാജനകമാണ്. മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ കേരളത്തിലെ നാലു ജില്ലകള്‍ ഒലിച്ചുപോകുമെന്നതിനാല്‍ ഡാം മധ്യകേരളത്തിനാകെ ഭീഷണിയാണെന്നതു പോലെ പിണറായി വിജയനെ തൊട്ടാല്‍ കേരളം കത്തുമെന്നതിനാല്‍ അദ്ദേഹം കേരളത്തിനാകെ ഭീഷണിയാണെന്നും പറയാം. ഡാം പൊട്ടാതെ എല്ലാക്കാലവും നോക്കുന്നത് റിസ്‌കായതിനാല്‍ അത് പൊളിച്ചു നീക്കണമെന്നു പറയുന്നതുപോലെ പിണറായി വിജയനെ ആരും തൊടാതെ എല്ലാക്കാലവും നോക്കുന്നത് റിസ്‌കായതിനാല്‍ അദ്ദേഹത്തെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു നീക്കണമെന്ന് വിഎസ് പറയാതിരിക്കട്ടെ എന്നു പ്രത്യാശിക്കുന്നു.

നോട്ട്- ഒരു അലവലാതി പാര്‍ട്ടി തിരുവനന്തപുരത്ത് വന്നു കഞ്ഞിവയ്പ് സമരം നടത്തിയാല്‍ സിപിഎം തകരില്ല എന്നാണ് സഖാവ് ജയരാജന്‍ പറഞ്ഞത്. ഏതാനും മാസം മുമ്പ് ഇതേ പോലെ പ്രതികരിച്ച ഷീല ദീക്ഷിത് ഇന്നു വീട്ടിലിരിപ്പാണ്. അന്ന് അലവലാതി പാര്‍ട്ടിയായിരുന്ന എഎപി സമരം ചെയ്തപ്പോള്‍ സിപിഎമ്മിനെക്കാള്‍ പത്തിരട്ടി വലിപ്പമുള്ള കോണ്‍ഗ്രസ് ദില്ലിയില്‍ തകര്‍ന്നു പണ്ടാരമടങ്ങുകയും സോ കോള്‍ഡ് അലവലാതി പാര്‍ട്ടി ഇപ്പോള്‍ അവിടം ഭരിക്കുകയും ചെയ്യുന്നു എന്നത് ഓര്‍മിക്കുക. ലാല്‍സലാം.

അലവലാതി ആദ്മി

ആം ആദ്മി പാര്‍ട്ടി അംഗവും പെണ്ണെഴുത്തുകാരിയുമായ സാറാ ജോസഫ് ഹോട്ടലാണെന്നു കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറി കട്ടിങ്ങും ഷേവിങ്ങും ഓര്‍ഡര്‍ ചെയ്തിരിക്കുന്ന അവസ്ഥയിലാവും. സാറാ ജോസഫ് വലിയ എഴുത്തുകാരിയാണെങ്കിലും പാര്‍ട്ടിയുടെ നേതാവായ കുമാര്‍ വിശ്വാസിനെ സംബന്ധിച്ചിടത്തോളം അവര്‍ കറുത്തു മഞ്ഞച്ച കേരള്‍ കാ സിസ്റ്റര്‍ മാത്രമായിരിക്കും. ഓന്തിന്റെ ലുക്കുള്ള ഉത്തരേന്ത്യന്‍ നേതാവിന്‌ മലയാളി നഴ്‌സുമാരെ കണ്ടാല്‍ അറപ്പും വടക്കേ ഇന്ത്യന്‍ പെണ്ണുങ്ങളെ കണ്ടാല്‍ ബിപിയും പൈല്‍സും എല്ലാം കൂടുമെന്നുമാണ് കാവ്യര്തനം തന്നെ വ്യവക്ഷിച്ചിരിക്കുന്നത്. ആം ആദ്മിയുടെ കൊടിയും പിടിച്ചു വിരിഞ്ഞു നടക്കുന്ന സൗത്തിന്ത്യന്‍ ഫെമിനിസ്റ്റ് പരിപ്രേക്ഷ്യവാദികള്‍, അവരെ മുന്നില്‍ നിന്നു നയിക്കുന്ന ഞരമ്പ് ആദ്മിയുടെ വംശീയ-ലൈംഗിക-മനോരോഗ പരിപ്രേക്ഷ്യങ്ങള്‍ എങ്ങനെ സഹിക്കുമോ ആവോ ?

കുമാര്‍ വിശ്വാസ് സാറാ ജോസഫിനെപ്പോലെ അല്ലെങ്കില്‍ ആം ആദ്മി പാര്‍ട്ടിയിലെ ലക്ഷോപലക്ഷം എസ്എംഎസ്-മിസ്ഡ് കോള്‍ അംഗങ്ങളെപ്പോലെ വെറും ആം ആദ്മിയല്ല. പാര്‍ട്ടിയുടെ ഒന്‍പതംഗ നയരൂപീകരണ സമിതിയിലെ അംഗം കൂടിയാണ് വഷളന്‍. ഇവനൊക്കെയാണ് ടി പാര്‍ട്ടിയുടെ നയം ഉണ്ടാക്കുന്നതെങ്കില്‍ ആം അദ്മി ഫാന്‍സ് അസോസിയേഷന്‍കാര്‍ പാടുപെടും എന്നതില്‍ തെല്ലും സംശയമില്ല. സര്‍വ്വശ്രീ കുമാര്‍ വിശ്വാസ് 2008ല്‍ പറഞ്ഞ (പാടിയ) കാര്യമാണിതെന്നും അതിപ്പോള്‍ വിവാദമാക്കുന്നത് ശരിയല്ലെന്നും ഒരു വാദമുണ്ട്. 2008ല്‍ പരമനാറിയായിരുന്നവന്‍ 2014 ആകുമ്പോഴേക്കും വിശുദ്ധനാവണം എന്നു നിര്‍ബന്ധമൊന്നുമില്ല (കുമാര്‍ വിശ്വാസ് പരമനാറിയാണ് എന്നല്ല). മാത്രമല്ല, ഇത്തരം നിരീക്ഷണങ്ങളിലൂടെ പുറത്തു വരുന്നത് നേതാവദ്ദേഹത്തിന്റെ മനസ്സില്‍ സദാസ്വയംഭോഗം ചെയ്തുകൊണ്ടിരിക്കുന്ന ഉത്തരേന്ത്യന്‍ കുരങ്ങന്റെ യഥാര്‍ഥരൂപമാണ്.

കുമാരേട്ടന്റെ ഞരമ്പുകവിത ഏതാണ്ടിങ്ങനെയാണ്:-

ആണുങ്ങള്‍ രാജ്യത്ത് ഏറ്റവും അന്യംനിന്നു പോകുന്ന വര്‍ഗം
നേരത്തെ, ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ യാത്രചെയ്യുമ്പോള്‍ നല്ല ഉറക്കംകിട്ടുമായിരുന്നു
ഇപ്പോള്‍, കിങ്ഫിഷറിലാകുമ്പോള്‍, ആകെ പ്രതിസന്ധിയാണ് –
വസ്ത്രം എവിടെ തുടങ്ങുന്നു, എയര്‍ഹോസ്റ്റസ് എവിടെ അവസാനിക്കുന്നു
ഏറെ നേരം നോക്കിയാല്‍, അവള്‍ ചോദിക്കും എന്തെങ്കിലും വേണമോയെന്ന്.

നഴ്‌സുമാര്‍ കേരളത്തില്‍ നിന്നായതിനാല്‍ ആണുങ്ങള്‍ക്ക്് ആശുപത്രിയില്‍ വിശ്രമം കിട്ടുമായിരുന്നു
കറുത്തു മഞ്ഞച്ച നഴ്‌സുമാര്‍ കേരളത്തില്‍ നിന്നുള്ളവരായിരുന്നു
നിങ്ങളവരെ പെങ്ങളേന്നു (സിസ്റ്ററെന്നു) വിളിച്ചുപോകും
അവര്‍ നിങ്ങളുടെ പെങ്ങള്‍ മാത്രമായിരുന്നെങ്കിലെന്ന് സത്യത്തില്‍ ആശിച്ചുപോകും
ഒട്ടേറെ സ്ത്രീകള്‍ പ്രൊഫൈലില്‍ തങ്ങളുടെ ഫോട്ടോ ഇടാറില്ല
ഇപ്പോള്‍ നഴ്‌സുമാര്‍ പോലും ഉത്തരേന്ത്യക്കാരാണ്, അടിപൊളി….
അടുത്തിടെ, ഞാനൊരു സുഹൃത്തിന്റെ ആശുപത്രിയില്‍ കിടന്നു
നഴ്‌സ് രാവിലെ വരും, രണ്ടു വിരല്‍വച്ച് എന്റെ പള്‍സ് നോക്കും
എന്നിട്ടു പറയും: ഓ, ദൈവമേ! നിങ്ങളുടെ പള്‍സ് കുതിക്കുകയാണല്ലോ…

നഴ്‌സിങ് എന്നു വച്ചാല്‍ രോഗികള്‍ക്ക് ലൈംഗികോത്തേജനം ഉണ്ടാക്കുന്ന ജോലിയാണെന്നാണ് മഹാകവി മനസ്സിലാക്കി വച്ചിരിക്കുന്നതെന്നു തോന്നുന്നു. ആഗോളതലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ട ശ്രദ്ധേയമായ സേവനം കാഴ്ച വയ്ക്കുന്ന മലയാളി നഴ്‌സുമാരെ അവരുടെ അവയവഭംഗിയുടെയും നിറത്തിന്റെയും ആകര്‍ഷണത്തിന്റെയും അടിസ്ഥാനത്തില്‍ വിലയിരുത്തുന്നവന്‍ ഏതു ടൈപ്പാണെന്നു മനസ്സിലാക്കാന്‍ ഒരു പാര്‍ട്ടിയിലും അംഗമാകേണ്ട കാര്യമില്ല. ആം ആദ്മി പാര്‍ട്ടിയുടെ ചിഹ്നമായ ചൂല്‍ പാര്‍ട്ടി പേറ്റന്റ് എടുത്ത് ബ്രാന്‍ഡ് ചെയ്ത് കുത്തകയാക്കിയിട്ടില്ലെങ്കില്‍ കുമാര്‍ വിശ്വാസിന് കേരള സിസ്‌റ്റേഴ്ിന്റെ വക ഒരു ചൂല്‍ ചികില്‍സ നല്‍കുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു.

ഈ വിഷയത്തില്‍ ഏറ്റവും പരിതാപകരമായ സംഗതി ആം ആദ്മി കേരള ഘടകത്തിന്റെ ഖേദപ്രകടനമാണ്. രാജാവ് നഗ്നനാണ് എന്നു വിളിച്ചു പറയാനിറങ്ങിയവനു കോണകം പോലും സ്വന്തമായില്ലാത്ത അവസ്ഥ. അലവലാതിത്തരം പറഞ്ഞപ്പോള്‍ ആം ആദ്മി നേതാവായ കുമാര്‍ വിശ്വാസ് ആക്ഷേപഹാസ്യകാരനായി. പോരെങ്കില്‍ അന്ന് ആം ആദ്മി രൂപീകരിച്ചിട്ടില്ല പോലും. വഷളനായ നേതാവിനു വക്കാലത്തു പിടിക്കുന്നതിലൂടെ ആം ആദ്മി പാര്‍ട്ടി മുഖ്യധാരാ പാര്‍ട്ടികളെക്കാള്‍ പഴഞ്ചനും പിന്തിരിപ്പനുമായി തീരുകയാണ് ചെയ്യുന്നത്.

റീമിക്‌സ്: ഓരോ ജനതയ്ക്കും അവരര്‍ഹിക്കുന്ന ഭരണാധികാരിയെ ലഭിക്കും എന്നാണ് പഴഞ്ചൊല്ല്. പക്ഷേ, കുമാര്‍ വിശ്വാസ് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മല്‍സരിക്കും എന്നു കേട്ടപ്പോള്‍ ഇങ്ങനെയാണ് തോന്നിയത്- ഓരോ സ്ഥാനാര്‍ഥിക്കും അവരര്‍ഹിക്കുന്ന എതിര്‍സ്ഥാനാര്‍ഥിയെ തന്നെ ലഭിക്കും. രാഹുല്‍ ഗാന്ധിക്ക് അങ്ങനെ തന്നെ വേണം !

അഹം ആം ആദ്മി !

ആക്ഷന്‍, കോമഡി സിനിമകള്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന സമയത്ത് റിലീസ് ചെയ്ത ന്യൂജനറേഷന്‍ സിനിമ പോലെയാണ് ആം ആദ്മി പാര്‍ട്ടി. മുഖ്യധാരയെ തള്ളിപ്പറഞ്ഞുകൊണ്ട് സകലരും ന്യൂജനറേഷനായതുപോലെ ഇടതു-വലതു-കാവി രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞുകൊണ്ട് അല്‍പസ്വല്‍പം രാഷ്ട്രീയബോധമുള്ളവരൊക്കെ ആം ആദ്മി ലേബല്‍ എടുത്തണിഞ്ഞുകൊണ്ടിരിക്കുകയാണ്. ന്യൂ ജനറേഷന്‍ സിനിമയുടെ കാര്യത്തിലെന്ന പോലെ പുത്തന്‍ ശൈലിയുടെ കൗതുകം തീരുമ്പോള്‍ ആം ആദ്മി പാര്‍ട്ടിയും ഔട്ട്‌ഡേറ്റഡ് ആകുമോ എന്നതു കാത്തിരുന്നു കാണണം.

ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെക്കാള്‍ പാര്‍ട്ടിയില്‍ ചേരുന്ന സെലബ്രിറ്റികളുടെ ലിസ്റ്റെടുക്കുന്നതിലാണ് ഇപ്പോള്‍ എല്ലാവര്‍ക്കും താല്‍പര്യം. മല്ലികാ സാരാഭായും സാറാ ജോസഫും ഒ.വി.ഉഷയുമൊക്കെ ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നതുകൊണ്ട് പാര്‍ട്ടിയുടെ മാര്‍ക്കറ്റിങ് ആകര്‍ഷകമാകും എന്നല്ലാതെ സമൂഹത്തിനോ ജനങ്ങള്‍ക്കോ പ്രത്യേകിച്ച് ഒരു ഗുണവുമില്ല. ഞാനും ആം ആദ്മിയായി എന്നു പറഞ്ഞു നടക്കാമെല്ലാതെ ഇവരാരും സജീവരാഷ്ട്രീയത്തിലിറങ്ങി നാടിനെ സേവിക്കാന്‍ പോകുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

ആം ആദ്മി പാര്‍ട്ടിയില്‍ ചേരുക എന്നത് ആ പാര്‍ട്ടിയുടെ ആശയങ്ങളെയും ശൈലിയെയും പിന്തുണയ്ക്കുക എന്നതിനപ്പുറത്തേക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുക എന്നതുപോലെ കാലഘട്ടത്തിന്റെ പുതുശൈലിയെ സ്വീകരിച്ചു ഫാഷനബിള്‍ ആവുക എന്നതുപോലെയായിട്ടുണ്ട്. ആം ആദ്മി അഥവാ സാധാരണക്കാരന്‍ ആവണമെങ്കില്‍ ഒരു പ്രത്യേക പാര്‍ട്ടിയില്‍ ചേരണം എന്നു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ആ പാര്‍ട്ടിയെ ആം ആദ്മിയുടെ അഥവാ സാധാരണക്കാരന്റെ പാര്‍ട്ടി അല്ലാതാക്കുകയാണ് ചെയ്യുന്നത്. അരവിന്ദ് കേജ്‌രിവാളിനെ പിന്തുണയ്ക്കാന്‍ ആ പര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ ആം ആദ്മികള്‍ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്താല്‍ മാത്രം മതി, പാര്‍ട്ടിയില്‍ ചേരണമെന്നില്ല.

കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മില്‍ നിന്നും ബിജെപിയില്‍ നിന്നും മറ്റു പാര്‍ട്ടികളില്‍ നിന്നും ആളുകളെ ആം ആദ്മിയിലേക്കു മാടി വിളിക്കുന്നത് ന്യൂജനറേഷന് സിനിമയ്ക്കു തിരക്കഥയെഴുതാന്‍ ഉദയകൃഷ്ണ-സിബി കെ.തോമസിനെ വിളിക്കുന്നതുപോലെയാണ്. പെട്ടെന്ന് ആം ആദ്മിയായി പുനര്‍ജനിക്കുന്ന ഈയാളുകള്‍, ഇതുവരെ പ്രവര്‍ത്തിച്ചിരുന്ന പാര്‍ട്ടികളില്‍ ഇവര്‍ക്ക് ഒരു മാറ്റവും വരുത്താന്‍ സാധിച്ചിട്ടില്ലെങ്കില്‍ പൊതുപ്രവര്‍ത്തകനെന്ന നിലയിലോ ജനസേകനെന്ന നിലയിലോ തനതായ ഒരു വ്യക്തിത്വം സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ ആം ആദ്മിയില്‍ ചേരുന്നത് കൊണ്ട് പാര്‍ട്ടിക്കോ ചേരുന്നയാള്‍ക്കോ ഒരു പ്രയോജനവുമുണ്ടാവുകയില്ല.

ദില്ലിയില്‍ പോലും അരവിന്ദ് കേജ്‌രിവാള്‍ എന്നൊരു പേരല്ലാതെ മറ്റു മന്ത്രിമാരുടെ അദ്ഭുതപ്രവര്‍ത്തനങ്ങളൊന്നും ആരും റിപ്പോര്‍ട്ട് ചെയ്യുന്നില്ല. കേജ്‌രിവാളിന്റെയും ആം ആദ്മിയുടെയും ശൈലി പിന്തുടര്‍ന്നു പ്രവര്‍ത്തിക്കാന്‍ സാധാരണ രാഷ്ട്രീയനേതാക്കള്‍ക്കു സാധിക്കുകയില്ല എന്നതില്‍ സംശയമില്ല. രാഹുല്‍ ഗാന്ധിയുടെ ചിന്തകള്‍ക്ക് കേജ്‌രിവാളിന്റേതിനെക്കാള്‍ ഔന്നത്യമുണ്ട് എന്നു കഴിഞ്ഞ ദിവസം ആരോ പറഞ്ഞതായി വായിച്ചു. എന്റെ വീടിന്റെ അപ്പുറത്തെ രാഘവന്‍ ചേട്ടന്‍ മോഹന്‍ലാലിനെക്കാള്‍ നന്നായി അഭിനയിക്കും എന്നു പറയുന്നതുപോലെയേ ഉള്ളൂ അത്.

ദില്ലിയില്‍ ആം ആദ്മി നേടിയ വിജയം ഇന്ത്യയൊട്ടുക്കും ആവര്‍ത്തിക്കുമെന്നും കേജ്‌രിവാള്‍ പ്രധാനമന്ത്രിയാകുമെന്നുമൊക്കെ ആളുകള്‍ പറയുന്നത് ട്രിവാന്‍ഡ്രം ലോഡ്ജിന് ഓസ്‌കര്‍ ലഭിക്കുമെന്നു പറയുന്നതുപോലെയാണ്. എസ്എംഎസ് വഴിയും മിസ്ഡ് കോള്‍ വഴിയും അംഗത്വം നേടാന്‍ കഴിയുന്ന പാര്‍ട്ടി കോണ്‍ഗ്രസിനോ സിപിഎമ്മിനോ ബിജെപിക്കോ പകരം വയ്ക്കാവുന്ന ഒരു പാര്‍ട്ടിയാണെന്നു ഞാന്‍ കരുതുന്നില്ല. ഒരാള്‍ പത്തു വേരെ വീതം ചേര്‍ത്താല്‍ പുണ്യം കിട്ടുമെന്ന ലൈനില്‍ ഫേസ്ബുക്ക് പോസ്റ്റിടുന്ന അവരുടെ നേതാവ് രാഷ്ട്രീയത്തെയും പൊതുപ്രവര്‍ത്തനത്തെയും എത്ര സീരിയസ്സായി കണ്ടിട്ടുണ്ട് എന്നതും സംശയിക്കേണ്ടിയിരിക്കുന്നു.

ഇത്രയും പറഞ്ഞതില്‍ നിന്നും ആം ആദ്മി പാര്‍ട്ടി തല്ലിപ്പൊളിയാണെന്നും അതില്‍ ചേരുന്നവരെല്ലാം ഫ്രോഡുകളാണെന്നുമാണ് ഞാനുദ്ദേശിച്ചത് എന്നാരും തെറ്റിദ്ധരിക്കരുത് എന്നപേക്ഷിക്കുന്നു. ആം ആദ്മി എന്ന വാക്കിന്റെ അര്‍ഥം സാധാരണക്കാരന്‍ എന്നാണെങ്കില്‍ ആ പാര്‍ട്ടിക്കു വേണ്ടി വാദിക്കാനും യുദ്ധം ചെയ്യാനും ആം ആദ്മി എന്നു ബ്രാന്‍ഡ് ചെയ്തവരുടെ ആവശ്യമില്ല. ആം ആദ്മിയുടെ ബിസിനസ് മോഡല്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിന്റേതാണെങ്കില്‍ കോണ്‍ഗ്രസിന്റേതും ബിജെപിയുടേതും മള്‍ട്ടിനാഷനല്‍ ഷോപ്പിങ് മാളുകളുടേതാണ്. ചൂഷണത്തിന്റെ കാര്യത്തില്‍ മാളുകള്‍ കഴിഞ്ഞേ ആരും വരൂ എന്നതില്‍ തര്‍ക്കമില്ലെങ്കിലും അതിനു പകരം വയ്ക്കാന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് മതിയോ എന്നതു ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതാണ്.

സംഗ്രഹം: ആം ആദ്മി പാര്‍ട്ടി ഇന്ത്യന്‍ രാഷ്ട്രീയത്തിനു ലഭിച്ച അവസരോചിതമായ വാക്‌സിന്‍ ആണ്. ആ പാര്‍ട്ടി അധികകാലം ഇവിടെ കാണുകയില്ല. ആം ആദ്മിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് നിലവിലുള്ള പാര്‍ട്ടികള്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയാല്‍ അത് രാജ്യത്തിനും ജനങ്ങള്‍ക്കും നല്ലതാണ്. മറ്റു പാര്‍ട്ടികളൊന്നും വേണ്ട ആം ആദ്മി മാത്രം മതി എന്നു തീരുമാനിക്കുന്നത് ഇനിയങ്ങോട്ട് മൂന്നു നേരവും വാക്‌സിന്‍ മാത്രം മതി എന്നു തീരുമാനിക്കുന്നതു പോലെയായിരിക്കും.