പ്രെയ്‌സ് ദി ലോര്‍ഡ് !

അദ്ഭുതങ്ങളുടെ കാലം കഴിഞ്ഞു എന്നാണ് പലരും കരുതുന്നത്. കഴിഞ്ഞിട്ടില്ല. കര്‍ത്താവ് വെള്ളം വീഞ്ഞാക്കുകയും അഞ്ചപ്പം കൊണ്ട് അയ്യായിരം പേരുടെ വിശപ്പടക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്‌തെങ്കില്‍ കര്‍ത്താവിന്റെ മണവാട്ടി വിചാരിച്ചാല്‍ അസ്സാം തേയിക്കൊളുന്തുകളെ അസ്സല്‍ ഗാന്ധിനോട്ടുകളാക്കി മാറ്റാന്‍ സാധിക്കത്തില്ലയോ ? വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട് മാറി അങ്ങോട്ടു പോവുക എന്നു പറഞ്ഞാല്‍ അത് സംഭവിക്കും എന്നാണ് പ്രമാണം. പിന്നെയാണ് മലമുകളില്‍ വളരുന്ന തേയില.

എന്നാല്‍, ഈ അദ്ഭുതപ്രവര്‍ത്തനം നടത്തിയ കന്യാസ്ത്രീയെ കണ്ടെത്തി ആ വിശുദ്ധയെ ആദരിക്കുന്നതിനും നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിച്ച് അവരുടെ സന്യസ്തജീവിതത്തിലെ അപൂര്‍വമായ അദ്ഭുതപ്രവര്‍ത്തനങ്ങളെപ്പറ്റി ലോകമെങ്ങും അറിയിക്കുകയും ചെയ്യുന്നതിനു പകരം കന്യാസ്ത്രീ തേയിലയെന്ന പേരില്‍ കള്ളപ്പണം കൊടുത്തുവിട്ടെന്നും അതുകൊണ്ടുവന്ന ചെറുപ്പക്കാരെ പൊലീസ് തിരയുന്നെന്നുമൊക്കെയാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഈ പത്രങ്ങളും പൊലീസുമൊക്കെ പണ്ടുണ്ടായിരുന്നെങ്കില്‍ വെള്ളം വീഞ്ഞാക്കിയ കേസില്‍ കര്‍ത്താവിനെ അപ്പോഴേ കുരിശില്‍ തറച്ചേനെ.

വാര്‍ത്തകള്‍ പറയുന്നതനുസരിച്ച് ഈ ദിവ്യാദ്ഭുതത്തെ അവിശ്വാസികള്‍ നോക്കിക്കാണുന്നത് ഇങ്ങനെയാണ്: അസ്സാമിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന തൊടുപുഴക്കാരിയായ കന്യാസ്ത്രീ അവിടെ തന്നെ ജോലി ചെയ്യുന്ന മലയാളികളായ രണ്ടു മെയില്‍ നഴ്‌സുമാര്‍ നാട്ടിലേക്കു പോരുമ്പോള്‍ ഒരു കെട്ട് അസ്സാം തേയില കൊടുത്തയക്കുന്നു. തൊടുപുഴയിലുള്ള പൊന്നാങ്ങളയ്ക്ക് രാവിലെ തിളപ്പിച്ച വെള്ളത്തിലിട്ട് കുടിക്കുവാനായിട്ടാണ് ഈ പരിശുദ്ധ തേയില കൊടുത്തയക്കുവാനായിട്ട് കന്യാസ്ത്രീ തീരുമാനിച്ചത്. തേയിലപ്പൊടിയുമായി മെയില്‍ നേഴ്‌സുമാര്‍ ട്രെയിനില്‍ കയറി കേരളത്തിലേക്കു പുറപ്പെട്ടു. ഏറെ ദൂരം പിന്നിട്ടു. കുറെ നേരം കഴിഞ്ഞപ്പോള്‍ ആശുപത്രിയിലെ തന്നെ മറ്റൊരു കന്യാസ്ത്രീ മെയിലുകളെ വിളിച്ചു ഇപ്രകാരം അരുളിച്ചെയ്തു: മകനേ, മറ്റവള്‍ തന്നയച്ച പായ്ക്കറ്റില്‍ തേയിലയല്ല, പണമാണ്. മെയിലുകള്‍ ബാഗ് തുറന്നു തേയില പായ്്ക്കറ്റ് കയ്യിലെടുത്തു തുറന്നു നോക്കി. അതെ, സെക്കന്‍ഡ് കന്യാസ്ത്രീ പറഞ്ഞതാണ് സത്യം. പായ്ക്കറ്റില്‍ തേയിലയല്ല, പണമാണ്. അതും ഒന്നും രണ്ടുമല്ല, 16 ലക്ഷം രൂപ. മെയിലുകളെ സാത്താന്‍ പ്രലോഭിപ്പിച്ചു. തേയിലപ്പൊടി പണമായി മാറിയ അദ്ഭുതം ഏറ്റവും അടുത്തുള്ള ഇടവകപ്പള്ളിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതിനു പകരം അവര്‍ അത് പങ്കിട്ടെടുത്തു. തുടര്‍ന്ന് അപ്രത്യക്ഷരായി.

മെയിലുകള്‍ തേയിലയുമായി വരുന്നത് കാത്ത് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ കാത്തുനിന്ന കന്യാസ്ത്രീയുടെ സഹോദരന്‍ നിരാശനായി. സഹോദരന്‍ കര്‍ത്താവിനോടു പ്രാര്‍ഥിക്കേണ്ടതിനു പകരം കേരള പൊലീസിനെ സമീപിച്ചു. കേസ് കൊടുത്തു. രണ്ടു മെയിലുകളിലൊരുവനെ കസ്്റ്റഡിയിലെടുത്തു. അയാളുടെ പക്കല്‍ നിന്ന് അവന്റെ വീതമായ എട്ടു ലക്ഷം രൂപയും പൊലീസ് വീണ്ടെടുത്തു. മറ്റേ മെയിലിനോട് സ്‌റ്റേഷനില്‍ പണവുമായി എത്താന്‍ പറഞ്ഞിരിക്കുകയാണത്രേ. അതോടെ അദ്ഭുതപരതന്ത്രമായ 16 ലക്ഷം രൂപ വീണ്ടെടുക്കപ്പെടും. മെയിലുകളെ ഒന്നു വിരട്ടി പൊലീസ് പറഞ്ഞു വിടും. പൊലീസുകാരായ ബന്ധുവുള്ള കന്യാസ്ത്രീയുടെ പൊന്നാങ്ങള കാശുമായി വീട്ടില്‍ പോവുകയും ചെയ്യും.

നമ്മളെപ്പോലെയുള്ള സാധാരണക്കാരുടെ കയ്യില്‍ നിന്ന് 16 ലക്ഷം രൂപ പിടിച്ചാല്‍ കള്ളപ്പണം കയ്യില്‍ വച്ചതിന് നമ്മള്‍ അകത്തുപോകും. രാഷ്ട്രീയക്കാരാണെങ്കില്‍ വിവാദമാകും. ഇത് ദൈവികവേലയുടെ ഭാഗമായതിനാല്‍ അദ്ഭുതമായും ദിവ്യരഹസ്യമായുമൊക്കെ കാത്തുസൂക്ഷിക്കപ്പെടുമായിരിക്കും. സിസ്റ്റര്‍ അഭയയുടെ ആത്മഹത്യ സംബന്ധിച്ച ദിവ്യരഹസ്യം പോലും ഇതുവരെ പുറത്തുവന്നിട്ടില്ല, പിന്നെയാണ് കേവലം 16 ലക്ഷം രൂപ. അസ്സാമിലും മറ്റുമുള്ള പാവങ്ങളുടെ ഇടയില്‍ ആതുരശുശ്രൂഷ നടത്തുന്ന കന്യാസ്ത്രീയുടെ പക്കല്‍ 16 ലക്ഷം രൂപ വരണമെങ്കില്‍ അത് അദ്ഭുതം തന്നെയായിരിക്കണം. പോരെങ്കില്‍ വീടും കുടുംബവും ബന്ധങ്ങളും എല്ലാം കൈവിട്ട് സര്‍വസംഗപരിത്യാഗിയായാണ് സ്ത്രീകള്‍ കന്യാസ്ത്രീകളാവുന്നത്. ആഢംബരങ്ങളും അഭിനിവേശങ്ങളുമില്ലാതെ കര്‍ത്താവിന്റെ മണവാട്ടിമാരായി അവര്‍ ജീവിക്കുന്നത് ജീവിതകാലം മുഴുവന്‍ സേവനം ചെയ്യുന്നതിനു വേണ്ടിയാണ്.

തേയില തീര്‍ച്ചയായും ഒരു ആഢംബരവസ്തുവല്ല. സ്വന്തം സഹോദരന് അല്‍പം അസ്സാം തേയില കൊടുത്തയക്കുന്നതില്‍ ഒരു തെറ്റുമില്ല. 16 ലക്ഷം രൂപയുടെ അത്യാവശ്യമുള്ള സഹോദരന്റെ വേദനകള്‍ കണ്ടു മനസ്സിലാക്കി ദൈവം ആ തേയിലപ്പൊടിയെ സമയോചിതമായി ഇന്ത്യന്‍ കറന്‍സിയായി മാറ്റി എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. എന്നാല്‍, അസ്സാമില്‍ നിന്നു വിളിച്ചു പാര പണിത കന്യാസ്ത്രീ ആരായിരിക്കും ? ഒരു കന്യാസ്ത്രീക്ക് മറ്റൊരു കന്യാസ്ത്രീ ഇമ്മാതിരി പാരകള്‍ പണിതാല്‍ എങ്ങനെ കാര്യങ്ങള്‍ മുന്നോട്ടു പോകും ? മറ്റേ കന്യാസ്ത്രീ ഇനി ഇതുപോലെ തേയില അയക്കുമ്പോള്‍ ഈ കന്യാസ്ത്രീയും പാര പണിയത്തില്ലയോ ? തേയിലപ്പൊടിയാണെങ്കിലും കള്ളപ്പണമാണെങ്കിലും കല്യാണ്‍ ജൂവലറിക്കാര്‍ പറയുന്നതാണ് കാര്യം – വിശ്വാസം അതല്ലേ എല്ലാം !

പ്രെയ്‌സ് ദി ലോര്‍ഡ് !