ഫ്രാന്ദനോ അതോ ഫീകരനോ ?

ഭൂതംപ്രേതപിശാചുക്കളും അന്യഗ്രഹജീവികളുമൊക്കെ ഏതു രൂപത്തിലും വരും. നമ്മുടെ ചെറിയ ബുദ്ധികൊണ്ട് മനസ്സിലാക്കാന്‍ പറ്റാത്ത വിധം സങ്കീര്‍ണമായ രഹസ്യങ്ങള്‍ അനാവരണം ചെയ്തിട്ട് അവരങ്ങു പോവുകയും ചെയ്യും. രഹസ്യങ്ങള്‍ ഇവിടെ കിടക്കും, നമുക്കൊരു ചുക്കും മനസ്സിലാവുകയുമില്ല. പഴയതുപോലെ പറക്കും തളികയിലൊക്കെ വന്നിറങ്ങുന്നതും പച്ച ഹെഡ്‌ലൈറ്റിട്ടു നടക്കുന്നതുമൊക്കെ ക്ലീഷേയാണ്. പുതിയ കാലത്തിന്റെ മാധ്യമങ്ങളെ അവരും ഉപയോഗിച്ചാല്‍ കുറ്റം പറയാനൊക്കില്ല.

ദുരൂഹതകളുടെ ന്യൂ ജനറേഷന്‍ കലവറയുമായി അജ്ഞാതന്‍ അക്കൗണ്ട് തുറന്നിരിക്കുന്നത് യു ട്യൂബിലാണ്. എട്ടു മാസം മുന്‍പ് തുടങ്ങിയ യൂ ട്യൂബിലെ കൈവിട്ട കളി തുടരുകയാണ്. ഇന്റര്‍നെറ്റിനെ കിടുകിടാ വിറപ്പിച്ചുകൊണ്ടിരിക്കുന്ന വെബ് ഡ്രൈവര്‍ ടോര്‍സോ (ബസ് ഡ്രൈവര്‍ ജോസ് എന്നു വിളിച്ചാല്‍ പേടി കുറയും) എന്ന യൂസര്‍ ആണ് അന്യഗ്രഹജീവിയാണോ അതോ നാടന്‍ പ്രാന്തനാണോ എന്ന കാര്യത്തില്‍ കണ്‍ഫ്യൂഷന്‍ ബാക്കി നില്‍ക്കുന്നത്. 2013 സെപ്റ്റംബര്‍ 23നാണ് വെബ്‌ഡ്രൈവര്‍ ടോര്‍സോ യു ട്യൂബിലെ ആദ്യ വിഡിയോ അപ്‌ലോഡ് ചെയ്യുന്നത്. തുടര്‍ന്ന് 28 മിനിറ്റ് കഴിഞ്ഞപ്പോള്‍ അടുത്ത വിഡിയോ. വീണ്ടും അര മണിക്കൂറിനുള്ളില്‍ അടുത്ത വിഡിയോ. ഇങ്ങനെ ഓരോ അരമണിക്കൂറിലും ഓരോ 11 സെക്കന്‍ഡ് വിഡിയോ എന്ന കണക്കില്‍ ഏഴു മാസം കൊണ്ട് വെബ് ഡ്രൈവര്‍ ടോര്‍സോ യു ട്യൂബില്‍ അപ് ലോഡ് ചെയ്തിരിക്കുന്നത് 80,000 വിഡിയോകളാണ്. ഇപ്പോഴും പണി തുടരുന്നു.

സാംപിളിനൊരെണ്ണം താഴെ.

11 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ചുവപ്പ് നീല ചതുരങ്ങള്‍ മാത്രമേയുള്ളൂ. ഈ ചതുരങ്ങളുള്ള പത്തു സ്ലൈഡുകളേ ഒരു വിഡിയോയിലുണ്ടാവൂ. ചതുരങ്ങള്‍ മാറി വരുന്നതനുസരിച്ച് കംപ്യൂട്ടര്‍ ജനറേറ്റഡ് ടോണുകളും കേള്‍ക്കാം. ചതുരങ്ങളുടെ അര്‍ഥമോ അവ നല്‍കുന്ന സന്ദേശമോ ആര്‍ക്കും അറിയില്ല. എല്ലാ വിഡിയോകളിലും ചുവപ്പ് നീല ചതുരങ്ങളും അവയെ പ്രതിനിധാനം ചെയ്യുന്ന ശബ്ദങ്ങളും മാത്രം. ദുരുഹതയുടെ കേന്ദ്രമായി വെബ്‌ഡ്രൈവര്‍ ടോര്‍സോ മാറിയതോടെ ഓണ്‍ലൈന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും തിയറികള്‍ ആവിഷ്‌കരിച്ചു തുടങ്ങി.

ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ യൂ ട്യൂബ് ഡേറ്റ വിശകലനം ചെയ്ത് ഈ വിഡിയോകളെ അപഗ്രഥിച്ചു. ഒരു ദിവസം ഏകദേശം 400 വിഡോയകള്‍ വരെ ഈ അക്കൗണ്ടില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ക്രിസ്മസ് ദിവസമാകട്ടെ 2 മിനിറ്റ് ഇടവിട്ട് ഓരോ വിഡിയോകളും. ചാര ഏജന്‍സികളുടെ രഹസ്യ സന്ദേശമാണെന്നതു മുതല്‍ അന്യഗ്രഹജീവികളുടെ യു ട്യൂബ് അക്കൗണ്ട് ആണെന്നു വരെ തിയറികളുണ്ട്.

ഏതോ ഓട്ടമേറ്റഡ് സോഫ്റ്റ്‌വെയറിന്റെ പിരിവെട്ടിയതിനെ തുടര്‍ന്നുണ്ടായ ഏനക്കേടുകളാണ് അര മണിക്കൂര്‍ കൂടുമ്പോഴുള്ള വിഡിയോകള്‍ എന്നായിരുന്നു ഒടുവിലുള്ള വിലയിരുത്തല്‍. എന്നാല്‍, മാസങ്ങളോളം ഊണും ഉറക്കവുമില്ലാതെ കോപ്പ് ഉണ്ടാക്കി അപ്‌ലോഡ് ചെയ്തുകൊണ്ടിരുന്നവന്‍ പെട്ടെന്ന് അതു നിര്‍ത്തി. ഏപ്രില്‍ ആദ്യവാരത്തോടെ പണി നിര്‍ത്തിവച്ച വെബ്‌ഡ്രൈവര്‍ ടോര്‍സോ മൂന്നാഴ്ചത്തെ നിശബ്ദതയ്ക്കു ശേഷം മെയ് രണ്ടിനു വീണ്ടും അപ്‌ലോഡിങ് പുനരാരംഭിച്ചു.

വെബ്‌ഡ്രൈവര്‍ ടോര്‍സോ ഫ്രാന്‍സുകാരനാണെന്നാണ് ഇതുവരെയുള്ള നിഗമനം. ഫ്രാന്‍സില്‍ മാത്രം കാണാന്‍ സാധിക്കുന്ന തരത്തില്‍ ലോക്കേഷന്‍ അധിഷ്ഠമായി അപ്‌ലോഡ് ചെയ്തിരിക്കുന്ന അനിമേഷന്‍ വിഡിയോയും വര്‍ണവെളിച്ചത്തില്‍ മുങ്ങി നില്‍ക്കുന്ന ഈഫല്‍ ടവറിന്റെ മറ്റൊരു വിഡിയോയുമാണ് ഇതിനെ സാധൂകരിക്കുന്ന തെളിവ്. വീടിന്റെ അടുക്കളയിലോ മറ്റോ നിന്ന് പ്രാന്തന്‍ മൊബൈല്‍ ഫോണിലെടുത്തതാണെന്നു തോന്നും ആ വിഡിയോ. നീല ചുവപ്പ് ചതുരങ്ങളല്ലാതെ ഒരു വിഡിയോ കണ്ടതോടെ മഞ്ജു വാര്യര്‍ വീണ്ടും അഭിനയിച്ച സിനിമ കണ്ടതുപോലെയുള്ള സന്തോഷമായിരുന്നു ഡ്രൈവറുടെ ഫോളോവേഴ്‌സിന്. രണ്ടായിരത്തഞ്ഞൂറോളം കമന്റുകളുള്ള വെറും ആറു സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈഫല്‍ ടവര്‍ വിഡിയോ ഇതാണ്.

ആരായിരിക്കും ഇവന്‍ ? എന്തായിരിക്കും ഇവന്റെ ഉദ്ദേശം എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. ഇലൂമിനേഷലുള്ള ഈഫല്‍ ടവര്‍ കാണിച്ചത് ഡ്രൈവര്‍ പഴയകാല നിഗൂഢപ്രസ്ഥാനമായ ഇല്ലുമിനാറ്റിയുടെ (ഡാന്‍ ബ്രൗണിന്റെ ഏഞ്ചല്‍സ് ആന്‍ഡ് ഡെമണ്‍സ് വായിക്കുക) ആളായതുകൊണ്ടാണ് എന്നാണ് ഭൂരിഭാഗവും വിശ്വസിക്കുന്നത്. മറ്റൊരു ഗ്രഹത്തില്‍ നിന്ന് ഇവിടെ വന്ന് യു ട്യൂബില്‍ ഇമ്മാതിരി വിഡിയോകള്‍ പബ്ലിക്കായി ഇടാന്‍ മാത്രം തലയ്ക്ക് ഓളമുള്ള ഏലിയന്‍സ് ഉണ്ടാകുമെന്നു വിശ്വസിക്കാന്‍ പ്രയാസമാണ്. എന്‍ക്രിപ്റ്റഡ് കമ്യൂണിക്കേഷനൊക്കെ ഇത്രയും വികസിച്ച ഇക്കാലത്ത് ഇതൊക്കെ രഹസ്യസന്ദേശങ്ങളും കോഡുകളും ആണെന്നും വിശ്വസിക്കാന്‍ പ്രയാസം. നാടന്‍ ഭ്രാന്തനാണെന്നു വിചാരിച്ചാലും ഇത്ര ചിട്ടയോടെ, അച്ചടക്കത്തോടെ ഊണും ഉറക്കവും ഉപേക്ഷിച്ച് വിഡിയോകള്‍ അപ്‌ലോഡ് ചെയ്യാനുള്ള സാധ്യത വിരളമാണ്.

ഇനി അവശേഷിക്കുന്ന സാധ്യത ഒന്നേയുള്ളൂ- വെബ് ഡ്രൈവര്‍ ടോര്‍സേയെ ദൈവമായി പ്രഖ്യാപിക്കുക. ഈ വിഡിയോകള്‍ ഓരോന്നും അവന്റെ തിരുവചനങ്ങളായി വ്യാഖ്യാനിക്കുക. എല്ലാ ഡ്രൈവര്‍മാരും ഈ മതത്തില്‍ ചേരണമെന്നു പറഞ്ഞ് പ്രചാരണം നടത്തുകയും ചെയ്യാം. നീലയും ചുവപ്പും വിശുദ്ധ ചിഹ്നങ്ങളായി കരുതുകയും കീ-കൂ എന്നുള്ള ശബ്ദം ഭക്തിഗാനമായി രേഖപ്പെടുത്തുകയും ചെയ്യാം. ഈ പോക്കു പോവുകയാണെങ്കില്‍ അത് സംഭവിക്കുക തന്നെ ചെയ്യും. സൂക്ഷിച്ചു വീക്ഷിക്കുവിന്‍: Webdriver Torso

ഒബാമ സാംസങ് പരസ്യത്തില്‍

അമേരിക്കന്‍ പ്രസിഡന്റിനെ തികച്ചും സൗജന്യമായി തങ്ങളുടെ പരസ്യത്തില്‍ മോലാക്കാന്‍ കഴിഞ്ഞതില്‍ കൊറിയന്‍ കമ്പനിയായ സാംസങ്ങിന് പ്രാദേശികമായി അഭിമാനിക്കാം. സെല്‍ഫി എന്ന ആയുധം ഉപയോഗിച്ചാണ് സാംസങ് വഴിയേ പോകുന്നവരെയൊക്കെ തങ്ങളുടെ പരസ്യത്തിനായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. മാര്‍ഗം കൂതറയാണെങ്കിലും ലക്ഷ്യം പരസ്യമായതുകൊണ്ട് മാര്‍ക്കറ്റിങ് വിദ്യാര്‍ഥികള്‍ക്ക് ഇതൊരു നല്ല പാഠമാണ്.

യുഎസിലെ ബോസ്റ്റ്ന്‍ റെഡ് സോക്‌സ് ടീമിലെ ബേസ്‌ബോള്‍ താരം ഡേവിഡ് ഓര്‍ട്ടിസ് ആണ് ഒബാമയോടൊപ്പം സെല്‍ഫിയെടുത്ത് സാംസങ്ങിനു വേണ്ടി മാര്‍ക്കറ്റിങ് നടത്തിയിരിക്കുന്നത്. വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ഒബാമയോടൊപ്പം നിന്ന് ഓര്‍ട്ടിസ് സെല്‍ഫിയെടുത്തത് സാംസങ് നോട്ട് 3 ഫോണില്‍ നിന്നാണ്. സെല്‍ഫി ഹാഷ്ടാഗ ചെയ്ത് ഓര്‍ട്ടിസ് ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. നിഷ്‌കളങ്കമായ ആ ട്വീറ്റ് ഇതാണ്.

എന്നാല്‍, ആ നിഷ്‌കളങ്കത ആസൂത്രിതമാണെന്നു തെളിയിച്ചുകൊണ്ട് പടം റീട്വീറ്റ് ചെയ്തു മുതലാക്കിയത് സാംസങ് ആണ്. സാംസങ് മൊബൈല്‍ യുഎസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഓര്‍ട്ടിസിന്റെ ഒബാമ സെല്‍ഫി റീട്വീറ്റ് ചെയ്തത്. പിന്നാലെയുള്ള ട്വീറ്റുകളില്‍ ഫോട്ടോയെടുത്തത് സാംസങ് ഗ്യാലക്‌സി നോട്ട് 3 ഉപയോഗിച്ചാണെന്നു കമ്പനി തന്നെ വെളിപ്പെടുത്തിയതോടെ സെല്‍ഫി മാര്‍ക്കറ്റിങ് ഗൂഢാലോചന വിവാദമായിരിക്കുകയാണ്.

സാംസങ് സെല്‍ഫിയിലൂടെ ഒബാമയെ തോല്‍പിക്കുന്നത് ഇതാദ്യമല്ല. ഓസ്‌കര്‍ നിശയില്‍ അവതാരക എല്ലെന്‍ ഡിജെനറസിന്റെ കയ്യില്‍ ഫോണും കൊടുത്തുവിട്ട് തുരുതുരാ സെല്‍ഫികളെടുപ്പിച്ച് അതിലൊരെണ്ണം സൂപ്പര്‍ ഹിറ്റാക്കി ചരിത്രം തിരുത്തിക്കുറിച്ചപ്പോള്‍ തകര്‍ത്തതും ഒബാമയുടെ റെക്കോര്‍ഡായിരുന്നു. ടെക്‌നോളജി കമ്പനികളും സോഷ്യല്‍ മീഡിയയും കൂടി അമേരിക്കന് പ്രസിഡന്റിനെയും മറ്റും ചുമ്മാ പന്തുതട്ടി കളിക്കുന്നതു കാണുമ്പോള്‍ ഒരു രസം.

എല്ലെന്റെ ഓസ്‌കര്‍ സെല്‍ഫി ഒരു ട്വിറ്റര്‍ വൈറല്‍ വേണമെന്ന നിര്‍ബന്ധ ബുദ്ധിയോടെ സൃഷ്ടിച്ചതായിരുന്നു. സമാനമായ രീതിയില്‍ വൈറ്റ് ഹൗസിലേക്കു പോകും മുമ്പ് എങ്ങനെ ഒബാമയെ ഒരു സെല്‍ഫിയില്‍ കുരുക്കണം എന്നു സാംസങ് പ്രതിനിധികള്‍ ഓര്‍ട്ടിസിന് ക്ലാസ്സെടുത്തിരുന്നു. സെല്‍ഫിയോടനബന്ധിച്ച് സാംസങ്ങിന്റെ പ്രസ്താവനയില്‍ പറയുന്നത് ഇങ്ങനെയാണ്: “We were thrilled to see the special, historic moment David Ortiz captured with his Galaxy Note 3 during his White House visit. It was an honor to help him capture such an incredible and genuine moment of joy and excitement. It was an honor to help him capture such an incredible and genuine moment of joy and excitement.”

ഒബാമയെ വളരെ സമര്‍ത്ഥമായി പരസ്യത്തിനു വേണ്ടി ഉപയോഗിക്കുകയായിരുന്നു എന്നത് വ്യക്തമാണ്. ഓര്‍ട്ടിസേട്ടന്‍ പടത്തിന് സാംസങ്ങിന്റെ കയ്യില്‍ നിന്ന് എത്ര വാങ്ങി എന്നതാണ് ഇനി അറിയാനുള്ളത്. അമേരിക്കന്‍ പ്രസിഡന്റിനുള്ളതിനെക്കാള്‍ ആരാധകര്‍ ഇന്ത്യയില്‍ നരേന്ദ്ര മോദിക്കും രാഹുല്‍ ഗാന്ധിക്കുമൊക്കെയുണ്ട് എന്നു സാംസങ് മനസ്സിലാക്കണം. ഓര്‍ട്ടിസിനെക്കാള്‍ പേരും പെരുമയുമുള്ള ഭീകര സ്‌പോര്‍ട്‌സ് താരങ്ങളും ഇവിടെയുണ്ട്. ഇന്ത്യയായതുകൊണ്ട് നോട്ട് 3 ഒന്നും വേണമെന്നില്ല. ഒരു ഗ്യാലക്‌സി എസ് ഡ്യുവോസും കൊടുത്ത് വിട്ടാല്‍ മതി, തിരഞ്ഞെടുുപ്പു കാലമായതുകൊണ്ട് ക്ലോസപ്പുകള്‍ക്കു പഞ്ഞമുണ്ടാവില്ല.

ബിറ്റ് കോയ്ന്‍: എന്തൊക്കെയായിരുന്നു !!!

നാണയങ്ങള്‍ക്കിടിയിലെ ആം ആദ്മിയായിരുന്നു ബിറ്റ്‌കോയ്ന്‍. സര്‍ക്കാര്‍-ബാങ്കിങ് സ്ഥാപനങ്ങളുടെ ഇടപെടലുകളില്ലാതെ പൂര്‍ണമായ സ്വാതന്ത്ര്യവും സുതാര്യതയും സുരക്ഷിതത്വവും അവകാശപ്പെട്ടിരുന്ന ബിറ്റ്‌കോയ്ന്‍ ഒടുവില്‍ ന്യൂജനറേഷന്‍ സിനിമ പോലെ പ്രതിസന്ധിയിലാണ്. ഒരു പക്ഷെ, കരുത്തുനേടി ശക്തമായ ഒരു തിരിച്ചുവരവ് നടത്തിയേക്കാം. മറിച്ചാണെങ്കില്‍ സര്‍ക്കാര്‍-ബാങ്കിങ് സ്ഥാപനങ്ങളുടെ നിയന്ത്രണങ്ങളില്‍പ്പെട്ട് മെല്ലെ മെല്ലെ വിശ്വാസ്യത നഷ്ടപ്പെട്ട് അസ്തമിച്ചുപോയേക്കാം.

ആയിരം ഡോളര്‍ വരെ ഉയര്‍ന്ന ബിറ്റ്‌കോയ്ന്‍ ഇപ്പോള്‍ തളര്‍ച്ചയിലാണ്. എന്നാല്‍, യഥാര്‍ഥ പ്രശ്‌നം ബിറ്റ്‌കോയ്ന്‍ നെറ്റ്‌വര്‍ക്ക് എത്രത്തോളം സുരക്ഷിതമാണ് എന്നതാണ്. അതോടൊപ്പം തന്നെ ബിറ്റ്‌കോയ്ന്‍ ഒരു നാണയമെന്ന നിലയില്‍ അംഗീകരിക്കപ്പെടാനുള്ള സാധ്യത കുറഞ്ഞുവരുന്നതും സ്വതന്ത്ര്യ-വിര്‍ച്വല്‍ കറന്‍സിയുടെ ഭാവിയെക്കുറിച്ച് ആശങ്കകളുണര്‍ത്തുന്നുണ്ട്. ശുഭാപ്തിവിശ്വാസം പുലര്‍ത്തുകയും ഭരണകൂടഭീകരതയെ കുറ്റം പറയുകയും ചെയ്യുന്നതിനപ്പുറം സാധാരണക്കാര്‍ക്ക് വിശ്വസിക്കാവുന്ന തരത്തില്‍ ബിറ്റ്‌കോയ്‌നെ കരുത്തുറ്റതാക്കാന്‍ അതിന്റെ ഉപജ്ഞാതാക്കള്‍ക്കും സംരക്ഷകര്‍ക്കും കഴിയുന്നില്ലെങ്കില്‍ ഭാവി ശോഭനമാവില്ല എന്നു പറയേണ്ടി വരും.

വിവിധ സര്‍ക്കാരുകള്‍ ബിറ്റ്‌കോയ്‌നുമേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിവരുമ്പോഴാണ് പ്രധാന ബിറ്റ്‌കോയ്ന്‍ എക്‌സ്‌ചേഞ്ചായ ജപ്പാന്‍ ആസ്ഥാനമായ മൗണ്ട് ഗോക്‌സ് അടച്ചുപൂട്ടിയത്. ഹാക്കര്‍മാര്‍ മൗണ്ട് ഗോക്‌സ് നെറ്റ്‌വര്‍ക്കില്‍ കടന്നുകയറി ഒരു കോടിയോളം ഉപയോക്താക്കളുടെ 2400 കോടിയോളം രൂപ വിലവരുന്ന പതിനായിരക്കണക്കിനു ബിറ്റ്‌കോയ്‌നുകളാണ് മോഷ്ടിച്ചത്. ഇന്‍ഷുറന്‍സ് പരിരക്ഷയൊന്നുമില്ലാത്തതിനാല്‍ മൗണ്ട് ഗോക്‌സ് പാപ്പര്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തതോടെ കാശുപോയവര്‍ക്ക് കാശുപോയി എന്നത് അംഗീകരിക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ല. ഏറ്റവുമധികം വിനിമയം നടന്നിരുന്ന എക്‌സേഞ്ച് ആയിരുന്നു മൗണ്ട് ഗോക്‌സ്.

മൗണ്ട് ഗോക്‌സ് പൂട്ടിയതോടെ ജപ്പാന്‍ സര്‍ക്കാരിനും വ്യക്തമായ ചില നിലപാടുകള്‍ എടുക്കേണ്ടതായി വന്നു. ജപ്പാന്‍ മന്ത്രിസഭയുടെ പുതിയ നിലപാട് അനുസരിച്ച് ബിറ്റ്‌കോയ്ന്‍ ഒരു നാണയമല്ല. ബാങ്കുകള്‍ അവരുടെ ഒരു ഉല്‍പന്നമെന്ന നിലയില്‍ ഉപയോക്താക്കള്‍ക്ക് ബിറ്റ്‌കോയ്ന്‍ വില്‍ക്കാന്‍ പാടില്ലെന്നും ജപ്പാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. നാണയമല്ലാതായ ബിറ്റ്‌കോയ്ന്‍ ഇടപാടുകള്‍ക്ക് മറ്റേത് ഉല്‍പന്നങ്ങള്‍ക്കുമുള്ളതുപോലെ നികുതിയും ഈടാക്കാനാണ് തീരുമാനം. ഇത് ബിറ്റ്‌കോയ്‌ന് ഒരു നല്ല നാളെ വരുമെന്നുള്ള സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാണ്. റഷ്യയിലും ചൈനയിലും നേരത്തെ തന്നെ ബിറ്റ്‌കോയ്‌ന് നാണയം എന്ന പദവി നഷ്ടപ്പെട്ടിരുന്നു. യുകെയില്‍ ബിറ്റ്‌കോയ്‌ന് 20 ശതമാനം വാറ്റ് ഏര്‍പ്പെടുത്താനാണ് നീക്കം. നാണയമെന്ന നിലയ്ക്ക് പ്രവര്‍ത്തിക്കുന്ന യുഎസിലാകട്ടെ നിയന്ത്രണങ്ങള്‍ക്കു വേണ്ടി സെനറ്റര്‍മാര്‍ മുറവിളി കൂട്ടുന്നുമുണ്ട്.

മൗണ്ട് ഗോക്‌സിന് സംഭവിച്ചത് ഒറ്റപ്പെട്ട ദുരന്തമാണെന്നും അതൊരിക്കലും ബിറ്റ്‌കോയിന്റെ വിശ്വാസത്യതയെ ചോദ്യം ചെയ്യില്ലെന്നുമായിരുന്നു ബാക്കിയുള്ള ബിറ്റ്‌കോയ്ന്‍ എക്‌സ്‌ചേഞ്ചുകള്‍ സംയുക്തപ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍, കാനഡ ആസ്ഥാനമായുള്ള ഫ്‌ളെക്‌സ്‌കോയ്്ന്‍ എക്‌സ്‌ചേഞ്ചും പൂട്ടിയതോടെ വാഗ്ദാനങ്ങളും ഉറപ്പുകളും ജലരേഖകളായി. ഹാക്കിങ്ങിനെ തുടര്‍ന്ന് ലക്ഷക്കണക്കിനു രൂപയുടെ ബിറ്റ്‌കോയ്‌നുകള്‍ നഷ്്ടമായതിനെ തുടര്‍ന്നാണ് ഫ്‌ളെക്‌സ്‌കോയ്്‌നും പൂട്ടിയത്. ലോകത്ത് ആദ്യമായി ബിറ്റ്‌കോയ്ന്‍ എടിഎം മെഷീന്‍ സ്ഥാപിച്ചു ചരിത്രം സൃഷ്ടിച്ച രാജ്യമായിരുന്നു കാനഡ. മറ്റൊരു ബിറ്റ്‌കോയന്‍ എക്‌സ്‌ചേഞ്ച് സ്ഥാപകയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതും കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു.

ഈ സമയത്താണ് ഏറെ മഹത്വവല്‍ക്കരിച്ചിരുന്ന ബിറ്റ്‌കോയ്ന്‍ സ്ഥാപകന്‍ ഡോറിയന്‍ പ്രെന്റിസ് സതാഷോ നകാമോട്ടോ ഏതു ബിറ്റ്‌കോയ്ന്‍ എന്തു ബിറ്റ്‌കോയ്ന്‍ എന്നു ചോദിച്ചു പൊട്ടന്‍ കളിച്ചുകൊണ്ടിരിക്കുന്നത്. ബിറ്റ്‌കോയ്‌നെക്കുറിച്ച് തനിക്കൊന്നും അറിയില്ല എന്നതാണ് നകാമോട്ടോയുടെ നിലപാട്. ഒന്നുകില്‍ ആ നകാമോട്ടോ അല്ല ഈ നകാമോട്ടോ. അല്ലെങ്കില്‍ ഈ നകാമോട്ടോ ബിറ്റ്‌കോയ്‌നുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു കഴിഞ്ഞു. അതുമല്ലെങ്കില്‍ തന്റെ ബിറ്റ്‌കോയ്ന്‍ ബന്ധം മറച്ചുവയ്ക്കുന്നതിനു വേണ്ടി അദ്ദേഹം പൊട്ടന്‍കളിക്കുന്നു. എന്തായാലും മഹത്തായ ഒരു ജാപ്പനീസ് പിതൃത്വം അവരോധിച്ചിരുന്ന ബിറ്റ്‌കോയ്ന്‍ ഇപ്പോള്‍ ഒരു ബാസ്റ്റാഡ് നാണയമായി മാറിയിരിക്കുകയാണ്.

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നതാണ് ബിറ്റ്‌കോയ്ന്‍ ഇടപാടുകളെ സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നമ്മളോടു പറഞ്ഞിരിക്കുന്നത്. ബാംഗ്ലൂര്‍ ആസ്ഥാനമായി ബിറ്റ്‌കോയ്ന്‍ ഇടപാടുകള്‍ വളരെ സജീവമായി ഇപ്പോഴും മുന്നോട്ടു പോകുന്നുണ്ട്. രാജ്യാന്തരതലത്തില്‍ ബിറ്റ്‌കോയ്ന്‍ പ്രതിസന്ധി നേരിടുമ്പോള്‍ ലഹരിമരുന്ന്-മനുഷ്യക്കടത്ത് മാഫിയകളുടെ പ്രിയപ്പെട്ട നാണയമായി മാറിക്കൊണ്ടിരിക്കുന്ന ബിറ്റ്‌കോയ്‌നുമേല്‍ സര്‍ക്കാര്‍ ഔദ്യോഗികമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സാധ്യത വര്‍ധിച്ചുവരികയാണ്. ഇതു ന്യൂജനറേഷന്‍ സാധനമാണെന്നു കരുതി ചാടി വീഴുന്നതിനു മുന്‍പ് രണ്ടോ മൂന്നോ വട്ടം ആലോചിക്കുന്നതില്‍ തെറ്റില്ല എന്നു ചുരുക്കം.

ബിറ്റ്‌കോയ്‌നെപ്പറ്റി കാര്യമായി അറിയാത്തവര്‍ക്ക് അതിനെപ്പറ്റി വ്യക്തമായി മനസ്സിലാക്കാന്‍, ബിറ്റ്‌കോയ്‌ന്റെ പ്രവര്‍ത്തനം മനസ്സിലാക്കാന്‍ ഈ വിഡിയോ സഹായകമാകും എന്നു കരുതുന്നു.

രഹസ്യമായി ബ്രൗസ് ചെയ്യാം

ഇന്റര്‍നെറ്റ് എന്നാല്‍ സ്വാതന്ത്ര്യമാണ് എന്നാണ് സങ്കല്‍പം. എന്നാല്‍, നിങ്ങള്‍ ബ്രൗസര്‍ തുറക്കുന്നതു മുതല്‍ അടയ്ക്കുന്നതു വരെയുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും മിടുക്കന്‍മാര്‍ ചോര്‍ത്തിയെടുക്കുകയും വിശകലനം ചെയ്യുകയും ആവശ്യമുള്ളവ സമാഹരിക്കുകയും അത് ആവശ്യമുള്ള സമയത്ത് ഉപയോഗിക്കുകയും ചെയ്യുന്നു എന്ന തിരിച്ചറിവ് സ്വാതന്ത്ര്യം, സ്വകാര്യത തുടങ്ങിയ വാക്കുകള്‍ക്ക് വെല്ലുവിളിയാണ്. ഔദ്യോഗികമായും അനൗദ്യോഗികമായും ഒരാളുടെ ഇന്റര്‍നെറ്റിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഒന്നിലേറെ വല്യേട്ടന്‍മാര്‍ സദാസമയവും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നത് അനിഷേധ്യമായ സത്യമാണ്. സാധാരണ ഗൂഗിള്‍ സേര്‍ച്ച് മുതല്‍ വളരെ സ്വകാര്യമെന്നു പലരും വിശ്വസിക്കുന്ന ഇമെയിലുകള്‍ വരെ നിരീക്ഷകരുടെ കൈകളിലൂടെയാണ് കടന്നുപോകുന്നതെന്നിരിക്കെ ഇന്റര്‍നെറ്റില്‍ സ്വകാര്യതയ്ക്ക് പുല്ലുവില പോലുമില്ല എന്നത് നിശബ്ദമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു.

നാഷനല്‍ സെക്യൂരിറ്റി ഏജന്‍സി യുഎസില്‍ പൗരന്‍മാരുടെ ഇമെയിലുകള്‍ ഉള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുവെന്ന എഡ്വേര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തലോടെ യുഎസിലും ലോകമെങ്ങും ഇന്റര്‍നെറ്റിലെ യഥാര്‍ഥ സ്വകാര്യതയ്ക്കു വേണ്ടിയുള്ള ആവശ്യം വര്‍ധിച്ചു. ഗൂഗിളും യാഹൂവും ഫേസ്ബുക്കും ഉള്‍പ്പെടെയുള്ളവരില്‍ നിന്നു പോലും എന്‍എസ്എയ്ക്ക് വിവരങ്ങള്‍ ലഭിച്ചു എന്ന വെളിപ്പെടുത്തല്‍ ഗുണകരമായത് മറ്റൊരു സേര്‍ച്ച് എന്‍ജിനാണ്. 100 ശതമാനം സ്വകാര്യത ഉറപ്പാക്കുന്ന ലോകത്തെ ഒരേയൊരു വെബ് ബ്രൗസര്‍ എന്നു പേരുകേട്ട ഡക്ക്ഡക്ക്‌ഗോ ആണ് ഇരുട്ടിവെളുത്തപ്പോഴേക്കും ജനങ്ങളുടെ പ്രിയപ്പെട്ട ബ്രൗസര്‍ ആയിത്തീര്‍ന്നത്. എന്‍എസ്എ ചോര്‍ത്തലിന്റെ വാര്‍ത്തകള്‍ പുറത്തു വന്നതോടെയാണ് തീരെ അപ്രശസ്തമായിരുന്ന ഡക്ക്ഡക്ക്‌ഗോ ശ്രദ്ധേയമായതും ആളുകള്‍ ഇരച്ചുകയറിയതും. ദിവസേന ഏകദേശം പതിനഞ്ചു ലക്ഷം പേര്‍ ഉപയോഗിച്ചിരുന്ന ഡക്ക്ഡക്ക്‌ഗോയില്‍ സന്ദര്‍ശകര്‍ ഇരട്ടിയായി.

ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന ഗൂഗിള്‍, യാഹൂ തുടങ്ങിയ വെബ് ബ്രൗസറുകളില്‍ നിന്നു വ്യത്യസ്തമായി ഉപയോക്താക്കള്‍ക്ക് ഡക്ക്ഡക്ക്‌ഗോ പൂര്‍ണസ്വകാര്യതയാണ് നല്‍കുന്നത്. ഗൂഗിള്‍ ഉള്‍പ്പെടെയുള്ള സേര്‍ച്ച് എന്‍ജിനുകളുടേതില്‍ നിന്നും വ്യത്യസ്തമായ അല്‍ഗോരിതം ആണ് ഡക്ക്ഡക്ക്‌ഗോ ഉപയോഗിക്കുന്നത്. ഗൂഗിളിലും മറ്റും ഒരു വാക്ക് സേര്‍ച്ച് ചെയ്യുമ്പോള്‍ സേര്‍ച്ച് ചെയ്ത വാക്കും ഐപി അഡ്രസും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സേര്‍ച്ച് എന്‍ജിന്‍ കമ്പനിക്കും ക്ലിക്ക് ചെയ്യുന്ന വെബ്‌സൈറ്റ് ലിങ്കുകള്‍ ഏതൊക്കെയാണെന്ന് അതാത് വെബ്‌സൈറ്റുകള്‍ക്കും വിവരം ലഭിക്കുന്നുണ്ട്. ഡക്ക്ഡക്ക്‌ഗോ ഈ വിവരസമാഹരണം നടത്തുന്നില്ല എന്നതിനാല്‍ സേര്‍ച്ചുകള്‍ സ്വകാര്യവും സുരക്ഷിതവുമാണ് എന്ന് സ്ഥാപകനായ ഗബ്രിയേല്‍ വെയ്ന്‍ബര്‍ഗ് പറയുന്നു.

ഗൂഗിള്‍ പോലെ സമൃദ്ധമായ സേര്‍ച്ച് ഫലങ്ങള്‍ ഡക്ക്ഡക്ക്‌ഗോയില്‍ ലഭിച്ചെന്നു വരില്ല (ഗൂഗിള്‍ സേര്‍ച്ച് റിസള്‍ട്ട് പേജില്‍ 13 ശതമാനം മാത്രമേ യഥാര്‍ഥ സേര്‍ച്ച് ഫലങ്ങളുള്ളൂ എന്നും മറ്റുള്ള റിസള്‍ട്ടുകള്‍ ഗൂഗിള്‍ ആഡ്‌സെന്‍സ് ആഡ്‌വേഡ്‌സ് തുടങ്ങിയവയില്‍ നിന്നുള്ളവയാണെന്നുമാണ് കണ്ടെത്തല്‍). ഉപയോക്താക്കളെ ട്രാക്ക് ചെയ്യാത്ത സുരക്ഷിതവും സ്വകാര്യതയുള്ളതുമായ 50 സോഴ്‌സുകളില്‍ നിന്നുള്ള ഫലങ്ങളാണ് ഡക്ക്ഡക്ക്‌ഗോയില്‍ ലഭിക്കുന്നത്. ഇതിനു പുറമേ മറ്റൊരു സേര്‍ച്ച് എന്‍ജിനിലുമില്ലാത്ത വ്യക്തിഗത സൗകര്യങ്ങളും ഇതില്‍ ലഭ്യമാണ്. www.duckduckgo.com

ഒളിംപിക്‌സ് ഓണ്‍ലൈന്‍

ഒളിംപിക്‌സിന്റെ വ്യക്തിത്വം ഉടച്ചുവാര്‍ത്തുകൊണ്ട് ഒളിംപിക് കമ്മിറ്റിയും വിവിധ സ്‌പോര്‍ട്‌സ് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കായി ഇന്റര്‍നെറ്റില്‍ വലിയ വിരുന്നാണ് ഒരുക്കിയിരിക്കുന്നത്. മികച്ച 10 ഓണ്‍ലൈന്‍ ഒളിംപിക്‌സ് വെബ്‌സൈറ്റുകളും സേവനങ്ങളും പരിചയപ്പെടുത്തുകയാണ് ഇവിടെ.

1. ഒളിംപിക് യൂ ട്യൂബ് ചാനല്‍

ഒളിപിക് ന്യൂസ് ചാനലിന്റെ തല്‍സമയ സ്ട്രീമിങ് ഇവിടെ ലഭ്യമാണ്. ഓണ്‍ ഡിമാന്‍ഡ് വിഡിയോകളും പ്രേക്ഷകരുടെ ഇഷ്ടപ്രകാരം പരിശോധിക്കാം.[Link]

2. ഒളിംപിക്‌സ് ഇന്ത്യ പേജ്

ഒളിംപിക്‌സ് ഔദ്യോഗിക വെബ്‌സൈറ്റിലെ ഇന്ത്യ പേജില്‍ രാജ്യത്തിന്റെ മെഡല്‍ നിലയും പങ്കെടുക്കുന്ന 83 കായികതാരങ്ങളുടെയും വിവരങ്ങളും ലഭ്യമാണ്. ഓരോ ദിവസവും മല്‍സരിക്കുന്ന താരങ്ങളുടെ വിവരങ്ങളും മല്‍സര ഇനവും സമയവും ലഭ്യമാണ്. ഇന്ത്യയുടെ ഒളിംപിക് പാരമ്പര്യത്തെപ്പറ്റിയുള്ള കുറിപ്പുമുണ്ട്.[Link]

3. ദി ഒളിംപിക് അത്‌ലറ്റ്‌സ് ഹബ്

രാജ്യാന്തര ഒളിംപിക് കമ്മിറ്റി ഒളിംപിക്‌സിനോടനുബന്ധിച്ച് അത്‌ലിറ്റുകള്‍ക്കായി ആരംഭിച്ച സോഷ്യല്‍ നെറ്റ്‌വര്‍ക്കാണിത്. വിവിധ കായികതാരങ്ങളു
ടെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്നുള്ള അപ്‌ഡേറ്റുകള്‍ തല്‍സമയം ഈ സോഷ്യല്‍ പോര്‍ട്ടലില്‍ ലഭിക്കും. താരങ്ങളുടെ സോഷ്യല്‍നെറ്റ്‌വര്‍ക്ക് ഏതായാലും അത്‌ലറ്റ്‌സ് ഹബില്‍ എല്ലാവരെയും പിന്‍തുടരാം. രണ്ടുകോടിയോളം ആരാധകരുമായി യുഎസ് ബാസ്‌കറ്റ്‌ബോള്‍ താരം ലിബ്രോണ്‍ ജെയിംസ് ആണ് മുന്നില്.[Link]

4. ഗൂഗിള്‍ ഒളിംപിക്‌സ് പേജ്

ഒളിംപിക്‌സ്് മാമാങ്കത്തിന്റെ മികവുറ്റ ഓണ്‍ലൈന്‍ അനുഭവം ഉറപ്പാക്കുന്നതാണ് ഗൂഗിളിന്റെ ഒളിംപിക്‌സ് പേജ്. തല്‍സമയം അപ്‌ഡേറ്റ് ചെയ്യുന്ന മെഡല്‍നിലയും വിഡിയോ സ്ട്രീമിങ്ങും മുതല്‍ ഗൂഗിള്‍ പ്ലസ് ഉപയോക്താക്കള്‍ക്കായി പ്രത്യേക കവര്‍ ഫോട്ടോകളും അവതരിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം ഓരോ ദിവസം ഓരോ ഡൂഡിലുകള്‍ അവതരിപ്പിച്ച് ഒളിംപിക്‌സ് ആഘോഷത്തില്‍ പങ്കുചേരുകയാണ് ഗൂഗിളും. ഡൂഡിലില്‍ ക്ലിക്ക് ചെയ്താല്‍ ഒളിംപിക്‌സ് സേര്‍ച്ച് പേജിലെത്താം. [Link]

5. ഫേസ്ബുക്ക് ഒളിംപിക്‌സ് ഹബ്

ഫേസ്ബുക്കിലെ ഒളിംപ്യന്‍മാരെയും ടീമുകളെയും മല്‍സര ഇനങ്ങളെയും സ്‌പോണ്‍സര്‍മാരെയുമെല്ലാം ഒറ്റ പേജില്‍ സംഗ്രഹിച്ചിരിക്കുകയാണ് ഒളിംപിക് ഹബിലൂടെ. ഒളിംപിക് ഹബിലെ ലിസ്റ്റില്‍ നിന്ന് അതാത് പേജുകളിലെത്തി അപ്‌ഡേറ്റുകള്‍ പരിശോധിക്കുകയോ പിന്‍തുടരുകയോ ചെയ്യാം.[Link]

6. ട്വിറ്റര്‍ ഒളിംപിക്‌സ് ലിസ്റ്റ്

ലണ്ടന്‍2012, ഒളിംപിക്‌സ് തുടങ്ങിയ സജീവ ഹാഷ് ടാഗുകള്‍ക്കു പുറമേ ട്വിറ്റര്‍ വെരിഫൈഡ് ഒളിംപിക് പേജും അവതരിപ്പിച്ചിട്ടുണ്ട്. ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് അപ്‌ഡേറ്റുകള്‍ക്കായി പിന്‍തുടരാം.[Link]

7. എന്‍ബിസി ഒളിംപിക്‌സ് ചാനല്‍

ഒളിംപിക്‌സിന്റെ സമഗ്ര കവറേജും മുന്‍വര്‍ഷങ്ങളില്‍ നിന്നുള്ള വിഡിയോകളും ചരിത്രവുമെല്ലാം അവതരിപ്പിക്കുന്ന എന്‍ബിസി ഒളിംപിക്‌സ് ചാനല്‍ 5535 മണിക്കൂര്‍ തുടര്‍ച്ചയായ ഒളിംപിക്‌സ് സംപ്രേഷണം ആരംഭിച്ചു കഴിഞ്ഞു. [Link]

8. യാഹൂ സ്‌പോര്‍ട്‌സ് ഒളിംപിക് പേജ്

വാര്‍ത്തകളും ചിത്രങ്ങളും വിഡിയോകളും ഗോസിപ്പുകളും പുറമേ വിവിധരാജ്യങ്ങളുടെ ഒളിംപിക്‌സ് നേട്ടങ്ങളുമായി യാഹൂവിന്റെ ഒളിംപിക് പേജ്. [Link]

9. ഇഎസ്പിഎന്‍ ലണ്ടന്‍ 2012

കായികവിനോദവിന്യാസത്തിലെ പ്രൊഫഷനല്‍ മികവും കയ്യടക്കമുള്ള തനതു ശൈലിയുമായി ഇഎസ്പിഎന്‍ ഒളിംപിക്‌സ് പേജ്.[Link]

10. മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍/ഗെയിം

മെഡല്‍നിലയും വാര്‍ത്തകളും വിശേഷങ്ങളും തല്‍സമയ അപ്‌ഡേറ്റ് ചെയ്യുന്ന ഔദ്യോഗിക മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനുകള്‍ ഒളിംപിക് വെബ്‌സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം. എല്ലാ പ്രവര്‍ത്തനസവിധാനങ്ങല്‍ക്കുമുള്ള ആപ്ലിക്കേഷനുകള്‍ക്കു പുറമേ ഒളിംപിക്‌സ് ഒഫിഷ്യല്‍ മൊബൈല്‍ ഗെയിമും ലഭ്യമാണ്. [Link]

തല്‍സമയം ഒരു ചുടുചുംബനം

ഓഡിയോ വിഡിയോ ചാറ്റുകള്‍ക്കിടയില്‍ ‘ummmma’ എന്നു ടൈപ്പ് ചെയ്തു നിര്‍വൃതിയടഞ്ഞിരുന്ന കാലം കഴിയുകയാണ്. ഉമ്മ വച്ചു കളിക്കണമെന്നുള്ളവര്‍ക്ക് അത് സാധ്യമാക്കുന്നതിനുള്ള പ്രത്യേക ചുംബനയന്ത്രം അവതരിപ്പിച്ചിരിക്കുകയാണ് ലവോട്ടിക്സ്. മെസെഞ്ചര്‍ എന്ന വാക്കിനോട് സാദൃശ്യമുള്ള കിസ്സിഞ്ചര്‍ ആണ് സാധനം. പേരു സൂചിപ്പിക്കുന്നതുപോലെ ചുംബനം ചൂടോടെ കൈമാറുക എന്നതാണ് റോബോട്ടിന്റെ ജീവിതലക്ഷ്യം. ലവ് + റോബോട്ടിക്സ് = ലവോട്ടിക്‌സ് എന്നാണത്രേ ശാസ്ത്രം. റോബോട്ടിക്‌സിനെ മനുഷ്യന്റെ പ്രായോഗികാവശ്യങ്ങള്‍ക്കായി പരുവപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കമ്പനിയാണ് ലവോട്ടിക്‌സ്. കിസ്സിഞ്ചര്‍ പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ചുംബനത്തിന്റെ മെസെഞ്ചര്‍ ആണ്. സാധാരണ മെസഞ്ചര്‍ ആപ്ലിക്കേഷന്‍ വെബ്ക്യാം മൈക് എന്നിവയുടെ സഹായത്തോടെ ഓഡിയോ വിഡിയോ ചാറ്റ് സാധ്യമാക്കുമ്പോള്‍ അതോടൊപ്പം കിസ്സിഞ്ചര്‍ കൂടി സ്ഥാപിച്ചാല്‍ ചുംബനങ്ങളും (ടെലി-കിസ്സ്) കൈമാറാം.

ചെറിയ പണക്കുടുക്കയോടു സാദൃശ്യമുള്ള കിസ്സിഞ്ചറിന്റെ പ്രധാന അവയവം റോബോട്ടിക് കഴിവുകളും മികവുറ്റ സെന്‍സറുകളുമുള്ള അധരങ്ങളാണ്. കിസ്സിഞ്ചര്‍ സ്വന്തമായുള്ള ഇ-മിഥുനങ്ങള്‍ക്ക് കിസ്സിഞ്ചര്‍ കയ്യിലെടുത്ത് റോബോട്ടിന്റെ ചുണ്ടില്‍ ചുംബിക്കാം. പങ്കാളിയുടെ ചുംബനത്തിന്റെ മര്‍ദ്ദവും ആവേശവും സംഗതികളുമെല്ലാം കിസ്സിഞ്ചറിന്റെ അധരങ്ങളിലെ സെന്‍സറുകള്‍ ഒപ്പിയെടുത്ത് തല്‍സമയം മറ്റെയാളുടെ കയ്യിലുള്ള കിസ്സിഞ്ചറിന്റെ അധരത്തില്‍ പ്രതിഫലിപ്പിക്കും. കയ്യിലിരിക്കുന്നത് കിസ്സിഞ്ചറാണെങ്കിലും ചുണ്ടിലുദിക്കുന്നത് പങ്കാളിയുടെ ചുംബനമായിരിക്കുമെന്നു ചുരുക്കം. കിസ്സിഞ്ചറിന്റെ പ്രവര്‍ത്തനം ഇവിടെ കാണാം.

ആരെയും ചുംബാന്‍സി ആക്കുന്ന സാധനം വാണിജ്യാടിസ്ഥാനത്തില്‍ എപ്പോള്‍ ലഭ്യമാകുമെന്നു പറയാറായിട്ടില്ല. സ്‌നേഹപൂര്‍വം സമ്മാനിക്കേണ്ട ചുംബനം ഇത്തരത്തില്‍ റോബോട്ടിലൂടെ കൈമാറുന്നതിന്റെ ധാര്‍മിക-സദാചാര മൂല്യങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങാനിരിക്കുന്നതേയുള്ളൂ. എന്തായാലും കിസ്സിഞ്ചറിന്റെ സാധ്യതകള്‍ സ്വതവേ ചുംബനപ്രിയനല്ലാത്ത എന്നെപ്പോലും ആവേശഭരിതനാക്കിയിട്ടുണ്ട്. ചുംബനം പോലെ മറ്റ് പരിപാടികള്‍ക്കുള്ള റോബോട്ടുകളും ലഭ്യമായാല്‍ എല്ലാം ഓണ്‍ലൈന്‍ ആയി സാധിക്കുന്ന സുവര്‍ണകാലഘട്ടത്തിലേക്ക് എത്തിച്ചേരാമല്ലോ എന്നാണ് ഇനിയുള്ള പ്രതീക്ഷ. ആവേശഭരിതരായി റോബോട്ടിന്റെ ചുണ്ട് കടിച്ചുപറിക്കുന്ന ബോറന്മാര്‍ക്ക് വേണ്ടി കിസ്സിഞ്ചര്‍ ഇന്‍ഷൂറന്‍സോ മറ്റോ ലഭ്യമാണോ എന്തോ. ചുംബിക്കാനുദ്ദേശിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങള്‍ വെബ്‍സൈറ്റ് സന്ദര്‍ശിച്ചിട്ടു പോയാല്‍ മതി.
kissenger.lovotics.com

ഇന്റര്‍നെറ്റിന്റെ ശത്രുക്കള്‍

അറബ് വസന്തവും ഇന്റര്‍നെറ്റിലെ അഭിപ്രായസ്വാതന്ത്ര്യവും അതിമസ്വാതന്ത്ര്യവും ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളെ ഇന്റര്‍നെറ്റിനു മേല്‍ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ പ്രേരിപ്പിച്ചിരിക്കുന്ന കാലത്ത് സ്വതന്ത്ര മാധ്യമമെന്ന സല്‍പേരുള്ള ഇന്റര്‍നെറ്റിന് സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതിനെ ആശങ്കയോടെ കാണുന്നവരുമുണ്ട്. രാജ്യത്തിന്റെയും രാഷ്ര്ടീയത്തിന്റെയും ചേരിതിരിവുകള്‍ ഇന്റര്‍നെറ്റിലെ അഭിപ്രായസ്വാതന്ത്ര്യത്തെ ബാധിക്കരുതെന്ന സങ്കല്‍പം പ്രായോഗികമായി അട്ടിമറിക്കപ്പെടുമ്പോള്‍ രാജ്യങ്ങള്‍ ഇന്റര്‍നെറ്റിന്റെ ശത്രുക്കളോ മിത്രങ്ങളോ ഒക്കെയാവും. രാജ്യസുരക്ഷയും താല്‍പര്യങ്ങളും ഇന്റര്‍നെറ്റിന്റെ സൈ്വര്യവിഹാരത്തിനു വേണ്ടി മാറ്റിവയ്ക്കാനാവില്ല എന്നിരിക്കെ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം വരും നാളുകളില്‍ കൂടുതല്‍ വെല്ലുവിളി നേരിടുമെന്നതില്‍ സംശയമില്ല.

2008 മുതല്‍ ലോകത്തെ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തെപ്പറ്റി പഠനം നടത്തുന്ന സ്വതന്ത്ര ഏജന്‍സി ഗ്ലോബല്‍ മീഡിയ വാച്ച്‌ഡോഗ് റിപ്പോര്‍ട്ടേഴ്‌സ് ഗ്രൂപ്പ് സൈബര്‍ സെന്‍സര്‍ഷിപ് വിരുദ്ധ ദിനത്തോടനുബന്ധിച്ച് (മാര്‍ച്ച് 12) അവതരിപ്പിച്ചിരിക്കുന്ന പുതിയ റിപ്പോര്‍ട്ടില്‍ ഇന്റര്‍നെറ്റിന്റെ ശത്രുക്കളായ രാജ്യങ്ങളെ പ്രത്യേകം അടയാളപ്പെടുത്തി ഇന്റര്‍നെറ്റ് സ്വാതന്ത്ര്യഭൂപടം അവതരിപ്പിച്ചിട്ടുണ്ട്. വര്‍ഷാവര്‍ഷം കൂടുതല്‍ രാജ്യങ്ങള്‍ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നു എന്നതിന്റെ പ്രകടമായ സൂചനയാണ് റിപ്പോര്‍ട്ടിലുള്ളത്. ഈ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ ഇന്ത്യയുമുണ്ട്. ഇന്റര്‍നെറ്റ് ശത്രു എന്ന പദവിയിലേക്ക് എത്തിയിട്ടില്ല എങ്കിലും ഇന്റര്‍നെറ്റിനെ നിരീക്ഷണത്തില്‍ വച്ചിരിക്കുന്ന രാജ്യങ്ങളോടൊപ്പമാണ് ഇന്ത്യയെ പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നിരീക്ഷകപട്ടികയിലുണ്ടായിരുന്ന ബഹറൈനും ബെലാരസും ഈ വര്‍ഷം ഇന്റര്‍നെറ്റ് ശത്രു പദവി നേടിയിട്ടുണ്ട്. അറബ് വസന്തം എന്നു കൊട്ടിഘോഷിക്കുന്ന ഇന്റര്‍നെറ്റ് ആക്ടിവിസത്തിന്റെ സ്വാധീനമുള്ള സ്വാതന്ത്ര്യസമരങ്ങള്‍ ആ രാജ്യങ്ങളില്‍ ഇന്റര്‍നെറ്റിന്റെ സ്വാതന്ത്ര്യത്തിനു വിലങ്ങിട്ടുകൊണ്ടിരിക്കുകയാണ്. അതേ സമയം, ഗദ്ദാഫിയെ തുടച്ചുനീക്കിയ ലിബിയ ഈ വര്‍ഷം ഇന്റര്‍നെറ്റ് ശത്രുപദവിയില്‍ നിന്നും പുറത്തുവന്നിട്ടുണ്ട്. ബര്‍മ, ചൈന, ക്യൂബ, ഇറാന്‍, ഉത്തരകൊറിയ, സൗദി അറേബ്യ, സിറിയ, തുര്‍ക്‌മെനിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, വിയറ്റ്‌നാം എന്നിവയാണ് ഇന്റര്‍നെറ്റ് ശത്രു പദവിയുള്ള മറ്റു രാജ്യങ്ങള്‍. ഓസ്‌ട്രേലിയ, ഈതിപ്ത്, ഫ്രാന്‍സ്, ഇന്ത്യ, കസാക്കിസ്ഥാന്‍, മലേഷ്യ, റഷ്യ, ദക്ഷിണ കൊറിയ, ശ്രീലങ്ക, തായ്‌ലന്‍ഡ്, ടുണീഷ്യ, തുര്‍ക്കി, സൗദി അറേബ്യ എന്നിവയാണ് ഇന്റര്‍നെറ്റ് ഉപയോഗത്തെ നിരീക്ഷണത്തില്‍ വച്ചിരിക്കുന്ന രാജ്യങ്ങള്‍.

മാര്‍ക്ക് സക്കര്‍ബര്‍ഗില്‍ അശ്ലീലമുണ്ടോ ?

മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്ന പേര് വായില്‍ കൊള്ളാത്തതുകൊണ്ടും അതില്‍ അനാവശ്യമായി അശ്ലീലച്ചുവയുള്ള സക്കര്‍ ഉള്ളതുകൊണ്ടും കൊച്ചുമുതലാളിയുടെ രൂപമൊക്കെ നോക്കി അവന് ഷിബുമോന്‍ എന്നു പേരിടണമെന്ന് നമ്മളാരും പറഞ്ഞിട്ടില്ല. എന്നാല്‍ നമ്മില്‍ ചിലരുടെയൊക്കെ പേരുകള്‍ ഫേസ്ബുക്കിലെ മണകുണാഞ്ചന്‍മാര്‍ക്ക് മനസ്സിലാവാത്തതുകൊണ്ട് അതൊക്കെ അശ്ലീലമാണെന്നും ശരിക്കുള്ള പേരുമാറ്റി അവന്‍മാര്‍ക്കു മനസ്സിലാവുന്ന പേരുകളിടണമെന്നും അല്ലാത്തവരെല്ലാം വ്യാജന്‍മാരാണെന്നും പറയുന്ന ലെവലിലേക്ക് എത്തിനില്‍ക്കുന്നു ഫേസ്ബുക്ക്. അക്കൗണ്ട് ഡിലീറ്റ് ചെയ്യേണ്ടെങ്കില്‍ ഐഡി പ്രൂഫ് കാണിക്കണമെന്നു പറഞ്ഞതുകേട്ട് പാസ്‌പോര്‍ട്ടും ഐഡി കാര്‍ഡുമൊക്കെ സ്‌കാന്‍ ചെയ്ത് ഫേസ്ബുക്കിന്റെ അണ്ണാക്കിലേക്ക് അപ്‌ലോഡ് ചെയ്യുകയാണ് നാട്ടുകാര്‍.

ടി.രാമലിഗം പിള്ളയൊക്കെ ഇക്കാലത്ത് ജീവിക്കാതിരുന്നതു നന്നായി. നിഘണ്ടുവിന്റെ മാര്‍ക്കറ്റിങ്ങിനു വേണ്ടി ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയിരുന്നെങ്കില്‍ പണിയായേനെ. അവരുടെ ഒരു വിവരം വച്ചു നോക്കുമ്പോള്‍ അദ്ദേഹത്തെ രണ്ടുതവണ ബ്ലോക്ക് ചെയ്‌തേനെ. ആധുനിക ലോകത്തിന്റെ മാധ്യമമായ ഫേസ്ബുക്ക് അന്‍പതു കൊല്ലം മുമ്പുള്ള നമ്പൂരിയെപ്പോലെ പെരുമാറുന്നത് കാണുമ്പോള്‍ ഇന്റര്‍നെറ്റിലെ സ്വാതന്ത്ര്യത്തെപ്പറ്റിയും ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെപ്പറ്റിയും സ്വകാര്യതയെപ്പറ്റിയും വാചാലരാകുന്ന ഇവരുടെ വിവരം എത്രയാണെന്നത് എന്നെ വിസ്മയിപ്പിക്കുന്നു.

ഒരാള്‍ ഫേസ്ബുക്കില്‍ ഏത് ഐഡി ഉപയോഗിക്കണമെന്നത് ഉപയോക്താവിന്റെ സ്വാതന്ത്ര്യമാണെന്നുള്ളത് ഒരു സങ്കല്‍പമായി. ഊരും പേരും ഒക്കെ ഒറിജിനലായാല്‍ പോര, അത് കേള്‍ക്കാന്‍ വൃത്തിയുള്ളതും ഫേസ്ബുക്കിലെ പണിക്കാര്‍ക്ക് വൃത്തിയുള്ളതാണെന്നു തോന്നുക കൂടി വേണം. അല്ലെങ്കില്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. നിലവില്‍ പണികിട്ടിയിരിക്കുന്നത് ഒറീസ്സയിലെ സുടിയ സമുദായക്കാര്‍ക്കാണ്. ഇംഗ്ലിഷില്‍ എഴുതുമ്പോള്‍ chutiya എന്നു സ്‌പെല്ലിങ് വരുന്നത് അവരുടെ കുറ്റമല്ല. എന്നാല്‍, ഹിന്ദിയില്‍ chutiya എന്നു വച്ചാല്‍ സാമാന്യം മികച്ച തെറിയാണ് എന്നതുകൊണ്ട് പേരില്‍ തെറിയുള്ള എല്ലാവരുടെയും അക്കൗണ്ടുകള്‍ വ്യാജമാണെന്നു തിരിച്ചറിഞ്ഞ് ബ്ലോക്ക് ചെയ്ത് ഫേസ്ബുക്ക് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. പേരില്‍ chutiya എന്നുള്ള ആയിരക്കണക്കിനു പ്രൊഫൈലുകളാണ് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തത്. ഫേസ്ബുക്കിന്റെ അക്രമത്തിനെതിരേ പ്രതിഷേധിച്ചു തുടങ്ങിയ സമുദാംയാംഗങ്ങള്‍ chutiya സമുദായത്തിനു ഗോത്രപദവിയും സംവരണവും വരെ നല്‍കണമെന്ന് സര്‍ക്കാരിനോടാവശ്യപ്പെടുകയാണ്.

ഓള്‍ ആസ്സാം സുതിയ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഫേസ്ബുക്ക് നടപടിക്കെതിരേ പ്രക്ഷോഭം ആരംഭിച്ചു കഴിഞ്ഞു. ഇത് എവിടെയെങ്കിലുമൊക്കെ ചെന്നേ അവസാനിക്കൂ. ആസ്സാമിലെ അഞ്ചു ജില്ലകളില്‍ ഇതോടനുബന്ധിച്ച് പ്രകടനങ്ങളും മറ്റും നടത്തുകയാണ്. സങ്കടം സഹിക്കവയ്യാതെ ഫേസ്ബുക്കിന്റെ കോലവും കത്തിക്കുന്നുണ്ട് (ടൈംലൈന്‍ വന്നതിനു ശേഷം അല്ലെങ്കില്‍ തന്നെ സാധനം ഒരു കോലത്തിലാണ്). എല്ലാവരും അവരുടെ ഒറിജിനല്‍ പേരുകള്‍ ഉപയോഗിക്കണഃമെന്നു വാശിപിടിക്കുന്നത് പോട്ടെന്നു വയ്ക്കാം. ആളുകളുടെ ഒറിജിനല്‍ പേര് കേട്ടിട്ട് അത് തെറിയാണ് എന്നു പറയുന്നത് ചില്ലറ പോക്രിത്തരമല്ല. ആളുകളുടെ ഐഡി കാര്‍ഡ് നോക്കി അക്കൗണ്ട് വെരിഫൈ ചെയ്യാന്‍ ഫേസ്ബുക്ക് എന്തോന്ന് എന്നു പലരും ചോദിച്ചുതുടങ്ങിയിട്ടുണ്ട്. ആയതിനാല്‍ ഇനി മുതല്‍ പിള്ളേര്‍ക്ക് പേരിടുമ്പോള്‍ അത് അപ്പനപ്പൂന്മാരുടേതാണെന്നൊക്കെ പറഞ്ഞാല്‍ മാത്രം പോര, ഫേസ്ബുക്കിനുകൂടി പറ്റിയതാണെന്നുറപ്പു വരുത്തിക്കോണം. അല്ലെങ്കില്‍ പതിമൂന്നാം വയസ്സില്‍ അക്കൗണ്ടുണ്ടാക്കാനിരിക്കുമ്പോള്‍ പേര് തെറിയാണെന്നു ഫേസ്ബുക്ക് പറയുന്നത് കേട്ട് പിള്ളേര്‍ പേരിട്ടവന്റെ അപ്പനപ്പൂപ്പന്മാരെ തെറിവിളിക്കും.

നോക്കിയ 808 പ്യുവര്‍ വ്യൂ

അഞ്ച്, എട്ട് മെഗാപിക്‌സല്‍ ക്യാമറയുള്ള ഫോണുകള്‍ ഇനി ദരിദ്രവാസികള്‍ എന്നു വിളിക്കപ്പെടും. മെഗാപിക്‌സല്‍ ക്യാമറകളിലെ കോടീശ്വരന്‍ നോക്കിയ 808 പ്യുവര്‍ വ്യൂ വരുന്നുണ്ട്. എട്ടും പത്തുമൊന്നുമല്ല, 41 മെഗാപിക്‌സല്‍ ക്യാമറയാണ് ഫോണിലുള്ളത്. പ്രൊഫഷനല്‍ ക്യാറകള്‍ പോലും 20 മെഗപിക്‌സല്‍ ഒക്കെ വച്ചു കളിക്കുമ്പോഴാണ് നോക്കിയ ഒരു കാതം മുന്നിലെറിഞ്ഞത്. ബാഴ്‌സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച ഈ സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഈയാഴ്ചയിലെ താരം. ‘കാള്‍ സീസ്’ കമ്പനിയാണ് നോക്കിയ ഫോണിനുള്ള 41 മെഗാപിക്‌സല്‍ സെന്‍സര്‍ രൂപപ്പെടുത്തിയിരിക്കുന്നത്. 41 മെഗാപിക്‌സല്‍ ആണെങ്കിലും 2 മെഗാപിക്‌സല്‍, 3 മെഗാപിക്‌സല്‍, 5 മെഗാപിക്‌സല്‍, 8 മെഗാപിക്‌സല്‍, അല്ലെങ്കില്‍ ഏറ്റവും ഉയര്‍ന്ന റസല്യൂഷന്‍ എന്നിങ്ങനെ എത്ര വലിപ്പത്തിലുള്ള ചിത്രം വേണമെങ്കിലും ഉപയോക്താവിന് എടുക്കാം. ഫോട്ടോകള്‍ മാത്രമല്ല, ഉന്നത റസല്യൂഷനില്‍ ഫുള്‍ എച്ച്ഡി വീഡിയോ ഇതില്‍ ചിത്രീകരിക്കാം. സിംബിയന്‍ ബെല്‍ ഓപറേറ്റിങ് സിസ്റ്റം ആണ് ഇതില്‍. മെയ് മാസത്തില്‍ നോക്കിയ 808 പ്യുവര്‍വ്യൂ വിപണിയിലെത്തും. വില ഏകദേശം 34000 രൂപ.

പച്ചവെള്ളം recharged

പച്ചവെള്ളത്തില്‍ നിന്നു വൈദ്യുതിയുണ്ടാക്കുന്ന വിദ്യ ഇടുക്കി ഡാമിലുണ്ടെന്നാണ് കേട്ടിട്ടുള്ളത്. എത്ര ചെറുതാക്കിയാലും ഒരു ചെക്ക്ഡാമിന്റെയെങ്കിലും വലിപ്പമില്ലാതെ പച്ചവെള്ളത്തില്‍ നിന്നും വൈദ്യുതിയുണ്ടാവില്ല എന്നും നമുക്കറിയാം. ആ അറിവുകളെ അട്ടിമറിച്ചുകൊൊണ്ടാണ് പവര്‍ട്രെക്ക് ചാര്‍ജറിന്റെ വരവ്. കൈയില്‍ കൊണ്ടുനടക്കാവുന്ന ഈ ചാര്‍ജര്‍ വൈദ്യുതിയുണ്ടാക്കുന്നത് വച്ചവെള്ളത്തില്‍ നിന്നാണ്. ഡാമില്‍ നിന്നുണ്ടാക്കുന്നതുപോലെ അല്ല എന്നു മാത്രം. സ്വീഡിഷ് കമ്പനിയായ പവര്‍ടെക് വികസിപ്പിച്ചെടുത്ത ഫ്യുവര്‍ സെല്‍ മൊബൈല്‍ ചാര്‍ജറാണ് ഈയാഴ്ചയിലെ താരം. വെള്ളത്തിന് പുറമേ മറ്റു രാസവസ്തുക്കളും ബാറ്ററിയും അടങ്ങിയ ഒരു കെമിക്കല്‍ ചാര്‍ജര്‍ ആണിത്. ഒരു ടേബിള്‍ സ്പൂണ്‍ വെള്ളം ചാര്‍ജറിലെ പ്രത്യേക അറയിലേക്ക് ഒഴിച്ചാല്‍ 10 മണിക്കൂര്‍ വരെ മൊബൈല്‍ പ്രവര്‍ത്തിപ്പിക്കാനുള്ള വൈദ്യുതി റെഡി. ഇനി ശുദ്ധജലം ലഭിച്ചില്ലെങ്കില്‍ അഴുക്കുജലമോ അധികം കട്ടിയിലല്ലാത്ത ചളിവെള്ളമോ ഉപ്പുവെള്ളമോ ആയാലും മതി.

സോഡിയം സിലികൈഡ് എന്ന രാസവസ്തു അടങ്ങിയ പ്രത്യേക കിറ്റ് ആണ് ഉപകരണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. വെള്ളത്തെ വൈദ്യുതിയാക്കി മാറ്റുകയല്ല മറിച്ച് വെള്ളം ഈ രാസവസ്തുക്കളുമായി പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ വാതകം ഉണ്ടാക്കുകയും ഈ വാതകം ഉപകരണത്തിലെ ഹൈഡ്രജന്‍ ബാറ്ററിയെ ചാര്‍ജാക്കുകയുമാണ് ചെയ്യുന്നത്. ബാറ്ററിയില്‍ നിന്ന് യു.എസ്.ബി വഴി വൈദ്യുതി പുറത്തേക്ക് വരുന്നു. ഏതാനും മാസങ്ങള്‍ക്കകം വിപണിയില്‍ ലഭ്യമാകുന്ന ചാര്‍ജറിന്റെ ഏകദേശ വില: 11500 രൂപ.Website: www.powertrekk.com