ആന്‍ഡ്രോയ്ഡിന് ഇനി കിറ്റ്കാറ്റ് രുചി

സ്മാര്‍ട്‌ഫോണ്‍ യുഗത്തിനു മധുരം നല്‍കിയ ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന് ഇനി ചോക്ലേറ്റ് രുചി. അടുത്ത ആന്‍ഡ്രോയ്ഡ് വേര്‍ഷന് ഗൂഗിള്‍ നല്‍കിയിരിക്കുന്നത് ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ചോക്ലേറ്റിന്റ പേരാണ്- കിറ്റ്കാറ്റ്. കിറ്റ്കാറ്റ് നിര്‍മാതാക്കളായ നെസ്റ്റ്‌ലെയുടെ സഹകരണത്തോടെയാണ് ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. കിറ്റ്കാറ്റിന്റെ ഔദ്യോഗിക ലോഗോയും ആന്‍ഡ്രോയ്ഡ് രൂപത്തിലുള്ള കിറ്റ്കാറ്റ് ചാക്ലേറ്റും ഇനി ആന്‍ഡ്രോയ്ഡില്‍ ഗൂഗിള്‍ ഉപയോഗിക്കും. ഇരുകമ്പനികളും സഹകരിച്ചുള്ള മാര്‍ക്കറ്റിങ് വിദ്യകളും പ്രതീക്ഷിക്കാം.

2009ല്‍ ആദ്യ വേര്‍ഷനായ കപ്‌കേക്ക് (ആന്‍ഡ്രോയ്ഡ് 1.5) പുറത്തിറങ്ങിയതു മുതല്‍ ഇംഗ്‌ളിഷ് അക്ഷരമാല ക്രമത്തിലാണ് തുടര്‍ന്നുള്ള വേര്‍ഷനുകള്‍ ഗൂഗിള്‍ അവതരപ്പിക്കുന്നത്. ഓരോ അക്ഷരത്തിലും തുടങ്ങുന്ന മധുരപലഹാരത്തിന്റെ പേരാണ് ഗൂഗിള്‍ ഇതിനായി തിരഞ്ഞെടുത്തിരുന്നത്. സി മുതല്‍ ജെ വരെ (കപ്‌കേക്ക്, ഡൊനട്ട്, എക്ലയര്‍, ഫ്രോയോ, ജിഞ്ചര്‍ബ്രെഡ്, ഹണികോംബ്, ഐസ്‌ക്രീം സാന്‍ഡ്‌വിച്ച,് ജെല്ലിബീന്‍) എട്ടു വേര്‍ഷനുകള്‍ക്കു ശേഷം ഇനി കെ എന്ന അക്ഷരത്തില്‍ വരാനിരിക്കുന്ന വേര്‍ഷന്‍ ഏതായിരിക്കുമെന്നതിനെ സംബന്ധിച്ച് ഊഹാപോഹങ്ങള്‍ ശക്തമായിരുന്നു. കീ ലൈം പി എന്നായിരിക്കും അടുത്ത ആന്‍ഡ്രോയ്ഡ് വേര്‍ഷനെന്ന് കരുതിയിരിക്കുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി ഒരു ബ്രാന്‍ഡഡ് മധുരം ഗൂഗിള്‍ തിരഞ്ഞെടുത്തത്. ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങും. കൂടുതല്‍ വിവരങ്ങള്‍ക്ക് android.com/kitkat

ഇതോടൊപ്പം തന്നെ ആന്‍ഡ്രോയ്ഡുമായി സഹകരിച്ചുള്ള പുതിയ കിറ്റ്കാറ്റ് ചോക്ലേറ്റും എത്തുന്നുണ്ട്. കിറ്റ്കാറ്റ് 4.4. എന്നു പേരിട്ടിരിക്കുന്ന ചോക്ലേറ്റില്‍ മൂന്നിനു പകരം നാല് ചോക്ലേറ്റ് ഫിംഗറുകളാണുള്ളത്. അതിനു പുറമേ ഈ ചോക്ലേറ്റ് വാങ്ങുന്നവര്‍ക്ക് ഭാഗ്യസമ്മാനമായി ഗൂഗിളിന്റെ നെക്‌സസ് ടാബ്‌ലെറ്റുകളും ഗൂഗിള്‍ പ്ലേ വൗച്ചറുകളുമൊക്കെ നേടാനുള്ള അവസരവുമുണ്ട്. വിശദവിവരങ്ങള്‍ക്ക് kitkat.com

ഷവോമി: ചൈനീസ് ആപ്പിള്‍

പാശ്ചാത്യലോകത്തിന് ആപ്പിളും സ്റ്റീവ് ജോബ്‌സും എന്തായിരുന്നോ അതും അതിലപ്പുറവുമാണ് ഏഷ്യയ്ക്ക് ഷവോമിയും സിഇഒ ലെയ് ജുനും. ചൈനീസ് സ്മാര്‍ട്‌ഫോണ്‍ കമ്പനിയായ ഷവോമി(Xiaomi) ലോക സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ സൃഷ്ടിക്കുന്നത് പുതിയ റെക്കോര്‍ഡുകളാണ്. വിസ്മയകരമായ വളര്‍ച്ചയും വിശ്വാസ്യതയും കോടിക്കണക്കിനു വരുന്ന ആരാധകവൃന്ദവും ഷവോമിക്ക് നേടിക്കൊടുക്കുന്നത് വലിയ മാധ്യമശ്രദ്ധയാണ്.

ഓരോ ആഴ്ചയും വാര്‍ത്തകളില്‍ നിറയാന്‍ ഷവോമിക്ക് ഓരോ കാരണങ്ങളുണ്ട്. ചൈനീസ് വിപണി മാത്രം ലക്ഷ്യം വയ്്ക്കുന്ന കമ്പനിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ ആയ ഹോങ്മി പുറത്തിറങ്ങി ഒരു മിനിറ്റിനകം ഒരു ലക്ഷം എണ്ണം വിറ്റ് ചരിത്രം സൃഷ്ടിച്ചത് കഴിഞ്ഞയാഴ്ചയാണ്. ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് വൈസ് പ്രസിഡന്റായ ഹ്യൂഗോ ബാര ഗൂഗിളില്‍ നിന്നു രാജി വച്ച് ഷവോമിയില്‍ ചേര്‍ന്നതോടെയാണ് കമ്പനി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. സാംസങ് ഉള്‍പ്പെടെയുള്ള കമ്പനികളുടെ ജീവായുവായ ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ നട്ടെല്ലായ ഹ്യൂഗോയെ ഷവോമി വിലയ്‌ക്കെടുത്തത് കമ്പനിയുടെ ആഗോളവിപണി ലക്ഷ്യം വച്ചുള്ള നീക്കങ്ങളിലൊന്നാണ്.

ഗൂഗിളിനെ സംബന്ധിച്ച് ഹ്യൂഗോ ബാരയുടെ രാജി വലിയ നഷ്ടമാണ്. ആന്‍ഡ്രോയ്ഡ് സ്ഥാപകനായ ആന്‍ഡി റൂബിന്‍ ഗൂഗിള്‍ വിട്ടത് കഴിഞ്ഞ മാര്‍ച്ചിലാണ്. ഇന്ത്യക്കാരനും ഗൂഗിള്‍ വൈസ് പ്രസിഡന്റുമായ സുന്ദര്‍ പിച്ചായ് ആണ് ഇനി ആന്‍ഡ്രോയ്ഡിനെ നയിക്കാന്‍ പോകുന്നത്. അതേ സമയം, ഭാര്യയുമായി വേര്‍പിരിഞ്ഞ ഗൂഗിള്‍ സ്ഥാപകന്‍ സെര്‍ജി ബ്രിന്‍ ഹ്യൂഗോ ബാരയുടെ കാമുകിയായ ഗൂഗിള്‍ ജീവനക്കാരിയുമായി പ്രണയത്തിലായതാണ് ഹ്യൂഗോയുടെ പെട്ടെന്നുള്ള രാജിയുടെ കാരണമെന്നും അഭ്യൂഹമുണ്ട്.

യൂസര്‍ ഇന്റര്‍ഫേസിലെയും മള്‍ട്ടിടാസ്‌കിങ്ങിലെയും വിപ്ലവകരമായ സവിശേഷതകളാണ് ഷവോമി ആപ്പിളിനും ഗൂഗിളിനുമൊക്കെ മീതെ പ്രതിഷ്ഠിക്കാന്‍ ചൈനക്കാരെ പ്രേരിപ്പിക്കുന്നത്. ആപ്പിള്‍ പുലര്‍ത്തിയിരുന്ന മാര്‍ക്കറ്റിങ് ശൈലി തന്നെയാണ് ഷവോമിയും സ്വീകരിച്ചിരിക്കുന്നത് സ്റ്റീവ് ജോബ്‌സിലെ അനുകരിക്കുന്ന സിഇഒ ലെയ് ജുന്‍ ജോബ്‌സിനെപ്പോലെ കഴിയുന്നതും കറുത്ത ടീഷര്‍ട്ടും നീല ജീന്‍സും ധരിച്ച് പൊതുപരിപാടികളില്‍ പങ്കെടുക്കാനും ശ്രദ്ധിക്കുന്നുണ്ട്. ചെറിയ കമ്പനി എന്നാണ് ഷവോമിയുടെ വിശഷണമെങ്കിലും 1000 കോടി ഡോളറാണ് നിലവില്‍ കമ്പനിയൂടെ മൂല്യം. ഈ വര്‍ഷം മാത്രം ഒന്നര കോടി ഫോണുകള്‍ വിറ്റഴിക്കാനാണ് ക്മ്പനി ലക്ഷ്യമിടുന്നത്.

എന്തായാലും ചൈനീസ് ഫോണ്‍ എന്നു ലോകം ആക്ഷേപിച്ചിരുന്നിടത്തു നിന്ന് ചൈനീസ് ഫോണ്‍ കമ്പനികള്‍ ലോകത്തെ സ്മാര്‍ട്‌ഫോണ്‍ കമ്പനികളുടെ മുന്‍നിരയിലേക്കെത്തുകയാണ്. ചൈനീസ് കമ്പനിയായ ഹ്വേയ് അവതരിപ്പിക്കുന്ന സ്മാര്‍ട്‌ഫോണുകള്‍ ലോകവിപണിയില്‍ ശക്തമായ സാന്നിധ്യമായി നില്‍ക്കുമ്പോഴാണ് ഷവോമി ഒന്നാം നിരയിലേക്ക് ഇടിച്ചു കയറുന്നത്. എത്രയായാലും ചൈനീസ് ഫോണല്ലേ എന്നു ചോദിക്കുന്നവര്‍ക്കു നല്‍കാന്‍ ഷവോമിക്ക് ഒറ്റ മറുപടിയേ ഉള്ളൂ- ഷവോമിയുടെ എല്ലാ ഉല്‍പന്നങ്ങളും നിര്‍മിക്കുന്നത് ചൈനയിലെ ഫോക്‌സ്‌കോന്‍ ഫാക്ടറിയിലാണ്. അവിടെ തന്നെയാണ് ആപ്പിള്‍ ഐഫോണും ഐപാഡും ഉള്‍പ്പെടെയുള്ള എല്ലാ ഉല്‍പന്നങ്ങളും നിര്‍മിക്കുന്നത്.

ഗൂഗിള്‍ കാലം

ഇന്റര്‍നെറ്റും ടെലിവിഷനും അതിര്‍വരമ്പുകള്‍ ഭേദിച്ച് പുതിയ കൂട്ടുകെട്ടുകളുണ്ടാക്കുമ്പോള്‍ കാഴ്ചയുടെ ലോകം ശൈലിയും മാറുകയാണ്. ആപ്പിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം സ്വന്തമായി സെറ്റ്‌ടോപ് ബോകസുമായി സ്മാര്‍ട് ടിവി അവതരിപ്പിച്ചു കഴിഞ്ഞു. സെറ്റ്‌ടോപ് ബോക്‌സും ഡിജിറ്റല്‍ സങ്കീര്‍ണതകളുമില്ലാതെ കുറഞ്ഞ വിലയില്‍ ഗൂഗിള്‍ അവതരിപ്പിച്ച പുതിയ ടിവി വിസ്മയം മുഖ്യധാരായിലെ സ്മാര്‍ട് ടിവികളെ വെല്ലുവിളിക്കുകയാണ്. ഗൂഗിള്‍ കഴിഞ്ഞ ദിവസം അനാവരണം ചെയ്ത ക്രോംകാസ്റ്റ് ആണ് ന്യൂജനറേഷന്‍ ടിവി സ്ട്രീമിങ്ങിലെ കഥാനായകന്‍. ഇന്റര്‍നെറ്റിനെ ടിവിയിലേക്ക് എത്തിക്കുന്നു എന്നതാണ് ക്രോംകാസ്റ്റ് ചെയ്യുന്നത്.

ഒരു പെന്‍ഡ്രൈവിന്റെ രൂപഭാവങ്ങളുള്ള ക്രോംകാസ്റ്റ് ടിവിയുടെ എച്ച്ഡിഎംഐ പോര്‍ട്ടില്‍ കണക്ട് ചെയ്താല്‍ ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളിലോ കംപ്യൂട്ടറിലോ തുറന്നിരിക്കുന്ന വിഡിയോയോ വെബ് പേജോ ഒക്കെ നേരിട്ട് ടിവിയില്‍ കാണാന്‍ സാധിക്കും. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ആന്‍ഡ്രോയ്ഡ് ഫോണുകളുമായും ഗൂഗിളിന്റെ തന്നെ ക്രോം വെബ് ബ്രൗസറുമായും ചേര്‍ന്നു പ്രവര്‍ത്തിക്കും എന്നതു തന്നെയാണ് ക്രോംകാസ്റ്റിന്റെ മികവ്. വിലക്കുറവാണ് ക്രോംകാസ്റ്റിന്റെ ഏറ്റവും വലിയ സവിശേഷത. 2000 രൂപയ്ക്ക് ക്രോംകാസ്റ്റ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങാം (നിലവില്‍ ഇന്ത്യയില്‍ ലഭ്യമല്ല). ആന്‍ഡ്രോയ്ഡ് ജിഞ്ചര്‍ബ്രെഡ് മുതല്‍ മുകളിലേക്കുള്ള വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണുകളില്‍ നിന്നോ ടാബ്‌ലെറ്റ് കംപ്യൂട്ടറുകളില്‍ നിന്നോ കംപ്യൂട്ടറുകളിലെ ക്രോം ബ്രൗസറില്‍ നിന്നോ വിഡിയോ ടിവിയിലേക്ക് അയക്കാന്‍ കാസ്റ്റ് ഐകണില്‍ അമര്‍ത്തിയാല്‍ മതി. യൂ ട്യൂബ്, നെറ്റ്ഫഌക്‌സ്, ഗൂഗിള്‍ പ്ലേ മൂവീസ്, ക്രോം ബ്രൗസര്‍, ആന്‍ഡ്രോയ്ഡ് മ്യൂസിക് പ്ലേയര്‍ എന്നിവയില്‍ നിന്ന് നിലവില്‍ ക്രോംകാസ്റ്റ് വഴി ടിവി സ്ട്രീമിങ് സാധ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: google.com/chromecast

അതേ സമയം, ഒരു വര്‍ഷത്തിനുള്ളല്‍ അഞ്ചു ലക്ഷം ആപ്ലിക്കേഷനുകള്‍ക്കു കൂടി ഇടം നല്‍കി ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ മാര്‍ക്കറ്റ് ആ ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ആകെ ആപ്ലിക്കേഷനുകളുടെ എണ്ണം 10 ലക്ഷമായി. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ്, ക്രോം വിഭാഗം തലവനും ഇന്ത്യക്കാരനുമായ സുന്ദര്‍ പിച്ചായ് ആണ് കഴിഞ്ഞ ദിവസം സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങില്‍ ചരിത്രനേട്ടം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതോടെ ലോകത്തെ ഏറ്റവും പ്രചാരമുള്ള മൊബൈല്‍ പ്ലാറ്റ്‌ഫോം എന്നതുപോലെ ഏറ്റവുമധികം ആപ്ലിക്കേഷനുകളുള്ള പ്ലാറ്റ്‌ഫോം എന്ന പദവി കൂടി ആന്‍ഡ്രോയ്ഡ് കരസ്ഥമാക്കുകയാണ്. പ്ലേ സ്റ്റോറിലെ എല്ലാ ആപ്ലിക്കേഷനുകളും കൂടി ആകെ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത് 5000 കോടി തവണയാണ്.

അതോടൊപ്പം, ആന്‍ഡ്രോയ്ഡിന്റെ നിലവിലുള്ള വേര്‍ഷന്‍ ജെല്ലിബീന്‍ പേരുമാറാതെ തന്നെ പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്തു. ആന്‍ഡ്രോയ്ഡ് 4.3 ആണ് പുതിയ വേര്‍ഷന്‍. നിലവിലുള്ള ജെല്ലിബീന്‍ സ്മാര്‍ട്‌ഫോണുകള്‍ക്ക് പുതിയ അപ്‌ഡേറ്റ് വൈകാതെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. പുതിയ ജെല്ലിബീന്‍ വേര്‍ഷന്‍ കീ ലൈം പൈ എന്ന പേരിലായിരിക്കും അവതരിപ്പിക്കുക എന്നായിരുന്നു അഭ്യൂഹങ്ങള്‍ എങ്കിലും നിലവില്‍ പ്രചാരത്തില്‍ മുന്നിട്ടു നില്‍ക്കുന്ന ജെല്ലിബീന്‍ ബ്രാന്‍ഡ് കൈവിടാന്‍ ഗൂഗിള്‍ തയ്യാറായിട്ടില്ല. മള്‍ട്ടി യൂസര്‍ സപ്പോര്‍ട്ട്, പേരന്റല്‍ കണ്‍ട്രോള്‍ തുടങ്ങി ഒട്ടേറെ സവിശേഷതകളാണ് പുതിയ ആന്‍ഡ്രോസ്ഡ് വേര്‍ഷനിലുള്ളത്. ഗെയിമുകള്‍ക്ക് മികച്ച ഗ്രാഫിക്‌സ് ഡിസ്‌പ്ലേ ഉറപ്പാക്കുന്ന ഓപണ്‍ ജിഎല്‍ 3.0, ഫുള്‍എച്ച്ഡി വിഡിയോകളും മറ്റും നല്‍കുമ്പോള്‍ പകര്‍പ്പാവകാശം ഉറപ്പാക്കുന്നതിനുള്ള എപിഐകള്‍ തുടങ്ങിയവയും ആന്‍ഡ്രോയ്ഡ് 4.3യിലുണ്ട്.

xpക്ക് മരണമണി

വിന്‍ഡോസ് ഏഴും എട്ടും കഴിഞ്ഞ് ഏറ്റവുമൊടുവില്‍ 8.1 വേര്‍ഷനില്‍ എത്തിനില്‍ക്കുകയാണ് മൈക്രോസോഫ്റ്റ്. എന്നിട്ടും മാറ്റമില്ലാതെ ഇപ്പോഴും ചിലര്‍ എക്കാലത്തെയും ജനപ്രിയ വേര്‍ഷനായ വിന്‍ഡോസ് എക്‌സ്പിയില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. എക്‌സ്പിയില്‍ നിന്നും വിന്‍ഡോസ് 7 അല്ലെങ്കില്‍ 8ലേക്ക് അപ്‌ഗ്രേഡ് ചെയ്യൂ എന്നു മൈക്രോസോഫ്റ്റ് കുറച്ചുനാളായി ആഹ്വാനം ചെയ്യുന്നത് കുത്തകമുതലാളിത്തത്തിന്റെ അഴിഞ്ഞാട്ടമായി ചിത്രീകരിച്ചിരുന്നവര്‍ക്കു പോലും പണികിട്ടിത്തുടങ്ങിയിരിക്കുന്നു.

മൈക്രോസോഫ്റ്റ് വിന്‍ഡോസ് എക്‌സ്പി ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള സപ്പോര്‍ട്ട് അവസാനിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഹാക്കര്‍മാര്‍ക്ക് നിഷ്പ്രയാസം വശംവദയാവാന്‍ എക്‌സ്പി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. മൈക്രോസോഫ്റ്റ് പറഞ്ഞിരിക്കുന്നതനുസരിച്ച് 2014 ഏപ്രില്‍ 8ന് വിന്‌ഡോസ് എക്‌സ്പി സര്‍വീസ് പായ്ക്ക് 3യുടെ കാലാവധി തീരും. പിന്നെയും എക്‌സ്പിയില്‍ കംപ്യൂട്ടര്‍ ഓടിക്കുന്നവര്‍ക്ക് സംഭവിക്കുന്ന ദുരന്തങ്ങള്‍ക്ക് മൈക്രോസോഫ്റ്റ് ഉത്തരവാദികളായിരിക്കില്ല എന്നു ചുരുക്കം.

വിന്‍ഡോസ് 7 കഴിഞ്ഞാല്‍ ഇന്നും ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റം വിന്‍ഡോസ് എക്‌സ്പി ആണ്. അതുകൊണ്ട് തന്നെ മൈക്രോസോഫ്റ്റ് സപ്പോര്‍ട്ട് അവസാനിപ്പിച്ചു കഴിഞ്ഞതിനു ശേഷവും എക്‌സ്പിയില്‍ തുടരുന്നവര്‍ ഹാക്കര്‍മാരുടെയും അനേകം മാല്‍വെയറുകളുടെയും ഇരയാകുമെന്നതില്‍ സംശയമില്ല. കംപ്യൂട്ടര്‍ സെക്യൂരിറ്റി വിദഗ്ധരും എത്രയും വേഗം എക്‌സ്പി വിട്ട് മറ്റൊരു ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് മാറാന്‍ മാലോകരെ ഉപദേശിക്കുന്നുണ്ട്. എത്രയും വേഗം എക്‌സ്പി വിട്ട് മറ്റൊരു ഒഎസിലേക്ക് മാറാന്‍ ഇന്ത്യയുടെ സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയായ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമും അഭ്യര്‍ഥിച്ചിട്ടുണ്ട്.

വിന്‍ഡോസ് 7 ഇറങ്ങിയതിനു ശേഷം 2009ലാണ് മൈക്രോസോഫ്റ്റ് എക്‌സ്പിയെ മുഖ്യധാരയില്‍ നിന്നു മാറ്റി നിര്‍ത്തിയത്. തുടര്‍ന്നും സെക്യൂരിറ്റി പാച്ചുകള്‍ വഴി എക്‌സ്പിയെ സംരക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അടുത്ത ഏപ്രിലില്‍ അതുകൂടി അവസാനിക്കുന്നതോടെ 12 വര്‍ഷമായി ലോകത്ത് പ്രചാരത്തിലുള്ള ജനപ്രിയ ഓപ്പറേറ്റിങ് സിസ്റ്റത്തെ മൈക്രോസോഫ്റ്റ് കൈവിടുകയാണ്.

2001 ഓഗസ്റ്റിലാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് എക്‌സ്പി ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കിയത്. പിന്നീട് 2006 നവംബറില്‍ വിന്‍ഡോസ് വിസ്തയും 2009 ജൂലൈയില്‍ വിന്‍ഡോസ് 7ഉം, 2012 ഓഗസ്റ്റില്‍ വിന്‍ഡോസ് 8ഉം പുറത്തിറക്കി. അടുത്ത വര്‍ഷം ഏപ്രിലോടെ വിന്‍ഡോസ് എക്‌സ്പി വിന്‍ഡോസ് 98 പോലെ ഒരു പുരാവസ്തുവായി മാറും.

QWERTYക്കു വിട; ഇനി KALQ കാലം

മൂന്നും നാലും അക്ഷരങ്ങള്‍ ഒരൊറ്റ കീയില്‍ നല്‍കിയിരുന്ന പരമ്പരാഗത മൊബൈല്‍ ഫോണ്‍ കീ ബട്ടണില്‍ നിന്നും മുഴുവന്‍ കീബോര്‍ഡ് തന്നെ ലഭ്യമാക്കിക്കൊണ്ട് സ്മാര്‍ട്‌ഫോണുകള്‍ എത്തിയപ്പോള്‍ അതൊരു വിപ്ലവമായിരുന്നു. കംപ്യൂട്ടറിലെപ്പോലെ എല്ലാ അക്ഷരങ്ങള്‍ക്കും ഓരോ ചെറുകീകള്‍ നല്‍കി മുകളിലത്തെ നിരയിലെ ഇടതുവശത്തെ ആദ്യ ആറ് അക്ഷരങ്ങളുടെ പേരിട്ട് അതിനെ QWERTY എന്നു വിളിച്ചു. ക്വേര്‍ട്ടി വന്നതോടെ ഫോണ്‍ ഉപയോക്താക്കള്‍ രണ്ടു വിരല്‍ കൊണ്ട് അതിവേഗം ടൈപ്പ് ചെയ്യാന്‍ പഠിച്ചു. ഫോണ്‍ ഇരുകയ്യിലായി പിടിച്ചുകൊണ്ട് ഇരുകൈകളുടെയും തള്ളവിരലുകള്‍ കൊണ്ട് ടൈപ്പ് ചെയ്യുന്ന പ്രായോഗികരീതി സ്വഭാവികമായി തന്നെ ഉടലെടുത്തതാണ്.

ചെറുഫോണുകള്‍ പോലും ക്വേര്‍ട്ടി കീബോര്‍ഡ് വലിയ സംഭവമായി അവതരിപ്പിച്ചതോടെ ക്വേര്‍ട്ടി ഒരലങ്കാരം മാത്രമായി. ഓരോ അക്ഷരങ്ങള്‍ക്കും വേണ്ടി നിയോഗിച്ചിരിക്കുന്ന കീകളുടെ വലിപ്പം നന്നേ കുറഞ്ഞു. ഒരു കീയില്‍ സ്പര്‍ശിച്ചാല്‍ സ്പര്‍ശനമേല്‍ക്കുന്നത് പരിസരത്തുള്ള ഏതെങ്കിലുമൊക്കെ കീയാവാമെന്നായി. അപ്പോഴാണ് ക്വേര്‍ട്ടിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി വലിയ സ്‌ക്രീനുകളുള്ള ഫോണുകളും വലിയ ബട്ടണുകളുള്ള ടാബ്‌ലെറ്റ് കംപ്യൂട്ടറുകളും എത്തിയത്. അപ്പോള്‍ ക്വേര്‍ട്ടിയുടെ നടുഭാഗത്തുള്ള ബട്ടണുകളിലേക്ക് വിരല്‍ എത്താത്ത അവസ്ഥയായി. ഒരു കയ്യില്‍ ഫോണ്‍ പിടിച്ച് മറുകൈ കൊണ്ട് ടൈപ്പ് ചെയ്യേണ്ട അവസ്ഥ ആദ്യത്തിനേതിനെക്കാള്‍ കഷ്ടവുമായി.

എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് പുതിയ കീബോര്‍ഡ് ഡിസൈന്‍- KALQ. മൊബൈല്‍ ഫോണില്‍ ടൈപ്പ് ചെയ്യുന്നവരെല്ലാം ടൈപ്പ്‌റൈറ്റിങ് പാസ്സായിട്ടുള്ളവരല്ല എന്നതിനാല്‍ പഴയ കീബോര്‍ഡിലെ അക്ഷരങ്ങളില്‍ സ്ഥാനചലനം ഉണ്ടാവുന്നതില്‍ ആശങ്കപ്പെടാനൊന്നുമില്ല. പാരമ്പര്യവും ചരിത്രവുമൊന്നുമല്ല ടൈപ്പ് ചെയ്യുന്നവരുടെ സൗകര്യം മാത്രമാണ് KALQ ഡിസൈനിന്റെ അടിസ്ഥാനം. ഫോണിന്റെ ഇരുവശത്തു നിന്നും വിരലെത്തുന്ന ദൂരത്തില്‍ നില്‍ക്കുന്ന കീബോര്‍ഡിന്റെ മധ്യഭാഗം ശൂന്യമായിരിക്കും. ഇരുവശങ്ങളിലും നാലുവരി വീതം. വലതുവശത്തെ നാലാമത്തെ വരിയിലെ അക്ഷരങ്ങള്‍ ചേര്‍ത്തുവച്ചുണ്ടാക്കിയ പേരാണ് KALQ.

തൊണ്ണൂറുകളുടെ അവസാനം രംഗത്തെത്തിയ ക്വേര്‍ട്ടി വിപ്ലവത്തിന് അന്ത്യം കുറിക്കാന്‍ കാല്‍ഖ് മതിയോ എന്നു ചിലര്‍ക്കു സംശയമുണ്ട്. ക്വേര്‍ട്ടിയില്‍ മിനിട്ടില്‍ 20 വാക്കുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ കാല്‍ഖില്‍ 37 വാക്ക് ടൈപ്പ് ചെയ്യാമെന്നാണ് കണ്ടെത്തല്‍. ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇന്‍ഫോമാറ്റിക്‌സിലെ ഗവേഷകരുടെ നേതൃത്വത്തിലാണ് പുതിയ കീബോര്‍ഡ് തയ്യാറാക്കിയത്. കാല്‍ഖ് കീബോര്‍ഡ് ഉപയോഗിക്കുന്ന ആദ്യ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ എത്തും.

സ്മാര്‍ട്‌ഫോണ്‍ ഉബുണ്ടു

ആന്‍ഡ്രോയ്ഡ് സുവര്‍ണകാലത്തു നിന്ന് ഉബുണ്ടു വിപ്ലവത്തിലേക്ക് ഉറ്റുനോക്കുകയാണ് സ്മാര്‍ട്‌ഫോണ്‍ വിപണി. ലിനക്‌സ് അധിഷ്ഠിത ഓപറേറ്റിങ് സിസ്റ്റമായ ഉബുണ്ടുവിന്റെ സ്മാര്‍ട്‌ഫോണ്‍ വേര്‍ഷന്‍ 2013ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നായിരുന്നു. ഉബുണ്ടു അധിഷ്ഠിത സ്മാര്‍ട്‌ഫോണുകള്‍ അടുത്ത മാസം തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കുമെന്നുറപ്പായി. ഉബുണ്ടു നിര്‍മാതാക്കായ കാനോനിക്കല്‍ കഴിഞ് ദിവസം ഉബുണ്ടു സ്മാര്‍ട്‌ഫോണുകള്‍ പ്രദര്‍ശിപ്പിച്ചതോടെയാണ് ആന്‍ഡ്രോയ്ഡിനെക്കാള്‍ മികച്ചതും സാധ്യതകളേറെയുള്ളതുമായ ഓപ്പറേറ്റിങ് സിസ്റ്റത്തെ സംബന്ധിച്ച് പ്രതീക്ഷകള്‍ ഇരട്ടിയാക്കിയത്.

ആന്‍ഡ്രോയ്ഡും ഉബുണ്ടുവും ലിനക്‌സ് കുടുംബത്തില്‍ നിന്നുള്ളതാകയാല്‍ നിലവിലുള്ള ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാമെന്നതാണ് ഏറ്റവും വലിയ സവിശേഷത. ഉബുണ്ടുവിന്റെ വരവ് മുന്‍കൂട്ടി കണ്ട് സ്മാര്‍ഡ്‌ഫോണ്‍ നിര്‍മാതാക്കള്‍ ഉബുണ്ടുവിനു കൂടി ഇടം നല്‍കാവുന്ന തരത്തിലാണ് ഹാന്‍ഡ്‌സെറ്റുകള്‍ നിര്‍മിക്കുന്നത്. 1 ജിഗാഹെര്‍ട്‌സ് കോര്‍ടെക്‌സ് എ9 പ്രൊസെസ്സര്‍, 512 എംബി റാം, 4 ജിബി മെമ്മറി, മള്‍ട്ടി ടച്ച് സപ്പോര്‍ട്ട് തുടങ്ങിയവയാണ് സ്മാര്‍ട്‌ഫോണില്‍ ഉബുണ്ടു പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട കുറഞ്ഞ അടിസ്ഥാനസൗകര്യങ്ങള്‍.

നിലവില്‍ കംപ്യൂട്ടറുകള്‍ക്കു മാത്രമാണ് ഉബുണ്ടു ഓപറേറ്റിങ് സിസ്റ്റം ലഭിക്കുന്നതെങ്കില്‍ സ്മാര്‍ട്‌ഫോണുകള്‍ക്കു പിന്നാലെ ടാബ്‌ലെറ്റുകളിലും ക്യാമറകളിലും ഉബുണ്ടു എത്തും. വിന്‍ഡോസ് 8, ആന്‍ഡ്രോയ്ഡ് എന്നീ ഒഎസുകളുടെ മള്‍ട്ടി പ്ലാറ്റ്‌ഫോം പ്രവര്‍ത്തനമികവ് ഉബുണ്ടുവിനും കരുത്തു നല്‍കും. സ്മാര്‍ട്‌ഫോണ്‍ ഉബുണ്ടുവിനായുള്ള ആപ്ലിക്കേഷന്‍ വികസനം ദ്രുദഗതിയില്‍ പുരോഗമിക്കുകയാണ്. ഇതിനോടകം അര ലക്ഷത്തോളം ആപ്പുകള്‍ തയ്യാറായിട്ടുണ്ട്. ഉബുണ്ടു സ്മാര്‍ട്‌ഫോണുകള്‍ വിപണിയിലെത്തുമ്പോഴേക്കും ആന്‍ഡ്രോയ്ഡിനോടൊപ്പം ഒഎസ് വിപ്ലവത്തിലൂടെ മൈക്രോസോഫ്റ്റിനും ആപ്പിളിനും വലിയ വെല്ലുവിൡയായിരിക്കും നേരിടേണ്ടി വരിക. വിശദാംശങ്ങള്‍ക്ക് www.ubuntu.com/devices/phone

ദക്ഷിണാഫ്രിക്കന്‍ സംരംഭകനായ മാര്‍ക്ക് ഷട്ടില്‍വര്‍ത്തിന്റെ കാനോനിക്കല്‍ കമ്പനി പുറത്തിറക്കുന്ന ലിനക്‌സ് അധിഷ്ഠിത ഓപ്പണ്‍സോഴ്‌സ് ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉബുണ്ടു. ഉബുണ്ടു എന്നത് ഒരു ആഫ്രിക്കന്‍ പേരാണ്. ലിനക്‌സ് അധിഷ്ഠിത ഓപ്പണ്‍ സോഴ്‌സ് ഓപ്പറേറ്റിങ് സിസ്റ്റം എന്ന നിലയില്‍ ഏറ്റവും പ്രചാരമുള്ളത് ഉബുണ്ടുവിനാണ്. രണ്ടു കോടിയോളം കംപ്യൂട്ടറുകളിലാണ് ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളത്.

ഇന്റര്‍നെറ്റിന് 30

വാര്‍ത്താവിനിമയത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടെത്തലായ ഇന്റര്‍നെറ്റിന് 30 വയസ്സ്. യുഎസ് സൈനിക സേവനത്തിനായി ആരംഭിച്ച ഇന്റര്‍നെറ്റിന്റെ ആദ്യരൂപമായ അര്‍പാനെറ്റില്‍ (അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്ട്‌സ് ഏജന്‍സി നെറ്റ്‌വര്‍ക്ക്) നിന്ന് കൂടുതല്‍ സുദൃഢവും ജനകീയവുമായ ശൃംഖലയിലേക്കുള്ള മാറ്റമാണ് ഇന്റര്‍നെറ്റിന്റെ ജന്മദിനമായി വിശേഷിപ്പിക്കുന്നത്. അര്‍പാനെറ്റിന്റെ അടിസ്ഥാനമായ നെറ്റ്‌വര്‍ക്ക് കണ്‍ട്രോള്‍ പ്രോട്ടോക്കോളില്‍ നിന്ന് ഇന്നത്തെ ഇന്റര്‍നെറ്റിന്റെ അടിസ്ഥാനമായ ട്രാന്‍സ്മിഷന്‍ കണ്‍ട്രോള്‍ പ്രോട്ടോക്കോള്‍ ആന്‍ഡ് ഇന്റര്‍നെറ്റ് പ്രോട്ടോക്കോളിലേക്ക് (ടിസിപി ഐപി) 1983 ജനുവരി ആദ്യം നടത്തിയ മാറ്റം പിന്നീട് ഈ രംഗത്തു വന്ന എല്ലാ മാറ്റങ്ങള്‍ക്കുമുള്ള അടിസ്ഥാനശിലയായി. വെബ്‌സൈറ്റ് വിലാസങ്ങള്‍ സാധ്യമാക്കിക്കൊണ്ട് ഹൈപ്പര്‍ടെക്‌സ്റ്റ് ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍ (എച്ച്ടിടിപി) വഴി 1989ല്‍ ടിം ബര്‍ണേഴ്‌സ് ലീ വേള്‍ഡ് വൈഡ് വെബ് അവതരിപ്പിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്.

1960കളില്‍ യുഎസ് സൈന്യത്തിന്റെ കംപ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനായി തുടക്കമിട്ട അര്‍പാനെറ്റിന്റെ ഏറ്റവും വലിയ പോരായ്മ അതില്‍ ബന്ധിപ്പിക്കാവുന്ന കംപ്യൂട്ടറുകളുടെ എണ്ണത്തിലെ പരിമിതിയായിരുന്നു. പരമാവധി 1000 കംപ്യൂട്ടറുകള്‍ ബന്ധിപ്പിക്കാവുന്ന അര്‍പാനെറ്റില്‍ നിന്ന് അനന്തമായി കംപ്യൂട്ടറുകളെ കോര്‍ത്തിണക്കുന്ന ഇന്നത്തെ സംവിധാനത്തിലേക്കുള്ള മാറ്റത്തിന് ഏതാണ്ട് പത്തുവര്‍ഷത്തെ ഗൃഹപാഠമാണ് അണിയറ ശില്‍പികളായ വിന്റ് കെര്‍ഫും റോബര്‍ട്ട് കാനും നടത്തിയത്. ഇതിനായുള്ള ഗവേഷണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത് പ്രമുഖ യുഎസ് സര്‍വകലാശാലകളും. അര്‍പാനെറ്റിന്റെ തുടക്കവും വേള്‍ഡ് വൈഡ് വെബിന്റെ ആരംഭവുമെല്ലാം ഇന്റര്‍നെറ്റിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകളാണെങ്കിലും ഇന്നത്തെ രൂപത്തിലുള്ള ഇന്റര്‍നെറ്റിന്റെ അടിസ്ഥാനമിട്ട പ്രോട്ടോക്കോള്‍ മാറ്റത്തെയാണ് ഇന്റര്‍നെറ്റിന്റെ ജന്മദിനമായി വിശേഷിപ്പിക്കുന്നത്.

Happy New Year

ഇ-ലോകത്തെ സംബന്ധിച്ച് ഈ വര്‍ഷം സന്തോഷകരമാണ്. പുതിയ സാങ്കേതികവിദ്യകളും പുത്തന്‍ പ്രതീക്ഷകളും മൊബൈല്‍ ഇന്റര്‍നെറ്റിന്റെ വ്യാപനവുമെല്ലാം ടെക്‌നോളജി സംരംഭകര്‍ക്കും ഉപയോക്താക്കള്‍ക്കും തൊഴിലന്വേഷകര്‍ക്കും 2013 വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഉള്‍പ്പെടെയുള്ള ഓപ്പണ്‍സോഴ്‌സ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ കരുത്ത് മൊബൈല്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് പുതിയ നിര്‍വചനങ്ങള്‍ നല്‍കുമെന്നും കരുതപ്പെടുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തദ്ദേശീയമായി ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചെടുക്കുന്നതും ഈ വര്‍ഷം നമ്മള്‍ കാണും.

2013ല്‍ വരാനിരിക്കുന്ന ഗാഡ്ജറ്റുകളില്‍ ആപ്പിളുമും സാംസങും തന്നെയാണ് മുന്നില്‍. സാംസങ് ഗാലക്‌സി എസ്4, ആപ്പിള്‍ ഐപാഡ് 5, ബ്ലാക്‌ബെറി 10 ജാം എന്നിവയാണ് ആദ്യമാസങ്ങളില്‍ പ്രതീക്ഷിക്കുന്നവ. കീബോര്‍ഡും മൗസും ഇല്ലാത്ത, പൂര്‍ണമായും വോയ്‌സ് കമാന്‍ഡുകളനുസരിച്ചു പ്രവര്‍ത്തിക്കുന്ന യുബിക്വിറ്റസ് കംപ്യൂട്ടറും ഈ മാര്‍ച്ചോടെ എത്തും. സ്മാര്‍ട്‌ഫോണുമായി ബ്ലൂടൂത്ത് വഴി ബന്ധിപ്പിക്കാവുന്ന പെബിള്‍ വാച്ച് ആണ് ഈ വര്‍ഷം ആദ്യം എത്തുന്ന മറ്റൊരു ഗാഡ്ജറ്റ്. ഈ വാട്ടര്‍പ്രൂഫ് വാച്ചിന്റെ സ്‌ക്രീനില്‍ സ്മാര്‍ട്‌ഫോണിലെ മെസെജുകേളും ഇമെയിലുകളും റിമൈന്‍ഡറുകളുമൊക്കെ തല്‍സമയം കാണിക്കും.

ആപ്പിള്‍ ഐഫോണ്‍ 5എസ്, എച്ച്ടിസി വണ്‍ എക്‌സ് ടു എന്നിവ ഈ വര്‍ഷം പകുതിയോടെ എത്തും. എംബെഡഡ് ടാറ്റൂകള്‍ മെബൈല്‍ ഫോണ്‍ സേവനങ്ങള്‍ ശരീരത്തിന്റെ ഭാഗമാക്കും. ടാറ്റൂ വഴി മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാനാകും. ആപ്പിള്‍, ഗൂഗിള്‍ ടിവികളും അതിവേഗ ഇന്റര്‍നെറ്റും പരമ്പരാഗത ടിവിയുടെ അന്ത്യം കുറിക്കുന്നതും പാശ്ചാത്യരാജ്യങ്ങളിലെങ്കിലും ഈ വര്‍ഷം അവസാനത്തോടെ കാണാം. ഓണ്‍ലൈന്‍ ടിവികളും റിയല്‍ ടൈം സ്ട്രീമിങ്ങും സാധാരണ ടിവിയെ പഴഞ്ചനാക്കും. ഹെ റെസലൂഷന്‍ വിഡിയോകളും ലൈവ് പ്രോഗ്രാമുകളും യു ട്യൂബിനെ ലോകത്തിന്റെ ചാനലാക്കി മാറ്റും.

പോയവര്‍ഷം ഏറ്റവും കരുത്തു നേടിയ ഗാഡ്ജറ്റ് സ്മാര്‍ട്‌ഫോണ്‍ ആയിരുന്നെങ്കില്‍ ഈ വര്‍ഷം വിപ്ലവം ഏറ്റുവാങ്ങുന്നത് ക്യാമറകളായിരിക്കും. സ്മാര്‍ട് ക്യാമറകള്‍ ഫൊട്ടോഗ്രഫിയെ തന്നെ പുനര്‍നിര്‍വചിക്കും. വലിയ ഇമേജ് സെന്‍സറുകളും മികച്ച പെര്‍ഫോമന്‍സും കുറഞ്ഞ വിലയുള്ള പോക്കറ്റ് ക്യാമറകളെ ഡിഎസ്എല്‍ആര്‍ ക്യാമറയുടെ നിലവാരത്തില്‍ ചിത്രമെടുക്കാന്‍ പ്രാപ്തമാക്കും. മിറര്‍ലെസ് ക്യാമറകളും വൈഫൈ ക്യാമറകളും ഈ വര്‍ഷം കൂടുതല്‍ പ്രചാരം നേടും. സോണിയും നിക്കോണും പുറത്തിറക്കിയിരിക്കുന്ന പുതിയ മോഡലുകളില്‍ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റവും വയര്‍ലെസ് ഷെയറിങ്ങും അനുബന്ധ ക്യാമറ ആപ്ലിക്കേഷനുകളും ലഭ്യമാണ്.

സ്മാര്‍ട്‌ഫോണുകളില്‍ ഈ വര്‍ഷം പ്രതീക്ഷിക്കാവുന്നത് ഡ്യുവല്‍ ഐഡന്റിറ്റി സംവിധാനമാണ്. ഒരേ സ്മാര്‍ട്‌ഫോണില്‍ തന്നെ രണ്ട് ലോഗിന്‍ സാധ്യമാക്കുന്ന തരത്തില്‍ ഓഫിസ് കോണ്‍ടാക്ടുകളും ആപ്ലിക്കേഷനുകളും സ്വകാര്യ കോണ്‍ടാക്ടുകളില്‍ നിന്നും ആപ്ലിക്കേഷനുകളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നതാണ് ഇത്. രണ്ട് ഫോണുകളോ ഡ്യുവല്‍ സിം ഫോണോ കൊണ്ടുനടക്കാതെ തന്നെ ഡ്യൂവല്‍ ഐഡന്റിറ്റി സംവിധാനം വഴി ഒരു ഫോണില്‍ തന്നെ രണ്ടു വ്യക്തിത്വവും കാത്തുസൂക്ഷിക്കാം. ഉടന്‍ പുറത്തിറങ്ങുന്ന ബഌക്‌ബെറി 10 ആയിരിക്കും ഈ സംവിധാനമുള്ള ആദ്യത്തെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം.

പോയവര്‍ഷത്തെ പ്രധാന കൗതുകമായിരുന്ന ത്രിഡി പ്രിന്റിങ് വാണിജ്യാടിസ്ഥാനത്തില്‍ വ്യാപകമാകുന്നത് ഈ വര്‍ഷം നമുക്ക് കാണാം. ചെറുകിട വ്യവസായ യൂണിറ്റുകള്‍ കുറഞ്ഞ ചെലവില്‍ സാധ്യമാക്കിക്കൊണ്ട് വീടുകളില്‍ ഇത് സ്ഥാനം പിടിക്കും. അതുപോലെ തന്നെ ഈ വര്‍ഷം ഏറെ പ്രചാരം നേടാന്‍ പോകുന്ന സാങ്കേതികവിദ്യകളിലൊന്നാണ് വയര്‍ലെസ് ചാര്‍ജിങ്. ഗാഡ്ജറ്റുകളുടെ ബാറ്ററി റീചാര്‍ജിങ്ങിലെ വിപ്ലവം എന്നു തന്നെ ഇതിനെ വിശേഷിപ്പിക്കാം. ഓഗ്മെന്റഡ് റിയാലിറ്റി മാധ്യമരംഗത്തും പരസ്യരംഗത്തും വിപ്ലവം സൃഷ്ടിക്കും. ഈ രംഗത്തെ പുത്തന്‍ സംരംഭങ്ങള്‍ വലിയ വളര്‍ച്ചയും കൈവരിക്കും. 2012ല്‍ തിരിച്ചടി നേരിട്ട ചൈനീസ് ബ്രാന്‍ഡുകളുടെ ശക്തമായ തിരിച്ചുവരവാണ് ഗാഡ്ജറ്റ് ലോകം ഈ വര്‍ഷം കാത്തിരിക്കുന്ന മറ്റൊന്ന്.

പോയവര്‍ഷം വില്‍പനയില്‍ റെക്കോര്‍ഡിട്ട ടാബ്‌ലെറ്റ് കംപ്യൂട്ടറുകള്‍ ഈ വര്‍ഷവും വന്‍തോതില്‍ വിപണിയില്‍ കരുത്തുകാട്ടും. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പിന്‍ബലത്തില്‍ വിലക്കുറവിനോടൊപ്പം തന്നെ മെച്ചപ്പെട്ട മെമ്മറിയും റെസലൂഷനും പ്രൊസെസ്സറുമൊക്കെയായി പുതിയ വേര്‍ഷനുകള്‍ ഈ വര്‍ഷം കാണാം. കാലഹരണപ്പെട്ടു എന്നു കരുതിയ നെറ്റ്ബുക്കുകള്‍ വിപണിയിലേക്ക് കരുത്തോടെ തിരിച്ചെത്തുന്നതാണ് കംപ്യൂട്ടര്‍ വിപണിയില്‍ ഈ വര്‍ഷം കാത്തിരിക്കുന്ന ശ്രദ്ധേയമായ മാറ്റം. ടാബ്‌ലെറ്റ് വിപ്ലവത്തിനു മുന്നില്‍ മുട്ടുമടക്കിയ ഇ-ബുക് റീഡറുകളും കുറഞ്ഞ വിലയില്‍ വിപണിയില്‍ പുനരവതരിക്കും.

ആഗോളതലത്തില്‍ ഐടി വിപ്ലവം സ്‌പെഷലൈസേഷന്‍ കൈവരിക്കുകയും ഐടി രംഗത്തെ അടിസ്ഥാനസൗകര്യവികസനം കൂടുതല്‍ വ്യാപ്തിയും മൊത്തത്തില്‍ ഐടി മേഖല കൂടുതല്‍ കരുത്തും വളര്‍ച്ചാനിരക്കും കൈവരിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇതനുസരിച്ച് ഈ വര്‍ഷം പുതിയ ചില തൊഴില്‍മേഖലകളും കൂടുതല്‍ വളര്‍ച്ച നേടും. കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍, പ്രോഗ്രാമിങ് വിദഗ്ധന്‍മാരെ പിന്‍തള്ളി മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാര്‍ ഈ വര്‍ഷം ഇരട്ടി ശമ്പളം നേടുമെന്നാണ് പ്രവചനങ്ങള്‍. കംപ്യൂട്ടര്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ സമാനത കൈവരിക്കുന്നതോടെ പ്രഥമപരിഗണ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കു വന്നു ചേരുകയും ചെയ്യും. ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാരും യൂസര്‍ എക്‌സ്പീരിയന്‍സ് ഡിസൈനര്‍മാരും 2013ലെ താരങ്ങളായി മാറും.

തൊഴില്‍സംതൃപ്തിയുടെ കാര്യത്തിലും 2013 ഐടി കമ്പനികള്‍ക്കൊപ്പമാണ്. പ്രമുഖ തൊഴിലന്വേഷണ പോര്‍ട്ടലായ ാസ്‌ഡോര്‍ നടത്തിയ പഠനം അനുസരിച്ച് ഈ വര്‍ഷം ഏറ്റവും മികച്ച തൊഴിലന്തരീക്ഷം നല്‍കുന്ന കമ്പനി ഫേസ്ബുക്ക് ആണ്. വര്‍ഷങ്ങളായി ഒന്നാമതുണ്ടായിരുന്ന ഗൂഗിള്‍ ഈ വര്‍ഷം ആറാം സ്ഥാനത്താണ്. മറ്റൊരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആയ ലിങ്ക്ട് ഇന്നും ക്ലൗഡ് ഹോസ്റ്റിങ് കമ്പനിയായ റാക്ക്‌സ്‌പേസും ലോകത്തെ മികച്ച തൊഴിലന്തരീക്ഷമുള്ള കമ്പനികളുടെ പട്ടികയിലുണ്ട്.

Gadgets of the Year [2012]

ഗാഡ്ജറ്റുകളുടെ സുവര്‍ണവര്‍ഷമായിരുന്നു 2012. നവീനസാങ്കേതികവിദ്യകളുടെ പ്രയോഗത്തില്‍ വിപ്ലവം സൃഷ്ടിച്ച വര്‍ഷം. ഡ്രൈവറില്ലാത്ത കാറും, റോബോട്ടിക് കണ്ണടയും ത്രിഡി പ്രിന്ററും തുടങ്ങി പരിഷ്‌കൃതസമൂഹത്തിന്റെ സ്വപ്‌നങ്ങളില്‍ മാത്രമുണ്ടായിരുന്ന വിസ്മയങ്ങള്‍ യാഥാര്‍ഥ്യമായ വര്‍ഷം. ഇന്റര്‍നെറ്റ് കംപ്യൂട്ടര്‍ വിട്ടു പുറത്തിറങ്ങിയതാണ് 2012ലെ ഏറ്റവും ജനകീയമായ മാറ്റം എന്നു പറയാം. മൊബൈല്‍ ഫോണിലും ടാബ്‌ലെറ്റിലും നേരത്തെ സാന്നിധ്യമറിയിച്ച ഇന്റര്‍നെറ്റ് ക്യാമറയിലേക്കും കണ്ണടയിലേക്കും കാറുകളിലേക്കും മൈക്രോവേവ് അവനിലേക്കും പ്രവേശിച്ചു. അതോടൊപ്പം ഗൂഗിള്‍ ഫൈബര്‍ ഉള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് അടിസ്ഥാനസൗകര്യവിപ്ലവങ്ങളും ക്ലൗഡ് സേവനങ്ങളും ഇന്റര്‍നെറ്റിന് കൂടുതല്‍ കരുത്തും വിശ്വാസ്യതയും ഉറപ്പും നല്‍കി. പിന്ററസ്റ്റും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പെടെ പെട്ടെന്നു ജനങ്ങളിലേക്കെത്തിയ സേവനങ്ങളും കടന്നുപോകുന്ന വര്‍ഷത്തിന്റെ കരുത്തായി.

ടെക് ലോകത്തിനു പ്രതീക്ഷയുടെ പുതുവര്‍ഷത്തിന് അടിത്തറ പാകുന്ന അദ്ഭുതങ്ങളുമായി 2012 കടന്നുപോകുമ്പോള്‍ ഈ വര്‍ഷത്തില്‍ നിന്നും ഭാവിയിലേക്കു ചുവടുവയ്ക്കുന്ന വിസ്മയകരമായ 10 കണ്ടെത്തലുകള്‍ അവതരിപ്പിക്കുകയാണ് ടെക്‌നോമിക്‌സ്.

1. ഗൂഗിള്‍ ഗ്ലാസ്

ഗൂഗിള്‍ ഇതുവരെ അനാവരണം ചെയ്ത കണ്ടെത്തലുകളില്‍ ഏറ്റവും വിസ്മയാവഹം എന്നു വിശേഷിപ്പിക്കാവുന്ന ഗൂഗിള്‍ ാസ് തന്നെയാണ് 2012ലെ ഏറ്റവും മികച്ച ഗാഡ്ജറ്റ്. ജെയിംസ് ബോണ്ട് സിനിമകളിലും സയന്‍സ് ഫിക്ഷന്‍ നോവലുകളിലും നായകനെ വഴി നടത്തുന്ന, രാജുവിനും രാധയ്ക്കും മായാവി സമ്മാനിക്കുന്നതുപോലെയുള്ള മാന്ത്രികകണ്ണട. ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുള്ള, ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഇ-കണ്ണടയിലുറപ്പിച്ചുള്ള ക്യാമറ നമ്മുടെ കണ്ണുകള്‍ കാണുന്നതെല്ലാം ചിത്രീകരിക്കുകയും ആവശ്യമെങ്കില്‍ തല്‍സമയസംപ്രേഷണം നടത്തുകയും ചെയ്യും. വരുംവര്‍ഷങ്ങള്‍ ഗൂഗിള്‍ ാസിന്റേതായിരിക്കുമെന്നത് നിസ്സംശയം.

2. ലൈട്രോ ക്യാമറ

ഫൊട്ടോഗ്രഫര്‍മാരെ അപ്രസക്തമാക്കുകയും ഫൊട്ടോഗ്രഫിയെ പുനര്‍നിര്‍വചിക്കുകയും ചെയ്ത അദ്ഭുത ക്യാമറ. ഇതുവരെയുള്ള ക്യാമറകള്‍ ഫോക്കസ് ചെയ്ത ശേഷം ചിത്രമെടുക്കുമ്പോള്‍ ലൈട്രോ ക്യാമറ ചിത്രമെടുത്ത ശേഷം ഫോക്ക്‌സ് ചെയ്യും. ഒന്നിലേറെ ചെറുലെന്‍സുകളുള്ള ലൈട്രോ ക്യാമറ പ്രകാശമെത്തുന്ന എല്ലാ ആംഗിളുകളില്‍ നിന്നും ഒരേ സമയം ഒരേ ഫോക്കസോടെ ചിത്രമെടുക്കും. അതായത് ചിത്രമെടുത്തു കഴിഞ്ഞ ശേഷം ഫോക്കസ് എവിടെ വേണം എന്ന് ഫൊട്ടോ എഡിറ്റര്‍ക്കു തീരുമാനിക്കാം. ലൈട്രോ ക്യാമറ കയ്യിലുള്ളവന് അനര്‍ഘനിമിഷം നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ട. കൂളായി നിന്നു ചിത്രമെടുക്കാം. പിന്നീട് സ്‌സ്ഥമായിരുന്ന് അനര്‍ഘനിമിഷം എവിടെയാണ് എന്നു വച്ചാല്‍ അവിടെ ഫോക്കസ് ചെയ്ത് എടുക്കാം.

3. ത്രിഡി പ്രിന്റര്‍

ക്ലോണിങ്ങിലൂടെ ജീവന്റെ ഫോട്ടോസ്റ്റാറ്റ് എടുത്ത ശാസ്ത്രം 3ഡി പ്രിന്റിങ്ങിലൂടെ ജീവനില്ലാത്ത എന്തിന്റെയും തനിപ്പകര്‍പ്പ് ക്ലോണ്‍ ചെയ്‌തെടുക്കും. കൂറ്റന്‍ ഫാക്ടറികളില്‍ കോടികള്‍ വിലയുള്ള യന്ത്രങ്ങളില്‍ സൃഷ്ടിച്ച വസ്തുക്കള്‍ 3ഡി പ്രിന്ററും ചേരുവകളും വച്ച് പുനര്‍സൃഷ്ടിക്കുന്ന മാജിക്. 2012ന്റെ കണ്ടെത്തല്‍ അല്ലെങ്കിലും 3ഡി പ്രിന്റിങ് വിപ്ലവങ്ങള്‍ സൃഷ്ടിച്ചു തുടങ്ങിയത് ഈ വര്‍ഷമാണ്. ഒരു ഉല്‍പന്ത്തിന്റെ ഡിജിറ്റല്‍ മോഡലില്‍ നിന്നും അണുവിട മാറ്റമില്ലാത്ത 3ഡി മോഡല്‍ സൃഷ്ടിക്കുന്ന ജോലിയാണ് 3ഡി പ്രിന്റിങ് അഥവാ അഡിറ്റീവ് മാനുഫാക്ചറിങ്. കട്ടിങ്ങും ഡ്രില്ലിങ്ങും ഇല്ലാതെ, നിര്‍മാണ സാമഗ്രികള്‍ പാഴാക്കാതെ ഒരു പ്രിന്ററില്‍ നിന്നും ഉല്‍പന്നം പുറത്തുവരും. ആഭരണനിര്‍മാണം, ചെരുപ്പ് നിര്‍മാണം, ഇന്‍ഡസ്ട്രിയല്‍ ഡിസൈനിങ്, ഡെന്റല്‍, മെഡിക്കല്‍ സാമഗ്രികളുടെ നിര്‍മാണം എന്നിവയില്‍ ഉപയോഗിക്കുന്നു.

4. പാരറ്റ് എആര്‍ ഡ്രോണ്‍

ഫ്രഞ്ച് കമ്പനിയായ പാരറ്റ് നിര്‍മിച്ച റേഡിയോ നിയന്ത്രിത ക്വാഡ്രോറ്റര്‍ ഹെലികോപ്റ്റര്‍. ഒരു പക്ഷിയുടെ വലിപ്പമുള്ള ചെറുവിമാനം ഗെയിമിങ്ങിലെ റിയാലിറ്റി വിപ്ലവമാണ്. സ്മാര്‍ട്‌ഫോണ്‍ അല്ലെങ്കില്‍ ടാബ്‌ലെറ്റ് ഉപയോഗിച്ച് നിയന്ത്രിക്കാം. 2010ല്‍ അവതരിപ്പിച്ച എആര്‍ ഡ്രോണ്‍ ഈ വര്‍ഷമാണ് വിപണിയിലെത്തിയത്. ആള്‍ട്ടിമീറ്റര്‍ ഉള്‍പ്പെടെയുള്ള അനേകം സെന്‍സറുകള്‍ അടങ്ങിയ എആര്‍ ഡ്രോണില്‍ രണ്ടു ഹൈ ക്വാളിറ്റി ക്യാമറകളുമുണ്ട്. 720 പിക്‌സല്‍ എച്ച്ഡി ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കയ്യിലുള്ള സ്മാര്‍ട്‌ഫോണ്‍ അല്ലെങ്കില്‍ ടാബ്‌ലെറ്റ് കംപ്യൂട്ടറില്‍ കാണാം. ഗെയിമിങ്ങിനപ്പുറത്തേക്ക് നിരീക്ഷണപ്പറക്കലിനും ഉപയോഗിക്കാവുന്ന എആര്‍ ഡ്രോണ്‍ വരും വര്‍ഷം കളിപ്പാട്ടം എന്ന ഇമേജില്‍ നിന്ന് ആയുധം എന്ന നിലയിലേക്കു പുരോഗമിച്ചേക്കാം.

5. മാക്ബുക്ക് പ്രോ (റെറ്റിന ഡിസ്‌പ്ലേ)

സ്മാര്‍ട്‌ഫോണ്‍, ടാബ്‌ലെറ്റ് വിസ്മങ്ങള്‍ക്കിടയില്‍ ആപ്പിള്‍ അക്ഷരാര്‍ത്ഥത്തില്‍ ലോകത്തെ ഞെട്ടിച്ച ഉല്‍പന്നം. ഏറ്റവും പുതിയ മാക്ബുക്ക് എന്നതിനപ്പുറം സാങ്കേതികവിദ്യയിലെ മികവുറ്റതും ഈടുറ്റതുമായ എല്ലാം കോര്‍ത്തിണക്കിയ നോട്ട്ബുക്ക്. ആപ്പിള്‍ സ്ഥിരം വിമര്‍ശകരെയും ആപ്പിളിന്റെ ശത്രുക്കളെയും നിശബ്ദരാക്കിയ വിസ്മയം. ലോകത്തെ ഏറ്റവും മികച്ച സ്‌ക്രീന്‍ ഉള്ള നോട്ട്ബുക്ക്് എന്നു ലളിതമായി പറയാം. 15 ഇഞ്ച്, 2880റ്റ1800 പിക്‌സല്‍ ഡിസ്‌പ്ലേ, 221 പിക്‌സല്‍സ് പെര്‍ ഇഞ്ച്. ഫുള്‍ എച്ച്ഡി ടിവിയെക്കാള്‍ മെച്ചപ്പെട്ടത്. ഒപ്പം ഏറ്റവും കനംകുറഞ്ഞ നോട്ട്ബുക്ക് എന്നും മാക്ബുക് പ്രോയെ വിശേഷിപ്പിക്കാം. 0.7 ഇഞ്ച് കനം, അലുമിനിയം ബോഡി, തണ്ടര്‍ബോള്‍ട്ട്, എച്ച്ഡിഎംഐ, യുഎസ്ബി 3 പോര്‍ട്ടുകള്‍.

6. വൈഫൈ 802.11എസി

ജിബിപിഎസ് ഇന്റര്‍നെറ്റിന്റെ കാലത്ത് കണക്ടിവിറ്റിയിലും ഇരട്ടിവേഗം ഉറപ്പാക്കാനാണ് ഏറ്റവും പുതിയ വൈഫൈ പ്രോട്ടോക്കോള്‍: 802.11.എസി. 5ജി ഇന്റര്‍നെറ്റിന്റേ വേഗം. റിയല്‍ടൈം സട്രീമിങ്ങില്‍ കണക്ടിവിറ്റി പരാധീനതകള്‍ വെല്ലുവിളിയാവാതെ പുതിയ വൈഫൈ പ്രോട്ടോക്കോളിന് ഏതാനും മാസങ്ങള്‍ക്കകം ഔദ്യോഗിക അംഗീകാരമാവും. സെക്കന്‍ഡില്‍ 1ജിബി ഡേറ്റ കൈമാറ്റം സാധിക്കുന്ന പുതിയ വൈഫൈ ഉള്‍ച്ചേര്‍്ത്ത ഗാഡ്ജറ്റുകളും മോഡങ്ങളും വിപണിയില്‍ സജീവമാകാന്‍ 2015 എങ്കിലും ആകും. പുത്തന്‍ വൈഫൈ മോഡങ്ങളും ക്ലയന്റ് ബ്രിഡ്ജ് അഡാപ്റ്ററും ബഫലോ ടെക്‌നോളീസ് ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്.

7. ഐബിഎം 500 മൈല്‍ ബാറ്ററി

ഇന്നു പ്രചാരത്തിലുള്ള ലിതിയം അയണ്‍ ബാറ്ററികള്‍ക്കു പകരം വയ്ക്കാവുന്ന, ഇലക്ര്ടിക് കാറുകള്‍ക്ക് കരുത്തു പകരുന്ന ഐബിഎമ്മിന്റെ കണ്ടെത്തല്‍ ആണ് ബാറ്ററി 500. ലിതിയം അയണ്‍ ബാറ്ററികള്‍ക്കു പകരം ഐബിഎം ഉപയോഗിക്കുന്നത് എയര്‍ ലിതിയം ബാറ്ററികളാണ്. അതായത് ബാറ്ററിയ്ക്കുള്ളില്‍ നടക്കുന്ന രാസപ്രവര്‍ത്തനം തന്നെ മാറ്റി മറിക്കുന്നു. എയര്‍ ലിതിയം ബാറ്ററികളില്‍ രാസപ്രവര്‍ത്തനത്തെ നയിക്കുന്നത് ലിതിയവും അ്ന്തരീക്ഷത്തിലെ ഓക്‌സിജനുമാവും. ഇത് വാഹനങ്ങളില്‍ ഘടിപ്പിച്ചാല്‍ വിസ്മയകരമായ മൈലേജ് ഉറപ്പാക്കാം. ഇന്ന് ലിതിയം അയണ്‍ ബാറ്ററികളിലോടുന്ന ഏറ്റവും മികച്ച ഇലക്ര്ടിക് കാറുകള്‍ പോലും പരമാവധി 100 മൈല്‍ ഓടുമ്പോള്‍ ഐബിഎം ബാറ്ററിയുടെ ലക്ഷ്യം തന്നെ ഇടത്തരം കാറിന് ഒറ്റ റീചാര്‍ജില്‍ 500 മൈല്‍ ഓടാവുന്ന ബാറ്ററിയാണ്.

8. ഫോര്‍ കെ ടിവി

കഴിഞ്ഞ വര്‍ഷം ലോകം എച്ച്ഡി ടിവിയില്‍ നിന്നു 3ഡി ടിവിയേക്ക് എത്തിയെങ്കില്‍ ഈ വര്‍ഷം വിപണിയിലെത്തിയത് 4കെ 3ഡി ടിവികളാണ്. നിലവിലുള്ള എച്ച്ഡി ടിവികളുടെ നാലിരട്ടി റെസലൂഷന്‍ ഉള്ള 4കെ ടിവികള്‍ ഈ വര്‍ഷത്തെ വിസ്മയങ്ങളാണ്. എല്‍ജിയുടെ ഇത്തരത്തിലുള്ള 84 ഇഞ്ച് 3ഡി ടിവി കൊറിയയില്‍ വിപണിലെത്തിയിട്ടുണ്ട്. സാംസങ്, സോണി തുടങ്ങിയ കമ്പനികളുടെ 4കെ ടിവികള്‍ കൂടിയെത്തുമ്പോള്‍ വിപണി സജീവമാകും. എന്നാല്‍, 4കെ ടിവിയിയ്ക്കു പറ്റിയ ഉള്ളടക്കം ഇനിയും ലഭ്യമായിട്ടില്ല. പ്രൊജക്ഷന്‍ സാങ്കേതികവിദ്യയില്‍ നിന്നു സൂപ്പര്‍ ഹൈഡെഫനിഷന്‍ ഡിസ്‌പ്ലേയിലേക്ക് എത്തുമ്പോള്‍ ജിഗാബൈറ്റ് സ്‌റ്റോറേജില്‍ സിനിമകളും അതിവേഗ കണക്ടിവിറ്റി വഴി ഹൈഡെഫനിഷന്‍ ചാനലുകളും ഇനിയും എത്താനിരിക്കുന്നതേയുള്ളൂ.

9. വിന്‍ഡോസ് 8

മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍. ഇതുവരെ കണ്ടതില്‍ നിന്നു വ്യത്യസ്തമായ സൂയര്‍ ഇന്റര്‍ഫേസ്. ടച്ച്‌സ്‌ക്രീന്‍ കംപ്യൂട്ടറുകള്‍ക്കും ടാബ്‌ലെറ്റുകള്‍ക്കും അനുയോജ്യമായ വിന്‍ഡോസ് 8 ഡെസ്‌കേ്ടാപ്, ഐകണ്‍, ഡബിള്‍ക്ലിക്ക് ക്ലിഷേകളെ തൂത്തെറിഞ്ഞ് ഹോംസ്‌ക്രീനും ആപ്പുകളും മള്‍ടിടച്ച് കമാന്‍ഡുകളും യാഥാര്‍ഥ്യമാക്കി. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപറേറ്റിങ് സിസ്റ്റം കൈവരിച്ച നേട്ടത്തിന്റെ വേഗം വിന്‍ഡോസിന് അവകാശപ്പെടാനില്ലെങ്കിലും പുതിയ വിന്‍ഡോസ് വരുംകാലത്തിന്റെ ഓപ്പറേറ്റിങ് സിസ്റ്റം എന്ന നിലയ്ക്ക് കൂടുതല്‍ കരുത്തുള്ള പ്രതീക്ഷകളാണ് നല്‍കുന്നത്.

10. ആന്‍ഡ്രോയ്ഡ് ഉബുണ്ടു

ഓപണ്‍സോഴ്‌സ് ഓപറേറ്റിങ് സിസ്റ്റമായ ഉബുണ്ടുവിന്റെ ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍. ആന്‍ഡ്രോയ്ഡ് ഓപറേറ്റിങ് സിസ്റ്റമുള്ള സ്മാര്‍ട്‌ഫോണുകളില്‍ ആന്‍ഡ്രോയ്ഡിനൊപ്പം പ്രവര്‍ത്തിക്കും. രണ്ടിന്റേയും അടിസ്ഥാനം ലിനക്‌സ് തന്നെയായതുകൊണ്ട് സാങ്കേതികസംഘര്‍ഷമില്ല. ആന്‍ഡ്രോയ്ഡ് ഉബുണ്ടു ഉള്ള ഫോണ്‍ കംപ്യൂട്ടറില്‍ കണക്ട് ചെയ്താല്‍ ഉബുണ്ടുവിന്റെ പിപി ഇന്റര്‍ഫേസ് വഴി കോള്‍ ഉള്‍പ്പെടെയുള്ള സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍ കംപ്യൂട്ടറില്‍ നിന്നും ആക്‌സസ് ചെയ്യാം. ഫോണ്‍ ടിവിയുമായി കണക്ട് ചെയ്താല്‍ ഉബുണ്ടു ടിവി ഇന്റര്‍ഫേസ് പ്രവര്‍ത്തിച്ചുതുടങ്ങും. ഉബുണ്ടു പ്രോഗ്രാമുകള്‍ സ്മാര്‍ട്‌ഫോണിലം ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ കംപ്യൂട്ടറിലും പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കും.

2012ലെ ഏറ്റവും മികച്ച 10 ടാബ്‌ലെറ്റ് കംപ്യൂട്ടറുകള്‍

എച്ച്ഡി ടാബ്‌സ്

1. ആപ്പിള്‍ ഐപാഡ് മിനി
(ഐഒഎസ് ഓപറേറ്റിങ് സിസ്റ്റം, 7 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ. വില: 22000 രൂപ)

2. മൈക്രോസോഫ് സര്‍ഫസ്
(വിന്‍സോഡ് 8 ഓപറേറ്റിങ് സിസ്റ്റം, 7 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ. വില: 38500 രൂപ)

3. ഗൂഗിള്‍ നെക്‌സസ് 7
(ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ ഓപറേറ്റിങ് സിസ്റ്റം, 7 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ. വില: 19000 രൂപ)

4. ഗാലക്‌സി നോട്ട് 10.0

(ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിങ് സിസ്റ്റം, 10 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ. വില: 36000 രൂപ)

5. കിന്‍ഡില്‍ ഫയര്‍ എച്ച്ഡി
(ആന്‍ഡ്രോയ്ഡ് കിന്‍ഡില്‍ ഓപറേറ്റിങ് സിസ്റ്റം, 8.9 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ. വില: 16500 രൂപ)

ബജറ്റ് ടാബ്‌സ്

1. മൈക്രോമാക്‌സ് ഫണ്‍ബുക്ക്
(ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിങ് സിസ്റ്റം, 7 ഇഞ്ച് ഡിസ്‌പ്ലേ. വില: 7300 രൂപ)

2. ബിഎസ്എന്‍എല്‍ പെന്റ ടാബ്
(ആ്ന്‍ഡ്രോയ്ഡ് 4.0 ഐസ്്ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിങ് സിസ്റ്റം, 7 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ. വില: 7500 രൂപ)

3. ഡേറ്റവിന്‍ഡ് യുബിഐ സ്ലേറ്റ് (ആകാശ് 2)
(ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിങ് സിസ്റ്റം, 7 ഇഞ്ച് ഡിസ്‌പ്ലേ. വില: 3499 രൂപ)

4. എച്ച്‌സിഎല്‍ മി യു1
(ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിങ് സിസ്റ്റം, 7 ഇഞ്ച് ഡിസ്‌പ്ലേ. വില: 8000 രൂപ)

5. എകന്‍ ഡബഌു 70
(ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിങ് സിസ്റ്റം, 7 ഇഞ്ച് ഡിസ്‌പ്ലേ. വില: 7900 രൂപ)

ഇലയെത്തൊട്ടു കളിക്കരുത്

ദീര്‍ഘചതുരത്തിനു പേറ്റന്റ് എടുത്ത ആപ്പിള്‍ ദീര്‍ഘചതുരം കണ്ടുപിടിച്ചത് തങ്ങളാണെന്ന മട്ടിലാണ് മറ്റു കമ്പനികള്‍ക്കെതിരേ നഷ്ടപരിഹാരക്കേസുകള്‍ കൊടുത്തത് എന്നായിരുന്നു ആക്ഷേപം. അങ്ങനെയെങ്കില്‍ ആപ്പിളിന്റെ പുതിയ പേറ്റന്റ് കൂടുതല്‍ സങ്കീര്‍ണമാണ്. ആപ്പിള്‍ ലോഗോയിലുള്ള ഇലയ്ക്കാണ് കമ്പനി ഏറ്റവുമൊടുവില്‍ പേറ്റന്റ് എടുത്തിരിക്കുന്നത്. ഇതുവരെ ഇല കൊണ്ടു കളിച്ചവര്‍ ഇനിയങ്ങോട്ടു സൂക്ഷിക്കണം എന്നു ചുരുക്കം.

ഇന്റര്‍നെറ്റിന്റെ ഉദ്ഭവം മുതല്‍ 2011 വരെയുള്ള വിവിധ രാജ്യങ്ങളിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ വളര്‍ച്ച രേഖപ്പെടുത്തുന്ന വേള്‍ഡ് ബാങ്കിന്റെ ഗ്രാഫ്. ജനസംഖ്യയുടെ 96.62% പേരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഐസ്‌ലാന്‍ഡ് ആണ് ലോകത്ത് ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഏറ്റവും മുന്നിലുള്ള രാജ്യം. 93% ജനങ്ങളും ഓണ്‍ലൈനായുള്ള നോര്‍വേയാണ് രണ്ടാമത്. ജനസംഖ്യയുടെ 81 % പേര്‍ ഓണ്‍ലൈനായുള്ള യുഎസ് ലിസ്റ്റില്‍ എട്ടാമതാണ്. ജനസംഖ്യയുടെ 10% ആളുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഇന്ത്യയുടെ സ്ഥാനം 18 ആണ്. ഒന്‍പത് ശതമാനം ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ള പാകിസ്ഥാന്‍ പത്തൊന്‍മതാം സ്ഥാനത്തുണ്ട്. പട്ടിയില്‍ ഇടംനേടിയിട്ടുള്ള 21 രാജ്യങ്ങളില്‍ ഏറ്റവും ഒടുവില്‍ ജനസംഖ്യയുടെ 0.26% ആളുകള്‍ മാത്രം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന സിയെറ ലിയോണ്‍ ആണ്.