ഫെയ്‌സ്ബുക്കിനെന്തു വിര്‍ച്വല്‍ റിയാലിറ്റി

കയ്യില്‍ നിറയെ കാശുള്ള മുതലാളി നാട്ടിലെ കണ്ണായ സ്ഥലങ്ങളെല്ലാം വാങ്ങിക്കൂട്ടുന്നതുപോലെയാണ് ഫെയ്‌സ്ബുക്കിന്റെ ഏറ്റെടുക്കല്‍ മഹായജ്ഞം. 1.18 ലക്ഷം കോടി രൂപയ്ക്ക് വാട്ട്‌സ്ആപ്പ് ഇന്‍സ്റ്റന്റ് മെസ്സെഞ്ചര്‍ ഏറ്റെടുത്ത ഫെയ്‌സ്ബുക്ക് വിര്‍ച്വല്‍ റിയാലിറ്റിയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത ഒക്യുലസ് റിഫ്റ്റിനെയും ഏറ്റെടുക്കുന്നു. 12000 കോടി രൂപയ്ക്കാണ് കിക്ക്സ്റ്റാര്‍ട്ടറില്‍ ഞെട്ടിച്ച വിര്‍ച്വല്‍ റിയാലിറ്റി കമ്പനിയെ ഫെയ്‌സ്ബുക്ക് ഏറ്റെടുത്തത്. താനാരാണെന്നു തനിക്കറിയില്ലെങ്കില്‍ അത് തന്നോടു ചോദിക്കേണ്ട അവസ്ഥയിലെത്തിക്കുന്ന വിധം സ്ഥലജലവിഭ്രാന്തിയുണ്ടാക്കുന്ന എച്ച്ഡി 3ഡി വിര്‍ച്വല്‍ റിയാലിറ്റി ഗെയിമിങ് ഹെഡ്‌സെറ്റ് ആണ് ഒക്യുലസ് റിഫ്റ്റിന്റെ പ്രധാന ഉല്‍പന്നം. ജനുവരിയില്‍ ലാസ് വെഗാസില്‍ നടന്ന രാജ്യാന്തര കണ്‍സ്യുമര്‍ ഇലക്ട്രോണിക്‌സ് ഷോയിലെ ഏറ്റവും ശ്രദ്ധേയമായ അവതരണമായിരുന്നു ഒക്യുലസ് റിഫ്റ്റ്.

2012ല്‍ കിക്ക്സ്റ്റാര്‍ട്ടറില്‍ നിക്ഷേപസമാഹരണം നടത്തിയ ഒക്യുലസ് റിഫ്റ്റ് ചുരുങ്ങിയ സമയം കൊണ്ടാണ് ലോകത്തെ ഏറ്റവും ഇന്നൊവേറ്റീവായ സംരംഭവങ്ങളിലൊന്നായി മാറിയത്. റോബോട്ടിക്‌സിലും വിര്‍ച്വല്‍ റിയാലിറ്റിയിലുമുള്ള ഫെയ്‌സ്ബുക്കിന്റെ താല്‍പര്യവും നിക്ഷേപവും അഞ്ചു വര്‍ഷത്തിനപ്പുറം സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് വെബ്‌സൈറ്റ് എന്നതില്‍ നിന്ന് മറ്റെന്തോ ഒക്കെയായി മാറാനുള്ള ഫെയ്‌സ്ബുക്കിന്റെ ശ്രമത്തിന്റെ ഭാഗമാണ്.

വാട്ട്‌സ്ആപ്പ് ഏറ്റെടുക്കലും ഒക്യുലസ് റിഫ്റ്റ് ഏറ്റെടുക്കലും തമ്മിലുള്ള പ്രധാന വ്യത്യാസം വാട്ട്‌സ്ആപ്പിനെ ഏറ്റെടുത്തത് അതിനെ വളര്‍ത്താനല്ല എന്നതാണ്.സ്വന്തം നിലയ്‌ക്കൊരു സോഷ്യല്‍ മീഡിയ സംസ്‌കാരം തന്നെ വളര്‍ത്തിയെടുത്ത വാട്ട്‌സ്ആപ്പ് ഫെയ്‌സ്ബുക്കിന്റെ കൈകളിലായപ്പോള്‍ രണ്ടു പേരുടെയും ഇമേജ് മാറി. അല്ലെങ്കിലും കൂടുതല്‍ അംഗങ്ങള്‍ ചേരുമെന്നതിനപ്പുറം വാട്ട്‌സ്ആപ്പില്‍ വലിയ വിസ്മയങ്ങള്‍ക്കൊന്നും ഇനി സാധ്യതയില്ല. വോയ്‌സ് കോള്‍ ഉടനെ ആരംഭിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും അതൊന്നും വലിയ കാര്യമല്ലെടാ പുല്ലേ എന്ന സന്ദേശം നല്‍കി ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ സക്കര്‍ബര്‍ഗ് ആദ്യം അത് കൊണ്ടുവന്നു. അല്ലെങ്കിലും വൈബര്‍ ഉള്‍പ്പെടെയുള്ള മെസഞ്ചര്‍ ആപ്പുകളില്‍ വോയ്‌സ് കോളിങ് ഉള്ളപ്പോള്‍ അതിനെയും പുതിയൊരു സങ്കേതം എന്നു വിളിക്കുന്നതില്‍ കാര്യമില്ല.

ഗെയിമിങ് ഹെഡ്‌സെറ്റ് എന്നതിനപ്പുറത്ത് ഒക്യുലസ് റിഫ്റ്റിന് ഏതൊക്കെ മേഖലകളില്‍ എന്തൊക്കെ വിസ്മയങ്ങള്‍ സാധിക്കും എന്നു നിര്‍ണയിക്കപ്പെടുന്നത് പദ്ധതിയില്‍ ഫെയ്‌സ്ബുക്ക് നടത്തുന്ന നിക്ഷേപവും ഏതു മേഖലയില്‍ ഒക്യുലസ് റിഫ്റ്റിനെ ഫെയ്‌സ്ബുക്ക് വികസിപ്പിച്ചെടുക്കും എന്നതും ആശ്രയിച്ചിരിക്കും. ചുരുക്കിപ്പറഞ്ഞാല്‍, വാട്ട്‌സ് ആപ്പ് 30 കഴിഞ്ഞ ഫെമിനിസ്റ്റിനെപ്പോലെയാണെങ്കില്‍ ഒക്യുലസ് റിഫ്റ്റ് അദ്ഭുതലോകത്ത് നില്‍ക്കുന്ന അതിസുന്ദരിയായ കൗമാരക്കാരിയാണ്. ഫെയ്‌സ്ബുക്ക് എന്ന കൊച്ചുമുതലാളിക്ക് എന്തെങ്കിലും ചെയ്യാന്‍ സ്‌കോപ്പുള്ളത് ഒക്യുലസ് റിഫ്റ്റിലാണ്.

ഏറ്റെടുക്കലിനെ സംബന്ധിച്ച് ഫെയ്‌സ്ബുക്ക് മുതലാളിയുടെ കുറിപ്പ്-[Link]
ഒക്യുലസ് റിഫ്റ്റ് മുതലാളിമാരുടെ കുറിപ്പ്- [Link]

ഒക്യുലസ് റിഫ്റ്റ് എന്താണെന്നും അതിലെ വിര്‍ച്വല്‍ റിയാലിറ്റി അനുഭവം എന്താണെന്നും മനസ്സിലാക്കാവുന്ന ഒരു വിഡിയോ താഴെ. ഫെയ്‌സ്ബുക്കിനും ഒക്യുലസിനും ലോകം മുഴുവനും നന്മ വരട്ടെ.

പാട്ടിന്റെ പാല്‍ക്കടല്‍

സംഗീതമാകുന്ന പശുവിന്റെ അകിട്ടില്‍ നിന്നും പാട്ടുകള്‍ കറന്നെടുക്കാന്‍ സാംസങ്ങിന്റെ സ്വന്തം റേഡിയോ ആപ്ലിക്കേഷന്‍ മില്‍ക്ക് മ്യൂസിക് പുറത്തിറങ്ങി. കഴിഞ്ഞ സെപ്റ്റംബറില്‍ ആപ്പിള്‍ അവതരിപ്പിച്ച ഐട്യൂണ്‍സ് റേഡിയോയ്ക്കും ലൂമിയ ഫോണുകളിലുള്ള വിന്‍ഡോസ് ആപ്ലിക്കേഷനായ നോക്കിയ മിക്‌സ് റേഡിയോയ്ക്കും തത്തുല്യമാണ് മില്‍ക്ക് മ്യൂസിക്. ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനാണെങ്കിലും സാംസങ് ഗ്യാലക്‌സി സീരിസില്‍പ്പെട്ട തിരഞ്ഞെടുത്ത മോഡലുകള്‍ക്കു മാത്രമേ മില്‍ക്ക് റേഡിയോ ലഭിക്കൂ. കൊറിയന്‍ കമ്പനിയാണെങ്കിലും സംഗീതവിപണിയുടെ കരുത്തു നോക്കി യുഎസിലുള്ള ഉപയോക്താക്കള്‍ക്കു മാത്രമേ തല്‍ക്കാലം മില്‍ക്ക് റേഡിയോ കേള്‍ക്കാന്‍ പറ്റൂ. വൈകാതെ ഇങ്ങോട്ടൊക്കെ വരുമെന്നു പ്രതീക്ഷിക്കാം.

ആപ്പിള്‍ ഐട്യൂണ്‍സ് റേഡിയോയില്‍ നിന്ന് എടുത്തു പറയാവുന്ന പ്രധാന വ്യത്യാസങ്ങളിലൊന്ന് മില്‍ക്കില്‍ പരസ്യങ്ങളില്ല എന്നതാണ്. ഐട്യൂണ്‍സ് റേഡിയോയിലെ പോലെ തന്നെ ഉപയോക്താവിന്റെ അഭിരുചികളും മുന്‍ഗണനകളും മനസ്സിലാക്കി മില്‍ക്ക് ഇരുനൂറിലേറെ സ്‌റ്റേഷനുകളില്‍ നിന്നുള്ള റേഡിയോ സ്ട്രീം വ്യക്തിഗതമാക്കി നല്‍കും.

വളരെ മികച്ച യുസര്‍ ഇന്റര്‍ഫെയ്‌സ് ആണ് മില്‍ക്ക് റേഡിയോയുടെ പ്രത്യേകതകളിലൊന്ന്. മ്യൂസിക് ഡയല്‍ ആണ് ഇതില്‍ ഏറ്റവും ആകര്‍ഷകം. വിവിധ സ്റ്റേഷനുകളും വിഭാഗങ്ങളും ഈ ഡയലില്‍ നിന്നും എളുപ്പത്തില്‍ തിരഞ്ഞെടുക്കാം. പോപ്പുലര്‍, ന്യൂ, ഫേവറിറ്റ് എന്നിങ്ങനെ പാട്ടുകളുടെ സ്ട്രീം ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടമനുസരിച്ച് ക്രമീകരിക്കാം. സാംസങ് അക്കൗണ്ട് വഴി ലോഗിന്‍ ചെയ്താല്‍ വിവിധ ഉപകരണങ്ങളിലെ ആപ്ലിക്കേഷനുകള്‍ സിംക് ചെയ്യാം. ഇഷ്ടമുള്ള പാട്ടുകള്‍ ആപ്ലിക്കേഷനുള്ളില്‍ തന്നെ ഡൗണ്‍ലോഡ് ചെയ്ത് ഓഫ്‌ലൈനായി കേള്‍ക്കാം. പാട്ടുകള്‍ വാങ്ങാനുള്ള സൗകര്യം നിലവിലില്ല. ഐട്യൂണ്‍സ് റേഡിയോയുടെ മെച്ചപ്പെട്ട ഒരു അനുകരണമാണ് മില്‍ക്ക് മ്യൂസിക് എന്നു പറഞ്ഞാല്‍ തെറ്റില്ല. പണ്‍ഡോര, സ്‌പോട്ടിഫൈ തുടങ്ങിയ ആപ്ലിക്കേഷനുകളുമായും മില്‍ക്ക് മല്‍സരിക്കേണ്ടി വരും.

എല്ലാ ഗ്യാലക്‌സിക്കാര്‍ക്കും സാംസങ് മില്‍ക്ക് കൊടുക്കുന്നില്ല. തിരികെ കടിക്കാത്ത ഗ്യാലക്‌സി എസ്4, എസ്3, ഗ്യാലക്‌സി നോട്ട് 3, നോട്ട് 2, ഗ്യാലക്‌സി മെഗാ, ഗ്യാലക്‌സി എസ്4 മിനി എന്നീ ഹാന്‍ഡ്‌സെറ്റുകളുള്ള അമേരിക്കക്കാര്‍ക്ക് മില്‍ക്ക് ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് പാട്ടു കേള്‍ക്കാം. ഏപ്രില്‍ 11ന് എത്തുന്ന ഗ്യാലക്‌സി എസ്5 ഫോണിലും ഇത് ഡൗണ്‍ലോഡ് ചെയ്യാം. വിശദാംശങ്ങള്‍ക്ക് സാംസങ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: Samsung/Milk

മില്‍ക്കിന്റെ പ്രവര്‍ത്തനം കാണാന്‍ ഈ വിഡിയോ കൂടി കാണുക.

സീരിയും സംഘവും കൂടെവരും

കാറോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത് എന്നാണ് ട്രാഫിക് വിദഗ്ധന്‍മാര്‍ പറയുന്നത്. രണ്ടു കയ്യും സ്റ്റിയറിങ്ങില്‍ ഇല്ലെങ്കില്‍ സാധനം നല്ലതുപോലെ തിരിയില്ല എന്നതുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നു കരുതി പലരും ഹാന്‍ഡ്‌സ്ഫ്രീ മോഡില്‍ ഉപയോഗിക്കുന്നുണ്ട്. തങ്ങള്‍ മറ്റുള്ളവരെക്കാള്‍ എന്തിനൊക്കെയോ ശേഷിയുള്ളവരാണെന്നു വിശ്വസിക്കുന്ന വിഡ്ഡികള്‍ ഇപ്പോഴും ഒരു കൈകൊണ്ട് കാര്‍ അതിവേഗം പായിക്കുമ്പോള്‍ തന്നെ മറുകൈ കൊണ്ട് ഫോണ്‍ ഉപയോഗിക്കാറുണ്ട്. മള്‍ട്ടി ടാസ്‌കിങ് മികവുള്ളവര്‍ക്ക് കാറില്‍ ഫോണുപയോഗിക്കാം എന്നത് ഒരു മിഥ്യാധാരണയാണ്. പൂര്‍ണശ്രദ്ധ ആവശ്യമുള്ള ഡ്രൈവിങ്ങില്‍ നിന്നു ശ്രദ്ധ കുറയുന്നത് അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട് എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതുകൊണ്ടും സൂപ്പര്‍മാന്‍, സ്‌പൈഡര്‍മാന്‍, ബാറ്റ്മാന്‍ ശ്രേണിയിലുള്ളവര്‍ക്കല്ലാതെ മറ്റുള്ളവര്‍ക്ക് എല്ലാ കാര്യത്തിലും ഒരേപോലെ ശ്രദ്ധ കൊടുക്കാന്‍ കഴിയില്ല എന്നുറപ്പുള്ളതുകൊണ്ടുമാണ് വണ്ടിയോടിക്കുമ്പോള്‍ ഫോണുപയോഗിക്കരുത് എന്നു പറയുന്നത്.

എന്നാല്‍, ഇത്തരം സുരക്ഷാ മുന്നറിയിപ്പുകളെ അവഗണിച്ചുകൊണ്ടാണ് ആപ്പിള്‍ പുതിയ ഡാഷ്‌ബോര്‍ഡ് ഇന്റര്‍ഫെയ്‌സ് ആയ ആപ്പിള്‍ കാര്‍പ്ലേ അവതരിപ്പിച്ചിരിക്കുന്നത്. ആപ്പിള്‍ ഐഫോണിനെ കാറിലെ ഡാഷ്‌ബോര്‍ഡുമായി ബന്ധിപ്പിച്ച് കോളുകള്‍ സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള ഫോണിലെ സേവനങ്ങള്‍ ഡ്രൈവിങ്ങിനിടയില്‍ ഉപയോഗിക്കുന്നതിന് ആളുകളെ സഹായിക്കുന്നതിനുള്ളതാണ് ആപ്പിള്‍ കാര്‍ പ്ലേ. എത്ര മഹത്തരമെന്ന് ആപ്പിളും ടെക്‌നോളജി വിദഗ്ധന്‍മാര്‍ വിശേഷിപ്പിച്ചാലും ഡ്രൈവിങ്ങിനെ കുഴപ്പത്തിലാക്കുന്ന, റോഡില്‍ അപകടസാധ്യതയൊരുക്കുന്ന സംവിധാനമാണ് ആപ്പിള്‍ കാര്‍ പ്ലേ എന്നു പറയാന്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറൊന്നും ആവേണ്ട ആവശ്യമില്ല.

കാറിനുള്ളില്‍ ഐഫോണ്‍ ഉപയോഗിക്കാന്‍ സ്മാര്‍ട് ആയ, സുരക്ഷിതമായ വഴി എന്നാണ് കാര്‍ പ്ലേയെ ആപ്പിള്‍ വിശേഷിപ്പിക്കുന്നത്. വിശാലമായ ടച്ച് സ്‌ക്രീനും ഡാഷ്‌ബോര്‍ഡിലെ കണ്‍ട്രോള്‍ സ്വിച്ചുകളും സ്റ്റിയറിങ് വീലില്‍ ഘടിപ്പിക്കുന്ന സീരി കണ്‍ട്രോള്‍ ബട്ടണുമാണ് കാര്‍ പ്ലേയുടെ ഹാര്‍ഡ്‌വെയര്‍ ഭാഗങ്ങള്‍. നിലവില്‍ ആപ്പിള്‍ ഐഫോണ്‍ 5, 5എസ്, ഐഫോണ്‍ 5സി എന്നീ മോഡലുകള്‍ മാത്രമേ കാര്‍ പ്ലേ സപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ. കാര്‍ പ്ലേയുമായി ബന്ധിപ്പിക്കാന്‍ ലൈറ്റ്‌നിങ് കണക്ടര്‍ ആണുപയോഗിക്കുന്നത്. കോളെടുക്കാം, മാപ്പ് ഉപയോഗിക്കാം, എസ്എസുകള്‍ സീരി ടൈപ്പ് ചെയ്തയച്ചുകൊള്ളും. വരുന്ന മെസ്സേജുകളും സീരി വായിച്ചു കേള്‍പിക്കും. പാട്ടുകേള്‍ക്കുന്നതുള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ഐഫോണ്‍ ആപ്ലിക്കേഷനുകളൊക്കെ കാര്‍പ്ലേയിലും പ്രവര്‍ത്തിക്കും. എല്ലാത്തിനും സീരിയുടെ സഹായമുണ്ടാകും. സ്റ്റിയറിങ് വീലിലെ വോയ്‌സ് കണ്‍ട്രോള്‍ ബട്ടണുകള്‍ ഉപയോഗിച്ച് സീരിയെക്കൊണ്ട് കാര്യങ്ങള്‍ ചെയ്യിക്കാം.

ഹ്യുന്‍ഡായ്, ഹോണ്ട, ജാഗ്വാര്‍, ബെന്‍സ്, ബിഎംഡബ്ല്യു, ഫോര്‍ഡ്, ഷെവര്‍ലെ, ഫെറാരി, വോള്‍വോ, ലാന്‍ഡ് റോവര്‍, മിസ്തുബിഷി, നിസ്സാന്‍, ഓപല്‍, സുസുക്കി, ടയോട്ട തുടങ്ങിയ കമ്പനികളുടെ വരാനിരിക്കുന്ന കാറുകളിലാണ് കാര്‍ പ്ലേ ഉപയോഗിക്കാവുന്നത്. ജനീവ മോട്ടോര്‍ ഷോയില്‍ ഇന്ന് ആപ്പിള്‍ കാര്‍ പ്ലേയുടെ പൂര്‍ണമായ പ്രവര്‍ത്തനം അവതരിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് CarPlay.

ആപ്പിള്‍ കാര്‍ പ്ലേയുടെ പ്രവര്‍ത്തനം വോള്‍വോ, ഫെറാരി കാറുകളിലേത് താഴെ കാണാം.

ബ്ലാക്‌ബെറി മാജിക്, ആപ്പിള്‍ കണ്‍കെട്ട്

അല്ലെങ്കിലും സ്‌റ്റോക്ക് വിറ്റഴിക്കല്‍ മേളകള്‍ എന്നും സാധാരണക്കാരന് അഭിനിവേശമാണ്. ബനിയന്‍-ജട്ടി സ്‌റ്റോക്ക് ക്ലിയറന്‍സ് സെയില്‍ മാതൃകയില്‍ ലോകോത്തര സ്മാര്‍ട്‌ഫോണുകളും കിട്ടുമ്പോള്‍ അധികം ആലോതിക്കാതെ വാങ്ങിക്കുന്നതാണ് നല്ലത് എന്നു തീര്‍ത്തു പറയാം. ആപ്പിളും സാംസങ്ങുമൊക്കെ പഴയ മോഡലുകള്‍ക്ക് വില കുറച്ച് വിറ്റെങ്കിലും അടുത്ത കാലത്ത് കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഭീകര ഡീല്‍ നടത്തിയത് ബ്ലാക്‌ബെറിയാണ്. ഒരു വര്‍ഷം മുമ്പ് 44,000 രൂപയ്ക്ക് ഇന്ത്യയില്‍ ലോഞ്ച് ചെയ്ത ഫോണിന് വില കുറച്ച് കുറച്ച് ഒടുവില്‍ വെറും 18,000 രൂപയ്ക്ക് കമ്പനി സംഗതി വിറ്റുതീര്‍ത്തു.

ആന്‍ഡ്രോയ്ഡ് കാറ്റില്‍ ബ്ലാക്‌ബെറികള്‍ കൊഴിഞ്ഞു വീഴുന്ന കാലത്ത് കമ്പനിയുടെ ഹാന്‍ഡ്‌സെറ്റുകള്‍ക്കൊന്നും പഴയ ഡിമാന്‍ഡില്ല എന്നത് സത്യമാണ്. എന്നാല്‍, അതുകൊണ്ട് ബ്ലാക്‌ബെറി ഉല്‍പന്നങ്ങള്‍ ആന്‍ഡ്രോയ്്ഡിനെക്കാള്‍ മോശമാണെന്നു പറഞ്ഞുകൂട. ഒരുകാലത്ത് നാഗരികതയുടെ അടയാളമായിരുന്ന സാധനമാണ് ഇപ്പോള്‍ വിറ്റഴിക്കല്‍ മേളയിലൂടെ ഒഴിവാക്കേണ്ടി വരുന്നത് എന്നതു കഷ്ടവുമാണ്.

എന്തു തന്നെയായാലും ബ്ലാക്‌ബെറി സെഡ് 10 പോലെയൊരു ഫോണ്‍ 18,000 രൂപയ്ക്ക് വിപണിയില്‍ ലഭിക്കുക എന്നത് ബ്ലാക്‌ബെറി പ്ലാറ്റ്‌ഫോം ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ച് ഒരു ലോട്ടറിയാണ്. താരതമ്യം ചെയ്യാനാവാത്ത മികവുള്ള ടച്ച് സ്‌ക്രീന്‍ ആണ് സെഡ് 10നുള്ളത്. 1.5 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍കോര്‍ പ്രൊസെസ്സര്‍, 2 ജിബി റാം, 16 ജിബി ഇന്റേണല്‍ മെമ്മറി തുടങ്ങിയ മികവുകള്‍ ബ്ലാക്‌ബെറി ഒസിന് ആവശ്യത്തിലുമധികമാണ്. എന്നാല്‍, നല്ലൊരു ശതമാനം ആളുകളും ബ്ലാക്‌ബെറി കാണുമ്പോള്‍ നെറ്റി ചുളിക്കുന്നത് ഇതില്‍ ആപ്പൊന്നുമില്ലല്ലോ എന്നു കരുതിയിട്ടാണ്. സെഡ് 10 പഴയ ബ്ലാക്‌ബെറി പോലെയല്ല എന്നതാണ് യാഥാര്‍ഥ്യം. ബ്ലാക്‌ബെറി 10 ഓപ്പറേറ്റിങ് സിസ്റ്റമുള്ള ഫോണില്‍ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകളും പ്രവര്‍ത്തിക്കും എന്നത് ചെറിയ കാര്യമല്ല.

ബ്ലാക്‌ബെറി കാണിച്ചത് ഒരു ബിസിനസ് മാജിക്കാണെന്നതില്‍ സംശയമില്ല. സമാനമാണ് ഇപ്പോള്‍ ഗ്യാലക്‌സി എസ്4നോടു സാംസങ്ങും ചെയ്തിരിക്കുന്നത്. എസ്5 ഏപ്രില്‍ 11ന് വിപണിയിലെത്താനിരിക്കെ അതിനു മുന്‍പ് എസ്4 പരമാവധി വിറ്റഴിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. അതിനു വേണ്ടി ഇന്ത്യയില്‍ ഏകദേശം പതിനായിരത്തോളം രൂപയാണ് സാംസങ് കുറച്ചിരിക്കുന്നത്. ആമസോണിലും ഫഌപ്കാര്‍ട്ടിലും ഗ്യാലക്‌സി എസ്4 ഇപ്പോള്‍ 30,000 രൂപയ്ക്ക് വാങ്ങാം. ആ വിലയ്ക്ക് എസ്4 വളരെ മികച്ച ഒരു ഓപ്ഷനാണ് എന്നു നിസ്സംശയം പറയാം. ഗ്യാലക്‌സി എസ്3 ആമസോണില്‍ വില്‍ക്കുന്നത് 23,500 രൂപയ്ക്കാണ്.

ഇതൊക്കെ വളരെ മാന്യമായ ഡീലുകളാണെന്നു പറയാം. സഹിക്കാനാവാത്തത് ആപ്പിളിന്റെ ഐഫോണ്‍ 4 കച്ചവടമാണ്. ലോകവിപണിയില്‍ നിന്നു പിന്‍വലിച്ച കാലഹരണപ്പെട്ട സാധനം പുതിയ ഒഎസ് അടിച്ചുകയറ്റി ഇന്ത്യന്‍ വിപണിയില്‍ ആദായവിലയ്ക്ക് വില്‍ക്കാന്‍ ആപ്പിള്‍ കാണിക്കുന്ന ധൈര്യം അപാരമാണ്. ഐഫോണ്‍ 4 കഴിഞ്ഞ് 4എസ്, ഐഫോണ്‍ 5, 5എസ് എന്നീ മോഡലുകളും സമകാലിക സാങ്കേതികമികവുകളോടെ മറ്റു കമ്പനികളുടെ ഫോണുകളും വിപണിയിലുള്ളപ്പോഴാണ് ഐഫോണ്‍ 4ന്റെ 8ജിബി മോഡലിന്റെ വിറ്റുപോകാത്ത പീസുകള്‍ ഇന്ത്യയില്‍ കൊണ്ടുവന്നു തള്ളാന്‍ കമ്പനി തീരുമാനിച്ചത്. ആ പദ്ധതി വിജയിച്ചോ ഇല്ലയോ എന്നറിയില്ല. എന്തായാലും ഇന്ത്യയിലും ഇന്തോനേഷ്യയിലും ബ്രസീലിലും ഐഫോണ്‍ 4 പുതുതായി നിര്‍മിച്ച് അവതരിപ്പിക്കാനാണ് ആപ്പിളിന്റെ പുതിയ നീക്കം.

പഴയ ആപ്പിള്‍ വേണ്ടാത്തവര്‍ക്ക് രണ്ടാഴ്ചത്തേക്ക് പുതിയ ആപ്പിള്‍ ഉപയോഗിക്കാനുള്ള ഓപ്ഷനാണ് കമ്പനിയുടെ പുതിയ ഓഫര്‍. ബൈ ആന്‍ഡ് ട്രൈ ഓഫര്‍ അനുസരിച്ച് ഇപ്പോള്‍ ഏത് ആപ്പിള്‍ ഉല്‍പന്നവും നമുക്ക് വാങ്ങാം. രണ്ടാഴ്ച ഉപയോഗിച്ചിട്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ തിരികെ കൊടുക്കാം. റിലയന്‍സ് ഡിജിറ്റല്‍ ഉള്‍പ്പെടെയുള്ള പ്രീമിയം ഷോപ്പുകളിലേ ഓഫറുള്ളൂ. വാങ്ങുമ്പോള്‍ മുഴുവന്‍ വിലയും കൊടുക്കണം. രണ്ടാഴ്ച ഉപയോഗിച്ചിട്ടു തിരികെ കൊടുക്കുമ്പോള്‍ 1000 കൂറച്ച് ബാക്കി തുക തിരികെ തരും. സ്‌ക്രാച്ചില്ലാതെ ബോക്‌സില്‍ അതേപടി തിരികെ കൊടുക്കണമെന്നു മാത്രം.