ഫ്രാന്ദനോ അതോ ഫീകരനോ ?

ഭൂതംപ്രേതപിശാചുക്കളും അന്യഗ്രഹജീവികളുമൊക്കെ ഏതു രൂപത്തിലും വരും. നമ്മുടെ ചെറിയ ബുദ്ധികൊണ്ട് മനസ്സിലാക്കാന്‍ പറ്റാത്ത വിധം സങ്കീര്‍ണമായ രഹസ്യങ്ങള്‍ അനാവരണം ചെയ്തിട്ട് അവരങ്ങു പോവുകയും ചെയ്യും. രഹസ്യങ്ങള്‍ ഇവിടെ കിടക്കും, നമുക്കൊരു ചുക്കും മനസ്സിലാവുകയുമില്ല. പഴയതുപോലെ പറക്കും തളികയിലൊക്കെ വന്നിറങ്ങുന്നതും പച്ച ഹെഡ്‌ലൈറ്റിട്ടു നടക്കുന്നതുമൊക്കെ ക്ലീഷേയാണ്. പുതിയ കാലത്തിന്റെ മാധ്യമങ്ങളെ അവരും ഉപയോഗിച്ചാല്‍ കുറ്റം പറയാനൊക്കില്ല.

ദുരൂഹതകളുടെ ന്യൂ ജനറേഷന്‍ കലവറയുമായി അജ്ഞാതന്‍ അക്കൗണ്ട് തുറന്നിരിക്കുന്നത് യു ട്യൂബിലാണ്. എട്ടു മാസം മുന്‍പ് തുടങ്ങിയ യൂ ട്യൂബിലെ കൈവിട്ട കളി തുടരുകയാണ്. ഇന്റര്‍നെറ്റിനെ കിടുകിടാ വിറപ്പിച്ചുകൊണ്ടിരിക്കുന്ന വെബ് ഡ്രൈവര്‍ ടോര്‍സോ (ബസ് ഡ്രൈവര്‍ ജോസ് എന്നു വിളിച്ചാല്‍ പേടി കുറയും) എന്ന യൂസര്‍ ആണ് അന്യഗ്രഹജീവിയാണോ അതോ നാടന്‍ പ്രാന്തനാണോ എന്ന കാര്യത്തില്‍ കണ്‍ഫ്യൂഷന്‍ ബാക്കി നില്‍ക്കുന്നത്. 2013 സെപ്റ്റംബര്‍ 23നാണ് വെബ്‌ഡ്രൈവര്‍ ടോര്‍സോ യു ട്യൂബിലെ ആദ്യ വിഡിയോ അപ്‌ലോഡ് ചെയ്യുന്നത്. തുടര്‍ന്ന് 28 മിനിറ്റ് കഴിഞ്ഞപ്പോള്‍ അടുത്ത വിഡിയോ. വീണ്ടും അര മണിക്കൂറിനുള്ളില്‍ അടുത്ത വിഡിയോ. ഇങ്ങനെ ഓരോ അരമണിക്കൂറിലും ഓരോ 11 സെക്കന്‍ഡ് വിഡിയോ എന്ന കണക്കില്‍ ഏഴു മാസം കൊണ്ട് വെബ് ഡ്രൈവര്‍ ടോര്‍സോ യു ട്യൂബില്‍ അപ് ലോഡ് ചെയ്തിരിക്കുന്നത് 80,000 വിഡിയോകളാണ്. ഇപ്പോഴും പണി തുടരുന്നു.

സാംപിളിനൊരെണ്ണം താഴെ.

11 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ചുവപ്പ് നീല ചതുരങ്ങള്‍ മാത്രമേയുള്ളൂ. ഈ ചതുരങ്ങളുള്ള പത്തു സ്ലൈഡുകളേ ഒരു വിഡിയോയിലുണ്ടാവൂ. ചതുരങ്ങള്‍ മാറി വരുന്നതനുസരിച്ച് കംപ്യൂട്ടര്‍ ജനറേറ്റഡ് ടോണുകളും കേള്‍ക്കാം. ചതുരങ്ങളുടെ അര്‍ഥമോ അവ നല്‍കുന്ന സന്ദേശമോ ആര്‍ക്കും അറിയില്ല. എല്ലാ വിഡിയോകളിലും ചുവപ്പ് നീല ചതുരങ്ങളും അവയെ പ്രതിനിധാനം ചെയ്യുന്ന ശബ്ദങ്ങളും മാത്രം. ദുരുഹതയുടെ കേന്ദ്രമായി വെബ്‌ഡ്രൈവര്‍ ടോര്‍സോ മാറിയതോടെ ഓണ്‍ലൈന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും തിയറികള്‍ ആവിഷ്‌കരിച്ചു തുടങ്ങി.

ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ യൂ ട്യൂബ് ഡേറ്റ വിശകലനം ചെയ്ത് ഈ വിഡിയോകളെ അപഗ്രഥിച്ചു. ഒരു ദിവസം ഏകദേശം 400 വിഡോയകള്‍ വരെ ഈ അക്കൗണ്ടില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ക്രിസ്മസ് ദിവസമാകട്ടെ 2 മിനിറ്റ് ഇടവിട്ട് ഓരോ വിഡിയോകളും. ചാര ഏജന്‍സികളുടെ രഹസ്യ സന്ദേശമാണെന്നതു മുതല്‍ അന്യഗ്രഹജീവികളുടെ യു ട്യൂബ് അക്കൗണ്ട് ആണെന്നു വരെ തിയറികളുണ്ട്.

ഏതോ ഓട്ടമേറ്റഡ് സോഫ്റ്റ്‌വെയറിന്റെ പിരിവെട്ടിയതിനെ തുടര്‍ന്നുണ്ടായ ഏനക്കേടുകളാണ് അര മണിക്കൂര്‍ കൂടുമ്പോഴുള്ള വിഡിയോകള്‍ എന്നായിരുന്നു ഒടുവിലുള്ള വിലയിരുത്തല്‍. എന്നാല്‍, മാസങ്ങളോളം ഊണും ഉറക്കവുമില്ലാതെ കോപ്പ് ഉണ്ടാക്കി അപ്‌ലോഡ് ചെയ്തുകൊണ്ടിരുന്നവന്‍ പെട്ടെന്ന് അതു നിര്‍ത്തി. ഏപ്രില്‍ ആദ്യവാരത്തോടെ പണി നിര്‍ത്തിവച്ച വെബ്‌ഡ്രൈവര്‍ ടോര്‍സോ മൂന്നാഴ്ചത്തെ നിശബ്ദതയ്ക്കു ശേഷം മെയ് രണ്ടിനു വീണ്ടും അപ്‌ലോഡിങ് പുനരാരംഭിച്ചു.

വെബ്‌ഡ്രൈവര്‍ ടോര്‍സോ ഫ്രാന്‍സുകാരനാണെന്നാണ് ഇതുവരെയുള്ള നിഗമനം. ഫ്രാന്‍സില്‍ മാത്രം കാണാന്‍ സാധിക്കുന്ന തരത്തില്‍ ലോക്കേഷന്‍ അധിഷ്ഠമായി അപ്‌ലോഡ് ചെയ്തിരിക്കുന്ന അനിമേഷന്‍ വിഡിയോയും വര്‍ണവെളിച്ചത്തില്‍ മുങ്ങി നില്‍ക്കുന്ന ഈഫല്‍ ടവറിന്റെ മറ്റൊരു വിഡിയോയുമാണ് ഇതിനെ സാധൂകരിക്കുന്ന തെളിവ്. വീടിന്റെ അടുക്കളയിലോ മറ്റോ നിന്ന് പ്രാന്തന്‍ മൊബൈല്‍ ഫോണിലെടുത്തതാണെന്നു തോന്നും ആ വിഡിയോ. നീല ചുവപ്പ് ചതുരങ്ങളല്ലാതെ ഒരു വിഡിയോ കണ്ടതോടെ മഞ്ജു വാര്യര്‍ വീണ്ടും അഭിനയിച്ച സിനിമ കണ്ടതുപോലെയുള്ള സന്തോഷമായിരുന്നു ഡ്രൈവറുടെ ഫോളോവേഴ്‌സിന്. രണ്ടായിരത്തഞ്ഞൂറോളം കമന്റുകളുള്ള വെറും ആറു സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈഫല്‍ ടവര്‍ വിഡിയോ ഇതാണ്.

ആരായിരിക്കും ഇവന്‍ ? എന്തായിരിക്കും ഇവന്റെ ഉദ്ദേശം എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. ഇലൂമിനേഷലുള്ള ഈഫല്‍ ടവര്‍ കാണിച്ചത് ഡ്രൈവര്‍ പഴയകാല നിഗൂഢപ്രസ്ഥാനമായ ഇല്ലുമിനാറ്റിയുടെ (ഡാന്‍ ബ്രൗണിന്റെ ഏഞ്ചല്‍സ് ആന്‍ഡ് ഡെമണ്‍സ് വായിക്കുക) ആളായതുകൊണ്ടാണ് എന്നാണ് ഭൂരിഭാഗവും വിശ്വസിക്കുന്നത്. മറ്റൊരു ഗ്രഹത്തില്‍ നിന്ന് ഇവിടെ വന്ന് യു ട്യൂബില്‍ ഇമ്മാതിരി വിഡിയോകള്‍ പബ്ലിക്കായി ഇടാന്‍ മാത്രം തലയ്ക്ക് ഓളമുള്ള ഏലിയന്‍സ് ഉണ്ടാകുമെന്നു വിശ്വസിക്കാന്‍ പ്രയാസമാണ്. എന്‍ക്രിപ്റ്റഡ് കമ്യൂണിക്കേഷനൊക്കെ ഇത്രയും വികസിച്ച ഇക്കാലത്ത് ഇതൊക്കെ രഹസ്യസന്ദേശങ്ങളും കോഡുകളും ആണെന്നും വിശ്വസിക്കാന്‍ പ്രയാസം. നാടന്‍ ഭ്രാന്തനാണെന്നു വിചാരിച്ചാലും ഇത്ര ചിട്ടയോടെ, അച്ചടക്കത്തോടെ ഊണും ഉറക്കവും ഉപേക്ഷിച്ച് വിഡിയോകള്‍ അപ്‌ലോഡ് ചെയ്യാനുള്ള സാധ്യത വിരളമാണ്.

ഇനി അവശേഷിക്കുന്ന സാധ്യത ഒന്നേയുള്ളൂ- വെബ് ഡ്രൈവര്‍ ടോര്‍സേയെ ദൈവമായി പ്രഖ്യാപിക്കുക. ഈ വിഡിയോകള്‍ ഓരോന്നും അവന്റെ തിരുവചനങ്ങളായി വ്യാഖ്യാനിക്കുക. എല്ലാ ഡ്രൈവര്‍മാരും ഈ മതത്തില്‍ ചേരണമെന്നു പറഞ്ഞ് പ്രചാരണം നടത്തുകയും ചെയ്യാം. നീലയും ചുവപ്പും വിശുദ്ധ ചിഹ്നങ്ങളായി കരുതുകയും കീ-കൂ എന്നുള്ള ശബ്ദം ഭക്തിഗാനമായി രേഖപ്പെടുത്തുകയും ചെയ്യാം. ഈ പോക്കു പോവുകയാണെങ്കില്‍ അത് സംഭവിക്കുക തന്നെ ചെയ്യും. സൂക്ഷിച്ചു വീക്ഷിക്കുവിന്‍: Webdriver Torso

ഒബാമ സാംസങ് പരസ്യത്തില്‍

അമേരിക്കന്‍ പ്രസിഡന്റിനെ തികച്ചും സൗജന്യമായി തങ്ങളുടെ പരസ്യത്തില്‍ മോലാക്കാന്‍ കഴിഞ്ഞതില്‍ കൊറിയന്‍ കമ്പനിയായ സാംസങ്ങിന് പ്രാദേശികമായി അഭിമാനിക്കാം. സെല്‍ഫി എന്ന ആയുധം ഉപയോഗിച്ചാണ് സാംസങ് വഴിയേ പോകുന്നവരെയൊക്കെ തങ്ങളുടെ പരസ്യത്തിനായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. മാര്‍ഗം കൂതറയാണെങ്കിലും ലക്ഷ്യം പരസ്യമായതുകൊണ്ട് മാര്‍ക്കറ്റിങ് വിദ്യാര്‍ഥികള്‍ക്ക് ഇതൊരു നല്ല പാഠമാണ്.

യുഎസിലെ ബോസ്റ്റ്ന്‍ റെഡ് സോക്‌സ് ടീമിലെ ബേസ്‌ബോള്‍ താരം ഡേവിഡ് ഓര്‍ട്ടിസ് ആണ് ഒബാമയോടൊപ്പം സെല്‍ഫിയെടുത്ത് സാംസങ്ങിനു വേണ്ടി മാര്‍ക്കറ്റിങ് നടത്തിയിരിക്കുന്നത്. വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ഒബാമയോടൊപ്പം നിന്ന് ഓര്‍ട്ടിസ് സെല്‍ഫിയെടുത്തത് സാംസങ് നോട്ട് 3 ഫോണില്‍ നിന്നാണ്. സെല്‍ഫി ഹാഷ്ടാഗ ചെയ്ത് ഓര്‍ട്ടിസ് ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. നിഷ്‌കളങ്കമായ ആ ട്വീറ്റ് ഇതാണ്.

എന്നാല്‍, ആ നിഷ്‌കളങ്കത ആസൂത്രിതമാണെന്നു തെളിയിച്ചുകൊണ്ട് പടം റീട്വീറ്റ് ചെയ്തു മുതലാക്കിയത് സാംസങ് ആണ്. സാംസങ് മൊബൈല്‍ യുഎസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഓര്‍ട്ടിസിന്റെ ഒബാമ സെല്‍ഫി റീട്വീറ്റ് ചെയ്തത്. പിന്നാലെയുള്ള ട്വീറ്റുകളില്‍ ഫോട്ടോയെടുത്തത് സാംസങ് ഗ്യാലക്‌സി നോട്ട് 3 ഉപയോഗിച്ചാണെന്നു കമ്പനി തന്നെ വെളിപ്പെടുത്തിയതോടെ സെല്‍ഫി മാര്‍ക്കറ്റിങ് ഗൂഢാലോചന വിവാദമായിരിക്കുകയാണ്.

സാംസങ് സെല്‍ഫിയിലൂടെ ഒബാമയെ തോല്‍പിക്കുന്നത് ഇതാദ്യമല്ല. ഓസ്‌കര്‍ നിശയില്‍ അവതാരക എല്ലെന്‍ ഡിജെനറസിന്റെ കയ്യില്‍ ഫോണും കൊടുത്തുവിട്ട് തുരുതുരാ സെല്‍ഫികളെടുപ്പിച്ച് അതിലൊരെണ്ണം സൂപ്പര്‍ ഹിറ്റാക്കി ചരിത്രം തിരുത്തിക്കുറിച്ചപ്പോള്‍ തകര്‍ത്തതും ഒബാമയുടെ റെക്കോര്‍ഡായിരുന്നു. ടെക്‌നോളജി കമ്പനികളും സോഷ്യല്‍ മീഡിയയും കൂടി അമേരിക്കന് പ്രസിഡന്റിനെയും മറ്റും ചുമ്മാ പന്തുതട്ടി കളിക്കുന്നതു കാണുമ്പോള്‍ ഒരു രസം.

എല്ലെന്റെ ഓസ്‌കര്‍ സെല്‍ഫി ഒരു ട്വിറ്റര്‍ വൈറല്‍ വേണമെന്ന നിര്‍ബന്ധ ബുദ്ധിയോടെ സൃഷ്ടിച്ചതായിരുന്നു. സമാനമായ രീതിയില്‍ വൈറ്റ് ഹൗസിലേക്കു പോകും മുമ്പ് എങ്ങനെ ഒബാമയെ ഒരു സെല്‍ഫിയില്‍ കുരുക്കണം എന്നു സാംസങ് പ്രതിനിധികള്‍ ഓര്‍ട്ടിസിന് ക്ലാസ്സെടുത്തിരുന്നു. സെല്‍ഫിയോടനബന്ധിച്ച് സാംസങ്ങിന്റെ പ്രസ്താവനയില്‍ പറയുന്നത് ഇങ്ങനെയാണ്: “We were thrilled to see the special, historic moment David Ortiz captured with his Galaxy Note 3 during his White House visit. It was an honor to help him capture such an incredible and genuine moment of joy and excitement. It was an honor to help him capture such an incredible and genuine moment of joy and excitement.”

ഒബാമയെ വളരെ സമര്‍ത്ഥമായി പരസ്യത്തിനു വേണ്ടി ഉപയോഗിക്കുകയായിരുന്നു എന്നത് വ്യക്തമാണ്. ഓര്‍ട്ടിസേട്ടന്‍ പടത്തിന് സാംസങ്ങിന്റെ കയ്യില്‍ നിന്ന് എത്ര വാങ്ങി എന്നതാണ് ഇനി അറിയാനുള്ളത്. അമേരിക്കന്‍ പ്രസിഡന്റിനുള്ളതിനെക്കാള്‍ ആരാധകര്‍ ഇന്ത്യയില്‍ നരേന്ദ്ര മോദിക്കും രാഹുല്‍ ഗാന്ധിക്കുമൊക്കെയുണ്ട് എന്നു സാംസങ് മനസ്സിലാക്കണം. ഓര്‍ട്ടിസിനെക്കാള്‍ പേരും പെരുമയുമുള്ള ഭീകര സ്‌പോര്‍ട്‌സ് താരങ്ങളും ഇവിടെയുണ്ട്. ഇന്ത്യയായതുകൊണ്ട് നോട്ട് 3 ഒന്നും വേണമെന്നില്ല. ഒരു ഗ്യാലക്‌സി എസ് ഡ്യുവോസും കൊടുത്ത് വിട്ടാല്‍ മതി, തിരഞ്ഞെടുുപ്പു കാലമായതുകൊണ്ട് ക്ലോസപ്പുകള്‍ക്കു പഞ്ഞമുണ്ടാവില്ല.

ഫെയ്‌സ്ബുക്കിനെന്തു വിര്‍ച്വല്‍ റിയാലിറ്റി

കയ്യില്‍ നിറയെ കാശുള്ള മുതലാളി നാട്ടിലെ കണ്ണായ സ്ഥലങ്ങളെല്ലാം വാങ്ങിക്കൂട്ടുന്നതുപോലെയാണ് ഫെയ്‌സ്ബുക്കിന്റെ ഏറ്റെടുക്കല്‍ മഹായജ്ഞം. 1.18 ലക്ഷം കോടി രൂപയ്ക്ക് വാട്ട്‌സ്ആപ്പ് ഇന്‍സ്റ്റന്റ് മെസ്സെഞ്ചര്‍ ഏറ്റെടുത്ത ഫെയ്‌സ്ബുക്ക് വിര്‍ച്വല്‍ റിയാലിറ്റിയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത ഒക്യുലസ് റിഫ്റ്റിനെയും ഏറ്റെടുക്കുന്നു. 12000 കോടി രൂപയ്ക്കാണ് കിക്ക്സ്റ്റാര്‍ട്ടറില്‍ ഞെട്ടിച്ച വിര്‍ച്വല്‍ റിയാലിറ്റി കമ്പനിയെ ഫെയ്‌സ്ബുക്ക് ഏറ്റെടുത്തത്. താനാരാണെന്നു തനിക്കറിയില്ലെങ്കില്‍ അത് തന്നോടു ചോദിക്കേണ്ട അവസ്ഥയിലെത്തിക്കുന്ന വിധം സ്ഥലജലവിഭ്രാന്തിയുണ്ടാക്കുന്ന എച്ച്ഡി 3ഡി വിര്‍ച്വല്‍ റിയാലിറ്റി ഗെയിമിങ് ഹെഡ്‌സെറ്റ് ആണ് ഒക്യുലസ് റിഫ്റ്റിന്റെ പ്രധാന ഉല്‍പന്നം. ജനുവരിയില്‍ ലാസ് വെഗാസില്‍ നടന്ന രാജ്യാന്തര കണ്‍സ്യുമര്‍ ഇലക്ട്രോണിക്‌സ് ഷോയിലെ ഏറ്റവും ശ്രദ്ധേയമായ അവതരണമായിരുന്നു ഒക്യുലസ് റിഫ്റ്റ്.

2012ല്‍ കിക്ക്സ്റ്റാര്‍ട്ടറില്‍ നിക്ഷേപസമാഹരണം നടത്തിയ ഒക്യുലസ് റിഫ്റ്റ് ചുരുങ്ങിയ സമയം കൊണ്ടാണ് ലോകത്തെ ഏറ്റവും ഇന്നൊവേറ്റീവായ സംരംഭവങ്ങളിലൊന്നായി മാറിയത്. റോബോട്ടിക്‌സിലും വിര്‍ച്വല്‍ റിയാലിറ്റിയിലുമുള്ള ഫെയ്‌സ്ബുക്കിന്റെ താല്‍പര്യവും നിക്ഷേപവും അഞ്ചു വര്‍ഷത്തിനപ്പുറം സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് വെബ്‌സൈറ്റ് എന്നതില്‍ നിന്ന് മറ്റെന്തോ ഒക്കെയായി മാറാനുള്ള ഫെയ്‌സ്ബുക്കിന്റെ ശ്രമത്തിന്റെ ഭാഗമാണ്.

വാട്ട്‌സ്ആപ്പ് ഏറ്റെടുക്കലും ഒക്യുലസ് റിഫ്റ്റ് ഏറ്റെടുക്കലും തമ്മിലുള്ള പ്രധാന വ്യത്യാസം വാട്ട്‌സ്ആപ്പിനെ ഏറ്റെടുത്തത് അതിനെ വളര്‍ത്താനല്ല എന്നതാണ്.സ്വന്തം നിലയ്‌ക്കൊരു സോഷ്യല്‍ മീഡിയ സംസ്‌കാരം തന്നെ വളര്‍ത്തിയെടുത്ത വാട്ട്‌സ്ആപ്പ് ഫെയ്‌സ്ബുക്കിന്റെ കൈകളിലായപ്പോള്‍ രണ്ടു പേരുടെയും ഇമേജ് മാറി. അല്ലെങ്കിലും കൂടുതല്‍ അംഗങ്ങള്‍ ചേരുമെന്നതിനപ്പുറം വാട്ട്‌സ്ആപ്പില്‍ വലിയ വിസ്മയങ്ങള്‍ക്കൊന്നും ഇനി സാധ്യതയില്ല. വോയ്‌സ് കോള്‍ ഉടനെ ആരംഭിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും അതൊന്നും വലിയ കാര്യമല്ലെടാ പുല്ലേ എന്ന സന്ദേശം നല്‍കി ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ സക്കര്‍ബര്‍ഗ് ആദ്യം അത് കൊണ്ടുവന്നു. അല്ലെങ്കിലും വൈബര്‍ ഉള്‍പ്പെടെയുള്ള മെസഞ്ചര്‍ ആപ്പുകളില്‍ വോയ്‌സ് കോളിങ് ഉള്ളപ്പോള്‍ അതിനെയും പുതിയൊരു സങ്കേതം എന്നു വിളിക്കുന്നതില്‍ കാര്യമില്ല.

ഗെയിമിങ് ഹെഡ്‌സെറ്റ് എന്നതിനപ്പുറത്ത് ഒക്യുലസ് റിഫ്റ്റിന് ഏതൊക്കെ മേഖലകളില്‍ എന്തൊക്കെ വിസ്മയങ്ങള്‍ സാധിക്കും എന്നു നിര്‍ണയിക്കപ്പെടുന്നത് പദ്ധതിയില്‍ ഫെയ്‌സ്ബുക്ക് നടത്തുന്ന നിക്ഷേപവും ഏതു മേഖലയില്‍ ഒക്യുലസ് റിഫ്റ്റിനെ ഫെയ്‌സ്ബുക്ക് വികസിപ്പിച്ചെടുക്കും എന്നതും ആശ്രയിച്ചിരിക്കും. ചുരുക്കിപ്പറഞ്ഞാല്‍, വാട്ട്‌സ് ആപ്പ് 30 കഴിഞ്ഞ ഫെമിനിസ്റ്റിനെപ്പോലെയാണെങ്കില്‍ ഒക്യുലസ് റിഫ്റ്റ് അദ്ഭുതലോകത്ത് നില്‍ക്കുന്ന അതിസുന്ദരിയായ കൗമാരക്കാരിയാണ്. ഫെയ്‌സ്ബുക്ക് എന്ന കൊച്ചുമുതലാളിക്ക് എന്തെങ്കിലും ചെയ്യാന്‍ സ്‌കോപ്പുള്ളത് ഒക്യുലസ് റിഫ്റ്റിലാണ്.

ഏറ്റെടുക്കലിനെ സംബന്ധിച്ച് ഫെയ്‌സ്ബുക്ക് മുതലാളിയുടെ കുറിപ്പ്-[Link]
ഒക്യുലസ് റിഫ്റ്റ് മുതലാളിമാരുടെ കുറിപ്പ്- [Link]

ഒക്യുലസ് റിഫ്റ്റ് എന്താണെന്നും അതിലെ വിര്‍ച്വല്‍ റിയാലിറ്റി അനുഭവം എന്താണെന്നും മനസ്സിലാക്കാവുന്ന ഒരു വിഡിയോ താഴെ. ഫെയ്‌സ്ബുക്കിനും ഒക്യുലസിനും ലോകം മുഴുവനും നന്മ വരട്ടെ.

പാട്ടിന്റെ പാല്‍ക്കടല്‍

സംഗീതമാകുന്ന പശുവിന്റെ അകിട്ടില്‍ നിന്നും പാട്ടുകള്‍ കറന്നെടുക്കാന്‍ സാംസങ്ങിന്റെ സ്വന്തം റേഡിയോ ആപ്ലിക്കേഷന്‍ മില്‍ക്ക് മ്യൂസിക് പുറത്തിറങ്ങി. കഴിഞ്ഞ സെപ്റ്റംബറില്‍ ആപ്പിള്‍ അവതരിപ്പിച്ച ഐട്യൂണ്‍സ് റേഡിയോയ്ക്കും ലൂമിയ ഫോണുകളിലുള്ള വിന്‍ഡോസ് ആപ്ലിക്കേഷനായ നോക്കിയ മിക്‌സ് റേഡിയോയ്ക്കും തത്തുല്യമാണ് മില്‍ക്ക് മ്യൂസിക്. ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനാണെങ്കിലും സാംസങ് ഗ്യാലക്‌സി സീരിസില്‍പ്പെട്ട തിരഞ്ഞെടുത്ത മോഡലുകള്‍ക്കു മാത്രമേ മില്‍ക്ക് റേഡിയോ ലഭിക്കൂ. കൊറിയന്‍ കമ്പനിയാണെങ്കിലും സംഗീതവിപണിയുടെ കരുത്തു നോക്കി യുഎസിലുള്ള ഉപയോക്താക്കള്‍ക്കു മാത്രമേ തല്‍ക്കാലം മില്‍ക്ക് റേഡിയോ കേള്‍ക്കാന്‍ പറ്റൂ. വൈകാതെ ഇങ്ങോട്ടൊക്കെ വരുമെന്നു പ്രതീക്ഷിക്കാം.

ആപ്പിള്‍ ഐട്യൂണ്‍സ് റേഡിയോയില്‍ നിന്ന് എടുത്തു പറയാവുന്ന പ്രധാന വ്യത്യാസങ്ങളിലൊന്ന് മില്‍ക്കില്‍ പരസ്യങ്ങളില്ല എന്നതാണ്. ഐട്യൂണ്‍സ് റേഡിയോയിലെ പോലെ തന്നെ ഉപയോക്താവിന്റെ അഭിരുചികളും മുന്‍ഗണനകളും മനസ്സിലാക്കി മില്‍ക്ക് ഇരുനൂറിലേറെ സ്‌റ്റേഷനുകളില്‍ നിന്നുള്ള റേഡിയോ സ്ട്രീം വ്യക്തിഗതമാക്കി നല്‍കും.

വളരെ മികച്ച യുസര്‍ ഇന്റര്‍ഫെയ്‌സ് ആണ് മില്‍ക്ക് റേഡിയോയുടെ പ്രത്യേകതകളിലൊന്ന്. മ്യൂസിക് ഡയല്‍ ആണ് ഇതില്‍ ഏറ്റവും ആകര്‍ഷകം. വിവിധ സ്റ്റേഷനുകളും വിഭാഗങ്ങളും ഈ ഡയലില്‍ നിന്നും എളുപ്പത്തില്‍ തിരഞ്ഞെടുക്കാം. പോപ്പുലര്‍, ന്യൂ, ഫേവറിറ്റ് എന്നിങ്ങനെ പാട്ടുകളുടെ സ്ട്രീം ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടമനുസരിച്ച് ക്രമീകരിക്കാം. സാംസങ് അക്കൗണ്ട് വഴി ലോഗിന്‍ ചെയ്താല്‍ വിവിധ ഉപകരണങ്ങളിലെ ആപ്ലിക്കേഷനുകള്‍ സിംക് ചെയ്യാം. ഇഷ്ടമുള്ള പാട്ടുകള്‍ ആപ്ലിക്കേഷനുള്ളില്‍ തന്നെ ഡൗണ്‍ലോഡ് ചെയ്ത് ഓഫ്‌ലൈനായി കേള്‍ക്കാം. പാട്ടുകള്‍ വാങ്ങാനുള്ള സൗകര്യം നിലവിലില്ല. ഐട്യൂണ്‍സ് റേഡിയോയുടെ മെച്ചപ്പെട്ട ഒരു അനുകരണമാണ് മില്‍ക്ക് മ്യൂസിക് എന്നു പറഞ്ഞാല്‍ തെറ്റില്ല. പണ്‍ഡോര, സ്‌പോട്ടിഫൈ തുടങ്ങിയ ആപ്ലിക്കേഷനുകളുമായും മില്‍ക്ക് മല്‍സരിക്കേണ്ടി വരും.

എല്ലാ ഗ്യാലക്‌സിക്കാര്‍ക്കും സാംസങ് മില്‍ക്ക് കൊടുക്കുന്നില്ല. തിരികെ കടിക്കാത്ത ഗ്യാലക്‌സി എസ്4, എസ്3, ഗ്യാലക്‌സി നോട്ട് 3, നോട്ട് 2, ഗ്യാലക്‌സി മെഗാ, ഗ്യാലക്‌സി എസ്4 മിനി എന്നീ ഹാന്‍ഡ്‌സെറ്റുകളുള്ള അമേരിക്കക്കാര്‍ക്ക് മില്‍ക്ക് ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് പാട്ടു കേള്‍ക്കാം. ഏപ്രില്‍ 11ന് എത്തുന്ന ഗ്യാലക്‌സി എസ്5 ഫോണിലും ഇത് ഡൗണ്‍ലോഡ് ചെയ്യാം. വിശദാംശങ്ങള്‍ക്ക് സാംസങ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: Samsung/Milk

മില്‍ക്കിന്റെ പ്രവര്‍ത്തനം കാണാന്‍ ഈ വിഡിയോ കൂടി കാണുക.

ബിറ്റ് കോയ്ന്‍: എന്തൊക്കെയായിരുന്നു !!!

നാണയങ്ങള്‍ക്കിടിയിലെ ആം ആദ്മിയായിരുന്നു ബിറ്റ്‌കോയ്ന്‍. സര്‍ക്കാര്‍-ബാങ്കിങ് സ്ഥാപനങ്ങളുടെ ഇടപെടലുകളില്ലാതെ പൂര്‍ണമായ സ്വാതന്ത്ര്യവും സുതാര്യതയും സുരക്ഷിതത്വവും അവകാശപ്പെട്ടിരുന്ന ബിറ്റ്‌കോയ്ന്‍ ഒടുവില്‍ ന്യൂജനറേഷന്‍ സിനിമ പോലെ പ്രതിസന്ധിയിലാണ്. ഒരു പക്ഷെ, കരുത്തുനേടി ശക്തമായ ഒരു തിരിച്ചുവരവ് നടത്തിയേക്കാം. മറിച്ചാണെങ്കില്‍ സര്‍ക്കാര്‍-ബാങ്കിങ് സ്ഥാപനങ്ങളുടെ നിയന്ത്രണങ്ങളില്‍പ്പെട്ട് മെല്ലെ മെല്ലെ വിശ്വാസ്യത നഷ്ടപ്പെട്ട് അസ്തമിച്ചുപോയേക്കാം.

ആയിരം ഡോളര്‍ വരെ ഉയര്‍ന്ന ബിറ്റ്‌കോയ്ന്‍ ഇപ്പോള്‍ തളര്‍ച്ചയിലാണ്. എന്നാല്‍, യഥാര്‍ഥ പ്രശ്‌നം ബിറ്റ്‌കോയ്ന്‍ നെറ്റ്‌വര്‍ക്ക് എത്രത്തോളം സുരക്ഷിതമാണ് എന്നതാണ്. അതോടൊപ്പം തന്നെ ബിറ്റ്‌കോയ്ന്‍ ഒരു നാണയമെന്ന നിലയില്‍ അംഗീകരിക്കപ്പെടാനുള്ള സാധ്യത കുറഞ്ഞുവരുന്നതും സ്വതന്ത്ര്യ-വിര്‍ച്വല്‍ കറന്‍സിയുടെ ഭാവിയെക്കുറിച്ച് ആശങ്കകളുണര്‍ത്തുന്നുണ്ട്. ശുഭാപ്തിവിശ്വാസം പുലര്‍ത്തുകയും ഭരണകൂടഭീകരതയെ കുറ്റം പറയുകയും ചെയ്യുന്നതിനപ്പുറം സാധാരണക്കാര്‍ക്ക് വിശ്വസിക്കാവുന്ന തരത്തില്‍ ബിറ്റ്‌കോയ്‌നെ കരുത്തുറ്റതാക്കാന്‍ അതിന്റെ ഉപജ്ഞാതാക്കള്‍ക്കും സംരക്ഷകര്‍ക്കും കഴിയുന്നില്ലെങ്കില്‍ ഭാവി ശോഭനമാവില്ല എന്നു പറയേണ്ടി വരും.

വിവിധ സര്‍ക്കാരുകള്‍ ബിറ്റ്‌കോയ്‌നുമേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിവരുമ്പോഴാണ് പ്രധാന ബിറ്റ്‌കോയ്ന്‍ എക്‌സ്‌ചേഞ്ചായ ജപ്പാന്‍ ആസ്ഥാനമായ മൗണ്ട് ഗോക്‌സ് അടച്ചുപൂട്ടിയത്. ഹാക്കര്‍മാര്‍ മൗണ്ട് ഗോക്‌സ് നെറ്റ്‌വര്‍ക്കില്‍ കടന്നുകയറി ഒരു കോടിയോളം ഉപയോക്താക്കളുടെ 2400 കോടിയോളം രൂപ വിലവരുന്ന പതിനായിരക്കണക്കിനു ബിറ്റ്‌കോയ്‌നുകളാണ് മോഷ്ടിച്ചത്. ഇന്‍ഷുറന്‍സ് പരിരക്ഷയൊന്നുമില്ലാത്തതിനാല്‍ മൗണ്ട് ഗോക്‌സ് പാപ്പര്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തതോടെ കാശുപോയവര്‍ക്ക് കാശുപോയി എന്നത് അംഗീകരിക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ല. ഏറ്റവുമധികം വിനിമയം നടന്നിരുന്ന എക്‌സേഞ്ച് ആയിരുന്നു മൗണ്ട് ഗോക്‌സ്.

മൗണ്ട് ഗോക്‌സ് പൂട്ടിയതോടെ ജപ്പാന്‍ സര്‍ക്കാരിനും വ്യക്തമായ ചില നിലപാടുകള്‍ എടുക്കേണ്ടതായി വന്നു. ജപ്പാന്‍ മന്ത്രിസഭയുടെ പുതിയ നിലപാട് അനുസരിച്ച് ബിറ്റ്‌കോയ്ന്‍ ഒരു നാണയമല്ല. ബാങ്കുകള്‍ അവരുടെ ഒരു ഉല്‍പന്നമെന്ന നിലയില്‍ ഉപയോക്താക്കള്‍ക്ക് ബിറ്റ്‌കോയ്ന്‍ വില്‍ക്കാന്‍ പാടില്ലെന്നും ജപ്പാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. നാണയമല്ലാതായ ബിറ്റ്‌കോയ്ന്‍ ഇടപാടുകള്‍ക്ക് മറ്റേത് ഉല്‍പന്നങ്ങള്‍ക്കുമുള്ളതുപോലെ നികുതിയും ഈടാക്കാനാണ് തീരുമാനം. ഇത് ബിറ്റ്‌കോയ്‌ന് ഒരു നല്ല നാളെ വരുമെന്നുള്ള സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാണ്. റഷ്യയിലും ചൈനയിലും നേരത്തെ തന്നെ ബിറ്റ്‌കോയ്‌ന് നാണയം എന്ന പദവി നഷ്ടപ്പെട്ടിരുന്നു. യുകെയില്‍ ബിറ്റ്‌കോയ്‌ന് 20 ശതമാനം വാറ്റ് ഏര്‍പ്പെടുത്താനാണ് നീക്കം. നാണയമെന്ന നിലയ്ക്ക് പ്രവര്‍ത്തിക്കുന്ന യുഎസിലാകട്ടെ നിയന്ത്രണങ്ങള്‍ക്കു വേണ്ടി സെനറ്റര്‍മാര്‍ മുറവിളി കൂട്ടുന്നുമുണ്ട്.

മൗണ്ട് ഗോക്‌സിന് സംഭവിച്ചത് ഒറ്റപ്പെട്ട ദുരന്തമാണെന്നും അതൊരിക്കലും ബിറ്റ്‌കോയിന്റെ വിശ്വാസത്യതയെ ചോദ്യം ചെയ്യില്ലെന്നുമായിരുന്നു ബാക്കിയുള്ള ബിറ്റ്‌കോയ്ന്‍ എക്‌സ്‌ചേഞ്ചുകള്‍ സംയുക്തപ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍, കാനഡ ആസ്ഥാനമായുള്ള ഫ്‌ളെക്‌സ്‌കോയ്്ന്‍ എക്‌സ്‌ചേഞ്ചും പൂട്ടിയതോടെ വാഗ്ദാനങ്ങളും ഉറപ്പുകളും ജലരേഖകളായി. ഹാക്കിങ്ങിനെ തുടര്‍ന്ന് ലക്ഷക്കണക്കിനു രൂപയുടെ ബിറ്റ്‌കോയ്‌നുകള്‍ നഷ്്ടമായതിനെ തുടര്‍ന്നാണ് ഫ്‌ളെക്‌സ്‌കോയ്്‌നും പൂട്ടിയത്. ലോകത്ത് ആദ്യമായി ബിറ്റ്‌കോയ്ന്‍ എടിഎം മെഷീന്‍ സ്ഥാപിച്ചു ചരിത്രം സൃഷ്ടിച്ച രാജ്യമായിരുന്നു കാനഡ. മറ്റൊരു ബിറ്റ്‌കോയന്‍ എക്‌സ്‌ചേഞ്ച് സ്ഥാപകയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതും കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു.

ഈ സമയത്താണ് ഏറെ മഹത്വവല്‍ക്കരിച്ചിരുന്ന ബിറ്റ്‌കോയ്ന്‍ സ്ഥാപകന്‍ ഡോറിയന്‍ പ്രെന്റിസ് സതാഷോ നകാമോട്ടോ ഏതു ബിറ്റ്‌കോയ്ന്‍ എന്തു ബിറ്റ്‌കോയ്ന്‍ എന്നു ചോദിച്ചു പൊട്ടന്‍ കളിച്ചുകൊണ്ടിരിക്കുന്നത്. ബിറ്റ്‌കോയ്‌നെക്കുറിച്ച് തനിക്കൊന്നും അറിയില്ല എന്നതാണ് നകാമോട്ടോയുടെ നിലപാട്. ഒന്നുകില്‍ ആ നകാമോട്ടോ അല്ല ഈ നകാമോട്ടോ. അല്ലെങ്കില്‍ ഈ നകാമോട്ടോ ബിറ്റ്‌കോയ്‌നുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു കഴിഞ്ഞു. അതുമല്ലെങ്കില്‍ തന്റെ ബിറ്റ്‌കോയ്ന്‍ ബന്ധം മറച്ചുവയ്ക്കുന്നതിനു വേണ്ടി അദ്ദേഹം പൊട്ടന്‍കളിക്കുന്നു. എന്തായാലും മഹത്തായ ഒരു ജാപ്പനീസ് പിതൃത്വം അവരോധിച്ചിരുന്ന ബിറ്റ്‌കോയ്ന്‍ ഇപ്പോള്‍ ഒരു ബാസ്റ്റാഡ് നാണയമായി മാറിയിരിക്കുകയാണ്.

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നതാണ് ബിറ്റ്‌കോയ്ന്‍ ഇടപാടുകളെ സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നമ്മളോടു പറഞ്ഞിരിക്കുന്നത്. ബാംഗ്ലൂര്‍ ആസ്ഥാനമായി ബിറ്റ്‌കോയ്ന്‍ ഇടപാടുകള്‍ വളരെ സജീവമായി ഇപ്പോഴും മുന്നോട്ടു പോകുന്നുണ്ട്. രാജ്യാന്തരതലത്തില്‍ ബിറ്റ്‌കോയ്ന്‍ പ്രതിസന്ധി നേരിടുമ്പോള്‍ ലഹരിമരുന്ന്-മനുഷ്യക്കടത്ത് മാഫിയകളുടെ പ്രിയപ്പെട്ട നാണയമായി മാറിക്കൊണ്ടിരിക്കുന്ന ബിറ്റ്‌കോയ്‌നുമേല്‍ സര്‍ക്കാര്‍ ഔദ്യോഗികമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സാധ്യത വര്‍ധിച്ചുവരികയാണ്. ഇതു ന്യൂജനറേഷന്‍ സാധനമാണെന്നു കരുതി ചാടി വീഴുന്നതിനു മുന്‍പ് രണ്ടോ മൂന്നോ വട്ടം ആലോചിക്കുന്നതില്‍ തെറ്റില്ല എന്നു ചുരുക്കം.

ബിറ്റ്‌കോയ്‌നെപ്പറ്റി കാര്യമായി അറിയാത്തവര്‍ക്ക് അതിനെപ്പറ്റി വ്യക്തമായി മനസ്സിലാക്കാന്‍, ബിറ്റ്‌കോയ്‌ന്റെ പ്രവര്‍ത്തനം മനസ്സിലാക്കാന്‍ ഈ വിഡിയോ സഹായകമാകും എന്നു കരുതുന്നു.

ഫ്രീക്ക്, കൂള്‍, ഫ്രീകോള്‍ !

മൊബൈല്‍ ഫോണില്‍ സൗജന്യ കോളുകള്‍ക്ക് മാര്‍ക്ക് സക്കര്‍ബര്‍ഗ് വാഗ്ദാനം ചെയ്തതുപോലെ വാട്ട്‌സ് ആപ്പില്‍ വോയ്‌സ് കോളുകള്‍ വരാന്‍ കാത്തിരിക്കേണ്ട ആവശ്യമില്ല. വാട്ട്‌സ്ആപ്പും സമാനമായ മെസഞ്ചര്‍ സേവനങ്ങളുമാണ് വിപ്ലവം എന്നു പറയുന്നവര്‍ ഇന്ത്യന്‍ കാലാവസ്ഥയ്ക്കനുസൃതമായ ഫ്രീകോള്‍ പരിചയപ്പെടുകയും പരീക്ഷിക്കുകയും വേണം. പേരു സൂചിപ്പിക്കുന്നതുപോലെ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ, മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ 1000 രൂപയുടെ ഫോണില്‍ നിന്നും ഏതു സാധാരണക്കാരനും സൗജന്യ കോള്‍- അതാണ് ഫ്രീകോള്‍ വിഭാവനം ചെയ്യുന്നതും യാഥാര്‍ഥ്യമാക്കുന്നതും.

ബാംഗ്ലൂരില്‍ നിന്നുള്ള പിള്ളേര്‍ ചേര്‍ന്നുണ്ടാക്കിയ ആശയമാണ് ഇന്ത്യന്‍ മൊബൈല്‍ കമ്യൂണിക്കേഷന്‍ രംഗത്തെ ഈ പുതിയ വിപ്ലവം. യശസ് സി. ശേഖര്‍, വിജയകുമാര്‍ ഉമാലുതി, സന്ദേശ് എന്നിവരുടെ നേതൃത്തിലാണ് ഫ്രീകോള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ബാംഗ്ലൂരിലെ എംഎസ് രാമയ്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികളാണിവര്‍. ഫ്രീകോള്‍ യാഥാര്‍ഥ്യമാക്കാന്‍ പിള്ളേരുടെ സ്റ്റാര്‍ട്ട് അപ്പിനു നിക്ഷേപം നടത്തിയത് കോട്ടയം അച്ചായനും കെനിയയിലെ നോക്കിയ-സീമെന്‍സ് നെറ്റ്‌വര്‍ക്കിന്റെ തലവനായ രഞ്ജിത് ചെറിക്കല്‍ ആണ്. വോയ്‌സ് കോള്‍ മെസഞ്ചര്‍ സര്‍വീസുകളായ സ്‌കൈപിലും വെരിസണ്‍ നെറ്റ്‌വര്‍ക്കിലും ജോലി ചെയ്തിട്ടുള്ള രഞ്ജിത് ഫ്രീകോളിന്റെ സാധ്യതകള്‍ മനസ്സിലാക്കിയതിനു ശേഷമാണ് നിക്ഷേപം നടത്തിയത്.

വളരെ ലളിതമാണ് ഫ്രീകോളിന്റെ പ്രവര്‍ത്തനം. നമ്മുടെ മൊബൈല്‍ ഫോണില്‍ നിന്നും 080-49202060 അല്ലെങ്കില്‍ 080-492020602 എന്ന നമ്പരിലേക്കു മിസ്ഡ് കോള്‍ നല്‍കുക. തുടര്‍ന്ന് ആ നമ്പരില്‍ നിന്നും നിങ്ങളെ തിരികെ വിളിക്കും. അപ്പോള്‍ നിങ്ങള്‍ സൗജന്യമായി വിളിക്കാനാഗ്രഹിക്കുന്ന നമ്പര്‍ ഡയല്‍ ചെയ്ത ശേഷം ഹാഷ് കീ അമര്‍ത്തുക. റിങ് ചെയ്യുന്ന സമയത്ത് നിങ്ങള്‍ കേള്‍ക്കുന്നത് പരസ്യമായിരിക്കും. തുടര്‍ന്നു നിങ്ങള്‍ക്കു സംസാരിക്കാം. രണ്ടു മിനിറ്റ് ആവുമ്പോള്‍ വീണ്ടും വരും പരസ്യം. അപ്പോള്‍ മിണ്ടാതിരിക്കുക. 10 സെക്കന്‍ഡിനു ശേഷം പരസ്യം അവസാനിക്കും. ഇങ്ങനെ എത്ര നേരം വേണമെങ്കിലും സംസാരിക്കാന്‍ ഫ്രീകോള്‍ അവസരമൊരുക്കുന്നു. ക്ലൗഡ്, വോയ്‌സ് ഓവര്‍ ഐപി സാങ്കേതികവിദ്യകളാണ് ഫ്രീകോളിന്റെ അടിസ്ഥാനം. ഈ വിഡിയോ ഫ്രീകോള്‍ പ്രവര്‍ത്തനം ലളിതമായി വിശദീകരിക്കുന്നുണ്ട്.

മുകളില്‍ പറഞ്ഞ നമ്പരുകളിലേക്കൊന്നും ആരും ഇപ്പോള്‍ വിളിച്ചു നോക്കേണ്ട. ശനിയാഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച ഫ്രീകോളിനു ലഭിച്ചത് അമ്പരപ്പിക്കുന്ന പ്രതികരണമാണ്. ചുരുങ്ങിയ സമയം കൊണ്ട് 4 ലക്ഷം കോളുകള്‍. ബീറ്റ ലോഞ്ചിങ് വിജയമായതുകൊണ്ട് തല്‍ക്കാലം ഈ നമ്പരുകള്‍ പ്രവര്‍ത്തിക്കുന്നില്ല. പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമായി ഏപ്രില്‍ 15ന് ഫ്രീകോള്‍ വീണ്ടുമെത്തും. തുടര്‍ന്ന് സര്‍ക്കാര്‍ അംഗീകാരത്തോടെ ഒരു മാസത്തിനുള്ളില്‍ രാജ്യാന്തര കോളുകളും വിളിക്കാനാവും. അടുത്ത സാമ്പത്തികവര്‍ഷത്തിന്റെ അവസാനത്തോടെ ദിവസേന ഒരു കോടി കോളുകളാണ് ഫ്രീകോള്‍ പ്രതീക്ഷിക്കുന്നത്, അതില്‍ നിന്ന് ഏകദേശം 185 കോടി രൂപ പരസ്യവരുമാനവും. ഇതോടൊപ്പം തന്നെ രഞ്ജിത് ചെറിക്കലിന്റെ തട്ടകമായ ആഫ്രിക്കയിലും ഫ്രീകോള്‍ ലോഞ്ചിങ് ഉദ്ദേശിക്കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.freekall.in
ഫ്രീകോള്‍ ഫെയ്‌സ്ബുക്ക്: Facebook.com/Freekall

സീരിയും സംഘവും കൂടെവരും

കാറോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത് എന്നാണ് ട്രാഫിക് വിദഗ്ധന്‍മാര്‍ പറയുന്നത്. രണ്ടു കയ്യും സ്റ്റിയറിങ്ങില്‍ ഇല്ലെങ്കില്‍ സാധനം നല്ലതുപോലെ തിരിയില്ല എന്നതുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നു കരുതി പലരും ഹാന്‍ഡ്‌സ്ഫ്രീ മോഡില്‍ ഉപയോഗിക്കുന്നുണ്ട്. തങ്ങള്‍ മറ്റുള്ളവരെക്കാള്‍ എന്തിനൊക്കെയോ ശേഷിയുള്ളവരാണെന്നു വിശ്വസിക്കുന്ന വിഡ്ഡികള്‍ ഇപ്പോഴും ഒരു കൈകൊണ്ട് കാര്‍ അതിവേഗം പായിക്കുമ്പോള്‍ തന്നെ മറുകൈ കൊണ്ട് ഫോണ്‍ ഉപയോഗിക്കാറുണ്ട്. മള്‍ട്ടി ടാസ്‌കിങ് മികവുള്ളവര്‍ക്ക് കാറില്‍ ഫോണുപയോഗിക്കാം എന്നത് ഒരു മിഥ്യാധാരണയാണ്. പൂര്‍ണശ്രദ്ധ ആവശ്യമുള്ള ഡ്രൈവിങ്ങില്‍ നിന്നു ശ്രദ്ധ കുറയുന്നത് അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട് എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതുകൊണ്ടും സൂപ്പര്‍മാന്‍, സ്‌പൈഡര്‍മാന്‍, ബാറ്റ്മാന്‍ ശ്രേണിയിലുള്ളവര്‍ക്കല്ലാതെ മറ്റുള്ളവര്‍ക്ക് എല്ലാ കാര്യത്തിലും ഒരേപോലെ ശ്രദ്ധ കൊടുക്കാന്‍ കഴിയില്ല എന്നുറപ്പുള്ളതുകൊണ്ടുമാണ് വണ്ടിയോടിക്കുമ്പോള്‍ ഫോണുപയോഗിക്കരുത് എന്നു പറയുന്നത്.

എന്നാല്‍, ഇത്തരം സുരക്ഷാ മുന്നറിയിപ്പുകളെ അവഗണിച്ചുകൊണ്ടാണ് ആപ്പിള്‍ പുതിയ ഡാഷ്‌ബോര്‍ഡ് ഇന്റര്‍ഫെയ്‌സ് ആയ ആപ്പിള്‍ കാര്‍പ്ലേ അവതരിപ്പിച്ചിരിക്കുന്നത്. ആപ്പിള്‍ ഐഫോണിനെ കാറിലെ ഡാഷ്‌ബോര്‍ഡുമായി ബന്ധിപ്പിച്ച് കോളുകള്‍ സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള ഫോണിലെ സേവനങ്ങള്‍ ഡ്രൈവിങ്ങിനിടയില്‍ ഉപയോഗിക്കുന്നതിന് ആളുകളെ സഹായിക്കുന്നതിനുള്ളതാണ് ആപ്പിള്‍ കാര്‍ പ്ലേ. എത്ര മഹത്തരമെന്ന് ആപ്പിളും ടെക്‌നോളജി വിദഗ്ധന്‍മാര്‍ വിശേഷിപ്പിച്ചാലും ഡ്രൈവിങ്ങിനെ കുഴപ്പത്തിലാക്കുന്ന, റോഡില്‍ അപകടസാധ്യതയൊരുക്കുന്ന സംവിധാനമാണ് ആപ്പിള്‍ കാര്‍ പ്ലേ എന്നു പറയാന്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറൊന്നും ആവേണ്ട ആവശ്യമില്ല.

കാറിനുള്ളില്‍ ഐഫോണ്‍ ഉപയോഗിക്കാന്‍ സ്മാര്‍ട് ആയ, സുരക്ഷിതമായ വഴി എന്നാണ് കാര്‍ പ്ലേയെ ആപ്പിള്‍ വിശേഷിപ്പിക്കുന്നത്. വിശാലമായ ടച്ച് സ്‌ക്രീനും ഡാഷ്‌ബോര്‍ഡിലെ കണ്‍ട്രോള്‍ സ്വിച്ചുകളും സ്റ്റിയറിങ് വീലില്‍ ഘടിപ്പിക്കുന്ന സീരി കണ്‍ട്രോള്‍ ബട്ടണുമാണ് കാര്‍ പ്ലേയുടെ ഹാര്‍ഡ്‌വെയര്‍ ഭാഗങ്ങള്‍. നിലവില്‍ ആപ്പിള്‍ ഐഫോണ്‍ 5, 5എസ്, ഐഫോണ്‍ 5സി എന്നീ മോഡലുകള്‍ മാത്രമേ കാര്‍ പ്ലേ സപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ. കാര്‍ പ്ലേയുമായി ബന്ധിപ്പിക്കാന്‍ ലൈറ്റ്‌നിങ് കണക്ടര്‍ ആണുപയോഗിക്കുന്നത്. കോളെടുക്കാം, മാപ്പ് ഉപയോഗിക്കാം, എസ്എസുകള്‍ സീരി ടൈപ്പ് ചെയ്തയച്ചുകൊള്ളും. വരുന്ന മെസ്സേജുകളും സീരി വായിച്ചു കേള്‍പിക്കും. പാട്ടുകേള്‍ക്കുന്നതുള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ഐഫോണ്‍ ആപ്ലിക്കേഷനുകളൊക്കെ കാര്‍പ്ലേയിലും പ്രവര്‍ത്തിക്കും. എല്ലാത്തിനും സീരിയുടെ സഹായമുണ്ടാകും. സ്റ്റിയറിങ് വീലിലെ വോയ്‌സ് കണ്‍ട്രോള്‍ ബട്ടണുകള്‍ ഉപയോഗിച്ച് സീരിയെക്കൊണ്ട് കാര്യങ്ങള്‍ ചെയ്യിക്കാം.

ഹ്യുന്‍ഡായ്, ഹോണ്ട, ജാഗ്വാര്‍, ബെന്‍സ്, ബിഎംഡബ്ല്യു, ഫോര്‍ഡ്, ഷെവര്‍ലെ, ഫെറാരി, വോള്‍വോ, ലാന്‍ഡ് റോവര്‍, മിസ്തുബിഷി, നിസ്സാന്‍, ഓപല്‍, സുസുക്കി, ടയോട്ട തുടങ്ങിയ കമ്പനികളുടെ വരാനിരിക്കുന്ന കാറുകളിലാണ് കാര്‍ പ്ലേ ഉപയോഗിക്കാവുന്നത്. ജനീവ മോട്ടോര്‍ ഷോയില്‍ ഇന്ന് ആപ്പിള്‍ കാര്‍ പ്ലേയുടെ പൂര്‍ണമായ പ്രവര്‍ത്തനം അവതരിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് CarPlay.

ആപ്പിള്‍ കാര്‍ പ്ലേയുടെ പ്രവര്‍ത്തനം വോള്‍വോ, ഫെറാരി കാറുകളിലേത് താഴെ കാണാം.

ബ്ലാക്‌ബെറി മാജിക്, ആപ്പിള്‍ കണ്‍കെട്ട്

അല്ലെങ്കിലും സ്‌റ്റോക്ക് വിറ്റഴിക്കല്‍ മേളകള്‍ എന്നും സാധാരണക്കാരന് അഭിനിവേശമാണ്. ബനിയന്‍-ജട്ടി സ്‌റ്റോക്ക് ക്ലിയറന്‍സ് സെയില്‍ മാതൃകയില്‍ ലോകോത്തര സ്മാര്‍ട്‌ഫോണുകളും കിട്ടുമ്പോള്‍ അധികം ആലോതിക്കാതെ വാങ്ങിക്കുന്നതാണ് നല്ലത് എന്നു തീര്‍ത്തു പറയാം. ആപ്പിളും സാംസങ്ങുമൊക്കെ പഴയ മോഡലുകള്‍ക്ക് വില കുറച്ച് വിറ്റെങ്കിലും അടുത്ത കാലത്ത് കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഭീകര ഡീല്‍ നടത്തിയത് ബ്ലാക്‌ബെറിയാണ്. ഒരു വര്‍ഷം മുമ്പ് 44,000 രൂപയ്ക്ക് ഇന്ത്യയില്‍ ലോഞ്ച് ചെയ്ത ഫോണിന് വില കുറച്ച് കുറച്ച് ഒടുവില്‍ വെറും 18,000 രൂപയ്ക്ക് കമ്പനി സംഗതി വിറ്റുതീര്‍ത്തു.

ആന്‍ഡ്രോയ്ഡ് കാറ്റില്‍ ബ്ലാക്‌ബെറികള്‍ കൊഴിഞ്ഞു വീഴുന്ന കാലത്ത് കമ്പനിയുടെ ഹാന്‍ഡ്‌സെറ്റുകള്‍ക്കൊന്നും പഴയ ഡിമാന്‍ഡില്ല എന്നത് സത്യമാണ്. എന്നാല്‍, അതുകൊണ്ട് ബ്ലാക്‌ബെറി ഉല്‍പന്നങ്ങള്‍ ആന്‍ഡ്രോയ്്ഡിനെക്കാള്‍ മോശമാണെന്നു പറഞ്ഞുകൂട. ഒരുകാലത്ത് നാഗരികതയുടെ അടയാളമായിരുന്ന സാധനമാണ് ഇപ്പോള്‍ വിറ്റഴിക്കല്‍ മേളയിലൂടെ ഒഴിവാക്കേണ്ടി വരുന്നത് എന്നതു കഷ്ടവുമാണ്.

എന്തു തന്നെയായാലും ബ്ലാക്‌ബെറി സെഡ് 10 പോലെയൊരു ഫോണ്‍ 18,000 രൂപയ്ക്ക് വിപണിയില്‍ ലഭിക്കുക എന്നത് ബ്ലാക്‌ബെറി പ്ലാറ്റ്‌ഫോം ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ച് ഒരു ലോട്ടറിയാണ്. താരതമ്യം ചെയ്യാനാവാത്ത മികവുള്ള ടച്ച് സ്‌ക്രീന്‍ ആണ് സെഡ് 10നുള്ളത്. 1.5 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍കോര്‍ പ്രൊസെസ്സര്‍, 2 ജിബി റാം, 16 ജിബി ഇന്റേണല്‍ മെമ്മറി തുടങ്ങിയ മികവുകള്‍ ബ്ലാക്‌ബെറി ഒസിന് ആവശ്യത്തിലുമധികമാണ്. എന്നാല്‍, നല്ലൊരു ശതമാനം ആളുകളും ബ്ലാക്‌ബെറി കാണുമ്പോള്‍ നെറ്റി ചുളിക്കുന്നത് ഇതില്‍ ആപ്പൊന്നുമില്ലല്ലോ എന്നു കരുതിയിട്ടാണ്. സെഡ് 10 പഴയ ബ്ലാക്‌ബെറി പോലെയല്ല എന്നതാണ് യാഥാര്‍ഥ്യം. ബ്ലാക്‌ബെറി 10 ഓപ്പറേറ്റിങ് സിസ്റ്റമുള്ള ഫോണില്‍ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകളും പ്രവര്‍ത്തിക്കും എന്നത് ചെറിയ കാര്യമല്ല.

ബ്ലാക്‌ബെറി കാണിച്ചത് ഒരു ബിസിനസ് മാജിക്കാണെന്നതില്‍ സംശയമില്ല. സമാനമാണ് ഇപ്പോള്‍ ഗ്യാലക്‌സി എസ്4നോടു സാംസങ്ങും ചെയ്തിരിക്കുന്നത്. എസ്5 ഏപ്രില്‍ 11ന് വിപണിയിലെത്താനിരിക്കെ അതിനു മുന്‍പ് എസ്4 പരമാവധി വിറ്റഴിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. അതിനു വേണ്ടി ഇന്ത്യയില്‍ ഏകദേശം പതിനായിരത്തോളം രൂപയാണ് സാംസങ് കുറച്ചിരിക്കുന്നത്. ആമസോണിലും ഫഌപ്കാര്‍ട്ടിലും ഗ്യാലക്‌സി എസ്4 ഇപ്പോള്‍ 30,000 രൂപയ്ക്ക് വാങ്ങാം. ആ വിലയ്ക്ക് എസ്4 വളരെ മികച്ച ഒരു ഓപ്ഷനാണ് എന്നു നിസ്സംശയം പറയാം. ഗ്യാലക്‌സി എസ്3 ആമസോണില്‍ വില്‍ക്കുന്നത് 23,500 രൂപയ്ക്കാണ്.

ഇതൊക്കെ വളരെ മാന്യമായ ഡീലുകളാണെന്നു പറയാം. സഹിക്കാനാവാത്തത് ആപ്പിളിന്റെ ഐഫോണ്‍ 4 കച്ചവടമാണ്. ലോകവിപണിയില്‍ നിന്നു പിന്‍വലിച്ച കാലഹരണപ്പെട്ട സാധനം പുതിയ ഒഎസ് അടിച്ചുകയറ്റി ഇന്ത്യന്‍ വിപണിയില്‍ ആദായവിലയ്ക്ക് വില്‍ക്കാന്‍ ആപ്പിള്‍ കാണിക്കുന്ന ധൈര്യം അപാരമാണ്. ഐഫോണ്‍ 4 കഴിഞ്ഞ് 4എസ്, ഐഫോണ്‍ 5, 5എസ് എന്നീ മോഡലുകളും സമകാലിക സാങ്കേതികമികവുകളോടെ മറ്റു കമ്പനികളുടെ ഫോണുകളും വിപണിയിലുള്ളപ്പോഴാണ് ഐഫോണ്‍ 4ന്റെ 8ജിബി മോഡലിന്റെ വിറ്റുപോകാത്ത പീസുകള്‍ ഇന്ത്യയില്‍ കൊണ്ടുവന്നു തള്ളാന്‍ കമ്പനി തീരുമാനിച്ചത്. ആ പദ്ധതി വിജയിച്ചോ ഇല്ലയോ എന്നറിയില്ല. എന്തായാലും ഇന്ത്യയിലും ഇന്തോനേഷ്യയിലും ബ്രസീലിലും ഐഫോണ്‍ 4 പുതുതായി നിര്‍മിച്ച് അവതരിപ്പിക്കാനാണ് ആപ്പിളിന്റെ പുതിയ നീക്കം.

പഴയ ആപ്പിള്‍ വേണ്ടാത്തവര്‍ക്ക് രണ്ടാഴ്ചത്തേക്ക് പുതിയ ആപ്പിള്‍ ഉപയോഗിക്കാനുള്ള ഓപ്ഷനാണ് കമ്പനിയുടെ പുതിയ ഓഫര്‍. ബൈ ആന്‍ഡ് ട്രൈ ഓഫര്‍ അനുസരിച്ച് ഇപ്പോള്‍ ഏത് ആപ്പിള്‍ ഉല്‍പന്നവും നമുക്ക് വാങ്ങാം. രണ്ടാഴ്ച ഉപയോഗിച്ചിട്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ തിരികെ കൊടുക്കാം. റിലയന്‍സ് ഡിജിറ്റല്‍ ഉള്‍പ്പെടെയുള്ള പ്രീമിയം ഷോപ്പുകളിലേ ഓഫറുള്ളൂ. വാങ്ങുമ്പോള്‍ മുഴുവന്‍ വിലയും കൊടുക്കണം. രണ്ടാഴ്ച ഉപയോഗിച്ചിട്ടു തിരികെ കൊടുക്കുമ്പോള്‍ 1000 കൂറച്ച് ബാക്കി തുക തിരികെ തരും. സ്‌ക്രാച്ചില്ലാതെ ബോക്‌സില്‍ അതേപടി തിരികെ കൊടുക്കണമെന്നു മാത്രം.

ആന്‍ഡ്രോയ്ഡിന് ഇനി കിറ്റ്കാറ്റ് രുചി

സ്മാര്‍ട്‌ഫോണ്‍ യുഗത്തിനു മധുരം നല്‍കിയ ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന് ഇനി ചോക്ലേറ്റ് രുചി. അടുത്ത ആന്‍ഡ്രോയ്ഡ് വേര്‍ഷന് ഗൂഗിള്‍ നല്‍കിയിരിക്കുന്നത് ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ചോക്ലേറ്റിന്റ പേരാണ്- കിറ്റ്കാറ്റ്. കിറ്റ്കാറ്റ് നിര്‍മാതാക്കളായ നെസ്റ്റ്‌ലെയുടെ സഹകരണത്തോടെയാണ് ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. കിറ്റ്കാറ്റിന്റെ ഔദ്യോഗിക ലോഗോയും ആന്‍ഡ്രോയ്ഡ് രൂപത്തിലുള്ള കിറ്റ്കാറ്റ് ചാക്ലേറ്റും ഇനി ആന്‍ഡ്രോയ്ഡില്‍ ഗൂഗിള്‍ ഉപയോഗിക്കും. ഇരുകമ്പനികളും സഹകരിച്ചുള്ള മാര്‍ക്കറ്റിങ് വിദ്യകളും പ്രതീക്ഷിക്കാം.

2009ല്‍ ആദ്യ വേര്‍ഷനായ കപ്‌കേക്ക് (ആന്‍ഡ്രോയ്ഡ് 1.5) പുറത്തിറങ്ങിയതു മുതല്‍ ഇംഗ്‌ളിഷ് അക്ഷരമാല ക്രമത്തിലാണ് തുടര്‍ന്നുള്ള വേര്‍ഷനുകള്‍ ഗൂഗിള്‍ അവതരപ്പിക്കുന്നത്. ഓരോ അക്ഷരത്തിലും തുടങ്ങുന്ന മധുരപലഹാരത്തിന്റെ പേരാണ് ഗൂഗിള്‍ ഇതിനായി തിരഞ്ഞെടുത്തിരുന്നത്. സി മുതല്‍ ജെ വരെ (കപ്‌കേക്ക്, ഡൊനട്ട്, എക്ലയര്‍, ഫ്രോയോ, ജിഞ്ചര്‍ബ്രെഡ്, ഹണികോംബ്, ഐസ്‌ക്രീം സാന്‍ഡ്‌വിച്ച,് ജെല്ലിബീന്‍) എട്ടു വേര്‍ഷനുകള്‍ക്കു ശേഷം ഇനി കെ എന്ന അക്ഷരത്തില്‍ വരാനിരിക്കുന്ന വേര്‍ഷന്‍ ഏതായിരിക്കുമെന്നതിനെ സംബന്ധിച്ച് ഊഹാപോഹങ്ങള്‍ ശക്തമായിരുന്നു. കീ ലൈം പി എന്നായിരിക്കും അടുത്ത ആന്‍ഡ്രോയ്ഡ് വേര്‍ഷനെന്ന് കരുതിയിരിക്കുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി ഒരു ബ്രാന്‍ഡഡ് മധുരം ഗൂഗിള്‍ തിരഞ്ഞെടുത്തത്. ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങും. കൂടുതല്‍ വിവരങ്ങള്‍ക്ക് android.com/kitkat

ഇതോടൊപ്പം തന്നെ ആന്‍ഡ്രോയ്ഡുമായി സഹകരിച്ചുള്ള പുതിയ കിറ്റ്കാറ്റ് ചോക്ലേറ്റും എത്തുന്നുണ്ട്. കിറ്റ്കാറ്റ് 4.4. എന്നു പേരിട്ടിരിക്കുന്ന ചോക്ലേറ്റില്‍ മൂന്നിനു പകരം നാല് ചോക്ലേറ്റ് ഫിംഗറുകളാണുള്ളത്. അതിനു പുറമേ ഈ ചോക്ലേറ്റ് വാങ്ങുന്നവര്‍ക്ക് ഭാഗ്യസമ്മാനമായി ഗൂഗിളിന്റെ നെക്‌സസ് ടാബ്‌ലെറ്റുകളും ഗൂഗിള്‍ പ്ലേ വൗച്ചറുകളുമൊക്കെ നേടാനുള്ള അവസരവുമുണ്ട്. വിശദവിവരങ്ങള്‍ക്ക് kitkat.com

ഷവോമി: ചൈനീസ് ആപ്പിള്‍

പാശ്ചാത്യലോകത്തിന് ആപ്പിളും സ്റ്റീവ് ജോബ്‌സും എന്തായിരുന്നോ അതും അതിലപ്പുറവുമാണ് ഏഷ്യയ്ക്ക് ഷവോമിയും സിഇഒ ലെയ് ജുനും. ചൈനീസ് സ്മാര്‍ട്‌ഫോണ്‍ കമ്പനിയായ ഷവോമി(Xiaomi) ലോക സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ സൃഷ്ടിക്കുന്നത് പുതിയ റെക്കോര്‍ഡുകളാണ്. വിസ്മയകരമായ വളര്‍ച്ചയും വിശ്വാസ്യതയും കോടിക്കണക്കിനു വരുന്ന ആരാധകവൃന്ദവും ഷവോമിക്ക് നേടിക്കൊടുക്കുന്നത് വലിയ മാധ്യമശ്രദ്ധയാണ്.

ഓരോ ആഴ്ചയും വാര്‍ത്തകളില്‍ നിറയാന്‍ ഷവോമിക്ക് ഓരോ കാരണങ്ങളുണ്ട്. ചൈനീസ് വിപണി മാത്രം ലക്ഷ്യം വയ്്ക്കുന്ന കമ്പനിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ ആയ ഹോങ്മി പുറത്തിറങ്ങി ഒരു മിനിറ്റിനകം ഒരു ലക്ഷം എണ്ണം വിറ്റ് ചരിത്രം സൃഷ്ടിച്ചത് കഴിഞ്ഞയാഴ്ചയാണ്. ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് വൈസ് പ്രസിഡന്റായ ഹ്യൂഗോ ബാര ഗൂഗിളില്‍ നിന്നു രാജി വച്ച് ഷവോമിയില്‍ ചേര്‍ന്നതോടെയാണ് കമ്പനി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. സാംസങ് ഉള്‍പ്പെടെയുള്ള കമ്പനികളുടെ ജീവായുവായ ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ നട്ടെല്ലായ ഹ്യൂഗോയെ ഷവോമി വിലയ്‌ക്കെടുത്തത് കമ്പനിയുടെ ആഗോളവിപണി ലക്ഷ്യം വച്ചുള്ള നീക്കങ്ങളിലൊന്നാണ്.

ഗൂഗിളിനെ സംബന്ധിച്ച് ഹ്യൂഗോ ബാരയുടെ രാജി വലിയ നഷ്ടമാണ്. ആന്‍ഡ്രോയ്ഡ് സ്ഥാപകനായ ആന്‍ഡി റൂബിന്‍ ഗൂഗിള്‍ വിട്ടത് കഴിഞ്ഞ മാര്‍ച്ചിലാണ്. ഇന്ത്യക്കാരനും ഗൂഗിള്‍ വൈസ് പ്രസിഡന്റുമായ സുന്ദര്‍ പിച്ചായ് ആണ് ഇനി ആന്‍ഡ്രോയ്ഡിനെ നയിക്കാന്‍ പോകുന്നത്. അതേ സമയം, ഭാര്യയുമായി വേര്‍പിരിഞ്ഞ ഗൂഗിള്‍ സ്ഥാപകന്‍ സെര്‍ജി ബ്രിന്‍ ഹ്യൂഗോ ബാരയുടെ കാമുകിയായ ഗൂഗിള്‍ ജീവനക്കാരിയുമായി പ്രണയത്തിലായതാണ് ഹ്യൂഗോയുടെ പെട്ടെന്നുള്ള രാജിയുടെ കാരണമെന്നും അഭ്യൂഹമുണ്ട്.

യൂസര്‍ ഇന്റര്‍ഫേസിലെയും മള്‍ട്ടിടാസ്‌കിങ്ങിലെയും വിപ്ലവകരമായ സവിശേഷതകളാണ് ഷവോമി ആപ്പിളിനും ഗൂഗിളിനുമൊക്കെ മീതെ പ്രതിഷ്ഠിക്കാന്‍ ചൈനക്കാരെ പ്രേരിപ്പിക്കുന്നത്. ആപ്പിള്‍ പുലര്‍ത്തിയിരുന്ന മാര്‍ക്കറ്റിങ് ശൈലി തന്നെയാണ് ഷവോമിയും സ്വീകരിച്ചിരിക്കുന്നത് സ്റ്റീവ് ജോബ്‌സിലെ അനുകരിക്കുന്ന സിഇഒ ലെയ് ജുന്‍ ജോബ്‌സിനെപ്പോലെ കഴിയുന്നതും കറുത്ത ടീഷര്‍ട്ടും നീല ജീന്‍സും ധരിച്ച് പൊതുപരിപാടികളില്‍ പങ്കെടുക്കാനും ശ്രദ്ധിക്കുന്നുണ്ട്. ചെറിയ കമ്പനി എന്നാണ് ഷവോമിയുടെ വിശഷണമെങ്കിലും 1000 കോടി ഡോളറാണ് നിലവില്‍ കമ്പനിയൂടെ മൂല്യം. ഈ വര്‍ഷം മാത്രം ഒന്നര കോടി ഫോണുകള്‍ വിറ്റഴിക്കാനാണ് ക്മ്പനി ലക്ഷ്യമിടുന്നത്.

എന്തായാലും ചൈനീസ് ഫോണ്‍ എന്നു ലോകം ആക്ഷേപിച്ചിരുന്നിടത്തു നിന്ന് ചൈനീസ് ഫോണ്‍ കമ്പനികള്‍ ലോകത്തെ സ്മാര്‍ട്‌ഫോണ്‍ കമ്പനികളുടെ മുന്‍നിരയിലേക്കെത്തുകയാണ്. ചൈനീസ് കമ്പനിയായ ഹ്വേയ് അവതരിപ്പിക്കുന്ന സ്മാര്‍ട്‌ഫോണുകള്‍ ലോകവിപണിയില്‍ ശക്തമായ സാന്നിധ്യമായി നില്‍ക്കുമ്പോഴാണ് ഷവോമി ഒന്നാം നിരയിലേക്ക് ഇടിച്ചു കയറുന്നത്. എത്രയായാലും ചൈനീസ് ഫോണല്ലേ എന്നു ചോദിക്കുന്നവര്‍ക്കു നല്‍കാന്‍ ഷവോമിക്ക് ഒറ്റ മറുപടിയേ ഉള്ളൂ- ഷവോമിയുടെ എല്ലാ ഉല്‍പന്നങ്ങളും നിര്‍മിക്കുന്നത് ചൈനയിലെ ഫോക്‌സ്‌കോന്‍ ഫാക്ടറിയിലാണ്. അവിടെ തന്നെയാണ് ആപ്പിള്‍ ഐഫോണും ഐപാഡും ഉള്‍പ്പെടെയുള്ള എല്ലാ ഉല്‍പന്നങ്ങളും നിര്‍മിക്കുന്നത്.