ഡിസ്‌കണക്ടിങ് പീപ്പിള്‍

ഹരിച്ചും ഗുണിച്ചും നോക്കി നോക്കിയ മൊബൈല്‍ കമ്പനിയെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. മൈക്രോസോഫ്റ്റ് മൊബൈല്‍ എന്നു പേരും മാറ്റി നോക്കിയതോടെ നോക്കിയ ചരിത്രത്തിന്റെ ഭാഗവുമായി. എന്നാല്‍, ഹരിച്ചിട്ടും ഗുണിച്ചിട്ടും കോര്‍പറേറ്റ് ഭീമന്‍മര്‍ നഷ്ടം മാത്രം കണ്ട നോക്കിയയുടെ ചെന്നൈ ഫാക്ടറി ഏറ്റെടുക്കലിന്റെ ശിഷ്ടമായി ബാക്കി നില്‍ക്കുമ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത് ആയിരക്കണക്കിനു തൊഴിലാളികളുടെ പതറിയ നെഞ്ചിടിപ്പുകളാണ്.

ഒരു കാലത്ത് നോക്കിയ ജീവനക്കാരന്‍ എന്ന് അഭിമാനത്തോടെ പറഞ്ഞിരുന്നവര്‍ ഇന്ന് നോക്കിയ-മൈക്രോസോഫ്റ്റ് ഇടപാടില്‍ നിന്നും തന്ത്രപരമായി പുറത്താക്കപ്പെട്ടതിലൂടെ മുന്നില്‍ കാണുന്നത് ഇരുളടഞ്ഞ ഭാവിയും പട്ടിണിയും മാത്രം. നോക്കിയയുടെ മുദ്രാവാക്യമായിരുന്ന കണക്ടിങ് പീപ്പിള്‍ എന്നത് നെഞ്ചിലേറ്റിയിരുന്ന തൊഴിലാളിസമൂഹം ഡിസ്‌കണക്ടിങ് പീപ്പിള്‍ എന്ന പേരില്‍ തങ്ങളുടെ നിസ്സഹായത വിവരിക്കുന്ന വിഡിയോ തയ്യാറാക്കി യു ട്യൂബിലിട്ട് ഭരണാധികാരികളുടെയും രാജ്യാന്തര സമൂഹത്തിന്റെയും സഹായം അഭ്യര്‍ഥിക്കുകയാണ്.

നോക്കിയയെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തപ്പോള്‍ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാണ ഫാക്ടറികളും യൂണിറ്റുകളും ഉള്‍പ്പെടെയാണ് ഏറ്റെടുത്തത്. എന്നാല്‍, നോക്കിയയുടെ ചെന്നൈ പ്ലാന്റ് നിരവധി നികുതി വെട്ടിപ്പു കേസുകളിലായി ഏകദേശം 25000 കോടി രൂപയോളം പിഴയടയ്ക്കാന്‍ വിധിക്കപ്പെട്ടതോടെ ഏറ്റെടുക്കലില്‍ നിന്നും ചെന്നൈ ഫാക്ടറി മാത്രം മൈക്രോസോഫ്റ്റ് ഒഴിവാക്കി. ഏറ്റെടുക്കല്‍ പൂര്‍ത്തിയായതോടെ ചെന്നൈ ഫാക്ടറിയിലെ തൊഴിലാളികള്‍ക്ക് സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് മാനേജ്‌മെന്റ്. ഇതിനു പുറമേ ഫാക്ടറിയിലെ ഉപകരണങ്ങള്‍ ചൈനയിലെയും വിയറ്റ്‌നാമിലെയും പ്ലാന്റുകളിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

ശ്രീപെരുംപദൂരിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ 2005ലാണ് ഫിന്‍ലാന്‍ഡ് കമ്പനിയായ നോക്കിയ ഫാക്ടറി സ്ഫാപിക്കുന്നത്. തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രത്യേക സാമ്പത്തിക ഇളവുകളോടെ ആരംഭിച്ച ഫാക്ടറി പ്രതിമാസം ഒന്നരക്കോടി മൊബൈല്‍ ഫോണുകള്‍ നിര്‍മിച്ചു. അഞ്ചു വര്‍ഷം കൊണ്ട് ചെന്നൈ ഫാക്ടറിയില്‍ നിര്‍മിച്ചത് ഏകദേശം 50 കോടി ഹാന്‍ഡ്‌സെറ്റുകളാണ്. 2013 മുതലാണ് നികുതി വെട്ടിക്കല്‍ കേസുകളില്‍ നോക്കിയ ചെന്നൈ ഫക്ടറി കുടുങ്ങുന്നത്. നികുതി വെട്ടിച്ചതിനു പിഴയായി 21000 കോടി രൂപ അടയ്ക്കാന്‍ സുപ്രീം കോടതി വിധിച്ചതിനു പുറമേ 240 കോടി രൂപ കെട്ടിവയ്ക്കാന്‍ തമിഴ്‌നാട് ഹൈക്കോടതിയും വിധിച്ചിട്ടുണ്ട്. ഈ ബാധ്യതകള്‍ ഒഴിവാക്കുന്നതിനാണ് മൈക്രോസോഫ്റ്റ് ഏറ്റെടുക്കലില്‍ നിന്ന് ചെന്നൈ ഫാക്ടറിയെ ഒഴിവാക്കിയത്. ഇതോടെ നോക്കിയ ചെന്നൈ ഫാക്ടറി നാഥനില്ലാത്ത അവസ്ഥയിലായി.

ഇപ്പോള്‍ ചെന്നൈ പ്ലാന്റിലെ 6000 സ്ഥിരം ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ നോട്ടീസും 700 ട്രെയിനികള്‍ക്ക് പിരിഞ്ഞുപോകുന്നതിനുള്ള നിര്‍ബന്ധിത നോട്ടീസുമാണ് മനേജ്‌മെന്റ് നല്‍കിയിരിക്കുന്നത്. സമരപരമ്പകളുമായി മുന്നോട്ടു പോവുന്ന നോക്കിയ ഇന്ത്യ തൊഴിലാളര്‍ സഘം (എന്‍ഐഎസ്) ആണ് തങ്ങളുടെ പ്രശ്‌നം ജനങ്ങളിലേക്കെത്തിക്കുന്നതിനായി ഡിസ്‌കണക്ടിങ് പീപ്പിള്‍ എന്ന വിഡിയോ യു ട്യൂബില്‍ അവതരിപ്പിരിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് ദൈവം !

ഈശ്വരന്‍ തൂണിലും തുരുമ്പിലുമുണ്ട് എന്നു ഭഗവാന്‍ യുഗയുഗാന്തരങ്ങള്‍ക്കു മുമ്പേ വെളിപ്പെടുത്തിയിട്ടുള്ളതുകൊണ്ട് ഈശ്വരന്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിലും ഉണ്ടോ എന്നു പ്രത്യേകം ചോദിക്കുന്നതില്‍ വലിയ കഥയില്ല. ബുള്ളറ്റില്‍ ഇരുമ്പും തുരുമ്പുമെല്ലാമുണ്ട് അതുകൊണ്ട് ഈശ്വരസാന്നിധ്യവുമുണ്ടാവും. എന്നാല്‍ ഭഗവാന്‍ ഉദ്ദേശിച്ച ആ ജനറലൈസേഷനപ്പുറം ഒരേയൊരു ബുള്ളറ്റിനു മാത്രമേ സൂപ്പര്‍ പവര്‍ ഉള്ളൂ എന്നു പറയുമ്പോള്‍ അതില്‍ അല്‍പം വ്യത്യസ്തയുണ്ട്.

സിനിമാനടിമാരുടെയും രാഷ്ട്രീയക്കാരുടെയും പേരില്‍ ക്ഷേത്രം പണിയുന്ന ട്രെന്‍ഡ് വരുന്നതിനു മുന്‍പ് 26 വര്‍ഷം മുന്‍പാണ് രാജസ്ഥാനിലെ ജോധ്പൂരിനടുത്ത് നാട്ടുകാര്‍ 350 സിസി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനെ ദൈവമായി പ്രതിഷ്ഠിച്ച് ആരാധിച്ചു തുടങ്ങിയത്. ന്യൂസ് 18 റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ബിബിസി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രാജസ്ഥാനിലെ ബുള്ളറ്റ് ദൈവത്തിന്റെ കാര്യം നമ്മളില്‍ പലരും അറിഞ്ഞത് എന്നു മാത്രം. ജോധ്പൂര്‍-പാലി ഹൈവേയില്‍ ജോധപൂരില്‍ നിന്നു 40 കിലോമീറ്റര്‍ അകലെ ബന്‍ഡായി എന്ന ഗ്രാമത്തിലാണ് ബുള്ളറ്റ് ദൈവം യാത്രക്കാരെ അപകടങ്ങളില്‍ നിന്നും രക്ഷിക്കുന്നത്. ഓം ബന്ന എന്ന അഥവാ ബുള്ളറ്റ് ബാബ എന്ന പേരില്‍ അറിയപ്പെടുന്ന ലോക്കല്‍ ദൈവത്തിന്റെ വാഹനമാണ് ആളുകള്‍ പ്രതിഷ്ഠിച്ചു പൂജിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ്.

Om Banna RNJ 7773 റജിസ്റ്റര്‍ നമ്പരുള്ള ബുള്ളറ്റ് ദൈവമായതിന്റെ പിന്നില്‍ ഒരു കഥയുണ്ട്. സംഭവം നടക്കുന്നത് 1988ലാണ്. ഓം ബന്ന അഥവാ ബുള്ളറ്റ് ബാബ അന്ന് ഓം സിങ് രാത്തോര്‍ ആണ്. യുവാവായ ഓം സിങ് രാത്രിയില്‍ ഇപ്പോള്‍ തന്റെ ബുള്ളറ്റില്‍ പാലിയില്‍ നിന്നു ചോട്ടിലയിലേക്കു പോകുമ്പോള്‍ ബന്‍ഡായിയില്‍ വച്ച് നിയന്ത്രണം വിട്ട് ഒരു മരത്തിലിടിച്ചു. ബുള്ളറ്റും ഓം സിങ്ങും കൂടി ഓടയിലേക്കു വീണു ഓം സിങ് തല്‍ക്ഷണം മരിച്ചു, എല്ലാം വളരെ സ്വാഭാവികം. നേരം വെളുത്തപ്പോള്‍ പൊലീസുകാര്‍ വന്ന് ബുള്ളറ്റ് എടുത്തു സ്റ്റേഷനിലേക്കു കൊണ്ടുപോയി. എന്നാല്‍, അടുത്ത ദിവസം ബുള്ളറ്റ് സ്‌റ്റേഷനില്‍ നിന്നും അപ്രത്യക്ഷമായി. തിരഞ്ഞു ചെന്ന പൊലീസുകാര്‍ കണ്ടത് അപകടം നടന്ന സ്ഥലത്തു തന്നെ ബുളളറ്റ് കിടക്കുന്നതാണ്. പൊലീസുകാര്‍ പിന്നെയും ബുള്ളറ്റ് സ്റ്റേഷനില്‍ കൊണ്ടുപോയി. അടുത്ത ദിവസം പിന്നെയും ബുള്ളറ്റ് ആക്‌സിഡന്റ് സ്‌പോട്ടിലേക്കു തിരികെപ്പോയി. ഇത് ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

ബുള്ളറ്റിന് ദിവ്യശക്തിയുണ്ടെന്നു മനസ്സിലാക്കാന്‍ ഇതില്‍പ്പരം തെളിവുകള്‍ വേറെ വേണ്ട. അപകടത്തോടെ ബുള്ളറ്റിന് അതിബൈക്കീയ സിദ്ധികള്‍ ലഭിച്ചതാണെന്നും അതല്ല ഓം സിങ് രാത്തോറിന്റെ ആത്മാവ് ബുള്ളറ്റില്‍ ആവേശിച്ചതാണെന്നും വിവിധങ്ങളായ തിയറികളുണ്ടായി. എന്തായാലും ബുള്ളറ്റിന്റെ ദിവ്യശക്തി അടുത്തുള്ള ഗ്രാമങ്ങളിലേക്കും പടര്‍ന്നു. നാട്ടുകാരെല്ലാം ചേര്‍ന്ന് വിശുദ്ധ ബുള്ളറ്റിന് ഒരു ക്ഷേത്രം പണിതു. ഓം ബന്ന അഥവാ ബുള്ളറ്റ് ബാബയെ വിശുദ്ധനായി പ്രഖ്യാപിച്ച് അദ്ഭുതസിദ്ധിയുള്ള ബുള്ളറ്റിനെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു. ഓം ബന്ന അപകടത്തില്‍ മരിക്കാന്‍ കാരണമായ ആ മരവും അലങ്കരിച്ച് സംരക്ഷിക്കുന്നു. ബുള്ളറ്റിന് ശരിക്കും ദിവ്യശക്തിയുണ്ടായിരുന്നെങ്കില്‍ ഓം ബന്നയെ അപകടത്തില്‍ നിന്നു രക്ഷിക്കുകയായിരുന്നില്ലേ ചെയ്യേണ്ടത്, ആളു തട്ടിപ്പോയിക്കഴിഞ്ഞ് ഒളിച്ചുകളിക്കുന്നതില്‍ എ്തു ദിവ്യത്വമാണുള്ളത് എന്നൊന്നും ആരും ചോദിക്കരുത്. ദൈവങ്ങളെ ചോദ്യം ചെയ്യുന്നത് ആര്‍ക്കും നല്ലതല്ല.

അതുവഴി യാത്ര ചെയ്യുന്നവരൊക്കെ ഇവിടെ കയറി ബുള്ളറ്റ് ബാബയ്ക്ക് നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിക്കും പൂജ ചെയ്തും പ്രാര്‍ഥിച്ചും യാത്രയിലെ അപകടങ്ങള്‍ ഒഴിവാക്കുന്നു. ട്രിപ്അഡൈ്വസര്‍ ഉള്‍പ്പെടെയുള്ള യാത്രാ പോര്‍ട്ടലുകള്‍ പാലിയിലെ പ്രധാനകേന്ദ്രങ്ങളുടെ പട്ടികയില്‍ ബുള്ളറ്റ് ബാബ ക്ഷേത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബുള്ളറ്റ് ബാബ ഭക്തിഗാനങ്ങള്‍ക്കും അവിടെ നല്ല മാര്‍ക്കറ്റാണ്. സാംപിളിനു രണ്ടു ബുള്ളറ്റ് ഭക്തിഗാനങ്ങള്‍ ചുവടെ.

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചുവെന്നും മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു എന്നും പണ്ടു വയലാര്‍ എഴുതിയത് യേശുദാസ് പാടിയത് നമ്മള്‍ കേട്ടിട്ടുണ്ട്. വിശ്വാസികള്‍ ഉള്ളിടത്തോളം ദൈവങ്ങളെ വിലകുറച്ചു കാണാന്‍ പാടില്ല. കേരളത്തില്‍ വളരെ സ്വാധീനമുള്ള ഇരുചക്രവാഹനമെന്ന നിലയില്‍ ബുള്ളറ്റ് മതത്തിനും ബുള്ളറ്റ് ബാബയ്ക്കും ഇവിടെ അനന്തമായ സാധ്യതയാണുള്ളത്. ബാലികമാരെ പീഡിപ്പിക്കാത്ത, ഭക്തരെ മര്‍ദ്ദിക്കാത്ത ഒരു മതമായി ബുള്ളറ്റിസം വളര്‍ന്നു വരുന്നെങ്കില്‍ അത് പ്രോല്‍സാഹിപ്പിക്കുകയാണ് വേണ്ടത്.

ജയ് ഹോ ബുള്ളറ്റ് ബാബ !

ഡഗ്ലസ് മുതലകളെ വില്‍ക്കുന്നു

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കര്‍ഷകവിരുദ്ധ നിര്‍ദേശങ്ങളില്‍ മനംനൊന്തു കഴിയുന്ന പാലായിലെ റബര്‍തോട്ടത്തിലെ കുളത്തിലുള്ള, പരമ്പരാഗതസ്വത്തായ മുതലകളെ വിറ്റൊഴിക്കാനുള്ള എന്റെ തന്ത്രമാണെന്ന് ആരും കരുതേണ്ട. വേണമെങ്കില്‍ എന്നെപ്പോലെ, മിസ്റ്റര്‍ പെരേരയെപ്പോലെയും ഡഗ്ലസിനെപ്പോലെയും മുതലാളിമാരാവാനുള്ള ഒരവസരമാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയില്‍ പൊതുവേ മുതലകളെ മൃഗശാലകളിലും മറ്റുമേ കാണാന്‍ കിട്ടൂ എന്നതിനാലും സാധാരണക്കാര്‍ക്ക് കാണാനല്ലാതെ ആടിനെ വാങ്ങുന്നതുപോലെ വാങ്ങിക്കൊണ്ടു പോകാന്‍ പറ്റാത്തതിനാലും നമ്മള്‍ ഓസ്‌ട്രേലിയയ്ക്കു പോകേണ്ടി വരും.

ഓസ്‌ട്രേലിയയുടെ പടിഞ്ഞാറെ അറ്റത്ത്, കൃത്യമായി പറഞ്ഞാല്‍ പെര്‍തില്‍ നിന്നും ഏകദേശം 3300 കിലോമീറ്റര്‍ ദൂരെയുള്ള ഒറ്റപ്പെട്ട പട്ടണമായ വിന്‍ഥാമിലാണ് സംഭവം. ഓസ്‌ട്രേലിയയിലൊക്കെ ധാരാളം മലയാളികളുള്ളതുകൊണ്ട് വിന്‍ഥാം മുതല ഫാം കണ്ടുപിടിക്കാന്‍ പ്രയാസമുണ്ടാവില്ല. ഏകദേശം 50 മുതലകളാണ് അവിടെ വില്‍പനയ്ക്കുള്ളത്. അത്യാവശ്യം വലിയ ഒരു മുതലക്കുളമൊക്കെ ഉണ്ടാക്കാന്‍ പത്തോ പതിനഞ്ചോ എണ്ണം മതിയെന്നിരിക്കെ അന്‍പതെണ്ണം വലിയൊരു സാധ്യതയാണ് മുന്നോട്ടു വയ്ക്കുന്നത്.

മലയാളസിനിമയില്‍ മുതലക്കുഞ്ഞുങ്ങളെ വളര്‍ത്തുന്ന വില്ലന്‍മാരുടെ പേരുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഡഗ്ലസ്. എന്തുകൊണ്ടാണെന്നറിയില്ല വിന്‍ഥാം ക്രോകഡൈല്‍ പാര്‍ക്കിന്റെ ഉടമയുടെ പേരും ഡഗ്ലസ് എന്നാണ്. മുതലവളര്‍ത്തല്‍ നഷ്ടമായതുകൊണ്ട് പാര്‍ക്ക് ഒരു വര്‍ഷമായി വില്‍ക്കാന്‍ വച്ചിരിക്കുന്ന മാര്‍ക്ക് ഡഗ്ലസ് 60 മുതലകളെയാണ് വില്‍ക്കുന്നത്. അതില്‍ 30 എണ്ണം ആണ്‍മുതലകളാണെങ്കില്‍ ബാക്കി 30 ഫീമെയിലുകളാണ്. മുതലയൊന്നിന് 50000 രൂപ മുതല്‍ 75000 രൂപ വരെയാണ് വില. നല്ല വലിപ്പവും തലയെടുപ്പുമുള്ള ഘടാഘടിയന്‍മാരെ നോക്കി വാങ്ങിക്കാം. ആ വിലയ്ക്ക് ഇവിടെ നല്ല നാലു പശുക്കളെപ്പോലും കിട്ടില്ല എന്നതിനാല്‍ ഇതൊരു ലാഭക്കച്ചവടമാണ് എന്നു പറയാം. പോരെങ്കില്‍ ലക്ഷങ്ങള്‍ മുടക്കി ആനയെ വാങ്ങി മുറ്റത്തു കെട്ടുന്നതിനെക്കാള്‍ ജാഡയും പ്രൗഢിയും മുതലയെ വാങ്ങി മുറ്റത്തെ കുളത്തിലിട്ടാല്‍ കിട്ടും. മുതലയെ കാണാന്‍ വരുന്നവരില്‍ നിന്നും അഞ്ചോ പത്തോ വീതം വാങ്ങിയാല്‍ ഒറ്റ വര്‍ഷത്തിനുള്ളില്‍ മുതല മുതലാവുകയും ചെയ്യും.

മുതലയുടെ ചര്‍മം (ചര്‍മം എന്നു വിളിക്കുന്നത് അക്രമമാണ്) ഉപയോഗിക്കുന്ന ലെതര്‍ വിപണിയിലെ കടുത്ത മല്‍സരത്തോട് പിടിച്ചു നില്‍ക്കാനാവാതെ വന്നതോടെയാണ് ഡഗ്ലസ് മുതലാളി മുതലകളെ വില്‍ക്കുന്നത്. മുതലഫാം നിലവിലുള്ള തീരപ്രദേശം ഒരു കയറ്റുമതി തുറമുഖമായി വികസിപ്പിക്കാനുള്ള പദ്ധതി പുരോഗമിക്കുന്നുമുണ്ട് എന്നതിനാല്‍ മുതലകളെ ഒഴിവാക്കിയാല്‍ ആ പരിസ്ഥിതിലോലപ്രദേശം തുറമുഖക്കാര്‍ക്ക് വിറ്റു ഡഗ്ലസിനു കാശുണ്ടാക്കാം.

ഓസ്‌ട്രേലിയയിലെ നിയമപ്രകാരം ആള്‍ത്താമസമുള്ള സ്ഥലങ്ങളില്‍ വീട്ടിലോ പറമ്പിലോ മുതലകളെ വളര്‍ത്തിയാല്‍ ഏകദേശം 60000 രൂപ പിഴയടക്കേണ്ടി വരും. അതായത് ഏതാണ്ട് മുതലയുടെ വിലയുടെ അത്ര തന്നെ പിഴയടക്കേണ്ടി വരും. അതുകൊണ്ട് അവിടത്തുകാര്‍ മുതലകളെ വാങ്ങാനുള്ള സാധ്യത കുറവാണ്. നമ്മളെപ്പോലെയുള്ളവരിലായിരിക്കാം ഡഗ്ലസ് മുതലാളിയുടെ പ്രതീക്ഷ. ഡിമാന്‍ഡ് കൂടിയിട്ടാണോ എന്തോ മുതല പാര്‍ക്കിന്റെ വെബ്‌സൈറ്റ് ഡൗണാണ്. പാര്‍ക്കിലേക്കുള്ള വഴി താഴെ കൊടുക്കുന്നു. ഹാപ്പി ജേണി.