ഗോഡ്‌സെയുടെ നാമം വാഴ്ത്തപ്പെടട്ടെ

നാഥുറാം ഗോഡ്‌സെ എന്നു വച്ചാല്‍ എന്നെപ്പോലെയുള്ള സാധാരണക്കാര്‍ക്ക് ലോകം കണ്ട ഏറ്റവും വലിയ മഹാത്മാക്കളില്‍ ഒരാളുടെ ജീവനെടുത്ത തീവ്രവാദിയാണ്. ഇന്ത്യന്‍ വികാരത്തോടെ ചിന്തിച്ചാല്‍ ഐതിഹാസികമായ സ്വാതന്ത്ര്യസമരത്തിലൂടെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത നമ്മുടെ രാഷ്ട്രപിതാവിനെ വെടിവച്ചുകൊന്നവന്‍. അങ്ങനെയൊരു വിലാസത്തിലല്ലാതെ ഗോഡ്‌സെയെ ഇന്ത്യയിലോ ഇന്ത്യയ്ക്കു പുറത്തോ ആരെങ്കിലും തിരിച്ചറിയുകയോ അംഗീകരിക്കുകയോ ചെയ്തിട്ടുണ്ടെന്നു തോന്നുന്നില്ല. മഹാത്മജിയുടെ മരണത്തെക്കുറിച്ചു പറയുമ്പോള്‍ അതു ഗോഡ്‌സെയുടെ സല്‍പേരിനെ കളപ്പെടുത്തലാണെന്നു പറയുന്നതിനെക്കാള്‍ വലിയൊരു പോക്രിത്തരം വേറെയില്ല.

മഹാത്മജിയുടെ മരണത്തെക്കുറിച്ച് ചിത്രീകരിച്ച 52 എപ്പിസോഡ് ഡോക്യുഫിക്ഷന് അനുമതി നിഷേധിക്കുന്നതിന് ദേശീയ ചാനലായ ദൂരദര്‍ശന്‍ പറഞ്ഞ കാരണമാണ് അത് ഗോഡ്‌സെയെ അപകീര്‍ത്തിപ്പെടുന്നു എന്നത്. കേതന്‍ മേത്ത സംവിധാനം ചെയ്തതാണ് ഡോക്യുഫിക്ഷന്‍. മഹാത്മാ ഗാന്ധിയുടെ വധനം, ഗോഡ്‌സെയുടെ വിചാരണ തുടങ്ങിയ കാര്യങ്ങളാണ് ഡോക്യുമെന്ററിയുടെ വിഷയം. ദൂരദര്‍ശന്റെ ഡയറക്ടര്‍ ജനറല്‍ ത്രിപുരാണി ശരണ്‍ ഉള്‍പ്പെട്ട ബോര്‍ഡാണ് ഡോക്യുമെന്ററി പ്രദര്‍ള്‍ശിപ്പിക്കേണ്ടെന്ന് തീരുമാനമെടുത്തത്. ഗാന്ധിജിയെ കുറിച്ചുള്ള ഡോക്യുമെന്ററി ഒരു നല്ല ആശയമല്ലെന്നും അദ്ദേഹത്തിന്റെ ജീവിതത്തിലെ കുറഞ്ഞ കാലയളവിനെ ചിത്രീകരിക്കുന്ന ഡോക്യുമെന്ററിയ്ക്ക് 52 എപ്പിസോഡ് അധികമാണെന്നും വിലയിരുത്തിയ ബോര്‍ഡ്, ഡോക്യുമെന്ററിയില്‍ നാഥുറാം ഗോഡ്‌സെയ്ക്ക് എതിരെ അപകീര്‍ത്തിപരമായ ഉള്ളടക്കം ഉണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

മൊത്തത്തില്‍ ഇന്ത്യ പുരോഗമനപരമായ ആശയങ്ങളിലൂടെ മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുമ്പോള്‍ ഗാന്ധിജിയുടെ സേവനങ്ങളെക്കാള്‍ ഗോഡ്‌സെയുടെ മനുഷ്യാവകാശങ്ങളെക്കുറിച്ച് ഗൗരവപൂര്‍ണമായ ചിന്തകളും അയാളുടെ നന്മകളെക്കുറിച്ച് പുത്തന്‍ ആശയങ്ങളും വിടരുന്ന സമയമാണിത്. ആധുനികസത്യാന്വേഷകരും ഗാന്ധിജിയുടെ ആശയങ്ങളെക്കാള്‍ ഗാന്ധിജിയുടെ ലൈംഗികജീവിതത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ്. ഗാന്ധിജിയെ എതിര്‍ക്കുന്നതിലൂടെ തങ്ങള്‍ വിപ്ലവകരമായ ഏതോ നിലപാടെടുക്കുകയാണെന്നു വിശ്വസിക്കുന്നവരും ഉണ്ട്. എന്നാല്‍ ഇന്ത്യയുടെ ഔഗ്യോദിക ടെലിവിഷന്‍ ചാനലായ ദൂരദര്‍ശന്‍ ഇത്തരത്തിലൊരു നിലപാട് എടുക്കുന്നത് വളരെ ഗുരുതരമായ ഒരു നയമാറ്റത്തിന്റെ സൂചനയാണ്.

ഗാന്ധിജിയുടെ മരണം നാഥുറാം ഗോഡ്‌സെയുടെ കൈകള്‍ കൊണ്ടായിരുന്നെന്നതു ചരിത്രത്തിലുള്ളതാണ്. പിടിക്കപ്പട്ട് ഒരു വര്‍ഷത്തിനു ശേഷം അയാളെ തൂക്കിക്കൊല്ലുകയും ചെയ്തു. നിയമപരമായി അതൊരു അടഞ്ഞ അധ്യായമാണ്. എന്നാല്‍, മഹാത്മജി എന്ന ഇതിഹാസത്തെക്കുറിച്ച് പറയുമ്പോള്‍ അവിടൊക്കെ ഗോഡ്‌സെയും പരാമര്‍ശിക്കപ്പെടും. മഹാത്മജിയെ ലോകം എത്ര സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്‌തോ അതേ അളവില്‍ ഗോഡ്‌സെ വെറുക്കപ്പെടുകയും ശപിക്കപ്പെടുകയും ചെയ്യും. ഗോഡ്‌സെ തോക്കുവൃത്തിയാക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടിപൊട്ടിയല്ല ഗാന്ധിജി മരിച്ചത്. വളരെ ആസൂത്രിതമായി ഗോഡ്‌സെ ഗാന്ധിജിയെ വെടിവച്ചുകൊല്ലുകയായിരുന്നു. അങ്ങനെയുള്ള ഗോഡ്‌സെയുടെ സല്‍കീര്‍ത്തിക്കു വേണ്ടി നടത്തുന്ന പരിശ്രമങ്ങള്‍ നിഷ്ഫലമായിരിക്കുമെന്നതില്‍ സംശയമില്ല.

ഗാന്ധിജിയെ വകവരുത്താനുള്ള ദൗത്യം അഭിമാനപൂര്‍വം ചെയ്ത ഗോഡ്‌സെ നല്ലവനായിരുന്നു എന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നതാണ് സത്യത്തില്‍ അപകീര്‍ത്തികരം. ഗാന്ധിജിയുടെ കൊലയാളി എന്ന നിലയില്‍ ചരിത്രത്തില്‍ അറിയപ്പെടാനാഗ്രഹിക്കയാളെ വിശുദ്ധവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് അയാളോട് ചെയ്യുന്ന ക്രൂരതയാണ്. കാരണം, താന്‍ ചെയ്യുന്നത് ശരിയാണ് എന്ന ഉറച്ച വിശ്വാസമാണ് അയാളെക്കൊണ്ട് അത് ചെയ്യിച്ചത്. ഗോഡ്‌സെയെ ആരാധിക്കുന്നവര്‍ അയാളെ അങ്ങനെ തന്നെ വേണം ആരാധിക്കാന്‍. എല്ലാതെ അയാളെ വിശുദ്ധവല്‍ക്കരിച്ചതിനു ശേഷം ആരാധിക്കുന്നത് വിഡ്ഡിത്തമാണ്. അങ്ങനെയെങ്കില്‍ ഇവര്‍ക്കു ഗാന്ധിജിയെ തന്നെ ആരാധിച്ചാല്‍പ്പോരേ ?

സെന്‍സിബിലിറ്റി- ക്രിസ്തുവിന്റെ അന്ത്യത്താഴവും ഒറ്റുകൊടുക്കലും വിചാരണയും മരണവുമെല്ലാം ഉള്‍പ്പെടുത്തി ഒരു ഡോക്യുമെന്ററി നിര്‍മിച്ച് ദൂരദര്‍ശനില്‍ കാണിക്കുക എന്നത് എന്റെയൊരു സ്വപ്‌നമായിരുന്നു. അത് യൂദാസിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് പ്രസാര്‍ ഭാരതി അനുമതി നിഷേധിക്കുമോ ആവോ !

സിസ്റ്റര്‍ ഇറ്റാലിയന്‍ ചന്ദ്രലേഖ

കന്യാസ്ത്രീമഠത്തിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ നിന്നു കന്യാസ്ത്രീകള്‍ പുറത്തേക്കു വന്നു സാമൂഹികപ്രവര്‍ത്തനം നടത്തണമെന്നും അവരുടെ മുഖത്തെ ചിരിയില്‍ യഥാര്‍ഥസന്തോഷം തെളിയണമെന്നും കത്തോലിക്കാ സഭയിലെ ഏറ്റവും വിപ്ലവകാരിയായ ഫ്രാന്‍സിസ് രണ്ടാമന്‍ മാര്‍പ്പാപ്പ പറഞ്ഞിട്ട് അധികകാലമായിട്ടില്ല. ഈ മാര്‍പ്പാപ്പയ്ക്ക് എന്തോ കുഴപ്പമുണ്ടെന്നു കസ്തൂരിരംഗന്‍ ക്രിസ്ത്യാനികളല്‍ പലരും ആരോപിക്കുമ്പോള്‍ സഭ ലോകത്തോടൊപ്പം നന്മയോടൊപ്പം മുന്നോട്ടു പോകണമെന്നാഗ്രഹിക്കുന്ന കത്തോലിക്കരെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു വിസ്മയമാണ്.

കന്യാസ്ത്രീകള്‍ കിണറ്റില്‍ മരിച്ചു കിടക്കുകയും എത്ര അന്വേഷിച്ചിട്ടും സത്യം പുറത്തുവരാതിരിക്കുകയും ചെയ്യുന്ന കേരളം പോലുള്ള ദൈവത്തിന്റെ സ്വന്തം ദേശങ്ങളില്‍ ബിഷപ്പുമാരും കന്യാസ്ത്രീകളും അച്ചന്‍മാരുമെല്ലാം മാര്‍പ്പാപ്പയില്‍ നിന്നും പലതും പഠിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും തുടങ്ങി സാമ്പത്തികലാഭമുണ്ടാക്കുന്നതിനപ്പുറം സമൂഹത്തോടൊപ്പം സജീവമായി ജീവിക്കുമ്പോഴാണ് ഏതു സമുദായപൗരോഹിത്യവും ജനകീയമാകുന്നത്. സിനിമയിലഭിനയിക്കുന്ന വൈദികരെ പുറത്താക്കുകയും പുസ്തകമെഴുതുന്ന കന്യാസ്ത്രീകള്‍ക്കു വിലക്കേര്‍പ്പെടുത്തുകയും ചെയ്യുന്ന സംസ്‌കാരത്തില്‍ നിന്നും എത്രത്തോളം വളരാം എന്ന അന്വേഷണത്തില്‍ ഇറ്റലിയിലെ സൂപ്പര്‍ ഹിറ്റ് സിസ്റ്റര്‍ ക്രിസ്റ്റിന സ്‌കൂച്ചിയ ഒരു നാഴികക്കല്ലാണ്.

എല്ലാ കന്യാസ്ത്രീകള്‍ക്കും മദര്‍ തെരേസയോ അല്‍ഫോന്‍സാമ്മയോ ഒന്നും ആകാന്‍ കഴിയില്ല. എങ്കിലും ഓരോരുത്തരും അവരവരുടെ കഴിവുകള്‍ അടക്കിപ്പിടിച്ച് ഇവരിലാരെങ്കിലുമാകാന്‍ പരിശീലിക്കണം എന്നു വാശിപിടിക്കുന്നതും നല്ലതല്ല. എഴുത്തുകാരും പാട്ടുകാരും നര്‍ത്തകരുമൊക്കെയായ എത്രയോ പെണ്‍കുട്ടികള്‍ കന്യാസ്ത്രീകളാകുന്നതോടെ നിശബ്ദരായിപ്പോകുന്നു. കന്യാസ്ത്രീ മഠത്തിന്റെ ചുവരുകള്‍ക്കുള്ളില്‍, തിരുവസ്ത്രത്തിന്റെ സ്വാതന്ത്ര്യത്തെ പരിമിതികളാക്കി സ്വയം തടവറ തീര്‍ത്തു കഴിയുന്ന കന്യാസ്ത്രീകള്‍ക്ക് സിസ്റ്റര്‍ ക്രിസ്റ്റിന സ്‌കൂച്ചിയ ഒരാവേശവും പ്രചോദനവുമായിത്തീരട്ടെ എന്നു പ്രത്യാശിക്കുന്നു.

ക്രിസ്റ്റിന 25കാരിയ റോമന്‍ കത്തോലിക്ക കന്യാസ്ത്രീയാണ്. ഇന്നലെ വരെ അപ്രശസ്തയായിരുന്ന ഈ ഇറ്റലിക്കാരി ഇന്നു യൂ ട്യൂബിലെ വൈറല്‍ താരമാണ്. വോയ്‌സ് ഓഫ് ഇറ്റലി റിയാലിറ്റി ഷോയിലെ പാട്ടുകാരിയായെത്തിയ സിസ്റ്റര്‍ ക്രിസ്റ്റിനയുടെ ഓഡിഷന്‍ വിഡിയോ നാലു ദിവസം കൊണ്ട് കണ്ടത് മൂന്നു കോടിയോളം പേരാണ്. മല്‍സരാര്‍ഥിയെ കാണാതെ തിരിഞ്ഞിരുന്നു പാട്ടു കേട്ട ശേഷം പാട്ടുകാരിയെ മല്‍സരത്തിലേക്കു സ്വീകരിച്ചു കൊണ്ടു തിരിയുന്ന വിധികര്‍ത്താക്കള്‍ പാടിത്തകര്‍ക്കുന്നത് ഒരു കന്യാസ്ത്രീയാണെന്നു കാണുമ്പോള്‍ തകര്‍ന്നുപോകുന്നതാണ് ഈ വിഡിയോയുടെ ഹൈലൈറ്റ്. കേരളത്തിലെ എല്ലാ കന്യാസ്ത്രീകള്‍ക്കും വേണ്ടി സിസ്റ്റര്‍ ക്രിസ്റ്റിന സ്‌കൂച്ചിയയുടെ വോയ്‌സ് ഓഫ് ഇറ്റലി ഓഡിഷന്‍ വിഡിയോ സമര്‍പ്പിക്കുന്നു. ശുഭദിനം.

ഐ ലവ് യു അറ്റോര്‍ണി ജനറല്‍

ചില പദവികള്‍ അങ്ങനെയാണ്. ചിലര്‍ ആ സ്ഥാനങ്ങളില്‍ വരുന്നതു വരെ ആ പദവികള്‍ കുപ്പത്തൊട്ടിയിലെ മാണിക്യം പോലെ ആരാലും അറിയപ്പെടാതെ കിടക്കും. എന്നാല്‍ അവര്‍ വരുന്നതോടെ ഈശ്വരാ ഇങ്ങനൊരു പദവി ഉണ്ടായിരുന്നോ എന്നു പോലും നമ്മള്‍ വിസ്മയിക്കും. കേരള സംസ്ഥാന ചീഫ് വിപ്പ് ആണ് ഇത്തരത്തിലൊരു പദവി. ആ സാധനത്തെപ്പറ്റി അധികം പറയാന്‍ താല്‍പര്യമില്ലാത്തതിനാല്‍ വേറെ നല്ല ഉദാഹരണങ്ങള്‍ക്കായി അതിര്‍ത്തി വിട്ടു പോകുന്നു.

പാകിസ്ഥാന്‍ വിദേശകാര്യമന്ത്രിയായി ഹിന റബ്ബാനി വന്നതോടെ യുദ്ധഭൂമിയെന്നു കരുകതിയിരുന്ന അതിര്‍ത്തിമേഖലയില്‍ റോസപ്പൂക്കള്‍ വിരിഞ്ഞതുപോലെ ഒരു ഫീലായിരുന്നു. എത്ര ഭീകരര്‍ നുഴഞ്ഞുകയറിയാലും ആ കൊച്ച് അപ്പുറത്തിരിക്കുമ്പോള്‍ എങ്ങനെ ഇന്ത്യ ഫയര്‍ എന്നലറും എന്നതൊരു പ്രശ്‌നമായിരുന്നു. കാലം കുറച്ചായപ്പോള്‍ അതിര്‍ത്തിയിലെ റോസാപ്പൂക്കള്‍ കരിഞ്ഞു. മുല്ലപ്പൂവിപ്ലവം വന്നതോടെ റോസാപ്പൂവിപ്ലങ്ങളുടെ പ്രസ്‌ക്തി നഷ്ടപ്പെട്ടുപോയെന്നും പറയാം. ഈജിപ്തിലും ക്രൊയേഷ്യയിലും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലും ചുണക്കുട്ടികള്‍ പലതും നടത്തി. ഒടുവില്‍ ഉക്രെയിനിലും വിപ്ലവം വന്നു.

അയലത്തെ കോടീശ്വരന്റെ മകളായ സുന്ദരിയെ വളച്ചു വളച്ച് ഒടുവില്‍ അവളെ വീട്ടില്‍ നിന്നിറക്കിക്കൊണ്ടുപോകുന്ന ബുദ്ധിമാനായ ഓട്ടോ ഡ്രൈവറെപ്പോലെ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ ക്രൈമിയയില്‍ ചില കൈക്രിയകള്‍ കാണിക്കുകയും ഒടുവില്‍ ക്രൈമിയ റഷ്യയില്‍ ചേരുന്നതായി പ്രഖ്യാപിക്കുകയും ലയനം നടപ്പാവുകയും ചെയ്തു. ഈ കല്യാണം പള്ളീല്‍ വച്ചു നടത്തില്ല എന്നു പറയുന്ന വികാരിയച്ചനെപ്പോലെ അമേരിക്കയും ഒബാമയും ഏറാന്‍മൂളികളും ഇടഞ്ഞുനില്‍ക്കുകയാണ്. ക്രൈമിയയിലെ രാഷ്ട്രീയസാഹചര്യം വിലയിരുത്തി ബോറടിപ്പിക്കാന്‍ ഞാനുദ്ദേശിക്കുന്നില്ലാത്തതിനാല്‍ നേരിട്ടു കാര്യത്തിലേക്കു വരാം.

ക്രൈമിയയെ സ്വന്തമാക്കിയ പുടിന്‍ ക്രൈമിയക്കാര്‍ക്ക് ആദ്യം നല്‍കിയ സമ്മാനങ്ങളിലൊന്ന് പുതിയ അറ്റോര്‍ണി ജനറല്‍ ആണ്. ക്രൈമിയയിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സുപ്രധാനമായ പല നിലപാടുകളിലും നിര്‍ണായകമായ ചുവടുവയ്പുകള്‍ നടത്തേണ്ട അവിടെ സമാധാനം സ്ഥാപിക്കാന്‍ പോലും പര്യാപ്തമായ ഈ പദവിയാണ് ഞാന്‍ ആദ്യം പറഞ്ഞ ആ പദവി. അറ്റോര്‍ണി ജനറല്‍ എന്നൊക്കെ പറയുന്ന ബോറന്‍ പദവിയെ തേന്‍പുരട്ടി അലങ്കരിച്ച് വിപ്ലവഭടന്‍മാരുടെ നെഞ്ചിടിപ്പ് അങ്ങോട്ടോ ഇങ്ങോട്ടോ എന്നില്ലാതെ പിടിച്ചു നിര്‍ത്തിയിരിക്കുകയാണ് ക്രൈമിയയുടെ അറ്റോര്‍ണി ജനറല്‍ നതാലിയ പൊക്ലോന്‍സ്‌കായ. ആ പേരിവിടെ എഴുതിയപ്പോള്‍ തന്നെ എനിക്കും എന്തോ പോലെ.

ലോകത്ത് ആദ്യമായായിരിക്കും ഒരു കൊച്ചുദേശത്തെ അറ്റോര്‍ണി ജനറലിനെപ്പറ്റി ലോകമാധ്യമങ്ങള്‍ ഒന്നടങ്കവും സോഷ്യല്‍ മീഡിയയും തുക്കടാ മലയാളം ബ്ലോഗുകള്‍ പോലും ശ്വാസമടക്കിപ്പിടിച്ച് എഴുതുന്നത്. നതുവിന്റെ ആദ്യ പത്രസമ്മേളനം യു ട്യൂബില്‍ ഏതാനും മണിക്കൂറുകള്‍ക്കൊണ്ട് വൈറലായതും അതിനു സബ്‌ടൈറ്റിലുകളുമായി വിവിധ വേര്‍ഷനുകള്‍ വന്നതും അതില്‍ പറയുന്ന രാഷ്ട്രീയമോ നതൂട്ടി സംസാരിക്കുന്ന ഭാഷയോ ഒന്നും ആര്‍ക്കും മനസ്സിലായിട്ടല്ല. ലോകത്തെ സ്വാധീനിച്ചിട്ടുള്ള അനേകം സ്ത്രീകള്‍ക്കുള്ളതു പോലെ തന്നെ നതൂട്ടിയും ചലനം സൃഷ്ടിക്കുന്നത് തന്റെ സൗന്ദര്യവും ആകര്‍ഷണീയതയും കൊണ്ടു തന്നെയാണ്. ആദ്യപ്രണയലേഖനം പോലെ നതുമോള്‍ടെ ആ പത്രസമ്മേളനം വിറയാര്‍ന്ന വിരലുകളോടെ ഇവിടെ ഷെയര്‍ ചെയ്യുന്നു.

വിഡിയോ കാണുകയും ഷെയര്‍ ചെയ്യുകയും കമന്റ് ചെയ്യുകയുമൊക്കെ ചെയ്യുന്ന വായില്‍നോക്കികള്‍ നതൂട്ടിയുടെ സൗന്ദര്യം മാത്രമേ കാണുന്നുള്ളൂ എന്നത് സങ്കടകരമാണ്. വളരെ ഉന്നതമായ, തന്ത്രപ്രധാനമായ ഒരു സ്ഥാനത്തിരുന്നുകൊണ്ട് രാഷ്ട്രീയമായി ഗൗരവമുള്ള നിലപാടുകളെടുക്കുന്ന നതു സ്ത്രീശാക്തീകരണത്തിന്റെ സുന്ദരപ്രതീകങ്ങളിലൊന്നാണ്. അവര്‍ ചെയ്യുന്ന ജോലിയും അവരുടെ അതീവ ആകര്‍ഷകരൂപവും വച്ചു നോക്കുമ്പോള്‍ സൗന്ദര്യം ഒരു ശാപമായി അവരുടെ ജോലിയുടെ ഗൗരവം കുറയ്ക്കാനാണ് സാധ്യത എന്നു പറയാം. ഉക്രെയ്ന്‍ സര്‍ക്കാര്‍ നതുമോള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്തിട്ടുണ്ട് എന്നു മാത്രമല്ല ഒരു റഷ്യന്‍ ചാരസുന്ദരി എന്ന ലൈനിലാണ് അവരെ നിരീക്ഷിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് നതുമോളെ ഒരു അനിമേഷന്‍ കഥാപാത്രമാക്കി മാറ്റി ആ വഴിക്കും പ്രചാരണം നടക്കുന്നുണ്ട്.

ക്രൈമിയയിലെ ജനാധിപത്യപ്രക്രിയയില്‍ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തെക്കുറിച്ചുള്ള എന്റെ ഈ ബ്ലോഗ്‌പോസ്റ്റിനെ സാധൂകരിക്കുന്ന ഏതാനും ചിത്രങ്ങള്‍ കൂടി (എല്ലാം 33കാരിയായ അറ്റോര്‍ണി ജനറലിന്റേതു തന്നെ) ഇവിടെ ഷെയര്‍ ചെയ്യുന്നു. ഇതെല്ലാം കണ്ടിട്ട് ഉമ്മന്‍ ചാണ്ടി സരിത നായരെ ചീഫ് വിപ്പ് എങ്കിലും ആക്കട്ടെ എന്നു പ്രതീക്ഷിക്കുന്നു. പത്രസമ്മേളനങ്ങളില്‍ പൂക്കള്‍ വിരിയട്ടെ!

Nathootty

മുല്ലപ്പൂ വിപ്ലവം അഥവാ സാങ്കേതികതടസ്സം

പുടിന്‍ യുക്രൈയ്‌നോടു ചെയ്യുന്നതും റഡിസന്റ് എഡിറ്റര്‍ ജമാലുദ്ദീന്‍ ഫാറുഖി ഇന്ത്യാവിഷന്‍ ജീവനക്കാരോടു ചെയ്യുന്നതും താരതമ്യം ചെയ്യാവുന്ന കാര്യങ്ങളല്ല. പുടിന്റെ രാഷ്ട്രീയത്തെ അനുകൂലിക്കുന്ന, പുടിനെ വാഴ്ത്തുന്ന ചാനലില്‍ നിന്നും വാര്‍ത്താവായനക്കിടെ രാജി വച്ച റഷ്യ ടുഡേ ന്യൂസ് ചാനലിലെ അവതാരകയുടെ വാര്‍ത്ത കഴിഞ്ഞയാഴ്ച കൊടുത്ത ഇന്ത്യാവിഷന് നിര്‍ണായകമായ ഈ തിരുമാനത്തിനുള്ള ആശയം ലഭിച്ചത് ആ വാര്‍ത്തയില്‍ നിന്നു തന്നെയാവണം.കേരളത്തെ ബ്രേക്കിങ് ന്യൂസുകള്‍ കൊണ്ടു ഞെട്ടിച്ച റിപ്പോര്‍ട്ടര്‍മാരുടെയും രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിലെ ജീര്‍ണതകള്‍ക്കെതിരെ നല്ല നമസ്‌കാരം പറഞ്ഞുകൊണ്ടിരുന്ന ജയശങ്കരന്‍മാരുടെയും ഈറ്റില്ലമായ ഇന്ത്യാവിഷന്‍ ന്യൂസ് ടീം ഇന്നലെ പ്രവര്‍ത്തനം നിര്‍ത്തിയതോടെ കേരളത്തിലെ മാധ്യമരംഗത്തെ മുല്ലപ്പൂവിപ്ലവത്തിനു തുടക്കം കുറിച്ചിരിക്കുകയാണെന്നു പറയാം.

മനേജ്‌മെന്റുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇന്ത്യാവിഷന്‍ വാര്‍ത്താസംഘം ഒന്നടങ്കം പ്രവര്‍ത്തനം നിര്‍ത്തി പ്രേക്ഷകരെ ഞെട്ടിച്ചത് എന്നിരിക്കെ, സാങ്കേതികകാരണങ്ങളാലാണ് സംപ്രേഷണം മുടങ്ങിയത് എന്നാണ് മാനേജ്‌മെന്റ് പറയുന്നത്. ഇന്ത്യവിഷന്‍ പ്രേക്ഷകര്‍ പോളിടെക്‌നിക് പഠിക്കാത്തവരായതുകൊണ്ട് സാങ്കേതികകാരണം എന്നു വച്ചാല്‍ എന്താണെന്ന് അവര്‍ക്കു മനസ്സിലാകില്ല എന്നാവണം മുന്‍വിധി. അല്ലെങ്കിലും നാണക്കേടുണ്ടാക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നാല്‍ സിനിമാക്കാര്‍ അതിനെ മോര്‍ഫിങ് എന്നു വിളിക്കുന്നതുപോലെ പുറത്തു പറയാന്‍ കൊള്ളാത്ത കാരണങ്ങളെയെല്ലാം സാങ്കേതികകാരണങ്ങള്‍ എന്നു വിശേഷിപ്പിക്കുന്നത് ക്ലീഷേയായിട്ടുണ്ട്.

ഇന്ത്യാവിഷനിലെ സാങ്കേതികപ്രശ്‌നങ്ങളെപ്പറ്റി ജീവനക്കാര്‍ തന്നെ ഇന്ത്യാവിഷന്‍ വെബ്‌സൈറ്റില്‍ ഇന്നലെ രാവിലെ പ്രസിദ്ധീകരിച്ചിരുന്നു. അത് വാര്‍ത്ത ചുരണ്ടി ന്യൂസ് സൈറ്റുകള്‍ പുനപ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. സാമ്പത്തികപ്രതിസന്ധിയില്‍പ്പെട്ട ചാനലിലെ മാനേജ്‌മെന്റ് തലത്തിലുള്ള അഴിമതിക്കെതിരെ ജീവനക്കാര്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് എക്‌സിക്യുട്ടീവ് എഡിറ്റര്‍ എം.പി.ബഷീര്‍ ഉള്‍പ്പെടെയുള്ളവരെ പുറത്താക്കുകയും അതില്‍ പ്രതിഷേധിച്ച് വാര്‍ത്താസംഘം ഒന്നടങ്കം പ്രവര്‍ത്തനം നിര്‍ത്തുകയുമായിരുന്നു. സമരത്തില്‍ പങ്കെടുക്കുന്നില്ലാത്ത ജീവനക്കാരുടെ സഹായത്തോടെ പുതിയ നിയമനങ്ങള്‍ നടത്തിയെങ്കിലും പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിച്ചിട്ടില്ല. ജീവനക്കാര്‍ വിശദീകരണക്കുറിപ്പു പുറത്തിറക്കിയ ഇന്ത്യാവിഷന്‍ വെബ്‌സൈറ്റിന്റെ പ്ലഗ് ഇന്നലെ വലിച്ചൂരിയത് ഇതുവരെ കുത്തിയിട്ടില്ല.

പുടിനെ വെള്ളപൂശുന്നതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞയാഴ്ച റഷ്യ ടുഡേയിലെ അവതാരക ലിസ് വാള്‍ ലൈവായി രാജിവച്ചൊഴിഞ്ഞത്. റഷ്യ-യുക്രെയ്ന്‍ രാഷ്ട്രീയസംഭവവികാസങ്ങള്‍ ലോകം ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായതുകൊണ്ട് ലിസ്‌മോള്‍ടെ രാജിയും ലോകശ്രദ്ധ നേടി. അങ്ങനെയാണ് കഴിഞ്ഞയാഴ്ച ഇന്ത്യാവിഷനും അത് വാര്‍ത്തയാക്കിയത്. ദൃശ്യം സിനിമ കണ്ടതിനു ശേഷം കേരളത്തില്‍ കുറ്റവാളികള്‍ പെരുകിയിട്ടുണ്ടെന്നു പറയുന്നത് ശരിയാണെങ്കില്‍ ഇന്ത്യാവിഷനിലെ സാങ്കേതികപ്രശ്‌നങ്ങള്‍ക്കു കാരണം ലിസിന്റെ രാജിയും അതിനു കാരണമായ യുക്രെയ്ന്‍ പ്രതിസന്ധിയുമാണെന്നു വാദിക്കാവുന്നതേയുള്ളൂ.

മൊത്തത്തില്‍ മാധ്യമരംഗത്ത് മുല്ലപ്പൂവിപ്ലവത്തിന്റെ സമയമായതുകൊണ്ടാവാം മാതൃഭൂമി മുതലാളി എം.പി.വീരേന്ദ്രകുമാറിന്റെ പാലക്കാട്ടെ അത്താഴം മുടക്കുമെന്ന ഭീഷണിയുമായി ഒരു മാതൃഭൂമി ജീവനക്കാരന്‍ തന്നെ രംഗത്തെതതിയിരിക്കുന്നത്. സര്‍ക്കാര്‍ നടപ്പാക്കിയ ശമ്പളവര്‍ധന നല്‍കണമെന്നാവശ്യപ്പെട്ടതിനു പ്രതികാരമായി മാതൃഭൂമി ഗുാഹത്തിയിലേക്കു സ്ഥലം മാറ്റിയ ലേഖകന്‍ കെ.ശ്രീജിത്താണ് പാലക്കാട്ട് വീരനെതിരെ മല്‍സരിക്കുന്നത്. ജനങ്ങള്‍ക്കുമുന്നില്‍ ജനാധിപത്യവാദിയും സാംസ്‌കാരികനായകനുമായി അറിയപ്പെടുന്ന വീരേന്ദ്രകുമാര്‍ ഒരു സമരത്തിന്റെ പേരില്‍ മാതൃഭൂമിയിലെ ജീവനക്കാരെ അതിക്രൂരമായി പീഡിപ്പിക്കുന്നതിന്റെ കഥകള്‍ ലോകത്തെ അറിയിക്കാന്‍ മറ്റു വഴികളൊന്നുമില്ലാത്തതുകൊണ്ടാണ് പാലക്കാട്ട് മല്‍സരിക്കുന്നത് എന്നാണ് ശ്രീജിത് പറയുന്നത്.

റോയല്‍റ്റി ഫ്രീ സന്തുഷ്ടചിത്രങ്ങള്‍

ഫൊട്ടോ വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഒരേ പോലെ സന്തോഷപ്രദമായ രണ്ടു വാര്‍ത്തകളാണ് ഉള്ളത്. സ്റ്റോക്ക് ഫൊട്ടോ ഏജന്‍സിയായ ഗെറ്റി ഇമേജസ് അവരുടെ മൂന്നരക്കോടിയോളം വരുന്ന ഫൊട്ടോകള്‍ സൗജന്യമാക്കി എന്നതാണ് പ്രധാനവാര്‍ത്ത. ചിത്രങ്ങള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് യഥേഷ്ടം ഉപയോഗിക്കാനുള്ള ലൈസന്‍സ് അല്ല, മറിച്ച് ബ്ലോഗുകളിലും വെബ്‌സൈറ്റുകളിലും ട്വിറ്ററിലുമൊക്കെ ഫൊട്ടോകള്‍ സൗജന്യമായി എംബെഡ് ചെയ്യാനുള്ള ലൈസന്‍സ് ആണ് ഗെറ്റി നല്‍കുന്നത്. ഫൊട്ടോ ഡൗണ്‍ലോഡ് ചെയ്ത് വീണ്ടും അപ്‌ലോഡ് ചെയ്യുന്ന കഷ്ടപ്പാട് പോലുമില്ലെന്നു ചുരുക്കം. യു ട്യൂബ് വിഡിയോകള്‍ എംബെഡ് ചെയ്തു നല്‍കുന്നതുപോലെ ഇനി മുതല്‍ ഗെറ്റിയുടെ മൂന്നരക്കോടി റോയല്‍റ്റി ഫ്രീ ചിത്രങ്ങള്‍ ആര്‍ക്കും എംബെഡ് ചെയ്യാം.

ചിത്രങ്ങളുടെ വാണിജ്യേതര ഉപയോഗത്തിനാണ് ഗെറ്റി ചിത്രങ്ങള്‍ സൗജന്യമായി നല്‍കുന്നത്. അതായത് ബ്ലോഗുകളിലും വെബ്‌സൈറ്റുകളിലും അതിലെ ഉള്ളടക്കത്തോടൊപ്പമോ അല്ലാതെയോ ഗെറ്റി ചിത്രങ്ങള്‍ എംബെഡ് ചെയ്യാം. എന്നാല്‍, ഏതെങ്കിലും ഉല്‍പന്നത്തിന്റെ പരസ്യപ്രചാരണത്തിനായി ഉപയോഗിക്കാന്‍ പാടില്ല. അത്തരം ഉപയോഗങ്ങള്‍ക്ക് ഗെറ്റി ലൈസന്‍സ് വാങ്ങുക തന്നെ വേണം. ഗെറ്റിയുടെ വെബ്‌സൈറ്റില്‍ നിന്ന് ആവശ്യമുള്ള ചിത്രങ്ങള്‍ സേര്‍ച്ച് ചെയ്ത ശേഷം ആ ചിത്രത്തിന്റെ അടിയിലുള്ള എംബെഡ് ഐകണില്‍ ക്ലിക്ക് ചെയ്ത് വെബ്‌സൈറ്റ് പ്ലാറ്റ്‌ഫോം തിരഞ്ഞെടുത്ത് കോഡ് പേസ്റ്റ് ചെയ്താല്‍ ചിത്രം തെളിയും. സാംപിളിന് ഒരെണ്ണം താഴെ കൊടുക്കുന്നു.

ഗെറ്റി വിലാസം: www.gettyimages.in

ഇനി ഫൊട്ടോഗ്രഫര്‍മാരുടെ പ്രിയപ്പെട്ട സൈറ്റ് ആയ 500പിഎക്‌സ് എങ്ങനെ അവരെ സന്തോഷിപ്പിക്കുന്നു എന്നു നോക്കാം. ഫൊട്ടോകളുടെ റോയല്‍റ്റി ഫീ ലൈസന്‍സുകള്‍ നല്‍കിക്കൊണ്ട് 500പിഎക്‌സ് കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത 500പിഎക്‌സ് പ്രൈം ആണ് ഫൊട്ടോഗ്രഫര്‍മാര്‍ക്ക് നല്ല വരുമാനം നേടാനുള്ള അവസരമൊരുക്കുന്നത്. 200 രാജ്യങ്ങളില്‍ നിന്നായി മൂന്നുകോടിയോളം ഫൊട്ടോഗ്രഫര്‍മാര്‍ എടുക്കുന്ന ചിത്രങ്ങളാണ് പ്രൈമില്‍ വില്‍പനയ്ക്കു വച്ചിരിക്കുന്നത്. വില്‍ക്കുന്ന ഒരോ ഫൊട്ടോയുടെയും വിലയുടെ 70 ശതമാനവും ഫൊട്ടോഗ്രഫര്‍മാര്‍ക്ക് നല്‍കും എന്നതാണ് 500പിഎക്‌സ് പ്രൈമിന്റെ പ്രത്യേകത. 500പിഎക്‌സ് ഉപയോഗിക്കുന്ന നൂറുകണക്കിനു ഫൊട്ടോഗ്രഫര്‍മാര്‍ നമുക്കിടയിലുണ്ട് എന്നത് ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

എല്ലാ ഫൊട്ടോകളും ആജീവനാന്ത ലൈസന്‍സോടെയാണ് വില്‍ക്കുന്നത്. അതായത് വാങ്ങുന്നയാള്‍ക്ക് എത്ര വേണമെങ്കിലും അച്ചടിക്കാം. എത്ര സൈറ്റില്‍ വേണമെങ്കിലും ഉപയോഗിക്കാം. ഫോട്ടോകളുടെ വിലയും ഫഌറ്റാണ്. ഏതെടുത്താലും 250 ഡോളര്‍ (ഏകദേശം 15,000 രൂപ). നല്ല നല്ല ചിത്രങ്ങളെടുത്ത് ഫെയ്‌സ്ബുക്കിലും മറ്റുമിട്ട് ലൈക്കുകളെണ്ണി സംതൃപ്തിയടയുന്നവര്‍ക്ക് കുറച്ചുകൂടി പ്രൊഫഷനലായി സമീപിച്ചാല്‍ നോട്ടുകളെണ്ണാന്‍ ഒരു പ്രയാസവുമില്ല എന്നു ചുരുക്കം. താല്‍പര്യമുള്ളവര്‍ പരീക്ഷിക്കുക: Prime.500px.com

സെല്‍ഫിയും സെല്‍ഫ് ഗോളും

ഓസ്‌കര്‍ അവാര്‍ഡിനെക്കാള്‍ വാര്‍ത്തകളില്‍ നിറഞ്ഞത് ഓസ്‌കര്‍ അവതാരക എല്ലെന്‍ ഡിജെനറസ് സാംസങ് ഗ്യാലക്‌സി നോട്ട് 3 സ്മാര്‍ട്‌ഫോണില്‍ എടുത്ത സെല്‍ഫി (സെല്‍ഫ് പോര്‍ട്രെയ്റ്റ്) ചിത്രമാണ്. ഒബാമയുടെ ട്വിറ്റര്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ട് ട്വിറ്ററിനെ തന്നെ തകര്‍ത്തുകൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് ഓസ്‌കര്‍ സെല്‍ഫി റെക്കോര്‍ഡിട്ടു. 30 ലക്ഷം റീട്വീറ്റുകള്‍ കഴിഞ്ഞ എല്ലെന്റെ ഓസ്‌കര്‍ സെല്‍ഫി ഇതാണ്.

സോഷ്യല്‍ മീഡിയയുടെയും അവതാരകയുടെയും വിജയമെന്നൊക്കെ മാധ്യമങ്ങള്‍ പറയുമെങ്കിലും സംഗതി മുതലായത് സാംസങ്ങിനാണ്. ഓസ്‌കര്‍ നിശയില്‍ തന്നെ തങ്ങളുടെ പുതിയ പരസ്യപ്രചാരണത്തിനു തുടക്കമിടാന്‍ കോടികള്‍ മുടക്കിയ സാംസങ് അവതാരക എല്ലെനെ കോടികള്‍ കൊടുത്താണ് തങ്ങളുടെ ഗാഡ്ജറ്റുകള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കാനായി വാടകയ്ക്ക് എടുത്തത്. പുതിയ ഫോണായ ഗ്യാലക്‌സി എസ്5 കയ്യില്‍പ്പിടിച്ച് വേദിയിലൂടെ തേരാപാരാ നടന്ന എല്ലെന്‍ നോട്ട് 3യില്‍ എടുത്ത ഓസ്‌കര്‍ സെല്‍ഫി ലോകത്തിലെ ഏറ്റവും പ്രചാരമുളള്ള ട്വീറ്റ് ആയി മാറിയതോടെ സാംസങ്ങിനു മുടക്കിയ കാശ് മുതലായി എന്നു തന്നെ പറയാം.

പക്ഷെ, ബ്രാന്‍ഡ് കച്ചവടത്തിലെ പിഴവുകളും സെല്‍ഫിയോടൊപ്പം തന്നെ ലോകം ചര്‍ച്ച ചെയ്യുന്നുണ്ട്. പ്രധാനമായും വേണ്ടിടത്തും വേണ്ടാത്തിടത്തുമെല്ലാം സാംസങ് ഫോണ്‍ (ടാബ്‌ലെറ്റ്) ഉയര്‍ത്തിപ്പിടിച്ച് എല്ലെന്‍ ആപ്പിളിന്റെ മണ്ണില്‍ സാംസങ്ങിന്റെ കൊറിയന്‍ മുതലാളി ഒരു വേദനിക്കുന്ന കോടീശ്വരനാണെന്നു വ്യക്തമാക്കുകയാണ് ചെയ്തത്. സൂപ്പര്‍ ഹിറ്റായ സെല്‍ഫിക്കു പുറമേ എല്ലെന്‍ ട്വിറ്ററില്‍ കൊടുത്ത മറ്റു സാംസങ് സെല്‍ഫികളില്‍ വ്യക്തത ഇല്ലാത്തവ പോലുമുണ്ടെന്നത് സാംസങ് ക്യാമറയുടെ മിഴിവിനെയും മികവിനെയും പരസ്യമായി ചോദ്യം ചെയ്യുന്നുണ്ട്. ഇതൊക്കെ പോട്ടെന്നു വയ്ക്കാം.

ഓസ്‌കര്‍ സ്‌റ്റേജിലും ക്യാമറകള്‍ക്കു മുന്നിലും സാംസങ്ങുമായി കുത്തിമറിഞ്ഞ എല്ലെന്‍ കടുത്ത ഐഫോണ്‍ ആരാധികയാണെന്നു തെളിയിച്ചു കൊണ്ട് ബാക്ക്‌സ്‌റ്റേജില്‍ നിന്നു സ്വന്തം ഐഫോണില്‍ എടുത്ത സെല്‍ഫി ട്വീറ്റ് ചെയ്യുന്നതിലൂടെ മൊത്തം ബ്രാന്‍ഡ് പ്രമോഷന്‍ ഗെയിമിലെ ഏറ്റവും ഭീകരമായ സെല്‍ഫ് ഗോളടിച്ചു. സ്റ്റേജിന്റെ പിന്നില്‍ നിന്നുള്ള എല്ലെന്റെ ഈ ട്വീറ്റ് അവരുടെ ഐഫോണില്‍ നിന്നുള്ളതാണ്.

സാംസങ്ങിന് ഇതു പുത്തരിയല്ല. 2012 ലണ്ടന്‍ ഒളിംപിക്‌സിന് കോടികള്‍ മുടക്കി സാംസങ് ഡേവിഡ് ബെക്കാമിനെ ബ്രാന്‍ഡ് അംബാസിഡറാക്കിയതിനു തൊട്ടുപിറകേ ബെക്കാം സൂപ്പര്‍ബൗളിന് ഐഫോണിന്‍ പടമെടുത്ത് പണി കൊടുത്തു. ഗ്യാലക്‌സി 11 സോക്കര്‍ മല്‍സരത്തോടനുബന്ധിച്ച് ടീം മാനേജര്‍ നടത്തിയ ട്വീറ്റും നോട്ട് 3യുടെ പ്രചരണാര്‍ഥം ടി-മൊബൈല്‍ സിഇഒ നടത്തിയ ട്വീറ്റും ഗ്യാലക്‌സി എസ്4 ഹാഷ്ടാഗോടു കൂടി ഫോണിനെ വര്‍ണിച്ച് ടെന്നിസ് താരം ഡേവിഡ് ഫെറര്‍ നടത്തിയ ട്വീറ്റും നിര്‍ഭാഗ്യവശാല്‍ ഐഫോണില്‍ നിന്നായിപ്പോയി.

കയ്യില്‍ കാശുള്ളതുകൊണ്ട് സംസങ്ങിന് എവിടെയും പരസ്യം കൊടുക്കാം. പരസ്യത്തിനായി ആരെയും വിലയ്‌ക്കെടുക്കാം. എന്നാല്‍, സാംസങ്ങിന്റെ പരസ്യവാചകങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി അവര്‍ വിലയ്‌ക്കെടുത്ത ആളുകള്‍ പോലും എന്തുകൊണ്ട് ഐഫോണ്‍ ഉപയോഗിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം കിട്ടാത്തിടത്തോളം ആപ്പിള്‍ ഐഫോണ്‍ ലോകത്തെ ഏറ്റവും മികച്ച സ്മാര്‍ട്‌ഫോണ്‍ ആയി തുടരും. സാംസങ്ങിന്റെ ചിലവില്‍ ഐഫോണിന് കിടിലന്‍ പരസ്യങ്ങള്‍ കിട്ടുകയും ചെയ്യും.

ന്യൂ ജനറേഷന്‍ പെണ്‍പരസ്യം

ഇംഗ്ലിഷ് വിഗ്ലിഷ് എന്ന സിനിമയിലുള്ള റിയലിസ്റ്റിക് ഫെമിനിസ്റ്റ് ഹ്യൂമനിസ്റ്റ് തലങ്ങളെപ്പറ്റി ഞാന്‍ പ്രത്യേകം വര്‍ണിക്കേണ്ട ആവശ്യമില്ല. പ്രേക്ഷകരുടെ അംഗീകാരവും ആവശ്യത്തിനു പുരസ്‌കാരങ്ങളും നേടിയ സിനിമ വളരെ നല്ലൊരു സന്ദേശവും നല്‍കുന്നുണ്ട്. പെണ്ണെഴുത്ത് എന്നൊക്കെ പറയുന്നതു പോലെ പെണ്‍സിനമയുടെ നല്ല ഉദാഹരണങ്ങളിലൊന്നായി എടുത്തു പറയാവുന്ന ഒന്നാണ് ഇംഗ്ലിഷ് വിംഗ്ലിഷ്. അതിന്റെ സംവിധായിക ഗൗരി ഷിന്‍ഡേ അണിയിച്ചൊരുക്കിയ വിപ്ലവകരമായ പുതിയ പരസ്യത്തെപ്പറ്റിയാണ് ഈ പോസ്റ്റ്.

ടിവി ചാനലുകളില്‍ ഏതാനും ദിവസങ്ങളായി കളിക്കുന്ന പരസ്യവും സിനിമ പോലെ തന്നെ സൂപ്പര്‍ ഹിറ്റാണ്. പരസ്യം ആവശ്യപ്പെടുന്ന ലക്ഷ്യം നിറവേറ്റുന്നതോടൊപ്പം ഒരു സിനിമയ്ക്കു സൃഷ്ടിക്കാന്‍ കഴിയുന്ന ചലനമുണ്ടാക്കുകയും ഒരു മാധ്യമം പുലര്‍ത്തേണ്ട സാമൂഹികപ്രതിബദ്ധത കയ്യടക്കത്തോടെ കൈകാര്യം ചെയ്യുകയും ചെയ്തിരിക്കുന്ന തനിഷ്‌ക് ആഭരണ ബ്രാന്‍ഡ് പരസ്യത്തിന് 100 മാര്‍ക്ക്. ഗൗ,ി ഷിന്‍ഡേക്കും പരസ്യനിര്‍മാതക്കളായ ലോവി ലിന്റാസിനും (മലയാളികളടങ്ങുന്ന കമ്പനിയാണ്) അഭിവാദ്യങ്ങള്‍.

പരസ്യം കണ്ടിട്ടില്ലാത്തവര്‍ക്കു വേണ്ടിയും കണ്ടവര്‍ക്കു വീണ്ടും കാണുന്നതിനു വേണ്ടിയും ഇവിടെ എംബെഡ് ചെയ്യുന്നു.

ഒറ്റനോട്ടത്തില്‍ ഒരു പുതുമയുമില്ല. എല്ലാ ജ്വല്ലറി പരസ്യങ്ങളിലെയും പോലെ വിവാഹത്തിന് ഒരുങ്ങുന്ന നായിക. മണ്ഡപത്തിലേക്കു കയറുന്ന നായിക, നോക്കുന്ന നായകന്‍, വിവാഹച്ചടങ്ങ്, കഴിഞ്ഞു. ഇന്നു വരെ നമ്മള്‍ കണ്ടിട്ടുള്ള ലോക്കല്‍ ജ്വല്ലറി പരസ്യങ്ങളുടെ അതേ തിരക്കഥ തന്നെ. ആ തിരക്കഥയില്‍ ന്യൂജനറേഷന്‍ ഇടപെടലുകളില്ലാതെ ചെറിയ ചില കൂട്ടിച്ചേര്‍ക്കലുകള്‍ കൊണ്ട്, മേക്കപ്പ് ഉള്‍പ്പെടെയുള്ള ഘടകങ്ങളിലെ ഇടപെടല്‍ കൊണ്ട് സംവിധായിക സൃഷ്ടിച്ചത് ഒരു വിസ്മയമാണ്. അത് തന്നെയാണ് ഈ പരസ്യത്തിന്റെ മഹത്വവും.

ഒന്നാമതായി ഇതിലെ നായിക വെളുത്തു മെലിഞ്ഞ ഒരു മോഡലല്ല. ആഭരണമണിയുമ്പോള്‍ സ്വര്‍ണത്തിന്റെ നിറവും നായികയുടെ വെളുപ്പും കാരണം സ്‌റ്റേഷന്‍ പോയി നില്‍ക്കുന്ന അമുല്‍ ബേബിയല്ല നായകന്‍. നായികയുടെ സിക്‌സ് പായ്ക്ക് വയറില്‍ ആഭരണമിട്ടിട്ടുള്ള ക്ലോസപ്പുകളോ ഈ ജൂവലറി ഇല്ലായിരുന്നെങ്കില്‍ നമ്മുടെ മോള് പുരനിറഞ്ഞു നിന്നു പോയേനെ എന്ന ലൈനിലുള്ള ഡയലോഗുകളോ ഇല്ല. വളരെ അര്‍ഥവത്തായ ഒരു ആശയം ചിത്രീകരിക്കുകയും ആ ചിത്രീകരണത്തില്‍ ജ്വല്ലറിയുടെ ആഭരണങ്ങള്‍ ഉപയോഗിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ എന്നതാണ് ഈ പരസ്യത്തിന്റെ മിതത്വം.

ആലിലവയറും സെകസി ലുക്കുമുള്ള മോഡലുകളെ ഒഴിവാക്കി ജീവിതത്തില്‍ നമ്മള്‍ കാണുന്ന മാതിരിയുള്ള കഥാപാത്രങ്ങളെ ഉപയോഗിക്കാന്‍ കാണിച്ച ധൈര്യം പ്രശംസനീയമാണ്. വിവാഹവും ആഘോഷവുമൊക്കെ കോടീശ്വരന്‍മാരായ മുതലാളിമാരുടെ അതിസുന്ദരികളായ പെണ്‍മക്കള്‍ക്കു മാത്രം പറഞ്ഞിട്ടുള്ളതാണ് എന്ന സന്ദേശം നല്‍കിയിരുന്ന ജ്വല്ലറി പരസ്യങ്ങളെ എഴുതിത്തള്ളിക്കൊണ്ടാണ് പ്രേക്ഷകര്‍ തനിഷ്‌ക് പരസ്യം കൈനീട്ടി സ്വീകരിച്ചിരിക്കുന്നത്.

പരസ്യത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവരെയുംകാള്‍ അഭിനന്ദനമര്‍ഹിക്കുന്നത് തനിഷ്‌ക് ബ്രാന്‍ഡും ടാറ്റയുമാണ്. ഇത്തരമൊരു പരസ്യം അതിന്റെ കലാമൂല്യവും സാംസകാരികമൂല്യവും അറിഞ്ഞുകൊണ്ട് സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത് തീര്‍ച്ചയായും വലിയൊരു കാര്യമാണ്. സിനിമയെക്കാള്‍ ആയിരം മടങ്ങ് ജനങ്ങളെ സ്വാധീനിക്കുന്ന മാധ്യമം എന്ന നിലയില്‍ ഈ പരസ്യത്തിനു പത്തരമാറ്റാണ്.

സോഷ്യല്‍ മീഡിയ സ്റ്റാര്‍ സിംഗര്‍

സിനിമയില്‍ പാടാനവസരം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് ടെലിവിഷന്‍ ചാനലുകള്‍ നടത്തുന്ന റിയാലിറ്റി ഷോകളിലെ ചീഞ്ഞുനാറിയ നാടകങ്ങളും വോട്ടിങ് തട്ടിപ്പുകളും ഒരു വര്‍ഷത്തോളം നീളുന്ന ടാം റേറ്റിങ് മല്‍സരവും പിന്നെയൊരു പതിനായിരം പരസ്യങ്ങളുമില്ലാതെ സാധാരണക്കാരായിയായ ഒരു ചന്ദ്രലേഖയെ സിനിമാ പിന്നണിഗായികയാക്കിയ സോഷ്യല്‍ മീഡിയയ്ക്ക് ഒരു സല്യൂട്ട്. പാട്ടിനൊപ്പം നൃത്തം ചെയ്യാതെ, സംഗതികള്‍ എണ്ണിത്തികയ്ക്കാതെ, ജഡ്ജസിനു മുന്നില്‍ അടിമയെപ്പോലെ നില്‍ക്കാതെ, എസ്എംഎസുകള്‍ക്കായി യാചിക്കാതെ, ഒരേയൊരു പാട്ടു മാത്രം പാടി കിരീടം ചൂടിയ ചന്ദ്രലേഖയുടെ വിജയം സോഷ്യല്‍ മീഡിയയുടെ വിജയകഥകളോടൊപ്പം എഴുതിച്ചേര്‍ക്കാം. സംവിധായകരും തിരക്കഥാകൃത്തുക്കളും പരസ്യക്കമ്പനികളുമില്ലാത്ത സോഷ്യല്‍ മീഡിയ റിയാലിറ്റി ഷോയെക്കാള്‍ റേറ്റിങ് മറ്റൊന്നിനുമുണ്ടാവില്ല.

ചന്ദ്രലേഖ ഒരു പ്രതീകമാണ്. കൂട്ടായ പരിശ്രമത്തിന്റെ, പൊതുവികാരത്തിന്റെ, അറിഞ്ഞോ അറിഞ്ഞാതെയോ നല്ലതിനെ അംഗീകരിച്ചുപോകുന്ന മനസ്സിന്റെ ഒക്കെ പ്രവര്‍ത്തനഫലമാണ് ചന്ദ്രലേഖ നേടിയ വിജയം. മൊബൈല്‍ ക്യാമറയ്ക്കു മുന്നില്‍ പാടിയ ചന്ദ്രലേഖയും അത് ചിത്രീകരിച്ചു യു ട്യൂബിലിട്ട ബന്ധുവും ആ വിഡിയോ ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്ത പതിനായിരങ്ങളും ഈ ചലനം വാര്‍ത്തയാക്കിയ മുഖ്യധാരാ മാധ്യമങ്ങളും ഇത് ശ്രദ്ധിച്ച് ഈ പുതുമുഖത്തിന് അവസരം നല്‍കിയ ചലച്ചിത്രപ്രവര്‍ത്തകരും എല്ലാം ചന്ദ്രലേഖയെ സൃഷ്ടിച്ചവരാണ്. എല്ലാറ്റിനുമുപരിയായി മുകളില്‍ ഒരാളുണ്ട് എന്നു വിശ്വസിക്കുന്നവര്‍ക്ക് സോഷ്യല്‍ മീഡിയയെ അദ്ദേഹം സമര്‍ഥമായി ഉപയോഗിക്കുന്നു എന്നും വിശ്വസിക്കാം.

എടുത്തുകെട്ടുകളും നാട്യങ്ങളും കൊണ്ട് മുഖരിതമായ ചാനല്‍ റിയാലിറ്റി ഷോകളില്‍ ലക്ഷങ്ങള്‍ ചെലവിട്ടു പങ്കെടുക്കുന്നവരും എസ്എംഎസുകള്‍ക്കായി ഭിക്ഷ യാചിക്കുന്നവരും ഏഴെട്ടുമാസത്തോളം നിത്യവും ടിവിയില്‍ കണ്ടിട്ടും അവരൊന്നും എവിടെയും എത്താതെ പോകുന്നതും വിസ്മരിക്കപ്പെട്ടുപോകുന്നതും എന്തുകൊണ്ടാണ് എന്ന് മാധ്യമങ്ങള്‍ പഠിച്ചുതുടങ്ങേണ്ട സമയം ആയിരിക്കുന്നു. പാട്ടിലെ സംഗതി അളന്നു നോക്കുന്ന സംഗീതഗുരുക്കന്‍മാരുടെ അഹന്തയെക്കാള്‍ കേട്ട് ഇഷ്ടപ്പെട്ട പാട്ട് ഷെയര്‍ ചെയ്യുന്ന ജനക്കൂട്ടത്തിന്റെ നിഷ്‌കളങ്കതയാണ് വലുത് എന്നത് പാട്ടുകാര്‍ക്കും ഗുരുക്കന്‍മാര്‍ക്കമുള്ള പാഠമാണ്. ചാനല്‍ ക്യാമറയ്ക്കു മുന്നില്‍ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്ന മെലോഡ്രാമയെക്കാള്‍ മൊബൈല്‍ ക്യാമറയ്ക്കു മുന്നില്‍ സ്വന്തം കുഞ്ഞിനെയുമെടുത്ത് പാടാനുള്ള റിയലിസത്തിനാണ് പ്രേക്ഷകരുടെ വോട്ട് എന്നത് റിയാലിറ്റി ഷോയുടെ തിരക്കഥയെഴുതുന്നവര്‍ക്കുള്ള പാഠം. ഒടുവില്‍, സോഷ്യലിസവും ജനാധിപത്യവും അല്‍പമെങ്കിലും അവശേഷിക്കുന്ന സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ഉണ്ടാക്കാം എന്നു പറഞ്ഞ് കാശുതട്ടിക്കുന്ന സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്ങുകാര്‍ക്കുള്ള ഗുണപാഠമാണ് മൊത്തം സംഭവവികാസങ്ങളും. സത്യം, നിഷ്‌കളങ്കത, സുതാര്യത തുടങ്ങിയവയെക്കാള്‍ വൈറല്‍ ആവാന്‍ യോഗ്യതയുള്ള മറ്റൊന്നുമില്ല.

ചന്ദ്രലേഖയുടെ ടേക്ക് ഓഫ് കഴിഞ്ഞു. ഇനിയാണ് ഗായികയുടെ ഏറ്റവും കഷ്ടപ്പാടുള്ള കാലം. പാടുന്നത് സിനിമയിലാണെങ്കിലും സിനിമയില്‍ കാണുന്നതുപോലെ പാടുന്നതെല്ലാം ഹിറ്റായി ആറുമാസം കൊണ്ട് ചന്ദ്രലേഖ കോടീശ്വരിയാകുമെന്നൊന്നും കരുതാന്‍ വയ്യ. ശ്രേയ ഘോഷാലിനു നല്‍കാനിരുന്ന പാട്ടാണ് ചന്ദ്രലേഖയ്ക്ക് നല്‍കിയത് എന്നതു വച്ച് ശ്രേയാ ഘോഷാലിനെക്കാള്‍ മികച്ച ഗായികയാണ് ചന്ദ്രലേഖയെന്നും ഇതുവരെ മലയാളത്തില്‍ പാടിയവരൊന്നും ചന്ദ്രലേഖയോളം നല്ല പാട്ടുകാരായിരുന്നില്ലെന്നുമൊക്കെ ശ്രുതി മീട്ടുന്നുണ്ട് പലരും. സോഷ്യല്‍ മീഡിയയിലൂടെ ന്യൂജനറേഷന്‍ കൈപിടിച്ചുകൊണ്ടുവന്ന ചന്ദ്രലേഖയെ മെയിന്‍സ്ട്രീം മീഡിയയും ഓള്‍ഡ് ജനറേഷനും ഏറ്റെടുക്കുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങളാണിത്. ചന്ദ്രലേഖയുടെ നാട്ടില്‍ ഇനി ഫ്‌ളെക്‌സുകള്‍, സ്വീകരണങ്ങള്‍, ഉദ്ഘാടനങ്ങള്‍, സ്വപ്‌നത്തെക്കാള്‍ അമ്പരപ്പിക്കുന്ന മാറ്റമാണ് ജീവിതം ചന്ദ്രലേഖയ്ക്ക് നല്‍കിയിരിക്കുന്നത്. ഒരു ഫേസ്ബുക്ക് അക്കൗണ്ട് പോലുമില്ലാതെ സോഷ്യല്‍ മീഡിയയെ കീഴടക്കി ലക്ഷ്യങ്ങളുടെ പരിധിക്കപ്പുറത്തുള്ള സ്വപ്‌നം യാഥാര്‍ഥ്യമാക്കിയ ഈ ജനകീയഗാനകോകിലത്തിന്റെ മുന്നില്‍ ലക്ഷം ലൈക്കുകള്‍ വിലകൊടുത്തു വാങ്ങുന്ന താരറാണികള്‍ നിഷ്പ്രഭരാണ്. അതുകൊണ്ടു തന്നെ നല്ല പാട്ടുകാരുടെ പട്ടികയില്‍ എന്നും ഗായിക ഉണ്ടാവട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു, പ്രാര്‍ഥിക്കുന്നു.

ചന്ദ്രലേഖയുടെ ആദ്യ വിഡിയോ (Original)

ചന്ദ്രലേഖ സിനിമയ്ക്കു വേണ്ടി പാടുന്നു (റിപ്പോര്‍ട്ട്)

ചന്ദ്രലേഖയുടെ നന്ദി (ഫേസ്ബുക്ക്)

മോടിയുള്ള മലയാളത്തിന് നമോ

ഹിന്ദുസ്ഥാനിലെ ഏറ്റവും കഠോരമായ ഭാഷകളിലൊന്നാണ് മലയാളം. മലയാളികളുടെ ദേശീയഭാഷയാണ് ഈ ക്ലാസിക്കല്‍ ഭാഷ. അവരവര്‍ക്ക് അവരവരുടെ ഇഷ്ടം പോലെ പറയാനുള്ള ക്രിയേറ്റീവ് ലൈസന്‍സാണ് മലയാളത്തിന്റെ ഏറ്റവും സവിശേഷതകളിലൊന്ന്. പുതുതലമുറയിലെ കുട്ടികള്‍ കേരളത്തില്‍ വീട്ടിലും സ്‌കൂളിലുമൊക്കെ മലയാളം സംസാരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണ്. നമ്മള്‍ നമുക്ക് തോന്നുന്നതു പോലെ മലയാളം പറയുമ്പോഴും മലയാളം അറിയാത്ത ആളുകള്‍ അത് ഭംഗിയായി പറയണമെന്ന് നമുക്ക് നിര്‍ബന്ധമുണ്ട്.

അടുത്ത പ്രധാനമന്ത്രിയാവാനിരിക്കുന്ന ബിജെപി നേതാവ് നരേന്ദ്ര മോഡി ഈ ഓണക്കാലത്ത് മലയാളികള്‍ക്ക് ഓണസന്ദേശം നല്‍കിയിരിക്കുന്നത് പച്ചമലയാളത്തിലാണ്. രണ്ടര മിനിറ്റോളം മലയാളം പറഞ്ഞ് കേരളത്തെ ഇംപ്രസ് ചെയ്യാന്‍ അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ തീര്‍ച്ചയായും ശ്ലാഘനീയമാണ്. പ്രധാനമന്ത്രി സ്ഥാനാര്‍ഥി ഒരു കോളജ് ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെപ്പോലെ പ്രചാരണം നടത്തേണ്ടതുണ്ടോ എന്നതൊക്കെ പാര്‍ട്ടിയും നേതാക്കളും ക്യാപെയ്ന്‍ മാനേജര്‍മാരും കൂടി ചേര്‍ന്നു തീരുമാനിക്കേണ്ടതാണ്. രാജ്യത്തെ എല്ലാ ഭാഷകളിലും സംസാരിക്കാന്‍ കഴിയുന്ന ഒരു പ്രധാനമന്ത്രി വേണമെന്നൊന്നും ആരും അഗ്രഹിക്കുമെന്നു തോന്നുന്നില്ല. മലയാളം പറഞ്ഞതുകൊണ്ട് മോഡിച്ചേട്ടന്‍ മലയാളി ആണെന്നൊന്നും ആരും കരുതില്ല. പിന്നെ ആ തിരുനാവില്‍ നിന്നും മലയാളം കേള്‍ക്കുന്നതിന്റെ ഒരു സുഖം, അത്ര തന്നെ. അതും ആദ്യത്തെ രണ്ടു വാചകം കേള്‍ക്കുമ്പോള്‍ കഴിയും.

ഓണാശംസകള്‍ മലയാളത്തില്‍ നേരുക എന്നത് ഒന്നോ രണ്ടോ വാചകത്തില്‍ ചെയ്യാവുന്നതേയുള്ളൂ. എല്ലാ മലയാളികള്‍ക്കും എന്റെ ഓണാശംസകള്‍ ! എന്നു പറഞ്ഞാല്‍ സംഗതി മനസ്സിലാവും. മലയാളി നേതാക്കളും സെലബ്രിറ്റികളും പോലും അത്രയേ പറയുന്നുള്ളൂ. പക്ഷെ ഭാവി പ്രധാനമന്ത്രിയുടെ മലയാളം മുന്‍ഷി ഓള്‍ഡ് ജനറേഷനാണ്. നല്ല ഗുമ്മുള്ള രണ്ട് മലയാളം ആശംസയ്ക്ക് പകരം നാലാം ക്ലാസ്സിലെ പിള്ളേര്‍ക്കു കോംപോസിഷനെഴുതാന്‍ പറഞ്ഞുകൊടുക്കുന്ന പഴഞ്ചന്‍ ഡയലോഗുകളാണ് മുന്‍ഷി മോഡിയെ പഠിപ്പിച്ചിരിക്കുന്നത്. മലയാളം ഡയലോഗുകള്‍ ഇംഗ്ലീഷില്‍ അല്ലെങ്കില്‍ ഗുജറാത്തിയില്‍ എഴുതി അത് പ്രോംപ്റ്ററില്‍ നോക്കി വായിച്ചിരിക്കുകയാണ് നമോ. വിപ്ലവകരമായ ആ വിഡിയോ ഇതാണ്.

ഏതാണ്ട് ഇങ്ങനെയാണ് ആ ഓണസന്ദേശം.

“ഓണം സമൃദ്ധിയുടെ ഉത്സവമാണ്. ഓണം, ഓറുമിയുടെ ഉത്സവമാണ്. ഓണം, നന്മ യുടെയും സത്യത്തിന്റെയുമ് ഉത്സവമാണ്. സത്യത്തിന്റെയുമ്, സമൃത്തിയുടെയുമ്, നാളുകള്, വിണ്ടും സുഷ്ടിക്കാനുള്ള സന്തേശമാണ് ഓണം നല്കുന്നതം (കൂപ്പുകൈ). മഹാബലി ഏന മഹാനായ, ദാനസിലനായ, ഭരണകര്‍ത്താവിന്റെ സുവര്‍ണകാലത്തെ ആര്‍മിപ്പിക്കുന്നു ഒരു അവ്‌സരമാണ് ഓണം. മല്യാളിയുടെ സമത്വവും സുഹാര്‍ദ്ദവും നമക്കു ഏക്കാലത്തും അനുകര്‍ണീയമാണ്. ഈ മഹത്തായ് ആസയവും സംകല്‍പവും ലോക്കത്തിനു തനെ മാതൃകയാണ്. അദ്വനാശീലവും ബുദ്ധിശക്തിയും കൈമുതലാക്കി മുനോട്ടു പോകുന്നവരാണ്‍ മല്യാളികള്. എല്ലാവിഷം മംഗളകിടി യിലും ചിംഗമാസത്തിലെ തിരുവോണം കുടുംബത്തോടെ ആഘോഷിക്കുന്നം വരാണ്‍ മല്യാളികള്. ലോകത്തിലെ എല്ല മലാളികള്ക്കുമ് ഹൃദയം നെറഞ്ഞ എന്റെ ഓണസംസ്‌കള്. ഓര്‍മയുടെയും സമൃദി യ്‌ടെയും നാളുകള്‍ സൃസ്ടികാന്‍ നമുക്കു എന്നായി സ്രമിക്കാം. ഓരിക്കല്‍ കൂടി എല്ലാവര്‍ക്കും എന്റെ ഓണാസംമ്‌സകള് നേരുന്നു. മാതാ അമൃതാനന്ദമായി ദേവിയുടെ അര്‍പ്താം പിര്‍ന്നാള്‍ ആഘൊഷത്തില്‍ പങ്കെട്ക്കാനായി സെപ്‌റ്റെംര്‍ ഇരുത്തിആറാം തീതി ഞാന്‍ കരേലാത്തില്‍ വരുണ്ട്. അപ്‌ളോള്‍ വീണ്‍ടും കാണാം.”

ഇത്ര കഠിനമായ ഒരു പരിശ്രമത്തിന് ഇറങ്ങിത്തിരിച്ച നരേന്ദ്ര മോഡിയെ ഒരു മലയാളി എന്ന നിലയില്‍ ഞാന്‍ അഭിനന്ദിക്കാനാഗ്രഹിക്കുന്നു. അതേ സമയം, മലയാളി അല്ലാത്ത ഒരാളെക്കൊണ്ട് ഇങ്ങനൊരു ഉപന്യാസം വായിപ്പിച്ച ക്രിയേറ്റിവ് ടീമിനോട് എന്തോന്നാടേ ഇത് എന്നു ചോദിക്കാനും ഞാനാഗ്രഹിക്കുന്നു. തനിമലയാളികളായ നമ്മുടെ ചാനല്‍ അവതാരകരുടെ നാവു വഴങ്ങാത്ത ചില ഏരിയകളില്‍ നമോ കൂള്‍ കൂളായി വാക്കുകളുച്ചരിച്ചിരിക്കുന്നത് അവളുമാരുടെ കുണ്ടിക്ക് നല്ല പെട കിട്ടാത്തതിന്റെ കുഴപ്പം കൊണ്ടാണെന്നതിന്റെ തെളിവാണ്. ചാനലുകാര്‍ എത്ര ശ്രമിച്ചാലും ‘ബരണഗര്‍ത്താവിന്റെ’ എന്നേ പറയാനൊക്കൂ. നമോ ‘ഭരണകര്‍ത്താവിന്റെ’ എന്ന് ഒരു ബുദ്ധിമുട്ടുമില്ലാതെ പറഞ്ഞിരിക്കുന്നു. ‘ബുദ്ദിശഗ്ദ്ദി’ എന്നേ ചാനലുകാര്‍ക്കു പറയാന്‍ കഴിയൂ. നമോ വളരെ സ്ഫ്ുടമായി ‘ബുദ്ധിശക്തി’ എന്നു തന്നെ പറഞ്ഞിരിക്കുന്നു. അതുപോലെ തന്നെ പല വാക്കുകളും മലയാളികള്‍ക്കും സാധിക്കുന്നതിനെക്കാള്‍ മികവോടെ നമോ പറഞ്ഞിട്ടുണ്ട്. മൊത്തത്തിലുള്ള പെര്‍ഫോമന്‍സ് അത്ര പോരാത്തത് മേല്‍പ്പറഞ്ഞതുപോലെ അദ്ദേഹത്തെക്കൊണ്ട് ഇത്് ചെയ്യിച്ചവരുടെ കുഴപ്പമാണ് എന്നാണ് എന്റെ അഭിപ്രായം.

നരേന്ദ്ര മോഡി (നമോ) ഓണാശംസ നേര്‍ന്നിരിക്കുന്നത് മലയാളത്തിലായതുകൊണ്ട് അതിലെ ഭാഷാപരമായ പോരായ്മകള്‍ ക്ഷമിക്കപ്പെടും. തമിഴിലായിരുന്നെങ്കില്‍ പുള്ളിക്കും പുള്ളീടെ പാര്‍ട്ടിക്കും കിട്ടാനുളഅള വോട്ടുകള്‍ കൂടി പോയേനെ. പിന്നെ, മലയാളികള്‍ക്ക് പൊതുവേ മലയാളം സംസാരിക്കുന്നവരോട് പുച്ഛമാണെന്നും ഇംഗ്ലഷില്‍ സംസാരിച്ചരുന്നെങ്കില്‍ വോട്ടു കിട്ടിയേനെ എന്നുമൊക്കെയുള്ള കാര്യങ്ങള്‍ കോംപോസിഷന്‍ പഠിപ്പിച്ച മുന്‍ഷി വിട്ടുകളഞ്ഞു എന്നതൊഴിച്ചാല്‍ കാര്യങ്ങള്‍ മൊത്തത്തില്‍ ശുഭകരമാണ്.

ഒടുവില്‍ യുണിസെഫ്‌ സത്യം പറഞ്ഞു

പത്രമാധ്യമങ്ങളില്‍ അടിച്ചു വരുന്ന ദുരിത കഥകള്‍ വെട്ടിയെടുത്ത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത് അതിനു ലൈക്ക് ചോദിച്ചു വാങ്ങുന്ന ചിലരുടെ ഡെഡിക്കേഷന്‍ കണ്ടാല്‍ ഓരോ ലൈക്കും അവരുടെ ദുരിതാശ്വാസത്തിനുള്ള സംഭാവനകളായി മാറുമെന്നു തോന്നിപ്പോവും. 1 ലൈക്ക് = 100 രൂപ, 1 ഷെയര്‍ = 1000 രൂപ എന്നൊക്കെ പ്രഖ്യാപിച്ചാണ് ചിലര്‍ ലൈക്കുകള്‍ വാങ്ങുന്നത്. സത്യത്തില്‍ ലൈക്ക് ചെയ്ത് ഷെയര്‍ ചെയ്തു വിടുന്നതോടെ നമ്മുടെ ഉത്തരവാദിത്വം അവസാനിച്ചു എന്നൊരു വ്യാജനിര്‍വൃതി സൃഷ്ടിക്കുകയാണ് ഇത്തരക്കാരും ഇതിന് ഇരയാവുന്നവരും ചെയ്യുന്നത്.

അടിസ്ഥാനപരമായി പട്ടിണിയും പരിവട്ടവും ദുരിതങ്ങളും മാറാന്‍ അതിനാവശ്യമായ പണവും സൗകര്യങ്ങളും തന്നെ വേണം. അത്തരം വാര്‍ത്തകളുടെ ചുവട്ടില്‍ ലൈക്ക് ചെയ്തതുകൊണ്ട് ആരുടെയും പട്ടിണി അവസാനിക്കുകയോ ആരുടെയും സാമൂഹികപ്രതിബദ്ധത പൂവണിയുകയോ ചെയ്യുന്നില്ല. ലൈക്കുകളുടെ എണ്ണത്തില്‍ വേണമെങ്കില്‍ അഹങ്കരിക്കാവുന്ന യൂണിസെഫ് തങ്ങളുടെ ഫേസ്ബുക്ക് ലൈക്കുകളെ പ്രതിബദ്ധതയുള്ള സമൂഹത്തിന്റെ സംഭാവനകളില്‍ നിന്നും വേര്‍തിരിച്ചു കാണുന്നതെങ്ങനെ എന്നത് വ്യക്തമാക്കുന്നതാണ് ഈ പരസ്യം. കാശിനു കാശ് തന്നെ വേണം, ലൈക്ക് കിട്ടിയിട്ട് കാര്യമില്ല എന്നാണ് ഈ പരസ്യത്തിന്റെ സന്ദേശം.

സത്യസന്ധവും സുതാര്യവുമായ കാര്യങ്ങള്‍ ഋജുവായി പറയുന്നതിന്റെ സൗന്ദര്യം ഈ പരസ്യത്തിലുണ്ട്. ലോകത്തിന്റെ സ്പന്ദനം ഫേസ്ബുക്കിലാണെന്നും നമ്മള്‍ ഇവിടെ ലൈക്ക് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും കമന്റ് ചെയ്യുന്നതുമനുസരിച്ചാണ് ലോകം മുന്നോട്ടു പോകുന്നതെന്നും വിശ്വസിക്കുന്ന നമ്മളെപ്പോലുള്ളവര്‍ക്ക് ഇത് പെട്ടെന്നു സമ്മതിച്ചു കൊടുക്കാന്‍ പ്രയാസമുണ്ടാവും. ലൈക്ക് ചെയ്താല്‍ കാശ് തരാം എന്നു വരെ പറഞ്ഞ് ലൈക്ക് സമ്പാദിക്കുന്നവര്‍ക്ക് ഈ പരസ്യം ഒരു വെളിച്ചമാവട്ടെ എന്നാശംസിക്കുന്നു.