ടച്ചിങ്‌സ് ഓവര്‍ ഇന്റര്‍നെറ്റ്

കൊച്ചു കൊച്ചു കണ്ടെത്തലുകളും ഗാഡ്ജറ്റുകളും വരെ താല്‍പര്യത്തോടെ പിന്‍തുടരുന്നവര്‍ ഈ സംഗതി കാണാതെ പോകരുത്. ജീവിതം മാറിമറിയുന്നത് ഇങ്ങനെ ചില ഗാഡ്ജറ്റുകളിലൂടെയും ആപ്ലിക്കേഷനുകളിലൂടെയുമാണല്ലോ. ജിടോകും സ്‌കൈപും വിഡിയോ ചാറ്റും ഗൂഗിള്‍ ഹാങ് ഔട്ടുമൊക്കെ വ്യക്തിജീവിതങ്ങളെയും ബന്ധങ്ങളെയും സ്വകാര്യപ്രണയങ്ങളെയുമൊക്കെ സ്വാധീനിച്ചിട്ടുള്ളതിന് പ്രത്യേകിച്ച് സാക്ഷ്യപത്രങ്ങളൊന്നുമില്ല. ടെക്‌സ്റ്റ്, വോയ്‌സ്, വിഡിയോ ചാറ്റുകള്‍ കൊണ്ട് വിസ്മയങ്ങള്‍ തല്‍ക്കാലത്തേക്ക് അവസാനിച്ചു എന്നു കരുതുന്നവര്‍ക്ക് ഡ്യുറെക്‌സിന്റെ ഫണ്‍ടാവെയര്‍ ഞെട്ടിക്കുന്ന കണ്ടെത്തലായിരിക്കും.

ഗര്‍ഭനിരോധന ഉറക്കമ്പനിയായ ഡ്യുറെക്‌സ് ഓസ്‌ട്രേലിയയില്‍ അവതരിപ്പിച്ച ഏറ്റവും പുതിയ വിസ്മയമാണ് ഫണ്‍ടാവെയര്‍. വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് എന്നു പറയുന്നതുപോലെ ടച്ചിങ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് ആണ് ഫണ്‍ടാവെയര്‍ വാഗ്ദാനം ചെയ്യുന്നത്. ഫണ്ണും അണ്ടര്‍വെയറും ചേര്‍ന്നുണ്ടായതാണ് ഫണ്‍ടാവെയര്‍. അതായത് അണ്ടര്‍വെയറിനുള്ളില്‍ ഫണ്‍ (അതു പിന്നെ നമുക്കറിയാത്തതാണല്ലോ) അല്ലെങ്കില്‍ അണ്ടര്‍വെയറും ഫണ്ണും ഒരുമിച്ച് എന്നൊക്കെയാണ് ഫണ്‍ടാവെയര്‍ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഡ്യൂറെക്‌സിന്റെ ഫണ്‍ടാവെയര്‍ ധരിക്കുകയും വെയറിനെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന ആപ്ലിക്കേഷന്‍ വഴി വിദൂരത്തിരിക്കുന്ന കശ്മലന്‍ അല്ലെങ്കില്‍ കശ്മലയുമായി ബന്ധപ്പെടുകയും കശ്മലന്‍ സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനില്‍ വികാരപരവശനായി സ്പര്‍ശിക്കുമ്പോള്‍ ഇപ്പുറത്തിരിക്കുന്നയാള്‍ക്ക് ഫണ്‍ടാവെയര്‍ വഴി അത് തല്‍സമയം അനുഭവപ്പെടുകയും ചെയ്യുന്ന അദ്ഭുത പ്രക്രിയയാണ് ഇത്. സംഗതി എന്താണെന്നു വ്യക്തമായി മനസ്സിലാക്കാന്‍ ഡ്യൂറെക്‌സ് വിഡിയോ കാണുക.

വിഡിയോ കണ്ടിട്ട് ഇത് പരസ്പരം ഇക്കിളിയാക്കുന്നതിനുള്ള ഉപകരണമാണെന്നാണ് തോന്നുന്നത്. അത് പരീക്ഷണ ടച്ചിങ് ആയതുകൊണ്ടും ഈ വിഡിയോ ഇങ്ങനെ യൂ ട്യൂബിലിടുകയും ബ്ലോഗര്‍മാര്‍ അത് ഷെയര്‍ ചെയ്യുകയും ചെയ്യുമെന്ന് അറിയാവുന്നതുകൊണ്ടാണ് ഇവര്‍ അകാരണമായി ചിരിക്കുന്നത്. ശരിക്കും സ്വകാര്യതയില്‍ വൈകാരികമായി അടുപ്പമുള്ളവര്‍ ഇത്തരുണത്തില്‍ സ്പര്‍ശിച്ചാല്‍ വിവരമറിയും. മേല്‍പ്പറഞ്ഞ പരസ്യചിത്രത്തില്‍ പ്രത്യക്ഷപ്പെട്ട കപിള്‍സ് പറഞ്ഞത് ഉടുപ്പിനുള്ളില്‍ ഇലക്ട്രിക് ഉറുമ്പുകള്‍ കറങ്ങിനടക്കുന്നമാതിരി ഒരു ഫീലിങ് ആയിരുന്നു എന്നാണ്. അണ്ടര്‍വെയറിനുള്ളില്‍ ശരിക്കുള്ള ഉറുമ്പ് പോകുന്നത് തന്നെ ഭീകരാനുഭവമായി കരുതപ്പെടുന്ന കേരളം പോലുള്ള സ്ഥലത്ത് ഇലക്ട്രിക് ഉറുമ്പുകള്‍ ആസ്വാദ്യകരമാവുമോ എന്തോ.

കഴിഞ്ഞ വര്‍ഷം ഏതാണ്ട് ഈ സമയത്ത് കിസ്സിജ്ഞര്‍ എന്ന പേരിലൊരു ചാറ്റ് ഉപകരണം ആരോ അവതരിപ്പിരുന്നു. ചാറ്റ് ചെയ്യുമ്പോള്‍ ഈ സാധനം എടുത്ത് ഉമ്മ വച്ചാല്‍ അപ്പുറത്തിരിക്കുന്നയാളും സാധനം ചുണ്ടോടു ചേര്‍ത്താല്‍ ചുബനം അതേ തീവ്രതയോടെ മുറുക്കത്തോടെ ട്രാന്‍മിറ്റ് ചെയ്യുമത്രേ. എന്തായാലും ശാസ്ത്രം പുരോഗമിക്കുകയാണ് എന്നതില്‍ സന്തോഷമുണ്ട്. പഴയ ടെലിപ്പതിയും കൂടുവിട്ടു കൂടുമാറ്റവും ഹഠയോഗികളുടെ കുത്തകവിദ്യകളുമൊക്കെ ശാസ്ത്രീയ അടിത്തറയോടുകൂടി തന്നെ ജനകീയമാകുന്നത് നല്ല കാര്യമാണ്. ഗൂഗിള്‍ ഗ്ലാസ്സും അതുപോലുള്ള ഗ്ലാസുകളും ഡ്രൈവര്‍ലെസ് കാറും പിന്നെ ഇതുപോലുള്ള സാമഗ്രികളുമൊക്കെയാവുമ്പോള്‍ ഏറെക്കുറെ ഒറ്റയ്ക്ക് സന്തോഷത്തോടെ ജീവിക്കാനുള്ള വകയാകുമെന്നു തോന്നുന്നു.

ഇടിക്കും സുന്ദരി

മിസ് വേള്‍ഡ് മല്‍സരം കഴിഞ്ഞു. പേര് വന്യ എന്നാണെങ്കിലും ശാലീനതയുടെ നിറകുടമായ നമ്മുടെ മിസ് ഇന്ത്യ തരക്കേടില്ലാത്ത പ്രകടനം നടത്തി മടങ്ങിപ്പോന്നു. ആദ്യത്തെ ഏഴുപേരിലൊരാളാവാന്‍ കുട്ടിക്ക് കഴിഞ്ഞു. മല്‍സരം കഴിഞ്ഞ് സ്റ്റേജും അഴിച്ച് പന്തലുകാര്‍ക്ക് കാശും കൊടുത്തുകഴിഞ്ഞപ്പോള്‍ രസകരമായ ഒരു വിവാദം ഉരുത്തിരിഞ്ഞു വന്നിരിക്കുന്നു. സൗന്ദര്യത്തില്‍ മാത്രമല്ല, സംസ്കാരത്തിലും വ്യക്തിത്വത്തിലുമെല്ലാം മികവു പുലര്‍ത്തുന്നവരെയാണ് മിസ് വേള്‍ഡായി തിരഞ്ഞെടുക്കുന്നത് എന്നാണ് സങ്കല്‍പം. ഒരു രാജ്യത്തെ പ്രതിനിധീകരിച്ച് മല്‍സരത്തിനെത്തുന്ന സുന്ദരി (അങ്ങനെ വിളിക്കണമെന്നാണ് വകുപ്പ്) തീര്‍ച്ചയായും വളരെ മര്യാദയുള്ളവളായിരിക്കണമല്ലോ. എന്നാല്‍, മല്‍സരത്തിനിടെ നാലാം ക്ലാസ് സ്റ്റൈലില്‍ മിസ് മലാവി മിസ് ന്യൂസീലാന്‍ഡിലെ വേദിയില്‍ വച്ച് ഇടിച്ചു തെറിപ്പിക്കുന്ന വിഡിയോ മല്‍സരം കഴിഞ്ഞപ്പോള്‍ വിവാദമായിരിക്കുകയാണ്.

സോ കോള്‍ഡ് സുന്ദരിമാര്‍ ഓരോരുത്തരായി സ്റ്റേജിലേക്കു വന്നു നിരന്നുകൊണ്ടിരിക്കുന്ന സമയം. ഓരോരുത്തര്‍ക്കും അവരുടേതായ സ്ഥലങ്ങള്‍ നിര്‍വചിച്ചു നല്‍കിയിരിക്കുന്നതനുസരിച്ച് മര്യാദയ്‍ക്ക് എല്ലാവരും വന്നു നിന്നു കൊണ്ടിരിക്കുന്നു. സുന്ദരിയായ മിസ് ന്യൂസീലാന്‍ഡും വന്നു നില്‍ക്കുന്നു. തൊട്ടു പിന്നാലെ വരുന്ന മിസ് മലാവി അങ്ങാട്ട് മാറിനിക്കെടീ ശീമപ്പന്നീ എന്ന ഒരു ബോഡി ലാംഗ്വേജോടെ നമ്മുടെ ന്യൂസിലാന്‍ഡ് തങ്കക്കുടത്തിനെ തോളുകൊണ്ട് ഒരൊറ്റ ഇടി.ന്യൂസിലാന്‍ഡ് മുത്ത് ഇടികൊണ്ട് തെന്നിമാറുന്നതില്‍ പോലും ഒരു സൗന്ദര്യമുണ്ട്. മിസ് മലാവിയുടെ അക്രമം ഇവിടെ കാണാം.

സുന്ദരിമാരെ ഫോക്കസ് ചെയ്തുകൊണ്ടിരുന്ന ക്യാമറാമാന്‍ പോലും പരിഭ്രമിച്ചുപോയി എന്നത് കാണാം. മലാവി ന്യൂസിലാന്‍ഡിനെ ഇടിച്ചു തെറിപ്പിക്കുന്ന ഉടനെ ക്യാമറ ഞെട്ടുന്നത് വിഡിയോയില്‍ തന്നെ വ്യക്തമാണ്. പാവം ന്യൂസിലാന്‍ഡ് സമ്മാനമൊന്നും കിട്ടിയില്ലെങ്കിലും മിണ്ടാതെ വീട്ടില്‍പ്പോയി. എന്നാല്‍, വിഡിയോ കണ്ട പത്രക്കാര്‍ വെറുതെയിരിക്കുമോ ? അവര്‍ സംഗതി വാര്‍ത്തയാക്കി, ഞൊടിയിടയില്‍ മലാവി താരമായി.ന്യൂസിലാന്‍ഡ് ഔദ്യോഗികമായി ഈ ഇടിക്കെതിരേ പരാതി കൊടുക്കുമെന്നു പറഞ്ഞിട്ടുണ്ട്. അന്വേഷണം നടത്തുമെന്നും നടപടിയെടുക്കുമെന്നും മിസ് വേള്‍ഡ് സംഘാടകരും പറഞ്ഞിട്ടുണ്ട്. അല്ലെങ്കിലും ആ മലാവിയൊരു മൂശേഠയായിരുന്നു എന്നു പറഞ്ഞ് ഷോ ഡയറക്ടറും കയ്യൊഴിഞ്ഞു.

മലാവി സുന്ദരിയെ അടുത്തു കാണാനും അവള്‍ടെ ശബ്ദം കേള്‍ക്കാനും കൊതിയാകുന്നുണ്ടോ ?

സൂസന്‍ മത്തേഗ എന്നാണ് പേര്. ആ പല്ലുകള്‍ എന്നെ ഹഠാദാകര്‍ഷിച്ചു എന്നതൊഴിച്ചാല്‍ വേറെ സവിശേഷതയൊന്നുമില്ല. സ്കൂളിലെ സാഹിത്യസമാജത്തിന് പാട്ടു പാടുമ്പോള്‍ വടക്കേലെ ജാന്‍സി ചെയ്തിരുന്നതുപോലെ ഫുള്‍ടൈം ആടിക്കൊണ്ടു നില്‍ക്കുന്നത് എന്നിലെ നൊസ്റ്റാള്‍ജിയെയെ ഉണര്‍ത്തി.

മലാവിയുടെ ആക്രമണത്തിനിരയായ എന്‍റെ പ്രിയപ്പെട്ട ന്യൂസിലാന്‍ഡിനെ കാണണ്ടേ ?

ഇതിന്‍റെ പേരില്‍ ന്യൂസിലാന്‍ഡ് മലാവിയുടെ മേല്‍ യുദ്ധമൊന്നും പ്രഖ്യാപിക്കാന്‍ പോകുന്നില്ല. ആഫ്രിക്കയുടെ ഏതോ അറ്റത്തു കിടക്കുന്ന മലാവി എന്ന കൊച്ചു രാജ്യത്തിന് അത്യാവശ്യം മാധ്യമശ്രദ്ധ കിട്ടി എന്നതു നോക്കുമ്പോള്‍ മിസ് മലാവി രാജ്യത്തിന്‍റെ ടൂറിസം വകുപ്പിനു ചെയ്തത് വലിയ ഉപകാരമാണ്. കഷ്ടിച്ച് ഒന്നരക്കോടി ജനസംഖ്യയുള്ള മലാവിയില്‍ ഔദ്യോഗികഭാഷ ഇംഗ്ലിഷാണ്.

ഇത് കളി വേറെ

നമ്മളിവിടെ സദാചാര പൊലീസിലെത്തിയതേയുള്ളൂ. അവിവാഹിതനായ ചെറുപ്പക്കാരന്‍ കടയില്‍ നിന്നു കോണ്‍ഡം വാങ്ങിയാല്‍ രാത്രി മുഴുവന്‍ അവനെ പിന്‍തുടര്‍ന്ന് ചെന്നുകയറുന്ന വീടാക്രമിക്കുന്നവരാണ് കേരള സദാചാര പൊലീസ്. എന്നാല്‍, ഒളിംപിക് വില്ലേജില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. പൊലീസ് പിറകെയുണ്ടാവും. കോണ്‍ഡം വാങ്ങുന്നതും ഉപയോഗിക്കുന്നതുമൊക്കെ അവരും നിരീക്ഷിക്കും. പൊക്കുന്നത് സദാചാര പൊലീസ് അല്ല, ഒഫിഷ്യല്‍ കോണ്‍ഡം അല്ലാതെ ലോക്കല്‍ കോണ്‍ഡം വാങ്ങുന്നവരെ പൊക്കുന്ന ബ്രാന്‍ഡ് പൊലീസ്.

ഒളിംപിക്സ് വില്ലേജില്‍ ഒരു കായികതാരത്തിന് 21 ദിവസത്തിനിടെ 15 തവണ ബന്ധപ്പെടാനും മാത്രം സമയവും സൗകര്യവും കാമുകി-കാമുകന്‍മാരും ഉണ്ടാവുമോ ? ഉണ്ടെങ്കിലും ഇല്ലെങ്കിലും, ബന്ധപ്പെട്ടാലും ഇല്ലെങ്കിലും ഒളിംപിക് കമ്മിറ്റി ഒരു കായികതാരത്തിന് അനുവദിച്ചിരിക്കുന്നത് 15 ഗര്‍ഭനിരോധന ഉറകളാണ്. അത് 21 ദിവസം കൊണ്ടോ 10 ദിവസം കൊണ്ടോ ഒക്കെ തീര്‍ക്കാം. മെഡല്‍ കിട്ടാത്തവര്‍ക്ക് ഒളിംപിക്സ് ലോഗോ പതിച്ച ആ ഉറകള്‍ നിധിപോലെ ആയുഷ്കാലം മുഴുവന്‍ സൂക്ഷിച്ചു വയ്‍ക്കാം. പക്ഷെ,സ്വന്തം ബ്രാന്‍ഡ് കോണ്‍ഡവുമായി ഒളിംപിക് വില്ലേജില്‍ കയറിയാല്‍ മേല്‍പ്പറഞ്ഞ ബ്രാന്‍ഡ് പൊലീസ് പിടിക്കും.

രാജ്യാന്തര ബ്രാന്‍ഡ് ആയ ഡ്യൂറെക്സ് ആണ് ഒളിംപിക്സിനെത്തുന്ന കായികതാരങ്ങള്‍ക്ക് കോണ്‍ഡം സൗജന്യമായി നല്‍കുന്നത്. ഒളിംപിക്സിനു വേണ്ടി പ്രത്യേകമായി തയ്യാറാക്കിയ ഒന്നരലക്ഷം കോണ്‍ഡമാണ് 10490 കായികതാരങ്ങള്‍ക്കായി വിതരണം ചെയ്തത്. ഇപ്പോള്‍ എന്താണെന്നു പ്രശ്നമെന്നു വച്ചാല്‍ ഓസ്ട്രേലിയയില്‍ നിന്നുള്ള കംഗാരൂ കോണ്‍ഡം ഒളിംപിക് വില്ലേജില്‍ കണ്ടെത്തിയതാണ്. ഓസ്ട്രേലിയന്‍ സൈക്ലിങ് താരം കരോലിന്‍ ബുക്കാനന്‍ ഒരു ബക്കറ്റ് കംഗാരൂ കോണ്‍ഡത്തിന്‍റെ പടമെടുത്ത് ട്വീറ്റ് ചെയ്തതാണ് പ്രശ്നമായിരിക്കുന്നത്.

കംഗാരൂ കോണ്‍ഡത്തിനു ചുളുവില്‍ പരസ്യമായി എങ്കിലും ഡ്യൂറെക്സ് കോണ്‍ഡമുള്ളിടത്ത് കംഗാരൂ കോണ്‍ഡം കയറിയതിനെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഒളിംപിക് കമ്മിറ്റി. ഇന്ത്യയുടെ ഒളിംപിക് മാര്ച്ച് പാസ്റ്റില്‍ ഏതോ ഒരുത്തി കയറിപ്പോയത് നിസ്സാരകാര്യമാണെന്നു പറയുന്ന ഒളിംപിക് കമ്മിറ്റി കംഗാരൂ കോണ്‍ഡം ഒളിംപിക് വില്ലേജില്‍ കയറിപ്പറ്റിയതെങ്ങനെയെന്നു അന്വേഷിച്ചു തെളിയിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. എന്താ ല്ലേ ശുഷ്കാന്തി ? 1992മുതല്‍ ഒളിംപിക്സ് വില്ലേജില്‍ സൗജന്യമായി കോണ്‍ഡം വിതരണം ചെയ്യുന്നുണ്ടത്രേ. ബെയ്ജിങ് ഒളിംപിക്സില്‍ ഒരു ലക്ഷം കോണ്‍ഡമാണ് വിതരണംചെയ്തത്. ഈ ഒളിംപിക്സ് ആയപ്പോഴേക്കും അത് ഒന്നര ലക്ഷമായി.

ബ്രാന്ഡ് പൊലീസിന് കോണ്‍ഡത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല താല്‍പര്യം ഒഫിഷ്യല്‍ ഒളിംപിക് പാര്‍ട്നര്‍മാര്‍ അല്ലാത്ത ബ്രാന്‍ഡുകളുടെ പേര് സോഷ്യല്‍ മീഡിയയിലും മറ്റും ഉച്ചരി്കുന്ന സകലതാരങ്ങളെയും ഒളിംപിക് കമ്മിറ്റി പൊക്കുന്നുണ്ട്. ഒരര്‍ഥത്തില്‍ അധികം കളിക്കൊന്നും നില്‍ക്കാതെ നമ്മുടെ താരങ്ങളൊക്കെ ഇങ്ങു മടങ്ങിയതു നന്നായെന്നു പറയാം. ഇത്തരം കൂതറവിവാദങ്ങളില്‍ പെട്ടു നാറുന്നതിനെക്കാള്‍ നല്ലത് അന്തസ്സായി മല്‍സരിച്ച് മടങ്ങുന്നതാണ്.

ഒളിംപിക്‌സിനിടയ്ക്കു പുട്ടുകച്ചവടം

ഇതിപ്പോള്‍ എന്തിനാണ് ഈ പോസ്റ്റ് എന്നു ചോദിച്ചാല്‍ അത് ക്ഷീരമുള്ള റോയല്‍ ഫാമിലിയുടെ അകിട്ടില്‍ നിന്നു ചോര കുടിക്കുന്ന മാധ്യമസിന്‍ഡിക്കറ്റിന്റെ കുപ്രചാരണങ്ങളെപ്പറ്റി വ്യാകുലപ്പെടാനൊന്നുമല്ല. ഈ ഗോസിപ്പിലിലുള്ള മനുഷ്യസഹജമായ എന്റെ താല്‍പര്യം ഒന്നുകൊണ്ടു മാത്രമാണ്. അങ്ങകലെ ലണ്ടനില്‍ ഒളിംപിക്‌സ് നടക്കുകയാണല്ലോ. ഇന്ത്യന്‍ ടീമിന്റെ മുന്നില്‍ കയറി കൈ വീശി നടന്ന മന്ദബുദ്ധിയായ ഒരു പെണ്‍കുട്ടി ചെയ്തതില്‍ തെറ്റില്ല എന്ന് എല്ലാവരും പറഞ്ഞു കഴിഞ്ഞു, ആ വിവാദവും അടങ്ങി. ലോകത്തെ കിടുകിടാ വിറപ്പിച്ച് വിവാഹം കഴിപ്പിച്ചു വിട്ട ഒളിംപിക്‌സ് രാജ്യത്തെ രാജാവിന്റെ മക്കളെപ്പറ്റിയാണ്. ഇതൊക്കെ ഞാന്‍ പല പ്രധാനപ്പെട്ട ഇംഗ്ലിഷ് വെബ്‌സൈറ്റുകളില്‍ നിന്നും വായിച്ചറിഞ്ഞവയാണ്. എനിക്കിതിലൊന്നും ഒരറിവുമില്ല.

മുരളിയും മനോജ് കെ.ജയനും ഉര്‍വശിയുമൊക്കെ അഭിനയിച്ച വെങ്കലം എന്ന സിനിമയില്‍ മുരളിയുടെ കഥാപാത്രം വിവാഹം കഴിക്കുന്ന ഉര്‍വശിയെ അനുജന്റെ കൂടി ഭാര്യയാക്കുന്നതിലെ രാഷ്ട്രീയലാഭത്തെപ്പറ്റി ആലോചിക്കുന്ന അമ്മയും അതിനെ പ്രതിരോധിക്കുന്ന പുരോഗമനവാദിയായ മനോജ് കെ.ജയന്റെ അനുജന്‍ കഥാപാത്രവുമൊക്കെ ശ്രദ്ധിക്കപ്പെട്ടതാണ്. അതില്‍ മുരളിയെക്കാളും ഉര്‍വശിയുമായി സൗഹൃദത്തില്‍ പോവുന്നത് മനോജിന്റെ അനുജന്‍ കഥാപാത്രമാണ്. ശ്രീനിവാസന്‍റെ വടക്കുനോക്കിയന്ത്രം എന്ന സിനിമയില്‍ തന്റെ ഭാര്യയോടു കോമഡി പറഞ്ഞു പൊട്ടിച്ചിരിക്കുന്ന അനുജനുമായി തളത്തില്‍ ദിനേശന്‍ ഉടക്കുന്നുണ്ട്. ചേട്ടന്മാര്‍ പൊതുവേ അരസികന്മാരും അനുജന്മാര്‍ തമാശക്കാരുമാവുമ്പോള്‍ ചേട്ടന്റെ ഭാര്യയും അനുജനും സഹോദരീ-സഹോദരന്മാര്‍ക്കു പുറമേ ബെസ്റ്റ് ഫ്രണ്ട്‌സും ആകാറുണ്ട്.

യുകെയിലെ മാധ്യമങ്ങള്‍ നേരിടുന്ന പ്രതിസന്ധി അതല്ല. പഞ്ചാരയടിയുടെ രാജകുമാരനായ ഹാരി രാജകുമാരന്‍ ബോബനും മോളിയും ഫ്രെയിമിലെ പട്ടിയെപ്പോലെ വില്യം രാജകുമാരന്റെയും ഭാര്യ കേറ്റ് മിഡില്‍ട്ടണിന്റെയുമൊപ്പം എല്ലാ സ്ഥലത്തും പോകുന്നു എന്നതാണ്. അതിനു പുറമേ ഒളിംപിക്‌സിനും രാജ്ഞിയുടെ പിറന്നാളിനുമൊക്കെ എത്തിയപ്പോള്‍ ഭര്‍ത്താവ് വടക്കോട്ടു നോക്കി നില്‍ക്കുകയും ഭാര്യയും അനുജനും കൂടി അങ്ങേരേ മൈന്‍ഡ് ചെയ്യാതെ വര്‍ത്തമാനവും ചിരിയും തോണ്ടലും പിച്ചലുമൊക്കെ തന്നെയായിരുന്നെന്നും പറയുന്നു. ഇത് എന്നെ അസ്വസ്ഥനാക്കി. ഈ പിള്ളേരെടെ മമ്മി ഡയാനയോട് എനിക്കു പണ്ടേ താല്‍പര്യമുണ്ടായിരുന്നു. കേറ്റ് മിഡില്‍ടണ്‍ വന്നപ്പോള്‍ അറിയാതെ അവളെയും ഇഷ്ടപ്പെട്ടു. ഡയാനയുടെ കേസില്‍ കുതിരക്കാരന്റെ പേരൊക്കെയാണ് പറഞ്ഞുകേട്ടതെങ്കില്‍ ഇവിടിപ്പോള്‍ അനിയച്ചാരുടെ പേരാണ് പറയുന്നത്. ഞാന്‍ ഇഷ്ടപ്പെടുന്ന സ്ത്രീളൊക്കെ എന്തുകൊണ്ടാണിങ്ങനെയായിപ്പോകുന്നത് ?

ഹാരിയും കേറ്റും സംസാരിക്കുമ്പോഴും ചിരിക്കുമ്പോഴും അവരുടെ ശരീരാഷയില്‍ ആര്‍ക്കും വ്യക്തമാകുന്ന ചില സൂചനകളുണ്ടത്രേ. എന്നാല്‍, ഒന്നും പിടികിട്ടാത്തവനെപ്പോലെ നോക്കി നില്‍ക്കുകയാണ് വില്യം. മൂന്നുപേരും അടുത്തടുത്ത് നില്‍ക്കുമ്പോഴും ചിത്രത്തില്‍ വില്യം ഇല്ലാത്ത ഒരു പ്രതീതി. എന്താ അല്ലേ ? എനിക്കാണെങ്കില്‍ ആ വില്യമിന്റെ മുഖം കാണുമ്പോള്‍ കരച്ചിലാണ് വരുന്നത്. ചാള്‍സ് രാജകുമാരന്‍ (ആ ഫാമീലീല്‍ എല്ലാരും രാജകുമാരന്മാരാണ്) ഇതൊന്നും അറിയുന്നില്ലേ ആവോ ? അറിഞ്ഞാല്‍ ആ മനസ്സ് എത്ര വേദനിക്കുന്നുണ്ടാവും ? എന്തായാലും രാജ്ഞി ഇതൊന്നും അറിയാതിരുന്നാല്‍ മതിയായിരുന്നു.

ഇങ്ങനെയുള്ള ഗോസിപ്പുകളെഴുതാന്‍ എനിക്കു നാണമില്ലേ എന്നു ചോദിക്കരുത്. എനിക്കു നാണമില്ല. പിന്നെ, അന്ന് സ്വാതന്ത്ര്യം കിട്ടിയില്ലായിരുന്നെങ്കില്‍ ഈ രാജകുമാരന്മാരൊക്കെ തന്നെ നമ്മളെ ഭരിച്ചേനെ. രാജഭരണമായിരുന്നെങ്കില്‍ ഈ പോസ്റ്റിന് അവന്മാരെന്നെ മര്‍ദിച്ചേനെ. ഗോസിപ്പുകാര്‍ പറയുന്നപോലെ ലക്ഷണക്കേടുള്ള ചില ചിത്രങ്ങളും ഗൂഗിള്‍ ചെയ്താല്‍ കിട്ടും. അതില്‍ ഒരു ചിത്രം കണ്ടിട്ട് പണ്ട് മൗണ്ട്ബാറ്റന്‍ പ്രഭുവും ഭാര്യ എഡ്വിനയും നമ്മുടെ ജവഹര്‍ലാല്‍ നെഹ്‌റുവും കൂടി നില്‍ക്കുന്നതുപോലെ തന്നെയുണ്ട്. രണ്ടു ചിത്രങ്ങളും നിങ്ങളും കണ്ടു നോക്കൂ.

ഈ ഇന്ത്യക്കാരിയെ അഭിനന്ദിക്കുന്നില്ലേ ?

ആദ്യമായി ഒരിന്ത്യക്കാരന്‍(ഇന്ത്യക്കാരി) ഒരു പ്രത്യേകനേട്ടമുണ്ടാക്കുമ്പോള്‍ ആളെ ആദരിക്കുന്നതാണ് നമ്മുടെ മര്യാദ. വിശദമായി വാര്‍ത്ത കൊടുത്തും, ലഘുജീവചരിത്രങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചും സംഗതി ജോറാക്കാറുണ്ട് മാധ്യമങ്ങള്. ഇവിടെ ഒരിന്ത്യക്കാരി ആദ്യമായി വളരെ ബോള്‍ഡായ ഒരു ചുവടുവയ്‍പ് നടത്തിയിട്ട് തിരിഞ്ഞുനോക്കാനാളില്ല എന്നത് കഷ്ടമാണ്. വിവരം പുള്ളിക്കാരി ട്വിറ്ററിലൂടെ അറിയിച്ചു, പത്രസമ്മേളനം വിളിച്ചു പറഞ്ഞു- എന്തുകൊണ്ട് ആ യുവതി വാര്‍ത്തയുടെ മുഖ്യധാരയില്‍ നിറയുന്നില്ല ?

ഷെര്‍ലിന്‍ ചോപ്ര: പ്ലേബോയ് മാഗസിനില്‍ നഗ്നയായി പോസ് ചെയ്യുന്ന ആദ്യത്തെ ഇന്ത്യക്കാരി.

പ്ലേബോയ് മാഗസിന്‍ നല്ല പാരമ്പര്യമുള്ള ഒന്നാണ്. അതിന്‍റെ ഉള്ളടക്കം എല്ലാവര്‍ക്കും രസിക്കുന്നതല്ല എന്നതുകൊണ്ട് അത് ഒരു മാഗസിനേയല്ല എന്നു ഭാവിച്ച് അയലത്തെ ആന്‍റിയുടെ കുളിസീന്‍ കണാന്‍ പോയ വിപ്ലവാനുഭവം മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതുന്ന തകരകളെ നമ്മള്‍ ബോള്‍ഡെന്നു മുദ്രകുത്തി പുറത്തുതട്ടി അഭിനന്ദിക്കും. പ്ലേബോയ് അടിച്ചുവരുമ്പോള്‍ ആതിന്‍റെ ആദ്യകോപ്പികളുടെ വ്യാജപതിപ്പുകള്‍ക്കായി ടൊറന്‍റില്‍ തിരയുകയും ചെയ്യും.

ഹഠസദാചാരവാദികളുടെയിടയില്‍ നിന്ന് പ്ലേബോയ് മാഗസിന്‍റെ പുറംചട്ടയിലേക്ക് വലതുകാല്‍ വച്ചു കയറുന്ന ഷെര്‍ലിമോളെ അഭിനന്ദിച്ചില്ലെങ്കിലും അവഗണിക്കാതിരിക്കുകയെങ്കിലും ചെയ്യാം. പ്ലേബോയ് മാഗസിന്‍റെ നവംബര്‍ ലക്കമാണ് ഷെര്‍ലിന്‍ ചോപ്രയുടെ നഗ്നശരീരത്താല്‍ അനുഗ്രഹീതമാകുന്നത്. 1953 ഡിസംബറില്‍ മര്‍ലിന്‍ മണ്‍റോയുടെ കവര്‍ ചിത്രത്തോടെ പുറത്തിറങ്ങിയ ആദ്യ പ്ലേബോയ് മുതല്‍ ഇതുവരെ ലക്കമൊന്നും മോശമായിട്ടില്ലെന്നാണ് കേള്‍വി. പമേല ആന്‍ഡേഴ്സന്‍, കാര്‍മെന്‍ ഇലെക്ട്ര, ഡ്രൂ ബാരിമോര്‍, ഡെനൈസ് റിച്ചാര്‍ഡ്സ്,ഷാരന്‍ സ്റ്റോണ്‍,അന്ന നിക്കോള്‍ സ്മിത്ത് തുടങ്ങിയ പ്രമുഖരൊക്കെ അലങ്കരിച്ച പുറംചട്ടയിലേക്കാണ് ഷെര്‍ലിന്‍ പോകുന്നത്.

പ്ലേബോയ് അവതാരത്തിലൂടെ ആകെ നനയാന്‍ പോകുന്ന ഷെര്‍ലിന് ഇപ്പോഴേ കുളിരില്ലാതായിട്ടുണ്ട്. ട്വിറ്ററിലെ പ്രൊഫൈല്‍ ചിത്രമുള്‍പ്പെടെ ഇടക്കിടെ നഗ്നചിത്രങ്ങള്‍ ട്വിറ്ററിലിട്ടും അടുത്ത ദിവസം ഡിലീറ്റ് ചെയ്തും ഷെര്‍ലിന്‍ ഒരു ബില്‍ഡ് അപ് കൊടുക്കുന്നുണ്ട്. എവളെയൊക്കെ ആരെങ്കിലും മൈന്‍ഡ് ചെയ്യുമോ,അഭിനയത്തില്‍ മഞ്ജു വാര്യര്‍… എന്നതാണ് നമ്മുടെ മുദ്രാവാക്യമെങ്കിലും നഗ്നത എവിടെക്കണ്ടാലും എത്തിനോക്കാതിരിക്കണമെങ്കില്‍ ഇത്തിരി പ്രയാസമാണ്.

ബോളിവുഡ് ലെജന്‍ഡ് ആണ് ഷെര്‍ലിന്‍ ചോപ്ര എന്നാണ് പ്ലേബോയ്സ് പറയുന്നത്. അവസരത്തിനു ക്ഷാമമുള്ള രണ്ടാംനിര നടിമാര്‍ തുണിയുരിയാന്‍ തയ്യാറായാല്‍ ലെജന്‍ഡ് പദവി ലഭിക്കുമെങ്കില്‍ അത് നഗ്നത കാണാനാഗ്രഹിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. അടുത്ത ഘട്ടം സെക്സ് പടങ്ങളിലഭിനയിക്കുകയാണെന്ന് ഷെര്‍ലിന്‍ സൂചന നല്‍കിയിട്ടുണ്ടത്രേ. ഇപ്പോള്‍ പുച്ഛിക്കും. ഭാവിയില്‍ സണ്ണി ലിയോണെപ്പോലെ ബോളിവുഡ് തന്നെ ഏറ്റെടുക്കാനും സാധ്യതയുണ്ട്.

കവറാകുന്നതിന്‍റെ മുന്നോടിയായി ഷെര്‍ലിന്‍ ചോപ്ര പ്ലേബോയ് സ്ഥാപകനെ കാണുകയും കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. പ്രശസ്തിക്കു വേണ്ടി തുണിയുരിയാന്‍‍ പെണ്ണുങ്ങള്‍ വരിവരിയായി നില്‍ക്കുന്ന കാലത്ത് ലക്ഷ്യം അതൊക്കെ തന്നെയാണെങ്കിലും ലക്ഷങ്ങള്‍ക്കിടയില്‍ നിന്ന് നമ്മുടെ ഷെര്‍ലിന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നതില്‍ നമുക്കാനന്ദിക്കാം. കത്രീന കൈഫും കരീന കപൂറുമൊക്കെ ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കട്ടെ എന്നു പ്രത്യാശിക്കാം.

*നവംബര്‍ ലക്കം ഇവന്മാര്‍ക്ക് ജൂലൈയില്‍ അച്ചടിച്ചാല്‍ എന്താണ് ?

അഫ്ഗാന്‍ രാജകുമാരിയുടെ കാമുകന്‍

ഇന്നല്ലെങ്കില്‍ നാളെ രാജാവാകാനിരിക്കുന്ന ചെറുപ്പക്കാരനെ സംബബന്ധിച്ചിടത്തോളം കിട്ടാവുന്നതില്‍ വച്ച് ഏറ്റവും നല്ല ബന്ധമാണ് പഴയ രാജാവിന്റെ കൊച്ചുമകള്.പൃഥ്വിരാജും സുപ്രിയ മേനോനും പോലെ, ശശി തരൂരും സുനന്ദ പുഷ്‌കറും പോലെ നമ്മുടെ പ്രിയങ്കരനായ രാഹുല്‍ ഗാന്ധിയും അഫ്ഗാനിസ്ഥാനിലെ രാജാവിന്റെ കൊച്ചുമകളും കെട്ടുകഥകളുടെ പുറംതോട് പൊട്ടിച്ചു പുറത്തു വന്ന് മംഗലം കയ്ക്കുമോ ?

ജൂണ്‍ അവസാനവാരം മുതല്‍ കേള്‍ക്കുന്നതാണ് രാഹുല്‍ ഗാന്ധിയും രാജാവിന്റെ മകളും തമ്മിലുള്ള പ്രണയത്തെക്കുറിച്ചുള്ള കഥകള്. പൃഥ്വിരാജും ശശി തരൂരുമൊക്കെ ചെയ്തതുപോലെ രാഹുല്‍ ഗാന്ധി ഇതൊന്നും നിഷേധിച്ചിട്ടില്ല, എന്നു വച്ച് ഒന്നും സമ്മതിച്ചിട്ടുമില്ല. ആരോരുമറിയാതെ കാബൂളിലെ റിസോര്‍ട്ടില്‍ വച്ച് കല്യാണം കഴിച്ചിട്ട് രണ്ടുപേരും മാലയും ബൊക്കെയുമായി ചെങ്കോട്ടയില്‍ കാറില്‍ വന്നിറങ്ങുമ്പോഴേ ചിലപ്പോള്‍ നമ്മളൊക്കെ എല്ലാം അറിഞ്ഞെന്നും വരൂ. എന്തായാലും രാഹുല്‍ജിയും അഫ്ഗാന്‍ രാജാവിന്റെ കൊച്ചുമകളും തമ്മില്‍ അടുപ്പത്തിലാണെന്ന് ഒരു അഭ്യൂഹം വളരെ ശക്തമായി നിലവിലുണ്ട്. ഗൂഗിള്‍ സേര്‍ച്ചില്‍ രാഹുല്‍ ഗാന്ധി എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ ആദ്യമെത്തുന്ന ഓട്ടോകംപ്ലീറ്റ് ഓപ്ഷനുകളില്‍ ഈ അഫ്ഗാന്‍ അടുപ്പത്തെക്കുറിച്ചുള്ള അന്വേഷണങ്ങളാണ്. രാഹുല്‍ജിയെ സ്വപ്നം കണ്ടു കഴിയുന്ന പെണ്‍പിള്ളേര്‍ക്കും ആ മഹാനുഭാവനെ ചൊറിയാന്‍ അവസരം നോക്കിയിരിക്കുന്ന അലവലാതി ബ്ലോഗര്‍മാര്‍ക്കുമുള്ള കട്ടക്കഴപ്പ് എത്രയാണെന്ന് ആലോചിച്ചു നോക്കണം.

രാഹുല്‍ജി-അഫ്ഗാന്‍ രാജകുമാരി ബന്ധത്തെപ്പറ്റി കാക്കത്തൊള്ളായിരം വെബ്‌സൈറ്റുകളിലും ഫോറങ്ങളിലും വന്നിരിക്കുന്നത് ഒരേ വിവരങ്ങളാണ്. അതില്‍ കൂടുതല്‍ ഒരു പിണ്ണാക്കും എന്റെ കയ്യിലുമില്ല. ദി സണ്‍ഡേ ഗാര്‍ഡിയന്‍ എന്ന പത്രമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത് എന്നും എല്ലാ സൈറ്റുകളും പറയുന്നു. പക്ഷേ, ഈ ഞായറാഴ്ച ഗാര്‍ഡിയന്‍ വെബ്‌സൈറ്റില്‍ പോയി നോക്കിയിട്ട് ഇങ്ങനൊരു വാര്‍ത്തയുടെ പൊടിപോലുമില്ല. പണ്ടേതോ കുഗ്രാമത്തില്‍ നിവേദനം നല്‍കാന്‍ വന്ന പെണ്‍കുട്ടിയെ രാഹുല്‍ജിയും സംഘവും ചേര്‍ന്ന് റേപ് ചെയ്തു എന്ന ആരോപണം പോലെ ഇതും വെറും പൊകയായിരിക്കുമോ ? തീയില്ലാതെ പൊകയുണ്ടാകുമോ ?

പാണന്മാര്‍ പറയുന്നതനുസരിച്ച് അഫ്ഗാനിസ്ഥാന്റെ രാഷ്ട്രപിതാവും അവിടുത്തെ അവസാനത്തെ രാജാവുമായ വിദ്യാസമ്പന്നനും കുലീനനും മഹാനുമായിരുന്ന മുഹമ്മദ് സഹീര്‍ ഷായുടെ പേരക്കുട്ടിയാണ് രാഹുല്‍ജിയുടെ കാമുകി. എന്നാല്‍, ഈ പേരക്കുട്ടി തട്ടത്തിന്‍ മറയത്തുള്ള ഒരു സാധാരണ ഉമ്മച്ചിക്കുട്ടിയല്ല. ഓള് മതം മാറി ക്രിസ്ത്യാനിയായിരിക്ക്ണ്. അതുമല്ല, ദില്ലിയിലൊക്കെ ഓന്റെ കൂടെ കറങ്ങേം സോണിയാ ഗാന്ധീന്റെ പൊരേലൊക്കെ വന്നു പോകേം ചെയ്യണ്. ഞായറാഴ്ചകളില്‍ രാഹുല്‍ജിയോടൊപ്പം പള്ളിയില്‍ നിന്ന് കുര്‍ബാന കാണുന്നതും ദില്ലിയിലെ അമന്‍ ഹോട്ടലിലെ ഫിറ്റ്‌നസ് സെന്ററിലും മറ്റും മണിക്കൂറുകളോളം ഇരുവരും സല്ലപിക്കുകയും ചെയ്യുന്നത് കണ്ടവരുണ്ടത്രേ. അളിയന്‍ റോബര്‍ട്ട് വധേരയെയും ഫിലിം സ്റ്റാര്‍ ഷാരൂഖ് ഖാനെയും തോല്‍പിക്കാന്‍ വേണ്ടി ബൈസെപ്‌സ് ഉണ്ടാക്കുകയാണത്രേ രാഹുല്‍ഗാന്ധി.

മണം പിടിച്ചു വരുന്ന പൊലീസ് നായ പുഴനീന്തിപ്പോയ പ്രതിയുടെ മണം കിട്ടാതെ തീരത്ത് നില്‍ക്കുന്നതുപോലെ, കഥയില്‍ നമ്മള്‍ രസം പിടിച്ചു വരുമ്പോള്‍ ഈ രാജകുമാരിയെപ്പറ്റി ഒരു തുമ്പും നല്‍കാതെ റിപ്പോര്‍ട്ടര്‍മാരും മുങ്ങുന്നു. രാജകുമാരിയെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും ഓള്‍ടെ പേരുപോലും പിടിയില്ലെന്നും പറഞ്ഞ് അവര്‍ ഊരുന്നു. അപ്പോപ്പിന്നെ ആരാണ് അവരെ പള്ളിയില്‍ വച്ചു കണ്ടത് ? മതംമാറിയ രാജകുമാരിയുടെ മാമ്മോദീസ പേരെന്ത് ? അമന്‍ ഹോട്ടലിലെ റജിസ്റ്ററില്‍ നോക്കിയാല്‍ കൊച്ചിന്റെ പേരു പിടികിട്ടില്ലേ ? അല്ലെങ്കിലും ഹൈബി ഈഡനൊക്കെ അറിയാണ്ടിരിക്കുവോ ? രാജാവിന്റെ കൊച്ചുമക്കളുടെ ലിസ്റ്റ് എടുത്ത് നോക്കാമെന്നു വച്ചാല്‍ പുള്ളിക്ക് ആകെ ആറ് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമുണ്ട്. അവര്‍ക്കെല്ലാവര്‍ക്കും കൂടി മിനിമം 30 കൊച്ചുമക്കളെങ്കിലും കാണും. ഒന്നും അത്ര എളുപ്പമല്ല.

വയസ് 43 കഴിഞ്ഞ രാഹുല്‍ജി ഇനിയെങ്കിലും ഒരു കല്യാണം കഴിക്കണമെന്നു തന്നെയാണ് എന്റെയും ആഗ്രഹം. ഇപ്പോ പുള്ളി കല്യാണം കഴിച്ചാല്‍പ്പോലും കൊച്ചുണ്ടായി അത് എസ്എസ്എല്‍സി എഴുതുമ്പോഴേക്കും പുള്ളിക്ക് വയസ്സ് 60 ആകും. ഇന്നല്ലെങ്കില്‍ നാളെ പ്രഥമവനിതയാകാന്‍ പോകുന്ന രാജകുമാരിയുടെ പടമോ മറ്റോ കിട്ടിയിരുന്നെങ്കില്‍ ചുമ്മാ കാണാമായിരുന്നു. കഥകളൊക്കെ സത്യമാണെങ്കില്‍ ഇപ്പോള്‍ കേരള പൊറോട്ടയൊക്കെ ഇഷ്ടപ്പെടുന്ന അവസ്ഥയിലായിട്ടുണ്ടാവും. അങ്ങനെയാണെങ്കില്‍ അഫ്ഗാനിസ്ഥാനില്‍ എവിടെയോ നിന്ന് ആരോ മലയാള സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്തു കാണുന്നു എന്നു മുമ്പ് സൈബര്‍ പൊലീസ് പറഞ്ഞത് ഈ കൊച്ചായിരിക്കുമോ ? ആ എനിക്കറിയാന്‍ മേല.

മോഹന്‍ലാലും ലക്ഷ്മി റായിയും തമ്മില്‍ ഒന്നുമില്ല

ഗറുവാസീസ് ആശാന്റെ കാലുകളെ സ്നേഹിക്കുന്ന എല്‍ദോയെപ്പോലെയാണ് മോഹന്‍ലാലിന്റെ സല്‍പേര് നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ആന്റണി പെരുമ്പാവൂര്‍. പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന സിനിമ കണ്ട് മദമിളകിയ ആന്റണിയെ പിന്നെ ആരും തളച്ചിട്ടില്ല. വിരട്ടാന്‍ ചെന്നാല്‍ സംവിധായകരും നിര്‍മാതാക്കളും പോഡാ ഡ്രൈവറേ എന്നു പറയുമെന്ന് ഭയന്നിട്ടാണോ എന്തോ ക്യാമറാമാന്മാരെ നിലയ്‍ക്കു നിര്‍ത്തുന്നതിലൂടെ ലാലേട്ടന്റെ താരപ്രഭാവം പിടിച്ചു നിര്‍ത്താമെന്നാണ് മിസ്റ്റര്‍ പെരുമ്പാവൂര്‍ കരുതുന്നത്.

പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാറിലെ ആക്ഷേപം അതിരുവിട്ടതുപോലെ തന്നെ ആന്റണി പെരുമ്പാവൂരിന്റെ വിരട്ടലും അതിരുവിട്ടതുകൊണ്ട് അത് ടാലിയായി എന്നു കരുതാം. പുതിയ പ്രശ്നം സെലബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ തല്‍സമയ സംപ്രേഷണത്തിനിടയില്‍ മോഹന്‍ലാലിന്റെ കളിക്കളത്തിലെ പ്രകടനവും ഗാലറിയിരിക്കുന്ന നടി ലക്ഷ്മി റായിയുടെ ഭാവങ്ങളും മാറി മാറി കാണിച്ച സൂര്യ ടിവി ക്യാമറാമാനെ ആന്റണി പെരുമ്പാവൂര്‍ വിരട്ടി എന്നതാണ് (വിരട്ടുന്നത് ഞാന്‍ കണ്ടില്ല, പലരും അങ്ങനെ റിപ്പോര്‍ട്ട് ചെയ്‍തതിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്റ്).

കളി കാണുന്ന പ്രേക്ഷകര്‍ മോഹന്‍ലാലും ലക്‍ഷ്മി റായിയും തമ്മില്‍ എന്തോ ഉണ്ടെന്നു സംശയിക്കുമെന്ന് കരുതിയാണോ ആന്റണി ചൂടായത് ? ലാലേട്ടന്‍ അടുത്ത വര്‍ഷം സെമിനാരിയില്‍ പോകാനിരിക്കുന്ന മിസ്റ്റര്‍ ബ്രഹ്മചാരിയാണെന്നു വിശ്വസിക്കുന്ന മലയാളികളെ അങ്ങനെ തെറ്റിദ്ധരിപ്പിക്കാന്‍ സൂര്യ ടിവിക്കാര് വിചാരിച്ചാല്‍ നടക്കത്തില്ല ആന്റണി മുതലാളീ. അല്ലെങ്കില്‍ എല്ലാവര്‍ക്കും ആന്റണിയുടെ അതേ ബുദ്ധിയും സംസ്കാരവും ആയിരിക്കണം. ആന്റണി മുതലാളിയെപ്പോലെ ചിന്തിക്കുന്നവരുമുണ്ടാകാം. എന്നാലും ലക്ഷ്‍മി റായിയുടെ അച്ഛനാവാന്‍ പ്രായമുള്ള മോഹന്‍ലാലിനെയും ലക്‍്ഷ്മി റായിയെയും പറ്റി പ്രേക്ഷകര്‍ തെറ്റിദ്ധരിക്കുമെന്നു കരുതിയ ആന്റണി മുതലാളി എന്നാ ഒരു മനുഷ്യനായിരിക്കും. ആന്റണി മുതലാളി പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്റെ ആളാണ്. മലയാളത്തിലെ മിക്കവാറും സിനിമകളുടെ റൈറ്റ് വന്‍വില കൊടുത്ത് വാങ്ങുന്ന ചാനലാണ് സൂര്യ. ചാനല്‍ റൈറ്റ് കൊണ്ട് ഷൂട്ടിങ് നടത്തുന്നവരാണ് മിക്കവാറും സിനിമക്കാരും. അപ്പോള്‍ പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്‍ ചാടിക്കേറി സൂര്യയെ വിലക്കുന്നത് ബുദ്ധിയല്ല (ചുമ്മാ ഓര്‍മിപ്പിച്ചെന്നേയുള്ളൂ).

മുതലാളിമാര്‍ എല്ലായിടത്തും ഒരുപോലെയാണ്. കേരള ടീമിന്റെ മുതലാളി ലിസിച്ചേച്ചിയാണെങ്കിലും ലാല്‍സാറിന്റെ മുതലാളി ആന്റണിയാണ്. ലാല്‍സാറിനെയും യുവനടിമാരെയും മാറി മാറി കാണിക്കുമ്പോള്‍ കല്യാണവും പാലുകാച്ചലും നടക്കുന്നതുപോലെ പ്രേക്ഷകര്‍ക്കു തോന്നുമോ എന്നു ഭയന്നായിരിക്കാം മുതലാളി ഇടപെട്ടത്. ലാലേട്ടന്റെ പ്രകടനം കാണിക്കുമ്പോള്‍ ഗാലറിയില്‍ കവിയൂര്‍ പൊന്നമ്മയോ മറ്റോ ഉണ്ടായിരുന്നെങ്കില്‍ ക്യാമറാമാന്‍ അമ്മയുടെ പ്രതികരണവും കാണിച്ചേനെ. ഇതിപ്പോ യുവാക്കള്‍ മാത്രം ഗാലറിയിരിക്കുമ്പോള്‍, ലാലേട്ടന്റെ ഗ്രൗണ്ടിലെ പ്രകടനത്തിനു മറുപടിയായി കിരീടം എന്ന സിനിമയില്‍ നിന്നുള്ള രംഗം എന്നു പറഞ്ഞ് പൊന്നമ്മച്ചേച്ചി പൊട്ടിക്കരയുന്നത് കാണിക്കുന്ന സമ്പ്രദായം ലൈവ് ടെലകാസ്റ്റിലില്ലല്ലോ.

സൂര്യ ടിവി ക്യാമറാമാനെ ആന്റണി മാത്രമേ കുറ്റം പറയൂ. ലാല്‍ സാറും ലക്ഷ്‍മി റായിയും തമ്മില്‍ കുറഞ്ഞ് 30 വയസെങ്കിലും വ്യത്യാസമുണ്ടാവും. രണ്ടുപേരും കൂടി നില്‍ക്കുന്നത് കണ്ടാലും അച്ഛനും മകളുമാണെന്നേ പറയൂ. എങ്കിലും ഇല വന്നു മരത്തില്‍ വീണാലും മരം വന്ന് ഇലയില്‍ വീണാലും കേട് നമ്മുടെ ലാലേട്ടനാണ് എന്നുള്ളതിനാല്‍ ആന്റണി മുതലാളി ദേഷ്യപ്പെട്ടതില്‍ കാര്യമില്ലാതെയുമില്ല.

മുന്നറിയിപ്പ്:– ഇനി മുതല്‍ ലാല്‍ സാറിന്റെ സിനിമകളില്‍ ലാല്‍ സാറ് നടിമാരുമായി മെഴുകി (സോറി ഇഴുകി) അഭിനയിക്കുന്ന രംഗങ്ങള്‍ വരുമ്പോള്‍ മനസ്സില്‍ ഇനി പറയുന്ന പ്രാര്‍ഥന ചൊല്ലണം- ഞാനീ കാണുന്നത് ലാല്‍ സാര്‍ എന്ന മഹാനടന്റെ അഭിനയം മാത്രമാകുന്നു. അദ്ദേഹവും ആ നടിയുമായി സത്യത്തില്‍ പരിചയം പോലുമില്ല. എങ്കിലും നമുക്കു വേണ്ടി ആ നടിയോടൊപ്പം ഇഴുകി അഭിനയിക്കാന്‍ തയ്യാറായ ആ ത്യാഗമനസ്സിനു മുന്നില്‍ ഞാന്‍ പ്രണമിക്കുന്നു. പ്രാര്‍ഥനക്കു ശേഷവും മനസ്സ് മറ്റേ ലൈനില്‍ നില്‍ക്കുകയണെങ്കില്‍ കണ്ണടച്ച് ആന്റണി മുതലാളിയെ മനസ്സില്‍ ധ്യാനിക്കുക, എല്ലാം ശരിയാവും.

ആരും മുതലാളിമാരായി ജനിക്കുന്നില്ല; സമൂഹമാണ് അവരെ അങ്ങനെയാക്കുന്നത്

മലയാളിക്ക് ഓസ്‍കര്‍ അവാര്‍ഡ് കിട്ടിയാല്‍ അഭിമാനിക്കാം.മലയാളി ലോകസുന്ദരിമല്‍സരത്തില്‍ പങ്കെടുത്താലും അഭിമാനിക്കാം.ഒരു മലയാളി സ്വിസ് ബാങ്കില്‍ കുറച്ചു കാശിട്ടെന്നു കേട്ടാല്‍ മാത്രം ധാര്‍മികരോഷം കൊള്ളുന്നതെന്തിനാണെന്നു മനസ്സിലാവുന്നില്ല.നോട്ടിരട്ടിക്കുമെന്നു കരുതി ആയിരക്കണക്കിനാളുകള്‍ കോടിക്കണക്കിനു രൂപ തട്ടിപ്പുകാരന്റെ കക്ഷത്തില്‍ വച്ചു കളയുമ്പോള്‍ ഒരുത്തന്‍ അത് സുരക്ഷിതമായി വിദേശത്ത് വച്ചിരിക്കുന്നതിന്റെ കലിപ്പാണോ അതോ മുതലാളിത്ത വ്യവസ്ഥിതിയോടുള്ള വെറുപ്പാണോ ?

മൂലക്കുരുവിനു ചികില്‍സിക്കാന്‍ പോലും മന്ത്രിമാര്‍ വിദേശ ആശുപത്രിയിലാണ് പോകുന്നത്.അപ്പോള്‍ ഒരു എംപി സ്വിസ് ബാങ്കില്‍ കുറച്ച് കാശ് സൂക്ഷിക്കുന്നത് അത്ര വലിയ തെറ്റാണോ ? എല്ലാവരും അണ്ണാ ഹസാരെമാരാകുമ്പോള്‍ എന്തിനെന്നറിയാതെ തിളയ്‍ക്കുന്ന രോഷത്തിലേക്ക് ധാര്‍മികതയുടെ പാല്‍പ്പൊടി കലക്കി നാടിപ്പോള്‍ വെളുപ്പിച്ചെടുക്കാം എന്നത് അതിമോഹമല്ല വെറും വ്യാമോഹം മാത്രമാണ് മോനേ തളത്തില്‍ ദിനേശാ.

കേരളത്തില്‍ നിന്നുള്ള ഒരു എംപി അടക്കം രാജ്യത്തെ മൂന്ന് എംപിമാര്‍ക്ക് സ്വിസ് ബാങ്കില്‍ നിക്ഷേപമുണ്ടെന്ന് ഇന്നലെ ടൈംസ് ഓഫ് ഇന്ത്യ അടിച്ച വാര്‍ത്തയില്‍ നിന്നും ആ മലയാളി എംപി എന്ന ഭാഗം ചുരണ്ടിയെടുത്ത് പരിഭാഷപ്പെടുത്തി എക്‍സ്ക്ലൂസീവ് ബ്രേക്കിങ് ഷോക്കിങ് തേങ്ങാക്കൊല എന്നു പറഞ്ഞ് അലക്കിക്കൊണ്ടിരിക്കുകയാണ് ഐസ്‍ക്രീം ചാനലുകള്‍.കഞ്ഞിമുക്കിയ ഖദറിന് ദ്വാരം വീണാല്‍ അതുമായി അഞ്ചു വര്‍ഷം മൂന്നാം ക്ലാസില് തിരുവനന്തപുരത്തേക്കും കന്നുകാലി ക്ലാസ്സില്‍ ദില്ലിയിലേക്കും സഞ്ചരിക്കുന്ന ഉടുതുണിക്കു മുതുണിയില്ലാത്ത ഏഴാംകൂലി എമ്പോക്കി എംപിമാരുടെ കാലം കഴിഞ്ഞു.ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയാവുകയും വേണം എല്ലാവനും സഹകരണ ബാങ്ക് ക്ലിപ്തത്തില്‍ കൊള്ളാവുന്ന സമ്പാദ്യമേ ഉണ്ടാവാനും പാടുള്ളൂ എന്നു വാദിക്കുന്ന അഭിനവ അണ്ണകളോടു പറഞ്ഞു ജയിക്കാനാവില്ല എന്നതിനാല്‍ തികച്ചും ഏകപക്ഷീയമായി സ്വിസ് ബാങ്കില്‍ കാശിട്ടിട്ടുള്ള എംപിയുടെ സ്റ്റേറ്റുകാരന്‍ എന്ന നിലയ്‍ക്ക് ഞാന്‍ സന്തോഷിക്കുന്നു.

ആരാണ് ആ എംപി എന്നാണ് ഐസ്‍ക്രീം ചാനലുകള്‍ രാവിലെ മുതല്‍ ചോദിക്കുന്നത്. ആര്‍ക്കും അറിയില്ല.ആരോ ഒരു എംപി.സ്വിസ് ബാങ്ക് എന്നു പറയുന്നത് അമേരിക്ക പോലെ ഒരു സങ്കല്‍പം മാത്രമായിട്ടുള്ള എംപിമാരാണ് കേരളത്തില്‍ കൂടുതലും.ആരാണ് ആ എംപി എന്നതിനെപ്പറ്റി ഒരു ഐഡിയയുമില്ല എന്നാണ് ടൈംസ് ഓഫ് ഇന്ത്യയും പറയുന്നത്.ആരായാലും ഒരു മലയാളിയാണല്ലോ എന്നത് മൊത്തം മലയാളികളെയും പ്രകോപിപ്പിച്ചിരിക്കുകയാണ്.

അല്ലെങ്കിലും മല്ലൂസിനു നല്ലതൊന്നും വേണ്ടല്ലോ.കേരളത്തിന് ഒരു ഐപില്‍ ടീമിരിക്കട്ടെ എന്നു കരുതി ഒരു എംപി കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഓരോന്ന് ചെയ്ത് സംഗതി അടുപ്പിച്ചോണ്ടു വന്നപ്പോള്‍ അദ്ദേഹത്തെ അഭിനന്ദിക്കാതെ എംപി ചായ കുടിച്ചോണ്ടിരുന്നപ്പോള്‍ സംസാരിച്ച സ്ത്രീയെയും എംപിയെയും പറ്റി കിംവദന്തികള്‍ എഴുതിയുണ്ടാക്കുകയായിരുന്നു ഇവിടുത്തെ മാധ്യമങ്ങള്‍.മുപ്പത്തഞ്ചാം വയസ്സില്‍ പിക്കപ്പ് പോകുന്ന ശാശരി മലയാളിക്ക് അന്‍പതാം വയസ്സില്‍ പ്രണയിക്കുന്ന എംപിയുടെ പ്രത്യുല്‍പന്നമതിത്വം ഉള്‍ക്കൊള്ളാനായില്ല.എന്നിട്ട് ഗോസിപ്പെഴുതി ഗോസിപ്പെഴുതി എല്ലാവരും കൂടി അവരെ കെട്ടിച്ചു.കൊച്ചിക്കു കിട്ടിയ ടീമും പോയപ്പോ സമാധാനമായി.

സ്വന്തം കഞ്ഞിയില്‍ പാറ്റയിടുന്നിടത്തോളം മലയാളിക്ക് ഹരമുള്ള നേരമ്പോക്ക് വേറെയില്ല.മിക്കവാറും മന്ത്രിമാരും മോഷണക്കേസില്‍ അകത്തു കിടക്കുന്ന ഒരു രാജ്യത്ത് എന്തു വിശ്വസിച്ചാണ് ഒരു എംപി തന്റെ സമ്പാദ്യം ഇവിടെ നിക്ഷേപിക്കേണ്ടത് ? സ്വന്തം വീടിന്റെ അലമാര സേഫല്ല എന്നു തോന്നുന്നവന്‍ പണ്ടമെല്ലാം ബാങ്ക് ലോക്കറില്‍ വയ്‍ക്കുന്നതുപോലെ സിംപിളല്ലേ ഇതും.രാജ്യവും അതിന്റെ അതിര്‍ത്തികളും മായയല്ലേ ?

അതുകൊണ്ട് ഒരു എംപി തന്റെ സമ്പാദ്യം നാട്ടിലെ ബാങ്കില്‍ സുരക്ഷിതമല്ല എന്നു കരുതി സ്വിസ് ബാങ്കിലിടുന്നതും ഒരു മന്ത്രി ജനങ്ങളുടെ പണം സര്‍ക്കാരിന്റെ ഖജനാവില്‍ സുരക്ഷിതമല്ല എന്നു കരുതി സ്വന്തം വീട്ടിലെ അലമാരയില്‍ കൊണ്ടുപോയി വയ്‍ക്കുന്നതുമൊക്കെ എക്കണോമിക്‍സില്‍ സര്‍വസാധാരണമാണ്.എല്ലാവരും എക്കണോമിക്‍സ് പഠിക്കണം എന്നു ഞാന്‍ പറയുന്നില്ല,എക്കണോമിക്സ് പഠിച്ചവര്‍ പറയുന്നത് അംഗീകരിക്കാനെങ്കിലും തയ്യാറാവണം. എന്നാലും ആരായിരിക്കും ആ എംപി ?

ഷഡാങ്* സെലബ്രിറ്റി

ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ പ്രതീകമായി ഇവളെ കാണരുത്. ഒരു ഹോളിവുഡ് സംവിധായകനു കിടന്നുകൊടുത്തതിന്റെ ത്രില്ലില്‍ അടുത്ത 13 സുഹൃത്തുക്കള്ക്ക് വന്യമായ ആ ചലച്ചിത്രലൈംഗികാനുഭവം വിവരിച്ചുകൊണ്ട് ഇന്ത്യക്കാരിയായ അമേരിക്കന്‍ യുവതി ബിജോലി ഷാ അയച്ച ഇ-മെയില്‍ സില്‍സില അവളെയൊരു താരമാക്കിയിരിക്കുന്നു. ഒരു യഥാര്തഥ ഫിലിം മേക്കര്‍ അങ്ങനെയാണ്. സിനിമയിലായാലും ജീവിതത്തിലായായും കൈവച്ച പെണ്ണങ്ങളൊക്കെ വേള്‍ഡ് ഫെയിമസാകും.

ഇന്‍ഗ്ലോറിയസ് ബാസ്റ്റാ‍ഡ്‍സ്, കില്‍ ബില്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനായ ക്വെന്റിനോടൊപ്പം ഒരു രാത്രി ചിലവഴിച്ചതാണ് ബിജോലിയെ ത്രില്ലടിപ്പിച്ചിരിക്കുന്നത്. 13 പേര്ക്ക് അയച്ച ഇമെയില്‍ ലോകം മുഴുവന്‍ കറങ്ങി,ദേ ഇപ്പോ കൂതറ മലയാളം ബ്ലോഗുകളില്‍ വരെ പ്രസിദ്ധീകരിച്ചിരിക്കുന്നു.

മെയില്‍ വായിച്ചാലറിയാം, ക്വെന്റിന് ഇരയായി എന്നത് അവളെ വല്ലാതെ ആവേശം കൊള്ളിച്ചിരിക്കുന്നു. താന്‍ മെയിലില്‍ പറഞ്ഞിരിക്കുന്നത് കൂട്ടുകാര്‍ വിശ്വസിച്ചില്ലെങ്കിലോ എന്നു കരുതി പറ്റുന്നത്ര പടങ്ങളും ഷെയര്‍ ചെയ്തിട്ടുണ്ട്.

23 വയസുളള പെങ്കൊച്ച് ഇമെയില്‍ ഹിറ്റായതോടെ ട്വിറ്ററും മറ്റും ഒളിപ്പിച്ചു കളഞ്ഞു. പാവം,പേടിച്ചുപോയിക്കാണും. ഇതെന്തിനാണിപ്പോ പറഞ്ഞതെന്നു വച്ചാല്‍, ഒരിടത്ത് സിനിമേല്‍ ചാന്‍സു കിട്ടുമെന്ന പ്രതീക്ഷയില്‍ കൊച്ചുപെമ്പിള്ളേരെ സംവിധായകന്‍മാരും വ്യാജസംവിധായകന്‍മാരും പീഡിപ്പിച്ചു കൊല്ലുമ്പോള്‍ മറ്റൊരിടത്ത് സംവിധായകന്റെ കൂടെക്കിടന്ന് അതിന്റെ തിരക്കഥയും ചിത്രങ്ങളും പ്രചരിപ്പിച്ച് സെലബ്രിറ്റിയാകാന്‍ മറ്റൊരുത്തി ശ്രമിക്കുന്നു. ഓള്‍ ഇന്ത്യന്‍സ് ആര്‍ മൈ ബ്രദേഴ്സ് ആന്‍ഡ് സിസ്റ്റേഴ്സ്. ഇതിപ്പോ, ഒരിന്ത്യന്‍ യുവതി രാജ്യാന്തര പ്രശസ്തി നേടുന്നതില്‍ സന്തോഷിക്കണോ, അതോ സദാചാരവാദി എന്ന നിലയ്‍ക്ക് ലജ്ജിക്കണോ എന്നതാണ് കണ്‍ഫ്യൂഷന്‍.

പേരില് ഇന്ത്യന്‍ ചുവയുള്ള ആരെങ്കിലും ലോകത്ത് എന്തെങ്കിലും നേട്ടമുണ്ടാക്കിയാല്‍ ഇന്ത്യയ്‍ക്ക് അഭിമാനം രോമാ‍ഞ്ചം എന്നൊക്കെ പറയാറുളളവര്‍ പാവം ബിജോലിയുടെ കാര്യത്തില്‍ പറയുന്ന വാദമെന്താണെന്നു കൂടി കേള്‍ക്കണം- അവളിന്ത്യക്കാരിയല്ല, ജനിച്ചതും വളര്ന്നതും യുഎസിലാണ്, യുഎസ് പൗരിയാണ്, ഇന്ത്യയില്‍ കാലുകുത്തിയിട്ടും കൂടിയില്ല. നമ്മളാഗ്രഹിക്കുന്ന തരത്തിലുള്ള പ്രശസ്തി നേടിയ ആളുകളുടെ ഇന്ത്യന്‍ ബന്ധം എത്ര ദുര്‍ബലമാണെങ്കിലും ചുരണ്ടിയെടുക്കുകയുകയും അത്ര സദാചാരപ്രിയമല്ലാത്ത പ്രശസ്തി നേടിയ കൊച്ചിനെ ഇന്ത്യക്കാരിയല്ല എന്നു തള്ളിപ്പറയുന്നതും ഒരേപോലെയാണ്.

ബീജോലിയെ തിരഞ്ഞ് പിടിച്ച് അവളുടെ ജീവചരിത്രവും ഭൂമിശാസ്ത്രവുമെല്ലാം പ്രസിദ്ധീകരിച്ചു കഴിഞ്ഞിരിക്കുന്നു മാധ്യമങ്ങള്‍. കോളജില്‍ പഠിക്കുമ്പോള്‍ കോളജ് ചാനലിലെ അവതാരകയായിരുന്ന ബീജോലി.

വീല്‍ ഓഫ് ഫോര്‍ച്യൂന്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന ബീജോലി.

*മറ്റേ പരിപാടിക്ക് കോഴിക്കോട്ട് ഷഡാങ് എന്നും പറയുന്നുണ്ട്. എന്തരോ എന്തോ !

തലയ്‍ക്കകത്ത് നിലാവിന്‍റെ നീലവെളിച്ചം

പെണ്ണുങ്ങളുടെ തലയ്‍ക്കകത്ത് നിലാവെളിച്ചമാണ് എന്നു വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞത് സാര്‍വദേശീയ-സര്‍വകാല പ്രാധാന്യമുള്ളതാണ്. കേരളത്തിലെ നാട്ടിന്‍പുറങ്ങളിലെ പെണ്ണുങ്ങളുടെ തലയിലാണ് നിലാവെളിച്ചമുള്ളതെന്നും മേക്കപ്പിടുന്ന, ഇംഗ്ലിഷ് സംസാരിക്കുന്ന പെണ്ണുങ്ങളുടെ തലയ്‍ക്കകത്തൊക്കെ വേറെന്തോ ആണെന്നും ധരിച്ച് അത്തരക്കാര്‍ ലാഫ്ഡ് അറ്റ് ദി കണ്‍ട്രി വിമെന്‍. എന്നിട്ടിപ്പോ എന്തായി ?

ഹോളിവുഡിലെ വിവരവും വിദ്യാഭ്യാസവുമുള്ള സുന്ദരിമാരിലൊരുത്തിയാണ് നമ്മുടെ ലിസ (ലിസ് ഹര്‍ലി). ഇന്ത്യക്കാരനായ അരുണ്‍ നയ്യാരെ മൂപ്പത്തി കല്യാണം കഴിച്ചത് ഇന്ത്യന്‍ മാധ്യമങ്ങള്‍ ആഘോഷിച്ചതാണ്. ഒരു ഹോളിവുഡ് നടി ഇന്ത്യക്കാരനെ കെട്ടുന്നു. നമ്മുടെ കോളനിരോമങ്ങള്‍ എഴുന്നേറ്റു നിന്നു സല്യൂട്ട് ചെയ്തു. എന്തൊരര്‍മാദമായിരുന്നു. ലോക്കല്‍ നടിമാരെ സ്വപ്നം കാണാന്‍ തന്നെ ക്യൂ നില്‍ക്കുന്ന കോമണ്‍ പീപ്പിള്‍ സംബന്ധിച്ച് ഹോളിവുഡ് നടിയെ കെട്ടിയ നയ്യാരുടെ തലയില്‍ വരച്ചത് നമ്മുടെയൊക്കെ എവിടെയെങ്കിലും ചുമ്മാ ഒന്നു കോറിയിട്ടിരുന്നെങ്കില്‍ എന്നു വരെ മോഹിച്ചു.

ഒക്കെ കഴിഞ്ഞ് ലിസമോള് കഴിഞ്ഞ ദിവസം പറഞ്ഞു- ഞങ്ങള് പിരിയണേണ്.. നയ്യാര് പോര ! നമ്മള് ചമ്മി. സൂപ്പര്‍ സ്റ്റാറിന്‍റെ ഡേറ്റ് കിട്ടിയിട്ടും ഫ്ലോപ്പായ പടത്തിന്‍റെ പ്രൊഡ്യൂസറെപ്പോലെ നമ്മള്‍ ഡിപ്രസ്ഡ് ആയി. ഇന്ത്യന്‍ ഗൈസ് പോര എന്നാണ് ലിസ് പറയുന്നത്. വീണ്ടും നമ്മള്‍ വെറും കോളനിവാസിയായി. ഉദ്ധാരണശേഷിക്കുറവും ശീഘ്രസ്ഖലനവുമാണ് ഇന്ത്യക്കാരുടെ ഏറ്റവും വലിയ വെല്ലുവിളികല്‍ എന്നു പോലും ചിലര്‍ വിലയിരുത്തി. നയ്യാര് ഒന്നും മിണ്ടിയില്ല. നയ്യാരെ പുറംകാലിന് തൊഴിച്ചെറിഞ്ഞ് ഓസ്ട്രേലിയന്‍ ക്രിക്കറ്ററായ ഷെയിന്‍ വോണുമായി പുതിയൊരു ലൈഫ് തുടങ്ങാനും നഷ്ടപ്പെട്ട നീലാംബരി തിരിച്ചു പിടിക്കാനും ലിസ തീരുമാനിച്ചതായി നമ്മള്‍ മീഡിയ സിന്‍ഡിക്കേറ്റില്‍ വായിച്ചു.

വോണിനെ നമുക്കറിയാം. പുള്ളീടെ ബാറ്റും ബോളും നമുക്കറിയാത്തതൊന്നുമല്ല. അവരുടനെ കെട്ടാന്‍ പോകുന്നെന്നൊക്കെ കേട്ടപ്പോള്‍ ഇന്ത്യയുടെ മേല്‍ ഓസ്ട്രേലിയ വിജയം നേടുകയായിരുന്നു. എന്നിട്ടെന്തു സംഭവിച്ചു ?

ആ എപ്പിഡോസ് അവിടെ അവസാനിച്ചു എന്നു കരുതിയപ്പോളാണ് വേറൊരുത്തിക്ക് ചീച്ചി എസ്എംഎസ് അയച്ച കേസില്‍ വോണ്‍ നാറുന്നത്. എസ്എംഎസ് കേസില്‍ വോണിതാദ്യമായിട്ടൊന്നുമല്ല കുടുങ്ങുന്നത്. മൂപ്പ് കേറുമ്പോള്‍ ഫോണെടുക്കുന്നു, അറിയാവുന്ന പെണ്ണുങ്ങള്‍ക്കൊക്കെ മെസേജ് ചെയ്യുന്നു. ഇത്തരത്തില്‍ ഒന്നും രണ്ടുമൊന്നുമല്ല, നൂറിലേറെ എസ്എംഎസുകളാണ് വോണ്‍ ഒരു ചേടത്തിക്ക് അയച്ചത്. എല്ലാം വരു, നീ പണിയൂ എന്ന അര്‍ഥം വരുന്ന സാധനങ്ങള്‍. നാറ്റക്കേസായി എന്നു പ്രത്യേകം പറയേണ്ടല്ലോ. പണ്ടിതുപോലെ ഒരു എസ്എംഎസ് കേസില്‍ വോണ്‍ നാറിയപ്പോള്‍ ഉപേക്ഷിച്ചുപോയ ഭാര്യ പിന്നേം ഉപേക്ഷിച്ചു.

തന്നോടൊപ്പം പ്രണയപരവശനായി കിടക്കുകയും അപ്പുറത്തെ വീട്ടിലെ ആന്‍റിയോട് വല്ലതും നടക്കുമോ എന്നു ചോദിച്ച് മെസേജ് അയക്കുകയും ചെയ്യുന്നവന്‍ എത്ര സിക്സ് അടിക്കുമെന്നു പറഞ്ഞാലും എത്ര ക്യാച്ച് എടുക്കുമെന്നു പറഞ്ഞാലും പെണ്ണുങ്ങള്‍ സമ്മതിക്കില്ല. ലിസയും സമ്മതിച്ചില്ല. അങ്ങേരുമായുണ്ടായിരുന്ന എല്ലാ പ്രേമവും നിര്‍ത്തി വച്ചു. കെട്ടിയവനെ ഉപേക്ഷിച്ച് കണ്ടവന്‍റെ കൂടെപ്പോകുകയും കാര്യം കഴിയുമ്പോള്‍ കണ്ടവന്‍ ബസ് സ്റ്റാന്‍ഡിലുപേക്ഷിക്കുകയും ചെയ്യുന്നത് ഇവിടെയുമുണ്ട്. അതിലൊരു പുതുമയില്ല. എന്നാല്‍, ഉപേക്ഷിക്കപ്പെട്ടിടത്തുനിന്ന് എന്തു ചെയ്യുന്നു എന്നിടത്താണ് പ്രസക്തി.

ലിസയ്‍ക്കങ്ങനെ വലിയ നാണവും മാനവുമൊന്നും തോന്നിയില്ല. ഒരു ഭര്‍ത്താവ് ഭാര്യയോട് എങ്ങനെ പെരുമാറണമെന്ന് തന്നെ പഠിപ്പിക്കാന്‍ ഞാനെന്‍റെ വോണിന്‍റെ സ്വന്തം കാറില് വരാം എന്നും പറഞ്ഞ് പോയ ലിസ ഇപ്പോള്‍ രണ്ടു ദിവസം മുമ്പ് എലിമിനേഷന്‍ റൗണ്ടില്‍ പുറത്താക്കിയ ഭര്‍ത്താവ് നയ്യാരുടെ വീടിനു മുന്നില്‍ നിന്നുടുക്കുകൊട്ടി പാടുകയാണ്- മാപ്പു നല്‍കൂ മഹാമതേ, മാപ്പു നല്‍കൂ ഗുണനിധേ…

മറ്റേ കാവ്യനീതി എന്നു പറയുന്ന സാധനം ഇവിടെയാണ് വര്‍ക്ക് ചെയ്യുന്നത്. സോറി പറഞ്ഞു തിരികെ വീട്ടില്‍ കയറാമെന്നാണ് ലിസ കരുതുന്നത്. തന്‍റേതല്ലാത്ത കാരണത്താല്‍ എന്നു തുടങ്ങുന്ന പരസ്യം മാട്രിമോണിയല്‍ പേജില്‍ കൊടുത്ത് നയ്യാര്‍ അതിന്‍റെ റെസ്പോണ്‍സും നോക്കിയിരിക്കുമ്പോഴാണ് ലിസയുടെ കാണ്ഡഹാര്‍ !

കൂളായിട്ടു തിരിച്ചുവരാന്‍ പിണങ്ങി പെട്ടിയുമെടുത്ത് പോയത് അമ്മാവന്‍റെ വീട്ടിലേക്കായിരുന്നില്ല എന്നത് നയ്യാര്‍ മറന്നാലും നമ്മള്‍ മറക്കില്ല. ഹോളിവുഡിലെ ബി ഗ്രേഡ് പടത്തിലെ നായികമാര്‍ പോലും കാണിക്കാത്ത കൂതറ പണി കാണിച്ച ലിസചേച്ചിയുടെ അനുഭവം വല്ലവന്‍റേം കൂടെയിറങ്ങിപ്പോകുന്ന കേരളത്തിലെ ചേച്ചിമാര്‍ എന്നു മനസ്സിലാക്കും ? ലോകത്തിന്നു വരെ ഒരുത്തനും മറ്റൊരുത്തന്‍റെ ഭാര്യയെ ആത്മാര്‍ഥമായി സ്നേഹിച്ചിട്ടില്ല എന്നത് വിവരവും മറ്റുമുള്ള ലിസയ്‍ക്ക് മനസ്സിലായിട്ടില്ലെങ്കില്‍ പിന്നെ നമ്മളൊക്കെ ഏതു കാലത്ത് മനസ്സിലാക്കാനാണ് ?