വിലക്കിന്റെ സുഖം

എന്തു കൊണ്ടു മലയാള സിനിമകള്‍ എട്ടു നിലയില്‍ പൊട്ടുന്നു എന്ന ചോദ്യത്തിനുള്ള ഏറ്റവും ലളിതമായ ഉത്തരമാണ് സിനിമാ പ്രവര്‍ത്തകര്‍ നമുക്കു മുന്നില്‍ വച്ചിരിക്കുന്നത്. സംഘടനകള്‍ തട്ടിക്കൂട്ടി ഉണ്ടാക്കുകയും ആ സംഘടനകള്‍ക്കൊക്കെ എന്തോ വലിയ അധികാരങ്ങളുണ്ടെന്നു വിശ്വസിക്കുകയും അത്തരം സാങ്കല്‍പിക അധികാരങ്ങളുടെ പേരില്‍ സഹപ്രവര്‍ത്തകരെ വിലക്കുകയും നിരോധിക്കുകയുമൊക്കെ ചെയ്യുന്ന സംഘടിതരും വിവരദോഷികളുമായ ഒരു സംഘമാളുകള്‍ക്ക് നല്ല സിനിമയെടുക്കാനുള്ള വിവേകമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. ഇന്നസെന്റും ബി.ഉണ്ണികൃഷ്ണനും ലിബര്‍ട്ടി ബഷീറുമൊക്കെ അവരവരുടെ ഈഗോ മുറുകെപ്പിടിച്ച് സ്വയം അപഹാസ്യരാകുമ്പോള്‍ ജനം ഹിന്ദി, തമിഴ് സിനിമകള്‍ കണ്ടു കയ്യടിക്കുന്നതിന്റെ ആരവം ഇവര്‍ കേള്‍ക്കാതെ പോവുകയാണ്.

മോഹന്‍ലാല്‍ നായകനായ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ‘മിസ്റ്റര്‍ ഫ്രോഡ്’ റിലീസ് ചെയ്യുന്നതിന് ഫലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ആണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഫെഡറേഷന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ നിന്നും ബി.ഉണ്ണികൃഷ്ണന്‍ വിട്ടു നിന്നതില്‍ പ്രതിഷേധിച്ചാണ് സംഘടന സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ മഹാ അഹങ്കാരിയാണെന്നും അദ്ദേഹം മാപ്പു പറയാതെ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്നുമാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ നിലപാട്. സംഗതി ബാലിശമാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാക്കാം. എന്നാല്‍, ഈ സംഘടനകളുടെ പഴയ ചരിത്രം വച്ചു നോക്കുമ്പോള്‍ വിനയന്‍ പറഞ്ഞതുപോലെ അമ്മയും ഫെഫ്കയും വിലക്കിന്റെ സുഖം ഒന്നറിയുന്നത് നല്ലതാണ്.

പ്രഖ്യാപിത-അപ്രഖ്യാപിത വിലക്കുകള്‍ കൊണ്ട് മലയാള സിനിമയില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചിട്ടുള്ള രണ്ട് സംഘടനകളാണ് അമ്മയും ഫെഫ്കയും. അതുകൊണ്ടു തന്നെ ഈ വിലക്ക് അനിവാര്യമായ ഒന്നാണ്. തിലകന്‍ ഉള്‍പ്പെടെയുള്ള നടന്‍മാരെ വിലക്കിയ ചരിത്രമുള്ള അമ്മയും വിനയനെയും അദ്ദേഹത്തെ പിന്തുണച്ചവരെയും മാറ്റിനിര്‍ത്തിയിട്ടുള്ള ഫെഫ്കയും സംഘടനാഭാരവാഹിയുടെ പടത്തിനു വിലക്കു വന്നപ്പോള്‍ സടകുടഞ്ഞെണീറ്റിരിക്കുകയാണ്. വിലക്ക് നീക്കിയില്ലെങ്കില്‍ (ലിബര്‍ട്ടി ബഷീര്‍ ഉണ്ണികൃഷ്ണനോടു മാപ്പു പറയണമെന്നൊരു ക്ലോസ് കൂടി വയ്ക്കാമായിരുന്നു) മെയ് ഒന്നു മുതല്‍ ഫെഫ്കയുടെ നേതൃത്വത്തില്‍ സിനിമാ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ച് സമരം ചെയ്യാനാണ് ഫെഫ്കയുടെ തീരുമാനം.

ഗംഭീരം എന്നു ടാഗ് ചെയ്ത് പുറത്തിറക്കുന്ന സിനിമകള്‍ കണ്ട് പ്രേക്ഷകര്‍ വിമര്‍ശിച്ചു പോയാല്‍ ലൈറ്റ്‌ബോയ് മുതലുള്ള അനേകം സിനിമാ പ്രവര്‍ത്തകരുടെ ജീവിതമാര്‍ഗമാണെതെന്നു പറഞ്ഞു വിമര്‍ശനങ്ങളെ ചെറുക്കുന്നവരാണ് നിസ്സാര ഈഗോയുടെ പേരില്‍ വ്യവസായമൊന്നടങ്കം സ്തംഭിപ്പിക്കാന്‍ പോകുന്നതെന്ന് ഓര്‍ക്കണം. ഈ പറഞ്ഞ പാവങ്ങളുടെ അധ്വാനത്തെക്കാള്‍ വലുതാണ് ഉണ്ണികൃഷ്ണന്റെയും ഇന്നസെന്റിന്റെയുമൊക്കെ ദുരഭിമാനമെങ്കില്‍ സിനിമയെ വിമര്‍ശിക്കാനുള്ള പ്രേക്ഷകരുടെ അവകാശത്തെ ചോദ്യം ചെയ്യാന്‍ ഈ വിവരദോഷികള്‍ക്ക് എന്തവകാശമാണുള്ളത്.

ഈ വിലക്കിനെ ഫാസിസം എന്നു വിശേഷിപ്പിച്ചിരിക്കുന്ന അമ്മ പ്രസിഡന്റ് ഇന്നസെന്റ് ആണ് ഇക്കൂട്ടത്തില്‍ ഏറ്റവും പരിഹാസ്യമായ കഥാപാത്രം. തിരഞ്ഞെടുപ്പുകാലത്ത് സിപിഎമ്മുകാരോടൊപ്പം നടന്നു ഫാസിസം എന്നൊക്കെയുള്ള വാക്കുകള്‍ പഠിച്ചത് അര്‍ഥമറിയാതെ അദ്ദേഹം ചുമ്മാ എടുത്തു പ്രയോഗിക്കുകയാണ്. ചരിത്രം പരിശോധിച്ചാല്‍ വിവിധ കാലങ്ങളിലായി സംഘടനയുടെ പരമാധികാരം പ്രകടമാക്കി ഇവിടെ ഏറ്റവുമധികം വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത് അമ്മയാണ്. ടിവിയില്‍ അഭിനയിക്കാന്‍ വിലക്ക്, ഷോയില്‍ പങ്കെടുക്കാന്‍ വിലക്ക്, പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ വിലക്ക്, വിളിച്ചാല്‍ ഫോണെടുത്തില്ലെങ്കില്‍ വിലക്ക്, പ്രഖ്യാപിത വിലക്ക്, അപ്രഖ്യാപിത വിലക്ക്. ഇതെല്ലാം കഴിഞ്ഞിട്ട് അദ്ദേഹം പുതിയ വിലക്കിനെ ഫാസിസം എന്നു വിശേഷിപ്പിക്കുമ്പോള്‍ ഉച്ചത്തിലുള്ളൊരു പൊട്ടിച്ചിരിയാണ് കേള്‍ക്കുന്നത് (തിലകന്റെ ശബ്ദത്തില്‍).

കളിയില്‍ തോറ്റുകൊണ്ടിരിക്കുന്ന മലയാള സിനിമാ ടീമിനെ സംന്ധിച്ച് തോല്‍വിയുടെ വേഗം കൂട്ടാനുള്ള ഏറ്റവും എളുപ്പവഴിയാണ് തമ്മിലടിക്കുക എന്നത്. ചാനലുകളെ പറ്റിച്ച് അവരുടെ പണം കൊണ്ടു സിനിമ പിടിച്ചിരുന്ന തട്ടിപ്പിന് ഏതാണ്ട് അറുതിയായിട്ടുണ്ട്. പഴയതുപോലെ പ്രവാസികളെ നിര്‍മാവാതിന്റെ വേഷം കെട്ടാന്‍ ഒത്തുകിട്ടുന്നുമില്ല. മുന്തിയ സംവിധായകര്‍ പോലും സിനിമകള്‍ വേണ്ടെന്നു വച്ചുകൊണ്ടിരിക്കുകയാണ്. എത്ര തരംതാഴ്ന്നതാണെങ്കിലും തമിഴ്, ഹിന്ദി സിനിമകള്‍ക്കു പ്രതീക്ഷിക്കാവുന്ന ഒരു മിനിമം നിലവാരമുണ്ടെന്നതിനാല്‍ പ്രേക്ഷകര്‍ സിനിമ കാണാതെ മരിച്ചു പോവുകയൊന്നുമില്ല.

മലയാള സിനിമ സമരം ചെയ്താല്‍ പ്രേക്ഷകര്‍ക്ക് പ്രത്യേകിച്ച് ഒന്നും നഷ്ടപ്പെടില്ല എന്നു മാത്രമല്ല പൊതുജനം അതൊന്നും ശ്രദ്ധിക്കുക പോലുമില്ല. അങ്ങോട്ടുമിങ്ങോട്ടും വിലക്കിയും സമരം ചെയ്തും സ്വന്തം കഞ്ഞിയില്‍ പാറ്റയിടുന്ന സിനിമാക്കാര്‍ ഓര്‍ക്കുക. ആ കഞ്ഞി ഞങ്ങള്‍ പ്രേക്ഷകരുടെ കാശാണ്. അതില്ലാതായാല്‍ ശിഷ്ടകാലം പാറ്റകളെ തിന്നു ജീവിക്കേണ്ടി വരും.

(ശുഭം)

ജൂറിയെ കല്ലെറിയുന്നവര്‍

ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളെക്കാള്‍ മുന്‍പേ വന്നത് വിവാദങ്ങളാണ്. അവാര്‍ഡിനോടൊപ്പം തന്നെ വിവാദങ്ങളും അവാര്‍ഡിനെക്കാള്‍ തിളക്കത്തില്‍ വാര്‍ത്തകളില്‍ കത്തിപ്പിടിക്കുന്നുണ്ട്. സുരാജ് വെഞ്ഞാറമ്മൂടിന് മികച്ച നടനുള്ള പുരസ്‌കാരം നല്‍കിയില്ല എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട വിവാദവും ആക്ഷേപവും. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വ്യക്തിത്വമുള്ള ഒന്നാണ്. സുരാജ് വെഞ്ഞാറമ്മൂടിനെ മികച്ച നടനുള്ള അവാര്‍ഡിനു പരിഗണിച്ചില്ല എന്നത് ഒരു അപരാധമായി കാണാനാവില്ല.

ഒന്നാമത്, ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയുടെ തന്തയല്ല. ദേശീയ ജൂറി അവാര്‍ഡ് കൊടുത്ത പടങ്ങള്‍ക്കു തന്നെ അവാര്‍ഡ് കൊടുത്തിരുന്നെങ്കില്‍ അതായിരുന്നേനെ അവാര്‍ഡ് നിര്‍ണയത്തിലെ ഏറ്റവും പരിഹാസ്യമായ അധ്യായം. ജൂറിയുടെ വിധിനിര്‍ണയം തെറ്റാണെങ്കിലും ശരിയാണെങ്കിലും അതിനെ അംഗീകരിക്കുക എന്നതാണ് മര്യാദ. അതുകൊണ്ടാണ് നമ്മള്‍ അതിനെ വിധി എന്നു വിളിക്കുന്നത്. അവാര്‍ഡുകളെക്കുറിച്ച് ആക്ഷേകവും പരാതികളും പതിവുപോലെ ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ അന്തസുറ്റ രീതിയില്‍ പ്രതികരിച്ച് മാന്യത കാട്ടിയത് സുരാജ് വെഞ്ഞാറമ്മൂട് തന്നെയാണ്. ദേശീയ അവാര്‍ഡ് ലഭിച്ചപ്പോഴും വളരെ പക്വതയുള്ള പ്രതികരണമായിരുന്നു അദ്ദേഹത്തിന്റേത്. അവാര്‍ഡിനു വേണ്ടി പ്രത്യേക തരം പടങ്ങളില്‍ അഭിനയിക്കുകയും അവാര്‍ഡ് തന്നെത്തേടി വരുമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്ന താരങ്ങള്‍ സുരാജിനെ മാതൃകയാക്കണം എന്നതാണ് ദേശീയ-സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നല്‍കുന്ന സന്ദേശം.

സുരാജ് വെഞ്ഞാറമ്മൂടിന് മികച്ച നടനുള്ള പുരസ്‌കാരം നല്‍കാത്തതുകൊണ്ട് ഈ അവാര്‍ഡ് മൊത്തത്തില്‍ തകരാറാണ് എന്നാണ് ചിലര്‍ പറയുന്നത്. നല്ല സംവിധായകനാണെങ്കിലും ഡോ.ബിജുവിന്റെ പ്രതികരണങ്ങള്‍ അത്ര നല്ല രീതിയിലല്ല. ദേശീയ അവാര്‍ഡിന്റെ അടിസ്ഥാനത്തിലാവണം സംസ്ഥാന അവാര്‍ഡും നല്‍കേണ്ടത് എന്നത് വളരെ വില കുറഞ്ഞ ഒരു വാദമാണ്. ജൂറിയില്‍ അടങ്ങിയിരിക്കുന്നവരും നമ്മളെപ്പോലെ മനുഷ്യരാണ്. ദേശീയ ജൂറി ചിത്രങ്ങളെ വിലയിരുത്തിയതുപോലെ തന്നെ സംസ്ഥാന ജൂറിയും വിലയിരുത്തണം എന്നു പറയുന്നത് ജൂറിയുടെ വ്യക്തിത്വത്തെ അധിക്ഷേപിക്കുന്നതിനു തുല്യമാണ്. വ്യത്യസ്തരായ ആളുകള്‍ വ്യത്യസ്തസമയങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഒരുപോലെയാവണം എന്നു വാശിപിടിക്കുന്നത് ബുദ്ധിശൂന്യതയാണ്.
അവാര്‍ഡ് പ്രഖ്യാപനം കഴിയുമ്പോള്‍ ജൂറിയെ പത്തു തെറി പറയുന്നത് കേരളത്തിലെ ഒരു ആചാരമായതുകൊണ്ട് സാരമില്ലെന്നു വയ്ക്കാം.

സുരാജിനു ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ അത് മുഴുവന്‍ ഹാസ്യതാരങ്ങള്‍ക്കുള്ള അംഗീകാരമാണെന്നു പറഞ്ഞു വികാരം കൊണ്ടവര്‍ അതേ സുരാജിനു മികച്ച ഹാസ്യനടനുള്ള അവാര്‍ഡ് ലഭിച്ചപ്പോള്‍ അത് സുരാജിനെ അവഹേളിക്കലാണെന്നു പറയുന്നതിനെക്കാള്‍ വലിയൊരു ഇരട്ടത്താപ്പില്ല. മികച്ച നടനുള്ള അവാര്‍ഡ് പോലെ തന്നെ വലിയൊരു അംഗീകാരമായി അതിനെയും കാണാന്‍ കഴിയാത്തവര്‍ എങ്ങനെയാണ് ഹാസ്യനടന്‍മാരുടെ വക്താക്കളാകുന്നത് എന്നതു മനസ്സിലാവുന്നില്ല. ഇനി ദേശീയ അവാര്‍ഡ് ലഭിച്ചത് സുരാജിനല്ല എന്നു കരുതുക. സംസ്ഥാന ജൂറി സുരാജിന് അവാര്‍ഡ് നല്‍കിയിരുന്നെങ്കില്‍ നാലാംകിട കോമഡി നടന് മികച്ച നടനുള്ള അവാര്‍ഡ് നല്‍കി ആ അവാര്‍ഡിനെ അവഹേളിച്ചെന്ന് ഇതേ ആളുകള്‍ പറഞ്ഞേനെ.

എന്റെ വ്യക്തിപരമായ കാഴ്ചപ്പാടില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മുന്‍വര്‍ഷങ്ങളിലെ അവാര്‍ഡുകളെക്കാള്‍ കൂടുതല്‍ പക്വത കൈവരിച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാറി മാറി നല്‍കിയിരുന്ന അവാര്‍ഡ് ഈ വര്‍ഷം ലഭിച്ചവരെല്ലാവരും അതിന് അര്‍ഹരാണ് എന്നതില്‍ സംശയമില്ല. നോര്‍ത്ത് 24 കാതം, ആര്‍ട്ടിസ്റ്റ് എന്നീ സിനിമകളിലൂടെ ഫഹദ് ഫാസില്‍ കയ്യടക്കത്തോടെയുള്ള സൂക്ഷ്മാഭിനയമാണ് കാഴ്ചവച്ചത്. ലാലും ഒരു മോശം നടനല്ല. മറ്റുള്ള അവാര്‍ഡുകളുടെ കാര്യത്തിലും ആക്ഷേപത്തിനു സാധ്യതയില്ല.

അവാര്‍ഡുകള്‍ ഒരു കലാകാരന്റെ കഴിവിന്റെ അളവുകോലോ അവസാനവാക്കോ അല്ല. അനേകം കലാകാരന്‍മാരില്‍ നിന്നു ചിലരുടെ ചില സമയത്തെ പ്രകടനം മാത്രം അടിയവരയിടുന്ന അംഗീകാരമാണ്. അവാര്‍ഡുകള്‍ കലാകാരന്‍മാര്‍ക്ക് ഒരംഗീകാരമാണ്. അത് കിട്ടാത്തവര്‍ അവഹേളിക്കപ്പെടുന്നില്ല. സംസ്ഥാന ചലച്ചിത്രപുരസ്‌കാരം നേടിയ എല്ലാ കലാകാരന്‍മാര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു.

ചിരിപ്പിച്ചാല്‍ കിട്ടാത്ത അവാര്‍ഡ്

ചിരിപ്പിക്കുന്നതിനെക്കാള്‍ ശ്രമകരമായ മറ്റൊരു ജോലിയില്ല. ഏതു മാധ്യമത്തിലൂടെയായാലും ആളുകളെ ചിരിപ്പിക്കാന്‍ കഴിയുന്നത് വളരെ ഗൗരവമുള്ള കാര്യമാണ്. സിനിമയിലും അങ്ങനെ തന്നെ. പ്രേക്ഷകന്റെ ചിരിയെക്കാള്‍ വലിയൊരു അവാര്‍ഡ് ഒരു ഹാസ്യനടനും ലഭിക്കാനില്ല. എങ്കിലും അഭിനയ ചക്രവര്‍ത്തിമാരുടെ പട്ടികയില്‍ ഒരു ഹാസ്യനടന്റെ പേരെഴുതാന്‍ നമ്മുടെ കൈവിറയ്ക്കും. സുരാജ് വെഞ്ഞാറമൂടും രണ്ടു വര്‍ഷം മുന്‍പ് സലിം കുമാറും ദേശീയ അവാര്‍ഡ് നേടിയത് പ്രേക്ഷകരെ ചിരിപ്പിച്ചിട്ടല്ല എന്നത് അവാര്‍ഡിന്റെ ആഘോഷങ്ങളില്‍ മറക്കാനാവുന്നതല്ല.

സുരാജ് വെഞ്ഞാറമ്മൂടിനു മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത് ഒരു നടനെന്ന നിലയില്‍ സുരാജിന് അവകാശപ്പെട്ട വിജയമാണ്. കൂതറ നടന്‍ എന്ന ലേബലില്‍ സിനിമയിലെ എലൈറ്റ് ക്ലാസ്സ് ഒതുക്കി നിര്‍ത്തിയിരുന്ന ഒരാള്‍ സൂപ്പര്‍-മെഗാ താരങ്ങളും അഭിയനയചക്രവര്‍ത്തിമാരും സ്വപ്‌നം കാണുന്ന കിരീടം സ്വന്തമാക്കുമ്പോള്‍ ഒരു മധുരപ്രതികാരം കൂടിയാണ് നിറവേറുന്നത്. സലിം കുമാര്‍ ഞെട്ടിച്ച അതേ ശൈലിയില്‍ സുരാജും ഞെട്ടിക്കുമ്പോള്‍ നല്ല സിനിമ ഉണ്ടാക്കുന്നവരെന്നു ഭാവിക്കുന്ന കാപട്യക്കാരും ക്ലാസിക്ക് സിനിമക്കാരും സ്വയം ഒന്നു നുള്ളിനോക്കുന്നത് നന്നായിരിക്കും.

സുരാജ് വെഞ്ഞാറമ്മൂട് മലയാളത്തില്‍ പ്രേക്ഷകരെ ചിരിപ്പിച്ചതും പിന്നീട് ക്ലീഷേയായ കഥാപാത്രങ്ങളിലൂടെ ഒരു പരിധി വരെയെങ്കിലും വെറുപ്പിച്ചതും ഹാസ്യനടന്‍ എന്ന ലേബലിലായിരുന്നു. സൂപ്പര്‍ താരങ്ങള്‍ കുറെക്കാലമായി പ്രേക്ഷകരെ വെറുപ്പിച്ചുകൊണ്ടിരിക്കുന്നത് സല്‍ഗുണസമ്പന്നന്‍മാരായ നായകന്‍മാരുടെ രൂപത്തിലാണ്. വെറുപ്പിക്കുന്നത് മമ്മൂട്ടിയായാലും സുരാജ് ആയാലും പ്രേക്ഷകരുടെ അനുഭവം ഒന്നു തന്നെ. അവാര്‍ഡ് ലഭിക്കുമ്പോഴും ജൂറി വിലയിരുത്തുന്നത് നടന്റെ അഭിനയമികവ് മാത്രമാണ്. അയാള്‍ ഹാസ്യനടനാണോ സൂപ്പര്‍താരമാണോ എന്നതു നോക്കിയല്ല അവാര്‍ഡ് നല്‍കുന്നത് എന്ന നിലയിലേക്ക് ദേശീയ ജൂറികളെങ്കിലും പക്വത പ്രാപിച്ചത് ആശാവഹമാണ്.

സുരാജിന് അവാര്‍ഡ് ലഭിച്ചത് ഇനിയും തിയറ്ററില്‍ എത്തിയിട്ടില്ലാത്ത പേരറിയാത്തവര്‍ എന്ന സിനിമയിലെ അഭിനയത്തിലാണ്. ആ സിനിമ ഞാനോ നിങ്ങളോ കണ്ടിട്ടില്ല. ആദാമിന്റെ മകന്‍ അബു എന്ന സിനിമയിലൂടെ സലിം കുമാറിന് അവാര്‍ഡ് ലഭിച്ചപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. സലിമിന്റെ അവാര്‍ഡ് ആഘോഷിച്ചതുപോലെ തന്നെ സുരാജിന്റെ അവാര്‍ഡും മലയാളികള്‍ ആഘോഷിക്കുന്നു. എന്നാല്‍, സിനിമയ്ക്ക് എന്നതുപോലെ പ്രേക്ഷകര്‍ക്കും സലിം കുമാറിനെയോ സുരാജ് വെഞ്ഞാറമ്മൂടിനെയോ ഒരു ഹാസ്യനടന്‍ എന്നതിനപ്പുറം ആവശ്യമില്ല. എന്നതാണ് സത്യം.

സലിം കുമാറിന്റെ അഭിനയമികവിനെക്കുറിച്ച് അന്നു വാതോരാതെ സംസാരിച്ചവരില്‍ വളരെ ചെറിയൊരു ശതമാനം മാത്രമേ ആദാമിന്റെ മകന്‍ അബു കണ്ടിട്ടുള്ളൂ എന്നു കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നു. മറിച്ചായിരുന്നെങ്കില്‍ ആ സിനിമ ഇവിടെ കോടികള്‍ വാരിയെനെ. ആ സിനിമ അന്നു തിയറ്ററുകളിലെത്തിക്കാന്‍ അതിന്റെ സംവിധായകന്‍ കഷ്ടപ്പെടത്തിന്റെ കഥകള്‍ മറക്കാറായിട്ടില്ല. പേരറിയാത്തവര്‍ എന്ന സിനിമയ്ക്കു വേണ്ടി ഇവിടുത്തെ തിയറ്ററുകാര്‍ നിര്‍മാതാവിന്റെ വീടിനു മുന്നില്‍ ക്യൂനില്‍ക്കുമെന്നോ മുഖ്യധാരാ മലയാള സിനിമയും ഇവിടുത്തെ മാധ്യമങ്ങളും ഡോ.ബിജുവിനെ ഒരു സംവിധായകനായി അഗീകരിക്കുമെന്നും എനിക്കു പ്രതീക്ഷയില്ല.

സുരാജിന് അവാര്‍ഡ് ലഭിച്ചതിലൂടെ അദ്ദേഹം ഇതുവരെ അഭിനയിച്ചു തീര്‍ത്ത നാലാംകിട റോളുകള്‍ എല്ലാം നീതീകരിക്കപ്പെട്ടെന്നും അത്തരം വേഷങ്ങള്‍ പല സിനിമകളുടെയും നിറംകെടുത്തിയെന്നുള്ള അഭിപ്രായങ്ങള്‍ തെറ്റായിരുന്നെന്നും ചിലര്‍ വാദിക്കുന്നുണ്ട്. ഇത് അടിസ്ഥാനരഹിതവും അര്‍ഥശൂന്യവുമാണ്. ദേശീയ ചലച്ചിത്ര അവാര്‍ഡ് അദ്ദേഹത്തിന്റെ ഒരു സിനിമയിലെ അഭിനയത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കിയതാണ്, അല്ലാതെ ഇതുവരെ അദ്ദേഹം അഭിനയിച്ച എല്ലാ സിനിമകള്‍ക്കും കൂടി നല്‍കിയതല്ല. എന്നാല്‍, ഒരു നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയോ മോഹന്‍ലാലോ കമല്‍ഹാസനോ ഒക്കെ അഭിനയിക്കുന്നതുപോലെ തനിക്കും അഭിനയിക്കാന്‍ സാധിക്കുമെന്നു സുരാജ് തെളിയിച്ചിരിക്കുകയാണ് ഈ അവാര്‍ഡിലൂടെ.

ഈ അവാര്‍ഡ് എല്ലാ ഹാസ്യനടന്‍മാര്‍ക്കും മിമിക്രി കലാകാരന്‍മാര്‍ക്കുമുള്ള അംഗീകാരമായി ച്ിത്രീകരിക്കുന്നതിലുമുണ്ട് അപാകത. സുരാജിനും സലിം കുമാറിനുമൊക്കെ ലഭിച്ച അവാര്‍ഡുകള്‍ അവരുടെ ഹാസ്യവേഷങ്ങള്‍ക്കായിരുന്നില്ല. ഹാസ്യപ്രകടനത്തിനോ മിമിക്രിക്കോ അവാര്‍ഡ് ലഭിക്കാത്തിടത്തോളം അതിനെ ഹാസ്യനടന്‍മാര്‍ക്കും മിമിക്രി കലാകാരന്‍മാര്‍ക്കുമുള്ള അംഗീകാരമായി ചിത്രീകരിക്കുന്നതില്‍ കാര്യമില്ല. താരരാജാക്കന്‍മാര്‍ക്കു നല്‍കുന്ന കിരീടമായിരുന്ന ദേശീയ അവാര്‍ഡ് നന്നായി അഭിനയിക്കുന്ന ആര്‍ക്കും നല്‍കുന്ന അവസ്ഥയായി എന്നത് സ്വാഗതാര്‍ഹം തന്നെയാണ്. അപ്പോഴും നായകനടനല്ലാതെ ഒരു ഹാസ്യവേഷക്കാരനോ നന്നായി അഭിനയിക്കുന്ന സഹതാരങ്ങള്‍ക്കോ ഈ അവാര്‍ഡ അപ്രാപ്യമാണ്. അടൂര്‍ ഭാസിയും ബഹദൂറും ജഗതി ശ്രീകുമാറും ഇന്ദ്രന്‍സുമൊന്നും ദേശീയ അവാര്‍ഡ് നേടാത്തത് അവരൊന്നും സുരാജിനോളം, സലിം കുമാറിനോളം മികച്ച നടന്‍മാരല്ലാത്തതുകൊണ്ടല്ല.

സലിം കുമാര്‍ പറഞ്ഞതുപോലെ സുരാജ് ഇനിയങ്ങോട്ടു വളരെ സൂക്ഷിക്കണം. ദേശീയ അവാര്‍ഡ് നേടിയ ഹാസ്യനടനെ എയ്ഡ്‌സ് രോഗിയായ വേശ്യയെപ്പോലെയെ മലയാള സിനിമ സമീപിക്കൂ. ഹാസ്യവേഷക്കാരന് ദേശീയ അവാര്‍ഡ് അധികയോഗ്യതയായി കണ്ട് ഒഴിവാക്കപ്പെടും. ഇനിയും നല്ല വേഷങ്ങള്‍ കൊടുത്താല്‍ ഇവന്‍ ഇനിയും അവാര്‍ഡ് വാങ്ങിച്ചെങ്കിലോ എന്നു ഭയന്ന് വിവിധ കോക്കസുകള്‍ അത്തരം സിനിമകളും മുടക്കും. സിനിമയുടെ തമ്പുരാക്കന്‍മാരുടെയും സുപ്പര്‍-മെഗാ-ജനപ്രിയ താരങ്ങളുടെയും അവാര്‍ഡ് ദാഹികളുടെയും ഉപദ്രവമില്ലാതെ സിനിമയില്‍ ജീവിച്ചു പോകാന്‍ സുരാജിനു കഴിയട്ടെ എന്നാശംസിക്കുന്നു.

ചരിത്രം കുറിച്ച് ഗ്യാങ്‌സ്റ്റര്‍

ഈ പോസ്റ്റില്‍ ആക്ഷേപഹാസ്യമില്ല. പ്രേക്ഷകര്‍ വിമര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്ത ആഷിക് അബുവിന്റെ ഗ്യാങ്സ്റ്റര്‍ എന്ന മമ്മൂട്ടിച്ചിത്രം പുതിയ ചരിത്രം കുറിക്കുന്നതിന്റെ കഥയാണ്. മോഹന്‍ലാല്‍ നായകനായ ജീത്തു ജോസഫ് സിനിമ ദൃശ്യം 100 ദിവസം കൊണ്ട് കേരളത്തിലെ തിയറ്ററുകള്‍ നിറഞ്ഞു പ്രദര്‍ശിപ്പിച്ചിട്ടാണ് 50 കോടി രൂപ കളക്ഷന്‍ നേടി റെക്കോര്‍ഡിട്ടതെങ്കില്‍ ഗ്യാങ്‌സ്റ്റര്‍ പ്രേക്ഷകരുടെ വിമര്‍ശനങ്ങള്‍ക്കിടയിലും രണ്ടാം വാരത്തില്‍ തന്നെ 50 കോടി നേടുന്ന ലക്ഷണമാണ്.

ഗ്യാങ്‌സ്റ്റര്‍ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനുമുള്ള വിവേകമോ കലാബോധമോ കേരളത്തിലെ പ്രേക്ഷകര്‍ക്കില്ലാതെ പോയതാണ് സിനിമക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കു കാരണം എന്നു ഞാന്‍ അന്നു തന്നെ പറഞ്ഞിരുന്നു. അത് ശരി വയ്ക്കുന്നതാണ് ഓണ്‍ലൈന്‍ മീഡിയ പുറത്തുവിട്ടിരിക്കുന്ന ഗ്യാങ്സ്റ്ററിന്റെ കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍. വവിധ ഓണ്‍ലൈന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഗ്യാങ്‌സ്റ്റര്‍ ആദ്യദിവസം ആറു കോടി രൂപയും രണ്ടാം ദിവസം 3.8 കോടി രൂപയും മൂന്നാം ദിവസം 4.6 കോടി രൂപയും നേടിയിട്ടുണ്ട്. ഇതിനു പുറമേ കൈരളി ചാനല്‍ അഞ്ചു കോടി രൂപയ്ക്കാണ് സിനിമയുടെ സാറ്റലൈറ്റ് അവകാശം വാങ്ങിയിരിക്കുന്നത്. അതായത് ആദ്യ മൂന്നു ദിവസത്തിനുള്ളില്‍ തന്നെ സിനിമ നേടിയത് 19.4 കോടി രൂപ.

ഇത് മലയാള സിനിമയിലെ സര്‍വകാല റെക്കോര്‍ഡാണ്. ആദ്യമൂന്നു ദിവസത്തെ കലക്ഷന്റെ ഗ്രാഫ് നോക്കിയാല്‍ ഇതിനോടകം സിനിമ ഏറ്റവും കൂറഞ്ഞത് 30 കോടി രൂപയെങ്കിലും നേടിയിട്ടുണ്ടാകുമെന്നുറപ്പിക്കാം. 100 ദിവസത്തോളം കേരളത്തില്‍ ഹൗസ് ഫുള്ളായി ഓടിയ ദൃശ്യം നേടിയത് 50 കോടി രൂപയാണെന്നിരിക്കെ പ്രേക്ഷകരുടെ വിമര്‍ശനങ്ങളേറ്റുവാങ്ങിയിട്ടും ഗ്യാങ്സ്റ്റര്‍ വെറും ഒരാഴ്ച കൊണ്ട് 30 കോടി നേടിയെങ്കില്‍ അത് പുതിയ ചരിത്രമാണ്.

ഇതുകൊണ്ടും കഴിഞ്ഞില്ല. ഗ്യാങ്‌സ്റ്ററിനെപ്പറ്റി പറഞ്ഞു കേട്ടിട്ടാണോ അതോ സിനിമ തന്നെ കണ്ടിട്ടാണോ- ഗ്യാങ്‌സ്റ്റര്‍ ഹിന്ദിയില്‍ നിര്‍മിക്കുന്നതിനായി ആമിര്‍ ഖാന്‍ ആഷിക് അബുവിന്റെ പിന്നാലെ നടക്കുകയാണെന്നും കേള്‍ക്കുന്നു. അഞ്ചുകോടി രൂപ കൊടുത്ത് ഗ്യാങ്സ്റ്ററിന്റെ റൈറ്റ് വാങ്ങി ഹിന്ദിയിലിറക്കാനാണേ്രത ആമിര്‍ ഖാന്‍ ഉദ്ദേശിക്കുന്നത്. കുഴപ്പം സിനിമയുടെയല്ല കേരളത്തിലെ അലവലാതി പ്രേക്ഷകരുടെയാണെന്ന് ഞാന്‍ അന്നു പറഞ്ഞത് ശരി വയ്ക്കുന്നതാണ് സത്യസന്ധവും സുതാര്യവുമായ ഈ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍.

ഇനി ഗ്യാങ്‌സ്റ്ററിനെ വിമര്‍ശിക്കുന്നത് ആരാണ് എന്നതാണ് അടുത്ത ചോദ്യം. ഗ്യാങ്‌സ്റ്ററിന്റെ യഥാര്‍ഥ പ്രേക്ഷകരല്ല സിനിമയുടെ വിമര്‍ശകരെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. സിനിമയെ ഫെയ്‌സ്ബുക്കിലൂടെയും മറ്റും ഓണ്‍ലൈനായും റോഡിലും ചായക്കടയിലും മറ്റുമിരുന്ന് ഓഫ്‌ലൈനായും വിമര്‍ശിക്കുന്നവര്‍ പ്രേക്ഷകരല്ല മറിച്ച് വര്‍ഗീയവാദികളും സിപിഎം വിരുദ്ധരും സദാചാരഗുണ്ടകളുമാണത്രേ. നല്ല പ്രേക്ഷകര്‍ക്ക് ഒരിക്കലും ഗ്യാങ്സ്റ്ററിനെ എന്നല്ല ആഷിക് അബുവിന്റെ ഒരു സിനിമയെയും തള്ളിപ്പറയാനാവില്ല എന്നാണ് പുരോഗമനവാദികളുടെ വിലയിരുത്തല്‍.

ആഷിക് അബുവിന്റെയും സഹപ്രവര്‍ത്തകരുടെയും സമുദായം നോക്കിയാണ് പ്രേക്ഷകര്‍ സിനിമയെ വിമര്‍ശിക്കുന്നത് എന്നതാണ് പ്രധാന വാദം. ആഷികിന്റെ ഭാര്യ മറ്റൊരു സമുദായക്കാരി ആയതുകൊണ്ട് ഇരു സമുദായങ്ങളിലും നിന്നുള്ള വര്‍ഗീയവാദികള്‍ ആഷികിന്റെ സിനിമയെ തകര്‍ക്കാന്‍ രംഗത്തിറങ്ങുകയായിരുന്നത്രേ. അതായത് വര്‍ഗീയവാദികള്‍ പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നെന്ന്. മറ്റൊരു വാദം ആഷിക് ഇടതുപക്ഷ അനുഭാവിയായതുകൊണ്ടും തിരഞ്ഞെടുപ്പു കാലത്ത് ആഷിക് ഇ.അഹമ്മദിനെയും ഭാര്യ റിമ ഷീല ദീക്ഷിതിനെയും ഫെയ്‌സ്ബുക്കിലൂടെ അധിക്ഷേപിച്ചതുകൊണ്ട് സിപിഎം വിരുദ്ധര്‍ കൂട്ടത്തോടെ വന്നു സിനിമയെ ആക്രമിക്കുകയായിരുന്നു എന്നതാണ്.

ഇതുകൊണ്ടും കഴിഞ്ഞില്ല. മാതാ അമൃതാനന്ദമയിയുടെ ശിഷ്യ ഗെയ്ല്‍ ട്രെഡ്‌വെല്ലുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ച കൈരളി ചാനലിന്റെ ചെയര്‍മാനായ മമ്മൂട്ടി നായകനായ, കൈരളി അഞ്ചു കോടി രൂപയ്ക്ക് റൈറ്റ് വാങ്ങിയിട്ടുള്ള ഗ്യാങ്സ്റ്റര്‍ തകര്‍ക്കാന്‍ അമൃത ടിവി ഗ്യാങ്‌സ്റ്റര്‍ മോശമാണെന്നു റിപ്പോര്‍ട്ട് കൊടുത്തു എന്നും കണ്ടെത്തിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ സിപിഎം വിരുദ്ധ- വര്‍ഗീയ ചേരികള്‍ ഒരുമിച്ചു നിന്നു നടത്തുന്ന കുപ്രചരണമാണ് ഗ്യാങ്സ്റ്ററിനെതിരെയുള്ള റിവ്യൂവിന്റെ രൂപത്തില്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. എന്നിട്ടും ചരിത്രത്തിലെ ഏറ്റവും വലിയ കലക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത് എന്നത് വിസ്മയകരമാണ്.

ഗ്യാങ്സ്റ്ററിനെ വിമര്‍ശിക്കുന്നത് തെറ്റാണെന്നു സ്ഥാപിച്ചുകൊണ്ട് മറ്റൊരു ധാരയും രംഗത്തു വന്നിട്ടുണ്ട്. സോള്‍ട്ട് ആന്‍ഡ് പെപ്പറും 22 ഫീമെയിലും എടുത്തിട്ടുള്ള ആഷിക് അബുവിന്റെ സിനിമ എന്ന നിലയില്‍ ഗ്യാങ്സ്റ്റര്‍ വിമര്‍ശിക്കപ്പെടാന്‍ പാടില്ല എന്നാണ് പൊതുവേയുള്ള വാദം. രമേഷ് പിഷാരടി എന്നൊരു മിമിക്രിക്കാരന്റെ പോസ്റ്റാണ് ഇതില്‍ ഏറ്റവും രസകരം. ആദാമിന്റെ മകന്‍ അബു ആഘോഷിക്കാതെ കൃഷ്ണനും രാധയും പരിഹസിച്ച് ആഘോഷിച്ചവരോടാണ് രമേഷിനു പറയാനുള്ളത്. അതിതാണ്.

“മലയാള സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ ആദ്യമായ് “THANKS TO ALL MY FACE BOOK FRIENDS” എന്ന് എഴുതിയ ആളാണ്‌ ആഷിക് അബു …………………സൂപ്പര്‍ ഹിറ്റുകള്‍ ഉണ്ടാക്കിയിട്ടുള്ള ഒരാള്‍ …………….സുരക്ഷിതമായ്‌ പാതകള്‍ ഉണ്ടായിട്ടും പരീക്ഷണങ്ങള്‍ നിറഞ്ഞ സിനിമ വഴികളില്‍ യാത്ര ചെയ്ത ആള്‍ ……………….
GANGSTER ഇഷ്ടമെങ്കില്‍ കാണാം മോശമാണ് കേള്‍ക്കുന്നതെങ്കില്‍ കാണാതിരിക്കാം ”

മലയാള സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ ആദ്യമായി താങ്ക്‌സ് ടു ഓള്‍ മൈ ഫെയ്‌സ്ബുക്ക് ഫ്രണ്ട്‌സ് എന്നെഴുതുന്നതും സിനിമ എടുക്കുന്നതും തമ്മില്‍ എന്താണ് ബന്ധമെന്ന് തമാശക്കാരന്‍ വ്യക്തമാക്കുന്നില്ല. മലയാള സിനിമയില്‍ ആദ്യമായി ഇങ്ങനെ എഴുതിയതാര് എന്ന പിഎസ്‌സി ചോദ്യമാണെങ്കില്‍ ഉത്തരം ആഷിക് അബു എന്നെഴുതാം. ആഷിക് അബു അങ്ങനെ എഴുതിയിട്ടുള്ളതുകൊണ്ട് അദ്ദേഹത്തിന്റെ സിനിമയെപ്പറ്റി മോശം അഭിപ്രായം പറയരുത് എന്നാണ് മിസ്റ്റര്‍ രമേഷ് ഉദ്ദേശിച്ചതെന്നു തോന്നുന്നു. പാവം.

ആഷിക് അബുവിനെ സൂപ്പര്‍ ഹിറ്റുകള്‍ സൃഷ്ടിച്ച ഒരാള്‍ എന്നാണ് രമേഷ് വിശേഷിപ്പിക്കുന്നത്. സൂപ്പര്‍ ഹിറ്റ് എന്നു വച്ചാല്‍ എന്താണ് എന്ന് മനസ്സിലാക്കിയതിനു ശേഷം രമേഷ് അത്തരത്തിലുള്ള കിരീടങ്ങള്‍ വച്ചുകൊടുക്കുന്നതാവും ഉചിതം എന്നു തോന്നുന്നു. സൂപ്പര്‍ ഹിറ്റുകളൊന്നും സൃഷ്ടിച്ചിട്ടുള്ള ആളല്ല ആഷിക് അബു. അദ്ദേഹത്തിന്റെ സിനിമകളില്‍ ഹിറ്റ് എന്ന വിശേഷണത്തിന് അര്‍ഹമായത് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ മാത്രമാണ്. എന്നാല്‍, കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വച്ചു നോക്കിയാല്‍ ഗ്യാങ്‌സ്റ്റര്‍ ഒരു മെഗാ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാകുമെന്നു നിസ്സംശയം പറയാം.

ഗ്യാങ്സ്റ്റര്‍ വളരെ ക്രൂരമായി വിമര്‍ശിക്കപ്പെട്ട ഒരു സിനിമയാണ് എന്നതില്‍ തര്‍ക്കമില്ല. മലയാളത്തില്‍ ഒരു സിനിമ ഇത്തരത്തില്‍ വിമര്‍ശിച്ചപ്പെടുന്നത് ഇതാദ്യമല്ല. ഈ പ്രേക്ഷകര്‍ തന്നെയാണ് ഇവിടെ സിനിമകള്‍ക്കു റെക്കോര്‍ഡ് കലക്ഷന്‍ നേടിക്കൊടുക്കുന്നതെന്നും മറക്കരുത്. പ്രേക്ഷകരുടെ അഭിപ്രായത്തിനും വിമര്‍ശനങ്ങള്‍ക്കുമെതിരെ പട നയിക്കാന്‍ തീരുമാനിക്കുന്നതിനെക്കാള്‍ ബുദ്ധിശൂന്യമായ മറ്റൊരു തീരുമാനമില്ല. സരോജ് കുമാര്‍ പണ്ടു പറഞ്ഞതുപോലെ ആരാധകര്‍ വെട്ടുകിളികളെപ്പോലെയാണ്. വേണ്ട സമയത്തു വേണ്ടതു ചെയ്തില്ലെങ്കില്‍ അവര്‍ നിങ്ങളുടെ ‘കൃഷി’ നശിപ്പിക്കും. #God Speed

ഗ്യാങ്‌സ്റ്റര്‍ (റിവ്യൂ)

ഭരതനും പത്മരാജനും ശേഷം മലയാളസിനിമയെ നിലവാരമുള്ള സിനിമകളുടെ കാലത്തേക്കു തിരികെ കൊണ്ടുവന്ന ആഷിക് അബു എന്ന മഹാനായ ചലച്ചിത്രകാരന്റെ ഏറ്റവും പുതിയ ക്ലാസിക് ആണ് മമ്മൂട്ടി നായകനായ ഗ്യാങ്സ്റ്റര്‍. ലോകനിലവാരത്തിലുള്ള തിരക്കഥയും ദാര്‍ശനികസ്പര്‍ശമുള്ള സംഭാഷണങ്ങളും അനുനിമിഷം ഭാവങ്ങള്‍ മാറിമറിയുന്ന മമ്മൂട്ടിയുടെ പ്രകടനവും തുടങ്ങി എല്ലാം ഒന്നിനൊന്നു മികച്ചു നില്‍ക്കുന്ന ചിത്രമാണ് ഗ്യാങ്സ്റ്റര്‍.

ചിത്രത്തിനെതിരെ ഫെയ്‌സ്ബുക്കില്‍ ആസൂത്രിതമായ കുപ്രചരണങ്ങളും സിനിമ കണ്ടിറങ്ങുന്നവരുടെ നേതൃത്വത്തില്‍ ഹീനമായ അഭിപ്രായപ്രകടനങ്ങളും നടക്കുന്നുണ്ടെങ്കിലും സിനിമ എന്ന മാധ്യമത്തെ ഉദ്ധരിക്കുന്ന, മലയാള സിനിമയെ ലോകസിനിമയുടെ നിലവാരത്തിലേക്കു കൈപിടിച്ചുയര്‍ത്തുന്ന വളരെ വ്യത്യസ്തവും വിസ്മയകരവുമായ ഒരു ദൃശ്യാനുഭവമാണ് ഗ്യാങ്സ്റ്റര്‍. ഇത്തരത്തിലൊരു സിനിമ മലയാളത്തില്‍ എടുക്കാന്‍ സന്മനസ്സു കാണിച്ചതിന് ആഷിക് അബുവിനോട് ഓരോ മലയാളിയും മലയാള സിനിമാവ്യവസായവും കടപ്പെട്ടിരിക്കുന്നു.

ദൃശ്യം പോലുള്ള മൂന്നാം കിട ചിത്രങ്ങള്‍ തിയറ്ററുകളില്‍ റെക്കോര്‍ഡ് കലക്ഷന്‍ നേടുമ്പോള്‍ അത്തരത്തില്‍ എത്ര മൂന്നാംകിട ചിത്രങ്ങള്‍ വേണമെങ്കിലും എടുക്കാമായിരുന്നിട്ടും അതൊന്നും വേണ്ടെന്നു വച്ച് ഗ്യാങ്‌സ്റ്റര്‍ പോലൊരു നിലവാരമുള്ള ചിത്രം എടുക്കാന്‍ ധീരത കാണിച്ചു എന്നതാണ് ആഷിക് അബുവിനെ വര്‍ത്തമാനകാല മലയാള സിനിമയിലെ അദ്ഭുത പ്രതിഭയാക്കി മാറ്റുന്നത്. വിവരമില്ലാത്ത, നിലവാരമില്ലാത്ത നാലാംകിട പ്രേക്ഷകര്‍ക്ക് ഈ സിനിമയും ഇതിന്റെ സന്ദേശവും മനസ്സിലാക്കാന്‍ സാധിച്ചാല്‍ ഗ്യാങ്സ്റ്റര്‍ മലയാള സിനിമയിലെ നാഴികക്കല്ലായി മാറും. എന്നാല്‍, ഗ്യാങ്സ്റ്ററിനെ മലയാളത്തിലെ മറ്റു സംവിധായരുടെ സിനിമ പോലെ വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്നതിലൂടെ അത്തരത്തിലൊരു ഉള്‍ക്കാഴ്ചയോടെ സിനിമയെ വിലയിരുത്താന്‍ നാലാംകിട പ്രേക്ഷകര്‍ തയ്യാറാവില്ല എന്നാണ് മനസ്സിലാവുന്നത്.

ഗ്യാങ്സ്റ്ററിനെതിരെ ഫെയ്‌സ്ബുക്കിലൂടെയും അല്ലാതെയും നടക്കുന്ന വിമര്‍ശനങ്ങള്‍ കേരള സമൂഹത്തിന്റെ ധൈഷണികമായ അധപതനത്തിന്റെയും സാംസ്‌കാരികസമുന്നതിയുടെ നേര്‍ക്കുള്ള പ്രതിലോമകരമായ മനോഭാവങ്ങളുടെയും വേട്ടയാടപ്പെടുന്നവരുടെ പരിപ്രേക്ഷ്യങ്ങളില്‍ ചലച്ചിത്രകാരന്‍ നടത്തുന്ന ഇടപെടലുകളെക്കുറിച്ചുള്ള അജ്ഞതയുടെയും സൂചനയാണ്. ഒരു 20 വര്‍ഷത്തിനു ശേഷം മാത്രം മലയാളിക്കു മനസ്സിലാക്കാന്‍ കഴിയുന്ന ഒരു സിനിമയാണ് ഗ്യാങ്‌സ്റ്റര്‍ എന്ന് നിസ്സംശയം പറയാം. കാലത്തിനു മുന്‍പേ സഞ്ചരിക്കുന്ന ചലച്ചിത്രകാരന്‍ എന്ന നിലയ്ക്ക് ആഷിക് അബു പഴി കേള്‍ക്കുന്നതില്‍ അദ്ഭുതമില്ല. ജീത്തു ജോസഫിനെപ്പോലുള്ള നാലാംകിട സംവിധായകരുടെ സിനിമക കണ്ടു കയ്യടിക്കുന്നവര്‍ ആഷിക് അബുവിന്റെ സിനിമ മോശമാണെന്നു പറയുന്നത് സത്യത്തില്‍ ഒരു അംഗീകാരമാണ്.

ഓസ്‌കര്‍, കാന്‍സ്, ബാഫ്റ്റ പുരസ്‌കാരങ്ങള്‍ക്ക് യോഗ്യമായ ഒരു സിനിമയാണ് ഗ്യാങ്‌സ്റ്റര്‍. ദൃശ്യചാരുതയും കഥാകഥനവും മാറ്റിനിര്‍ത്തിയാല്‍പ്പോലും ദാര്‍ശനികമായി ജീവിതവും മരണവുമൊക്കെ തത്വശാസ്ത്രാധിഷ്ഠിതമായി വിശകലനം ചെയ്യുന്നുണ്ട് എന്നതാണ് ഈ സിനിമയുടെ മറ്റൊരു സവിശേഷത. അഭിലാഷ് കുമാറിനൊപ്പം അപൂര്‍വപ്രതിഭയായ അഹമ്മദ് സിദ്ദിഖ് കൂടി തിരക്കഥാകൃത്തായി എത്തി എന്നതാണ് ഈ സിനിമയ്ക്ക് ഇത്തരത്തിലൊരു ദാര്‍ശകനികസ്പര്‍ശം നല്‍കിയത്. ക്ലൈമാക്‌സില്‍ മമ്മൂട്ടി പറയുന്ന ഡയലോഗ് തന്നെയാണ് ചിത്രത്തിന്റെ ദാര്‍ശനികകതയുടെ തെളിവ്.

‘നിന്റെ മരണം നീ എന്നും ഓര്‍ത്തിരിക്കണം’ എന്ന ഡയലോഗ് മലയാളി പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കും. മരിച്ചു കഴിഞ്ഞാല്‍ പിന്നെ മരണം എങ്ങനെ ഓര്‍ത്തിരിക്കും എന്ന മണ്ടന്‍ ചോദ്യം ചോദിച്ചാണ് പലരും ഈ ഡയലോഗിനെ ആക്ഷേപിക്കുന്നത്. എന്നാല്‍, മരണ ശേഷം ആത്മാവ് എവിടേക്കു പോകുന്നു, ജീവിച്ചിരുന്നപ്പോഴത്തെ കാര്യങ്ങള്‍ ആത്മാവിന് ഓര്‍മയുണ്ടാവുമോ ആത്മാവ് ആ നിലയില്‍ എത്രകാലം തുടരും തുടങ്ങി ദൈവശാസ്ത്രജ്ഞരും ചിന്തകരും വൈദ്യശാസ്ത്രവും ഒക്കെ കാലങ്ങളോളം അന്വേഷിച്ചുകൊണ്ടിരുന്ന സമസ്യകള്‍ക്കാണ് ആഷിക് അബുവും ക്രൂക്കളും ലളിതമായ ഡയലോഗിലൂടെ മറുപടി നല്‍കിയത്. ഇത്തരത്തില്‍ സിനിമയിലെ ഓരോ സീനിലും ഓരോ സംഭാഷണത്തിലും മറഞ്ഞിരിക്കുന്ന തത്വശാസ്ത്രവീക്ഷണങ്ങള്‍ സിനിമയെ ഗൗരവമായി കാണുന്നവരെ വിസ്മയിപ്പിക്കുമെന്നതില്‍ സംശയമില്ല. ദൃശ്യം പോലുള്ള നാലാംകിട സിനിമകള്‍ ആസ്വദിക്കുന്ന നിലവാരമില്ലാത്ത പ്രേക്ഷകര്‍ക്ക് ഇതൊന്നും മനസ്സിലാവണമെന്നില്ല.

ഒരു മലയാള സിനിമ എന്ന ലേബലില്‍ ഗ്യാങ്സ്റ്റര്‍ അവതരിപ്പിച്ചു എന്നതാണ് ആഷിക് അബു ചെയ്ത തെറ്റ് എന്നു നിസ്സംശയം പറയാം. കഞ്ഞിയും പയറും കഴിക്കുന്നവന്റെ മുന്നില്‍ മെക്‌സിക്കന്‍ ഗ്രീന്‍ വേവ് പിസ്സ വച്ചു കൊടുത്താല്‍ എന്തു സംഭവിക്കും അതാണ് ഗ്യാങ്സ്റ്ററിനും സംഭവിച്ചിരിക്കുന്നത്. പ്രേക്ഷകര്‍ക്കു വിവരമില്ലാതായിപ്പോയത് ഒരിക്കലും സംവിധായകന്റെയോ പ്രതിഭാധനരായ തിരക്കഥാകൃത്തുക്കളുടെയോ കുഴപ്പമല്ല. തുടര്‍ച്ചയായി പരാജയങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ കരിയറിലെ ഒരു പൊന്‍തൂവലായിരിക്കും ഗ്യാങ്സ്റ്റര്‍.

ഇടുക്കി ഗോള്‍ഡ് (പോസിറ്റീവ് റിവ്യൂ)

ഒരു സിനിമ ഇറങ്ങിക്കഴിഞ്ഞാല്‍ അതിനെ അകാരണമായി വിമര്‍ശിക്കുന്നത് മലയാളികളായ അലവലാതികളുടെ ഹോബിയാണ്. അതിനു പിന്നിലെ അധ്വാനം, ക്രിയേറ്റിവിറ്റി തുടങ്ങിയവയൊക്കെ മറന്നുകൊണ്ടാണ് സിനിമ ഇഷ്ടപ്പെട്ടില്ല എന്നു പലരും പരാതിപ്പെടുന്നത്. കാലഘട്ടത്തിന്റെ സിനിമ എന്നു വിശേഷിപ്പിക്കാവുന്ന ഇടുക്കി ഗോള്‍ഡിനെപ്പറ്റി പല പത്രങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും നെഗറ്റീവ് റിവ്യൂകള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഒരു പോസിറ്റീവ് റിവ്യൂ ആണ് ഞാന്‍ സമര്‍പ്പിക്കുന്നത്. നല്ല സിനിമയെ കുറ്റം പറയുന്ന എല്ലാവര്‍ക്കും ഇതൊരു പാഠമാവട്ടെ.

മലയാളത്തിന്റെ മഹാനടന്‍ പ്രതാപ് പോത്തന്റെ പാദാരവിന്ദങ്ങളില്‍ ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.

പോസിറ്റീവ് റിവ്യൂ ആരംഭിക്കുന്നു…

കിം കിഡുക്കിന്റെയും ബര്‍ഗ്മാന്റെയും കുറസോവയുടെയും നിരയിലേക്ക് ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി ഒരു സംഘം ചലച്ചിത്രപ്രവര്‍ത്തകര്‍ നടന്നുകയറുന്ന കാഴ്ച. ഇടുക്കി ഗോള്‍ഡ് എന്ന ചലച്ചിത്രാനുഭവത്തെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ അപര്യാപ്തമാണ്. പരമശിവനും ചെഗുവേരയെയും പുനര്‍നിര്‍വചിക്കുന്നതു മുതല്‍ ഇടുക്കിയുടെ സംസ്‌കാരവും വ്യക്തിത്വവും വരച്ചുകാട്ടുന്നതുവരെയുള്ള അതിസങ്കീര്‍ണവും എന്നാല്‍ അപാരമായ സര്‍ഗശേഷി പ്രകടമാക്കുന്നതുമായ ചലച്ചിത്രാനുഭവമാണ് ഇടുക്കി ഗോള്‍ഡ്. ഇന്നു ജീവിച്ചിരിക്കുന്ന പ്രേക്ഷകരുടെ ഭാവുകത്വബോധത്തെ ഉദ്ധരിക്കുന്ന, പ്രേക്ഷകരുടെ ബൗദ്ധികതയുടെ അതിര്‍വരമ്പുകളെ ഉയര്‍ന്ന തലങ്ങളിലേക്ക് കൊണ്ടുപോകുന്ന അത്യപൂര്‍വമായ ചലച്ചിത്രാനുഭവം ആണ് ഇടുക്കി ഗോള്‍ഡ്. ഇതിന്റെ പിന്നണിക്കാരെ അഭിനന്ദിക്കുക എന്നത് ഒരു അഹങ്കാരമായിരിക്കും എന്നതിനാല്‍ സാഷ്ടാംഗം പ്രണമിക്കുന്നു. നന്ദി, നന്ദി, നന്ദി, ഇങ്ങനൊരു സിനിമ ഞങ്ങള്‍ക്കു സമ്മാനിച്ചതിന്.

ഒരു മാസം മുമ്പേ ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ സിനിമ പുറത്തിറക്കിയിരുന്നെങ്കില്‍ അടുത്ത വര്‍ഷം ഒരു ഡസന്‍ ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ മലയാളത്തിന്റെ മടിത്തട്ടില്‍ കിടന്നേനെ. ലഞ്ച് ബോക്‌സ് എന്നൊരു പൊട്ടപ്പടം ഓസ്‌കറിനയച്ചതിന്റെ ഗതികേട് എത്ര വലുതാണെന്നു മനസ്സിലായത് ഇടുക്കി ഗോള്‍ഡ് കണ്ടപ്പോഴാണ്. ലഞ്ച് ബോക്‌സിനു പകരം ഇടുക്കി ഗോള്‍ഡ് അയച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ സിനിമയ്ക്ക് ഈ നൂറാം വര്‍ഷത്തില്‍ മലയാള സിനിമ നല്‍കുന്ന സമ്മാനമായി കുറഞ്ഞത് 15 നോമിനേഷനുകളും എട്ടോ ഒന്‍പതോ ഓസ്‌കറുകളും നേടിയേനെ എന്നതില്‍ സംശയമില്ല. പക്ഷെ, വിഷമിക്കാനില്ല. അടുത്ത വര്‍ഷത്തെ ദേശീയ-സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഈ ചിത്രം തൂത്തുവാരും. മലയാളികള്‍ വലിയ ആളായി കൊണ്ടുനടക്കാറുള്ള അടൂര്‍ ഗോപാലകൃഷ്ണനൊക്കെ യഥാര്‍ഥ സിനിമ എന്താണെന്നു പഠിക്കാനാഗ്രഹിക്കുന്നെങ്കില്‍ തീര്‍ച്ചയായും ഇടുക്കി ഗോള്‍ഡ് കണ്ടു തുടങ്ങണം എന്നു നിസ്സംശയം പറയാം.

എന്തൊക്കെയാണ് ഇടുക്കി ഗോള്‍ഡിന്റെ പ്രത്യേകതകള്‍ എന്നു ചോദിച്ചാല്‍ പെട്ടെന്ന് ഒരുത്തരം പറയുക സാധ്യമല്ല. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ദിലീപിന്റെയുമൊക്കെ സിനിമകള്‍ കണ്ട് ഈ പൊട്ടക്കിണറ്റില്‍ കിടക്കുന്ന മലയാളി പ്രേക്ഷകരോട് അത് പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് പാഴ്‌വേലയായിരിക്കും എന്നു തോന്നുന്നു. മലയാളികള്‍ പൊതുവേ നല്ലതിനെ അംഗീകരിക്കാന്‍ മടിയുള്ളവര്‍ ആണ്. അതുകൊണ്ട് തന്നെ ഇടുക്കി ഗോള്‍ഡിനെ മലയാളികള്‍ അഭിനന്ദിക്കാന്‍ അല്‍പം സമയമെടുത്തേക്കാം. എന്നാല്‍, തിയറ്ററുകള്‍ എല്ലാം ഹൗസ്ഫുള്ളാണ്. കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണ്. അപ്പോള്‍ ചിലര്‍ ചോദിക്കും, സിനിമയ്ക്ക് ലഭിക്കുന്ന അഭിപ്രായമല്ലേ പ്രധാനം, കലക്ഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ നെഞ്ചുവിരിക്കുന്നത് ദിലീപ്-ഉദയകൃഷ്ണ-സിബി.കെ.തോമസ് ഗഡികളല്ലേ എന്ന്. സത്യത്തില്‍ അത് ആപേക്ഷികമാണ്. നല്ല സിനിമയെ അളക്കാന്‍ ഇതു രണ്ടും ഉപയോഗിക്കാം. നമ്മുടെ സിനിമയ്ക്ക് കലക്ഷന്‍ കുറവും അഭിപ്രായം കൂടുതലുമാണെങ്കില്‍ കലക്ഷനല്ല പ്രേക്ഷകരുടെ അഭിപ്രായമാണ് വലുതെന്നും മറിച്ചാണെങ്കില്‍ അലവലാതി പ്രേക്ഷകരുടെ വിമര്‍ശനമല്ല തിയറ്ററിലെ കലക്ഷനാണ് വലുതും എന്നു വാദിക്കാം. ബര്‍ഗ്മാനും കുറസോവയുമൊക്കെ അങ്ങനായിരുന്നോ എന്നറിയില്ല.

ഇടുക്കി ഗോള്‍ഡിനെപ്പറ്റി എടുത്തു പറയാവുന്ന സവിശേഷത അത് വിമര്‍ശനാതീതമാണ് എന്നതാണ്. ബോധപൂര്‍വം സിനിമയെ കരിവാരി തേക്കാനും ആക്ഷേപിക്കാനും കരുതിക്കൂട്ടി ഇറങ്ങിത്തിരിച്ചിരിക്കുന്ന ഗേ ആയിട്ടുള്ള ആളുകളാണ് സിനിമക്കെതിരേ വിമര്‍ശനവും ആക്ഷേപവുമുന്നയിക്കുന്നത് എന്നാണ് സൂചന. മറ്റൊരു ആരോപണം സിനിമയില്‍ കഞ്ചാവിനുള്ള പ്രധാന്യമാണ്. ഇവിടെ കഞ്ചാവ് നിരോധിച്ചിട്ടുണ്ടെന്നതുകൊണ്ട് ആരും കഞ്ചാവ് ഉപയോഗിക്കുന്നില്ല എന്നില്ലല്ലോ. സ്ത്രീധനം നിരോധിച്ചിട്ട് വര്‍ഷങ്ങളായി എങ്കിലും എല്ലാവരും സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുമ്പോള്‍ കഞ്ചാവിനെതിരെ ആസൂത്രിതമായി നടക്കുന്ന ആക്രമണത്തിനു പിന്നിലും ഗേകളാണോ എന്നു വ്യക്തമല്ല. പോരെങ്കില്‍ സ്ത്രീധനം ലോകത്ത് എല്ലായിടത്തും നിയമവിരുദ്ധമാണ്. എന്നാല്‍ കഞ്ചാവ് പല വിദേശരാജ്യങ്ങളിലും നിയമവിധേയമാണ്. അതുകൊണ്ട് കഞ്ചാവിനെതിരെ യുദ്ധം നടത്തുന്ന ചെറ്റകള്‍ ആദ്യം പോയി സ്ത്രീധനം അവസാനിപ്പിച്ചിട്ടു വരണം.

എല്ലാ ഘടകങ്ങളും നന്നായ ഒരു സിനിമയില്‍ ഏതെങ്കിലും ഒരു ഘടകത്തെ മാത്രം ഉയര്‍ത്തിക്കാട്ടുന്നത് ശരിയല്ല എങ്കിലും പ്രതാപ് പോത്തന്‍ സാറിന്റെ അഭിനയത്തിനു മുന്നില്‍ നമസ്‌കരിക്കാതെ തരമില്ല. ഒരു മമ്മൂട്ടി ഫാനായിട്ടു കൂടി ഞാനിങ്ങനെ പറയുമ്പോള്‍ പ്രതാപ് പോത്തന്‍ സാറിന്റെ അഭിനയം എത്രത്തളം എന്നെ സ്വാധീനിച്ചിട്ടുണ്ട് എന്നത് നിങ്ങള്‍ മനസ്സിലാക്കണം. ത്രീ ഡോട്ട്‌സ് എന്ന മെഗാഹിറ്റ് സിനിമയില്‍ തന്നെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്‍മാരിലൊരാളാണ് താനെന്ന് അദ്ദേഹം തെളിയിച്ചതാണ്. എത്ര ഭരത് അവാര്‍ഡ് കിട്ടിയിട്ടുണ്ടെന്നു പറഞ്ഞാലും മിസ്റ്റര്‍ മമ്മൂട്ടിയും മിസ്റ്റര്‍ മോഹന്‍ലാലുമൊന്നും പ്രതാപ് പോത്തന്‍ സാറിന്റെ അഭിനയമികവിനു മുന്നില്‍ ആരുമല്ല എന്നുറക്കെ പറയാന്‍ ഞാനാഗ്രഹിക്കുന്നു. ഫാന്‍സുകാര്‍ എന്നെ കല്ലെറിഞ്ഞേക്കാം, വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞു വന്നേക്കാം; ഞാന്‍ വിരിമാറ് കാണിച്ചുകൊടുക്കും. ഒരു നല്ല നടനു വേണ്ടി അത്രയെങ്കിലും ചെയ്യാനായാല്‍ ഞാന്‍ കൃതാര്‍ഥനായി.

കുറിപ്പ്: ഇടുക്കി ഗോള്‍ഡ് നല്ല സിനിമയാണോ ചീത്ത സിനിമയാണോ എന്ന് തീരുമാനിക്കേണ്ടത് അലവലാതി പ്രേക്ഷകരും റിവ്യൂ എഴുത്തുകാരുമൊന്നുമല്ല. അത് ഉണ്ടാക്കിയവര്‍ തന്നെയാണ്. പ്രതാപ് പോത്തന്‍ സാര്‍ ഇന്ത്യയിലെ ഏറ്റവും മികച്ച നടനല്ല എന്ന് അഭിപ്രായമുള്ള ആരെങ്കിലുമുണ്ടെങ്കില്‍ മറ്റന്നാള്‍ കൊച്ചിക്കു വാടാ. എന്താടോ നന്നാവാത്തേ എന്നാര്‍ക്കെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ അതിനും ഉത്തരം കയ്യിലുണ്ട്- നിന്റെ അപ്പനോടു പോയി ചോദിക്കെടാ.

ഫേസ്ബുക്ക് വിമര്‍ശകരോട് രണ്ടു വാക്ക്: ആരും തിരിഞ്ഞുനോക്കാതെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന നിങ്ങള്‍ക്ക് ഒരഡ്രസ് ഉണ്ടായത് ആഷിക് അബുവിന്റെ സിനിമകളില്‍ ‘Thanks to all Facebook Friends’ എന്നെഴുതിക്കാണിച്ചു തുടങ്ങിയതിനു ശേഷമാണ്. പാലു തന്ന കയ്യില്‍ തിരിഞ്ഞുകടിക്കരുത്. അല്‍പം വൈകിയാണെങ്കിലും നിങ്ങള്‍ പശ്ചാത്തപിക്കും. ജയ് ഹോ.

ന്റെ സിവനേ….

ന്യൂജനറേഷന്‍ സിനിമക്കാര്‍ മൊത്തത്തില്‍ കഞ്ചാവടിക്കാരാണെന്നാണ് ഓള്‍ഡ് ജനറേഷന്‍ സിനിമക്കാര്‍ പറയുന്നത്. ഓള്‍ഡ് ജനറേഷന്‍കാര്‍ അവരുടെ സിനിമകളില്‍ നായകന് ദൈവത്തിന്റെ പവറുകള്‍ നല്‍കിയും ക്ലൈമാക്‌സിലും മറ്റും നായകനെ ദൈവവുമായി താദാത്മ്യപ്പെടുത്തിയുമൊക്ക പ്രേക്ഷകര്‍ക്കു വിശ്വാസം പകര്‍ന്നിരുന്നെങ്കില്‍ പല ന്യൂജനറേഷന്‍ പടങ്ങളിലും ദൈവത്തിന്റെ സ്ഥാനത്തു കഞ്ചാവിനെയാണ് പ്രതിഷ്ഠിക്കുന്നത്. എല്ലാ ന്യൂജന്‍ പടങ്ങളും ഞാന്‍ കണ്ടിട്ടില്ല എങ്കിലും കണ്ടതില്‍ പകുതിയോളം സിനിമകളിലെയും നായകനുള്‍പ്പെടെയുള്ളവര്‍ കഞ്ചാവിനോട് വലിയ ബഹുമാനമുള്ളവരാണ്.

അടുത്തയാഴ്ച വരാനിരിക്കുന്ന ആഷിക് അബുവിന്റെ ഇടുക്കി ഗോള്‍ഡില്‍ കഞ്ചാവിന്റെ പങ്കെത്രയാണെന്നോ റോള്‍ എന്താണെന്നോ നമുക്കറിയില്ല. ഇടുക്കി ഗോള്‍ഡ് എന്നത് കഞ്ചാവിന്റെ അപരനാമങ്ങളിലൊന്നാണെന്നാണ് പലരും പറയുന്നത്. സിനിമയുടെ ട്രെയിലറിലും കഞ്ചാവിന് വളരെ മാന്യമായ സ്ഥാനമാണ് നല്‍കിയിട്ടുള്ളത്. ഇപ്പോള്‍ പുറത്തുവന്നു വിവാദമായ സിനിമയുടെ പോസ്റ്ററില്‍ സാക്ഷാല്‍ പരമശിവനും ചെഗുവേരയും കൂടിയിരുന്ന് കഞ്ചാവു പുകയ്ക്കുന്ന ചിത്രമാണ് ഉള്ളത്. ട്രെയിലറിലും ശിവന്‍ മുതല്‍ ചെഗുവേര വരെ വലിച്ചിരുന്ന ഇടുക്കി ഗോള്‍ഡിനെപ്പറ്റി പറയുന്നുമുണ്ട്.

കേരളത്തില്‍ എന്തെങ്കിലും ഒരു സംഗതി വിവാദമാകാന്‍ പ്രത്യേകിച്ച് കാരണങ്ങളുടെ ആവശ്യമില്ല. അത് ജാതി-മത-ദൈവങ്ങളുമായി ബന്ധപ്പെട്ടുള്ളതാണെങ്കില്‍ പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല.ഇടുക്കി ഗോള്‍ഡിന്റെ പോസ്റ്ററില്‍ പരമശിവന്‍ കഞ്ചാവ് വലിക്കുന്നതായി കൊടുത്തത് മതവികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് യാദൃച്ഛികമല്ല. കാരണം, ശിവഭക്തരെല്ലാം കഞ്ചാവുഭക്തരല്ല. കഞ്ചാവിനോട് ന്യൂജനറേഷന്‍കാര്‍ക്കുള്ള ഭക്തി പോസ്റ്റര്‍ കാണുന്ന മറ്റു ജനറേഷന്‍കാര്‍ക്കുണ്ടാവില്ല. കഞ്ചാവ് നിരോധിക്കപ്പെട്ട ലഹരിവസ്തുവാണ്. ശിവന്‍ മുതല്‍ ചെഗുവേര വരെ വലിച്ചു എന്നൊക്കെ വീമ്പടിച്ചിട്ടു കാര്യമില്ല, അഞ്ച് ഗ്രാമിലധികം കയ്യില്‍ പിടിച്ചാല്‍ പൊലീസ് പിടിച്ചോണ്ടുപോകും. അതുകൊണ്ട് കഞ്ചാവിന്റെ ജനകീയവല്‍ക്കരണമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ തല്‍ക്കാലം അത് സാധ്യമാവില്ല.

ഇനി ശിവനെ കഞ്ചാവിനോടൊപ്പം പോസ്റ്ററില്‍ കൊടുത്തതിന്റെ നീതിന്യായങ്ങള്‍ നോക്കാം. ആഷിക് അബു മുസ്ലിം ആയതുകൊണ്ട് ബോധപൂര്‍വം ശിവനെ അധിക്ഷേപിക്കാന്‍ വേണ്ടിയാണ് പോസ്റ്ററില്‍ അങ്ങനെ കൊടുത്തത് എന്നതാണ് പ്രധാനവ്രണിതവികാരവാദം. വ്യക്തിപരമായി എനിക്കാ വാദത്തോട് യോജിപ്പില്ല. എന്നാല്‍, അങ്ങനെയൊരു വാദമുന്നയിക്കപ്പെടാനുള്ള സാധ്യത മുന്‍കൂട്ടി കാണാന്‍ ആഷിക് അബുവിനു സാധിച്ചില്ലെങ്കില്‍ അത് കഷ്ടമാണ്. വര്‍ഗീയവാദികളുടെ നാടാണ്, ആരോപണങ്ങള്‍ക്കു ജനറേഷന്‍ പരിഗണനകളുണ്ടാവില്ല.

ശിവന്‍ കഞ്ചാവു വലിച്ചിരുന്നു എന്നു ചരിത്രരേഖകള്‍ വച്ചു സാധൂകരിക്കാനും കഞ്ചാവ് കലര്‍ത്തിയ പാനീയം എവിടെയോ പ്രസാദമായി നല്‍കുന്നുണ്ടെന്നതിനാല്‍ പോസ്റ്ററില്‍ തെറ്റില്ല എന്നും പറഞ്ഞ് മറ്റൊരു കൂട്ടര്‍ ഇതിനെ ന്യായീകരിക്കാനും രംഗത്തുണ്ട്. രണ്ടു കൂട്ടരും തമ്മിലുള്ള വാദപ്രതിവാദം സ്വാഭാവികമായും മതസ്പര്‍ധയിലേക്കും ഇരുകൂട്ടരുടെയും വികാരങ്ങള്‍ വ്രണപ്പെടുത്തുന്നതിലേക്കും ഒടുവില്‍ പച്ചത്തെറിയിലേക്കും എത്തുന്നതാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്നത്. സ്ഥിതി പരിതാപകരം തന്നെ.

ഈ പോസ്റ്ററും പൊക്കിപ്പിടിച്ച് ശിവന്‍ കഞ്ചാവ് വലിച്ചിരുന്നോ എന്നു പരിശോധിച്ചു തെളിയിക്കാന്‍ പുറപ്പെട്ട സത്യാന്വേഷികള്‍ക്കു കൂപ്പുകൈ. ശിവനും ചെഗുവേരയും കഞ്ചാവ് വലിച്ചിരുന്നു എന്നു പുരാണത്തെയും ചരിത്രത്തെയും ഉദ്ധരിച്ചു തെളിയിക്കാന്‍ കഴിഞ്ഞാല്‍ അതിന്റെ അര്‍ഥം ഒരു സിനിമയുടെ പോസ്റ്ററില്‍ ഇരുവരെയും കഞ്ചാവു വലിക്കാരായി ചിത്രീകരിക്കാമെന്നല്ല. ഗാന്ധിജി സ്വന്തം കക്കൂസ് കഴുകിയിരുന്നു എന്നു ചരിത്രത്തില്‍ പറയുന്നുണ്ട് എന്നതു മുതലാക്കി ഗാന്ധിജി കക്കൂസ് കഴുകുന്നതായി ചിത്രീകരിച്ച് ക്ലോസറ്റ് കമ്പനി പരസ്യം കൊടുക്കുന്നതുപോലെയൊരു ആഭാസമാണ് ഇടുക്കി ഗോള്‍ഡിന്റെ പോസ്റ്റര്‍. ഒഴിമാക്കാമായിരുന്നു.

ഇതൊന്നും മനസ്സിലാകാത്തവരോ ഉള്‍ക്കൊള്ളാനാകാത്തവരോ അല്ല മലയാളികള്‍. എന്നാല്‍ ഇതൊക്കെ വച്ച് മുതലെടുപ്പിനു ശ്രമിക്കുന്ന ആളുകള്‍ക്ക് ഇന്ധനമായി ഇത്തരത്തിലൊരു സൃഷ്ടി നടത്തേണ്ടിയിരുന്നില്ല എന്നാണ് എന്റെ അഭിപ്രായം. ഈ പോസ്റ്റര്‍ ഇറക്കിയവര്‍ വിവാദമൊക്കെ കണ്ട് ഭയപ്പെട്ടിരിക്കുകയാണെന്നൊന്നും ഞാന്‍ കരുതുന്നില്ല. പടത്തിന്റെ മാര്‍ക്കറ്റിങ് തന്ത്രം വിജയിച്ചതിന്റെ ആഘോഷത്തിനായി എല്ലാവരും ഓരോ മൂലയ്ക്കിരുന്ന് ഇടുക്കി ഗോള്‍ഡ് ആഞ്ഞാഞ്ഞു വലിക്കുകയായിരിക്കും (ശിവനും ചെഗുവേരയുമൊക്കെ വലിച്ച സാധനം ഞങ്ങള്‍ കൈകൊണ്ടു തൊടില്ല എന്നു കൂടി പറയരുത്). പിന്നെ, ഒരു കലാകാരന്‍ തന്റെ കലാസൃഷ്ടിയെ ജനങ്ങളിലേക്കെത്തിക്കാന്‍ നിഷ്‌കളങ്കരായ ജനങ്ങളുടെ വര്‍ഗീയവികാരം ഇളക്കിവിടുന്നതില്‍ തെറ്റില്ല എന്നു കരുതുന്നുണ്ടെങ്കില്‍ അത് അയാളിലെ കലാകാരന്റെ നാശത്തിന്റെ തുടക്കമാവാനേ സാധ്യതയുള്ളൂ. അതിഭീകരമാം വിധം സാധാരണം എന്ന തലക്കുറിപ്പുള്ള ഒരു സിനിമയ്ക്കുവേണ്ടി ഇത്തരം പോസ്റ്ററുകളുണ്ടാക്കുന്നവരെ നോക്കി ആളുകളെ നോക്കി – ഡാ മ്ലേച്ഛാ! എന്നു ജനം വിളിച്ചാല്‍ അതൊരു അംഗീകാരമായി കാണേണ്ടതില്ല.

സൂപ്പര്‍ ഷിറ്റ് ശൃംഗാരവേലകള്‍

അന്തസ്സും അഭിമാനവും കാത്തുസൂക്ഷിച്ച് ജീവിച്ചെങ്കിലും പട്ടിണി കിടന്നു നരകിച്ച വീട്ടുകാര്‍ ഒഴിഞ്ഞുപോയ തറവാടിനെ ചാരായവാറ്റും വേശ്യാലയവും നടത്തി പുനരുദ്ധരിക്കുന്ന അനന്തരാവകാശികളെപ്പോലെയാണ് ഇരട്ട തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ-സിബി.കെ.തോമസിന്റെ ചലച്ചിത്രപ്രവര്‍ത്തനം. ഹിറ്റ് ഫോര്‍മുല എന്നു ചില സിനിമക്കാര്‍ വിശേഷിപ്പിക്കുന്ന ഷിറ്റ് ഫോര്‍മുലയില്‍ പിന്നെയും പിന്നെയും തൊട്ടിപ്പടങ്ങളിറക്കി കാശുവാരുന്ന തിരക്കഥാകൃത്തുക്കള്‍ക്കു ചുറ്റും നിര്‍മാതാക്കള്‍ പാറിപ്പറക്കുന്നത് ഷിറ്റിനു ചുറ്റും ഈച്ച കൂടുന്നതിനെക്കാള്‍ വ്യത്യസ്തമാണെന്ന് എനിക്കു തോന്നുന്നില്ല.

അവരുടെ ഒടുവിലത്തെ സൂപ്പര്‍ ഷിറ്റ് സിനിമയായ ശൃംഗാരവേലന്‍ ഓണക്കാലത്ത് ഏറ്റവുമധികം കലക്ഷന്‍ നേടിയ ചിത്രമായി മാറുമ്പോള്‍ മേല്‍പ്പറഞ്ഞ മലയാള സിനിമാത്തറവാട്ടില്‍ പട്ടിണി മാറുമെങ്കിലും സിനിമയുടെ പരിസരത്ത് ഇവര്‍ സൃഷ്ടിക്കുന്ന നാറ്റം വ്യാപിക്കുകയേയുള്ളൂ. ഒരുകാലത്ത് ഷക്കീലപ്പടങ്ങള്‍ മലയാള സിനിമയെ നശിപ്പിക്കുമോ എന്നത് വലിയൊരു വിവാദമായിരുന്നു. ഷക്കീല പോലും പിന്നെ നല്ല കഥാപാത്രങ്ങള്‍ക്കു വേണ്ടി അത്തരം സിനിമകളുപേക്ഷിച്ചു. അവരഭിനയിച്ച സിനിമകളാകട്ടെ ഉദ്ധാരണശേഷി നഷ്ടപ്പെട്ട് വിസ്മരിക്കപ്പെടുകയും ചെയ്തു. പക്ഷെ, മലയാള സിനിമാ ചരിത്രത്തില്‍ ഷക്കീലയെക്കാള്‍ വലിയ ദുരന്തമാണ് ഈ ഇരട്ട തിരക്കഥാകൃത്തുക്കള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

സിനിമയുടെ ഉത്തരവാദിത്വം സംവിധായകര്‍ക്കല്ലേ തിരക്കഥാകൃത്തുക്കള്‍ക്കാണോ എന്നൊരു സംശയം അപ്പോഴുണ്ടാകാം. ഈ തിരക്കഥാകൃത്തുക്കള്‍ പലരും കരുതുന്നതുപോലെ വെറും തിരക്കഥാകൃത്തുക്കളല്ല. മലയാളസിനിമയെ നയിച്ചുകൊണ്ടിരിക്കുന്നത് തങ്ങളാണ് എന്ന് ഉറച്ച വിശ്വാസമുള്ളവരാണിവര്‍. അതുകൊണ്ട് തന്നെ ഇവരുടെ സിനിമയില്‍ സംവിധായകര്‍ക്കല്ല പ്രാധാന്യം. ട്വന്റി 20ക്കു ശേഷം അനേകം ഹിറ്റുകള്‍ സൃഷ്ടിച്ചെങ്കിലും സംവിധായകന്‍ എന്ന നിലയ്ക്ക് ആ സിനിമകളുടെയൊന്നിന്റെയും സംവിധായകരാരും തിരിച്ചറിയപ്പെടുകയോ അംഗീകരിക്കപ്പെടുകയോ ചെയ്തില്ല എന്നത് ശ്രദ്ധിച്ചാല്‍ കാര്യമറിയാം. ഉദാഹരണത്തിന് പോക്കിരിരാജ എന്ന സിനിമയുടെ സംവിധായകന്‍ വൈശാഖ് എന്നൊരാളായിരുന്നു. കാര്യസ്ഥനും കമ്മത്ത് ആന്‍ഡ് കമ്മത്തും സംവിധാനം ചെയ്തത് ഇരട്ടകളിലെ സിബി.കെ.തോമസിന്റെ സഹോദരനായ തോംസണ്‍ കെ.തോമസും. മായാമോഹിനിയും ശൃംഗാരവേലനും സംവിധാനം ചെയ്തിരിക്കുന്നത് ജോസ് തോമസ് ആണ്. മിസ്റ്റര്‍ മരുമകന്റെ സംവിധായകന്‍ സന്ധ്യാമോഹനും. ഇനിയങ്ങോട്ടുള്ള സിനിമകള്‍ ഇരട്ടകള്‍ തന്നെ സംവിധാനം ചെയ്യുമെന്നും കേള്‍ക്കുന്നുണ്ട്.

പൊളിഞ്ഞ പടങ്ങളുടെ കണക്കെടുത്തു ജീവിച്ചിരുന്ന മലയാള സിനിമയില്‍ കഴിഞ്ഞ നാലഞ്ചു വര്‍ഷമായി റെക്കോര്‍ഡ് കലക്ഷന്റെ ചരിത്രം സമ്മാനിക്കുന്നത് ഉദയകൃഷ്ണ-സിബി.കെ.തോമസിന്റെ സിനിമകള്‍ മാത്രമാണ്. വളരെ കൃത്യമായി പറഞ്ഞാല്‍ ട്വന്റി 20 മുതലിങ്ങോട്ട് ഇരട്ടകളുടെ ഷിറ്റ് മേക്കിങ് വളരെ കാര്യമാത്രപ്രസക്തമായി മാറി. പണമുണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ഇവര്‍ എഴുതിപ്പിടിപ്പിച്ച വഷളത്തരങ്ങളില്‍ മെഗാ-സൂപ്പര്‍-ജനപ്രിയ താരങ്ങള്‍ ഇരകളായിട്ടുണ്ട്. അംബേദ്കറിലും വിധേയനിലും പൊന്തന്‍മാടയിലും തനിയാവര്‍ത്തനത്തിലും ന്യൂഡല്‍ഹിയിലുമൊക്കെ അഭിനയിച്ച മമ്മൂട്ടിയെ പോക്കിരിരാജയും റാജറാജകമ്മത്തുമൊക്കെയായി വേഷം കെട്ടിച്ചപ്പോള്‍ മഹാനടന്റെ കരിയര്‍ തന്നെ മാറിപ്പോയി. വലിയ അഭിനയശേഷിയൊന്നുമില്ലാത്ത ജനപ്രിയനായകന്‍ ജീവിച്ചുപോകുന്നത് തന്നെ ഇരട്ടകളുടെ തിരക്കഥകളുള്ളതുകൊണ്ടാണ് എന്നത് അദ്ദേഹത്തിന്റെ ഹിറ്റ്ചാര്‍ട്ട് നോക്കിയാലറിയാം. കാര്യസ്ഥന്‍, മായാമോഹിനി, മിസ്റ്റര്‍ മരുമകന്‍, കമ്മത്ത് ആന്‍ഡ് കമ്മത്ത്, ശൃംഗാരവേലന്‍- എല്ലാം കലക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച സിനിമകള്‍ തന്നെ. ഇരയാവാന്‍ നിന്നു കൊടുക്കാത്ത ലാലേട്ടനു പ്രണാമം.

സിനിമ കലയും വ്യവസായവുമാണെന്നാണ് പറയുന്നത്. സിനിമയുടെ അളവുകോലുകളിലെ സങ്കീര്‍ണത ഈ കോംബിനേഷനിലാണ് കിടക്കുന്നത്. സിനിമ ലാഭമുണ്ടാക്കണം എന്നേ അതിന്റെ വ്യവസായപക്ഷത്തുള്ളവര്‍ക്കുള്ളൂ. സിനിമ ലാഭകരമാക്കുന്നതിനും തിയറ്ററുകളിലോടിച്ച് കാശുണ്ടാക്കുന്നതിനുമുള്ള വഴികളാണ് സിനിമയില്‍ നിക്ഷേപിക്കുന്നവര്‍ ആലോചിക്കേണ്ടത്. അതിന്റെ കലാമൂല്യം പരിഗണിക്കേണ്ടതും സിനിമയെ കലാസൃഷ്ടിയായി മാറ്റേണ്ടതും എഴുത്തുകാരും സംവിധായകരും അഭിനയിക്കുന്ന നടീനടന്‍മാരുമൊക്കെയാണ്. അത്തരത്തില്‍ പ്രേക്ഷകര്‍ക്കു മുന്നിലേക്കു നല്‍കുന്ന സിനിമ നന്നായിരിക്കണമെന്ന ആഗ്രഹം എഴുത്തുകാരുടെയും സംവിധായകരുടെയും താരങ്ങളുടെയുമൊക്കെ സാമൂഹികപ്രതിബദ്ധതയുടെ ഭാഗമാണ്. അത്തരത്തിലുള്ള സാമൂഹികപ്രതിബദ്ധതകളില്‍ നിന്നു മോചനം നേടി സിനിമ വ്യവസായം മാത്രമാണെന്നു വിശ്വസിച്ചുകൊണ്ട് അതിന്റെ കലാമൂല്യത്തെ ഒറ്റുകൊടുക്കുന്ന ഉദയന്‍-സിബി കൂട്ടുകെട്ടുകള്‍ മലയാളസിനിമയുടെ ശാപമായി മാറുന്നത് അവിടെയാണ്.

ഉദയന്‍-സിബിക്കു മാത്രം സാധിക്കുന്ന അദ്ഭുതങ്ങളാണ് ഈ ഹിറ്റുകള്‍ എന്നു ചില തിയറ്റര്‍കാര്‍ പറയുന്നുണ്ട്. അത്രത്തോളം കലാബോധമില്ലാതെ, സംസ്‌കാരശൂന്യമായി, സാമൂഹികചിന്തകളില്ലാതെ സിനിമകള്‍ എഴുതിയുണ്ടാക്കാനുള്ള ഗട്ട്‌സ് മറ്റൊരു എഴുത്തുകാര്‍ക്കുമുണ്ടാവില്ല എന്നതാണ് മറ്റാര്‍ക്കും ഇത്തരം ഹിറ്റുകള്‍ ഉണ്ടാക്കാനാവാത്തതിന്റെ കാരണം. ദ്വയാര്‍ത്ഥ പ്രയോഗങ്ങളില്‍ തുടങ്ങി ശൃംഗാരവേലനിലെത്തിയപ്പോഴേക്കും നേരിട്ട് മനസ്സിലാക്കാവുന്ന തരത്തില്‍ ഏകാര്‍ഥപ്രയോഗങ്ങള്‍ നടത്താനുള്ള ആത്മവിശ്വാസത്തിലാണ് തിരക്കഥാകൃത്തുക്കള്‍ നില്‍ക്കുന്നത്. വിമര്‍ശകരുടെ നാവടക്കാന്‍ കലക്ഷന്‍ ചാര്‍ട്ടുകളും നല്ല സിനിമകളെന്നു വിശേഷിപ്പിക്കപ്പെടുകയും അഭിപ്രായമുണ്ടാക്കുകയും ചെയ്ത സിനിമകളുടെ നഷ്ടക്കക്കണക്കുകളും നിരത്തും. ലാഭമുണ്ടാക്കുന്ന സിനിമകള്‍ സൃഷ്ടിക്കുമ്പോഴാണ് ഒരുവന്‍ നല്ല സിനിമക്കാരനാകുന്നതെന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍ അവന്‍ തികഞ്ഞ അലവലാതിയായിരിക്കും. മലയാളി ഇന്നും നെഞ്ചിലേറ്റുന്ന സിനിമകളില്‍ പലതും സാമ്പത്തികവിജയം നേടിയവല്ല എന്നതും റെക്കോര്‍ഡ് കലക്ഷന്‍ നേടിയ പല സിനിമകളും രണ്ടാമതൊന്നുകൂടി കാണാന്‍ പലരും ധൈര്യപ്പെട്ടിട്ടില്ല എന്നതും ഉദയന്‍-സിബി ചേട്ടന്‍മാര്‍ക്ക് അറിയാഞ്ഞിട്ടാവില്ല. പണത്തോടുള്ള ആര്‍ത്തികൊണ്ടും നല്ല സിനികളുണ്ടാക്കുന്നവരോടുള്ള അസൂയ കൊണ്ടും ഷിറ്റുകളെഴുതി ഹിറ്റുകള്‍ സൃഷ്ടിച്ച് ഓരോ സീസണും നാറ്റിക്കുന്നതാവാം.

ഇതൊക്കെ എല്ലാ കലാരൂപങ്ങള്‍ക്കും ബാധകമായ കാര്യങ്ങളാണെങ്കിലും ഏറ്റവുമധികം ജനങ്ങളെ സ്വാധീനിക്കുന്ന മാധ്യമം എന്ന നിലയ്ക്ക് സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വമുണ്ട്. ഒരുകാലത്ത് ചത്തുപോയിക്കഴിയുമ്പോള്‍ ഈ ചവറുകള്‍ സൃഷ്ടിച്ച് സമ്പാദിച്ച പണം പോലും അവശേഷിക്കണമെന്നില്ല. പിന്നീട് അവശേഷിക്കുന്നവര്‍ ഓര്‍ത്തിരിക്കുന്ന സിനിമകളില്‍ തങ്ങളുടെ ഒരെണ്ണമെങ്കിലും ഉണ്ടാവണം എന്നാഗ്രഹം തോന്നാനെങ്കിലും മിനിമം യോഗ്യത വേണം. വിദ്യാഭ്യാസവും സംസ്‌കാരവും സാമൂഹികപശ്ചാത്തലവും വ്യക്തിത്വവുമൊക്കെയാണ് അത്തരം യോഗ്യതകള്‍ നിര്‍ണയിക്കുന്നത് എന്നതിനാല്‍ നമ്മളാഗ്രഹിക്കുന്നതുപോലൊരു മാറ്റം സംഭവിക്കാന്‍ ഒരു സാധ്യതയും കാണുന്നില്ല.

പ്രതിവിധി: സഹിക്കുക തന്നെ.

മഞ്ജൂ, ദിലീപിനെ ഡൈവോഴ്‌സ് ചെയ്യൂ… പ്ലീസ്

കേരളത്തിലെ ശരാശരി ചലച്ചിത്ര മാധ്യമപ്രവര്‍ത്തകന്റെ കുത്തിക്കഴപ്പ് അവസാനിക്കണമെങ്കില്‍ എത്രയും വേഗം മഞ്ജു വാര്യര്‍ വിവാഹമോചനത്തിന് ശ്രമിക്കുകയോ ആത്മഹത്യ ചെയ്യുകയോ ദിലീപ് കാവ്യ മാധവനോടൊപ്പം ഒളിച്ചോടിപ്പോവുകയോ ചെയ്യണം. വര്‍ഷങ്ങളായി നെഞ്ചിലിട്ട് ഊതിക്കത്തിക്കുന്ന അവന്റെ മഞ്ജൂവിയന്‍ ആശങ്കകള്‍ ഇനിയും പരിഹരിക്കപ്പെടാതെ പോവുമ്പോള്‍ ഒരു വിവാഹമോചനത്തിനായി വട്ടമിട്ടു പറക്കുന്ന പിംപുകള്‍ നെഞ്ചു പൊട്ടി ചത്തുപോയെന്നു വരാം. മഞ്ജു വാര്യരുടെയും ദിലീപിന്റെയും ജീവിതത്തില്‍ മൊത്തം പ്രശ്‌നമാണെന്നുള്ള വിശ്വാസത്തില്‍ ആശ്വാസം കണ്ടെത്തുന്നവര്‍ക്ക് ഇനി വേണ്ടത് മഞ്ജുവില്‍ നിന്നുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്. എല്ലാ സിനിമാ വാരികക്കാരനും അടുത്ത ലക്കം ആ വെളിപ്പെടുത്തല്‍ എക്‌സ്‌കഌസിവായി കിട്ടുമെന്നു വ്യാമോഹിക്കാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി. ഏറ്റവും ഒടുവില്‍ ഒരു പുതിയ സിനിമാ വാരികയിലെ അഭിമുഖത്തില്‍ ലേഖകന്‍ ക്ഷമ നശിച്ച് ചോദിച്ചുപോവുകയാണ് പലതും. സഹതാപാര്‍ഹമാണ് ആ അഭിമുഖം. മലയാള സിനിമ മാറിയിട്ടും നടിയെ ഒത്തുകിട്ടിയാല്‍ പൂശാമെന്നു മോഹിച്ച് കയ്യില്‍ കോണ്‍ഡവുമായി അഭിമുഖമെടുക്കാന്‍ പോകുന്ന ടൈപ്പ് മാധ്യമപ്രവര്‍ത്തകര്‍ മാറിയിട്ടില്ല എന്നത് സത്യത്തില്‍ നിരാശാജനകമാണ്.

ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിച്ച കാലം തുടങ്ങി ഒരു സംഘമാളുകള്‍ അവര്‍ പിരിയുന്ന കാലത്തിനു വേണ്ടി കാത്തിരിക്കുകയാണ് എന്നത് ഇക്കാലമത്രയും ഇറങ്ങിയിട്ടുള്ള സിനിമാ മാസികകള്‍ കണ്ടാല്‍ മനസ്സിലാവും. ഏറെക്കുറെ ടൈപ്പ് ആയി മാറിയ ഒരു പറ്റം കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ മഞ്ജു നേടിയത് വലിയ അംഗീകാരമാണ്. നടിയെന്ന നിലയില്‍ ഉര്‍വശിയെക്കാളും സുകുമാരിയെക്കാളുമൊക്കെ ഏറെ പിന്നിലാണ് മഞ്ജു. എന്നാല്‍, അഭിനയമികവിനെക്കാള്‍ ലഭിച്ച കഥാപാത്രങ്ങളുടെ മികവും തിളക്കവും കൊണ്ടും അഭിനയത്തില്‍ നിന്നും പെട്ടെന്നുള്ള പിന്‍മാറ്റം കൊണ്ടും മഞ്ജു പലരെ സംബന്ധിച്ചും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയായി. മഞ്ജു ലെജന്‍ഡ് ആണെന്നു പറയുന്ന എല്ലാവരും തന്നെ ദിലീപ് അഭിനയിക്കാനറിയില്ലാത്ത നാലാംകിട മിമിക്രിക്കാരനാണെന്നും പറയാറുണ്ട് എന്നത് തികച്ചും യാദൃച്ഛികമായ ഒരു വിരോധാഭാസമായിരിക്കാം.

ദിലീപും മഞ്ജുവുമായുള്ള ബന്ധം വിശകലനം ചെയ്തുകൊണ്ടുള്ള ലേഖനങ്ങള്‍ തന്നെ അവര്‍ പിരിയണം എന്നാഗ്രഹിക്കുന്നവരുടെ ആത്മസംഘര്‍ഷത്തിന്റെ പ്രതിഫലനമാണ്. മഞ്ജു വാര്യര്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതായി കുറഞ്ഞത് അഞ്ചു വട്ടമെങ്കിലും ഞാന്‍ കേട്ടിട്ടുണ്ട്. ദിലീപും കാവ്യ മാധവനുമായുള്ള ബന്ധം വിശകലനം ചെയ്യുന്ന ലേഖനങ്ങള്‍ മറ്റൊരു വശത്ത്. ഏറ്റവുമൊടുവില്‍ മഞ്ജു നൃത്തം അവതരിപ്പിക്കുന്ന വേദികളിലെല്ലാം ദിലീപ് എത്തിയോ ഇല്ലയോ ദിലീപിന് എത്താന്‍ പറ്റുമായിരുന്നോ എന്തുകൊണ്ടാണ് ദിലീപ് എത്താതിരുന്നത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് സുദീര്‍ഘമായ വിശകലനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതാണ് ബന്ധം ഉലഞ്ഞോ ഇല്ലയോ എന്നു നിര്‍ണയിക്കുന്നതിനുള്ള അളവുകോലായി നിശ്ചയിച്ചിരിക്കുന്നത്. ചില ജേണലിസ്റ്റുകള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ കണ്ടാല്‍ ദിലീപിന്റെ കരാളഹസ്തങ്ങളില്‍ നിന്നു മഞ്ജുവിനെ രക്ഷിക്കാന്‍ വേണ്ടി അവതാരമെടുത്തവരാണ് എന്നു തോന്നും. ദിലീപ് ഒരു ബോറനല്ലേ, ജീവിതം ദുരിതമല്ലേ, രക്ഷപെടണമെന്നാഗ്രഹമില്ലേ, മൊത്തത്തില്‍ നിരാശയല്ലേ എന്നൊക്കെയുള്ള ചോദ്യങ്ങളോട് മഹത്വവല്‍ക്കരിക്കപ്പെട്ട മഞ്ജു പോലും അക്ഷമയോടെയാണ് പ്രതികരിക്കുന്നത്.

ദിലീപ് അഭിനയമറിയില്ലാത്ത ചതിയനും മഞ്ചു അഭിനയപ്രതിഭയായ മാടപ്രാവുമാണെന്ന ക്ലീഷേ ഭാവനകളില്‍ നിന്നും കേരളത്തിലെ സിനിമാ ജേണലിസ്റ്റുകളെ ആരെങ്കിലുമൊക്കെ മോചിപ്പിക്കേണ്ടിയിരിക്കുന്നു. അവര്‍ ജീവിച്ചു മതിയാകുമ്പോള്‍ ഡൈവോഴ്‌സ് ചെയ്തുകൊള്ളും. രഞ്ജിത്തിന്റെയോ സത്യന്‍ അന്തിക്കാടിന്റെയോ സിനിമയില്‍ നായികയായി വരുന്നതോടെ മഞ്ജു വാര്യര്‍ വീണ്ടും മഹാനടിയായിത്തീരുമെന്ന പ്രവചനങ്ങള്‍ക്കു വലിയ വിലയൊന്നും കാണുന്നില്ല. സത്യന്‍ അന്തിക്കാട് ഫ്‌ളോപ്പുകള്‍ മാത്രം ചെയ്യുന്ന ഒരു സംവിധായകനായി മാറിയിട്ട് വര്‍ഷം മൂന്നായി. രഞ്ജിത്തിന്റെ സിനിമകളില്‍ നായികയ്ക്ക് വലിയ പ്രാധാന്യമൊന്നുമില്ല. അല്ലെങ്കില്‍ തന്നെ മഞ്ചു വാര്യരുടെ തലയ്ക്കുള്ളിലിരിക്കുന്നത് മലയാളത്തിലെ സിനിമാ ജേണലിസ്റ്റുകളുടെ ബുദ്ധിയായിരിക്കില്ലല്ലോ.

യൂത്ത് ഫ്രണ്ട്സ്, റോമന്‍സ് ആന്‍ഡ് കണ്ട്രീസ്

ക്രിസ്തുവിനെ കുരിശില്‍ തറയ്‍ക്കുമ്പോള്‍ ആ കുരിശുമരണത്തെ നികൃഷ്ടമാക്കുന്നതിനായി അന്നത്തെ മതമേലധ്യക്ഷന്‍മാര്‍ രണ്ടു കള്ളന്‍മാരെക്കൂടി ക്രിസ്തുവിന്‍റെ ഇടത്തും വലത്തും തറച്ചു. മതത്തിന്‍റെ സ്ഥാപകനെന്ന ജാഡയോ, ഭാവിയില്‍ പൗരോഹിത്യത്തിനു ദോഷമാകുമോ എന്ന ആശങ്കയോ ഇല്ലാതെ ക്രിസ്തു മരണവേദനയിലും ആ കള്ളന്‍മാരോട് സഹോദരന്‍മാരോടെന്ന പോലെ സംവദിച്ചു. അവരെ ആശ്വസിപ്പിക്കുകയും അവര്‍ക്കു പുതിയ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തു.

മാണിസാറിന്‍റെ യൂത്ത്ഫ്രണ്ടോ ചങ്ങനാശ്ശേരിയിലെ പിതാക്കന്‍മാരോ അന്നുണ്ടായിരുന്നെങ്കില്‍ ലോകത്തിന്‍റെ രക്ഷാകരദൗത്യം നിറവേറ്റുന്ന സീരിയസ്സായ ജോലിക്കിടെ രണ്ടു കള്ളന്‍മാരോടു കമ്പനി കൂടിയതിന് ക്രിസ്തുവിനെതിരെ നടപടിയെടുത്തേനെ എന്നു തോന്നുന്നു. കത്താനാര്‍മാരുടെ വേഷം കെട്ടുന്ന രണ്ടു കള്ളന്‍മാരുടെ കഥ പറയുന്ന റോമന്‍സ് എന്ന കോമഡി പടത്തിലൂടെ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ കത്തോലിക്കാ സഭയെയും പൗരോഹിത്യത്തെയും അവഹേളിച്ചെന്ന് ആരോപിച്ച് യൂത്ത്ഫ്രണ്ട് (എം) നേതാവ് പരാതി കൊടുക്കുകയും സിനിമക്കാര്‍ക്കെതിരേ കേസേടുക്കാന്‍ കോടതി നിര്‍ദേശിച്ചിരിക്കുകയും ചെയ്തിരിക്കുകയാണ്.

രണ്ടു സംശയങ്ങളാണ് എനിക്കു പ്രധാനമായും ഉള്ളത്.

1. സെന്‍സര്‍ ബോര്‍ഡ് കണ്ട് അംഗീകരിച്ച സിനിമയല്ലേ റോമന്‍സ് ?
2. കത്തോലിക്കാസഭയും കേരള യൂത്ത്ഫ്രണ്ട് മാണിയും തമ്മില്‍ എന്തു ബന്ധമാണുള്ളത് ?

പ്രത്യേകിച്ചൊരു രാഷ്ട്രീയം ചര്‍ച്ച ചെയ്യുകയോ ആശയം പ്രചരിപ്പിക്കുകയോ പ്രത്യയശാസ്ത്രത്തിലേക്കു വെളിച്ചം വീശുകയോ ചെയ്യാത്ത നിലവാരം കുറഞ്ഞ ഒരു എന്‍റര്‍ടെയ്നറാണ് റോമന്‍സ്. അച്ചന്‍മാരുടെ വേഷമിട്ട് ബിജു മേനോനും കുഞ്ചാക്കോ ബോബനും കണിക്കുന്ന കോമഡികള്‍ പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്. പക്ഷെ, അത് കത്തോലിക്കാസഭയെയോ പൗരോഹിത്യത്തെയോ ആക്ഷേപിക്കുകയോ അപകീര്‍ത്തിപ്പെടു്തുകയോ ചെയ്യുന്നതായി എനിക്കു തോന്നിയില്ല. അത്തരത്തില്‍ പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ഒരഭിപ്രായമുണ്ടായിട്ടില്ലെന്നിരിക്കെ യൂത്ത്ഫ്രണ്ട് നേതാവ് കത്തോലിക്കാസഭയുടെയും പൗരോഹിത്യത്തിന്‍റെയും അന്തസ്സ് സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത് വിസ്മയകരമായിരിക്കുന്നു. ചങ്ങനാശ്ശേരി രൂപതാ ജാഗ്രതാസമിതിയും സിനിമക്കെതിരേ രംഗത്തുണ്ട്.

വിശ്വാസികള്‍ പരിപാവനമായി കരുതുകയും ബഹുമാനിക്കുകയും ചെയ്യുന്ന പൗരോഹിത്യത്തെയും കൂദാശകളായ വിശുദ്ധ കുര്‍ബാനയേയും കുമ്പസാരത്തെയും അവഹേളിക്കുകയും വികൃതമായി ചിത്രീകരിക്കുകയും വിലകുറഞ്ഞതും തരംതാണതുമായ ഹാസ്യത്തിലൂടെ ബോക്‌സോഫീസ് വിജയം നേടുന്നതിനായി മുഖ്യധാരാ മതങ്ങളുടെ പ്രതീകങ്ങളെയും നേതൃത്വങ്ങളെയും നിന്ദിക്കുകയും പരിഹാസ്യമായി ചിത്രീകരിക്കുകയും ചെയ്യുന്നുവെന്നാണ് ആരോപണം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വിശ്വാസികള്‍ തിയറ്ററില്‍ ഇതൊക്കെ കണ്ട് ചിരിച്ചുമറിയുകയാണ്. വിശ്വാസികള്‍ക്കു വിശ്വാസമില്ലെന്നല്ല, ഇതൊന്നും അവരുടെ വിശ്വാസത്തെ മുറിവേല്‍പിക്കുന്നതായി അവര്‍ക്കു തോന്നാത്തതുകൊണ്ടാണ് അവര്‍ തിയറ്ററുകള്‍ക്ക് തീ വയ്‍ക്കാത്തത്. കൂടുതല്‍ പ്രകോപിതനാകുന്നവനാണ് നല്ല വിശ്വാസി എന്ന് ആരും എവിടെയും പറഞ്ഞിട്ടില്ല.

സിനിമയില്‍ കത്തോലിക്കാവിശ്വാസത്തെയോ മതത്തെയോ അവഹേളിച്ചിട്ടില്ല എന്നാണ് എന്‍റെ അഭിപ്രായം. എന്നാല്‍ സഭയുടെയും ആരാധനയുടെയും വിശുദ്ധോപകരണങ്ങള്‍ സമൃദ്ധമായി ഉപയോഗിച്ചിട്ടുണ്ട്. അത് വിശ്വാസത്തെ മുറിവേല്‍പിക്കുന്ന തരത്തിലാണ് എന്നെനിക്കു തോന്നുന്നില്ല. കാരണം, യഥാര്‍ത്ഥ വിശ്വാസി ആരാധിക്കുന്നത് ദൈവത്തെയാണ്, ആരാധനയ്‍ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളെയല്ല. കള്ളന്മാരുടെ പ്രതിമ പള്ളിയുടെ കവാടത്തില്‍ സ്ഥാപിച്ച് മറ്റ് അച്ചന്മാരും വിശ്വാസികളും മാലയിട്ട് ‘ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ’ എന്ന് പ്രാര്‍ഥിക്കുന്ന സീന്‍ കത്തോലിക്കരുടെ ആരാധനയെ പരിഹസിക്കാനാണെന്നു ഹര്‍ജിയില്‍ പറയുന്നുണ്ടത്രേ. വിഗ്രഹാരാധനയെ എതിര്‍ക്കുന്ന സഭാധികാരികള്‍ക്ക് ഇതൊരു പരിഹാസമാണെന്നു തോന്നിയത് നിര്‍ഭാഗ്യകരമാണ്.

സിസ്റ്റര്‍ അഭയയുടെ വധം ഉള്‍പ്പെടെയുള്ള കേസുകളിലൂടെ പൗരോഹിത്യത്തെ അവഹേളിച്ചത് സിനിമക്കാരോ വിശ്വാസികളോ അല്ല, മറിച്ച് പൗരോഹിത്യം സ്വീകരിച്ചിട്ടുള്ള ആളുകള്‍ തന്നെയാണ്. പൗരോഹിത്യത്തിന്‍റെ അന്തസ്സ് നിലനില്‍ക്കണം എന്ന് തെല്ലെങ്കിലും ആഗ്രഹമുണ്ടായിരുന്നെങ്കില്‍ ആ സന്യാസിനിയുടെ മരണത്തിന്‍റെ പിന്നിലുള്ള ദുരൂഹത നീക്കുകയും രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവരികയുമായിരുന്നു പുരോഹിതര്‍ ചെയ്യേണ്ടിയിരുന്നത്. പൗരോഹിത്യത്തെ വിശുദ്ധമായി കാണുന്ന എല്ലാ വിശ്വാസികളുടെയും മനസ്സിലെ ഇരുണ്ട അധ്യായമാണ് സിസ്റ്റര്‍ അഭയയുടെ മരണം. പുരോഹിതന്‍മാര്‍ കുറ്റവാളികളായിട്ടുള്ള വേറെയും എത്രയോ കേസുകള്‍. ഏറ്റവുമൊടുവില്‍ ഒരു വൈദികനെ അറസ്റ്റ് ചെയ്തത് മനുഷ്യക്കടത്തു കേസിലാണ്. പൗരോഹിത്യത്തില്‍ വിശ്വാസികള്‍ക്കു വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെടുന്നത് സിനിമകളിലൂടെയല്ല എന്നത് തിരിച്ചറിയാന്‍ കഴിയാത്തിടത്തോളം ഈ പരാതി അര്‍ഥശൂന്യമാണ് എന്നു മനസ്സിലാക്കാന്‍ പരാതിക്കാര്‍ക്കും കഴിയില്ല.

മുകളില്‍ പറഞ്ഞ തരത്തില്‍ കത്തോലിക്കാ സഭയിലെ പുഴുക്കുത്തുകള്‍ വരച്ചുകാട്ടാനോ വിളിച്ചു പറയാനോ ഒന്നും ശ്രമിച്ചിട്ടുള്ള ഒരു സിനിമയല്ല റോമന്‍സ്. അങ്ങനെയൊരു രാഷ്ട്രീയം അതിന്‍റെ പ്രമേയത്തിലില്ല. വൈദികരുടെ വേഷം കെട്ടിയ കള്ളന്‍മാരുടെ കളികളാണ് സിനിമയിലുള്ളത്. എന്‍ജിനീയറിങ് കോളജുകളും മെഡിക്കല്‍ കോളജുകളും ആശുപത്രികളും കെട്ടിയുയര്‍ത്തി വിശ്വാസികളെ കൊള്ളയടിക്കുന്ന വൈദികശ്രേഷ്ഠന്‍മാരെപ്പറ്റിയായിരുന്നു സിനിമയെങ്കില്‍ പൗരോഹിത്യത്തെ ആക്ഷേപിച്ചു എന്നു പറയാമായിരുന്നു.

മാര്‍പ്പാപ്പ പോലും ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങി വിശ്വാസികളുടെയും അവിശ്വാസികളുടെയും വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ക്ഷമയോടെ കേള്‍ക്കുന്ന ഇക്കാലത്ത് ഒരു സിനിമയോടൊക്കെ കുറച്ചുകൂടി സഹിഷ്ണുത കാണിക്കാന്‍ ചങ്ങനാശ്ശേരിയിലെ സനാതന ക്രിസ്ത്യാനികള്‍ക്കു കഴിയണം എന്നാണെന്‍റെ അഭിപ്രായം. യൂത്ത്ഫ്രണ്ട് മാണിക്കാര്‍ കത്തോലിക്കാസഭയുടെ കാര്യങ്ങള്‍ മാത്രം നോക്കാതെ കേരളത്തിലെ യുവാക്കളുടെ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണമെന്നും അപേക്ഷിക്കുന്നു.