നടുറോഡിലെ ചുടുചുംബനങ്ങള്‍ !

കോഴിക്കോട്ടെ കോഫി ഷോപ്പില്‍ സദാചാരക്കാര്‍ അടിച്ചുപൊളി നടത്തിയതിനെ ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേരളത്തിലെ പുരോഗമന-സ്വതന്ത്ര-നവധാരയില്‍പ്പെട്ട ചെറുപ്പക്കാര്‍ കൊച്ചിയില്‍ വച്ച് പരസ്യചുംബനമാമാങ്കം നടത്താന്‍ പോകുന്നതായി കേട്ടു. സമരം ആഹ്വാനം ചെയ്തവരെ നമിക്കുന്നു. ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം, പുര കത്തുമ്പോള്‍ വാഴ വെട്ടല്‍ തുടങ്ങിയ കലാപരിപാടികളൊക്കെ ശരാശരി മലയാളിക്ക് പരിചയമുള്ളതായതുകൊണ്ട് ഈ തമാശയെ എങ്ങനെ വിശേഷിപ്പിക്കണം എന്നറിയില്ല.

വിദേശരാജ്യങ്ങളില്‍ ഏറെക്കുറെ സമാനമായ സമരങ്ങള്‍ നടന്നിട്ടുള്ളതിന്റെ ചുവടു പിടിച്ചാണ് കൊച്ചില്‍ പരസ്യചുംബനത്തിന് ആഹ്വാനം നടന്നിട്ടുള്ളതെന്ന് തോന്നുന്നു. പക്ഷെ, അവിടെയൊക്കെ അത്തരം സമരങ്ങളും ആഹ്വാനങ്ങളും നടന്നിട്ടുള്ളത് ലിഖിതമോ അലിഖിതമോ ആയ ഏതെങ്കിലും നിയമത്തിനെ എതിര്‍ക്കുന്നതിനും അത്തരത്തിലൊരു ജനകീയസന്ദേശം കൈമാറുന്നതിനുമായിരുന്നു. ഇവിടെ കോഫി ഷോപ്പില്‍ ചുംബിക്കരുത് എന്നു സര്‍ക്കാരോ ഏതെങ്കിലും സംഘടനകളോ ഉത്തരവിറക്കിയിട്ടില്ല. കേരളത്തിലെ എല്ലാ കോഫി ഷോപ്പുകളിലും ഇത്തരത്തിലുള്ള ചുംബനവേട്ടകള്‍ നടക്കുന്നുമില്ല. കോഴിക്കോട്ടേത് ഒരു ഒറ്റപ്പെട്ട സംഭവം മാത്രമാണ്. അതില്‍ പൊലീസ് കേസെടുക്കുകയും അറസ്റ്റ് നടക്കുകയും ചെയ്തിട്ടുണ്ട്. അപ്പോള്‍ കൊച്ചിയില്‍ ഉമ്മവച്ചു കളിക്കാന്‍ പോകുന്നവരുടെ ഉദ്ദേശം എന്തായിരിക്കും ?

ഈ സംഭവത്തിന്റെ പേരില്‍, പ്രതിഷേധത്തിന്റെ പേരില്‍ ജനകീയപിന്തുണയോടെ, മാധ്യമശ്രദ്ധ നേടി പരസ്യമായി ചുംബിക്കുക എന്നതില്‍ കവിഞ്ഞൊന്നും ഇതില്‍ കാണാന്‍ കഴിയുന്നില്ല. ഈ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നവര്‍ മറ്റ് സാമൂഹികവിഷയങ്ങളില്‍ സമാനമായ താല്‍പര്യം പ്രകടിപിക്കുകയും ഇതുപോലുള്ള സമരപരിപാടികള്‍ ആവിഷ്‌കരിക്കുകയും ചെയ്തിട്ടുള്ളവരല്ല എന്നതും ശ്രദ്ധിക്കണം. കോഴിക്കോട്ടെ സദാചാരക്കാരെ തോല്‍പിച്ചുകളയാമെന്നു കരുതി കൊച്ചിയില്‍ ഉമ്മ വയ്ക്കാന്‍ പോകുന്നവര്‍ ഹോട്ടലാണെന്നു കരുതി ബാര്‍ബര്‍ ഷാപ്പില്‍ കയറിയ വൃദ്ധനെ ഓര്‍ക്കുന്നത് നന്നായിരിക്കും. സദാചാരവാദിയാണെങ്കിലും പുരോഗമനവാദിയാണെങ്കിലും ബുദ്ധി ഉപയോഗിക്കുന്നത് ഒരു സാമൂഹികതിന്മയല്ല.

ഇത്രയും പറഞ്ഞതുകൊണ്ട് ഞാനൊരു പഴഞ്ചനായ, ബോറനായ, മൂരാച്ചി സദാചാരവാദി ആണ് എന്നു പുരോഗമവാദികള്‍ പറഞ്ഞേക്കാം. പുരോഗമനവാദികളുടെയോ സദാചാരവാദികളുടെയോ സര്‍ട്ടിഫിക്കറ്റുകള്‍ എനിക്കാവശ്യമില്ലാത്തതിനാല്‍ അതെപ്പറ്റി തര്‍ക്കിക്കുന്നില്ല. കോഴിക്കോട്ടെ കോഫി ഷോപ്പില്‍ ചെറുപ്പക്കാര്‍ അടുത്തിടപെഴകുന്നു എന്നതില്‍ പ്രകോപിതരായ ആളുകള്‍ കൊച്ചിയില്‍ കുറെപ്പേര്‍ ചുംബനനാടകം കളിക്കുമ്പോള്‍ സമാനമായ രീതിയില്‍ പ്രകോപിതരാകുമെന്നു കരുതുന്നത് വിഡ്ഡിത്തമാണ്. മാവിലെറിയുന്നത് മാങ്ങ വീഴ്ത്താന്‍ വേണ്ടിയാണെന്നതിനാല്‍ ഒരു ചാക്കു മാങ്ങ കൊണ്ടുവന്നു വച്ചിട്ട് ചുണയുണ്ടെങ്കില്‍ എറിയെടാ എന്നു പറയുന്നതുപോലെയുള്ളൂ ഇതും. കൊച്ചിയിലെ ഒരു ചാക്ക് ചുംബനത്തിനു നേര്‍ക്കു കല്ലെറിയാന്‍ കേരളത്തിലെ ഒരു സദാചാരഗുണ്ടയ്ക്കും താല്‍പര്യമുണ്ടാവില്ല.

ചുംബനം വളരെ നല്ല ഒരു പ്രസ്ഥാനമാണ്. ഇഷ്ടപ്പെടുന്നവര്‍ തമ്മില്‍ ഇഷ്ടപ്പെടുന്ന സാഹചര്യങ്ങളില്‍ ഇഷ്ടപ്പെടുന്ന ശൈലിയില്‍ ചുംബിക്കുമ്പോഴാണ് അതിന്റെ ഒരു ഇത് ഉണ്ടാവുന്നത്. അത് സ്‌നേഹത്തിന്റെ പ്രകടനമാണ്. ചരിത്രാതീതമായ ആ ചുംബനം പരസ്യമായി നടത്തുന്നതിലൂടെ തങ്ങള്‍ സാമൂഹികപരിഷ്‌കരണം നടത്തുകയാണ് എന്നു വിശ്വസിക്കുന്നവര്‍ക്ക് എല്ലാ ആശംസകളും നേരുന്നു. പരസ്യമായി ചുംബിക്കാനാഗ്രഹിക്കുന്നവര്‍ കേരളത്തില്‍ പരസ്പരം ചുംബിക്കുകയും ആലിംഗനം ചെയ്യുകയുമൊക്കെ ചെയ്യുന്നുണ്ട്. അതിനു വേണ്ടി പ്രത്യേക പരിപാടി തന്നെ സംഘടിപ്പിക്കേണ്ടി വരുന്ന സാധുക്കള്‍ക്ക് എന്നെങ്കിലും ഒറ്റയ്ക്ക് ഇതൊക്കെ ചെയ്യാനുള്ള ധൈര്യവും മാനസികവളര്‍ച്ചയും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.

ഇനി, ചുംബിക്കാന്‍ സ്ഥലവും സാഹചര്യവുമില്ലാതെ വിഷമിക്കുന്നവര്‍ക്ക് ഒരിടം ആണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെങ്കില്‍ വളരെ വളരെ നല്ലതാണ്. അതിന് സദാചാരക്കാരെ വെല്ലുവിളിക്കാനൊന്നും പേകേണ്ട. ആഴ്ചയിലൊന്നു വീതം പരിപാടി സ്ഥിരമായി നടത്തിയാല്‍ അതിന് കുറച്ചു കൂടി സൗന്ദര്യമുണ്ടാവും എന്നാണ് എന്റെ വിനീതമായ അഭിപ്രായം.

സദാചാരഗുണ്ടകള്‍ക്കും പുരോഗമനവാദികള്‍ക്കും എന്റെ ചുടുചുംബനങ്ങള്‍ !

പ്രേമിക്കുന്നവര്‍ കാപ്പി കുടിക്കരുത്

കോഴിക്കോട്ടെ ഒരു സാധാരണ കോഫി ഷോപ്പ് വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. കോഴിക്കോട്ടുകാര്‍ക്കു പോലുമില്ലാത്ത ആശങ്കയോടെ പാശ്ചാത്യനാടുകളില്‍ നിന്നും മധ്യപൂര്‍വേഷ്യയില്‍ നിന്നും മലയാളികള്‍ ഉദ്വേഗപൂര്‍വം അന്വേഷിക്കുകയാണ്. സിനിമക്കാര്‍ കൂട്ടത്തോടെ കോഫിഷോപ്പിലേക്കു പോവുകയും അവിടേക്കു പോകാന്‍ മറ്റുള്ളവരോട് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. ന്യൂയോര്‍ക്കിലെ സ്റ്റാര്‍ബക്ക്‌സ് പോലെ കോഴിക്കോട് പട്ടണത്തിലെ ഡൗണ്‍ ടൗണ്‍ കോഫി ഷോപ്പ് മൊത്തത്തില്‍ പുരോഗമനവാദികളുടെയും യുവാക്കളുടെയും തീര്‍ഥാടനകേന്ദ്രമായി മാറിക്കഴിഞ്ഞു.

എന്താണ് കോഫി ഷോപ്പുകാര്‍ ചെയ്ത തെറ്റ് ?

ഏതാനും ചെറുപ്പക്കാര്‍ ചേര്‍ന്ന് ഒരു കോഫി ഷോപ്പ് ആരംഭിച്ചു എന്നതാണ് അവര്‍ ചെയ്ത പ്രധാന തെറ്റ്. ഈ കോഫി ഷോപ്പില്‍ യുവാക്കള്‍ പരസ്പരം അടുത്തിടപെഴകുന്നതിന്റെ മാസ്‌ക് ചെയ്ത വിഡിയോ ഉള്‍പ്പെടെ സദാചാരലംഘനത്തിന്റെ സൂചന നല്‍കി ജയ്ഹിന്ദ് ചാനല്‍ കഴിഞ്ഞയാഴ്ച വാര്‍ത്ത നല്‍കിയതാണ് സംഭവങ്ങളുടെ തുടക്കം. കോണ്‍ഗ്രസുകാരുടെ ചാനല്‍ കണ്ട യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നേരേ ഡൗണ്‍ടൗണ്‍ കോഫി ഷോപ്പിലേക്കു പോയി, എല്ലാം തല്ലിത്തകര്‍ത്തു. കോഫിഷോപ്പിന്റെ പേരു പറയാമോ, യുവമോര്‍ച്ചക്കാരുടെ പേരു പറയാമോ എന്നൊക്കെ മാധ്യമങ്ങള്‍ ആശങ്കപ്പെട്ടു നില്‍ക്കെ ഇരുകൂട്ടരും പത്രസമ്മേളനങ്ങള്‍ നടത്തി ആ ശങ്ക മാറ്റിക്കൊടുത്തു. ചില സിനിമാ നടിമാര്‍ പറയുന്നതുപോലെ ആ വിഡിയോ മോര്‍ഫിങ് ആണ് കോഫി ഷോപ്പുകാര്‍ പറഞ്ഞപ്പോള്‍ അവിടെ അനാശാസ്യം നടക്കുന്നുണ്ട് എന്നു പണ്ടേ അറിയാമായിരുന്നു എന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് പറഞ്ഞത്. തുടര്‍ന്ന് അടുത്ത ദിവസം തന്നെ കോഫി ഷോപ്പ് തുറന്നു പ്രവര്‍ത്തനം ആരംഭിക്കുകയും അവിടം ഒരു തീര്‍ഥാടനകേന്ദ്രമാവുകയുമായിരുന്നു.

ഇവിടെ ആര്‍ക്കാണ് തെറ്റുപറ്റിയത് ?

പ്രധാനമായും ജയ്ഹിന്ദ് ചാനലുകാര്‍ക്കും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കുമാണ് തെറ്റുപറ്റിയത്. വല്ല കോണ്‍ഗ്രസുകാരും ചാനല്‍ മാറ്റുന്നതിനിടെ അബദ്ധത്തില്‍ കാണുന്നതല്ലാതെ സീരിയസ്സായി ആരും കാണുന്ന ചാനലല്ല ജയ്ഹിന്ദ് എന്നുള്ള തെറ്റിദ്ധാരണ മാറി. കോണ്‍ഗ്രസുകാര്‍ മാത്രമല്ല, ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വരെ ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്ന ചാനല്‍ എന്ന നിലയ്ക്ക് ജയ് ഹിന്ദ് മലയാളത്തിലെ മറ്റു ന്യൂസ് ചാനലുകള്‍ക്ക് ഒരു വെല്ലുവിളിയാണ് എന്നു നിസ്സംശയം പറയാം. ജയ്ഹിന്ദ് കണ്ടിട്ട് അപ്പോഴേ വടിയുമായി ഇറങ്ങിയ യുവമോര്‍ച്ചക്കാര്‍ ചെയ്തതും തെറ്റ്. കോണ്‍ഗ്രസുകാരന്റെ ചാനല്‍ കണ്ടിട്ട് പോയി അടിയുണ്ടാക്കാനാണെങ്കില്‍ പിന്നെ മോദിജി ഈ കഷ്ടപ്പെടുന്നതു മുഴുവന്‍ എന്തിനു വേണ്ടിയാണ് ? എന്തുകൊണ്ട് കേരളത്തിലെ ബിജെപിക്കാരെ മോദിജി തിരിഞ്ഞു നോക്കുന്നില്ല എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ഇത്തരം സംഭവങ്ങള്‍. ഇത് ദില്ലിയില്‍ അറിയാതെ നോക്കുക എന്നതാണ് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് ഇനി ചെയ്യാനുള്ളത്.

എന്താണ് അനാശാസ്യം ?

എന്താണ് അനാശാസ്യം എന്നു പറയണമെങ്കില്‍ ആദ്യം ആശാസ്യം എന്താണെന്നു കണ്ടെത്തണം. കോഫിഷോപ്പ് തല്ലിത്തകര്‍ത്തിട്ട് വന്നു പത്രസമ്മേളനം നടത്തണമെങ്കില്‍ ആണും പെണ്ണും ഒരുമിച്ചിരുന്നു കാപ്പി (ചായ, സോഫ്റ്റ്ട്രിങ്‌സ് തുടങ്ങിയവയും) കുടിക്കുന്നത് അനാശാസ്യവും കോഫിഷോപ്പ് തല്ലിത്തകര്‍ക്കുന്നത് ആശാസ്യവുമാണ് എന്നു സദാചാരവാദികള്‍ ഉറച്ചു വിശ്വസിക്കുന്നുണ്ടാവണമല്ലോ. സാധാരണക്കാരായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുറിച്ചുനോട്ടങ്ങളും നീയെവിടുത്തെയാ കൊച്ചേ എന്ന ലൈനിലുള്ള ചോദ്യങ്ങളുമില്ലാതെ സ്വസ്ഥമായി അല്‍പസമയം ഇരിക്കാന്‍ കേരളത്തില്‍ വിരലിലെണ്ണാവുന്ന സ്ഥലങ്ങളേയുള്ളൂ എന്നിരിക്കെ ആണിനെയും പെണ്ണിനെയും ഒരുമിച്ചിരുത്തിയാല്‍ എന്തു സംഭവിക്കും എന്നതിനെപ്പറ്റി അടിസ്ഥാനപാഠങ്ങള്‍ സദാചാരക്കാര്‍ക്ക് പറഞ്ഞുകൊടുക്കേണ്ടതാണ്. ചായ കുടിച്ചാലോ, ചുമ്മാ കൈകോര്‍ത്തു പിടിച്ചാലോ അറ്റ കൈയ്ക്ക് കെട്ടിപ്പിടിക്കുകയോ ഉമ്മ വയ്ക്കുകയോ ചെയ്താലോ പോലും ഒന്നും സംഭവിക്കില്ല. എനിക്കു കിട്ടാത്ത സുഖം നീയൊന്നും അനുഭവിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ലെടാ- എന്നതാണ് സദാചാരം എന്ന വാക്കിന്റെ മലയാളം നിര്‍വചനം. അങ്ങനെ നോക്കിയാല്‍ ഓരോരുത്തരുടെയും കണ്ണില്‍ സദാചാരലഘനം വ്യത്യസ്തമായിരിക്കും. അതൊരു അളവുകോലാക്കി തല്ലിത്തകര്‍ക്കാനിറങ്ങുന്നത് ബാലിശമാണ്.

ചായയും കാപ്പിയും കുടിക്കുന്നത് എന്തിനാണ് ?

ഒരു കപ്പു കാപ്പിയുമായി രണ്ടര മണിക്കൂര്‍ വരെ ഇരിക്കുന്ന ഒരു രീതി വച്ചു നോക്കിയാല്‍ ചായ, കാപ്പി തുടങ്ങിയ പാനീയങ്ങള്‍ കുടിക്കുന്നത് ചുമ്മാ ഒരു രസത്തിനാണ്. ചെറുപ്പക്കാരോട് രണ്ടു വാക്ക് പറയാനുള്ളത് എന്താണെന്നു വച്ചാല്‍, കോഫി ഷോപ്പിലും മറ്റും കൂട്ടുകാരികളെ വിളിച്ചുകൊണ്ടുപോയി ടച്ചിങ്‌സിനു ശ്രമിക്കുന്നത് ചീപ്പാണ്. സെല്‍ഫ് കണ്‍ട്രോള്‍ ഉള്ള പുരുഷന്‍മാരെയാണ് പെണ്‍കുട്ടികള്‍ക്കിഷ്ടം. സ്‌നേഹത്തോടെയും ആദരവോടെയും പെരുമാറുകയും തൊടാനോ പിടിക്കാനോ ശ്രമിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് പെണ്‍കുട്ടികളുടെ വയറ്റില്‍ ഒരു ആന്തലുണ്ടാവുന്നത്. അതങ്ങനെ നിന്നെങ്കില്‍ മാത്രമേ ബന്ധം മുന്നോട്ടു പോവുകയുള്ളൂ.

സിനിമക്കാര്‍ക്ക് എന്തിന്റെ കേടാണ് ?

പാവപ്പെട്ട ചെറുപ്പക്കാരുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ ആഷിക് അബുവും ജോയ് മാത്യുവുമൊക്കെ ഡൗണ്‍ ടൗണ്‍ കോഫി ഷോപ്പിനു വേണ്ടി നിലപാടെടുക്കുന്നത് ഇക്കാര്യത്തിലെ ശ്രദ്ധേയമായ ചുവടുവയ്പുകളാണ്. മമ്മൂട്ടിയ്‌ക്കോ മോഹന്‍ലാലിനോ ഈ ജന്മം സാധിക്കാത്ത കാര്യങ്ങളാണ് ഇതൊക്കെ. നാട്ടുകാര്‍ക്കു വേണ്ടി ഒരു നിലപാടെടുത്ത് അതില്‍ ഉറച്ചുനില്‍ക്കാനുള്ള ധീരത പുരോഗമനപരം തന്നെയാണ്. പക്ഷെ, ചാനലില്‍ കണ്ടതെല്ലാം കള്ളമാണ് എന്നു കോഫിഷോപ്പുകാര്‍ പറഞ്ഞ സാഹചര്യത്തില്‍ ഇവരുടെ പിന്തുണയ്ക്ക് എന്താണ് പ്രസക്തി എന്നത് ഒരു ചോദ്യമാണ്. ഞങ്ങളുടെ കടയില്‍ ചെറുപ്പക്കാര്‍ ചുംബിക്കുകയും സ്പര്‍ശിക്കുകയും ചെയ്യും, ആരുണ്ടിവിടെ ചോദിക്കാന്‍ – എന്നു പറയുമ്പോഴാണ് ഒരു നിലപാട് ഉണ്ടാവുന്നത്. വിഡിയോ വ്യാജമാണെന്നു പറയുമ്പോള്‍ കോഫി ഷോപ്പുകാരും അതില്‍ കണ്ടതൊക്കെ അനാശാസ്യമാണെന്ന നിലപാടിനെ പിന്തുണയ്ക്കുകയാണല്ലോ ചെയ്യുന്നത്.

ഇല വന്നു മുള്ളില്‍ വീണാലും മുള്ളു വന്ന് ഇലയില്‍ വീണാലും കേട് നമ്മുടെ മരത്തിനാണ് എന്നു പറഞ്ഞതുപോലെ ഇത്തരം അലമ്പുകളൊക്കെ നടക്കുന്നതുകൊണ്ട് കേടു സംഭവിക്കുന്നത് നമ്മുടെ ടൂറിസത്തിനാണ്. കാമസൂത്രയൊക്കെ വായിച്ചിട്ട് ഇന്ത്യയ്ക്കു വണ്ടി കയറുന്ന സായിപ്പ്, ആണും പെണ്ണും അടുത്തിരുന്നു കാപ്പി കുടിച്ച കോഫിഷോപ്പ് രാഷ്ട്രീയപ്രവര്‍ത്തകര്‍ തല്ലിപ്പൊളിച്ചു എന്നു കേട്ടാല്‍ നിത്യബ്രഹ്മചാരികളായേ തിരിച്ചുപോകൂ. പ്രവാസികള്‍ അയക്കുന്ന പണവും കള്ളുകച്ചവടവും പ്രധാനവരുമാനമാര്‍ഗമായ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ ടൂറിസത്തിനും പ്രധാനപങ്കുണ്ട്.

കോഫിഷോപ്പ് അടിച്ചുതകര്‍ത്തത് യുവമോര്‍ച്ചക്കാരയതു നന്നായി. ജയ്ഹിന്ദ് കണ്ടിട്ട് വല്ല യൂത്ത് കോണ്‍ഗ്രസുമാരാണ് ഇതിനിറങ്ങിയിരുന്നതെങ്കില്‍ ഉമ്മന്‍ ചാണ്ടി കാപ്പിയ്ക്കും ചായയ്ക്കും നിരോധനമേര്‍പ്പെടുത്തി, ഘട്ടം ഘട്ടമായി കേരളത്തിലെ എല്ലാ കോഫിഷോപ്പുകളും അടച്ചുപൂട്ടിയെനെ.

 

ഹാപ്പി ഡ്രൗണിങ് !

വീട്ടിലിരിക്കുന്ന ഭാര്യയുടെ കാര്യം ശ്രദ്ധിക്കാതെ തെരുവില്‍ കാണുന്ന അലവലാതി പെണ്ണുങ്ങളെ സദാചാരം പഠിപ്പിക്കാന്‍ നടന്ന ശേഷം, ഭാര്യ കറവക്കാരന്റെ കൂടെ ഒളിച്ചോടിപ്പോയിക്കഴിയുമ്പോള്‍ അയല്‍വാസികളുടെ തന്തയ്ക്കു വിളിക്കുന്നതുപോലെ വിചിത്രവും സങ്കീര്‍ണ്ണവുമാണ് മുല്ലപ്പെരിയാര്‍ വിധിയില്‍ മലയാളികളുടെ പ്രതികരണം. രണ്ടു വര്‍ഷം മുമ്പ് അണക്കെട്ട് ഏതു നിമിഷവും പൊട്ടുമെന്ന ആശങ്കയില്‍ ഉറക്കമില്ലാതെ നടന്ന മലയാളി കേസ് സുപ്രീം കോടതിയില്‍ നടക്കുമ്പോള്‍ ചര്‍ച്ച ചെയ്തത് സരിതയുടെ സാരികളെപ്പറ്റിയായിരുന്നു. തമിഴ്‌നാടിനു വെള്ളം വേണ്ടതുകൊണ്ട് അവര്‍ കോടതിയില്‍ കേസ് ഭംഗിയായി വാദിക്കുകയും സ്വാധീനിക്കേണ്ടവരെ സ്വാധീനിക്കുകയും ചെയ്തു. കസ് വിധി വന്നു. തമിഴ്‌നാടിന് അവര്‍ ചോദിച്ചതെല്ലാം കൊടുത്തു. കേരളത്തിന് ചോദിച്ചതൊന്നും കിട്ടിയില്ല എന്നു മാത്രമല്ല. മുതുകിനു നല്ല തൊഴിയും കിട്ടി.

കേരളത്തിന്റെ പരാജയം എന്നതിനെക്കാള്‍ തമിഴ്‌നാടിന്റെ വിജയം എന്നാണ് ഈ വിധിയെ വിശേഷിപ്പിക്കേണ്ടത്. പരാജയപ്പെടാതിരിക്കാന്‍ എന്തെങ്കിലും മികവോ യോഗ്യതയോ കേരളത്തിന് ഉണ്ട് എന്നു തോന്നുന്നില്ല. ജയിക്കാനുള്ള എല്ലാ യോഗ്യതയും തമിഴ്‌നാടിനുണ്ടു താനും. ശുദ്ധജലത്തിനു വേണ്ടി നിയമയുദ്ധം നടത്തിയ തമിഴ്‌നാട്ടിലെ എല്ലാ സഹോദരന്‍മാര്‍ക്കും വിജയാശംസകള്‍ നേരുന്നു. ഒരു അന്തര്‍സംസ്ഥാന പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യണം എന്നതിന്റെ മാതൃകയായി തമിഴ്‌നാട്ടിലെ രാഷ്ട്രീയകക്ഷികളുടെ ഒരുമയോടെയുള്ള പ്രവര്‍ത്തനം ചരിത്രത്തിലിടം നേടും.

നാണക്കേടുകളുടെ പട്ടികയില്‍ ഒന്നുകൂടി എഴുതിച്ചേര്‍ത്ത് നമ്മുടെ ഭരണാധികാരികളുടെ കഴിവുകേടിനു ജയ് വിളിക്കാം. അവരെ നമ്മള്‍ തന്നെ തിരഞ്ഞെടുത്തതായതുകൊണ്ട് ഈ വിധിയും ഈ നാണക്കേടും ഡാം ഉയര്‍ത്തുന്ന വെല്ലുവിളികളും നമ്മള്‍ അര്‍ഹിക്കുന്നതാണ്. ജനങ്ങളുടെ ജീവനെക്കാള്‍ സാമുദായികതാല്‍പര്യങ്ങള്‍ക്കും ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിനും മുന്‍ഗണന ലഭിക്കുമ്പോള്‍ ഇതൊക്കെയാണ് സംഭവിക്കുന്നത്. കപട അഭിമാനബോധവും കപട അധ്വാനസിദ്ധാന്തങ്ങളും കൊണ്ടു ജീവിക്കുന്ന കുഴിമടിയന്‍മാരായ നമ്മള്‍ ഒരു മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയാല്‍, ഡാം പൊട്ടി കടലില്‍പ്പോകുന്ന വെള്ളം കൂടി തമിഴ്‌നാടിനു നഷ്ടമാകുമെന്നല്ലാതെ ലോകത്തിന് ഒരു നഷ്ടവും വരാനില്ല.

അങ്ങായിടില്‍ തോറ്റതിന് അമ്മയോട് എന്ന പഴഞ്ചൊല്ലിന് ഏറ്റവും അനുയോജ്യമായ ഉദാഹരണം തിരയുന്നവര്‍ക്ക് ധൈര്യമായി ചൂണ്ടിക്കാണിക്കാവുന്ന ഒന്നാണ് മുല്ലപ്പെരിയാര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ നാളെ ആഹ്വാനം ചെയതിരിക്കുന്ന സംസ്ഥാന ഹര്‍ത്താല്‍. എന്തു കോപ്പിനാണ് ആ മണ്ടന്‍മാര്‍ സംസ്ഥാന ഹര്‍ത്താല്‍ നടത്തുന്നത് എന്നു മനസ്സിലാവുന്നില്ല. ഓള്‍റെഡി പണി കിട്ടിയിരിക്കുന്ന ജനങ്ങളെ ഒരുദിവസം കൂടി ബുദ്ധിമുട്ടിപ്പിച്ചാല്‍ സുപ്രീം കോടതി വിധി മാറ്റിയെഴുതില്ല. രണ്ടു വര്‍ഷം മുന്‍പ് സമരസമിതി അനിശ്ചിതകാലനിരാഹരം നടത്തുമ്പോള്‍ കൊടിയും പിടിച്ച് ഇപ്പോ ശരിയാക്കാം എന്നു പറഞ്ഞ് ചപ്പാത്തിലെ സമരപ്പന്തലില്‍ വന്നു പോയ രാഷ്ട്രീയനേതാക്കന്‍മാരോടാണ് സമരസമിതി കലിപ്പു തീര്‍ക്കണ്ടത്, ജനങ്ങളോടല്ല.

ഡാമിന്റെ സുരക്ഷാ ഭീഷണിയും നാലു ജില്ലകളിലെ ജനങ്ങളുടെ ആശങ്കയും സുപ്രീം കോടതിക്ക് പിടികിട്ടിയില്ല എന്നു കരുതി അതിന്റെ ഗൗരവം ഇല്ലാതാകുന്നില്ല. മുല്ലപ്പെരിയാര്‍ സമരം ഏറ്റെടുത്തു നാടകം കളിച്ച ഓരോ ജനപ്രതിനിധിയെയുമാണ് ജനങ്ങള്‍ വിചാരണ ചെയ്യേണ്ടത്. ഒന്നും ചെയ്യാന്‍ കഴിയാതെ എന്തൊക്കെയോ പുലമ്പുന്ന മുഖ്യമന്ത്രിയോടാണ് വിശദീകരണം തേടേണ്ടത്. എന്തുകൊണ്ടു കേസില്‍ കേരളം തോറ്റു എന്ന ചോദ്യത്തിന് താത്വികാവലോകനങ്ങളല്ലാതെ ലളിതമായ ഉത്തരങ്ങള്‍ നല്‍കാന്‍ ശേഷിയുള്ള ഒരു ജനപ്രതിനിധി പോലും അവശേഷിക്കുന്നില്ലെങ്കില്‍ അവരെ തിരഞ്ഞെടുത്തവര്‍ അര്‍ഹിക്കുന്ന വിധി തന്നെയാണ് സുപ്രീം കോടതി നല്‍കിയിരിക്കുന്നത് എന്നു നിസ്സംശയം പറയാം.

ജസ്റ്റിസ് കെ.ടി.തോമസിനെയും ഉന്നതാധികാര സമിതി അംഗങ്ങളെയും സപ്രീം കോടതി ജഡ്ജിമാരെയുമൊക്കെ തെറിവിളിക്കുക, അയ്യോ ഡാം പൊട്ടുന്നേ എന്നു പറഞ്ഞ് വീണ്ടും നിലവിളിക്കുന്ന, എന്നിങ്ങനെ വളരെ കുറച്ച് ഓപ്ഷനുകളേ നമുക്കു മുന്നിലുള്ളൂ. അനന്തകാലത്തോളം സ്‌ട്രോങ്ങായി നില്‍ക്കുന്ന ഒരു ഡാം അല്ല അത്. ഒരു ദിവസം അതു പൊട്ടുക തന്നെ ചെയ്യും. അത് ഒരു വേനല്‍ക്കാലത്തായിരിക്കണേ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ഥിക്കുക എന്നല്ലാതെ വേറെ വഴിയില്ല. ആവശ്യത്തിനു വിശുദ്ധന്‍മാരും ആള്‍ദൈവങ്ങളുമൊക്കെയുള്ള ദൈവത്തിന്റെ സ്വന്തം നാട് കേവലൊരു സുപ്രീം കോടതി വിധിയ്ക്കു മുന്നില്‍ ചൂളേണ്ട കാര്യമില്ല.

ലോ പോയിന്റ്: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയുടെ കാര്യം വന്നപ്പോള്‍ ജനാധിപത്യത്തില്‍ മാഹാരാജാവിനെ ചുമക്കുന്നതിനെ നിശിതമായി വിമര്‍ശിച്ച സുപ്രീം കോടതി മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യം വന്നപ്പോള്‍ നൂറ്റാണ്ടു കാലം മുമ്പ് മഹാരാജാവ് ഒപ്പിട്ട കരാറിനു മുന്നില്‍ മുട്ടുവിറച്ചു നില്‍ക്കുന്നു. വാട്ട് എ ഫണ്ണി, സണ്ണി ആന്‍ഡ് റൊമാന്റിക് വെര്‍ഡിക്ട് യുവറോണര്‍ !

അവളൊന്നിരിക്കട്ടെ

നാട്ടുകാര്‍ക്കു നല്ല പട്ടു കൊടുക്കാന്‍ വേണ്ടി കടല്‍താണ്ടി ദേശാന്തരങ്ങളിലൂടെ സഞ്ചരിക്കുന്ന തുണിക്കട മുതലാളിമാരുടെ ത്യാഗസുരഭിലമായ ജീവിതത്തിന്റെ കഥകള്‍ വായിച്ചു കണ്ണുനനഞ്ഞിട്ടുള്ള നമുക്ക് ആ ചീങ്കണ്ണികളുടെ വിറ്റുവരവു സുരഭിലമാക്കാന്‍ ജീവിതം ത്യാഗപൂര്‍ണമാക്കിയ ഈ സ്ത്രീകളുടെ സമരപ്രഖ്യാപനത്തിന് ഡിസ്‌കൗണ്ട് ചോദിക്കാന്‍ അവകാശമില്ല. പട്ടിന്റെ ആഗോളവല്‍ക്കരണത്തിനിടയില്‍ തുണിക്കട ബ്രാന്‍ഡും പരസ്യത്തിലഭിനയിക്കുന്ന മോഡലുകളുമല്ലാതെ യഥാര്‍ഥ തൊഴിലാളികള്‍ സര്‍ക്കാരിന്റെ പോലും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നിരിക്കെ നമ്മുടെ കാര്യം പറയാനില്ല.

കോഴിക്കോട് നഗരത്തില്‍ മെയ്ദിനത്തില്‍ ടെക്‌സ്‌റ്റൈല്‍ വിപണന രംഗത്തെ സ്ത്രീത്തൊഴിലാളികള്‍ അഥവാ സെയില്‍ ഗേള്‍സ് നടത്തിയ ഇരിക്കല്‍ സമരം ഇന്ത്യയിലെ തൊഴില്‍സമരചരിത്രങ്ങളില്‍ എഴുതിച്ചേര്‍ക്കേണ്ടതാണ്. സമരത്തിന്റെ മൂര്‍ച്ച കൊണ്ടല്ല, മനുഷ്യാവകാശവും ഫെമിനിസവും പൂത്തുലയുന്ന ഈ കാലഘട്ടത്തില്‍ ജോലിക്കിടെ ഒന്നിരിക്കാനും മൂത്രമൊഴിക്കാനുമുള്ള അവകാശത്തിനു വേണ്ടി പതിനായിരക്കണക്കിനു വരുന്ന സ്ത്രീകള്‍ സമരമുഖത്തേക്കിറങ്ങേണ്ടി വന്ന സാഹചര്യം നമ്മുടെ പുരോഗതിയുടെ യഥാര്‍ഥനിലവാരം ചൂണ്ടിക്കാണിക്കുന്നു എന്നതുകൊണ്ടാണ്.

യൂണിയന്‍ സമരങ്ങള്‍ കാരണം കമ്പനികള്‍ പൂട്ടിപ്പോയ ചരിത്രമുള്ള കേരളത്തിലാണ് അസംഘടിതരായ വലിയൊരു തൊഴില്‍ സമൂഹം മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി തെരുവിലറങ്ങേണ്ടിവന്നത്. ടെക്‌സ്‌റ്റൈല്‍ സ്ഥാപനങ്ങളിലെ സ്ത്രീ തൊഴിലാളികളെ ഡ്യൂട്ടിസമയങ്ങളില്‍ ഇരിക്കാന്‍ അനുവദിക്കാത്ത മാനേജ്‌മെന്റ് നിലപാടിനെതിരെ അസംഘടിത മേഖലാ തൊഴിലാളി യൂനിയന്റെ (എ.എം.ടി.യു) നേതൃത്വത്തിലാണ് ഇരിക്കല്‍ സമരം നടത്തിയത്. ഇരിക്കുന്നതും മൂത്രമൊഴിക്കുന്നതും മാത്രമാണ് അവരുടെ പ്രശ്‌നം എന്നു കരുതരുത്. അത് രണ്ടു പ്രതീകങ്ങള്‍ മാത്രമാണ്. അവര്‍ ജോലി ചെയ്യുന്നത് എല്ലാ തൊഴില്‍-മനുഷ്യാവകാശ നിയമങ്ങളും ലംഘിക്കപ്പെട്ടുകൊണ്ടാണെന്നതാണ് വിചിത്രം.

എട്ടു മണിക്കൂര്‍ ജോലി നിലവിലുള്ള സംവിധാനത്തില്‍ മിക്കവാറും എല്ലാ സെയില്‍സ് ഗേള്‍സും 10-12 മണിക്കൂര്‍ ആണ് ജോലി ചെയ്യുന്നത്. ഈ സമയമത്രയും ഇവര്‍ ഇരിക്കാന്‍ പാടില്ല എന്ന കര്‍ശന നിയമമാണ് നിലവിലുള്ളത്. ജോലിക്കിടയില്‍ ഒന്നിരിക്കാനോ പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാനോ തൊഴിലാളികള്‍ക്ക് അനുവാദമില്ല. അസഹ്യമായ വേദനമൂലം പലരും വേദനശമനി മരുന്നുകള്‍ കഴിച്ചുകൊണ്ടാണ് ജോലി ചെയ്യുന്നത്. ഭക്ഷണം കഴിക്കാന്‍ അനുവദിച്ചിട്ടുള്ള 20 മിനിറ്റില്‍ കൂടുതല്‍ എടുക്കുകയോ ജോലി സമയത്ത് ഇരിക്കുകയോ ചെയ്യുകയാണെങ്കില്‍ തുച്ഛമായ ശമ്പളം വെട്ടിക്കുറയ്ക്കുന്നതുള്‍പ്പെടെയുള്ള കടുത്ത ശിക്ഷാനടപടികളാണുള്ളത്. സിസിടിവി ക്യാമറകളിലൂടെ ഇവരുടെ ഓരോ ചലനവും നിരീക്ഷിക്കുന്ന കങ്കാണിമാരാണ് ക്രൂരമായ നടപടികള്‍ നടപ്പാക്കുന്നത്.

മിനിമം വേതനം, എട്ടുമണിക്കൂര്‍ ഡ്യൂട്ടി, സി.സി ടി.വി കാമറകളുടെ നിയന്ത്രണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളൊക്കെ പട്ടികയിലുണ്ടെങ്കിലും അതൊക്കെ മാറ്റിവച്ച് ഇരിക്കാനുള്ള അവകാശത്തിനാണ് മുന്‍ഗണന നല്‍കിയാണ് മെയ്ദിനത്തില്‍ ഇവര്‍ സമരം ചെയ്തത്. മിക്കവാറും വിദേശയാത്രകളിലായതുകൊണ്ടാവാം തൊഴില്‍മന്ത്രി ഷിബു ബേബി ജോണിന് ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കാന്‍ കഴിയാതെ പോയത്. അപേക്ഷയുമായി ജനസമ്പര്‍ക്കപരിപാടിയില്‍ ആരും എത്താത്തതുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നിസ്സഹായനാണ്. പക്ഷെ, പ്രൊഫഷനല്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും എലൈറ്റ് ക്ലാസ്സ് ഫെമിനിസ്റ്റുകളും ഈ പ്രശ്‌നം കാണാതെ പോയത് കഷ്ടമായിപ്പോയി.

പത്തനംതിട്ടയിലെ ഒരു തുണിക്കട മുതലാളി കാഷ്യറെ തുണിക്കടയ്ക്കുള്ളിലിട്ട് ചവുട്ടിക്കൊന്നിട്ട് അധികകാലമായിട്ടില്ല. മാധ്യമങ്ങള്‍ക്കു കോടികളുടെ പരസ്യവും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ലക്ഷങ്ങളുടെ സംഭാവനയും നല്‍കുന്ന തുണിക്കടകള്‍ കേരളീയസമൂഹത്തെ സ്വാധീനിക്കുന്നത് പലതരത്തിലാണ്. കസ്റ്റമര്‍ റിലേഷന്‍ഷിപ്പിന് മുന്‍ഗണ നല്‍കുമ്പോള്‍ ഷെല്‍ഫിലുള്ള എല്ലാ തുണിയും വാരിവലിച്ച് ഇടീച്ചിട്ട് ഒരു കര്‍ചീഫ് മാത്രം വാങ്ങിപ്പോകുന്നതിന്റെ സംതൃപ്തി നാട്ടുകാര്‍ക്കും അതു മുഴുവന്‍ തിരിച്ച് ഷെല്‍ഫില്‍ കയറ്റിക്കുന്നതിലൂടെ കൊടുക്കുന്ന കാശിന് മാക്‌സിമം പണിയെടുപ്പിച്ചതിന്റെ സംതൃപ്തി മുതലാളിമാര്‍ക്കും ലഭിക്കും. ഇതിനിടയില്‍ പെട്ട് അവകാശങ്ങള്‍ ഇല്ലാതായിപ്പോകുന്ന ജീവിതങ്ങള്‍ സ്വയം സംസാരിച്ചാല്‍ ഉള്ള ജോലിയും പോകും.

തൊഴിലാളികള്‍ ആവശ്യപ്പെടുന്നത് ന്യായമായ കാര്യങ്ങളാണ്. നോക്കൂകൂലിക്കെതിരെയൊക്കെ ആഞ്ഞടിക്കാറുള്ള മുതലാളിമാരും നോക്കൂകൂലിയൊക്കെ കൃത്യമായി പിടിച്ചുപറിച്ചെടുക്കുന്നതില്‍ ശ്രദ്ധയുള്ള തൊഴിലാളി സംഘടനകളും ഈ പ്രശ്‌നത്തില്‍ മാനുഷികപരിഗണനയോടെ ഇടപെടണമെന്ന് അഭ്യര്‍ഥിക്കുന്നു. പാവങ്ങളെ ചൂഷണം ചെയ്തു സമ്പാദിക്കുന്ന പണം ഒന്നിനും പ്രയോജനപ്പെടില്ല. ഉമ്മന്‍ ചാണ്ടി സാര്‍ ഈ പ്രശ്‌നത്തിലും കോടതി ഇടപെടട്ടെ എന്നു കരുതി നിസ്സംഗത പാലിക്കാനേ സാധ്യതയുള്ളൂ. ഷിബു സാറ് അടുത്ത ഫോറില്‍ ട്രിപ്പു കഴിഞ്ഞു വരുമ്പോഴെങ്കിലും ഈ സംഭവങ്ങള്‍ അറിഞ്ഞതായി ഭാവിക്കണം. കപടഫെമിനിസ്റ്റുകള്‍ കള്ളുകുടിക്കാനും തെറി പറയാനുമുള്ള അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരത്തോടൊപ്പം ഈ പ്രശ്‌നവും കൂടി ചര്‍ച്ചയ്‌ക്കെടുക്കണം.

അസൂയക്കാരുടെ സദാചാരം

25 വയസ്സില്‍ കല്യാണം കഴിച്ചാല്‍ മുപ്പതാം വയസ്സില്‍ പിക്കപ്പു പോകുന്ന തൈക്കിളവന്‍മാരുടെ തലമുറയ്ക്ക് അറുത്തേഴാം വയസ്സില്‍ കിളി പോലൊരു പെണ്ണിനെ വളച്ചെടുക്കുന്ന ഒറിജിനല്‍ കിളവനോട് തോന്നുന്ന വികാരത്തിന് പേര് ഒന്നേയുള്ളൂ- അസൂയ. കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ടിവി അവതാരക അമൃത റായിലെ പ്രേമിക്കുന്നതിന്റെയും വിവാഹം കഴിക്കാന്‍ പോകുന്നതിന്റെയും സദാചാരപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നവര്‍ പ്രണയം എന്നതിനെ എങ്ങനെ നിര്‍വചിക്കുന്നു എന്നു നോക്കിയാല്‍ തന്നെ കുഴപ്പം നാട്ടുകാര്‍ക്കാണോ ദിഗ്ഗങ്കിളിനാണോ എന്നു വ്യക്തമാകും.

മകളുടെ പ്രായമുള്ള സ്ത്രീയെ 67-ാം വയസ്സില്‍ ദിഗ് പ്രേമിച്ചു എന്നതാണ് യുവകോമളന്‍മാരുടെ പ്രധാന ആക്ഷേപങ്ങളിലൊന്ന്. 67-ാം വയസ്സില്‍ എണീറ്റു നില്‍ക്കാന്‍ തന്നെ കഷ്ടപ്പെടുന്ന, എണീറ്റു നിന്നാലും ഷുഗര്‍- പ്രഷര്‍, ഹാര്‍ട്ട്, പൈല്‍സ് പ്രശ്‌നങ്ങളാല്‍ കഷ്ടപ്പെടുന്നവരുടെ ലോകത്ത് ഒരാള്‍ ജീവിതത്തെ യൗവ്വനതീക്ഷ്ണവും ഹൃദയത്തെ പ്രേമസുരഭിലവുമാക്കി കാത്തുസൂക്ഷിച്ചത് വലിയ കുറ്റകൃത്യമായിപ്പോയെന്നു പറയുന്നവരെക്കാള്‍ വലിയ ബോറന്‍മാര്‍ വേറെയില്ല. എങ്ങനെ ഒരു പെണ്‍കുട്ടിയുടെ മനസ്സില്‍ ഇടം നേടണം എന്നതു ഗൂഗിള്‍ ചെയ്യുന്ന സാധുക്കളോട് ഈ ഓള്‍ഡ് ജനറേഷന്‍ ദിഗ് വിജയത്തിന്റെ റൊമാന്റിക് സൈഡ് പറഞ്ഞുന മനസ്സിലാക്കാന്‍ നോക്കിയിട്ടും കാര്യമില്ല.

അമൃത റായ് ഇത് എന്തു കണ്ടിട്ടാണ് എന്നാണ് പൊതുവേ എല്ലാവരും ചോദിക്കുന്നത്. ഇന്നാട്ടില്‍ ഇതിനും മാത്രം ചെറുപ്പക്കാരുള്ളപ്പോള്‍ അറുപത്തേഴു വയസ്സുള്ള കോണ്‍ഗ്രസ് നേതാവിനെ (ഡബിള്‍ നെഗറ്റീവ്) പ്രണയിക്കാനും അതു തുറന്നു സമ്മതിക്കാനും മാത്രം അമൃത എന്ത് ആനന്ദമാണ് കണ്ടെത്തിയിരിക്കുന്നത് എന്നാണ് പലര്‍ക്കും അറിയേണ്ടത്. പ്രണയം എന്നു വച്ചാല്‍ 25 വയസ്സില്‍ താഴെയുള്ള പക്വതയില്ലാത്ത വ്യക്തികള്‍ തമ്മിലുള്ള ഹഠാദാകര്‍ഷണമാണ് എന്നാണ് സാഹിത്യം, സിനിമ തുടങ്ങിയ മാധ്യമങ്ങള്‍ പറഞ്ഞു വച്ചിരിക്കുന്നത്. 30 വയസ്സുള്ള വ്യക്തികള്‍ തമ്മിലുള്ള പ്രണയത്തെ നമ്മുടെ നാട്ടുകാര്‍ അവിഹിതം എന്നാണ് വിളിക്കുന്നത്. ദിഗ് വിജയ് സിങ് ഒരു വിധവനാണ്. അമൃത റായ് വിവാഹമോചിതയും. മോചിതനാകുന്ന അമതൃയുടെ ഭര്‍ത്താവ് അമൃതയ്ക്ക് ദിഗേട്ടനോടൊപ്പം യുഭകരമായ ജീവിതവും ആശംസിച്ചിട്ടുണ്ട് (അത് ബ്ലാക് ഹ്യൂമറാവാനും മതി). ഇവര്‍ക്കൊന്നുമില്ലാത്ത സദാചാര പ്രശ്‌നം എന്തുകൊണ്ട് നാട്ടുകാര്‍ക്ക് എന്നതാണ് യഥാര്‍ഥ പ്രശ്‌നം.

മാധ്യമപ്രവര്‍ത്തകരുടെ സദാചാരബോധവും ഞരമ്പുരോഗവും വ്യക്തിത്വവൈകല്യങ്ങളുമൊക്കെ എത്ര ഭീകരമാണെന്നു മനസ്സിലാക്കാന്‍ ദിഗ് വിജയ് സിങ്- അമൃത റായ് ബന്ധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വായിച്ചാല്‍ മതി. റൊമാന്റിക് ആയ ജീവിതവും ലൈംഗികശേഷിയുമൊക്കെ ഉള്ളവരോട് എന്തിനാണ് ഇത്ര അസഹിഷ്ണുത എന്നത് മനസ്സിലാവുന്നില്ല. ദിഗ് വിജയ് സിങ്ങിനെ കുറ്റപ്പെടുത്തുന്നവരെല്ലാം ഏതപത്‌നീ വ്രതക്കാരും മറ്റുമാണോ എന്നതാണ് മറ്റൊരു ചോദ്യം. ഇവരുടെയൊക്കെ വാട്ട്‌സ്ആപ്പ് ഹിസ്റ്ററി പരിശോധിച്ചാല്‍ അറിയാം ഏകപത്‌നീവ്രതത്തിന്റെ പുണ്യം. പത്തു പേരെ വിര്‍ച്വലായി കല്യാണം കഴിക്കുകയും ഭോഗിക്കുകയും ചെയ്യുന്ന ഏകപത്‌നീവ്രതഫ്രോഡുകള്‍ക്ക് യഥാര്‍ഥജീവിതത്തില്‍ പ്രണയിക്കുന്നവരോടെല്ലാം ഒരു തരം പ്രതികാരബുദ്ധി തോന്നുന്നത് സ്വാഭാവികമാണ്.

ഇനി ഈ വിഷയം രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്നവരുമുണ്ട്. ഭാര്യയുടെ വിവരം മറച്ചുവച്ച മോദിയെ വിമര്‍ശിച്ച ദിഗ് വിജയ് സിങ്ങിന് രഹസ്യമായി പ്രണയിക്കാന്‍ എന്തവകാശം എന്നാണ് ചിലരുടെ ചോദ്യം. മോദി തന്റെ കാര്യം മറച്ചുവച്ചതില്‍ പരാതിയുണ്ടെന്നു മോദിയുടെ ഭാര്യ പത്രസമ്മേളനം വിളിച്ചു പറഞ്ഞിട്ടില്ല. മറിച്ച്, മോദി പ്രധാനമന്ത്രിയാകാന്‍ വേണ്ടി വ്രതമെടുത്തു പ്രാര്‍ഥിക്കുകയായിരുന്നു അവര്‍. അവിടെയും കുത്തിക്കഴപ്പ് എരണംകെട്ട പത്രക്കാര്‍ക്കായിരുന്നു. മോദിയെക്കുറിച്ച് യശോദച്ചേച്ചിക്കും ദിഗിനെക്കുറിച്ച് അമൃതച്ചേച്ചിക്കും പരാതിയില്ലെങ്കില്‍ പരാന്നഭോജികളായ ചാനലുകാരുടെ ഷോക്കിങ് ന്യൂസ് എക്‌സ്‌കഌസീവുകള്‍ ശുദ്ധ പോക്രിത്തരങ്ങളാണെന്നു പറയേണ്ടി വരും.

രാഷ്ട്രീയപ്രവര്‍ത്തകര്‍ സംശുദ്ധ ജീവിതം നയിക്കുന്നവാരിക്കണം എന്നു വാശി പിടിക്കാന്‍ പൊതുജനത്തിന് അവകാശമുണ്ട്. നിലവിലുള്ളവരില്‍ നല്ലൊരു ശതമാനവും ക്രിമിനലുകളാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുമ്പോള്‍ പ്രണയിച്ചു എന്ന കുറ്റത്തിന് നേതേക്കന്‍മാരെ കല്ലെറിയുന്നത് ശരിയല്ല. സ്വന്തം സ്വകാര്യതയില്‍ സര്‍ക്കാര്‍ എത്തിനോക്കുന്നു എന്നു കണ്ടാല്‍ മനുഷ്യാവകാശലംഘനം എന്നു പറഞ്ഞ് മുറവിളി കൂട്ടുന്നവര്‍ രാഷ്ട്രീയനേതാക്കന്‍മാരുടെ കിടപ്പറച്ചിത്രങ്ങള്‍ വരെ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തു കളിക്കുന്നത് വൃത്തികേടാണ്. പ്രേമിക്കാനാണെങ്കിലും ഒരു മിനിമം ആണത്തമെങ്കിലും വേണം. ജസ്റ്റിസ് മനുവിനെപ്പോലുള്ള ഓള്‍ഡ് ജെനറേഷന്‍ യുവറോണര്‍മാര്‍ പറഞ്ഞിരിക്കുന്നതനുസരിച്ച് ഗൃഹസ്ഥാശ്രമം കഴിഞ്ഞാല്‍ പിന്നെ വാനപ്രസ്ഥമാണ്. വാനപ്രസ്ഥം നയിക്കേണ്ട പ്രായത്തില്‍ ഗൃഹസ്ഥാശ്രമം ട്രൈ ചെയ്യുന്നതിലാണ് വിപ്ലവം ഉള്ളത്. അതിനെയാണ് ന്യൂ ജനറേഷന്‍ എന്നു വിളിക്കേണ്ടത്. ന്യൂജനറേഷന്‍ എന്നു പച്ചകുത്തി നടക്കുന്ന വിഡ്ഡികള്‍ ദിഗ് വിജയ് സിങ്ങിനെ കരിവാരി തേക്കുന്നതിലൂടെ കുലം കുത്തിക്കളിക്കുന്നത് സ്വന്തം ജനറേഷനിലാണ്. ദിഗ് വിജയ് സിങ്ങിനോട് എനിക്കു ബഹുമാനം മാത്രമേയുള്ളൂ. അറുപത്തേഴാം വയസ്സില്‍ ഏതെങ്കിലും ഒരു സ്ത്രീയെ പ്രണയിക്കാന്‍ മാത്രം യൗവ്വനമോ ആരോഗ്യമോ റൊമാന്റിക് ആയ ഒരു മനസ്സോ എനിക്കുണ്ടാകുമെന്ന് പ്രതിക്ഷയില്ല. ദിഗ് വിജയ് സിങ്ങിനും അമൃതയ്ക്കും ശുഭകരമായ ഒരു പ്രണയജീവിതം ആശംസിക്കുന്നു.

മഹാരാജാവ് നീണാള്‍ വാഴട്ടെ !

രാജാവ് നഗ്നനാണ് എന്നത് ചരിത്രത്തിലെ ഏറ്റവും വലുതും ഇന്നും നമ്മളൊക്കെ പലയിടത്തും ഉദ്ധരിക്കുകയും ചെയ്യുന്ന ഏറ്റവും ധീരമായ തുറന്നു പറച്ചിലായാണ് ലോകം കണക്കാക്കുന്നത്. കാര്യം ജനാധിപത്യമൊക്കെയാണെങ്കിലും തിരുവനന്തപുരത്തുകാര്‍ക്ക് ദൈവത്തെപ്പോലെ ആരാധ്യനായ തിരുവിതാംകൂര്‍ രാജാവിനു കള്ളന്റെ ഇമേജ് നല്‍കിയ അമിക്യസ് ക്യൂരിയുടെ ധീരതയില്‍ പക്ഷെ ആരും അദ്ഭുതപ്പെടുന്നില്ല. കള്ളന്‍മാരെ ആദരിക്കുകയും ധീരന്‍മാരെ കുഴിച്ചുമൂടുകയും ചെയ്യുന്നവരെന്ന നിലയില്‍ മലയാളിക്ക് അമിക്യസ് ക്യൂരിയെ ബഹുമാനിക്കാന്‍ സാധിക്കുകയുമില്ല.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണശേഖരം ആര്‍ക്ക് അവകാശപ്പെട്ടതാണ് എന്ന ചോദ്യത്തില്‍ നിന്നു വേണം മറ്റെല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍. അത് രാജാവിനും ഫാമിലിക്കും അവകാശപ്പെട്ടതാണെന്നും ബ്രിട്ടിഷുകാരുടെ കയ്യില്‍പ്പെടാതെ അതവിടെ സൂക്ഷിച്ചുവച്ച രാജാപാര്‍ട്ടിനെ പൂജിക്കാതെ അവരെ കുറ്റം പറയുന്നോടാ പട്ടികളേ എന്നാണ് പ്രധാനമായും നീതിമാന്‍മാര്‍ക്കു ചോദിക്കാനുള്ളത്. ഇതിനിടയിലാണ് സ്വര്‍ണം നാട്ടുകാര്‍ക്കെല്ലാം വീതം വച്ചുകൊടുക്കണമെന്ന വാദവും സര്‍ക്കാരിലേക്കു മുതല്‍ക്കൂട്ടണമെന്ന തിയറിയുമൊക്കെ വരുന്നത്. നാട്ടുകാര്‍ക്ക് കൊടുത്താല്‍ സ്വാഭാവികമായും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ വഴി അതും സര്‍ക്കാര്‍ ഖജനാവിലേക്കാണ് എത്തുന്നത്. സര്‍ക്കാരിനു കിട്ടുന്ന പണം ആരുടെയൊക്കെ പോക്കറ്റുകളിലേക്കു പോകുമെന്നത് നമുക്ക് കൃത്യമായി അറിയാം (മുകേഷ് അംബാനിയുടെ ദിവസ വരുമാനം 1100 കോടി രൂപ).

അപ്പോള്‍ അന്നു സുപ്രീം കോടതി പറഞ്ഞതുപോലെ നിധി ഇപ്പോള്‍ ഇരിക്കുന്നിടത്തു തന്നെ സൂക്ഷിച്ചു വയ്ക്കുക എന്നതാണ് തല്‍ക്കാലം ചെയ്യാവുന്നത്. അക്കാലത്തെ രാജഭരണത്തില്‍ നിര്‍വൃതിയടഞ്ഞ പ്രജകള്‍ ഭക്തിമൂത്ത് പ്രാന്തായപ്പോള്‍ ഉള്ള സ്വര്‍ണവും കിണ്ടിയും എല്ലാം രാജാവിനു കാഴ്ചവച്ച് ആത്മശാന്തി നേടിയതിന്റെ സ്മാരകമായി അക്ഷരമാലക്രമത്തില്‍ വേര്‍തിരിച്ചിട്ടുള്ള നിലവറകള്‍ നിധിഗര്‍ഭവും പേറി അവിടെത്തന്നെ നിലനില്‍ക്കട്ടെ. പക്ഷെ, അതിനൊരു കണക്കു വേണം. ആറ്റില്‍ കളഞ്ഞാലും അളന്നു കളയണം എന്നു പഴഞ്ചൊല്ലുള്ള തിരുവിതാംകൂറില്‍ രാജാവിന്റെ കാല്‍ക്കീഴിലിരിക്കുന്ന സമ്പത്തിന്റെ കണക്കെടുക്കുന്നത് മാത്രം പാപമാണെന്നു വാദിക്കുന്നത് ശരിയല്ല.

അങ്ങനെ അമിക്യസ് ക്യൂരി വന്ന് കാര്യങ്ങള്‍ പഠിക്കുകയും അന്വേഷിക്കുകയും റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. വിഎസ് അച്യുതാനന്ദന്‍ പണ്ടു പറഞ്ഞ കാര്യങ്ങള്‍ അമിക്യസ് ക്യൂരി ആവര്‍ത്തിക്കുക മാത്രമാണു ചെയ്തതെന്ന് വേണമെങ്കില്‍ പറയാം. ഒന്നുകില്‍ അമിക്യസ് ക്യൂരിയുടെ സിപിഎം ബന്ധം കണ്ടെത്തുക. അല്ലെങ്കില്‍ വിഎസിനെ അംഗീകരിക്കുക. രാജഭക്തന്‍മാര്‍ക്ക് ചോയ്‌സുകള്‍ അധികമില്ല. എന്തായാലും അമിക്യസ് ക്യൂരി റിപ്പോര്‍ട്ട് വിഎസിന്റെ പ്രസ്താവന പോലെയല്ല. വളരെ ആധികാരികമായി അതില്‍ പറയുന്ന ഞെട്ടിക്കുന്ന വിവരങ്ങളുടെ രത്‌നച്ചുരുക്കം ഇവിടെ വായിക്കാം. ക്ഷേത്രത്തിലെ പണിപ്പുരയില്‍ നിന്നും ലഭിച്ച സ്വര്‍ണം പൂശുന്ന യന്ത്രം അവിടെ നടന്ന രാജകീയ ഉഡായ്പുകളുടെ സ്മാരകമായിരിക്കണം. അതെപ്പറ്റിയുള്ള റിപ്പോര്‍ട്ട് ഇവിടെ വായിക്കാം.

മാര്‍ത്താണ്ഡവര്‍മ ഉള്‍പ്പെടെയുള്ള കക്ഷികള്‍ ക്ഷേത്രത്തില്‍ നിന്നു സ്വര്‍ണം കടത്തി എന്ന് ഇന്ന് അമിക്യസ് ക്യൂരി പറയുമ്പോള്‍ നമ്മളൊക്കെ ഞെട്ടുകയാണ്. ബി നിലവറ തുറന്നാല്‍ സര്‍വനാശം വരുമെന്നു പറയുന്ന രാജകുടുംബം ആ നിലവറ പലവട്ടം തുറന്നിട്ടുണ്ട് എന്നാണ് അമിക്യസ് ക്യൂരി റിപ്പോര്‍ട്ട്. 2011 ഓഗസ്റ്റില്‍ വിഎസ് പറഞ്ഞത് ശ്രദ്ധിക്കുക: “അറകളിലെ കണക്കെടുപ്പിനുള്ള ഭീഷണിയെന്ന നിലയില്‍ ദേവപ്രശ്‌നം നടത്തുകയാണ് മാര്‍ത്താണ്ഡവര്‍മ ചെയ്തത്. ശ്രീപത്മനാഭ സ്വാമിയുടെ അറയില്‍ തൊടുന്നവരുടെ കുടുംബത്തെ അത് ബാധിക്കുമെന്നും ദേവപ്രശ്‌നത്തില്‍ പറഞ്ഞു. സര്‍പ്പത്തിന്റെ ചിത്രം കൊത്തി വച്ച നിലവറ നേരത്തെ മാര്‍ത്താണ്ഡവര്‍മ തുറന്നിരുന്നു. മാര്‍ത്താണ്ഡവര്‍മ തുറന്നാല്‍ സര്‍പ്പകോപവുമില്ല. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ എല്ലാ ദിവസവും മാര്‍ത്താണ്ഡവര്‍മ ദര്‍ശനം നടത്തി മടങ്ങുന്നത് പാത്രത്തില്‍ പായസവുമായല്ല അറകളിലെ സ്വര്‍ണവുമായാണ്. നിധി ക്ഷേത്രത്തില്‍ സുരക്ഷിതമല്ല. അവിടുത്തെ ശാന്തിക്കാരനെ ചൂടുവെള്ളം ഒഴിച്ചു കൊല്ലാന്‍ ശ്രമിച്ചത് എനിക്കറിയാം. അയാള്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്.”

വിഎസിന്റെ അന്നത്തെ പ്രസ്താവനകളില്‍ ഏറ്റവും വിവാദമായത് മാര്‍ത്താണ്ഡ വര്‍മ പായസപ്പാത്രത്തില്‍ സ്വര്‍ണം കടത്തുന്നു എന്നതായിരുന്നു. നാട്ടിലെ പച്ചപ്പരിഷ്‌കാരികളും പുരോഗമനവാദികളുമെല്ലാം വിഎസിനെ കല്ലെറിഞ്ഞതും ആ പ്രസ്താവനയുടെ പേരിലായിരുന്നു. അമിക്യസ് ക്യൂരി റിപ്പോര്‍ട്ടില്‍ പായസപ്പാത്രമില്ല. എന്നാല്‍ അതിനെക്കാള്‍ തന്ത്രപരമായ മോഷണവിദ്യകളാണുള്ളത്. അമിക്യസ് ക്യൂരി റിപ്പോര്‍ട്ടിന്റെ പശ്താത്തലത്തില്‍ വിഎസിന്റെ പ്രതികരണം ഇവിടെ വായിക്കാം.

ജനാധിപത്യം പൂത്തുലഞ്ഞു നില്‍ക്കുന്ന ഈ ആം ആദ്മി യുഗത്തില്‍ മാര്‍ത്താണ്‍വര്‍മയെയും മറ്റും മഹാരാജാവെന്നു വിളിച്ച് പൂജിക്കുന്നതിനെയും അമിക്യസ് ക്യൂരി ചോദ്യം ചെയ്യുന്നുണ്ട്. തിരുവനന്തപുരത്ത് സംസ്ഥാനഭരണത്തിനു സമാന്തരമായി രാജഭരണവും നടക്കുന്നു എന്നു പറഞ്ഞിരിക്കുന്നത് വിഎസോ ഉമ്മന്‍ ചാണ്ടിയോ അല്ല, സുപ്രീം കോടതി നിയോഗിച്ച അമിക്യസ് ക്യൂരിയാണ് എന്നത് വളരെ ഗൗരവമുള്ള കാര്യമാണ്. സാമൂഹിക-സാംസ്‌കാരിക നായകര്‍ക്കും ബുദ്ധിജീവികള്‍ക്കും ധീരന്‍മാരായ കേരളത്തിലെ മറ്റു രാഷ്ട്രീയനേതാക്കള്‍ക്കും ഇതെപ്പറ്റി ഒരക്ഷരം മിണ്ടാന്‍ പേടിയാണെന്നതും അമിക്യസ് ക്യൂരിക്ക് റിപ്പോര്‍ട്ടിനൊപ്പം ചേര്‍ക്കാവുന്നതാണ്.

പരിശുദ്ധ മാഫിയ

എന്തുകൊണ്ടാണ് സര്‍ക്കാര്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ടുമൊക്കെ കൊണ്ടുവന്നു നടപ്പാക്കാന്‍ ശ്രമിക്കുന്നത് എന്ന ചോദ്യത്തിനുള്ള ഏറ്റവും ലളിതമായ ഉത്തരമാണ് ഹൈറേഞ്ച് സംരക്ഷണ സമിതിക്കു വേണ്ടി ഇടുക്കിയില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജിനെതിരെ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങളും അവതരിപ്പിക്കപ്പെട്ടിരിക്കുന്ന തെളിവുകളും. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പ്രതിനിധി ഭൂമി തട്ടിപ്പുകാരനാണെങ്കില്‍ ഈ സമിതി ഹൈറേഞ്ച് സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണോ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് അര്‍ഥമില്ല.

ജോയ്‌സ് ജോര്‍ജിനെതിരെയുള്ള ആരോപണങ്ങള്‍ എല്ലാം കെട്ടിച്ചമച്ചതാണെന്നും സിപിഎമ്മിന്റെയും കത്തോലിക്കാസഭയുടെയും അനുഗ്രഹമുള്ള അദ്ദേഹം വളരെ വിശുദ്ധനാണെന്നുമാണ് ഒരു വാദം. മറ്റൊന്ന്, കോണ്‍ഗ്രസ് – കേരള കോണ്‍ഗ്രസ് നേതാക്കളും സിപിഎമ്മുകാരും എല്ലാം വ്യാജപട്ടയങ്ങള്‍ സംഘടിപ്പിച്ച് ഭൂമി തട്ടിപ്പു നടത്തിയിട്ടുണ്ടെന്നിരിക്കെ പാവം ജോയ്‌സ് ജോര്‍ജിനെ മാത്രം വേട്ടയാടുന്നത് ശരിയല്ല എന്നാണ്. എല്ലാവരും ഇവിടെ ഭൂമി മോഷ്ടിക്കാറുണ്ട് എന്നതിനാല്‍ ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്നത് വളരെ ന്യായമായ കാര്യമാണ്. എന്നാല്‍, ഇടുക്കിയിലെ വിശുദ്ധന്‍മാര്‍ പൊതുവേ ഭൂമി തട്ടിപ്പുകാരും കള്ളപ്പട്ടയക്കാരും ആണെങ്കില്‍ ഏതു റിപ്പോര്‍ട്ടിന്റെ സഹായത്തോടെയും അത്തരം സാമൂഹികദ്രോഹികളെ അവിടെ നിന്ന് അടിച്ചിറക്കണം എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ബിഷപ്പിന്റെ അനുഗ്രഹവും ഇടയലേഖനങ്ങളും കള്ളന്‍മാരെ പുണ്യാളന്‍മാരാക്കുമെന്നു വിശ്വസിക്കുന്നവര്‍ കാലഹരണപ്പെട്ട മന്ദബുദ്ധികളാണ്.

ഇടുക്കിയിലെ കര്‍ഷപ്രേമികള്‍ ഭൂമി തട്ടിപ്പുകാരാണെങ്കില്‍ താമരശ്ശേരിയിലെ കര്‍ഷകപ്രേമികള്‍ പാറമടക്കാരാണെന്നാണ് മനസ്സിലാവുന്നത്. കസ്തുരിരംഗര്‍ സമരത്തിന്റെ പേരില്‍ ബിഷപ്പിന്റെ അശീര്‍വാദത്തോടെ നടന്ന അക്രമവും കൊള്ളിവയ്പും ജാലിയന്‍വാലാ ബാഗ് ഭീഷണികളും മുതല്‍ നിരാഹാരസമരം കിടന്ന ക്വാറി മുതലാളിമാര്‍ വരെ ഇതിനു തെളിവാണ്. തങ്ങളുടെ ഭൂമിയും വീടും നഷ്ടപ്പെടുമെന്നു ഭയപ്പെടുത്തി മാഫിയകളും കൊള്ളക്കാരും ആസൂത്രിതമായി നടത്തിയ രാജ്യദ്രോഹപ്രവര്‍ത്തനമായി ഭാവിയില്‍ കസ്തൂരിരംഗന്‍ സമരം വിശേഷിപ്പിക്കപ്പെട്ടാല്‍ അദ്ഭുതപ്പെടാനില്ല.

ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ കര്‍ഷകവിരുദ്ധമാണെന്നു പ്രചരിപ്പിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തി അവരെ തെരുവിലിറക്കി ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കു പ്രോല്‍സാഹിപ്പിക്കുന്നവന്‍ എത്ര വലിയവനായാലും അപകടകാരിയാണ്. ലോകം പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കുകയും അതിനു വേണ്ടി കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്ന ഈ കാലത്ത് അവശേഷിക്കുന്ന വനഭൂമി നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ പടപൊരുതുന്നവന്‍ സ്വാര്‍ത്ഥതയുടെ വെള്ളപൂശിയ കച്ചവടക്കാരാണ്. ഈശ്വരന്‍ ആകാശവും ഭൂമിയും റിസര്‍വ് വനങ്ങളുമെല്ലാം സൃഷ്ടിച്ചത് മനുഷ്യര്‍ക്ക് വെട്ടിക്കീറി വില്‍ക്കാനാണെന്നു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കാലം കല്ലെറിയാന്‍ വൈകില്ല.

പരിസ്ഥിതി സംരക്ഷിക്കണം എന്നു പറയുന്നവരെല്ലാം കൊച്ചിയില്‍ ഫ്‌ളാറ്റില്‍ എസി മുറിയില്‍ കഴിയുന്നവരാണെന്നത് വളരെ പഴയ ഒരു ആരോപണമാണ്. ഇടുക്കിയെപ്പറ്റിയോ വയനാടിനെപ്പറ്റിയോ അഭിപ്രായം പറയുന്നവര്‍ അവിടെ താമസിച്ചു കൃഷി ചെയ്യുന്നവരായിരിക്കണം എന്നതും വളരെ പരിഹാസ്യമായ ഒരു നിലപാടാണ്. റിസര്‍വ് വനങ്ങള്‍ മലയോരത്തുള്ള കള്ളപ്പട്ടയക്കാരുടെ അവകാശമാണെന്നു വിശ്വസിക്കുകയും സര്‍ക്കാര്‍ പ്രതിനിധികളെ അവിടെ കാലുകുത്താന്‍ സമ്മതിക്കില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നത് അനുവദിച്ചുകൊടുക്കാനാവാത്ത വെല്ലുവിളിയാണ്.

പരിസ്ഥിതിലോലം- വയനാട്ടിലെ കാട്ടുതീ മനുഷ്യനിര്‍മിതമാണെന്നു കണ്ടെത്തിയ ശേഷം ഇത്രനാളായിട്ടും ആ തീ നിര്‍മിച്ച മനുഷ്യരെ കണ്ടെത്താനായില്ല എന്നത് വളരെ രസകരമാണ്. അച്ചനും അച്ചായനും പിന്നെ വേണ്ടപ്പെട്ടവരും ഒന്നിച്ചു നിന്നാല്‍ സര്‍ക്കാരും യുനെസ്‌കോയും പശ്ചിമഘട്ടവുമൊക്കെ എന്ത് ?

കോടതി, സിബിഐ, അന്തര്‍ധാര

കോടതിയും സിബിഐയും തമ്മില്‍ പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലാണെങ്കിലും അവര്‍ക്കിടയിലെ അന്തര്‍ധാന സജീവമാണെന്നു വേണം മനസ്സിലാക്കാന്‍. അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത് യുഡിഎഫ് നേതാക്കളുടെ മനസ്സു വേദനിപ്പിക്കുന്ന സംഭവങ്ങള്‍ ഇങ്ങനെ തുടര്‍ച്ചയായി സംഭവിക്കുന്നത് ദൈവനിശ്ചയം ആയിരിക്കണം. അല്ലെങ്കില്‍ തന്നെ കോണ്‍ഗ്രസ് വിരുദ്ധരുടെ സംസ്ഥാന സമ്മേളനമാണ് നടക്കുന്നത്. യുഡിഎഫ് വിരുദ്ധ, സര്‍ക്കാര്‍ വിരുദ്ധ നിലപാടുകളുമായി ദുഷ്ടന്‍മാര്‍ അഴിഞ്ഞാടുകയാണ്.

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനായിരുന്ന സലിം രാജിന്റെ ഭൂമി തട്ടിപ്പു കേസ് സിബിഐയ്ക്കു വിട്ടുകൊടുത്തു കൊണ്ട് ഹൈക്കോടതി സര്‍ക്കാരിനെ തോല്പിച്ചപ്പോള്‍ ഒന്നന്വേഷിക്കൂ ചേട്ടാ എന്നു പറഞ്ഞ് സര്‍ക്കാര്‍ സിബിഐയെ ഏല്‍പിച്ച ടിപി ചന്ദ്രശേഖരന്‍ വധക്കേസ് തങ്ങള്‍ക്ക് അന്വേഷിക്കാന്‍ മാത്രമില്ലെന്നു പറഞ്ഞ് സിബിഐയും സര്‍ക്കാരിനെ തോല്‍പിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് തോല്‍വികളേറ്റുവാങ്ങാന്‍ ആരുടെയൊക്കെയോ എന്തൊക്കെയോ ഇനിയും ബാക്കി.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് കോടതി ഉമ്മന്‍ ചാണ്ടി സാറിന്റെ മനസ്സു വേദനിപ്പിക്കുന്ന രീതിയില്‍ പരാമര്‍ശങ്ങള്‍ നടത്തിയതിനെതിരെ പ്രതിഷേധം ആഞ്ഞടിക്കുകയാണ്. മന്ത്രി കെ.സി.ജോസഫാണ് പ്രധാനമായും അഞ്ഞടിക്കുന്നത്. എല്ലാ കാര്യങ്ങളെപ്പറ്റിയും കോടതി അഭിപ്രായം പറയേണ്ട എന്നാണ് അവറോണര്‍ കെ.സി.ജോസഫ് വിധിച്ചിരിക്കുന്നത്. സലിം രാജിന്റെ കേസിനെപ്പറ്റി വിധി പറയുമ്പോള്‍ സോളാര്‍ കേസിനെപ്പറ്റിയും സരിതയെപ്പറ്റിയും കോടതി പറഞ്ഞത് വലിയ തെറ്റായിപ്പോയെന്നാണ് യുഡിഎഫിലെ നിയമപണ്ഡിതര്‍ പറയുന്നത്. പണ്ടൊരു സിപിഎം ജയരാജന്‍ ജഡ്ജിയെ ശുംഭനെന്നു വിളിച്ചപ്പോള്‍ നീതിപീഠത്തോടുള്ള ഇറെവറന്‍സില്‍ മനംനൊന്തു പിടഞ്ഞവരാണ് ഇപ്പോള്‍ ജുഡീഷ്യറിയുടെ നീതിനിഷേധത്തില്‍ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നത്.

ജഡ്ജിമാര്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന സുപ്രീം കോടതി വിധി ലംഘിച്ചു, ജുഡീഷ്യല്‍ നീതി ലംഘിച്ചു എന്നിങ്ങനെ പരിശുദ്ധനായ മുഖ്യമന്ത്രിക്കെതിരെ കോടതി ചെയ്തിട്ടുള്ള കുറ്റങ്ങളുടെ പട്ടിക നീണ്ടതാണ്. ഇതിനു പുറമേ മുഖ്യമന്ത്രിയെ വിമര്‍ശിച്ച ജഡ്ജി സിപിഎമ്മുകാരനാണ് എന്നൊരു കണ്‍ക്ലൂഷനിലേക്ക് മാധ്യമങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ദില്ലിയിലെ കേരളാ ഹൗസില്‍ വച്ച് ജഡ്ജിയും സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനും തമ്മില്‍ കണ്ടു എന്നതാണ് ഇതിനുള്ള തെളിവായി കണ്ടെത്തിയിരിക്കുന്നത്. ജസ്റ്റിസ് മകളുടെ കല്യാണം ക്ഷണിക്കുകയായിരുന്നെന്നും കൂടിക്കാഴ്ച വ്യക്തിപരമായിരുന്നു എന്നുമാണ് കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. നമ്മളീ എല്‍എല്‍ബി ഒന്നും പഠിച്ചിട്ടില്ലാത്തതുകൊണ്ട് നിയമവശങ്ങളൊന്നും വലിയ പിടിയില്ല.

ചെറിയ ഒരു റിയല്‍ എസ്റ്റേറ്റ് കേസ് സിബിഐയ്ക്കു വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇവിടം വരെ എത്തി നില്‍ക്കുന്നതെങ്കില്‍ കേരളചരിത്രത്തിലെ തന്നെ ഏറ്റവും ഭയങ്കരമായ കൊലപാതക്കേസ് തങ്ങള്‍ക്ക് അന്വേഷിക്കാന്‍ മാത്രം വലിയ സംഭവമല്ല എന്നു പറഞ്ഞ് സിബിഐ തള്ളിക്കളഞ്ഞിരിക്കുകയാണ്. സിബിഐ ചെയ്തത് തെറ്റാണോ ശരിയാണോ എന്നതിനെപ്പറ്റി മന്ത്രി കെ.സി.ജോസഫ് എന്തു പറയുമെന്നു കേട്ടിട്ടു വേണം ഒരു തീരുമാനമെടുക്കാന്‍. എല്ലാ കാര്യങ്ങളെപ്പറ്റിയും കോടതി അഭിപ്രായം പറയേണ്ടതില്ല എന്നു പറഞ്ഞ നാവു കൊണ്ടു തന്നെ എല്ലാ കേസുകളും സിബിഐ അന്വേഷിക്കണം എന്നോ മറ്റോ അദ്ദേഹം പറയുമോ ആവോ.

ഒരു ദേശീയ ഏജന്‍സി അന്വേഷിക്കേണ്ട പ്രാധാന്യം ടിപി വധക്കേസിനില്ലെന്നും നിലവില്‍ സി.ബി.ഐക്ക് കേരളത്തില്‍ ആവശ്യത്തിലധികം കേസുകളുണ്ടെന്നുമാണ് സിബിഐ വക്താവ് വ്യക്തമാക്കിയിരിക്കുന്നത്. സിസ്റ്റര്‍ അഭയയുടെ മരണം പോലും തെളിയിക്കാന്‍ പറ്റാത്ത സിബിഐ അന്വേഷണം കഴിഞ്ഞ് വിചാരണയും വിധിയും കഴിഞ്ഞ കേസില്‍ പുതുതായി എന്തെങ്കിലും കണ്ടെത്തുമെന്നു കരുതാന്‍ വയ്യ. സിബിഐ ഡയറക്ടറുടെ മകളുടെ കല്യാണവും കോടിയേരി ബാലകൃഷ്ണനെ വിളിച്ചിരുന്നോ എന്നതാണ് ഇനി അറിയാനുള്ളത്. കേരളാ ഹൗസില്‍ നിന്നുള്ള എക്‌സ്‌ക്ലൂസീവ് വിഡിയോ ദൃശ്യങ്ങളുമായി ടിവി ചാനലുകാര്‍ സത്യം തെളിയിക്കട്ടെ എന്നു പ്രത്യാശിക്കുന്നു.

സിനിമാറ്റിക് പൈലറ്റ് ഡാന്‍സ്

വിമാനത്തില്‍ ഓട്ടോ പൈലറ്റ് വന്നതിനു ശേഷം ഓട്ടോറിക്ഷ ഓടിക്കുന്നതിനെക്കാള്‍ ഈസിയായി സാധനം പറപ്പിക്കാം എന്നു പറഞ്ഞു കേട്ടപ്പോള്‍ വിശ്വസിച്ചിട്ടില്ല. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യങ്ങളൊക്കെ പരിശോധിച്ചാല്‍ വിമാനം പറപ്പിക്കാന്‍ പൈലറ്റ് സീറ്റിലിരിക്കേണ്ട കാര്യം പോലുമില്ല എന്നാണ് മനസ്സിലാവുന്നത്. അപ്പോള്‍പ്പിന്നെ എന്തിനാണ് ഈ തൊഴിലില്ലാത്ത ചെറുപ്പക്കാരെ വിവിധ വിമാനക്കമ്പനികള്‍ വലിയ ശമ്പളം കൊടുത്തു ചുമക്കുന്നത്. സാധനം പൊങ്ങുകയാണ്, താഴുകയാണ് എന്നൊക്കെ പറയാനും മറ്റുമായി ഒരു വിര്‍ച്വല്‍ വോയ്‌സ് അസിസ്റ്റന്റിനെ വച്ചാല്‍ ആ ക്യാബിന്‍ അടയ്ക്കാം. വിമാനയാത്ര കുറച്ചുകൂടി സുരക്ഷിതമാവുകയും കമ്പനികള്‍ക്കു ചിലവു കുറയ്ക്കുകയും ചെയ്യാം.

മലേഷ്യന്‍ വിമാനം പൈലറ്ററിയാതെ എവിടെയും പോവില്ല എന്നാണ് എല്ലാ തിയറികളുടെയും ചുരുക്കം. വേറെയാരോ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ വഴി താഴെയിരുന്ന് വിമാനം പറത്തിക്കൊണ്ടു പോവുകയായിരുന്നു എന്നും തിയറിയുണ്ട്. അങ്ങനെ മൊബൈല്‍ ആപ്പ് വഴി പറത്താവുന്ന സാധനമാണെങ്കില്‍ പിന്നെ പൈലറ്റിന്റെ ആവശ്യമെന്താണ് എന്നതും പ്രസക്തമായ ചോദ്യമാണ്. പോരെങ്കില്‍ താഴെയിരുന്നു കൃത്യമായി നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യാവുന്ന സാധനം ട്രാക്ക് ചെയ്യാതിരിക്കാന്‍ വേണ്ടി പൈലറ്റ് അകത്തിരുന്ന് ട്രാന്‍സ്‌പോണ്ടറും മറ്റും ഓഫ് ചെയ്‌തെങ്കില്‍ പൈലറ്റ് വിമാനത്തില്‍ അധികപ്പറ്റാണെന്നു മാത്രമല്ല, അനാവശ്യവും വിമാനസുരക്ഷയ്ക്ക് ഭീഷണിയുമായിത്തീരുന്നു എന്നു വേണം മനസ്സിലാക്കാന്‍.

പൈലറ്റ് വിമാനത്തിനു ഭീഷണിയാണ് എന്ന തിയറി ശരി വയ്ക്കുന്നതാണ് സ്‌പൈസ് ജെറ്റ് വിമാനത്തിലെ ഓണ്‍ എയര്‍ ഹോളി ആഘോഷപരിപാടികള്‍. വേറെ എയര്‍ലൈനുകള്‍ ഒക്കെ ഇമ്മാതിരി പരിപാടികള്‍ നടത്തുന്നത് കണ്ട് അതിന്റെ ദയനീയമായ ഒരനുകരണമാണ് സ്‌പൈസ്‌ജെറ്റ് ഉദ്ദേശിച്ചതെന്നു തോന്നുന്നു. അതെന്തെങ്കിലുമാകട്ടെ. പറക്കുന്ന വിമാനത്തില്‍ എയര്‍ ഹോസ്റ്റസ് പെണ്‍കുട്ടികള്‍ നൃത്തം ചെയ്തതോടൊപ്പം കോക്പിറ്റില്‍ നിന്ന് യുവ പൈലറ്റ് കൂടി ഇറങ്ങി വന്ന് അവരോടൊപ്പം നൃത്തം ചവിട്ടുകയും മറ്റേ പൈലറ്റ് മൊബൈല്‍ ക്യാമറയില്‍ ഹോളി നൃത്തം ചിത്രീകരിക്കുകയും ചെയ്യുന്നതാണ് യാത്രക്കാരന്‍ ചിത്രീകരിച്ച മൊബൈല്‍ വിഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.

ഓട്ടോ പൈലറ്റുള്ളപ്പോള്‍ പൈലറ്റിനു കോക്പിറ്റിനുള്ളില്‍ ബോബനും മോളിയും വായിക്കുകയോ ചീട്ടുകളിക്കുകയോ എയര്‍ ഹോസ്റ്ററുമാരുടെ മുടിയിലെ പേന്‍ നോക്കുകയോ ഒക്കെ ചെയ്യാം. എന്നാല്‍, ഇതൊക്കെ ഇത്രേം നിസ്സാരമാണെന്ന് അതില്‍ യാത്ര ചെയ്യുന്ന ആളുകള്‍ മനസ്സിലാക്കിയിട്ടുണ്ടാവില്ല. വിമാനം പറക്കുകയും പൈലറ്റ് അകത്തു ഡാന്‍സ് കളിക്കുകയും ചെയ്യുമ്പോള്‍ അപ്പോള്‍ ആരാ ചേട്ടാ വളയം പിടിക്കുന്നത് എന്നൊരു സംശയം യാത്രക്കാര്‍ക്കുണ്ടാകുന്നത് ഒരു തെറ്റല്ല. വിമാനം പറക്കുമ്പോള്‍ ഡാന്‍സ് കളിച്ച സംഭവത്തില്‍ രണ്ടു പൈലറ്റുമാരെ സസ്‌പെന്‍ഡ് ചെയ്ത് പൈലറ്റുമാരുടെ തൊഴിലിന്റെ മാഹാത്മ്യം നിലനിര്‍ത്താന്‍ വ്യോമയാനഗതാഗതവകുപ്പ് ശ്രമിച്ചിട്ടുണ്ട്. സ്‌പൈസ് ജെറ്റിനു കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.

വിമാനം പറക്കുമ്പോള്‍ ക്യാബിന്‍ ക്രൂ സര്‍പ്രൈസ് ഡാന്‍സ് നടത്തുന്നത് ഇതാദ്യ സംഭവമൊന്നുമല്ല. അതൊക്കെ മേല്‍പ്പറഞ്ഞതുപോലെ വ്യോമയാനഗതാഗതത്തിന്റെ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു എന്നാണ് സങ്കല്‍പം. അഥവാ അല്ലെങ്കിലും അത് നാട്ടുകാരെ അറിയിട്ടില്ല ആരും. ഇത് ആ പരിധികളൊക്കെ ലംഘിച്ചുപോയി. വിഷുവും ഓണവുമൊക്കെയാണ് വരുന്നത് വിമാനത്തിനുള്ളില്‍ പൂക്കളമിടാനും ഊഞ്ഞാലിടാനുമൊക്കെ ഇവന്‍മാര്‍ തീരുമാനിച്ചാല്‍ യാത്രക്കാരുടെ കാര്യം കഷ്ടത്തിലാവും.

വിമാനയാത്രയുടെ സുരക്ഷയെക്കാള്‍ ആശയക്കുഴപ്പമാണ് ഇവിടെ പ്രധാനം. കൊച്ചിയില്‍ മലയാള സിനിമാതാരങ്ങള്‍ വിമാനത്തിനുള്ളില്‍ തൊട്ടിസംസ്‌കാരം പ്രകടിപ്പിക്കുകയും ക്യാബിന്‍ ക്രൂവിനെ അധിക്ഷേപിക്കുകയും ചെയ്തപ്പോള്‍ ഇന്‍ഡിഗോ വിമാനം സകല അലവലാതികളെയും ഇറക്കിവിട്ടത് അടുത്ത കാലത്താണ്. സ്‌പൈസ്‌ജെറ്റിലാണെങ്കില്‍ വിമാനം പറത്തേണ്ട പൈലറ്റ് പോലും സാധനം ആകാശത്ത് പറന്നുകൊണ്ടിരിക്കുമ്പോള്‍ ഡാന്‍സ് കളിക്കുകയാണ്. അന്നു മലയാള സിനിമക്കാര്‍ സ്‌പൈസ്‌ജെറ്റ് പിടിച്ചാല്‍ മതിയായിരുന്നു.

വിമാനം പറക്കുന്നതിനു മുമ്പ് അലമ്പുണ്ടാക്കുന്ന യാത്രക്കാരെ ഇറക്കിവിടാന്‍ വിമാനജീവനക്കാര്‍ക്ക് സാധിക്കും. ആകാശത്തുവച്ച് അലമ്പുണ്ടാക്കിയാല്‍ തിരിച്ചിറക്കിയും ഇറക്കിവിടാം. എന്നാല്‍, പൈലറ്റ് ഡാന്‍സ് കളിക്കുകയും ക്യാപ്റ്റന്‍ അത് മൊബൈല്‍ ക്യാമറയിലെടുക്കുകയും വിമാനം പറക്കുകയും ചെയ്യുമ്പോള്‍ യാത്രക്കാര്‍ക്ക് രക്ഷപെടണമെന്നു തോന്നിയാല്‍ പിടിച്ചുവലിക്കാന്‍ ഒരു ആപായച്ചങ്ങല പോലുമില്ല. ഡാന്‍സ് കളിച്ചു സസ്‌പെന്‍ഷന്‍ വാങ്ങിയ പൈലറ്റിന് എത്രയും വേഗം തിരികെ വന്നു കളിതുടരാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു. ഇന്ത്യയിലെ എല്ലാ വിമാനയാത്രക്കാരെയും ദൈവം രക്ഷിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.

ബോബി ചെമണൂരിനൊരു സല്യൂട്ട്

അതിയാന്റെ തലയ്‌ക്കെന്തോ കുഴപ്പമുണ്ടെന്ന ധാരണയില്‍ മാധ്യമങ്ങള്‍ പോലും വളരെ സൂക്ഷിച്ചാണ് കൈകാര്യം ചെയ്യുന്നത്. നാട്ടുകാര്‍ക്ക് ചോര കൊടുക്കാന്‍ വേണ്ടിയാണോ അതോ പ്രശസ്തിക്കു വേണ്ടിയാണോ വേദനിക്കുന്ന കോടീശ്വരന്‍ ഓടുന്നതെന്ന സംശയം കാരണം അയാളെപ്പറ്റി നല്ലതു പറയാന്‍ സോഷ്യല്‍ മീഡിയയക്കും ചങ്കുറപ്പില്ല. നമ്മുടെ കണക്കുകൂട്ടലുകള്‍ക്കും മുന്‍വിധികള്‍ക്കും അനുസരിച്ചു മുന്നോട്ടു പോകുന്നവരെയേ നമ്മള്‍ നോര്‍മലായി കാണാറുള്ളൂ. നമ്മുടെയെല്ലാം പൊതുവികാരം പുച്ഛമാണെങ്കിലും ബോബി ചെമണൂര്‍ നടത്തിക്കൊണ്ടിരിക്കുന്ന മാരത്തണിനെ ആരൊക്കെ അധിക്ഷേപിച്ചാലും കേരളം അടുത്ത കാലത്തു കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശ്രമകരമായ ഒരു ജോലിയാണ് അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത് എന്നു പറയാതെ വയ്യ.

ബോബി ചെമണൂര്‍ പൊരിവെയിലത്ത് വിചിത്രമായ വേഷം ധരിച്ചോടുന്നത് സിംബോളിക്കലായല്ല. കേരളത്തിലെ രാഷ്ട്രീയസിംഹങ്ങള്‍ നടത്തുന്ന കേരളയാത്രകള്‍ പോലെയുമല്ല ബോബിയുടെ പ്രയാണം. മുഖ്യമന്ത്രി രാജി വയ്ക്കണം എന്നാവശ്യപ്പെടാനോ സ്വര്‍ണക്കടമുതലാളിമാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്താനോ വേണ്ടിയല്ല ബോബി ചെമണൂര്‍ കേരളത്തിലെ തെരുവുകളിലൂടെ സ്വന്തം കാലുകളുപയോഗിച്ച് 1000 കിലോമീറ്റര്‍ ഓടുന്നത്. അദ്ദേഹത്തിന്റെ സന്ദേശം വളരെ പുതിയതുമല്ല. രക്തം നല്‍കൂ… ജീവന്‍ രക്ഷിക്കൂ എന്ന കേട്ടുപഴകിയ എന്ന സന്ദേശമാണ് ബോബി ചെമണൂരിന്റേതും. മാരത്തണിലൂടെ രക്തദാനത്തിന്റെ സന്ദേശം ജനങ്ങളില്‍ വീണ്ടുമെത്തിക്കുകയും ജനങ്ങളില്‍ നിന്നു രക്തദാനസമ്മതപത്രം വാങ്ങി ലോകത്തെ ഏറ്റവും വലിയ രക്തബാങ്ക് രൂപീകരിക്കുകയുമാണ് ബോബി ലക്ഷ്യമിടുന്നത്.

ഇടയ്ക്കിടെ രക്തം ആവശ്യമുണ്ടെന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതുപോലെ തന്നെ സദുദ്ദേശത്തോടെയുള്ള ഒരു ജീവകാരുണ്യപ്രവര്‍ത്തനമാണ് ബോബി ചെയ്യുന്നത് എന്നെങ്കിലും നമ്മള്‍ അംഗീകരിച്ചേ തീരൂ. അദ്ദേഹം ഓടുന്നതുകൊണ്ട് അദ്ദേഹത്തിന് പ്രശസ്തിയോ പുരസ്‌കാരങ്ങളോ കിട്ടുന്നെങ്കില്‍ അതും അഗീകരിക്കാവുന്നതാണ്. വലിയൊരു ആശയത്തിനു വേണ്ടി വളരെ ആത്മാര്‍ഥമായി അധ്വാനിക്കാന്‍ തന്റെ ജീവിതത്തില്‍ നിന്ന് 30 ദിവസം മാറ്റി വയ്ക്കാന്‍, ആയിരം കിലോമീറ്റര്‍ ദൂരം ഓടി ആളുകളെ ബോധവല്‍ക്കരിച്ച് ബ്ലഡ് ബാങ്കുകള്‍ രൂപീകരിക്കാന്‍ എനിക്കും നിങ്ങള്‍ക്കും സമയമോ സൗകര്യമോ താല്‍പര്യമോ ഇല്ലാത്തിടത്തോളം ഇതിനൊക്കെ സന്നദ്ധനായ ബോബി ചെമണൂരിന് മുന്‍വിധികളില്ലാതെ ഒരു സല്യൂട്ട് നല്‍കാന്‍ ഞാനാഗ്രഹിക്കുന്നു.

ഒരു സാമൂഹികപ്രവര്‍ത്തകന്‍ അല്ലെങ്കില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പ്രത്യേകിച്ച് ഒരു പണിയും ചെയ്യാതെ ന്യൂസ് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവനായിരിക്കണം എന്നതാണ് പൊതുവേയുള്ള മുന്‍വിധി. രക്തദാനം മഹാദാനം പോലെയുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഒറ്റയ്ക്ക് സ്‌കൂട്ടറിലും സൈക്കിളിലുമൊക്കെ ഭാരതയാത്ര നടത്തുന്നവരെയും ബോബിയെപ്പോലെ തന്നെ മാരത്തണ്‍ നടത്തുന്നവരെയും വാര്‍ത്തകളില്‍ ഇടക്കിടെ കാണാറുമുണ്ട്. അവരെയൊക്കെ അരവട്ടന്‍മാരെന്നു വിശേഷിപ്പിച്ച്് ചാനലുകളിലെ കള്ളത്താടികളുടെ ആക്രോശങ്ങള്‍ക്കു ചെവികൊടുക്കുകയാണ് നമ്മള്‍ ചെയ്യാറുള്ളത്. അവരോരരുത്തര്‍ക്കുമെന്നതുപോലെ ബോബിക്കും തന്റെ ലക്ഷ്യത്തിന്റെ നന്മയും അനുഗ്രഹങ്ങളും ലഭിക്കട്ടെ എന്നാശംസിക്കുന്നു.

ചരിത്രം കുറിക്കുന്ന കേരളരക്ഷായാത്രകള്‍ സംഘടിപ്പിക്കുന്ന നേതാക്കള്‍ പോലും യാത്ര നടത്തുന്നത് എസി കാറുകളിലാണെന്നിരിക്കെ ആയിരം കിലോമീറ്റര്‍ ദൂരവും ഓടാന്‍ തീരുമാനിച്ച ബോബിയുടേത് വളരെ വ്യത്യസ്തമായ യാത്രയാണ്. ഇവിടെ പാവങ്ങളുടെ വേഷം ധരിച്ചെത്തുന്ന നേതാക്കന്‍മാര്‍ വണ്ടികയറിയാല്‍ കോട്ടും സ്യൂട്ടും ധരിക്കുന്നതു നാട്ടുനടപ്പാണെന്നിരിക്കെ എത്ര കോട്ടും സ്യൂട്ടും വേണമെങ്കിലും വാങ്ങാന്‍ കഴിയുന്ന ബോബി ഏതു രാജ്യത്തു ചെന്നാലും ധരിക്കുന്നത് ഇവിടെ ധരിക്കാറുള്ള അതേ വെള്ള വസ്ത്രമാണെന്നതും അവഗണിക്കേണ്ടതില്ല.

യാത്രയ്ക്കിടെ മറഡോണയും ബോബിയോടൊപ്പം ചേരുമെന്നാണ് ഇന്നലെ ബോബി ചെമണൂര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരിക്കുന്നത്. കാസര്‍കോട്ടു നിന്നു തുടങ്ങിയ മാരത്തണ്‍ കണ്ണൂര്‍ ജില്ല കഴിയുമ്പോഴേക്കും റജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍ തുറന്ന് അരലക്ഷത്തോളം ആളുകളെക്കൊണ്ട് രക്തദാനസമ്മതദാനസമ്മതപത്രം സമര്‍പ്പിക്കാനും ബോബിക്കും സംഘത്തിനും സാധിച്ചിട്ടുണ്ട്. ബോബിക്കും മറഡോണയ്ക്കുമൊക്കെ ഭ്രാന്താണെന്നും നമുക്കൊക്കെ മുഴുത്ത സമനിലയാണെന്നും വിശ്വസിക്കുന്നവവര്‍ക്കും എല്ലാ ആശംസകളും നേരുന്നു. എല്ലാവരും നോര്‍മലാകുന്ന ലോകത്ത് കുറച്ചു ഭ്രാന്തുള്ളവരാണ് ചലനം സൃഷ്ടിക്കാറുള്ളത്. ശുഭദിനം.