22 ഫീമെയില്‍ കോട്ടയം (റിവ്യൂ)

പ്രതീക്ഷിച്ചതുപോലെ ആഷിക് അബു നിരാശപ്പെടുത്തിയില്ല. മലയാള സിനിമയില്‍ തന്റെ സ്വന്തം വഴി വെട്ടിത്തെളിച്ചു വന്ന ആഷിക് അബുവിന്റെ പുതിയ ചിത്രം 22 ഫീമെയില്‍ കോട്ടയം 2012ലെ മികച്ച സിനിമകളുടെ പട്ടികയില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നു. 22 ഫീമെയില്‍ കോട്ടയം തിയറ്ററുകളില്‍ സംവേദിക്കുന്നത് പെണ്‍മയുടെ, സ്വാതന്ത്ര്യത്തിന്റെ,വൈകാരികമായ അധിനിവേശങ്ങളുടെ കഥയാണ്. പ്രമേയത്തിന്റെ തെളിമയോടൊപ്പം പാത്രസൃഷ്ടിയിലെ മികവും അഭിനേതാക്കളുടെ സ്വാഭാവികമായ പ്രകടനവും സംവിധായകന്‍ അവലംബിച്ചിരിക്കുന്ന അഖ്യാനശൈലിയും ചിത്രത്തെ വ്യത്യസ്തമാക്കുന്നു. മായാമോഹിനിമാര്‍ക്കും കിങ് ആന്‍ഡ് കമ്മിഷണര്‍മാര്‍ക്കും ഓര്‍ഡിനറി ഹിറ്റുകള്‍ക്കുമിടയില്‍ മലയാളി കാത്തിരുന്ന നന്മ നിറഞ്ഞ സിനിമ, അതാണ് 22 ഫീമെയില്‍ കോട്ടയം.

ന്യൂ ജനറേഷന്‍ സിനിമ എന്ന വിശേഷണം ക്ലീഷേ ആയതിനാല്‍ വളരെ വ്യത്യസ്തമായ ഒരു ന്യൂജനറേഷന്‍ സിനിമ എന്നോ പോസ്റ്റ് മോഡേണ്‍ ന്യൂ ജനറേഷന്‍ സിനിമ എന്നോ ഈ ചിത്രത്തെ വിശേഷിപ്പിച്ചാല്‍ തരക്കേടില്ല. റിമ കല്ലിങ്കല്‍ അവതരിപ്പിക്കുന്ന ടെസ്സ എബ്രഹാം എന്ന കഥാപാത്രവും ഫഹദ് ഫാസിലിന്റെ സിറില്‍ സി.മാത്യുവും ആണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെങ്കിലും എല്ലാ കഥാപാത്രങ്ങളും കഥാഗതിയോട് ചേര്‍ന്നു നില്‍ക്കുന്ന പ്രകടനമാണ് നടത്തുന്നത്. താരാധിപത്യത്തിന്റെ കാലം കഴിഞ്ഞു എന്നു വിളിച്ചു പറയുന്ന സിനിമ പല സീനുകളിലും പ്രേക്ഷകരുടെ കണ്ണുകള്‍ ഈറനണിയിക്കുന്നുണ്ട്. കോമഡി രംഗങ്ങള്‍ക്കു വേണ്ടിയുള്ള സീനുകളോ സംഭാഷണങ്ങളോ സിനിമയിലില്ല. എന്നാല്‍, പല രംഗങ്ങളിലും പ്രേക്ഷകര്‍ മനസ്സു തുറന്നു ചിരിക്കുന്നുണ്ട്. തിയറ്ററിലെ ആരവങ്ങളുടെ ആശയവിനിമയം ഒരു കുടുംബസദസ്സിലെ എന്നതുപോലെ മാറുന്നത് ചിത്രത്തിന്റെ സാമൂഹികപ്രസക്തിയുടെ തെളിവാണ്.

പ്രണയത്തിന്റെ കാല്‍പനികമായ ബോറടികളില്ലാതെ ടെസ്സയുടെയും സിറിലിന്റെയും ജീവിതം ഒരു കവിതപോലെ നമ്മോട് സംവദിക്കുന്നത് സ്വാതന്ത്ര്യത്തിന്റെയും സ്ത്രീത്വത്തിന്റെയും രാഷ്ട്രീയമാണ്. അവരോടൊപ്പം ചിരിക്കാനും അവര്‍ക്കൊപ്പം വേദനിക്കാനും നമുക്ക് സാധിക്കുന്നത് പല കഥാസന്ദര്‍ഭങ്ങളും പ്രേക്ഷകര്‍ക്ക് അവരുടെ ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്തതാണെന്ന തോന്നലുണ്ടാകുന്നതുകൊണ്ടാണ്. ഋജുവായ ആഖ്യാനശൈലിയും കയ്യടക്കത്തോടെയുള്ള അഭിനയവും അതിഭാവുകത്വം നിറഞ്ഞ സിനിമകള്‍ കണ്ടു പരിചയിച്ച നമ്മെ ചിലപ്പോഴൊക്കെ അദ്ഭുതപ്പെടുത്തും. നടന്‍ എന്ന നിലയില്‍ നിന്ന് ഫദഹ് ഫാസിലിന് തന്റെ കരിയറില്‍ താരസിംഹാസനമുറപ്പിക്കാന്‍ ഈ ചിത്രം മതിയാവും. ടെസ്സയെ വേദന നിറഞ്ഞ ഓരോര്‍മയായി മനസ്സിലവശേഷിപ്പിച്ച റിമയും നവീനമായ അഭിനയശൈലിയിലൂടെ മലയാള സിനിമയെ പലതും പഠിപ്പിക്കുന്നുണ്ട്. തിയറ്റര്‍ വിട്ടിറങ്ങുമ്പോള്‍ ടെസ്സയും സിറിലും നമ്മോടൊപ്പം പോരുന്നതും അതുകൊണ്ടാണ്.

സംവിധായകന്‍ ആഷിഖ് അബുവിനെ പ്രകീര്‍ത്തിക്കുന്നതോടൊപ്പം എടുത്തു പറയേണ്ടത് തിരക്കഥാകൃത്തുക്കളായ അഭിലാഷ് കുമാറിന്റെയും ശ്യാം പുഷ്കരന്റെയും ധീരമായ ചുവടുവയ്‍പുകളാണ്. ആഷിഖ് അബുവിന്റെ പിന്തുണയോടെ എങ്കിലും മലയാളത്തില്‍ ഒരു തിരക്കഥാകൃത്തും പരീക്ഷിക്കാത്ത അനായാസതയോടെയാണ് കഥ പ്രേക്ഷകര്‍ക്കു മുന്നിലവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകരുടെ മുന്‍വിധികളെ അട്ടിമറിക്കുന്ന കഥാഗതി അട്ടിമറിക്കുന്നത് സിനിമയെ സംബന്ധിച്ച് മാത്രമല്ല, ജീവിതത്തെ സംബന്ധിച്ചും ധാര്‍മിക-സദാചാര മൂല്യങ്ങളെ സംബന്ധിച്ചുള്ള മുന്‍വിധികള്‍ കൂടിയാണ്.

സംവിധായകനെയും തിരക്കഥാകൃത്തുക്കളെയും പുകഴ്‍ത്തി അവസാനിപ്പിക്കുന്നത് ഈ സിനിമയ്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച മറ്റു പ്രതിഭകളോടുള്ള അനാദരവാകും. എല്ലാ ഘടകങ്ങളും നന്നായ ഒരു നല്ല സിനിമയാണ് 22 ഫീമെയില്‍ കോട്ടയം. തുടക്കം മുതല്‍ പ്രൊമോഷനല്‍ രീതികളിലൂടെയും സോഷ്യല്‍ മീഡിയ മാര്‍ക്കങ്ങിലൂടെയും തരംഗം സൃഷ്ടിച്ച സിനിമ തിയറ്ററിലും ചരിത്രം ആവര്‍ത്തിക്കുകയാണ്. മികച്ച ഗാനങ്ങളും ഗാനചിത്രീകരണവും പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതാണ്. യുവാക്കളുടെ സിനിമയെന്നോ ന്യൂ ജനറേഷന്‍ സിനിമയെന്നോ ഉള്ള വിശേഷണം സിനിമയുടെ സാമൂഹിക പ്രസക്തിയെ പരിമിതപ്പെടുത്തലാവും. കേരളസമൂഹം ഉറക്കെ ചര്‍ച്ച ചെയ്യേണ്ട ഒരു പ്രമേയം അതിന്റെ കാഠിന്യമില്ലാതെ ലളിതമായ ശൈലിയില്‍ വളരെ ആസ്വാദ്യമായി പ്രേക്ഷകര്‍ക്കു മുന്നിലവതരിപ്പിച്ച ആഷിക് അബുവിനും ക്രൂവിനും ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എന്റെ ഒരു സല്യൂട്ട്.

എന്റെ റേറ്റിങ്- 9/10

Embargo: കോബ്ര (റിവ്യൂ)*

[2012 ഏപ്രില്‍ 12ന് സിനിമ റിലീസ് ചെയ്തതിനു ശേഷം പ്രസിദ്ധീകരിക്കാനുള്ളത്]

ടൂര്‍ണമെന്റിനു ശേഷം ലാല്‍ എഴുതി സംവിധാനം ചെയ്ത കോബ്ര കോമഡി ആക്ഷന്‍ ത്രില്ലര്‍ എന്ന നിലയില്‍ വിഷുവിന് അനുയോജ്യമായ ഉല്‍സവചിത്രമായി തിയറ്ററുകളില്‍ ആരവമുയര്‍ത്തുന്നു. ആക്ഷനും കോമഡിക്കും തുല്യ പ്രാധാന്യം നല്‍കിയിരിക്കുന്ന കോബ്രയില്‍ നായകന്‍ മമ്മൂട്ടിയാണെങ്കിലും ഹീറോയിസത്തോടൊപ്പം മമ്മൂട്ടി-ലാല്‍ കോംബിനേഷന്റെ സാധ്യതകളും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. തൊമ്മനും മക്കളും എന്ന സിനിമയ്‍ക്കു ശേഷം മമ്മൂട്ടി-ലാല്‍ കോംബിനേഷനില്‍ നിന്നും മറ്റൊരു ഉല്‍സവവകാല കോമഡി ചിത്രം എന്ന നിലയ്‍ക്ക് കോബ്ര തിയറ്ററുകള്‍ക്ക് പ്രതീക്ഷ പകരുകയാണ്.

കോ ബ്രദേഴ്സ് എന്നതിന്റെ ചുരുക്കമാണെങ്കിലും കോബ്ര എന്നതില്‍ നായകന്റെ പേരുമുണ്ട്. രാജവെമ്പാല എന്നതിന്റെ ചുരുക്കമെന്നോണം രാജ എന്നറിയപ്പെടുന്ന മമ്മൂട്ടിയുടെയും കരിമൂര്‍ഖന്‍ എന്നതിന്റെ ചുരുക്കമായി കരി എന്നു വിളിക്കുന്ന ലാലിന്റെയും സൗഹൃദത്തിന്റെ കഥയാണ് കോബ്ര. സൗഹൃദമാണെങ്കിലും അവരെ പിരിയാനാവാത്ത വിധം ചേര്‍ത്തുവയ്‍ക്കുന്ന ചില കണ്ണികളും ആ കണ്ണികള്‍ തേടി ഭൂതകാലത്തില്‍ നിന്നെത്തുന്ന സത്യങ്ങളുമാണ് സിനിമയെ സംഭവബഹുലമാക്കുന്നത്. ഇരുവരുടെയും നായികമാരായ ആനിയും ഷേര്‍ലിയുമായി കനിഹയും പത്മപ്രിയയും ചിത്രത്തിലുണ്ടെങ്കിലും ന്യൂ ജനറേഷന്‍ സിനിമകളിലെപ്പോലെ ഇവര്‍ക്കിടയില്‍ അവിഹിതബന്ധങ്ങളില്ല.

ഒരുമിച്ചു നിന്നാല്‍ കോബ്രയെ തോല്‍പിക്കാന്‍ ആര്‍ക്കുമാവില്ല എന്നറിയാവുന്ന ചിലര്‍ അവരെ പരാജയപ്പെടുത്താന്‍ വഴികള്‍ തേടുകയാണ്. നായികമാരുടെ വരവോടെ സിനിമ രസകരമാവുകയാണ്. ആദ്യപാതിയെന്നോ രണ്ടാം പാതിയെന്നോ വേര്‍തിരിച്ച് ഒരഭിപ്രായം പറയാനാവാത്ത വിധം ആദ്യാവസാനം രസച്ചരട് പൊട്ടാതെ കഥ പറഞ്ഞുപോകാന്‍ എഴുത്തുകാരനും സംവിധായകനുമായ ലാല്‍ ശ്രദ്ധിച്ചിരിക്കുന്നു. ഇരുവരുടെയും സൗഹൃദവും ഇണക്കവും പിണക്കവും തൊമ്മനും മക്കളും എന്ന സിനിമയെ ഓര്‍മിപ്പിക്കുമെങ്കിലും കഥാസന്ദര്‍ഭങ്ങളും പുരോഗതിയും പുതുമയാര്‍ന്നതാണ്. പുതുമയുള്ള പ്രമേയം അവതരിപ്പിക്കുക എന്നതിനെക്കാള്‍ ദ്വയാര്‍ഥപ്രയോഗങ്ങളില്ലാത്ത ഒരുല്‍സവകാല കുടുംബചിത്രം അവതരിപ്പിക്കാനാണ് ലാല്‍ ശ്രമിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ആസ്വദിക്കാവുന്ന സിനിമയില്‍ ഹൃദയത്തില്‍ പതിയുന്ന രംഗങ്ങളുമുണ്ട്.

ലാലു അലക്‍സ് പതിവുപോലെ ഹൈ പിച്ചില്‍ സംസാരിക്കുന്ന രസികന്‍ കഥാപാത്രമായി സിനിമയില്‍ സജീവമായി നില്‍ക്കുമ്പോള്‍ ജഗതിയും ബാബു ആന്റണിയും വ്യത്യസ്തമായ വേഷങ്ങളിലാണ് എത്തുന്നത്. സലിം കുമാര്‍, മണിയന്‍പിള്ള രാജു എന്നിവരുടെ പ്രകടനം പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കും. കഥാസന്ദര്‍ഭങ്ങള്‍ പോലെ തന്നെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളും തിയറ്ററില്‍ പൊട്ടിച്ചിരി പടര്‍ത്തുകയാണ്. ഉദാഹരണത്തിന് പത്മപ്രിയയുടെ കഥാപാത്രം ചോദിക്കുന്നു- നിങ്ങള് ബ്രദേഴ്സ് ട്വിന്‍സ് ആണോ ? ഉടന്‍ മമ്മൂട്ടിയുടെ മറുപടി- അല്ല ക്രിസ്‍റ്റ്യന്‍സാ!. നായകന്മാരെപ്പറ്റി സലിം കുമാറിന്റെ ഡയലോഗ്- കോബ്രകളാണെങ്കിലും നീര്‍ക്കോലികളുടെ മനസ്സായിരുന്നു അവര്‍ക്ക്. ഇത്തരത്തില്‍ പ്രേക്ഷകര്‍ക്ക് എക്കാലവും ഓര്‍ത്തോര്‍ത്തു ചിരിക്കാനുള്ള വക നല്‍കുന്ന മികച്ച എന്റര്‍ടെയ്‍നറാണ് കോബ്ര.

എംപറർ ഫിലിംസിന്റെ ബാനറിൽ ആന്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം വേണു നിർവഹിച്ചിരിക്കുന്നു. പ്ലേഹൗസ് റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു. ഗാനരചന: സന്തോഷ് വര്‍മ, സംഗീതം: അലക്‌സ് പോള്‍.

എന്റെ റേറ്റിങ്- 8.5/10

*ഇത് വിശ്വസനീയമായ റിവ്യൂ എന്ന നിലയ്‍ക്ക് വായനക്കാര്‍ മുഖവിലയ്‍ക്ക് എടുക്കരുത്. ഇറങ്ങാത്ത സിനിമ കാണാതെ റിവ്യൂ എഴുതുന്നത് ഒരു കലയാണ്.