ഗന്ധര്‍വശില്‍പിക്കു പ്രണാമം

സെലബ്രിറ്റികളുടെ കാലത്ത് സാധാരണക്കാരനായി ജീവിച്ചു കടന്നുപോകുന്ന ഇന്ത്യന്‍ ചലച്ചിത്രസംഗീതത്തിന്റെ ഗുരുത്വമായ പത്മശ്രീ കെ.രാഘവന്‍ മാസ്റ്ററുടെ അനശ്വരഗാനങ്ങള്‍ക്കു മുന്നില്‍ പ്രണാമം. തൊണ്ണൂറ്റൊന്‍പതാം വയസ്സില്‍ നമ്മോട് വിടപറഞ്ഞു പോകുമ്പോള്‍ അസ്തമിക്കുന്നത് മലയാളികളുടെ ക്ലാസിക് ഗാനങ്ങശേഖരത്തിന്റെയും തലമുറകള്‍ കൂടെയേറ്റുപാടിയ ഈണങ്ങളുടെയും തിരുശേഷിപ്പാണ്. രാഘവന്‍ മാസ്റ്ററുടെ ഗാനങ്ങളെക്കാള്‍ മഹത്തായ സ്മാരകങ്ങള്‍ അദ്ദേഹത്തിന് ഉണ്ടാവില്ല. അറുപതിലേറെ വര്‍ഷങ്ങളായി മലയാളം ഏറ്റുപാടുന്ന അദ്ദേഹത്തിന്റെ അനശ്വരഗാനങ്ങളിലൂടെ ഒരു സ്രാഷ്ടാംഗപ്രണാമം.

ജീവിതം ഫുക്കുഷിമയില്‍ നിന്ന്

കേരളം നിലവില്‍ ബ്ലോഗിനു പറ്റിയ സ്ഥലമല്ലാത്തതിനാല്‍ അടുത്ത യാത്ര ജപ്പാനിലേക്കാണ്. ജപ്പാനില്‍ കാണാനും മനസ്സിലാക്കാനും അതിമനോഹരമായ സ്ഥലങ്ങളേറെയുണ്ട്. നമുക്ക് പോകേണ്ടത് ആരും പോകാനാഗ്രഹിക്കാത്ത ഫുക്കുഷിമയിലേക്കാണ്. ആണവദുരന്തത്തിനു ശേഷവും ഫുക്കുഷിമയില്‍ ജീവിതമുണ്ട്. അവിടെ ജീവിതമുണ്ട് എന്നത് ജപ്പാന്‍ എന്ന രാജ്യത്തിന്‍റെ മാത്രം കഴിവാണ് എന്നൊക്കെ വേണമെങ്കില്‍ പറയാം. എന്നാല്‍, സര്‍ക്കാരിന്‍റെ അലംഭാവവും സുരക്ഷാവീഴ്ചകളുമാണ് ഫുക്കുഷിമ ദുരന്തത്തിനു കാരണം എന്നു നിലവില്‍ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

നമുക്ക് കാണാനുള്ളത് ഫുക്കുഷിമ ദുരന്തത്തിന്‍റെ രാഷ്ട്രീയമല്ല. ഫുക്കുഷിമയിലെ ജീവിതമാണ്. ആണവചോര്‍ച്ച അവിടുത്തെ പ്രകൃതിയെയും ജീവിതത്തെയും എങ്ങനെ മാറ്റി എന്നത് ലോകത്തിനു കാട്ടിക്കൊടുക്കുന്ന ഏറ്റവും ശ്രദ്ധേയമായ ഡോക്യുമെന്‍ററിയാണ് 2012 മാര്‍ച്ചില്‍ (ഫുക്കുഷിമ ദുരന്തം കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷം) അവിടെ നേരിട്ടു സന്ദര്‍ശിച്ച് ചിത്രീകരിച്ച ഇന്‍ ദി ഗ്രേ സോണ്‍ എന്ന ഡോക്യുമെന്‍ററി. ന്യൂയോര്‍ക്കില്‍ നിന്നുള്ള ഡോക്യുമെന്‍ററി സംവിധായകന്‍ ഇവാന്‍ തോമസ് ആഷ് നിര്‍മിച്ച ഡോക്യുമെന്‍ററി മൂന്നു ഭാഗങ്ങളായി യു ട്യൂബില്‍ അപ്ലോഡ് ചെയ്തത് ഇവിടെ അവതരിപ്പിക്കുന്നു. ഇത് വായിച്ചു സമയം കളയേണ്ട, സമയം ഇത് കാണാന്‍ ചെലവഴിച്ചാല്‍ അതൊരു നഷ്ടമായിരിക്കില്ല.

ബോംബെ രവിയ്ക്ക് പ്രണാമം

ബോംബെ എന്ന സ്ഥലത്തോടുള്ള മലയാളിയുടെ വിശ്വാസമായിരുന്നു അദ്ദേഹം. രവി ബോംബെ. ഇഷ്ടഗാനങ്ങളുടെ ശില്‍പികളോടൊപ്പം അദ്ദേഹവും കടന്നുപോകുമ്പോള്‍ എന്നും നെഞ്ചിലേറ്റി താലോലിച്ച ഗാനങ്ങള്‍ ഒരിക്കല്‍ക്കൂടി പങ്കുവച്ചുകൊണ്ട് ആ സംഗീതചക്രവര്‍ത്തിയ്‍ക്ക് ഹൃദയപൂര്‍വം വിട ചൊല്ലുന്നു.

Oh… iGod

ആലോചിച്ചെടുക്കുന്ന വിശേഷണങ്ങളും അതിഭാവുകത്വം നിറഞ്ഞ ഭാഷാപ്രയോഗങ്ങളും അപൂര്‍വമായി മാത്രം മതിയാകാതെ വരൂ, ചിലരെ വിശേഷിപ്പിക്കാന്‍. ആപ്പിള്‍ സ്ഥാപകനെന്നോ മുന്‍ ചെയര്‍മാനെന്നോ വിശേഷിപ്പിക്കുന്നത് സ്റ്റീവ് ജോബ്‍സിനെ ചെറുതാക്കലാണ്.ഗാഡ്‍ജെറ്റുകളുടെ പ്രവാചകനായ സ്റ്റീവ് ജോബ്‍സ് സാങ്കേതികലോകത്തിന്റെ തന്നെ ചെയര്‍മാനായിരുന്നു.കാരണം, എല്ലാവര്‍ക്കും തോല്‍പിക്കാനും അനുകരിക്കാനും മല്‍സരിക്കാനും ഒരേയൊരു ലക്ഷ്യമാണുണ്ടായിരുന്നത് – ആപ്പിള്‍.

സ്റ്റീവ് ജോബ്‍സിന്റെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞവരെന്നത് നമ്മുടെ മഹാഭാഗ്യങ്ങളില്‍ ഒന്നാണെന്നു ഞാന്‍ വിശ്വസിക്കുന്നു. എന്തു വരം ചോദിച്ചാലും നല്‍കുന്ന, എപ്പോഴും ചോദിച്ചതിനപ്പുറം നല്‍കി വിസ്മയിപ്പിക്കുന്ന പോസ്റ്റ് മോഡേണ്‍ ദൈവത്തിന് പ്രണാമം.

ഓര്‍ത്തെടുക്കാനും കൂടുതലറിയാനും, ചില വിഡിയോകള്‍…

ഒരേയൊരു ജിമ്മി ജോര്‍ജ്ജ്

ലോക വോളിബോളിലെ ലെജന്‍ഡ് ആയിരുന്ന ജിമ്മി ജോര്‍ജിനെപ്പറ്റി ഞാന്‍ കേട്ടിട്ടേയുള്ളൂ. ചരിത്രത്തിലെ ഏറ്റവും മികച്ച വോളിബോള്‍ കളിക്കാരില്‍ ഒരാളായ ജിമ്മി ജോര്‍ജിന്റെ കളി നേരിട്ടോ അല്ലാതെയോ ഞാന്‍ കണ്ടിട്ടില്ല. ഇന്നത്തെ തലമുറയില്‍ വോളിബോള്‍ കമ്പക്കാരല്ലാത്ത എത്ര പേര്‍ ജിമ്മിയെ അറിയും എന്നെനിക്കറിയില്ല. ജിമ്മിയുടെ വീരസാഹസിക കഥകള്‍ കേട്ടു വളര്‍ന്ന എന്റെ തലമുറയ്‍ക്ക് നഷ്ടമായ ഒരു കളിയാണ് വോളിബോള്‍. കേരളത്തില്‍ ആ വോളിബോളിന്റെ സൗന്ദര്യവും പ്രചാരവും നഷ്ടമായത് ജിമ്മി ജോര്ജിന്റെ മരണത്തോടെയായിരുന്നു എന്നു വേണമെങ്കില്‍ പറയാം.

മാധ്യമങ്ങളൊന്നും ഇത്ര ശക്തമല്ലാതിരുന്ന കാലത്ത് ലോകമാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ജിമ്മിയുടെ മരണവാര്‍ത്തയും അന്ന് കായികലോകത്തെ ഞെട്ടിച്ച ഒന്നായിരുന്നു. ഇറ്റലിയിലെ ക്ലബ് വോളിബോള്‍ കളിക്കാരനായിരുന്ന ജിമ്മി അവിടെ വച്ച് 1987ല്‍ ഒരു കാറപകടത്തിലാണ് മരിച്ചത്. പാലാ സെന്റ് തോമസ് കോളജിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ പഴയ തലമുറയുടെ ഇടനെഞ്ചില്‍ ഇന്നും ജിമ്മിയുടെ സ്മാഷുകളുടെ മുഴക്കമാണ്.

ഇപ്പോള്‍ ഇത് പറയാന്‍ എന്തുണ്ടായി എന്നു ചോദിച്ചാല്‍, ജീവിതത്തില്‍ ആദ്യമായി ജിമ്മി ജോര്‍ജിന്റെ കളി കണ്ടു എന്നതാണ്. ജിമ്മിയുടെ സഹോദരന്‍ സെബാസ്‍റ്റിയന്‍ ജോര്‍ജ് ഏറെ പ്രയാസപ്പെട്ടു സമാഹരിച്ച ചില യു ട്യൂബ് വിഡിയോകളിലൂടെയാണ് ചലിക്കുന്ന ജിമ്മിയെ ഞാന്‍ കാണുന്നത്. വിസ്മയത്തോടെ കണ്ടിരുന്നപ്പോള്‍ മാത്രമാണ് ജിമ്മി ജോര്‍ജിന്റെ കളി കാണാന്‍ ഭാഗ്യമില്ലാതായിപ്പോയ എന്റെ തലമുറയെപ്പറ്റി ആലോചിച്ചത്. 25 വര്‍ഷം മുമ്പ് സിയോള്‍ ഒളിംപിക്‍സില്‍ ജപ്പാനെ തോല്‍പിച്ച് ഇന്ത്യ വെങ്കലം നേടിയ കളിയുടെ വിഡിയോ ആണിത്. ജിമ്മി ജോര്‍ജിന്റെ അവസാനത്തെ കളി. ഈ വിഡിയോകള്‍ സമാഹരിച്ച് പങ്കുവച്ച സെബാസ്റ്റ്യന്‍ ജോര്‍ജിനു* നന്ദി.

ഇറ്റലിയില്‍ ജിമ്മി ജോര്‍ജിന്റെ പേരില്‍ ഒരു ഇന്‍ഡോര്‍ സ്റ്റേഡിയമുണ്ട്. കേരളത്തില്‍ തിരുവനന്തപുരത്തും പാലാ സെന്റ് തോമസ് കോളജിലും ഓരോന്നുണ്ട്. ജിമ്മിയുടെ ജന്മദേശമായ പേരാവൂരില്‍ ഒരു റോഡിനോ മറ്റോ അദ്ദേഹത്തിന്റെ പേരിട്ടിട്ടുണ്ടെന്നു തോന്നുന്നു. അദ്ദേഹത്തിന്റെ സ്മാരകമായി വിവിധ രാജ്യങ്ങളില്‍ വോളിബോള്‍ ടൂര്‍ണമെന്റുകളും നടത്തുന്നുണ്ട്. നമ്മുടെ ഏതെങ്കിലും പാഠപുസ്തകത്തില്‍ ജിമ്മി ജോര്‍ജിനെപ്പറ്റി പറയുന്നുണ്ടോ ? ജിമ്മി ജോര്‍ജിനെപ്പറ്റി വിക്കിപ്പീഡിയ.ജിമ്മി ജോര്‍ജിനെപ്പറ്റി ദൂരദര്‍ശന്‍ നിര്‍മിച്ച ഹ്രസ്വചിത്രം കൂടി.

*വിഡിയോ ചൂണ്ടിക്കാണിച്ച ബ്ലോഗര്‍ ഏവൂരാനുംനന്ദി.

കുഞ്ചന്‍ അലിയാസ് നമ്പ്യാര്‍ റീലോഡഡ്

ചിരിയുടെ തല്‍സമയചിത്രങ്ങള്‍ ജീവനോടെ വരച്ചു കാണിച്ച കുഞ്ചന്‍ അലിയാസ് നമ്പ്യാര്‍ റീലോഡഡ് അഥവാ നമ്മുടെ സൊന്തം കാരിക്കേച്ചര്‍ ഷോക്കളിക്കാരന്‍ ജയരാജ് വാര്യര്‍ കളിയാണ് ചിരിയാണ് എന്നൊക്കെ പറഞ്ഞ് വാര്യത്തു നിന്നിറങ്ങിയിട്ട് വര്‍ഷം 25 ആകുന്നു. ആക്ഷേപവും മിമിക്രിയും അഭിനയവും ചിരിയും ചിന്തയും അങ്ങനെ എല്ലാം ചേര്‍ത്ത് ‘ഒരു കൂട്ടാ അങ്ങ്ട് കൂട്ടി’ സ്റ്റേജില്‍ തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടു പോലെ ഒന്നിനു പിറകെ ഒന്നായി നമ്പരുകളിറക്കുന്ന ചിരിയുടെ ഈ പതിനെട്ടാം കൂറ്റുകാരന് ഇനിയൊരന്‍പതാണ്ടു കൂടി ഗലാപരിപാടി തുടരാനുള്ള യൌവ്വനം ബാക്കിയുണ്ട്.

1990ല്‍ തൃശൂരില്‍ കോളജ് യൂണിയന്‍ ഉദ്ഘാടനവേദിയിലെ ‘ഗ്യാപ് ഫില്ലര്‍’ ആയി കാരിക്കേച്ചര്‍ ഷോ അരങ്ങേറിയപ്പോള്‍ അത് പുതിയൊരു പരിപാടിയുടെ ശക്തമായ ‘ലോഞ്ചിങ്’ കൂടിയായിരുന്നു. പാട്ടിന്റെയും കവിതയുടെയും എരിവും പുളിയും ഉപ്പുമെല്ലാം ചേര്‍ന്ന പരിപാടി എല്ലാവര്‍ക്കും രസിച്ചു. രണ്ടുമൂന്നു ദിവസം ശാന്തമായും ബീഭത്സമായും ഭയാനകമായും കടന്നുപോയി.നാലാംദിവസം വാരിയര്‍ക്കു തോന്നി ഇങ്ങനെ പോയാല്‍പോരാ.മനസില്‍ ജയപ്രകാശ് കുളൂര്‍ എന്ന നാടകപ്രവര്‍ത്തകന്റെ രൂപം തെളിഞ്ഞു. നേരെ കോഴിക്കോടിനു വണ്ടികയറി അദ്ദേഹത്തെ കണ്ടു. സംഭവങ്ങള്‍ വിവരിച്ചു. ” കുഞ്ചന്‍നമ്പ്യാരുടെ ശിഷ്യനാകുക. എന്നിട്ടു ചുറ്റുപാടുമുള്ള കാഴ്ചകള്‍ കാണുക”ഇതായിരുന്നു ഉപദേശം.മിമിക്സ് പരേഡ് അന്നു പച്ചപിടിച്ചു തുടങ്ങിയിരുന്നു. അതില്‍നിന്നു വേറിട്ടു നില്‍ക്കണമെന്ന നിര്‍ബന്ധം. രാഷ്ട്രീയവും സാഹിത്യവും സാംസ്കാരികവുമായ വിഷയങ്ങള്‍ പാകത്തിന്, നര്‍മം മേമ്പൊടി, വായനയില്‍നിന്നും ഓര്‍മയില്‍നിന്നും ഊറ്റിയെടുത്ത പദസത്ത് ധാരാളം.. ചാക്യാരുടെ വിശകലനം, തുള്ളലിന്റെ നര്‍മം -പുതിയൊരു വിഭവം തയാര്‍. കാരിക്കേച്ചര്‍ഷോ എന്നു പേരുവീണു.1991ല്‍ യാത്രിനിവാസില്‍ പുതുവല്‍സരത്തിന് അവതരിപ്പിച്ച പരിപാടി, ടൂറിസം വാരാഘോഷത്തോടനുബന്ധിച്ചു നടന്ന പരിപാടി ഇവയൊക്കെ ആദ്യം ശ്രദ്ധിക്കപ്പെട്ടു.

1995ലാണ് ആദ്യ വിദേശപരിപാടി. ഖത്തര്‍, ബഹ്റൈന്‍, ദുബായ്, മസ്കറ്റ് എന്നിങ്ങനെ പത്തുപതിനഞ്ചു വേദികള്‍. അന്നു സത്യനെയും രാഗിണിയേയും പ്രേംനസീറിനേയും എ.എം. രാജയേയുമൊക്കെയാണ് പാട്ടുകളിലൂടെയും മറ്റും അവതരിപ്പിച്ചിരുന്നത്.പിന്നീടു തൃശൂര്‍ മുതല്‍ ദുബായ് വരെ, ന്യൂസിലന്‍ഡ് മുതല്‍ കാനഡവരെ.. നൂറുകണക്കിനു വേദികള്‍

1982ല്‍ അമേച്വര്‍ നാടകരംഗത്ത് പ്രവര്‍ത്തനം ആരംഭിച്ച ജയരാജ് വാരിയര്‍ 84 മുതല്‍ ഏഴു വര്‍ഷം ജോസ് ചിറമ്മലിന്റെ നേതൃത്വത്തിലുള്ള റൂട്ട് എന്ന തിയറ്റര്‍ ഗ്രൂപ്പില്‍ നടനായിരുന്നു. വിശാഖദത്തന്റെ മുദ്രാരാക്ഷസം, ബാദല്‍ സര്‍ക്കാരിന്റെ ഭോമ, ഉല്‍പ്പല്‍ദത്തിന്റെ സൂര്യവേട്ട, വോള്‍സോയിങ്കയുടെ ചതുപ്പില്‍ പാര്‍ക്കുന്നവര്‍, ആനന്ദിന്റെ ശവഘോഷയാത്ര എന്നിവയാണ് അദ്ദേഹം അഭിനയിച്ച പ്രധാന നാടകങ്ങള്‍. 1991 മുതലാണ് ‘കാരിക്കേച്ചര്‍ ഷോ’ എന്ന പുതിയ ആശയവുമായി കേരളത്തിന് അകത്തും പുറത്തുമുള്ള ആയിരക്കണക്കിനു വേദികളില്‍ ജയരാജ് ഏറെ ശ്രദ്ധേയനായത്. 2003 ജൂലൈയില്‍ കേരള നിയമസഭയില്‍ ജനപ്രതിനിധികള്‍ക്കായി അവതരിപ്പിച്ച കാരിക്കേച്ചര്‍ നിയമസഭയുടെ ചരിത്രത്തിലെ ആദ്യ സംഭവമായി.

‘മലയാള മനോരമ’ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നടത്തിയ മോഹന്‍ലാലിന്റെ കഥയാട്ടം പരിപാടിക്കൊപ്പം ‘പല മലയാളം’ എന്ന വാങ്മയചിത്രം അവതരിപ്പിച്ച ജയരാജ് വാരിയര്‍ ഫലിതപ്രധാനമായ കലാവിരുന്നിനു പുതിയ പാതയൊരുക്കുകയായിരുന്നു. മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍, കേന്ദ്രമന്ത്രി പി.എം. സയിദ് തുടങ്ങി ഒട്ടേറെ പ്രമുഖരുടെ പ്രത്യേക പ്രശംസ നേടിയ അവതരണമാണ് പല മലയാളം. മോഹന്‍ലാല്‍ 25 വയസ് എന്ന പേരില്‍ നടന്ന മെഗാഷോ അടക്കം ഒട്ടേറെ മെഗാഷോകളുടെ അവതാരകനായും ഇദ്ദേഹം പ്രസിദ്ധിനേടി. ഒരു യാത്രാമൊഴി, ഭൂതക്കണ്ണാടി, കൊച്ചുകൊച്ചു സന്തോഷങ്ങള്‍, നെയ്ത്തുകാരന്‍ എന്നീ സിനിമകളിലും വേഷമിട്ടു.

അളിയന്‍റെ പരിപാടികളില്‍ നിന്നു ചിലത്-

അനുരാഗദിനാശംസകള്‍ !

“എന്റെ പ്രിയേ, നീ സുന്ദരി; നീ സുന്ദരി തന്നേ. നിന്റെ മൂടുപടത്തിന്‍ നടുവെ നിന്റെ കണ്ണു പ്രാവിന്‍ കണ്ണുപോലെ ഇരിക്കുന്നു; നിന്റെ തലമുടി ഗിലെയാദ് മലഞ്ചെരിവില്‍ കിടക്കുന്ന കോലാട്ടിന്‍ കൂട്ടം പോലെയാകുന്നു.
നിന്റെ പല്ലു, രോമം കത്രിച്ചിട്ടു കുളിച്ചു കയറിവരുന്ന ആടുകളെപ്പോലെ ഇരിക്കുന്നു; അവയില്‍ ഒന്നും മച്ചിയായിരിക്കാതെ എല്ലാം ഇരട്ടപ്രസവിക്കുന്നു.
നിന്റെ അധരം കടുംചുവപ്പുനൂല്‍പോലെയും നിന്റെ വായ് മനോഹരവും ആകുന്നു; നിന്റെ ചെന്നികള്‍ നിന്റെ മൂടുപടത്തിന്‍ ഉള്ളില്‍ മാതളപ്പഴത്തിന്‍ ഖണ്ഡംപോലെ ഇരിക്കുന്നു.
നിന്റെ കഴുത്തു ആയുധശാലയായി പണിതിരിക്കുന്ന ദാവീദിന്‍ ഗോപുരത്തോടു ഒക്കും; അതില്‍ ആയിരം പരിച തൂക്കിയിരിക്കുന്നു; അവ ഒക്കെയും വീരന്മാരുടെ പരിച തന്നേ.
നിന്റെ സ്തനം രണ്ടും താമരെക്കിടയില്‍ മേയുന്ന ഇരട്ട പിറന്ന രണ്ടു മാന്‍ കുട്ടികള്‍ക്കു സമം.
വെയലാറി നിഴല്‍ കാണാതെയാകുവോളം ഞാന്‍ മൂറിന്‍ മലയിലും കുന്തുരുക്കക്കുന്നിലും ചെന്നിരിക്കാം.
എന്റെ പ്രിയേ, നീ സര്‍വ്വാംഗസുന്ദരി; നിന്നില്‍ യാതൊരു ഊനവും ഇല്ല.
കാന്തേ ലെബാനോനെ വിട്ടു എന്നോടുകൂടെ, ലെബാനോനെ വിട്ടു എന്നോടുകൂടെ വരിക; അമാനാമുകളും ശെനീര്‍ ഹെര്‍മ്മോന്‍ കൊടുമുടികളും സിംഹങ്ങളുടെ ഗുഹകളും പുള്ളിപ്പുലികളുടെ പര്‍വ്വതങ്ങളും വിട്ടുപോരിക.
എന്റെ സഹോദരി എന്റെ കാന്തേ. നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു; ഒരു നോട്ടംകൊണ്ടും കഴുത്തിലെ മാലകൊണ്ടും നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു.
എന്റെ സഹോദരീ, എന്റെ കാന്തേ, നിന്റെ പ്രേമം എത്ര മനോഹരം! വീഞ്ഞിനെക്കാള്‍ നിന്റെ പ്രേമവും സകലവിധ സുഗന്ധവര്‍ഗ്ഗത്തെക്കാള്‍ നിന്റെ തൈലത്തിന്റെ പരിമളവും എത്ര രസകരം!
അല്ലയോ കാന്തേ, നിന്റെ അധരം തേന്‍ കട്ട പൊഴിക്കുന്നു; നിന്റെ നാവിന്‍ കീഴില്‍ തേനും പാലും ഉണ്ടു; നിന്റെ വസ്ത്രത്തിന്റെ വാസന ലെബാനോന്റെ വാസനപോലെ ഇരിക്കുന്നു.
എന്റെ സഹോദരി, എന്റെ കാന്ത കെട്ടി അടെച്ചിരിക്കുന്ന ഒരു തോട്ടം, അടെച്ചിരിക്കുന്ന ഒരു നീരുറവു, മുദ്രയിട്ടിരിക്കുന്ന ഒരു കിണറ്.
നിന്റെ ചിനെപ്പുകള്‍ വിശിഷ്ടഫലങ്ങളോടു കൂടിയ മാതളത്തോട്ടം; മയിലാഞ്ചിയോടുകൂടെ ജടാമാംസിയും,
ജടാമാംസിയും കുങ്കുമവും, വയമ്പും ലവംഗവും, സകലവിധ കുന്തുരുക്കവൃക്ഷങ്ങളും, മൂറും അകിലും സകലപ്രധാന സുഗന്ധവര്‍ഗ്ഗവും തന്നേ.
നീ തോട്ടങ്ങള്‍ക്കു ഒരു നീരുറവും, വറ്റിപ്പോകാത്ത കിണറും ലെബാനോനില്‍നിന്നു ഒഴുകുന്ന ഒഴുക്കുകളും തന്നേ.
വടതിക്കാറ്റേ ഉണരുക; തെന്നിക്കാറ്റേ വരിക; എന്റെ തോട്ടത്തില്‍നിന്നു സുഗന്ധം വീശേണ്ടതിന്നു അതിന്മേല്‍ ഊതുക; എന്റെ പ്രിയന്‍ തന്റെ തോട്ടത്തില്‍ വന്നു അതിനെ വിശിഷ്ടഫലം ഭുജിക്കട്ടെ.”

-ഉത്തമഗീതം, അധ്യായം 4.

ഈ പ്രണയദിനത്തെ അവിസ്മരണീയമാക്കാന്‍ തിരഞ്ഞെടുത്ത ചില പ്രണയഗാനങ്ങള്‍ ഇവിടെ.

ഡയലോഗളം !!

കേരളമെന്നാല്‍ ഡയലോഗുകളുടെ തലസ്ഥാനമാണ്. എന്നു വച്ചാല്‍ ജനത്തിന്‍റെ പ്രതികരണശേഷി ഡയലോഗുകളില്‍ അധിഷ്ഠിതമാണ്. അത് രഞ്ജി പണിക്കര്‍ മുതല്‍ കൂതറ ബെര്‍ളി തോമസ് വരെ എല്ലാവരുടയും കഥ അങ്ങനെ തന്നെ. സമൂഹത്തില്‍ എന്തു ചെയ്യുന്നു എന്നതല്ല സമൂഹജീവികളെ വികാരം കൊള്ളിക്കാന്‍ എന്തു പറയുന്നു എന്നതു മാത്രമാണ് ഇവിടെ ശ്രദ്ധിക്കപ്പെടുന്നത്. വല്ലതും ചെയ്താലോ ? ഇവനൊക്കെ ഇതിന്‍റെ വല്ല കാര്യവുമുണ്ടോ എന്നു ചോദിച്ച് ഇതേ ജനം തള്ളിക്കളയും. പിന്നെ നീതിയ്‍ക്കായുള്ള പോരാട്ടത്തില്‍ കൂടെ ആരുമില്ലാതെ ഒറ്റപ്പെട്ട്, ഭ്രാന്തനെന്നു മുദ്രകുത്തപ്പെട്ട് ഇല്ലാതാവും. ഇതുവരെയുള്ള ചരിത്രം അങ്ങനെയാണ്.

എന്നാല്‍, ഡയലോഗുകള്‍ അങ്ങനെയല്ല. അവ ഒരു സാധാരണ മലയാളിയുടെ വികാരം ഏറ്റുവാങ്ങി ഓരോ മലയാളിക്കും വേണ്ടി ഉറക്കെ ശബ്ദിക്കുകയാണ്, പ്രതികരിക്കുകയാണ്. ഓരോ സമയത്തും, ഉള്ളില്‍ ഒതുക്കി ഒതുക്കി വയ്‍ക്കുന്ന ജനത്തിന്‍റെ അസംതൃപ്തിയും പ്രതികരണങ്ങളും വേദനകളും ഈ ഡയലോഗുകളിലൂടെ പുറത്തേക്കു വരുന്നു, അവന് ആശ്വാസം കിട്ടുന്നു. ശരാശരി മലയാളി അല്പം ആശ്വാസം തേടുന്ന ഈ സമയത്ത് മലയാളം സിനിമയിലെ തിരഞ്ഞെടുത്ത ചില ഡയലോഗുകള്‍ ഇവിടെ സമര്‍പ്പിക്കുന്നു. ചുമ്മാ, ഒരാശ്വാസത്തിന്.
[smartads]
അദ്യ ഡയലോഗ് ഭരത് ചന്ദ്രന്‍ ഐപിഎസ് എന്ന സിനിമയില്‍ നിന്ന്-

അടുത്തത് കമ്മിഷണറിലെ വിശ്വപ്രസിദ്ധമായ ഡയലോഗ്-

പോലീസിന്‍റെ നെഞ്ചത്തു കയറുന്ന കലക്ടര്‍. കിങ്ങില്‍ നിന്നുള്ള ഡയലോഗ്-

കമ്മിഷണില്‍ നിന്ന് ഒന്നു കൂടി- ഓര്‍മയുണ്ടോ ഈ ഡയലോഗ് ?-

വന്നവരവിന് ഇതും കൂടിയിരിക്കട്ടെ. ഐ ആം നോട്ട് ഔട്ട്‍സ്പോക്കണ്‍-

ലാലേട്ടന്‍ ഇതാ, ആന്‍റണിയെപ്പോലെ വന്നിട്ട് അച്ചുതാനന്ദനെപ്പോലെ മടങ്ങുന്നു-

കിങില്‍ നിന്ന് ഒന്നു കൂടി. ഇന്ത്യയെന്ന മഹാരാജ്യത്തിന്‍റെ സോള്‍, ആത്മാവ്-

പോലീസു പിടിക്കാന്‍ വരുമ്പോള്‍ എന്തു ചെയ്യണം ?-

അല്ലെങ്കിലും തമിഴ്‍നാട് പോലീസിനോട് ആര്‍ക്കും എന്തും ആവാമല്ലോ-

[smartads]
ഒടുവില്‍, എല്ലാം ജനങ്ങളിലെത്തിക്കുന്ന പത്രങ്ങളുടെ നെഞ്ചത്തു കയറാം-

തിരുവോണാശംസകള്‍

എല്ലാ പ്രിയപ്പെട്ട വായനക്കാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകള്‍ !!
[smartads]

[smartads]

ഓണപ്പൂവേ പൂവേ പൂവേ
ഓമൽ പൂവേ പൂവേ പൂവേ
നീ തേടും മനോഹര തീരം ദൂരെ
മാടി വിളിപ്പൂ ഇതാ ഇതാ ഇതാ ( ഓണ..)
അന്തർദാഹ സംഗീതമായ്
സന്ധ്യാ പുഷ്പ സൌരഭമായ് (2)
അനുഭൂതികൾ പൊന്നിതളിതളായ്
അഴകിൽ വിരിയും തീരമിതാ (ഓണ….)

വിണ്ണിൽ ദിവ്യ ശംഖൊലികൾ
മണ്ണിൽ സ്വപ്ന മഞ്ജരികൾ
കവി തൻ ശാരിക കളമൊഴിയാൽ
നറുതേൻ മൊഴിയും തീരമിതാ.. (ഓണ…)

വില്ലും വീണ പൊൻ തുടിയും
പുള്ളോപ്പെണ്ണിൻ മൺകുടവും
സ്വരരാഗങ്ങളിലുരുകി വരും
അമൃതം പകരും തീരമിതാ…(ഓണ….)

Film: ഈ ഗാനം മറക്കുമോ
Lyricist: ഒ എൻ വി കുറുപ്പ്
Music Direction: സലിൽ ചൗധരി
Singer: മനു പൂഞ്ഞാര്‍

ജയ് ഹേ !

വിശുദ്ധമാണ് ഈ ദിനം. ഓരോ ഭാരതീയനെ സംബന്ധിച്ചും ഏറ്റവും പരിശുദ്ധമായ ദിവസം. നൂറ്റാണ്ടുകളുടെ പോരാട്ടത്തിന്‍റെയും കണ്ണീരിന്‍റെയും മനുഷ്യബലികളുടെയും കഥകള്‍ക്ക് ഇന്നു തീരെ പഞ്ചു പോരെന്നു തോന്നാം.സര്‍ക്കാരാപ്പീസിലെ ഭിത്തിയിലും അഞ്ഞൂറു രൂപ നോട്ടിലും ചിരിക്കുന്ന പുവര്‍ ഓള്‍ഡ് മാന്‍ ഒരു ഭ്രാന്തനെപ്പോലെ ഈ ജനതയെ സ്നേഹിച്ചില്ലായിരുന്നുവെങ്കില്‍, ഒരു രാജ്യത്തിന്‍റെ മുഴുവന്‍ വിധി സ്വന്തം നെഞ്ചിലേറ്റി ഏതു ചവിട്ടും തുപ്പും കൊള്ളാന്‍ തയ്യാറായി ലോകം കണ്ടിട്ടില്ലാത്ത സമരമുറകളുമായി ഇറങ്ങിത്തിരിച്ചില്ലായിരുന്നുവെങ്കില്‍ ഈ രാജ്യം നന്നാവില്ല എന്നാവര്‍ത്തിച്ചു പറയാന്‍ നമ്മുടെ നാവിനു ശക്തിയുണ്ടാവുമായിരുന്നില്ല.

പേരെടുത്തു പറയാന്‍ അറിയാവുന്ന നേതാക്കന്‍മാരല്ല, ഒരു ജന്മം മുഴുവന്‍ സ്വാതന്ത്ര്യം എന്ന സ്വപ്നം മാത്രം കണ്ടുറങ്ങിയ ലക്ഷക്കണത്തിനാളുകളുടെ ആത്മാക്കളുറങ്ങുന്ന ഈ മണ്ണിന് എന്തൊക്കെ കുറവുകളുണ്ടെങ്കിലും ഇവിടെ ചുവടുറപ്പിച്ചു നില്‍ക്കാന്‍ കഴിയുന്നതിന്‍റെ ഭാഗ്യം, സുരക്ഷിതത്വം ലോകത്ത് ഒരിടത്തും ലഭിക്കില്ല. ഇത് തന്നെയാണ് നമ്മുടെ സ്വര്‍ഗം. മഹാത്മാക്കള്‍ സ്വപ്നം കണ്ട നമ്മുടെ സ്വര്‍ഗീയ ഇന്ത്യ.

ഒരായുസ്സുകൊണ്ട് ഈ രാജ്യത്തെ പിടിച്ചുവലിച്ച് ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ നാഴികക്കല്ലിലെത്തിച്ചവരുടെ ഓര്‍മയില്‍ വെറും വാക്കായി പറഞ്ഞുപോകുന്ന സ്വാതന്ത്ര്യദിനാശംസകള്‍, നെഞ്ചില്‍ കൈ ചേര്‍ത്തു വച്ച് നമുക്ക് നമ്മോടു തന്നെ ഏറ്റു പറയാന്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രമുള്ള ദിനം.

ലോകത്തെ ഏറ്റവും പ്രൗഡമായ സംസ്കാരത്തിന്‍റെ, സമൂഹത്തിന്‍റെ, ചരിത്രത്തിന്‍റെ എന്നതിനൊക്കെ അപ്പുറം അരയില്‍ ഒറ്റമുണ്ടും ഒട്ടിയ വയറും കൂടെയൊരു കോലാടുമായി ലോകത്തെ ഏറ്റവും വലിയ ജനാധിപത്യം സൃഷ്ടിക്കാനിറങ്ങിയ ചരിത്രപുരുഷന്‍റെ കൊച്ചുമക്കളാണ് നാം എന്നതില്‍ അഭിമാനിക്കാം. പാഠപുസ്തകത്തിലുള്ളതിനപ്പുറം തികഞ്ഞ ഭക്തിയോടെ വരും തലമുറയ്‍ക്കു ചിലതു പറഞ്ഞു നല്‍കാം, ഇന്നത്തെ ദിവസമെങ്കിലും ഇന്ത്യ എന്ന വികാരം കൊണ്ടു മാത്രം നമ്മുടെ മിഴികളില്‍ ഉഷ്ണജലം നിറയ്‍ക്കാം, ത്രസിക്കുന്ന സിരകളില്‍ രക്തം തിളപ്പിച്ചു നിര്‍ത്താം… ജയ് ഹിന്ദ് !

ജനഗണമന അധിനായക ജയഹേ
ഭാരത ഭാഗ്യവിധാതാ,
പഞ്ചാബസിന്ധു ഗുജറാത്ത മറാഠാ
ദ്രാവിഡ ഉത്‌ക്കല ബംഗാ,
വിന്ധ്യഹിമാചല യമുനാഗംഗാ,
ഉച്ഛലജലധിതരംഗാ,
തവശുഭനാമേ ജാഗേ,
തവശുഭ ആശിഷ മാഗേ,
ഗാഹേ തവ ജയഗാഥാ,
ജനഗണമംഗലദായക ജയഹേ
ഭാരത ഭാഗ്യവിധാതാ.
ജയഹേ, ജയഹേ, ജയഹേ,
ജയ ജയ ജയ ജയഹേ!