ബ്ലഡി ബ്യൂട്ടി

സംഗതി പുതിയതാണ്. രാവിലെ എണീറ്റ്് തൊട്ടടുത്തുള്ള ബ്യൂട്ടി പാര്‍ലറില്‍ പോയി ‘ഒരു വാംപയര്‍ ഫേഷ്യല്‍’ എന്നൊന്നും പറഞ്ഞ് അവരെ പേടിപ്പിക്കരുത്. ഉടനെ പരീക്ഷിച്ചു നോക്കണമെങ്കില്‍ അമേരിക്കയിലോ മറ്റോ പോകേണ്ടി വരും. പരീക്ഷിച്ചു നോക്കിയാല്‍ അപാര റിസള്‍ട്ട് ആയിരിക്കും എന്ന് ശാസ്ത്രീയമായി സാക്ഷ്യപ്പെടുത്താറുമായിട്ടില്ല. വാംപയര്‍ ഫേഷ്യല്‍ എന്ന ഓമനപ്പേരിലറിയുന്ന ഈ പുതിയ ഫേഷ്യല്‍ പ്രകൃതിദത്തചേരുവകളും വിലയേറിയ കെമിക്കലുകളും കൊണ്ടുണ്ടാക്കിയ മിശ്രിതം മുഖത്ത് പുരട്ടി നടത്തുന്ന പരമ്പരാഗത ഫേഷ്യലുകളെ നിഷ്പ്രഭമാക്കും. വാംപയര്‍ ഫേഷ്യലിന് ഉപയോഗിക്കുന്നത് മറ്റൊന്നുമല്ല, മനുഷ്യരക്തമാണ്. പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്മ തെറപ്പി എന്ന ചികില്‍സ വാംപയര്‍ ഫേഷ്യല്‍ എന്ന പേരില്‍ പേരെടുത്തത് അതിമദാലസയും റിയാലിറ്റി ഷോ താരവുമായ കിം കര്‍ദാഷിയന്‍ തന്റെ വാംപയര്‍ ഫേഷ്യല്‍ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തതോടെയാണ്. മുഖമാകെ രക്തം ചിന്തി കട്ടപിടിച്ചിരിക്കുന്ന ചിത്രം സൗന്ദര്യവര്‍ധനയുടെ ചവിട്ടുപടിയായി തോന്നിയാല്‍ കുറ്റം പറയാനൊക്കില്ല. സെലബ്രിറ്റികള്‍ ഒന്നൊന്നായി ഇപ്പോള്‍ ബ്ലഡ് ഫേഷ്യലിന്റെ പിന്നാലെയാണത്രേ.

വാംപയര്‍ ഫേഷ്യല്‍, ട്വിലൈറ്റ് പ്ലാസ്മ റിന്യൂവല്‍ തുടങ്ങി വിവിധ പേരുകളിലാണ് പാശ്ചാത്യരാജ്യങ്ങളില്‍ ചികില്‍സ നടക്കുന്നത്. ഫേഷ്യലിനു വിധേയമാകുന്ന വ്യക്തിയുടെ ശരീരത്തില്‍ നിന്നും നിശ്ചിത അളവു ചോര എടുത്ത ശേഷം അത് ഒരു സെന്‍ട്രിഫ്യൂഗിനുള്ളില്‍ 20 മിനിറ്റ് സൂക്ഷിച്ച് രക്തത്തിലെ ഘടകങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നു. ഇതിലെ പ്ലാസ്മയാണ് ഫേഷ്യലിനായി ഉപയോഗിക്കുന്നത്. മുഖത്ത് അനസ്‌തെറ്റിക് ക്രീം പുരട്ടിയതിനു ശേഷമാണ് പ്ലാസ്മ മുഖത്ത് കുത്തിവയ്ക്കുന്നതത്. മുഖത്തും കഴുത്തിലും കണ്‍കോണുകളിലുമാണ് പ്രധാനമായി പ്ലാസ്മ കുത്തിവയ്ക്കുന്നത്. ഇതു ചര്‍മത്തിന് രണ്ടു മാസത്തേക്ക് പുത്തനുണര്‍വ് നല്‍കുമെന്നാണ് ചികില്‍സകര്‍ സാക്ഷ്യപ്പെടുത്തുന്നത്. കണ്ണുകള്‍ക്ക് തിളക്കം നല്‍കുന്നതിനു പുറമേ ചര്‍മത്തിലെ ചുളിവുകള്‍ അകറ്റി യൗവ്വനം നല്‍കുമെന്നാണ് അവകാശവാദം. ഈ മാറ്റം വളരെ പെട്ടെന്നു തന്നെ കാണാന്‍ കഴിയുമെന്നും ചികില്‍സകരും ചികില്‍സയ്ക്കു വിധേയരായവരും പറയുന്നു. എന്നാല്‍, ഇത്തരം അവകാശവാദങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയോ പിന്തുണയോ അവകാശപ്പെടാനില്ലെന്നും അതുകൊണ്ട് തന്നെ ഈ ചികില്‍സയ്ക്കു വേണ്ടി പണം മുടക്കുന്നവര്‍ സ്വന്തം റിസ്‌കിലാണ് അതു ചെയ്യേണ്ടതെന്നും മുന്നറിയിപ്പും നല്‍കുന്നുണ്ട്.

പുസ്തകപ്രകാശനം

ഇത്രയും കാലം കൊണ്ട് അനേകരെ വഴി തെറ്റിച്ച, അനേകരുടെ ആസ്വാദനശേഷി തല്ലിക്കെടുത്തിയ ബെര്‍ളിത്തരങ്ങള്‍ എന്ന എന്റെ ഈ ബ്ളോഗില്‍ നിന്നുള്ള തിരഞ്ഞെടുത്ത രചനകള്‍ ഇനി നിങ്ങള്‍ക്കു പുസ്തക രൂപത്തിലും ലഭിക്കും. ഇതിനു മാത്രം നിങ്ങളെന്തു തെറ്റു ചെയ്തു എന്നു ചോദിച്ചാല്‍ എനിക്കുത്തരമില്ല. ചിക്കുന്‍ ഗുനിയ പിടിച്ചവന് പന്നിപ്പനി കൂടി പിടിച്ചെന്നു കരുതിയാല്‍ മതി. വരാനുള്ളത് വണ്‍വേ വഴി പോകില്ല എന്നാണല്ലോ പഴമൊഴി. അതു വന്നു കഴിഞ്ഞു. നിങ്ങളുടെ അടുത്തുള്ള പുസ്തകശാലകളില്‍ സംഗതി റിലീസ് ചെയ്തു കഴിഞ്ഞു. ഓവര്‍സീസ് റൈറ്റ് ഇന്ദുലേഖ ഡോട് കോമിനാണ് നല്‍കിയിരിക്കുന്നത്. ഉള്ള കോപ്പികള്‍ വിറ്റുതീരും മുമ്പ് ആവശ്യക്കാര്‍ ക്യൂ നിന്നു വാങ്ങണമെന്ന് താല്‍പര്യപ്പെടുന്നു. പിന്നെ, ഇവിടെയൊന്നും കിട്ടിയില്ലാ..! എന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല.

മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടേതാണ് അവതാരിക. സാഹിത്യകാരന്‍ എന്‍.പി.മുഹമ്മദിന്റെ മകനും വൈക്കം മുഹമ്മദ് ബഷീറിന്റെ മരുമകനുമായ എന്‍.പി. അബു ഫൈസിയുടേതാണ് കവര്‍ ഡിസൈന്‍. കോഴിക്കോട് ഒലിവ് പബ്ളിക്കേഷന്‍സ് പ്രസാധനം ചെയ്യുന്ന പുസ്തകം പൊന്നുംവിലയ്ക്കാണ് വില്‍ക്കേണ്ടതെങ്കിലും തല്‍ക്കാലം 50 രൂപയ്ക്കാണ് നല്‍കുന്നത്. പുസ്തകത്തിന്റെ പ്രകാശനം വേണമെങ്കില്‍ എനിക്കു വലിയ ചടങ്ങായി നടത്താം. പക്ഷെ, എനിക്കതു വേണ്ട. എന്റെ ശക്തി എന്റെ വായനക്കാരാണ്.എന്റെ വായനക്കാര്‍ക്കു പങ്കെടുക്കാന്‍ കഴിയാത്ത ഒരു പ്രകാശനം ഞാന്‍ നടത്തണോ ? നിങ്ങള്‍ക്കില്ലാത്ത പ്രകാശനം എനിക്കെന്തിന് ? അതുകൊണ്ട് ദാ, എന്റെ ഈ പുസ്തകം ഓണ്‍ലൈനായി നിങ്ങളുടെയെല്ലാവരുടെയും മുന്നില്‍ സമര്‍പ്പിച്ചുകൊണ്ട് ഞാന്‍ തന്നെ പ്രകാശനം നടത്തിയതായി പ്രഖ്യാപിക്കുന്നു. എനിക്കൊക്കെ എന്തുമാകാമല്ലോ !

Book Cover1

തീര്‍ന്നിട്ടില്ല. ഇനി, മമ്മൂട്ടിയുടെ അവതാരികയില്‍ നിന്ന് ഏതാനും ഭാഗങ്ങള്‍:-
“നവീനകാലത്തിന്റെ എഴുത്തുപുരയായ ബ്ളോഗ് സാമ്രാജ്യത്തിലെ രാജകുമാരനാണ് ബെര്‍ളി തോമസ്. മലയാളം ബ്ളോഗുകളിലെ മുന്‍നിരക്കാരനായ ബെര്‍ളി തോമസിന്റെ രചനകള്‍ക്കായി മോണിറ്ററിനു മുന്നില്‍ കാത്തിരിക്കുന്ന ചെറുപ്പക്കാരുടെ വലിയൊരു കൂട്ടത്തിനു മുന്നിലേക്ക് അവ പിറന്നുവീഴുന്നു. ബ്ളോഗിങ്ങിന്റെ ലോകം വിചിത്രമാണ്. ഓരോ പോസ്റ്റിനും ആത്മാര്‍ഥതയുടെ പൂക്കളും അതിനിശിതമായ കല്ലേറും തീര്‍ച്ച. ബെര്‍ളിത്തരങ്ങളിലൂടെ കടന്നുപോയവര്‍ക്കാറിയാം മിത്രങ്ങളാലും ശത്രുക്കളാലും സജീവമായ ലോകത്തെ. വായനക്കാരനെ വീണ്ടും വീണ്ടും ബെര്‍ളിത്തരങ്ങളിലേക്കു നയിക്കുന്നതിന്റെ കാരണവും ഇതാകാം. ”

പുസ്തകം വാങ്ങണോ വേണ്ടയോ എന്നു സംശയിക്കുന്നവരോട് ചില കാര്യങ്ങള്‍ വ്യക്തമാക്കിയേക്കാം. എന്റെ പുസ്തകം ഓരോ കോപ്പി വാങ്ങി സഹായിക്കണേ എന്നു ഞാനാരോടും പറയില്ല. അങ്ങനെ വില്‍ക്കേണ്ട സാധനമല്ല പുസ്തകം. താല്‍പര്യം തോന്നുന്നവര്‍ മാത്രം വാങ്ങിയാല്‍ മതി. ഇതിപ്പോള്‍ ബ്ളോഗിലില്ലാത്തതു വല്ലതുമുണ്ടോ ഇതില്‍ കാശു കൊടുത്തു വാങ്ങാന്‍ എന്നു സംശയിക്കുന്നവര്‍ക്കും മറുപടിയുണ്ട്. ബ്ളോഗിലില്ലാത്തതായിട്ട് ആമുഖവും അവതാരികയും മാത്രമേയുള്ളൂ ഇതില്‍. പുസ്തകമാക്കുമ്പോള്‍ പോസ്റ്റുകള്‍ എഡിറ്റ് ചെയ്യുന്ന ഒരു പരിപാടിയുണ്ട്. ഇതില്‍ അതും നടത്തിയിട്ടില്ല. നമ്മളെന്തിനാണ് ആവശ്യമില്ലാത്ത പണിക്കു പോകുന്നത്, ഹല്ല പിന്നെ ! വീട്ടില്‍ കയറ്റാന്‍ കൊള്ളുന്ന പുസ്തകമാണോ എന്നൊക്കെ രണ്ടുവട്ടം ആലോചിച്ചിട്ടേ വാങ്ങാവൂ. പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പോസ്റ്റുകള്‍ ഇവയാണ്:-

1. ചാര്‍ളിയുടെ അപ്രകാശിത പ്രേമലേഖന
2. യക്ഷിയെ പ്രേമിച്ച കപ്യാര്‍ ഷാജു
3. നൂഡില്‍സ് ദുരന്തം
4. ഒറ്റക്കാലുള്ള പ്രേതം
5. ജോസുകുട്ടിയുടെ സ്വന്തം നിമ്മി
6. കോരസാറിന്റെ ശാന്ത
7. പത്മപ്രിയയുടെ കാമുകന്‍
8. വിശുദ്ധ റീമി ടോമിയും രണ്ടു മുസ്ലിം തീവ്രവാദികളും
9. അഭിജ്ഞാനമേരിക്കുട്ടി
10. ഡിപ്രഷന്‍ കാലത്തെ പ്രൊപ്പോസല്‍
11. ആന്റി കമ്യൂൂണിസ്റ്റ്
12. രാജ്കുമാര്‍ സന്തോഷി ( രാജപ്പേട്ടനു സന്തോഷമായി)
13. തമിംഗലങ്ങളോടൊരു കിന്നാരം
14. കേരളാ ട്രാഫിക് ഗൈഡ്

ഇന്ദുലേഖ ഡോട് കോമില്‍ നിന്നു പുസ്തകം വാങ്ങുന്നതിനുള്ള ലിങ്ക് ലിതാണ്

ന്‍റെ മാതൃഭൂമി, ഞാനും ഖേദിക്കുന്നു

അപ്പോള്‍ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്. തട്ടിപ്പിന്‍റെ ഫോര്‍വേഡുകള്‍ എന്ന മാതൃഭൂമി ലേഖനം (ഇപ്പോള്‍ അങ്ങനെയായി) അനാദികാലം മുതല്‍ ഇന്‍റര്‍നെറ്റിലൂടെ ഫോര്‍വേഡ് ചെയ്തു നടക്കുകയായിരുന്നു. അത് ദൈവമോ മറ്റോ എഴുതിയതായിരിക്കണം. എന്തായാലും ഓപ്പണ്‍ സോഴ്സ് കണ്ടന്‍റാണെന്നതില്‍ സംശയമില്ല.
[smartads]
സംഭവത്തെപ്പറ്റി മാതൃഭൂമി ഇന്നത്തെ നഗരം പതിപ്പില്‍ ഒരു ഖേദപ്രകടനം നടത്തിയിട്ടുണ്ട്. അതിന്‍റെ സാരാംശം ഇങ്ങനെയാണ്- സെപ്റ്റംബര്‍ 29ന് കോഴിക്കോട് നഗരത്തില്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച തട്ടിപ്പിന്‍റെ ഫോര്‍വേഡുകള്‍ എന്ന കുറിപ്പ് യഥാര്‍ത്ഥത്തില്‍ തിരുവനന്തപുരം നഗരത്തിലെ നെറ്റ്‍ടോക് എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ചതാണ് (യേത് ?). ഇന്‍റര്‍നെറ്റിലൂടെ ഫോര്‍വേഡ് ചെയ്യുന്ന കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നതിനു വേണ്ടിയുള്ള കോളമാണ് നെറ്റ്‍ടോക്. കോഴിക്കോട് ഇ-ലോകത്തില്‍ അതു പ്രസിദ്ധീകരിക്കുമ്പോള്‍ ഇത് ഇമെയില്‍ ഫോര്‍‍വേഡ് ആണെന്ന സൂചന നല്‍കാന്‍ വിട്ടുപോയി. അപ്പോള്‍ കഷ്ടപ്പെട്ടു ബുദ്ധിമുട്ടി ഇതൊക്കെ സമാഹരിച്ച പ്രതിഭാശാലിയായ ലേഖകന്‍ എഴുതിയതാണ് ഈ മൂന്നാംകിട സാധനം എന്നൊരാശയക്കുഴപ്പം ഉണ്ടായി. അതില്‍ മാതൃഭൂമി ഖേദിക്കുന്നു.

സത്യത്തില്‍ ഈ ഖേദപ്രകടനം ഇന്‍റര്‍നെറ്റ് ഫോര്‍വേഡുകള്‍ സമാഹരിക്കുന്ന ഹൈടെക് ലേഖകനോടാണെന്നു തോന്നും. മൊത്തത്തില്‍ എല്ലാവരും ഹൈടെക് ലേഖകന്‍റെ പക്ഷത്താണ്. തെറ്റും ശരിയും തിരിച്ചറിയാനാവാത്ത ബെര്‍ളിയുടെ പ്രതികരണം അങ്ങേയറ്റം ക്രൂരവും നികൃഷ്ടവുമായിപ്പോയെന്നായിരുന്നു നേരിട്ടുള്ള ചില പ്രതികരണങ്ങള്‍. എന്‍റെ ലേഖനം മാതൃഭൂമി ലേഖകന്‍ അടിച്ചുമാറ്റി അതേ തലക്കെട്ടോടെ ഒരുവരിപോലും മാറ്റാതെ പ്രസിദ്ധീകരിച്ചു എന്ന പരാതി അവഗണിക്കപ്പെടുകയും തെറ്റിദ്ധാരണയ്‍ക്കടിമപ്പെട്ട് സംസ്കാരശൂന്യമായി പ്രതികരിച്ച ബെര്‍ളി പ്രതിക്കൂട്ടിലാവുകയും വിവിധ സമ്മര്‍ദ്ദങ്ങള്‍ക്കു വിധേയമായി ‘മികച്ച പത്രപ്രവര്‍ത്തകനായ ശ്യാംലാല്‍’ എന്ന എന്‍റെ പ്രതിഷേധ പോസ്റ്റ് ഡിലീറ്റ് ചെയ്യേണ്ടി വരികയും ചെയ്തു എന്നു പറയുമ്പോള്‍ സംഗതിയുടെ കിടപ്പ് വ്യക്തമാണല്ലോ.

എന്തായാലും മാതൃഭൂമിയുടെ ഖേദപ്രകടനം എനിക്കിഷ്ടമായി. അത് വായിച്ചിട്ട് വായനക്കാര്‍ക്ക് ഒരു കോപ്പും മനസ്സിലാവില്ല എന്നതുറപ്പാണ്. മനോരമ ഇ-ലോകത്തില്‍ പ്രസിദ്ധീകരിച്ച, എന്‍റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ലേഖനം മോഷ്ടിച്ചു പ്രസിദ്ധീകരിച്ചതല്ല, ഒരു ഇന്‍റര്‍നെറ്റ് ഫോര്‍വേഡ്, ഫേര്‍വേഡ് ആണെന്ന കുറിപ്പില്ലാതെ പ്രസിദ്ധീകരിക്കുക വഴി അത് സമാഹരിച്ച ലേഖകനെ സംബന്ധിച്ച് നാട്ടില്‍ തെറ്റിദ്ധാരണ പരന്നതിലാണ് മാതൃഭൂമിയുടെ ഖേദം. ഞാനും ഖേദിക്കുന്നു മാതൃഭൂമി, ആത്മാര്‍ഥമായി ഖേദിക്കുന്നു. മാതൃഭൂമിയുടെ ഒരംഗീകൃത ലേഖകനെ തെറ്റിദ്ധരിച്ചുപോയതില്‍ ആത്മാര്‍ഥമായി ഖേദിക്കുന്നു. ലോകനന്മയ്‍ക്കു വേണ്ടിയും നാഥനില്ലാതെ അലഞ്ഞു നടക്കുന്ന ഇന്‍റര്‍നെറ്റ് ഫോര്‍വേഡുകളെ പുനരധിവസിപ്പിക്കാന്‍ വേണ്ടിയും അദ്ദേഹം നടത്തുന്ന പരിശ്രമങ്ങളെ തെറ്റിദ്ധരിച്ചുപോയതില്‍ നെഞ്ചത്തടിച്ചു നിലവിളിച്ചു പശ്ചാത്തപിക്കുന്നു. വല്ലവന്‍റേം മക്കളെ തട്ടിക്കൊണ്ടുപോയിട്ടാണെങ്കിലും ഒരനാഥാലയം നടത്തുന്നുണ്ടല്ലോ എന്നത് തന്നെയാണ് വലിയ കാര്യം.

തട്ടിപ്പിന്‍റെ ഫോര്‍വേഡുകള്‍ എന്ന ലേഖനം പ്രസിദ്ധീകരിച്ച മാതൃഭൂമിക്കും മാതൃഭൂമി ലേഖകനും എന്‍റെ ഹദൃയം നിറഞ്ഞ അഭിനന്ദനം അറിയിക്കുന്നതോടൊപ്പം അത് ആദ്യം എഴുതിയതിന്‍റെ പേരില്‍, മാതൃഭൂമി ലേഖകന്‍ എന്‍റെ ലേഖനം മോഷ്ടിച്ചു മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കുകയായിരുന്നെന്നു പറഞ്ഞുപോയതിന്‍റെ പേരില്‍ ലോകത്തോടും മഹത്തായ മാതൃഭൂമിയോടും വിശുദ്ധ ഹൈടെക് ലേഖകനോടും ഞാന്‍ ഉറക്കെ ഉറക്കെ മാപ്പു ചോദിക്കുന്നു. എന്‍റെ പിഴ, എന്‍റെ പിഴ, ഞാനും ഒരു ഭൂലോകപിഴ. മമ്മൂട്ടിക്കു സിബിഐ ഡയറിക്കുറിപ്പ് എന്ന എന്‍റെ പഴയൊരു പോസ്റ്റ് ഇത്തരത്തില്‍ ഇമെയില്‍ ഫോര്‍വേഡുകളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയില്‍ പെടുത്തി പണ്ട് ചിത്രഭൂമിയില്‍ വിശദമായ ചിത്രങ്ങളോടെ പ്രസിദ്ധീകരിച്ചതിനുള്ള നന്ദിയും ഈയവസരത്തില്‍ ഞാന്‍ രേഖപ്പെടുത്തുന്നു. അത് എന്‍റെ പോസ്റ്റാണെന്ന അവകാശവാദം പിന്‍വലിച്ച് ലോകാരംഭം മുതലുള്ള ഒരു ഇമെയില്‍ ഫോര്‍വേഡാണെന്ന വാദം അഗീകരിക്കുന്നു.
[smartads]
ഈ ബ്ലോഗിലെ മറ്റു പോസ്റ്റുകളും ഇമെയില്‍ ഫോ‍ര്‍വേഡ് ആണെന്ന കുറിപ്പോടെ പ്രസിദ്ധീകരിക്കണമെന്നു താല്‍പര്യപ്പെടുന്നതോടൊപ്പം അവ വെറും കൂതറ ഫോര്‍വേഡ് ആണെന്ന കുറിപ്പ് ചേര്‍ക്കാതെ തങ്ങളുടെ ഹൈടെക് ലേഖകന്‍മാരെപ്പറ്റി നാട്ടില്‍ തെറ്റിദ്ധാരണ പരത്തരുതെന്ന് ഒരിക്കല്‍ക്കൂടി അപേക്ഷിക്കുന്നു. മാതൃഭൂമിയുടെ കാല്‍ക്കല്‍ സ്രാഷ്ടാഗം പ്രണമിച്ചു കൊണ്ട്, വിര്‍ച്വലായാണെങ്കിലും ഹൈടെക് മാതൃഭൂമി ലേഖകന്‍റെ പുണ്യപാദങ്ങള്‍ കഴുകിയ വിശുദ്ധജലം പ്രാര്‍ത്ഥനാപൂര്‍വം പാനം ചെയ്തു കൊണ്ട് ഒരിക്കല്‍ക്കൂടി ഖേദപ്രകടനം നടത്തുന്നു.

ബ്ലോഗനയിലൂടെ ഒരിക്കല്‍ക്കൂടി

മാതൃഭൂമി ബ്ലോഗനയ്‍ക്കു നന്ദി. ഈ ബ്ലോഗിലെ ഒരു പോസ്റ്റ് കൂടി പ്രസിദ്ധീകരിച്ചതിനല്ല.സ്ലംഗോഡ് മില്യനെയര്‍ എന്ന സിനിമയെ സംബന്ധിച്ച ഒരു ചര്‍ച്ചയില്‍ വ്യക്തമായ മുന്‍തൂക്കമുള്ള ചിന്തകളെ പിന്തുണച്ചതിന്. പോസ്റ്റെഴുതിയ എന്നെപ്പോലും വിസ്മയിപ്പിക്കും വിധം തീവ്രമായ പ്രതികരണങ്ങള്‍ നല്‍കിയ വായനക്കാരോടൊപ്പം നിന്നതിന്. പോസ്റ്റിന്‍റെ ലിങ്ക് ഇവിടെ. ബ്ലോഗന വെട്ടിമുറിച്ചെടുത്തത് താഴെ-

ബ്ലോഗന നിര്‍ത്താനുള്ള പരിപാടിയാണെന്നു തോന്നുന്നു

ബുദ്ധിജീവികള്‍ അടങ്ങിയിരിക്കുമോ ആവോ ?
മാതൃഭൂമിക്കും ബ്ലോഗനയ്‍ക്കും നന്ദി !

ചിത്രഭൂമിയില്‍ സംഭവിച്ചത്

ഇത് വെറുതെ അപ്‍ലോഡ് ചെയ്തു എന്നു മാത്രം. ചിത്രഭമിക്കും സംഭവിച്ചതാണ്. ജോയി മാത്യുവിന്‍റെ മെയിലാണ് ഇവിടെയും തെറ്റിദ്ധാരണയുണ്ടാക്കിയതത്രേ. അടുത്ത ലക്കത്തില്‍ എന്‍റെ പകര്‍പ്പവകാശം സ്ഥാപിച്ചു തരാനുള്ള നടപടി സ്വീകരിക്കുമെന്ന് പത്രാധിപര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. പരിഹരിച്ച ഒരു പ്രശ്നമായതിനാല്‍ ഇതില്‍ ഇനി പ്രതിഷേധത്തിന്‍റെ ആവശ്യമില്ല.

2008ലെ മികച്ച ബ്ലോഗര്‍ ജോയി മാത്യു

ഇക്കണ്ട ബ്ലോഗര്‍മാരൊന്നും ബ്ലോഗര്‍മാരല്ല. യഥാര്‍ത്ഥ ബ്ലോഗര്‍ ഇദ്ദേഹമാണ്. ഇങ്ങനൊരു പ്രതിഭയെ ഞാന്‍ കണ്ടിട്ടില്ല. ഇനിയും ഈ ബ്ലോഗ് എഴുതുന്നതില്‍ അര്‍ത്ഥമില്ലാത്തതുകൊണ്ടാണ് ഈ ബ്ലോഗിന്റെ പേരു പോലും ആ മഹാപ്രതിഭയുടേതാക്കി മാറ്റി ഞാനങ്ങു സ്വയം നിഷ്പ്രഭനായത്. മഹാനായ ജോയി മാത്യുവിനു മുന്നില്‍ ‍ഞാനാര് ? മലയാളം ബ്ലോഗ് എന്ത് ?

ഏതു ജോയി മാത്യു എന്ന് ചോദിച്ചാല്‍ ഏതൊക്കെ ജോയി മാത്യുമാരെ നിങ്ങള്‍ക്കറിയാം എന്ന മറുചോദ്യമേ എന്‍റെ കയ്യിലുള്ളൂ. കാരണം, അതിലേതെങ്കിലും ഒരു ജോയി മാത്യു ആയിരിക്കും ഈ ജോയി മാത്യു. ദേ പിന്നേം ചേദിക്കുന്നു- ഏതു ജോയി മാത്യു.
ദേ, ഈ താഴെ കാണുന്ന സാധനം 30-12-2008ലെ തേജസ്സ് ദിനപത്രത്തിന്‍റെ ലീഡര്‍ പേജില്‍ എഴുതിയ മഹാനായ ബ്ലോഗര്‍ (ബ്ലോഗ് പത്രമാകുന്നതും പത്രം ബ്ലോഗാകുന്നതും അങ്ങിനെയാണ്)ജോയി മാത്യു. മമ്മൂട്ടിക്ക് സിബിഐ ഡയറക്ടര്‍ പദവി എന്ന എന്‍റെ പോസ്റ്റ് തന്നെയാണ് ജോയി മാത്യു സാറും എഴുതിയിരിക്കുന്നത്. എന്തൊരു യാദൃച്ഛികത, എന്തൊരു സര്‍ഗശേഷി, എന്തൊരു പ്രത്യുല്‍പന്നമതിത്വം !!

ഇനി മുതല്‍ ഈ ബ്ലോഗില്‍ സാക്ഷാല്‍ ജോയി മാത്യു വന്ന് പോസ്റ്റുകളെഴുതുന്നതായിരിക്കും.അദ്ദേഹം വരുന്നില്ലെങ്കില്‍ നമുക്ക് പിടിച്ചുവലിച്ചുകൊണ്ടുവരാം. ഇനി ഞാന്‍ കഴിഞ്ഞ ജന്മം ജോയി മാത്യു ആയിരുന്നോ ? എന്നിട്ടു മരിക്കാതെ വീണ്ടും പുനര്‍ജനിച്ചതോ മറ്റോ ആണോ. ശ്ശെടാ, അപ്പോള്‍ കേരളകൗമുദി ഫ്ലാഷിലും വേറെ കുറെ വെബ്സൈറ്റുകളിലും ഗള്‍ഫ് നാടുകളിലുമൊക്കെ ഞാന്‍ പല പേരുകളിലും ജീവിച്ചിരിക്കുന്നു എന്നു വേണം അനുമാനിക്കാന്‍.

ഇഞ്ചിപ്പെണ്ണ് എന്‍റെ അനുയായി (തിരിച്ചും) അല്ലാത്തത് ജോയി മാത്യുവിന്‍റെ ഭാഗ്യം. ഇല്ലെങ്കില്‍ ഇപ്പോള്‍ ഇവിടെന്തൊക്കെ നടന്നേനെ. ആദ്യം ഒരട്ടഹാസം, പിന്നെയൊരു നിലവിളി (എല്ലാം ബിംബങ്ങള്‍ മാത്രം), പിന്നെ കനമുള്ള ഒരാഹ്വാനം. അതോടെ, എല്ലാ ബ്ലോഗര്‍മാരും ബ്ലോഗിങ് നിര്‍ത്തി വച്ച് ബ്ലോഗിന്‍റെ നിറം മാറ്റുകയോ, ഡിലീറ്റ് ചെയ്യുകയോ, സ്വയം കുത്തി മരിക്കുകയോ എന്താണെന്നു വച്ചാല്‍ ചെയ്യും. പിന്നെയവര്‍ (ബ്ലോഗര്‍മാര്‍) പ്രേതമായി വന്ന് ഓണ്‍ലൈന്‍ പെറ്റീഷനുകള്‍ അയക്കും. ഇഞ്ചിക്ക് എന്നോട് ആരാധന ഇല്ലാത്തതുകൊണ്ട് (ചുമ്മാ) എത്രയോ ബ്ലോഗര്‍മാര്‍ക്ക് (ഏകദേശം 253) ജോലി കുറഞ്ഞു കിട്ടി ?

ഇനി പറയൂ ഞാനൊരു സംഭമല്ലേ ? (സംഭമല്ല, പ്രസ്ഥാനമാണ് അല്ല രാജ്യമാണ് തുടങ്ങിയ അഭിപ്രായങ്ങളുള്ളവര്‍ക്കും സംഭവമാണ് എന്നുത്തരം നല്‍കാം) എങ്കിലും ഒരു സഹായം ഞാന്‍ എല്ലാവരോടുമായി ചോദിക്കുന്നു. അഥവാ, ഈ ജോയി മാത്യുവെങ്ങാനും എനിക്കെതിരെ ഒരു വക്കീല്‍നോട്ടീസ് അയക്കുകയാണെങ്കില്‍ (ജോയി സാറ് എഴുതിയ പോസ്റ്റ് സാറെഴുതുന്നതിനും രണ്ടാഴ്ച മുമ്പേ എഴുതിയ കുറ്റത്തിന്)നിങ്ങള്‍ ആ ഇഞ്ചിപ്പെണ്ണിനോടു പറഞ്ഞ് എന്നെ രക്ഷിക്കാന്‍ പറയണം. എനിക്കു വേറെ ആരുമില്ല (കരയുന്നു).

Latest Updates (9.00 pm, 31-12-2008) :-

കഥയുടെ ചുരുളഴിഞ്ഞു.ക്ലൈമാക്സ് മാറിമറിഞ്ഞു. (ഇതുകൂടി വായിക്കുക)-

ജോയി മാത്യു തീര്‍ച്ചയായും മികച്ച ബ്ലോഗര്‍ തന്നെയാണ്. പിന്നെങ്ങനെ ഇതു സംഭവിച്ചു ?
ആ പോസ്റ്റ് ഇ മെയില്‍ ഫോര്‍വേഡായതിനു ശേഷം ജോയി മാത്യു അത് തേജസിന്‍റെ ഡസ്കിലുള്ള സുഹൃത്തിന് വായിക്കുന്നതിനായി അയച്ചുകൊടുത്തു,(അതു തന്നെയാണല്ലോ എന്‍റെ സുഹൃത്തുക്കളും ചെയ്യുന്നത്).വായിച്ച് ഇഷ്ടപ്പെട്ടതിനാലാവാം സുഹൃത്ത് അത് കൊള്ളാവുന്ന പേജില്‍ തന്നെ വച്ചു. ബ്ലോഗറായ ജോയി മാത്യുവിന്‍റെ സ്വന്തം സൃഷ്ടിയാണോ എന്നു വേരിഫൈ ചെയ്യാന്‍ നില്‍ക്കാതെ അദ്ദേഹം അത് ജോയി മാത്യുവിന്‍റെ പേരില്‍ തന്നെ കൊടുത്തു.-ഇതിനെ നമ്മള്‍ അബദ്ധം എന്നു വിളിക്കുന്നു.

ഇത് സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കാന്‍ ജോയി മാത്യുവോ, കോപ്പിറൈറ്റ് ലംഘനം നടത്താന്‍ തേജസ് ദിനപത്രമോ അഗ്രഹിക്കുകയോ അതിനുവേണ്ടി പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ലാത്തിനാല്‍ (എന്നു ഞാന്‍ വിശ്വസിക്കുന്നു) ഈ കേസ് പകര്‍പ്പവകാശലംഘനത്തിന്‍റെ നിഴലില്‍ നിര്‍ത്താതെ അബദ്ധമെന്ന നിലയില്‍ നിരുപാധികം വിട്ടുകളഞ്ഞിരിക്കുന്നു. മാന്യവും സൗഹൃദപൂര്‍വുമായ ഇടപെടലിന് തേജസ് ദിനപ്രത്തിലെ എല്ലാ സുഹൃത്തുക്കളോടും, പ്രശ്നം പരിഹരിക്കാന്‍ സഹായിച്ച റാംമോഹന്‍ പാലിയത്തിനും നന്ദി പറയുന്നു. ജോയി മാത്യുവിനും തേജസ്സിനും സുഹൃത്തുക്കള്‍ക്കും നവവല്‍സരാശംസകള്‍ നേരുന്നു. Take care in future.

Special Thanks:-
 ഞാന്‍ ആത്മാര്‍ത്ഥമായിട്ടു ചൊറിഞ്ഞതാണെങ്കിലും ഈ അവസരത്തില്‍ തീര്‍ത്തും പക്വവും സത്യസന്ധവുമായി പ്രശ്നത്തിലിടപെടുകയും വളരെ പോസിറ്റീവായി പ്രതികരിക്കുകയും ചെയ്ത ഇ‍ഞ്ചിപ്പെണ്ണിനോട് ജീവിതത്തിലാദ്യമായി ഞാന്‍ നന്ദി പറയുന്നു. Dangs ! നവവല്‍സരാശംസകള്‍ !!

Related Posts:-
മമ്മൂട്ടിക്ക് സിബിഐ ഡയറക്ടര്‍ പദവി
പാവം ബെര്‍ളി തോമസ്
എന്നു സ്വന്തം അജ്ഞാതന്‍

എന്ന് സ്വന്തം അജ്ഞാതന്‍

ഈ ബ്ലോഗിലെ പോസ്റ്റുകള്‍ ഇ മെയില്‍ ഫോര്‍വേര്‍ഡുകളായി കറങ്ങി നടക്കാന്‍ തുടങ്ങിയിട്ട് കുറെ നാളുകളായി. ഇവയില്‍ കേരളാ ട്രാഫിക് ഗൈഡും ചാര്‍ളിയുടെ പ്രേമലേഖനവും പത്തിലേറെ തവണ ഫോര്‍വേര്‍ഡായി എനിക്കു തന്നെ കിട്ടിയിട്ടുണ്ട്. ആദ്യത്തേതില്‍ ബ്ലോഗിന്റെ വിലാസം കൊടുത്തിരുന്നെങ്കില്‍ രണ്ടാമത്തേതില്‍ അതുമുണ്ടായിരുന്നില്ല. ബ്ലോഗല്ലേ, പോസ്റ്റല്ലേ എന്നൊക്കെ കരുതി വിട്ടതായിരുന്നു. എന്നിട്ടിപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് അറിയണ്ടേ ?
ഈ ലക്കം ‘വനിത’ ദ്വൈവാരികയുടെ ചില പേജുകള്‍ ശ്രദ്ധിക്കൂ-ലിതും ലതും ലെവനും തമ്മിലെന്തു ബന്ധം എന്നിനിയും മനസ്സിലാകാത്തവര്‍ക്കുവേണ്ടി
ലതിന്റെ ലിങ്ക്.