കസ്റ്റമര്‍ റിലേഷന്‍ (കാനറാ ബാങ്ക് അനുഭവം)

2012 ഫെബ്രുവരി 22, ബുധന്‍
രാവിലെ 10.20
തെളിഞ്ഞ കാലാവസ്ഥ

കോഴിക്കോട്-കണ്ണൂര്‍ റോഡില്‍ ചക്കോരത്തുകുളത്തുള്ള കാനറാ ബാങ്ക് ശാഖയിലെ എടിഎമ്മില്‍ ഞാന്‍ കയറുന്നു. കയ്യിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കാര്‍ഡ് യന്ത്രത്തിന്റെ വായിലേക്കു തിരുകുന്നു. യന്ത്രം കാര്‍ഡ് വിഴുങ്ങി അലസമായിക്കിടക്കുന്നു. സ്ക്രീനിലേക്കു നോക്കുമ്പോള്‍ അന്ധകാരം മാത്രം. ഔട്ട് ഓഫ് കവറേജ് എന്നു ചെറിയ അക്ഷരങ്ങളിലെഴുതിയത് സ്ക്രീനിലൂടെ ഒഴുകി നടക്കുന്നു. എന്റര്‍ ‍, ക്യാന്‍സല്‍ ബട്ടണുകളില്‍ അമര്‍ത്തി നോക്കി. ഇല്ല, യന്ത്രം പ്രതികരിക്കുന്നില്ല. കാര്‍ഡ് തിരികെ വരുന്നുമില്ല.

നേരെ ബാങ്കിലേക്കു കയറി. ഒരു വാതില്‍ തുറന്നിറങ്ങി വന്ന ചെറുപ്പക്കാരന്‍ ‘എന്നാടാ ഉവ്വേ’ എന്ന മട്ടില്‍ നോക്കി. ‘എന്റെ എടിഎം കാര്‍ഡ് യന്ത്രത്തില്‍ കുടുങ്ങി, രക്ഷിക്കണം’ എന്നു പറഞ്ഞതേയുള്ളൂ, ചെറുപ്പക്കാരന്‍ അതേ വാതിലിലൂടെ അകത്തേക്കു കയറി. കൗണ്ടറിലിരുന്ന ഒരു അമ്മച്ചി ‘എന്താ’ എന്നുറക്കെ ചോദിച്ചു. കാര്യം പറഞ്ഞു. അമ്മച്ചി പെട്ടെന്ന് ബഹളം വച്ചു- ‘അവിടെ നിന്ന് മാറി നില്‍ക്ക്, എടിഎമ്മിന്റെ അടുത്ത്ന്ന് മാറി നില്‍ക്ക്, അവിടെ നില്‍ക്കാതെ,അങ്ങോട്ട് മാറി നില്‍ക്ക്…’

ഞാന്‍ ഭയപ്പെട്ടുപോയി. എന്നെ കണ്ടാല്‍ ബാങ്ക് കൊള്ളക്കാരനെപ്പോലെയുണ്ടോ ?
വേഗം ബാങ്കിന്റെ പുറത്തിറങ്ങി നിന്നു.

കാര്‍ഡ് മുങ്ങിത്തപ്പിയെടുത്തുകൊണ്ടു വരുമ്പോള്‍ എന്തായാലും വിളിക്കുമല്ലോ. അമ്മച്ചിയുടെ ബിപി കൂട്ടേണ്ട. കുറച്ചുനേരം കഴിഞ്ഞപ്പോള് ചെറുപ്പക്കാരന്‍ കയ്യിലെന്തൊക്കെയോ തപ്പിയെടുത്തുകൊണ്ട് കൗണ്ടറിലേക്കു പോയി. കൗണ്ടറിലിരുന്ന കണ്ണട വച്ച ഒരു യുവതി എന്നോട് ‘അവിടെ പോയി വാങ്ങിച്ചോ’ എന്നു പറഞ്ഞു.

എനിക്കു സന്തോഷമായി. കാര്ഡ് തിരികെ കിട്ടുമെങ്കില്‍ എവിടെ വേണമെങ്കിലും പോകാന്‍ തയ്യാറാണ്. ഞാന്‍ ചെറുപ്പക്കാരന്റെ ലൊക്കേഷന്‍ മനസ്സിലാക്കി അവിടേക്കു നടന്നു. ബാങ്കിന്റെ ഒരു ഭാഗം പൊളിച്ചടുക്കിയതുപോല നിലത്തൊക്കെ എന്തൊക്കെയോ കിടക്കുന്നു. മറ്റേ കഥയില്‍ വെള്ളത്തില്‍ പോയ മഴു മുങ്ങിത്തപ്പിയെടുത്തുകൊണ്ടു വന്ന ദേവതയെപ്പോലെ ചെറുപ്പക്കാരന്‍ കയ്യില്‍ ഏതാനും കാര്‍ഡുകളുമായി കൗണ്ടറിലിരിക്കുന്ന ഒരു സാറിന്റെ അടുക്കല്‍ വന്നു. കൗണ്ടറിനു സമീപം കാത്തുനിന്ന മറ്റൊരു ചെറുപ്പക്കാരന്‍ എന്നോടു ചോദിച്ചു ‘കാര്‍ഡ് മെഷിനില്‍ പോയോ ?’ ഇവിടെ ഇതൊക്കെ സാധാരണയല്ലേ എന്ന മട്ട്.

ഞാന്‍ ഓണപ്പരീക്ഷയുടെ മാര്‍ക്ക് കേള്‍ക്കാന്‍ നില്‍ക്കുന്ന സ്കൂള്‍ വിദ്യാര്ഥിയെപ്പോലെ സാറിന്റെ മുന്നില്‍ നിന്നു. സാറ് മുന്നില്‍ നിന്ന ആളോട് പേരു ചോദിച്ചു. അയാള്‍ പേരു പറഞ്ഞു. അയാളുടെ പേരിലുള്ള കാര്‍ഡ് ചെറുപ്പക്കാരന്റെ കയ്യില്‍ നിന്നു വാങ്ങി മറ്റേ സാറ് എന്തൊക്കെയോ അഭിപ്രായം പറഞ്ഞു. ചെറുപ്പക്കാരന്റെ കയ്യില്‍ എന്റെ കാര്‍ഡ് കണ്ണുകള്‍ കൊണ്ടു പരതുന്നതിനിടയില്‍ ആ ഡയലോഗുകള്‍ ഞാന്‍ ശ്രദ്ധിച്ചില്ല. എന്തായാലും ആ ചെറുപ്പക്കാരന്റെ കാര്‍ഡ് മറ്റേ സാറ് മാറ്റി വച്ചു. ചെറുപ്പക്കാരന്‍ മാറി നിന്നു. എന്നോടു പേരു ചേദിച്ചു, ഞാന്‍ പറഞ്ഞു. സാറ് ഒരു നീല കാര്‍ഡ് വാങ്ങി എന്നോടു പറഞ്ഞു- ‘മിസ്റ്റര്‍ മുരളി, നിങ്ങളുടെ കാര്‍ഡ് എക്‍സ്‍പെയര്‍ ആയിട്ട് ആറു മാസമായി !’

ഞാന്‍ പിന്നെയും ഭയപ്പെട്ടു. ഞാന്‍ പറഞ്ഞു- ‘സര്‍,എന്റെ പേരു മുരളിയല്ല,സാറിന്റെ കയ്യിലിരിക്കുന്നത് എന്റെ കാര്‍ഡ് അല്ല… എന്റേത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാര്‍ഡ് ആണ് !’

സാറിന്റെ മുഖം ഇരുണ്ടു. കടല്‍ക്കൊള്ളക്കാരനെ കണ്ട ഇറ്റാലിയന്‍ ഭടന്റെ ക്രൗര്യത്തോടെ എന്നെ രൂക്ഷമായി നോക്കി. പിന്നെ മുഖം ശാന്തമായി. എന്നിട്ട് ചിരിച്ചുകൊണ്ട്, ശബ്ദത്തില്‍ തീരെ മയമില്ലാതെ ഇങ്ങനെ പറഞ്ഞു- ‘കാനറാ ബാങ്കിന്റെ കാര്‍ഡുകള്‍ മാത്രമേ ഞങ്ങള്‍ തിരിച്ചു നല്‍കുകയുള്ളൂ…’

ഞാന്‍ കര്‍ണപുടങ്ങളെ കൂര്‍പ്പിച്ചുവച്ചു- ‘സര്‍, മനസ്സിലായില്ല…’

‘അതിനുള്ളില്‍ ഇനി വേറെ കാര്‍ഡ് ഇല്ല…അഥവാ കിട്ടിയാലും ഞങ്ങള്‍ തിരിച്ചു തരില്ല’ – സാറ് ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.

‘സാര്‍,ഞാന്‍ ബാങ്ക് കൊള്ളയടിക്കാന്‍ വന്നതല്ല, പൈസ എടുക്കാന്‍ വേണ്ടി കാര്‍ഡ് എടിഎമ്മിനുള്ളില്‍ ഇട്ടതാണ്’- ക്ഷമയുടെ നിറകുടമായ ഞാന്‍ വിശദീകരിക്കാന്‍ ശ്രമിച്ചു.

‘മനസ്സിലായി,കാനറാ ബാങ്കിന്റെ കാര്‍ഡേ തിരിച്ചു തരൂ, അല്ലാതെ ക്യാപ്‍ചര്‍ ചെയ്യുന്ന കാര്‍ഡുകള്‍ ഞങ്ങള്‍ നശിപ്പിച്ചുകളയും, നിങ്ങള്‍ക്കു തരില്ല’ !

ഞാന്‍ പിന്നെയും ഭയപ്പെട്ടു. ആദ്യമായി എന്റെ എടിഎം കാര്‍ഡിനെ എനിക്കു മിസ് ചെയ്തു. പതിനായിരം വട്ടമെങ്കിലും അമര്‍ത്തിയ പാസ്‍വേഡ‍് എന്റെ വിരലില്‍ നിന്നു വിറച്ചു. എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞു. ‘ഇറങ്ങിപ്പോടാ ഡാഷേ’ എന്ന മട്ടില്‍ സാറ് എന്നെ നോക്കിയിട്ട് ആദ്യം മാറ്റി വച്ച കാര്‍ഡ് എടുത്ത് മറ്റേ ചെറുപ്പക്കാരനുമായി ചര്‍ച്ച തുടര്‍ന്നു. കാര്‍ഡ് മുങ്ങിത്തപ്പാന്‍ പോയ ചെറുപ്പക്കാരന്‍ എന്നെ ‘എന്നാ പോവല്ലേ’ എന്ന മട്ടില്‍ നോക്കി. ‘ഗ്രേറ്റ്’ എന്നു മാത്രം പറഞ്ഞിട്ട് ഡാഷായ ഞാന്‍ ഇറങ്ങിപ്പോന്നു.

കാവലിന് പട്ടാളക്കാരന്‍ ഇല്ലായിരുന്നു. ഉണ്ടായിരുന്നെങ്കില്‍ എന്നെ ചിലപ്പോള്‍ വെടിവച്ചുകൊന്നേനെ എന്നു ഞാന്‍ ഭയപ്പെടുന്നു. കൊല്ലാതെ വിട്ടതിന് ആ ഒച്ചവച്ച അമ്മച്ചിക്കും ഇറ്റാലിയന്‍ ഭടനെപ്പോലെ ഇടപെട്ട സാറിനും കാനറാ ബാങ്കിനും എന്റെ സ്‍പെഷല്‍ നന്ദി. ഇവിടിപ്പോ കാനറാ ബാങ്ക് എന്നോട് ചെയ്തത് ക്രൂരതയായിപ്പോയെന്നോ തെറ്റായിപ്പോയെന്നോ ഒന്നും എനിക്കഭിപ്രായമില്ല. ബാങ്ക് വന്നു നമ്മുടെ നെഞ്ചത്ത് കേറിയാലും നമ്മള്‍ ചെന്നു ബങ്കിന്റെ നെഞ്ചത്തു കയറിയാലും കേട് എപ്പോഴും നമ്മുടെ പോക്കറ്റിനായിരിക്കും എന്നതിനാല്‍ ബാങ്കിനോട് എനിക്കു പിണക്കമില്ല.

വാല്‍ക്കഷണം:- കാര്‍ഡ് തിരിച്ചു തരില്ല നശിപ്പിച്ചുകളയും എന്ന കാനറാ ബാങ്കിന്റെ പോളിസി ശരിയോ തെറ്റോ എന്നറിയാന്‍ വേണ്ടി കാര്‍ഡ് എനിക്കു തന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ പരിചയക്കാരനായ മാനേജരെ ഫോണില്‍ വിളിച്ചു- ‘അതേയ്, ഞാന്‍ കാനറാ ബാങ്കിന്റെ എടിഎമ്മില്‍ കാശെടുക്കാന്‍ കയറിയായിരുന്നേ…’

‘എന്നിട്ട് ? കാശു പോയോ കാര്‍ഡ് പോയോ ?’ – മാനേജര്‍ എന്റെ ചോദ്യം മുട്ടിച്ചുകളഞ്ഞു.

ലേബല്‍:- എത്ര മനോഹരമായ ആചാരങ്ങള്‍.

പുസ്തകപ്രകാശനം

ഇത്രയും കാലം കൊണ്ട് അനേകരെ വഴി തെറ്റിച്ച, അനേകരുടെ ആസ്വാദനശേഷി തല്ലിക്കെടുത്തിയ ബെര്‍ളിത്തരങ്ങള്‍ എന്ന എന്റെ ഈ ബ്ളോഗില്‍ നിന്നുള്ള തിരഞ്ഞെടുത്ത രചനകള്‍ ഇനി നിങ്ങള്‍ക്കു പുസ്തക രൂപത്തിലും ലഭിക്കും. ഇതിനു മാത്രം നിങ്ങളെന്തു തെറ്റു ചെയ്തു എന്നു ചോദിച്ചാല്‍ എനിക്കുത്തരമില്ല. ചിക്കുന്‍ ഗുനിയ പിടിച്ചവന് പന്നിപ്പനി കൂടി പിടിച്ചെന്നു കരുതിയാല്‍ മതി. വരാനുള്ളത് വണ്‍വേ വഴി പോകില്ല എന്നാണല്ലോ പഴമൊഴി. അതു വന്നു കഴിഞ്ഞു. നിങ്ങളുടെ അടുത്തുള്ള പുസ്തകശാലകളില്‍ സംഗതി റിലീസ് ചെയ്തു കഴിഞ്ഞു. ഓവര്‍സീസ് റൈറ്റ് ഇന്ദുലേഖ ഡോട് കോമിനാണ് നല്‍കിയിരിക്കുന്നത്. ഉള്ള കോപ്പികള്‍ വിറ്റുതീരും മുമ്പ് ആവശ്യക്കാര്‍ ക്യൂ നിന്നു വാങ്ങണമെന്ന് താല്‍പര്യപ്പെടുന്നു. പിന്നെ, ഇവിടെയൊന്നും കിട്ടിയില്ലാ..! എന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല.

മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടേതാണ് അവതാരിക. സാഹിത്യകാരന്‍ എന്‍.പി.മുഹമ്മദിന്റെ മകനും വൈക്കം മുഹമ്മദ് ബഷീറിന്റെ മരുമകനുമായ എന്‍.പി. അബു ഫൈസിയുടേതാണ് കവര്‍ ഡിസൈന്‍. കോഴിക്കോട് ഒലിവ് പബ്ളിക്കേഷന്‍സ് പ്രസാധനം ചെയ്യുന്ന പുസ്തകം പൊന്നുംവിലയ്ക്കാണ് വില്‍ക്കേണ്ടതെങ്കിലും തല്‍ക്കാലം 50 രൂപയ്ക്കാണ് നല്‍കുന്നത്. പുസ്തകത്തിന്റെ പ്രകാശനം വേണമെങ്കില്‍ എനിക്കു വലിയ ചടങ്ങായി നടത്താം. പക്ഷെ, എനിക്കതു വേണ്ട. എന്റെ ശക്തി എന്റെ വായനക്കാരാണ്.എന്റെ വായനക്കാര്‍ക്കു പങ്കെടുക്കാന്‍ കഴിയാത്ത ഒരു പ്രകാശനം ഞാന്‍ നടത്തണോ ? നിങ്ങള്‍ക്കില്ലാത്ത പ്രകാശനം എനിക്കെന്തിന് ? അതുകൊണ്ട് ദാ, എന്റെ ഈ പുസ്തകം ഓണ്‍ലൈനായി നിങ്ങളുടെയെല്ലാവരുടെയും മുന്നില്‍ സമര്‍പ്പിച്ചുകൊണ്ട് ഞാന്‍ തന്നെ പ്രകാശനം നടത്തിയതായി പ്രഖ്യാപിക്കുന്നു. എനിക്കൊക്കെ എന്തുമാകാമല്ലോ !

Book Cover1

തീര്‍ന്നിട്ടില്ല. ഇനി, മമ്മൂട്ടിയുടെ അവതാരികയില്‍ നിന്ന് ഏതാനും ഭാഗങ്ങള്‍:-
“നവീനകാലത്തിന്റെ എഴുത്തുപുരയായ ബ്ളോഗ് സാമ്രാജ്യത്തിലെ രാജകുമാരനാണ് ബെര്‍ളി തോമസ്. മലയാളം ബ്ളോഗുകളിലെ മുന്‍നിരക്കാരനായ ബെര്‍ളി തോമസിന്റെ രചനകള്‍ക്കായി മോണിറ്ററിനു മുന്നില്‍ കാത്തിരിക്കുന്ന ചെറുപ്പക്കാരുടെ വലിയൊരു കൂട്ടത്തിനു മുന്നിലേക്ക് അവ പിറന്നുവീഴുന്നു. ബ്ളോഗിങ്ങിന്റെ ലോകം വിചിത്രമാണ്. ഓരോ പോസ്റ്റിനും ആത്മാര്‍ഥതയുടെ പൂക്കളും അതിനിശിതമായ കല്ലേറും തീര്‍ച്ച. ബെര്‍ളിത്തരങ്ങളിലൂടെ കടന്നുപോയവര്‍ക്കാറിയാം മിത്രങ്ങളാലും ശത്രുക്കളാലും സജീവമായ ലോകത്തെ. വായനക്കാരനെ വീണ്ടും വീണ്ടും ബെര്‍ളിത്തരങ്ങളിലേക്കു നയിക്കുന്നതിന്റെ കാരണവും ഇതാകാം. ”

പുസ്തകം വാങ്ങണോ വേണ്ടയോ എന്നു സംശയിക്കുന്നവരോട് ചില കാര്യങ്ങള്‍ വ്യക്തമാക്കിയേക്കാം. എന്റെ പുസ്തകം ഓരോ കോപ്പി വാങ്ങി സഹായിക്കണേ എന്നു ഞാനാരോടും പറയില്ല. അങ്ങനെ വില്‍ക്കേണ്ട സാധനമല്ല പുസ്തകം. താല്‍പര്യം തോന്നുന്നവര്‍ മാത്രം വാങ്ങിയാല്‍ മതി. ഇതിപ്പോള്‍ ബ്ളോഗിലില്ലാത്തതു വല്ലതുമുണ്ടോ ഇതില്‍ കാശു കൊടുത്തു വാങ്ങാന്‍ എന്നു സംശയിക്കുന്നവര്‍ക്കും മറുപടിയുണ്ട്. ബ്ളോഗിലില്ലാത്തതായിട്ട് ആമുഖവും അവതാരികയും മാത്രമേയുള്ളൂ ഇതില്‍. പുസ്തകമാക്കുമ്പോള്‍ പോസ്റ്റുകള്‍ എഡിറ്റ് ചെയ്യുന്ന ഒരു പരിപാടിയുണ്ട്. ഇതില്‍ അതും നടത്തിയിട്ടില്ല. നമ്മളെന്തിനാണ് ആവശ്യമില്ലാത്ത പണിക്കു പോകുന്നത്, ഹല്ല പിന്നെ ! വീട്ടില്‍ കയറ്റാന്‍ കൊള്ളുന്ന പുസ്തകമാണോ എന്നൊക്കെ രണ്ടുവട്ടം ആലോചിച്ചിട്ടേ വാങ്ങാവൂ. പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പോസ്റ്റുകള്‍ ഇവയാണ്:-

1. ചാര്‍ളിയുടെ അപ്രകാശിത പ്രേമലേഖന
2. യക്ഷിയെ പ്രേമിച്ച കപ്യാര്‍ ഷാജു
3. നൂഡില്‍സ് ദുരന്തം
4. ഒറ്റക്കാലുള്ള പ്രേതം
5. ജോസുകുട്ടിയുടെ സ്വന്തം നിമ്മി
6. കോരസാറിന്റെ ശാന്ത
7. പത്മപ്രിയയുടെ കാമുകന്‍
8. വിശുദ്ധ റീമി ടോമിയും രണ്ടു മുസ്ലിം തീവ്രവാദികളും
9. അഭിജ്ഞാനമേരിക്കുട്ടി
10. ഡിപ്രഷന്‍ കാലത്തെ പ്രൊപ്പോസല്‍
11. ആന്റി കമ്യൂൂണിസ്റ്റ്
12. രാജ്കുമാര്‍ സന്തോഷി ( രാജപ്പേട്ടനു സന്തോഷമായി)
13. തമിംഗലങ്ങളോടൊരു കിന്നാരം
14. കേരളാ ട്രാഫിക് ഗൈഡ്

ഇന്ദുലേഖ ഡോട് കോമില്‍ നിന്നു പുസ്തകം വാങ്ങുന്നതിനുള്ള ലിങ്ക് ലിതാണ്

എന്‍റെ കന്നി (ശരിക്കും കര്‍ക്കിടകത്തിലാ) യുഎസ് പര്യടനം

(മലയാളത്തിലെ ആദ്യത്തെ ബ്ലോഗായ എന്‍റെ ഏര്‍ളി ബ്ലോഗറില്‍ നിന്നുള്ള പോസ്റ്റാണിത്. 1982ല്‍ മൂന്നു വയസ്സുള്ളപ്പോഴാണ് ഞാനത് എഴുതിത്തുടങ്ങിയത്)

Posted 03 August 1982

സത്യം പറഞ്ഞാല്‍ അച്ചാച്ചന്‍റെ കൂടെ അമേരിക്കേല്‍ വരെ പോയപ്പോഴാണ് അവിടുത്തെ കാര്യങ്ങളൊക്കെ മനസ്സിലായത്. രാജ്യം കൊള്ളാം. മൊത്തം സെറ്റപ്പുകളും കൊള്ളാം. വിമാനത്തിനാണ് പോയത്. വയസ് മൂന്നേ ഉള്ളൂ എന്നതിനാല്‍‍ ടിക്കറ്റ് എടുക്കേണ്ടി വന്നില്ല. നല്ല സ്ഥലം. റീഗന്‍ എന്നൊരു ചേട്ടനാണ് അവിടെ പ്രസിഡന്‍റ്. റീഗല്‍ തുള്ളിനീലം എന്നു കേട്ടിട്ടുണ്ട്. അതിന്‍റെ മുതലാളീടെ അനിയനോ മറ്റോ ആയിരിക്കും. ആര്‍ക്കറിയാം.

അച്ചാച്ചന് അവിടെ മിനിയാപ്പോലിസിലും കാലിഫോര്‍ണിയയിലും എസ്റ്റേറ്റുണ്ട്. അച്ചാച്ചനൊക്കെ അല്ലെങ്കിലും എന്തും ആവാമല്ലോ. മിനിയാപ്പോലിസിലെ എസ്റ്റേറ്റ് ബംഗ്ലാവില്‍ എന്നെ വിട്ടിട്ട് അച്ചാച്ചന്‍ നേരേ കാലിഫോര്‍ണിയയിലേക്കു വിട്ടു. ബംഗ്ലാവില്‍ വച്ചാണ് ഞാനാദ്യമായി സത്യം പറ‍ഞ്ഞാല്‍ കളര്‍ ടിവി കാണുന്നത്. വീട്ടിലുള്ളത് ബ്ലാക് ആന്‍ഡ് വൈറ്റ് ആണ്. അതില്‍ ദൂരദര്‍ശനെന്നു പറയുന്ന ഒരു സാധനമാണ് കിട്ടുന്നത്. ഇത് കൊള്ളാം. സംഗതി നല്ല രസമുണ്ട്. അതിന്‍റെ കുറച്ച് ഞാന്‍ റെക്കോര്‍ഡ് ചെയ്ത് വച്ചിരിക്കുന്നത് ഇവിടെ കാണാം. അവിടുത്തെ 5 മണി വാര്‍ത്ത പിടിച്ചതാണ്.


[smartads]

അവിടുന്ന് പ്രസിഡന്‍റ് റീഗനെ കാണാന്‍ വേണ്ടി അച്ചാച്ചന്‍റെ കൂടെ പോയി. അവിടെ ചെന്നപ്പോള്‍ ഫിലിപ്പീന്‍സുകാരനായ ഏതോ ഒരു മാര്‍ക്കോസേട്ടനും കെട്ടിയോള്‍ ഇമെല്‍ഡയും മൂപ്പരുടെ അടുത്ത്. അവരാണെങ്കില്‍ അച്ചാച്ചനെ കണ്ടതും ചാടി വീണു. റീഗന്‍ ‍ഞെട്ടി. അച്ചാച്ചന് ഇന്ത്യക്കും തായ്‍വാനും പുറമേ അമേരിക്കയില്‍ മാത്രമേ എസ്റ്റേറ്റുള്ളൂ എന്നാ റീഗന്‍റെ വിചാരം. ഫിലിപ്പീന്‍സിലെ 20,000 ഏക്കര്‍ എസ്റ്റേറ്റില്‍ ഇമെല്‍ഡ ചേച്ചി വന്നു പോകാറുണ്ടെന്നു പറഞ്ഞ് അച്ചാച്ചന്‍റെ പേരിലുള്ള ചില ആരോപണങ്ങള്‍ വീട്ടില്‍ ഞാനും കേട്ടിട്ടുള്ളതല്ലേ.

മാര്‍ക്കോസേട്ടനും റീഗേട്ടനും ഇമെല്‍ഡേച്ചിയും, കളി, ചിരി..
മാര്‍ക്കോസേട്ടനും റീഗേട്ടനും ഇമെല്‍ഡേച്ചിയും, കളി, ചിരി..

എന്തായലും അവരുടെ കൂടെ ചായേം വടേം കഴിച്ച് അടുത്ത ദിവസം ഞങ്ങള്‍ മടങ്ങി. ന്യൂയോര്‍ക്കിലിറങ്ങി എനിക്കൊരു നിക്കറു വാങ്ങിത്തന്നു. അവിടുന്ന് ഞാനൊരു മാസിക കണ്ടു വാങ്ങിച്ചു. പ്ലേബോയ് എന്നാണ് പേര്. കളിക്കുന്ന പ്രായത്തിലുള്ള ബോയ്സിനുള്ളതാണെന്ന് പേരില്‍ തന്നെയുണ്ടല്ലോ. ചൂടു പോകാതെ അതും നിങ്ങളെ കാണിച്ചേക്കാം. ലിതാണ് ലത്.

എന്‍റെ കളിക്കുടുക്ക
എന്‍റെ കളിക്കുടുക്ക

നാളെ ഞങ്ങള്‍ ഇന്ത്യയിലേക്കു മടങ്ങും.അമേരിക്ക കാണാന്‍ വന്ന പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും നാളെ ഞങ്ങള്‍ പോകുന്ന ഫ്ളൈറ്റിലാണ് പോകുന്നതെന്നു കേള്‍ക്കുന്നു. ശല്യമാകും. എനിക്കാണെങ്കില്‍ മുടി വെട്ടിയ പെണ്ണുങ്ങളെ കണ്ണെടുത്താല്‍ കാണരുത്. സഹിക്കുക തന്നെ. നമ്മളൊക്കെ പ്ലേബോയ്സ് ആയിപ്പോയില്ലേ..
[smartads]

പരസ്യവിമര്‍ശനം

ബ്ലോഗില്‍ പരസ്യങ്ങള്‍ ഇടുന്നതിനെ സംബന്ധിച്ച് വായനക്കാരില്‍ ചിലരുടെ വിമര്‍ശനങ്ങള്‍ കുറെ ദിവസമായി എന്നെ വേട്ടയാടുകയാണ്. സാമ്പിളിനു രണ്ടെണ്ണം- “എന്തിനാ മാഷെ ഇത്രയും പരിഷ്കാരങള്‍.ആ ബെര്‍ളിത്തരങളുടേ ഒരിത് പോയതുപോലെ തോന്നുന്നു.കെട്ടും മട്ടും എല്ലാം താറുമാറായപോലെ.പിന്നെ പോസ്റ്റിനു നടുക്കുള്ള പരസ്യം ഏറ്റവും വലിയ ആകര്‍ഷണമാണ്.ഓരോ വരികള്‍ കഴിയുമ്പൊഴും ഓരോ പരസ്യം. അത് കുറച്ചുകൂടി നന്നായിരിക്കും.”-ശ്രീക്കുട്ടന്‍
“എന്തോന്ന് പരസ്യമാണ് അച്ചായാ പോസ്റ്റിനു നടുവില്‍ തിരുകി കേറ്റുന്നത്‌.. നാല് ഡോളര്‍ കിട്ടാന്‍ ഇത്തരം കഞ്ഞിത്തരം കാട്ടണോ.. ?..”-ബഷീര്‍

[smartads]
വിമര്‍ശനങ്ങള്‍ എന്നെ വളരെയധികം ചിന്തിപ്പിച്ചു. കുറെ നേരം ആലോചിച്ചു കഴിഞ്ഞപ്പോള്‍ എനിക്കു തോന്നി. ശരിയാണ്, കാര്യം പറഞ്ഞാല്‍ ബ്ലോഗ് എന്‍റെയാണെങ്കിലും വായിക്കുന്നത് നിങ്ങളൊക്കെയാണല്ലോ. സത്യത്തില്‍ ഈ ചവറൊക്കെ വായിക്കുന്നവന് അങ്ങോട്ടു കാശ് കൊടുക്കണം. അതെന്തായാലും ഉടനെ തുടങ്ങാവുന്ന ഒരു സ്ഥിതിയിലല്ല ഞാന്‍. എങ്കിലും ആയിരം പോസ്റ്റ് (അതിപ്പം ആകും) ആകുന്നതിനോടനുബന്ധിച്ച് അങ്ങനെയൊരു പദ്ധതിയും തുടങ്ങുന്നുണ്ട്.

എങ്കിലും ഇപ്പോള്‍ ഇട്ടിരിക്കുന്ന പരസ്യങ്ങള്‍ നീക്കം ചെയ്യാനുദ്ദേശിച്ചിട്ടില്ലാത്തിനാലും ഇനീം കിട്ടിയാല്‍ കൂടുതല്‍ പര്യങ്ങളിടാന്‍ ഉദ്ദേശമുള്ളതുകൊണ്ടും ഒരു കാര്യം ഉറപ്പിച്ചു പറയാം. ബ്ലോഗില്‍ ഞാന്‍ പരസ്യം ഇടുന്നത് അതില്‍ ആളുകള്‍ ക്ലിക്ക് ചെയ്യുന്നതിന്‍റെ അടിസ്ഥാനത്തില്‍ കമ്പനി എനിക്കു തരുമെന്നു പറയുന്ന ഡോളേഴ്സ് സ്വന്തമാക്കാനാണ്. നാല് ഡോളര്‍ കിട്ടാന്‍ ഇത്തരം കഞ്ഞിത്തരം കാട്ടണോ- എന്ന ബഷീറിന്‍റെ ചോദ്യം വളരെ പ്രസക്തമാണ്. ബഷീര്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന കമ്പനി മാസാമാസം നല്‍കുന്ന ശമ്പളം നിരസിക്കുകയും ജോലിയോടുള്ള ആതമാര്‍ത്ഥതയാണ്, ശമ്പളമല്ല തന്‍റെ ഉന്നം എന്നു ബഷീര്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ള സാഹചര്യത്തില്‍ അദ്ദേഹത്തെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. പക്ഷെ, ഞാന്‍ ആ ടൈപ്പ് അല്ല. പണിയെടുത്താല്‍ പൈസ കിട്ടണം എന്നത് തന്നെയാണ് എന്‍റെ നിലപാട്. അതു കഴിഞ്ഞിട്ടുള്ള പുണ്യം മതി. ബ്ലോഗ് എഴുതിത്തുടങ്ങിയത് പൈസയ്‍ക്കു വേണ്ടിയല്ല എങ്കിലും അതില്‍ നിന്നു വല്ല പൈസയും കിട്ടുമെന്നുണ്ടെങ്കില്‍ അതു വേണ്ടെന്നു വയ്‍ക്കാന്‍ മാത്രം നല്ലവനല്ല എന്നു മാത്രമല്ല ‍ഞാന്‍ തീരെ നല്ലവനല്ല. ഞാന്‍ വെറും ഒരു ചെറ്റയും ആനമയി…നുമാണെന്നാണ് വളരെ അടുപ്പമുള്ള സുഹൃത്തുക്കള്‍ തന്നെ പറയുന്നത്.

പിന്നെ, ബ്ലോഗില്‍ പരസ്യം ഇടുന്നതിനെ വിമര്‍ശിക്കുന്നവരുടെ പ്രശ്നം എന്താണെന്നു മനസ്സിലാവുന്നില്ല. ഇതല്ല, ഇതിനപ്പുറത്തെ പരസ്യം ഇട്ടിട്ടുള്ള ഏത് സൈറ്റും സന്തോഷത്തോടെ വായിക്കാം, പക്ഷെ ബ്ലോഗില്‍ പരസ്യം കാണുമ്പോള്‍ ജീവിതത്തില്‍ ആദ്യമായി പരസ്യം കാണുന്നവന്‍റെ അറപ്പ്. ഇത്തരക്കാരെയാണ് സംസ്കൃതത്തില്‍ ഫ്രോഡുകള്‍ എന്നു വിളിക്കുന്നതെന്നു തോന്നുന്നു. എന്‍റെ സെക്കന്‍ഡ് ലാന്‍ഗ്വേജ് തെലുങ്ക് ആയിരുന്നത് കൊണ്ട് സംസ്കൃതം അത്ര അറിയില്ല. പിന്നെ, വിരോധം അമേരിക്കയോടാണെങ്കില്‍ അമേരിക്കയോടുള്ള വിരോധം ഡോളറിനോടു കാണിക്കുന്നത് മണ്ടത്തരമാണ്. പിന്നെ, ബ്ലോഗില്‍ പരസ്യം ഇടുന്നതിനെ കഞ്ഞിത്തരം എന്നു വിശേഷിപ്പിക്കുമ്പോള്‍ കഞ്ഞി എന്നു പറയുന്ന സാധനം നിലവാരമില്ലാത്ത ചെറ്റകളുടെ ഭക്ഷണമായും അതിനുള്ള വക സമ്പാദിക്കാന്‍ വേണ്ടി അത്തരക്കാര്‍ നടത്തുന്ന ശ്രമത്തോട് ഇതിനെ ഉപമിക്കുകയുമാണ് ചെയ്തിരിക്കുന്നതെങ്കില്‍ ഞാന്‍ അഭിമാനിക്കുന്നു. ഓരോ ദിവസവും ഒന്നോ രണ്ടോ ഡോളര്‍ വീതം കൂടിക്കൂടി ഇതൊരു ദിവസം 100 ഡോളര്‍ ആകുന്നത് കാണുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം ‍െഡയ്‍ലി കോടിക്കണക്കിനു ഡോളറുകള്‍ കൊണ്ടമ്മാനമാടുന്നവര്‍ക്കു മനസ്സിലാവില്ല.

എങ്കിലും എന്‍റെ വായനക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാവുന്ന ഒരു പ്രവൃത്തിയോടും എനിക്കു താല്‍പര്യമില്ല. ബ്ലോഗില്‍ പരസ്യം ഇടുന്നതില്‍ വിയോജിപ്പുള്ള എല്ലാവരും പ്രതിമാസം 20 ഡോളര്‍ വീതം എനിക്കു സംഭാവന ചെയ്യാന്‍ തയ്യാറാണെങ്കില്‍ ദാ ഈ നിമിഷം തന്നെ ഞാന്‍ ഇതിലെ സകലപരസ്യങ്ങളും നീക്കം ചെയ്യുന്നതയായിരിക്കും. ഓഫറുകള്‍ കമന്‍റുകള്‍ വഴി ഇപ്പോല്‍ തന്നെ നല്‍കിത്തുടങ്ങൂ. നല്ലവനായ ബഷീര്‍ പ്രതിമാസം 100 ഡോളറെങ്കിലും ഓഫര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 50 ഡോളറിനു മുകളില്‍ പ്രതിമാസം സംഭാവന ചെയ്യുന്ന എല്ലാവരുടെയും പടം (കളറില്‍) മുകള്‍ഭാഗത്തു തന്നെ പ്രദര്‍ശിപ്പിക്കുന്നതാണ്. 1000 ഡോളര്‍ നല്‍കുന്നവരുടെ പടവും ജീവചരിത്രവും ഉള്‍പ്പെടെ ഒരു ഫുള്‍ പോസ്റ്റും പിന്നെ, ഓണര്‍ ഷണ്‍മുഖം എന്ന മട്ടില്‍ ഇപ്പോഴത്തെ പരസ്യം കിടക്കുന്നിടത്ത് പ്രദര്‍ശിപ്പിക്കുന്നതായിരിക്കും.

ഇതെഴുതിയവനെ കുറെക്കാലമായി തിരയുകയായിരുന്നു

ഇതില്‍ കഥാപാത്രമാവാനുള്ള ഭാഗ്യം എനിക്കുണ്ടായി എന്നതുകൊണ്ടല്ല, എഴുത്തിന്‍റെ വല്ലാത്തൊരു പ്രയോഗമുണ്ട് ഇതില്‍. കുറെയധികം തവണ എനിക്കിതു ഫോര്‍വേഡായി ലഭിച്ചിരുന്നു. നെഡ്ഫ്രിന്‍ സഹോദരാ താങ്കളുടെ ബ്ലോഗില്‍ നിന്ന് അനുവാദമില്ലാതെ ഇതുപൊക്കി ഇവിടെ പബ്ലിഷ് ചെയ്യുന്നു. എനിക്കിവിടെ എന്തുമാകാമല്ലോ !!

“വെറും ഒരു കഥ! 🙂

ഇതു വെറും ഒരു കഥ മാത്രം. ഇതിലെ കഥാപാത്രങ്ങള്‍ തികച്ചൂം സാങ്കല്‍പികം മാത്രമാണ്. 🙂

രാജുമോന്‍ പഠിക്കാന്‍ മിടുക്കനായിരുന്നു. എല്ലാ വിഷയത്തിലും ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നതു രാജു മോന്‍ ആയിരുന്നു.അതുകൊണ്ട്‌ ടീച്ചര്‍മാരുടെ കണ്ണിലുണ്ണിയായി രാജു മോന്‍ സുഖമായി ജീവിച്ചു പോന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം രാജുമോന്‍റെ തൊട്ടടുത്തു ഇരിക്കുകയും എല്ലാ വിഷയത്തിലും “മൊട്ട” മേടിക്കുകയും ചെയ്തിരുന്ന റ്റിന്‍റുമോന്‍ പെട്ടന്നൊരു ചോദ്യം ചോദിച്ചു – “ബെര്‍ളി ആരാന്നറിയുമൊ?”
രാജു മോന്‍ ഒരു നിമിഷം ഞെട്ടി. തനിക്കറിയാവുന്ന എല്ലാ വിഷയങ്ങളിലും മുങ്ങി തപ്പി – ഹിസ്റ്ററി,ബയോളജി,കെമിസ്റ്റ്റി,ഫിസിക്സ് തുടങി എല്ലാത്തിലും തപ്പി – കിട്ടിയില്ല.രാജുമോന്‍ ആകെ തകര്‍ന്നു പോയി. സ്ഥിരമായി “മൊട്ട” വാങ്ങാറുള്ള ടിന്‍റുമോന്‍റെ ചോദ്യത്തിനു മുന്നില്‍ താന്‍ തോറ്റിരിക്കുന്നു എന്നവനു വിശ്വസിക്കന്‍ കഴിഞ്ഞില്ല.. അവന്‍ വിങ്ങലോടെ പറഞ്ഞു – “എനിക്കറിയില്ല”
ഒരു നിമിഷം – എല്ലാം സ്തംഭിച്ചു.

അതുവരെ ചലപില ചിലച്ചൊണ്ടിരുന്ന എല്ലാവരും രാജുമോനെ തന്നെ തുറിച്ചു നോക്കി. ഒന്നും മനസ്സിലാകാതെ അന്തം വിട്ടു രാജുമോന്‍ അവിടെ തന്നെ ഇരുന്നു. ആരും കാണ്ണെടുക്കുന്ന മട്ടില്ല. രാജുമൊന്‍റെ ധൈര്യം പതുക്കെ ചോര്‍ന്നു തുടങ്ങി. “ആരായിരിക്കും ഈ ബെര്‍ളി?” രാജുമോന്‍ ചെറിയ ഒരു പേടിയോടെ ആലോചിച്ചു തുടങ്ങി. അവന്‍ ചുറ്റും ഒന്നു കണ്ണോടിച്ചു.ഇല്ല, ആരും അനങ്ങുന്നില്ല.. എല്ലാവരും തന്നെ നോക്കി ഒരേ ഇരുപ്പാണ്. രാജുമോന്‍ താഴേക്കു നോക്കി – ഇല്ല ഭൂമി പിളരുന്നില്ല.. ഉണ്ടായിരുന്നെങ്കില്‍ അതിലേക്കു ചാടാമായിരുന്നു, മുകളിലേക്കു നോക്കി, ഇല്ല, മേല്‍കൂര ഇടിഞ്ഞു വീഴുന്നുമില്ല.. രക്ഷപെടാന്‍ ഒരു മാര്‍ഗ്ഗവുമില്ല.. അവന്‍ കരച്ചിലിന്‍റെ വക്കോളമെത്തി..
“എന്താ എന്താ അവിടെ” നിശബ്ദത ഭേദിച്ചു കൊണ്ടു ക്ലാസ്സ് ടീച്ചറുടെ ശബ്ദമായിരുന്നു അത്. എല്ലാം കഴിഞ്ഞു എന്നൊര്‍ത്തു രാജുമോന്‍ സമാധാനിച്ചു. പക്ഷെ രാജു മോനെ നടുക്കി കൊണ്ട്‌ എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു – “ടീച്ചറെ, ഇവനു ബെര്‍ളി ആരാന്നു അറിഞ്ഞുകൂടാ!”
പത്തറുപതോളം വിരലുകള്‍ തനിക്കു നേരെ ചൂണ്ടിയിരിക്കുന്നതു അവന്‍ കണ്ടു. അവന്‍ ദയനീയമായി ടീച്ചറെ നോക്കി.

ടീച്ചറുടെ അടുത്തു നിന്നും “ഈ പിള്ളേര്‍ക്കിതെന്തിന്‍റെ കേടാ” എന്ന ഒരു ചോദ്യം പ്രതീക്ഷിച്ച രാജുമോന്‍ വീണ്ടും ഞെട്ടി. ടീച്ചറുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നിരിക്കുന്നു. കണ്ണില്‍ ഇരുട്ടു കയറുന്നതായി അവനു തോന്നി. ടീച്ചറവനെ മുന്നിലേക്കു വിളിച്ചു. “നിനക്കു ബെര്‍ളി ആരാണെന്നു അറിയില്ലെ?” ടീച്ചര്‍ ദെഷ്യത്തോടെ തന്നെ ചോദിച്ചു. “അത്.. അത്.. അറിയില്ല” എന്നവന്‍ പറഞ്ഞു.
“ഗെറ്റ് ഔട്ട്! ഇനി ഹെഡ്മാസ്റ്ററെ കണ്ടിട്ടു ഇനി എന്‍റെ ക്ലാസ്സില്‍ കയറിയാല്‍ മതി” ടീച്ചര്‍ ആഞ്ജാപിച്ചു. പാവം രാജുമോന്‍, ക്ലാസ്സില്‍ നിന്നും വെളിയിലിറങ്ങി നടന്നു.. ആപ്പോഴും അവന്‍റെ മനസ്സില്‍ ഒരേ ഒരു ചൊദ്യമെ ഉണ്ടായിരുന്നുള്ളു – “അരാണീ ബെര്‍ളി?”
ഹെഡ്മാസ്റ്ററിനെ കണ്ടു കാര്യം പറഞ്ഞു. “ഗെറ്റ് ഔട്ട്!” അവിടുന്നും കിട്ടി.. ഇനി മേലാല്‍ ഈ സ്കൂളില്‍ കണ്ടു പോകരുതു. സെക്യുരിറ്റിയെ കൊണ്ടു അവനെ പിടിച്ചു പുറത്താക്കിച്ചു. അവന്‍ വീട്ടിലേക്കു നടന്നു. ആപ്പോഴും അവന്‍റെ മനസ്സില്‍ ആ ചോദ്യം മുഴങ്ങി കൊണ്ടിരുന്നു – “ആരാണീ ബെര്‍ളി?”

ഒരു വിധത്തില്‍ രാജുമോന്‍ നടന്നു വീട്ടിലെത്തി. വിഷമിച്ചു വരുന്ന രാജുമോനെ കണ്ട് അവന്‍റെ അച്ഛന്‍ കാര്യം തിരക്കി. “ബെര്‍ളി ആരാണെന്നറിയാതതുകൊണ്ടു എന്നെ സ്കൂളീന്നു ഇരക്കി വിട്ടു” എന്നു രാജുമോന്‍ പറഞ്ഞു. ഇതു കേട്ടതും അച്ഛന്‍റെ ഭാവം മാറി. “നിനക്കു ബെര്‍ളി ആരാണെന്നറിയില്ലെ?” അയാള്‍ അലറി. രാജു മോന്‍ വീണ്ടും ഞെട്ടി. “ഇറങ്ങി പോടാ ഇവിടുന്നു;ബെര്‍ളി ആരാണെന്നു അറിഞ്ഞിട്ടു മതി ഇനി നി ഇങ്ങോട്ടു വരുന്നത്” അച്ഛന്‍ വീണ്ടും അലറി. ദേഷ്യവും സങ്കടവുമൊക്കെ ഉള്ളിലൊതുക്കി രാജുമോന്‍ വീട്ടീന്നിറങ്ങി നടന്നു.. അങ്ങനെ വിഷമിച്ചു നടന്നു പൊകുംബോള്‍ ഒരു കാര്‍ വന്നു അരികില്‍ നിര്‍ത്തി. അതില്‍ നിന്നു ഇറങ്ങിയ ആളെ രാജു മോന്‍ സൂക്ഷിച്ചു നോക്കി – ഇന്ത്യന്‍ പ്രധാനമന്ത്രി! അദ്ദേഹം കാര്യം തിരക്കി. ബെര്‍ളി ആരാണെന്നറിയാത്തതു മൂലം തനിക്കുണ്ടായ പ്രശ്നങ്ങള്‍ രാജു മോന്‍ പറഞ്ഞു കേള്‍പ്പിച്ചു. കേട്ട പാടെ പ്രധാന്മന്ത്രിയുടെ ഭാവം മാറി. ദേഷ്യം കാരണം അദ്ദേഹം വിറക്കുന്നുണ്ടായിരുന്നു.. രാജുമോന്‍ വീണ്ടും പേടിച്ചു. ഇനി നിന്നെ ഈ രാജ്യത്തു കണ്ടു പോകരുതു. ഇതും പറഞ്ഞു, കൂടെ ഉണ്ടായിരുന്ന ബ്ലാക് ക്യാറ്റ്സിനെ കൊണ്ട് രാജു മോനെ തൂക്കി എടുത്തു ഇന്ത്യ-പാകിസ്താന്‍ ബോര്‍ഡറില്‍ കൊണ്ടു പോയി വിടീപ്പിച്ചു.

പാവം രാജു മോന്‍ പാകിസ്താനിലൂടെ അലഞ്ഞു നടക്കുവാന്‍ തുടങ്ങി. അങ്ങനെ നടക്കുന്നതിനിടയില്‍ ഒരു ദിവസം റോഡ് സൈഡില്‍ അരോ “ബെര്‍ളി ബെര്‍ളി “എന്നു പറയുന്നതു കേട്ടു. അയാളോടു ചോദിച്ചാല്‍ ബെര്‍ളി ആരാണെന്നു അറിയാന്‍ കഴിയും എന്നു രാജുമോനു മനസ്സിലായി.. അവന്‍ അയാളുടെ അടുത്തേക്കു ഓടി.. പക്ഷെ റോഡില്‍ വെച്ചു ഒരു പാണ്ടി ലോറി അവനെ ഇടിച്ചു തെറിപ്പിച്ചു. അവന്‍ തല്‍ക്ഷണം മരിച്ചു..

ഇതാണു രാജു മോന്‍റെ കഥ. ഇനി ഒരു ചോദ്യം “വാട്ട് ഈസ് ദി മോറല്‍ ഓഫ് ദിസ് സ്റ്റോറി?”
ആലോചിച്ചു പറയൂ….

“റോഡ് മുറിച്ചു കടക്കുംബോള്‍ ഇടത്തോട്ടും വലത്തോട്ടും നോക്കി വണ്ടി ഇല്ലന്നുറപ്പു വരുത്തണം” :-)”

കടപ്പാട്- നെഡ്ഫ്രിന്‍
ബ്ലോഗ്- മിഴിയോരം

ലഫ്.കേണല്‍ ഉമ്മന്‍ കോശിയുടെയും മകളുടെയും ജീവന്‍ രക്ഷിക്കുന്നതിനു വേണ്ടി

പ്രിയപ്പെട്ട അച്ചായന്,

അച്ചായന്‍ ബ്ലോഗ് നിര്‍ത്താന്‍ പോകുന്നു എന്ന വാര്‍ത്ത കേട്ടതുമുതല്‍ എന്റെ മോള്‍ ഒരേ കിടപ്പാണ്. ഇനി എണീക്കുമോ എന്നെനിക്കറിയില്ല. ഇതു നാലാമത്തെയോ അഞ്ചാമത്തെയോ തവണയാണ് അവള്‍ ഇമ്മാതിരി കിടപ്പു കിടക്കുന്നത്. സത്യത്തില്‍ താങ്കളെ അച്ചായന്‍ എന്നു ഞാന്‍ വിളിക്കുമ്പോള്‍ അതൊരു തമാശയാണ്. 95ം വയസ്സില്‍ കൂദാശകള്‍ സ്വീകരിച്ച് കര്‍ത്താവില്‍ നിദ്രപ്രാപിച്ച എന്റെ സ്വന്തം അച്ചായനെ പോലും ഞാന്‍ അച്ചായാ എന്നു വിളിച്ചിട്ടില്ല. എനിക്കു വയസ്സ് 53 കഴിഞ്ഞു.ഈ ജൂണില്‍ 54 വയസ് പൂര്‍ത്തിയാവും. 15 വര്‍ഷം മിലിട്ടറിയിലായിരുന്നു. കാര്‍ഗിലിലും പുഞ്ചിലും കഞ്ചന്‍ജംഗയിലും പാക്കിസ്ഥാന്‍ പട്ടാളക്കാരോടു പോരാടുമ്പോള്‍ ഞാനിങ്ങനെ തളര്‍ന്നിട്ടില്ല. പക്ഷെ, ഇത് ഉറച്ച മനസ്സുള്ള എന്റെ പട്ടാളമനസ്സിനെപ്പോലും ഉലയ്ക്കുന്നു. നിങ്ങള്‍ ബ്ലോഗ് നിര്‍ത്തരുത്.

അച്ചായന് ശത്രുക്കളുണ്ടാവാം, അച്ചായനോട് അസൂയയുള്ളവരുണ്ടാവാം, പക്ഷെ അച്ചായനൊരാളുള്ളതുകൊണ്ടു മാത്രം ജീവിതം പ്രതീക്ഷാനിര്‍ഭരമായി മുന്നോട്ടുകൊണ്ടുപോകുന്ന, അച്ചായനൊരാളുള്ളതുകൊണ്ടു മാത്രം ഓരോ പ്രഭാതത്തെയും സ്വപ്നം കാണുന്ന അനേകം അനേകം ആരാധകരുടെ നിശബ്ദമായ നിലവിളി അച്ചായന്‍ കേള്‍ക്കാതെ പോകരുത്. ബ്ലോഗ് നിര്‍ത്താന്‍ എളുപ്പം സാധിക്കും, അതുകൊണ്ട് ഞങ്ങള്‍ ആരാധകര്‍ക്കുണ്ടാകുന്ന നഷ്ടം, മലയാളസാഹിത്യത്തിനും ലോകസമൂഹത്തിനും ഉണ്ടാകുന്ന നഷ്ടം നികത്താന്‍ അച്ചായനു പോലും കഴിയില്ല. എന്റെ മകള്‍ അതിന്റെ പ്രതീകമാണ്.

വെറും 22 വയസ്സ് മാത്രമുള്ള അവള്‍ പുനെയില്‍ അവളുടെ അമ്മയുടെ കൂടെയാണ് ജീവിച്ചതും പത്താം ക്ളാസ് വരെ പഠിച്ചതും. മലയാളം അവളുടെ മാതൃഭാഷയായിരുന്നില്ല. തികച്ചും മോഡേണായ ഒരു നോര്‍ത്ത് ഇന്ത്യന്‍ പെണ്‍കുട്ടിയായിരുന്നു അവള്‍, അച്ചായന്റെ ബ്ലോഗ് കാണുന്നതു വരെ. അച്ചായന്റെ ഒരു പോസ്റ്റ് ഇ മെയിലില്‍ ഫോര്‍വേഡ് ചെയ്തു കിട്ടിയതിനു ശേഷമാണ് അവള്‍ അച്ചായന്റെ ആരാധികയായത്. അവളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു കൂതറ പോസ്റ്റ്. കൂതറ എന്നു പറഞ്ഞാല്‍ ഗ്രേറ്റ് എന്നും മാര്‍വെലസ് എന്നുമൊക്കെ അര്‍ത്ഥം വരുന്ന മലയാളം വാക്കാണ് എന്നാണ് അവള്‍ വിചാരിച്ചിരിക്കുന്നത്. അതങ്ങനെയല്ല എന്നു പറഞ്ഞുകൊടുക്കാന്‍ ആ വാക്കിന്റെ അര്‍ത്ഥമെന്താണെന്ന് എനിക്കൊട്ടറിയുകയുമില്ല. ഐ ലവ് കൂതറ ബെര്‍ളിച്ചായന്‍ എന്നെഴുതിയ അഞ്ചു ടീ ഷര്‍ട്ടുകളാണ് അവള്‍ക്കുള്ളത്. മഹാത്മാ ഗാന്ധി എന്നു പറയുന്ന ബഹുമാനത്തോടെയാണ് അവള്‍ കൂതറ ബെര്‍ളി എന്നു പറയുന്നത്.

മലയാളം അറിയാത്ത അവള്‍ എങ്ങനെ അതു വായിച്ചു എന്നു വിചാരിക്കുന്നുണ്ടാവും. മലയാളം അറിയാവുന്ന എന്നെക്കൊണ്ട് അവള്‍ അത് വായിച്ചു പരിഭാഷപ്പെടുത്തിക്കുകയായിരുന്നു. അതിന്റെ പരിഭാഷ കേട്ടതും അവള്‍ കുറെ നേരം ആ യൂണികോഡ് വാക്കുകളുടെ പിഡിഎഫ് കോലത്തിലേക്കു കണ്ണും നട്ടിരുന്നു. അവള്‍ അച്ചായന് അഡിക്ടായെന്ന് എനിക്കപ്പോഴേ തോന്നിയിരുന്നു. അതു കഴിഞ്ഞാണ് അവള്‍ മലയാളം പഠിച്ചു തുടങ്ങിയത്. ഒന്നാം ക്ളാസ്സു മുതല്‍ പത്താം ക്ളാസ്സുവരെയുള്ള എല്ലാ പാഠപുസ്തകങ്ങളും അവള്‍ ഒറ്റ വര്‍ഷം കൊണ്ടു പഠിച്ചുതീര്‍ത്തു. ഇവിടെ മലയാളി അസോസിയേഷന്‍കാര് നടത്തുന്ന മലയാളഭാഷാപഠനകേന്ദ്രത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പരീക്ഷയില്‍ അവളായിരുന്നു ഫസ്റ്റും സെക്കന്‍ഡും തേര്‍ഡും.

ആ സമയത്താണ് ആരോ കമന്റില്‍ സ്മൈലി ഇട്ടു എന്നു പറഞ്ഞ് അച്ചായന്‍ പിണങ്ങി ബ്ലോഗ് നിര്‍ത്തുന്നതായി പ്രഖ്യാപിച്ചത്. ആ പോസ്റ്റ് ആദ്യം വായിച്ചതും അവളായിരുന്നെന്നു തോന്നി. ലോകത്തോടു മുഴുവന്‍ പിണങ്ങിയതുപോലെ അവള്‍ ആരോടും മിണ്ടാതെ നടന്നു, മൂന്നു ദിവസം. ഭക്ഷണവും ഒന്നും കഴിച്ചില്ല എന്തിന്, മൂത്രമൊഴിച്ചുപോലുമില്ല. ഭാഗ്യത്തിന് അച്ചായന്‍ മൂന്നാംദിവസം ആരാധകരുടെ നിര്‍ബന്ധം മൂലം തിരിച്ചെത്തിയതായി പ്രഖ്യാപിച്ചു. ജീവന്‍ തിരിച്ചുകിട്ടിയതുപോലെയായിരുന്നു അവള്‍ക്ക്. മലയാളത്തെയും ബ്ലോഗുകളെയും അവള്‍ ശരിക്കും പ്രണയിക്കുകയായിരുന്നു. അവളുടെ പ്രണയം അച്ചായനോടായിരുന്നു എന്ന് തിരിച്ചറിയാനുള്ള വിവേകം എനിക്കുണ്ടായിരുന്നെങ്കിലും അച്ചായന്‍ സെമിനാരിയില്‍ പഠിച്ചിരുന്ന കാലത്ത് കാണിച്ചിട്ടുള്ള പിറപ്പുകള്‍ എല്ലാം ഞാനവളോട് പറഞ്ഞുകൊടുത്തു. അപ്പോള്‍ ദാണ്ടെ, അവള്‍ക്ക് അച്ചായനോടുള്ള മതിപ്പ് കൂടി.

ഒരു കാര്യം എനിക്കു മനസ്സിലായി. സല്‍ഗുണസമ്പന്നനായ നല്ല മാന്യന്‍മാരോട് സ്ത്രീകള്‍ക്ക് ബഹുമാനമായിരിക്കും പക്ഷെ, കയ്യിലിരിപ്പു തീരെ ശരിയല്ലാത്ത വൃത്തികെട്ടവന്‍മാരോട് സ്ത്രീകള്‍ക്ക് അഭിനിവേശമാണ്. എന്റെ ഭാര്യ പോലും എന്നോടു വലിയ ബഹുമാനത്തിലൊക്കെയോ പെരുമാറിയിട്ടുള്ളൂ. അപ്പോള്‍ ഞാന്‍ കരുതി ഞാനൊരു സംഭവമാണെന്ന്. എന്നാല്‍ വെറും അലവലാതിയായ കുതിരക്കാരന്‍ കുഞ്ചാക്കോയുടെ കൂടെ അവള്‍ നടത്താത്ത പരിപാടികളൊന്നുമില്ലെന്ന് ഞാന്‍ അറിഞ്ഞത് വളരെ വൈകിയാണ്. ഇതൊരു ലോകതത്വമാണ്. അഥവാ, ഇങ്ങനെയൊരു ലോകതത്വമില്ലെങ്കില്‍ ഇനി മുതല്‍ ഇതു കൂടി ഉണ്ടായിരിക്കും.

ഞാന്‍ പറഞ്ഞുവന്നത്, അച്ചായന്‍ ബ്ലോഗിങ് നിര്‍ത്തുന്നതിനെപ്പറ്റിയാണ്. അതിനു ശേഷം എന്റെ ഓര്‍മ ശരിയാണെങ്കില്‍ ഏതാണ്ട് ആറു മാസം കഴിഞ്ഞപ്പോള്‍ അച്ചായന്‍ വീണ്ടും ബ്ലോഗ് നിര്‍ത്തുന്നതായി പ്രഖ്യാപിച്ചു. അന്ന് മറ്റുള്ളവരുടെ ഭാര്യമാരെ എങ്ങനെ വശീകരിച്ച് അവിഹിതബന്ധമുണ്ടാക്കാം എന്നതിനെപ്പറ്റി വളരെ വിശദമായി അച്ചായന്‍ എഴുതിയ പോസ്റ്റ് ആഭാസമാണ്് എന്നാരോ എവിടെയോ പറഞ്ഞതില്‍ പ്രതിഷേധിച്ചായിരുന്നു അച്ചായന്റെ ഭീഷണി. ആരാധകരുടെ മുറവിളിയുടെ അവസാനം അച്ചായന്‍ വീണ്ടും തിരിച്ചുവന്നു. എല്ലാതവണയും ബ്ലോഗ് നിര്‍ത്തിയതിനെക്കാള്‍ വേഗത്തില്‍ അച്ചായന്‍ പുനരാരംഭിച്ചു എന്നതാണ് ആകെയുള്ള ആശ്വാസം. ഇല്ലെങ്കില്‍ എന്റെ കൊച്ച് വല്ല കടുംകൈയും ചെയ്തേനെ.

കഴിഞ്ഞ തവണ ബ്ലോഗ് നിര്‍ത്തണോ വേണ്ടയോ എന്നു ചോദിച്ച് അച്ചായന്‍ ഒരു വോട്ടെടുപ്പ് നടത്തിയിരുന്നല്ലോ. അന്ന് അവള്‍ പഠിക്കുന്ന കോളജിലെ 1200 കുട്ടികളെക്കൊണ്ട് അവരുടെ വീടുകളിലെ സിസ്റ്റങ്ങളില്‍ നിന്ന് അയ്യോ ചേട്ടാ പോകല്ലേ എന്നും പറഞ്ഞ് അവള്‍ മെയിലയപ്പിക്കുകയും വോട്ട് ചെയ്യിക്കുകയുമൊക്കെ ചെയ്തിരുന്നു. പാവം എന്റെ മോള്‍ ! അന്ന് വോട്ട് പ്രതികൂലമാവുകയും അച്ചായന്‍ ബ്ളോഗ് നിര്‍ത്തുകയും ചെയ്തിരുന്നെങ്കില്‍ അവള്‍ തീര്‍ച്ചയായും ജീവിതം അവസാനിപ്പിച്ചേനെ. അതോടെ അച്ചായന്‍ ഈ പരിപാടി നിര്‍ത്തി എന്നും ഇനിയൊരിക്കലും ബ്ളോഗ് നിര്‍ത്തുന്നതിനെക്കുറിച്ചാലോചിക്കില്ല എന്നും ഞാന്‍ കരുതി. നവകാരികമായി തകര്‍ന്ന മകളെ ഞാനങ്ങനെ പറഞ്ഞുപ വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെ അവള്‍ ജീവിതം കണ്ടെത്തി വരുമ്പോഴാണ് അച്ചായന്‍ ഒരു മുന്നറിയിപ്പോ പ്രകോപനമോ ഇല്ലാതെ പെട്ടെന്നു ബ്ലോഗ് നിര്‍ത്തിയതായി പ്രഖ്യാപിച്ചത്.

അച്ചായനെക്കുറിച്ച് ഏകദേശ ധാരണയുള്ളതുകൊണ്ട് ആരെങ്കിലും വിമര്‍ശിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുമ്പോഴാണ് അച്ചായന്‍ ബ്ലോഗ് നിര്‍ത്തുന്നതായി പ്രഖ്യാപിക്കുന്നത് എന്നു കരുതിയിരിക്കുമ്പോഴാണ് ഒരു പ്രകോപനവുമില്ലാതെ അച്ചായന്‍ ബ്ലോഗ് നിര്‍ത്തിയതായി പ്രഖ്യാപിച്ചത്. മുന്‍പത്തേതുപോലെ ഭീഷണിപ്പെടുത്തുകയോ വോട്ടെടുപ്പു നടത്തുകയോ എങ്കിലും ചെയ്യാമായിരുന്നു. അച്ചായന്‍ ഒരു വികാരജീവിയാണെന്നറിയാവുന്ന ഞങ്ങള്‍ അച്ചായനെ വോട്ട് ചെയ്തു വിജയിപ്പിച്ചേനെ. എന്തിനാണ് പിന്നെ, ഇങ്ങനെ ചെയ്തത്. ഒന്നുമറിയാത്തെ എന്റെ കുഞ്ഞ് അച്ചായനോടെന്തു തെറ്റാണു ചെയ്തത് ?

എന്റെ മോളെ എന്തു പറഞ്ഞാണ് ഞാനാശ്വസിപ്പിക്കുക ? ഇനി അവള്‍ ജീവിതത്തിലേക്കു മടങ്ങിവരുമെന്നെനിക്കു പ്രതീക്ഷയില്ല. നിങ്ങളുടെ ബ്ളോഗില്ലാത്ത ഈ ലോകത്ത് ഞാന്‍ ജീവിക്കില്ല എന്നു പറഞ്ഞ് ഉറക്കഗുളിക വിഴുങ്ങി കുഴഞ്ഞുവീഴുകയായിരുന്നു അവള്‍. തക്കസമയത്ത് ആശുപത്രിയിലെത്തിച്ചതുകൊണ്ട് ജീവന്‍ രക്ഷിക്കാനായി. പക്ഷെ, അവളെ എനിക്കിപ്പോള്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. അച്ചായന്‍ ബ്ളോഗെഴുത്തു തുടര്‍ന്നാല്‍ മാത്രമേ അവളെ തിരിച്ചു കിട്ടൂ എന്നാണ് ഡോക്ടര്‍മാരും പറയുന്നത്. അതുകൊണ്ട്, മറ്റെല്ലാം മറന്ന് എന്റെ മോളെ എനിക്കു തിരിച്ചുകിട്ടുന്നതിന്, അവളെപ്പോലെ അനേകം അനേകം ആരാധകരുടെ ജീവിതം തകരാതിരിക്കുന്നതിന് അച്ചായന്‍ ബ്ലോഗിങ് തുടരുക.

എന്റെ ഈ അപേക്ഷ അവഗണിച്ചും ബ്ലോഗിങ് അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ എനിക്കൊന്നും പറയാനില്ല. പക്ഷെ, യുദ്ധഭൂമിയില്‍ വീരമൃത്യു വരിക്കേണ്ട ഒരു സൈനികന്‍ വീട്ടുമുറിയില്‍ ഒരു ഭീരുവിനെപ്പോലെ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത കണ്ടാല്‍ അതു ഞാനാണെന്ന് മനസ്സിലാക്കണം. എന്നെപ്രതി, ജീവിതത്തിലേക്കോ മരണത്തിലേക്കോ എന്നറിയാതെ കിടക്കുന്ന എന്റെ മോളെപ്രതി ബ്ലോഗിങ് തുടരുക. ഇതെന്റെ അപേക്ഷയല്ല, പ്രാര്‍ത്ഥനയാണ്.

ലഫ്.കേണല്‍ ഉമ്മന്‍ കോശി.

മഹാപാപിക്കു മുപ്പത്

നിങ്ങളുടെ ആരാധ്യപുരുഷനും ബ്ലോഗ് വഴി മലയാളഭാഷയുടെ ഉദ്ധാരണശേഷി വീണ്ടെടുത്തവനുമായ (ഭാഷയെ ഉദ്ധരിച്ച എന്നും പറയും) മഹാനായ ഞാന്‍ ദാ ഏതാനും നിമിഷങ്ങള്‍ക്കു മുമ്പ് 30 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കുന്നു (അഭൂതപൂര്‍വമായ കൈയ്യടി, ചെണ്ട, ബാന്‍ഡ് മേളം, ദഫ്മുട്ട്, കാവടി).

ഈ മനോഹരസുദിനം അനശ്വരമാക്കുന്നതിനു വേണ്ടി ഇന്നു മുതല്‍ ഒരു മാസത്തേക്ക് കേരളത്തില്‍ പവര്‍ കട്ട് ഉണ്ടാവില്ലെന്നു സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ന്റെ മുപ്പതാം ജന്മദിനത്തിന് ആശംസകള്‍, അനുമോദനങ്ങള്‍, ആദരാജ്ഞലികള്‍, അഭിനിവേശങ്ങള്‍, ആക്രാന്തങ്ങള്‍, ചെണ്ട്, റീത്ത്, നാരങ്ങ, നോട്ടുമാല തുടങ്ങിയ സംഗതികള്‍ സമര്‍പ്പിക്കേണ്ടവര്‍ക്ക് ദാ ലിവിടെ ലദ് സമര്‍പ്പിക്കാവുന്നതാണ്.

ഇതുപോലെ എന്റെ അറുപതാമത്തെയും തൊണ്ണുറാമത്തെയും പിറന്നാളിനു ഞാന്‍ പോസ്റ്റിടുമ്പോള്‍ വന്ന് ആശംസയറിയിക്കാന്‍ നിങ്ങളിലെത്ര പേര്‍ കാണുമോ ആവോ ?

സിക്സ് പായ്ക്ക് മസിലുള്ള ബ്ലോഗര്‍

ആര്‍നോള്‍ഡ് ശിവശങ്കരന് വളരെ പണ്ടേ ഉണ്ടായിരുന്നു. ഹോളിവുഡില്‍ ആണുങ്ങള്‍ ജനിക്കുമ്പോഴേ ഉണ്ട് സിക്സ് പായ്്ക്ക് മസില്‍. ബോളിവുഡില്‍ സല്‍മാന്‍ ഖാന്‍ ഈ സിക്സ് പായ്ക്ക് കാണിച്ച് ഉണ്ടാക്കിയിട്ടുള്ള അലമ്പുകള്‍ക്ക് കണക്കില്ല. ഷാറൂഖ് നാല്‍പത്തിരണ്ടാം വയസ്സില്‍ ആറുമാസത്തോളം അധ്വാനിച്ച് സിക്സ് പായ്ക്ക് ഉണ്ടാക്കി ഓം ശാന്തി ഓമില്‍ കാണിച്ചു. ഇപ്പോള്‍ വിശാല്‍, സൂര്യ തുടങ്ങിയ താരങ്ങള്‍ തമിഴിലും കാണിക്കുന്നു. മലയാളത്തില്‍ സിക്സ് പായ്ക്ക് പോയിട്ട് ഡബിള്‍ പായ്ക്ക് എങ്കിലും കാണിക്കാനുള്ള ആരോഗ്യമുള്ള നടന്മാരില്ല. ഇവന്മാരൊക്കെ ആറുവര്‍ഷം പണിയെടുത്താല്‍ കുടവയറ് കുറയില്ല, പിന്നെയാണ് സിക്സ് പായ്ക്ക്.
മലയാളം ബ്ലോഗില്‍ ഇപ്പോള്‍ ഏറ്റവുമധികം സൌന്ദര്യവും ആരാധകരും കരുത്തുമുള്ള ഞാന്‍ എന്തുകൊണ്ട് സിക്സ് പായ്ക്ക് വികസിപ്പിച്ചെടുക്കാതിരിക്കണം എന്ന ആലോചന ഒരു ആരാധിക തന്നെയാണ് മുന്നോട്ടുവച്ചത്. ആരാധികമാര്‍ പറഞ്ഞാല്‍ പിന്നെ അപ്പീലില്ലല്ലോ. ഏതാനും ആഴ്ചകള്‍ കൊണ്ട് തന്നെ മനോഹരമായ ഒരു സിക്സ് പായ്ക്ക് മസില്‍ വികസിപ്പിച്ചെടുത്ത് മലയാളത്തില്‍ ആദ്യമായി സിക്സ് പായ്ക്ക് മസില്‍ സ്വന്തമായുള്ള ആദ്യത്തെ ബ്ലോഗര്‍ എന്ന റെക്കോര്‍ഡ് ഞാന്‍ സ്വന്തമാക്കിയിരിക്കുകയാണ്. സിനിമാതാരങ്ങള്‍ക്ക് ഇത് സിനിമയില്‍ കാണിക്കാമെന്നൊരു ഗുണമുണ്ട്. ബ്ലോഗര്‍ എന്ന നിലയില്‍ എനിക്കെന്റെ സിക്സ് പായ്ക്ക് കാണിക്കാന്‍ ഇനിയും വേദികള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. കേരള ടൂറിസം സംഘടിപ്പിക്കുന്ന മറ്റേ ഹൌസ് ബോട്ടിലുള്ള ബ്ലോഗര്‍ സംഗമത്തില്‍ മിക്കവാറും കാണിച്ചേക്കും, കാത്തിരിക്കുക.
ഒരഞ്ചു മിനിട്ട്, 100 സിറ്റ് അപ് എടുക്കാന്‍ സമയമായി. ഈ സിക്സ് പായ്ക്ക് സ്വന്തമായിട്ടുള്ളവരുടെ ഓരോരോ പാടുകളേ…..
സിക്സ് പായ്ക്ക് ആര്‍ക്കും ഉണ്ടാക്കിയെടുക്കാം. അത് നിലനിര്‍ത്താനാണ് പാട്. പണ്ട്, സെമിനാരിയിലുണ്ടായിരുന്ന കാലത്ത് എതിരന്‍ കതിരവന്‍ അച്ചായന് സിക്സിന് സെവന്‍ പായ്ക്കുമുണ്ടായിരുന്നു. എന്നിട്ടു വൈകുന്നേരങ്ങളില്‍ കൊവേന്തയുടെ മുറ്റത്തെ കിണറ്റിന്‍കരയില്‍ തോര്‍ത്തുമുണ്ട് മാത്രമുടുത്ത് നിന്നൊരു കുളിയുണ്ട്. അച്ചന്‍ പട്ടത്തിനു പഠിക്കുന്ന കൊച്ചനാണെന്നു വല്ലതും പെണ്‍പിള്ളേര്‍ക്കു നോട്ടമുണ്ടോ. അപ്പുറത്തും ഇപ്പുറത്തുമുള്ള ലേഡീസ് ഹോസ്റ്റലുകളില്‍ ആ സമയത്ത് ഒരിളക്കമാണ് നമ്മുടെ എതിരന്‍ ചേട്ടന്റെ സിക്സ് പായ്ക്ക് കാണാന്‍.
പത്തും പന്ത്രണ്ടും പായ്ക്ക് കണ്ടിട്ടു വന്ന മാര്‍ഗരറ്റ് മദാമ്മ വീണത് എതിരന്റെ സിക്സ് പായ്ക്ക് കണ്ടിട്ടൊന്നുമല്ല, അതു വേറെ കാര്യം. സെമിനാരി ചാടി എതിരന്‍ ചേട്ടന്‍ മദാമ്മയെ കെട്ടി പൊറുതി തുടങ്ങിയതോടെ പായ്ക്കുകളൊക്കെ പാഴായി. ദിവസേന 600 സിറ്റ് അപ്പും 400 പുഷ് അപ്പും എടുത്ത് മെയിന്റെയിന്‍ ചെയ്തിരുന്നെങ്കില്‍ ഞാനിപ്പോള്‍ സ്വന്തമാക്കിയ റെക്കോര്‍ഡ് എതിരന്‍ ചേട്ടന്റെ പള്ളയ്ക്കിരുന്നേനെ.
ഇനി, കുറച്ചു പുഷ് അപ് എടുത്തിട്ട് വരാം. മുട്ടയും ഏത്തപ്പഴവും കഴിക്കാന്‍ നേരമായി. അതുവരെ, എന്റെ ഫിസിക്കല്‍ ട്രെയിനറും ആരാധികയുമായ സുന്ദരിക്കുട്ടി പറയുന്നത് കേള്‍ക്കൂ-
“ആക്ച്വലി, ബെര്‍ളിച്ചായന്റെ ബ്ലോഗുകള്‍ വായിച്ചാണ് ഞാന്‍ വഷളായത്. ഇത് വായിക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ തന്നെ വീട്ടില്‍ നിന്നിറക്കി വിട്ടു. ബോയ്ഫ്രണ്ട് ഉപേക്ഷിച്ചുപോയി, കൂട്ടുകാര്‍ കണ്ടാല്‍ മിണ്ടാതായി. അങ്ങനെ വന്നപ്പോള്‍ പിന്നെ എനിക്കാകെ മിണ്ടാന്‍ കിട്ടുന്ന ഒരാള്‍ ബെര്‍ളിച്ചായന്‍ മാത്രമായി. ക്രമ

വരുന്നു, ബെര്‍ളി ഫാന്‍ ക്ലബ്ബുകള്‍

പ്രിയപ്പെട്ടവരെ,

പാലായില്‍ പ്രവര്‍ത്തനമാരംഭിച്ച ബെര്‍ളി തോമസ് ഫാന്‍സ് അസോസിയേഷന്‍ അഞ്ചു സോള്‍മേറ്റുകളെ ഇതുവരെ സംഘടിപ്പിച്ചു കഴിഞ്ഞു. ഓരോ മാസവും ഒന്നു വീതമായാണെങ്കിലും,ശ്രദ്ധേയമായ രീതിയില്‍ ചില കേസുകെട്ടുകള്‍ വളഞ്ഞുവരുന്നു എന്നത് ബെര്‍ളി തോമസ് ഫാന്‍സ് അസോസിയേഷന്‍ എന്ന പ്രസ്ഥാനത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.

ഭാരവാഹികളില്ലാതെ ,ഒരു സ്വതന്ത്ര ആശയത്തിന് സ്ത്രീമനസ്സുകളില്‍ തങ്ങി നില്‍ക്കാനാകുമെങ്കിലും,ബെര്‍ളി തോമസ് അത്ര വളര്‍ന്നു എന്നു കരുതുന്നില്ല. അതിനാല്‍ ബെര്‍ളി തോമസ് ഫാന്‍സ് അസോസിയേഷന്റെ സംഘാടകത്വത്തില്‍ നിന്നും പ്രവര്‍ത്തകര്‍ക്ക് വിട്ടുനില്‍ക്കാനുമാകുന്നില്ല. ഈ പരിമിതി മറികടക്കാന്‍ ബെര്‍ളി തോമസ് ഫാന്‍സ് അസോസിയേഷന്‍ എന്ന നന്മനിറഞ്ഞ ആശയത്തെ മുരടിപ്പിക്കാതെ വളര്‍ത്തിയെടുക്കാനായി… മറ്റൊരാശയംകൂടി വികസിപ്പിച്ചെടുക്കുകയാണ്.-
 ബെര്‍ളി ഫാന്‍ ക്ലബ്ബുകള്‍ !

പ്രാദേശിക ഫാന്‍ ക്ലബ്ബുകള്‍

ബെര്‍ളി തോമസ് ഫാന്‍സ് അസോസിയേഷന്റെ‍ വശീകരണരീതികളെയും മറ്റ് അനാശാസ്യ പ്രവര്‍ത്തനങ്ങളേയും സാമ്പത്തികമായി സഹായിക്കാനും, ശില്‍പ്പശാലകള്‍ക്ക് സംഘാടകരെ കണ്ടെത്താനുമായി പ്രാദേശിക ഫാന്‍ ക്ലബ്ബുകള്‍ രൂപികരിക്കാന്‍ ഉദ്ദേശിക്കുന്നു. കള്ളുഷാപ്പുകളും വാറ്റുകേന്ദ്രങ്ങളും രാക്കിളിക്കൂടുകളും കേന്ദ്രമാക്കി രൂപികരിക്കപ്പെടുന്ന ഫാന്‍ ക്ലബ്ബുകളിലൂടെ സ്ത്രീസമൂഹത്തില്‍ ബെര്‍ളിസാറിനെ പരിചയപ്പെടുത്താനും,മലയാളിയുടെ സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളില്‍ ബെര്‍ളിസാറിനുള്ള പങ്കാളിത്തം ഉറപ്പുവരുത്തുന്ന ചര്‍ച്ചകളില്‍ ഏര്‍പ്പെടാനും സ്ത്രീകള്‍ക്ക് അവസരം ലഭിക്കുന്നതോടൊപ്പം ബെര്‍ളി സാറിനെ ശക്തമായി പ്രചരിപ്പിക്കാനുമാകും.

ഫാന്‍ ക്ലബ്ബുകളില്‍ ഭാരവാഹികള്‍ ഉണ്ടാകുമെന്നതിനാലും,ആര്‍ക്കുംഫാന്‍ ക്ലബ്ബ് രൂപികരിക്കാമെന്നതിനാലും, പ്രവര്‍ത്തനം പ്രാദേശികമായി നടത്തമെന്നതിനാലും ഒരു അധികാര കേന്ദ്രീകരണത്തിന്റെ ഇടം ഉണ്ടാകുന്നില്ല. ഏഴ് പെണ്ണുങ്ങള്‍ കൂടിയാല്‍ ആര്‍ക്കും ഫാന്‍ രൂപികരിക്കാം. ബെര്‍ളി തോമസ് ഫാന്‍സ് അസോസിയേഷന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്ന ക്ലബ്ബുകള്‍ക്ക് ഫാന്‍ ക്ലബ്ബിന്റെ ഭരണ ഘടനയും,പ്രവര്‍ത്തന ചട്ടക്കൂടും സ്വീകരിക്കാം. ബെര്‍ളി തോമസ് ഫാന്‍സ് അസോസിയേഷന്റെ അംഗീകാരം നേടാന്‍ ആഗ്രഹിക്കുന്ന ക്ലബ്ബുകള്‍ ചില പൊതു നിലവാരങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്.

1)ബ്ലോഗുകള്‍ക്ക് വിട

നിലവിലുള്ള ബ്ലോഗേഴ്സ് ആണ് ഫാന്‍ ക്ളബ്ബില്‍ അംഗത്വം എടുക്കുന്നതെങ്കില്‍ ആദ്യമായി ചെയ്യേണ്ടത് അവരവരുടെ ബ്ലോഗുകള്‍ ഡിലീറ്റ് ചെയ്യുക എന്നതാണ്. ഒരു കൂട്ടില്‍ ഒരു പട്ടി മതി.നിങ്ങളെല്ലാവര്‍ക്കും വേണ്ടിയാണ് ബെര്‍ളിസാര്‍ ബ്ളോഗ് ചെയ്യുന്നത് എന്നോര്‍ക്കുക. ഊണിലും ഉറക്കത്തിലും ബെര്‍ളിസാറിനെക്കുരിച്ചുള്ള ചിന്തയേ പാടുള്ളൂ.

ബെര്‍ളി സാര്‍ പോസ്റ്റ് ഇടുന്ന ദിവസങ്ങളില്‍ അഗ്രഗേറ്ററുകളില്‍ ഉറക്കമൊഴിച്ച് കാത്തിരിക്കുക, പോസ്റ്റ് കാണിക്കാന്‍ വൈകിയാല്‍ അഗ്രിഗേറ്റര്‍ തല്ലിത്തകര്‍ക്കുക, അഗ്രിഗേറ്റര്‍ ഹാക്ക് ചെയ്ത് അതില്‍ എല്ലാ പോസ്റ്റുകളും ബെര്‍ളിസാറിന്റെ ബ്ളോഗിലേക്കു ലിങ്ക് ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ചെയ്യേണ്ടത്.

എഴുത്തു നിര്‍ത്തി സന്യാസത്തിനു പോയെങ്കിലും സൂപ്പര്‍സ്റ്റാര്‍ വിശാലമനസ്കന്‍ എന്നെന്നും നമ്മുടെ ശത്രവായിരിക്കും. അദ്ദേഹത്തിന്റെ ഫാന്‍ ക്ളബ്ബുകള്‍ ഇപ്പോഴും വളരെ സജീവമാണ്. അതില്‍ നിന്ന് ആളുകളെ ഇങ്ങോട്ടുവലിക്കാന്‍ വേണ്ടി എന്തു ചെയ്യണം എന്നു ഗൗരവമായി ആലോചിക്കണം.

2)സ്വന്തം പേര് പ്രചരിപ്പിക്കരുത്

ഫാന്‍ ക്ലബ്ബ് അംഗങ്ങള്‍ക്ക് ബ്ലോഗ് പാടില്ല എന്നു പറഞ്ഞല്ലോ. എന്നാല്‍ അതുകൊണ്ട് മാത്രമായില്ല. ബ്ലോഗ് ഇല്ലാതായാലും ബ്ലോഗര്‍ ഇല്ലാതാവുന്നില്ല. അതും കൂടി സംഭവിച്ചെങ്കിലേ സഥാര്‍ത്ഥ ഫാനാവൂ. ഉദാഹരണത്തിന് ഇഞ്ചിപ്പെണ്ണ് എന്ന ബ്ലോഗര്‍ തന്റെ ബ്ലോഗ് ഡിലീറ്റ് ചെയ്ത് ബെര്‍ളി ഫാന്‍ ക്ളബ്ബില്‍ അംഗമാകുന്നു എന്നു കരുതുക. എന്ത് കാര്യം ? ഇഞ്ചിപ്പെണ്ണ് എന്ന പേരു നിലനില്‍ക്കുന്നിടത്തോളം അവരുടെ ബ്ലോഗ് ഉണ്ടോ ഇല്ലയോ എന്നത് ആളുകള്‍ നോക്കാറില്ല. സോ, ഇഞ്ചിപ്പെണ്ണ് ഇല്ലതാവണം. അതുകൊണ്ട് ആ പേര് ഉപേക്ഷിച്ച്, ജിജിയെന്നോ ഷിജിയെന്നോ ജിന്‍സിയെന്നോ ഒക്കെയുള്ള യഥാര്‍ത്ഥ പേര് സ്വീകരിച്ച് ഒരു ഫുള്‍ടൈം ബെര്‍ളി ഭക്തയാകണം.

3)വൈവിദ്ധ്യം ഉറപ്പുവരുത്തണം

അനുദിനം വായനക്കാര്‍ കുറഞ്ഞുവരുന്ന ബെര്‍ളിസാറിന്റെ ബ്ലോഗിലെ പോസ്റ്റുകളില്‍ വൈവിധ്യം ഉറപ്പുവരുത്തുക എന്നത് ഈ ഫാന്‍ ക്ലബ്ബുകളുടെ ചുമതലയായിരിക്കും. ബ്ലോഗ് ചെയ്യുന്നില്ലാത്ത ഈ പ്രതിഭാശാലികള്‍ അവരുടെ ബുദ്ധിയും ചിന്തയും ഭാവനയും അതിനാണ് ഉപയോഗിക്കേണ്ടത്. എന്നും പുതിയ പുതിയ ആശയങ്ങള്‍ ബെര്‍ളി സാറിന് പങ്കുവയ്‍ക്കണം. പോസ്റ്റായിട്ടു തന്നെ എഴുതി സാറിനയച്ചുകൊടുക്കാം. സാറത് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചുകൊള്ളും. ഡെയ്‍ലി അഞ്ച് പോസ്റ്റെങ്കിലും ഇട്ടില്ലെങ്കില്‍ സാറിന്റെ എവിടെയോ എന്തോ ഒരുതരം കടിയാണ്.

ഫാന്‍ ക്ലബ്ബ് സംഘാടക ഓഫീസ്

ഈ ഫാന്‍ ക്ലബ്ബിന് തുടക്കത്തില്‍ ഒരു താത്ക്കാലിക ഓഫീസും,പാര്‍ട്ട്റ്റൈംഓഫീസ് വനിതാസെക്രട്ടറിയും,ബ്രോഡ് ബാന്‍ഡ് നെറ്റ് കണക്ഷനുള്ള കംബ്യൂട്ടറും,ഒരു ടെലിഫോണും ഉണ്ടായിരിക്കുന്നതാണ്.ക്ലബ്ബില്‍ അംഗങ്ങളാകുന്ന ഫീമെയില്‍ ഫാനുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭരണ സമിതിയും,സാങ്കേതിക വിദഗ്ദരുടെ ഒരു പാനലും, പരിശീലന സംഘവും,ഒരു പാര്‍ട്ട്റ്റൈം നിയമോപദേശകയും കൂടി ഫാന്‍ ക്ലബ്ബിന്‍ ഉണ്ടായാല്‍ ലോകത്തിന്റെ ഏതു ഭാഗത്തുനിന്നുമുള്ള സ്ത്രീകള്‍ക്കും ഈ ക്ലബ്ബിന്റെ സേവനം പ്രയോജനം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.

ബെര്‍ളീസ് ഭാന്‍സ് അസോസിയേഷന്‍

പ്രിയപ്പെട്ടവരെ, കുറെക്കാലമായി ഇവിടെ ബ്ലോഗ് ചെയ്യുന്ന എന്റെ ആരാധകര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്നതിനാല്‍ അവരെ എല്ലാം ഏകോപിപ്പിക്കുന്നതിനും എന്റെ പ്രശസ്‍തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നതിനുമായി ഞാനെന്റെ പേരില്‍ ഒരു ഭാന്‍സ് അസോസിയേഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.

ഭാന്‍സ് അസോസിയേഷനില്‍ അംഗമാകാനാഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്‍ക്ക് ചില പ്രധാന നിര്‍ദേശങ്ങള്‍.

1. ഞാന്‍ കടുത്ത വര്‍ഗീയവാദിയും സാമുദായിക തീവ്രവാദിയും ആയതുകൊണ്ട് റോമന്‍ കത്തോലിക്കരും ദീപിക പത്രം പതിവായി വരുത്തുന്നവരുമായിട്ടുള്ള ആളുകളെ മാത്രമേ ഭാന്‍സ് അസോസിയേന്‍ അംഗങ്ങളായി പരിഗണിക്കുകയുള്ളൂ. മറ്റ് മതങ്ങളിലുള്ളവര്‍ ക്ഷമിക്കുക.മതംമാറി ക്രിസ്‍ത്യാനിയാകുന്നവരെ ഭാന്‍സ് അസോസിയേഷനിലേക്ക് ഫാവിയില്‍ പരിഗണിക്കുന്നതാണ്. എങ്കിലും സവര്‍ണ കത്തോലിക്കര്‍ക്ക് മാത്രമേ അസോസിയേഷനില്‍ ഫാരവാഹിത്വം ലഭിക്കുകയുള്ളൂ.

ഇവരില്‍ സെന്റ് തോമസ് നേരിട്ടു മാമ്മോദീസ മുക്കിയ കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങള്‍ സംവരണം ചെയ‍തിട്ടുണ്ട്. അസോസിയേഷന്‍ അംഗത്വത്തിനുള്ള ആള്‍പിക്കേഷന്‍ വിവിധ പള്ളികളില്‍ നിന്ന് ലഭിക്കും.

2.അരാധകര്‍ എന്നെ അച്ചായാ എന്നു മാത്രമേ വിളിക്കാവൂ. ബഹുമാനപുരസ്സരം ഓരോ പോസ്റ്റ് ഇടുമ്പോഴും വന്ന് കലക്കി അച്ചായാ, അച്ചായാ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി, എന്നുള്ള കമന്റുകള്‍ വിവിധ ഐഡികളില്‍ നിന്നായി ഇടേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഭാന്‍സിന് -പാലായുടെ പൊന്നോമനപ്പുത്രാ, ഹാസ്യത്തിന്റെ രാജാവേ, നര്‍മത്തിന്റെ ദൈവമേ എന്നൊക്കെ വിളിക്കാനും അവസരം നല്‍കും.

3.നെഗറ്റീവ് പബ്ലിസിറ്റിയാണ് മറ്റൊരു പ്രധാന ഇനം. എന്നെക്കുറിച്ച് നല്ല തെറിയെഴുതാന്‍ കഴിയുന്നവര്‍ക്ക് പരിഗണന ലഫിക്കുമെന്ന് സാരം. ഇപ്പോഴ്‍ കുറച്ചാളുകളെ ഏല്‍പിച്ചിട്ടുണ്ടെങ്കിലും അവര്‍ നെടുങ്കന്‍ തെറികള്‍ എഴുതുന്നുണ്ടെങ്കിലും അത് വായനക്കാരെ ആകര്‍ഷിക്കുന്ന തലത്തിലേക്കുയരുന്നില്ല. തെറിയോടൊപ്പം അല്‍പം ക്രിയാത്മകത കൂടി ഉള്ളവരെ ഇതിലേക്ക് പരിഗണിക്കും.

ഇവരെ ഭാന്‍സ് അസോസിയേഷനില്‍ അംഗങ്ങളാക്കില്ല എങ്കിലും ഇവരുടെ ചെലവുകള്‍ ഭാന്‍സ് അസോസിയേഷന്‍ വഹിക്കുന്നതാണ്. ആഴ്ചയില്‍ ഒരു തെറി പോസ്റ്റ് വീതം കൃത്യമായി എഴുതുക എന്നതാണ് ഇവരുടെ ഉത്തരവാദിത്വം.

അപേക്ഷകരില്‍ നിന്ന് നല്ല ക്രിസ്‍ത്യാനികളായ ബ്ലോഗര്‍മാരെ തിരഞ്ഞെടുക്കും. ഭാന്‍സ് അസോസിയേഷന്‍ അംഗങ്ങമെന്നാല്‍ വളരെ ഫാരിച്ച ഉത്തരവാദിത്വമാണെന്നത് വളരെ ഗൌരവപൂര്‍വം എല്ലാവരും മനസ്സിലാക്കണം. ഞാന്‍ ഒരു ഫയങ്കരനായതു കൊണ്ട് പ്രത്യേകിച്ചും.

ഭാന്‍സ് അസോസിയേഷന്‍ അംഗങ്ങളുടെ കടമകള്‍ എന്തൊക്കെയാണെന്ന് ശ്രദ്ധിക്കൂ.

1.കമന്റിടല്‍ ആണ് ഭാന്‍സിന്റെ പ്രധാന കടമകളിലൊന്ന്. ഞാനൊരു പോസ്റ്റിടുമ്പോള്‍ വന്ന് തേങ്ങയുടക്കുക, പിന്നെ അഫിനന്ദനം ചൊരിയുക എന്നത് പ്രാഥമിക കടമയാണ്. ചുവരുണ്ടെങ്കിലേ ചിത്രമെഴുതാന്‍ കഴിയൂ. ഞാനും എന്റെ ബ്ലോഗും ഉണ്ടെങ്കിലേ നിങ്ങള്‍ ഭാന്‍സിന് നിലനില്‍പുള്ളൂ, പ്രസക്തിയുള്ളൂ. ഓരോ മേഖലയിലും ഉള്ള ഭാന്‍സ് ഭീഡ്‍ബര്‍ണറോ മറ്റോ ഉപയോഗിച്ച് പോസ്റ്റുകള്‍ സബ്‍സ്ക്രൈബ് ചെയ്ത് കൃത്യമായി കമന്റിടുന്ന കാര്യത്തില്‍ വീഴ്ച വരുത്തരുത്. തുടര്‍ച്ചയായി മൂന്ന് പോസ്റ്റില്‍ കൂടുതല്‍ കമന്റിടാതെ പോകുന്ന ഭാന്‍സിന്റെ ലംഗത്വം കട്ട് ചെയ്യുന്നതായിരിക്കും.

എന്നിലെ ജാതികോമരത്തെ പലരും തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നതിനാല്‍ പ്രിയ ക്രിസ്‍ത്യാനികളേ നിങ്ങളുടെ ഐഡികളോടൊപ്പം നിങ്ങള്‍ ഹിന്ദു, മുസ്ലിം, പാര്‍സി, പഞ്ചാബി, പഠാണി,ജൂത ഐഡികള്‍ ക
ൂടി സൃഷ്ടിക്കുവിന്‍. ഗൂഗിള്‍ തമ്പുരാന്റെ കൃപാകടാക്ഷത്താല് അത് സൌജന്യമാകുന്നു. അത്തരം ഐഡികളില്‍ നിന്നു കൂടി എന്നെ വാഴ്‍ത്തി വിഭജിച്ച് നിങ്ങള്‍‍ വായനക്കാര്‍ക്ക് നല്‍കുവിന്‍.

2.കമന്റുകളിലൂടെ എന്നെ പുകഴ്‍ത്തുന്നതിനു പുറമേ ചെയ്യേണ്ട ജോലികള്‍ കൂടി ചെറുതായി സൂചിപ്പിക്കാം. പഥ്വിരാജിന്റെ സിനിമയിറങ്ങുമ്പോള്‍ ദിലീപിന്റെ ഭാന്‍സും ദിലീപിന്റെ സിനിമയിറങ്ങുമ്പോള്‍ പൃഥ്വിരാജിന്റെ ഭാന്‍സും തിയറ്ററില്‍ പോയി കൂവുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടാവുമല്ലോ. എന്റെ ശത്രു ബ്ലോഗേഴ്സിനെ ഇങ്ങനെ വിവിധ ഐഡികളില്‍ നിന്ന് കൂവുക, തെറിവിളിക്കുക എന്നതാണ് കാര്യം.

ഉദാഹരണത്തിന് എന്റെ ശത്രുക്കളിലൊരാളായ വിശാലമനസ്കന്‍ ഒരു പോസ്റ്റിട്ടാല്‍ പോയി കമന്റിടണം. വെറും വഷള്, വെറും ചവറ് തുടങ്ങി പച്ചത്തെറികള്‍ വരെ ഉപയോഗിക്കാം. നമ്മള്‍ ഒരു സംഘം ഗൂഢക്രിസ്ത്യാനികളാണ് ഇതിനു പിന്നില്‍ എന്നാരും അറിയാതിരിക്കാന്‍ വിവിധ ഹിന്ദു ഐഡികളില്‍ നിന്നു വേണം തെറിയെഴുതാന്‍.

3. ബ്ലോഗിലെ സംഘടനാ പ്രവര്‍ത്തനമാണ് മറ്റൊരു പ്രധാന സംഗതി. ജിമെയില്‍ ചാറ്റുകള്‍ വഴിയും ഓര്‍കുട്ട് വഴിയും എന്നെപ്പറ്റി ഇങ്ങനെ പുകഴ്‍ത്തിക്കൊണ്ടിരിക്കണം. ചാറ്റ് പെട്ടി തുറന്നു വച്ച് ആ വഴി പോകുന്നവരെയെല്ലാം തടഞ്ഞ് നിര്‍ത്തി എന്റെ പുതിയ പോസ്റ്റിന്റെ ലിങ്ക് അയച്ചുകൊടുക്കണം. വായിച്ചിട്ട് കമന്റിട്ടില്ലെങ്കില്‍… എന്ന ഭീഷണി മുഴക്കാന്‍ മടിക്കരുത്.

4. എതിരാളികളുടെ ബ്ലോഗ് ഫ്ലാഗ് ചെയ്യുക, ഓണ്‍ലൈന്‍ പെറ്റീഷനുകള്‍ അയക്കുക, നാട്ടുകാരെ അതില്‍ ഒപ്പുവയ്‍പിക്കുക തുടങ്ങിയവ ഒരു സാധാരണ ഭാന്‍‍സിന്റെ ഉത്തരവാദിത്വമാണ്.

5. ഇത്ര കാലം കൊണ്ട് ഞാനെഴുതിയ ഒരു വരി പോലും അച്ചടിമഷി പുരണ്ടിട്ടില്ലെന്നത് നിങ്ങള്‍ക്കറിയാമല്ലോ. ബ്ലോഗായി, വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ട് അതിലിത്ര പോസ്റ്റായി. ഇനി ഇതിലൊക്കെ എങ്ങനെയെങ്കിലും അച്ചടിമഷി പുരട്ടണം. ഭാന്‍സ് അസോസിയഷന് തന്നെ ഒരു പ്രസാധകസംഘം രൂപീകരിച്ച് എന്റെ പോസ്റ്റുകളൊക്കെ അച്ചടിപ്പിക്കാവുന്നതാണ്.

ഇ-മെയില്‍ ഫോര്‍വര്‍ഡുകളാണ് മറ്റൊന്ന്. ഇതിലെ ഓരോ പോസ്റ്റും വെട്ടിയെടുത്ത് ഫോര്‍വേര്‍ഡ് ചെയ്യുക. രണ്ടര ലക്ഷം മലയാളികളുടെ ഇ-മെയില്‍ വിലാസമടങ്ങിയ ഡയറക്ടറി അച്ചായന്‍ തരും. ഇത്രയും മെയിലുകളിലേക്ക് ഇത് സ്ഥിരമായി അയച്ചു കൊടുക്കണം. അതിനു ശേഷം ഇതൊക്കെ വലിയ സംഭവമാണെന്നു പറഞ്ഞ് നടക്കണം.

പിന്നെ ചെയ്യേണ്ടത് മഹാസംഭവമായ ഈ ഫോര്‍വേര്‍ഡുകളെ നാട്ടില്‍ നടക്കുന്ന വിവിധ മല്‍സരങ്ങള്‍ക്ക് അയച്ചു കൊടുക്കുക എന്നതാണ്. അയച്ചുകൊടുത്തതിനു ശേഷം അതിനുള്ളിലുള്ളവരെ സ്വാധീനിക്കുന്ന കാര്യം ഞാനേറ്റു. തുടര്‍ന്ന് ആരുടേതെന്നറിയില്ലാത്ത കൃതിക്ക് സമ്മാനം നമ്മള്‍ സംഘടിപ്പിച്ചുകഴിയുമ്പോള്‍ – ആ കൃതി എന്റേതാണ് എന്നു നിലവിളിച്ചുകൊണ്ട് ഞാനോടിയെത്തും.-അങ്ങനെ സംഗതി ചുളവില്‍ അച്ചടിമഷി പുരളുകയും ചെയ്യും, സമ്മാനം നമുക്കടിച്ചെടുക്കുകയും ചെയ്യാം.

ഇത് ഞാനും ഭാന്‍സും മാത്രമറിഞ്ഞിരിക്കേണ്ട അതിഭയങ്കരമായ ഡ്രാമയാകുന്നു.സമ്മാനത്തുകയുടെ ഒരു വീതം ഈ ഡ്രാമയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും എത്തിക്കും.

അസോസിയഷന്‍ അംഗത്വമില്ലാത്ത ഭാന്‍സിന് ആകര്‍ഷകമായ വിവിധ പാക്കേജുകളുണ്ട്. ഭാന്‍സല്ലാത്ത വെറും വായനക്കാരന്‍ എന്നെക്കുറിച്ച് എന്തെഴുതിയാലും എന്റെ ബ്ലോഗിന്റെ ലിങ്ക് ബ്ലോഗില്‍ കൊടുത്താലും പ്രസ്തുത ബ്ലോഗിന്റെ ലിങ്കും പോസ്റ്റിന്റെ ലിങ്കും ഞാനും കൊടുക്കുന്നതാണ്.

അതുപോലെ തന്നെ നെഗറ്റീവ് പോസ്റ്റുകളിടുന്നവര്‍ പരമാവധി രൂക്ഷമായ ഫാഷ ഉപയോഗിക്കുക. ഫാഷയും നിലവാരവും താഴുന്നതനുസരിച്ച് ആ ലിങ്ക് വഴി എന്റെ ബ്ലോഗിലേക്കെത്തുന്നവരുടെ എണ്ണം വര്‍ധിക്കും. അവസാനമായി നമ്മുടെ ഈ കൃ
ഷി നമ്മുടെ അസോസിയേഷനുകളില്‍ അംഗമല്ലാത്ത എല്ലാവരില്‍ നിന്നും മറച്ചു വയ്‍ക്കുക. ബ്ലോഗ്‍സലാം !