നോക്കിയ മൊബൈല്‍ മൈക്രോസോഫ്റ്റിന്

ലോകത്തെ മുന്‍നിര മൊബൈല്‍ കമ്പനിയായ നോക്കിയയുടെ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് വിഭാഗം മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നു. 720 കോടി ഡോളറിനാണ് (4.7 ലക്ഷം കോടി രൂപ) മൈക്രോസോഫ്റ്റ് നോക്കിയ ഫോണുകളും പേറ്റന്റുകളും സ്വന്തമാക്കുന്നത്. മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് വിപണി അടക്കി ഭരിച്ചിരുന്ന നോക്കിയയും ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളായ മൈക്രോസോഫ്റ്റും ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഏറ്റെടുക്കലിലൂടെ ഒന്നാവുമ്പോള്‍ ഇരു കമ്പനികളുടെയും സ്വഭാവവും പ്രവര്‍ത്തനശൈലിയും മാറും. 1998 മുതല്‍ 2012 വരെ ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായിരുന്ന നോക്കിയയുടെ ഹാന്‍ഡ്‌സെറ്റ് ബിസിനസ് ആകെ മൈക്രോസോഫ്റ്റ് സ്വന്തമാക്കുമ്പോള്‍ മറ്റു വയര്‍ലെസ് ഉപകരണനിര്‍മാണവുമായി നോക്കിയ ചെറിയ കമ്പനിയായി ഒതുങ്ങിക്കൂടും. അതേ സമയം, വിന്‍ഡോസ് മൊബൈല്‍ പ്ലാറ്റ്‌ഫോമിലൂടെ മൊബൈല്‍ വിപണിയില്‍ ചുവടുവച്ച മൈക്രോസോഫ്റ്റ് ഹാര്‍ഡ്‌വെയര്‍ മേഖലയിലേക്കുകൂടി കടക്കുന്നത് സ്മാര്‍ട്‌ഫോണ്‍ വിപണിയിലെ മുന്‍നിരക്കാരായ ആപ്പിള്‍, ഗൂഗിള്‍, സാംസങ് തുടങ്ങിയ കമ്പനികള്‍ക്ക് കനത്ത വെല്ലുവിളിയാവും.

സ്മാര്‍ട്‌ഫോണ്‍ വിപ്ലവം മുതലെടുക്കാന്‍ കഴിയാതെ പോയ നോക്കിയയും മൈക്രോസോഫ്റ്റും ആദ്യഘട്ടത്തില്‍ പിന്നോട്ടു പോയെങ്കിലും 2011 മുതല്‍ പരസ്പരസഹകരണത്തില്‍ പുറത്തിറക്കിയ ലൂമിയ സ്മാര്‍ട്‌ഫോണുകളിലൂടെ വിപണിയില്‍ ശക്തമായ സാന്നിധ്യമറിയിച്ചിരുന്നു. നോക്കിയ ഫോണുകളും പേറ്റന്റുകളും അനുബന്ധ ഉപകരണങ്ങളും മൈക്രോസോഫ്റ്റിന്റെ കയ്യിലാവുന്നോടെ സ്മാര്‍ട്‌ഫോണ്‍ വിപണിയിലെ അടിയൊഴുക്കുകളില്‍ ശക്തമായ മാറ്റങ്ങളുണ്ടാവും. ആന്‍ഡ്രോയ്ഡ് മൊബൈല്‍ സോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളായ ഗൂഗിള്‍ കഴിഞ്ഞ വര്‍ഷം ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ മോട്ടോറോളയെ ഏറ്റെടുത്തതിനു ശേഷം നടക്കുന്ന ഏറ്റവും വലിയ ഏറ്റെടുക്കലാണ് ഇത്. ഇരു കമ്പനികളുടെയും ഓഹരിയുടമകള്‍ക്കും ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണകരമാവുന്ന ഭാവിയിലേക്കുള്ള ശക്തമായ ചുവടുവയ്പ് എന്നാണ് ഈ ഏറ്റെടുക്കലിനെ മൈക്രോസോഫ്്റ്റ് സിഇഒ സ്റ്റീവ് ബാള്‍മര്‍ വിശേഷിപ്പിച്ചത്.

ഓഹരിയുടമകളുടെയും റഗുലേറ്ററി അധികൃതരുടെയും അനുമതി വാങ്ങിയ ശേഷം അടുത്ത വര്‍ഷം ആദ്യം ഏറ്റെടുക്കല്‍ പൂര്‍ത്തിയാവുന്നതോടെ നോക്കിയ സിഇഒ സ്റ്റീഫന്‍ എലപ് ഉള്‍പ്പെടെ ഏകദേശം 32000 ജീവനക്കാര്‍ മൈക്രോസോഫ്റ്റിന്റെ ഭാഗമാവും. നിലവില്‍ ഒരു ലക്ഷത്തോളം ജീവനക്കാരാണ് മൈക്രോസോഫ്റ്റിനുള്ളത്. ബില്‍ ഗേറ്റ്‌സിനു ശേഷം 2000 മുതല്‍ മൈക്രോസോഫ്റ്റ് സിഇഒ ആയ സ്റ്റീവ് ബാള്‍മര്‍ വിരമിക്കാനിരിക്കെയാണ് കമ്പനിയുടെ പുതിയ ഏറ്റെടുക്കല്‍. ഇതോടെ ബാള്‍മറിനു ശേഷം മൈക്രോസോഫ്റ്റിനെ നയിക്കുക സ്റ്റീഫന്‍ എലപ് ആയിരിക്കുമെന്നും സൂചനയുണ്ട്.

ഒരേ ഷര്‍ട്ട് 100 ദിവസം ഇടുന്നവരെ സ്ത്രീകള്‍ക്ക്‌ ഇഷ്ടമാവുമോ എന്തോ ?

ചര്‍മം കണ്ടാല്‍ പ്രായം തോന്നുകയേയില്ല എന്നു പറഞ്ഞതു പോലെയാണ് ഈ ഷര്‍ട്ടിന്റെ കാര്യവും. അതിന്റെയൊരു വടിവും പുത്തന്‍ലുക്കും മണവുമൊക്കെ കണ്ടാല്‍ അലക്കുകയോ തേയ്ക്കുകയോ ചെയ്യാതെ ഷര്‍ട്ടുമുതലാളി 100 ദിവസമായി ഇട്ടുകൊണ്ടിരിക്കുകയാണെന്നു തോന്നില്ല. ചില നിരാഹാരസത്യഗ്രഹക്കാര്‍ രാത്രിയില്‍ നേന്ത്രപ്പഴം കഴിക്കുന്നതുപോലെ ഈ ഷര്‍ട്ടും രാത്രിയില്‍ ആരും കാണാതെ അലക്കി ഇസ്തിരിയിടുന്നുണ്ടാവും എന്ന് ആരോപിക്കരുത്. പരീക്ഷണഘട്ടത്തില്‍ ഷര്‍ട്ട് കമ്പനിയുടെ മുതലാളി തന്നെ 100 ദിവസം തുടര്‍ച്ചയായി ഷര്‍ട്ട് ധരിച്ച് സംഗതി തെളിയിച്ചതാണ്.

ഷര്‍ട്ട്: വൂള്‍ ആന്‍ഡ് പ്രിന്‍സ്
മുതലാളി: മാക്

ചെളിയോ ദുര്‍ഗന്ധമോ ഇല്ലാതെ പുതുപുത്തനായി 100 ദിവസം വരെ അലക്കാതെയും ഇസ്തിരിയിടാതെയും തുടര്‍ച്ചയായി ഇടാന്‍ കഴിയുന്ന ഷര്‍ട്ട് ആണ് വൂള്‍ ആന്‍ഡ് പ്രിന്‍സ്. പരമാവധി സമയം ഉപയോഗിക്കാന്‍ കഴിയുന്ന ഷര്‍ട്ടിനു വേണ്ടി ആറു മാസം മുമ്പ് ആരംഭിച്ച പരീക്ഷണമാണ് വൂള്‍ ആന്‍ഡ് പ്രിന്‍സിന്റെ അണിയറക്കാരായ ചെറുപ്പക്കാരെ ഈ വൂള്‍ ഷര്‍ട്ടിലെത്തിച്ചത്. ഭീകരമാജിക്കൊന്നും ഇതിന്റെ പിന്നിലില്ല. ഉന്നതനിലവാരമുള്ള കമ്പിളിനൂലും അല്‍പം വൂള്‍ സയന്‍സും മാത്രം. കമ്പിളിക്ക് വിയര്‍പ്പ് വലിച്ചെടുക്കാനും അത് പിടിച്ചുനിര്‍ത്താതെ നീരാവിയാക്കാനുമുള്ള കഴിവാണ് ഷര്‍ട്ടിന്റെ രഹസ്യം.

പരുത്തിയെക്കാള്‍ ആറിരട്ടി നിലനില്‍ക്കുന്നതാണ് കമ്പിളി എന്നാണ് കണ്ടെത്തല്‍. പ്രകൃതിദത്തമായി തന്നെ ചുളിവുകളും ദുര്‍ഗന്ധവും ചെറുക്കുന്ന കമ്പിളിയുടെ സ്വാഭാവികസാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുക മാത്രമേ തങ്ങള്‍ ചെയ്തിട്ടുള്ളൂ എന്നാണ് കിക്ക്‌സ്റ്റാര്‍ട്ടര്‍ വെബ്‌സൈറ്റിലൂടെ ധനസമാഹരണം നടത്തുന്ന കമ്പനി പ്രതിനിധികള്‍ പറയുന്നത്.

അലക്കുകയോ ഇസ്തിരിയുകയോ ചെയ്യാതെ കമ്പനിയുടമയായ മാക് 100 ദിവസം തുടര്‍ച്ചയായി ഷര്‍ട്ട് ചുളിവോ ദുര്‍ഗന്ധമോ ഇല്ലാതെ ധരിച്ചു പരീക്ഷണം പൂര്‍ത്തിയാക്കിയതോടെയാണ് വൂള്‍ ആന്‍ഡ് പ്രിന്‍സ് ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിയത്. 100 ദിവസം പേരിന് ധരിക്കുകയല്ല, മുഴുവന്‍ ദിവസവും ഷര്‍ട്ട് ധരിച്ച് സൈക്ലിങ് ഉള്‍പ്പെടെയുള്ള വിനോദങ്ങളിലും നിരവധി ജോലികളിലും മുഴുകിയാണ് ജീവിച്ചത്. എല്ലാ ദിവസവും ഹാംഗറില്‍ ഒരു മണിക്കൂര്‍ വീതം തൂക്കിയിട്ടതാണ് ഷര്‍ട്ടിന് ആകെ ലഭിച്ച വിശ്രമം. നിലവില്‍ തിരഞ്ഞെടുത്ത 15 പേര്‍ക്കായി ഷര്‍ട്ടുകള്‍ പരീക്ഷണധാരണത്തിനു നല്‍കിയിരിക്കുകയാണ്. കിക്ക്‌സ്റ്റാര്‍ട്ടര്‍ വെബ്‌സൈറ്റിലൂടെയുള്ള ധനസമാഹരണം വിജയിച്ചാല്‍ കമ്പനി ഉടനടി പ്രവര്‍ത്തനമാരംഭിക്കും. ഷര്‍ട്ടൊന്നിന് ഏകദേശം 5000 രൂപ വിലയാകും. അലക്ക് കുളി എന്നിവയില്‍ വിശ്വാസമില്ലാത്തവര്‍ സന്ദര്‍ശിക്കുക: woolandprince.com

മോണലിസയുടെ അനിയത്തി

ഡാവിഞ്ചി ആളൊരു ഭയങ്കരനായിരുന്നു. പുള്ളി വരച്ചിട്ടുള്ള പടങ്ങളില്‍ ഏതാണ്ട് ഏറ്റവും ഗംഭീരം എന്നൊന്നും തീരുമാനമായിട്ടില്ല. എങ്കിലും ലോകത്ത് ഏറ്റവും അധികം കണ്ടിട്ടുള്ള പെയിന്‍റിങ് എന്ന ബഹുമതിയുള്ള മോണലിസയാണ് ഡാവിഞ്ചിയുടെ മാസ്റ്റര്‍പീസ് എന്നു പലരും പറയുന്നുണ്ട്. ഇപ്പോള്‍ എന്താണ് പുതിയ വിശേഷമെന്നു ചോദിച്ചാല്‍, സാക്ഷാല്‍ മോണലിസയുടെ അനിയത്തിയെന്നു തോന്നിക്കുന്ന മറ്റൊരു ചിത്രം ഗവേഷകര്‍ കണ്ടെടുത്തിരിക്കുന്നു. നമ്മള്‍ കണ്ടിട്ടുള്ള മോണലിസയെ വരയ്‍ക്കുന്നതിനു 10 വര്‍ഷം മുമ്പ് ഡാവിഞ്ചി വരച്ചതാണ് ഇതെന്നാണ് നിഗമനം.

Isleworth Mona Lisa എന്നാണ് ചെറുപ്പക്കാരിയും കുറച്ചുകൂടി സന്തോഷവതിയുമായ മോണലിസയുടെ പേര്. ഒരേ മോഡലിനെ തന്നെ അദ്ദേഹം രണ്ട് കാലഘട്ടങ്ങളില്‍ വരച്ചതാവാനും മതി. എന്തായാലും മോണലിസ ഫൗണ്ടേഷന്‍ ഈ പുതിയ മോണലിസയെ നാളെ ജനീവയില്‍ അനാവരണം ചെയ്യുകയാണ്. നിലവിലുള്ള മോണലിസയെക്കാള്‍ അല്‍പം കൂടി വലിപ്പമുള്ള പെയിന്‍റിങ്ങാണ് ഇപ്പോള്‍ കണ്ടെടുത്തിരിക്കുന്നതത്രേ. ഇതൊക്കെ ഒരു തട്ടിപ്പാവാനും മതി എന്നും ചിലര്‍ വാദിക്കുന്നുണ്ട്. ചരിത്രകാരന്മാരുടെ ഇതുവരെയുള്ള പഠനങ്ങള്‍ സംഗതി ഒറിജിനലാണെന്നും ശരിക്കുള്ള മോണലിസയെക്കാള്‍ പഴക്കമുള്ളതാണെന്നുമുള്ള നിഗമനത്തില്‍ എത്തി നില്‍ക്കുന്നു. നാളെ എല്ലാം മാറിമറിയാനും മതി. ഇപ്പോള്‍ കിട്ടിയ മോണലിസയുടെ ചിത്രവും നേരത്തെ കയ്യിലുള്ള മോണലിസയുടെ ചിത്രവും താഴെ കൊടുക്കുന്നു. വേറെ വിശേഷം ഒന്നുമില്ല.

Reference: Discovery News, History Channel, ABC News

ആരും പ്രസംഗിക്കാത്ത പ്രസംഗം

ചൊവ്വയിലെ ഏകാന്തതയുടെ അപാരതീരങ്ങളില്‍ ക്യൂരിയോസിറ്റി കിടന്നു കറങ്ങുകയാണ്. ഫോട്ടോ എടുത്തയക്കുന്നു, ട്വീറ്റ് ചെയ്യുന്നു, കോമഡികള്‍ പറയുന്നു, മൊത്തത്തില്‍ നാസയുടെ മൈബൈല്‍ സയന്‍സ് ലബോറട്ടറി ഉഷാറാണ്. രണ്ടു വര്ഷത്തെ കട്ടപ്പണി കഴിഞ്ഞ് സാധനം തിരികെയെത്തുമ്പോഴേക്കും അടുത്ത ടീം പോകാന്‍ റെഡിയായിട്ടുണ്ടായിരിക്കും. എന്നാല്‍, 2013ല്‍ ഇന്ത്യയുടെ ചൊവ്വ കുടിയേറ്റമുണ്ടാകുമെന്നാണ് പറയുന്നത്. അപ്പോള്‍ ക്യൂരിയോസിറ്റിയും ഇന്ത്യയുടെ വണ്ടിയും കൂടി ചൊവ്വയിലൂടെ മല്‍സരയോട്ടം നടത്തുമോ എന്നും പറയാന്‍ പറ്റില്ല.

ഈ വണ്ടികളിലൊന്നും ആളില്ലാത്തതുകൊണ്ട് ദുരന്തഭീതിയില്ല എന്നതാണ് പ്രധാന കാര്യം. എന്നാല്‍, വര്‍ഷങ്ങള്‍ക്കു മുമ്പ് മനുഷ്യന്‍(മാര്‍) ചന്ദ്രനില്‍ കാലുകുത്തുമ്പോള്‍ സ്ഥിതി ഇതായിരുന്നില്ലല്ലോ. 1969ല്‍ ചന്ദ്രലിറങ്ങി തിരിച്ചു വന്ന ശാസ്ത്രജ്ഞര്‍ ചരിത്രത്തിലെ ശാസ്ത്രവിജയങ്ങളുടെ തേരാളികളുമാണ്. എന്നാല്‍, ചന്ദ്രനിലേക്കു പുറപ്പെട്ട നീല്‍ ആംസ്‍ട്രോങ്ങും എഡ്വിന്‍ ആല്‍ഡ്രിനും അവിടെത്താതിരിക്കുകയോ ദൗത്യം പൂര്‍ത്തിയാക്കി തിരികെയെത്താതിരിക്കുകയോ ചെയ്തിരുന്നെങ്കില്‍ ചരിത്രം മറ്റൊന്നായെനെ. ഇപ്പോള്‍ ഇതെന്തിനു പറയുന്നു എന്നു ചോദിച്ചാല്‍, ചാന്ദ്രദൗത്യം പരാജയപ്പെട്ടിരുന്നെങ്കില്‍ പ്രസിഡന്‍റ് നിക്സന്‍ നടത്താനിരുന്ന പ്രസംഗത്തിന്‍റെ പൂര്‍ണരൂപം പങ്കു വയ്‍ക്കുന്നതിനു വേണ്ടിയാണ്.

നാസയുടെ 1969ലെ ചാന്ദ്രദൗത്യം പരാജയപ്പെടുകയും ശാസ്ത്രജ്ഞര്‍ കൊല്ലപ്പെടുകയും ചെയ്യാനുള്ള സാധ്യത കൂടി കണക്കിലെടുത്ത രാജ്യം, അഥവാ അങ്ങനെ സംഭവിച്ചാല്‍ പ്രസിഡന്‍റിനു ലോകത്തോട് ഗദ്ഗദത്തോടെ പറയാനുള്ള വാക്കുകള്‍ നേരത്തെ തയ്യാറാക്കി വച്ചിരുന്നു. നിക്സന്‍റെ പ്രസംഗ എഴുത്തുകാരനായ വില്യം സഫയര്‍ തയ്യാറാക്കിയ നീല്‍ ആംസ്ട്രോങ്ങിനും എഡ്വിന്‍ ആല്‍ഡ്രിനും ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്ന പ്രസംഗം യുഎസ് സര്‍ക്കാരിന്‍റെ ആര്‍കൈവ്സ് വെബ്സൈറ്റിലുണ്ട്. ഇപ്പോള്‍ അത് വായിക്കുമ്പോള്‍ പോലും ഒരുള്‍ക്കിടിലം.1969 ജൂലൈ 20 ചങ്ങാതിമാര്‍ ചന്ദ്രനില്‍ കാലു കുത്തി. പ്രസംഗം തയ്യാറാക്കി അയച്ചിരിക്കുന്നത് രണ്ടു ദിവസം മുമ്പ് ജൂലൈ 18നും.

ഓരോ വാക്കിലും നിറഞ്ഞു നില്‍ക്കുന്ന ആഥ്മാര്‍ത്ഥതയും സങ്കടവും നിഷ്കളങ്കമായ നഷ്ടബോധവും എന്നാല്‍ മാനവരാശിക്കു വേണ്ടി ജീവന്‍ നല്‍കിയ അവരെക്കരുതിയുള്ള അഭിമാനവുമെല്ലാം അവര്‍ പുല്ലുപോലെ പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ എഴുതിയതാണെന്നോര്‍ക്കണം. രണ്ടാമത്തെ പേജിന്‍റെ അവസാനം പ്രസിഡന്‍റ് പ്രസംഗത്തിനു മുമ്പ് ബഹിരാകാശയാത്രികരുടെ വിധവകളെ ഫോണില്‍ വിളിച്ച് സംസാരിക്കണമെന്നും പ്രസംഗത്തിനു ശേഷം, നാസ ബഹിരാകാശയാത്രികരുമായുള്ള വാര്‍ത്താവിനിമയബന്ധം വിച്ഛേദിച്ചതിനു ശേഷം അവരെ കടലില്‍ സംസ്കരിക്കുന്നതായുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എഴുതിയിരിക്കുന്നു.

പ്രസംഗം ചുവടെ.
Page 1[Link]
Page 2[Link]

ചരിത്രം കുറിച്ചു !

ജിജ്ഞാസകള്‍ക്കൊടുവില്‍ നാസയുടെ ക്യുരിയോസിറ്റി പര്യവേഷണ വാഹനം വിജയകരമായി ചൊവ്വയുടെ മണ്ണിലിറങ്ങി. നമ്മുടെ അതേ വ്യക്തിത്വമുള്ള ക്യുരിയോസിറ്റി ചെന്നിറങ്ങിയതേ വിവരം ട്വീറ്റ് ചെയ്തു, ക്യാമറയുടെ ലെന്‍സ് കവര്‍ പോലും മാറ്റാതെ ഒരു ചിത്രമെടുത്ത് അയക്കുകയും ചെയ്തു. ജെറ്റ് പ്രൊപ്പെല്‍ഷന്‍ ലാബോറട്ടറിയിലെ ശാസ്ത്രസംഘത്തിന്‍റെ ആനന്ദാശ്രുക്കള്‍ നാസ ടിവിയില്‍ തല്‍സമയം കണ്ടു നിര്‍വൃതിയടഞ്ഞു. 10 വര്‍ഷമായി ആ ശാസ്ത്രജ്ഞര്‍ പണിയെടുക്കുന്ന ഒരു പദ്ധതിയുടെ വിജയമാണിത്, ചരിത്രവിജയം.

ചൊവ്വയിലിറങ്ങിയ ക്യുരിയോസിറ്റിയുടെ ആദ്യ ട്വീറ്റ് ഇതാണ്.

ക്യുരിയോസിറ്റി ചൊവ്വയില്‍ നിന്ന് ആദ്യമയച്ച ചിത്രം താഴെ കൊടുക്കുന്നു. വലിയ എച്ച് ഡി ക്യാമറയൊക്കെയാണെന്നു പറഞ്ഞിട്ട് ഇതാണോ പടം എന്നു ചോദിക്കരുത്. പൊടിപിടിച്ച ലെന്‍സ് കവര്‍ മാറ്റാതെ എടുത്ത ചിത്രമാണിത്. ക്യാമറകള്‍ പൂര്‍ണരൂപത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങാന്‍ അല്‍പസമയമെടുക്കും. രണ്ടു ദിവസത്തിനകം ഉശിരന്‍ കളര്‍ പടങ്ങളും വിഡിയോകളും ഇവിടെ ലഭിച്ചുതുടങ്ങും. ഒരു ടണ്‍ ഭാരവും ഒരു കാറിന്‍റെ വലിപ്പവും ആറു ടയറുകളുമുള്ള ക്യുരിയോസിറ്റിയുടെ ഒരു ടയറും നാസയുടെ മണ്ണില്‍ പതിഞ്ഞിരിക്കുന്ന നിഴലും ചിത്രത്തില്‍ കാണാം.

കൂടുതല്‍ അപ്‍ഡേറ്റുകള്‍ക്കായി ക്യുരിയോസിറ്റിയെ ട്വിറ്ററിലും ഫേസ്‍ബുക്കിലും പിന്തുടരാം. [Twitter] [Facebook]

ക്യുരിയോസിറ്റിയുടെ ടെക്നിക്കല്‍ വിശദാംശങ്ങള്‍ ഇവിടെ.

നാസ ടിവിയില്‍ ജെറ്റ് പ്രൊപ്പെല്‍ഷന്‍ ലാബോറട്ടറിയിലെ ശാസ്ത്രസംഘത്തിന്‍റെ വാര്‍ത്താസമ്മേളനവും വിശകലനങ്ങളും തുടര്‍ന്നു കാണാം.ശ്രീലതയ്‍ക്കു വേണ്ടി..

ശ്രീലതാ മേനോന്‍ ഒരു സാധാരണ നടിയാണ്. അവാര്‍ഡുകളും അംഗീകാരങ്ങളുമല്ല, അല്‍പം കാരുണ്യവും സഹാനുഭൂതിയും മാത്രം മതി, അവര്‍ക്ക് ജീവിതത്തിലേക്കു തിരിച്ചു വരാന്. 1985ല്‍ മിസ് ട്രിവാന്‍ഡ്രമായി കലാരംഗത്ത് എത്തിയ ശ്രീലതയുടെ മുഖം വലുതും ചെറുതുമായ വേഷങ്ങളിലൂടെ നമ്മള്‍ ധാരാളം കണ്ടിട്ടുണ്ട്. ഇപ്പോള്‍ എല്ലുകള്‍ പൊടിയുന്ന രോഗം ബാധിച്ച്, ദാരിദ്ര്യവും ദുരിതങ്ങളും പേറി തിരുവനന്തപുരം മെഡ‌ിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ വാര്‍ഡില്‍ വേദന തിന്നു കഴിയുകയാണ് ശ്രീലത. ആശുപത്രിയിലായ അവരെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും അടിയന്തരമായി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളുമാണ് നമ്മള്‍ ഇപ്പോള്‍ ശ്രീലതയെക്കുറിച്ച് അറിയാന്‍ കാരണം.

അര്‍ഹത,കൗതുകച്ചെപ്പ്, ചെറിയ ലോകവും വലിയ മനുഷ്യരും, പെരുന്തച്ചന്‍ തുടങ്ങിയ സിനിമകളിലും ദേവീമഹാത്മ്യം, അമ്മ തുടങ്ങിയ ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുളള ശ്രീലതാ മോനോന്റെ ജീവിതം ദുരിതത്തിലേക്ക് നീങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷമായി. ഭര്‍ത്താവ് കെ. എസ്. മധു കാന്‍സര്‍ ബാധിച്ചു മരിച്ചതോടെ അതിനു തുടക്കം. 19 വര്‍ഷമായി വേണ്ടത്ര ചികില്‍സ ലഭിക്കാതിരുന്ന ശ്രീലതയുടെ അസ്ഥിരോഗം അതോടെ മൂര്‍ച്ഛിച്ചു. ശുശ്രൂഷിക്കാന്‍ പത്താം ക്ളാസുകാരനായ മകന്‍ അര്‍ജ്ജുന്‍ പഠിത്തം ഉപേക്ഷിച്ചു. ആശുപത്രിയില്‍ അമ്മയെ എടുത്തുയര്‍ത്തുന്നതും ആഹാരം കൊടുക്കുന്നതുമെല്ലാം മകനാണ്.

കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാനാകാതെ, ദാരിദ്ര്യത്തിന് നടുവില്‍ മൂന്നു മക്കള്‍ക്കൊപ്പം വട്ടിയൂര്‍ക്കാവില്‍ വാടകവീട്ടില്‍ താമസിക്കുകയായിരുന്ന ഇവരുടെ അവസ്ഥയറിഞ്ഞ് കെ.മുരളീധരന്‍ എംഎല്‍എ ഇടപെട്ടാണ് കഴിഞ്ഞദിവസം ആശുപത്രിയിലെത്തിച്ചത്. ശ്രീലതയുടെ ദുരിതകഥ മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ചു വരുമ്പോഴാണ് സഹപ്രവര്‍ത്തകര്‍ പോലും വിവരമറിയുന്നത്. ശ്രീലതയുടെ മുഴുവന്‍ ചികില്‍സാച്ചെലവുകളും സര്‍ക്കാര്‍ ഏറ്റെടുത്തതിനു പുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഒരു ലക്ഷം രൂപയുടെ അടിയന്തരസഹായം കെ.മുരളീധരന്‍ ആശുപത്രിയിലെത്തി കൈമാറി. മന്ത്രി ഗണേഷ് കുമാറിന്‍റെ നിര്‍ദേശപ്രകാരം ചലച്ചിത്ര അക്കാദമി 25,000 രൂപയും നല്‍കി. സൂപ്പര്‍ സ്റ്റാറുകളുടെ കോണകം പിഴിഞ്ഞു നടക്കുന്ന എട്ടാം ക്ലാസ്സുകാര്‍ ഭരിക്കുന്ന സംഘടനകളില്‍ നിന്ന് സഹായമൊന്നും പ്രതിക്ഷിക്കുന്നില്ലെങ്കിലും, ജഗതി ശ്രീകുമാറിന്‍റെ കാര്യത്തിലെന്ന പോലെ ശ്രീലതയെ സഹായിക്കാന്‍ സംഘടനയ്‍ക്കു സൗകര്യമില്ല എന്നു പത്രസമ്മേളനം വിളിച്ചു പറയാതിരുന്നാല്‍ അതു തന്നെ വലിയ ഉപകാരമായി.

ഈ ഒന്നേകാല്‍ ലക്ഷം രൂപകൊണ്ട് ശ്രീലതയുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല. ചെറുതും വലുതുമായ നമ്മുടെ സഹായങ്ങള്‍ ശ്രീലതയുടെ മനസ്സിനും എല്ലുകള്‍ക്കും ശക്തി പകരും. ആകെയുള്ള ബന്ധുവായ അമ്മയുടെ രോഗക്കിടയ്‍ക്കരികില്‍ പകച്ചു നില്‍ക്കുന്ന മൂന്നു കുട്ടികള്‍ക്കു പ്രതീക്ഷ പകരും. എസ്ബിഐ വട്ടിയൂര്‍ക്കാവ് ശാഖയിലെ സഹായനിധിയിലേക്ക് മടികൂടാതെ സംഭാവന ചെയ്യുക. Ac No: 67075901524. വിവരങ്ങള്‍ അന്വേഷിക്കാന്‍ Phone: 8891497104.

മിസ് അണ്‍ഐഡന്‍റിഫൈഡ്

‘നമ്മടെ തെക്കേലേ മീനാക്ഷീടെ കല്യാണത്തിന് മണ്ഡപത്തില്‍ കേറി നിക്കുന്ന കണ്ട ആ പെണ്ണേതാ?’ എന്നു ചോദിക്കുന്ന ലാഘവത്തോടെ, അങ്ങേയറ്റം സുരക്ഷയും കര്‍ശനമായ വിലയിരുത്തലും നടത്തി അരങ്ങേറുന്ന ഒളിംപിക്സ് മാമാങ്കത്തിന്‍റെ ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ ടീമിന്‍റെ മുന്നില്‍ വിരിഞ്ഞു നടന്ന സ്ത്രീയെ അജ്ഞാതസുന്ദരിയെന്നു വിളിച്ച് നമ്മളെ മണ്ടന്മാരാക്കുകയാണ് ലണ്ടനില്‍ നിന്നുള്ള ബുദ്ധിമാന്മാര്. അവള്‍ ആരെന്നറിയില്ല, എവിടെ നിന്നു വന്നെന്നറിയില്ല,എങ്ങോട്ടു പോയെന്നറിയില്ല, ആര്‍ക്കും ഒന്നും അറിയില്ല. സംഭവത്തില്‍ രോഷാകുലനായ ഇന്ത്യന്‍ സംഘത്തലവന്‍ ബ്രിഗേഡിയര്‍ മുരളീധരന്‍ രാജ ഇതെപ്പറ്റി ഒളിംപിക് സംഘാടകസമിതിയോട് പരതിപ്പെടുമെന്നും പറയുന്നു.

സംസ്ഥാന സ്കൂള്‍ കായികമേളയെക്കാള്‍ മോശപ്പെട്ട നിലയില്‍ സംഘടിപ്പിച്ച ഒന്നാണ് ഇപ്പോള്‍ അരങ്ങേറുന്ന ഒളിംപിക്സ് എന്നാണ് ബ്രിഗേഡിയര്‍ പറഞ്ഞതില്‍ നിന്ന് ഞാനൂഹിക്കുന്നത്. രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന മാര്‍ച്ച് പാസ്റ്റില്‍, അതും ഇവിടെ നിന്നു പോയ മുഴുവന്‍ അത്‍ലറ്റുകള്‍ക്കുപോലും അണിനിരക്കാന്‍ കഴിയാത്ത മാര്‍ച്ച് പാസ്റ്റില്‍, രാജ്യത്തിന്‍റെ പതാകവാഹകനോടൊപ്പം കൂസലില്ലാതെ നടന്നുപോയ പെണ്ണ് ദേ വന്നു ദാപോയി എന്നു പറയുമ്പോള്‍, നമ്മളൊക്കെ ബുദ്ധി ചില ടിവി റിയാലിറ്റി ഷോയുടെ നിലവാരത്തിലേക്ക് ഇറക്കിക്കൊണ്ടുവരണം എന്നാണ് അര്‍ഥം.

മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന രീതിയും രസകരമാണ്. അജ്ഞാതസുന്ദരി, കൊച്ചുമിടുക്കി എന്ന ലൈന്. ചുവന്ന ടീഷര്‍ട്ടും ജീന്‍സുമിട്ട, തല മൊട്ടയടിച്ച ഒരു തടിച്ചിപ്പാറു (അവളിത് വായിക്കുന്നുണ്ടെങ്കില്‍ പ്രകോപിതയായി കമന്‍റിടും, അങ്ങനെ നമുക്കവളെ കണ്ടുപിടിക്കാം) സുന്ദരിയല്ല എന്നതില്‍ തര്‍ക്കമില്ല. സാമാന്യബുദ്ധി കൊണ്ട് ചിന്തിച്ചാല്‍ അവള്‍ അജ്ഞാതയുമല്ല എന്നു മനസ്സിലാക്കാം. എല്ലാവര്‍ക്കും അറിയാവുന്ന എന്നാല്‍ ‘ദേ ഇവളാ അവള്‍’ എന്നു വിളിച്ചുപറയാന്‍ പറ്റാത്ത ആരോ ഒരുത്തി(ജീന്‍സും ടീഷര്‍ട്ടും അലമ്പാണ്. പിന്നെ, മുടി നീട്ടിവളര്‍ത്തിയിട്ടു വേണം ഇവന്മാരുടെ സൂക്കേട് തീര്‍ക്കാന്‍ എന്ന് ഇന്ദുലേഖക്കാര് പറഞ്ഞത് വകവച്ചിട്ടുമില്ല).

ഒരു മസാലക്കഥപോലെ വായിച്ചുതള്ളാവുന്ന വിധം സിംപിളല്ല ഇത്. ആ സ്ത്രീ അവഹേളിച്ചിരിക്കുന്നത് പ്രൗഢഗംഭീരമായ മാര്‍ച്ച് പാസ്റ്റില്‍ എത്തിച്ചേരാന്‍ ഒരായുസ്സിന്‍റെ അധ്വാനം മുഴുവന്‍ ചെലവഴിച്ച രാജ്യത്തിന്‍റെ അഭിമാനമായ കായികതാരങ്ങളെയാണ്. ആ സ്ത്രീ കഴുത്തില്‍ ഒരു ഐഡി കാര്‍ഡുപോലുമില്ലാതെ അവിടെയെത്തി എന്നതില്‍ ഇന്ത്യന്‍ ടീമിന് ഒരറിവുമില്ലെങ്കില്‍, ഒളിംപിക് സംഘാടകസമിതിക്ക് ശരിക്കും ആ സത്രീയെ അറിയില്ലെങ്കില്‍ ആരൊക്കെയോ അവിടിരുന്നുകൊണ്ട് നമ്മളെ മണ്ടന്മാരാക്കുകയാണ് എന്നത് നിസ്സംശയം പറയാം. കാരണം, മാര്‍ച്ച് പാസ്റ്റിനോടൊപ്പം അണുവിട തെറ്റാതെ നീങ്ങുന്ന യുവതിയുടെ എല്ലാ ചലനങ്ങളും സംഘടത്തിന്‍റേതുമായി ഒത്തുപോകുന്നുണ്ട്. ഡ്രസ് റിഹേഴ്സല്‍ അടക്കം എല്ലാ പരിപാടികളിലും ഇന്ത്യന്‍ ടീമിനൊപ്പം അവര്‍ ഉണ്ടായിരുന്നു എന്നു തന്നെയാണ് അതിന്‍റെ അര്‍ഥം.

അജ്ഞാതസുന്ദരിപ്പട്ടം നല്‍കി എന്തുകൊണ്ട് ആ സ്ത്രീയെ സംരക്ഷിക്കുന്നു എന്നത് തന്നെയാവണം ചര്‍ച്ചകളുടെ കേന്ദ്രം. അല്ലാതെ അവളെവിടെ നിന്നു വന്നു എങ്ങോട്ടു പോയി ആരാണവള്‍ തുടങ്ങിയ വിഡ്ഡിച്ചോദ്യങ്ങള്‍ പരസ്പരം ചോദിച്ച് സമയം കൊല്ലുന്ന സാറന്മാരുടെ വാക്കുകള്‍ വിശ്വസിക്കരുത്. ബ്രിഗേഡിയര്‍ രാജ തന്നെ പറയുന്നു, മാര്‍ച്ച് പാസ്റ്റിനൊപ്പം നടക്കാന്‍ പാടില്ല, ദേ അവിടെവരെയേ പോകാന്‍ പറ്റൂ എന്നവരോട് പറഞ്ഞതാണ് എന്ന്. തീര്‍ത്തും അജ്ഞാതയായ ഒരു സ്ത്രീയോട് ദേ അവിടെ വരെ വേണേല്‍ പൊക്കോ എന്നു പറയാന്‍ ബ്രിഗേഡിയര്‍ക്കു സാധിക്കുമോ ? ആ സ്ത്രീ ഇന്ത്യക്കാരിയാണെന്നത് കണ്ടാലറിയാം. ആരുടെ ആരാണ് എന്നതുമാത്രമേ അറിയാനുള്ളൂ. പൊട്ടന്‍കളി അവസാനിപ്പിക്കുമ്പോള്‍ അതും പറയുമായിരിക്കും.

സംശയം ചോദിക്കുകയാണ്- ഒളിംപിക്സില്‍ ഇന്ത്യയ്‍ക്ക് ഒലക്ക കിട്ടും എന്നു മുന്‍കൂട്ടിയറിയാവുന്ന അധികൃതര്‍ മാധ്യമങ്ങളുടെ അണ്ഡകടാഹത്തിലേക്ക് എറിഞ്ഞുകൊടുത്ത ഇരയായിരിക്കുമോ അവള്‍ ?

ചെറിയ ബുദ്ധിയില്‍ തോന്നിയത്- 48 മണിക്കൂറിനകം അവളെ പൊക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ സ്കോട്ട്ലന്‍ഡ് യാര്‍ഡ് കേസ് ഇങ്ങോട്ടിട്. ഏത് കാട്ടില്‍പ്പോയൊളിച്ചാലും വിന്‍സന്‍ എം. പോളും സംഘവും അവളെ പൊക്കിയിരിക്കും. സത്യം മണി മണി പോലെ പറയിച്ചിരിക്കും. അല്ലേ ? ഉവ്വോ ?

Update@15:25|29-07-2012: ഇന്ത്യന്‍ കായികതാരങ്ങളെ അവഹേളിച്ചുകൊണ്ട് ഒളിംപിക് പരേഡിന്റെ മുന്നില്‍ വിലസിയ അലവലാതിയെ സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞു. പേര് മധുര ഹണി. ബാംഗ്ലൂരില്‍ നിന്നുള്ള പിജിക്കാരി. കുറച്ചുനാളായി ലണ്ടനില്‍. ഇന്ത്യന്‍ ടീമിനോടൊപ്പം പോകുന്നുണ്ട് എന്നു പറഞ്ഞ മധുര ഒളിംപിക് പാസ്സും ഫേസ്ബുക്കില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്രേ. സംഗതി വിവാദമായതോടെ ഫേസ്ബുക്ക് ഡീആക്ടിവേറ്റ് ചെയ്തു മുങ്ങി.

തക്കാളി; ഇനി കളി വേറെ

സംഗതി പഴമാണോ പച്ചക്കറിയാണോ എന്ന ചരിത്രപ്രാധാന്യമുള്ള തര്‍ക്കത്തിന് ഇതു വരെ അറുതിയായിട്ടില്ല. ഹരിതവിപ്ലവകാരികളുടെ ലോകത്ത് വലിയ പരിഗണനയൊന്നുമില്ലാതെ കിടന്ന തക്കാളി റിയാലിറ്റി ഷോ വിജയിച്ച മാതിരി വിജൃംഭിച്ചു നില്‍ക്കുകയാണ്. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിലൂടെ തക്കാളിയുടെ ജനിതകരഹസ്യം ചോര്‍ത്തിയെടുത്ത് ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചിരിക്കുകയാണ് അതിഭയങ്കരന്‍മാരായ മൂന്നൂറോളം വരുന്ന ശാസ്ത്രസംഘം. തക്കാളിയോളം സിംപിളായ ഒരു പഴത്തിന്/പച്ചക്കറിക്ക് എന്തു രഹസ്യം എന്നേ ആര്‍ക്കും തോന്നൂ. എന്നാല്‍, ഇനിയങ്ങോട്ട് നിറത്തിലും ഗുണത്തിലും മണത്തിലും സ്വാദിലും പുതുമയും വ്യത്യസ്തതയും ഗൃഹാതുരത്വവുമെല്ലാം അവകാശപ്പെടാനാവുന്ന തരം വൈവിധ്യമാര്‍ന്ന തക്കാളിയിനങ്ങള്‍ ലോകത്തിനു മുന്നില്‍ അണിനിരക്കും. ഏതെടുത്താലും ഒരേ രുചി എന്ന ഫോര്‍മാറ്റില്‍ നിന്ന് രുചിവൈവിധ്യത്തിലേക്കും ജൈവസംപുഷ്ടിയിലേക്കും ആഗോളതക്കാളിവിപണി ചുവടുമാറ്റുന്നതിന്റെ കേളികൊട്ടാണ് ഈ പറഞ്ഞ കണ്ടെത്തല്‍.

എന്താണ് കണ്ടെത്തല്‍ ?

തക്കാളിയുടെ ജനിതക കോഡ് അഥവാ തക്കാളിയിലുള്ള 35000 ജീനുകളെ ആണ് ഒന്‍പതു വര്‍ഷം നീണ്ട ഗവേഷണത്തിനൊടുവില്‍ ഇന്ത്യക്കാരുള്‍പ്പെടെ ലോകത്തിലെ 14 രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരടങ്ങുന്ന ഗവേഷകസംഘം കണ്ടെത്തിയിരിക്കുന്നത്. ഇത് അറിഞ്ഞതുകൊണ്ട് എന്താണ് ഗുണം എന്നു ചോദിച്ചാല്‍, ഇനി ജനിക്കാനിരിക്കുന്ന തക്കാളിയുടെ ജാതകം വിത്തും വളവുമല്ല, ജീനുകളിലുള്ള ഇടപെടലുകളിലൂടെ ശാസ്ത്രജ്ഞര്‍ തീരുമാനിക്കും എന്നതു തന്നെ. രുചിയില്‍ വിട്ടുവീഴ്ചയില്ലാത്ത, കൂടുതല്‍ കാലം കേടാവാതിരിക്കുന്ന തക്കാളി വിഷപ്രയോഗമില്ലാതെ നമുക്ക് ലഭിക്കും എന്നതാവും എടുത്തുപറയാവുന്ന അനന്തരഫലം. അതേ സമയം, ജീനുകളിലെ ഇടപെടല്‍ ഉണ്ടാക്കാവുന്ന ദൂരവ്യാപകപ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും ഇതോടൊപ്പം തുടങ്ങിക്കഴിഞ്ഞു.

ടൊമാറ്റോ ജെനോം കണ്‍സോര്‍ഷ്യം എന്ന പ്രസ്ഥാനമാണ് ഇക്കലമത്രയും തക്കാളിയുടെ ജനിതകരഹസ്യം തേടിയത്. അര്‍ജന്റീന, ബെല്‍ജിയം, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇറ്റലി, ജപ്പാന്‍, ദക്ഷിണ കൊറിയ, സ്‌പെയിന്‍, നെതര്‍ലാന്‍ഡ്‌സ്, യുകെ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് ഗവേഷണത്തില്‍ മുഴുകിയിരുന്നത്. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്ലാന്റ് ജെനോം റിസേര്‍ച്ച് ഡയറക്ടര്‍ ഡോ.അഖിലേഷ് ത്യാഗിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം തക്കാളിയുടെ ക്രോമോസോം അഞ്ച് അവതരിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ടത്രേ.

തക്കാളിക്ക് എന്തു സംഭവിക്കും ?

ജീനുകളിലെ അഴിച്ചുപണിയിലൂടെ മാങ്ങയുടെയും മത്തങ്ങയുടെയും സ്വാദുള്ള തക്കാളി കൃഷി ചെയ്‌തെടുക്കാം എന്നാരും കരുതേണ്ട. എന്നാല്‍, ജനിതക മാറ്റത്തിലൂടെ തക്കാളിയുടെ ആകൃതി, രുചി, വലുപ്പം, രോഗ പ്രതിരോധശേഷി, നിറം എന്നിവയില്‍ വ്യത്യാസം വരുത്താന്‍ ഗവേഷകര്‍ക്കാകും. തക്കാളിച്ചെടിയുടെ ഉല്‍പാദനക്ഷമത കൂട്ടാനും കൂടുതല്‍ പ്രദേശങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാനുമെല്ലാം ഈ കണ്ടെത്തല്‍ സഹായിക്കും. തക്കാളി തക്കാളിയല്ലാതാകുമോ എന്നൊരാശങ്കയ്ക്ക് അടിസ്ഥാനമില്ല എന്നു മാത്രമല്ല ‘ഇപ്പോഴൊക്കെ എന്തു തക്കാളി, പണ്ടൊക്കെയല്ലായിരുന്നോ തക്കാളി’ എന്നു പറയുന്നവര്‍ക്ക് അവരുദ്ദേശിക്കുന്ന തക്കാളി കൃഷി ചെയ്‌തെടുക്കാനുള്ള അവസരം കൂടിയാണ് വന്നു ചേരുന്നത്.

സ്വാദും വലിപ്പവും നിറവുമൊക്കെയുള്ള വിവിധ ഇനങ്ങളില്‍പ്പെട്ട തക്കാളി അനായാസം കൃഷി ചെയ്‌തെടുക്കാം എന്നതിനു പുറമേ ഈ ചരിത്രപരമായ കണ്ടെത്തല്‍ തക്കാളി കുടുംബത്തില്‍പ്പെട്ട മറ്റു ഫലങ്ങളുടെയും ജെനറ്റിക് എന്‍ജിനീയറിങ്ങില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ക്കു തുടക്കമിടും എന്നു കൂടി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു.

ശിവനുണ്ണിയുടെ വിപ്പില്‍ ഉറക്കമൊഴിച്ച് പേട്ട

ഈരാറ്റുപേട്ട ഉറങ്ങാതിരിക്കുകയാണ്. പ്രവാചകനായ ശിവനുണ്ണി പറഞ്ഞതനുസരിച്ച് ഇന്നു രാവിലെ എട്ടിനും 11നുമിടയില്‍ ഈരാറ്റുപേട്ടയില്‍ ഭൂചലനമുണ്ടാകും. അത് വളരെ ശക്തവുമായിരിക്കും. അങ്ങനെ ശക്തമായ ഭൂചനമുണ്ടായാല്‍ ഏറെ അകലെയല്ലാത്ത മുല്ലപ്പെരിയാറിന് വല്ലതും സംഭവിക്കുമോ ? ചെറുതോണി, ഇടുക്കി, കുളമാവു ഡാമുകള്‍ക്കു വല്ലതും സംഭവിക്കുമോ ? ഈരാറ്റുപേട്ടയോടൊപ്പം ഉറങ്ങാതിരിക്കുകയാണ് അഞ്ചു ജില്ലകള്‍.കാര്യങ്ങള്‍ ശിവനുണ്ണിയുടെ കോസ്‍മിക് രഹസ്യങ്ങളിലാണ്.

ശിവനുണ്ണി എന്ന കോഴിക്കോട്ടുകാരന് ഇതുവരെ നടത്തിയിട്ടുള്ള പ്രവചനങങള്‍ ഫലിച്ചു എന്നതാണ് ഈ പ്രവചനവും ഫലിക്കും എന്നു വിശ്വസിക്കാന്‍ ഈരാറ്റുപേട്ടക്കാരെ പ്രേരിപ്പിച്ചിരിക്കുന്നത്.ഈരാറ്റുപേട്ടയ്‍ക്ക് കുലുക്കം പുത്തരിയല്ല. കഴിഞ്ഞയാഴ്ചയും കുലുങ്ങിയതാണ്. എന്നാലും,ഒരാള്‍ ഇങ്ങനെ മുന്‍കൂട്ടി നാള്‍ കുറിക്കുമ്പോള്‍ പേടിച്ചില്ലെങ്കില്‍ മോശമല്ലേ ? പണ്ഡിറ്റ് ശിവനുണ്ണിയുടെ പ്രവചനത്തിന് എന്താധികാരികത എന്നൊന്നും ആരും അന്വേഷിച്ചിട്ടില്ല.മുഖ്യമന്ത്രിയ്‍ക്ക് വധഭീഷണി പോലെ,വിമാനത്താവളത്തില്‍ ബോംബു ഭീഷണി പോലെ ഈരാറ്റുപേട്ടയ്‍ക്ക് ഭൂചലനഭീഷണി.

ശിവനുണ്ണി പ്രവചിച്ചതുപോലെ നടക്കുമോ ഇല്ലയോ എന്നൊന്നും ആര്‍ക്കും അറിയില്ല.ഇത്തരം പ്രവചനങ്ങള്‍ക്ക് എന്ത് പ്രാധാന്യമാണ് നല്‍കേണ്ടതെന്ന കാര്യത്തില്‍ ശാസ്ത്രജ്ഞരും ഒന്നും പറഞ്ഞിട്ടില്ല.എന്നാല്‍ എല്ലാം അറിയാവുന്ന ചീഫ് വിപ്പ് ശിവനുണ്ണിയുടെ പ്രവചനം അറ്റസ്റ്റ് ചെയ്തു.പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ ഈരാറ്റുപേട്ടക്കാരെല്ലാം മുന്‍കരുതലെടുക്കണം എന്ന് അദ്ദേഹം മാധ്യമങ്ങളിലൂടെ അറിയിച്ചു.അതോടെ പേട്ടക്കാര്‍ പെട്ടു.വിപ്പ് ലംഘിക്കാന്‍ പാടില്ലല്ലോ.പലരും ഈ രാത്രി മൈതാനങ്ങളിലും പ്രാര്‍ഥനാലയങ്ങളിലും വാഹനങ്ങളിലും കഴിച്ചു കൂട്ടുന്നു.

ആളുകളുടെ പേടിയും പ്രാദേശിക വിപ്പും കൂടിയായപ്പോള്‍ ഈരാറ്റുപേട്ട ഉപജില്ലയില്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം അധികൃതര്‍ ഇന്ന് ഉച്ചവരെ അവധിയും നല്‍കി.ശിവനുണ്ണി പറഞ്ഞ സമയത്തിനുള്ളില്‍ കുലുങ്ങിയില്ലെങ്കില്‍ ഉച്ചകഴിഞ്ഞ് മരച്ചുവട്ടിലിരുന്ന് ക്ലാസ് നടത്തണമെന്നാണ് നിര്‍ദേശം.

ഇന്നത്തെ ഭൂചലനം ഈരാറ്റുപേട്ട മുതല്‍ തെക്കോട്ട്‌ തിരുവനന്തപുരം വരെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഈരാറ്റുപേട്ടയിലായിരിക്കും ഭൂചലനത്തിന്‌ കൂടുതല്‍ തീവ്രതയെന്നുമാണ്‌ ശിവനുണ്ണിയുടെ മുന്നറിയിപ്പ്‌.കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിലും ഇടുക്കിയിലുമുണ്ടായ ഭൂകമ്പത്തെക്കുറിച്ച്‌ ശിവനുണ്ണി പ്രവചിച്ചിരുന്നു.അതിനു മുമ്പ് നടന്ന ജപ്പാന്‍ ഭൂകമ്പം ഉള്‍പ്പെടെയുള്ള ഭൂകമ്പങ്ങള്‍ ശിവനുണ്ണി പ്രവചിച്ചിരുന്നത്രേ.അപ്പോള്‍ പിന്നെ ഇതും സാധ്യമാകാനുള്ള സാധ്യതയാണ് ഈരാറ്റുപേട്ടയെ ഭയപ്പെടുത്തിയിരിക്കുന്നത്.ദൂരെയിരുന്ന് ആലോചിക്കുമ്പോള്‍ എല്ലാം ഒരു തമാശയാണ്. ഈരാറ്റുപേട്ടക്കാരന്റെ നെഞ്ചില്‍ പഞ്ഞി വച്ചാല്‍ കത്തും.ഈരാറ്റുപേട്ടയോടൊപ്പം നെഞ്ച് ചേര്‍ത്തു ഞാനുമിരിക്കുന്നു.ഒരു കോപ്പും സംഭവിക്കാതിരിക്കട്ടെ എന്നാശംസിക്കുന്നു.

പുരുഷലക്ഷണത്തിനു 10000 രൂപ പിഴ

കള്ളുകുടിച്ചു വണ്ടിയോടിക്കുന്നത് ധീരന്മാരായ പുരുഷന്മാരുടെ ലക്ഷണങ്ങളിലൊന്നാണെന്ന് അങ്ങനെയുള്ള പുരുഷന്മാര്‍ക്ക് അറിയാം.അതുപോലെ തന്നെ എപ്പോഴും ഓവര്‍സ്പീഡിന് 300 രൂപ ഫൈനടച്ചതിന്റെ ഒരു സ്ലിപും വണ്ടിയില്‍ കിടക്കണം. ഒറ്റക്കൈ കൊണ്ട് ഡ്രൈവ് ചെയ്യുന്നതോടൊപ്പം മൊബൈല്‍ ഫോണില്‍ 3000 കോടിയുടെ ഡീല്‍ ഉറപ്പിക്കുന്ന ഗൗരവത്തോടെ സംസാരിക്കുക കൂടി ചെയ്താല്‍ മലയാള സിനിമയിലെ നായകന്മാരെപ്പോലെ നിങ്ങളും ശരിക്കും ഹീറോ ആയി മാറും. എന്നാല്‍, കേരളാ പൊലീസിന് പണ്ടേ ആണുങ്ങളോട് അസൂയയാതുകൊണ്ട് ഈ പുരുഷലക്ഷണങ്ങള്‍ക്കുള്ള പിഴ പത്തിരട്ടിയോളം വര്‍ധിപ്പിച്ച് പൊതുജനങ്ങള്‍ക്കു പണികൊടുക്കുകയാണ്.

കേരളാ പൊലീസ് ആക്ട് 2011 അനുസരിച്ച് കുറ്റവും ശിക്ഷയും പരിഷ്കരിച്ച് കേരളാ പൊലീസ് പെട്രോള്‍ വില വര്‍ധനയുടെ ഭാരം പേറുന്ന സാധാരണക്കാരന്റെ മേല്‍ വലിയ പിഴകള്‍ കൂടി ചുമത്തുകയാണ്. പുതുക്കിയ നിമയം അനുസരിച്ചുള്ള പിഴകള്‍ ഈടാക്കിത്തുടങ്ങിയതിനാല്‍ ഫുള്‍ ടാങ്ക് ഇന്ധനം അടിക്കാനുള്ളതിനുള്ളതിനു പുറമേ, പൗരുഷം കാണിക്കണമെന്നുള്ളവര്‍ മിനിമം 25000 രൂപയെങ്കിലും കയ്യില്‍ കരുതിക്കോണം. കാരണം, ഇനി മുതല്‍ മദ്യപിച്ച് വാഹനമോടിച്ചതിനു പിടിച്ചാല്‍ പഴയപോലെയുള്ള കുട്ടിക്കളി നടക്കില്ല.പിഴ 10000 രൂപയാണ്. മൂന്നു വര്‍ഷം വരെ തടവും ലഭിച്ചേക്കാം.ഇത്തരം കേസുകളിലൊക്കെ കോടതിക്കു മുന്നില് സമരം ചെയ്യുന്നത് ബുദ്ധിയല്ലാത്തതിനാല്‍ രാഷ്ട്രീയം നോക്കാതെ നിയമം പാലിക്കുന്നതായിരിക്കും ബുദ്ധി.

കള്ളുകുടിച്ചു വണ്ടിയോടിച്ചു പിടിച്ചാല്‍ പൊലീസ് പുതിയ നിയമപ്രകാരം എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ കൊടുക്കും. കോടതിയാണ് ശിക്ഷ വിധിച്ച് പിഴ ഇടാക്കുന്നത്. കോടതിയില്‍ പോകുന്നത് ശുംഭത്തരമാണെന്നു തോന്നുന്നവര്‍ക്ക് കോടതിയില്‍ കുറ്റപത്രം കൊടുക്കും മുന്‍പ് ജില്ലാ പൊലീസ് മേധാവി മുന്‍പാകെ എത്തി കുറ്റം സമ്മതിച്ചു പതിനായിരം രൂപ പിഴ അടച്ചു കോടതി നടപടികളില്‍ നിന്ന് ഒഴിവാകാനും അവസരമുണ്ട്.എന്തായാലും 10000 രൂപ പോകുമെന്നത് ഉറപ്പാണ്.

കേരളാ പൊലീസ് ആക്ട് 2011ലെ സെക്ഷന്‍ 118-ഇ അനുസരിച്ചാണ് പുതിയ പിഴകള്‍. അറിഞ്ഞു കൊണ്ടു പൊതുജനങ്ങള്‍ക്ക് അപായം ഉണ്ടാക്കുന്നതോ പൊതു സുരക്ഷയില്‍ വീഴ്ചയുണ്ടാക്കുന്നതോ ആയ പ്രവൃത്തി എന്ന നിലയ്‍ക്കാണ് പിഴ.സെക്ഷന്‍ 118ലെ എ മുതല്‍ ഐ വരെയുള്ള എല്ലാ കുറ്റകൃത്യങ്ങള്‍ക്കും പതിനായിരം രൂപ പിഴയും മൂന്നു വര്‍ഷം വരെ പിഴയും ലഭിക്കും. കള്ളുകുടിച്ചോ കുടിക്കാതെയോ പൊതുസ്ഥലത്ത് അലമ്പുണ്ടാക്കുന്നതും കിംവദന്തികള്‍ പരത്തി പൊലീസിനു പണിയുണ്ടാക്കുന്നതും തുടങ്ങി അനാവശ്യമായി ഫോണ്‍ കോളുകളിലൂടെയോ എസ്എംഎസുകളിലൂടെയോ ശല്യപ്പെടുത്തുന്നതു വരെയുള്ള കുറ്റങ്ങള്‍ക്ക് പതിനായിരം രൂപ പിഴയും മൂന്നു വര്‍ഷം വരെ തടവോ ലഭിക്കാം.സന്തോഷ് പണ്ഡിറ്റിനെ വിളിച്ച് നാലു തെറി പറയുന്നത് ഉന്നതകുലജാതനായ കലാസ്വാദകന്റെ ലക്ഷണമാണെന്നു കരുതി ഡയല്‍ ചെയ്യുമ്പോള്‍ ചുമ്മാ മനസ്സില്‍ വച്ചാല്‍ മതി.

പെണ്ണുങ്ങളെ കാണുമ്പോള്‍ കമന്റടിക്കുക ഗോഷ്ഠികള്‍ കാണിക്കുക, അവരുടെ അനുവാദമില്ലാതെ ഫോട്ടോ എടുക്കുക തുടങ്ങിയ വൃത്തികേടുകള്‍ക്കും 1000 രൂപ പിഴയും മൂന്നു വര്‍ഷം തടവുമാണ് പുതിയ ശിക്ഷ.പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നതിന് പിഴ 5000 ആക്കിയിട്ടുണ്ട്. നിയമം കയ്യിലെടുക്കാന്‍ ആരെടാ നിനക്കൊക്കെ അധികാരം തന്നേ എന്ന സ്ഥിരം പൊലീസ് ഡയലോഗിനും പുതിയ നിയമം അനുസരിച്ച് പഞ്ച് കൂടുകയാണ്. പൊലീസിന്റെ അധികാരപരിധിയില്‍ കൈകടത്തുകയോ നിയമനിര്‍വഹണം തടസ്സപ്പെടുത്തുകയോ ചെയ്യുന്നവര്‍ക്ക് പിഴയും മൂന്നു വര്‍ഷം വരെ തടവും ലഭിച്ചേക്കാം. കൈക്കൂലി വാങ്ങുന്ന പൊലീസുകാര്‍ക്ക് ഏഴു വര്‍ഷം വരെ തടവോ ഒരു വര്‍ഷത്തെ ശമ്പളത്തിനു തത്തുല്യമായ തുക പിഴയോ ശിക്ഷയായി ലഭിക്കും.

ചുരുക്കത്തില്‍ സിനിമയില്‍ കാണുന്നതനുസരിച്ച് ഇനി മുതല്‍ പൊലീസുകാരോട് ഡയലോഗടിക്കുമ്പോള്‍ സൂക്ഷിക്കണം. കാരണം, ചട്ടങ്ങള്‍ മാറി.കേരളം ഒരു നല്ല സംസ്ഥാനമാണെന്ന് ജീവന്‍ പോയാലും മലയാളികള്‍ അംഗീകരിക്കില്ലെങ്കിലും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പൊലീസ് സേനയുടെ പുതുക്കിയ ചട്ടങ്ങള്‍ വായിച്ചിരിക്കുന്നത് നല്ലതാണ്.ശിക്ഷ കൂടുന്നതനുസരിച്ച് കുറ്റകൃത്യങ്ങള്‍ കുറയുമെന്നത് ലോകത്ത് തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമായതിനാല്‍ പുതുക്കിയ ചട്ടം കേരളത്തിന് നല്ലതായിരിക്കും എന്നു പ്രത്യാശിക്കുന്നു.