ഹാപ്പി ന്യൂ ഇയര്‍ ആശംസകള്‍

വായിച്ചു വായിച്ചു വായനക്കാര്‍ക്കു ബോറടിച്ചാലും ഇല്ലെങ്കിലും ഒരേ അച്ചിലിട്ടു വാര്‍ത്തെടുത്ത ആക്ഷേപഹാസ്യവും പൊളിറ്റിക്കല്‍ സര്‍ക്കാസവും പഴയ വീഞ്ഞ് പുതിയ കുപ്പി പോലുമില്ലാതെ പലകുറി വിളമ്പിയും എനിക്കു ബോറടിച്ചതുകൊണ്ട് കുറച്ചുനാളായി ബ്ലോഗിങ് നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. ന്യൂ ഇയര്‍ പ്രമാണിച്ച് വീണ്ടും തുടങ്ങിയതല്ല. നിങ്ങളോട് രണ്ടു വാക്കു പറയാന്‍ മാത്രം വന്നതാണ്- എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഹാപ്പി ന്യൂ ഇയര്‍ ആശംസകള്‍ !

പുതുവല്‍സരാശംസകള്‍ എന്നു പറഞ്ഞാല്‍ ഒരു പഞ്ച് തോന്നില്ല. മലയാളം ക്ലാസിക്കല്‍ ഭാഷയായതുകൊണ്ടും പുതുവല്‍സരം ക്ലാസിക്കലല്ലാത്തതുകൊണ്ടുമാണോ എന്നറിയില്ല. ഹാപ്പി ന്യൂ ഇയര്‍ എന്നു മാത്രം പറഞ്ഞാല്‍ അല്‍പം അനുരാഗം കുറഞ്ഞു പോയോ എന്ന തോന്നലും. രണ്ടും ചേര്‍ത്ത് ഹാപ്പി ന്യൂ ഇയര്‍ ആശംസകള്‍ എന്നു പറയുമ്പോള്‍ സണ്‍സ്‌ക്രീന്‍ ലോഷനു മുകളില്‍ ഫെയര്‍ ആന്‍ഡ് ലവ്‌ലി പുരട്ടി അതിനു മുകളില്‍ ക്യുട്ടിക്കുറ പൗഡറിട്ടതുപോലെയൊരു നിര്‍വൃതി.

പകലു മുഴുവന്‍ ക്യൂ നിന്നു വാങ്ങിയ കളറുള്ള പട്ടച്ചാരായം നട്ടപ്പാതിരയ്ക്കു വലിച്ചു കേറ്റി വാളു വച്ചും, റോഡിന്റെ നടുവിലൂടെ ബൈക്കില്‍ ഇടത്തോട്ടും വലത്തോട്ടും വെട്ടിച്ച് അതിവേഗത്തില്‍ പാഞ്ഞും ആക്രാന്തവും അപകര്‍ഷതാബോധവും കാരണം നേരിട്ടു മിണ്ടാന്‍ കഴിയാത്ത പെണ്‍കുട്ടികളുടെ എല്ലാം വീടിന്റെ മുന്നില്‍ പോയി ഹാപ്പി ന്യൂ ഇയര്‍ എന്നു വിളിച്ചു പറഞ്ഞും. ബീച്ചിലെ ന്യൂ ഇയര്‍ തിരക്കില്‍ പോയി മാക്‌സിമം പെണ്‍കുട്ടികളുടെ ചന്തിയില്‍ പിടിച്ചും നെഞ്ചില്‍ കൈമുട്ടുകൊണ്ടിടിച്ചും നവകേരളയുവത്വം ഹാപ്പി ന്യൂ ഇയര്‍ ആഘോഷിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഓണം പിറന്നാലും ഹാപ്പി ക്രിസ്മസിന് ഉണ്ണി പിറന്നാലും കോരന് ക്യൂ നില്‍ക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റ് മാത്രം എന്നതാണ് സ്ഥിതി എന്നതിനാല്‍ സാമൂഹികവിമര്‍ശനത്തിന് അര്‍ഥമില്ല.

അല്ലെങ്കിലും ബ്ലോഗര്‍ എന്ന നിലയ്ക്ക് എല്ലാത്തരം എഴുത്തുകളും എനിക്കു മടുത്തു കഴിഞ്ഞു. ആക്ഷേപവും ഹാസ്യവും ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് മടുത്തു. ധാര്‍മികരോഷവും സാമൂഹികവിമര്‍ശനവും രാജാവ് നഗ്നനാണ് എന്ന ലൈനിലുള്ള കുലംകുത്തലുകളും ക്ലീഷേയായി പണ്ടാരമടങ്ങി. ധാര്‍മികരോഷവും സാമൂഹികപ്രതിബദ്ധയും പ്രകടിപ്പിക്കാന്‍ നിര്‍ബന്ധിതനാകുമ്പോള്‍ സത്യത്തില്‍ എനിക്കാണ് ഒരുതരം നഗ്നത ഫീല്‍ ചെയ്യുന്നത്.

വളരെ ആത്മാര്‍ത്ഥമായി പറഞ്ഞാല്‍ വിവിധ വിഷയങ്ങളില്‍ പ്രതികരിച്ച് പ്രതികരിച്ച് ഞാന്‍ മടുത്തു. ബ്ലോഗിങ് എന്നു പറഞ്ഞാല്‍ ഈ പ്രതികരണം മാത്രമാണ് എന്ന മുന്‍ധാരണകൊണ്ടാണോ അതോ എന്നില്‍ നിന്നും അതാണ് പ്രതീക്ഷിക്കുന്നത് എന്നതുകൊണ്ടാണോ മറ്റേ വിഷയത്തെപ്പറ്റി പോസ്റ്റില്ലല്ലോ, ഈ വിഷയം മനപൂര്‍വം അവഗണിച്ചതാണോ എന്നൊക്കെ വായനക്കാര്‍ ചോദിക്കുമ്പോള്‍ ഞാനാരാണെന്ന് എനിക്കു തന്നെ ഒരു പിടിയുമില്ലാത്ത അവസ്ഥയാണ്. ഞാനും എന്നെപ്പോലുള്ള ഏഴാം കൂലികളായ പ്രതികരണത്തൊഴിലാളികളും ചേര്‍ന്നല്ല ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. കാര്യങ്ങള്‍ തീരുമാനിക്കുന്നവരെ സ്വാധീനിക്കാനോ അവരുടെ അഭിപ്രായങ്ങള്‍ മാറ്റാനോ ഒന്നും പ്രൊഫഷനല്‍ പ്രതികരണക്കാരുടെ ഉദ്യമങ്ങള്‍ അപര്യാപ്തമാണ്. പോരെങ്കില്‍ ഫെയ്‌സ്ബുക്കിലും ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളിലും പിന്നെ ടിവി ചാനലുകളിലുമൊക്കെയായി ആയിരക്കണക്കിനു പ്രതികരണക്കാര്‍ ആവേശപൂര്‍വം പ്രതികരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ കൂടി എന്തിന് ?

പറഞ്ഞു വന്നത് എന്തെന്നാല്‍, ടിവി വാര്‍ത്തകള്‍ വരുന്നതനുസരിച്ച് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നതനുസരിച്ച് മറുനാടന്‍ മലയാളി എക്‌സ്‌ക്ലൂസീവ് അടിക്കുന്നത് അനുസരിച്ച് വിവിധ വിഷയങ്ങളില്‍ പ്രതികരിക്കാനോ പോസ്റ്റ് എഴുതാനോ ഞാനാഗ്രഹിക്കുന്നില്ല. രമേശ് ചെന്നിത്തല മന്ത്രിയാവുകയോ മന്‍മോഹന്‍ സിങ് രാജി വയ്ക്കുകയോ ചെയ്താല്‍ എനിക്കൊന്നുമില്ല. പ്രമുഖര്‍ മരിക്കുന്ന മുറയ്ക്ക് അനുശോചനക്കുറിപ്പുകളെഴുതുകയോ ആഘോഷങ്ങള്‍ നടക്കുന്ന മുറയ്ക്ക് ആശംസകളെഴുതുകയോ ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ല.

ഇനി എന്തെഴുതുമെന്നോ എപ്പോള്‍ എഴുതുമെന്നോ എന്നൊന്നും ഞാനാലോചിക്കുന്നില്ല. എനിക്കു താല്‍പര്യം തോന്നുന്നവയെ കുറിച്ചു മാത്രമേ ഞാനിനി എഴുതൂ. അതില്‍ നിങ്ങള്‍ക്കു താല്‍പര്യമുണ്ടാവണമെന്നില്ല. എല്ലാവരും വളരെ ആവേശത്തോടെ ചര്‍ച്ച ചെയ്യുന്ന ഒന്നില്‍ എനിക്കും ഒരു താല്‍പര്യവുമുണ്ടായിക്കൊള്ളണമെന്നില്ല.

പൊതുവായ വിഷയങ്ങളില്‍ അല്ലെങ്കില്‍ ടിവി ചാനലുകള്‍ സൃഷ്ടിക്കുന്ന വാര്‍ത്തകളില്‍, വിവാദങ്ങളില്‍ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ട് അതിനെ ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ വിലയിരുത്തുകയോ വിമര്‍ശിക്കുകയോ വാഴ്ത്തുകയോ ഒക്കെ ചെയ്യുന്ന ഒരു ശൈലി ഇനിയുണ്ടാവില്ല എന്നു ചുരുക്കം. എന്നാല്‍ എന്തെങ്കിലും ഒരു കുഞ്ഞുവാര്‍ത്തയോ വിശേഷമോ വിവരമോ പങ്കുവയ്ക്കാനില്ലാത്ത ഒരു പോസ്റ്റും ഇനിയുണ്ടാവില്ല എന്നു കരുതാം. ഇപ്പോള്‍ ഈ പോസ്റ്റ് ആണോ എഴുതേണ്ടതെന്നോ മറ്റേ വിഷയത്തെപ്പറ്റി എഴുതാത്തത് എന്തെന്നോ അപ്പോള്‍ എന്നോടു ചോദിക്കരുത്.

ഈ ബ്ലോഗിന്റെ അവിടെയും ഇവിടെയുമായി കാണുന്ന പരസ്യങ്ങളില്‍ ബ്രായുടെ വള്ളി മുറിച്ചാല്‍ സമ്മാനം തരാമെന്നു പറഞ്ഞ് കത്രികയുമായി പെണ്ണുങ്ങള്‍ നില്‍ക്കുന്ന പരസ്യമുണ്ട്. ഒന്നു രണ്ടു വള്ളി ഞാനും മുറിച്ചു, ഒന്നും സംഭവിക്കുന്നില്ല. പറഞ്ഞു വന്നത്, പുറമേ നിന്നു നോക്കിയാല്‍ തുണ്ടു സൈറ്റ് പോലെ തോന്നുമെങ്കിലും അങ്ങനെയല്ല. കുടുംബത്തില്‍ പിറന്നവര്‍ക്കു വായിക്കാനും സൂക്ഷിച്ചു വയ്ക്കാനും പറ്റിയ നല്ല ബെസ്റ്റ് ബ്ലോഗാണിത്. കഴിഞ്ഞ ആറേഴു വര്‍ഷമായി തുടരുന്നതുപോലെ 2014ലും നിങ്ങളുടെ സ്‌നേഹവും പിന്തുണയും എനിക്കു തരുന്നത് തുടരണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് നിര്‍ത്തുന്നു.

പറഞ്ഞതൊന്നും മറക്കേണ്ട.
എന്തും ചെയ്യാന്‍ മടിക്കാത്തവനാണ് ഞാന്‍.
ഉമ്മ.


New Year Posts from Best of Berlytharangal:-

ജോണ്‍സന്റെ പത്തു പ്രതിജ്ഞകള്‍
എന്റെ പുതുവര്‍ഷ പ്രതിജ്ഞകള്‍
പുതുവര്‍ഷത്തിനു പറ്റിയ പഴഞ്ചൊല്ലുകള്‍

ലൈഫ് ഓഫ് മൈ !

ജീവിതം അഴിഞ്ഞാടുന്ന വാഷിങ്ടണ്‍ ഡിസിയില്‍ നിന്നു തുടങ്ങി വഴിനീളെ കറിവേപ്പിലകളും പപ്പായമരങ്ങളുമുള്ള മയാമിയിലും അമേരിക്കയുടെ അനാഘ്രാത കുസുമങ്ങളായ വെര്‍മോണ്ടിലും ന്യൂഹാംപ്‌ഷെയറിലും വരെ എത്തി നില്‍ക്കുകയാണ്. വാഷിങ്ടണില്‍ കുറെ കെട്ടിടങ്ങള്‍ മാത്രമേ കണ്ടുള്ളൂ എങ്കില്‍ സാന്‍ഫ്രാന്‍സിസ്‌കോ മുംബൈയോ കൊച്ചിയോ ഒക്കെപ്പോലെ തോന്നി. മയാമിയി ബീച്ചില്‍ നില്‍ക്കുമ്പോള്‍ ഈ ബീച്ചാണല്ലോ ആ ബീച്ച് എന്ന തോന്നലായിരുന്നു മുഴുവന്‍ നേരവും. അവിടെയൊരു ന്യൂഡ് ബീച്ച് ഉണ്ട് എന്നവള്‍ പറഞ്ഞിരുന്നെങ്കിലും കാണാന്‍ പോയില്ല (എവളെന്നൊന്നും ചോദിക്കരുത്, പറയില്ല). വെര്‍മോണ്ടിലെ ബര്‍ളിങ്ടണില്‍ എത്തുമ്പോള്‍ ഷെര്‍ലക് ഹോംസ് കഥകളിലെ മഞ്ഞുമൂടിയ താഴ്‌വരയിലെത്തിയതുപോലെ തോന്നി. ന്യൂ ഹാംപ്‌ഷെയറിലെ മാഞ്ചെസ്റ്ററില്‍ എത്തിയപ്പോള്‍ ഈരാറ്റുപേട്ടയിലെത്തിയതുപോലെയും. രാത്രിയില്‍ പലതും ഒരുപോലെയാണ് എന്നു പറയുന്നതില്‍ കാര്യമുണ്ട്.

അമേരിക്കയിലെ മൂന്നാഴ്ച കൊണ്ട് എന്തു പഠിച്ചു എന്നു ചോദിച്ചാല്‍ പറയാനുള്ള പ്രധാന ഉത്തരം അല്‍പം ഫിലോസഫിക്കലാണ്. കാലം, സമയം എന്നിവ വെറും മിഥ്യയാണ്. അനന്തമായ സമയപ്രവാഹത്തിലൂടെ ഒഴുകിനടക്കുന്ന അമൂര്‍ത്തബിംബങ്ങളാണ് മനുഷ്യര്‍. ഓരോരുത്തരും സമയം എങ്ങനെ വിനിയോഗിക്കുന്നു എന്നതാണ് അവരവരുടെ ജീവിതത്തില്‍ എത്ര വര്‍ഷങ്ങളും മാസങ്ങളും ദിവസങ്ങളും ഉണ്ട് എന്നത് തീരുമാനിക്കുന്നത്. സമയമില്ല, സമയം പോയി, സമയമായില്ല, സമയം പാലിക്കണം എന്നിങ്ങനെയുള്ള എല്ലാ പ്രസ്താവനകളും അടിസ്ഥാനരഹിതമാണ്. സമയം എന്നൊന്നില്ല. അത് ഒരു ആഗോളതട്ടിപ്പാണ്. സമയം ഉണ്ടെന്നും അത് പ്രധാനമാണെന്നും ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ പലതും വിജയിച്ചു എന്നതാണ് ആ തട്ടിപ്പിന്റെ രഹസ്യം. ഇതിന് എന്താണ് അടിസ്ഥാനമെന്നു സമയനിഷ്ഠയുള്ളവര്‍ ചോദിക്കും. ഇതിന് അടിസ്ഥാനമേയുള്ളൂ. കാരണം, വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണിക്ക് ചെന്നൈയില്‍ നിന്നു പുറപ്പെട്ട ഞാന്‍ 32 മണിക്കൂര്‍ കഴിഞ്ഞ് വാഷിങ്ടണ്‍ ഡിസിയില്‍ ഇറങ്ങുമ്പോള്‍ അവിടെ ശനിയാഴ്ച ഉച്ചകഴിഞ്ഞ് നാലു മണിയേ ആയിട്ടുള്ളൂ. എന്റെ 14 മണിക്കൂറുകള്‍ അക്കൗണ്ടിലില്ല. അതുപോലെ വാഷിങ്ടണില്‍ നിന്ന് രാവിലെ 10 മണിക്ക് സാന്‍ഫ്രാന്‍സിസ്‌കോയ്ക്ക് പുറപ്പെട്ട ഞാന്‍ 6 മണിക്കൂര്‍ യാത്ര കഴിഞ്ഞ് അവിടെ ഇറങ്ങുമ്പോള്‍ മണി ഏഴ്. രണ്ടു മണിക്കൂര്‍ കാണുന്നില്ല. അതുപോലെ ഒരുദിവസം രാത്രി 1.59 കഴിഞ്ഞ് സമയം നേരെ 3.00. ഒരു മണിക്കൂര്‍ അവിടെയും മോഷ്ടിച്ചു- ഡേലൈറ്റ് സേവിങ് ടൈം ആണത്രേ. ശരിക്കും സമയം എത്രയായി എന്ന ചോദ്യത്തിന് ഒരു പ്രസക്തിയുമില്ല. കരണം, ശരിക്കും സമയം എന്നൊന്നില്ല.

ഗൂഗിള്‍, എന്‍പിആര്‍, പിബിഎസ്, സ്റ്റോറിഫൈ തുടങ്ങിയ സ്ഥാപനങ്ങള്‍ മുതല്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഗോള്‍ഡന്‍ ഗേറ്റ് പാലത്തിനപ്പുറത്തുള്ള മറീന്‍ കൗണ്ടിയിലെ 83കാരിയായ അധ്യാപിക ഗ്ലോറിയയുടെ വീട്ടില്‍ വരെ പോയി പല പല പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു. കൊള്ളാവുന്ന കെട്ടിടങ്ങള്‍ക്കും പ്രകൃതിരമണീയതകള്‍ക്കും മുന്നില്‍ നിന്നു പടമെടുത്തു. വാഷിങ്ടണിലെ ന്യൂസിയം എന്ന വാര്‍ത്താ മ്യൂസിയത്തില്‍ ലോകത്തെ നടുക്കിയ വാര്‍ത്തകളിലെ യാഥാര്‍ഥ്യങ്ങള്‍ നേരിട്ടു കണ്ടു. ബെര്‍ലിന്‍ മതില്‍ പൊളിച്ചു നീക്കിയപ്പോള്‍ അതിന്റെ പ്രധാനപീസുകള്‍ കൊണ്ടുവന്ന് ന്യൂസിയത്തില്‍ വച്ചിരിക്കുന്നതിന്റെ മുന്നില്‍ നിന്നു പടമെടുത്തു. വേള്‍ഡ് ട്രേഡ് സെന്ററിന്റെ അവശിഷ്ടങ്ങള്‍, ഡാനിയേള്‍ പേളിന്റെ ക്യാമറയും പേനയും ലാപ്‌ടോപും അങ്ങനെ തുടങ്ങി ലോകമഹായുദ്ധകാലത്തുനിന്നുള്ള ശേഷിപ്പുകള്‍ മുതല്‍ അനേകം അനേകം ചരിത്രരേഖകള്‍ അവിടെ കണ്ടു.

ജേണലിസ്റ്റ് മെമ്മോറിയല്‍ എന്ന വിഭാഗത്തില്‍ വാര്‍ത്താശേഖരണത്തിനിടെ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ പട്ടികയില്‍ നിന്നും മലയാളത്തിന്റെ വിക്ടര്‍ ജോര്‍ജിന്റെ പേരും കംപ്യൂട്ടറില്‍ അദ്ദേഹത്തിന്റെ ജീവചരിത്രവും കണ്ട് ഒരു സല്യൂട്ട് നല്‍കി അല്‍പം വികാരഭരിതനായി കടന്നുപോന്നു. ഒടുവില്‍ ന്യൂസിയത്തിന്റെ ടെറസില്‍ നിന്നു സംഘാംഗങ്ങളോടൊപ്പം ഫോട്ടോയെടുത്തു.

പിബിഎസ് ടെലിവിഷന്‍ ചാനലിലെ ഏറ്റവും വലിയ ഷോ ആയ ന്യൂസ് അവറിന്റെ അവതാരകന്‍ ഹാരിയുമായി ഏറെനേരം ലോകമാധ്യമപ്രവര്‍ത്തനരാഷ്ട്രീയത്തെപ്പറ്റിയും സോഷ്യല്‍ മീഡിയയുടെ ആവിര്‍ഭാവത്തെപ്പറ്റിയും ചര്‍ച്ച ചെയ്തു. അമേരിക്കയിലെ തന്നെ ഏറ്റവും റേറ്റിങ് ഉള്ള ന്യൂസ് ഷോകളില്‍ ഒന്നായ ന്യൂസ് അവറിന്റെ അവതാരകനായ ഹാരിയെ കാണാന്‍ ലോക്കല്‍ സായിപ്പന്‍മാര്‍ പോലും വന്നിട്ടുണ്ടായിരുന്നു. ഇടയ്ക്ക് എന്റെ ലുക്കും മറ്റും കണ്ടിട്ടാവണം ഇന്ത്യയില്‍ എവിടെ ന്ിന്നാണെന്നു ഹാരി ചോദിച്ചു. ഇന്ത്യയുടെ താഴെഭാഗത്ത് കേരളം എന്നൊരു സാധനമുണ്ട് അവിടെ മലയാളം മാത്രമേയുള്ളു എന്നൊക്കെ പറഞ്ഞു പിടിപ്പിക്കുമ്പോള്‍ മിസ്റ്റര്‍ ഹാരി ഇങ്ങോട്ടു പറയുന്നു- മലയാളം ഞാന്‍ മറന്നിട്ടൊന്നുമില്ല- എന്ന്. ഹാരി ഹരിയാണ്. മ്മടെ പാലക്കാട്ടുകാരന്‍ ഹരി ശ്രീനിവാസന്‍.

അമേരിക്കയിലായാലും ഇന്ത്യയിലായാലും ഗാന്ധിജിയോട് എല്ലാവര്‍ക്കും ഒരേ സമീപനമാണ് എന്നു മനസ്സിലായത് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഫെറി ബില്‍ഡിങ്ങിനു മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ഗാന്ധി പ്രതിമ കണ്ടപ്പോഴാണ്. എന്തിനാണ് മഹാത്മാവിനെ അവിടെ പ്രതിഷ്ഠിച്ചതെന്നു ചോദിച്ചിട്ട് ആര്‍ക്കും വലിയ പിടിയില്ല. പക്ഷെ, ഗാന്ധിപ്രതിമയുടെ തലയില്‍ പക്ഷികള്‍ വളരെ ഭംഗിയായി കാഷ്ഠിച്ചിട്ടുണ്ടായിരുന്നു. ഗോള്‍ഡന്‍ ഗേറ്റ് പാലം വലിയ സംഭവമാണ് എന്നാണ് എല്ലാവരും പറയുന്നത്. ആറാം വയസ്സില്‍ ഈരാറ്റുപേട്ടയിലെ ഇരട്ടപ്പാലങ്ങള്‍ക്കു മീതേകൂടി കടന്നുപോയപ്പോഴത്തെ അനുഭവം ഗോള്‍ഡന്‍ ഗേറ്റ് പാലത്തിലൂടെ പോയപ്പോള്‍ എനിക്കുണ്ടായില്ല എന്നതില്‍ ഖേദിക്കുന്നു. എന്നാലും ആ പാലം ഒരു സംഭവമാണ്.

മയാമി ബീച്ചില്‍ നിന്നപ്പോള്‍ എല്ലാ ബീച്ചും ഒരുപോലെയാണെന്നേ എനിക്കു തോന്നിയുള്ളൂ. തീരവും തീരയും തമ്മിലുള്ള ആഖ്യയും അഖ്യാതവുമാണല്ലോ ബീച്ചിന്റെ രസം. അതൊക്കെ തന്നെയേ അവിയെടുമുള്ളൂ. സീക്വേറിയത്തില്‍പ്പോയി കന്യകമാര്‍ ഡോള്‍ഫിനുകളോടു കെട്ടിമറിയുന്നത് കണ്ടു. പ്രത്യകിച്ചൊന്നും തോന്നിയില്ല. വെര്‍മണ്ടും ബര്‍ളിങ്ടണും മാഞ്ചസ്റ്ററമൊക്കെ മഞ്ഞില്‍ പുതഞ്ഞു കിടക്കുകയായിരുന്നു. ഇടയ്‌ക്കൊക്കെ മഞ്ഞു പെയ്യുന്നുമുണ്ട്. വെര്‍മോണ്ടിലെ ട്രാപ്പ് ഫാമിലി ലോഡ്ജിനടുത്തുള്ള സ്‌കീയിങ് റിസോര്‍ട്ടിനു മുന്നില്‍ നിന്നു പടമെടുത്തു.

ഈ ട്രാപ്പ് ഫാമിലിയുടെ ജീവിതം അടിസ്ഥാനമാക്കിയാണ് ദി സൗണ്ട് ഓഫ് മ്യൂസിക് സിനിമ ചിത്രീകരിച്ചിട്ടുള്ളതത്രേ. മൊത്തത്തില്‍ അമേരിക്ക എന്നു പറയുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ആദ്യം തെളിഞ്ഞു വരുന്ന ക്ലീഷേ ചിത്രങ്ങളൊന്നുമല്ല യഥാര്‍ത്ഥ അമേരിക്ക. അന്യാദൃശവും അപൂര്‍വുമായ കാഴ്ചകളുടെയും ജീവിതങ്ങളുടെയും അനുഭവങ്ങളുടെയും അനന്തമായ താഴ്‌വരകളിലെ അമേരിക്കയെ ആണ് കാണേണ്ടത്. അല്ലാതെ വൈറ്റ് ഹൗസിനു മുന്നില്‍ നിന്നു പടമെടുത്തതുകൊണ്ടോ ലിബര്‍ട്ടി പ്രതിമയ്ക്കു മുന്നില്‍ കുന്തം വിഴുങ്ങി നിന്നതുകൊണ്ടോ അമേരിക്ക കണ്ടു എന്നു പറയാനാവില്ല. ഭൂരിപക്ഷം വരുന്ന അമേരിക്കക്കാരും സാധുക്കളും നിഷ്‌കളങ്കരുമാണ്. എന്നാലും കേരളത്തിന്റെ സൗന്ദര്യമോ ഭാരതത്തിന്റെ വൈവിധ്യമോ അമേരിക്കയ്ക്ക് ഇല്ല എന്നു പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.

വാഷിങ്ടണ്‍ ഡിസി ടു…..

ഹൗ മെനി കിലോമീറ്റേഴ്‌സ് ഫ്രം വാഷിങ്ടണ്‍ ഡിസി ടു മയാമി ബീച്ച് എന്ന് ആരും ഇനി ചോദിക്കരുത്. കാരണം ആ ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. ഇവിടെ കിലോമീറ്ററുകളില്ല, മൈലുകളേയുള്ളൂ. ഞാനിപ്പോള്‍ വാഷിങ്ടണ്‍ ഡിസിയില്‍ ആണ്. അധികം താമസിയാതെ മയാമിയിലേക്കു പോകും. എന്നാല്‍, വാഷിങ്ടണ്‍ സിഡിയില്‍ നിന്നും മയാമി ബിച്ചിലേക്കുള്ള ദൂരം അറിയാന്‍ കോട്ടയത്തോ കൊച്ചിയിലോ ഒക്കെ ഇരുന്നാല്‍ മതി. കൃത്യമായി പറഞ്ഞാല്‍ ദൂരം 1054 മൈല്‍ ആണ്. കിലോമീറ്റര്‍ കണക്കില്‍ പറഞ്ഞാല്‍ 1696.2 കിലോമീറ്റര്‍. നിങ്ങള്‍ക്കും പരിശോധിക്കാം.


View Larger Map

പറഞ്ഞു വരുന്നത് എന്താണെന്നു വച്ചാല്‍, അമേരിക്ക ഒരു വലിയ സംഭവമല്ല. കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തുമുള്ള ജീവിതത്തിന്റെ ചടുലത ഇവിടെയില്ല. മനുഷ്യജീവിതം കൊണ്ടു വര്‍ണാഭമായ പകലുകളുടെ ഭംഗി ഇവിടെയില്ല. ഞാന്‍ അമേരിക്കയ്ക്കു വില പറയാന്‍ വന്നതല്ലാത്തതുകൊണ്ടും എന്നെ അമേരിക്ക കല്യാണം കഴിക്കുന്നില്ലാത്തതുകൊണ്ടും എനിക്ക് അമേരിക്കയെക്കുറിച്ചോ അമേരിക്കയ്ക്ക് എന്നെക്കുറിച്ചോ ഉള്ള അഭിപ്രായങ്ങള്‍ക്കു പ്രസക്തിയില്ല. ഇംഗ്ലിഷ് മണി മണി പോലെ പറയാന്‍ നാലാഴ്ച ഇവിടെ നിന്നാല്‍ മതി. മൂന്നാഴ്ചത്തേക്കു വന്ന ഞാന്‍ അത് മണി മണിപോലെ പറഞ്ഞിട്ടു വലിയ കാര്യമൊന്നുമില്ല. സായിപ്പ് കേരളത്തില്‍ വന്നാല്‍ മലയാളം പറയാറില്ലാത്തതുകൊണ്ട് കഴിയുന്നതും ഞാന്‍ ഇവിടെ ഇംഗ്ലിഷും പറയാറില്ല. യെസ്, നോ തുടങ്ങിയവ കഴിഞ്ഞാല്‍ പിന്നെ സായിപ്പ് പറയുന്നതിനൊക്കെ അത് ശരി !, അതെയല്ലേ എന്നൊക്കെ പറഞ്ഞാലും സംഗതി കമ്യൂണിക്കേറ്റ് ചെയ്യുമെന്നു ഞാന്‍ തെളിയിച്ചു. ജെസിബിയുടെ ഡ്രൈവര്‍ ബജാജിന്റെ ബൈക്കോടിക്കുന്നവനെപ്പറ്റി അസൂയപ്പെടേണ്ട കാര്യമില്ലാത്തതു പോലെ 56 അക്ഷരമുള്ള മലയാളം പറയുന്ന ഞാന്‍ വെറും 26 അക്ഷരമുള്ള ഇംഗ്ലിഷ് പറയുന്നവരുടെ മുന്നില്‍ കോംപ്ലക്‌സ്‌ അടിക്കേണ്ട കാര്യമില്ലല്ലോ.

ഏറ്റവും വൈവിധ്യമായ കാലാവസ്ഥയുള്ള സ്ഥലം ഇന്ത്യയാണ് എന്നു പറയുന്നത് ചുമ്മാതാണ്. ഇവിടെ വാഷിങ്ടണ്‍ ഡിസിയില്‍ മുടിഞ്ഞ തണുപ്പും ഇടയ്‌ക്കൊരുമാതിരി വൃത്തികെട്ട മഴയുമാണെങ്കില്‍ മയാമിയില്‍ പൊരിവെയിലാണ്. കന്‍സസും ബോസ്റ്റണുമൊക്കെ മഞ്ഞു മൂടിക്കിടക്കാന്‍ തുടങ്ങീട്ട് കുറെ ദിവസമായി. എവിടെയെങ്കിലും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ഉണ്ടോ എന്നറിയില്ല. എന്തായാലും വൈവിധ്യങ്ങള്‍ക്ക് ഇവിടെയും ഒരു പഞ്ഞവുമില്ല. ആളുകള്‍ പൊതുവേ നല്ലവരാണ്. എല്ലാവരും മര്യാദക്കാരാണ്. നമ്മള്‍ വെറുതെ റോഡിലൂടെ നടന്നുപോയാല്‍ പോലും താങ്ക്യൂ എന്നു പറയുന്ന ടൈപ്പ് ആണ്. ഒരു പരിചയവുമില്ലാത്തവര്‍ പോലും സുഖമാണോ എന്നു ചോദിക്കും. എല്ലാവരും താങ്ക്യൂ എന്നു പറയുമ്പോള്‍ നമുക്ക് താങ്ക്യു പറയാനുള്ള അവസരം എപ്പോഴാണ് ലഭിക്കുക എന്നതാണ് വലിയൊരു പ്രതിസന്ധി.

റസിഡന്‍ഷ്യല്‍ സ്‌കൂളിലെപ്പോലെ എല്ലാവരും ഒരേപോലെ പെരുമാറുന്ന സമൂഹത്തില്‍ നമുക്ക് പ്രത്യേകിച്ച് പ്രസക്തിയൊന്നുമില്ല. അതുപോലെയൊക്കെ പെരുമാറുക അഥവാ അമേരിക്കക്കാരനെപ്പോലെ ഭാവിക്കുക എന്നതേ മറ്റേതു രാജ്യക്കാരനും ഇവിടെ ചെയ്യാനുള്ളൂ എന്നു തോന്നുന്നു. തെരുലിലൂടെ നടക്കുമ്പോള്‍ ഇന്ത്യക്കാരെ ഇഷ്ടം പോലെ കാണാം. എന്നാല്‍ മറ്റേതെങ്കിലും രാജ്യത്ത് വച്ച് ഇന്ത്യക്കാരനെ കണ്ടാല്‍ തോന്നുന്നതുപോലെ ഒരു വികാരത്തിന് ഇവിടെ വലിയ പ്രസക്തിയൊന്നുമില്ല. ചേട്ടാ ഞാനും ഇന്ത്യക്കാരനാ, കണ്ടാല്‍ തോന്നില്ലേ എന്ന ഭാവത്തില്‍ നമ്മള്‍ അമേരിക്കന്‍ വേഷധാരിയായ ഇന്ത്യക്കാരനെ നോക്കിയാല്‍ ഇന്ത്യ എന്താണെന്നറിയാത്ത വെള്ളക്കാരനാണ് താന്‍ എന്ന ഭാവത്തോടെ പാവപ്പെട്ട കണ്‍ഫ്യൂസ്ഡ് ദേശി നമ്മളെ തിരിച്ചു നോക്കും. ഒറിജിനല്‍ അമേരിക്കക്കക്കാരനെ സംബന്ധിച്ചിടത്തോളം നമ്മള്‍, കേരളത്തില്‍ മൈക്കാട് പണിക്കു വന്ന ഒറീസക്കാരനെപ്പോലെയാണ് എന്നു തോന്നുന്നു.

റോഡിലൂടെ വാഹനങ്ങള്‍ നിരനിരയായി പോകുന്നതും, ട്രാഫിക് സിഗ്നലുകളില്‍ നിര്‍ത്തി നിര്‍ത്തി മറ്റു വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യാതെ അടങ്ങിയൊതുങ്ങി പോകുന്നതുമൊക്കെ കാണുമ്പോള്‍ കേരളം മിസ്സ് ചെയ്യും. ഓട്ടോറിക്ഷകള്‍ ഉണ്ടായിരുന്നെങ്കില്‍ വാഷിങ്ടണ്‍ ഡിസി കുറച്ചുകൂടി ക്യൂട്ട് ആയേനെ എന്നും തോന്നി. റോഡുകള്‍ക്ക് നമ്പരും അക്ഷരങ്ങളുമൊക്കെയാണ് പേരുകള്‍. 1600 കെ സ്ട്രീറ്റ്, അല്ലെങ്കില്‍ 1800 എല്‍ സ്ട്രീറ്റ് തുടങ്ങിയ വിരസമായ പേരുകളെവിടെ കിടക്കുന്നു, എംജി റോഡ്, വൈക്കം മുഹമ്മദ് ബഷീര്‍ റോഡ്, പി.ടി.ഉഷ റോഡ് തുടങ്ങിയ കാല്‍പനിക റോഡുകളെവിടെ കിടക്കുന്നു. കാപ്പി, ചായ തൂടങ്ങിയ സംഗതികള്‍ രുചികരമായി കഴിക്കുന്നതെങ്ങനെ എന്ന കാര്യത്തില്‍ ഇവര്‍ അജ്ഞത നടിക്കുന്നതാണോ അതോ കടുംകാപ്പി കൊടുംകയ്‌പോടെ കുടിക്കാന്‍ ഇവിടുത്തുകാര്‍ക്ക് ശരിക്കും ഇഷ്ടമാണോ എ്‌ന്തോ.

അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ആദ്യവാരത്തില്‍ വാഷിങ്ടണ്‍ ഡിസിയിലെ അനുഭവം വച്ച് എനിക്കിത്രയൊക്കെയേ പറയാനുള്ളൂ. വരും ദിവസങ്ങളില്‍ അഭിപ്രായം മാറിയേക്കാം. എന്തായാലും പലരും കരുതുന്നതുപോലെ സ്വര്‍ഗത്തിലോ… നമ്മള്‍ സ്വപ്‌നത്തിലോ എന്നൊക്കെ ചോദിച്ചു പാട്ടുംപാടി നടക്കാന്‍ മാത്രം ഇവിടൊന്നും ഞാന്‍ കാണുന്നില്ല. അതിനൊക്കെയുള്ള സ്‌കോപ് നമ്മുടെ ഭൂമി മലയാളത്തിലാണ്. അല്ലെങ്കില്‍ രാജ്യാന്തര നിലവാരത്തില്‍ ചിന്തിക്കാന്‍ കഴിയാത്ത ബ്ലഡി മല്ലുവിന്റെ ജല്‍പനങ്ങളുമാവാം. എന്തായാലും വിമാനത്തിലും എയര്‍പോര്‍ട്ടിലുമൊക്കെയായി പത്ത് മുപ്പത് മണിക്കൂറോളം ബോറടിപ്പിക്കുന്ന യാത്ര ചെയ്ത് കൊച്ചിയില്‍ നിന്നും അമേരിക്കയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന എല്ലാ അമേരിക്കന്‍ മലയാളികളെയും ഞാന്‍ സമ്മതിച്ചിരിക്കുന്നു. ബന്ധുര ലുഫ്താന്‍സ ഫ്‌ളൈറ്റിലാണെങ്കിലും പണ്ടാരമടങ്ങല്‍ ഒരു പണ്ടാരമടങ്ങല്‍ തന്നെയാണല്ലോ.

Note: ഇവിടുത്തെ മിക്കവാറും എല്ലാ സ്മാരകങ്ങളുടെയും മുന്നില്‍ ഞാന്‍ വിജൃംഭിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. അതുപോലെ തന്നെ ലോക്കല്‍ സെലബ്രിറ്റികളുടെ തോളില്‍ ചാരി നിന്നുകൊണ്ടുള്ള പടങ്ങളും ഉണ്ട്. പറഞ്ഞന്നേയുള്ളൂ. അതൊക്കെ അപ്‌ലോഡ് ചെയ്ത് നിങ്ങളെ ബുദ്ധിമുട്ടിക്കാത്തതിന് നന്ദി വേണം.

അക്കരെ അക്കരെ അക്കരെ

കേരളമെന്ന ഇട്ടാവട്ടത്തില്‍ കിടന്നു തായം കളിച്ചു ബോറടിച്ചതുകൊണ്ടല്ല. അമേരിക്ക നിര്‍ബന്ധിച്ചതുകൊണ്ടു മാത്രം മൂന്നാഴ്ചത്തെ പര്യടനത്തിനായി ഞാന്‍ പുറപ്പെടുകയാണ്. ഐവിഎല്‍പി എന്നു പറയുന്ന ഇന്റനാഷനല്‍ വിസിറ്റര്‍ ലീഡര്‍ഷിപ് പ്രോഗ്രാമിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സേഴ്‌സ് എന്ന പരിപാടിയില്‍ ഇന്ത്യയില്‍ നിന്നുള്ള നാലുപേരില്‍ ഒരാളായി ഇന്നു ചെന്നൈയില്‍ നിന്നു ലുഫ്താന്‍സ വിമാനത്തില്‍ ഞാന്‍ പുറപ്പെടും. ശനിയാഴ്ച വൈകിട്ട് (ഇന്ത്യന്‍ സമയം ഞായറാഴ്ച രാവിലെ) വാഷിങ്ടണ്‍ ഡിസിയില്‍ ഇറങ്ങും. തുടര്‍ന്ന് മാര്‍ച്ച് 1 വരെ വാഷിങ്ടണ്‍ ഡിസിയിലും മാര്‍ച്ച് 6 വരെ കാലിഫോര്‍ണിയയിലും മാര്‍ച്ച് 10 വരെ മയാമിയിലും മാര്‍ച്ച് 13 വരെ ബര്‍ലിങ്ടണിലും മാര്‍ച്ച് 15 വരെ ന്യൂഹാംപ്‌ഷെയറിലെ മാഞ്ചസ്റ്ററിലും വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഗൂഗിള്‍, ഫേസ്ബുക്ക്, ലിങ്ക്ട്ഇന്‍, ട്വിറ്റര്‍, എന്‍പിആര്‍, വാഷിങ്ടണ്‍ പോസ്റ്റ്, സാന്‍ഫ്രാന്‍സിസ്‌കോ ക്രോണിക്കിള്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളിലാണ് എക്‌സേഞ്ച് വിസിറ്റര്‍ പ്രോഗ്രാമിന്റെ വിവിധ ഘട്ടങ്ങള്‍ നടക്കുന്നത്. 16ന് വൈകിട്ട് ബോസ്റ്റണില്‍ നിന്നും മടങ്ങിപ്പോരും.

ഇത് ഒരു ഒഫിഷ്യല്‍ പ്രോഗ്രാമായതുകൊണ്ട് ബെര്‍മുഡ ഇട്ട് ബീച്ചിലൂടെ നടക്കാനോ മലയാളി അസോസിയേഷനുകളുടെ പരിപാടികളില്‍ പങ്കെടുക്കാനോ എനിക്കു സാധിച്ചെന്നു വരില്ല. എങ്കിലും എന്നെ ഹോട്ടലില്‍ വന്നു കണ്ട് വില പിടിച്ച സമ്മാനങ്ങള്‍ നല്‍കാനാഗ്രഹിക്കുന്നവരെ ഞാന്‍ പിന്തിരിപ്പിക്കുന്നുമില്ല. ഒന്നുകില്‍ അമേരിക്ക, അല്ലെങ്കില്‍ ഞാന്‍. രണ്ടിലൊന്ന് ഈ മൂന്നാഴ്ച കൊണ്ട് ഒരു പാഠം പഠിക്കും. ഈ പോസ്റ്റ് ഞാന്‍ പാലായില്‍ നിന്നാണ് പബ്ലിഷ് ചെയ്യുന്നത്. എന്നാല്‍ ഇതിന്റെ കമന്റുകള്‍ അപ്രൂവ് ചെയ്യപ്പെടുന്നത് ചെന്നൈയില്‍ നിന്നോ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നോ വാഷിങ്ടണ്‍ ഡിസിയില്‍ നിന്നോ ഒക്കെയാവാം. ഈ ബ്ലോഗില്‍ കമന്റിടുന്നവരുടെയൊക്കെ ടൈം. ഇതാണ് എന്റെ ഇമെയില്‍- berly@berlytharangal.com

ന്യൂ ജനറേഷന്‍ ബ്ലോഗിങ്

സമകാലിക-സാമൂഹിക വിഷയങ്ങളില്‍ ഞാന്‍ പ്രതികരിക്കുന്നതും പ്രതികരിക്കാതിരിക്കുന്നതും എന്തോ രാഷ്ട്രീയത്തിന്റെ ഭാഗമാണ് എന്നാണ് ചിലര്‍ കുറെക്കാലമായി പറയുന്നത്. സത്യത്തില്‍ മൂന്നാംകിട സിനിമയെ ബുദ്ധിജീവികള്‍ വ്യാഖ്യാനിച്ച് മഹത്തരമാക്കുന്നതുപോലെ എഴുത്തുതൊഴിലാളിയായ എന്റെ ജല്‍പനങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിലൂടെ അനര്‍ഹമായ പരിഗണന എനിക്കു കല്‍പിച്ചുതരികയാണ് അവര്‍ ചെയ്യുന്നത്. എനിക്കു തോന്നുന്നത് എഴുതും എന്ന നിലപാട് ഇന്നു പലര്‍ക്കും സ്വീകാര്യമാകാതെ പോകുന്നതും അത്തരത്തില്‍ ബ്ലോഗിനപ്പുറത്തേക്ക് ബ്ലോഗര്‍ക്ക് അനര്‍ഹമായ പരിഗണന നല്‍കുന്നതുകൊണ്ടാണ് എന്നാണെന്റെ വിശ്വാസം.

കമന്റുകളിലും മെയിലിലും ഒക്കെയായി അനേകം ആളുകള്‍ ഓരോ വിഷയങ്ങള്‍ ഉന്നയിക്കുകയും അതെപ്പറ്റി ബ്ലോഗ് ചെയ്യണമെന്നു പറയുകയും ചെയ്യുമ്പോള്‍ അത് എന്റെ ബ്ലോഗിങ് സ്വാതന്ത്ര്യത്തിന്മേലുള്ള ഇടപെടല്‍ എന്നതിനപ്പുറം എനിക്കുള്ള അംഗീകാരമായോ എന്നിലുള്ള വിശ്വാസമോ ഒക്കെയായോ കാണാന്‍ ആണ് എനിക്കിഷ്ടം. അത് ഒരു അംഗീകാരമാണെങ്കില്‍ എന്റെ ബ്ലോഗ് എനിക്കിഷ്ടമുള്ളത് എഴുതും എന്ന നിലപാട് തിരുത്തേണ്ടിയിരിക്കുന്നു. എന്നാല്‍, ആ സ്വാതന്ത്ര്യം നിലനിര്‍ത്തേണ്ടതുമുണ്ട്. അതുകൊണ്ട് വിവിധ വിഷയങ്ങളില്‍ എന്റെ പ്രിയ സുഹൃത്തുക്കളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കൂടി ബ്ലോഗ് ഉപയോഗിക്കാന്‍ ഞാനാഗ്രഹിക്കുന്നു.

വിവിധ വിഷയങ്ങളിലുള്ള എന്റെ വ്യക്തിപരമായ അഭിപ്രായമോ നിലപാടോ ആണ് ഈ ബ്ലോഗിന്റെ ഉള്ളടക്കം. അത്തരത്തില്‍ എന്തിനെയെങ്കിലും സംബന്ധിച്ച് ചോദ്യങ്ങളുള്ളവര്‍ അവരുടെ ചോദ്യങ്ങള്‍ എനിക്കയക്കുക. ഏറ്റവും അടുത്ത പോസ്റ്റില്‍ തന്നെ തിരഞ്ഞെടുത്ത ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതായിരിക്കും. ചോദ്യങ്ങള്‍ അയക്കേണ്ട വിലാസം- berly@berlytharangal.com.കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ ഇമെയില്‍, ഫേസ്‍ബുക്ക് എന്നിവയിലൂടെ ഏറ്റവുമധികം ആളുകള്‍ ചോദിച്ച ചോദ്യവും മറുപടിയും ഇതോടൊപ്പം നല്‍കുന്നു.

1. ന്യൂ ജനറേഷന്‍ സിനിമകളോട് നിങ്ങള്‍ക്ക് എന്താണ് ഇത്ര കലിപ്പ് ? സിനിമയുമായി ബന്ധമില്ലാത്ത പോസ്റ്റുകളില്‍പ്പോലും ന്യൂ ജനറേഷന്‍ എന്ന വാക്ക് ആവര്‍ത്തിച്ചുപയോഗിക്കുന്നത് എന്തിനാണ് ?

ന്യൂ ജനറേഷന്‍ സിനിമ പോളണ്ട് പോലെയാണ്. അത്തരം സിനിമകള്‍ വിമര്‍ശനങ്ങള്‍ക്കതീതമാണ് എന്നൊരു വിശ്വാസം അതിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് ഏറ്റെടുത്തിരിക്കുന്നവര്‍ക്ക് ഉണ്ടെന്നു തോന്നുന്നു. സിനിമയെ വിലയിരുത്തേണ്ടത് അത് ഏത് ജനറേഷനാണ് എന്നു നോക്കിയിട്ടല്ല. ചില സിനിമകളെ ന്യൂ ജനറേഷന്‍ എന്ന് അതുമായി ബന്ധപ്പെട്ടവര്‍ തന്നെ ബ്രാന്‍ഡ് ചെയ്യുമ്പോള്‍ അത് അങ്ങനെ വിലയിരുത്തപ്പെടുന്നതും വിമര്‍ശിക്കപ്പെടുന്നതും സ്വാഭാവികമാണ്. തിയറ്ററില്‍ തലകുത്തി വീഴുന്ന സിനിമ ന്യൂജനറേഷനാണ് എന്നു വിശേഷിപ്പിക്കുന്നത് കൊണ്ട് എന്താണ് ഗുണമെന്നു മനസ്സിലാവുന്നില്ല. ജനം സ്വീകരിക്കുന്ന സിനിമകളാണ് തിയറ്ററില്‍ ലാഭമുണ്ടാക്കുന്നത്. സിനിമയുമായി ബന്ധമില്ലാത്ത പോസ്റ്റുകളില്‍പ്പോലും ന്യൂ ജനറേഷന്‍ എന്ന വാക്കുപയോഗിക്കുന്നത് ചുമ്മാ ഒരു രസത്തിനാണ്. ന്യൂ ജനറേഷന്‍ എന്ന വാക്ക് സിനിമയുമായി മാത്രം ബന്ധപ്പെട്ടതാണ് എന്നു കരുതുന്ന ന്യൂ ജനറേഷന്‍ എലൈറ്റ് ക്ലാസ് ബുദ്ധിജീവികളെ പ്രകോപിപ്പിക്കുക എന്ന ഉദ്ദേശം മാത്രമേയുള്ളൂ. അത്തരക്കാര്‍ക്കു ഭ്രാന്തു പിടിക്കുന്നത് കാണാന്‍ നല്ല രസമാണ്.

കമന്റുകള്‍ മുക്കുന്ന പെണ്‍കുട്ടി (22 വയസ്)

ബ്ലോഗും കമന്റും തമ്മിലുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അത് തുടങ്ങിയ കാലം മുതലുള്ള ഒരു സങ്കല്‍പമാണ് കമന്റ് മോഡറേറ്റ് ചെയ്യുന്നത് അനാവശ്യമാണെന്നത്. ആര്‍ക്കും എന്തും കമന്റായി എഴുതാനുള്ള സ്വാതന്ത്ര്യം, അതാണത്രേ ബ്ലോഗിങ്ങിന്റെ മാഹാത്മ്യം വിളിച്ചോതുന്നത്.കമന്റ് മോഡറേഷനെ സംബന്ധിച്ച് പ്രത്യേകിച്ച് ഒരു പ്രത്യയശാസ്ത്രവിശകലനത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.മോഡറേറ്റ് ചെയ്യുന്നവന്‍ ചെയ്യട്ടെ,ചെയ്യാത്തവന്‍ ചെയ്യേണ്ട അത്രേയുള്ളൂ.കമന്റ് മോഡറേറ്റ് ചെയ്യുന്നതില്‍ പ്രതിഷേധമുള്ളവരും മോഡറേറ്ററുടെ കോപ്പിലെ ചെക്ക് പോസ്റ്റ് കടന്ന് തന്റെ കമന്റ് വരുന്നതില്‍ അഭിമാനക്ഷതമുള്ളവരും കമന്റിങ് വേണ്ടെന്നു വയ്‍ക്കുന്നതാണ് ഉത്തമം. കമന്റ് ചെയ്യണം എന്നുള്ളവര്‍ ഈ ബ്ലോഗിന്റെ പോളിസികളെ മാനിച്ചേ പറ്റൂ.

ബ്ലോഗില്‍ പോസ്റ്റ് ചെയ്ത കമന്റുകള്‍ പ്രസിദ്ധീകരിച്ചു വരാത്തപ്പോള്‍ ആ കമന്റിട്ടവര്‍ ‘ബെര്‍ളി കമന്റ് മുക്കി’ എന്നത് ആരോടൊക്കെയോ വിളിച്ചു പറഞ്ഞുകൊണ്ട് വീണ്ടും വീണ്ടും കമന്റുകളിടുന്നത് കാണാറുണ്ട്. പ്രസിദ്ധീകരണയോഗ്യമല്ലാത്ത ചവറുകള്‍ വെട്ടി ചവറ്റുകൊട്ടയിലിടുക എന്നത് മേഡറേറ്ററുടെ കടമയാണ്. അതിനെ ‘മുക്കല്‍’ എന്നു വിശേഷിപ്പിക്കുന്നത് തന്റെ ചവറിനെ മഹത്വവല്‍ക്കരിക്കാനുള്ള ദയനീയമായ ശ്രമത്തിന്റെ ഭാഗമാണോ അല്ലയോ എന്നൊന്നും എനിക്കറിയില്ല.മറ്റേ ഫയല്‍ സര്‍ക്കാര്‍ മുക്കി മറിച്ച ഫയല്‍ പൊലീസ് മുക്കി എന്നൊക്കെ സ്ഥിരം പത്രത്തില്‍ കണ്ടു കണ്ട് കാത്തിരിക്കുന്ന ഒന്നിനെ കാണാതാവുന്നതിനെ പാവങ്ങള്‍ മുക്കല്‍ എന്നു വിശേഷിപ്പിക്കുന്നതാണോ എന്നുമറിയില്ല.

കമന്റുകളെല്ലാം വായിച്ചു നോക്കി മോഡറേറ്റ് ചെയ്യുന്നത് ഞാനല്ല.മോഡറേറ്ററെപ്പറ്റി പറയുമ്പോള്‍ ബ്ലൂടൂത്ത് ഫോര്‍ ജാവ എന്നൊക്കെ പറഞ്ഞ് രഞ്ജിത്ത് ആന്റണി എന്ന എന്റെ സുഹൃത്തിനെ പലരും അധിക്ഷേപിക്കുന്നതായി കണ്ടിട്ടുണ്ട്.ഒരു ബ്ലോഗ്‍സ്പോട്ട് ബ്ലോഗര്‍ക്ക് ഗൂഗിള്‍ എന്താണോ അതാണ് എനിക്ക് രഞ്ജിത്.ക്ലൗഡ് സേര്‍വര്‍ ഉള്‍പ്പെടെ ഇന്നീ ബ്ലോഗിന്റെ നിലനില്‍പിനും സാങ്കേതികമികവിനും കാരണമായിട്ടുള്ളതെല്ലാം അദ്ദേഹത്തിന്റേതാണ്.ഡി‍സ്‍കസ് കമന്റ് സിസ്റ്റം മലയാളത്തില്‍ ആദ്യം ഉപയോഗിക്കുന്നത് അദ്ദേഹമാണ്,ഈ ബ്ലോഗിലൂടെ.അപ്പോഴും ഞാനും രഞ്ജിത്തുമായി ഒരേയൊരു കാര്യത്തിലേ അഭിപ്രായവ്യത്യാസമുള്ളൂ,കമന്റ് മോഡറേഷന്റെ കാര്യത്തില്‍. കമന്റ് മോഡറേഷന്‍ എടുത്തു കളയണം എന്ന് ഏറ്റവും കൂടുതല്‍ തവണ എന്നോടു പറഞ്ഞിട്ടുള്ള അദ്ദേഹത്തെ മോഡറേഷന്റെ പേരില്‍ ക്രൂശിക്കുന്നത് ന്യായമല്ല.

*Comments are moderated and will be allowed if they are about the topic and not abusive. എന്ന് പച്ചഇംഗ്ലിഷില്‍ എല്ലാ പോസ്റ്റുകളുടെയും ചുവട്ടില്‍ കൊടുത്തിട്ടുണ്ട്. പോസ്റ്റിലെ വിഷയവുമായി ബന്ധമില്ലാത്തതും മറ്റുള്ളവരെ തെറിവിളിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതും വ്യാജപ്രൊഫൈലുകളില്‍ നിന്നു വരുന്നതും സ്വന്തം ബ്ലോഗിന്റെ പരസ്യം ലിങ്ക് സഹിതം പേസ്റ്റ് ചെയ്യുന്നതുമായ കമന്റുകളാണ് എന്റെ മോഡറേറ്റര്‍ ‘മുക്കു’ന്നത്.എന്നാല്‍ ഈ അടുത്തകാലത്തായി ഏറ്റവും അധികം മുക്കേണ്ടി വരുന്നത് മലയാള മനോരമ പത്രത്തെയും അതിന്റെ എഡിറ്ററെയും മറ്റും വിമര്‍ശിക്കുന്നതും തെറിവിളിക്കുന്നതും വെല്ലുവിളിക്കുന്നതുമായ കമന്റുകളാണ്.ഈ ബ്ലോഗ് മലയാള മനോരമയുടെ ഉപസ്ഥാപനമാണ് എന്ന് തെറ്റിദ്ധരിക്കുന്ന പൊട്ടന്‍മാരാവണം(പി.സി.ജോര്‍ജ് ഉദ്ദേശിച്ച അര്‍ത്ഥത്തില്‍-സത്യം അറിഞ്ഞിട്ടും അതറിയില്ലെന്ന മട്ടില്‍ സംസാരിക്കുന്നവന്‍) അത്തരം കമന്റുകള്‍ പതിവായി എഴുതുന്നത്.മലയാള മനോരമയ്‍ക്ക് മുക്കിലും മൂലയിലും ഓഫിസുകളും മനോരമ ഓണ്‍ലൈന്‍ എന്ന ബൃഹത്തായ പോര്‍ട്ടലുമുണ്ട്. പ്രതിഷേധിക്കേണ്ടവര്‍്ക്കും പരാതിപ്പെടേണ്ടവര്‍ക്കും അതിനൊക്കെ അവിടെ അവസരമുണ്ട്. അല്ലാതെ പാര്‍ട്ടി ഓഫിസില്‍ വായ്‍ തുറക്കാന്‍ പേടിയുള്ള സഖാവ് ‍ കള്ളുഷാപ്പില്‍ പോയി രാഷ്ട്രീയചര്‍ച്ച നടത്തുന്നതുപോലെ എന്റെ പാവപ്പെട്ട മോഡറേറ്ററുടെ നെഞ്ചത്ത് (പി.സി.ജോര്‍ജ് ഉദ്ദേശിച്ച നെഞ്ചത്തല്ല) കയറിയിട്ടു കാര്യമല്ല.

പറഞ്ഞില്ലെന്നു വേണ്ട,എന്റെ മോഡറേറ്റര്‍ വെറും 22 വയസ് മാത്രം പ്രായമുള്ള നല്ല തടിയും തൂക്കവുമുള്ള തറവാട്ടില്‍ പിറന്ന ഘടാഘടിയനായ ഒരു പെണ്‍കുട്ടിയാണ്.അവളെ വെറുതെ പ്രകോപിപ്പിക്കരുത്.അവളുടെ മോഡറേഷന്‍ എനിക്കിഷ്ടമായതുകൊണ്ട് ഇനി കുറെക്കാലത്തേക്ക് അവള്‍ തന്നെ മോഡേറ്റ് ചെയ്യും.പ്രബുദ്ധരെന്നു ഭാവിക്കുന്ന കമന്റര്‍മാര്‍ വളരെ പ്രെഡിക്ടബിള്‍ ആണെന്ന നിരീക്ഷണം മാത്രം മതി, അവളെ നിങ്ങളും ഇഷ്ടപ്പെട്ടുപോകും (അല്ല,നിങ്ങളിഷ്ടപ്പെട്ടിട്ടും കാര്യമൊന്നുമില്ല).

മോഡറേറ്ററുടെ നിരീക്ഷണങ്ങള്‍

1.പോസ്റ്റിലെ വിഷയം എന്തായാലും അതിന്റെ ആകെത്തുക യുഡിഎഫ് അനുകൂലമാണെങ്കില്‍…

നാണമില്ലേ ഇങ്ങനെ ഉമ്മന്‍ ചാണ്ടിക്കു വേണ്ടി കുഴലൂത്തു നടത്താന്‍.കഷ്ടം.
30 വര്‍ഷമായി ഞാന്‍ ബെര്‍ളിയുടെ സ്ഥിരം വായനക്കാരനാണ് പക്ഷെ ഇത് സഹിക്കാനാവില്ല.
മനോരമയാണ് ഇതിനെക്കാള്‍ ഭേദം.ബെര്‍ളി നാറുന്നു.

2.പോസ്റ്റിലെ വിഷയം എന്തായാലും അതിന്റെ ആകെത്തുക എല്‍ഡിഎഫ് അനുകൂലമാണെങ്കില്‍…

വളരെക്കാലത്തിനു ശേഷം ഒരു നല്ല പോസ്റ്റ്.
വെല്‍ സെഡ്. നിഷ്‍പക്ഷമായ നിരീക്ഷണം.
ബെര്‍ളിയുടെ ഏറ്റവും മികച്ച പത്ത് പോസ്റ്റുകളില്‍ ഒന്ന്.

3.വിമര്‍ശനങ്ങള്‍ക്കു സ്കോപില്ലാത്ത എന്തെങ്കിലും യൂട്ടിലിറ്റി പോസ്റ്റ് ഇട്ടാല്‍…

കഷ്ടം,ബെര്‍ളിയെയും വിഷയദാരിദ്ര്യം ബാധിച്ചു തുടങ്ങിയോ ?
വിഷയദാരിദ്ര്യം ആണല്ലേ ?
എഴുതാന്‍ ഒന്നുമില്ലെങ്കില്‍ എഴുതാതിരി ബെര്‍ളി.

4.പൃഥ്വിരാജ് സുകമാരനെ അപകീര്ത്തിപ്പെടുത്തരുത് എന്നു പറഞ്ഞാല്‍…

കഷ്ടം ബെര്‍ളി.ഇങ്ങനെ തരംതാഴരുത്.
അവന്‍ എത്ര രൂപ തന്നു ?
ഇങ്ങനെ പോയാല്‍ ബെര്‍ളിയേയും വിലക്കേണ്ടി വരും.

5.സന്തോഷ് പണ്ഡിറ്റിനെ അനുകൂലിച്ചാല്‍…

നാണമില്ലേടോ ഈ നാറിയെ സപ്പോര്‍ട്ട് ചെയ്യാന്‍

6.സന്തോഷ് പണ്ഡിറ്റിനെ പ്രതികൂലിച്ചാല്‍…

മമ്മൂട്ടിയുടെ ചില സിനിമകളെക്കാള്‍ ഭേദമാണ് കൃഷ്മനും രാധയും.

7. ആക്ഷപഹാസ്യം എഴുതിയാല്‍…

പഴയപോലെ ഏല്‍ക്കുന്നില്ല
ഗുമ്മില്ല
ഇത് ഞാന്‍ 2005ല്‍ എഴുതിയെങ്കിലും പ്രസിദ്ധീകരിക്കാന്‍ മറന്നുപോയ പോസ്റ്റിന്റെ കോപ്പിയടിയാണ്.

8.മാധ്യമവിമര്‍ശനം നടത്തിയാല്‍…

മനോരമയ്‍ക്കു വേണ്ടി ഇങ്ങനെ എഴുതാന്‍ നാണമില്ലേ ?

9.ഏതെങ്കിലും പണക്കാരന്‍ എന്തെങ്കിലും നല്ല കാര്യം ചെയ്തതിനെപ്പറ്റി എഴുതിയാല്‍…

കഷ്ടം,ഈ ചെറ്റയെ ഒക്കെ താങ്ങാന്‍ ബെര്‍ളിക്കു ലജ്ജയില്ലേ ?

10.ചര്‍ച്ച ചെയ്യപ്പെടേണ്ടതായ, സാമൂഹികപ്രസക്തിയുള്ള പോസ്റ്റാണെങ്കില്‍….

(കമന്റേ ഉണ്ടാവില്ല)

ഇനി പറയൂ,അവള്‍ മിടുക്കിയല്ലേ ? ഇനി കമന്റുകളെഴുതുമ്പോള്‍ മോഡറേറ്ററായി ഇരിക്കുന്നത് അവളാണെന്നത് മനസ്സിലോര്‍ക്കണം. അവളുടെ സ്ത്രീത്വത്തിന്റെ വാച്ച് ആന്‍ഡ് വാര്‍ഡിനെ വെല്ലുവിളിക്കരുത്.ഈ പോസ്റ്റിനുള്ള കമന്റുകളില്‍ ‘മോഡറേറ്റര്‍ക്ക് ഒരുമ്മ’ എന്നൊന്നും എഴുതിപ്പോകരുത്. അത്രേയുള്ളൂ.

അര്‍ച്ചനയുടെ കിച്ചണ്‍

ടിവിയില്‍ ഗൂഗിള്‍ ക്രോമിന്റെ പരസ്യം കണ്ടപ്പോള്‍ അതൊരു വെറും പരസ്യമാണെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അങ്ങനെയല്ല എന്നു മനസ്സിലായി. ഗൂഗിള്‍ സര്‍വീസുകളുടെ പരസ്യം ഏതാനും ദിവസങ്ങളായി ചാനലുകളില്‍ കാണുന്നുണ്ട്. അതില്‍ അര്‍ച്ചനാസ് കിച്ചണ്‍ എന്ന പരസ്യമാണ് ഏറ്റവും നന്നായി തോന്നിയത്. അത് കണ്ടിട്ടില്ലാത്തവര്‍ക്കു വേണ്ടി ഷെയര്‍ ചെയ്യുന്നു.

വളരെ പോസിറ്റീവായ പരസ്യം. ഏതോ ഒരര്‍ച്ചന എന്നല്ലാതെ ശരിക്കും അങ്ങനെയൊരു അര്‍ച്ചന ഉണ്ടാകമെന്നോ അങ്ങനെയൊരു ബ്ലോഗ് ഉണ്ടെന്നു കരുതിയതല്ല. എന്നാല്‍ ആ പരസ്യത്തില്‍ കാണുന്നതെല്ലാം സത്യമാണ്. പരസ്യം പറയുന്നതുപോലെ അര്‍ച്ചന ബ്ലോഗിലൂടെ സ്വന്തം ജീവിതം മാറ്റിമറിച്ച ഒരു താരമാണ് (ബ്ലോഗിലൂടെ അന്യരുടെ ജീവിതം തുലച്ചുകൊണ്ടിരിക്കുന്ന സൂപ്പര്‍ താരങ്ങളെ അവഗണിച്ച് ഇടത്തരം താരങ്ങളെ വച്ച് പരസ്യം പിടിച്ച ഗൂഗിള്‍ അനുഭവിക്കും).

അര്‍ച്ചന ദോഷി എന്ന കോയമ്പത്തൂരുകാരി, സോഫ്റ്റ്‍വെയര്‍ എന്‍ജിനീയറുടെ പണി രാജിവച്ച് പിള്ളേരെ നോക്കാന്‍ തീരുമാനിച്ചത് 2004ല്‍ ആണ്. ബോറടി മാറ്റാന്‍ തുടങ്ങിയ ബ്ലോഗ് പിന്നീട് സ്വന്തം ഡൊമെയ്‍നിലേക്കു മാറുകയും അര്‍ച്ചന വളര്‍ന്നു വലുതാവുകയും ചെയ്തതാണ് കഥ. പരസ്യത്തില്‍ കാണുന്നത് അര്‍ച്ചന ജിമെയില്‍ ഉപയോഗിക്കുന്നതും ബ്ലോഗ്‍സ്പോട്ടില്‍ ബ്ലോഗ് തുടങ്ങുന്നതുമൊക്കെയാണ്. എന്നാല്‍ സേര്‍ച്ച് ചെയ്തപ്പോള്‍ അര്‍ച്ചനയ്‍ക്ക് ബ്ലോഗ് സ്പോട്ടില്‍ ഒരു ബ്ലോഗ് ഉണ്ടായിരുന്നതായി കാണുന്നില്ല, മാത്രമല്ല വേ‍ഡ്പ്രസ്സില്‍ ഒരെണ്ണം ഉണ്ട് താനും. അതാണ് പിന്നെ സ്വന്തം ഡൊമെയ്‍നിലേക്കു മാറ്റിയിരിക്കുന്നത്. ഇനി അര്‍ച്ചന ഉപയോഗിക്കുന്നത് യാഹൂമെയിലാണോ ആവോ ? നല്ലൊരു ഫൊട്ടോഗ്രഫര്‍ കൂടിയായ അര്‍ച്ചനയുടെ ഫൊട്ടോകളില്‍ ബേക്കല്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളുണ്ട്.

വാര്‍ത്തകള്‍ അനുസരിച്ച് അര്‍ച്ചനാസ് കിച്ചണ് ദിവസേന 2000 സന്ദര്‍ശകരാണുള്ളത്. ആകെ എട്ട് ലക്ഷത്തിലേറെ ഹിറ്റുകളാണ് ഉള്ളതെന്നും പറയുന്നു. ദിവസേന അയ്യായിരത്തിലേറെ സന്ദര്‍ശരും ആകെ ഒരു കോടിയോളം ഹിറ്റുമുള്ള ഞാനാരായി ? ഇതുപോലെ വളര്‍ന്നുപോയ ആളുകളെ ഉള്‍പ്പെടുത്തി പരസ്യം തുടരുന്നതിന് betterwebstories@gmail.com എന്ന വിലാസത്തിലേക്ക് വളര്‍ച്ചയുടെ കഥ എഴുതി അയക്കാന്‍ ഗൂഗിള്‍ ആവശ്യപ്പെടുന്നുണ്ട് (ഇതൊക്കെ ഇംഗ്ലീഷില്‍ എഴുതി അയക്കാന്‍ എന്റെ പട്ടി പോവും. മലയാളമാണ് എന്റെ മാതൃഭാഷ. മലയാളം വിട്ടൊരു കളിയുമില്ല. ഐ ലവ് മലയാളം).

എന്തായാലും ഗൂഗിള്‍ ഇന്ത്യന്‍ വിപണിയില്‍ പരസ്യം ചെയ്തു തുടങ്ങി എന്നത് പുതുമയുള്ള വിശേഷമാണ്. യഥാര്‍ഥ കഥകളെ പരസ്യത്തിന് ഉപയോഗിക്കുന്നു എന്നതും വലിയ കാര്യമാണ്. ഹിറ്റും കമന്റും നോക്കാതെ പ്രസക്തമായ വിജയങ്ങളെ പരിപോഷിക്കാനുള്ള കമ്പനിയുടെ പരിശ്രമവും ശ്ലാഘനീയം തന്നെ. അര്‍ച്ചനയ്‍ക്കും പുള്ളിക്കാരീടെ കിച്ചണും എല്ലാ ഭാവുകങ്ങളും നേരുന്നു [ബിബിഎച്ച് ചെയ്തിരിക്കുന്ന പരസ്യത്തിന്റെ ക്യാപ്ഷനാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്- The Web is What you Make of it].

‘തീപ്പൊരി’: സൂപ്പര്‍ കമന്‍റര്‍ 2010

പോസ്റ്റുകള്‍ക്കു മൊത്തത്തില്‍ ഗുമ്മില്ലാതാവുകയും ബ്ലോഗര്‍ കാലഹരണപ്പെടുകയും പ്രതിഭാശാലികളായ കമന്റര്‍മാര്‍ ബ്ലോഗ് പിടിച്ചടക്കുകയും രസകരവും ഉദ്വേഗജനകവും സര്‍ഗസമ്പുഷ്ടവുമായ കമന്റുകള്‍കൊണ്ട് ബ്ലോഗിന്റെ മരണം തടുത്തു നിര്‍ത്തുകയും ചെയ്തിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തില്‍ നൂറുകണക്കിനു ചവറുപോസ്റ്റുകള്‍ക്കു കീഴെ കമന്റുകളെഴുതിയ മഹാരഥന്‍മാരെ ആദരിക്കാതെ തരമില്ല. അത്തരത്തില്‍ 2010ല്‍ (ഇന്നു മേല്‍പടി വര്‍ഷത്തിലെ ലാസ്റ്റ് ദിവസമാണല്ലോ) ഈ ബ്ലോഗില്‍ ഏറ്റവുമധികം കമന്റുകളെഴുതിയ തീപ്പൊരി ചേട്ടനെ സൂപ്പര്‍ കമന്റര്‍ 2010 ആയി തിരഞ്ഞെടുത്ത വിവരം സന്തോഷപൂര്‍വം അറിയിക്കുന്നു.

ആര്, എപ്പോള്‍, എങ്ങനെ തിരഞ്ഞെടുത്തു ? എന്താണിതിന്റെ മാനദണ്ഡം എന്നൊന്നും ചോദിക്കരുത്. ആകെ മൊത്തം ടോട്ടല്‍ കഴിഞ്ഞ വര്‍ഷം തീപ്പൊരിയാന്‍ ഈ ബ്ലോഗില്‍ നിക്ഷേപിച്ച കമന്റുകളുടെ എണ്ണം മറ്റു മകന്റര്‍മാര്‍ നിക്ഷേപിച്ചിട്ടുള്ള കമന്റുകളുടെ എണ്ണത്തെക്കാള്‍ കൂടുതലായതുകൊണ്ടാണ് അദ്ദേഹത്തെ സൂപ്പര്‍ കമന്റര്‍ 2010 ആയി തിരഞ്ഞെടുത്തു കളഞ്ഞത്. കണക്കുകള്‍ അനുസരിച്ച് തീപ്പൊരി 2010ല്‍ ഈ ബ്ലോഗിലെഴുതിയിട്ടുള്ള കമന്റുകളുടെ എണ്ണം 223 ആണ്. സമ്മതിക്കണം അല്ലേ ? ഈ കമന്റെഴുതിയ സമയത്തിന് അയാള്‍ ഒരു പുസ്തകമെഴുതിയിരുന്നെങ്കില്‍ ഇപ്പോള്‍ സെക്കന്‍ഡ് എഡിഷന്‍ ഇറക്കാമായിരുന്നു.

കഴിഞ്ഞിട്ടില്ല.

159 കമന്റുകളെഴുതിയ കിഷോര്‍ ഫസ്റ്റ് റണ്ണര്‍ അപ്പായും 153 കമന്റുകളെഴുതിയ വില്ലേജ്മാന്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പായും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.151 കമന്‍റുകളുമായി ഹലീസയും 131 കമന്‍റുകളുമായി ചെലക്കാണ്ട് പോടായും പിന്നില്‍ തന്നെയുണ്ട്. 2010ല്‍ ആകെ കിട്ടിയ കമന്‍റുകള്‍ 9375. സ്റ്റാറ്റിസ്റ്റിക്സ് ഇങ്ങനെ.

TOP 10 commenters in 2010:

  • തീപ്പൊരി: 223 comments
  • Kishore: 159 comments
  • villagemaan: 153 comments
  • haleesa: 151 comments
  • ചെലക്കാണ്ട് പോടാ: 131 comments
  • junaith: 130 comments
  • puppuli: 129 comments
  • rakeshpopy: 124 comments
  • johnykutty: 117 comments
  • Kishor Kumar: 111 comments

ഏറ്റവുമധികം കമന്‍റുകള്‍ ലഭിച്ച മാസം ഓഗസ്റ്റ് ആണ്. 1562 കമന്‍റുകള്‍ ലഭിച്ചത് ഓഗസ്റ്റിലാണ്. ഡിസംബറില്‍ ഇതുവരെ 1309 കമന്‍റുകള്‍ ലഭിച്ചു. ഏറ്റവും കുറവ് കമന്‍റുകള്‍ ലഭിച്ചത് ഏപ്രിലില്‍ ആണ്- വെറും 315. സ്റ്റാറ്റിസ്റ്റിക്സ് ഇങ്ങനെ.

The number of comments in each month:

January: 477 (5.09%)
February: 529 (5.64%)
March: 591 (6.3%)
April: 374 (3.99%)
May: 476 (5.08%)
June: 940 (10.03%)
July: 921 (9.82%)
August: 1562 (16.66%)
September: 1183 (12.62%)
October: 598 (6.38%)
November: 415 (4.43%)
December: 1309 (13.96%)

2010ല്‍ ഏറ്റവുമധികം കമന്‍റുകള്‍ ലഭിച്ച 10 പോസ്റ്റുകള്‍ ഇവയാണ്.

TOP 10 most commented posts in 2010:

കമന്‍റര്‍മാര്‍ക്കുള്ള അവാര്‍ഡുകള്‍ മാറ്റിവച്ചാല്‍ ബാക്കി എല്ലാ അവാര്‍ഡുകളും എനിക്കു തന്നെയാണ്. കണക്കുകള്‍ അനുസരിച്ച് 2010ല്‍ ആകെ പബ്ലിഷ് ചെയ്ത പോസ്റ്റുകള്‍ 372. മാര്‍ച്ച്, ഓഗസറ്റ് എന്നീ മാസങ്ങളിലാണ് ഏറ്റവുമധികം പോസ്റ്റുകളുണ്ടായത്. 45 പോസ്റ്റുകള്‍ വീതം. നവംബറിലാണ് ഏറ്റവും കുറവ് പോസ്റ്റുകള്‍- വെറും 13. പോസ്റ്റുകളുടെ സ്റ്റാറ്റിസ്റ്റിക്സ് ഇങ്ങനെ.

The number of posts in each month:

January: 20 (5.38%)
February: 40 (10.75%)
March: 46 (12.37%)
April: 35 (9.41%)
May: 28 (7.53%)
June: 32 (8.6%)
July: 32 (8.6%)
August: 45 (12.1%)
September: 34 (9.14%)
October: 20 (5.38%)
November: 13 (3.49%)
December: 35 (9.41%)

കണക്കനുസരിച്ച് 2010ല്‍ ഏറ്റവുമധികം പോസ്റ്റുകളുണ്ടായിരിക്കുന്നത് വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലുമാണ്- 59 വീതം.ചൊവ്വാഴ്ചകളില്‍ 55, ബുധനാഴ്ചകളില്‍ 54, ഞായറാഴ്ചകളില്‍ 52, വ്യാഴാഴ്ചകളില്‍ 51, തിങ്കളാഴ്ചകളില്‍ 50 എന്നിങ്ങനെയാണ് കണക്ക്. സ്റ്റാറ്റിസ്റ്റിക്സ് ഇങ്ങനെ.

The number of posts in each day of week:

Sunday: 52 (13.98%)
Monday: 50 (13.44%)
Tuesday: 55 (14.78%)
Wednesday: 54 (14.52%)
Thursday: 51 (13.71%)
Friday: 59 (15.86%)
Saturday: 59 (15.86%)

ഹാപ്പി ക്രിസ്മസ്

സാന്താക്ലോസ് എന്നത് പണ്ട് കേരളം ഭരിച്ചിരുന്ന രാജാവായിരുന്നു. സാന്താക്ലോസ് ഭരിച്ചിരുന്ന അക്കാലം ഒരു കാലമായിരുന്നു. കള്ളവും ചതിയുമൊന്നുമില്ലാത്ത ഒരു അടിപൊളി സെറ്റപ്പ് കേരളമായിരുന്നു അന്ന്. കേരളം അങ്ങനെ സുന്ദരമായി മുന്നേറുന്നത് മധ്യപൂര്‍വേഷ്യയിലെ ചില നാട്ടുരാജാക്കന്‍മാര്‍ക്കിഷ്ടപ്പെട്ടില്ല. അവര്‍ സാന്താക്ലോസിനിട്ടു പണി കൊടുക്കാന്‍ തീരുമാനിച്ചു.

അതനുസരിച്ച് അവിടെ നിന്ന് നാട്ടുരാജാക്കന്‍മാര്‍ മൂന്നു ജ്യോതിഷികളെ കേരളത്തിലോട്ടു പറഞ്ഞുവിട്ടു. അവര്‍ വന്നിട്ട് ബെത്‍ലഹേം എന്ന സ്ഥലത്ത് യേശുക്രിസ്തു ജനിച്ചിട്ടുണ്ടെന്നും ക്രിസ്തുവിന്‍റെ ജനനം ഭാവിയില്‍ ക്രിസ്മസ് എന്നറിയപ്പെടുമെന്നും ലോകത്തെ ഏറ്റവും വലിയ ആഘോഷമാകാന്‍ പോകുന്ന ക്രിസ്മസിന്‍റെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ സാന്തോക്ലോസിനെ ക്ഷണിക്കാന്‍ വന്നതാണെന്നും അവര്‍ പറഞ്ഞു.

മണിരത്നത്തിന്‍റെ പടത്തില്‍ ചാന്‍സ് കിട്ടിയ പൃഥ്വിരാജിനെപ്പോലെ സാന്താക്ലോസ് ഹാപ്പിയായി. കേരള കിങ് എന്നതില്‍ നിന്നു മാറി ഒരു ഇന്‍റര്‍നാഷനല്‍ എക്സ്പോഷര്‍ ആണ് കിട്ടാന്‍ പോകുന്നത്. ജ്യോതിഷികള്‍ സാന്താക്ലോസിനെ ക്രിസ്മസിന്‍റെ ബ്രാന്‍ഡ് അംബാസിഡറാക്കാനുള്ള പേപ്പേഴ്സ് ഒക്കെ സൈന്‍ ചെയ്യിച്ചു. എന്നാല്‍ അവിടെ ഒരു ചതി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. കേരളത്തിന്‍റെ രാജാവ് എന്ന സ്ഥാനം റിസൈന്‍ ചെയ്യാനും 11 മാസവും ക്രിസ്മസിന്‍റെ ഓഫിസില്‍ പേപ്പര്‍ വര്‍ക്കൊക്കെ ചെയ്തോണ്ടിരുന്നിച്ച് ഗിഫ്റ്റ്സും മറ്റുമായി ക്രിസ്മസിന്‍റെ ഒരാഴ്ച മാത്രം ഒരു വേള്‍ഡ് ടൂര്‍ നടത്താനുമുള്ള പെര്‍മിഷനായിരുന്നു ആ ചതി. പേപ്പേഴ്സ് എല്ലാം ഒപ്പിടിച്ചു കഴിഞ്ഞാണ് അവര്‍ ഇതു പറഞ്ഞത്. സാന്തോക്ലോസ് ഡീസന്‍റായതുകൊണ്ട് ഉടക്കാനൊന്നും പോയില്ല.

സാന്താക്ലോസിനെ അങ്ങനെ കേരളത്തീന്നു പുറത്താക്കിയ വിവരം അവര്‍ ചെന്ന് ഫോറിന്‍കാരോട് പറഞ്ഞപ്പോള്‍ പോര്‍ചുഗീസുകാരും പിന്നെ ഇംഗ്ലീഷുകാരും ഒടുവില്‍ കോങ്ക്രസുകാരും കമമ്യൂണിസ്റ്റുകാരും കേരളം ഭരിക്കാന്‍ തുടങ്ങി.കേരളത്തിന്‍റെ രാജാപാര്‍ട്ട് നഷ്ടപ്പെട്ടെങ്കിലും എക്സ്പോഷറിന്‍റെ കാര്യത്തില്‍ സാന്താക്ലോസിന് ഒരു കുറവും വന്നിട്ടില്ല. ശരിക്കും പറഞ്ഞാല്‍ സാന്താക്ലോസിന്‍റെ താവഴിയിലുള്ള ഒരു ശാഖയിലെ ഇളയ കണ്ണിയാണ് ഞാന്‍.

ഇക്കഥ വളച്ചൊടിച്ച് മാവേലി എന്നൊരാളുടെ പേരിലാക്കി ഓണം എന്നോ മറ്റോ പേരുള്ള ഒരു സെലബ്രേഷന് ബാക്‍ഗ്രൗണ്ട് ഫ്ലേവര്‍ ചേര്‍ക്കുന്ന ചിലരുമുണ്ട്. എന്നാല്‍ സത്യം ഇതാണ്. ക്രിസ്മസ് കാലത്ത് നമ്മളൊക്കെ ഫുള്ളടിച്ച് ഓടയില്‍ കിടക്കുന്നതിനു പകരമാണ് ഓണക്കാലത്ത് ചിലര്‍ പായസം കുടിച്ച് പായില്‍ കിടന്നുറങ്ങുന്നത്.

എന്തായാലും എനിക്കൊന്നേ പറയാനുള്ളൂ, ലോകമെങ്ങുമുള്ള എല്ലാ മലയാളികള്‍ക്കും എന്‍റെ പ്രിയപ്പെട്ട വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍ !

ജൂലിയന്‍ അസാന്‍ജിന്‍റെ സുവിശേഷം

വിക്കിലീക്ക്സ് മുതലാളി ജൂലിയന്‍ അസാന്‍ജ് ഒരു മലയാളിയോ ഇന്ത്യക്കാരനോ ആയിരുന്നെങ്കില്‍ ലെവനിവിടയൊന്നും ജനിക്കേണ്ടവനല്ല എന്നു പറയാമായിരുന്നു. ഇതിപ്പോള്‍ ഓസ്ട്രേലിയയില്‍ ജനിച്ച് ലോകമേ തറവാടെന്നും പറഞ്ഞ് ജീവിച്ച് ഒടുവില്‍ ഈ അവസ്ഥയിലെത്തി നില്‍ക്കുമ്പോള്‍ കണ്ണുംപൂട്ടി ആരാധിക്കാമെന്നല്ലാതെ വേറൊന്നും ചെയ്യാനില്ല. നമ്മളൊന്നും നയതന്ത്രജ്ഞന്‍മാരല്ലാത്തതുകൊണ്ട് അസാന്‍ജിനെ അരാധിക്കുന്നതില്‍ തെറ്റില്ല.

ജൂലിയന്‍ അസാന്‍ജ് ഒരു ബ്ലോഗെഴുതിയിരുന്നെങ്കില്‍ എന്തായേനെ എന്ന ചിന്തയില്‍ നിന്നു തുടങ്ങിയ ഗൂഗ്ളിങ് അവസാനിച്ചത് അവിടെ തന്നെയാണ്- ജൂലിയന്‍ അസാന്‍ജിന്‍റെ ബ്ലോഗില്‍ !

ബ്ലോഗിന്‍റെ പേര് Iq(Interesting Question).Org. പക്ഷെ ഒന്നുണ്ട്, സംഗതി ജൂലിയന്‍ പണ്ടേ ഡിലീറ്റ് ചെയ്തു, എന്തിന് ? അമേരിക്കയും അനുബന്ധ ഗഡികളും അംഗീകരിക്കുന്ന രാഷ്ട്രീയമോ നീതിശാസ്ത്രമോ അല്ല ജൂലിയന്‍ പറയുന്നത്.വിവാദപരമായ ലേഖനങ്ങള്‍ മാത്രമടങ്ങിയ ബ്ലോഗ് 2006 ജൂണ്‍ മുതല്‍ 2007 ഓഗസ്റ്റ് വരെ മാത്രമേ ജൂലിയന്‍ എഴുതിയിട്ടുള്ളൂ. എന്തൊരു ഭാഷ, എന്തൊരു പ്രയോഗങ്ങള്‍ !

ജൂലിയന്‍ എപ്പോളോ ഡിലീറ്റ് ചെയ്ത ബ്ലോഗ് എങ്ങനെ എന്‍റെ കയ്യില്‍ വന്നു എന്നാവും. ‍ഞാനാരാ മോന്‍ ! പെന്‍റഗണ്‍കാരു പോലും കണ്ടിട്ടില്ലാത്ത ബ്ലോഗ് വെബ്ആക്‍കൈവ് എന്ന വെബ്സൈറ്റിലാണുള്ളത്. ചേട്ടായിയുടെ കിടിലന്‍ പോസ്റ്റുകളില്‍ ചിലത്.

Thu 08 Jun 2006 : The history of warfare

The history of warfare is similarly subdivided, although here the phases
are Retribution, Anticipation, and Diplomacy. Thus:

Retribution:
I’m going to kill you because you killed my brother.
Anticipation:
I’m going to kill you because I killed your brother.
Diplomacy:
I’m going to kill my brother and then kill you on the
pretext that your brother did it.

(സംഗതി കിടിലമാണെങ്കിലും ഇത് തത്വചിന്തകനായ ഡഗ്ലസ് ആസംസിന്‍റെ ഉദ്ധരണി ജൂലിയന്‍ അസാന്‍ജ് അടിച്ചുമാറ്റി ബ്ലോഗിലിട്ടതാണെന്നു പറയുന്നു. ഡഗ്ലസ് ആഡംസിന്‍റെ പേരില്‍ ഇത് നെറ്റില്‍ പലയിടത്തും ലഭ്യമാണ്.)

Sun 18 Jun 2006 : What are rights anyway?

Rights are freedoms of action that are known to be enforceable. Consequently there are no rights without beliefs about the future effects of behavior. Unenforcable general rights exist only insofar as they are argumentation that may one day yield enforcement.

Hence the Divine Right of Kings, the right of way, mining rights, conjugal rights, property rights, and copyright.

The decision as to what should be enforced and what may be ignored is political. This does not mean that rights are unimportant, but rather, that politics (the societal control of freedom) is so important as to subsume rights.

Politics emerges as the expression of the battle between our collective desires and strenghts. Due to the common nature of mankind, there is great commonality in some of our strongest desires. When these desires do not compete they drive politics forward to ensure their forfillment. This is what we usually mean by the capitalised Right, a powerword, a threat of collective enforcement.

Tue 18 Jul 2006 : Laughter

Laughter is fear and relief. Fear is all around. Every step is conditioned by the fear of falling. It is the relief from primitive anxiety and alarm responses that give rise to laughter. The release of the breath that wasn’t needed. That sudden surprise rendered harmless by higher perception. Wonder, when accompanied by the expression of laughter is the unknown and fearful transformed. A transformation by subconscious brain functions typically of sub second duration. A transformation that takes the unknown and therefore possibly lethal and yields up the unknown and harmless to observe. Something to be explored, understood and remembered by wide eyed curiosity. Those eyes wide to suck in the world and a memory hungry for its details. A psychological and physiological stance that makes the unknown known. A state of maximal observational learning.

Sat 23 Sep 2006 : Philosophy vs. Mathematics

It has often been said that mathematics is the cheapest university department to run, for all one needs is pencil, a desk and a waste paper basket. This is not so. Philosophy is cheaper still, since in philosophy we do not even need the basket.

ഇതൊന്നും ഒന്നുമല്ല. കവിതയും ഫിസിക്സും തത്വശാസ്ത്രവും രാഷ്ടീയവും എല്ലാമടങ്ങുന്ന ഒരു ഭീകരസംഭവമാണ്(ആയിരുന്നു) ഐക്യു.ഓര്‍ഗ് എന്ന അസാന്‍ജിന്‍റെ ബ്ലോഗ്. അസാന്‍ജിന്‍റെ ഇമെയില്‍ വിലസാവും ഒറിജിനല്‍ വിലാസവും ഫോണ്‍ നമ്പരും എല്ലാം ബ്ലോഗില്‍ നല്‍കിയിട്ടുണ്ട്. വെബ്ആര്‍കൈവ് പ്രസ്ഥാനത്തിന് ഒരു സലാം. ഇതാണ് ബ്ലോഗിലേക്കുള്ള ലിങ്ക്.