ഹാപ്പി ന്യൂ ഇയര്‍ ആശംസകള്‍

വായിച്ചു വായിച്ചു വായനക്കാര്‍ക്കു ബോറടിച്ചാലും ഇല്ലെങ്കിലും ഒരേ അച്ചിലിട്ടു വാര്‍ത്തെടുത്ത ആക്ഷേപഹാസ്യവും പൊളിറ്റിക്കല്‍ സര്‍ക്കാസവും പഴയ വീഞ്ഞ് പുതിയ കുപ്പി പോലുമില്ലാതെ പലകുറി വിളമ്പിയും എനിക്കു ബോറടിച്ചതുകൊണ്ട് കുറച്ചുനാളായി ബ്ലോഗിങ് നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. ന്യൂ ഇയര്‍ പ്രമാണിച്ച് വീണ്ടും തുടങ്ങിയതല്ല. നിങ്ങളോട് രണ്ടു വാക്കു പറയാന്‍ മാത്രം വന്നതാണ്- എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഹാപ്പി ന്യൂ ഇയര്‍ ആശംസകള്‍ !

പുതുവല്‍സരാശംസകള്‍ എന്നു പറഞ്ഞാല്‍ ഒരു പഞ്ച് തോന്നില്ല. മലയാളം ക്ലാസിക്കല്‍ ഭാഷയായതുകൊണ്ടും പുതുവല്‍സരം ക്ലാസിക്കലല്ലാത്തതുകൊണ്ടുമാണോ എന്നറിയില്ല. ഹാപ്പി ന്യൂ ഇയര്‍ എന്നു മാത്രം പറഞ്ഞാല്‍ അല്‍പം അനുരാഗം കുറഞ്ഞു പോയോ എന്ന തോന്നലും. രണ്ടും ചേര്‍ത്ത് ഹാപ്പി ന്യൂ ഇയര്‍ ആശംസകള്‍ എന്നു പറയുമ്പോള്‍ സണ്‍സ്‌ക്രീന്‍ ലോഷനു മുകളില്‍ ഫെയര്‍ ആന്‍ഡ് ലവ്‌ലി പുരട്ടി അതിനു മുകളില്‍ ക്യുട്ടിക്കുറ പൗഡറിട്ടതുപോലെയൊരു നിര്‍വൃതി.

പകലു മുഴുവന്‍ ക്യൂ നിന്നു വാങ്ങിയ കളറുള്ള പട്ടച്ചാരായം നട്ടപ്പാതിരയ്ക്കു വലിച്ചു കേറ്റി വാളു വച്ചും, റോഡിന്റെ നടുവിലൂടെ ബൈക്കില്‍ ഇടത്തോട്ടും വലത്തോട്ടും വെട്ടിച്ച് അതിവേഗത്തില്‍ പാഞ്ഞും ആക്രാന്തവും അപകര്‍ഷതാബോധവും കാരണം നേരിട്ടു മിണ്ടാന്‍ കഴിയാത്ത പെണ്‍കുട്ടികളുടെ എല്ലാം വീടിന്റെ മുന്നില്‍ പോയി ഹാപ്പി ന്യൂ ഇയര്‍ എന്നു വിളിച്ചു പറഞ്ഞും. ബീച്ചിലെ ന്യൂ ഇയര്‍ തിരക്കില്‍ പോയി മാക്‌സിമം പെണ്‍കുട്ടികളുടെ ചന്തിയില്‍ പിടിച്ചും നെഞ്ചില്‍ കൈമുട്ടുകൊണ്ടിടിച്ചും നവകേരളയുവത്വം ഹാപ്പി ന്യൂ ഇയര്‍ ആഘോഷിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഓണം പിറന്നാലും ഹാപ്പി ക്രിസ്മസിന് ഉണ്ണി പിറന്നാലും കോരന് ക്യൂ നില്‍ക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റ് മാത്രം എന്നതാണ് സ്ഥിതി എന്നതിനാല്‍ സാമൂഹികവിമര്‍ശനത്തിന് അര്‍ഥമില്ല.

അല്ലെങ്കിലും ബ്ലോഗര്‍ എന്ന നിലയ്ക്ക് എല്ലാത്തരം എഴുത്തുകളും എനിക്കു മടുത്തു കഴിഞ്ഞു. ആക്ഷേപവും ഹാസ്യവും ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് മടുത്തു. ധാര്‍മികരോഷവും സാമൂഹികവിമര്‍ശനവും രാജാവ് നഗ്നനാണ് എന്ന ലൈനിലുള്ള കുലംകുത്തലുകളും ക്ലീഷേയായി പണ്ടാരമടങ്ങി. ധാര്‍മികരോഷവും സാമൂഹികപ്രതിബദ്ധയും പ്രകടിപ്പിക്കാന്‍ നിര്‍ബന്ധിതനാകുമ്പോള്‍ സത്യത്തില്‍ എനിക്കാണ് ഒരുതരം നഗ്നത ഫീല്‍ ചെയ്യുന്നത്.

വളരെ ആത്മാര്‍ത്ഥമായി പറഞ്ഞാല്‍ വിവിധ വിഷയങ്ങളില്‍ പ്രതികരിച്ച് പ്രതികരിച്ച് ഞാന്‍ മടുത്തു. ബ്ലോഗിങ് എന്നു പറഞ്ഞാല്‍ ഈ പ്രതികരണം മാത്രമാണ് എന്ന മുന്‍ധാരണകൊണ്ടാണോ അതോ എന്നില്‍ നിന്നും അതാണ് പ്രതീക്ഷിക്കുന്നത് എന്നതുകൊണ്ടാണോ മറ്റേ വിഷയത്തെപ്പറ്റി പോസ്റ്റില്ലല്ലോ, ഈ വിഷയം മനപൂര്‍വം അവഗണിച്ചതാണോ എന്നൊക്കെ വായനക്കാര്‍ ചോദിക്കുമ്പോള്‍ ഞാനാരാണെന്ന് എനിക്കു തന്നെ ഒരു പിടിയുമില്ലാത്ത അവസ്ഥയാണ്. ഞാനും എന്നെപ്പോലുള്ള ഏഴാം കൂലികളായ പ്രതികരണത്തൊഴിലാളികളും ചേര്‍ന്നല്ല ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. കാര്യങ്ങള്‍ തീരുമാനിക്കുന്നവരെ സ്വാധീനിക്കാനോ അവരുടെ അഭിപ്രായങ്ങള്‍ മാറ്റാനോ ഒന്നും പ്രൊഫഷനല്‍ പ്രതികരണക്കാരുടെ ഉദ്യമങ്ങള്‍ അപര്യാപ്തമാണ്. പോരെങ്കില്‍ ഫെയ്‌സ്ബുക്കിലും ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളിലും പിന്നെ ടിവി ചാനലുകളിലുമൊക്കെയായി ആയിരക്കണക്കിനു പ്രതികരണക്കാര്‍ ആവേശപൂര്‍വം പ്രതികരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ കൂടി എന്തിന് ?

പറഞ്ഞു വന്നത് എന്തെന്നാല്‍, ടിവി വാര്‍ത്തകള്‍ വരുന്നതനുസരിച്ച് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നതനുസരിച്ച് മറുനാടന്‍ മലയാളി എക്‌സ്‌ക്ലൂസീവ് അടിക്കുന്നത് അനുസരിച്ച് വിവിധ വിഷയങ്ങളില്‍ പ്രതികരിക്കാനോ പോസ്റ്റ് എഴുതാനോ ഞാനാഗ്രഹിക്കുന്നില്ല. രമേശ് ചെന്നിത്തല മന്ത്രിയാവുകയോ മന്‍മോഹന്‍ സിങ് രാജി വയ്ക്കുകയോ ചെയ്താല്‍ എനിക്കൊന്നുമില്ല. പ്രമുഖര്‍ മരിക്കുന്ന മുറയ്ക്ക് അനുശോചനക്കുറിപ്പുകളെഴുതുകയോ ആഘോഷങ്ങള്‍ നടക്കുന്ന മുറയ്ക്ക് ആശംസകളെഴുതുകയോ ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ല.

ഇനി എന്തെഴുതുമെന്നോ എപ്പോള്‍ എഴുതുമെന്നോ എന്നൊന്നും ഞാനാലോചിക്കുന്നില്ല. എനിക്കു താല്‍പര്യം തോന്നുന്നവയെ കുറിച്ചു മാത്രമേ ഞാനിനി എഴുതൂ. അതില്‍ നിങ്ങള്‍ക്കു താല്‍പര്യമുണ്ടാവണമെന്നില്ല. എല്ലാവരും വളരെ ആവേശത്തോടെ ചര്‍ച്ച ചെയ്യുന്ന ഒന്നില്‍ എനിക്കും ഒരു താല്‍പര്യവുമുണ്ടായിക്കൊള്ളണമെന്നില്ല.

പൊതുവായ വിഷയങ്ങളില്‍ അല്ലെങ്കില്‍ ടിവി ചാനലുകള്‍ സൃഷ്ടിക്കുന്ന വാര്‍ത്തകളില്‍, വിവാദങ്ങളില്‍ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ട് അതിനെ ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ വിലയിരുത്തുകയോ വിമര്‍ശിക്കുകയോ വാഴ്ത്തുകയോ ഒക്കെ ചെയ്യുന്ന ഒരു ശൈലി ഇനിയുണ്ടാവില്ല എന്നു ചുരുക്കം. എന്നാല്‍ എന്തെങ്കിലും ഒരു കുഞ്ഞുവാര്‍ത്തയോ വിശേഷമോ വിവരമോ പങ്കുവയ്ക്കാനില്ലാത്ത ഒരു പോസ്റ്റും ഇനിയുണ്ടാവില്ല എന്നു കരുതാം. ഇപ്പോള്‍ ഈ പോസ്റ്റ് ആണോ എഴുതേണ്ടതെന്നോ മറ്റേ വിഷയത്തെപ്പറ്റി എഴുതാത്തത് എന്തെന്നോ അപ്പോള്‍ എന്നോടു ചോദിക്കരുത്.

ഈ ബ്ലോഗിന്റെ അവിടെയും ഇവിടെയുമായി കാണുന്ന പരസ്യങ്ങളില്‍ ബ്രായുടെ വള്ളി മുറിച്ചാല്‍ സമ്മാനം തരാമെന്നു പറഞ്ഞ് കത്രികയുമായി പെണ്ണുങ്ങള്‍ നില്‍ക്കുന്ന പരസ്യമുണ്ട്. ഒന്നു രണ്ടു വള്ളി ഞാനും മുറിച്ചു, ഒന്നും സംഭവിക്കുന്നില്ല. പറഞ്ഞു വന്നത്, പുറമേ നിന്നു നോക്കിയാല്‍ തുണ്ടു സൈറ്റ് പോലെ തോന്നുമെങ്കിലും അങ്ങനെയല്ല. കുടുംബത്തില്‍ പിറന്നവര്‍ക്കു വായിക്കാനും സൂക്ഷിച്ചു വയ്ക്കാനും പറ്റിയ നല്ല ബെസ്റ്റ് ബ്ലോഗാണിത്. കഴിഞ്ഞ ആറേഴു വര്‍ഷമായി തുടരുന്നതുപോലെ 2014ലും നിങ്ങളുടെ സ്‌നേഹവും പിന്തുണയും എനിക്കു തരുന്നത് തുടരണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് നിര്‍ത്തുന്നു.

പറഞ്ഞതൊന്നും മറക്കേണ്ട.
എന്തും ചെയ്യാന്‍ മടിക്കാത്തവനാണ് ഞാന്‍.
ഉമ്മ.


New Year Posts from Best of Berlytharangal:-

ജോണ്‍സന്റെ പത്തു പ്രതിജ്ഞകള്‍
എന്റെ പുതുവര്‍ഷ പ്രതിജ്ഞകള്‍
പുതുവര്‍ഷത്തിനു പറ്റിയ പഴഞ്ചൊല്ലുകള്‍

ഗന്ധര്‍വശില്‍പിക്കു പ്രണാമം

സെലബ്രിറ്റികളുടെ കാലത്ത് സാധാരണക്കാരനായി ജീവിച്ചു കടന്നുപോകുന്ന ഇന്ത്യന്‍ ചലച്ചിത്രസംഗീതത്തിന്റെ ഗുരുത്വമായ പത്മശ്രീ കെ.രാഘവന്‍ മാസ്റ്ററുടെ അനശ്വരഗാനങ്ങള്‍ക്കു മുന്നില്‍ പ്രണാമം. തൊണ്ണൂറ്റൊന്‍പതാം വയസ്സില്‍ നമ്മോട് വിടപറഞ്ഞു പോകുമ്പോള്‍ അസ്തമിക്കുന്നത് മലയാളികളുടെ ക്ലാസിക് ഗാനങ്ങശേഖരത്തിന്റെയും തലമുറകള്‍ കൂടെയേറ്റുപാടിയ ഈണങ്ങളുടെയും തിരുശേഷിപ്പാണ്. രാഘവന്‍ മാസ്റ്ററുടെ ഗാനങ്ങളെക്കാള്‍ മഹത്തായ സ്മാരകങ്ങള്‍ അദ്ദേഹത്തിന് ഉണ്ടാവില്ല. അറുപതിലേറെ വര്‍ഷങ്ങളായി മലയാളം ഏറ്റുപാടുന്ന അദ്ദേഹത്തിന്റെ അനശ്വരഗാനങ്ങളിലൂടെ ഒരു സ്രാഷ്ടാംഗപ്രണാമം.

നോക്കിയ മൊബൈല്‍ മൈക്രോസോഫ്റ്റിന്

ലോകത്തെ മുന്‍നിര മൊബൈല്‍ കമ്പനിയായ നോക്കിയയുടെ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് വിഭാഗം മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നു. 720 കോടി ഡോളറിനാണ് (4.7 ലക്ഷം കോടി രൂപ) മൈക്രോസോഫ്റ്റ് നോക്കിയ ഫോണുകളും പേറ്റന്റുകളും സ്വന്തമാക്കുന്നത്. മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് വിപണി അടക്കി ഭരിച്ചിരുന്ന നോക്കിയയും ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളായ മൈക്രോസോഫ്റ്റും ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഏറ്റെടുക്കലിലൂടെ ഒന്നാവുമ്പോള്‍ ഇരു കമ്പനികളുടെയും സ്വഭാവവും പ്രവര്‍ത്തനശൈലിയും മാറും. 1998 മുതല്‍ 2012 വരെ ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായിരുന്ന നോക്കിയയുടെ ഹാന്‍ഡ്‌സെറ്റ് ബിസിനസ് ആകെ മൈക്രോസോഫ്റ്റ് സ്വന്തമാക്കുമ്പോള്‍ മറ്റു വയര്‍ലെസ് ഉപകരണനിര്‍മാണവുമായി നോക്കിയ ചെറിയ കമ്പനിയായി ഒതുങ്ങിക്കൂടും. അതേ സമയം, വിന്‍ഡോസ് മൊബൈല്‍ പ്ലാറ്റ്‌ഫോമിലൂടെ മൊബൈല്‍ വിപണിയില്‍ ചുവടുവച്ച മൈക്രോസോഫ്റ്റ് ഹാര്‍ഡ്‌വെയര്‍ മേഖലയിലേക്കുകൂടി കടക്കുന്നത് സ്മാര്‍ട്‌ഫോണ്‍ വിപണിയിലെ മുന്‍നിരക്കാരായ ആപ്പിള്‍, ഗൂഗിള്‍, സാംസങ് തുടങ്ങിയ കമ്പനികള്‍ക്ക് കനത്ത വെല്ലുവിളിയാവും.

സ്മാര്‍ട്‌ഫോണ്‍ വിപ്ലവം മുതലെടുക്കാന്‍ കഴിയാതെ പോയ നോക്കിയയും മൈക്രോസോഫ്റ്റും ആദ്യഘട്ടത്തില്‍ പിന്നോട്ടു പോയെങ്കിലും 2011 മുതല്‍ പരസ്പരസഹകരണത്തില്‍ പുറത്തിറക്കിയ ലൂമിയ സ്മാര്‍ട്‌ഫോണുകളിലൂടെ വിപണിയില്‍ ശക്തമായ സാന്നിധ്യമറിയിച്ചിരുന്നു. നോക്കിയ ഫോണുകളും പേറ്റന്റുകളും അനുബന്ധ ഉപകരണങ്ങളും മൈക്രോസോഫ്റ്റിന്റെ കയ്യിലാവുന്നോടെ സ്മാര്‍ട്‌ഫോണ്‍ വിപണിയിലെ അടിയൊഴുക്കുകളില്‍ ശക്തമായ മാറ്റങ്ങളുണ്ടാവും. ആന്‍ഡ്രോയ്ഡ് മൊബൈല്‍ സോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളായ ഗൂഗിള്‍ കഴിഞ്ഞ വര്‍ഷം ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ മോട്ടോറോളയെ ഏറ്റെടുത്തതിനു ശേഷം നടക്കുന്ന ഏറ്റവും വലിയ ഏറ്റെടുക്കലാണ് ഇത്. ഇരു കമ്പനികളുടെയും ഓഹരിയുടമകള്‍ക്കും ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണകരമാവുന്ന ഭാവിയിലേക്കുള്ള ശക്തമായ ചുവടുവയ്പ് എന്നാണ് ഈ ഏറ്റെടുക്കലിനെ മൈക്രോസോഫ്്റ്റ് സിഇഒ സ്റ്റീവ് ബാള്‍മര്‍ വിശേഷിപ്പിച്ചത്.

ഓഹരിയുടമകളുടെയും റഗുലേറ്ററി അധികൃതരുടെയും അനുമതി വാങ്ങിയ ശേഷം അടുത്ത വര്‍ഷം ആദ്യം ഏറ്റെടുക്കല്‍ പൂര്‍ത്തിയാവുന്നതോടെ നോക്കിയ സിഇഒ സ്റ്റീഫന്‍ എലപ് ഉള്‍പ്പെടെ ഏകദേശം 32000 ജീവനക്കാര്‍ മൈക്രോസോഫ്റ്റിന്റെ ഭാഗമാവും. നിലവില്‍ ഒരു ലക്ഷത്തോളം ജീവനക്കാരാണ് മൈക്രോസോഫ്റ്റിനുള്ളത്. ബില്‍ ഗേറ്റ്‌സിനു ശേഷം 2000 മുതല്‍ മൈക്രോസോഫ്റ്റ് സിഇഒ ആയ സ്റ്റീവ് ബാള്‍മര്‍ വിരമിക്കാനിരിക്കെയാണ് കമ്പനിയുടെ പുതിയ ഏറ്റെടുക്കല്‍. ഇതോടെ ബാള്‍മറിനു ശേഷം മൈക്രോസോഫ്റ്റിനെ നയിക്കുക സ്റ്റീഫന്‍ എലപ് ആയിരിക്കുമെന്നും സൂചനയുണ്ട്.

ഒരേ ഷര്‍ട്ട് 100 ദിവസം ഇടുന്നവരെ സ്ത്രീകള്‍ക്ക്‌ ഇഷ്ടമാവുമോ എന്തോ ?

ചര്‍മം കണ്ടാല്‍ പ്രായം തോന്നുകയേയില്ല എന്നു പറഞ്ഞതു പോലെയാണ് ഈ ഷര്‍ട്ടിന്റെ കാര്യവും. അതിന്റെയൊരു വടിവും പുത്തന്‍ലുക്കും മണവുമൊക്കെ കണ്ടാല്‍ അലക്കുകയോ തേയ്ക്കുകയോ ചെയ്യാതെ ഷര്‍ട്ടുമുതലാളി 100 ദിവസമായി ഇട്ടുകൊണ്ടിരിക്കുകയാണെന്നു തോന്നില്ല. ചില നിരാഹാരസത്യഗ്രഹക്കാര്‍ രാത്രിയില്‍ നേന്ത്രപ്പഴം കഴിക്കുന്നതുപോലെ ഈ ഷര്‍ട്ടും രാത്രിയില്‍ ആരും കാണാതെ അലക്കി ഇസ്തിരിയിടുന്നുണ്ടാവും എന്ന് ആരോപിക്കരുത്. പരീക്ഷണഘട്ടത്തില്‍ ഷര്‍ട്ട് കമ്പനിയുടെ മുതലാളി തന്നെ 100 ദിവസം തുടര്‍ച്ചയായി ഷര്‍ട്ട് ധരിച്ച് സംഗതി തെളിയിച്ചതാണ്.

ഷര്‍ട്ട്: വൂള്‍ ആന്‍ഡ് പ്രിന്‍സ്
മുതലാളി: മാക്

ചെളിയോ ദുര്‍ഗന്ധമോ ഇല്ലാതെ പുതുപുത്തനായി 100 ദിവസം വരെ അലക്കാതെയും ഇസ്തിരിയിടാതെയും തുടര്‍ച്ചയായി ഇടാന്‍ കഴിയുന്ന ഷര്‍ട്ട് ആണ് വൂള്‍ ആന്‍ഡ് പ്രിന്‍സ്. പരമാവധി സമയം ഉപയോഗിക്കാന്‍ കഴിയുന്ന ഷര്‍ട്ടിനു വേണ്ടി ആറു മാസം മുമ്പ് ആരംഭിച്ച പരീക്ഷണമാണ് വൂള്‍ ആന്‍ഡ് പ്രിന്‍സിന്റെ അണിയറക്കാരായ ചെറുപ്പക്കാരെ ഈ വൂള്‍ ഷര്‍ട്ടിലെത്തിച്ചത്. ഭീകരമാജിക്കൊന്നും ഇതിന്റെ പിന്നിലില്ല. ഉന്നതനിലവാരമുള്ള കമ്പിളിനൂലും അല്‍പം വൂള്‍ സയന്‍സും മാത്രം. കമ്പിളിക്ക് വിയര്‍പ്പ് വലിച്ചെടുക്കാനും അത് പിടിച്ചുനിര്‍ത്താതെ നീരാവിയാക്കാനുമുള്ള കഴിവാണ് ഷര്‍ട്ടിന്റെ രഹസ്യം.

പരുത്തിയെക്കാള്‍ ആറിരട്ടി നിലനില്‍ക്കുന്നതാണ് കമ്പിളി എന്നാണ് കണ്ടെത്തല്‍. പ്രകൃതിദത്തമായി തന്നെ ചുളിവുകളും ദുര്‍ഗന്ധവും ചെറുക്കുന്ന കമ്പിളിയുടെ സ്വാഭാവികസാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുക മാത്രമേ തങ്ങള്‍ ചെയ്തിട്ടുള്ളൂ എന്നാണ് കിക്ക്‌സ്റ്റാര്‍ട്ടര്‍ വെബ്‌സൈറ്റിലൂടെ ധനസമാഹരണം നടത്തുന്ന കമ്പനി പ്രതിനിധികള്‍ പറയുന്നത്.

അലക്കുകയോ ഇസ്തിരിയുകയോ ചെയ്യാതെ കമ്പനിയുടമയായ മാക് 100 ദിവസം തുടര്‍ച്ചയായി ഷര്‍ട്ട് ചുളിവോ ദുര്‍ഗന്ധമോ ഇല്ലാതെ ധരിച്ചു പരീക്ഷണം പൂര്‍ത്തിയാക്കിയതോടെയാണ് വൂള്‍ ആന്‍ഡ് പ്രിന്‍സ് ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിയത്. 100 ദിവസം പേരിന് ധരിക്കുകയല്ല, മുഴുവന്‍ ദിവസവും ഷര്‍ട്ട് ധരിച്ച് സൈക്ലിങ് ഉള്‍പ്പെടെയുള്ള വിനോദങ്ങളിലും നിരവധി ജോലികളിലും മുഴുകിയാണ് ജീവിച്ചത്. എല്ലാ ദിവസവും ഹാംഗറില്‍ ഒരു മണിക്കൂര്‍ വീതം തൂക്കിയിട്ടതാണ് ഷര്‍ട്ടിന് ആകെ ലഭിച്ച വിശ്രമം. നിലവില്‍ തിരഞ്ഞെടുത്ത 15 പേര്‍ക്കായി ഷര്‍ട്ടുകള്‍ പരീക്ഷണധാരണത്തിനു നല്‍കിയിരിക്കുകയാണ്. കിക്ക്‌സ്റ്റാര്‍ട്ടര്‍ വെബ്‌സൈറ്റിലൂടെയുള്ള ധനസമാഹരണം വിജയിച്ചാല്‍ കമ്പനി ഉടനടി പ്രവര്‍ത്തനമാരംഭിക്കും. ഷര്‍ട്ടൊന്നിന് ഏകദേശം 5000 രൂപ വിലയാകും. അലക്ക് കുളി എന്നിവയില്‍ വിശ്വാസമില്ലാത്തവര്‍ സന്ദര്‍ശിക്കുക: woolandprince.com

ബ്ലഡി ബ്യൂട്ടി

സംഗതി പുതിയതാണ്. രാവിലെ എണീറ്റ്് തൊട്ടടുത്തുള്ള ബ്യൂട്ടി പാര്‍ലറില്‍ പോയി ‘ഒരു വാംപയര്‍ ഫേഷ്യല്‍’ എന്നൊന്നും പറഞ്ഞ് അവരെ പേടിപ്പിക്കരുത്. ഉടനെ പരീക്ഷിച്ചു നോക്കണമെങ്കില്‍ അമേരിക്കയിലോ മറ്റോ പോകേണ്ടി വരും. പരീക്ഷിച്ചു നോക്കിയാല്‍ അപാര റിസള്‍ട്ട് ആയിരിക്കും എന്ന് ശാസ്ത്രീയമായി സാക്ഷ്യപ്പെടുത്താറുമായിട്ടില്ല. വാംപയര്‍ ഫേഷ്യല്‍ എന്ന ഓമനപ്പേരിലറിയുന്ന ഈ പുതിയ ഫേഷ്യല്‍ പ്രകൃതിദത്തചേരുവകളും വിലയേറിയ കെമിക്കലുകളും കൊണ്ടുണ്ടാക്കിയ മിശ്രിതം മുഖത്ത് പുരട്ടി നടത്തുന്ന പരമ്പരാഗത ഫേഷ്യലുകളെ നിഷ്പ്രഭമാക്കും. വാംപയര്‍ ഫേഷ്യലിന് ഉപയോഗിക്കുന്നത് മറ്റൊന്നുമല്ല, മനുഷ്യരക്തമാണ്. പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്മ തെറപ്പി എന്ന ചികില്‍സ വാംപയര്‍ ഫേഷ്യല്‍ എന്ന പേരില്‍ പേരെടുത്തത് അതിമദാലസയും റിയാലിറ്റി ഷോ താരവുമായ കിം കര്‍ദാഷിയന്‍ തന്റെ വാംപയര്‍ ഫേഷ്യല്‍ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തതോടെയാണ്. മുഖമാകെ രക്തം ചിന്തി കട്ടപിടിച്ചിരിക്കുന്ന ചിത്രം സൗന്ദര്യവര്‍ധനയുടെ ചവിട്ടുപടിയായി തോന്നിയാല്‍ കുറ്റം പറയാനൊക്കില്ല. സെലബ്രിറ്റികള്‍ ഒന്നൊന്നായി ഇപ്പോള്‍ ബ്ലഡ് ഫേഷ്യലിന്റെ പിന്നാലെയാണത്രേ.

വാംപയര്‍ ഫേഷ്യല്‍, ട്വിലൈറ്റ് പ്ലാസ്മ റിന്യൂവല്‍ തുടങ്ങി വിവിധ പേരുകളിലാണ് പാശ്ചാത്യരാജ്യങ്ങളില്‍ ചികില്‍സ നടക്കുന്നത്. ഫേഷ്യലിനു വിധേയമാകുന്ന വ്യക്തിയുടെ ശരീരത്തില്‍ നിന്നും നിശ്ചിത അളവു ചോര എടുത്ത ശേഷം അത് ഒരു സെന്‍ട്രിഫ്യൂഗിനുള്ളില്‍ 20 മിനിറ്റ് സൂക്ഷിച്ച് രക്തത്തിലെ ഘടകങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നു. ഇതിലെ പ്ലാസ്മയാണ് ഫേഷ്യലിനായി ഉപയോഗിക്കുന്നത്. മുഖത്ത് അനസ്‌തെറ്റിക് ക്രീം പുരട്ടിയതിനു ശേഷമാണ് പ്ലാസ്മ മുഖത്ത് കുത്തിവയ്ക്കുന്നതത്. മുഖത്തും കഴുത്തിലും കണ്‍കോണുകളിലുമാണ് പ്രധാനമായി പ്ലാസ്മ കുത്തിവയ്ക്കുന്നത്. ഇതു ചര്‍മത്തിന് രണ്ടു മാസത്തേക്ക് പുത്തനുണര്‍വ് നല്‍കുമെന്നാണ് ചികില്‍സകര്‍ സാക്ഷ്യപ്പെടുത്തുന്നത്. കണ്ണുകള്‍ക്ക് തിളക്കം നല്‍കുന്നതിനു പുറമേ ചര്‍മത്തിലെ ചുളിവുകള്‍ അകറ്റി യൗവ്വനം നല്‍കുമെന്നാണ് അവകാശവാദം. ഈ മാറ്റം വളരെ പെട്ടെന്നു തന്നെ കാണാന്‍ കഴിയുമെന്നും ചികില്‍സകരും ചികില്‍സയ്ക്കു വിധേയരായവരും പറയുന്നു. എന്നാല്‍, ഇത്തരം അവകാശവാദങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയോ പിന്തുണയോ അവകാശപ്പെടാനില്ലെന്നും അതുകൊണ്ട് തന്നെ ഈ ചികില്‍സയ്ക്കു വേണ്ടി പണം മുടക്കുന്നവര്‍ സ്വന്തം റിസ്‌കിലാണ് അതു ചെയ്യേണ്ടതെന്നും മുന്നറിയിപ്പും നല്‍കുന്നുണ്ട്.

ലൈഫ് ഓഫ് മൈ !

ജീവിതം അഴിഞ്ഞാടുന്ന വാഷിങ്ടണ്‍ ഡിസിയില്‍ നിന്നു തുടങ്ങി വഴിനീളെ കറിവേപ്പിലകളും പപ്പായമരങ്ങളുമുള്ള മയാമിയിലും അമേരിക്കയുടെ അനാഘ്രാത കുസുമങ്ങളായ വെര്‍മോണ്ടിലും ന്യൂഹാംപ്‌ഷെയറിലും വരെ എത്തി നില്‍ക്കുകയാണ്. വാഷിങ്ടണില്‍ കുറെ കെട്ടിടങ്ങള്‍ മാത്രമേ കണ്ടുള്ളൂ എങ്കില്‍ സാന്‍ഫ്രാന്‍സിസ്‌കോ മുംബൈയോ കൊച്ചിയോ ഒക്കെപ്പോലെ തോന്നി. മയാമിയി ബീച്ചില്‍ നില്‍ക്കുമ്പോള്‍ ഈ ബീച്ചാണല്ലോ ആ ബീച്ച് എന്ന തോന്നലായിരുന്നു മുഴുവന്‍ നേരവും. അവിടെയൊരു ന്യൂഡ് ബീച്ച് ഉണ്ട് എന്നവള്‍ പറഞ്ഞിരുന്നെങ്കിലും കാണാന്‍ പോയില്ല (എവളെന്നൊന്നും ചോദിക്കരുത്, പറയില്ല). വെര്‍മോണ്ടിലെ ബര്‍ളിങ്ടണില്‍ എത്തുമ്പോള്‍ ഷെര്‍ലക് ഹോംസ് കഥകളിലെ മഞ്ഞുമൂടിയ താഴ്‌വരയിലെത്തിയതുപോലെ തോന്നി. ന്യൂ ഹാംപ്‌ഷെയറിലെ മാഞ്ചെസ്റ്ററില്‍ എത്തിയപ്പോള്‍ ഈരാറ്റുപേട്ടയിലെത്തിയതുപോലെയും. രാത്രിയില്‍ പലതും ഒരുപോലെയാണ് എന്നു പറയുന്നതില്‍ കാര്യമുണ്ട്.

അമേരിക്കയിലെ മൂന്നാഴ്ച കൊണ്ട് എന്തു പഠിച്ചു എന്നു ചോദിച്ചാല്‍ പറയാനുള്ള പ്രധാന ഉത്തരം അല്‍പം ഫിലോസഫിക്കലാണ്. കാലം, സമയം എന്നിവ വെറും മിഥ്യയാണ്. അനന്തമായ സമയപ്രവാഹത്തിലൂടെ ഒഴുകിനടക്കുന്ന അമൂര്‍ത്തബിംബങ്ങളാണ് മനുഷ്യര്‍. ഓരോരുത്തരും സമയം എങ്ങനെ വിനിയോഗിക്കുന്നു എന്നതാണ് അവരവരുടെ ജീവിതത്തില്‍ എത്ര വര്‍ഷങ്ങളും മാസങ്ങളും ദിവസങ്ങളും ഉണ്ട് എന്നത് തീരുമാനിക്കുന്നത്. സമയമില്ല, സമയം പോയി, സമയമായില്ല, സമയം പാലിക്കണം എന്നിങ്ങനെയുള്ള എല്ലാ പ്രസ്താവനകളും അടിസ്ഥാനരഹിതമാണ്. സമയം എന്നൊന്നില്ല. അത് ഒരു ആഗോളതട്ടിപ്പാണ്. സമയം ഉണ്ടെന്നും അത് പ്രധാനമാണെന്നും ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ പലതും വിജയിച്ചു എന്നതാണ് ആ തട്ടിപ്പിന്റെ രഹസ്യം. ഇതിന് എന്താണ് അടിസ്ഥാനമെന്നു സമയനിഷ്ഠയുള്ളവര്‍ ചോദിക്കും. ഇതിന് അടിസ്ഥാനമേയുള്ളൂ. കാരണം, വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണിക്ക് ചെന്നൈയില്‍ നിന്നു പുറപ്പെട്ട ഞാന്‍ 32 മണിക്കൂര്‍ കഴിഞ്ഞ് വാഷിങ്ടണ്‍ ഡിസിയില്‍ ഇറങ്ങുമ്പോള്‍ അവിടെ ശനിയാഴ്ച ഉച്ചകഴിഞ്ഞ് നാലു മണിയേ ആയിട്ടുള്ളൂ. എന്റെ 14 മണിക്കൂറുകള്‍ അക്കൗണ്ടിലില്ല. അതുപോലെ വാഷിങ്ടണില്‍ നിന്ന് രാവിലെ 10 മണിക്ക് സാന്‍ഫ്രാന്‍സിസ്‌കോയ്ക്ക് പുറപ്പെട്ട ഞാന്‍ 6 മണിക്കൂര്‍ യാത്ര കഴിഞ്ഞ് അവിടെ ഇറങ്ങുമ്പോള്‍ മണി ഏഴ്. രണ്ടു മണിക്കൂര്‍ കാണുന്നില്ല. അതുപോലെ ഒരുദിവസം രാത്രി 1.59 കഴിഞ്ഞ് സമയം നേരെ 3.00. ഒരു മണിക്കൂര്‍ അവിടെയും മോഷ്ടിച്ചു- ഡേലൈറ്റ് സേവിങ് ടൈം ആണത്രേ. ശരിക്കും സമയം എത്രയായി എന്ന ചോദ്യത്തിന് ഒരു പ്രസക്തിയുമില്ല. കരണം, ശരിക്കും സമയം എന്നൊന്നില്ല.

ഗൂഗിള്‍, എന്‍പിആര്‍, പിബിഎസ്, സ്റ്റോറിഫൈ തുടങ്ങിയ സ്ഥാപനങ്ങള്‍ മുതല്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഗോള്‍ഡന്‍ ഗേറ്റ് പാലത്തിനപ്പുറത്തുള്ള മറീന്‍ കൗണ്ടിയിലെ 83കാരിയായ അധ്യാപിക ഗ്ലോറിയയുടെ വീട്ടില്‍ വരെ പോയി പല പല പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു. കൊള്ളാവുന്ന കെട്ടിടങ്ങള്‍ക്കും പ്രകൃതിരമണീയതകള്‍ക്കും മുന്നില്‍ നിന്നു പടമെടുത്തു. വാഷിങ്ടണിലെ ന്യൂസിയം എന്ന വാര്‍ത്താ മ്യൂസിയത്തില്‍ ലോകത്തെ നടുക്കിയ വാര്‍ത്തകളിലെ യാഥാര്‍ഥ്യങ്ങള്‍ നേരിട്ടു കണ്ടു. ബെര്‍ലിന്‍ മതില്‍ പൊളിച്ചു നീക്കിയപ്പോള്‍ അതിന്റെ പ്രധാനപീസുകള്‍ കൊണ്ടുവന്ന് ന്യൂസിയത്തില്‍ വച്ചിരിക്കുന്നതിന്റെ മുന്നില്‍ നിന്നു പടമെടുത്തു. വേള്‍ഡ് ട്രേഡ് സെന്ററിന്റെ അവശിഷ്ടങ്ങള്‍, ഡാനിയേള്‍ പേളിന്റെ ക്യാമറയും പേനയും ലാപ്‌ടോപും അങ്ങനെ തുടങ്ങി ലോകമഹായുദ്ധകാലത്തുനിന്നുള്ള ശേഷിപ്പുകള്‍ മുതല്‍ അനേകം അനേകം ചരിത്രരേഖകള്‍ അവിടെ കണ്ടു.

ജേണലിസ്റ്റ് മെമ്മോറിയല്‍ എന്ന വിഭാഗത്തില്‍ വാര്‍ത്താശേഖരണത്തിനിടെ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ പട്ടികയില്‍ നിന്നും മലയാളത്തിന്റെ വിക്ടര്‍ ജോര്‍ജിന്റെ പേരും കംപ്യൂട്ടറില്‍ അദ്ദേഹത്തിന്റെ ജീവചരിത്രവും കണ്ട് ഒരു സല്യൂട്ട് നല്‍കി അല്‍പം വികാരഭരിതനായി കടന്നുപോന്നു. ഒടുവില്‍ ന്യൂസിയത്തിന്റെ ടെറസില്‍ നിന്നു സംഘാംഗങ്ങളോടൊപ്പം ഫോട്ടോയെടുത്തു.

പിബിഎസ് ടെലിവിഷന്‍ ചാനലിലെ ഏറ്റവും വലിയ ഷോ ആയ ന്യൂസ് അവറിന്റെ അവതാരകന്‍ ഹാരിയുമായി ഏറെനേരം ലോകമാധ്യമപ്രവര്‍ത്തനരാഷ്ട്രീയത്തെപ്പറ്റിയും സോഷ്യല്‍ മീഡിയയുടെ ആവിര്‍ഭാവത്തെപ്പറ്റിയും ചര്‍ച്ച ചെയ്തു. അമേരിക്കയിലെ തന്നെ ഏറ്റവും റേറ്റിങ് ഉള്ള ന്യൂസ് ഷോകളില്‍ ഒന്നായ ന്യൂസ് അവറിന്റെ അവതാരകനായ ഹാരിയെ കാണാന്‍ ലോക്കല്‍ സായിപ്പന്‍മാര്‍ പോലും വന്നിട്ടുണ്ടായിരുന്നു. ഇടയ്ക്ക് എന്റെ ലുക്കും മറ്റും കണ്ടിട്ടാവണം ഇന്ത്യയില്‍ എവിടെ ന്ിന്നാണെന്നു ഹാരി ചോദിച്ചു. ഇന്ത്യയുടെ താഴെഭാഗത്ത് കേരളം എന്നൊരു സാധനമുണ്ട് അവിടെ മലയാളം മാത്രമേയുള്ളു എന്നൊക്കെ പറഞ്ഞു പിടിപ്പിക്കുമ്പോള്‍ മിസ്റ്റര്‍ ഹാരി ഇങ്ങോട്ടു പറയുന്നു- മലയാളം ഞാന്‍ മറന്നിട്ടൊന്നുമില്ല- എന്ന്. ഹാരി ഹരിയാണ്. മ്മടെ പാലക്കാട്ടുകാരന്‍ ഹരി ശ്രീനിവാസന്‍.

അമേരിക്കയിലായാലും ഇന്ത്യയിലായാലും ഗാന്ധിജിയോട് എല്ലാവര്‍ക്കും ഒരേ സമീപനമാണ് എന്നു മനസ്സിലായത് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഫെറി ബില്‍ഡിങ്ങിനു മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ഗാന്ധി പ്രതിമ കണ്ടപ്പോഴാണ്. എന്തിനാണ് മഹാത്മാവിനെ അവിടെ പ്രതിഷ്ഠിച്ചതെന്നു ചോദിച്ചിട്ട് ആര്‍ക്കും വലിയ പിടിയില്ല. പക്ഷെ, ഗാന്ധിപ്രതിമയുടെ തലയില്‍ പക്ഷികള്‍ വളരെ ഭംഗിയായി കാഷ്ഠിച്ചിട്ടുണ്ടായിരുന്നു. ഗോള്‍ഡന്‍ ഗേറ്റ് പാലം വലിയ സംഭവമാണ് എന്നാണ് എല്ലാവരും പറയുന്നത്. ആറാം വയസ്സില്‍ ഈരാറ്റുപേട്ടയിലെ ഇരട്ടപ്പാലങ്ങള്‍ക്കു മീതേകൂടി കടന്നുപോയപ്പോഴത്തെ അനുഭവം ഗോള്‍ഡന്‍ ഗേറ്റ് പാലത്തിലൂടെ പോയപ്പോള്‍ എനിക്കുണ്ടായില്ല എന്നതില്‍ ഖേദിക്കുന്നു. എന്നാലും ആ പാലം ഒരു സംഭവമാണ്.

മയാമി ബീച്ചില്‍ നിന്നപ്പോള്‍ എല്ലാ ബീച്ചും ഒരുപോലെയാണെന്നേ എനിക്കു തോന്നിയുള്ളൂ. തീരവും തീരയും തമ്മിലുള്ള ആഖ്യയും അഖ്യാതവുമാണല്ലോ ബീച്ചിന്റെ രസം. അതൊക്കെ തന്നെയേ അവിയെടുമുള്ളൂ. സീക്വേറിയത്തില്‍പ്പോയി കന്യകമാര്‍ ഡോള്‍ഫിനുകളോടു കെട്ടിമറിയുന്നത് കണ്ടു. പ്രത്യകിച്ചൊന്നും തോന്നിയില്ല. വെര്‍മണ്ടും ബര്‍ളിങ്ടണും മാഞ്ചസ്റ്ററമൊക്കെ മഞ്ഞില്‍ പുതഞ്ഞു കിടക്കുകയായിരുന്നു. ഇടയ്‌ക്കൊക്കെ മഞ്ഞു പെയ്യുന്നുമുണ്ട്. വെര്‍മോണ്ടിലെ ട്രാപ്പ് ഫാമിലി ലോഡ്ജിനടുത്തുള്ള സ്‌കീയിങ് റിസോര്‍ട്ടിനു മുന്നില്‍ നിന്നു പടമെടുത്തു.

ഈ ട്രാപ്പ് ഫാമിലിയുടെ ജീവിതം അടിസ്ഥാനമാക്കിയാണ് ദി സൗണ്ട് ഓഫ് മ്യൂസിക് സിനിമ ചിത്രീകരിച്ചിട്ടുള്ളതത്രേ. മൊത്തത്തില്‍ അമേരിക്ക എന്നു പറയുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ആദ്യം തെളിഞ്ഞു വരുന്ന ക്ലീഷേ ചിത്രങ്ങളൊന്നുമല്ല യഥാര്‍ത്ഥ അമേരിക്ക. അന്യാദൃശവും അപൂര്‍വുമായ കാഴ്ചകളുടെയും ജീവിതങ്ങളുടെയും അനുഭവങ്ങളുടെയും അനന്തമായ താഴ്‌വരകളിലെ അമേരിക്കയെ ആണ് കാണേണ്ടത്. അല്ലാതെ വൈറ്റ് ഹൗസിനു മുന്നില്‍ നിന്നു പടമെടുത്തതുകൊണ്ടോ ലിബര്‍ട്ടി പ്രതിമയ്ക്കു മുന്നില്‍ കുന്തം വിഴുങ്ങി നിന്നതുകൊണ്ടോ അമേരിക്ക കണ്ടു എന്നു പറയാനാവില്ല. ഭൂരിപക്ഷം വരുന്ന അമേരിക്കക്കാരും സാധുക്കളും നിഷ്‌കളങ്കരുമാണ്. എന്നാലും കേരളത്തിന്റെ സൗന്ദര്യമോ ഭാരതത്തിന്റെ വൈവിധ്യമോ അമേരിക്കയ്ക്ക് ഇല്ല എന്നു പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.

വാഷിങ്ടണ്‍ ഡിസി ടു…..

ഹൗ മെനി കിലോമീറ്റേഴ്‌സ് ഫ്രം വാഷിങ്ടണ്‍ ഡിസി ടു മയാമി ബീച്ച് എന്ന് ആരും ഇനി ചോദിക്കരുത്. കാരണം ആ ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. ഇവിടെ കിലോമീറ്ററുകളില്ല, മൈലുകളേയുള്ളൂ. ഞാനിപ്പോള്‍ വാഷിങ്ടണ്‍ ഡിസിയില്‍ ആണ്. അധികം താമസിയാതെ മയാമിയിലേക്കു പോകും. എന്നാല്‍, വാഷിങ്ടണ്‍ സിഡിയില്‍ നിന്നും മയാമി ബിച്ചിലേക്കുള്ള ദൂരം അറിയാന്‍ കോട്ടയത്തോ കൊച്ചിയിലോ ഒക്കെ ഇരുന്നാല്‍ മതി. കൃത്യമായി പറഞ്ഞാല്‍ ദൂരം 1054 മൈല്‍ ആണ്. കിലോമീറ്റര്‍ കണക്കില്‍ പറഞ്ഞാല്‍ 1696.2 കിലോമീറ്റര്‍. നിങ്ങള്‍ക്കും പരിശോധിക്കാം.


View Larger Map

പറഞ്ഞു വരുന്നത് എന്താണെന്നു വച്ചാല്‍, അമേരിക്ക ഒരു വലിയ സംഭവമല്ല. കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തുമുള്ള ജീവിതത്തിന്റെ ചടുലത ഇവിടെയില്ല. മനുഷ്യജീവിതം കൊണ്ടു വര്‍ണാഭമായ പകലുകളുടെ ഭംഗി ഇവിടെയില്ല. ഞാന്‍ അമേരിക്കയ്ക്കു വില പറയാന്‍ വന്നതല്ലാത്തതുകൊണ്ടും എന്നെ അമേരിക്ക കല്യാണം കഴിക്കുന്നില്ലാത്തതുകൊണ്ടും എനിക്ക് അമേരിക്കയെക്കുറിച്ചോ അമേരിക്കയ്ക്ക് എന്നെക്കുറിച്ചോ ഉള്ള അഭിപ്രായങ്ങള്‍ക്കു പ്രസക്തിയില്ല. ഇംഗ്ലിഷ് മണി മണി പോലെ പറയാന്‍ നാലാഴ്ച ഇവിടെ നിന്നാല്‍ മതി. മൂന്നാഴ്ചത്തേക്കു വന്ന ഞാന്‍ അത് മണി മണിപോലെ പറഞ്ഞിട്ടു വലിയ കാര്യമൊന്നുമില്ല. സായിപ്പ് കേരളത്തില്‍ വന്നാല്‍ മലയാളം പറയാറില്ലാത്തതുകൊണ്ട് കഴിയുന്നതും ഞാന്‍ ഇവിടെ ഇംഗ്ലിഷും പറയാറില്ല. യെസ്, നോ തുടങ്ങിയവ കഴിഞ്ഞാല്‍ പിന്നെ സായിപ്പ് പറയുന്നതിനൊക്കെ അത് ശരി !, അതെയല്ലേ എന്നൊക്കെ പറഞ്ഞാലും സംഗതി കമ്യൂണിക്കേറ്റ് ചെയ്യുമെന്നു ഞാന്‍ തെളിയിച്ചു. ജെസിബിയുടെ ഡ്രൈവര്‍ ബജാജിന്റെ ബൈക്കോടിക്കുന്നവനെപ്പറ്റി അസൂയപ്പെടേണ്ട കാര്യമില്ലാത്തതു പോലെ 56 അക്ഷരമുള്ള മലയാളം പറയുന്ന ഞാന്‍ വെറും 26 അക്ഷരമുള്ള ഇംഗ്ലിഷ് പറയുന്നവരുടെ മുന്നില്‍ കോംപ്ലക്‌സ്‌ അടിക്കേണ്ട കാര്യമില്ലല്ലോ.

ഏറ്റവും വൈവിധ്യമായ കാലാവസ്ഥയുള്ള സ്ഥലം ഇന്ത്യയാണ് എന്നു പറയുന്നത് ചുമ്മാതാണ്. ഇവിടെ വാഷിങ്ടണ്‍ ഡിസിയില്‍ മുടിഞ്ഞ തണുപ്പും ഇടയ്‌ക്കൊരുമാതിരി വൃത്തികെട്ട മഴയുമാണെങ്കില്‍ മയാമിയില്‍ പൊരിവെയിലാണ്. കന്‍സസും ബോസ്റ്റണുമൊക്കെ മഞ്ഞു മൂടിക്കിടക്കാന്‍ തുടങ്ങീട്ട് കുറെ ദിവസമായി. എവിടെയെങ്കിലും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ഉണ്ടോ എന്നറിയില്ല. എന്തായാലും വൈവിധ്യങ്ങള്‍ക്ക് ഇവിടെയും ഒരു പഞ്ഞവുമില്ല. ആളുകള്‍ പൊതുവേ നല്ലവരാണ്. എല്ലാവരും മര്യാദക്കാരാണ്. നമ്മള്‍ വെറുതെ റോഡിലൂടെ നടന്നുപോയാല്‍ പോലും താങ്ക്യൂ എന്നു പറയുന്ന ടൈപ്പ് ആണ്. ഒരു പരിചയവുമില്ലാത്തവര്‍ പോലും സുഖമാണോ എന്നു ചോദിക്കും. എല്ലാവരും താങ്ക്യൂ എന്നു പറയുമ്പോള്‍ നമുക്ക് താങ്ക്യു പറയാനുള്ള അവസരം എപ്പോഴാണ് ലഭിക്കുക എന്നതാണ് വലിയൊരു പ്രതിസന്ധി.

റസിഡന്‍ഷ്യല്‍ സ്‌കൂളിലെപ്പോലെ എല്ലാവരും ഒരേപോലെ പെരുമാറുന്ന സമൂഹത്തില്‍ നമുക്ക് പ്രത്യേകിച്ച് പ്രസക്തിയൊന്നുമില്ല. അതുപോലെയൊക്കെ പെരുമാറുക അഥവാ അമേരിക്കക്കാരനെപ്പോലെ ഭാവിക്കുക എന്നതേ മറ്റേതു രാജ്യക്കാരനും ഇവിടെ ചെയ്യാനുള്ളൂ എന്നു തോന്നുന്നു. തെരുലിലൂടെ നടക്കുമ്പോള്‍ ഇന്ത്യക്കാരെ ഇഷ്ടം പോലെ കാണാം. എന്നാല്‍ മറ്റേതെങ്കിലും രാജ്യത്ത് വച്ച് ഇന്ത്യക്കാരനെ കണ്ടാല്‍ തോന്നുന്നതുപോലെ ഒരു വികാരത്തിന് ഇവിടെ വലിയ പ്രസക്തിയൊന്നുമില്ല. ചേട്ടാ ഞാനും ഇന്ത്യക്കാരനാ, കണ്ടാല്‍ തോന്നില്ലേ എന്ന ഭാവത്തില്‍ നമ്മള്‍ അമേരിക്കന്‍ വേഷധാരിയായ ഇന്ത്യക്കാരനെ നോക്കിയാല്‍ ഇന്ത്യ എന്താണെന്നറിയാത്ത വെള്ളക്കാരനാണ് താന്‍ എന്ന ഭാവത്തോടെ പാവപ്പെട്ട കണ്‍ഫ്യൂസ്ഡ് ദേശി നമ്മളെ തിരിച്ചു നോക്കും. ഒറിജിനല്‍ അമേരിക്കക്കക്കാരനെ സംബന്ധിച്ചിടത്തോളം നമ്മള്‍, കേരളത്തില്‍ മൈക്കാട് പണിക്കു വന്ന ഒറീസക്കാരനെപ്പോലെയാണ് എന്നു തോന്നുന്നു.

റോഡിലൂടെ വാഹനങ്ങള്‍ നിരനിരയായി പോകുന്നതും, ട്രാഫിക് സിഗ്നലുകളില്‍ നിര്‍ത്തി നിര്‍ത്തി മറ്റു വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യാതെ അടങ്ങിയൊതുങ്ങി പോകുന്നതുമൊക്കെ കാണുമ്പോള്‍ കേരളം മിസ്സ് ചെയ്യും. ഓട്ടോറിക്ഷകള്‍ ഉണ്ടായിരുന്നെങ്കില്‍ വാഷിങ്ടണ്‍ ഡിസി കുറച്ചുകൂടി ക്യൂട്ട് ആയേനെ എന്നും തോന്നി. റോഡുകള്‍ക്ക് നമ്പരും അക്ഷരങ്ങളുമൊക്കെയാണ് പേരുകള്‍. 1600 കെ സ്ട്രീറ്റ്, അല്ലെങ്കില്‍ 1800 എല്‍ സ്ട്രീറ്റ് തുടങ്ങിയ വിരസമായ പേരുകളെവിടെ കിടക്കുന്നു, എംജി റോഡ്, വൈക്കം മുഹമ്മദ് ബഷീര്‍ റോഡ്, പി.ടി.ഉഷ റോഡ് തുടങ്ങിയ കാല്‍പനിക റോഡുകളെവിടെ കിടക്കുന്നു. കാപ്പി, ചായ തൂടങ്ങിയ സംഗതികള്‍ രുചികരമായി കഴിക്കുന്നതെങ്ങനെ എന്ന കാര്യത്തില്‍ ഇവര്‍ അജ്ഞത നടിക്കുന്നതാണോ അതോ കടുംകാപ്പി കൊടുംകയ്‌പോടെ കുടിക്കാന്‍ ഇവിടുത്തുകാര്‍ക്ക് ശരിക്കും ഇഷ്ടമാണോ എ്‌ന്തോ.

അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ആദ്യവാരത്തില്‍ വാഷിങ്ടണ്‍ ഡിസിയിലെ അനുഭവം വച്ച് എനിക്കിത്രയൊക്കെയേ പറയാനുള്ളൂ. വരും ദിവസങ്ങളില്‍ അഭിപ്രായം മാറിയേക്കാം. എന്തായാലും പലരും കരുതുന്നതുപോലെ സ്വര്‍ഗത്തിലോ… നമ്മള്‍ സ്വപ്‌നത്തിലോ എന്നൊക്കെ ചോദിച്ചു പാട്ടുംപാടി നടക്കാന്‍ മാത്രം ഇവിടൊന്നും ഞാന്‍ കാണുന്നില്ല. അതിനൊക്കെയുള്ള സ്‌കോപ് നമ്മുടെ ഭൂമി മലയാളത്തിലാണ്. അല്ലെങ്കില്‍ രാജ്യാന്തര നിലവാരത്തില്‍ ചിന്തിക്കാന്‍ കഴിയാത്ത ബ്ലഡി മല്ലുവിന്റെ ജല്‍പനങ്ങളുമാവാം. എന്തായാലും വിമാനത്തിലും എയര്‍പോര്‍ട്ടിലുമൊക്കെയായി പത്ത് മുപ്പത് മണിക്കൂറോളം ബോറടിപ്പിക്കുന്ന യാത്ര ചെയ്ത് കൊച്ചിയില്‍ നിന്നും അമേരിക്കയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന എല്ലാ അമേരിക്കന്‍ മലയാളികളെയും ഞാന്‍ സമ്മതിച്ചിരിക്കുന്നു. ബന്ധുര ലുഫ്താന്‍സ ഫ്‌ളൈറ്റിലാണെങ്കിലും പണ്ടാരമടങ്ങല്‍ ഒരു പണ്ടാരമടങ്ങല്‍ തന്നെയാണല്ലോ.

Note: ഇവിടുത്തെ മിക്കവാറും എല്ലാ സ്മാരകങ്ങളുടെയും മുന്നില്‍ ഞാന്‍ വിജൃംഭിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. അതുപോലെ തന്നെ ലോക്കല്‍ സെലബ്രിറ്റികളുടെ തോളില്‍ ചാരി നിന്നുകൊണ്ടുള്ള പടങ്ങളും ഉണ്ട്. പറഞ്ഞന്നേയുള്ളൂ. അതൊക്കെ അപ്‌ലോഡ് ചെയ്ത് നിങ്ങളെ ബുദ്ധിമുട്ടിക്കാത്തതിന് നന്ദി വേണം.

അക്കരെ അക്കരെ അക്കരെ

കേരളമെന്ന ഇട്ടാവട്ടത്തില്‍ കിടന്നു തായം കളിച്ചു ബോറടിച്ചതുകൊണ്ടല്ല. അമേരിക്ക നിര്‍ബന്ധിച്ചതുകൊണ്ടു മാത്രം മൂന്നാഴ്ചത്തെ പര്യടനത്തിനായി ഞാന്‍ പുറപ്പെടുകയാണ്. ഐവിഎല്‍പി എന്നു പറയുന്ന ഇന്റനാഷനല്‍ വിസിറ്റര്‍ ലീഡര്‍ഷിപ് പ്രോഗ്രാമിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സേഴ്‌സ് എന്ന പരിപാടിയില്‍ ഇന്ത്യയില്‍ നിന്നുള്ള നാലുപേരില്‍ ഒരാളായി ഇന്നു ചെന്നൈയില്‍ നിന്നു ലുഫ്താന്‍സ വിമാനത്തില്‍ ഞാന്‍ പുറപ്പെടും. ശനിയാഴ്ച വൈകിട്ട് (ഇന്ത്യന്‍ സമയം ഞായറാഴ്ച രാവിലെ) വാഷിങ്ടണ്‍ ഡിസിയില്‍ ഇറങ്ങും. തുടര്‍ന്ന് മാര്‍ച്ച് 1 വരെ വാഷിങ്ടണ്‍ ഡിസിയിലും മാര്‍ച്ച് 6 വരെ കാലിഫോര്‍ണിയയിലും മാര്‍ച്ച് 10 വരെ മയാമിയിലും മാര്‍ച്ച് 13 വരെ ബര്‍ലിങ്ടണിലും മാര്‍ച്ച് 15 വരെ ന്യൂഹാംപ്‌ഷെയറിലെ മാഞ്ചസ്റ്ററിലും വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഗൂഗിള്‍, ഫേസ്ബുക്ക്, ലിങ്ക്ട്ഇന്‍, ട്വിറ്റര്‍, എന്‍പിആര്‍, വാഷിങ്ടണ്‍ പോസ്റ്റ്, സാന്‍ഫ്രാന്‍സിസ്‌കോ ക്രോണിക്കിള്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളിലാണ് എക്‌സേഞ്ച് വിസിറ്റര്‍ പ്രോഗ്രാമിന്റെ വിവിധ ഘട്ടങ്ങള്‍ നടക്കുന്നത്. 16ന് വൈകിട്ട് ബോസ്റ്റണില്‍ നിന്നും മടങ്ങിപ്പോരും.

ഇത് ഒരു ഒഫിഷ്യല്‍ പ്രോഗ്രാമായതുകൊണ്ട് ബെര്‍മുഡ ഇട്ട് ബീച്ചിലൂടെ നടക്കാനോ മലയാളി അസോസിയേഷനുകളുടെ പരിപാടികളില്‍ പങ്കെടുക്കാനോ എനിക്കു സാധിച്ചെന്നു വരില്ല. എങ്കിലും എന്നെ ഹോട്ടലില്‍ വന്നു കണ്ട് വില പിടിച്ച സമ്മാനങ്ങള്‍ നല്‍കാനാഗ്രഹിക്കുന്നവരെ ഞാന്‍ പിന്തിരിപ്പിക്കുന്നുമില്ല. ഒന്നുകില്‍ അമേരിക്ക, അല്ലെങ്കില്‍ ഞാന്‍. രണ്ടിലൊന്ന് ഈ മൂന്നാഴ്ച കൊണ്ട് ഒരു പാഠം പഠിക്കും. ഈ പോസ്റ്റ് ഞാന്‍ പാലായില്‍ നിന്നാണ് പബ്ലിഷ് ചെയ്യുന്നത്. എന്നാല്‍ ഇതിന്റെ കമന്റുകള്‍ അപ്രൂവ് ചെയ്യപ്പെടുന്നത് ചെന്നൈയില്‍ നിന്നോ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നോ വാഷിങ്ടണ്‍ ഡിസിയില്‍ നിന്നോ ഒക്കെയാവാം. ഈ ബ്ലോഗില്‍ കമന്റിടുന്നവരുടെയൊക്കെ ടൈം. ഇതാണ് എന്റെ ഇമെയില്‍- berly@berlytharangal.com

മോണലിസയുടെ അനിയത്തി

ഡാവിഞ്ചി ആളൊരു ഭയങ്കരനായിരുന്നു. പുള്ളി വരച്ചിട്ടുള്ള പടങ്ങളില്‍ ഏതാണ്ട് ഏറ്റവും ഗംഭീരം എന്നൊന്നും തീരുമാനമായിട്ടില്ല. എങ്കിലും ലോകത്ത് ഏറ്റവും അധികം കണ്ടിട്ടുള്ള പെയിന്‍റിങ് എന്ന ബഹുമതിയുള്ള മോണലിസയാണ് ഡാവിഞ്ചിയുടെ മാസ്റ്റര്‍പീസ് എന്നു പലരും പറയുന്നുണ്ട്. ഇപ്പോള്‍ എന്താണ് പുതിയ വിശേഷമെന്നു ചോദിച്ചാല്‍, സാക്ഷാല്‍ മോണലിസയുടെ അനിയത്തിയെന്നു തോന്നിക്കുന്ന മറ്റൊരു ചിത്രം ഗവേഷകര്‍ കണ്ടെടുത്തിരിക്കുന്നു. നമ്മള്‍ കണ്ടിട്ടുള്ള മോണലിസയെ വരയ്‍ക്കുന്നതിനു 10 വര്‍ഷം മുമ്പ് ഡാവിഞ്ചി വരച്ചതാണ് ഇതെന്നാണ് നിഗമനം.

Isleworth Mona Lisa എന്നാണ് ചെറുപ്പക്കാരിയും കുറച്ചുകൂടി സന്തോഷവതിയുമായ മോണലിസയുടെ പേര്. ഒരേ മോഡലിനെ തന്നെ അദ്ദേഹം രണ്ട് കാലഘട്ടങ്ങളില്‍ വരച്ചതാവാനും മതി. എന്തായാലും മോണലിസ ഫൗണ്ടേഷന്‍ ഈ പുതിയ മോണലിസയെ നാളെ ജനീവയില്‍ അനാവരണം ചെയ്യുകയാണ്. നിലവിലുള്ള മോണലിസയെക്കാള്‍ അല്‍പം കൂടി വലിപ്പമുള്ള പെയിന്‍റിങ്ങാണ് ഇപ്പോള്‍ കണ്ടെടുത്തിരിക്കുന്നതത്രേ. ഇതൊക്കെ ഒരു തട്ടിപ്പാവാനും മതി എന്നും ചിലര്‍ വാദിക്കുന്നുണ്ട്. ചരിത്രകാരന്മാരുടെ ഇതുവരെയുള്ള പഠനങ്ങള്‍ സംഗതി ഒറിജിനലാണെന്നും ശരിക്കുള്ള മോണലിസയെക്കാള്‍ പഴക്കമുള്ളതാണെന്നുമുള്ള നിഗമനത്തില്‍ എത്തി നില്‍ക്കുന്നു. നാളെ എല്ലാം മാറിമറിയാനും മതി. ഇപ്പോള്‍ കിട്ടിയ മോണലിസയുടെ ചിത്രവും നേരത്തെ കയ്യിലുള്ള മോണലിസയുടെ ചിത്രവും താഴെ കൊടുക്കുന്നു. വേറെ വിശേഷം ഒന്നുമില്ല.

Reference: Discovery News, History Channel, ABC News

ആരും പ്രസംഗിക്കാത്ത പ്രസംഗം

ചൊവ്വയിലെ ഏകാന്തതയുടെ അപാരതീരങ്ങളില്‍ ക്യൂരിയോസിറ്റി കിടന്നു കറങ്ങുകയാണ്. ഫോട്ടോ എടുത്തയക്കുന്നു, ട്വീറ്റ് ചെയ്യുന്നു, കോമഡികള്‍ പറയുന്നു, മൊത്തത്തില്‍ നാസയുടെ മൈബൈല്‍ സയന്‍സ് ലബോറട്ടറി ഉഷാറാണ്. രണ്ടു വര്ഷത്തെ കട്ടപ്പണി കഴിഞ്ഞ് സാധനം തിരികെയെത്തുമ്പോഴേക്കും അടുത്ത ടീം പോകാന്‍ റെഡിയായിട്ടുണ്ടായിരിക്കും. എന്നാല്‍, 2013ല്‍ ഇന്ത്യയുടെ ചൊവ്വ കുടിയേറ്റമുണ്ടാകുമെന്നാണ് പറയുന്നത്. അപ്പോള്‍ ക്യൂരിയോസിറ്റിയും ഇന്ത്യയുടെ വണ്ടിയും കൂടി ചൊവ്വയിലൂടെ മല്‍സരയോട്ടം നടത്തുമോ എന്നും പറയാന്‍ പറ്റില്ല.

ഈ വണ്ടികളിലൊന്നും ആളില്ലാത്തതുകൊണ്ട് ദുരന്തഭീതിയില്ല എന്നതാണ് പ്രധാന കാര്യം. എന്നാല്‍, വര്‍ഷങ്ങള്‍ക്കു മുമ്പ് മനുഷ്യന്‍(മാര്‍) ചന്ദ്രനില്‍ കാലുകുത്തുമ്പോള്‍ സ്ഥിതി ഇതായിരുന്നില്ലല്ലോ. 1969ല്‍ ചന്ദ്രലിറങ്ങി തിരിച്ചു വന്ന ശാസ്ത്രജ്ഞര്‍ ചരിത്രത്തിലെ ശാസ്ത്രവിജയങ്ങളുടെ തേരാളികളുമാണ്. എന്നാല്‍, ചന്ദ്രനിലേക്കു പുറപ്പെട്ട നീല്‍ ആംസ്‍ട്രോങ്ങും എഡ്വിന്‍ ആല്‍ഡ്രിനും അവിടെത്താതിരിക്കുകയോ ദൗത്യം പൂര്‍ത്തിയാക്കി തിരികെയെത്താതിരിക്കുകയോ ചെയ്തിരുന്നെങ്കില്‍ ചരിത്രം മറ്റൊന്നായെനെ. ഇപ്പോള്‍ ഇതെന്തിനു പറയുന്നു എന്നു ചോദിച്ചാല്‍, ചാന്ദ്രദൗത്യം പരാജയപ്പെട്ടിരുന്നെങ്കില്‍ പ്രസിഡന്‍റ് നിക്സന്‍ നടത്താനിരുന്ന പ്രസംഗത്തിന്‍റെ പൂര്‍ണരൂപം പങ്കു വയ്‍ക്കുന്നതിനു വേണ്ടിയാണ്.

നാസയുടെ 1969ലെ ചാന്ദ്രദൗത്യം പരാജയപ്പെടുകയും ശാസ്ത്രജ്ഞര്‍ കൊല്ലപ്പെടുകയും ചെയ്യാനുള്ള സാധ്യത കൂടി കണക്കിലെടുത്ത രാജ്യം, അഥവാ അങ്ങനെ സംഭവിച്ചാല്‍ പ്രസിഡന്‍റിനു ലോകത്തോട് ഗദ്ഗദത്തോടെ പറയാനുള്ള വാക്കുകള്‍ നേരത്തെ തയ്യാറാക്കി വച്ചിരുന്നു. നിക്സന്‍റെ പ്രസംഗ എഴുത്തുകാരനായ വില്യം സഫയര്‍ തയ്യാറാക്കിയ നീല്‍ ആംസ്ട്രോങ്ങിനും എഡ്വിന്‍ ആല്‍ഡ്രിനും ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്ന പ്രസംഗം യുഎസ് സര്‍ക്കാരിന്‍റെ ആര്‍കൈവ്സ് വെബ്സൈറ്റിലുണ്ട്. ഇപ്പോള്‍ അത് വായിക്കുമ്പോള്‍ പോലും ഒരുള്‍ക്കിടിലം.1969 ജൂലൈ 20 ചങ്ങാതിമാര്‍ ചന്ദ്രനില്‍ കാലു കുത്തി. പ്രസംഗം തയ്യാറാക്കി അയച്ചിരിക്കുന്നത് രണ്ടു ദിവസം മുമ്പ് ജൂലൈ 18നും.

ഓരോ വാക്കിലും നിറഞ്ഞു നില്‍ക്കുന്ന ആഥ്മാര്‍ത്ഥതയും സങ്കടവും നിഷ്കളങ്കമായ നഷ്ടബോധവും എന്നാല്‍ മാനവരാശിക്കു വേണ്ടി ജീവന്‍ നല്‍കിയ അവരെക്കരുതിയുള്ള അഭിമാനവുമെല്ലാം അവര്‍ പുല്ലുപോലെ പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ എഴുതിയതാണെന്നോര്‍ക്കണം. രണ്ടാമത്തെ പേജിന്‍റെ അവസാനം പ്രസിഡന്‍റ് പ്രസംഗത്തിനു മുമ്പ് ബഹിരാകാശയാത്രികരുടെ വിധവകളെ ഫോണില്‍ വിളിച്ച് സംസാരിക്കണമെന്നും പ്രസംഗത്തിനു ശേഷം, നാസ ബഹിരാകാശയാത്രികരുമായുള്ള വാര്‍ത്താവിനിമയബന്ധം വിച്ഛേദിച്ചതിനു ശേഷം അവരെ കടലില്‍ സംസ്കരിക്കുന്നതായുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എഴുതിയിരിക്കുന്നു.

പ്രസംഗം ചുവടെ.
Page 1[Link]
Page 2[Link]