ഇന്നസെന്റ് ചേട്ടന് ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട ഇന്നസെന്റേട്ടന്,

ആഗതമായിക്കൊണ്ടിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്നും അങ്ങു മല്‍സരിക്കുന്നതായി പത്രമാധ്യമങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. അങ്ങയുടെ ഒരു കടുത്ത ആരാധകനെന്ന നിലയ്ക്ക് അങ്ങേയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. കേരളത്തിലെ രാഷ്ട്രീയചരിത്രവും മലയാളികളുടെ വോട്ടിങ് ശൈലിയുമൊക്കെ വച്ചുനോക്കിയാല്‍ ഒരു കാര്യം വളരെ വ്യക്തമായി ഞാന്‍ പറയാനാഗ്രഹിക്കുന്നു- അങ്ങ് എട്ടു നിലയില്‍ പൊട്ടും. ഇടതിന്റെ കൂടെയോ വലതിന്റെ കൂടെയോ ബിജെപിയുടെ കൂടെയോ നിന്നാലും അങ്ങു പൊട്ടും. തോറ്റാലും വേണ്ടില്ല, മല്‍സരിച്ചേ അടങ്ങൂ എന്നാണെങ്കില്‍ അങ്ങേയ്ക്ക് ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാമായിരുന്നു. ഞാനും സാറാ ജോസഫും അനിത പ്രതാപുമൊക്കെ ഇന്ത്യയെ അഴിമതിമുക്തമാക്കാന്‍ വേണ്ടി തിരഞ്ഞെടുപ്പില്‍ നിന്നു തോറ്റവരാണ് എന്നു പിന്നീടു പറയാന്‍ കഴിയുന്നത് തന്നെ ഒരു അഭിമാനമാണ്. ഇത്ര മൃഗീയമായി അഭിപ്രായം പറയുന്ന ഞാനൊരു മൃഗമാണെന്ന് അങ്ങേയ്ക്കു തോന്നാം. എന്നാല്‍, അങ്ങനെയല്ല. ടെക്‌നോളജി റിപ്പോര്‍ട്ടറായ ഞാന്‍ ഹാര്‍ഡ് വെയറും സോഫ്റ്റ്‌വെയറും ഓപ്പറേറ്റിങ് സിസ്റ്റവുമൊക്കെ കൈകാര്യം ചെയ്ത് അടുത്തകാലത്തായി ഹാര്‍ഡ്‌കോര്‍ ആയിപ്പോയതാണ്.

അല്ലെങ്കിലും അങ്ങു തിരഞ്ഞെടുപ്പില്‍ ജയിച്ചിട്ട് ആര്‍ക്ക് എന്തു പ്രയോജനമാണ് ഉണ്ടാകാന്‍ പോകുന്നത് എന്ന് എനിക്കു മനസ്സിലാവുന്നില്ല. പാര്‍ലമെന്റ് ഒക്കെ ഒന്നു ചുറ്റി നടന്നു കാണാനാണെങ്കില്‍ തന്നെ അതിന് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു ജയിക്കേണ്ട ആവശ്യമുണ്ടോ ? അമ്മയുടെ ഓഫിസ് പോലെയല്ല പാര്‍ലമെന്റ്. ഇന്ത്യയുടെ നാനാഭാഗത്തു നിന്നും അവിടെയെത്തുന്ന എംപിമാര്‍ മമ്മൂട്ടിയെയോ മോഹന്‍ലാലിനെയോ ദിലീപിനെയോ ഒന്നും പോലെയുള്ളവരായിരിക്കില്ല. ജഗദീഷിനെയും ഇടവേള ബാബുവിനെയുമൊക്കെ കൈകാര്യം ചെയ്തിട്ടുള്ള അങ്ങേയ്ക്ക് ഏതു കൊലകൊമ്പനെയും കൈകാര്യം ചെയ്യാമെന്നുള്ള ആത്മവിശ്വാസം ഉണ്ടായിരിക്കാം. എന്നാല്‍, അവിടെയെത്തുന്നവരില്‍ ചെറിയൊരു ശതമാനം മാത്രമേ അങ്ങയെ കാണുമ്പോള്‍ മാന്നാര്‍ മത്തായി സ്പീക്കിങ്ങും കിലുക്കവും കാബൂളിവാലയുമൊക്കെ ഓര്‍ക്കുകയുള്ളൂ എന്നത് മറന്നു പോകരുത്. ആളുകള്‍ പെപ്പര്‍ സ്‌പ്രേയൊക്കെയായി വരുന്ന സ്ഥലമാണ്, സൂക്ഷിക്കണം.

ഇനിയുള്ള ജീവിതം ജനങ്ങള്‍ക്കു വേണ്ടി നല്ല കാര്യം ചെയ്യാന്‍ വിനിയോഗിക്കും എന്ന് അങ്ങു പറഞ്ഞതായി പത്രത്തില്‍ വായിച്ചു. ജനങ്ങള്‍ക്കു നല്ല കാര്യം ചെയ്യണമെങ്കില്‍ പാര്‍ലമെന്റില്‍ പോകണം എന്നതൊരു മിഥ്യാധാരണയാണ്. മഹാത്മാഗാന്ധിയും മദര്‍ തെരേസയുമൊന്നും നല്ല കാര്യം ചെയ്തതും മാതാ അമൃതാനന്ദമയിയും മറ്റും ഇപ്പോള്‍ നല്ല കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതും പാര്‍ലമെന്റില്‍ പോയിട്ടല്ല എന്ന് അങ്ങു മനസ്സിലാക്കണം. ജോണ്‍ ബ്രിട്ടാസിനെപ്പോലെയുള്ള മഹാരഥന്‍മാര്‍ പോലും നല്ല കാര്യം ചെയ്യാന്‍ പാര്‍ലമെന്റിലേക്കല്ല, ന്യൂയോര്‍ക്കിലേക്കാണ് പോയത് എന്നത് അങ്ങു മറന്നുപോകരുത്. തിരഞ്ഞെടുപ്പില്‍ ജയിച്ചിട്ടേ ജനങ്ങള്‍ക്കു വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യൂ എന്ന് അങ്ങേയ്ക്ക് വാശിയുണ്ടെങ്കില്‍ അങ്ങ് അടുത്ത തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഇരിഞ്ഞാലക്കുട നഗരസഭയിലേക്കു മല്‍സരിക്കുക. ഇരിഞ്ഞാലക്കുടയിലെ ജനങ്ങള്‍ക്ക് നല്ല കാര്യം ചെയ്യാന്‍ അങ്ങേയ്ക്ക് സ്വാതന്ത്ര്യവും മനോധര്‍മവും സര്‍ഗബോധവും വേണ്ടുവോളം പ്രയോജനപ്പെടുത്താം.

രാഷ്ട്രീയത്തെക്കുറിച്ച് വലിയ അറിവൊന്നും അങ്ങേയ്ക്കില്ല എന്നു പറയുന്ന അങ്ങു തന്നെ എന്നെ വോട്ടു ചെയ്ത് വിജയിപ്പിക്കണം എന്നു പറയുന്നത് വിരോധാഭാസമാണ് എന്നാണെന്റെ അഭിപ്രായം. അഭിനയമറിയാത്ത നടിയെ സിനിമയില്‍ അഭിനയിപ്പിക്കുന്നതുപോലെ ഈസിയല്ല ചേട്ടാ, രാഷ്ട്രീയമറിയാത്ത സിനിമാ നടനെ നിയമനിര്‍മാണം പഠിപ്പിക്കുന്നത്. ചുറ്റും ആരാധന നിറഞ്ഞ മുഖങ്ങള്‍ കാണുമ്പോള്‍ അതൊക്കെ വോട്ടായി മാറുമെന്നുള്ള സിനിമാക്കാരുടെ വിശ്വാസം വെറും അന്ധവിശ്വാസമാണെന്ന് കാലാകാലങ്ങളില്‍ കേരളത്തിലെ വോട്ടര്‍മാര്‍ തെളിയിച്ചിട്ടുള്ളതാണ്. ജനങ്ങള്‍ക്കു നല്ല കാര്യങ്ങള്‍ ചെയ്യാന്‍, നല്ല സന്ദേശങ്ങള്‍ നല്‍കാന്‍ ഏറ്റവും ശക്തമായ മാധ്യമം സിനിമയാണ്. ആ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന അങ്ങ് പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും ജയരാജന്‍മാരുടെയുമൊക്കെ കീഴില്‍ ജനസേവനത്തിന്റെ പുതിയ പാഠങ്ങള്‍ പഠിക്കുന്നത് അബദ്ധമാണ് എന്നാണെന്റെ അഭിപ്രായം. ഇനിയും വൈകിയിട്ടില്ല. വീണ്ടും വീണ്ടും ആലോചിക്കുക. സര്‍വേശ്വരന്‍ അങ്ങേയ്ക്ക് ശരിയായ വഴി തിരഞ്ഞെടുക്കാനുള്ള വിവേകം നല്‍കട്ടെ എന്നാശംസിക്കുന്നു. രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയും അങ്ങു ചാലക്കുടി എംപിയും ആയിത്തീരട്ടെ എന്നു പ്രാര്‍ഥിച്ചുകൊണ്ട് നിര്‍ത്തുന്നു.

ഒരു ആരാധകന്‍.

പറവൂര്‍ പെണ്‍കുട്ടിക്ക് ഒരു മറുപടി

പ്രിയപ്പെട്ട പറവൂര്‍ പെണ്‍കുട്ടി,

ഒബ്‌സര്‍വേഷന്‍ ഹോമിലെ തടവറയില്‍ നിന്നും തന്നെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കുട്ടി മുഖ്യമന്ത്രിക്ക്‌ എഴുതിയ കത്ത്‌ മാധ്യമങ്ങളില്‍ നിന്നും വായിച്ചു. ഈ മാസം ആദ്യം അയച്ച കത്തിനെപ്പറ്റി ഇന്നു മാധ്യമങ്ങളില്‍ വന്ന നിലയ്ക്ക് ഇപ്പം ശരിയാക്കിത്തരാം എന്നുറപ്പു തരുന്ന മറുപടി രണ്ടു ദിവസത്തിനകം കുട്ടിക്ക് ലഭിക്കും. ‘നിയമം അതിന്റെ വഴിക്കു പോകും’ എന്ന പ്രപഞ്ചസത്യവും അതോടൊപ്പം കാണും, ഭയപ്പെടുത്. അതിനു പുറമേ കുട്ടിയെ നേരില്‍ കണ്ട് ആശ്വസിപ്പിക്കാനും ധൈര്യം പകരാനും നേതാക്കന്‍മാരുടെ ഒരു സംഘം നേരിട്ടു വരാനും സാധ്യതയുണ്ട്. മന്ത്രിമാരോ മറ്റോ വരികയാണെങ്കില്‍ പേഴ്‌സനല്‍ സ്റ്റാഫിനെ പുറത്തു നിര്‍ത്തിയിട്ടേ അകത്തു കടക്കാവൂ എന്നു പ്രത്യേകം പറയണം. ഇവര്‍ക്കു പുറമേ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും കുട്ടിക്കു വേണ്ടി മുണ്ടുമടക്കി ഉടുത്ത് രംഗത്തിറങ്ങാന്‍ സാധ്യതയുണ്ട്. സ്ത്രീപീഡനക്കേസിലെ പ്രതികളെ കയ്യാമം വയ്ക്കുന്നതില്‍ പുള്ളി സ്‌പെഷലിസ്റ്റാണ്. പോരെങ്കില്‍, പാര്‍ട്ടി വിലക്കുള്ളതുകൊണ്ട് ഇപ്പോള്‍ വേറെ പരിപാടികളുമില്ല.

കുട്ടി കത്തില്‍ പറയുന്ന കാര്യങ്ങളൊക്കെ വേദനാജനകവും അങ്ങേയറ്റം ഖേദകരവുമാണ്. ക്രൂരമായി പീഡിപ്പിക്കപ്പെട്ട കുട്ടി ഒബ്‌സര്‍വേഷന്‍ ഹോമിലെ തടവറയില്‍ കഴിയുകയും കുട്ടിയെ പീഡിപ്പിച്ചവര്‍ ജാമ്യമെടുത്ത് കൂള്‍ കൂളായി പുറത്ത് അടിച്ചുപൊളിക്കുകയും ചെയ്തതിനെപ്പറ്റി കുട്ടി പറഞ്ഞല്ലോ. ഇവിടെ നാട്ടുനടപ്പ് അങ്ങനെയാണ്. നമ്മുടെ വിദ്യാഭ്യാസ-സാംസ്‌കാരിക-സദാചാര മൂല്യങ്ങള്‍ അനുസരിച്ച് കുറ്റം ചെയ്തവരുടെ മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവുമാണ് കൂടുതല്‍ വിലമതിക്കപ്പെടുന്നത്. കുട്ടി പീഡിപ്പിക്കപ്പെട്ടതിന്റെ കുറ്റം കുട്ടിയുടേതു മാത്രമണെന്നു തെളിയിക്കാനുള്ള കഠിനമായ പരിശ്രമത്തിലായിരിക്കും പ്രതിഭാഗം എന്നതിനാല്‍ ആ മഹാപാപികളുടെ കയ്യില്‍ നിന്നു നോട്ടുകെട്ടുകള്‍ എണ്ണി വാങ്ങി കോടതിയില്‍ കുട്ടിയെ വേട്ടയാടുന്ന ചോദ്യങ്ങള്‍ ചോദിക്കുന്ന വക്കീലന്‍മാരെ നന്നാക്കാം എന്ന പ്രതീക്ഷ വേണ്ട.

കുട്ടിക്കു വേണ്ടി ഹാജരാവേണ്ട സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ക്കു ഇതുവരെ വാദിച്ച കേസുകളില്‍ സര്‍ക്കാര്‍ പണം നല്‍കാത്തിനാല്‍ അദ്ദേഹം അപേക്ഷ നല്‍കി കേസ് നീട്ടിവയ്പിച്ചിരിക്കുകയാണെന്നു കുട്ടിയുടെ കത്തില്‍ പറയുന്നുണ്ടല്ലോ. കുട്ടീ, സര്‍ക്കാര്‍ വലിയ സാമ്പത്തികപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഖജനാവില്‍ ഒന്നുമില്ല എന്നു മാണിസാര്‍ പറഞ്ഞപ്പോള്‍ കരഞ്ഞില്ല എന്നേയുള്ളൂ. മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കാനും കാറുകള്‍ മാറി മാറി വാങ്ങാനും തന്നെ പണം തികയാതിരിക്കുമ്പോള്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ക്ക് കൊടുക്കാന്‍ പണം എവിടെ നിന്നു കണ്ടെത്തും എന്നത് വലിയൊരു ചോദ്യമാണ്. പോരെങ്കില്‍ അടുത്ത കാലത്ത് ക്രൂരമായി പീഡിപ്പിക്കപ്പെട്ട സരിത എസ്.നായര്‍ എന്നൊരു പാവപ്പെട്ട പെണ്‍കുട്ടിയുടെ കേസു നടത്തുന്നതിനു വേണ്ടി സര്‍ക്കാര്‍ ഒരുപാട് പണം ചിലവഴിച്ചു കഴിഞ്ഞു.

കേസുകള്‍ വേഗം തീര്‍ന്നാല്‍ നന്നായി പഠിച്ച് ഉപദ്രവിച്ചവരുടെ മുന്നില്‍ നന്നായി ജീവിച്ചു കാണിക്കണം എന്ന കുട്ടിയുടെ ആഗ്രഹം വളരെ ഉന്നതമാണെന്നു പറയാതെ വയ്യ. വിചാരണ രണ്ടു കൊല്ലം കൊണ്ട് അവസാനിപ്പിച്ച് കേസ് തീര്‍ക്കണം എന്നു ഹൈക്കോടതി തന്നെ ഉത്തരവിട്ടിട്ടുണ്ടെങ്കിലും രണ്ടു കൊല്ലം കൊണ്ട് 42 കേസുകളില്‍ ആറെണ്ണത്തില്‍ മാത്രമാണ് വിചാരണ നടന്നത് എന്നു കുട്ടി തന്നെ സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഈ നിലയ്ക്കാണ് കേസ് മുന്നോട്ടു പോവുന്നതെങ്കില്‍ 42 കേസിലും വിചാരണ തീരണമെങ്കില്‍ ഇനിയും 20 വര്‍ഷം കൂടി വേണ്ടി വരും. ഇത് വളരെ ആശങ്കാജനകമാണ്. ഒബ്‌സര്‍വേഷന്‍ ഹോമിലെ ജീവിതം ടിപി വധക്കേസിലെ പ്രതികളുടെ ജയില്‍ജീവിതത്തെക്കാള്‍ (കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും കഠിനമായ ജയില്‍ജീവിതം അനുഭവിക്കുന്നത് ആ പാവം ചെറുപ്പക്കാരാണ്) കഠിനമാണെന്നു കുട്ടിയുടെ വാക്കുകളില്‍ നിന്നു മനസ്സിലാകുന്നു.

ഇങ്ങനെ കത്തെഴുതിയതുകൊണ്ട് കാര്യമായ എന്തെങ്കിലും പ്രയോജനം ഉണ്ടാകും എന്നെനിക്കു പ്രതീക്ഷയില്ല. അതുകൊണ്ട്, കേസില്‍ വിചാരണ വേഗം നടക്കണം എന്നുണ്ടെങ്കില്‍ കുട്ടി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും മറ്റൊരു കത്തു കൂടി അയക്കണം. കുട്ടിയെ ഉപദ്രവിച്ചവരോടൊപ്പം സിപിഎം ഉന്നതര്‍ ഉണ്ടെന്നു ചുമ്മാ കണ്ണും പൂട്ടി എഴുതിയാല്‍ മതി. 24 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയും കേസ് അത്യന്തം അസാധാരണമാണെന്നു പ്രഖ്യാപിച്ച് പ്രത്യേക കോടതിയിലേക്കു മാറ്റി ഒന്നോ രണ്ടോ മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കുകയും ചെയ്യും. ഒരിക്കലും ഒരു കോണ്‍ഗ്രസ് നേതാവ് ഉപദ്രവിച്ചു എന്ന് ആരോടും കളിയായി പോലും പറയരുത്. സൂര്യനെല്ലി പെണ്‍കുട്ടിക്ക് സംഭവിച്ചത് എന്താണെന്നു മറക്കരുത്.

കുട്ടിയുടെ എല്ലാ വേദനകള്‍ക്കും ഈശ്വരന്‍ പരിഹാരമുണ്ടാക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു. കുട്ടിയോട് അവിടെ മനുഷ്യത്വപൂര്‍വം പെരുമാറുന്ന, ഇങ്ങനൊരു കത്തെഴുതി അത് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിക്കാന്‍ സഹായിച്ച എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും ദൈവം അനുഗ്രഹിക്കട്ടെ.

എന്ന് ഒരു സഹോദരന്‍.

ബിന്ദു കൃഷ്ണ ചേച്ചിക്ക് ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട ബിന്ദു ചേച്ചിക്ക്,

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പദം അലങ്കരിക്കുന്ന ചേച്ചിക്ക് എന്റെ വന്ദനം. സമൂഹത്തില്‍ സ്ത്രീകളുടെ ശത്രു സ്്ത്രീകള്‍ തന്നെയാണ് എന്നാരോ പറഞ്ഞിട്ടുള്ളത് ശരിയാണ് എന്നു തോന്നിയത് ചേച്ചിയുടെ ഇന്നലത്തെ പ്രസ്താവന കേട്ടപ്പോഴാണ്. കോണ്‍ഗ്രസിന്റെ പോഷകസംഘടന എന്നതിനെക്കാള്‍ ഒരു വനിതാരാഷ്ട്രീയസംഘടന എന്നതാണ് മഹിളാ കോണ്‍ഗ്രസിന്റെ നിലനില്‍പിന്റെ അടിത്തറ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതായത്, കോണ്‍ഗ്രസില്‍ സ്ത്രീപക്ഷ നിലപാടുകള്‍ ഉറപ്പിക്കുന്നതിനും സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കുന്നതിനും സ്ത്രീകള്‍ക്കു വേണ്ടി നിലയുറപ്പിക്കുന്നതിനുമൊക്കെ സാധിക്കുമ്പോഴാണ് മഹിളാ കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തിന് വിലയുണ്ടാവുന്നത് എന്ന്.

പീതാംബരക്കുറുപ്പ്- ശ്വേത മേനോന്‍ വിവാദത്തില്‍ ശ്വേത മേനോന് പരാതിയില്ലാതായതോടെ ആ പ്രശ്‌നം അവസാനിച്ചതാണ്. പക്ഷെ, ബിന്ദു ചേച്ചിയുള്‍പ്പെടെയുള്ള ആളുകള്‍ ശ്വേത മേനോനെ കുറ്റപ്പെടുത്തിയും ഒറ്റപ്പെടുത്തിയും രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കു വേണ്ടി അക്ഷരാര്‍ത്ഥത്തില്‍ തറവേല കാണിക്കുമ്പോള്‍ ചേച്ചിയും ഒരു സ്ത്രീയല്ലേ എന്നു വിസ്മയത്തോടെ ചോദിക്കാനാഗ്രഹിക്കുകയാണ്. പീതാംബരക്കുറുപ്പും പി.ജെ.കുര്യനുമൊക്കെ പരമപരിശുദ്ധന്‍മാര്‍ തന്നെയാണെന്നു ബിന്ദു ചേച്ചി പറഞ്ഞു നടക്കുന്നത് ഗതികേടുകൊണ്ടാവാം എന്നതിനാല്‍ അത് മുറയ്ക്ക് നടക്കട്ടെ. പക്ഷെ, അതോടൊപ്പം ചേച്ചിയുടെ വിശുദ്ധന്‍മാരുടെ വീഴ്ചകള്‍ മറ്റുള്ളവരുടെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത് ഒരുതരം സാമൂഹികവിരുദ്ധ പ്രവര്‍ത്തനമല്ലേ എന്നു വളരെ സഹോദരസഹജമായി ഞാന്‍ ചോദിക്കുകയാണ്.

പീതാംബരക്കുറുപ്പ്-ശ്വേതാ വിവാദത്തോടെ കേരളസമൂഹത്തില്‍ പിതൃ-സഹോദര ബന്ധങ്ങള്‍ മൊത്തത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് എന്നു ചേച്ചി പറഞ്ഞത് ചേച്ചിക്കു വിവരമില്ലാഞ്ഞിട്ടാണോ അതോ രാഷ്ട്രീയത്തില്‍ വളരാന്‍ വേണ്ടി എത്ര തറയാവാനും തയ്യാറാണ് എന്നുള്ള തുറന്ന പ്രഖ്യാപനമണോ എന്ന് എനിക്കറിയില്ല. രണ്ടായാലും ചേച്ചിയുടെ പ്രസ്താവന കേരളസമൂഹത്തില്‍ കൂടുതലും മന്ദബുദ്ധികളാണെന്ന മുന്‍വിധിയോടെയുള്ളതായിപ്പോയി എന്നാണ് അത് കേട്ടപ്പോള്‍ എനിക്കു തോന്നിയത്. കാലം മാറിക്കൊണ്ടിരിക്കുകയാണ് ചേച്ചി. നേതാക്കന്‍മാര്‍ പത്രസമ്മേളനങ്ങളില്‍ പറയുന്നതു കേട്ട് ജനം കാര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ടിരുന്ന കാലത്തില്‍ നിന്ന് പത്രസമ്മേളനങ്ങളില്‍ വിളമ്പുന്ന വിവരക്കേടുകളിലൂടെ നേതാക്കന്‍മാരുടെ യഥാര്‍ഥമുഖം ജനങ്ങള്‍ മനസ്സിലാക്കുന്ന കാലത്തെത്തി നില്‍ക്കുകയാണ്. പീതാംബരക്കുറുപ്പു സാറും പി.ജെ.കുര്യന്‍ സാറും ദൈവതുല്യരായ വിശുദ്ധജന്മങ്ങള്‍ തന്നെയാണെന്നു ഞങ്ങള്‍ വിശ്വസിച്ചോളാം. ദയവു ചെയ്ത് ഓവറാക്കി ചളമാക്കരുത്.

ശ്വേതയോട് പീതാംബരക്കുറുപ്പ് എന്തെങ്കിലും ചെയ്തതായി ശ്വേതയ്ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അത് പിതൃസഹജമായ വാല്‍സല്യത്തെ ശ്വേത തെറ്റിദ്ധരിച്ചതാണെന്നും ഇതോടെ മൊത്തം കേരളത്തില്‍ പിതൃ-സഹോദര ബന്ധങ്ങള്‍ പ്രതിസന്ധിയിലാണെന്നും ഒരു മഹിളാസംഘടനയുടെ പ്രസിഡന്റായ ചേച്ചി തന്നെ പറയുന്നത് അങ്ങേയറ്റം നിരുത്തരവാദപരവും നികൃഷ്ടവും നിന്ദ്യവുമാണ് എന്നു പറയാനാഗ്രഹിക്കുന്നു. കേരളത്തിലെ പ്രതിസന്ധി സത്യത്തില്‍ ചേച്ചി തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ പിതൃസഹജവും സഹോദരസഹജവുമായുള്ള ബന്ധങ്ങളെ സ്ത്രീകള്‍ തെറ്റിദ്ധരിക്കുന്നതല്ല. മറിച്ച് അത്തരം സഹജവാസനകളെ ചൂഷണം ചെയ്തുകൊണ്ട് നടത്തുന്ന പീഡനങ്ങളാണ്. അന്യനൊരുത്തന്‍ ദേഹത്തു തൊടുമ്പോള്‍ ശ്രദ്ധിക്കണം എന്നു അമ്മമാര്‍ പെണ്‍മക്കളെ പറഞ്ഞു പഠിപ്പിക്കുമ്പോള്‍ ചേച്ചി ഇങ്ങനെ തിരിച്ചു പറയുന്നത് അമ്മമാരെയും പെണ്‍മക്കളെയും കണ്‍ഫ്യൂഷനിലാക്കില്ലേ ?

കോണ്‍ഗ്രസ് നേതാക്കന്‍മാരുടെ വീരകഥകളും വിശേഷങ്ങളും കേട്ടും പറഞ്ഞും ജീവിക്കുന്നതിനിടയില്‍ പൊതുസമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളെപ്പറ്റി ചേച്ചി അറിയാതെ പോയതുകൊണ്ട് അതാണ് പ്രതിസന്ധി എന്നു കരുതിയതാവാം. കോണ്‍ഗ്രസിനു പുറത്തും ഒരു ലോകമുണ്ട് ചേച്ചീ. അവിടെയും പിതാക്കന്‍മാരും സഹോദരന്‍മാരും അമ്മ പെങ്ങന്‍മാരുമുണ്ട്. പിതാക്കന്‍മാര്‍ കൊച്ചുപെണ്‍കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊല്ലുകയും കൂട്ടിക്കൊടുക്കുകയും സഹോദരന്‍മാര്‍ ചേര്‍ന്ന് സഹോദരരിയെ ബലാല്‍സംഗം ചെയ്യുകയും ഇറച്ചിവിലയ്ക്ക് വില്‍ക്കുകയുമൊക്കെ ചെയ്യുന്ന സംഭവങ്ങള്‍ ദൈനംദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ നിശബ്ദത പാലിക്കുന്ന ചേച്ചി പിതാംബരക്കുറുപ്പ് പ്രശ്‌നം വന്നപ്പോള്‍ അപരിചിതരായ ആളുകളുടെ സ്പര്‍ശനങ്ങളെ സ്ത്രീകള്‍ പിതൃ-സഹോദര സ്പിരിറ്റിലെടുക്കാത്തതാണ് സമൂഹത്തിലെ ഏറ്റവും വലിയ പ്രശ്‌നം എന്നു പറയുന്നത് തികഞ്ഞ അശ്ലീലമാണ് എന്ന് സഹോദരസഹജമായി ചൂണ്ടിക്കാണിക്കാന്‍ ഞാനാഗ്രഹിക്കുന്നു.

സൂര്യനെല്ലി കേസില്‍ ആരോപണവിധേയനായ പി.ജെ.കുര്യനെയും ശ്വേതയുടെ പരാതിക്കിരയായ പീതാംബരക്കുറുപ്പിനെയും വെള്ള പൂശുന്ന ചേച്ചി എല്‍ഡിഎഫുകാരനായ ജോസ് തെറ്റയിലിന്റെ കാര്യത്തില്‍ മറ്റൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത് ചേച്ചിയുടെ നിഷ്‌കളങ്കത കൊണ്ടായിരിക്കാം. എല്ലാവരും സഹോദരീ സഹോദരന്‍മാരായിട്ടുള്ള ഒരു നാട്ടില്‍ ഞാന്‍ ഒരനിയന്റെ സ്ഥാനത്തു നിന്ന് ഇക്കാര്യങ്ങള്‍ പറഞ്ഞു എന്നു മാത്രം. ചേച്ചി എന്തായാലും പിതൃസഹോദര ബന്ധങ്ങളെ അങ്ങനെ തന്നെ ഉള്‍ക്കൊള്ളുകയും ആസ്വദിക്കുകയും വേണം. മഹിളാകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഇപ്പോള്‍ ദേശീയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതുപോലെ ഭാവിയില്‍ ദേശീയ പ്രസിഡന്റ് സ്ഥാനവും പില്‍ക്കാലത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനവും നേടാന്‍ ചേച്ചിക്കു കഴിയട്ടെ എന്നാശംസിച്ചു കൊണ്ടു നിര്‍ത്തുന്നു.

എന്ന് സഹോദരസഹജന്‍.

അമേരിക്കന്‍ ചേച്ചിക്ക് ഇന്ത്യന്‍ ബ്രദറിന്റെ കത്ത്

പ്രിയപ്പെട്ട മോളിച്ചേച്ചിക്ക്,

സുഖം തന്നെയല്ലേ എന്നു ചോദിക്കുന്നത് ശവത്തില്‍ കുത്തുന്നതുപോലെയായിരിക്കും എന്നറിയാവുന്നതുകൊണ്ട് അങ്ങനെ ചോദിക്കുന്നില്ല. മോളിച്ചേച്ചി ഒന്നു കൊണ്ടും വിഷമിക്കേണ്ട. ഇടക്കിടെ മൂല്യം ഇടിയുമെങ്കിലും ഇന്ത്യന്‍ റുപി ചതിക്കില്ല. അമേരിക്കന്‍ പൗരത്വവും അമേരിക്കന്‍ ഭര്‍ത്താവും അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന പിള്ളേരുമുണ്ടായിട്ടെന്താ, ശമ്പളം കിട്ടിയില്ലെങ്കില്‍ പറഞ്ഞിട്ടു കാര്യമില്ല എന്നെനിക്കറിയാം. അച്ചായനെയും പിള്ളേരെയും പട്ടിണിക്കിടരുത്. അത്യാവശ്യത്തിന് അരി വാങ്ങാനും പിള്ളേര്‍ക്കു ഫീസ് കൊടുക്കാനുമൊക്കെയായി പത്തോ പതിനായിരമോ വേണമെങ്കില്‍ ഞാനയച്ചു തരാം. അമേരിക്കയിലാണെന്നു കരുതി പട്ടിണി കിടക്കുന്നത് ഒരഭിമാനമായി കരുതരുത്.

കഴിഞ്ഞ തവണ നാട്ടില്‍ വന്നപ്പോള്‍ ഉദാരമനസ്‌കതയുടെ മൂര്‍ത്തീരുപമാണെന്നു താനെന്നു ബോധിപ്പിക്കുന്നതിനായി മോളിച്ചേച്ചി തന്ന 100 ഡോളര്‍ ഇപ്പോഴും എന്റെ കയ്യില്‍ തന്നെയുണ്ട്. ഇവിടെ വലിയ പട്ടിണിയൊന്നുമില്ലാത്തതുകൊണ്ട് ഞാനതു മാറിയില്ല. അവിടെ ദാരിദ്ര്യമായ സ്ഥിതിക്ക് ആ 100 ഡോളര്‍ ഞാനങ്ങോട്ട് അയച്ചു തരാം. പിന്നെ എന്റെ കയ്യിലുള്ളത് ഇന്ത്യന്‍ രൂപയാണ്. കുടുംബത്തില്‍ പിറക്കാത്തവരും താഴ്ന്ന ജാതിക്കാരും കുഷ്ഠരോഗികളുമൊക്കെ കൈകാര്യം ചെയ്യുന്ന കറന്‍സിയായതുകൊണ്ട് ചേച്ചിയും ഫാമിലിയും അത് കൈകൊണ്ട് തൊടാറില്ല എന്നും ധൈര്യത്തോടെയും അഭിമാനത്തോടെയും ഉപയോഗിക്കാനാവുന്ന ഡോളര്‍ മാത്രമേ കൈകാര്യം ചെയ്യാറുള്ളൂ എന്നും മോളിച്ചേച്ചി പറഞ്ഞത് ഞാന്‍ മറന്നിട്ടില്ല. അവിടെ ദേശീയദാരിദ്ര്യവും കഷ്ടകാലവും ആയ സ്ഥിതിക്ക് ചേച്ചിയ്ക്ക് കൈകാര്യം ചെയ്യാന്‍ ആവശ്യത്തിനു ഡോളറുകള്‍ കിട്ടുന്നില്ലെങ്കില്‍ കുറവുകളുള്ള ഇന്ത്യന്‍ രൂപ കൈപ്പറ്റാന്‍ മടി കാണിക്കരുത്. എന്തിനും ഏതിനും കാശു മേടിക്കുന്നവരും എല്ലാ ബന്ധങ്ങളും കാശുകൊടുത്ത് സെറ്റില്‍ ചെയ്യുകയും ചെയ്യുന്നവരല്ല ഞങ്ങള്‍ ഇന്ത്യക്കാര്‍.

ഇന്നലെ, ബഹിരാകാശഗവേഷണകേന്ദ്രമായ നാസയുടെ വെബ്‌സൈറ്റില്‍ കയറിയപ്പോള്‍ കാശില്ലാത്തതുകൊണ്ട് വെബ്‌സൈറ്റ് പൂട്ടി എന്ന സന്ദേശമാണ് കണ്ടത്. അവിടുള്ള മ്യൂസിയങ്ങളും പാര്‍ക്കുകളും പബ്ലിക് ടോയ്‌ലറ്റുകളും വരെ പൂട്ടി എന്നു പത്രങ്ങളില്‍ കണ്ടു. ചേച്ചി ഇങ്ങോട്ടു പോരൂ. എത്രയൊക്കെ പ്രതിസന്ധിയുണ്ടായാലും ഇവിടെ മ്യൂസിയങ്ങളോ മൃഗശാലയോ ഒന്നും പൂട്ടിയിട്ടില്ല. എത്ര ദാരിദ്ര്യമുണ്ടായാലും മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള തല്‍സമയസംപ്രേഷണം അവസാനിക്കുകയുമില്ല. അതാണ് ഇന്ത്യ. പണ്ട് ഇവിടെ കുറച്ചുനാളത്തേക്ക് ട്രഷറി പൂട്ടിയെന്നു കേട്ടപ്പേള്‍ മോളിച്ചേച്ചി ഇവിടുത്തെ ജനാധിപത്യത്തെയും സര്‍ക്കാരുകളെയും പുച്ഛിച്ചുകൊണ്ട് അവിടുത്തെ മലയാളി അസോസിയേഷന്റെ മാഗസിനില്‍ എഴുതിയ ലേഖനം ഞാനിപ്പോഴും ഓര്‍ക്കുന്നു. അവിടെ സര്‍ക്കാര്‍ തന്നെ പൂട്ടിയ സാഹചര്യത്തില്‍ ഇനി ആ മാഗസിന്‍ പോലും ഇറങ്ങില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ സത്യത്തില്‍ സങ്കടമുണ്ട്.

ലോകരാജ്യങ്ങള്‍ നിലനില്‍ക്കുന്നതും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കഞ്ഞികുടിച്ചു പോകുന്നതും അമേരിക്ക ഇങ്ങനെ നില്‍ക്കുന്നതുകൊണ്ടാണെന്നും അതുകൊണ്ട് മനസ്സുകൊണ്ടു പോലും അമേരിക്കയ്ക്ക് എതിരായി ചിന്തിക്കുകയോ എഴുതുകയോ ഒന്നും ചെയ്യരുത് എന്നും മോളിച്ചേച്ചി പറഞ്ഞത് ഞാനോര്‍ക്കുന്നു. ഇന്ത്യയില്‍ ജീവിച്ചിരുന്ന കാലമത്രയും ഇന്ത്യയോട് കാണിക്കാത്ത രാജ്യസ്‌നേഹം അമേരിക്കയില്‍ ചെന്നു കഴിഞ്ഞപ്പോള്‍ അമേരിക്കയോട് മോളിച്ചേച്ചിക്ക് എങ്ങനെയുണ്ടായി എന്നു ഞാന്‍ ആലോചിച്ചിട്ടുണ്ട്. മലയാളി അന്യസംസ്ഥാന തൊഴിലാളിയെ കാണുന്നതുപോലെയാണ് അവിടെ മോളിച്ചേച്ചി അടക്കമുള്ളവരെ അമേരിക്കക്കാര്‍ കാണുന്നതെങ്കില്‍പ്പോലും ഇന്ത്യയെ തള്ളിപ്പറയാനും കുറ്റപ്പെടുത്താനും ആക്ഷേപിക്കാനും എട്ടിന്റെ പണി കിട്ടിയാലും അമേരിക്കന്‍ ഭക്തിഗാനങ്ങള്‍ പാടാനും മോളിച്ചേച്ചിക്കുള്ള കഴിവിനെ ഞാന്‍ അംഗീകരിക്കുന്നു. എങ്കിലും, മോളിച്ചേച്ചി അവിടെ പട്ടിണി കിടന്നു ചത്തുപോയാല്‍ ഒബാമ പൊട്ടിക്കരയുകയോ അമേരിക്കന്‍ പതാക താഴ്ത്തിക്കെട്ടുകയോ ചെയ്യില്ല. അതുകൊണ്ട് ഞാനയച്ചു തരുന്ന ഇന്ത്യന്‍ രൂപ കൈപ്പറ്റി ജീവിതച്ചെലവുകള്‍ നടത്തുകയോ കെട്ടിയോനേം പിള്ളേരം കൂട്ടി അടുത്ത ഫ്‌ളൈറ്റു പിടിച്ച് ഇങ്ങോട്ടു പോരുകയോ ചെയ്യുക. രണ്ടോ മൂന്നോ ദിവസം കൂടി കഴിഞ്ഞാല്‍ അവിടെ വിമാനങ്ങളും സര്‍വീസ് നിര്‍ത്തും. പിന്നെ, കാര്യങ്ങള്‍ ബുദ്ധിമുട്ടായിത്തീരും.

ഇതൊക്കെ മോളിച്ചേച്ചിയെ ചൊറിയാന്‍ വേണ്ടി ഞാന്‍ പറയുന്നതായേ മോളിച്ചേച്ചിക്കു തോന്നൂ. എന്നാല്‍ സത്യത്തില്‍ എനിക്കങ്ങനെയൊരു ഉദ്ദേശമില്ല. യുഎന്‍, ഐഎംഎഫ്, വേള്‍ഡ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ മേല്‍ അതിഭീകരമായ സ്വാധീനവും ലോകത്തെ ഏതു രാജ്യത്തും കടന്നുകയറി എന്ത് അക്രമവും കാണിക്കുന്ന ഗുണ്ടായിസവും അതിവിപുലമായ ചാരപ്രവര്‍ത്തനവും ആയുധക്കച്ചവടും കൂട്ടിക്കൊടുപ്പുമൊക്കെ കൈമുതലായി ഉണ്ടായിട്ടും ഇത്രയേറെ കടബാധ്യതകളുമായാണ് മോളിച്ചേച്ചിയെപ്പോലുള്ളവര്‍ ലോകത്തിന്റെ കേന്ദ്രം എന്നു വിശേഷിപ്പിക്കുന്ന അമേരിക്ക നിലനില്‍ക്കുന്നതെങ്കില്‍ ഇത്രയേറെ അഴിമതിയൊക്കെ നടന്നിട്ടും ഇപ്പോഴും കരുത്തോടെ നില്‍ക്കുന്ന ഇന്ത്യ എത്രയോ ഉന്നതങ്ങളിലാണ് എന്നു തിരിച്ചറിയണം. ഇതൊക്കെ അമേരിക്കയെപ്പറ്റി അറിയാത്ത ഇന്ത്യക്കാരന്റെ വിവരക്കേട് എന്ന നിലയ്ക്ക് തള്ളിക്കളഞ്ഞ് പണ്ടുമുതലേയുള്ള ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവാനാണ് ചേച്ചിയുടെ ആഗ്രഹമെങ്കില്‍ എല്ലാ ആശംസകളും നേരുന്നു.

ചേച്ചിയെയും ചേച്ചിയെപ്പോലെ അമേരിക്ക സ്വര്‍ഗമാണെന്നു പറഞ്ഞ് അവിടെ കഴിയുന്ന ആയിരക്കണക്കിന് മലയാളികള്‍ക്കും വേണ്ടി ഞങ്ങളുടെ റസിഡന്‍സ് അസോസിയേഷന്‍ അടുത്തയാഴ്ച മുതല്‍ അമേരിക്ക ദുരിദാശ്വാസഫണ്ട് പിരിവ് നടത്തുന്നുണ്ട്. അത് ഡോളറിലാക്കി അങ്ങോട്ടയച്ചു താരാനാണ് ഞങ്ങളുടെ തീരുമാനം. അത് അങ്ങോട്ടെത്തുന്നതിനു മുമ്പ് കാശിന് ആവശ്യമുണ്ടെങ്കില്‍ ചോദിക്കാന്‍ മടിക്കരുത്. അഴിമതിയും അലമ്പുകളുമൊക്കെയുണ്ടെങ്കിലും ജനങ്ങളെ പട്ടിണിക്കിട്ടുകൊണ്ടുള്ള രാഷ്ട്രീയക്കളി ഇന്ത്യയിലില്ല. ധൈര്യമായിരുന്നോളൂ.

വിശ്വസ്തതയോടെ,
സ്വന്തം സണ്ണിക്കുട്ടി.

ഫയാസിന് ടീം സോളാറിന്റെ കത്ത്

(ഇത് ഒരു യഥാര്‍ഥ കത്തല്ല. സോളാര്‍ കേസിലും തുടര്‍വിവാദങ്ങളിലും പെട്ട് അതിമാധ്യമശ്രദ്ധനേടി ലോകമെങ്ങുമുള്ള മലയാളികള്‍ക്കു ചിരപരിചിതരായിത്തീര്‍ന്ന പ്രതികള്‍ ഈ സമയത്ത് മനസ്സുകൊണ്ട് എഴുതിയേക്കാവുന്ന ഒരു കത്തിന്റെ ഭാവനാരൂപമാണ്. ഇതിന് ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ജനിക്കാനിരിക്കുന്നവരോ ആയ ആരെങ്കിലുമായി ഒരു തരത്തിലുള്ള ബന്ധവുമില്ല).

എത്രയും പ്രിയപ്പെട്ട സഹോദരന്‍ ഫയാസിന്,

എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നറിയില്ല. ആദ്യമേ നിറകണ്ണുകളോടെ ഒരു വാക്ക്- നന്ദി !. ഒറ്റ വാക്കില്‍ നന്ദി പറഞ്ഞതുകൊണ്ട് ഞങ്ങള്‍ക്കു നിന്നോടുള്ള നന്ദിയും കടപ്പാടും തീരില്ല എന്നറിയാം. എന്നാലും ഈ സമയത്ത് ഞങ്ങളുടെ കയ്യില്‍ മറ്റൊന്നും തരാനില്ല. സോളാര്‍ കേസിന്റെ പേരില്‍ കുറച്ചുനാളായി കേരളത്തിലെ പത്രങ്ങളിലും ചാനലുകളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന ഞങ്ങളെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ. കഴിഞ്ഞ രണ്ടു മൂന്നു മാസത്തിനിടെ ഇന്നലെ ഞങ്ങളൊക്കെ സമാധാനമായി ഉറങ്ങി. മോനെ ഫയാസേ, ഇനി നിന്റെ ടൈമാണ്. ഞങ്ങള്‍ തല്‍ക്കാലം റെസ്‌റ്റെടുക്കട്ടെ.

ഇതൊരു റിലേ പ്രസ്ഥാനമാണ്. മലയാളികള്‍ ജോലിയെടുക്കാതിരിക്കുകയും കേരളത്തിലെ മാധ്യമങ്ങള്‍ക്കു വാര്‍ത്ത കിട്ടാതിരിക്കുകയും ചെയ്യുന്നിടത്തോളം കാലം ഒരു റിയാലിറ്റി ഷോയുടെ വിവിധ സീസണുകള്‍ പോലെ വിവിധ ബാച്ചുകളായി ഓരോ വിവാദങ്ങളും ആ വിവാദങ്ങളിലൂടെ നമ്മളെപ്പോലെ ഓരോ ടീമും വന്നു പോവുക തന്നെ ചെയ്യും. കഴിഞ്ഞ രണ്ടൂ മൂന്നു മാസമായി ചാനലുകളില്‍ നടന്നു വന്ന ബ്രേക്കിങ് ന്യൂസ് റിയാലിറ്റി ഷോയിലെ ഞങ്ങളുടെ എപ്പിസോഡ് അവസാനിക്കുകയാണ്. ഇനിയങ്ങോട്ട് നിന്റെ നാളുകളാണെന്നു തോന്നുന്നു.

ഈ ഓട്ടത്തില്‍ ഞങ്ങള്‍ ബാറ്റന്‍ നിങ്ങള്‍ക്കു കൈമാറുകയാണ്. ഞങ്ങള്‍ക്കു കിട്ടിയതിനെക്കാള്‍ റേറ്റിങും വോട്ടുമൊക്കം നിനക്കു കിട്ടുമെന്ന കാര്യത്തില്‍ ഒരു സംശയമില്ല. ഞങ്ങളെക്കാളൊക്കെ ലുക്കും ഗ്ലാമറും കാറും ബംഗ്ലാവുമൊക്കെ നിനക്കുണ്ട്. പോരെങ്കില്‍ സിനിമാ കണക്ഷനും സ്വര്‍ണബിസ്‌കറ്റുമൊക്കെയായി ജനപ്രിയസിനിമയുടെ ക്ലൈമാക്‌സ് പോലെയുണ്ട് നിന്റെ കാര്യങ്ങള്‍. ഒരിക്കല്‍ ഇതിലൂടെയെല്ലാം കടന്നുപോയവരായിട്ടു കൂടി നിന്നെപ്പറ്റി വരുന്ന വാര്‍ത്തകള്‍ ആവേശത്തോടെയാണ് ഞങ്ങള്‍ വായിക്കുന്നത്. ലക്ഷങ്ങള്‍ വിലയുള്ള കാറുകളും ബൈക്കുമൊക്കെയായി ഓരോ ദിവസവും നിന്റെ ഫോട്ടോകള്‍ ചാനലിലും പത്രത്തിലുമൊക്കെ വരുന്നത് കാണാന്‍ നല്ല ഭംഗിയുണ്ട്.

രണ്ടു മാസത്തേക്ക് നിന്റെ മുഖമില്ലാതെ ഇനി ഒറ്റമലയാള പത്രവും ഇറങ്ങുകയില്ല. ശൃംഗാരവേലനില്‍ നീ ദിലീപിനെ അടിക്കുന്ന സീന്‍ ചാനലുകള്‍ അവരുടെ മൊണ്ടാഷ് പോലെയാക്കി മാറ്റും. പിന്നെ, നിന്റെ കണക്ഷനുകളൊക്കെ ഭയങ്കര ടോപ്പിലായതുകൊണ്ട് പെട്ടെന്നൊരു ദിവസം എല്ലാ മീഡിയയും കൂടി ഒറ്റയടിക്ക് നിന്നെയങ്ങു വിശുദ്ധനാക്കാനും മതി. നോക്കിയും കണ്ടും നിന്നില്ലെങ്കില്‍ നീ വിശ്വസിക്കുന്ന ഉന്നതന്‍മാര്‍ നിനക്കിട്ടു പണി തന്നിട്ട് തടിയൂരും. പിന്നെ നിനക്കു ജാമ്യം പോലും തരാന്‍ പാടില്ലെന്നായിരിക്കും അവര്‍ വാദിക്കാന്‍ പോകുന്നത്. എല്ലാ സത്യങ്ങളും നീ തുറന്നു പറയാന്‍ തീരുമാനിച്ചാലും കാര്യമുണ്ടാവില്ല. സത്യങ്ങളെല്ലാം വെള്ളക്കടലാസില്‍ എഴുതിക്കൊടുത്താലും അവര്‍ക്കു വേണ്ടപ്പെട്ടവരെ രക്ഷിക്കുന്ന രീതിയില്‍ അവര്‍ തന്നെ നമ്മളെക്കൊണ്ട് വേറെ മാറ്റിയെഴുതിക്കും. മാന്യന്‍മാരായി നടക്കുന്ന അവരൊക്കെയാണ് സത്യത്തില്‍ ഭീകരന്‍മാര്‍. നമ്മളൊക്കെ വെറും പാവങ്ങള്‍. സത്യം പറഞ്ഞാല്‍ ഉന്നതന്‍മാരുമായി ഒരു ബന്ധവുമില്ലാത്തതാണ് നല്ലത്. ബന്ധമുണ്ടെങ്കില്‍ അവര്‍ക്കു രക്ഷപെടാന്‍ വേണ്ടി നമ്മളെ ഇരയാക്കും. ഇവന്‍മാരുമൊന്നുമായി ബന്ധമില്ലെങ്കില്‍ ഈ പത്രങ്ങളും ചാനലുകളുമൊന്നും നമ്മളെ ഉപദ്രവിക്കുകയുമില്ല. അല്ലറ ചില്ലറ കിണ്ടി മോഷണവും മറ്റുമായി നാട്ടില്‍ ജീവിക്കുന്ന സധാരണകള്ളന്‍മാരൊക്കെ എത്ര ഭാഗ്യവാന്‍മാരാണ്.

നിനക്കു സുഖമാണോ എന്നു പ്രത്യേകം ചോദിക്കുന്നില്ല. സുഖം തുടങ്ങുന്നതേയുള്ളൂ. തെളിവെടുപ്പിനും മറ്റുമായി നിന്നെ ഓരോ സ്ഥലത്തും കൊണ്ടുപോകുമ്പോള്‍ ഞെട്ടിപ്പോവും. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയെക്കാള്‍ ആത്മാര്‍ത്ഥതയോടെയാണ് ജനങ്ങള്‍ അവിടൊക്കെ എത്തുന്നത്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കാണാന്‍ പോലും ഇത്രയൊന്നും ആളുകള്‍ ഇപ്പോള്‍ കേരളത്തില്‍ കൂടാറില്ല. പിന്നെ എപ്പോഴും പോലീസ് പ്രൊട്ടക്ഷനും ക്യാമറയും മിനുമിനാ മിന്നുന്ന ഫഌഷും നമ്മുടെയൊരു ക്ലോസപ്പിനായി ജനങ്ങള്‍ക്കിടയില്‍ കിടന്നു പിടയ്ക്കുന്ന ചാനല്‍ ക്യാമറാമാന്‍മാരും, ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളാണ് ഇതൊക്കെ. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന ഈ അവസരങ്ങളൊന്നും വെറുതെ വിട്ടുകളയരുത്. ഇപ്പോഴേ ഇതൊക്കെ ആസ്വദിക്കാന്‍ പറ്റൂ.

നിന്റെ ബിസിനസും ഞങ്ങളുടെ ബിസിനസും രണ്ടു തരത്തിലുള്ളതായതുകൊണ്ട് ബിസിനസിനെപ്പറ്റി ഞങ്ങള്‍ക്കൊന്നും പറയാനില്ല. പക്ഷെ, നമ്മള്‍ രണ്ടുകൂട്ടര്‍ക്കും കോമണായി ഒന്നുണ്ട്- മുഖ്യമന്ത്രിയുടെ ഓഫിസ് !. ഈ സര്‍ക്കാര്‍ ഇനിയും രണ്ടു രണ്ടരക്കൊല്ലം കൂടി ഭരിക്കുമെന്നാണ് കേള്‍ക്കുന്നത്. അങ്ങനെയാണെങ്കില്‍ നമ്മളെപ്പോലെ വേറെയും ആളുകളും ആ ഓഫിസിന്റെ പേരില്‍ ചീത്തപ്പേരു കേള്‍ക്കുമായിരിക്കും അല്ലേ ? ഒടുവില്‍ കേസെല്ലാം ഒതുക്കിക്കഴിയുമ്പോള്‍ നമുക്ക് ‘ചീഫ് മിനിസ്റ്റേഴ്‌സ് ഓഫിസ് അലൂംനി അസോസിയേഷന്‍ ‘ ഉണ്ടാക്കണം. അങ്ങനെ ഇടക്കിടെ ഒത്തുകൂടി ഇതിന്റെയെല്ലാം ഓര്‍മ പുതുക്കണം.ഇനിയുള്ള നിന്റെ നാളുകളില്‍ നിനക്കു മുന്നില്‍ പ്രശസ്തിയുടെ പടവുകളല്ല, റോക്കറ്റ് ആണ് കാത്തുനില്‍ക്കുന്നത്. ലോകമെങ്ങുമുള്ള മലയാളികള്‍ നിന്റെ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ലോകം കീഴക്കി വരിക.

ആശംസകളോടെ,
ടീം സോളാര്‍.

ഋഷിരാജ് സിങ്ങിന് ഒരു ഹെല്‍മെറ്റ് കത്ത്

മിസ്റ്റര്‍ ഋഷിരാജ് സിങ്,

രണ്ടാഴ്ച മുമ്പ് പ്രൈവറ്റ് ബസുകാരെ ഓടിച്ചു പിടിക്കുകയും അവന്‍മാരുടെ ലൈസന്‍സും പെര്‍മിറ്റും കട്ട് ചെയ്യുകയും ചെയ്തപ്പോള്‍ ഞങ്ങളൊക്കെ അങ്ങയെ വാഴ്ത്തിപ്പാടിയിരുന്നു. അങ്ങാണ് ഞങ്ങളുടെ ഹീറോ എന്നു പ്രഖ്യാപിച്ചിരുന്നു. ഫെയ്‌സ്ബുക്കില്‍ ഞങ്ങള്‍ ഓടി നടന്നു അങ്ങയുടെ പേരില്‍ ഫാന്‍പേജുകളുണ്ടാക്കി ചെയ്ത ലൈക്കുകള്‍ക്കു കണക്കില്ല. ഒരുവേള അങ്ങ് ലോകപ്രശസ്ത സിനിമാനടി നസ്രിയ നസീമിനെ തോല്‍പിച്ച് ഏറ്റവും കൂടുതല്‍ ലൈക്കുള്ള ഫെയ്‌സ്ബുക്ക് മലയാളി പട്ടം സ്വന്തമാക്കുമോ എന്നു പോലും ഞങ്ങള്‍ കരുതി. പക്ഷെ, അങ്ങായിട്ട് എല്ലാം തുലച്ചു. ആരാധകര്‍ ഇങ്ങനെ പെരുകിവരുന്ന സമയത്ത് അങ്ങ് ഞങ്ങള്‍ക്കു നേരേ തിരിഞ്ഞിരിക്കുന്നു. ഭീരുക്കളെപ്പോലെ ഹെല്‍മെറ്റ് വച്ച് ബൈക്കോടിക്കാന്‍ ഞങ്ങളെ കിട്ടില്ല സര്‍. ധീരന്‍മാര്‍ക്ക് ഒറ്റ മരണമേയുള്ളൂ.

ഇന്നും നാളെയുമായി അങ്ങയുടെ പേരിലുണ്ടാക്കിയ ഫാന്‍ പേജുകളെല്ലാം ഞങ്ങള്‍ അണ്‍ലൈക്ക് ചെയ്യും. പകരം വി ഹേറ്റ് ഋഷിരാജ് സിങ് എന്ന പേരില്‍ ഒരായിരം പേജുകളുണ്ടാക്കും. എന്നിട്ട് അതില്‍ ലൈക്ക് ചെയ്ത് ലൈക്ക് ചെയ്ത് സന്തോഷിക്കും. ഫാന്‍സിനെ വെറുപ്പിച്ചുകൊണ്ട് ഇവിടെ ആര്‍ക്കും ജീവിക്കാനാവില്ല സര്‍. മമ്മൂട്ടിയും മോഹന്‍ലാലും പോലും ഫാന്‍സിനെ പേടിച്ചാണ് ജീവിക്കുന്നത്. അപ്പോഴാണ് ശത്രുത സമ്പാദിക്കുമെന്നറിയാമായിരുന്നിട്ടും അങ്ങ് ഹെല്‍മെറ്റുമായി ഇറങ്ങിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പേജിലെ ലൈക്കുകളെ പുച്ഛിക്കരുത് സര്‍.

വീട്ടില്‍ നിന്നു പുറത്തായ ഹെല്‍മെറ്റ് കടക്കാരനായ കൂട്ടുകാരനു കാശുണ്ടാക്കാന് വേണ്ടി അങ്ങു നടത്തുന്ന ഈ ഹെല്‍മെറ്റ് നാടകം ഞങ്ങള്‍ക്കു മനസ്സിലാവില്ല എന്നാണ് കരുതിയതെങ്കില്‍ തെറ്റി, ഞങ്ങള്‍ക്ക് എല്ലാം മനസ്സിലായിക്കഴിഞ്ഞു സര്‍. തട്ടത്തിന്‍ മറയത്ത് സിനിമ ഞങ്ങളും കണ്ടതാണ്. അതിലെ നിവിന്‍ പോളിയെ സഹായിക്കാന്‍ മനോജ് കെ.ജയന്‍ കളിച്ച അതേ കളിയാണ് അങ്ങു നടത്തുന്നതെന്ന് ഊഹിക്കാന്‍ ഐപിഎസിന്റെയൊന്നും ആവശ്യമില്ല. ഞങ്ങള്‍ ന്യൂജനറേഷന്‍ പ്രബുദ്ധമലയാളിയുവത്വമാണ് സര്‍. ഞങ്ങളെ ഹെല്‍മെറ്റ് വയ്പിക്കണമെങ്കില്‍ അങ്ങു വീണ്ടും ജനിക്കേണ്ടി വരും.

ഈ വൈകിയ വേളയിലെങ്കിലും അങ്ങ് തീരുമാനത്തില്‍ നിന്നു പിന്തിരിയണമെന്നാണ് ഞങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളത്. അങ്ങു പ്രൈവറ്റ് ബസുകളെയും ടിപ്പര്‍ ലോറികളെയും ഓട്ടോറിക്ഷകളെയും പിന്നെ വലിയ വലിയ മുതലാളിമാരുടെ വാഹനങ്ങളെയുമൊക്കെ വേട്ടയാടിക്കൊള്ളൂ. ഞങ്ങള്‍ പ്രോല്‍സാഹിപ്പിക്കാം. ഞങ്ങള്‍ക്കെതിരേ ചെറുവിരലനക്കരുത്. പ്രതിഷേധജ്വാലകള്‍ ആളിപ്പടരും. സാധാരണക്കാരായ ഞങ്ങളുടെ പിന്തുണയില്ലാതെ അങ്ങേയ്ക്ക് ഒന്നും ചെയ്യാനാവില്ല. ഞങ്ങളെക്കൊണ്ട് ഹെല്‍മെറ്റ് വയ്പിക്കാനും സീറ്റ് ബെല്‍റ്റിടീക്കാനുമൊന്നും ശ്രമിക്കരുത്. അത് നടക്കില്ല എന്നു മാത്രമല്ല അതൊക്കെ അങ്ങേയറ്റം അനാവശ്യവുമാണ്. ഒന്ന്, ഇരുചക്രവാഹനമോടിക്കുമ്പോള്‍ ഹെല്‍മെറ്റ് ആവശ്യമില്ല. ശ്രദ്ധയാണ് ബൈക്കോടിക്കുമ്പോള്‍ ഏറ്റവും ആവശ്യമായി വേണ്ടത്. ഹെല്‍മെറ്റ് വച്ച് തലമൊത്തത്തിലും കണ്ണും കാതും വായും മൂടിക്കഴിഞ്ഞാല്‍ പിന്നെ എവിടെ എങ്ങനെ ശ്രദ്ധിക്കാനാണ് ? പിന്നെ ഹെല്‍മെറ്റിനുള്ളില്‍ മൊബൈല്‍ ഫോണ്‍ തിരുകിവച്ചാല്‍ സ്വസ്ഥമായി സംസാരിച്ചുകൊണ്ട് ബൈക്കോടിക്കാം എന്നൊരു ഗുണമുണ്ട്. പക്ഷെ, നിര്‍ബന്ധമായും ഹെല്‍മെറ്റ് വയ്ക്കണം എന്നു പറഞ്ഞാല്‍ പിന്നെ ഞങ്ങള്‍ക്ക് വയ്ക്കാന്‍ പറ്റില്ല. സ്വാതന്ത്ര്യം എന്നു പറയുമ്പോള്‍ തലയില്‍ എന്തു വയ്ക്കണം എന്തു വയ്ക്കാതിരിക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണല്ലോ. ഉപ്പുസത്യഗ്രഹം പോലെ ഞങ്ങള്‍ ന്യൂജെന്‍ മല്ലൂസ് ഒരു ഹെല്‍മെറ്റ് സത്യഗ്രഹത്തിനിറങ്ങിയാല്‍ പണി പാളുമെന്ന് ഓര്‍മിപ്പിക്കുകയാണ്.

അതുപോലെ തന്നെയാണ് സ്പീഡിന്റെ കാര്യവും. ഞങ്ങളെപ്പോലെ ഫ്രീക്കായ യൂത്തിനോട് നൂറിനു താഴെ വണ്ടിയോടിക്കണമെന്നു പറയാന്‍ അങ്ങേയ്ക്ക് എങ്ങനെ ധൈര്യം വരുന്നു ? അന്‍പതിനു താഴെ വണ്ടിയോടിക്കുന്നതും ഹെല്‍മെറ്റ് വയ്ക്കുന്നതുമൊക്കെ പേടിച്ചുതൂറികളായ അലവലാതികളാണ്. ഞങ്ങള്‍ ബഡീസിനെ അങ്ങു വിലകുറച്ചു കാണരുത്. ഞങ്ങള്‍ക്കു ബൈക്കോടിക്കാന്‍ ഹെല്‍മെറ്റോ കാറോടിക്ാന്‍ സീറ്റ്‌ബെല്‍റ്റോ റോഡ് മുറിച്ചു കടക്കാന്‍ സീബ്രവരകളോ ആവശ്യമില്ല. ട്രാഫിക് നിയമങ്ങള്‍ അപകടങ്ങളെ ഭയപ്പെടുന്ന ഭീരുക്കള്‍ക്കു വേണ്ടിയാണ്. ഞങ്ങള്‍ മലയാളികള്‍ ഭീരുക്കളല്ല സര്‍.

അമേരിക്കയിലും ക്യാനഡയിലും ബ്രിട്ടണിലും സിക്കുകാരെ ഹെല്‍മെറ്റില്‍ നിന്നൊഴിവാക്കാനായി ആ രാജ്യങ്ങളിലെ ട്രാഫിക് നിയമം മാറ്റിയെഴുതണമെന്ന് അവിടങ്ങളിലുള്ള സിക്കുകാര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ഇവിടെ വന്ന് ഞങ്ങളെ ഹെല്‍മെറ്റ് വയ്പിക്കാന്‍ ഒരു സിക്കുകാരനായ അങ്ങേയ്ക്ക് എങ്ങനെ ധൈര്യം വന്നു എന്നാണ് ഞങ്ങള്‍ അദ്ഭുതപ്പെടുന്നത്. സോളാര്‍ കേസില്‍ നിന്നു രക്ഷപെടാനുള്ള നാടകമല്ലേ ഈ ഹെല്‍മെറ്റ് വേട്ടയിലൂടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നു ഞങ്ങള്‍ക്കു സംശയമുണ്ട്. ഹെല്‍മെറ്റ് വേട്ട നടത്തി നാട്ടുകാരെക്കൊണ്ട് പിഴയിടീപ്പിക്കുന്ന പണം സോളാര്‍ കേസ് അട്ടിമറിക്കാന്‍ വേണ്ടിയല്ലേ ഉപയോഗിക്കുന്നത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഇതൊരു രാഷ്ട്രീയചര്‍ച്ചയാക്കാന്‍ ഉദ്ദേശമില്ലാത്തതുകൊണ്ട് അതിലേക്കൊന്നും കടക്കുന്നില്ല. എത്രയും വേഗം ഹെല്‍മെറ്റ് വേട്ടയില്‍ നിന്നു പിന്മാറുക. അങ്ങേയ്ക്കു ഫെയ്‌സ്ബുക്ക് സ്റ്റാര്‍ ആവണ്ടേ ? ആക്കുന്ന കാര്യം ഞങ്ങളേറ്റു.

വിശ്വസ്തതയോടെ,
ഓള്‍ കേരള ന്യൂജനറേഷന്‍ മല്ലൂസ് ഫെഡറേഷന്‍ (AKNMF)

ഡോ.മന്‍മോഹന്‍സിങ്ങിന് ഒരു തുറന്ന കത്ത്

അങ്ങുന്നേ,

ജനാധിപത്യവ്യവസ്ഥിതി പ്രകാരം പ്രവര്‍ത്തിക്കുന്ന ഈ രാജ്യത്ത് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ലാത്ത ഒരു പൗരന്‍ പ്രധാനമന്ത്രിക്ക് കത്തയക്കുന്നത് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പെടുമോ എന്നറിയില്ലെങ്കിലും ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെടാത്തതിനാല്‍ അങ്ങുമായി ഏതാനും കാര്യങ്ങളിലുള്ള എന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ആശങ്കകളും പങ്കുവയ്ക്കാമെന്നു കരുതുന്നു. ഇന്ത്യയുടെ താഴെക്കിടക്കുന്ന കേരളം എന്നു പറയുന്ന ചെറിയ സംസ്ഥാനത്തിലാണ് ഞാന്‍ താമസിക്കുന്നത്. ഇവിടെ ക്ലാസിക്കല്‍ ഭാഷയായ മലയാളം ആണ് പ്രചാരത്തിലിരിക്കുന്നത്. ക്ലാസിക്കല്‍ ഭാഷയായതിനാല്‍ മലയാളത്തില്‍ അങ്ങേയ്ക്ക് കത്തയക്കുന്നതില്‍ തീവ്രവാദസംബന്ധിയായി ഒന്നുമുണ്ടാവില്ല എന്ന വിശ്വാസത്തോടെയാണ് അടിയന്‍ ഈ ഉദ്യമത്തിനു മുതിരുന്നത്.

എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ? ഗുര്‍ജരണ്‍ മാഡത്തിനും സുഖം തന്നെയല്ലേ ? വിദേശയാത്രകളും മറ്റും മുറയ്്ക്ക് നടക്കുന്നുണ്ടായിരിക്കുമല്ലോ ? സോണിയാ ഗാന്ധി എന്തോ ചികില്‍സയ്ക്കായി അമേരിക്കയില്‍ പോയിരിക്കുകയാണെന്നു കേട്ടു. അങ്ങുന്നിന് ആവശ്യമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും ഒക്കെ ഇപ്പോള്‍ ആരാണ് നല്‍കുന്നത് ? ഇതൊക്കെ അങ്ങുന്ന് എണ്ണിയെണ്ണി ഉത്തരം പറയേണ്ട ചോദ്യങ്ങളല്ല കേട്ടോ. എന്തെങ്കിലും ചോദിക്കേണ്ടേ എന്നു കരുതി ചോദിച്ചെന്നു മാത്രം. ഇതില്‍ കൂടുതലൊക്കെ ചേദിക്കാന്‍ നമ്മളങ്ങിനെ കളിക്കൂട്ടുകാരൊന്നുമല്ലല്ലോ. പിന്നെ, സോണിയാജി മരുന്നു മേടിക്കാന്‍ അമേരിക്കയ്ക്ക് പോയി എന്നു കേട്ടപ്പോള്‍ മുതല്‍ ചോദിക്കണമെന്നു കരുതിയതാണ്. പുള്ളിക്കാരി ജനിച്ചതും വളര്‍ന്നതുമൊക്കെ ഇറ്റലിയിലാണെന്നു പറയുമ്പോള്‍ ഇന്ത്യയുടെ മരുമകളാണെന്നും ഇന്ത്യക്കാരി എന്ന നിലയില്‍ അഭിമാനിക്കുന്നുണ്ടെന്നുമൊക്കെ പലപ്പോഴും പലരും പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെയുള്ള സോണിയാജി ഒരസുഖം വന്നപ്പോള്‍ ചികില്‍സിക്കാന്‍ അമേരിക്കയ്ക്കു പോയതിലൂടെ മൂപ്പത്ത്യാര്‍ക്ക് സ്വന്തം കാര്യം വരുമ്പോള്‍ ഇന്ത്യയെക്കാള്‍ പഥ്യം അമേരിക്കയാണെന്ന സന്ദേശമല്ലേ നല്‍കുന്നത്. എപ്പോഴും ഇന്ത്യയിലെ സാധാരണക്കാരെപ്പറ്റിയും പട്ടിണിക്കാരെപ്പറ്റിയുമൊക്കെയാണല്ലോ നിങ്ങളുടെയാളുകള്‍, പ്രത്യേകിച്ച് ആ രാഹുല്‍ ഗാന്ധി പറയാറുള്ളത്. ഇവിടുത്തെ പാവങ്ങളൊന്നും അമേരിക്കയില്‍ പോയല്ല ചികില്‍സിക്കുന്നത് എന്ന് അങ്ങുന്നിനും അറിവുള്ളതല്ലേ. ഞങ്ങളെ സംബന്ധിച്ച് സോണിയാജിയുടെ ജീവനും ആരോഗ്യത്തിനും ഉള്ളതുപോലെ പ്രാധാന്യം ഞങ്ങളുടെ ജീവനും ആരോഗ്യത്തിനുമുണ്ട്. അതുകൊണ്ട് സോണിയാജിയെപ്പോലെ ഞങ്ങളില്‍ ചികില്‍സ ആവശ്യമുള്ള ആളുകളെയും സര്‍ക്കാര്‍ ചെലവില്‍ അമേരിക്കയില്‍ വിട്ട് ചികില്‍സിക്കണമെന്ന് അപേക്ഷിക്കുന്നു. ഇതില്‍ തീവ്രവാദസംബന്ധിയായോ രാജ്യദ്രോഹമായോ ഒന്നും ഇല്ല എന്നു പ്രത്യാശിക്കുന്നു.

അവിടെ ചെന്ന സോണിയാജിക്കെതിരേ ഏതോ കേസില്‍ അവിടുത്തെ കോടതി സമന്‍സ് അയച്ചു എന്നു വായിച്ചു. ചികില്‍സ തേടി ചെല്ലുന്നവരുടെ പേരില്‍ കേസ് ചാര്‍ജ് ചെയ്യുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. പുള്ളിക്കാരിക്ക് സമന്‍സ് കൊടുത്തതുകൊണ്ടാണോ അമേരിക്ക സാമ്പത്തികനയം മാറ്റുന്നതിനു മുമ്പ് ഇന്ത്യയോടും മറ്റും അനുവാദം ചോദിക്കണമെന്നോ മറ്റോ അങ്ങു പറഞ്ഞത് ? കാര്യം വിവരക്കേടാണങ്കിലും അമേരിക്കയ്ക്ക് അതൊരു തിരിച്ചടിയായിട്ടുണ്ട്. സോണിയാജിക്കെതിരേ സമന്‍സ് കൊടുത്തതതിന് അവന്‍മാരനുഭവിക്കണം. ശ്രീലങ്കയിലെ പുലികള്‍ക്കു സംഭവിച്ചത് അമേരിക്കയിലെ സായിപ്പന്‍മാര്‍ക്കും സംഭവിക്കുമായിരിക്കും അല്ലേ ? പിന്നെ, ഇത്തരം ചെറിയ കേസുകളിലൊക്കെ സമന്‍സ് കൊടുക്കുന്ന അമേരിക്കന്‍ കോടതിയോട് ടിപി വധക്കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നു പറയുന്ന കേരളത്തിലെ ഏതെങ്കിലും സിപിഎം നേതാവിനു സമന്‍സ് കൊടുക്കാന്‍ ധൈര്യമുണ്ടോ എന്നു കൂടി അങ്ങു ചോദിക്കണം.

പിന്നെ, കേരളത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങളെപ്പറ്റി അങ്ങയോട് ആരെങ്കിലും പറയാറുണ്ടോ ? ഇവിടെ എന്തൊക്കെയാണ് നടക്കുന്നത് എന്ന് അങ്ങറിയുന്നുണ്ടോ ? എന്തായാലും പ്രധാനമന്ത്രിയെ കാണാനാണെന്നു പറഞ്ഞ് ഇവിടെ നിന്നു പലരും ദില്ലിയിലേക്കെന്നു പറഞ്ഞ് പോകുന്നതായി പത്രങ്ങളില്‍ കാണാറുണ്ട്. അവിടെ കേന്ദ്രത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ തന്നെ നാശകോശമായിക്കിടക്കുമ്പോള്‍ കേരളത്തിലെ വികാസങ്ങളെപ്പറ്റി ഞാന്‍ പറഞ്ഞാല്‍ അങ്ങുന്നിന് അതില്‍ കോണ്‍സെന്‍ട്രേറ്റ് ചെയ്യാന്‍ കഴിയില്ല എന്നെനിക്കറിയാം. സത്യത്തില്‍ എന്താണ് അവിടെ സംഭവിക്കുന്നത് ? ജലദോഷത്തിനു ചികില്‍സിച്ച് ഒടുവില്‍ രോഗി എയ്ഡ്‌സ് പിടിച്ചു ചത്തു എന്നു പറഞ്ഞതുപോലെയാണ് അങ്ങുന്നിന്റെ സാമ്പത്തികപരിഷ്‌കാരങ്ങള്‍ കാര്യങ്ങള്‍ വഷളാക്കിയിരിക്കുന്നത്. കുറെ കണക്കും കാര്യങ്ങളും പറഞ്ഞ് അങ്ങുന്നിനു വേണമെങ്കില്‍ തര്‍ക്കിച്ചു ജയിക്കാം, എന്നാല്‍ ദിനം പ്രതി ഇവിടെ ഞങ്ങളുടെ ജീവിതം നരകമായിക്കൊണ്ടിരിക്കുകയാണ്. സാധാരണക്കാരന് ഒരുമാസം തട്ടിമുട്ടി കഴിഞ്ഞുപോകണമെങ്കില്‍ മിനിമം അഞ്ചു ദിവസമെങ്കിലും പട്ടിണി കിടക്കണം എന്ന അവസ്ഥയാണ്. ഇതൊക്കെ കേള്‍ക്കുന്നത് അങ്ങുന്നിനു ബോറടിയായിരിക്കുമെന്നതിനാല്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല.

അവിടെ അതിര്‍ത്തിയിലെവിടെയോ 640 ചതുരശ്ര കിലോമീറ്റര്‍ ചൈന പിടിച്ചെടുത്തതായി വാര്‍ത്തകളില്‍ കണ്ടു. ഉള്ളതാണോ ? അവിടുത്തെ പ്രതിരോധമന്ത്രി എ.കെ.ആന്റണിയെ ഞങ്ങള്‍ ഇവിടുന്നു പായിച്ചതാണ്. പുള്ളി ഇവിടെ ചാരായം നിരോധിച്ചതോടെയാണ് ഞങ്ങള്‍ മൂപ്പരെ വെറുത്തു പോയത്. ഞങ്ങള്‍ മലയാളികള്‍ക്ക് കള്ളടിക്കാതെ ജീവിക്കാന്‍ കഴിയില്ല. അതറിഞ്ഞുകൊണ്ടാണ് മൂപ്പര് അത്ര വലിയ അക്രമം ചെയ്തത്. ചൈന നമ്മുടെ സ്ഥലങ്ങള്‍ കയ്യേറുമ്പോള്‍ ചുമ്മാ കുന്തം വിഴുങ്ങി നോക്കിനില്‍ക്കാനല്ലാതെ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ചെയ്യണം. സാമ്പത്തികരംഗത്തെപ്പോലെ പരീക്ഷണങ്ങള്‍ നടത്താന്‍ പറ്റിയ ഒരു ഏരിയ അല്ല അതെന്നത് ഞാന്‍ എടുത്തു പറയേണ്ടതില്ലല്ലോ. അതിര്‍ത്തിയെപ്പറ്റി ഇത്രയും പറഞ്ഞത് തീവ്രവാദമായി കാണരുതേ എന്നപേക്ഷിക്കുന്നു.

പിന്നെ, നമ്മുടെ കല്‍ക്കരി അഴിമതിക്കേസ് എന്തായി ? ബാക്കിയുള്ള അഴിമതിക്കേസുകളൊക്കെ എന്തെങ്കിലും ആയി എന്നു വച്ചല്ല അങ്ങനെ ചോദിച്ചത്. അങ്ങുന്നിന്റെ പേരുകൂടി പറഞ്ഞു കേട്ട ഒരു കേസായതുകൊണ്ട് ചോദിച്ചു എന്നു മാത്രം. അങ്ങുന്നിനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട സിബിഐ ഉദ്യോഗസ്ഥനെ സിബിഐ ഡയറക്ടര്‍ ചോദ്യം ചെയ്യാന്‍ പോകുന്നതായി കേട്ടു. അവനെയൊന്നും വച്ചേക്കരുത് അങ്ങുന്നേ. അങ്ങുന്നിന്റെ ഉദേഷ്ടാവ് ടി.കെ.എ.നായരങ്ങുന്നിനെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണങ്ങുന്നിനെയും ഒന്നും ചോദ്യം ചെയ്യാന്‍ സമ്മതിക്കില്ല എന്നും പറഞ്ഞതായി കേട്ടു. അതും നന്നായി. സിബിഐക്കാരല്ലേ, വേണമെങ്കില്‍ ഇവരുടെയൊക്കെ ഡമ്മിയുണ്ടാക്കി വച്ചു ചോദ്യം ചെയ്യട്ടെ. ഡമ്മികള്‍ തമ്മിലുള്ള സംഭാഷണങ്ങളും അവന്‍മാര്‍ റെക്കോര്‍ഡ് ചെയ്യട്ടെ. ഹല്ല, പിന്നെ.

അധികം ദീര്‍ഘിപ്പിക്കുന്നില്ല. ആന്ധ്രയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി പറഞ്ഞതുപോലെ നിങ്ങള്‍ രാഷ്ട്രീയക്കാര്‍ നടത്തുന്ന അഴിമതികളെപ്പറ്റി ഞങ്ങള്‍ക്കിപ്പോള്‍ വലിയ ആശങ്കയൊന്നുമില്ല. നിങ്ങള്‍ക്ക് അഴിമതി നടത്താന്‍ വേണ്ടിയാണ് ഞങ്ങള്‍ നികുതികള്‍ തരുന്നത് എന്നു ഞങ്ങള്‍ക്കറിയാം. അഴിമതി നടത്തിയ എല്ലാവരും മുടിഞ്ഞുപോവുകയും പാവപ്പെട്ട ജനങ്ങളെ വഞ്ചിച്ചു കോടികളുണ്ടാക്കിയവര്‍ അതൊന്നും അനുഭവിക്കാന്‍ യോഗമില്ലാതെ ചത്തുമണ്ണടിയുകയും മൂപ്പര് പറഞ്ഞതുപോലെ ആ പണം കാലക്രമേണ ജനങ്ങളിലേക്കു തന്നെ എത്തിച്ചേരുകയും ചെയ്യുമെന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു പ്രത്യാശയാണല്ലോ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്. ബോറടിക്കുമ്പോള്‍ പെട്രോള്‍, ഡീസല്‍ വില കൂട്ടാന്‍ മറക്കരുത്.

വിശ്വസ്തതയോടെ,

ക്ലാസിക്കല്‍ ലാംഗ്വേജ് ബ്ലോഗര്‍.

സഖാവേ, യുദ്ധവിമാനങ്ങളുടെ ശബ്ദം കേള്‍ക്കുന്നില്ലേ ?

പ്രിയപ്പെട്ട സഖാവേ,

രണ്ടു മൂന്നു ദിവസമായി എനിക്കു സംശയമുണ്ടായിരുന്നു. മൊത്തത്തില്‍ ഒരു അപായസൂചന. ഇന്നലെയും മിനിഞ്ഞാന്നും വീടിനു മുകളിലൂടെ അസമയത്ത് വിമാനങ്ങള്‍ പാഞ്ഞു പോകുന്നത് കേട്ടു ഞാന്‍ ഞെട്ടിയുണര്‍ന്നിരുന്നു. ഒരിക്കലും വിമാനം കടന്നുപോകാറുള്ള ഒരു റൂട്ടല്ല ഇത്. അല്ലെങ്കിലും ഞാന്‍ കേട്ടത് സാധാരണ വിമാനങ്ങളുടെ ശബ്ദമായിരുന്നില്ല. എന്റെ ഊഹം ശരിയാണെങ്കില്‍ അത് യുദ്ധവിമാനങ്ങള്‍ തന്നെയായിരുന്നു. എന്റെ വീടിനു മുകളിലൂടെ പാഞ്ഞുപോയ യുദ്ധവിമാനങ്ങള്‍ അമേരിക്കയുടെതായാണ് എന്ന തിരിച്ചറിവ് എനിക്കുണ്ടായത് രാവിലെ പത്രം കണ്ടപ്പോഴാണ്. അതെ സഖാവേ, അവര്‍ നമ്മളെ നോട്ടമിട്ടു കഴിഞ്ഞു. നമ്മളെ ലോകത്തു നിന്നും തുടച്ചുനീക്കുന്നതിനുള്ള നിഗൂഢ പദ്ധതിയുമായി അവര്‍ നമുക്കടുത്തെത്തിക്കഴിഞ്ഞു.

ഇറാക്കില്‍ സദ്ദാം ഹുസൈനെതിരെ നടത്തിയതുപോലെ ഒരു നീക്കം ഈ കൊച്ചുകേരളത്തില്‍ അവര്‍ സഖാവിനെതിരെ നടത്തുമോ എന്നു ഞാന്‍ ഭയപ്പെടുന്നു (സദ്ദാം ഹുസൈനും സഖാവും ഒരുപോലെയാണ് എന്നല്ല ഞാനുദ്ദേശിച്ചത്). രണ്ടു മൂന്നു ദിവസമായി ഞാന്‍ ബീച്ചില്‍ ഓടാന്‍ പോകുമ്പോള്‍ എന്റെ പിന്നാലെ രണ്ടു സായിപ്പന്‍മാരും ഓടുന്നുണ്ട്. നല്ല കട്ട മസിലുള്ള അവന്‍മാര്‍ക്ക് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ വേണ്ടി ഓടേണ്ട ഒരു കാര്യവുമില്ല. അന്വേഷിച്ചപ്പോള്‍ അവര്‍ ടൂറിസ്റ്റുകളാണെന്നാണ് പറഞ്ഞത്. പക്ഷെ, മുഴുവന്‍ നേരവും അവര്‍ എന്റെ പിന്നാലെ തന്നെയാണ് ഓടിയിരുന്നത്. അവരിലൊരുത്തന്റെ ടീഷര്‍ട്ടില്‍ ആര്‍മി എന്നെഴുതിയിട്ടുണ്ടായിരുന്നു. അവര്‍ എന്നെ നോട്ടമിട്ടു വന്ന അമേരിക്കന്‍ സൈനികരാണെന്ന് എനിക്കുറപ്പാണ്. സൂപ്പര്‍മാര്‍ക്കറ്റിലും ട്രെയിനിലും എന്നല്ല വീടിനു പുറത്ത് എവിടെച്ചെന്നാലും ചെറുപ്പക്കാരായ സായിപ്പന്‍മാരെയെ കാണാനുള്ളൂ.

ഒന്നും കാണാതല്ല ഉമ്മന്‍ ചാണ്ടി രാജി വയ്ക്കില്ല എന്നു പറയുന്നത്. അമേരിക്കയുടെ സഹായം അങ്ങേര്‍ക്കുണ്ട്. അവര്‍ക്കിടയിലെ അന്തര്‍ധാര സജീവമാണ്. എല്ലായിടത്തും അമേരിക്കന്‍ സൈന്യവും ചാരന്‍മാരുമാണ്. സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചതു പോലും അമേരിക്കന്‍ സൈനികരെ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിപ്പിക്കാനല്ലേ എന്നു നമ്മള്‍ സംശയിക്കേണ്ടിയിരിക്കുന്നു. തിരുവനന്തപുരത്ത്
അമേരിക്ക യുദ്ധവിമാനത്താവളം തുടങ്ങാന്‍ പോകുന്ന വാര്‍ത്ത ടിവിയില്‍ കണ്ടാണ് ഞാനുറങ്ങാന്‍ കിടന്നത്. രാത്രിയില്‍ എന്റെ സ്വപ്‌നത്തില്‍ നിറയെ മിസൈലുകളും ബോംബുകളുമൊക്കെയായിരുന്നു. തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് അവന്‍മാര്‍ ഒരൊറ്റ മിസൈല്‍ വിട്ടാല്‍ പാര്‍ട്ടിയുടെ കട്ടപ്പൊക ഉറപ്പാണ് സഖാവേ. നമ്മുടെ പെന്റഗണ്‍ ആയ എകെജി സെന്ററിന് നമ്മള്‍ കൂടുതല്‍ സുരക്ഷയൊരുക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ തന്നെ എംഎല്‍എ ഹോസ്റ്റലില്‍ വരെ അമേരിക്കന്‍ ചാരന്‍മാരുണ്ടെന്നാണ് കേള്‍ക്കുന്നത്.

നമ്മുടെ ചരിത്രപ്രസിദ്ധമായ സെക്രട്ടേറിയറ്റ് ഉപരോധത്തെ നേരിടാന്‍ വേണ്ടി കേന്ദ്രസേനയെ വരെ ഇറക്കിയ സര്‍ക്കാര്‍ ഇനി നമ്മള്‍ അധികാരത്തില്‍ വരാതിരിക്കാന്‍ വേണ്ടി അമേരിക്കന്‍ സേനയെ ഇറക്കുകയാണെന്നാണ് എനിക്കു തോന്നുന്നത്. ഇക്കാര്യത്തില്‍ കെ.സുരേന്ദ്രനും പി.സി.ജോര്‍ജും എന്തെങ്കിലും പറഞ്ഞിരുന്നെങ്കില്‍ നമുക്ക് പകുതി ജോലി എളുപ്പമുണ്ടായിരുന്നു. കാര്യങ്ങള്‍ എല്ലാം അമേരിക്കക്കയ്ക്ക് അനുകൂലമാണ് സഖാവേ. സോണിയ, ആന്റണി, ഉമ്മന്‍ ചാണ്ടി പ്രധാന സ്ഥാനങ്ങളിലുള്ളവരൊക്കെ ക്രിസ്ത്യാനികളാണ്. അമേരിക്കയും ക്രിസ്ത്യാനികളുമായി വളരെ നല്ല ബന്ധമാണുള്ളത് എന്നു ഞാന്‍ കേട്ടിട്ടുണ്ട്. നമ്മുടെ ബാലഗോപാല്‍ രാജ്യസഭയില്‍ ഇക്കാര്യം സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞ പി.ജെ.കുര്യനും ക്രിസ്ത്യാനിയാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു മുമ്പ് അമേരിക്കന്‍ സേനയെ ഇറക്കി തിരഞ്ഞെടുപ്പ് സമയത്ത് ബൂത്തു പിടിക്കാനും വോട്ടര്‍മാരെ വിരട്ടിയോടിക്കാനുമൊക്കെയുള്ള പദ്ധതികള്‍ അണിയറയിലുണ്ടെന്നാണ് എനിക്കു തോന്നുന്നത്.

അമേരിക്ക യുദ്ധവിമാനത്താവളം പണിയുന്നത് നമ്മളെ ലക്ഷ്യം വച്ചുള്ളതാണെന്നതിന് വേറെയുമുണ്ട് തെളിവുകള്‍. സംയുക്ത സൈനികാഭ്യാസ പരിപാടിയായ റെഡ് ഫ്‌ലാഗ്‌ ഉടനെ തുടങ്ങാന്‍ പരിപാടിയുണ്ടെന്ന് അവരുടെ സൈനികമേധാവി പറഞ്ഞത് സഖാവ് ശ്രദ്ധിച്ചോ ? റെഡ് ഫ്‌ലാഗ്‌
എന്ന പേരില്‍ ഒരു സൈനികപരിപാടി നടത്തുന്നതിന്റെ ഉദ്ദേശം നമ്മളെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയല്ലേ എന്നു ഞാന്‍ സംശയിക്കുന്നു. സിപിഐ എംഎല്‍ റെഡ് ഫ്‌ലാഗ്‌കാരെയും സഖാവ് വിവരമറിയിക്കണം. ഇനിയുള്ള ദിവസങ്ങള്‍ നമ്മള്‍ വളരെ കരുതലോടെ നീങ്ങണം. പെട്ടെന്നൊരു സൈനിക നീക്കമുണ്ടായാല്‍ പ്രതിരോധിക്കാന്‍ എനിക്കൊരു എകെ 47 വാങ്ങാന്‍ പാര്‍ട്ടി ഫണ്ടില്‍ നിന്നും തുക അനുവദിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

(ചൈനീസ് സഖാക്കള്‍ അരുണാചലില്‍ വന്നു താമസിച്ച വിവരം അങ്ങറിഞ്ഞു കാണുമല്ലോ).
വിപ്ലവാഭിവാദ്യങ്ങളോടെ,
സഖാവ് കുട്ടു.

അച്ചായന്‍ ലുക്കുള്ള ഗന്ധര്‍വ്വന്‍

പ്രിയപ്പെട്ട അച്ചായന്,

ഹാപ്പി വലന്‍റൈന്‍സ് ഡേ എന്നു പറയാനുള്ള ഒരു ചങ്കുറപ്പ് എനിക്കില്ല. സ്ത്രീവിരുദ്ധ, സാമൂഹികവിരുദ്ധ, ന്യൂജനറേഷന്‍ വിരുദ്ധ, പിന്തിരിപ്പന്‍ മൂരാച്ചി മെയില്‍ ഷോവനിസ്റ്റായ അച്ചായന്‍റെ മുന്നില്‍ ചങ്കുറപ്പ് നഷ്ടപ്പെടുന്നത് എനിക്ക് സഹിക്കാനാവുന്ന കാര്യമല്ല. പക്ഷെ, സംഭവിച്ചു പോയി. എന്‍റെ സ്വപ്നങ്ങളില്‍, സങ്കല്‍പങ്ങളില്‍, വികാരങ്ങളില്‍, അഭിനിവേശങ്ങളില്‍ ആകെ പടര്‍ന്നു കയറുന്ന പ്രണയത്തിന്‍റെ ഗന്ധര്‍വ്വസ്പര്‍ശത്തിന്‍റെ ക്ലൈമാക്സില്‍ ഞാന്‍ കാണുന്നത് ഇയാളുടെ മുഖമാണ്. അവിടെ ഞാന്‍ തകര്‍ന്നു പണ്ടാരമടങ്ങുകയാണ്.

കാര്യം വിശദമായി തന്നെ പറയാം. ജാതകവശാല്‍ ഗന്ധര്‍വ്വസംബന്ധത്തിനു വിധിയുള്ള, തികച്ചും കാല്‍പനികമായി ജീവിക്കുന്ന ഡിഫോള്‍ട്ടായി തന്നെ അതിസുന്ദരിയും ശാലീനയുമായ സ്ത്രീയാണ് ഞാന്‍. അച്ചായനെക്കാള്‍ ലുക്കും നിറവും കഴിവും വിദ്യാഭ്യാസവുമുള്ള അനേകം ചെറുപ്പക്കാരുടെ പ്രണയാഭ്യര്‍ഥനകളെ തിരസ്കരിച്ചുകൊണ്ട് ഇത്രയും കാലം ജീവിച്ച എനിക്ക് ഇപ്പോള്‍ എനിക്കൊരു താല്‍പര്യവുമില്ലാത്ത അച്ചായന്‍ കാരണം ഉറക്കം നഷ്ടപ്പെടുന്നു എന്നു പറയുമ്പോള്‍ അത് എത്ര വലിയ ഗതികേടാണ് എന്നോര്‍ക്കണം. എനിക്കറിയണ്ടത് ഇത് മാത്രമാണ്, ശരിക്കും ഇയാള് ആരുവാ ?

അച്ചായനെ സ്വപ്നം കണ്ടെന്നോ ഉറക്കത്തില്‍ അച്ചായനെന്നെ എന്തെങ്കിലുമൊക്കെ ആക്കിയെന്നോ ഒരു വിചാരം അച്ചായനു വേണ്ട. അങ്ങനെയൊന്നും ഞാനുദ്ദേശിച്ചിട്ടില്ല. എന്‍റെ അനുഭവം മറ്റൊന്നാണ്. എന്‍റെ നായകന്‍ നല്ല ഹൈറ്റും വെയ്‍റ്റും നല്ല വൈറ്റ് നിറവുമൊക്കെയുള്ള ശരിക്കുമൊരു ഗന്ധര്‍വ്വനാണ്. വളരെ റൊമാന്‍റിക്കായ, ശാസ്ത്രീയസംഗീതത്തില്‍ പാണ്ഡിത്യമുള്ള, വേദോപനിഷത്തുകളില്‍ അഗാധജ്ഞാനമുള്ള കവിതയും സാഹിത്യവും (ബ്ലോഗ് ഒരു സാഹിത്യമല്ല) എല്ലാം വഴങ്ങുന്ന ദേവപ്രതിനിധിയാണ്. അദ്ദേഹത്തിന്‍റെ മുന്നില്‍ നില്‍ക്കാന്‍ പോയിട്ട് ആ നിഴലില്‍ ചുംബിക്കാനുള്ള യോഗ്യത പോലും അച്ചായനില്ല. എന്നാല്‍, ഞാന്‍ നേരിടുന്ന പ്രതിസന്ധി ഇതാണ്- എല്ലാം തികഞ്ഞ ആ നായകന് മുടിയാനായിട്ട് അച്ചായന്‍റെ മുഖമാണ്.

അല്ലെങ്കില്‍ തന്നെ അച്ചായന്‍മാരെ എനിക്കിഷ്ടമല്ല. കയ്യില്‍ നിറയെ കാശും എച്ചി സ്വഭാവവും സ്ത്രീകളോട് ബീഫിനോടെന്നപോലെയുള്ള പെരുമാറ്റവും പിന്നെ എനിക്കിഷ്ടമില്ലാത്ത ഒരു നൂറായിരം കാരണങ്ങളും കാരണം അച്ചായന്‍മാരെ എനിക്ക് വെറുപ്പാണ്. അച്ചായന്‍ ഏത് ടൈപ്പ് അച്ചായനാണെങ്കിലും അച്ചായനെ ചിലര്‍ അച്ചായനെന്നു വിളിക്കുന്ന കാരണം കൊണ്ട് തന്നെ ഏതെങ്കിലും തരത്തില്‍ അച്ചായനെ എനിക്ക് അംഗീകരിക്കാനാവില്ല. എന്നിട്ടും കളഭം ചാര്‍ത്തിയ എന്‍റെ സുന്ദരസങ്കല്‍പങ്ങളുടെ പറുദീസയില്‍ ഇതിയാന്‍ ഡബിള്‍മുണ്ട് മടക്കിക്കുത്തി മെലിഞ്ഞ് രോമമില്ലാത്ത കാലും കാണിച്ച് നില്‍ക്കുന്നത് കാണുമ്പോള്‍ എനിക്ക് ആകെ പെരുത്തു വരുന്നു.

എന്നു മുതലാണ് ഇങ്ങനെ ആയിത്തുടങ്ങിയത് എന്നു ചോദിച്ചാല്‍ എനിക്കറിയില്ല. എന്‍റെ പ്രണയലോകത്ത് എന്നും ഞാനും എന്‍റെ ഗന്ധര്‍വ്വസ്വപ്നങ്ങളും മാത്രമേയുണ്ടായിരുന്നുള്ളൂ. സങ്കല്‍പങ്ങള്‍ നെയ്ത് നെയ്ത് എന്‍റെ നായകന്‍ വരുന്ന കാലത്തിനു വേണ്ടി ഇക്കാലമത്രയും ഞാന്‍ കാത്തിരിക്കുകയായിരുന്നു. നിതീഷ് ഭരദ്വാജിനെപ്പോലെ, അരവിന്ദ് സ്വാമിയെപ്പോലെ ഒരു ഗന്ധര്‍വ്വന്‍ എന്‍റെ ജീവിതത്തിലേക്ക് വരുമെന്ന കാര്യത്തില്‍ എനിക്കൊരു സംശയവുമുണ്ടായിരുന്നില്ല. രണ്ടാഴ്ച മുമ്പൊരു വെള്ളിയാഴ്ചയാണ് സ്വപ്ത്തില്‍ എനിക്ക് ഗന്ധര്‍വ്വബാന്ധവമുണ്ടായത്. എന്‍റെ കിടക്കയില്‍ കൈ മുട്ടു കുത്തി പരിസരമാകെ മിന്നാമിനുങ്ങുകളെ വിന്യസിച്ച് തലയില്‍ സ്വര്‍ണകിരീടം ചൂടി എന്‍റെ ഗന്ധര്‍വ്വന്‍ അരികിലുണ്ടായിരുന്നു. പക്ഷെ, ദേവലോകത്തിന്‍റേതായി എന്‍റെ സങ്കല്‍പങ്ങള്‍ മനസ്സില്‍ റജിസ്റ്റര്‍ ചെയ്ത സുഗന്ധമായിരുന്നില്ല, പ്രൈവറ്റ് ബസില്‍ കയറുമ്പോള്‍ തൊട്ടു പിന്നില്‍ നിന്നു തോണ്ടുന്ന അലവലാതി ചെക്കന്‍മാരുടെ ദേഹത്തു നിന്നു വരുന്ന ആക്സിന്‍റെ കടുംസുഗന്ധമായിരുന്നു അവിടെ.

എന്‍റെ കവിളുകളില്‍ മാറിമാറി ചുംബിക്കുന്ന ഗന്ധര്‍വ്വന്‍റെ മുഖത്തേയ്‍ക്ക് നാണത്തോടെ നോക്കുമ്പോള്‍ അച്ചായന്‍റെ മുഖം കണ്ട് ഞാന്‍ ഞെട്ടിപ്പോയി. എന്‍റെ ഭാവം കണ്ടിട്ടോ മറ്റോ- എന്നാടീ നോക്കുന്നേ ? എന്നാ കോപ്പു കാണാനാ നീ നോക്കുന്നേ, ഹ്ങേ ? എന്നൊരു അണ്‍റൊമാന്‍റിക് ചോദ്യം കൂടിയായപ്പോ ഞാന്‍ തകര്‍ന്നുപോയി. അതായിരുന്നു തുടക്കം. പിന്നീടങ്ങോട്ട് ഞാന്‍ നെയ്തുവച്ച സങ്കല്‍പങ്ങളിലേക്കെല്ലാം ഗന്ധര്‍വ്വന്‍റെ വേഷത്തില്‍ അച്ചായന്‍ നടന്നുകയറി. ഇപ്പോള്‍ എന്‍റെ പ്രണയസങ്കല്‍പങ്ങളെല്ലാം അച്ചായന്‍വല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്‍റേതായി ഉണ്ടായിരുന്നതെല്ലാം ഇതിയാന്‍ കയറി മുടിച്ചു.

ഇതിപ്പോ ഞാനോ അച്ചായനോ അറിഞ്ഞോണ്ടു സംഭവിച്ചതല്ല എന്നെനിക്കറിയാം. പക്ഷെ, എനിക്ക് നഷ്ടപ്പെട്ടത് എന്‍റെ പ്രണയസാമ്രാജ്യമാണ്. അച്ചായന്‍ എന്തിന് എന്‍റെ ജീവിതങ്ങളിലേക്കും സ്വപ്നങ്ങളിലേക്കും കടന്നുവന്നു ? എന്തിന് എന്‍റെ ഗന്ധര്‍വ്വനെ ഇതിയാന്‍റെ അച്ചായന്‍ ലുക്ക് കൊണ്ട് നശിപ്പിച്ചു ? അതോ ശരിക്കും അച്ചായന്‍ ഒരു ഗന്ധര്‍വ്വനാണോ ? ഇക്കാണുന്ന ഷോവനിസത്തിനപ്പുറം അച്ചായനില്‍ ഒരു പ്രണയനായകന്‍ ഉണര്‍ന്നിരിപ്പുണ്ടോ ? ഞാന്‍ കണ്ട സ്വപ്നങ്ങള്‍ എന്തിന്‍റെയെങ്കിലും മുന്നോടിയാണോ ? എനിക്ക് എത്രയും വേഗം ഒര മറുപടി തന്ന് എന്നെ ഈ ദുര്‍ഘടാവസ്ഥയില്‍ നിന്നും രക്ഷപെടുത്തണം.

എന്ന് ഗന്ധര്‍വ്വന്‍റെ സ്വന്തം…

ആഷിക് അബുവിന് ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട ആഷിക് അബു,

മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫേസ്ബുക്ക് കണ്ടുപിടിക്കുന്നതിനു മുമ്പേ സിനിമയില്‍ വന്ന ആളാണ് താങ്കള്‍. വിശ്വരൂപം എന്ന സിനിമയെപ്പറ്റി പ്രേക്ഷകനെന്ന നിലയില്‍ താങ്കള്‍ ഫേസ്ബുക്കില്‍ അഭിപ്രായം പറഞ്ഞതിന് അഭിപ്രായസ്വതാന്ത്ര്യത്തിനും ആവിഷ്കാരസ്വാതന്ത്ര്യത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച സ്വാതന്ത്ര്യവാദികള്‍ താങ്കളെ വലിച്ചു കീറി പോസ്റ്ററൊട്ടിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഈ സമയത്ത് ഒരു സോഷ്യല്‍ മീഡിയ സ്വാതന്ത്ര്യവാദി എന്ന നിലയ്‍ക്ക് താങ്കള്‍ക്ക് ചില ഉപദേശങ്ങള്‍ നല്‍കാന്‍ ഞാനാഗ്രഹിക്കുകയാണ്. താങ്കളുടെ സിനിമകളുടെ ആദ്യഭാഗത്ത് കാണിക്കുന്നത് പോലെ ഈ പോസ്റ്റ് എല്ലാ ഫേസ്ബുക്ക് കൂട്ടുകാര്‍ക്കുമായി ഞാന്‍ സമര്‍പ്പിക്കുന്നു.

1. ഫേസ്ബുക്ക് പോസ്റ്റിടുമ്പോള്‍ നമ്മള്‍ പ്രധാനമായും പരിശോധിക്കേണ്ടത് പൊതുവായ വികാരം എന്താണ് എന്നതാണ്. വിശ്വരൂപം എന്ന സിനിമയുടെ കാര്യത്തിലാണെങ്കില്‍ പൊതുവായ വികാരം അത് ലോകോത്തര സിനിമയാണെന്നും അത്തരമൊരു സിനിമയെടുത്ത കമലഹാസന്‍റെ കാലുകഴുകിയ വെള്ളം നമ്മള്‍ കുടിക്കണമെന്നും ആ സിനിമ ഇഷ്ടപ്പെടാത്തവരെല്ലാം തീവ്രവാദികളാണെന്നുമാണ്. ഈ സാഹചര്യത്തില്‍ താങ്കള്‍ പടം കണ്ടാലും ഇല്ലെങ്കിലും ആ പൊതുവികാരത്തിനനുസരിച്ച് മാത്രമേ പോസ്റ്റിടാന്‍ പാടുള്ളൂ. സിനിമ കാണാതെ തന്നെ അതിനെ മഹത്തരം എന്നു വാഴ്‍ത്തിപ്പാടുന്നതാണ് അത് കണ്ട ശേഷം സ്വന്തം അഭിപ്രായം എഴുതുന്നതിനെക്കാള്‍ നല്ലത്.

2. താങ്കള്‍ ഒരു മലയാള സിനിമാ സംവിധായകനാണ്. താങ്കളില്‍ നിന്നു പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് നല്ല സിനിമകള്‍ മാത്രമല്ല, അതിവിനയം, സല്‍സ്വഭാവം,മൃദുഭാഷണം തുടങ്ങിയ സവിശേഷതകള്‍ കൂടിയാണ്. താങ്കള്‍ക്ക് വ്യക്തിത്വമോ നട്ടെല്ലോ ഉണ്ടായിരിക്കണമെന്ന് പ്രേക്ഷകര്‍ക്കു നിര്‍ബന്ധമില്ല. അഥവാ ഉണ്ടെങ്കില്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ അതുള്ളതായി ഭാവിക്കരുത്. താങ്കളുടെ സിനിമകള്‍ക്ക് താങ്കളുടേതായ ഒരു ശൈലിയോ ബോള്‍ഡ്നെസ്സോ ഉള്ളത് പ്രേക്ഷകര്‍ സ്വീകരിക്കുമെങ്കിലും താങ്കള്‍ അത്തരത്തിലൊരു ശൈലിയോ ബോള്‍ഡ്നെസ്സോ പ്രകടിപ്പിക്കുന്നത് വച്ചുപൊറുപ്പിക്കില്ല.

3. വിശ്വരൂപം സിനിമയുടെ പ്രദര്‍ശനം ചില സംഘടനകള്‍ തടയുന്നത് ആവിഷ്കാരസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് താങ്കള്‍ക്കറിയാമല്ലോ. അതിനെതിരെ പ്രതിഷേധിക്കാനുള്ള യോഗത്തില്‍ താങ്കള്‍ പങ്കെടുത്തു പ്രസംഗിക്കുന്നത് പത്രത്തിലൊക്കെ വന്നതുമാണ്. എന്നു കരുതി ആ സിനിമ പോയി കണ്ട ശേഷം അത് ഇഷ്ടപ്പെടാതിരിക്കാനുള്ള അവകാശം താങ്കള്‍ക്കില്ല. ഇത്തരമൊരു രാഷ്ട്രീയപ്രാധാന്യമുള്ള ചിത്രമെന്ന നിലയ്‍ക്ക് അത് ഇഷ്ടപ്പെട്ടേ പറ്റൂ. അഥവാ അതിഷ്ടപ്പെട്ടില്ലെങ്കില്‍ ഇഷ്ടപ്പെട്ടില്ല എന്നു പറയാനുള്ള സ്വാതന്ത്ര്യവും താങ്കള്‍ക്കില്ല. കാരണം, കമല്‍ഹാസന്‍ മഹാനായ നടനും സംവിധായകനുമൊക്കയാണ്. കമല്‍ഹാസനെപ്പറ്റി അതിബഹുമാനത്തോടെയും അതിരുകടന്ന വിനയത്തോടെയും മാത്രം സംസാരിക്കുന്നതാണ് ഈ സീസണില്‍ നല്ലത്.

4. പറയുമ്പോ എല്ലാം പറയണമല്ലോ. എന്തു സംഭവമായാലും അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന ആളുകളുടെ സമുദായം ഏതെന്നു നോക്കി അതിനെ വിലയിരുത്തുന്നതാണ് ഇവിടുത്തെ ഒരു രീതി. വിശ്വരൂപത്തിനെതിരേ പ്രതിഷേധിക്കുന്നവര്‍ മുസ്‍ലിം സംഘടനകളില്‍പ്പെട്ടവരാണെന്നിരിക്കെ മുസ്‍ലിം നാമധാരിയായ താങ്കള്‍ അവരെ എതിര്‍ക്കുന്നതോടൊപ്പം കമല്‍സാഹനോടുള്ള ആരാധന വെളിവാക്കുകയും സിനിമയെ വാഴ്‍ത്തിപ്പാടുകയും ചെയ്തിരുന്നെങ്കില്‍ നന്നായിരുന്നു. സിനിമയെ എതിര്‍ക്കുന്നവരെ കളിയാക്കുന്നതോടൊപ്പം സിനിമ താങ്കള്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്നു തുറന്നെഴുതിയതിനെ തികച്ചും വര്‍ഗീയമായി മാത്രം കാണുന്നതാണ് പുരോഗമനവാദികളായ മതേതരവാദികള്‍ക്കിഷ്ടം.

5. സാധാരണ പ്രേക്ഷകന്‍ എന്ന നിലയില്‍ കമലഹാസന്‍റെ സിനിമയെപ്പറ്റി താങ്കള്‍ അഭിപ്രായം പറയുമ്പോള്‍ അത് സോഷ്യല്‍ മീഡിയ മലയാളിക്ക് സഹിക്കാന്‍ കഴിയാതെ വരുന്നത് താങ്കള്‍ കമലഹാസനെയൊക്കെ വിമര്‍ശിക്കാവുന്ന തരത്തില്‍ പ്രതിഭാധനനായ സംവിധായകനാണ് എന്നു പ്രേക്ഷകര്‍ വിശ്വസിക്കുന്നതുകൊണ്ടാണ്. എന്നാല്‍, ശ്രീശാന്തും പൃഥ്വിരാജും ഒക്കെ വളര്‍ന്നുപോയതുപോലെ താങ്കളുടെ കരിയര്‍ ഗ്രാഫും റോക്കറ്റുപോലെ വളരുന്നതില്‍ ഞങ്ങള്‍ക്ക് അസൂയാവഹമായ ആശങ്കയുണ്ട്. ഇക്കാരണത്താല്‍ നീയാരെടാ കമലഹാസനെ വിമര്‍ശിക്കാന്‍, നീ വെറും പുഴു എന്ന സന്ദേശം ഞങ്ങള്‍ താങ്കളിലേക്ക് അടിച്ചുകയറ്റിക്കൊണ്ടിരിക്കും.

6. ഡാഡി കൂള്‍ ഞങ്ങള്‍ക്കിഷ്ടപ്പെട്ട സിനിമയാണ്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ അതിമനോഹരമായ സിനിമയായിരുന്നു. 22 ഫീമെയില്‍ കോട്ടയം പ്രേക്ഷകഭാവുകത്വത്തെ തന്നെ പുനര്‍നിര്‍വചിച്ച സിനിമയാണ്. ഡാ തടിയായും മോശമായില്ല. ഈ സിനിമകളൊക്കെ ഞങ്ങളാസ്വദിക്കുകയും നല്ലതെന്നു പ്രചരിപ്പിക്കുകയും ചെയ്തതാണ്. എന്നാല്‍, മേല്‍പ്പറഞ്ഞ കാരണങ്ങളാലും താങ്കള്‍ക്ക് ഞങ്ങളുടെ പിന്തുണയില്‍ അധിഷ്ഠിതമല്ലാത്ത ഒരു വ്യക്തിത്വവും അഭിപ്രായവും ഉണ്ടാവുന്നത് അപകടകരമാണെന്ന് അറിയാവുന്നതുകൊണ്ടും ഈ സിനിമകളൊക്കെ മലയാളത്തിലെ ഏറ്റവും കൂതറ സിനിമകളാണെന്നു ഞങ്ങള്‍ സാക്‍ഷ്യപ്പെടുത്തിക്കൊണ്ടിരിക്കും.

7. പിന്നെ, താങ്കള്‍ ആദ്യം ഇട്ട പോസ്റ്റ് ഡിലീറ്റ് ചെയ്ത് മറ്റൊരു പോസ്റ്റ് ഇട്ടത് കേരള ഫേസ്ബുക്ക് അസോസിയേഷന്‍റെ ചട്ടങ്ങള്‍ക്കു വിരുദ്ധമാണ് എന്നതറിയാമല്ലോ. ഇട്ട പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നവനെ കല്ലെറിഞ്ഞു കൊല്ലുന്നതും അതിന്‍റെ സ്ക്രീന്‍ഷോട്ട് മാക്സിമം ഷെയര്‍ ചെയ്ത് മറ്റുള്ളവരോടും കല്ലെറിയാന്‍ ആഹ്വാനം ചെയ്യുന്നതും അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായുള്ളതാണ്.

8. മഹാനായ കമലഹാസന്‍റെ സിനിമയെ വിമര്‍ശിക്കുമ്പോള്‍ ഭയഭക്തിബഹുമാനങ്ങളോടെ വിമര്‍ശിക്കണം എന്നതാണ് ആദ്യമായും അവസാനമായും ഞങ്ങള്‍ക്ക് ആഷികിനോടു പറയാനുള്ളത്. അതിനു നാട്ടുഭാഷ ഉപയോഗിച്ച താങ്കളെ വിമര്‍ശിക്കാന്‍ ഞങ്ങള്‍ കട്ടത്തെറിയായിരിക്കും ഉപയോഗിക്കുന്നത്. അങ്ങനെ ഞങ്ങള്‍ കട്ടത്തെറി ഉപയോഗിച്ച് ആഷികിനെ വിമര്‍ശിക്കുന്നതിനെ ആരെങ്കിലും വിമര്‍ശിച്ചാല്‍ അവന്‍റെ അന്ത്യമായിരിക്കും. കാരണം, കമലഹാസന്‍റെ മുന്നില്‍ ആഷിക് അബു ഒന്നുമല്ല. എന്നാല്‍, പ്രത്യേകിച്ചു പണിയൊന്നുമില്ലാത്ത ഞങ്ങള്‍ക്കു മുന്നില്‍ നിങ്ങളാരും ഒന്നുമല്ല. ഞങ്ങള്‍ക്ക് ഏതു ഭാഷയും ഏതു ശൈലിയും ഉപയോഗിക്കാം. നിങ്ങളുടെ ഭാഷ നന്നായിരുന്നാല്‍ മതി.

9. താങ്കളുടെ അഭിപ്രായങ്ങളില്‍ അഹങ്കാരം, പുച്ഛം, ധാര്‍ഷ്ട്യം എന്നീ ഏതെങ്കിലും ഭാവങ്ങളുടെ അംശമെങ്കിലും കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അത് ഞങ്ങള്‍ മുളയോടെ നുള്ളിയിരിക്കും. അഹങ്കാരം എന്നത് കേരളത്തില്‍ നിയമം മൂലം നിരോധിച്ചിട്ടുള്ള കാര്യമാണെന്ന് അറിയാമല്ലോ. അതിവിനയമില്ലാത്ത എല്ലാവരും അഹങ്കാരികളാണെന്ന് ഞങ്ങള്‍ക്കറിയാം. ശ്രീശാന്ത്, പൃഥ്വിരാജ് തുടങ്ങി വിനയരഹിതരും സ്വന്തമായി അഭിപ്രായവും വ്യക്തിത്വവുമുള്ളവരുമായ എല്ലാവരെയും ഞങ്ങള്‍ കേരളസാംസ്കാരികഭൂമികയില്‍ നിന്നു തുടച്ചു നീക്കിയിട്ടുണ്ട്. അഹങ്കാരികള്‍ ഇല്ലാത്ത കേരളം അതാണ് ഞങ്ങളുടെ സ്വപ്നം.

10. മേലാല്‍ വിഗ്ഗ് വയ്‍ക്കുന്ന സൂപ്പര്‍ സ്റ്റാറുകളെപ്പറ്റി ഏതെങ്കിലും സിനിമാ വാരികയില്‍ എഴുതുകയോ കമലഹാസനെപ്പോലുള്ള മഹാനായ കലാകാരന്‍മാരുടെ സിനിമ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്താല്‍ വിവരമറിയും. ഫഹദ് ഫാസിലിനെപ്പോലുള്ള ന്യൂ ജനറേഷന്‍ പയ്യന്‍മാരെയേ താങ്കള്‍ കണ്ടിട്ടുള്ളൂ. അസ്സല്‍ ഫാസിസ്റ്റുകളെ കണ്ടിട്ടില്ല. കാരണം, അവരൊക്കെ മതേതരവാദം സംരക്ഷി്ക്കുന്ന തിരക്കിലാണ്.

ഈ പോസ്റ്റ് എഴുതിയതിന് ഞാന്‍ കേള്‍ക്കേണ്ടി വരുന്നത് എന്തൊക്കെയാണെന്ന് എനിക്കറിയാം. അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്ടാകരസ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി ഫേസ്ബുക്ക് കവലകളില്‍ ആളുകള്‍ ആയുധം മൂര്‍ച്ച കൂട്ടുന്നതിന്‍റെ ശബ്ദം ഞാന്‍ കേള്‍ക്കുന്നു. 100 പൂക്കള്‍ വിരിയട്ടെ എന്നൊന്നും പറയാനുള്ള കെല്‍പ് എനിക്കില്ല. എന്നാലും സംഭവിക്കാനുള്ളത് കണക്കിലെടുത്ത പറയാം- ഒരായിരം തെറികള്‍ വിരിയട്ടെ !