രണ്ടു ഗാനങ്ങള്‍ കൂടി

സംഘര്‍ഷഭരിതമായ ജീവിതത്തില്‍ സംഗീതമാണ് ആകെയുള്ള ഒരാശ്വാസം. രണ്ട് മലയാള ഗാനങ്ങള്‍ കൂടി ആഗോളസംഗീതപ്രേമികള്‍ക്കായി സമര്‍പ്പിക്കുന്നു. ആദ്യം ഗാനത്തിന്റെ ഒറിജിനല്‍ മലയാളം വരികള്‍, തുടര്‍ന്ന് അതിന്റെ ബെര്‍ഗ്ലിഷ് പരിഭാഷ.

ഇന്നെനിക്കു പൊട്ടു കുത്താന്‍
സന്ധ്യകൾ ചാലിച്ച സിന്ധൂരം
ഇന്നെനിക്കു കണ്ണെഴുതാന്‍
വിണ്ണിലെ നക്ഷത്ര മഷിക്കൂട്‌ (ഇന്നെനി)

ഏന്റെ സ്വപ്നത്തിന്‍ എഴുനില വീട്ടിൽ
കഞ്ചബാണന്റെ കളിത്തോഴൻ (എന്റെ)
കണ്ണിലാകെ കതിരൊളി വീശീ
വന്നു കയറീ പോയീ (കണ്ണിൽ)

പൊന്നിലഞ്ഞികൾ പന്തലൊരുക്കി
കർണ്ണികാരം താലമെടുത്തു (പൊന്നി)
പുഷ്പിതാഗ്രകൾ മന്ദാരങ്ങൽ
പുഞ്ചിരിത്തിരി നീട്ടീ (പുഷ്പി)
ആ.ആ.ആ.ആ. (ഇന്നെനിക്കു)

ഇനി അതിന്റെ പരിഭാഷ:-

Today for me fix a bindi
evenings diluted red powder
today for me writing eyes
heavenly stars ink cover (Today..)

In my dreams seven storied house
Marijuana arrowman’s play boy
eyes full seeds light blowing
came, lifted, gone (Today..)

Gold leaf trees made tents
another tree took a plate
flowered edged foolplants
smile candles lengthened (Today..)

അടുത്ത ഗാനം:-

നിലാവിന്റെ പൂങ്കാവില്‍ നിശാപുഷ്പം
കിനാവിന്റെ തേന്മാവില്‍ രാപ്പാടി പാടി (നിലാവിന്റെ)

കുമാരേട്ടാ…എന്റെ കുമാരേട്ടാ…
ആരാ അത് ??

കരിമുകിലെന്‍ പൂവേണി ഇളംകാറ്റെന്‍ മധുവാണി
മതിമുഖമെന്‍ താമ്പാളം മലര്‍ച്ചുണ്ട് താമ്പൂലം
തളിര്‍വെറ്റ മുറുക്കാനും മണിമാറില്‍ വീഴാനും
പകരാന്‍ നീ വന്നാട്ടേ ആ ചൂടു പകര്‍ന്നാട്ടേ (നിലാവിന്റെ)

വെണ്ണതോല്‍ക്കുമെന്‍ മേനി മുറുകെയൊന്നു പുണരാനും
എന്‍ മടിയില്‍ തലചായ്ക്കാനും സുമബാണന്‍ വന്നല്ലോ
ഈ രാത്രി പുലരില്ല പൂങ്കോഴികള്‍ കൂവില്ല
ഇന്നു രാത്രി ശിവരാത്രി മദിരോത്സവ ശുഭരാത്രി (നിലാവിന്റെ)

ഇനി പരിഭാഷ:-

In moonlight’s flowergarden
Night flower smell
In dream’s honey mango tree
night singer singed (In moonlights..)

Kumar brotherrr… my kumar brotherrrr..
who am i ???

Charcoal cloud my flower hair
Light wind my honey voice
enough face my @#$%
flower lips panparag
green leaf tightening
bell breasts falling
you come to share
share that heat right (In moonlights..)

Kumar brotherr…..
what i do you want to do you ???

Ghee failing my body
strongly once embrace
my lap slanding head
flower arrowman camed
this night never good morning
flower chikens not howl
today night siva night
liquor festival siva night (In moonlights..)

Sorry: നിലവാരമുള്ള വായനക്കാര്‍ ക്ഷമിക്കണം.

എന്റെ വലന്റൈന്‍ ഗാനങ്ങള്‍

വലന്റൈന്‍ ദിനം പ്രണയികള്‍ക്കുള്ളതാണ്. പ്രണയത്തിന്റെ അന്തരാളങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഒരുവന്‍ എന്ന നിലയില്‍ എന്റെ പ്രിയകാമുകി എനിക്കു ഡെഡിക്കേറ്റ് ചെയ്തിട്ടുള്ള ഏതാനും ഗാനങ്ങള്‍ മാത്രമാണ് ഞാന്‍ നിങ്ങള്‍ക്ക് ഡെഡിക്കേറ്റ് ചെയ്യാനുദ്ദേശിക്കുന്നത്. എന്നാല്‍, പറയുമ്പോള്‍ വെറും സിനാമാഗാനങ്ങള്‍ മാത്രമായ ഇവ ഞാനായിട്ട് എന്തോന്ന് ഡെഡിക്കേറ്റ് ചെയ്യാന്‍ എന്നതിനാല്‍ ആ ഗാനങ്ങളെ, അതിലെ പ്രണയതീവ്രത ഒട്ടും ചോര്‍ന്നുപോവാതെ ലോകപ്രണയികള്‍ക്കായി ഞാന്‍ പരിഭാഷപ്പെടുത്തി ഡെഡിക്കേറ്റ് ചെയ്യുന്നു.മലയാളം വാക്കുകളുടെ അര്‍ഥങ്ങളും അവയിലെ ബിംബങ്ങളുമൊക്കെ അറിയാത്ത ഒരു തലമുറയ്‍ക്ക് ഞാന്‍ ചെയ്യുന്ന പുണ്യമാണ് ഇതെന്നൊന്നും ആരും പറയരുത്. ഇതൊക്കെ എനിക്കു നിസ്സാരമാണ്.

പ്രണയം നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന മൂന്നു ഗാനങ്ങളാണ് ‍ഞാനിവിടെ ഡെഡിക്കേറ്റ് ചെയ്യുന്നത്. ഗാനങ്ങളുടെ ഒറിജിനലും തൊട്ടുതാഴെ പ്രണയാതുരമായ പരിഭാഷയും നല്‍കുന്നു. നിങ്ങളിലെ പ്രണയം ഇന്നൊരു വഴിക്കാവും. ഉംമ്മ.

ആദ്യഗാനം.

അനുരാഗിണീ ഇതാ എന്‍
കരളില്‍ വിരിഞ്ഞ പൂക്കള്‍ (2)
ഒരു രാഗമാലയായി ഇത് നിന്റെ ജീവനില്‍ അണിയൂ .. അണിയൂ
അഭിലാഷ പൂര്ണിമേ .. (അനുരാഗിണി )

കായലിന്‍ പ്രഭാത ഗീതങ്ങള്‍
കേള്‍ക്കുമീ തുഷാര മേഘങ്ങള്‍ (2)
നിറമേകും ഒരു വേദിയില്‍
കുളിരോലും ശുഭവേളയില്‍
പ്രിയദേ.. മമ മോഹം നിയറിഞ്ഞു (2) ( അനുരാഗിണി)

മൈനകള്‍ പദങ്ങള്‍ പാടുന്നൂ
കൈതകള്‍ വിലാസമാടുന്നൂ (2)
കനവെല്ലാം കതിരാകുവാന്‍
എന്നുമെന്‍െറ തുണയാകുവാന്‍
വരദേ ..അനുവാദം നീ തരില്ലേ (2) (അനുരാഗിണി)

ഇനി സുന്ദരമായ പരിഭാഷ.

Anu the music teacher, here is my liver opened flowers
is one chain of ragas; you wear in your life, please wear.. please wear..
oh my request full moon (Anu the …)

Lakes good morning songs
is hearing this wet clouds
giving colour in one stage
very cool giving happy time
my dearrrrr…. my request you knowed (2) (Anu the …)

Mainas are singing some words
Pineapples are dancing adress
dreams all to become seeds
forever become my helper
oh the lineeeee…. dont you give me the permission (2) )

Anu the music teacher, here is my liver opened flowers
is one chain of ragas; you wear in your life, please wear.. please wear..
oh my request full moon (Anu the …)

ഇനി അടുത്ത ഗാനം.

രതിസുഖസാരമായി ദേവി നിന്‍ മെയ് വാര്‍ത്തൊരാ ദൈവം കലാകാരന്‍
കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍ ചേര്‍ത്തൊരാ ദൈവം കലാകാരന്‍ ( രതിസുഖ… )

തുളുമ്പും മാദക മധു പാനപാത്രം നിന്റെയീ നേത്രം (2)
സഖി നിന്‍ വാര്‍മുടി തന്‍ കാന്തിയേന്തി നീല മേഘങ്ങള്‍ (2)
തവാധര ശോഭയാലീ ഭൂമിയില്‍ പല കോടി പൂ തീര്‍ത്തൂ കലാകാരന്‍ ..
കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍ ചേര്‍ത്തൊരാ ദൈവം കലാകാരന്‍

നിലാവിന്‍ പൊന്‍ കതിരാല്‍ നെയ്തെടുത്തു നിന്റെ ലാവണ്യം (2)
കിനാവിന്‍ പൂമ്പരാഗം ചൂടി നിന്നൂ നിന്റെ താരുണ്യം ആ ആ ..ആ ആ ..
കിനാവിന്‍ പൂമ്പരാഗം ചൂടി നിന്നു നിന്റെ താരുണ്യം
മുഖാസവ ലഹരിയാല്‍ വീഞ്ഞാക്കിയെന്‍ ഭാവാര്‍ദ്ര ഗാനങ്ങള്‍ കലാകാരന്‍
കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍ ചേര്‍ത്തൊരാ ദൈവം കലാകാരന്‍

രതിസുഖസാരമായി ദേവി നിന്‍ മെയ് വാര്‍ത്തൊരാ ദൈവം കലാകാരന്‍
കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍ ചേര്‍ത്തൊരാ ദൈവം കലാകാരന്‍

ഇനി ഇതിന്റെ ബെര്‍ഗ്ലിഷ്.

Orgasm meaning godess your body concreted that god, artist artist
artist my dear your love in me blended that god, artist artist (Orgasm..)

full bottle erotic honey glass your these eyes
comrade your duplicate hairs beauty carried blue clouds
your lips beauty via this earth many crores of flowers made, artist
artist my dear your love in me blended that god, artist artist (Orgasm..)

Moonlights gold seeds using weaved made your beauty
dreams flower powder picking standing your beauty.. aaa.. aaa.. aaa… aaa
dreams flower powder picking standing your beauty
face*%#@ your converted to wine expressioned songs, artist
artist my dear your love in me blended that god, artist artist

Orgasm meaning godess your body concreted that god, artist artist
artist my dear your love in me blended that god, artist artist.

നെക്‍സ്‍റ്റ്.

ആത്മാവിൽ മുട്ടിവിളിച്ചതു പോലെ
സ്നേഹാതുരമായ്‌ തൊട്ടുരിയാടിയ പോലെ
മണ്ണിന്റെയിളം ചൂടാർന്നൊരു മാറിൽ
ഈറനാമൊരിന്ദുകിരണം പൂവുചാർത്തിയ പോലെ
കണ്ണിൽ പൂങ്കവിളിൽ തൊട്ടുകടന്നു പോകുവതാരോ
കുളിർ പകർന്നു പോകുവതാരോ
തെന്നലോ തേൻ തുമ്പിയോ
പൊന്നരയാലിൽ മറഞ്ഞിരുന്ന് നിന്നെ കണ്ടു
കൊതിച്ചു പാടിയ കിന്നരകുമാരനോ [കണ്ണിൽ….]

താഴമ്പൂ കാറ്റുതലോടിയ പോലെ
നൂറാതിരതൻ രാക്കുളിരാടിയ പോലെ
കുന്നത്തെ വിളക്കുതെളിക്കും കയ്യാൽ
കുഞ്ഞുപൂവിന്നഞ്ജനത്തിൻ ചാന്തുതൊട്ടതു പോലെ
ചാന്തുതൊട്ടതു പോലെ [കണ്ണിൽ….]

ആത്മാവിൽ മുട്ടിവിളിച്ചതു പോലെ
സ്നേഹാതുരമായ്‌ തൊട്ടുരിയാടിയ പോലെ
മണ്ണിന്റെയിളം ചൂടാർന്നൊരു മാറിൽ
ഈറനാമൊരിന്ദുകിരണം പൂവുചാർത്തിയ പോലെ
പൂവുചാർത്തിയ പോലെ [കണ്ണിൽ….]

ബെര്‍ഗ്ലിഷ്.

Knocking calling on the soul like
love sick touched speaked like
sands little heat having breasts
wetness having sunlight
weared a flower like

eyes, flower liver touching
passing out someone
cold passing out someone
wind or honey butterfly
golden big tree hiding
seeing you hungry singing
violin Kumaran or…

eyes, flower liver touching
passing out someone
cold sharing going someone

under flower wind touched like
100 that waves night cold danced like (2)
mountain lamp lighting hands with
in small flower’s eyeliner
mascara touched like
mascara touched like (Knocking…)

കേരളാ ആഡ്‍സെന്‍സ്

കേരളത്തിലെ പരസ്യക്കമ്പനികളിലേക്ക് വ്യാജനിയമനം നടത്താന്‍ തട്ടിപ്പുകാര്‍ തയ്യാറാക്കി വച്ച വ്യാജ പിഎസ്‍സി ചോദ്യപേപ്പര്‍ രഹസ്യമായി ചോര്‍ത്തിക്കിട്ടിയത് ഞാന്‍ അതേ പടി പ്രസിദ്ധീകരിക്കുന്നു. എനിക്കങ്ങനെ മുന്നും പിന്നും നോട്ടമില്ല. പിഎസ്‍സി ലജ്ജിക്കട്ടെ, പരസ്യക്കാര്‍ വിജൃംഭിക്കട്ടെ.

1. ഒരുനാള്‍ ഞാനും ഏട്ടനെപ്പോലെ വളരും വലുതാകും, ഏട്ടനെപ്പോലെ ബ്രിട്ടാനിയ മില്‍ക്ക് ബിക്കീസ് തന്നെ തിന്നും. ഇതില്‍ കവി ഏട്ടന്‍ എന്നുദ്ദേശിക്കുന്നത് ആരെയാണ് ?

(വല്യപ്പന്‍, ചിറ്റപ്പന്‍, എളയപ്പന്‍)

2. വിശ്വാസം അതല്ലേ എല്ലാം !- വിശ്വാസം എന്നതുകൊണ്ട് എന്തു വിശ്വാസമാണ് ഉദ്ദേശിക്കുന്നത് ?

(ആത്മവിശ്വാസം, അന്ധവിശ്വാസം, ഈശ്വരവിശ്വാസം)

3. പരസ്യങ്ങള്‍ വന്നുപോകുന്നതിനിടയില്‍ ടങ് ടങ് ടടേന്‍ എന്നൊരു ശബ്ദം കേള്‍പ്പിക്കാറുണ്ടല്ലോ, അതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നത് ?

(അയ്യേ പറ്റിച്ചേ, പിന്നേം പറ്റിച്ചേ, ഇനീം പറ്റിക്കും)

4. കലണ്ടര്‍ മനോരമ തന്നെ എന്നു തിലകന്‍ പറയുമ്പോള്‍ അതില്‍ നിന്ന് നമ്മള്‍ മനസ്സിലാക്കേണ്ടത് എന്താണ് ?

(അമ്മ ഓഫിസില്‍ മനോരമ കലണ്ടര്‍ തൂക്കില്ല, മോഹന്‍ലാലോ മമ്മൂട്ടിയോ മനോരമ കലണ്ടര്‍ നോക്കില്ല, തിലകന്‍ മനോരമ കലണ്ടര്‍ നോക്കില്ല)

5, എന്നും ഒരു പണത്തൂക്കം മുന്നില്‍- പണത്തൂക്കം എന്നു വച്ചാല്‍ എത്രയാണ് ?

(2 കിലോ, 7 കിലോ, 25 കിലോ)

6. വീട്ടില്‍ സ്വര്‍ണം വച്ചിട്ടെന്തിന് നാട്ടില്‍ തേടി നടപ്പൂ…. നാട്ടില്‍ തേടിയത് ഏത് പൂവാണ് ?

(ചെത്തിപ്പൂ, ചെമ്പരത്തിപ്പൂ, മത്താപ്പൂ)

7. ——– ഈസ് ദി സീക്രട്ട് ഓഫ് മൈ എനര്‍ജി. ഡാഷ് കൊണ്ടെന്താണ് ഉദ്ദേശിക്കുന്നത് ?

(മൂഡ്സ്, ഫ്രൂട്ട്സ്, ലൂപ്സ്)

8. പ്രകൃതിയുടെ മിശ്രിതം, ടാറ്റായുടെ പായ്‍ക്കിങ്- ഏത് മിശ്രിതമാണ് ഉദ്ദേശിക്കുന്നത് ?

(എന്‍പികെ മിശ്രിതം, ഫാക്ടംഫോസ് 20-20, കടലപ്പിണ്ണാക്ക്- പുകയിലക്കഷായം)

9. പ്രാര്‍ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോ കാരണമുണ്ട്. ഒരു കാരണവുമില്ലാതെ പ്രാര്‍ഥിക്കുന്നവന്‍ ആരായിരിക്കും ?

(ഭ്രാന്തന്‍, ദൈവം, യുക്തിവാദി)

10. ജനകോടികളുടെ വിശ്വസ്തസ്ഥാപനം ! ഈ പരസ്യം മലയാള ഭാഷയ്‍ക്ക് ഒരു പുതിയ വാക്ക് സംഭാവന ചെയ്തു. ഏതാണാ വാക്ക് ?

(വിശ്വസ്‍സ്സ, വിസ്വശ്‍സ, വിശ്വസ്ദസ്തസ്ഥ)

സന്തോഷമായി ബില്‍ഗേറ്റ്സേ, സന്തോഷമായി !

ഓണത്തിനു മാവേലി വരുന്നതുപോലെ ക്രിസ്മസ് അടുക്കുമ്പോള്‍ ക്രിസ്മസ് അപ്പൂപ്പന്‍ ചുവന്ന സഞ്ചി നിറയെ സമ്മാനങ്ങളുമായി വന്ന് നമുക്കൊക്കെ തന്നിട്ടു പോകുമെന്നാണ് സങ്കല്‍പം. ഓണമൊക്കെ പണ്ടല്ലായിരുന്നോ എന്നു പറയുന്നതുപോലെ അപ്പൂപ്പന്‍ ഫോറിനറായതുകൊണ്ട് ഇക്കാലം പഴയ പോലെ വന്നു സമ്മാനവിതരണം പ്രാക്ടിക്കലല്ല. എന്നാല്‍, പുള്ളി ഇടപെട്ട് വല്ല ലോട്ടറിയോ ഒക്കെയായി നമുക്കു താരാനുള്ളത് തരും എന്നാണ് വിശ്വാസം.

മൈക്രോസോഫ്‍റ്റ് മുതലാളി ബില്‍ ഗേറ്റ്സ് ആണ് ഈ വര്‍ഷത്തെ എന്‍റെ ക്രിസ്മസ് അപ്പൂപ്പന്‍. വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റമുണ്ടാക്കുന്നതൊക്കെ പുള്ളിക്ക് ഒരു മറയാണ്. മൈക്രോസോഫ്റ്റില്‍ ശരിക്കും നടക്കുന്നത് ഭൂട്ടാന്‍ ലോട്ടറി ഇടപാടാണ്. ശിവകാശിയിലെ പ്രസ്സില്‍ നിന്നും ടിക്കറ്റുകള്‍ അടിച്ച് സാന്‍റിയാഗോ മാര്‍ട്ടിന്‍ മൈക്രോസോഫ്റ്റിലേക്ക് അയക്കും. മൈക്രോസോഫ്റ്റില്‍ ഈ ടിക്കറ്റുകള്‍ നറുക്കെടുത്ത് മാസാമാസം സമ്മാനം കൊടുക്കും, ലക്ഷങ്ങള്‍, കോടികള്‍ !

മൈക്രോസോഫ്റ്റ് ഭാഗ്യവാനെ കണ്ടെത്തുന്ന രീതി വളരെ സുതാര്യമാണ്. കൈരളി ടിവിയിലും എസ്എസ് മ്യൂസിക്കിലും കാണുന്നതുപോലെ ഐടി എന്‍ജിനീയര്‍മാര്‍ വലിയ കറങ്ങുന്ന ഒരു കുട്ടകത്തിനരികില്‍ നില്‍ക്കും. ആ കുട്ടകത്തെയാണ് ഓപറേറ്റിങ് സിസ്റ്റം എന്നു വിളിക്കുന്നത്. എന്നിട്ട് കുറെ ഇമെയില്‍ അഡ്രസുകള്‍ എഴുതിയ ടിക്കറ്റുകള്‍ ചെറുതായി മടക്കി ആ കുട്ടകത്തിലിടും. ഈ ഇമെയില്‍ അഡ്രസുകള്‍ അവര്‍ക്കെങ്ങനെ കിട്ടുമെന്നു ചോദിക്കരുത്. മൈക്രോസ്ഫ്റ്റിന് എന്തു വേണമെങ്കിലും കിട്ടും.

കുട്ടകത്തില്‍ ഇമെയില്‍ അഡ്രസെല്ലാം കൂടി ഇട്ട ശേഷം ഒരു പെണ്ണുപോയി പ്ലഗ് കുത്തി സ്വിച്ചിടും. അപ്പോള്‍ പോറ്റി ഹോട്ടലില്‍ ഉഴുന്നരയ്‍ക്കുന്ന ഗ്രൈന്‍ഡര്‍ കറങ്ങുന്നതുപോലെ കുട്ടകം കറങ്ങാന്‍ തുടങ്ങും. അതങ്ങനെ കറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ വിന്‍ഡോസ് തുറന്ന് സാക്ഷാല്‍ ബില്‍ ഗേറ്റ്സ് അങ്ങോട്ടു വരും. വിന്‍ഡോസ് ലൈവ് എന്നു പറയുന്ന ഒരു ചാനലില്‍ ഇത് ലൈവായി കാണിക്കുന്നുണ്ടത്രേ. ബില്‍ ഗേറ്റ്സ് വന്നിട്ട് ഉഴുന്നരഞ്ഞോ എന്നു നോക്കാന്‍ കുശിനിക്കാരന്‍ ശരവണന്‍ ഗ്രൈന്‍ഡറില്‍ കയ്യിട്ടു നോക്കുന്നതുപോലെ കുട്ടകത്തിനകത്തോട്ട് കയ്യിടും. തിരികെ കയ്യെടുക്കുമ്പോള്‍ വിരലുകള്‍ക്കിടയില്‍ ഒരു കടലാസുണ്ടാവും !

ആ കടലാസില്‍ എഴുതിയിരിക്കുന്നത് ഏത് ഇമെയില്‍ അഡ്രസാണോ ആ ഇമെയില്‍ അഡ്രസിന്‍റെ ഉടമയ്‍ക്ക് ലക്ഷക്കണക്കിനു രൂപേടെ സമ്മാനം കൊടുക്കും. വിന്‍ഡോസ് വിറ്റുവിറ്റ് ഇഷ്ടംപോലെ കാശായതില്‍ പിന്നെ മൈക്രോസോഫ്റ്റ് ആസ്ഥാനത്ത് എല്ലാ മാസവും നടക്കുന്ന ഒരാചാരമാണിത്. ഇതനുസരിച്ച് കഴിഞ്ഞ നവംബര്‍ 29നു നടന്ന നുക്കെടുപ്പില്‍ പത്തു ലക്ഷം ബ്രിട്ടീഷ് പൗണ്ട് സമ്മാനമായി കിട്ടിയിരിക്കുന്നത് ആര്‍ക്കാന്നാ വിചാരം ? ഈ എനിക്ക്. 10 ലക്ഷം ബ്രിട്ടീഷ് പൗണ്ടെന്നു പറയുമ്പം രൂപ ഏഴു കോടിയോളം വരും.

ഈ കാശൊക്കെ ഞാനെന്തു ചെയ്യും ഈശ്വരാ ! ഞാനെഴുതി ഞാന്‍ തന്നെ സംവിധാനം ചെയ്ത് ഞാന്‍ മാത്രം നായകനായി അഭിനയിക്കുന്ന ബിഗ്ബജറ്റ് സിനിമ നിര്‍മിക്കണോ അതോ പൊറിഞ്ചു വെളിയത്തിന്‍റെ ഇക്വിറ്റി ഇന്‍റലിജന്‍സില്‍ നിക്ഷേപിക്കണോ ? ആകെ കണ്‍ഫ്യൂഷനാണ്. 36 മണിക്കൂറിനകം എനിക്കുള്ള കാശ് കിട്ടും. ടാക്സ്, എന്‍ഫോഴ്സ്മെന്‍റ് ചേട്ടന്‍മാര്‍ക്ക് ആരും ഇത് ഒറ്റിക്കൊടുക്കരുത്.

ഇത്ര പെട്ടെന്നു ഞാന്‍ കോടീശ്വരനായത് സഹിക്കാനാവാത്തവരും ഉണ്ടാവും. ചുമമാ പുളുവാണെന്ന് നിങ്ങളാരോപിക്കും മുമ്പ് മൈക്രോസോഫ്റ്റ് കോപറേഷന്‍ എനിക്കയച്ച മെയില്‍ തെളിവിനായി ഇവിടെ കൊടുക്കുന്നു. ഭാഗ്യദേവത അങ്ങനെ എല്ലാവരേം തേടിപ്പോകില്ല, വെറുതെ അസൂയപ്പെടാതെ മെയില്‍ വായിച്ചു പഠി !

MICROSOFT CO-OPERATION HEADQUARTERS 2010
The Marina Offices, St Peters Yacht Basin,
Newcastle upon Tyne, NE6 1HX England

We are pleased to inform you today our lottery draw done on the 29th November 2010, in respect of the
just conducted lottery draw, a lump sum pay out of £1,000 000.00 (One
Million Great Britain Pounds Sterling) has been awarded to your email ID, by MICROSOFT CO-OPERATION
ONLINE PROMO PROGRAM.

You are to send the below informations to our cliams director Mr Steve GoodLuck who will facillitate with the delivery of your money:
Mr Steve GoodLuck
Email:claimsgroup2011@hotmail.co.uk
Telephone: +44 871 315 2368

1.Full Name:
2.Full Address:
3.Marital Status:
4.Occupation:
5.Age:
6.Sex:
7.Nationality:
8.Country Of Residence:
9.Telephone Number:

Please include the following to your mail back to us:

REFERENCE NUMBER:UK/2551/A256003/23
BATCH NUMBER:014/070/AY7
TICKET NUMBER:005-4432-971-878

Congratulations once more from all members and staff of this program and always CHECK YOUR EMAIL BOX (INBOX AND JUNK) EVERY 60 MINUTES for your update on our delivery because the delivery of your payment only takes 36 hours from the day you where notified.

Yours faithfully,
Allen Gray(Dr)

ടിക്കറ്റ് നമ്പരുള്‍പ്പെടെ എല്ലാ വിവരങ്ങളും അവര്‍ തന്നുകഴിഞ്ഞു. അതാണ് മൈക്രോസോഫ്റ്റ്. ആപ്പിളും കൂപ്പിളുമൊക്കെ ഉപയോഗിക്കുന്ന അഹങ്കാരികളോട് ഒരു വാക്ക്, ഇനിയെങ്കിലും മൈക്രോസ്ഫ്റ്റിനെ ബഹുമാനിക്കാന്‍ പഠിക്ക്. CHECK YOUR EMAIL BOX (INBOX AND JUNK) EVERY 60 MINUTES- ഇതാണ് പ്രതിബദ്ധത എന്നു പറയുന്നത്. എനിക്കത് ഫീലടിക്കുകേം ചെയ്തു.

ന്യൂ കാസിലില്‍ ഒക്കെ എന്തു മാത്രം മലയാളികളാ നല്ലൊരു ജീവിതം സ്വപ്നം കണ്ടു പോയി കിടക്കുന്നത്. എന്നിട്ട് ന്യൂകാസിലില്‍ ഓഫിസുള്ള മൈക്രോസ്ഫ്റ്റിന്‍റെ ലോട്ടറിയടിച്ചത് ഓള്‍റെഡി നല്ല ജീവിതമുള്ള എനിക്ക്. ന്യൂകാസില്‍കാരെ, കരയരുത്, എല്ലാം വിധി എന്നു കരുതി സമാധാനിക്കൂ. ലീവിനു വരുമ്പോള്‍ എന്നെയൊന്നു വിളിക്കൂ. പത്തോ അഞ്ഞൂറോ പൗണ്ട് വീതം ഞാനെല്ലാവര്‍ക്കും തരാം.

ചുംബാന്‍സി !

കള്ളും പെണ്ണും ആണല്ലോ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത രണ്ടു ഘടകങ്ങള്‍. ഇതു രണ്ടിന്‍റെയും പിന്നാലെ പോകുന്നവന്‍റെ ലൈഫ് തുലഞ്ഞുപോകുമെന്നും ഉള്ള കഞ്ഞിവെള്ളവും കുടിച്ച് വീട്ടിലിരിക്കുന്നവനൊക്കെ വച്ചടി വച്ചടി കയറ്റവുമായിരിക്കുമെന്നാണ് സദാചാരത്തില്‍ കിടക്കുന്നവര്‍ പറഞ്ഞിട്ടുള്ളത്. എന്താണ് സത്യം ?

നരച്ച മുടി ഡൈ ചെയ്യാതെ, ജിമ്മില്‍ പോയി കുടവയര്‍ ആറരക്കട്ടയാക്കാതെ എല്ലാം വിധിയാണെന്നു സമാധാനിച്ച് ജീവിക്കുന്ന ഒരു മനുഷ്യനുണ്ട്- വിജയ് മല്യ ! അദ്ദേഹം നമുകൊക്കെ വേണ്ടി കിങ്ഫിഷര്‍ മദ്യമിറക്കുന്നു, കണ്ടു രസിക്കാന്‍ ബിക്കിനിപ്പിള്ളേരുടെ പടമുള്ള കലണ്ടറിറക്കുന്നു. സദാചാരം വച്ചു നോക്കിയാല്‍ പുള്ളിയൊക്കെ എന്നേ പാപികളോടൊപ്പം എണ്ണപ്പെടുകയും തുലയപ്പെടുകയും ചെയ്യേണ്ടതാണ്. എന്നിട്ടു പുള്ളിയെവിടെ, സദാചാരവാദികളായ നമ്മളെവിടെ ?

അല്ലെങ്കിലും ഓരോന്നു പറഞ്ഞ് മറ്റുള്ളവരോട് വഴക്കുണ്ടാക്കി, ടെന്‍ഷനടിപ്പിച്ച്, പിണങ്ങി അലമ്പുണ്ടാക്കി നടന്നിട്ട് എത്തിക്സും ഫിലോസഫിയും പറയുന്ന നമ്മളാണോ ലേഡീസിനെയെങ്കിലും ചുംബനപ്പൂകൊണ്ടു മൂടി ജീവിതം രസകരമായി മുന്നോട്ടു കൊണ്ടുപോകുന്ന വിജയേട്ടനാണോ ശരിക്കും നല്ലവന്‍ ?

ചുംബനം ഒരു കുറ്റമായി പ്രഖ്യാപിച്ചിട്ടില്ല. ആര്‍ക്കും ആരെയും ചുംബിക്കാം എന്നു സാങ്കേതികമായി പറയാമെങ്കിലും ചുംബിക്കപ്പെടുന്നയാള്‍ക്ക് ഒബ്ജക്ഷനുണ്ടെങ്കില്‍ പണിയാകും. കോടീശ്വരനായ വിജയ് മല്യ ചുംബിച്ചെന്ന് ഒരു പരാതിയായി ആരും ഇന്നു വരെ പറഞ്ഞു കേട്ടിട്ടില്ല. പുള്ളി ചുംബിക്കുന്നതില്‍ നമ്മള്‍ അസൂയക്കാര്‍ക്കേയുള്ളു പരാതി. പുള്ളിയുടെ ചുംബനജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ചില ഏടുകള്‍ സഹിക്കാനാവാത്ത അസൂയയോടെ സമര്‍പ്പിക്കുന്നു. നിങ്ങളും അസൂയപ്പെട് !

കഴിഞ്ഞ ദിവസം നടന്ന കിങ്ഫിഷര്‍ കലണ്ടര്‍ 2011 പ്രകാശനത്തില്‍ സമീര റെഡ്ഡിയെ ചുംബിക്കുന്നു.
നേഹ ദൂപിയ അങ്ങോട്ടു ചെന്ന് ചുംബനം ഏറ്റുവാങ്ങുന്നു.
നീത അംബാനിയെ ചുംബിക്കാന്‍ തുടങ്ങുന്നു. ചുംബിച്ചോ, ഇല്ലയോ ?
ശില്‍പ ഷെട്ടി, ഈ അച്ചായന്‍റെ ഒരു കാര്യം എന്ന മട്ടില്‍.
സോഫി ചൗധരി, എന്തരോ ഫീലിങ് ഉള്ളതുപോലെ, പ്രീതി സിന്‍റെ കട്ടന്‍കാപ്പി മധുരമില്ലാതെ കുടിക്കുന്ന മട്ടില്‍.

സങ്‍ടമൊണ്ട്, അത്രേ പറയാനൊള്ളൂ !

ഷക്കീലപ്പടം നിര്‍മിക്കുന്നതെങ്ങനെ ?

സിനിമകള്‍ പരാജയപ്പെടുന്നതാണ് മലയാള സിനിമയിലെ പ്രതിസന്ധി എന്നത് എത്ര പറഞ്ഞിട്ടും മനസ്സിലാകാതെ പുതിയ പുതിയ കാരണങ്ങള്‍ തേടി നടക്കുകയാണ് സിനിമക്കാര്‍. പുതിയ പ്രതിഭകള്‍ വരുന്നുണ്ടെങ്കിലും അവരൊക്കെ വ്യത്യസ്തത പരീക്ഷിക്കുന്നതു കാരണം സിനിമകള്‍ വിജയിക്കാതെ പോവുകയാണ്. ഇൌ സാഹചര്യത്തില്‍ സിനിമയെ ഗൌരവപൂര്‍വം നോക്കിക്കാണുന്ന ഒരു ചലച്ചിത്രപടു എന്ന നിലയില്‍ സിനിമയിലെത്താനാഗ്രഹിക്കുന്നവര്‍ക്കും എത്തിക്കഴിഞ്ഞ് ഇനിയെന്തു ചെയ്യമെന്നറിയാതെ നില്‍ക്കുന്നവര്‍ക്കുമായി ഒരു ഒാണ്‍ലൈന്‍ കോഴ്സ് ആരംഭിക്കുകയാണ് ഇവിടെ. വിവിധ തരത്തിലുള്ള സിനിമകള്‍ നിര്‍മിക്കുന്നതിനുള്ള സിസ്റ്റമാറ്റിക് ആയ വഴിയാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഷക്കീലപ്പടം, സൂപ്പര്‍ സ്റ്റാര്‍ പടം, കോമഡി പടം, പൊളിറ്റിക്കല്‍ ത്രില്ലര്‍, അവാര്‍ഡ് പടം തുടങ്ങി എല്ലാ തരത്തിലുമുള്ള സിനിമകള്‍ നിര്‍മിക്കുന്നതിനുള്ള വഴികള്‍ ഇവിടെ ലഭ്യമാകും.

മലയാള സിനിമയ്ക്കുള്ള സമഗ്രസംഭാവനകള്‍ പരിഗണിക്കുമ്പോള്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരാളാണ് ഷക്കീല. ചില നമ്പൂതിരി ഇല്ലങ്ങള്‍ പോലെ ക്ഷയിച്ചു ചുമച്ചു കിടപ്പിലായ മലയാള സിനിമയ്ര്‍ക്ക് അല്‍പമെങ്കിലും ഉദ്ധാരണശേഷി പകര്‍ന്നു നല്‍കിയത് മാംസളഹൃദയയായ ഷക്കീലയാണ്. കിന്നാരത്തുമ്പികള്‍ മുതല്‍ ഇങ്ങോട്ടുള്ള ഷക്കീല വിഭവങ്ങള്‍ പരിശോധിച്ചാല്‍ ആര്‍ക്കും അത്തരമൊരു സിനിമ നിര്‍മിക്കാന്‍ തോന്നും. അങ്ങനെ സിനിമ നിര്‍മിക്കാനാഗ്രഹിക്കുന്നവര്‍ക്കു വേണ്ടിയുള്ളതാണ് ഇൌ കുറിപ്പ്. ഇതനുസരിച്ച് സിനിമയുണ്ടാക്കിയാല്‍ 100 ദിവസമെങ്കിലും കുറഞ്ഞത് ഒാടുമെന്നതിനാല്‍ അത്രയും ഒാടാന്‍ ചങ്കുറപ്പുള്ളവര്‍ മാത്രമേ ഇൌ പണിക്കിറങ്ങാവൂ.

ആവശ്യമുള്ള സാധനങ്ങള്‍:-

1. വെളുത്തു നെയ്മുറ്റിയ ഒരു കൊച്ചമ്മ- രണ്ടു ക്വിന്റല്‍
2. ഇറുകിയ ചുവന്ന ബ്ലൌസും താഴ്ത്തിയുടുക്കുന്ന ലുങ്കിയും ധരിക്കുന്ന വേലക്കാരി – 1
3. ചുമയയും ക്ഷയവുമുള്ള 60 വയസ്സു കഴിഞ്ഞ ഡ്രൈവര്‍- 1
4. വേലക്കാരിയെ കാണാന്‍ രാത്രി മതില്‍ ചാടി വരുന്ന ലോക്കല്‍ കാമുകന്‍- ആവശ്യത്തിന്
5. കോട്ടും സ്യൂട്ടും ധരിച്ച് പെട്ടിയുമായി നടക്കുന്ന 50 കഴിഞ്ഞ കൊച്ചമ്മയുടെ ഭര്‍ത്താവ്- 1
6. വെളുത്തു ചുവന്ന് 16 കഴിഞ്ഞ വള്ളിയുള്ള പച്ച ബനിയന്‍ ധരിക്കുന്ന വേലക്കാരന്‍ പയ്യന്‍- 1
7. സ്വീകരണമുറിയിലെ ഭിത്തിയില്‍ തൂക്കിയിരിക്കുന്ന നീളമുള്ള തോക്ക്- ഒന്നോ രണ്ടോ
8. വീടിന്റെ മുറ്റത്ത് വലിയ പൂന്തോട്ടവും ഫൌണ്ടനും മുത്തുപിടിപ്പിച്ച അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച ഗ്രൂപ്പ് ഡാന്‍സുകാരും- ഇഷ്ടം പോലെ
9. അയല്‍പക്കത്തെ വീടിന്റെ ടെറസില്‍ സദാസമയവും വെയ്റ്റ് എടുക്കുന്ന ചെറുപ്പക്കാരന്‍- 1
10. അടുത്തെങ്ങും ആരും വരാനില്ലാത്ത കാട്ടുപൂഞ്ചോല- 1

തയ്യാറാക്കുന്ന വിധം:-

തടിച്ച ശരീരമുള്ള വെളുത്ത സ്ത്രീ ഭയങ്കര കാശുള്ളവരായിരിക്കും. ഭര്‍ത്താവിനു പണമുണ്ടാക്കുന്നതില്‍ മാത്രമായിരിക്കും താല്‍പര്യമെന്നതിനാല്‍ മാദകത്തിടമ്പായ ഭാര്യയുടെ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് താല്‍പര്യങ്ങളില്‍ അദ്ദേഹത്തിനു താല്‍പര്യമുണ്ടാവില്ല. ബെഡ്റൂമിലെ ഒാഫിസ് ടേബിളിലിരുന്ന് തിരക്കിട്ടു ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ പിന്നില്‍ ചുണ്ട് കടിച്ച് പുതപ്പ് പിച്ചിപ്പറിച്ചുകൊണ്ട് കൊച്ചമ്മ ഇരിക്കണം.

അല്ലെങ്കില്‍, കൊച്ചമ്മ എന്നു വിശേഷിപ്പിക്കാവുന്ന ഇൌ ചേച്ചി കൊട്ടാരസദൃശ്യമായ വീട്ടില്‍ ഒറ്റക്കായിരിക്കും താമസം. പുറത്ത് വലിയ പട്ടികളും രണ്ടോ മൂന്നോ കാറും ഇടക്കിടെ ചുമയ്ര്‍ക്കുന്ന 60 കഴിഞ്ഞ ഡ്രൈവര്‍ അമ്മാവനും ഉണ്ടാവും. അമ്മാവന് കഷ്ടിച്ചു കാറോടിക്കാനല്ലാതെ എക്സട്രാ കരിക്കുലറിന് ശേഷിയുണ്ടായിരിക്കില്ല. രണ്ടു ക്വിന്റല്‍ തൂക്കമുള്ള കൊച്ചമ്മയെ മകളെപ്പോലെ കാണുന്നതാണ് അമ്മാവന്റെ വിനോദം.

എപ്പോഴും പൈങ്കിളി വാരികകള്‍ വായിച്ചുകൊണ്ടിരിക്കുന്ന ഇറുകിയ ചുവന്ന ബ്ലൌസ് ധരിക്കുന്ന വേലക്കാരിക്ക് അടുക്കളിലെ മിക്സിയോടും ഗ്രൈന്‍ഡറിനോടും വരെ പ്രേമമായിരിക്കും. രാവിലെ എണീറ്റാല്‍ അപ്പുറത്തെ വീടിന്റെ ടെറസില്‍ വെയ്റ്റെടുക്കുന്ന ചെറുപ്പക്കാരനെ നോക്കി നില്‍ക്കുന്നതാണ് വേലക്കാരിയുടെ വിനോദം. അതു കാണുമ്പോള്‍ വേലക്കാരിക്ക് ഭയങ്കര നാണമായിരിക്കും. എന്നാല്‍ മുകളിലത്തെ നിലയിലെ ജനലിലൂടെ അത് കാണുന്ന കൊച്ചമ്മയുടെ എവിടെയൊക്കെയോ എന്തൊക്കെയോ പോലെയാണ്. ഇതെങ്ങനെ പ്രയോജനപ്പെടുത്താം എന്ന ആലോചനയോടെ നോക്കി നില്‍ക്കുന്ന കൊച്ചമ്മ ഭയങ്കര സീരിയസ്സായിരിക്കും. ഇവരെയൊന്നും കാണുകയോ നോക്കുകയോ ചെയ്യുന്ന ടൈപ്പായിരിക്കില്ല മസിലുകാരന്‍.

എന്നാല്‍ വേലക്കാരിയുടെ കൊച്ചമ്മയുടെയും പകല്‍ക്കിനാവുകളില്‍ കടന്നുവരുന്ന മസിലുകാരന്‍. രാത്രിയില്‍ മതിലുചാടി കടന്നു വരുന്ന വേലക്കാരിയുടെ കാമുകന്‍ വേലക്കാരിയുമായി അടുക്കളയില്‍ കെട്ടിമറിയുമ്പോള്‍ ഹൈക്കമാന്‍ഡിലെ പുട്ടകളി നോക്കിനില്‍ക്കുന്ന പാര്‍ട്ടി അധ്യക്ഷയെപ്പോലെ ഒന്നും മിണ്ടാതെ എന്നാല്‍ എല്ലാം വിശദമായി കണ്ടുകൊണ്ട് നില്‍ക്കുന്ന കൊച്ചമ്മ.

ഡ്രൈവറമ്മാവന്‍ വകേലുള്ള ചെക്കനെ കൊച്ചമ്മയുടെ വീട്ടില്‍ അടുക്കളജോലിക്കായി എത്തിക്കുന്നിടത്താണ് കഥയുടെ വഴിത്തിരിവ്. കൊച്ച് ഏതാണ് അമ്മയേതാണ് എന്നു തിരിച്ചറിയനുളള വിവരമില്ലാത്ത ചെറുക്കന്‍ വേലക്കാരിയോടൊപ്പം ജോലിക്കു കയറുന്നു. ചെക്കനെ പ്രലോഭിപ്പിക്കാന്‍ വേലക്കാരി ഓള്‍റെഡി പൊക്കിളിനു രണ്ടു മീറ്റര്‍ താഴെ നില്‍ക്കുന്ന ലുങ്കി ഒന്നരമീറ്റര്‍ കൂടി താഴ്ത്തിയുടുക്കുകയും ലുങ്കി മുട്ടിനു മുകളില്‍ പൊക്കികുത്തുകയും ചെയ്യും. എന്നാല്‍ നിഷ്കളങ്കതയുടെ മൂര്‍ത്തീരുപമായ പയ്യന് അതൊന്നും എന്താണെന്നു കൂടി മനസ്സിലാവില്ല.

വീട്ടിനുള്ളില്‍ ജോലി മാത്രം ചെയ്യുന്ന പയ്യനെ ഒരു ദിവസം കൊച്ചമ്മ മുറിയിലേക്കു വിളിക്കുന്നു. പയ്യന്‍ ചെല്ലുമ്പോള്‍ കൊച്ചമ്മ തറയില്‍ ഇരിക്കും. കാലിന് വേദനയാണെന്ന് ഭാവിക്കും. പയ്യന്‍ കൊച്ചമ്മയെ പൊക്കിയെടുത്ത് കട്ടിലിലിരുത്തും. അതോടെ കൊച്ചമ്മയുടെ കണ്‍ട്രോള് പോകാറാവും. പയ്യന്‍ വേഗം ബാം എടുത്തു കൊണ്ടു വരും. കൊച്ചമ്മ നൈറ്റി മുട്ടോളം ഉയര്‍ത്തിക്കൊടുക്കും. പയ്യന്‍ പശുവിന്റെ അകിട്ടില്‍ നെയ് പുരട്ടുന്നതുപോലെ കൊച്ചമ്മയുടെ കാലില്‍ ബാം ഇങ്ങനെ പുരട്ടിക്കൊണ്ടിരിക്കും. കൊച്ചമ്മയുടെ ശരീരം മുഴുവന്‍ ജി-സ്പോട്ട് ആയതുകൊണ്ട് പയ്യന്‍ വിരല്‍ തൊടുമ്പോഴേ കൊച്ചമ്മ ചുണ്ടു കടിച്ച് പിടയാന്‍ തുടങ്ങും. മുട്ട് വരെ പുരട്ടി ചെല്ലുമ്പോള്‍ അതനുസരിച്ച് കൊച്ചമ്മ കൈരളി തിയറ്ററില്‍ കര്‍ട്ടനുയര്‍ത്തുന്നതു പോലെ പതുക്കെ പതുക്കെ നൈറ്റി ഉയര്‍ത്തിക്കൊടുക്കും. വിറയലോടെ പയ്യന്‍ മുന്നേറും.

പിന്നെയുള്ള സീനുകളില്‍ പയ്യനും കൊച്ചമ്മയും, പയ്യനും വേലക്കാരിയും, മസിലുകാരനും കൊച്ചമ്മയും, മസിലുകാരനും വേലക്കാരിയും, വേലക്കാരിയുടെ കാമുകനും കൊച്ചമ്മയും, മുതലാളിയും വേലക്കാരിയും എന്നിങ്ങനെയുള്ള ചേരുവകള്‍ അകാം. എല്ലാം കഴിഞ്ഞാല്‍ ക്ളൈമാക്സില്‍ സത്യം അറിയുന്ന മുതലാളി ആദ്യം മുതല്‍ ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന തോക്കെടുത്ത് കൊച്ചമ്മയെ വെടിവയ്ക്കുന്നിടത്ത് അവിഹിതബന്ധങ്ങള്‍ ജീവിതം തകര്‍ക്കുമെന്ന നല്ല സന്ദേശം നല്‍കി സിനിമ അവസാനിക്കും.

ഫെമിനിസ്റ്റ് ട്രാഫിക് ഗൈഡ്

കേരളാ ട്രാഫിക് ഗൈഡ് എന്ന എന്റെ പഴയ ഗതാഗത മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ റോഡുകളില്‍ ഇന്നു ഗതാഗതം സുഗമമായി നടക്കുന്നു എന്ന സന്തോഷകരമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും അത്തരത്തിലൊരു മാര്‍ഗരേഖ കൂടി അവതരിപ്പിക്കുകയാണ്. അന്നത്തെ മാര്‍ഗരേഖ പ്രൊഫഷനല്‍ ഡ്രൈവര്‍മാര്‍ക്കും യുവാക്കള്‍ക്കും വേണ്ടിയുള്ളതായിരുന്നെങ്കില്‍ ഇത് സ്ത്രീകള്‍ക്കു വേണ്ടി മാത്രമുള്ളതാണ്. കൂടുതല്‍ സ്ത്രീകള്‍ ഡ്രൈവിങ് പഠിക്കുകയും വാഹനവുമായി നിരത്തിലിറങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ പുരുഷകേന്ദ്രീകൃതമായ ഒരു റോഡ് സംസ്കാരത്തില്‍ നിന്നും മോചനം നേടി ഒരു ഫെമിനിസ്റ്റ് ട്രാഫിക് സംസ്കാരം സൃഷ്ടിക്കുന്നതിനുളള ഈ കൈപ്പുസ്തകം എല്ലാ സ്ത്രീകളും വായിച്ച് വണ്ടിയുമായി വഴിയിലേക്കിറങ്ങണമെന്നു താല്‍പര്യപ്പെടുന്നു.

ഡ്രൈവിങ് പഠനത്തില്‍ നിന്നു തന്നെ തുടങ്ങാം. ടു വീലറോ ഫോര്‍വീലറോ ആകട്ടെ, ഭര്‍ത്താവിന്റെയോ അച്ഛന്റെയോ അടുത്തു നിന്നും ഡ്രൈവിങ് പഠിക്കാതിരിക്കുന്നതാണ് നല്ലത്. അവരുടെ കയ്യിലുള്ളത് മെയില്‍ ഇഗോയിസ്റ്റിക് ഡ്രൈവിങ് ആയിരിക്കുമെന്നതിനാലും ചരിത്രാതീതമായ പുരുഷമേധാവിത്വം പ്രകടമാക്കാനുള്ള അവസരമായി അവര്‍ ഡ്രൈവിങ് പരിശീലനകാലം ഉപയോഗപ്പെടുത്തുമെന്നതിനാലും വല്ല ഡ്രൈവിങ് സ്കൂളിലും പോയി പഠിക്കുന്നതാണ് ഉത്തമം. ബാര്‍ബര്‍ ഷോപ്പും ബ്യൂട്ടി പാര്‍ലറും പോലെ വ്യത്യാസമുണ്ടാവും. പുരുഷന്‍മാര്‍ക്ക് ഒരൊറ്റ ഡ്രൈവിങ്ങേ അറിയൂ. അതില്‍ പലതും നമുക്കാവശ്യമില്ലാത്തതാണു താനും. ഡ്രൈവിങ് സ്കൂളില്‍ നിന്നു നമുക്കാവശ്യമുള്ളതു മാത്രം പഠിക്കുന്നതാണ് നല്ലത്.

ഡ്രൈവിങ് ടെസ്റ്റ് ആണ് വാഹനമോടിക്കുന്നതിനു മുമ്പായി നമ്മള്‍ അഭിമുഖീകരിക്കേണ്ട പ്രധാന കടമ്പ. പിജിയുടെ വൈവയെക്കാള്‍ കഠിനമാണ് ഇത്. എന്നാല്‍, കണ്ട അണ്ടന്റെയും അടകോടന്റെയും മുന്നില്‍ ഉടുത്തൊരുങ്ങി പെണ്ണുകാണാനെന്നു പറഞ്ഞ് നില്‍ക്കുന്നത്രയും ബോറല്ല. ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന സ്ഥലത്ത് വീടു പണി നടക്കുന്ന സ്ഥലത്തെപ്പോലെ കുറെ കമ്പികള്‍ നാട്ടിവച്ചിരിക്കുന്നതു കാണാം. അതിനിടയിലൂടെ വണ്ടിയോടിച്ചു കാണിക്കുമ്പോഴാണ് ലൈസന്‍സ് കിട്ടുന്നത്. പെണ്ണു കാണാന്‍ വരുന്ന ചില കോന്തന്‍മാര്‍ കുക്കിങ് അറിയാമോ എന്നു പരിശോധിക്കാന്‍ വേണ്ടി നമ്മള്‍ കൊടുക്കുന്ന ചായ ഭയങ്കര ശ്രദ്ധയോടെ കുടിച്ചു നോക്കുന്നതുപോലെയാണ് ഇത്. നമ്മള്‍ ജീവിതത്തില്‍ ഒരിക്കലും കമ്പികള്‍ക്കിടയിലൂടെ വണ്ടിയോടിക്കേണ്ടി വരില്ല എന്നതുറപ്പാണ്. എന്നിട്ടും ഈ മണ്ടന്‍മാര്‍ ഭയങ്കര ഗൌരവത്തോടെ നിന്ന് അതിനാണ് മാര്‍ക്കിടുന്നത്. അല്ലെങ്കിലും ആണുങ്ങള്‍ എപ്പോഴും ഇങ്ങനെയാണ്.

ഡ്രൈവിങ് ടെസ്റ്റില്‍ കൃത്യമായി കമ്പികള്‍ക്കിടയിലൂടെ വണ്ടിയോടിക്കാന്‍ പറ്റുമോ ഇല്ലയോ എന്നതോര്‍ത്ത് വലിയ ആശങ്കയൊന്നും വേണ്ട. ശ്രമിച്ചു നോക്കുക. മറ്റു ചില കാര്യങ്ങളില്‍ ചെയ്യുന്ന പോലെ എല്ലാം ഗംഭീരമായിരുന്നു എന്നു ഭാവിച്ചിട്ടു കാര്യമില്ല. കമ്പി വീണോ ഇല്ലയോ എന്നു നോക്കിയാല്‍ അവര്‍ക്കു കാണാവുന്നതേയുള്ളൂ. അതുകൊണ്ട് എല്ലാ കമ്പിയും വീണെങ്കില്‍ പോലീസുകാരുടെ അടുത്ത് നിന്ന് നന്നായി ചിരിച്ചു കാണിച്ച ശേഷം സാറിന്റെ നമ്പര്‍ ഒന്നു തരുമോ എന്നു ചോദിച്ച് മൊബൈല്‍ ഫോണ്‍ നമ്പര്‍ വാങ്ങിക്കുക. നിങ്ങള്‍ക്കു ലൈസന്‍സ് തരേണ്ടത് പിന്നെ അവരുടെ ആവശ്യമാണ്.

ലൈസന്‍സിനോടൊപ്പം ഇന്‍ഷുറന്‍സ്, ടാക്സ് എന്നൊക്കെ പറഞ്ഞ് കുറെ കടലാസുകളും കാണും. ഇതൊന്നും നമുക്കാവശ്യമുള്ള സാധനങ്ങളല്ല. എങ്കിലും എല്ലാംകൂടി ഒറ്റകവറിലാക്കി വണ്ടിയിലെവിടെയെങ്കിലും വച്ചേക്കുക. എപ്പോഴെങ്കിലും വഴിയില്‍ പോലീസുകാര്‍ (ട്രാഫിക്, വെഹിക്കിള്‍, ഫ്ലൈയിങ് സ്ക്വാഡ്, ഹൈവേ പോലീസ് എന്നിങ്ങനെ നമുക്ക് തിരിച്ചറിയാന്‍ കഴിയാത്ത കുറെയിനമുണ്ടെങ്കിലും എല്ലാത്തിനേം പോലീസായി കണ്ടാല്‍ മതി) കൈ കാണിച്ചാല്‍ ഈ കവര്‍ എടുത്തു കയ്യില്‍ കൊടുത്താല്‍ മതി. എഴുത്തും വായനയും അറിയാവുന്നവരാണെങ്കില്‍ വേഗം തിരിച്ചു തരും. അല്ലെങ്കില്‍ കുറെ നേരം സീരിയസ്സായി ഓരോന്നും വായിച്ചു നോക്കുന്നതായി കാണിച്ചിട്ട് തൃപ്തിയാകാത്ത മട്ടില്‍ തിരിച്ചു തരും.

മിക്കവാറും ‘പുക ഇല്ല’ എന്നു പറഞ്ഞ് ഇവര്‍ പെനാല്‍റ്റി അടിച്ച് ഒരു കടലാസില്‍ എഴുതിത്തരും. അപ്പോള്‍ ‘നോക്കൂ സേര്‍ നല്ല പുകയുണ്ട്’ എന്നു പറഞ്ഞ് വണ്ടി റെയ്സ് ചെയ്തു കാണിക്കരുത്. അവരുദ്ദേശിക്കുന്നത് പുകയെപ്പറ്റിയുള്ള എന്തോ സര്‍ട്ടിഫിക്കറ്റാണ്. അത് വീട്ടിലാരെങ്കിലും പുകവലിക്കുന്നവരുണ്ടെങ്കില്‍ അവരെ ഏല്‍പിക്കുന്നതാണ് നല്ലത്. പുരുഷകേന്ദ്രീകൃതമായ ഒരു ലോകത്തെ പെനാല്‍റ്റികള്‍ പുരുഷന്‍മാര്‍ തന്നെ അടയ്ര്‍ക്കുന്നതല്ലേ നല്ലത് ?

ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് തുടങ്ങിയ ചില സംഗതികളാണ് വണ്ടിയോടിക്കുമ്പോള്‍ പിന്നെ ശ്രദ്ധിക്കാനുള്ളത്. ബൈക്കോ സ്കൂട്ടറോ ആണോടിക്കുന്നതെങ്കില്‍ ഹെല്‍മെറ്റാണ് വയ്ര്‍ക്കേണ്ടത്. ഹെയര്‍സ്റ്റൈല്‍ അലമ്പാക്കാത്ത തരം ഹെല്‍മെറ്റുകള്‍ വേണം തിരഞ്ഞെടുക്കാന്‍. ഹെല്‍മെറ്റിന്റെ പിന്നില്‍ ദ്വാരമിട്ട് മുടി അതിലൂടെ പുറത്തേക്കിടാന്‍ കഴിഞ്ഞാല്‍ ഭംഗിയുണ്ടാവും. മുഖവും നെറ്റിയും മറയ്ക്കുന്ന ഹെല്‍മെറ്റുകള്‍ ഒരിക്കലും തിരഞ്ഞെടുക്കരുത്. ടൂ വീലറില്‍ സഞ്ചരിക്കുമ്പോള്‍ നേരിടുന്ന ഏറ്റവും വലിയ അപകടം വെയിലാണ്. വെയില്‍ നേരിട്ടു മുഖത്തടിക്കാതിരിക്കാന്‍ നല്ല ഏതെങ്കിലും സണ്‍സ്ക്രീന്‍ ലോഷന്‍ ഫൌണ്ടേഷനായി ഉപയോഗിച്ചാല്‍ മതി.

താടിയുമായി ബന്ധിപ്പിക്കുന്ന സ്ട്രാപ്പ് ഉള്ള ഹെല്‍മെറ്റുകള്‍ ഒരിക്കലും തിരഞ്ഞെടുക്കരുത്. ഇവയുടെ സ്ഥിരമായ ഉപയോഗം ബ്രാ ഉപയോഗിക്കുമ്പോള്‍ തോളിലുണ്ടാവുന്ന മാതിരി പാടുകള്‍ താടിയില്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. അതുപോലെ അപകടമോ മറ്റോ ഉണ്ടാകുമ്പോള്‍ തെറിച്ചു പോകുന്നതു പോലെയേ ഹെല്‍മെറ്റ് ധരിക്കാവൂ. രക്ഷാപ്രവര്‍ത്തനത്തിനെത്തുന്ന ചെറുപ്പക്കാരോടൊപ്പം നമ്മളെ സ്ഥിരമായി വായില്‍നോക്കുന്നവരുണ്ടെങ്കില്‍ അവര്‍ നമ്മളെ തിരിച്ചറിയാത്തതുകൊണ്ട് നമ്മള്‍ രക്ഷപെടാതിരിക്കരുത്.

സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നു വിധി പറഞ്ഞ ഹൈക്കോടതി ജഡ്ജിമാര്‍ ശുംഭന്‍മാരാണ്. മാനമുണ്ടെങ്കില്‍ അവര്‍ രാജിവച്ചൊഴിയണം. അല്ലെങ്കിലും കാറോടിക്കുമ്പോള്‍ മാത്രം സീറ്റ്ബെല്‍റ്റ് ധരിക്കുന്നതുകൊണ്ട് വയര്‍ കുറയില്ല. സ്ഥിരമായി സീറ്റ്ബെല്‍റ്റ് ധരിക്കുന്നത് ബ്രെസ്റ്റിന്റെ ഷേപ്പിനെയും ബാധിച്ചേക്കാം. നമ്മള്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ആരെയെങ്കിലും വണ്ടി മുട്ടിയാല്‍ പെട്ടെന്നിറങ്ങി ഒരോട്ടോ പിടിച്ചു രക്ഷപെടാനും ഈ സീറ്റ്ബെല്‍റ്റ് ഒരു തടസ്സമാകും. എന്നാല്‍, ശുംഭന്‍മാരായ പോലീസുകാര്‍ എപ്പോഴും നമ്മുടെ നെഞ്ചിലേക്കു നോക്കിക്കൊണ്ടിരിക്കും. സീറ്റ്ബെല്‍റ്റ് ധരിച്ചിട്ടുണ്ടോ എന്നറിയാനാണ് ഇത്. ഇവരെ തൃപ്തിപ്പെടുത്താന്‍ ഒന്നര മീറ്റര്‍ നീളമുള്ള ഒരു കറുത്ത റിബണ്‍ കാറില്‍ എപ്പോഴും സൂക്ഷിക്കണം. കാറില്‍ കയറുമ്പോഴേ തോളില്‍ നിന്നു അരയിലേക്ക് ഈ റിബണ്‍ വലിച്ച് പിന്‍ ചെയ്തു വയ്ക്കണം. പുറത്തു നിന്നു നോക്കിയാല്‍ സീറ്റ് ബെല്‍റ്റ് ആണേന്നേ പറയൂ. സൌന്ദര്യത്തിനുടവുതട്ടാതെ ഡ്രൈവിങ് സുഗമമാക്കുകയും ചെയ്യാം.

വാഹനമോടിക്കുമ്പോള്‍ സ്റ്റിയറിങ്, ഗിയര്‍, ക്ളച്ച്, ബ്രേക്ക്, ആക്സിലേറ്റര്‍ എന്നിവയാണ് നമ്മള്‍ ഉപയോഗിക്കേണ്ടത്. ക്ളച്ച് എപ്പോഴൊക്കെയാണ് ചവിട്ടേണ്ടത് എന്ന കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനമാകാത്തതിനാല്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്യുമ്പോഴേ ഒരു കാല്‍ ക്ളച്ചില്‍ വയ്ര്‍ക്കുന്നതാണ് നല്ലത്. ഗിയറിലിട്ട ശേഷം ആക്സിലേറ്ററില്‍ ചവിട്ടിപ്പിടിക്കുക. ഇപ്പോള്‍ വാഹനം ഇരമ്പുന്നുണ്ടെങ്കില്‍ മെല്ലെ ക്ളച്ചില്‍ നിന്നും കാലെടുക്കാവുന്നതാണ്. വണ്ടിയെ മുന്നോട്ടു നയിക്കുന്നത് ആക്സിലേറ്റര്‍ ആണെന്നു പലരും പറയാറുണ്ടെങ്കിലും ഫലത്തില്‍ ക്ളച്ചാണ് വണ്ടിയെ നയിക്കുന്നത്. എവിടെയെങ്കിലും നിര്‍ത്തണമെന്നു തോന്നുമ്പോഴും നമ്മള്‍ ക്ളച്ചിലാണ് ചവിട്ടേണ്ടത്. പെട്ടെന്നു സ്പീഡ് കുറയ്ക്കാന്‍ വേഗം ഫസ്റ്റ് ഗിയറിലേക്കു മാറ്റുക. ഒരു രക്ഷയുമില്ലെങ്കില്‍ ബ്രേക്ക് ചവിട്ടാം.

വണ്ടികളെല്ലാം തന്നെ പുരുഷാധിപത്യ സമൂഹത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അല്ലെങ്കില്‍ ബോധമുള്ള ആരെങ്കിലും രണ്ടു കാലുള്ള മനുഷ്യനു ചവിട്ടാല്‍ മൂന്നു സാധനം ഉണ്ടാക്കി വയ്ക്കുമോ ? ഓരോന്നും എപ്പോഴൊക്കെ ചവിട്ടണമെന്നതിനെ സംബന്ധിച്ച് ഒരു വ്യവസ്ഥയുമില്ല. ബുദ്ധിമതിയായ ഒരു സ്ത്രീയെ ആശയക്കുഴപ്പത്തിലാക്കാനെന്ന വണ്ണം വണ്ടിയുടെ രണ്ടു സൈഡിലും ഓരോ കണ്ണാടികള്‍ വച്ചിരിക്കുന്നതായി കാണാം. ഡ്രൈവ് ചെയ്യുമ്പോള്‍ ഒരിക്കലും അതിലേക്കു നോക്കരുത്. നമ്മുടെ ശ്രദ്ധ പോവുകയും വണ്ടി വല്ലയിടത്തും പോയി കയറുകയും ചെയ്യും.

എന്നാല്‍, വണ്ടിക്കകതത്തുള്ള കണ്ണാടി അങ്ങനെയല്ല. ഡ്രൈവിങ്ങില്‍ നമ്മെ ഏറ്റവുമധികം സഹായിക്കുന്നതാണ് ആ കണ്ണാടി. കാറ്റടിച്ചും ബോറടിച്ചും നമ്മുടെ തലമുടിയും മേക്കപ്പും അലമ്പാവുന്നുണ്ടോ എന്ന് എപ്പോഴും ശ്രദ്ധിക്കാനും ഡ്രൈവിങ്ങിനിടെ ചെറിയ ടച്ച് അപ് നടത്താനും മുടി ചീകാനുമൊക്കെ ഈ കണ്ണാടിയുള്ളത് വലിയ അനുഗ്രഹമാണ്. ഹൈവേയിലൂടെ ഡ്രൈവ് ചെയ്യുന്നത് സ്വയം കണ്ണാടിയിലൂടെ നോക്കിയിരിക്കുന്നത് ഒരു രസം തന്നെയാണ്. സ്ത്രീയെന്ന നിലയിലുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഇതു സഹായിക്കും. വണ്ടിയോടിച്ചു തുടങ്ങുമ്പോള്‍ തന്നെ കണ്ണാടിയില്‍ നമ്മുടെ മുഖം ഫുള്ളായി കാണാവുന്നതു പോലെ അഡ്ജസ്റ്റ് ചെയ്യണം. ചിലര്‍ പിന്നിലിരിക്കുന്നവര്‍ക്കു മുഖം നോക്കാനെന്നപോലെ കണ്ണാടി ഉയര്‍ത്തി വയ്ക്കുന്നത് കാണാറുണ്ട്. നമ്മുടെ മുന്നിലുള്ള കണ്ണാടി നമുക്ക് മുഖം നോക്കാനുള്ളതാണെന്ന സത്യം മറക്കാതിരിക്കുക.

വണ്ടിയോടിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് നമ്മുടെ സ്പീഡാണ്. നാലോ അഞ്ചോ ഗിയറുകളുള്ള കാറുകളാണ് സാധാരണയായി ഉള്ളത്. പുതിയ കാറാണ് വാങ്ങുന്നതെങ്കില്‍ ഒട്ടോമാറ്റിക് ഗിയറുള്ളതേ വാങ്ങാവൂ. കാറോടിക്കുന്നതിനിടയില്‍ ഗിയര്‍ മാറ്റുക എന്നതും അനേകം കണ്ണാടികള്‍ സ്ഥാപിക്കുന്നതുപോലെ സ്ത്രീകളെ ആശയക്കുഴപ്പത്തിലാക്കി അവര്‍ ഡ്രൈവിങ് രംഗത്തേക്കു കടന്നുവരുന്നത് തടയുന്നതിനുള്ള പുരുഷകേന്ദ്രീകൃത ഗൂഡാലോചനയുടെ ഭാഗമാണ്. ഡ്രൈവിങ് അറിയാവുന്ന ആരെങ്കിലും സ്ഥിരം ഒപ്പം കാറിലുണ്ടെങ്കില്‍ ഗിയര്‍ മാറുന്ന ജോലി അവരെ ഏല്‍പിക്കാം. തനിച്ചാണെങ്കില്‍ ഫസ്റ്റും സെക്കന്‍ഡും മാത്രമേ ഉപയോഗിക്കാവൂ. ഫസ്റ്റ് നേരേ മുകളിലേക്ക്, നേര് താഴേയ്ക്ക് സെക്കന്‍ഡ്. മറ്റു ഗിയറുകളൊക്കെ റൈറ്റും ലെഫ്റ്റും തിരിഞ്ഞ് വേണം മാറ്റാനെന്നതിനാല്‍ വണ്ടിയോടിക്കുന്നതിനിടയില്‍ സാധ്യമല്ല. സെക്കന്‍ഡിലോടിക്കുമ്പോള്‍ ഒരു ഇരമ്പം കൂടുതലുണ്ടാവുമെന്നല്ലാതെ വേറെ കുഴപ്പമൊന്നുമില്ല. സ്ഥിരമായി സെക്കന്‍ഡില്‍ ഓടിച്ചാല്‍ വണ്ടിക്കു നല്ല കണ്‍ട്രോള്‍ കിട്ടുകയും ചെയ്യും.

അടിയന്തിര സാഹചര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാമെന്നതിനാല്‍ കാറിനുള്ളില്‍ എപ്പോഴും ഉണ്ടായിരിക്കേണ്ട രണ്ടു സംഗതികളാണ് മ്യൂസിക് സിസ്റ്റവും മൊബൈല്‍ ഫോണും. മ്യൂസിക് സിസ്റ്റത്തോടൊപ്പം 3000 വാട്സിന്റെ സ്പീക്കര്‍ എങ്കിലും കൂടിയേ തീരൂ. ഡ്രൈവ് ചെയ്യുമ്പോള്‍ പുറത്തു നിന്നുള്ള ഹോണടികളും നിലവിളിയും ഒക്കെ ഒഴിവാക്കി നമ്മുടേതായ ഒരു ലോകം സൃഷ്ടിക്കാന്‍ അത്രയും വോളിയത്തില്‍ പാട്ടു വയ്ര്‍ക്കേണ്ടത് അത്യാവശ്യമാണ്. ഡ്രൈവിങ്ങില്‍ മറ്റു വാഹനങ്ങളുടെ സൌകര്യം കൂടി പരിഗണിക്കണമെന്ന തിയറി വച്ചു നോക്കുമ്പോള്‍ നമ്മുടെ മുന്നിലും പിന്നിലുമുള്ള വാഹനങ്ങള്‍ക്കു കൂടി നമ്മുടെ കാറിലെ സംഗീതം ആസ്വദിക്കാന്‍ കഴിയണം. പാട്ട് ഡ്രൈവിങ്ങിനിടയില്‍ നമുക്ക് പൂര്‍ണമായ വിനോദം നല്‍കുന്നില്ലാത്തതിനാല്‍ എല്‍സിഡി സ്ക്രീന്‍ ചെറുതൊരെണ്ണം ഡ്രൈവിങ് സീറ്റിനു നേരേ മുന്നില്‍ സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ വളരെ നല്ലത്. സിനിമയോ സീരിയലോ എന്താണെന്നു വച്ചാല്‍ ഡ്രൈവിങ്ങിനിടയില്‍ തന്നെ നമുക്കാസ്വദിക്കാന്‍ കഴിയും. ഒറ്റയ്ര്‍ക്കുള്ള ഡ്രൈവിങ്ങില്‍ ബോറടി മാറ്റാന്‍ എല്‍സിഡിയിലൂടെ സിനിമ കാണുന്നത് വളരെ നല്ലതാണ്. ഡ്രൈവ് ചെയ്യുന്ന സമയമത്രയും റോഡില്‍ തന്നെ നോക്കിയിരുന്നുള്ള ബോറടിയും ഒഴിവാക്കാം.

നോക്കൂകൂലി: ചില നൂതന ഐഡിയകള്‍

ഇന്ധനവില വര്‍ധന അടിസ്ഥാനവര്‍ഗത്തെയാണ് ഏറ്റവും ശക്തമായി വേട്ടയാടുന്നത് എന്നു പറഞ്ഞാല്‍ ഒരു തെറ്റുമില്ല. അവര്‍ നേരിട്ട് ഇന്ധനം ഉപയോഗിക്കുന്നില്ലെങ്കിലും സമസ്ത മേഖലകളിലും ഉണ്ടാവുന്ന വിലക്കയറ്റം അവരെയും ബാധിക്കും. ലോഡിങ് അണ്‍ലോഡിങ് തൊഴിലാളികളാണ് സമൂഹത്തെ ശരിക്കും പറഞ്ഞാല്‍ താങ്ങി നിര്‍ത്തുന്നത്. അവരെ പരിഹസിക്കുന്നതോ ആക്ഷേപിക്കുന്നതോ തികഞ്ഞ ബൂര്‍ഷ്വാ തൊഴിലാളിവിരുദ്ധ നിലപാടാണ്.

വിലക്കയറ്റത്തിന്‍റെ ഈ സീസണില്‍ നോക്കുകൂലി അല്ലാതെ അടിസ്ഥാനവര്‍ഗത്തിനു പിടിച്ചു നില്‍ക്കാന്‍ വേറെ വഴിയില്ല എന്നതൊരു സത്യമാണ്. നാവടക്കൂ, പണിയെടുക്കൂ, എടുത്ത പണിക്ക് കൂലി വാങ്ങിക്കൂ തുടങ്ങിയ പിന്തിരിപ്പന്‍ ബൂര്‍ഷ്വാ നയങ്ങള്‍ പ്രചരിപ്പിക്കുന്ന നിയോ ലിബറല്‍ പ്രസ്ഥാനങ്ങളുടെ പിണിയാളുകള്‍ നോക്കുകൂലി എന്നു പറയുന്നത് ഒരു സാമൂഹികദുരന്തമാണെന്ന മട്ടില്‍ പ്രചരിപ്പിക്കുന്നുണ്ട്.

രാഷ്ട്രീയ പാര്‍ട്ടികള്‍ അടിസ്ഥാനവര്‍ഗസിദ്ധാങ്ങള്‍ മറന്നു എന്നതിന്‍റെ ഏറ്റവും വലിയ തെളിവാണ് നോക്കുകൂലിയോട് പാര്‍ട്ടികള്‍ ഇപ്പോള്‍ കാണിക്കുന്ന ഈ എതിര്‍പ്പ്. എങ്കിലും പലമേഖലകളിലും യന്ത്രങ്ങളുടെയും ആഗോളവല്‍ക്കരണത്തിന്‍റെ ഫലമായി ആന പോലുള്ള ജീവികളുടെയും ഇടപെടല്‍ യഥാര്‍ഥ തൊഴിലാളിയുടെ തൊഴിലവസരങ്ങള്‍ പിന്നെയും കുറയ്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് അത്തരം തൊഴില്‍ നഷ്ടങ്ങള്‍ തിരിച്ചു പിടിച്ച് തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി നോക്കൂകൂലി നിയമപ്രകാരം തൊഴിലാളികളുടെ അവകാശമായി സ്ഥാപിച്ചു തരണമെന്ന് ഈ നിവേദനത്തിലൂടെ സര്‍ക്കാരിനോടും കോടതിയോടും(ചിരി)വിനീതമായി അപേക്ഷിക്കുന്നത്.

ഇതോടനുബന്ധിച്ച് നോക്കൂകൂലി സംബന്ധമായി കള്ളപ്രചരണം നടത്തി തൊഴിലാളികളെപ്പറ്റി തെറ്റിദ്ധാരണ പരത്തുന്നവര്‍ക്കെതിരെ സ്വമേധയാ കേസെടുക്കണമെന്നും താഴെ പറയുന്ന 10 മേഖലകളില്‍ കൂടി നോക്കുകൂലി നിയമവിധേയമാക്കണമെന്നും ഇത് നിഷേധിക്കുന്നവരില്‍ നിന്ന് സര്‍ക്കാര്‍ തന്നെ പിഴ ചുമത്തി തൊഴിലാളികള്‍ക്കു വീതം വച്ചു നല്‍കണമെന്നും താല്‍പര്യപ്പെടുന്നു.

1. മൃഗങ്ങളുടെ ഇടപെടല്‍ മൂലം തൊഴില്‍ നഷ്ടമുണ്ടാകുന്ന എല്ലാ മേഖലകളിലും നോക്കുകൂലി നിയമവിധേയമാക്കണം. ആന തടിപിടിക്കുന്നിടത്ത് നോക്കുകൂലി വാങ്ങിത്തുടങ്ങി കഴിഞ്ഞു. അതുപോലെ തന്നെ ചില വലിയ വീടുകളില്‍ നായ്ക്കളെ രാവിലെ ഗേറ്റില്‍ നിന്നു പത്രമെടുത്തു കൊണ്ടുവരാനായി ഉപയോഗിക്കുന്നുണ്ട്. അത് നിത്യേന നടക്കുന്ന സംഭവമായതിനാല്‍ അതിന്‍റെ നോക്കുകൂലി ദിവസം 50 രൂപ വീതം കണക്കാക്കി പ്രതിമാസം തൊട്ടടുത്തുള്ള യൂണിയന്‍ ഓഫിസില്‍ അടയ്‍ക്കേണ്ടതാണ്.

2. കാറുകളുടെ പിന്നിലെ ഡിക്കിയില്‍ പെട്ടികളും ബാഗുകളും ഉടമകള്‍ സ്വയം കയറ്റുന്നതും ഇറക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പണ്ടായിരുന്നെങ്കില്‍ ഇത് തൊഴിലാളി കാളവണ്ടിയില്‍ എത്തിക്കുകയായിരുന്നു ചെയ്തിരുന്നത്. ഇന്ന് ഇവിടെയും തൊഴിലാളി വഞ്ചിക്കപ്പെടുന്നു. ഇതിനും നോക്കുകൂലി ഏര്‍പ്പെടുത്തണം. ബ്രീഫ് കേസിനു 1000 രൂപ, സ്യൂട്ട് കേസിനു 2500 രൂപ, എയര്‍ബാഗിനു 5000 രൂപ എന്ന നിരക്കില്‍ ഓരോ തവണയും കയറ്റുമ്പോഴും ഇറക്കുമ്പോഴും തൊഴിലാളികള്‍ക്കു നല്‍കണം.

3. ക്രിസ്ത്യന്‍ പള്ളികളില്‍ പെരുന്നാളിനോടനുബന്ധിച്ച് പെട്ടീലടച്ച പുണ്യാളന്‍മാരെ നാടുനീളെ ചുമന്നോണ്ടു നടക്കുന്നത് കണ്ടിട്ടുണ്ട്. ഇത്തരം ജോലികളുടെ കാര്യത്തില്‍ തൊഴിലാളികള്‍ എന്നും വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് ഊന്നിപ്പറയാനാഗ്രഹിക്കുകയാണ്. മേലില്‍ ഇത്തരം ചടങ്ങുകളില്‍ വിശുദ്ധന്‍റെ രൂപം വിശ്വാസികള്‍ ചുമക്കുന്നതിന് കിലോമീറ്റര്‍ ഒന്നിന് 15,000 രൂപ വീതം നോക്കുകൂലിയായി അതാത് ഇടവകയിലെ തൊഴിലാളികള്‍ക്കു നല്‍കേണ്ടതാണ്.

4. ശവസംസ്കാരച്ചടങ്ങിന്‍റെ ഭാഗമായി മൃതദേഹം വീട്ടില്‍ നിന്നു കുഴിയിലേക്കെടുക്കുന്ന ജോലിയും മരിച്ചയാളിന്‍റെ മക്കളോ ബന്ധുക്കളോ ഒക്കെയാണ് നടത്തുന്നതായി കാണുന്നത്. ഇനി മേല്‍ ശവമൊന്നിന് 30,000 രൂപ വീതം നോക്കു കൂലി നല്‍കുന്നില്ലെങ്കില്‍ അതെടുക്കുന്നവന്‍റെ ശവം വീഴുമെന്ന കാര്യം വിനയപൂര്‍വം ഓര്‍മിപ്പിക്കട്ടെ.

5. ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ ബാഗ് അവര്‍ സ്വയം ചുമലില്‍ തൂക്കിക്കൊണ്ടു പോകുന്നതും യൂണിയന്‍റെ ശ്രദ്ധയില്‍ പെട്ടു കഴിഞ്ഞു. 10 കിലോയ്‍ക്കു മുകളില്‍ ഭാരം വരുന്ന ഈ ബാഗുകളുടെ അവകാശവും തൊഴിലാളികള്‍ക്കു തന്നെയാണ്. അതുകൊണ്ട് ബാഗ് ഒന്നിനു 100 രൂപ വീതം ഒരു വര്‍ഷത്തെ മുഴുവന്‍ നോക്കുകൂലിയായ 30,000 രൂപ സ്കൂളിന്‍റെ ഏറ്റവും അടുത്തുള്ള യൂണിയന്‍ ഓഫിസില്‍ അടച്ച് ബസിലെ കണ്‍സഷന്‍ കാര്‍ഡ് പോലൊരു കാര്‍ഡ് വിദ്യാര്‍ഥികള്‍ കൈപ്പറ്റേണ്ടതാണ്.

6. ആറ് മാസം കഴിഞ്ഞ ഗര്‍ഭിണികള്‍ പ്രസവം വരെയുള്ള ഓരോ ദിവസത്തിനും 500 രൂപവീതം നോക്കൂകൂലിയായി തൊഴിലാളികള്‍ക്കു പ്രസവത്തിനു മുമ്പ് നല്‍കേണ്ടതാണ്. പ്രസവം നടക്കുന്ന സ്ഥലത്തിന്‍റെ പേര് തന്നെ ലേബര്‍ റൂം എന്നായതിനാല്‍ ഇക്കാര്യത്തില്‍ ലേബറേഴ്സ് ദത്തശ്രദ്ധരാണ്. തൊഴിലാളി പ്രതിനിധികള്‍ ലേബര്‍ റൂമിനു മുന്നില്‍ കൗണ്ടര്‍ സ്ഥാപിക്കുകയും ഗര്‍ഭിണികള്‍ പണമടച്ച ശേഷം അകത്തേക്കു പോവുകയും ചെയ്യുന്ന സംവിധാനം ആശുപത്രികളുടെ ചെലവില്‍ തന്നെ നടത്തേണ്ടതാണ്. പണമടയ്‍ക്കാത്ത ഗര്‍ഭിണികളുടെ പ്രസവം തടയാന്‍ തൊഴിലാളികള്‍ക്ക് അവകാശമുണ്ടായിരിക്കുന്നതാണ്.

7. കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ നഗരങ്ങളില്‍ രാവിലെ ലോഡ് കണക്കിനു മാലിന്യങ്ങള്‍ വീടുകളില്‍ നിന്നു ചുമന്നുമാറ്റുന്നുണ്ട്. നാറുന്ന ഈ മാലിന്യങ്ങള്‍ തൊടാന്‍ ഞങ്ങള്‍ തൊഴിലാളികളെ കിട്ടില്ലെങ്കിലും തൊഴിലാളികളെ വിഡ്ഡികളാക്കിക്കൊണ്ട് അത് കോര്‍പറേഷന്‍ ലോറികളില്‍ കയറ്റുന്ന പരിപാടി ഇനി നടക്കില്ല. വീട് ഒന്നിന് 100 രൂപ വീതം ദിവസവും കുടുംബശ്രീ പെണ്ണുങ്ങള്‍ തൊഴിലാളികള്‍ക്കു നോക്കുകൂലിയായി നല്‍കേണ്ടതാണ്.

8.ശബരിമല സീസണില്‍ കേരളത്തില്‍ നിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന ഭക്തരുടെ ഇരുമുടിക്കെട്ടിന്‍റെ കാര്യത്തിലും കോടതിയും സര്‍ക്കാരും ചേര്‍ന്നൊരു തീരുമാനമുണ്ടാക്കേണ്ടതാണ്. എത്രയോ കിലോമീറ്ററാണ് തൊഴിലാളികളെ അവഗണിച്ച് ഇവര്‍ ഇരുമുടിക്കെട്ട് ചുമന്ന് സന്നിധാനത്തേക്ക് കൂളായിട്ടു പോകുന്നത് എന്നത് ഗൗരവമായി എടുക്കേണ്ടതാണ്. അതുകൊണ്ട് പതിനെട്ടാം പടിക്കു താഴെ യൂണിയന്‍ പ്രതിനിധികളുടെ ഓഫിസും ചെക്ക്പോസ്റ്റും സ്ഥാപിച്ച് അവിടെ ഇരുമുടിക്കെട്ട് ഒന്നിന് 5000 രൂപ വീതം നോക്കുകൂലി ഈടാക്കാന്‍ വരുന്ന സീസണിനു മുമ്പ് തന്നെ നിയമമുണ്ടാക്കേണ്ടതാണ്.

9. സ്ത്രീകള്‍ നോക്കുകൂലിയുടെ കാര്യത്തില്‍ എന്നും ഇളവ് നേടിക്കൊണ്ടിരിക്കുന്നവരാണ്. ആവശ്യത്തിലധികം ശരീരഭാഗങ്ങള്‍ ചുമക്കുന്ന സ്ത്രീകളും ഇനി മുതല്‍ നോക്കുകൂലി നല്‍കേണ്ടതാണ്. 36ല്‍ കവിഞ്ഞ സൈസ് ബ്രാ ധരിക്കുന്ന സ്ത്രീകളാണ് ഇനി നോക്കുകൂലി നല്‍കേണ്ടത്. വനിതാ തൊഴിലാളികളുടെ നേതൃത്വത്തില്‍ ഹൈവേകളിലും മറ്റും പ്രത്യേക ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ച് സംഗതി അളന്നു നോക്കി നോക്കുകൂലി വാങ്ങുന്നതാണ്. ഇത് നോക്കി മനസ്സിലാക്കാന്‍ കഴിവുള്ള പുരുഷന്‍മാരുടെ പ്രത്യേക സ്ക്വാഡും രംഗത്തുണ്ടാവും.

10. എല്ലാത്തരം കയറ്റിയിറക്കു ജോലികളും തൊഴിലാളികളുടെ അവകാശമാണെന്നത് പ്രത്യേകം ഓര്‍മിപ്പിക്കേമ്ടതില്ലല്ലോ. കേരളത്തിലെ‍ അനേകം അനേകം ബെഡ്റൂമുകളില്‍ രാത്രികാലങ്ങളില്‍ നടക്കുന്ന അധ്വാനത്തില്‍ തൊഴിലാളികള്‍ ഇടപെടാനാഗ്രഹിക്കുന്നില്ലെങ്കിലും അതിന്‍റെ തൊഴില്‍മൂല്യം കണക്കിലെടുത്ത് പ്രതിമാസം 1000 രൂപവീതം ഓരോ ഫാമിലിയും യൂണിയന്‍കാര്‍ക്കു നല്‍കേണ്ടതാണ്. അനധികൃതമായി ഇത്തരം കാര്യങ്ങള്‍ നല്‍കുന്നവരില്‍ നിന്ന് 2000 രൂപ വീതം ഈടാക്കാനാണ് ഉദ്ദേശിക്കുന്നത്. അനധികൃതമായതിനാല്‍ അതിന് അധ്വാനം കൂടുമെന്നതിനാലാണ് ഇത്.

അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ ഇത് ഒരു ബില്ലു പരുവത്തിലാക്കി പാസ്സാക്കിയെടുത്ത് അതിനടുത്ത ദിവസം മുതല്‍ തന്നെ പ്രാബല്യത്തില്‍ വരുത്തി തൊഴിലാളിസംരക്ഷണത്തിനു വേണ്ട നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും ഭയങ്കര വിനീതമായി അപേക്ഷിക്കുന്നു.

Sorry Wiitness:ഒരു Berglish കവിത

കവിത ഒരു രോഗമാണ്. കേരളത്തില്‍ ബ്ളോഗര്‍മാരെക്കാള്‍ കൂടുതല്‍ കവികളാണ്, കവയിത്രികളും. ഇവര്‍ക്കൊന്നും വേറെ ഒരു പണിയുമില്ലേ എന്നു ഞാന്‍ ആലോചിച്ചിട്ടുണ്ട്. പെണ്ണായി പിറന്നാല്‍ മലയാളം കവിതയെഴുതിയില്ലെങ്കില്‍ എന്തോ വലിയ കുറച്ചിലാണെന്ന് പൊതുവേ ഒരു വിശ്വാസമുണ്ടെന്നു തോന്നുന്നു. വിവാഹിതരായ, എന്നാല്‍ ജോലി ചെയ്യാത്ത വീട്ടമ്മമാരാണ് പെട്ടെന്നു മലയാളം കവയിത്രികളായി തീരുന്നതെന്ന് ന്യൂസീലാന്‍ഡിലെ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ ഒരു പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ താന്‍ അക്ഷരവൈരിയല്ല എന്നു സ്വയം ബോധിപ്പിക്കാനും നാട്ടുകാരെ ബോധിപ്പിക്കാനും ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും കവിത എഴുതാം. മലയാളം ബ്ളോഗിന്റെ കുലപതിയായ ഞാന്‍ ഒരിക്കലും കവിതകളോട് വൈമുഖ്യം കാണിച്ചിട്ടില്ല.

സിനിമയിലെ തിരക്കു കാരണം നാടകത്തിലഭിനയിക്കാന്‍ സമയം കിട്ടാറില്ല എന്നു പറഞ്ഞതുപോലെ ബ്ളോഗില്‍ വിശ്വസാഹിത്യം എഴുതുന്നതു കാരണം കവിതകള്‍ വഴി വായനക്കാരെ രസിപ്പിക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. മുമ്പ് പല തവണയും പല കവിതകളും ഞാനും എഴുതിയിട്ടുണ്ട്. ഇംഗീഷും മലയാളവും എനിക്ക് ഒരുപോലെ വഴങ്ങുമെന്ന് ഞാന്‍ തെളിയിച്ചു കഴിഞ്ഞിട്ടുള്ളതുമാണ്. ഇന്ന്, ഫ്രഷ് ആയിട്ടൊരു കവിത എഴുതാതെ യുവതികളുടെ രോമാഞ്ചമായ ബാലചന്ദ്രന്‍ ചുള്ളിക്കാട് പണ്ട് എഴുതിയ ‘മാപ്പുസാക്ഷി’ എന്ന കവിത എന്റെ ഹൈടെക് വായനക്കാര്‍ക്കായി പരിഭാഷപ്പെടുത്തി അവതരിപ്പിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ഇത് ഇംഗീഷ് അറിയാവുന്ന, മലയാളത്തിനെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും വേണ്ടി ഞാന്‍ മാപ്പുസാക്ഷി എന്ന കവിത അവതരിപ്പിക്കുന്നു. ആദ്യം കവിത, പിന്നെ പരിഭാഷ എന്ന ക്രമത്തില്‍. അത് നിങ്ങളെ ഹഠാദാകര്‍ഷിക്കും എന്നതില്‍ ഒരു നിസ്സംശയവുമില്ല.

മാപ്പുസാക്ഷി
(ഒരു രാഷ്ട്രീയത്തടവുകാരന്‍)

ജോസഫ്,
ഒരോര്‍മതന്‍ ക്രൂരമാം സൌഹൃദം.
ശ്വാസനാളം കീറുമന്ധവേഗങ്ങളില്‍
കുമ്പസാരത്തിന്റെ ബോധക്ഷയങ്ങളില്‍
നിന്റെ നക്ഷത്രമുദിക്കുന്നു പിന്നെയും.

ഞാനറിയുന്നു, തുറുങ്കു ഭേദിച്ചു നിന്‍
സ്നേഹപ്രവാദം സമുദ്രസംഗീതമായ്
മാറുന്നതും വന്ധ്യകാലങ്ങളില്‍ത്തണല്‍
വീശുന്ന നിന്റെ ബലിഷ്ഠമാം ചില്ലകള്‍
തോറും കൊടുങ്കാറ്റു കൂടുവയ്ക്കുന്നതും.

ജോസഫ്, നിനക്കറിയില്ലെന്റെ ജാതകം.
ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂ-
ടാര്‍ത്തനാദം പോലെ പായുന്ന ജീവിതം.

ആശ്വാസമറ്റ മഹാസൌഹൃദത്തിന്റെ
വേശ്യാലയത്തിലീ നിത്യസന്ദര്‍ശകന്‍
പൊട്ടിച്ചിരിക്കുന്നതിന്‍ മുമ്പിലാത്മാവു
കെട്ട്, മുഖംകോടി, വീഴുന്നു നിദ്രയില്‍.

രണ്ടു സംഭാഷണം മാത്രം തിരശ്ശീല
പൊന്തുന്നതിന്‍ മുമ്പു തീരുന്നു നാടകം.
‘ഞാന്‍ നിന്നെ സ്നേഹിക്കുന്നു’
‘ഫ’.

ബീഡിക്കറയില്‍ കരിഞ്ഞ ഹൃദയത്തി-
ലൂറുന്ന സ്നേഹത്തിനും കൊടും കയ്്പാണ്.
കീറിപ്പറിഞ്ഞൊരെന്‍ ചുണ്ടിന്റെ ചുംബനം
പോലും കഠാരതന്‍ കുത്തലാണെങ്കിലും
ആരോ വരാനായ് തുറന്നു വയയ്ക്കാറുണ്ടു
വാതില്‍- വരികില്ലൊരിക്കലുമെങ്കിലും.

ഇനി, ഇതിന്റെ പരിഭാഷ. പച്ച ഇംഗീഷില്‍.

Sorry Wiitness
(One Political Prisoner)

Joseph,
one memory self cruelest friendship
in the, lungs destroying blind speeds
confessions sense tuberculosis
your star rises again.

I am knowing jails breaking yours
loveflow becomes sea music
changing and impotent seasons shade
drinking your sacrifice liking branches
among storm buuilding homes.

Joseph, you don”t know my fatebook.
between the suicide and banana fruit
travelling life like an eager voice.

Reliefless mega friendship’s
prostitute house this daily visitor
blasting laughing infront the soul
offed, face damaged, falling into sleep.

Only two dilaogues, the curtain
rising before ending the drama.
‘i am you doing love’
‘Fa’.

Cigeratte starch in which burned heart
concetrating love has also mega sour.
toared my one lips kissing
even knifes killing, but
someone coming opening placing
the door- not going to come never, but.

Berglish: The New English

എന്റെ പ്രിയപ്പെട്ട വായനക്കാര്‍ ഞെട്ടിയിട്ടുണ്ടാവും എന്നു ഞാനൂഹിക്കുന്നു. മലയാള ഭാഷയുടെ അണ്ടം കീറിനില്‍ക്കുന്ന ഈ സമയത്ത് നയന്‍താര തമിഴിലേക്കും അസിന്‍ ബോളിവുഡിലേക്കും തിലകന്‍ ഹോളിവുഡിലേക്കും പോകുന്നതുപോലെ ഞാന്‍ ഇംഗീഷിലേക്കു പോകുമോ എന്നു നിങ്ങള്‍ ആശങ്കപ്പെട്ടാല്‍ അതില്‍ തെറ്റില്ല. മലയാളത്തെ ഇവിടെ ഉപേക്ഷിച്ച് ഇംഗീഷ് ബ്ളോഗിങ്ങിലേക്കു തിരിയാന്‍ എനിക്കുദ്ദേശമില്ല. ഞാന്‍ ഇംഗീഷില്‍ ബ്ളോഗ് ചെയ്യുകയാണെങ്കില്‍ ഞാനെഴുതുന്ന എല്ലാ ബ്ളോഗുകളും പുസ്തകമാക്കാമെന്നു പെന്‍ഗ്വിന്‍ മുതലായ കമ്പനികളില്‍ നിന്ന് എനിക്ക് ഉഗ്രന്‍ ഓഫറുകള്‍ കിട്ടിയിട്ടുണ്ട്. പക്ഷെ, മലയാളത്തെ ഒരു നിലയിലെത്തിക്കാതെ ഞാന്‍ ഇംഗീഷിലേക്കു പോകില്ല.

എന്നു മാത്രമല്ല, ഇംഗീഷ് എന്ന ഭാഷയോട് എനിക്ക് അടിസ്ഥാനപരമായ പല എതിര്‍പ്പുകളുമുണ്ട്. അതിന്റെ ഗ്രാമറിനെ സംബന്ധിച്ചും ഭാഷാസാഹിത്യത്തെ സംബന്ധിച്ചും ഷേക്സ്പിയര്‍ മുതലായ മണ്ടന്‍മാര്‍ എഴുതിപ്പിടിപ്പിച്ചിട്ടുള്ള അബദ്ധങ്ങളെ സംബന്ധിച്ചും അനേകം ആക്ഷേപങ്ങളുണ്ട്. ഇംഗീഷ് മൊത്തത്തില്‍ പൊളിച്ചുവാര്‍ത്ത് ഒരു പുതിയ ഭാഷയാക്കി മാറ്റുക എന്നത് എനിക്കു ബുദ്ധിമുട്ടുള്ള കാര്യമല്ല. അതിനുള്ള അറിവും വിവരവും എനിക്കുണ്ട്. എന്നാല്‍, ഇത്രയധികം ആളുകള്‍ ഉപയോഗിക്കുന്ന ഒരു ഭാഷയെ ഞാന്‍ തിരുത്തി നേരെയാക്കുന്നത് ഭാഷയ്ക്ക് നല്ലതാണെങ്കിലും ഇത്രയും ആളുകള്‍ക്ക് ഒരു ബുദ്ധിമുട്ടാകാന്‍ സാധ്യതയുള്ളതുകൊണ്ട് എന്റേതായ ഒരു പുതിയ ഭാഷ ലോകത്തിനു നല്‍കാനാണ് എന്റെ തീരുമാനം.

ബെര്‍ഗീഷ് (Berglish) എന്നാണ് ഞാനവതരിപ്പിക്കുന്ന ഈ ഭാഷയുടെ പേര്. ബെര്‍ളി ഗുരു കണ്ടുപിടിച്ച ഇംഗീഷ് എന്നേ ആ പേര് അര്‍ഥമാക്കുന്നുള്ളൂ. എന്നാല്‍ പേരിലുള്ള വ്യത്യാസം മാത്രമല്ല താനും. കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും പോലെ വ്യത്യാസമുള്ള ഭാഷകളായിരിക്കും ഇംഗീഷും ബെര്‍ഗീഷും. മമ്മൂട്ടിയും മോഹന്‍ലാലും പോലെ, ഓര്‍കുട്ടും ഫേസ്ബുക്കും പോലെ, അല്‍ ക്വയ്ദയും ലഷ്കര്‍ ഇ ത്വയ്ബയും പോലെ ലക്ഷ്യം ഒന്നെങ്കിലും അടിസ്ഥാനം ഒന്നെങ്കിലും വ്യത്യസ്തമായ സങ്കേതങ്ങള്‍ വഴി പ്രവര്‍ത്തിക്കുന്ന രണ്ടു ഭാഷകള്‍.

ബെര്‍ഗീഷ് വളരെ ലളിതമായിരിക്കും എന്നതാണ് ഈ ഭാഷയുടെ പ്രധാന സവിശേഷതയായി അവതരിപ്പിക്കുന്നത്. ഇംഗീഷില്‍ ആവശ്യമുള്ള ഗ്രാമറോ കാര്യങ്ങളോ ബെര്‍ഗീഷില്‍ ആവശ്യമില്ല. ഇംഗീഷ് അക്ഷരമാലയിലുള്ള 26 അക്ഷരങ്ങളെയും ബെര്‍ഗീഷ് ബഹുമാനിക്കും. അതേ 26 അക്ഷരങ്ങള്‍ തന്നെയായിരിക്കും ബെര്‍ഗീഷിലും ഉപയോഗിക്കുന്നത്. നൌണ്‍, പ്രോനൌണ്‍ തുടങ്ങിയ സംഗതികളൊന്നും ബെര്‍ഗീഷിലില്ല. ആശയവിനിമയത്തിന് ബെര്‍ഗീഷുകാര്‍ ഇംഗീഷ് വാക്കുകളായിരിക്കും ഉപയോഗിക്കുക. ആശയവിനിമയം ലളിതമാക്കുക എന്ന ഉദ്ദേശം മാത്രമാണ് ഈ ഭാഷയ്ക്കുള്ളത്. അതുകൊണ്ട് അറിയാവുന്ന വാക്കുകള്‍ ആവശ്യാനുസരണം ഉപയോഗിക്കുക എന്നതു മാത്രമാണ് ബെര്‍ഗീഷിന്റെ ചട്ടം. ഉദാഹരണത്തിന് രാമന്‍ പാമ്പിനെ കൊന്നു എന്നത് ഇംഗീഷില്‍ “Rama killed a snake” എന്നു പറയുമ്പോള്‍ ബെര്‍ഗീഷില്‍ “Raman snake killing” എന്നു പറഞ്ഞാല്‍ മതി. അതുപോലെ എല്ലാം സിപിളാവും.

മറ്റുഭാഷകളില്‍ നിന്ന് ഇംഗീഷിലേക്കു പരിഭാഷകള്‍ നടത്തുന്നവര്‍ക്കാണ് ബെര്‍ഗീഷ് ഏറ്റവുമധികം പ്രയോജനപ്പെടുക. പ്രത്യേകിച്ച് സാഹിത്യ കൃതികള്‍ പരിഭാഷപ്പെടുത്തുമ്പോള്‍ വാക്കുകള്‍ തപ്പി അലയേണ്ട കാര്യം ഒരു ബെര്‍ഗീഷുകാരനും വരില്ല. അറിയാവുന്ന വാക്കുകള്‍ ഏറ്റവും അനുയോജ്യമായി ഉപയോഗിക്കുക അല്ലെങ്കില്‍ പുതിയ വാക്കുകള്‍ ഠപ്പേന്ന് ഉണ്ടാക്കുക എന്നീ രണ്ട് ഓപ്ഷനുകളാണ് ബെര്‍ഗീഷ് ഭാഷയിലുള്ളത്. ഉദാഹരണത്തിന് പൌലോ കൊയ്ലോയുടെ ബ്രിഡ (ബ്രൈഡ എന്നും പറയുന്നുണ്ട്) എന്ന നോവല്‍ അത് ഇംഗീഷില്‍ നിന്നു മലയാളത്തിലേക്കു തര്‍ജമ ചെയ്തതാണ്. അതിലെ ഒരു ഭാഗം ഇങ്ങനെയാണ്: ”മഗസ് കാട്ടിലേക്കു പോകുന്നതും വലതുഭാഗത്തെ മരങ്ങള്‍ക്കിടയില്‍ അപ്രത്യക്ഷനാകുന്നതും ഇരുട്ടില്‍ ബ്രിഡയ്ക്ക് ഊഹിക്കാനേ കഴിഞ്ഞുള്ളൂ”. ഇത് നമ്മള്‍ ബെര്‍ഗീഷിലേക്കു പരിഭാഷപ്പെടുത്തുമ്പോള്‍ അര്‍ത്ഥം എല്ലാവര്‍ക്കും മനസ്സിലാവുന്നതുപോലെ സിംപിളാവും. നോക്കൂ: ‘”Magas forest going and right side trees between disappearing darkness brida only just assume”. സംഗതി സിംപിളായി, എല്ലാവര്‍ക്കും മനസ്സിലാകുകേം ചെയ്യും. ഗ്രാമറിന്റെ അസുഖമൊട്ടില്ല താനും. ഇങ്ങനെ എല്ലാമെല്ലാം ബെര്‍ഗിഷ് മനോഹരമാക്കും. ഗദ്യഭാഗത്തെ മാത്രമല്ല പദ്യഭാഗത്തെയും ബെര്‍ഗിഷിലേക്കു തര്‍ജ്ജമ ചെയ്ത് മഹത്തരമാക്കാം. ഉദാഹരണത്തിന് ഈ വരികള്‍ ശ്രദ്ധിക്കൂ:-

ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം
ചേതനയില്‍ നൂറു നൂറു പൂക്കളായ് പൊലിക്കവേ
നോക്കുവിന്‍ സഖാക്കളേ, നമ്മള്‍ വന്ന വീഥിയില്‍
ആയിരങ്ങള്‍ ചോര കൊണ്ടെഴുതി വച്ച വാക്കുകള്‍.

ഇത് നമ്മള്‍ ഇംഗീഷിലേക്കു മാറ്റുമ്പോള്‍ തീര്‍ച്ചയായും ഇതിനോടു കിടപിടിക്കുന്ന വാക്കുകള്‍ കണ്ടെത്തേണ്ടി വരും. എന്നാല്‍ ബെര്‍ഗീഷില്‍ ഈ പ്രശ്നമില്ല. നോക്കൂ, എത്ര ലളിതമായാണ് ഇത് പരിഭാഷപ്പെടുത്തിയിരിക്കുന്നതെന്ന്:-

Blood fallen mud rising coming flower tree
in the mind hundread hundread flowers multiplying
looking comrades we camed the highway
bloody thousands writting fitting words.

Berglish ഭാഷയിലെ കൂടുതല്‍ കൃതികള്‍ ഇവിടെ വായിക്കാം:-

ജീവിതം മാറ്റിമറിക്കാനുപകരിക്കുന്ന പഴഞ്ചൊല്ലുകള്‍
പിന്നെയും 25 പഴഞ്ചൊല്ലുകള്‍ (ഇംഗീഷ്-മലയാളം)
പഴഞ്ചൊല്ലുകള്‍ ഇംഗ്ലീഷില്‍ (പതിരു തീരെയില്ല)
ചക്രവര്‍ത്തിനീ (ഇംഗ്ലീഷ്)
എന്റെ ചരിത്രപരമായ കണ്ടെത്തല്‍
ഞെട്ടിക്കുന്ന 20 പഴഞ്ചൊല്ലുകള്‍
25 ഇംഗ്ലീഷ് പഴമൊഴികള്‍ (പരിഭാഷയും)