സെന്റ് ജോര്‍ജ് ഓഫ് പൂഞ്ഞാര്‍

വെറുക്കപ്പെട്ടവന്റെ മുഖവും ശബ്ദവും ശരീരഭാഷയും മാറ്റി വച്ചാല്‍ പി.സി.ജോര്‍ജിന്റെ ഉള്ളിലും ഒരാത്മാവുണ്ട്. കാലം മായ്ക്കാത്ത മുറിവുകളില്ല എന്നാണ് പറയുന്നതെങ്കിലും രണ്ടായിരം വര്‍ഷം മുമ്പ് ക്രിസ്തുവിനെ കുരിശില്‍ തറച്ചു കൊന്ന ദുഖസത്യത്തില്‍ വേദനിച്ചും ഈസ്റ്ററിന്റെ അരൂപിയില്‍ പ്രാര്‍ഥനകളില്‍ മുഴുകിയും കഴിയുന്ന ഒരു കുഞ്ഞാടാണ് ചീഫ് വിപ്പ്. മാണി സാറിന്റെ ഇടയോന്മുഖമായ രാഷ്ട്രീയത്തില്‍ പറ്റിച്ചേര്‍ന്നു നില്‍ക്കുമ്പോള്‍ ജോര്‍ജിയന്‍ മറുഭാഷ കാലഘട്ടത്തിന്റെ വിപ്ലവജ്വാലയായി അഖ്യാനം ചെയ്യപ്പട്ടേക്കാം. അപ്പോള്‍ കേരളരാഷ്ട്രീയത്തിലെ സെന്റ് ജോര്‍ജ് പുണ്യാളനായ ആ ധീരയോദ്ധാവിന്റെ കട്ടത്തെറികള്‍ ചരിത്രം തങ്കമ്മയുടെ ലിപികളില്‍ ആലേഖനം ചെയ്തു വച്ചേക്കാം.

ഞാനും പി.സി.ജോര്‍ജും ഒരേ നാട്ടുകാരാണ്. പന്നപ്പൊ@#@&*മോനേ എന്നു വിളിച്ചാല്‍ കേള്‍ക്കാവുന്നത്ര ദൂരമേയുള്ളൂ. പിന്നെ നമ്മള്‍ ക്രിസ്ത്യാനികള്‍ ഒന്നിച്ചു നില്‍ക്കണം എന്നു പണ്ട് ചില കേരളാ കോണ്‍ഗ്രസുകാര്‍ പറഞ്ഞിട്ടുള്ളതനുസരിച്ചാണെങ്കില്‍ ഞങ്ങള്‍ ഒന്നിച്ചു നില്‍ക്കേണ്ടവരുമാണ്. പി.സി.ജോര്‍ജിനെ പൊതുവേ ആര്‍ക്കും ഇഷ്ടമില്ലാത്ത ഈ പെസഹാക്കാലത്ത് ജനങ്ങള്‍ക്കു വേണ്ടി, സത്യത്തിനും നീതിക്കും വേണ്ടി സ്വയം കുരിശിലേറാന്‍ സന്മനസ്സായ അദ്ദേഹത്തിന്റെ കാര്യത്തില്‍ പീലാത്തോസിനെക്കാള്‍ തന്ത്രശാലിയായ മാണിസാര്‍ കൈകഴുകുമെന്നും സീസര്‍ ചാണ്ടി മുദ്രണം ചെയ്ത് ക്രൂശിക്കാന്‍ കൊടുക്കുമെന്നും കരുതിയത് വെറുതെയായി.

പി.സി.ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നു മാറ്റുന്ന പ്രശ്‌നമില്ല എന്നാണ് മാണിസാര്‍ പ്രഖ്യാപിച്ചത്. ജോര്‍ജിനെ മാറ്റണമെന്നു പാര്‍ട്ടിയില്‍ നിന്ന് ആരും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടിക്കകത്ത് ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുമില്ല- മാണിസാര്‍ പറഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജും മറ്റും പലതും പ്രതീക്ഷിച്ചു കാണണം. അല്ലെങ്കിലും പാലാ-പൂഞ്ഞാര്‍ ബെല്‍റ്റില്‍ തൊടുപുഴയുടെ ആശങ്കകള്‍ക്ക് എന്താണ് സ്ഥാനം ?

മാണിസാര്‍ പറഞ്ഞത് പോട്ടേന്നു വയ്ക്കാം. മാണി സാറാണ്. അതുപോലാണോ യൂത്ത്ഫ്രണ്ടുകാര്‍ ? പി.സി.ജോര്‍ജിനെതിരായി അസത്യം പറഞ്ഞ കെ.ആര്‍.ഗൗരിയമ്മ പൊതുസമൂഹത്തോട് മാപ്പു പറയണമെന്നാണ് യൂത്ത്ഫ്രണ്ട് (എം) നോതാക്കന്‍മാര്‍ ആവശ്യപ്പെടുന്നത്. ഗൗരിയമ്മയെക്കുറിച്ച് അദ്ദേഹം ബീപിയ കാര്യങ്ങള്‍ കേട്ട് ഞെട്ടിയിരിക്കുന്ന പൊതുസമൂഹം ഗൗരിയമ്മ ജോര്‍ജിനോടു മാപ്പു ചോദിക്കുന്നത് കേട്ട് കുഴഞ്ഞുവീഴാതിരുന്നാല്‍ ഭാഗ്യം. ഈസ്റ്ററിന്റെ അരൂപിയില്‍ ഉപവാസവും പ്രാര്‍ഥനയും പള്ളില്‍പ്പോക്കുമൊക്കെയായി കഴിയുന്ന പി.സി.ജോര്‍ജ് എന്തായാലും ഒന്നും പറയുന്നില്ല. ഈസ്റ്റര്‍ കഴിഞ്ഞ് അദ്ദേഹം മൂര്‍ച്ചയേറിയ തെറികളുമായി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് നമ്മള്‍ ഭയപ്പെടേണ്ടിയിരിക്കുന്നു.

പി.സി.ജോര്‍ജ് കാലഘട്ടത്തിന്റെ പുണ്യാളനാണ് എന്നു സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത് കെ.സി.ഉമേഷ് ബാബു ആണ്. മംഗളം പത്രത്തിലെ അദ്ദേഹത്തിന്റെ കോളത്തിലാണ് വിടുവായന്റെ സുവിശേഷത്തിന്റെ പരിപ്രേക്ഷ്യങ്ങള്‍ വിശകലനം ചെയ്യപ്പെടുന്നത് (മംഗളവും പി.സി.ജോര്‍ജുമായുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്നാണ് പറയുന്നത്). ഉമേഷ് ബാബുവിന്റെ കോളത്തില്‍ ഇങ്ങനെ പറയുന്നു.

”വിടുവായന്മാര്‍ പലപ്പോഴും സത്യം പറയും. സത്യം പറയുന്ന പ്രവര്‍ത്തനം, പക്ഷേ, കേരളത്തില്‍ എല്‍.ഡി.എഫും, യു.ഡി.എഫും നിഷിദ്ധമാക്കിയിരിക്കുന്ന ഒന്നാണ്. പാര്‍ട്ടി അടിമത്തമല്ലാത്തതൊന്നും ഈ രണ്ടിനം പ്രഭുക്കന്‍മാര്‍ക്കും ഇപ്പോള്‍ പഥ്യമല്ല. അതുകൊണ്ട്, പി.സി. ജോര്‍ജ് എന്ന യു.ഡി.എഫ് നേതാവിനെ കുരിശേറ്റാന്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒന്നിച്ചു പൊരുതുന്ന വിചിത്രാവസ്ഥയ്ക്ക് ഇപ്പോള്‍ കേരളം സാക്ഷ്യംവഹിക്കുന്നു. ഈ കാപട്യത്തിലെ ഹരിതവാദം എന്തു ഹരിതവാദമാണ്?.”

കേരളസമൂഹത്തിന്റെ മാനസിക അടിമത്തത്തെക്കുറിച്ചു പറഞ്ഞ ശേഷം പി.സി.ജോര്‍ജിനെപ്പറ്റി പറയാതെ അദ്ദേഹം ഇങ്ങനെ കൂടി സൂചിപ്പിക്കുന്നു: ” ധീരമായി മുഴങ്ങുന്ന സത്യത്തിന്റെ വേറിട്ട ശബ്ദം ഇപ്പോള്‍ ഇവിടെങ്ങുമില്ല. ഒന്നുകില്‍ പാര്‍ട്ടി നേതാക്കന്മാരുടേയുംഅവരുടെ വിനീതദാസന്മാരുടേയും വകയായുള്ള കുത്സിതമായ പാര്‍ട്ടി സ്വാര്‍ത്ഥതയും തന്‍കാര്യവും ലക്ഷ്യം വെക്കുന്ന അര്‍ത്ഥശൂന്യമായ ഒച്ച വെപ്പുകള്‍, അല്ലെങ്കില്‍ വെവ്വേറെ പാര്‍ട്ടിയടിമകളായ സാംസ്‌കാരിക പ്രമാണിമാരുടെ ഗീര്‍വാണങ്ങള്‍, അതുമല്ലെങ്കില്‍ ആരെയും വെറുപ്പിക്കാതെ എല്ലാവരുടേയും ഓമനയായി നിലകൊള്ളണമെന്ന് തീരുമാനിച്ചിട്ടുള്ള എത്രയോ കലാ സാഹിത്യകാരന്മാരുടെ കൃത്രിമരോഷങ്ങള്‍.” ”ഇതിനിടയിലും ഇടയ്ക്ക് ഉയര്‍ന്നു കേള്‍ക്കുന്ന സത്യത്തിന്റെ ചില ഒറ്റയൊറ്റ ശബ്ദങ്ങള്‍ക്ക് മുഖ്യധാരയില്‍ പ്രമാണികത്വം ലഭിക്കുന്ന അവസ്ഥ സമകാലിക കേരളത്തില്‍ വളരെ കുറവാണ്. പാര്‍ട്ടികളും പാര്‍ട്ടിയടിമകളുംചേരുന്ന ശബ്ദ കലവിയില്‍ അത്തരം പ്രതിരോധങ്ങള്‍ പെട്ടെന്ന് വിസ്മൃതിയിലാവുന്നു.”

ഇത് ക്ഷമിക്കാവുന്നതേയുള്ളൂ. എന്നാല്‍ എം.എന്‍.വിജയനെയും പി.സി.ജോര്‍ജിനെയും ഒരേ വണ്ടിയില്‍ കെട്ടാനുള്ള ചില ശ്രമങ്ങള്‍ കൂടി ഉമേഷ് ബാബുവിന്റെ ലേഖനത്തില്‍ കണ്ട് സത്യത്തില്‍ പകച്ചുപോയി. എം.എന്‍.വിജയന്‍ വിശുദ്ധനായ നേതാവായിരുന്നു എന്നൊന്നും എനിക്കഭിപ്രായമില്ല. എന്നാല്‍ അദ്ദേഹം പി.സി.ജോര്‍ജിനെപ്പോലെ ആയിരുന്നു എന്നു പറയാന്‍ മാത്രം ജേര്‍ജേറിയനിസം എനിക്കില്ല. ഉമേഷ് ബാബു പറയുന്നതനുസരിച്ച് ” 2007 ല്‍ വിജയന്‍ മാഷ് മരിച്ചു. അന്ന് അധികാരത്തിലുണ്ടായിരുന്ന സി.പി.എം മാഷിന്റെ മരണത്തോടുപോലും പകയോടെ പെരുമാറി.” ”യഥാര്‍ത്ഥമായ സ്വതന്ത്രചിന്ത അശരണമായി തെമ്മാടിക്കുഴിയിലൊതുങ്ങണമെന്നും, പാര്‍ട്ടിയടിമത്തം മാത്രം തഴച്ചു വളരണമെന്നുള്ള, ജനാധിപത്യ വിരുദ്ധ രാഷ്ട്രീയഭാവനയുടെ കാര്യത്തില്‍, സമകാലിക കേരളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന എല്‍.ഡി.എഫ് യു.ഡി.എഫ് ഐക്യത്തിന്റെ വലിയ ഉദാഹരണമാണിത്.” ”പി.സി. ജോര്‍ജിന്റെ പ്രശ്‌നം ഇവിടെയാണ് വരുന്നത്. സ്വന്തം മന്ത്രി സ്ത്രീലമ്പടനാണെങ്കിലും അതു തുറന്നു പറയുന്നതില്‍ പാര്‍ട്ടിയടിമത്തത്തിന്റെ ലംഘനമുണ്ട്. വിടുവായന്മാര്‍ പലപ്പോഴും സത്യം പറയും. സത്യം പറയുന്ന പ്രവര്‍ത്തനം, പക്ഷേ, കേരളത്തില്‍ എല്‍.ഡി.എഫും, യു.ഡി.എഫും നിഷിദ്ധമാക്കിയിരിക്കുന്ന ഒന്നാണ്.”

മന്ത്രിമാരുടെ ലൈംഗികജീവിതത്തിനു വിപ്പ് കൊടുക്കുന്ന പ്രവര്‍ത്തനത്തെ സത്യം തുറന്നു പറയലായി മഹത്വവല്‍ക്കരിക്കുന്നത് സാസ്‌കാരികകേരളത്തിനു നല്ലതല്ല. സ്ത്രീലമ്പടന്‍ എന്ന വാക്കു പോലും പലപ്പോഴും ആപേക്ഷികമാണ്. ആരോഗ്യമുള്ളപ്പോള്‍ പെണ്ണുപിടിക്കുകയും പിക്കപ്പ് പോയ ശേഷം സദാചാരത്തിന്റെ കാവല്‍മാലാഖയായിത്തീരുകയും ചെയ്യുന്നത് ധീരതയല്ല, ഗതികേടാണ്.

ഈസ്റ്ററിന്റെ അരൂപിയില്‍ കഴിയുന്ന എല്ലാ ക്രിസ്ത്യാനികള്‍ക്കും എന്റെ ആശംസകള്‍.

25 thoughts on “സെന്റ് ജോര്‍ജ് ഓഫ് പൂഞ്ഞാര്‍”

 1. ആരോഗ്യമുള്ളപ്പോള്‍ പെണ്ണുപിടിക്കുകയും പിക്കപ്പ് പോയ ശേഷം സദാചാരത്തിന്റെ കാവല്‍മാലാഖയായിത്തീരുകയും ചെയ്യുന്നത് ധീരതയല്ല,

 2. ഇച്ചായന് ഈ പുന്ന്യാത്മവിനോട് എന്താണിത്ര കെറുവ് ??

 3. ആരോഗ്യമുള്ളപ്പോള്‍ പെണ്ണുപിടിക്കുകയും പിക്കപ്പ് പോയ ശേഷം സദാചാരത്തിന്റെ കാവല്‍മാലാഖയായിത്തീരുകയും ചെയ്യുന്നത് ധീരതയല്ല, ഗതികേടാണ്.

  നരച്ച കൃതാവുള്ള ബാജി ഒരു വിത്ത് കാള തന്നെ അല്ലേ അണ്ണാ??

 4. വിശുദ്ധ പി സി ജോർജ്നോടുള്ള നൊവേന

  ധീരനും മനുഷ്യസ്നേഹിയും ആയ
  വിശുദ്ധ പി സി ജോർജെ . ഈ ലോകത്തിലെ ബെർലിത്തരങ്ങളിൽ പെട്ടുഴലുന്ന
  ഞങ്ങള്ക്ക് കൂട്ടയിരിക്കേണമേ. ഹരിത കാടന്മാരുടെ ആക്രോശങ്ങൾ മുഴങ്ങുന്ന
  വേളയിൽ അബലരായ ഞങ്ങളുടെ രക്ഷക്കായി അവതരിച്ച പുണ്യ സ്നേഹമേ ഞങ്ങളെ
  സഹായിക്കേണമേ . അങ്ങയുടെ വിശുദ്ധ നാവാൽ ശത്രുക്കളുടെ കട്ടയും പടവും
  മടക്കുകയും അവരുടെ പിതാമഹന്മാരെ വരെ തുമ്മിക്കുകയും ചെയ്യേണമേ. അവിഹിതം
  ചെയ്ത മഹാന്മമാരെ വരെ വെളിച്ചത്ത് കൊണ്ട് വരുകയും , കളം മാറാൻ ശെൽവന്
  ധൈര്യം പകരുകയും ചെയ്ത അങ്ങേ മഹാ കഴിവിനെ ഞങ്ങൾ സ്തുതിക്കുന്നു .
  പൂഞ്ഞാറ്റിലെ ലൈൻമാൻമാരുടെ പേടിസ്വപ്നമേ ഞങ്ങളിൽ വെളിച്ചമായും കാതുകളിൽ
  സംഗീതമായും അങ്ങ് കടന്നു വരേണമേ . വരണ്ടുണങ്ങിയ മാധ്യമ വാർത്തകളിൽ കുളിർ
  മഴയായ് പെയ്തിറങ്ങിയ ദിവ്യ തേജസ്സേ ഞങ്ങൾക്ക് കൂട്ടയിരിക്കേണമേ
  ആമീൻ
  10 പു(ബീപ്) , 10 മ(ബീപ്) താ( ബീപ്) , 1 ക(ബീപ്).

  ഈ നോവേനെ ദിവസവും 10 തവണ ചൊല്ലുക . ഏത് ആപൽഘട്ടങ്ങളിലും ധൈര്യം കൈവരുകയും ,ഭാഷാ നൈപുണ്യം ലഭിക്കുകയും ചെയ്യും

  1. ചേടത്തി ഇവിടെത്തന്നെ സ്ഥിരം കുറ്റിയാണോ? മാസാവസാനം ശമ്പളം തരുന്നവനോട് വല്ലപ്പോഴുമൊക്കെ ഒരൽപം ദയ കാണിച്ചുകൂടെ?

 5. അച്ചായന്റെ ബ്ലോഗ്‌ സന്ദർശനം നിർത്തി വായനക്കാരൊക്കെ പി സി ജോർജ് പ്രസങ്ങിക്കുന്നതെവിടെ എന്ന് തിരക്കി പോകാനുള്ള സാധ്യത മുന്നില് കണ്ടു കൊണ്ടാണോ ഇനിയാരും ശപിക്കാൻ ബാക്കിയില്ലാത്ത ആ പുണ്യാത്മാവിനെ ഈ തോതിൽ ആക്രമിക്കുന്നത്?

 6. ബെർളി സാർ , മാദ്യപാനത്തെക്കാൾ ബോറാണ് അതിനെതിരെയുള്ള കവല പ്രസംഗം

 7. എല്ലാ വിശുദ്ധരെയും പോലെ ജീവിച്ചിരിക്കുമ്പോള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടാനും നിന്ദിക്കപ്പെടാനുമായിരിക്കും പൂഞ്ഞാറിലെ വിശുദ്ധന്റെ വിധി.എന്നാല്‍ വിശുദ്ധരുടെ അഭാവം അവരുടെ മഹത്വത്തെ എടുത്തു കാണിക്കുന്നതു പോലെ ഒരു നാള്‍ പി.സി.ജോര്‍ജ്ജിന്റെ മഹത്വവും മറനീക്കി പുറത്തുവരും.ആ നല്ല നാളുകള്‍ എത്രയും പെട്ടെന്നു സംജാതമാകട്ടെ എന്ന് കേരളത്തിലെ ഒരു പൌരന്‍ എന്ന നിലയില്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു.

 8. ജ്ഞാൻ കരുതിയത്‌ കഴിഞ്ഞ പോസ്റ്റോടെ പൂഞ്ഞാർ കാര് ബെർല്യെ ഒരു തീരുമാനമാക്കി എന്നാണ്……ഇപ്പ ഴും ഉണ്ടല്ലേ ……

 9. മറ്റു പലര്‍ക്കും ഭീഷണി പറയാം… നാവു പിഴുതെടുക്കും എന്നും തല്ലി കൊല്ലും എന്നും ഈ ഏരിയയില്‍ കയറ്റില്ല എന്നും പറയാം. അച്ചായന്റെ പൂഞ്ഞാറിന്റെ (ഇടയ്ക്കു ബീപ്പില്ല) അടുത്തുള്ള പേട്ടയില്‍ ചെന്ന് അരിവുത്തുറ പള്ളിയുടെ അവിടുന്ന് ഇത്തിരി മാറി നിവര്‍ന്നു നിന്ന് ഒന്ന് കുരിശു വരക്കണമെങ്കില്‍ സത്യക്രിസ്ത്യാനിയായ അച്ചായന്‍ വിയര്‍ക്കും. പിന്നെ ഈ പുള്ളിയുടെ മാത്രം നെഞ്ചത്ത് തന്നെ കയറി ഇരുന്നു തായം കൊട്ടാന്‍ എന്താ ഇത്ര ആവേശം?

  ഗൌരിയമ്മയുടെ കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണ്. പ്രായമെത്തിയതിനാല്‍ പലരും അതിനെ ബഹുമാനിച്ചു കൊണ്ട് മിണ്ടാതിരിക്കുന്നു എന്ന് മാത്രം. ഇടതും വലതും ഒന്നിച്ചു ഇതിയാനെ ഒതുക്കാന്‍ നോക്കുമ്പോള്‍, ഇത്ര നോക്കിയിട്ടും നടക്കാതിരിക്കുമ്പോള്‍, ഈ ജോര്‍ജ്‌ അത്ര മോശക്കാരനായിരിക്കില്ല…. എന്താണേലും കൊല്ലും, സുന ചെത്തും എന്നൊക്കെ വീമ്പിളക്കി നടക്കുന്നവരുടെ മുമ്പില്‍ തന്നെ ചെന്നിരുന്നു ഇതൊക്കെ പറയുന്നുണ്ടല്ലോ… അതിണെ എങ്കിലും അംഗീകരിക്കു…..

  1. ഇങ്ങനെയുള്ള കുറച്ചുപേരുടെ ആരാധനയാണ് ജോർജിനെപ്പോലുള്ള പാഴ് ജന്മങ്ങളുടെ വളം. കഷ്ടം!

  2. പി സി ജോർജ് അച്ചായാൻ യു ഡി എഫിൽ ചീഫ് വിഴുപ്പലക്കുകാരൻ ആവുന്നതിനു മുന്പ്, ഇടതന്മാരുടെ കൂട്ടത്തിൽ ജോസപ്പച്ചയന്റെ അരുമ ശിഷ്യൻ ആയി കുറച്ചു കാലം ഉണ്ടായിരുന്നു.പിന്നീട് ജോസപ്പച്ചയന്റെ കാലു വാരി സെക്കുലർ കേരള കോണ്ഗ്രസ് ഉണ്ടാക്കി അത് വഴി മാണി സാറിന്റെ അഴുക്കു ചാൽ വൃത്തി ആക്കുന്ന ജോലിയിൽ പ്രവേശിച്ചപ്പോഴാണ് ഇന്ന് നാം കാണുന്ന പി സി ജോര്ജച്ചയാൻ ആയി പി സി ജോർജ് മാറിയത്.ഇടതന്മാരുടെ കൂടെ ഉണ്ടായിരുന്നപ്പോൾ ഇത്തരം കൊള്ളരുതായ്മകൾ വിളിച്ചു പറയുകയോ അനാവശ്യമായി തെറികൾ പറയുകയോ ചെയ്യാതിരുന്ന പി സി ജോർജിന് യു ഡി എഫുകാർ നിയന്ത്രണം ഇല്ലാതെ അഴിച്ചു വിട്ടത് കൊണ്ടല്ലേ ഇത്തരുണത്തിൽ ചീഫ് വിപ്പ് എന്ന പദവിയെ ചീഫ് വിഴുപ്പ് എന്ന രീതിയിലേക്ക് തരം താഴ്ത്തിയത്?ഗൌരി അമ്മയെ കുറിച്ച് താങ്കള്ക്ക് ഒന്നും അറിയില്ല.സ്വന്തം ആദർശത്തിന് വേണ്ടി വിവാഹ ജീവിതം തന്നെ വേണ്ടെന്നു വെച്ച ഒരു വനിതയാണ്‌ അവർ. പാർടിയിൽ ഉള്ളവരുമായി (പാർടിയോടല്ല) ഉണ്ടായ അഭിപ്രായ വ്യത്യാസം കാരണമാണ് പാർടിയിൽ നിന്നും ഇറങ്ങി കാലക്രമേണ അധികാര മോഹമുള്ള സാദാ രാഷ്ട്രീയക്കാരി ആയി മാറിയത്‌.അവർ എന്തായാലും പി സി ജോര്ജിനെ പോലെ നാട് നീളെ പുലയാട്ടും പറഞ്ഞു നാട്ടുകാരുടെ ശാപം ഏറ്റു വാങ്ങി നടന്നിട്ടില്ല.പി സി ജോര്ജിന്റെ കേമത്തം കൊണ്ടല്ല ആരും അയാളോട് പരസ്യമായി മുട്ടത്തത്,അയാളുടെ വായിലുള്ള പുളിച്ച തെറി കേട്ട് സ്വയം നാറുന്നത് ഒഴിവാക്കുന്നതിനു വേണ്ടിയാണ്.തെറി വിളിക്കുന്നവന് നാണം ഇല്ലെങ്കിലും,അത് കേൾക്കുന്നവർക്ക് സ്വല്പ്പം നാണം ഉണ്ടെന്നു കരുതിയാൽ മതി സിനോജെ.

 10. ഒരു ക്രിസ്ത്യാനിക്ക് വേറൊരു ക്രിസ്ത്യാനിയെ കണ്ടുകൂടാ എന്ന് പണ്ട് അംബാട്ടെ വാസു മേനോൻ പഞ്ഞത് വെറുതെയല്ല !!

 11. മാപ്പ് മാപ്പ് എല്ലാ നായിന്റെ മക്കളും എന്നോട്‌ ക്ഷമിക്കണം ഇനി ഒരു …മക്കളേയും ഞ്ഞാന്‍ തെറി വിളികില്ല. എന്നോട്‌ ക്ഷമികെടാ പട്ടികളേ. എനിക്ക് തെറ്റ് പറ്റിയെടാ … മോനേ (P.C Georgi)

 12. ഗ്യം. ഈസ്റ്ററിന്റെ അരൂപിയില്‍ ഉപവാസവും പ്രാര്‍ഥനയും പള്ളില്‍പ്പോക്കുമൊക്കെയായി കഴിയുന്ന പി.സി.ജോര്‍ജ് എന്തായാലും ഒന്നും പറയുന്നില്ല. ഈസ്റ്റര്‍ കഴിഞ്ഞ് അദ്ദേഹം മൂര്‍ച്ചയേറിയ തെറികളുമായി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് നമ്മള്‍ ഭയപ്പെടേണ്ടിയിരിക്കുന്നു

  ഇതാണ് പോയിന്റ്‌ ^^

 13. ലോകത്തില്‍ ഒരു ദിവസം എന്തെല്ലാം നടക്കുന്നു….? ഉല്ക്ക വീഴുന്നു, കൊറിയ ഇടയുന്നു, കേരളത്തില്‍ “മ” പ്രസ്ഥാനങ്ങളും “ഉ” ചിന്താഗതികളും ഇപ്പോഴും പ്രധാന ചര്ച്ചാ വിഷയം.

 14. തെറി പറയേണ്ടിടത്ത് പറയെണ്ടിയത് പോലെ പറഞ്ഞാൽ കാര്യങ്ങൾ നല്ല മണി മണിയായി നടക്കും. ചില കാര്യങ്ങൾ മര്യാധയുടെ ഭാഷയിൽ പറഞ്ഞാൽ നടക്കില്ല. പക്ഷെ കണ്ണു പൊട്ടുന്ന നല്ല രണ്ടെണ്ണം പറഞ്ഞാൽ ടപേന്നു കാര്യങ്ങൾ നടക്കും. കേൾക്കുന്നവനു കാര്യങ്ങൾ നന്നായിട്ടു മനസിലാകുകയും ചെയ്യും.
  KSEB ക്കാരെ തെറി പറഞ്ഞത് കേട്ടിട്ട് എനിക്ക് കുളിര് കോരി. അന്ന് മുതൽ ഞാൻ ഈ
  പീസിയുടെ ആരാധകനായി. ആ ചങ്കൂറ്റത്തിനു എന്റെ വക നൂറു ലൈക്‌സ്. പീസി ജോർജെ
  നേതാവേ, ധീരതയോടെ (തെറി) പറഞ്ഞോളൂ. ലക്ഷം ലക്ഷം പിന്നാലെ……

 15. തെറിയുടെ നിലവാരം കണ്ടിട്ട് ഇവൻ (ൾ ) ഒരു പൂഞ്ഞാനാണെന്ന് തോന്നുന്നു.

Leave a Reply

Your email address will not be published. Required fields are marked *