സൂര്യാ ടിവിയോട് രണ്ടു വാക്ക് (നാലെണ്ണം പറയേണ്ടതാണ്..)

മുല്ലപ്പെരിയാറിലെ വെള്ളം പോലെയാണ് എന്റെ ബ്ളോഗ് പോസ്റ്റുകള്‍ എന്നു സൂര്യ ടിവി വിചാരിച്ചിട്ടുണ്ടെങ്കില്‍ അത് ശരിയല്ല. മലയാളികളുടേതായ എല്ലാം ആവശ്യാനുസരണം ഉപയോഗിക്കാം എന്നു വിശ്വസിച്ചുപോയിട്ടുണ്ടണ്ടെങ്കില്‍ കുറ്റം പറയാന്‍ പറ്റില്ല. മാത്രമല്ല, ഇതിന്റെ പേരില്‍ ചാനലിന്റെ മുതലാളിമാരെയോ തൊഴിലാളികളെയോ ഒന്നും കറുത്തു തടിച്ച തമിഴന്‍മാരെന്നു വിളിച്ചാക്ഷേപിക്കാനോ എനിക്കുദ്ദേശവുമില്ല. കാരണം, ഞാന്‍ വളരെ ഡീസന്റായിപ്പോയി. ഇനിയിപ്പോള്‍ എന്റെ ബ്ളോഗിലെ പോസ്റ്റുകള്‍ തോന്നിയതുപോലെ ഉപയോഗിക്കാന്‍ 999 വര്‍ഷത്തേക്ക് കരാര്‍ ഒപ്പുവച്ചെന്നും പറഞ്ഞ് വന്നേക്കരുത്. സൂര്യ ടിവി പോലെ ഒരു തരംതാണ പ്രസ്ഥാനമല്ല ബെര്‍ളിത്തരങ്ങള്‍.

ഞാനതല്ല ആലോചിക്കുന്നത്, തെണ്ടി, ചെറ്റ, കൂതറ, നാറി, അലവലാതി എന്നൊക്കെ ഇക്കണ്ട മലയാളികളൊക്കെ വിശേഷിപ്പിക്കുന്ന എന്റെ ബ്ളോഗില്‍ നിന്നു പോസ്റ്റ് മോഷ്ടിച്ച് പ്രോഗ്രാം ഉണ്ടാക്കി അവതരിപ്പിക്കണമെങ്കില്‍ സൂര്യ ടിവി എത്ര ഗതികെട്ടിരിക്കും. എന്തീനീ മോഷണം ? ഒരു വാക്കുരിയാടിയിരുന്നെങ്കില്‍, ഒന്ന് ഒച്ച വച്ചിരുന്നെങ്കില്‍ ഞാന്‍ തരുമായിരുന്നല്ലോ. ഇതുവരെ എന്നോടു ചോദിച്ച എല്ലാവര്‍ക്കും ഞാന്‍ കൊടുത്തിട്ടുണ്ട്. പ്രതിഫലമായി ‘തമാശ’ മാസിക അയച്ചു തന്നിട്ടുള്ള ചെക്കുകള്‍ മാത്രമേ ഞാന്‍ കൈപ്പറ്റിയിട്ടുള്ളൂ. മലയാളത്തിലെ മാധ്യമകുലപതികള്‍ പലരും എന്റെ പോസ്റ്റുകള്‍ അച്ചടിച്ചിട്ടുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം അഞ്ചു പൈസ ആരും തന്നിട്ടില്ല. പാവങ്ങള്‍, അത്താഴപ്പട്ടിണിക്കാരയ മുതലാളിമാരോട് ഞാന്‍ വിലപേശാന്‍ പോയിട്ടില്ല. ഇനിയിപ്പോള്‍ ഈ പറഞ്ഞ സൂര്യാ ടിവിക്കാണെങ്കിലും ഞാന്‍ ചുമ്മാ കൊടുത്തേനെ.

ഏതാണ് എന്താണ് എന്നു പിടികിട്ടാത്തവര്‍ക്കു വേണ്ടി പറയാം. സൂര്യ ടിവി എന്നു പറയുന്ന മലയാളം ചാനല്‍ (ഞാനീവക ചവറുകളൊന്നും കാണാറില്ല) അവരുടെ രസികരാജാ നമ്പര്‍ 1 എന്ന പരിപാടിയില്‍ ‘നെയ്യപ്പം ദുരന്തം: ഒരു ന്യൂസ് അവര്‍ അവതരണം’ എന്ന എന്റെ ബ്ളോഗ്പോസ്റ്റ് സ്കിറ്റ് പരുവത്തില്‍ ഷൂട്ട് ചെയ്ത് അവരിപ്പിച്ചു കളഞ്ഞു. സംഗതി സംപ്രേഷണം ചെയ്തു കഴിഞ്ഞ നിലയ്ക്ക് ഇനി മണാ കുണാ എന്നു പറഞ്ഞിട്ടു കാര്യമില്ല. ഇനിയിപ്പോള്‍, അത് ഞങ്ങള്‍ക്കറിയില്ലായിരുന്നു, ആരോ ഫോര്‍വേഡ് ചെയ്തു തന്നതാ തുടങ്ങിയ ന്യായങ്ങള്‍ പറയുകയോ അതല്ല, മുല്ലപ്പെരിയാറിന്റെ കാര്യത്തിലെന്നപോലെ മലയാളം ബ്ളോഗുകളിലെ ഉള്ളടക്കവും ഞങ്ങള്‍ക്കവകാശപ്പെട്ടതാണ് എന്നറിഞ്ഞിട്ടെടുത്തതാണെന്നു പറയുകയോ എന്തു ചെയ്താലും സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു കഴിഞ്ഞു. എന്റെ സര്‍ഗചേതന വീണ്ടും മാനഭംഗം ചെയ്യപ്പെട്ടിരിക്കുന്നു.

സൂര്യ ടിവിയോട് ഞാന്‍ ഒരു പ്രതിഷേധവും അറിയിക്കുന്നില്ല. എനിക്കു പ്രതിഷേധം ഇല്ല. ആളുകള്‍ക്ക് വായിക്കാനും ആസ്വദിക്കാനും വേണ്ടി മാത്രമാണ് ബ്ളോഗില്‍ ഞാന്‍ പലതും എഴുതുന്നത്. അത് മോഷ്ടിച്ചെടുക്കുന്നത് കുറ്റകൃത്യമാണ്. ഇനിയിപ്പോള്‍ മോഷണം നടത്തിയിട്ടില്ല എന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ടെങ്കില്‍ നഷ്ടപരിഹാരമായി 2 ലക്ഷം രൂപ എനിക്കു നല്‍കുകയും രസികരാജാ നമ്പര്‍ 1 എന്ന പരിപാടിയുടെ ഈ മോഷണം നടന്നിട്ടുള്ള എപ്പിസോഡിന്റെ പുനഃസംപ്രേഷണം നടത്താതിരിക്കുകയും അടുത്ത എപ്പിസോഡില്‍ എന്നോട് ആത്മര്‍ത്ഥമായി ക്ഷമാപണം നടത്തുകയും ചെയ്യാവുന്നതാണ്. അത്രയൊക്കെ ചെയ്യാനുള്ള അന്തസ്സും പാരമ്പര്യവും സംസ്കാരവും സൂര്യ ടിവിക്കുണ്ടോ എന്നെനിക്കറിയില്ല. ഇല്ലെങ്കിലും ഞാന്‍ പരാതിപ്പെടുന്നില്ല. അതൊക്കെ നമ്മള്‍ പറഞ്ഞാല്‍ ഉണ്ടാകുന്നതല്ലല്ലോ.

ഇനിയിപ്പോള്‍ ഇങ്ങനൊരു മോഷണം നടന്ന വിവരം അറിഞ്ഞില്ല കേട്ടില്ല എന്നൊന്നും പറയരുത്. ഈ ബ്ളോഗില്‍ നിന്നു മോഷ്ടിച്ച വസ്തുവിനെപ്പറ്റി ഈ ബ്ളോഗില്‍ തന്നെയാണ് ഞാന്‍ പോസ്റ്റിടുന്നത്. അത് സൂര്യടിവി കണ്ടേ മതിയാവൂ. പോരെങ്കില്‍ ഇതുമായി ബന്ധപ്പെട്ട ഒന്നു രണ്ടു പേരെ ഫോണിലും വിളിച്ചു. സര്‍ക്കാരാപ്പീസിലെപ്പോലെ അതിവിടെയല്ല, അവിടെയാണ് എന്നു പറഞ്ഞ് നമ്പരുകള്‍ മാറി മാറി കുറെ വിളിച്ചതല്ലാതെ സംഗതി എങ്ങുമെത്തിയിട്ടില്ല. പ്രോഗ്രാം നടത്തിക്കൊണ്ടു പോകാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ആണുങ്ങളെപ്പോലെ ചോദിക്കൂ, പത്തോ നൂറോ പോസ്റ്റുകള്‍ വേണമെങ്കില്‍ ചുമ്മാ തന്നേക്കാം. അതിനു കഴിയുന്നില്ലെങ്കില്‍ പ്രോഗ്രാം നിര്‍ത്തിക്കളയൂ. അല്ലാതെ മോഷണം നടത്തി പ്രോഗ്രാം നടത്തുന്നത് സൂര്യ ടിവി പോലൊരു ചാനലിനു ചേര്‍ന്നതല്ല.

സൂര്യ ടിവി മോഷ്ടിച്ച പോസ്റ്റ് സ്വന്തം പേരിലാക്കി പ്രസിദ്ധീകരിച്ചവരില്‍ പ്രഭ നാരായണപിള്ള ഉള്‍പ്പെടെയുള്ള പ്രഗല്‍ഭരുണ്ട്. അവരൊക്കെ ഈ ഗതിയിലാണെന്ന് എനിക്കറിയില്ലായിരുന്നു. പ്രഗല്‍ഭര്‍ക്ക് ഇവിടെ എന്തുമാകാമെന്നതുകൊണ്ട് കുഴപ്പമില്ല. ഇതുവരെ നാലോ അഞ്ചോ പേര്‍ ഇത് വിഡിയോ ആക്കി റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. രണ്ടു പേര്‍ മാത്രമാണ് എന്നോട് അനുവാദം ചോദിച്ചത് (ആര്‍ക്കും റൈറ്റ് കൊടുത്തിട്ടില്ല, പൈസയും വാങ്ങിയിട്ടില്ല). അനുവാദമില്ലാതെ സംഗതി റെക്കോര്‍ഡ് ചെയ്ത് അപ്ലോഡ് ചെയ്ത സുഹൃത്തിനോടു ചോദിച്ചപ്പോള്‍ ബ്ളോഗില്‍ കമന്റ് രൂപേണ അനുവാദം ചോദിച്ചിരുന്നു പക്ഷെ, മറുപടി ഒന്നും കാണാത്തതുകൊണ്ട് സമ്മതമായിരിക്കും എന്നു കരുതി റെക്കോര്‍ഡ് ചെയ്തതാണെന്നായിരുന്നു. ആ മഹാത്മാവ് പിന്നെ ഞാന്‍ നിഷേധിച്ചെങ്കിലോ എന്നു കരുതി ഒരു കാര്യം ചെയ്തു- എന്റെ ക്രെഡിറ്റ് വച്ചില്ല. സംഗതി ക്ളീന്‍ !

ഞാനെഴുതണം, അത് സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കണം- ഇതാണ് ഞാന്‍ മനസ്സിലാക്കിയിടത്തോളം പല ആളുകളുടെയും ആവശ്യം. ബെര്‍ളി ചവറെഴുതുന്നവനാണെന്ന് പ്രചരിപ്പിക്കുകയും ആ ചവറുകള്‍ സ്വന്തം പേരിലാക്കി ഉദാത്തമെന്നു പറഞ്ഞു വിറ്റുകാശാക്കുകയും ചെയ്യുന്ന ഈ ബോണ്‍ലെസ് ഫാദര്‍ലെസ് സിന്‍ഡ്രോം ഞാന്‍ കാണാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയതുകൊണ്ടും ഇതുവരെ എന്റെ അനേകം പോസ്റ്റുകള്‍ ഇത്തരത്തില്‍ ഉപയോഗിച്ച് പലരും പല കാര്യങ്ങളും സാധിച്ചിട്ടുള്ളതിനാലും സൂര്യ ടിവിയോട് ഞാന്‍ ഒന്നും പറയുന്നില്ല. ചിലരൊക്കെ ഇപ്പോഴും ഈ ബ്ളോഗില്‍ നിന്നുള്ള പോസ്റ്റുകള്‍ ഭാര്യമാരെയും കാമുകിമാരെയും കാണിച്ച് പലതും സാധിക്കുന്നുണ്ടത്രേ. ആരൊക്കെയോ ജോലിയും വിവാഹവും വരെ നടത്തിയിട്ടുണ്ടെന്നു പറയുന്നു. എന്തായാലും ഈ ബ്ളോഗില്‍ നിന്നു മോഷ്ടിക്കുന്ന പ്രഗല്‍ഭരുടെ ലിസ്റ്റ് നീളുന്നതിനാല്‍ ‘ഈ ബ്ളോഗില്‍ നിന്നു മോഷ്ടിച്ചവര്‍’ എന്ന പേരില്‍ ഈ പ്രഗല്‍ഭരുടെയെല്ലാം പേര് ബ്ളോഗില്‍ പ്രദര്‍ശിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. അപ്പോഴും ലിസ്റ്റില്‍ നിന്ന് അണ്ടനെയും അടകോടനെയുമൊക്കെ ഒഴിവാക്കും, പിണങ്ങരുത്.

32 thoughts on “സൂര്യാ ടിവിയോട് രണ്ടു വാക്ക് (നാലെണ്ണം പറയേണ്ടതാണ്..)”

 1. ഇത് ശരിക്കും ഒരു മാതിരി മറ്റേ പരിപാടി ആയി പോയി. സൂര്യ ടീവീ കാര്‍ ഇത്രയ്ക്കു അധപധിച്ചോ ?

 2. I have read it in Kala Kaumudi and later find the visual comedy. I do not know who is the FATHER of that write up. Anyhow fantasitic.

  Prabha Narayana Pillai just forwarded to Kala Kaumudi and may have pocketed huge amount.

 3. rasikaraajayil.varunna participants alle itheduthu adichu maatiyathu…
  alle..angane alle..remya raveendran nammade paika kkari avalodu chodiche…
  ee panna pani aara kanichennu..

 4. സംഭവം കഷ്ടമായിപ്പോയി. പൊതുവെ ടെലിവിഷനിൽ ഇപ്പൊവരുന്ന ‘കോമഡി’ കളെല്ലാം ആവർത്തനമോ കൊപ്പിയടിയോ ആണു. അതുകൊണ്ടു ചാനലുകാർക്കിതിൽ വല്യപുതുമയൊന്നും കാണില്ല്ല. ‘ബ്ളോഗിയ പോസ്റ്റും കൈവിട്ട കല്ലും’ ഒരുപോലെയാണു. കിട്ടുന്നോനെടുത്തു കയ്യാല പണിയും. അതുകൊണ്ടു കൊള്ളാവുന്ന രചനകൾ ബ്ളോഗാതിരിക്കുന്നതാണു ബുദ്ധി. അതു വേറോരു രീതിയിൽ വെളിച്ചം കാണുമെന്നുറപ്പുണ്ടെങ്കിൽ. ഇല്ലെങ്കിൽ പോട്ടെന്നേ..

 5. അല്ല, മനസ്സിലാവാഞ്ഞിട്ടു ചോദിക്കുവ,

  ഈ കേരളത്തിലെ വാര്‍ത്താമാധ്യമങ്ങള്‍ക്ക്‌ ബെര്‍ളിയുടെ ബ്ലോഗിലേക്ക് നോക്കിയിരിക്കലാണോ ജോലി? ഇത്ര കഴിവുകെട്ടവന്മാരെയാണോ ഈ മാധ്യമ മുതലാളിമാര്‍ നിയമിച്ചിട്ടുള്ളത്‌?

 6. അല്ല, ഒള്ളോന്റടുത്തൂന്നല്ലെ ഇല്ലാത്തോന് എടുക്കാന്‍ പറ്റൂ…?
  എന്താദ് വെള്ളരിയ്ക്കാപ്പട്ടണോ..?

 7. സൂര്യ ടി വീ ആണോ അതിനുത്തരവാദി എന്നൊരു സംശയം ഉണ്ട്, മിക്കവാറും ആ ട്രൂപ്പ് ആയിരിക്കും ആരേലും പറഞ്ഞുകേട്ട് ഇതു കാണിച്ചത്. ഞാനും ആ പ്രോഗ്രാം കണ്ടിരുന്നു, ഇതു ബെര്‍ളീയുടേതാണെന്ന് പറയുകയും ചെയ്തു. എനിക്കു തോന്നുന്നു വലിയ വിവരമില്ലാത്ത പിള്ളേര്‍ ബെര്‍ളിത്തരങ്ങള്‍ ഇത്ര വലിയ സമ്ഭവം ആണെന്നറിയാതെ എടുത്തു പൂശിയതാകാനാ സാധ്യത. എന്നാലും ഇരിക്കട്ടെ അവര്‍ക്കും ഒരു കൊന്തചെല്ലല്‍.

 8. ഷെയിം……… സൂര്യാടീവി ഷെയിം……………..
  ഈ തരംതാണ മോഷണതെ എന്ത് തെറി പറഞ്ഞ് വിലയിരുത്തണമെന്നെനിക്കറിയില്ലാ‍..
  ഇതൊരുമാതിരി കൂതറ പരിപാടി ആയിപ്പൊയി സൂര്യേ……
  ബ്ലോഗര്‍ എന്ന നിലയില്‍ ഞാന്‍ സൂര്യാടിവി യെ രണ്ടാഴ്ചത്തേക്ക് ബഹിഷ്ക്കരിക്കാന്‍ തീരുമാനിചു..!!

 9. “‘ഈ ബ്ളോഗില്‍ നിന്നു മോഷ്ടിച്ചവര്‍’ എന്ന പേരില്‍ ഈ പ്രഗല്‍ഭരുടെയെല്ലാം പേര് ബ്ളോഗില്‍ പ്രദര്‍ശിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്…. “
  ഇത് സത്യമായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചും കഴിഞ്ഞിട്ടുണ്ട്

 10. ഇതു വളരെ മോശമായ കാര്യം തന്നെയാന്ണു..
  ബെര്‍ലി കുറച്ചു കൂടെ ശക്ത്‌മായ ഭാഷ‌യില്‍ എഴുതിയിരുന്നെങ്കിലെന്നു
  ആശിച്ചു പോയി..
  തീര്‍ച്ചയായും ഇതിനെതിരെ നടപടി വേണം…
  അല്ലെങ്കില്‍ ഇനിയും ഇതാവര്‍ത്തിക്കും..
  എന്റെ പ്രതിഷേധം ഞാനറിയിക്കുന്നു.

 11. കൊള്ളാവുന്നതുകൊണ്ടല്ലേ മോഷ്ടിച്ചത്, രസികരാജയിൽ പരിപാടി പല ഗ്രൂപ്പുകളാണ് അവതരിപ്പിക്കുന്നത് അപ്പോൾ അവരിലൊരു ഗ്രൂപ്പ് ബെർളിയുടെ പോസ്റ്റ് സ്വന്തമാക്കി അവതരിപ്പിച്ചു എന്നല്ലേ അർത്ഥം, അതിനു സൂര്യ ടി വി എന്തു പിഴച്ചു? പക്ഷേ ഇത് അവരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. യഥാർത്ഥത്തിൽ സ്കിറ്റ് അവതരിപ്പിച്ച ഗ്രൂപ്പിനു കൈയടി കിട്ടിയിട്ടുണ്ടെങ്കിൽ അതിന്റെ ശരിയായ അവകാശി ബെർളിയാണെന്ന കാര്യം ജനസമക്ഷം കൊണ്ടു വരികയാണ് ഇനി ചെയ്യേണ്ടത്. അതിനെന്തു ചെയ്യണം എന്നാണ് ബെർളിയെ ഇഷ്ടപ്പെടുന്നവർ ആലോചിക്കേണ്ടത്.

 12. സൂര്യ ടിവി യെ ഇതില്‍ പഴിചാരുന്നത് ശരി ആണോ അണ്ണാ ? സൂര്യ ടിവി എന്ത് പിഴച്ചു ? അവരുടെ ഒരു സ്പോണ്‍സേര്‍ദ് പ്രോഗ്രാം ആണ് രസിക രാജ നമ്പര്‍ 1 അവര്‍ക്ക് എങ്ങിനെ അറിയും ഇതിയാന്മാര്‍ കോപ്പി അടിച്ചതാണ് ഈ പ്രോഗ്രാം എന്ന് ? ആദ്യം ആ പ്രോഗ്രാം ഡയറക്ടര്‍ വിളിക്കൂ എന്നിട്ട് അപ്പനിട്ടു രണ്ടെണ്ണം കൊട്.. ഹല്ലാ പിന്നെ

  1. നമ്മള്‍ ഇടപെടണ്ടി വരുമോ??

 13. കലക്കന്‍!!! ഇതൊന്നും പോസ്റ്റ്‌ ആകുകയല്ല… അവരുടെ ഓഫീസില്‍ കേറി മുട്ട് കാലു മടക്കി നാഭിക്കു…. ച്ഹോ, എന്റെ ഒരു വൃത്തികെട്ട ഭാഷ…!!!

 14. കലക്കന്‍…!!! ഇതിനൊക്കെ പോസ്റ്റ്‌ എഴുതുക അല്ല വേണ്ടേ. നേരെ അവന്മാരുടെ ഒക്കെ ഓഫീസില്‍ കേറി ചെന്ന് മുട്ടുകാലു മടക്കിനാഭിക്കു.. ച്ചെ.. എന്റെ ഒരു അസഭ്യമായ ഭാഷ.

 15. ‘നെയ്യപ്പം ദുരന്തം: ഒരു ന്യൂസ് അവര്‍ അവതരണം’… വളരെ ക്രീയേറ്റീവായ ഒരു പൊസ്റ്റ് ആയിരുന്നു.. ആശയദാരിദ്ര്യം ഉള്ള ആരു വായിച്ചാലും ഒന്നെടുത്ത് പെരുമാറാന്‍ തൊന്നും. അവതരിപ്പിച്ചു കുളമാക്കിയിട്ടില്ലെങ്കില്‍ ക്ഷമിക്കു ബെര്‍ളി… അല്ലാതെ ബെര്‍ളി എത്ര ‘കമ്പിളി പുതപ്പ് കമ്പിളി പുതപ്പ് ‘ എന്നു പറഞാലും, അവര് ‘ഹലോ ഹലോ’ എന്നു പറഞുകൊണ്ടിരിക്കും..

 16. ‘നെയ്യപ്പം ദുരന്തം: ഒരു ന്യൂസ് അവര്‍ അവതരണം’… വളരെ ക്രീയേറ്റീവായ ഒരു പൊസ്റ്റ് ആയിരുന്നു.. ആശയദാരിദ്ര്യം ഉള്ള ആരു വായിച്ചാലും ഒന്നെടുത്ത് പെരുമാറാന്‍ തൊന്നും. അവതരിപ്പിച്ചു കുളമാക്കിയിട്ടില്ലെങ്കില്‍ ക്ഷമിക്കു ബെര്‍ളി… അല്ലാതെ ബെര്‍ളി എത്ര ‘കമ്പിളി പുതപ്പ് കമ്പിളി പുതപ്പ് ‘ എന്നു പറഞാലും, അവര് ‘ഹലോ ഹലോ’ എന്നു പറഞുകൊണ്ടിരിക്കും..

 17. Berly u must first delete the comment by brijeshnairan in ur post…which shows that u urslef took the idea from
  another post..may be its a strange coincidence….even surya tv can claim so…

 18. ഫ്രീയായിട്ട് സ്കിറ്റ് ഷൂട്ട്‌ ചെയ്തു തന്നതിന് സൂര്യക്ക് ഒരു നണ്ട്രി ചൊല്ലി അതെടുത്തു ബ്ലോഗില്‍ ഇടടെ.. സ്വന്തമായി ഷൂട്ട്‌ ചെയ്തെടുക്കാന്‍ എന്തോരം കാശ് ചെലവായേനെ..

 19. ബെര്‍ളിച്ചായാ, എനിക്കും കിട്ടിയിട്ടുണ്ട് ബെര്‍ളിച്ചായന്‍റെ കാക്കത്തൊള്ളായിരം പോസ്റ്റുകള്‍ ഇ മെയിലായി. അതില്‍ ബെര്‍ളിച്ചായന്‍റെ പേരുമില്ല ബ്ലോഗിന്‍റെ പേരുമില്ല. ചിലതില്‍ മേല്‍‍പറഞ്ഞതു പോലെ കണ്ട അണ്ടന്‍റെയും അടകോടന്‍റെയുമൊക്കെ പേരുമുണ്ട്. എന്നാല്‍ കഴിയുന്ന ഒരു കാര്യം ഞാന്‍ ചെയ്തിട്ടുള്ളത് പേരു മാറ്റി വരുന്ന ഫോര്‍വേഡ്‌ മെയിലുകള്‍ക്ക് നല്ല തന്തക്കുവിളി റിപ്ലേ കൊടുക്കുക എന്നതു മാത്രമാണ്. (ഈ സേവനത്തിന് എനിക്കു കാശൊന്നും വേണ്ട). ഇവനൊന്നും എന്തായാലും നന്നാകില്ല. ഏക മാര്‍ഗ്ഗം നല്ലവര്‍ സ്വയം കൂതറകള്‍ ആവുക മാത്രമാണ്.

 20. ഞാനും എന്റെ പ്രതിഷേധം ആത്മാര്‍ഥമായി അറിയിച്ചുകൊള്ളുന്നു..

 21. ഈ ബോണ്‍ലെസ് ഫാദര്‍ലെസ് സിന്‍ഡ്രോം………………ayyo…alla ee berlykkentha KOMBUNDO????..allelum arante te enthenkilum kanumbol athu thantethakkanmennulla swabhavam ee chila koothara malayalikallu() ullatha.(njan ulppede)…he he….berly…ithu athyavasyam thanneyanu……pinne THILAKAN chettane kyividelle….!!!

 22. പ്രിയപ്പെട്ട ബെര്‍ളിച്ചായാ..താങ്കളുടെ രചനകളില്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒന്നാണ് “നെയ്യപ്പ ദുരന്തം”. വളരെ creative ആയ വര്‍ക്ക് ആണത്.അത് താങ്കളുടെതാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. വേറെ ഒരു സൈറ്റില്‍ നിന്ന് വായിച്ചതായിരുന്നു.ഈ അടുത്താണ് ഞാന്‍ ബെര്‍ളിയുടെ ബ്ലോഗുകള്‍ വായിച്ചുതുടങ്ങിയത്. പക്ഷെ ഇതേ വിഷയത്തില്‍ “Jack and Jill” എന്ന ഒരു ബ്ലോഗ്‌ മുമ്പ് ഇറങ്ങിയിട്ടുണ്ടെന്ന് താങ്കളുടെ ബ്ലോഗിലെ കമന്റ്സില്‍ നിന്ന് തന്നെ മനസ്സിലായി. ആ ആശയം മാത്രമേ താങ്കള്‍ എടുത്തിട്ടുള്ളൂവെങ്കില്‍പോലും ഒറിജിനല്‍ എഴുതിയ ആളോട് ഒരു കടപ്പാട് താങ്കള്‍ എവിടെയും രേഖപ്പെടുത്തിയതായി കണ്ടില്ല.സൂര്യ ടിവിയില്‍ പ്രോഗ്രാം അവതരിപ്പിച്ചവരും താങ്കളുടെ പോസ്റ്റ്‌ മോഷ്ടിച്ച് സ്വന്തം പേരില്‍ ആക്കുന്നവരും ചെയ്യുന്നത് തീര്‍ച്ചയായും വലിയ തെറ്റാണ്.എന്നാല്‍ ഈ ഒരു രചനക്കുള്ള inspiration എന്ന പേരിലെങ്കിലും ആദ്യത്തെ രചനയോടുള്ള കടപ്പാട് ബെര്‍ളിയും രേഖപ്പെടുത്തേന്ടതായിരുന്നില്ലേ?

 23. ഇന്നലെ തരൂര്‍ വിവാദം വന്നപ്പോള്‍ വീട്ടില്‍ പറഞ്ഞായിരുന്നു ഇത് നെയ്യപ്പം പോലെതന്നെയാണെന്ന്, കാര്യം ചോദിച്ചപ്പോള്‍ പറഞ്ഞു രസികരാജയില്‍ ഒരു സ്കിറ്റുണ്ടായിരുന്നെന്ന്.

 24. മോഷ്ടിക്കുന്നവരുടെയൊക്കെ പേരെഴുതി വെക്കുമെന്ന് കേട്ട് ഇനി മോഷ്ടാക്കളുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്. പിന്നെ ‘ആരോ ഫോർവേഡ് ‘ ചെയ്തത എന്ന പേരിൽ ബെർലിത്തരങ്ങൾ മുന്നെ ഇവിടെ ‘ഏഷ്യാനെറ്റ് റേഡിയൊ’ യിൽ ഒരുത്തൻ ഇടയ്ക്ക് അവതരിപ്പിച്ചിരുന്നത് ഞാൻ മുന്നെ ഒരു പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു. എന്തായാലും ചോദിച്ച പ്രതിഫലം 2 ലക്ഷം കുറവായി ..ചുരുങ്ങിയത് 20 ചോദിക്കണമായിരുന്നു. 2 എങ്കിലും കിട്ടിയാലായി.. അപ്പോൾ പിന്നെ 2 ചോദിച്ച സ്ഥിതിയ്ക്ക് !!

Leave a Reply

Your email address will not be published. Required fields are marked *