സത്യത്തെ ഭയക്കുന്നവര്‍ക്ക് ഒരു കരിങ്കൊടി

കാളയെ ചുവപ്പുനിറം കാണിക്കുന്നതും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതും ഒരുപോലെ അപകടരമായി വന്നു കൊണ്ടിരിക്കുകയാണ്. കാള കുത്തും പക്ഷെ, മുഖ്യമന്ത്രി കുത്തില്ല. എന്നാല്‍, അദ്ദേഹത്തിന്റെ അനുയായികള്‍ കരിങ്കൊടിക്കാരെ എതിര്‍ക്കുകയും തങ്ങള്‍ എതിര്‍ക്കുന്നവരെ കരിങ്കൊടി കാണിക്കുകയും ചെയ്യുമ്പോള്‍ മുഖ്യമന്ത്രിയുടെ ഫാന്‍സിനു കണ്‍നിറയെ കാണാന്‍ നല്ലൊരു കരിങ്കൊടി ഞാനിവിടെ സമര്‍പ്പിക്കുകയാണ്. കരിങ്കൊടി ഒരു അശ്ലീലമോ ദേശദ്രോഹമോ അല്ലെന്നും കരിങ്കൊടി കാണുന്നതു കൊണ്ട് ആര്‍ക്കും ഒന്നും സംഭവിക്കില്ലെന്നും തെളിയിക്കുന്നതിനു വേണ്ടിക്കൂടിയാണ് ഇത് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെന്ന പോലെ കേരളത്തിലും നിലവിലുള്ള ഭരണസംവിധാനം നിര്‍ഭാഗ്യവശാല്‍ ജനാധിപത്യമാണ്. ആ ജനാധിപത്യത്തില്‍ മുഖ്യമന്ത്രിക്ക് ഭരിക്കാനുള്ളതുപോലെ തന്നെ മൂപ്പരുടെ ഭരണം ഇഷ്ടപ്പെടാത്തവര്‍ക്ക് പ്രതിഷേധിക്കാനുമുള്ള അവകാശമുണ്ട്. എങ്ങനെ പ്രതിഷേധിക്കണം എന്നത് പ്രതിഷേധിക്കുന്നവരുടെ ക്രിയേറ്റിവിറ്റി അുസരിച്ചിരിക്കും. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനുണ്ടായ പങ്ക് വിവാദമായതോടെ സമരപരിപാടികളിലേക്കു നീങ്ങിയ ഇടതു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്ന പ്രതിഷേധ പരിപാടിയാണ് സ്വീകരിച്ചിരിക്കുന്നത്.

ഇന്നലെ, മലപ്പുറം താനൂരില്‍ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെത്തിയ മുഖ്യമന്ത്രിയെയും ആചാരപ്രകാരം ഇടതു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. അദ്ദേഹം അതു നേരെ ചൊവ്വേ കണ്ടോ എന്നറിയില്ല. എന്തായാലും പൊലീസ് വലയം ഭേദിച്ച് കരിങ്കൊടി കാണിച്ച ഇടതു പ്രവര്‍ത്തകരും വലയമുണ്ടാക്കിയ പൊലീസുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി, സ്വാഭാവികം. മറ്റ് ജില്ലകളില്‍ മുഖ്യമന്ത്രിയെ തടയുന്നതുപോലെ മലപ്പുറത്ത് തടയാനാകില്ലെന്നും ഇടത് പ്രവര്‍ത്തകര്‍ക്ക് കരിങ്കൊടി കാണിക്കാനാകില്ലെന്നും യൂത്ത് ലീഗ് പ്രഖ്യാപിച്ചിരുന്നത്രേ. എന്തായാലും ആ പ്രഖ്യാപനം നടപ്പായില്ല. എല്‍ഡിഎഫുകാര്‍ കരിങ്കൊടി കാണിക്കുകയും സംഗതി അടിയില്‍ കലാശിക്കുകയും ചെയ്തു.

ഇതൊന്നുമല്ല ഇപ്പോഴത്തെ വിഷയം. മലപ്പുറത്ത് മുഖ്യമന്ത്രിയെ ഇടതു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടര്‍ ചാനലിനു നേരെ അക്രമം നടത്തുന്ന യുഡിഎഫ് പ്രവര്‍ത്തകരുടെ രോഗാതുരമായ ജനാധിപത്യബോധമാണ്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചിട്ടില്ലെന്ന് പറഞ്ഞ് ഒരു സംഘം യു.ഡി.എഫ് പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ വാഹനം തടഞ്ഞു. ക്യാമറ പിടിച്ചു വാങ്ങാനും ക്യാമറാമാനെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചെന്നു റിപ്പോര്‍ട്ടര്‍ ചാനല്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കരിങ്കൊടി കാണിക്കുന്ന ദൃശ്യം കയ്യിലുള്ള ചാനലുകാരോട് അത് കാണിച്ചിട്ടില്ല എന്നു പറയാന്‍ മാത്രമുള്ള വിവരമേ തടഞ്ഞവര്‍ക്കുണ്ടാിരുന്നുള്ളോ എന്നു ചോദിക്കരുത്. വിവരമെന്നൊക്കെ പറയുന്നത് ആപേക്ഷികമാണ്. എല്ലാ യുഡിഎഫുകാര്‍ക്കും മുഖ്യമന്ത്രിയുടെ അത്ര വിവരമുണ്ടായിരുന്നെങ്കില്‍ ഇവിടെ ഉമ്മന്‍ ചാണ്ടി ഭരിക്കില്ലായിരുന്നു എന്നാരോ പറഞ്ഞിട്ടുണ്ട്.

നമ്മുടെ മുഖ്യമന്ത്രി വളരെ വ്യത്യസ്തനായ ഒരു മുഖ്യമന്ത്രിയാണ്. സ്വന്തം ഓഫിസ് മുറിയില്‍ ക്യാമറ വച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ വരെ വാര്‍ത്തയായ അദ്ദേഹം ഇപ്പോള്‍ അതേ ഓഫിസ് മുറിയില്‍ വച്ചു സരിതയുമായി കൂടിക്കാഴ്ച നടത്തി എന്ന വിവാദത്തിലാണ് വട്ടം കറങ്ങുന്നത്. മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന ഒരു നടപടിയും വച്ചു പൊറുപ്പിക്കില്ല എന്നു പലവട്ടം പറഞ്ഞിട്ടുള്ള മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച വാര്‍ത്ത കൊടുത്തതിനാണ് യുഡിഎഫുകാര്‍ മാധ്യമപ്രവര്‍ത്തകരെ തടയുകയും അവരെ കയ്യേറ്റം ചെയ്യുകയുമൊക്കെ ചെയ്യുന്നത്. യൂത്ത് കോണ്‍ഗ്രസുകാര്‍ പി.സി.ജോര്‍ജിനെ കരിങ്കൊടി കാണിക്കുകയും വഴി തടയുകയും ചെയ്തപ്പോള്‍ അതൊന്നും അതിരുവിട്ടതാണെന്നു തോന്നുന്നില്ല എന്നു പറഞ്ഞ യൂത്ത് ലീഗാണ് മലപ്പുറത്ത് വച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ അനുവദിക്കില്ല എന്നു പ്രഖ്യാപിച്ചത്.

കരിങ്കൊടി പി.സി.ജോര്‍ജ് കണ്ടാലും ഉമ്മന്‍ ചാണ്ടി കണ്ടാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്നാണെന്റെ അഭിപ്രായം. പ്രതിഷേധക്കാരുടെ കരിങ്കൊടി കൂടി കാണാന്‍ ബാധ്യസ്ഥനാണ് ജനാധിപത്യത്തിലെ മുഖ്യമന്ത്രി. ഇനി അതൊക്കെ ആശയപരമാണെന്നുണ്ടെങ്കില്‍ ആളുകളെക്കൊണ്ടു പറയിപ്പിക്കാത്ത, ആരും കരിങ്കൊടി കാണിക്കാത്ത ഭരണം കാഴ്ച വയ്ക്കുകയാണ് വേണ്ടത്. പിന്നെ, ഇവിടെ ആവേശപൂര്‍വം കരിങ്കൊടി കാണിക്കുന്ന ഇടതു പ്രവര്‍ത്തകര്‍ കഴിഞ്ഞ ഭരണകാലത്ത് വിഎസിനെ കരിങ്കൊടി കാണിക്കാനിറങ്ങിയ യൂത്ത് കോണ്‍ഗ്രസുകാരെ തല്ലിച്ചതച്ചത് ഓര്‍മിപ്പിക്കുകയാണ്. ഒന്നുകില്‍ ആരും ആരെയും കരിങ്കൊടി കാണിക്കരുത്. അല്ലെങ്കില്‍ ചെങ്കൊടിയും പച്ചക്കൊടിയും പോലെ കരിങ്കൊടിയും സ്വീകാര്യമായ ഒന്നായി രാഷ്ട്രീയക്കാര്‍ പ്രഖ്യാപിക്കുക.

9 thoughts on “സത്യത്തെ ഭയക്കുന്നവര്‍ക്ക് ഒരു കരിങ്കൊടി”

 1. ഇവിടെ ഇപ്പോള്‍ ചുവപ്പ്, പച്ച, മഞ്ഞ, നീല, വെള്ള അങ്ങനെ പല നിറത്തിലുള്ള കൊടികള്‍ ഉള്ള പാര്‍ട്ടികള്‍ ഉണ്ടല്ലോ. നമുക്ക് പുതിയ ഒരു പാര്‍ട്ടി ഉണ്ടാക്കി അതിനു കറുത്ത കൊടി സ്വീകരിക്കാം. ചുളുവില്‍ ധാരാളം അനുയായികളെ കിട്ടും.

  ഈ ചെറ്റ രാഷ്ട്രീയക്കാര്‍ മുതല്‍ അന്താരാഷ്‌ട്ര കളിക്കാര്‍ വരെ ഇടക്ക് അത് നെഞ്ചത്ത് കുത്തും….

 2. കറുത്ത കോടി കണ്ടാൽ വിളറി വരുന്നുണ്ടെങ്ങിൽ …. പകരം പ്രതിഷേധിക്കാൻ, കറുത്ത ജട്ടി കാണിച്ചാൽ മതി ….നൊസ്റ്റാൾജിയ വന്നു കൊള്ളും …..

  1. ജട്ടിയല്ല valtube, Lingerie…,ജട്ടിയൊക്കെ അങ്ങ് പഞ്ചായത്ത് ലെവലില്‍ , ഞങ്ങടെ ഉമ്മന്‍ ചാണ്ടിയെ കൊച്ചാക്കല്ലേ

 3. കാള പണ്ടേ BJPയാണ്. അതു കൊണ്ടാണ് അതിന് കമ്യൂണിസ്റ്റു കാരുടെ കൊടിയായ ചുവപ്പിനോട് ഇത്ര വിരോധം…! ഇന്ത്യയിലെങ്ങും, കാളവധം, ഗോവധം തുടങ്ങിയവയ്ക്കു വേണ്ടി വാദിക്കുന്നത് BJPകാരാണെന്ന് ഇവറ്റകള്‍ക്ക് അറിയാവുന്നതു കൊണ്ടാണ്
  ഇവര്‍ കൂട്ടത്തോടെ BJPയില്‍ ചോര്‍ന്നത്..

  ബെര്‍ലിയണ്ണാ…കാളകള്‍ക്ക് ചുവപ്പുള്‍പ്പെടെ ഒരു നിറവും തിരിച്ചറിയാന്‍ കഴിയില്ല..കാളയ്ക്ക് ചുവപ്പിനോടുള്ള വിരോധം നമ്മുടെ ഭാവന മാത്രമാണ്…എതു നിറത്തിലുള്ള തുണി പ്രകോപനപരമായി ഇളക്കിയാലും, അവയും ഇളകും…പക്ഷേ, മുഖ്യമന്ത്രിയ്ക്കാകട്ടെ അല്‍പ്പം പ്രായമായെങ്കിലും നിറങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് ഇനിയും നഷ്ടപ്പെട്ടിട്ടില്ല…!

 4. ഇല്ലാത്ത ചാരക്കഥ ഉണ്ടാക്കി കരുണാകരനെ താഴെ ഇറക്കിയവർ തന്നെ മുഖ്യനെതിരെ കോടതി പരാമർശം ഉണ്ടായിട്ടു പോലും താങ്ങി നടക്കുന്നത് വിരോധാഭാസമാണ്.ദിനേനയെന്ന വണ്ണം ഫൗസിയ ഹസന്റെയും മറിയം റഷീദയുടെയും പേരു ചേർത്തു നിരപരാധികൾ ആയ ശാസ്ത്രജ്ഞന്മാരുടെ പേരിൽ പല ആരോപണങ്ങളും കെട്ടു കഥകളും വെണ്ടയ്ക്ക നിരത്തിയവർ ഇപ്പോൾ മുഖ്യന്റെ പേരിൽ കാര്യമായി വിമർശനം ഉന്നയിക്കാത്തതിനു പിന്നിലുള്ള അജണ്ടയും ലക്ഷ്യവും എന്തെന്ന് വ്യക്തമാണ്.കരിങ്കൊടി കാണിച്ചത് കൊണ്ടോ ,സെക്രട്ടരിയെട്ടിൽ പ്രതിപക്ഷം സമരം നടത്തി തൂറി നിറച്ചത് കൊണ്ടോ , രാജി വെക്കില്ല എന്ന് ഉറപ്പിച്ചു കസേരയിൽ അള്ളിപിടിച്ചിരിക്കുന്ന മുഖ്യൻ ആ പദവിയുടെ അന്തസിനെ തന്നെയാണ് കോട്ടം തട്ടിക്കുന്നത്.നാറ്റം ഒരു പ്രശ്നം അല്ലാത്ത മുസ്ലിം ലീഗ് മുഖന്റെ പ്രിഷ്ടം താങ്ങുന്നിടത്തോളം കാലം സമരം നടത്തിയാലോ പായും തലയിണയും എടുത്തു സെക്രട്ടരിയെട്ടിൽ ചെന്ന് തൂറിയാലോ ഇവിടെ ഒരു ചുക്കും നടക്കില്ല എന്നാണു എന്റെ അഭിപ്രായം.വളരെ കാലത്തിനു ശേഷം ഒത്തൊരുമിച്ചു ഇടതു പക്ഷം നടത്തിയ സമരത്തിനെ കൂവി തോൽപ്പിക്കുന്നവർ ഇതൊക്കെ അനുഭവിക്കുവാൻ ബാധ്യസ്ഥർ ആണ്.

 5. പ്രതിഷേധക്കാരുടെ കരിങ്കൊടി കൂടി കാണാന്‍ ബാധ്യസ്ഥനാണ് ജനാധിപത്യത്തിലെ മുഖ്യമന്ത്രി. ഇനി അതൊക്കെ ആശയപരമാണെന്നുണ്ടെങ്കില്‍ ആളുകളെക്കൊണ്ടു പറയിപ്പിക്കാത്ത, ആരും കരിങ്കൊടി കാണിക്കാത്ത ഭരണം കാഴ്ച വയ്ക്കുകയാണ് വേണ്ടത്.

 6. സരിതോര്ജം എന്ന പേരിൽ തട്ടിപ്പ് നടത്തിയ സരിതയും ബിജുവും ചെയ്തതെല്ലാം കള്ള പണകാരോടാണ് . സാധരനകാരോടല്ല . അതുകൊണ്ട് തന്നെ പൂത്തു പോകുമായിരുന്ന പണം മാർകെറ്റിൽ ഇറക്കിയ ഇവര വിശുദ്ധരാണ്.

  പക്ഷെ C.M. അതിനു കൂട്ടുനിന്നത് തെറ്റാണ് (പദവി നോക്കണം). ഇതെല്ലാം ക്ഷമിക്കാം, സ്വന്തം പാര്ട്ടി ഭരിക്കുമ്പോൾ മാത്രം സംഭവം പൊങ്ങുന്ന യൂത്തന്മാർ ചെയ്യുന്നത് സഹിക്കണില്ല .

Leave a Reply

Your email address will not be published. Required fields are marked *