ലഫ്.കേണല്‍ ഉമ്മന്‍ കോശിയുടെയും മകളുടെയും ജീവന്‍ രക്ഷിക്കുന്നതിനു വേണ്ടി

പ്രിയപ്പെട്ട അച്ചായന്,

അച്ചായന്‍ ബ്ലോഗ് നിര്‍ത്താന്‍ പോകുന്നു എന്ന വാര്‍ത്ത കേട്ടതുമുതല്‍ എന്റെ മോള്‍ ഒരേ കിടപ്പാണ്. ഇനി എണീക്കുമോ എന്നെനിക്കറിയില്ല. ഇതു നാലാമത്തെയോ അഞ്ചാമത്തെയോ തവണയാണ് അവള്‍ ഇമ്മാതിരി കിടപ്പു കിടക്കുന്നത്. സത്യത്തില്‍ താങ്കളെ അച്ചായന്‍ എന്നു ഞാന്‍ വിളിക്കുമ്പോള്‍ അതൊരു തമാശയാണ്. 95ം വയസ്സില്‍ കൂദാശകള്‍ സ്വീകരിച്ച് കര്‍ത്താവില്‍ നിദ്രപ്രാപിച്ച എന്റെ സ്വന്തം അച്ചായനെ പോലും ഞാന്‍ അച്ചായാ എന്നു വിളിച്ചിട്ടില്ല. എനിക്കു വയസ്സ് 53 കഴിഞ്ഞു.ഈ ജൂണില്‍ 54 വയസ് പൂര്‍ത്തിയാവും. 15 വര്‍ഷം മിലിട്ടറിയിലായിരുന്നു. കാര്‍ഗിലിലും പുഞ്ചിലും കഞ്ചന്‍ജംഗയിലും പാക്കിസ്ഥാന്‍ പട്ടാളക്കാരോടു പോരാടുമ്പോള്‍ ഞാനിങ്ങനെ തളര്‍ന്നിട്ടില്ല. പക്ഷെ, ഇത് ഉറച്ച മനസ്സുള്ള എന്റെ പട്ടാളമനസ്സിനെപ്പോലും ഉലയ്ക്കുന്നു. നിങ്ങള്‍ ബ്ലോഗ് നിര്‍ത്തരുത്.

അച്ചായന് ശത്രുക്കളുണ്ടാവാം, അച്ചായനോട് അസൂയയുള്ളവരുണ്ടാവാം, പക്ഷെ അച്ചായനൊരാളുള്ളതുകൊണ്ടു മാത്രം ജീവിതം പ്രതീക്ഷാനിര്‍ഭരമായി മുന്നോട്ടുകൊണ്ടുപോകുന്ന, അച്ചായനൊരാളുള്ളതുകൊണ്ടു മാത്രം ഓരോ പ്രഭാതത്തെയും സ്വപ്നം കാണുന്ന അനേകം അനേകം ആരാധകരുടെ നിശബ്ദമായ നിലവിളി അച്ചായന്‍ കേള്‍ക്കാതെ പോകരുത്. ബ്ലോഗ് നിര്‍ത്താന്‍ എളുപ്പം സാധിക്കും, അതുകൊണ്ട് ഞങ്ങള്‍ ആരാധകര്‍ക്കുണ്ടാകുന്ന നഷ്ടം, മലയാളസാഹിത്യത്തിനും ലോകസമൂഹത്തിനും ഉണ്ടാകുന്ന നഷ്ടം നികത്താന്‍ അച്ചായനു പോലും കഴിയില്ല. എന്റെ മകള്‍ അതിന്റെ പ്രതീകമാണ്.

വെറും 22 വയസ്സ് മാത്രമുള്ള അവള്‍ പുനെയില്‍ അവളുടെ അമ്മയുടെ കൂടെയാണ് ജീവിച്ചതും പത്താം ക്ളാസ് വരെ പഠിച്ചതും. മലയാളം അവളുടെ മാതൃഭാഷയായിരുന്നില്ല. തികച്ചും മോഡേണായ ഒരു നോര്‍ത്ത് ഇന്ത്യന്‍ പെണ്‍കുട്ടിയായിരുന്നു അവള്‍, അച്ചായന്റെ ബ്ലോഗ് കാണുന്നതു വരെ. അച്ചായന്റെ ഒരു പോസ്റ്റ് ഇ മെയിലില്‍ ഫോര്‍വേഡ് ചെയ്തു കിട്ടിയതിനു ശേഷമാണ് അവള്‍ അച്ചായന്റെ ആരാധികയായത്. അവളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു കൂതറ പോസ്റ്റ്. കൂതറ എന്നു പറഞ്ഞാല്‍ ഗ്രേറ്റ് എന്നും മാര്‍വെലസ് എന്നുമൊക്കെ അര്‍ത്ഥം വരുന്ന മലയാളം വാക്കാണ് എന്നാണ് അവള്‍ വിചാരിച്ചിരിക്കുന്നത്. അതങ്ങനെയല്ല എന്നു പറഞ്ഞുകൊടുക്കാന്‍ ആ വാക്കിന്റെ അര്‍ത്ഥമെന്താണെന്ന് എനിക്കൊട്ടറിയുകയുമില്ല. ഐ ലവ് കൂതറ ബെര്‍ളിച്ചായന്‍ എന്നെഴുതിയ അഞ്ചു ടീ ഷര്‍ട്ടുകളാണ് അവള്‍ക്കുള്ളത്. മഹാത്മാ ഗാന്ധി എന്നു പറയുന്ന ബഹുമാനത്തോടെയാണ് അവള്‍ കൂതറ ബെര്‍ളി എന്നു പറയുന്നത്.

മലയാളം അറിയാത്ത അവള്‍ എങ്ങനെ അതു വായിച്ചു എന്നു വിചാരിക്കുന്നുണ്ടാവും. മലയാളം അറിയാവുന്ന എന്നെക്കൊണ്ട് അവള്‍ അത് വായിച്ചു പരിഭാഷപ്പെടുത്തിക്കുകയായിരുന്നു. അതിന്റെ പരിഭാഷ കേട്ടതും അവള്‍ കുറെ നേരം ആ യൂണികോഡ് വാക്കുകളുടെ പിഡിഎഫ് കോലത്തിലേക്കു കണ്ണും നട്ടിരുന്നു. അവള്‍ അച്ചായന് അഡിക്ടായെന്ന് എനിക്കപ്പോഴേ തോന്നിയിരുന്നു. അതു കഴിഞ്ഞാണ് അവള്‍ മലയാളം പഠിച്ചു തുടങ്ങിയത്. ഒന്നാം ക്ളാസ്സു മുതല്‍ പത്താം ക്ളാസ്സുവരെയുള്ള എല്ലാ പാഠപുസ്തകങ്ങളും അവള്‍ ഒറ്റ വര്‍ഷം കൊണ്ടു പഠിച്ചുതീര്‍ത്തു. ഇവിടെ മലയാളി അസോസിയേഷന്‍കാര് നടത്തുന്ന മലയാളഭാഷാപഠനകേന്ദ്രത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പരീക്ഷയില്‍ അവളായിരുന്നു ഫസ്റ്റും സെക്കന്‍ഡും തേര്‍ഡും.

ആ സമയത്താണ് ആരോ കമന്റില്‍ സ്മൈലി ഇട്ടു എന്നു പറഞ്ഞ് അച്ചായന്‍ പിണങ്ങി ബ്ലോഗ് നിര്‍ത്തുന്നതായി പ്രഖ്യാപിച്ചത്. ആ പോസ്റ്റ് ആദ്യം വായിച്ചതും അവളായിരുന്നെന്നു തോന്നി. ലോകത്തോടു മുഴുവന്‍ പിണങ്ങിയതുപോലെ അവള്‍ ആരോടും മിണ്ടാതെ നടന്നു, മൂന്നു ദിവസം. ഭക്ഷണവും ഒന്നും കഴിച്ചില്ല എന്തിന്, മൂത്രമൊഴിച്ചുപോലുമില്ല. ഭാഗ്യത്തിന് അച്ചായന്‍ മൂന്നാംദിവസം ആരാധകരുടെ നിര്‍ബന്ധം മൂലം തിരിച്ചെത്തിയതായി പ്രഖ്യാപിച്ചു. ജീവന്‍ തിരിച്ചുകിട്ടിയതുപോലെയായിരുന്നു അവള്‍ക്ക്. മലയാളത്തെയും ബ്ലോഗുകളെയും അവള്‍ ശരിക്കും പ്രണയിക്കുകയായിരുന്നു. അവളുടെ പ്രണയം അച്ചായനോടായിരുന്നു എന്ന് തിരിച്ചറിയാനുള്ള വിവേകം എനിക്കുണ്ടായിരുന്നെങ്കിലും അച്ചായന്‍ സെമിനാരിയില്‍ പഠിച്ചിരുന്ന കാലത്ത് കാണിച്ചിട്ടുള്ള പിറപ്പുകള്‍ എല്ലാം ഞാനവളോട് പറഞ്ഞുകൊടുത്തു. അപ്പോള്‍ ദാണ്ടെ, അവള്‍ക്ക് അച്ചായനോടുള്ള മതിപ്പ് കൂടി.

ഒരു കാര്യം എനിക്കു മനസ്സിലായി. സല്‍ഗുണസമ്പന്നനായ നല്ല മാന്യന്‍മാരോട് സ്ത്രീകള്‍ക്ക് ബഹുമാനമായിരിക്കും പക്ഷെ, കയ്യിലിരിപ്പു തീരെ ശരിയല്ലാത്ത വൃത്തികെട്ടവന്‍മാരോട് സ്ത്രീകള്‍ക്ക് അഭിനിവേശമാണ്. എന്റെ ഭാര്യ പോലും എന്നോടു വലിയ ബഹുമാനത്തിലൊക്കെയോ പെരുമാറിയിട്ടുള്ളൂ. അപ്പോള്‍ ഞാന്‍ കരുതി ഞാനൊരു സംഭവമാണെന്ന്. എന്നാല്‍ വെറും അലവലാതിയായ കുതിരക്കാരന്‍ കുഞ്ചാക്കോയുടെ കൂടെ അവള്‍ നടത്താത്ത പരിപാടികളൊന്നുമില്ലെന്ന് ഞാന്‍ അറിഞ്ഞത് വളരെ വൈകിയാണ്. ഇതൊരു ലോകതത്വമാണ്. അഥവാ, ഇങ്ങനെയൊരു ലോകതത്വമില്ലെങ്കില്‍ ഇനി മുതല്‍ ഇതു കൂടി ഉണ്ടായിരിക്കും.

ഞാന്‍ പറഞ്ഞുവന്നത്, അച്ചായന്‍ ബ്ലോഗിങ് നിര്‍ത്തുന്നതിനെപ്പറ്റിയാണ്. അതിനു ശേഷം എന്റെ ഓര്‍മ ശരിയാണെങ്കില്‍ ഏതാണ്ട് ആറു മാസം കഴിഞ്ഞപ്പോള്‍ അച്ചായന്‍ വീണ്ടും ബ്ലോഗ് നിര്‍ത്തുന്നതായി പ്രഖ്യാപിച്ചു. അന്ന് മറ്റുള്ളവരുടെ ഭാര്യമാരെ എങ്ങനെ വശീകരിച്ച് അവിഹിതബന്ധമുണ്ടാക്കാം എന്നതിനെപ്പറ്റി വളരെ വിശദമായി അച്ചായന്‍ എഴുതിയ പോസ്റ്റ് ആഭാസമാണ്് എന്നാരോ എവിടെയോ പറഞ്ഞതില്‍ പ്രതിഷേധിച്ചായിരുന്നു അച്ചായന്റെ ഭീഷണി. ആരാധകരുടെ മുറവിളിയുടെ അവസാനം അച്ചായന്‍ വീണ്ടും തിരിച്ചുവന്നു. എല്ലാതവണയും ബ്ലോഗ് നിര്‍ത്തിയതിനെക്കാള്‍ വേഗത്തില്‍ അച്ചായന്‍ പുനരാരംഭിച്ചു എന്നതാണ് ആകെയുള്ള ആശ്വാസം. ഇല്ലെങ്കില്‍ എന്റെ കൊച്ച് വല്ല കടുംകൈയും ചെയ്തേനെ.

കഴിഞ്ഞ തവണ ബ്ലോഗ് നിര്‍ത്തണോ വേണ്ടയോ എന്നു ചോദിച്ച് അച്ചായന്‍ ഒരു വോട്ടെടുപ്പ് നടത്തിയിരുന്നല്ലോ. അന്ന് അവള്‍ പഠിക്കുന്ന കോളജിലെ 1200 കുട്ടികളെക്കൊണ്ട് അവരുടെ വീടുകളിലെ സിസ്റ്റങ്ങളില്‍ നിന്ന് അയ്യോ ചേട്ടാ പോകല്ലേ എന്നും പറഞ്ഞ് അവള്‍ മെയിലയപ്പിക്കുകയും വോട്ട് ചെയ്യിക്കുകയുമൊക്കെ ചെയ്തിരുന്നു. പാവം എന്റെ മോള്‍ ! അന്ന് വോട്ട് പ്രതികൂലമാവുകയും അച്ചായന്‍ ബ്ളോഗ് നിര്‍ത്തുകയും ചെയ്തിരുന്നെങ്കില്‍ അവള്‍ തീര്‍ച്ചയായും ജീവിതം അവസാനിപ്പിച്ചേനെ. അതോടെ അച്ചായന്‍ ഈ പരിപാടി നിര്‍ത്തി എന്നും ഇനിയൊരിക്കലും ബ്ളോഗ് നിര്‍ത്തുന്നതിനെക്കുറിച്ചാലോചിക്കില്ല എന്നും ഞാന്‍ കരുതി. നവകാരികമായി തകര്‍ന്ന മകളെ ഞാനങ്ങനെ പറഞ്ഞുപ വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെ അവള്‍ ജീവിതം കണ്ടെത്തി വരുമ്പോഴാണ് അച്ചായന്‍ ഒരു മുന്നറിയിപ്പോ പ്രകോപനമോ ഇല്ലാതെ പെട്ടെന്നു ബ്ലോഗ് നിര്‍ത്തിയതായി പ്രഖ്യാപിച്ചത്.

അച്ചായനെക്കുറിച്ച് ഏകദേശ ധാരണയുള്ളതുകൊണ്ട് ആരെങ്കിലും വിമര്‍ശിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുമ്പോഴാണ് അച്ചായന്‍ ബ്ലോഗ് നിര്‍ത്തുന്നതായി പ്രഖ്യാപിക്കുന്നത് എന്നു കരുതിയിരിക്കുമ്പോഴാണ് ഒരു പ്രകോപനവുമില്ലാതെ അച്ചായന്‍ ബ്ലോഗ് നിര്‍ത്തിയതായി പ്രഖ്യാപിച്ചത്. മുന്‍പത്തേതുപോലെ ഭീഷണിപ്പെടുത്തുകയോ വോട്ടെടുപ്പു നടത്തുകയോ എങ്കിലും ചെയ്യാമായിരുന്നു. അച്ചായന്‍ ഒരു വികാരജീവിയാണെന്നറിയാവുന്ന ഞങ്ങള്‍ അച്ചായനെ വോട്ട് ചെയ്തു വിജയിപ്പിച്ചേനെ. എന്തിനാണ് പിന്നെ, ഇങ്ങനെ ചെയ്തത്. ഒന്നുമറിയാത്തെ എന്റെ കുഞ്ഞ് അച്ചായനോടെന്തു തെറ്റാണു ചെയ്തത് ?

എന്റെ മോളെ എന്തു പറഞ്ഞാണ് ഞാനാശ്വസിപ്പിക്കുക ? ഇനി അവള്‍ ജീവിതത്തിലേക്കു മടങ്ങിവരുമെന്നെനിക്കു പ്രതീക്ഷയില്ല. നിങ്ങളുടെ ബ്ളോഗില്ലാത്ത ഈ ലോകത്ത് ഞാന്‍ ജീവിക്കില്ല എന്നു പറഞ്ഞ് ഉറക്കഗുളിക വിഴുങ്ങി കുഴഞ്ഞുവീഴുകയായിരുന്നു അവള്‍. തക്കസമയത്ത് ആശുപത്രിയിലെത്തിച്ചതുകൊണ്ട് ജീവന്‍ രക്ഷിക്കാനായി. പക്ഷെ, അവളെ എനിക്കിപ്പോള്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. അച്ചായന്‍ ബ്ളോഗെഴുത്തു തുടര്‍ന്നാല്‍ മാത്രമേ അവളെ തിരിച്ചു കിട്ടൂ എന്നാണ് ഡോക്ടര്‍മാരും പറയുന്നത്. അതുകൊണ്ട്, മറ്റെല്ലാം മറന്ന് എന്റെ മോളെ എനിക്കു തിരിച്ചുകിട്ടുന്നതിന്, അവളെപ്പോലെ അനേകം അനേകം ആരാധകരുടെ ജീവിതം തകരാതിരിക്കുന്നതിന് അച്ചായന്‍ ബ്ലോഗിങ് തുടരുക.

എന്റെ ഈ അപേക്ഷ അവഗണിച്ചും ബ്ലോഗിങ് അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ എനിക്കൊന്നും പറയാനില്ല. പക്ഷെ, യുദ്ധഭൂമിയില്‍ വീരമൃത്യു വരിക്കേണ്ട ഒരു സൈനികന്‍ വീട്ടുമുറിയില്‍ ഒരു ഭീരുവിനെപ്പോലെ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത കണ്ടാല്‍ അതു ഞാനാണെന്ന് മനസ്സിലാക്കണം. എന്നെപ്രതി, ജീവിതത്തിലേക്കോ മരണത്തിലേക്കോ എന്നറിയാതെ കിടക്കുന്ന എന്റെ മോളെപ്രതി ബ്ലോഗിങ് തുടരുക. ഇതെന്റെ അപേക്ഷയല്ല, പ്രാര്‍ത്ഥനയാണ്.

ലഫ്.കേണല്‍ ഉമ്മന്‍ കോശി.

0 thoughts on “ലഫ്.കേണല്‍ ഉമ്മന്‍ കോശിയുടെയും മകളുടെയും ജീവന്‍ രക്ഷിക്കുന്നതിനു വേണ്ടി”

 1. പക്ഷെ, യുദ്ധഭൂമിയില്‍ വീരമൃത്യു വരിക്കേണ്ട ഒരു സൈനികന്‍ വീട്ടുമുറിയില്‍ ഒരു ഭീരുവിനെപ്പോലെ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത കണ്ടാല്‍ അതു ഞാനാണെന്ന് മനസ്സിലാക്കണം. kollam

 2. ദോ ലിതാണ്…തനി ബെര്‍ളി മോഡല്‍ എഴുത്ത്.. ഇത് കിട്ടതാകുമ്പോഴാണ് വായനക്കാര്‍ പ്രകോപിതരകുന്നത്.. എന്തായാലും ഒത്തിരി ഉമ്മന്‍ കോശിമരുടെ മക്കള്‍ ആരാധകരായുള്ള… കൂതറ ബെര്‍ളിക്ക്…ആശംസകള്‍.. :):)

 3. സല്‍ഗുണസമ്പന്നനായ നല്ല മാന്യന്‍മാരോട് സ്ത്രീകള്‍ക്ക് ബഹുമാനമായിരിക്കും പക്ഷെ, കയ്യിലിരിപ്പു തീരെ ശരിയല്ലാത്ത വൃത്തികെട്ടവന്‍മാരോട് സ്ത്രീകള്‍ക്ക് അഭിനിവേശമാണ്. ithu pandu muthal thanne ulla oru loak thathwam thanne……

 4. ” ഐ ലവ് കൂതറ ബെര്‍ളിച്ചായന്‍ എന്നെഴുതിയ അഞ്ചു ടീ ഷര്‍ട്ടുകളാണ് അവള്‍ക്കുള്ളത്. മഹാത്മാ ഗാന്ധി എന്നു പറയുന്ന ബഹുമാനത്തോടെയാണ് അവള്‍ കൂതറ ബെര്‍ളി എന്നു പറയുന്നത്.” I think this is the best

 5. //എന്റെ ഈ അപേക്ഷ അവഗണിച്ചും ബ്ലോഗിങ് അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ എനിക്കൊന്നും പറയാനില്ല. പക്ഷെ, യുദ്ധഭൂമിയില്‍ വീരമൃത്യു വരിക്കേണ്ട ഒരു സൈനികന്‍ വീട്ടുമുറിയില്‍ ഒരു ഭീരുവിനെപ്പോലെ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത കണ്ടാല്‍ അതു ഞാനാണെന്ന് മനസ്സിലാക്കണം. //

  hahaha

 6. ഒരു ഒറിജിനല്‍ ബെര്‍ളി പോസ്റ്റ്‌!

 7. തന്നത്താന്‍ താഴ്ത്തി വലിയവനാകുന്ന ആ ശ്രീനിവാസന്‍ കളിയുടെ ഒരു ബെര്‍ലി വെര്‍ഷന്‍…ഇറങ്ങിപ്പോയിട്ട് തലയില്‍ മുണ്ടിടാതെയും തിരികെ കയറി വരാനുള്ള വഴികളിലൊന്ന്..കളി അറിയാവുന്നവര്‍ ഗാലറിയിലും ഇരിപ്പുണ്ടേ..!!!

 8. ഈ പറഞ്ഞ ഉമ്മന്‍ കോശീടെ മോളാണോ കുന്നത്തറയിലെ ലാസ്റ്റ് പോസ്റ്റില്‍ തൂങ്ങിമരിച്ചെന്ന് പറഞ്ഞത്??
  അല്ല അല്ലേ? 🙂

  ആകെ കണ്‍ഫൂഷന്‍ ആയല്ലോ..

 9. —-മോന്‍….വെറുതേ കൊതിപ്പിച്ചു..
  ഇനി കേണലായി കേണലിന്റെ ചരക്കുമോളായി…എഴുതി നിറക്കു കൊണാപ്പാ…അല്ല കൂതറേ..

 10. “…..ആരോ കമന്റില്‍ സ്മൈലി ഇട്ടു എന്നു പറഞ്ഞ് അച്ചായന്‍ പിണങ്ങി ബ്ലോഗ് നിര്‍ത്തുന്നതായി പ്രഖ്യാപിച്ചത്….”

  oh boy!!! these kind of stuffs are your signature….wonderful….നമിച്ചൂ ഗുരൂ …നമിച്ചൂ

 11. ഉമ്മന്‍ കോശിയോ അതോ ഊ… മ്മന്‍ കോശിയോ?

  “ആ സമയത്താണ് ആരോ കമന്റില്‍ സ്മൈലി ഇട്ടു എന്നു പറഞ്ഞ് അച്ചായന്‍ പിണങ്ങി ബ്ലോഗ് നിര്‍ത്തുന്നതായി പ്രഖ്യാപിച്ചത്.”

  “അഥവാ, ഇങ്ങനെയൊരു ലോകതത്വമില്ലെങ്കില്‍ ഇനി മുതല്‍ ഇതു കൂടി ഉണ്ടായിരിക്കും. ”

  ബെര്‍ളിയെ കളിയാക്കാന്‍ ഉള്ള ലൈസന്‍സ് കൂടി ഞങ്ങളുടെ കൈയില്‍ നിന്നും പിടിച്ചു വാങ്ങി ബെര്‍ളി സ്വന്തം കൈവശം ആക്കി അല്ലിയോ? ഏതാണ്ട് ഇതേ മാതിരി ഒരു പോസ്റ്റ്‌ ഞാനും എഴുതി തുടങ്ങിയാരുന്നു… അപ്പഴേക്കും ദാ, ആ ചാന്‍സും പോയി.

 12. ഈ വരവും പോക്കും മുങ്ങലും പൊങ്ങലും സ്വയം താഴുന്നതും അറിഞ്ഞോ അറിയാതെയോ വലുതാകുന്നതും വല്ലാതെ ചീപാകുന്നു എന്ന് പറയാത്തത് എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് ഈ ബ്ലോഗ്‌ ഇഷ്ടപെടുന്നത് കൊണ്ടാണ്.

 13. സവ്യന്റെ പോസ്റ്റ്‌ കണ്ടു അടിപിടി ,തെറിവിളി ,കത്തിക്കുത്ത്;.ബ. ….. …… ! (അത് വേണ്ട )അങ്ങനത്തെ സകലതും ഒന്ടക്കും എന്ന് പ്രതീക്ഷിക്കുന്നു …..
  (ഒന്ന് മൂപ്പിക്കാന്‍ പറഞ്ഞത് ആണേ!) അല്ലെങ്കില്‍ ഒരു പോസ്റ്റ്‌ ഇട്ടു പന്ടാര്മടക്കിയാലും മതി http://savyasaachi-arjun.blogspot.com/2009/05/blog-post_13.html

 14. ആങ്…സ്വപ്നം കണ്ടതാരിക്കും ല്ലേ…
  ആരെങ്കിലും എന്തെങ്കിലും പറയണ കേട്ട് ബ്ലോഗിങ്ങ് നിര്‍ത്താന്‍ പോണ ദുര്‍ബല ഹൃദയന്‍ ആണെങ്കില്‍ പിന്നെ ഈ ദഹിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ ഒക്കെ എഴുതി കൂട്ടണോ…എന്തായാലും തിരിച്ചു വന്നത് നന്നായി…

 15. ഇതെല്ലാം കേട്ട് ബെര്‍ലി എഴുത്ത് നിര്‍ത്തുമെന്ന് കരുതി പരിപ്പ്‌ വേവിക്കാന്‍ വെള്ളം ചൂടാക്കാന്‍ വച്ചവര്‍ വെള്ളം വാങ്ങിയെന്നും അത് ദേഹത്ത് വീണു ശരീരം പൊള്ളിയെന്നും കേട്ടു. കൂതറ ബെര്‍ളി വീണ്ടും എഴുതി എഴുതി ഒരു സംഭവം ആകട്ടെ. അല്ല ഇപ്പോള്‍ തന്നെ സംഭവം ആണല്ലോ.

 16. ബര്‍ലി ബ്‌ലോഗ് നിര്‍ത്തിയാല്‍ ഞാന്‍ കൊല്ലും..
  ബ്ലോഗ് എഴുതാത്ത ബെര്‍ലി പഴയ ബാര്‍ലി വെള്ളത്തിനു തുല്യമാണ്

 17. മലയാളി അസോസിയേഷന്‍കാര് നടത്തുന്ന മലയാളഭാഷാപഠനകേന്ദ്രത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പരീക്ഷയില്‍ അവളായിരുന്നു ഫസ്റ്റും സെക്കന്‍ഡും തേര്‍ഡും.

  അതെ. അതാണു ബെര്‍ളി! ബെര്‍ളി ടച്ച്!

Leave a Reply

Your email address will not be published. Required fields are marked *