മിസ്ഡ് കോള്‍ പൊളിറ്റിക്‌സ്

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തോല്‍പിച്ച് ബിജെപി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി മാറി. എന്നാല്‍, എങ്ങനെ പാര്‍ട്ടിയില്‍ ഇത്രയധികം ്അംഗങ്ങളുണ്ടായി എന്നതിനെ സംബന്ധിച്ച ചര്‍ച്ചകളും ആക്ഷേപവുമാണ് മൊത്തത്തില്‍ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. പ്രധാന ആക്ഷേപം മിസ്ഡ് കോള്‍ വഴിയാണ് ബിജെപി ഇത്രയധികം അംഗങ്ങളെ ചേര്‍ത്തത് എന്നതാണ്. മിസ്ഡ് കോള്‍ അടിച്ചാല്‍ ബിജെപി അംഗമാകാം എന്നുള്ള എസ്എംഎസ് എനിക്കും വന്നിട്ടുണ്ട്. ഞാന്‍ മിസ്ഡ് കോള്‍ അടിച്ചില്ല, ബിജെപി അംഗമായിട്ടുമില്ല. ബിജെപി അംഗമാകാന്‍ ആഗ്രഹമുള്ളവര്‍ മിസ്ഡ് കോള്‍ അടിക്കുകയും അംഗമാവുകയും ചെയ്തിട്ടുണ്ടാവാം. ഇതില്‍ എന്താണ് ഇത്ര ആക്ഷേപകരമായി കണ്ടെത്തിയിരിക്കുന്നത് എന്നത് എനിക്കു മനസ്സിലായിട്ടില്ല.

മിസ്ഡ് കോള്‍ മെംബര്‍ഷിപ്പിനെ ആക്ഷേപിക്കുന്നവരുടെ ശ്രദ്ധയിലേക്ക് ഏതാനും പോയിന്റുകള്‍ ഞാന്‍ കൊണ്ടുവരാനാഗ്രഹിക്കുകയാണ്.

1. മിസ്ഡ് കോള്‍ ബിജെപി കണ്ടുപിടിച്ച സംഗതിയല്ല. സ്വന്തം അച്ഛനെ ഐസിയുവിലേക്കു കൊണ്ടുപോകുന്ന വിവരം മറ്റു സഹോദരന്‍മാരെ അറിയിക്കാന്‍ പോലും മിസ്ഡ് കോള്‍ അടിക്കുന്ന ഇന്ത്യക്കാരന്‍, ബിജെപി പാര്‍ട്ടി മെബര്‍ഷിപ്പിന് മിസ്ഡ് കോള്‍ ഒരു മാര്‍ഗമായി സ്വീകരിച്ചതിനെ പഴിക്കുന്നില്‍ അസൂയ അല്ലാതെ മറ്റൊരു കാരണവും കാണുന്നില്ല. മിസ്ഡ് കോള്‍ കണ്ടാല്‍ അതിന്റെ പിന്നാലെ വിളിച്ചു വിളിച്ചു പോയി ലൈനുണ്ടാക്കുകയും അതുവഴി പ്രണയവും വിവാഹവും ചതിയും ഉള്‍പ്പെടെ നീണ്ട എപ്പിസോഡുകള്‍ സൃഷ്ടിക്കുന്നവരാണ് നമ്മള്‍. ഒരു രാഷ്ട്രീയ പാര്‍ട്ടി അവരുടെ അംഗത്വ ക്യംപെയിനു വേണ്ടി അതേ മിസ്ഡ് കോള്‍ ഉപയോഗിച്ചു വിജയിച്ചപ്പോള്‍ അയ്യേ ഛെ എന്നു പുച്ഛിക്കുന്നത് നിഷ്പക്ഷമായി പറഞ്ഞാല്‍ കുശുമ്പല്ലാതെ മറ്റൊന്നുമല്ല.

2. പാര്‍ട്ടി ഓഫിസില്‍ പോയി ആപ്ലിക്കേഷന്‍ വാങ്ങി അത് ഫില്‍ ചെയ്ത് ഫോട്ടോയും ഒട്ടിച്ച് എന്തുകൊണ്ടു ഞാനൊരു ബിജെപി അംഗമാകാനാഗ്രഹിക്കുന്നു എന്നതിനെപ്പറ്റി 200 വാക്കില്‍ കവിയാതെ ഉപന്യസിച്ച ശേഷം അംഗത്വമെടുക്കുന്നതാണ് മാതൃകാപരം എന്നു പറയുന്നവര്‍ സര്‍ക്കാര്‍ സേവനങ്ങള്‍ മിസ്ഡ് കോളിലും എസ്എംഎസിലുമൊക്കെ ലഭിക്കുന്നത് മാതൃകാപരമാണ് എന്നു പറയുന്നത് എന്തിനാണ് ? സര്‍ക്കാര്‍ ഓഫിസുകളില്‍ പോയി സമാനമായ രീതിയില്‍ ആപ്ലിക്കേഷന്‍ എഴുതി കാത്തിരുന്ന് അതു സമര്‍പ്പിച്ച് കാര്യം നടത്തുന്നതിനെ പുച്ഛിക്കുകയും ബിജെപി അംഗത്വ ക്യംപെയിന് അങ്ങനെ ചെയ്യാത്തതിനെ ആക്ഷേപിക്കുകയും ചെയ്യുന്നത് ലജ്ജാകരമായ ഇരട്ടത്താപ്പാണ്.

3. മിസ്ഡ് കോള്‍ വഴി അംഗത്വത്തിന് അവസരമൊരുക്കിയ ബിജെപിയെ പുച്ഛിക്കുന്ന നല്ലൊരു ശതമാനം ആളുകളും സ്വന്തം ജിമെയില്‍ അക്കൗണ്ടിന്റെ മാത്രം പേരില്‍ മിസ്ഡ് കോള്‍ പോയിട്ട് ഒരു ലിങ്കില്‍ പോലും ക്ലിക്ക് ചെയ്യാതെ ഗൂഗിള്‍ പ്ലസ് എന്ന ലോകത്തെ രണ്ടാമത്തെ വലിയ സോഷ്യല്‍ നെറ്റ്‌വര്‍്ക്കില്‍ അറിയാതെ അംഗമായവരാണ് എന്നത് രസകരമാണ്. അവരില്‍ ആര്‍ക്കും തന്നെ എങ്ങനെ അതില്‍ നിന്നു പുറത്തുകടക്കണം എന്നതും അറിയില്ല എന്നത് നിര്‍ഭാഗ്യകരവും.

4. മിസ്ഡ് കോള്‍ എന്നത് നമ്മള്‍ ഫോണില്‍ ബോധപൂര്‍വം ഒരു നമ്പര്‍ ഡയല്‍ ചെയ്ത ശേഷം റിങ് ചെയ്യുമ്പോള്‍ കട്ടാക്കുന്നതാണ്. എന്നാല്‍, അതേ ഫോണില്‍ ദിവസേനയെന്നോണം വരുന്ന അനേകം ഓഫറുകള്‍ പ്രത്യേകിച്ചൊരു മറുപടിയും നല്‍കാതെ തന്നെ സബ്‌സ്‌ക്രൈബ് ചെയ്ത് അക്കൗണ്ടില്‍ നിന്നും പണം പൊയ്‌ക്കൊണ്ടിരിക്കുന്നവരാണ് മെനക്കെട്ടു കുത്തിയിരുന്ന് മലയാളം സിനിമാ സീനുകള്‍ വെട്ടിമുറിച്ച് ആക്ഷേപഹാസ്യം രചിക്കുന്നത് എന്നതും സഹതാപജനകമാണ്. ഗൂഗിള്‍ പ്ലസില്‍ നിന്നു പുറത്തു കടക്കാനും ബിഎസ്എന്‍എല്‍ വാല്യു ആഡഡ് സര്‍വീസുകളില്‍ നിന്നു രക്ഷപെടാനും അറിയാത്തവര്‍ മിസ്ഡ് കോള്‍ വഴി ബിജെപി അംഗമായവരെ പരിഹസിക്കുന്നത് പരിതാപകരമാണ്.

5. വളരെ ലളിതമായി പറഞ്ഞാല്‍, പാര്‍ട്ടി അംഗത്വം നല്‍കുന്നത് ലളിതമാക്കുകയും കൂടുതലാളുകളെ പാര്‍ട്ടിയിലേക്കാകര്‍ഷിക്കുകയുമായിരുന്നു ബിജെപിയുടെ ലക്ഷ്യം. ഇതിനെക്കാള്‍ മാരകമായി പാര്‍ട്ടി അംഗത്വത്തിനായി ലളിതവല്‍ക്കരണപദ്ധതികള്‍ നടത്തിയത് ആംആദ്മി പാര്‍ട്ടിയാണ്. ഞാന്‍ ആം ആദ്മിയാണ് എന്നു പറയുന്നതില്‍ അഭിമാനിക്കുന്ന ആളുകള്‍ ആപ്പിന്റെ മിസ്ഡ് കോള്‍ ക്യാംപെയിനെ വിശുദ്ധവല്‍ക്കരിക്കുകയും ബിജെപിയുടേതിനെ പരിഹസിക്കുകയും ചെയ്യുന്നത് നാണം കെട്ട പരിപാടിയാണ്.

6. ബിജെപിയെ മിസ്ഡ് കോള്‍ പാര്‍ട്ടി എന്നാക്ഷേപിക്കുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് (അവരുടെ അടുത്ത പ്രസിഡന്റ് എവിടെയാണെന്ന് അവര്‍ക്കു തന്നെ അറിയില്ല) അംഗത്വലളിതവല്‍ക്കരണത്തിനായി ഇന്നലെ ഒരു മൊബൈല്‍ ആപ്പാണ് അവതരിപ്പിച്ചത്. ആപ്പ് വഴി അപ്ലൈ ചെയ്യുന്ന എല്ലാവരും പാര്‍ട്ടിയില്‍ അംഗമാകും. ആളുകള്‍ക്ക് ആപ്ലിക്കേഷനോടൊപ്പം സെല്‍ഫി എടുത്തയക്കാനും ആപ്പില്‍ സൗകര്യമുണ്ട്. ബിജെപിക്കു മിസ്ഡ് കോളടിച്ചുപോയതില്‍ പശ്ചാത്തപിക്കുന്നവര്‍ക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്തു കോണ്‍ഗ്രസില്‍ ചേരാം.

ഇത്രയും പറഞ്ഞ ഞാന്‍ ഒരു ബിജെപിക്കാരനാണ് എന്നു സ്ഥാപിച്ച് ആരും കടന്നുകളയരുത്. ഇതുപോലെ വിവിധ വിഷയങ്ങളില്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളുടെ പേരില്‍ ഞാനൊരു സിപിഎംകാരനും കോണ്‍ഗ്രസുകാരനും ലീഗുകാരനും മാണി കോണ്‍ഗ്രസുകാരനുമൊക്കെ ആയിട്ടുണ്ട്. ആരുടെയെങ്കിലും ആരുമാകാതെ അഭിപ്രായം പറയാം എന്നതു കൂടി ഓര്‍മിപ്പിച്ചുകൊണ്ട് നിര്‍ത്തട്ടെ, നന്ദി നമസ്‌കാരം.

കുറിപ്പ്: എന്റെ വീട്ടില്‍ എല്ലാവരും (ഞാനും) ബീഫ് കഴിക്കാറുണ്ട്.

14 thoughts on “മിസ്ഡ് കോള്‍ പൊളിറ്റിക്‌സ്”

  1. തലകെട്ട് വയിച്ച്പോഴേ എന്റെ മനസ്സില് ഒരു misscall ! ഇങ്ങള് BJP ആയോന്ന് ! ഇപ്പൊ ശെരിയായി !

  2. ബെര്‍ളി മുതലാളി, സുഖം തന്നെ അല്ലേ ? നിങ്ങള്‍ എഴുത്ത് നിര്‍ത്തി ഇടവേള എടുത്തത്‌ വലിയ കഷ്ടം ആയിപ്പോയി. എഴുത്ത് തുടരുക.

  3. ” ………………ബിഎസ്എന്‍എല്‍ വാല്യു ആഡഡ് സര്‍വീസുകളില്‍ നിന്നു രക്ഷപെടാനും അറിയാത്തവര്‍ ……”

    ബി എസ് എൻ എൽ നു ഒരു കൊട്ട് കൊടുകാതെ പോകാൻ മനസില്ല അല്ലേ, മിസ്റ്റർ കുത്തക-ബൂർഷാ ? :-p

  4. ഇതിലിത്ര പഴിക്കാനും ത്രില്ലടിക്കാനും ഒന്നുമില്ല.എന്തിന്,ബ്ലോഗെഴുതാന്‍ പോലും വകുപ്പില്ല

  5. Berly Thomas blogs was worth reading once but now its becoming utter waste there is no relation with his points and the issue. Dont know what happens to him. comparing puvalans (who call back for miscalls) with the ruling party of india. Kastam. Berly entelum ezhutan vendi ezhutaruthu pls… inni karyam ayi ezhutiyal polum vayikkan tonnate akum…its a request..

    1. വെറുതെ കുറ്റം പറഞ്ഞു കഷ്ടം എന്നൊക്കെ പറഞ്ഞ് പുച്ഛിക്കാതെ താങ്കളും എന്തെങ്കിലും ഒക്കെ എഴുതൂ.. നമ്മളൊക്കെ ബെർളിയെ ഉപേക്ഷിച്ച് താങ്കളുടെ ബ്ലോഗിലേക്ക് ചേക്കേറാം…

  6. തമിഴ് നാട്ടിലെ ഗ്രാമ പ്രദേശങ്ങളിൽ പലിശ രഹിത വായ്പ്പാ പദ്ധതി എന്ന നോട്ടീസുകളിൽ കണ്ട നമ്പരിലേക്ക് (18002662020) വിളിച്ചവരുടെ വിവരങ്ങൾ ശേഖരിക്കുകയും ലോണ്‍ കിട്ടുമെന്ന് കരുതി കാത്തിരുന്ന പാവങ്ങള്ക്ക് ബീഫ് പാർട്ടി യുടെ മെസ്സേജ് കിട്ടിയതും എന്റെ ഒരു സുഹൃത്ത് പറഞ്ഞതാണ്‌ .സത്യമാണെങ്കിൽ അതൊരു ഊളത്തരം തന്നെയല്ലേ ബെര്ളി …

  7. ആദ്യം അനുഭാവിയായും പിന്നീട് ക്യാണ്ടിഡേറ്റ് മെംബറായും രണ്ട് വര്ഷത്തിലധികം പ്രവർത്തിച്ച് പ്രവർത്തനം ത്രിപ്തികരമെന്ന് വിലയിരുത്തിയിട്ട് മാത്രം മെമ്പർഷിപ്പ് കൊടുക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയെ അറിയാതെ മിസ്സ്‌ കോളടിച്ച് വരെ മെംബറാക്കിയവർ പിന്നിലാക്കി എന്ന് പറയുന്നത് കേട്ടിട്ട് ചിരിക്കാതെ എന്ത് പറയാൻ?

Leave a Reply

Your email address will not be published. Required fields are marked *