പ്രേമിക്കുന്നവര്‍ കാപ്പി കുടിക്കരുത്

കോഴിക്കോട്ടെ ഒരു സാധാരണ കോഫി ഷോപ്പ് വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. കോഴിക്കോട്ടുകാര്‍ക്കു പോലുമില്ലാത്ത ആശങ്കയോടെ പാശ്ചാത്യനാടുകളില്‍ നിന്നും മധ്യപൂര്‍വേഷ്യയില്‍ നിന്നും മലയാളികള്‍ ഉദ്വേഗപൂര്‍വം അന്വേഷിക്കുകയാണ്. സിനിമക്കാര്‍ കൂട്ടത്തോടെ കോഫിഷോപ്പിലേക്കു പോവുകയും അവിടേക്കു പോകാന്‍ മറ്റുള്ളവരോട് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. ന്യൂയോര്‍ക്കിലെ സ്റ്റാര്‍ബക്ക്‌സ് പോലെ കോഴിക്കോട് പട്ടണത്തിലെ ഡൗണ്‍ ടൗണ്‍ കോഫി ഷോപ്പ് മൊത്തത്തില്‍ പുരോഗമനവാദികളുടെയും യുവാക്കളുടെയും തീര്‍ഥാടനകേന്ദ്രമായി മാറിക്കഴിഞ്ഞു.

എന്താണ് കോഫി ഷോപ്പുകാര്‍ ചെയ്ത തെറ്റ് ?

ഏതാനും ചെറുപ്പക്കാര്‍ ചേര്‍ന്ന് ഒരു കോഫി ഷോപ്പ് ആരംഭിച്ചു എന്നതാണ് അവര്‍ ചെയ്ത പ്രധാന തെറ്റ്. ഈ കോഫി ഷോപ്പില്‍ യുവാക്കള്‍ പരസ്പരം അടുത്തിടപെഴകുന്നതിന്റെ മാസ്‌ക് ചെയ്ത വിഡിയോ ഉള്‍പ്പെടെ സദാചാരലംഘനത്തിന്റെ സൂചന നല്‍കി ജയ്ഹിന്ദ് ചാനല്‍ കഴിഞ്ഞയാഴ്ച വാര്‍ത്ത നല്‍കിയതാണ് സംഭവങ്ങളുടെ തുടക്കം. കോണ്‍ഗ്രസുകാരുടെ ചാനല്‍ കണ്ട യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നേരേ ഡൗണ്‍ടൗണ്‍ കോഫി ഷോപ്പിലേക്കു പോയി, എല്ലാം തല്ലിത്തകര്‍ത്തു. കോഫിഷോപ്പിന്റെ പേരു പറയാമോ, യുവമോര്‍ച്ചക്കാരുടെ പേരു പറയാമോ എന്നൊക്കെ മാധ്യമങ്ങള്‍ ആശങ്കപ്പെട്ടു നില്‍ക്കെ ഇരുകൂട്ടരും പത്രസമ്മേളനങ്ങള്‍ നടത്തി ആ ശങ്ക മാറ്റിക്കൊടുത്തു. ചില സിനിമാ നടിമാര്‍ പറയുന്നതുപോലെ ആ വിഡിയോ മോര്‍ഫിങ് ആണ് കോഫി ഷോപ്പുകാര്‍ പറഞ്ഞപ്പോള്‍ അവിടെ അനാശാസ്യം നടക്കുന്നുണ്ട് എന്നു പണ്ടേ അറിയാമായിരുന്നു എന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് പറഞ്ഞത്. തുടര്‍ന്ന് അടുത്ത ദിവസം തന്നെ കോഫി ഷോപ്പ് തുറന്നു പ്രവര്‍ത്തനം ആരംഭിക്കുകയും അവിടം ഒരു തീര്‍ഥാടനകേന്ദ്രമാവുകയുമായിരുന്നു.

ഇവിടെ ആര്‍ക്കാണ് തെറ്റുപറ്റിയത് ?

പ്രധാനമായും ജയ്ഹിന്ദ് ചാനലുകാര്‍ക്കും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കുമാണ് തെറ്റുപറ്റിയത്. വല്ല കോണ്‍ഗ്രസുകാരും ചാനല്‍ മാറ്റുന്നതിനിടെ അബദ്ധത്തില്‍ കാണുന്നതല്ലാതെ സീരിയസ്സായി ആരും കാണുന്ന ചാനലല്ല ജയ്ഹിന്ദ് എന്നുള്ള തെറ്റിദ്ധാരണ മാറി. കോണ്‍ഗ്രസുകാര്‍ മാത്രമല്ല, ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വരെ ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്ന ചാനല്‍ എന്ന നിലയ്ക്ക് ജയ് ഹിന്ദ് മലയാളത്തിലെ മറ്റു ന്യൂസ് ചാനലുകള്‍ക്ക് ഒരു വെല്ലുവിളിയാണ് എന്നു നിസ്സംശയം പറയാം. ജയ്ഹിന്ദ് കണ്ടിട്ട് അപ്പോഴേ വടിയുമായി ഇറങ്ങിയ യുവമോര്‍ച്ചക്കാര്‍ ചെയ്തതും തെറ്റ്. കോണ്‍ഗ്രസുകാരന്റെ ചാനല്‍ കണ്ടിട്ട് പോയി അടിയുണ്ടാക്കാനാണെങ്കില്‍ പിന്നെ മോദിജി ഈ കഷ്ടപ്പെടുന്നതു മുഴുവന്‍ എന്തിനു വേണ്ടിയാണ് ? എന്തുകൊണ്ട് കേരളത്തിലെ ബിജെപിക്കാരെ മോദിജി തിരിഞ്ഞു നോക്കുന്നില്ല എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ഇത്തരം സംഭവങ്ങള്‍. ഇത് ദില്ലിയില്‍ അറിയാതെ നോക്കുക എന്നതാണ് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് ഇനി ചെയ്യാനുള്ളത്.

എന്താണ് അനാശാസ്യം ?

എന്താണ് അനാശാസ്യം എന്നു പറയണമെങ്കില്‍ ആദ്യം ആശാസ്യം എന്താണെന്നു കണ്ടെത്തണം. കോഫിഷോപ്പ് തല്ലിത്തകര്‍ത്തിട്ട് വന്നു പത്രസമ്മേളനം നടത്തണമെങ്കില്‍ ആണും പെണ്ണും ഒരുമിച്ചിരുന്നു കാപ്പി (ചായ, സോഫ്റ്റ്ട്രിങ്‌സ് തുടങ്ങിയവയും) കുടിക്കുന്നത് അനാശാസ്യവും കോഫിഷോപ്പ് തല്ലിത്തകര്‍ക്കുന്നത് ആശാസ്യവുമാണ് എന്നു സദാചാരവാദികള്‍ ഉറച്ചു വിശ്വസിക്കുന്നുണ്ടാവണമല്ലോ. സാധാരണക്കാരായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുറിച്ചുനോട്ടങ്ങളും നീയെവിടുത്തെയാ കൊച്ചേ എന്ന ലൈനിലുള്ള ചോദ്യങ്ങളുമില്ലാതെ സ്വസ്ഥമായി അല്‍പസമയം ഇരിക്കാന്‍ കേരളത്തില്‍ വിരലിലെണ്ണാവുന്ന സ്ഥലങ്ങളേയുള്ളൂ എന്നിരിക്കെ ആണിനെയും പെണ്ണിനെയും ഒരുമിച്ചിരുത്തിയാല്‍ എന്തു സംഭവിക്കും എന്നതിനെപ്പറ്റി അടിസ്ഥാനപാഠങ്ങള്‍ സദാചാരക്കാര്‍ക്ക് പറഞ്ഞുകൊടുക്കേണ്ടതാണ്. ചായ കുടിച്ചാലോ, ചുമ്മാ കൈകോര്‍ത്തു പിടിച്ചാലോ അറ്റ കൈയ്ക്ക് കെട്ടിപ്പിടിക്കുകയോ ഉമ്മ വയ്ക്കുകയോ ചെയ്താലോ പോലും ഒന്നും സംഭവിക്കില്ല. എനിക്കു കിട്ടാത്ത സുഖം നീയൊന്നും അനുഭവിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ലെടാ- എന്നതാണ് സദാചാരം എന്ന വാക്കിന്റെ മലയാളം നിര്‍വചനം. അങ്ങനെ നോക്കിയാല്‍ ഓരോരുത്തരുടെയും കണ്ണില്‍ സദാചാരലഘനം വ്യത്യസ്തമായിരിക്കും. അതൊരു അളവുകോലാക്കി തല്ലിത്തകര്‍ക്കാനിറങ്ങുന്നത് ബാലിശമാണ്.

ചായയും കാപ്പിയും കുടിക്കുന്നത് എന്തിനാണ് ?

ഒരു കപ്പു കാപ്പിയുമായി രണ്ടര മണിക്കൂര്‍ വരെ ഇരിക്കുന്ന ഒരു രീതി വച്ചു നോക്കിയാല്‍ ചായ, കാപ്പി തുടങ്ങിയ പാനീയങ്ങള്‍ കുടിക്കുന്നത് ചുമ്മാ ഒരു രസത്തിനാണ്. ചെറുപ്പക്കാരോട് രണ്ടു വാക്ക് പറയാനുള്ളത് എന്താണെന്നു വച്ചാല്‍, കോഫി ഷോപ്പിലും മറ്റും കൂട്ടുകാരികളെ വിളിച്ചുകൊണ്ടുപോയി ടച്ചിങ്‌സിനു ശ്രമിക്കുന്നത് ചീപ്പാണ്. സെല്‍ഫ് കണ്‍ട്രോള്‍ ഉള്ള പുരുഷന്‍മാരെയാണ് പെണ്‍കുട്ടികള്‍ക്കിഷ്ടം. സ്‌നേഹത്തോടെയും ആദരവോടെയും പെരുമാറുകയും തൊടാനോ പിടിക്കാനോ ശ്രമിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് പെണ്‍കുട്ടികളുടെ വയറ്റില്‍ ഒരു ആന്തലുണ്ടാവുന്നത്. അതങ്ങനെ നിന്നെങ്കില്‍ മാത്രമേ ബന്ധം മുന്നോട്ടു പോവുകയുള്ളൂ.

സിനിമക്കാര്‍ക്ക് എന്തിന്റെ കേടാണ് ?

പാവപ്പെട്ട ചെറുപ്പക്കാരുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ ആഷിക് അബുവും ജോയ് മാത്യുവുമൊക്കെ ഡൗണ്‍ ടൗണ്‍ കോഫി ഷോപ്പിനു വേണ്ടി നിലപാടെടുക്കുന്നത് ഇക്കാര്യത്തിലെ ശ്രദ്ധേയമായ ചുവടുവയ്പുകളാണ്. മമ്മൂട്ടിയ്‌ക്കോ മോഹന്‍ലാലിനോ ഈ ജന്മം സാധിക്കാത്ത കാര്യങ്ങളാണ് ഇതൊക്കെ. നാട്ടുകാര്‍ക്കു വേണ്ടി ഒരു നിലപാടെടുത്ത് അതില്‍ ഉറച്ചുനില്‍ക്കാനുള്ള ധീരത പുരോഗമനപരം തന്നെയാണ്. പക്ഷെ, ചാനലില്‍ കണ്ടതെല്ലാം കള്ളമാണ് എന്നു കോഫിഷോപ്പുകാര്‍ പറഞ്ഞ സാഹചര്യത്തില്‍ ഇവരുടെ പിന്തുണയ്ക്ക് എന്താണ് പ്രസക്തി എന്നത് ഒരു ചോദ്യമാണ്. ഞങ്ങളുടെ കടയില്‍ ചെറുപ്പക്കാര്‍ ചുംബിക്കുകയും സ്പര്‍ശിക്കുകയും ചെയ്യും, ആരുണ്ടിവിടെ ചോദിക്കാന്‍ – എന്നു പറയുമ്പോഴാണ് ഒരു നിലപാട് ഉണ്ടാവുന്നത്. വിഡിയോ വ്യാജമാണെന്നു പറയുമ്പോള്‍ കോഫി ഷോപ്പുകാരും അതില്‍ കണ്ടതൊക്കെ അനാശാസ്യമാണെന്ന നിലപാടിനെ പിന്തുണയ്ക്കുകയാണല്ലോ ചെയ്യുന്നത്.

ഇല വന്നു മുള്ളില്‍ വീണാലും മുള്ളു വന്ന് ഇലയില്‍ വീണാലും കേട് നമ്മുടെ മരത്തിനാണ് എന്നു പറഞ്ഞതുപോലെ ഇത്തരം അലമ്പുകളൊക്കെ നടക്കുന്നതുകൊണ്ട് കേടു സംഭവിക്കുന്നത് നമ്മുടെ ടൂറിസത്തിനാണ്. കാമസൂത്രയൊക്കെ വായിച്ചിട്ട് ഇന്ത്യയ്ക്കു വണ്ടി കയറുന്ന സായിപ്പ്, ആണും പെണ്ണും അടുത്തിരുന്നു കാപ്പി കുടിച്ച കോഫിഷോപ്പ് രാഷ്ട്രീയപ്രവര്‍ത്തകര്‍ തല്ലിപ്പൊളിച്ചു എന്നു കേട്ടാല്‍ നിത്യബ്രഹ്മചാരികളായേ തിരിച്ചുപോകൂ. പ്രവാസികള്‍ അയക്കുന്ന പണവും കള്ളുകച്ചവടവും പ്രധാനവരുമാനമാര്‍ഗമായ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ ടൂറിസത്തിനും പ്രധാനപങ്കുണ്ട്.

കോഫിഷോപ്പ് അടിച്ചുതകര്‍ത്തത് യുവമോര്‍ച്ചക്കാരയതു നന്നായി. ജയ്ഹിന്ദ് കണ്ടിട്ട് വല്ല യൂത്ത് കോണ്‍ഗ്രസുമാരാണ് ഇതിനിറങ്ങിയിരുന്നതെങ്കില്‍ ഉമ്മന്‍ ചാണ്ടി കാപ്പിയ്ക്കും ചായയ്ക്കും നിരോധനമേര്‍പ്പെടുത്തി, ഘട്ടം ഘട്ടമായി കേരളത്തിലെ എല്ലാ കോഫിഷോപ്പുകളും അടച്ചുപൂട്ടിയെനെ.

 

Leave a Reply

Your email address will not be published. Required fields are marked *