പ്രേക്ഷകശ്രീ കപ്പാട് ശശാങ്കന്‍

മലയാള സിനിമയ്ക്ക് പ്രതിസന്ധി ഘട്ടത്തില്‍ നല്‍കിയ പ്രത്യേകസംഭാവനകളും സിനിമയുടെ ഉയര്‍ച്ചക്കും പുരോഗതിക്കും വേണ്ടി നടത്തിയിട്ടുള്ള ത്യാഗങ്ങളും പോരാട്ടങ്ങളും പരിഗണിച്ച് തവളപിടിത്തക്കാരനായ കപ്പാട് ശശാങ്കന് പ്രേക്ഷകശ്രീ പുരസ്കാരം നല്‍കാനും പൊന്നാട അണിയിച്ച് അദരിക്കാനും ചലച്ചിത്രപ്രവര്‍ത്തകരുടെ സംഘനകളുടെ ഏകോപനസമിതിയോഗം തീരുമാനിച്ചു. ഈ വര്‍ഷം ഇറങ്ങിയ എല്ലാ മലയാള സിനിമകളും തിയറ്ററില്‍ മുഴുവന്‍ സമയവും ഇരുന്ന് കണ്ടയാളെന്ന നിലയില്‍ ശശാങ്കനെ ധീരതയ്ക്കുള്ള അവാര്‍ഡിനു നാമനിര്‍ദേശം ചെയ്യാനും തീരുമാനമായി.

ശശാങ്കന്റെ പ്രവര്‍ത്തനങ്ങള്‍ മൊത്തത്തില്‍ മലയാള സിനിമയുടെ റൌഡി വര്‍ധിപ്പിച്ചെങ്കിലും പ്രമാണി, താന്തോന്നി, ജനകന്‍ എന്നീ സിനിമകള്‍ കണ്ട ഒരേയൊരാള്‍ എന്ന നിലയ്ക്കാണ് ശശാങ്കനെ ആദരിക്കുന്നത്. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും എതിര്‍പ്പും ഭീഷണിയും വകവയ്ക്കാതെയാണ് ശശാങ്കന്‍ ഈ മുന്നു സിനിമകളും കണ്ടത് എന്നത് ജൂറിയുടെ പ്രത്യേകപരാമര്‍ശത്തിനു കാരണമായി.

മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളെ ഉള്‍പ്പെടുത്തി ശശാങ്കന്‍ ഫാന്‍സ് അസോസിയേഷന്‍ രൂപീകരിക്കുമെന്ന് ഓള്‍ കേരള തിയറ്റര്‍ ഓപ്പറേറ്റേഴ്സ് അസോസിയേന്‍ വ്യക്തമാക്കി. ഇനിയിറങ്ങാനിടയുള്ള സിനിമകളുടെ ടൈറ്റിലില്‍ ശശാങ്കന് നന്ദി എഴുതിക്കാണിക്കമെന്നും ഇത് ശശാങ്കനെപ്പോലെ കൂടുതല്‍ ആളുകളെ തിയറ്ററിലേക്ക് ആകര്‍ഷിക്കുമെന്നും അസോസിയേഷന്‍ അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

തന്റെ നേട്ടത്തെപ്പറ്റി ശശാങ്കന്‍ ബെര്‍ളിത്തരങ്ങളോടു പറഞ്ഞത്: ”സത്യത്തില്‍ ഇത്ര വലിയ ഒരു കാര്യമാണ് ഞാന്‍ ചെയ്തതെന്ന് ഇപ്പോഴാണ് മനസ്സിലായത്. അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ട്, എന്നാല്‍ അവാര്‍ഡിനു വേണ്ടിയല്ല ഞാന്‍ സിനിമകള്‍ കണ്ടത്. ചെറുപ്പം മുതല്‍ സിനിമകള്‍ കാണുമായിരുന്നു. നാലാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ എട്ടു കിലോമീറ്റര്‍ ദൂരെയുള്ള തിയറ്ററില്‍ ഓട്ടോ പിടിച്ചു പോയി ഞാന്‍ അവളുടെ രാവുകള്‍ കണ്ടിട്ടുണ്ട്. പിന്നെ, മമ്മൂട്ടിയും മോഹന്‍ലാലും വന്നതില്‍ പിന്നെ അവരുടെ എല്ലാ സിനിമകളും കണ്ടു തുടങ്ങി. അതങ്ങനെ ഒരു ശീലമായി. ഇതിപ്പോള്‍ ഈയിടെയിറങ്ങിയ പ്രമാണി, താന്തോന്നി, ജനകന്‍ എന്നീ സിനിമകള്‍ മുഴുവനും കണ്ടതിനാണ് അവാര്‍ഡ് കിട്ടിയിരിക്കുന്നത്. ആ സിനിമകള്‍ കാണാന്‍ പോകുമ്പോള്‍ തന്നെ അടുത്ത സുഹൃത്തുക്കള്‍ തടഞ്ഞിരുന്നു. പക്ഷെ, അതൊന്നും വക വയ്ക്കാതെയാണ് ഞാന്‍ സിനിമകള്‍ കണ്ടത്.”

ശശാങ്കന്റെ നേട്ടത്തെപ്പറ്റി ഭാര്യ പറയുന്നത്: ”ചേട്ടന്‍ തിയറ്ററില്‍ പോയി ഈ സിനിമയൊക്കെ കണ്ടിട്ടു വരുമ്പോള്‍ ഞാനാണ് എന്നും കട്ടന്‍കാപ്പി തിളപ്പിച്ചു കൊടുക്കാറുള്ളത്. തിയറ്ററില്‍ പോയി ചേട്ടന്‍ എന്താണ് കാണുന്നതെന്ന് ഞാനിപ്പോള്‍ അന്വേഷിക്കാറില്ല. ചേട്ടനിപ്പോള്‍ അവാര്‍ഡ് കിട്ടിയിരിക്കുന്ന ആ സിനിമകള്‍ കണ്ടിട്ടു വന്ന ദിവസം ഒന്നും മിണ്ടാതെ കയറി കിടക്കുകയായിരുന്നു. ഞാന്‍ ചോദിച്ചപ്പോള്‍ എന്നോടൊന്നും ചോദിക്കരുത് എന്നു മാത്രമാണ് പറഞ്ഞത്. ഇതിനു മുമ്പ് സാഗര്‍ എലിയാസ് ജാക്കി, മായാബസാര്‍, ആഗതന്‍ തുടങ്ങിയ സിനിമകള്‍ കണ്ടിട്ടു വന്നപ്പോഴാണ് ചേട്ടനെ ഞാന്‍ അങ്ങനെ കണ്ടിട്ടുള്ളത്. പിന്നെ കുറെ ദിവസം ചേട്ടന്‍ വീട്ടില്‍ തന്നെയിരുന്ന് സാഗര്‍ എലിയാസ് ജാക്കിയുടെയും മായാബസാറിന്റെയും സിഡികള്‍ പലതവണ മാറി മാറി കാണും. അങ്ങനെയാണ് നോര്‍മലാകുന്നത്”

ശശാങ്കന്റെ നേട്ടത്തെപ്പറ്റി പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്:”ശശാങ്കനെപ്പോലുള്ള 1000 പേരുണ്ടായിരുന്നെങ്കില്‍ ഇവിടെ മലയാള സിനിമകള്‍ വിജയിച്ചേനെ എന്നാണ് എനിക്കു തോന്നുന്നത്. ഞാന്‍ ഒരിക്കല്‍ നമ്മുടെ കവിത തിയറ്ററില്‍ എലിപ്പനി ബോധവല്‍ക്കരണ സ്ലൈഡ് കൊടുക്കാന്‍ പോയപ്പോള്‍ അവിടെ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ദേ ഇങ്ങോട്ടു നോക്കിയേ എന്ന സിനിമ കളിക്കുന്നു. സിനിമ തീരാറായ സമയം. തിയറ്ററിനുള്ളില്‍ ശശാങ്കന്‍ മാത്രം. ഞാന്‍ വിസ്മയത്തോടെ നോക്കി നിന്നു. എന്നാല്‍ അതൊന്നുമല്ല എന്നെ അദ്ഭുതപരതന്ത്രനാക്കിയത്. സിനിമ കഴിഞ്ഞതും ശശാങ്കന്‍ സീറ്റില്‍ നിന്ന് എണീറ്റ് നിന്ന് രണ്ട് മിനിട്ട് കയ്യടിച്ച ശേഷം മെത്രാനച്ചന്റെ മോതിരം മുത്തിയേച്ചു പോകുന്ന കന്യാസ്ത്രീയെപപ്പോലെ വിനയത്തോടെ പുറത്തേക്കു നടക്കുന്നു. ബാലചന്ദ്രമേനോനെങ്ങാനും കണ്ടിരുന്നെങ്കില്‍ കെട്ടിപ്പിടിച്ച് രണ്ടു കവിളിലും ഓരോ കടിയങ്ങു വചച്ചു കൊടുത്തേനെ”

മലയാള സിനിമയുടെ രക്ഷയ്ക്ക് പ്രേക്ഷകരെ തിയറ്ററിലെത്തിക്കുക എന്നതല്ലാതെ മറ്റു വഴികളില്ലാത്തിനാല്‍ തിയറ്ററില്‍ എത്തുന്നവര്‍ക്ക് സൌജന്യമായി ഉച്ചഭക്ഷണം, കുട്ടികള്‍ക്ക് ഐസ്്ക്രീം എന്നിവ വിവിധ സ്ഥാപനങ്ങളെ കൊണ്ട് സ്പോണ്‍സര്‍ ചെയ്യിക്കാന്‍ നിര്‍ദേശം വന്നിട്ടുണ്ട്. എന്നാല്‍, ശശാങ്കന്‍ ഉള്‍പ്പെടെ മലയാള സിനിമ കാണാന്‍ തിയറ്ററുകളിലെത്തുന്നവര്‍ക്ക് സൌജന്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം ഇതുവരെ പരിഗണിച്ചിട്ടില്ല. അതേ സമയം, ചില തിയറ്റര്‍ ഉടമകള്‍ പ്രേക്ഷകരെ ആകര്‍ഷിക്കാനായി തിയറ്ററില്‍ മദ്യം വിളമ്പുന്നതിനെതിരെ ഒരുവിഭാഗം പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.

10 thoughts on “പ്രേക്ഷകശ്രീ കപ്പാട് ശശാങ്കന്‍”

 1. ഹഹ ബെര്‍ളിക്ക് കിട്ടേണ്ട അവാര്‍ഡ്‌ ശശാങ്കന്‍ തട്ടിയെടുത്തു …… സാരമില്ല ഇനിയും ഇറങ്ങുമല്ലോ ഇതുപോലുള്ള സിനിമകള്‍ അപ്പൊ നമുക്കും വാങ്ങിചെടുക്കാം ഒരു അവാര്‍ഡ്‌ …

 2. പടം കഴിഞ്ഞിരങ്ങുന്നവര്‍കായി ഒരു ലക്ക് ടിപ്പ് കൂടെ നടത്തുന്നത് നന്നായിരിക്കും…

 3. ശശാങ്കന് ഇതിനു മുന്‍പും അവാര്‍ഡ്‌ കിട്ടിയിട്ടുണ്ട്.. 'വാമനപുരം ബസ്‌ റൂട്ട് ' , 'ഭാര്‍ഗവ ചരിതം' എന്നെ സിനിമകള്‍ ഒറ്റയിരിപ്പിനു കണ്ടു തീര്‍ത്തതിനു.. അതിന്റെ നിര്‍മ്മാതാക്കളോ സംവിധായകാരോ ചെയ്യാത്ത സാഹസം ആണ് അതെന്നു ജൂറി അന്ന് പ്രസ്താവിച്ചിരുന്നു..

 4. “അതേ സമയം, ചില തിയറ്റര്‍ ഉടമകള്‍ പ്രേക്ഷകരെ ആകര്‍ഷിക്കാനായി തിയറ്ററില്‍ മദ്യം വിളമ്പുന്നതിനെതിരെ ഒരുവിഭാഗം പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.”

  ഇങ്ങനെയാണ് കഥകള്‍, സോറി വാര്‍ത്തകള്‍ ഉണ്ടാവുന്നത് 😉

 5. ഇവിടെ സിനിമ നിര്‍മിക്കുന്നവര്‍ പലരും നല്ല ഒരു കഥ കേട്ടാല്‍ പോലും മനസിലാക്കാന്‍ കഴിവില്ലത്തവരാണ്. അങ്ങനെയുള്ള പലരും നഷ്ടമാണന്നു അറിഞ്ഞിട്ടും ഈ വ്യവസായത്തില്‍ മുതല്‍ മുടക്കുന്നത് ലാഭം പ്രതീക്ഷിച്ചാണന്നു കരുതാന്‍ യാതൊരു നിര്‍വാഹവും ഇല്ല. ഭൂരിഭാഗം നിര്‍മാതാക്കളും ഈ സിനിമയുടെ ഗ്ലാമറും പ്രശസ്തിയും കണ്ടിട്ട് മാത്രാമാണ് സിനിമയിലേക്ക് ഇറങ്ങുന്നത്, അല്ലാതെ മലയാള സിനിമയെ ഉദ്ധരിക്കാം എന്ന് കരുതീട്ടാണന്നു വിശ്വസിക്കാന്‍ പ്രയാസം ഉണ്ട്. സിനിമയിലൂടെ കിട്ടുന്ന പ്രശസ്തി സെലിബ്രിറ്റികള്മായുള്ള അടുത്ത ബന്ധം ഇതൊക്കെയാണ് ഇവരെ വീണ്ടും വീണ്ടും ഈ നഷ്ട കച്ചോടം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. അങ്ങനെയുള്ളവരുടെ സിനിമക്ക് നിലവാരം ഉണ്ടാവും എന്ന് കരുതുന്ന ആളുകളാണ് യഥാര്‍ത്ഥത്തില്‍ മണ്ടന്‍മാരാകുന്നത്.
  http://thrishankuswargam.blogspot.com/2010/04/blog-post.html

 6. താന്തോനിയും പ്രമാണിയും മുഴുവനിരുന്നു കണ്ടെങ്കിൽ ആ പാവത്തിനു അവോഡിനു പകരം നല്ല ചികിൽസയായിരുന്നു നൽകേണ്ടിയിരുന്നത്. ശശാങ്കനു മാനസികമായി കാര്യമായ എന്തെങ്കിലും തകരാർ ഉണ്ടാകാൻ വഴിയുണ്ട്. നല്ല ചികിൽസ നല്കിയാൽ ആ കുടുംമ്പമെങ്കിലും വഴിയാധാരമാവില്ല.

 7. ശശാങ്കന്‍ സിനിമ കാണുന്നതിന്റെ മുമ്പ് രണ്ടു ഫുള്‍ ബോട്ട്ല്‍ റമ്മടിക്കാറുണ്ട് … അപ്പൊ അവാര്‍ഡ് കൊടുത്തത് ശെരിയാണോ എന്ന് ജൂറി അന്വേഷിക്കണം

 8. ഇവിടെ സിനിമ നിര്‍മിക്കുന്നവര്‍ പലരും നല്ല ഒരു കഥ കേട്ടാല്‍ പോലും മനസിലാക്കാന്‍ കഴിവില്ലത്തവരാണ്. അങ്ങനെയുള്ള പലരും നഷ്ടമാണന്നു അറിഞ്ഞിട്ടും ഈ വ്യവസായത്തില്‍ മുതല്‍ മുടക്കുന്നത് ലാഭം പ്രതീക്ഷിച്ചാണന്നു കരുതാന്‍ യാതൊരു നിര്‍വാഹവും ഇല്ല. ഭൂരിഭാഗം നിര്‍മാതാക്കളും ഈ സിനിമയുടെ ഗ്ലാമറും പ്രശസ്തിയും കണ്ടിട്ട് മാത്രാമാണ് സിനിമയിലേക്ക് ഇറങ്ങുന്നത്, അല്ലാതെ മലയാള സിനിമയെ ഉദ്ധരിക്കാം എന്ന് കരുതീട്ടാണന്നു വിശ്വസിക്കാന്‍ പ്രയാസം ഉണ്ട്. സിനിമയിലൂടെ കിട്ടുന്ന പ്രശസ്തി സെലിബ്രിറ്റികള്മായുള്ള അടുത്ത ബന്ധം ഇതൊക്കെയാണ് ഇവരെ വീണ്ടും വീണ്ടും ഈ നഷ്ട കച്ചോടം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. അങ്ങനെയുള്ളവരുടെ സിനിമക്ക് നിലവാരം ഉണ്ടാവും എന്ന് കരുതുന്ന ആളുകളാണ് യഥാര്‍ത്ഥത്തില്‍ മണ്ടന്‍മാരാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *