ഇനി കാടുഭരിക്കാന്‍ താനില്ലെന്നു മനുമോന്‍ സിഹം

കഴിഞ്ഞ ഒന്‍പതു വര്‍ഷങ്ങളായി കാടു ഭരിച്ചുകൊണ്ടിരിക്കുന്ന താന്‍ ഈ കാലാവധി കഴിയുന്നതോടെ ഭരണത്തില്‍ നിന്നും പിന്മാറുകയാണെന്നു മൃഗരാജാവ് മനുമോന്‍ സിഹം ഗര്‍ജ്ജിച്ചു. കാടിനെ ഇനി നയിക്കേണ്ടത് പുതുതലമുറയാണ്. സട കൊഴിഞ്ഞു കൊണ്ടിരിക്കുന്ന താന്‍ ഇനി ഭരണചക്രം തിരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഭരണത്തിന്റെ ബാറ്റന്‍ അനുയോജ്യനായ ഭരണാധികാരിക്കു കൈമാറുമെന്നു പറഞ്ഞ മനുമോന്‍ സിഹം അമേധ്യവനത്തില്‍ നിന്നുള്ള രാഹുകാലന്‍ എന്ന സിംഹവാലന്‍ കുരങ്ങ് കാടിനെ നടിക്കാന്‍ കരുത്തുള്ള മിടുക്കനാണെന്നും പ്രഖ്യാപിച്ചു.

കാടു ഭരിക്കാന്‍ ദൈവം നിയോഗിച്ചിട്ടുള്ളത് സിംഹ ഫാമിലിയെ ആണ്. സിംഹമല്ലാതെ ആരു ഭരിച്ചാലും കാട് മുടിയുമെന്നു ചരിത്രം തെളിയിച്ചിട്ടുള്ളതാണ്. പ്രായവും അനുഭവപരിചയവും അല്‍പം കുറവാണെങ്കിലും രാഹുകാലന്‍ നാളെ കാടിനെ നയിക്കാന്‍ തക്ക അറിവും കരുത്തും ഉള്ളവനാണ്. രാഹുകാലന്‍ വെറും കുരങ്ങനാണെന്നും സിംഹമല്ലെന്നും ഒരു വിഭാഗം നടത്തുന്ന പ്രചാരണം കാടിന്റെ പുരോഗതിയെ പിന്നോട്ടടടിക്കുമെന്നു മനുമോന്‍ സിഹം മുന്നറിയിപ്പു നല്‍കി. സിംഹവും സിംഹവാലന്‍ കുരങ്ങുകളും ഒരു കുടുംബത്തില്‍പ്പെട്ടവരാണ്. സിംഹവാലന്‍ സത്യത്തില്‍ സിംഹങ്ങളെക്കാള്‍ മികവും കഴിവും കൂടുതലുള്ളവരാണ്. വലിയ സടയോ ഗര്‍ജ്ജിക്കാനുള്ള കഴിവോ ഒന്നുമില്ലെങ്കിലും അതിമനോഹരമായ വാലുകള്‍ അവയ്ക്കുണ്ട്. ഈ വാലുപയോഗിച്ച് കാടിനെ നയിക്കാനും ഭരിക്കാനും കഴിയുമെന്നു രാഹുകാലന്‍ തെളിയിക്കും. രാഹുകാലന്‍ കുരങ്ങന്‍ കാടു ഭരിക്കുമ്പോള്‍ വെറുമൊരു പ്രജയായി അദ്ദേഹത്തിന്റെ ഗുഹയുടെ വാതില്‍ക്കല്‍ അറ്റന്‍ഷനായി നില്‍ക്കാന്‍ തനിക്കു സന്തോഷമേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാട്ടിലെ മൃഗങ്ങള്‍ക്കിടയില്‍ ചുരുങ്ങിയ കാലം കൊണ്ട് വലിയ പ്രശസ്തി നേടിയ നരഭോജിക്കടുവയെ കാട് ഭരിക്കാന്‍ അനുവദിക്കരുതെന്നും മനുമോന്‍ സിംഹം പറഞ്ഞു. സിംഹം അല്ലെങ്കില്‍ സിംഹവാലന്‍ എന്നതാണ് നമ്മുടെ മുദ്രാവാക്യം. സിംഹമില്ലെങ്കില്‍ കടുവ ഭരിക്കട്ടെ എന്ന ശൈലി ശരിയല്ല. പണ്ട് കാട്ടിലെത്തിയ ഏതാനും മനുഷ്യരെ പിടിച്ചു തിന്നിട്ടുള്ള ഭീകരജീവിയാണ് നരഭോജിക്കടുവ. നരഭോജിക്കടുവ കാട്ടിലെ രാജാവായാല്‍ കടുവകള്‍ കൂട്ടത്തോടെ കാട്ടില്‍ വിളയാടി മറ്റു മൃഗങ്ങളെയെല്ലാം കൊന്നൊടുക്കും എന്നതില്‍ ഒരു സംശയവുമില്ല. കടുവകള്‍ മാത്രമുള്ള ഒരു വനമാണ് അവരുടെ സ്വപ്നം. അത് കാടിന്റെ നാശത്തിനു തന്നെ കാരണമായിത്തീരും- മനുമോന്‍ സിഹം പറഞ്ഞു.

കാടിന്റെ ആസ്ഥാനത്ത് മാങ്കോ മങ്കീസ് പാര്‍ട്ടി നേടിയ വിജയത്തില്‍ നിന്നു പാഠം ഉള്‍ക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും. മങ്കി പാര്‍ട്ടി ഒരിക്കലും ഭരിക്കാന്‍ അറിയാവുന്നവരല്ലെന്നും മങ്കിയെക്കാള്‍ ആയിരം മടങ്ങ് യോഗ്യന്‍ ഭരിക്കാനായി ജനിച്ചിട്ടുള്ള സിംഹവാലന്‍ കുരങ്ങുകളാണെന്നും സിംഹദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി കാട് പുരോഗതിയുടെ പാതയിലാണ്. കാട്ടിനുള്ളിലെ മരങ്ങള്‍ വെട്ടിത്തെളിച്ച് അവിടെ വിദേശികളായ മനുഷ്യന്‍മാരുടെ ഖനികളും റിസോര്‍ട്ടുകളും സ്ഥാപിച്ചതു വഴി കാട്ടിലെ മൃഗങ്ങള്‍ക്കു സായിപ്പന്‍മാരുടെയും മദാമ്മമാരുടെയും വൃത്തിയുള്ള പാത്രങ്ങളിലെ ഭക്ഷണമാവാന്‍ സാധിച്ചു. ഇത് കാടിന്റെ ചരിത്രത്തിലെ തന്നെ വലിയ നേട്ടമായി കാണാം. കാട്ടിനുള്ളില്‍ തെണ്ടിത്തിരിഞ്ഞു നടന്നിരുന്ന ലോക്കല്‍ മൃഗങ്ങളെ വന്‍കിട ഏജന്റുമാര്‍ വഴി ലോകത്തെ വിവിധ മൃഗശാലകളിലെത്തിക്കാന്‍ സാധിച്ചതും തന്റെ ഭരണനേട്ടമാണെന്നു മനുമോന്‍ സിഹം പറഞ്ഞു.

കാട്ടില്‍ പട്ടിണികിടക്കുന്ന മൃഗങ്ങളുടെ എണ്ണം പകുതിയായി കുറഞ്ഞു. ബാക്കിയുള്ളവ പട്ടിണി കിടന്നു ചത്തുപോയതുകൊണ്ടാണ് എണ്ണം പകുതിയായി കുറയ്ക്കാന്‍ സാധിച്ചത്. വിവിധ സര്‍ക്കസ് കമ്പനികളുമായി അടുത്തിടെ ഒപ്പുവച്ചിരിക്കുന്ന കരാറുകള്‍ കാട്ടിലെ തൊഴിലില്ലായ്മയ്ക്ക് അറുതി വരുത്തും. മൃഗധാര്‍ പദ്ധതിയില്‍ എല്ലാ മൃഗങ്ങളെയും ബന്ധിപ്പിക്കാന്‍ കഴിഞ്ഞതോടെ അവരുടെ ഭക്ഷണത്തിന് വില വര്‍ധിപ്പിക്കാന്‍ സാധിച്ചു. നരഭോജിക്കടുവയും മറ്റു കടുവകളും താന്‍ കാടിന്റെ ശത്രുവാണെന്നും കാടിനെ മനുഷ്യര്‍ക്ക് ഒറ്റു കൊടുക്കുന്നവനാണെന്നും പ്രചരിപ്പിക്കുന്നതില്‍ തനിക്കു വേദനയുണ്ടെന്നും മനുമോന്‍ സിഹം കൂട്ടിച്ചേര്‍ത്തു.

കാട്ടില്‍ മൃഗങ്ങളുടെ കഷ്ടകാലം കൂടിയത് ആഗോളപ്രതിഭാസത്തിന്റെ ഭാഗമാണ്. ആഫ്രിക്കന്‍, ആമസോണ്‍ കാടുകളിലും മൃഗങ്ങള്‍ക്കു കഷ്ടകാലമാണ്. കാട്ടിലെ ഭരണത്തിനെതിരേ മൗസ്ബുക്ക് വഴി എലികള്‍ നടത്തുന്ന പ്രചാരണങ്ങള്‍ വനദ്രോഹമായി കണക്കാക്കി കര്‍ശനനടപടകള്‍ സ്വീകരിക്കും. സിംഹങ്ങളെയും സിംഹവാലന്‍ കുരങ്ങുകളെയും വിമര്‍ശിക്കുന്നത് നിയമനിര്‍മാണം മൂലം തടയുമെന്നും മനുമോന്‍ സിഹം പറഞ്ഞു. താന്‍ വല്ലപ്പോഴും മാത്രമേ ഗര്‍ജ്ജിക്കാറുള്ളൂ എന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ താന്‍ മൂന്നു തവണ ഗര്‍ജ്ജിച്ചതായി ചരിത്രരേഖകളെ ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കി.

25 thoughts on “ഇനി കാടുഭരിക്കാന്‍ താനില്ലെന്നു മനുമോന്‍ സിഹം”

 1. രാഹുകാലന്‍ വെറും കുരങ്ങനാണെന്നും സിംഹമല്ലെന്നും ഒരു വിഭാഗം നടത്തുന്ന പ്രചാരണം കാടിന്റെ പുരോഗതിയെ പിന്നോട്ടടടിക്കുമെന്നു മനുമോന്‍ സിഹം മുന്നറിയിപ്പു നല്‍കി. …ha ha 😀

 2. ഭാവി ഇന്ത്യയുടെ നായകനെ അവഹെളിച്ചതില്‍ പ്രതിഷേധിച്ചു കൊണ്ട് ഞാന്‍ പോകുന്നു…ജയ് ആരോ..

 3. ബെര്‍ലിച്ചാ…
  2014 ലെ തുടക്കം ഗംഭീകരമായി… കഴിഞ്ഞ ദിവസം ബ്ലോഗിങ്ങ് മതിയാക്കിയെന്നോ… രാഷ്ട്രീയക്കാരുടെ തന്തക്കു വിളിച്ചു മടുത്തു അവസാനം “തന്ത ഉള്ളവന്‍റെ തന്തക്കു വിളിച്ചിട്ടേ കാര്യമുള്ളൂ” എന്നു മനസ്സിലാക്കി നിര്‍ത്തുന്നു എന്നോ… ഒക്കെ പറഞ്ഞപ്പോള്‍ മനസ്സ് വേദനിച്ചൂട്ടോ…
  എന്തായാലും MELCOW ബാക്ക്… 🙂

 4. രാഹുകാലന്‍ വെറും കുരങ്ങനാണെന്നും സിംഹമല്ലെന്നും ഒരു വിഭാഗം നടത്തുന്ന പ്രചാരണം കാടിന്റെ പുരോഗതിയെ പിന്നോട്ടടടിക്കുമെന്നു മനുമോന്‍ സിഹം മുന്നറിയിപ്പു നല്‍കി. berly style 🙂

 5. സൗദി അറേബ്യയിലെ മൃഗ ശാലയില്‍ എലിയുടെ വിസയില്‍ കഴിയുന്ന ഒരു പുലിയുടെ അഭിനന്ദനങ്ങള്‍ ….

  1. എലിയുടെ വിസയിൽ വന്നു തേങ്ങാ പൂളും, കപ്പയുടെ മൂടും, സ്വർണ്ണകട്ടിയും അടിച്ചു മാറ്റി, കോടീശ്വരൻമാരായ പുലികൾ ദുബായിലും ഉണ്ട്.

 6. എന്തും സഹിക്കാം പക്ഷെ മനുമോനെ സിഹം ആകിയത് സഹിക്കാൻ പറ്റില്ല മേകെപ്പിനുമൊക്കെ ഒരു പരുതിലെ ??? വല്ല സിംഹവും ഇതു വായിച്ചിരുന്നേൽ നിങ്ങളെ വലിച്ചു കീറി ചുമരിൽ തെച്ചേനെ !!!!

 7. രാഹുകാലന്‍റെ അച്ഛന്‍ പണ്ട് കാട്ടില്‍ പട്ടം പറത്തി നടക്കുമ്പോഴാണ് കാടുഭരിക്കാന്‍ അവസരം കിട്ടിയത്‌.

  തെക്കുള്ള കരാള വനത്തിലും മാങ്കോ മങ്കീസ് ഉടന്‍ അധികാരത്തിലെത്താന്‍ സാധ്യത കാണുന്നു. കരാള വനത്തില്‍ ഭരിക്കാന്‍ കോട്ടക്കര പുള്ളിമാന്‍റെ മകനു താത്പര്യമില്ലെന്ന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

 8. കാട്ടിലെ ഭരണത്തിനെതിരേ മൗസ്ബുക്ക് വഴി എലികള്‍ നടത്തുന്ന പ്രചാരണങ്ങള്‍ വനദ്രോഹമായി കണക്കാക്കി കര്‍ശനനടപടകള്‍ സ്വീകരിക്കും.

  ഡിങ്ക നിന്ദാ ഓടിവായോ..

 9. മങ്കി മങ്കിസ് പാർട്ടി കാട്ടുകവലയിലെ തിരഞ്ഞെടുപ്പിൽ നെട്ടം ഉണ്ടാക്കുമെന്നും .ആ നെട്ടം കാടു മുഴുവൻ ഒരു മാറ്റതിനു കാരണമായി തീരുമെന്ന് പ്രതിക്ഷിചിരുന്നു.. എല്ലാം അതു പോലെ സംഭവിന്നു..

  മങ്കി മങ്കിസ് പർട്ടി നെതാവ് കപീഷ് അരിവാൾ ആണു നിലവിലതെ സാഹചര്യതിൽ കാടിനെ നയിക്കുവാൻ യോഗ്യൻ

 10. ഇപ്പോൾ നാട്ടിലുള്ള രാഷ്ട്രീയക്കാരെല്ലാം രാത്രിയും പകലും തലയും കുത്തിയിരുന്ന് ഫെയ്സ് ബുക്കിൽ കൂടുതൽ ലൈക്കും കമന്റും കിട്ടുന്നതിനുള്ള സൂത്ര വാക്യങ്ങൾ പഠിച്ചു കൊണ്ടിരിക്കുകയാണ്.ന്യൂ ജനറേഷനെ കയ്യിലെടുക്കാൻ ഇവരെല്ലാം ഒരു നല്ല ഉസ്താതിനെ തപ്പി നടക്കുകയാണ്. കടലിൽ വള്ളമിറക്കാൻ പറ്റിയ സമയമാണ് ബെർളീ..! ഒന്ന് ശ്രമിച്ചു നോക്കിയാൽ ഫൈസ് ബുക്കിലെ ചാകര കരയിലേക്ക് അടുപ്പിക്കാം . അന്നക്കും കെല്ലിക്കും പ്രായം കൂടി വരുകയാണെന്ന് മറക്കണ്ട.

 11. അടുത്ത തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ആകെ മൊത്തം കുളമാകും എന്ന് തോന്നുന്നു. കൊണ്ഗ്രെസ്സോ ബി ജെ പി യോ , കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകൾ പിടിച്ചില്ലെങ്കിൽ ഇവിടെ ഒരു തൂക്കു മന്ത്രിസഭാ വരും. മൂന്നാം മുന്നണിയും നാലാം മുന്നണിയും വെറും മിഥ്യ ആയതു കൊണ്ട് കുറെ പ്രാദേശിക പാര്ട്ടികളെ കൂട്ടി കൊണ്ഗ്രെസ്സ് തന്നെ ഭരണത്തിൽ എത്താൻ സാധ്യത കാണുന്നു. ബി ജെ പി – മമത വിരോധം കാരണം കമ്മ്യുണിസ്റ്റ് പാര്ട്ടിയായിരിക്കും മുന്കയ്യെടുത്തു കൊണ്ഗ്രെസ്സിനു അധികാരം നല്കുന്നത്. Shankar will again be on the coconut tree

 12. ഈ പറഞ്ഞ സിംഹം വിശ്രമത്തിന് സമയം ആയിട്ടില്ലെന്നും, ഇനിയും രാഷ്ട്രത്തെ സേവിച്ചു മതിയായിട്ടില്ലെന്നും, രാഷ്ട്രീയത്തിൽ റിട്ടയർമെന്റ് എന്നൊന്നില്ലെന്നും ആണ് പറഞ്ഞിരുന്നെങ്കിലോ? ഏതു രീതിയിലാണ് താങ്കളിലെ സാമൂഹ്യ വിമർശകനെ തൃപ്തിപ്പെടുതാനാവുക?
  അടിയുറച്ച കൊണ്ഗ്രസ്സുകാർക്ക് പോലും രാഹുൽ പ്രധാനമന്ത്രിയാകും എന്ന പ്രതീക്ഷയില്ലാതായിരിക്കുന്നു. തിരഞ്ഞെടുപ്പ് പടിക്കലെത്തിയിട്ടും ജനവിരുദ്ധ നയങ്ങൾ തിരുത്താൻ ശ്രമിക്കാത്ത കൊണ്ഗ്രെസ്സിന്റെ മാനേജർമാരെ മുക്കാലിയിൽ കെട്ടിയടിക്കണം. മോടി കുറഞ്ഞ മോഡിയും വിയർക്കാനാണ് എല്ലാ സാധ്യതയും.
  പ്രാദേശിക, ഇടതുപക്ഷ കൂട്ടായ്മയിൽ ഒരു മൂന്നാം മുന്നനിക്കാണ് ഞാൻ സാധ്യത കാണുന്നത്. ദീര്ഖകാലാടിസ്ഥാനത്തിൽ ഇനിയും വിശ്വാസ്യത തെളിയിക്കെണ്ടതുന്ടെങ്കിലും തൃപ്തികരമായ ഒരു ബദൽ മുന്നോട്ടു വയ്ക്കുന്ന, പ്രതീക്ഷയുടെ ഒരു പുതുമുകുളം നമുക്കുനേർക്ക് നീട്ടുന്ന AAP ക്ക് ഒരു ചാൻസ് നല്കാമെന്നു തോന്നുന്നു.

  1. മായാവതി എങ്ങാന്‍ പ്രധാനമന്ത്രി ആയാല്‍ പിന്നെ രാജ്യം മൊത്തം ആന / കണ്ഷി റാം / മായാവതി പ്രതിമാ നിര്‍മാണം നടത്തിക്കളയും!

 13. ഇവിടെയുള്ള ഏതെങ്കിലും ബി ജെ പ്പികാര്‍ക്ക് മോഡി എങ്ങനെ പ്രധാനമന്ത്രിയാകും ..?
  എന്ന് വിശടികരിക്കാമോ ..? എന്ത് അടിസ്ഥാനമാണ് ,,ഇത്തരം വാദത്തിനു ഉള്ളത് ..

  പെയ്ഡ് ന്യൂസ്‌ കൊണ്ട് ഊതി വിര്‍പ്പിച്ച .. വികസന കഥകകള്‍ കേട്ട് ആളുകള്‍ വോട്ട ചെയുമെന്നോ ..? ഭുകമ്പം മൂലവും കലാപം മൂലവും സാമ്പത്തികമായി തകരന്നടിഞ്ഞ ഗുജറാത്തിനെ വ്യവസായ വല്‍കരണം വഴി ഉള്ള പന്ത്രണ്ടു വര്‍ഷം കൊണ്ട് സാമ്പത്തിക ശേക്ഷി ഉള്ള സംസ്ഥാനമാക്കി മാറ്റി ..എന്നത് ഒരു വസ്തുയാണ് ..എന്നാല്‍ ഇതിനേക്കാള്‍ മികച്ച പ്രകടനം കാഴ്ച വെയ്ച്ച സംസ്ഥാനങ്ങള്‍ ആണ് തമിഴ്നാടും ഉത്തര്‍പ്രദേശും മഹാരക്ഷ്ട്രയും ആന്ദ്രപ്രദേശും ..ഈ സംസ്ഥാനങ്ങളിലെ …ജി ഡി പി യില്‍ ഈ നാല് സംസ്ഥാനം കഴിഞ്ഞേ ഗുജറാത്‌ ഉള്ളു (കേരളം എട്ടാമത് )..എച് ഡി ഐ യില്‍ പതിനൊന്നാം സ്ഥാനവും(കേരളം ഒന്നാമത് ) ..അതായതു ..മഹാരാക്ഷ്ട്രായ്ക്കും തമിഴ്നാടിനും താഴെ ..ടുറിസം,ഐ ടി തുടങ്ങി പ്രധാനപെട്ട എല്ലാ മേഖലകളിലും ഗുജറാത്തിന്റെ സംഭാവനകള്‍ ദുര്‍ബലമാണ് .. കര്‍ക്ഷിക മേഖലയാണ് അകെ മുന്നില്‍ നില്‍ക്കുന്നത് … വികസനങ്ങളുടെ ആകെ തുക നോക്കിയാല്‍ മഹാരാക്ഷ്ട്രായ്ക്കും പഞ്ചാബിനും തമിഴ്നാടിനും കേരളത്തിനും ഹരിയാനയ്ക്കും കര്‍ണാടകയ്ക്കും താഴെയാണ് മോഡിയുടെ ഗുജറാത്ത് ..വികസനതിന്റെ മധ്യസ്ഥന്‍ അവകാശാ വാദംഉന്നയിക്കുവാന്‍ മോഡിയ്ക്ക് യാതൊരു വിധ യോഗ്യതയും ഇല്ല ..

  കോണ്‍ഗ്രസ്സിനു എതിരെയുള്ള ജന വികാരം മോഡിയ്ക്ക് വോട്ടായി മാറും
  ഇത് ഒരു പരിധിവരെ ശരിയാണ് ..കോണ്‍ഗ്രസ്സും ബി ജെ പ്പിയും മുഖ്യകക്ഷികള്‍ ആയുള്ള സംസ്ഥനങ്ങളില്‍ ഇത് സാധ്യമാണ് … എന്നാല്‍ ചില നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ,സൌത്ത് ഇന്ത്യ ,നോര്‍ത്ത് ഈസ്റ്റ്‌ ഇവിടെയൊന്നും ബി ജെ പ്പി ..പ്രമുഖ കക്ഷിയല്ല ..കര്‍ണാടകയില്‍ ആയിരുന്നു ,..
  കോണ്‍ഗ്രസ്സിന്റെ അഴിമതി എല്ലാ പുറത്തു വന്ന സമയത്താണ് കര്‍ണാടക കോണ്‍ഗ്രസ് തൂത്ത് വാരിയത് ..ബി ജെ പി വിരുദ്ധ വികാരം അതില്‍ നിന്ന് മനസിലാക്കവുന്നത്തെ ഉള്ളു ..

  120 -140 സീറ്റ് കിട്ടിയാലും പ്രധാനമന്ത്രി സ്ഥാനം നെടുവാണോ നേരവണം ഭരണം നടത്തുവാനോ മോഡിയ്ക്ക് കഴിയുമോ .?

 14. “സിംഹവും സിംഹവാലന്‍ കുരങ്ങുകളും ഒരു കുടുംബത്തില്‍പ്പെട്ടവരാണ്. ”

  സത്യത്തില്‍, ഈ സിംഹവാലന്‍ കുരങ്ങിന്റെതു പോലുള്ള വാല്‍ ഉള്ളതു കൊണ്ടാണ് സിംഹത്തിന് ആ പേര് ലഭിച്ചത്.

 15. സിംഹത്തെക്കൊണ്ട് പരമാവധി പൊറുതിമുട്ടിക്കഴിഞ്ഞു…. നരഭോജിക്കടുവ വരുന്ന കാര്യം ആലോചിക്കാനേ വയ്യ…. സിംഹവാലൻ, താൻ തനി കുരങ്ങൻ ആണെന്ന് മണിക്കൂർ ഇടവിട്ട്‌ തെളിയിച്ചുകൊണ്ടിരിക്കുന്നു…. ഇതിനിടെ മായപ്പൊന്മാനും മുലായൻസിംഹവും ലളിതാനയും കൂടി, ഇടവക്കുളത്തിലെ മാക്രികളെയും കൂട്ടുപിടിച്ച് കാടുഭരിക്കാൻ തക്കം പാർത്തിരിക്കുകയാണെന്ന വിവരം താങ്കളുടെ ഇന്റലിജെൻസ് തേനീച്ചകൾക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെന്നോ????? ഛെ… ലജ്ജാവഹം…. അതെങ്ങനെ? സദാസമയവും ആ മുതലക്കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുപ്പല്ലേ പണി…..

 16. “കാട്ടില്‍ പട്ടിണികിടക്കുന്ന മൃഗങ്ങളുടെ എണ്ണം പകുതിയായി കുറഞ്ഞു. ബാക്കിയുള്ളവ പട്ടിണി കിടന്നു ചത്തുപോയതുകൊണ്ടാണ് എണ്ണം പകുതിയായി കുറയ്ക്കാന്‍ സാധിച്ചത്…”

  ഇത് “വനാഭിമാനി” മഞ്ഞപത്രത്തിൽ വന്ന വാർത്ത ആണല്ലേ…. 😛

 17. ഈ നായിന്റെ മോൻ സിംഹത്തെ ചവുട്ടി പുറത്താക്കി എങ്കിൽ മാത്രമേ ഈ പങ്കിലക്കാട്‌ നന്നാവു….

 18. താൻ ഇരിക്കണ്ട ഇടത്ത് താൻ ഇരുന്നില്ലെങ്കിൽ അവിടെ നായ കേറി ഇരിക്കും എന്ന കീഴ്വഴക്കം പാലിച്ചാണ് പുള്ളി സ്ഥാന ത്യാഗം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *