ആത്മീയയാത്ര

[2015 ഏപ്രില്‍. നയി ദില്ലിയിലെ ഒരു ഭവനം]

മോനേ… ദേ ആരാ വന്നിരിക്കുന്നതെന്നു നോക്യേ…

ആരാണ് മാതാശ്രീ ? ആരായാലും പുറത്ത് ഉപവിഷ്ടനായി അല്‍പനേരം ധ്യാനിക്കാന്‍ പറയൂ.. ഇപ്പോള്‍ എന്റെ ധ്യാനത്തിന്റെ സമയമാണെന്നറിയില്ലേ ?

കേരളത്തീന്ന് ആന്റണിയാ മോനേ… നീ ഇങ്ങോട്ടു വന്നേ…

ആന്റണി… പെരുമ്പാവൂരാണോ ?

എന്താ മോനേ നീയിങ്ങനെ ? … നമ്മുടെ സ്വന്തം ആന്റണി… നിന്റെ ആന്റങ്കിള്‍… കുട്ടിയായിരുന്നപ്പോള്‍ നീ എത്രയോ ദിവസങ്ങള്‍ പുള്ളിയോടൊപ്പം ആന്റും എലിഫന്റും കളിച്ചിട്ടുള്ളതാ… എല്ലാം നീ മറന്നോ ?

എന്റെ ബോധമണ്ഡലത്തില്‍ മറ്റാരുമില്ലമ്മേ… ഞാനും ഈശ്വരനും മാത്രം.. അവിടെ ഞങ്ങള്‍ തമ്മില്‍ നടത്തുന്ന ആശയവിനിയത്തിനിടയില്‍ ആനയും ഉറുമ്പുമൊന്നുമില്ലമ്മേ…

എനിക്കൊരുമാതിരി ചൊറിഞ്ഞു കേറുന്നുണ്ട് കേട്ടോ…

ചൊറിച്ചില്‍ ഒന്നിനുമൊരു പരിഹാരമല്ലമ്മേ…

ഡാ, ഇങ്ങോട്ടു നോക്കിയേ.. ഇങ്ങോട്ടു നോക്കാന്‍..

ധ്യാനത്തിലിരിക്കുമ്പോള്‍ കണ്ണു തുറക്കാന്‍ പാടില്ലമ്മേ…

നിന്റെ മടിയും പേടിയുമൊക്കെ മാറി മിടുക്കനാവാന്‍ വേണ്ടിയാ നിന്നെ ഞാന്‍ മ്യാന്‍മറില്‍ ധ്യാനത്തിനു വിട്ടേ.. അല്ലാതെ ഇവിടെ ഫുള്‍ടൈം മുറിക്കകത്തു കേറിയിരുന്നു ധ്യാനിക്കാന്‍ വേണ്ടിയല്ല…

അമ്മ ശ്രീബുദ്ധനെപ്പറ്റി കേട്ടിട്ടില്ലേ… ബുദ്ധഭഗവാന്‍ ഇതുപോലെ ധ്യാനത്തിലിരുന്നപ്പോഴാണ് ബോധോദയമുണ്ടായത്… സെയിം ധ്യാനമാണ് മാസങ്ങളായി ഞാന്‍ ധ്യാനിച്ചുകൊണ്ടിരിക്കുന്നത്…

എടാ അതിനു ബോധം വേണ്ടേ ഉദിക്കാന്‍ ?

അമ്മയും മ്യാന്‍മറിലേക്കു പോകൂ.. ചേച്ചിയേം അവള്‍ടെ കൂളിങ് ഗ്ലാസ് ഫ്രീക്ക് കെട്ടിയോനേം കൊണ്ടുപോകൂ.. കുടുംബത്തോടെ നമുക്ക് നന്നാവാം അമ്മേ… നമുക്ക് ആത്മീയ പാതയിലേക്കു തിരിയാം…

ഒറ്റക്കീറു വച്ചു തന്നാലുണ്ടല്ലോ… അവന്റെയൊരു ആത്മീയപാത.. ഡാ നിന്നെപ്പറ്റി നാട്ടുകാര്‍ പറയുന്നതെന്താണെന്നറിയാമോ… താടിയങ്കിളിനെ പേടിച്ചു നീ നാടുവിട്ടതാണെന്ന്… കേരളത്തിലെ നമ്മടെ പാര്‍ട്ടിക്കാരു പോലും നീ ഒളിച്ചുപോയെന്നാ പറഞ്ഞത്… അവരെയെല്ലാം പാര്‍ട്ടീന്നു പുറത്താക്കി…

അവര്‍ക്കു മാപ്പു നല്‍കൂ അമ്മേ…

അവര്‍ക്കു കോപ്പാ കൊടുക്കുന്നേ.. ഡാ നീ കണ്ണു തുറക്കുന്നുണ്ടോ ഇല്ലയോ…

ഞാന്‍ ബോധോദയം കാത്തിരിക്കുകയാണമ്മേ… എന്നെ ശല്യപ്പെടുത്തരുത്… ദിവസം 10 മണിക്കൂര്‍ വരെ കണ്‍ടിന്യൂസ് ആയി ധ്യാനിക്കണമെന്നാ ഗുരു പറഞ്ഞിരിക്കുന്നത്…

മോനേ… നീയിങ്ങനെ ഇരുന്നാല്‍ പാര്‍ട്ടി കാര്യങ്ങളാരു നോക്കും… അടുത്ത ഇലക്ഷന് ഇനി നാലു വര്‍ഷം കൂടിയേ ഉള്ളൂ…നിനക്കു ജയിക്കണ്ടേ… ഈ നാടു മുഴുവന്‍ ഭരിക്കണ്ടേ ?

ആശയാണമ്മേ എല്ലാ ദുഖങ്ങള്‍ക്കും കാരണം…

ആരെടാ അവള്‍… ? ആന്റൂ.. ഇവന്റെ പഴയ കറക്കുകമ്പനീല്‍ ആശേന്നു പേരുള്ള ആരെങ്കിലുമൊണ്ടോന്ന് അന്വേഷിച്ചേ… അവളാണേ്രത ഇവനെ ഈ കോലത്തിലാക്കിയത്… എന്റെ മാതാവേ… ഞാനിതെങ്ങനെ സഹിക്കും…എങ്ങനെ നടന്ന കൊച്ചാ… അന്നാ ഇഷ്ടിക ചുമന്നതും പത്രസമ്മേളനത്തില്‍ ഇരച്ചു കയറിച്ചെന്നതും കേരളത്തില്‍ പോയി പൊറോട്ട തിന്നതുമൊക്കെ ഇന്നലേം കൂടി ഞാനും നിന്റെ ചേച്ചീം കൂടി പറഞ്ഞു കൊറേ ചിരിച്ചു, അല്ല കരഞ്ഞു… എന്റെ മോനേ നീയൊന്നുണര്… രാജ്യം നിനക്കായി കാത്തിരിക്കുകയാണ്…

പഴയതെല്ലാം ഞാന്‍ മറന്നു അമ്മേ.. ഞാനിന്നൊരു പുതിയ മനുഷ്യനാണ്… ബോധോദയത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്..

മീന്‍ വെട്ടുന്ന കത്തിയാ എന്റെ കയ്യിലിരിക്കുന്നത്, ഒറ്റക്കുത്തു വച്ചു തന്നാലുണ്ടല്ലോ….

നാറും അമ്മേ… മല്‍സ്യത്തെ വധിച്ച് അതിന്റെ മാസം വേവിച്ച് കഴിക്കാന്‍ അമ്മയ്ക്കു ലജ്ജയില്ലേ ? ഇനിയെങ്കിലും അംഹിസയുടെ പാതയിലേക്കു വരൂ അമ്മേ..

ഉണ്ട… അടുത്ത തിങ്കളാഴ്ച പാര്‍ട്ടി മീറ്റിങ്ങുണ്ട്.. എല്ലാവരും നിന്നെ കാണാന്‍ വേണ്ടി കാത്തിരിക്കുവാ.. അതിന്റെ ബ്രീഫിങ്ങിനു വന്നതാ ആന്റങ്കിള്‍…

ബീഫ് നിരോധിച്ചെന്നു പറഞ്ഞിട്ട് ?

ബീഫല്ലെടാ പൊട്ടാ.. ബ്രീഫ് ബ്രീഫ്..

ഞാനിപ്പോ ബ്രീഫ് ഉപയോഗിക്കാറില്ലമ്മേ.. എല്ലാത്തരം ബന്ധനങ്ങളില്‍ നിന്നും ഞാന്‍ മോചിതനായി…

പാര്‍ട്ടി മീറ്റിങ്ങിനു ചെന്നിട്ട് ഇമ്മാതിരി മണകൊണാഞ്ചന്‍ വര്‍ത്താനം പറഞ്ഞാല്‍ നിന്റെ കാലു ഞാന്‍ തല്ലിയൊടിക്കും…

അടുത്ത തിങ്കളാഴ്ച ഞാന്‍ മ്യാന്‍മറിലായിരിക്കും അമ്മേ… അവിടെ എനിക്കൊരു ആത്മവിശുദ്ധീകരണ ധ്യാനമുണ്ട്… ധ്യാനത്തിന്റെ വിശുദ്ധി നഷ്ടപ്പെടാതിരിക്കണമെങ്കില്‍ കൃത്യമായ ഇടവേളകളില്‍ ഈ വിശുദ്ധീകരണ ധ്യാനങ്ങള്‍ കൂടണം… ഇനിയങ്ങോട്ട് എല്ലാ തിങ്കഴാള്ചകളിലും ഞാന്‍ മ്യാന്‍മറിലായിരിക്കും…

ആന്റൂ… ഒന്നിങ്ങോട്ടു വന്നേ.. ഞാന്‍ മടുത്തു… ഈ ചെക്കനു പ്രാന്തായെന്നാ തോന്നുന്നേ.. ഇനീം ഞാനിവിടെ നിന്നാല്‍ ഇവനെ വല്ലോം ചെയ്യും..

ശാന്തി അമ്മേ, ശാന്തി…

ആശ, ശാന്തി… നീയിങ്ങനെ പെണ്ണുങ്ങളുടെ പേരും മനപാഠം പറഞ്ഞോണ്ടിരുന്നോ…നന്നാവരുത്…

മോനേ… ഞാനാടാ ആന്റങ്കിള്‍…

പറയൂ അങ്കിള്‍… എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ?

കഷ്ടത്തിലാണ് മോനേ… മോനിവിടുന്നു പോയതോടെ പാര്‍ട്ടി നാഥനില്ലാത്ത അവസ്ഥയിലായി…. നേതാക്കന്‍മാര്‍ക്കു പോലും വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങി… രാജ്യത്ത് മറ്റവരുടെ ഏകാധിപത്യമാണ്… നമുക്കൊന്നും ചെയ്യാന്‍ പറ്റുന്നില്ല…

അങ്കിളെന്തൊക്കെയാണ് പറയുന്നത്… ഞാന്‍ ചോദിച്ചത് ആത്മീയകാര്യങ്ങളാണ്… ദൈവത്തിന്റെ കാര്യങ്ങള്‍…

ഞാനൊരു നിരീശ്വര വാദിയാണ്… മോന്‍ ഇനിയെങ്കിലും പാര്‍ട്ടി കാര്യങ്ങള്‍ ശ്രദ്ധിക്കണം.. തിങ്കഴാള്ചത്തെ മീറ്റിങ്ങിനു വരണം… മഹാരാഷ്ട്രയിലെ ബീഫ് നിരോധനം മുതല്‍ ഒരുപാടു വിഷയങ്ങളില്‍ നമുക്ക് സമരം നടത്തേണ്ടതുണ്ട്…

ബീഫ് നിരോധം രാജ്യം മുഴുവന്‍ വേണമെന്നാവശ്യപ്പെട്ടാണെങ്കില്‍ സമരത്തിനു ഞാനും വരാം… ബീഫിനെ മാത്രമല്ല, ജീവനുള്ള ഒന്നിനെയും കൊല ചെയ്തു കഴിക്കാന്‍ പാടില്ല..

അപ്പോ പണ്ടു കേരളത്തില്‍ വന്നു തട്ടുകടേന്നു പൊറോട്ടയും ബീഫും തട്ടിയതു മറന്നോ ?

ഞാനിന്നൊരു പുതിയ മനുഷ്യനാണ്… പഴയതൊന്നും എന്നെ ഓര്‍മിപ്പിക്കേണ്ട..

കേരളത്തിലേക്കൊക്കെ ഒന്നു വരണം.. പാര്‍ട്ടിക്ക് കുറച്ചെങ്കിലും ശക്തിയുള്ളത് അവിടെയാണ്…

ഞാന്‍ മ്യാന്‍മറിലായിരിക്കുമ്പോള്‍ ഒരാഴ്ച റഷ്യയിലെ പുടിനും എന്നോടൊപ്പം ധ്യാനത്തിലുണ്ടായിരുന്നു.. അപ്പോഴാണ് കേരളത്തിലെ ബജവതരണം ടിവിയില്‍ കണ്ടത്…

ധ്യാനത്തിലായിരുന്നെങ്കിലും ന്യൂസ് ചാനല്‍ ഒക്കെ കാണുമായിരുന്നോ ?

ഹേയ്.. ഇത് ഗുസ്തി ചാനലിലാ.. ഡബ്ല്യുഡബ്ല്യുഇയില്‍… ആത്മനിയന്ത്രണം പരിശീലിപ്പിക്കാന്‍ വേണ്ടി കാണിക്കുന്നതാ.. അപ്പോള്‍ മാണിസാറിനെ ഞാന്‍ പുടിനു കാണിച്ചുകൊടുത്തു… മൂപ്പര്‍ക്ക് ആളെ ഇഷ്ടായി.. അവിടുത്തെ ആഭ്യന്തരമന്ത്രിയായി വിളിച്ചാല്‍ ചെല്ലുമോ എന്നു ചോദിച്ചു…

കര്‍ത്താവേ…

അല്ല, നിരീശ്വരവാദിയാണെല്ലല്ലേ പറഞ്ഞത് ?

ഞാനെന്റെ കൂടെ സ്‌കൂളില്‍ പഠിച്ച ശ്രീധരന്‍ കര്‍ത്താവിനെ ഓര്‍ത്തതാ…

ങും… അപ്പോ പുടിന്‍ പറഞ്ഞു.. അവിടെ പണ്ടൊരു സാര്‍ ചക്രവര്‍ത്തിയുണ്ടായിരുന്നെന്ന്.. പേരിന്റെ കൂടെ സാര്‍ എന്നുള്ളതുകൊണ്ട് മാണിസാറിനെ അവിടത്തുകാര്‍ക്കിഷ്ടപ്പെടുമെന്ന്…

നല്ല സെലക്ഷനാ.. പക്ഷെ, പുടിന്റെ ഭാവി എന്താകൂന്നാ…

നല്ല മനുഷ്യനാ… നേരത്തേ ബോധോദയം വന്നയാളാ… ബൈ ദ ബൈ…ആന്റങ്കിള്‍ ഇപ്പോ വന്ന കാര്യം പറഞ്ഞില്ല ??

തിങ്കഴാഴ്ചത്തെ പാര്‍ട്ടി മീറ്റിങ്…

ഞാനന്നു മ്യാന്‍മറിലായിരിക്കും.. അതുകൊണ്ട് അതുവിട്…വേറെന്തെങ്കിലും ?

അല്ല, മോനിപ്പോള്‍ കൂടുതല്‍ സമയം ധ്യാനവും മറ്റുമാണല്ലോ… അതുപോര…

എനിക്കറിയാം.. രാജ്യത്തുടനീളം ധ്യാനകേന്ദ്രങ്ങള്‍ തുടങ്ങാനും ഞാനാലോചിക്കുന്നുണ്ട്…

അതല്ല, മോന്‍ പഴയപോലെ.. പൊറോട്ടയും മറ്റുമൊക്കെയായി…

അത് ശരി… എന്താണാ ബാഗില്‍ ?

ഒരു നാലു പൊറോട്ട.. പിന്നെ കുറച്ചു ബീഫ്… ചാറ് വേറെ എടുത്തിട്ടുണ്ട്…

ദുഷ്ടാ….. എന്നെ ഇങ്ങനെ അപമാനിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു ?

അല്ല മോനേ… അത് പിന്നെ, അത് ഇത്…

ആന്റങ്കിള്‍.. ഇതു വളരെ മൃഗീയവും പൈശാചികവുമായിപ്പോയി…

അയ്യോ, എന്നോടങ്ങനെ പറയല്ലേ…

പറയും…

പറയല്ലേ…

പറയുമെന്നല്ലേ പറഞ്ഞത്…

ഈശ്വരാ ഞാനിതെങ്ങനെ സഹിക്കും…

ഗെറ്റൗട്ട് ഹൗസ് അങ്കിള്‍..

എന്ത്ന്ന് ?

ഇംഗ്ലിഷിലല്ലേ പറഞ്ഞത്… എന്നാ ഹിന്ദീല്‍ പറയാം.. ഘര്‍വാപസി..

ഈശ്വരാാാാ !!

11 thoughts on “ആത്മീയയാത്ര”

  1. ഡ്രൈവര്‍ ഇല്ലാത്ത വണ്ടിയല്ലേ മ്യാന്മാറില്‍ ഒരു ഫുള്‍ സര്‍വീസിനു പോയതായിരിക്കും

  2. അവിടെ പണ്ടൊരു സാര്‍ ചക്രവര്‍ത്തിയുണ്ടായിരുന്നെന്ന്.. പേരിന്റെ കൂടെ സാര്‍ എന്നുള്ളതുകൊണ്ട് മാണിസാറിനെ അവിടത്തുകാര്‍ക്കിഷ്ടപ്പെടുമെന്ന്…

    ഹത് കലക്കി! 🙂
    കൊള്ളാം. കിടിലന്‍!

  3. ആശയാണമ്മേ എല്ലാ ദുഖങ്ങള്‍ക്കും കാരണം…

    ആരെടാ അവള്‍… ? ആന്റൂ.. ഇവന്റെ പഴയ കറക്കുകമ്പനീല്‍ ആശേന്നു പേരുള്ള ആരെങ്കിലുമൊണ്ടോന്ന് അന്വേഷിച്ചേ…

  4. മോനെ,ധ്യാനമെന്ന് പറഞ്ഞ് എപ്പോഴും ഇങ്ങനെ ഇരിക്കണമെന്നില്ല..

    പിന്നെ ഞാന്‍ പാര്‍ട്ടൈം ധ്യാനിച്ചാല്‍ മതിയെന്നാണോ അമ്മ പറയുന്നത്

  5. മമ്മൂട്ടിയുടെ “രാജാ ” ബ്രാന്‍ഡ് ചിത്രങ്ങളില്‍
    ( രാജമാണിക്യം , പോക്കിരി രാജ , രാജാധിരാജ ) കുട്ടിക്കാലത്ത് നാടുവിട്ട നായകന്‍ മുതിര്‍ന്ന്‍ ഡോണ്‍ ആയി തിരിച്ചുവരുന്നത് പോലെ ഒരു വരവു വരുമോ നാല്‍പ്പത്തിനാലു കഴിഞ്ഞ നമ്മുടെ കുഞ്ഞു രാഹുല്‍ ???

  6. ബെര്ളി ഇത് മുണ്ടക്കൽ ശേഖരനാ, നീ കളി തുടങ്ങിയോ എന്നറിയാൻ വന്നതാ. എന്നാ പിന്നെ ഞാൻ അങ്ങോട്ട്‌ ?

  7. ബെര്‍ലി സ്കോര്‍ ചെയ്തിരിക്കുന്നു. പക്ഷെ എന്റെ സംശയം , ഈ ചെറുക്കന്‍ ആരും കാണാതെ, ആരും അറിയാതെ ബര്‍മ വരെ ചെന്നു?ഇനി അവിടെ നിന്നും ചൈനയ്ക്കു കടക്കുമോ?

  8. ബെര്‍ളി ബ്ലോഗുലകത്തേക്ക് തിരിച്ചു വരുന്നതില്‍ സന്തോഷം. ചെറുക്കന്‍ ബര്‍മ്മയിലോ ചൈനയിലോ ഒന്നും പോയിട്ട് കാര്യമില്ല. അയാളെ നേതാവാക്കി കോണ്‍ഗ്രസ്സ് മുന്നോട്ട് പോകുമെന്ന് ആരും കരുതുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *